
വംശീയ മൂലധനവും മൂലധന വംശീയതയും
‘സമുദായ പ്രതിനിധാനം: സ്വത്വപരവും സംഖ്യാപരവും’ എന്ന പരമ്പരയുടെ നാലാം ഭാഗത്തിൽ പുരുഷാധിപത്യം, യുദ്ധം, ശാസ്ത്രം, മതം, സെക്കുലറിസം, ജനാധിപത്യം, മൂലധനം എന്നിവയിലെ വംശീയതയുടെ വിവിധ രൂപങ്ങളെ എ കെ രവീന്ദ്രൻ വിശകലനം ചെയ്യുന്നു. നാരായണ ഗുരുവിന്റെയും സഹോദരൻ അയ്യപ്പന്റെയും ചിന്തകളെ മുൻനിർത്തി, അധീശാധികാരത്തിന് പകരം കീഴാള ജനായത്തവും മനുഷ്യരും പ്രകൃതിയും തമ്മിലുള്ള മൈത്രിയും സാധ്യമാകുമോ എന്ന ചോദ്യമാണ് ഈ ഭാഗത്തിൽ അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.
സമുദായ പ്രതിനിധാനം: സ്വത്വപരവും സംഖ്യാപരവും-ഭാഗം – (4)
Read Part Three here
പുരുഷാധിപത്യവും ആൺകോയ്‌മയും ഒരുപോലെ വംശീയമല്ലേ? എന്താണ് രണ്ടും തമ്മിലുള്ള വ്യത്യാസം?
ഒരുപോലെയല്ലെങ്കിലും രണ്ടും വംശീയംതന്നെ. സമൂഹത്തിലെവിടെയും പുരുഷാധിപത്യം വളരെ പ്രകടമാണ്. സ്ത്രീ – പുരുഷ സമത്വമില്ലായ്‌മയും പുരുഷന്മാരുടെ അധീശാധികാരവുമാണത്. ആൺകോയ്‌മ പക്ഷേ ഈ ആണധികാരം മാത്രമല്ല; ലിംഗനിരപേക്ഷമെന്നു കരുതപ്പെടുന്ന ഭരണകൂടാധികാരമാണത്. സ്ത്രീ – പുരുഷ സമത്വപ്രശ്നങ്ങൾ എല്ലായ്പ്പോഴും പരിഹാരം തേടുന്നത് ഭരണകൂടാധികാരത്തിനു മുന്നിലാണെന്ന ദുര്യോഗമുണ്ട്. ഭരണകൂടങ്ങളുടേത് ജീവശാസ്ത്രപരമായ ആൺകോയ്മയല്ല; മറിച്ച് സാമൂഹ്യമായ ആൺകോയ്‌മയാണ്. മനുഷ്യ രതിസങ്കല്പത്തിൻ്റെ സവിശേഷതയത്രേ സാമൂഹ്യമായ ലിംഗസങ്കല്പം. സ്ത്രീകൾക്കും ഭരണകൂട ആൺകോയ്‌മയിൽ പങ്കാളിത്തം സാധ്യമാകുന്നതിങ്ങനെ.
ബാഹ്യപ്രകൃതിയിലായാലും മാനവ സമൂഹത്തിലായാലും പുരോഗതിയും വികസനവുമൊക്കെ വേണമെങ്കിൽ യുദ്ധവും അധിനിവേശവുമൊക്കെ അനിവാര്യമല്ലേ? അതൊരു ‘പ്രകൃതി നിയമ’ മല്ലേ? അതൊഴിവാക്കാനാവില്ലെങ്കിൽ അതിലെവിടെ ലിംഗവ്യത്യാസങ്ങൾക്കും ശരിതെറ്റുകൾക്കും ധർമ്മാധർമ്മങ്ങൾക്കും ഇടം?
ഒരു നിശ്ചിത സാഹചര്യത്തിൽ മനുഷ്യർക്ക് യുദ്ധം ഒഴിവാക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നതിനേക്കാൾ അത് പ്രകൃത്യാ അനിവാര്യമാണോ എന്നും പരസ്‌പരം യുദ്ധം ചെയ്യാതെ മനുഷ്യർക്ക് പരിഷ്‌കൃതരായി ജീവിക്കാനാവില്ലേ എന്നതുമാണ് കാതലായ ചോദ്യം. മനുഷ്യർ ജന്മനാ (പ്രകൃത്യാ ) യുദ്ധാസക്തരാണോ? ‘ഗോത്ര – കുല – ജാതി – മത – രാഷ്ട്ര’ ങ്ങൾക്കിടയിലുള്ള വിദ്വേഷങ്ങളും യുദ്ധാസക്തിയുമെല്ലാം അതതുകാലങ്ങളിലെ ഇത്തരം വംശീയ സാമൂഹ്യ പ്രതിനിധാനങ്ങളുടെ പ്രത്യയശാസ്ത്ര നിർമ്മിതികൾ മാത്രമല്ലേ? അവരും ഉള്ളിന്റെയുള്ളിൽ സമാധാനകാംക്ഷികൾ അല്ലായിരുന്നു എന്നുണ്ടോ? ശരിതെറ്റുകളുടെയും ധർമ്മാധർമ്മങ്ങളുടെയും പേരിൽത്തന്നെയാണല്ലോ അവർ രണ്ടായി തിരിഞ്ഞ് മുഖാമുഖം പൊരുതി വീണത് !
എന്തിന്റെ പേരിലായാലും, കാരണങ്ങൾ എന്തുതന്നെ ആയാലും, യുദ്ധങ്ങളല്ലേ മനുഷ്യരെ പുരോഗതിയിലേക്കു നയിച്ചതും ഇപ്പോൾ നയിക്കുന്നതും?
ഇത് ‘ഗോത്ര – ജാതി -മത’ വംശീയതകളുടെ രക്ഷാകർത്തൃത്വ മനോഭാവമാണ്. പൗരോഹിത്യാധികാരം ഉറപ്പാക്കാനുള്ളത്. ആധുനിക ജനാധിപത്യ രാഷ്ട്രസങ്കല്പത്തിലാവട്ടെ ഈ രക്ഷാ – ശിക്ഷാ അധികാരം കയ്യാളുന്നത് ജനപ്രതിനിധികളാണെന്ന വ്യത്യാസം മാത്രം! യുദ്ധം ചെയ്യുന്നതും സമാധാനപൂർവ്വം പരിഷ്കൃത ജീവിതം നയിക്കുന്നതും ആരുടെ അധ്വാനതിന്റെ ചെലവിൽ എന്നതാണ് കാതലായ ചോദ്യം. ഈ ചോദ്യത്തിനുത്തരമായി മാത്രമേ നമുക്ക് സമാധാനപ്രിയരായ അദൃശ്യ അടിത്തട്ടു ജനതകളുടെയും ദശലക്ഷക്കണക്കിനു വർഷത്തെ മനുഷ്യേതര ജൈവ കർത്തൃത്വത്തിൻ്റെയും സാന്നിദ്ധ്യത്തെ സ്‌പർശിക്കാനാകാവൂ.
ചെറുതും വലുതുമായ വ്യത്യസ്‌ത സ്വത്വങ്ങളുടെ പേരിൽ മനുഷ്യർ പരസ്‌പരം യുദ്ധം ചെയ്ത് അധിനിവേശപ്പെടുത്തുന്നത് ഓഴിവാക്കാനായേക്കാമെന്നു കരുതിയാൽ പോലും പ്രകൃതിയെ അധിനിവേശപ്പെടുത്തുന്നത് ഒഴിവാക്കാനാവുമോ? പ്രകൃതിയെ കീഴടക്കി മനുഷ്യന് ഉപകാരം ചെയ്യുന്ന സയൻസിനെ സഹോദരൻ അയ്യപ്പൻ തൊഴുന്നത് അതുകൊണ്ടല്ലേ?
മനുഷ്യർ തമ്മിൽത്തമ്മിലുള്ള വൈരുദ്ധ്യവും മനുഷ്യരും ബാഹ്യപ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യവും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യർക്കിടയിലുള്ള വൈരുദ്ധ്യം ശത്രുതാപരമല്ലാതാകുന്നതോടെ മനുഷ്യരും പ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യവും ശത്രുതാപരമല്ലാതാവും. വൈരുദ്ധ്യങ്ങൾ ഒഴിവാക്കാനാവില്ല. ഒഴിവാക്കേണ്ടതുമില്ല. അവ ഒഴിവാക്കേണ്ടവയുമല്ല. വ്യത്യസ്‌തതകളുണ്ടാകുന്നത് വൈരുദ്ധ്യം മൂലമാണ്. വ്യത്യസ്‌തതകൾ ശത്രുതാപരമാകാതെ മൈത്രിയാക്കി മാറ്റി സ്വയം ശക്തിപ്പെടുത്താൻ മാനവരാശിക്കാവും. മാനവരാശിയുടെ സ്വത്വപരമായ നിലനില്പിന് ഇതനിവാര്യമാണ്.
എങ്കിൽ, പ്രകൃതിയെ ‘കീഴടക്കി’ മനുഷ്യന് ഉപകർത്രിയാകുന്ന സയൻസിനെ സഹോദരൻ അയ്യപ്പൻ തൊഴുന്നത് എന്തുകൊണ്ട്?

തന്റെ ‘സയൻസ് ദശകം’ എന്ന കൃതിയിൽ സഹോദരൻ അയ്യപ്പൻ തൊഴുന്നത് കൊളോണിയൽ സയൻസിനെയാണ്. അതാകട്ടെ ഒരു സവിശേഷകാലത്തെ ഒരു വിഭാഗം മനുഷ്യരുടെ കണ്ടുപിടുത്തങ്ങളാണ്. ആ സയൻസ് അക്കാലത്ത് എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ ഉപകർത്രിയാകുന്ന ഒന്നായിരുന്നില്ല; അടിത്തട്ടു ജനതകളുടെ ആഴത്തിലുള്ള അറിവുമായി മൈത്രി പുലർത്തുന്നതായിരുന്നില്ല. അതേസമയം നിലവിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കി പരിഷ്‌കൃത ജീവിതം സാധ്യമാക്കാൻ പുതിയ സയൻസ് അനിവാര്യവുമായിരുന്നു. സയൻസിൻ്റെ ഭവിഷ്യോന്മുഖമായ ആ വശത്തെയാണ് അയ്യപ്പൻ ആദരിക്കുന്നത്. എങ്കിലും സയൻസിനെ ആവരണം ചെയ്‌തിരുന്ന കൊളോണിയൽ പ്രത്യയശാസ്ത്രത്തെ സഹോദരൻ അയ്യപ്പൻ ഒഴിവാക്കണമായിരുന്നു; വിശേഷിച്ചും നാരായണ ഗുരുവിന്റെ ദൈവസങ്കല്പം കണ്മുന്നിലുള്ളപ്പോൾ.
എന്തായിരുന്നു ഗുരുവിൻ്റെ ദൈവസങ്കല്പം?
യാഥാസ്ഥിതികവും ആചാരബദ്ധവുമായ ദൈവസങ്കല്പമായിരുന്നില്ല നാരായണ ഗുരുവിൻ്റേത്. അഥവാ അങ്ങനെയല്ല നാമിന്നതിനെ വായിക്കേണ്ടത്. ആഴത്തിലുള്ള അപരോന്മുഖമായ അറിവാണ് ഗുരുവിന് ദൈവം. ദയാസിന്ധുവും ദീനാവന പരായണനും ആണത്. പരൻ (അന്യൻ ) അല്ലാത്തവനാണ് ഗുരുവുന് അപരൻ. അതുകൊണ്ടുതന്നെ ഒരു അകർമ്മക (Intransitive) ക്രിയയാണ് ഗുരുവിന് ‘അറിവ്’. ഒരുവന് നല്ലതും അന്യന് അല്ലലും ഉണ്ടാക്കുന്ന തൊഴിലും പ്രവൃത്തിയും ആത്മവിരോധിയാണെന്ന് ഗുരു മുന്നറിയിപ്പു തരുന്നത് അതുകൊണ്ടാണ്; ആത്മസുഖം അപരസുഖത്തിലേക്ക് നയിക്കണമെന്ന് നിർദ്ദേശിക്കുന്നതും. അടിത്തട്ടു ജനതയുടെ ഐക്യവും ആത്മബലവും അന്നും ഇന്നും അത്തരമൊരു ദൈവസങ്കല്പമാണ്. എത്ര മനുഷ്യരുണ്ടോ അത്രയും ദൈവസങ്കല്പങ്ങൾക്ക് ഇടമുണ്ട് ഗുരുവിൻറെ കീഴാള ‘ഏകദൈവ’ ഭാവനയ്ക്ക്. പ്രത്യുത്പാദന പ്രധാനമായ സ്നേഹ പാരസ്‌പര്യത്തിന്റെ വെളിച്ചവും തെളിച്ചവുമുള്ള അറിവിൻ്റെ നിറവാണിത്.
അറിവിന്റെ ആഴവും നിറവും എന്നു പറഞ്ഞാൽ?
‘എത്രതന്നെ അറിഞ്ഞാലും അനന്തം അറിവാകയാൽ എന്നുമാരായുവാൻ ചൊല്ലു’ ന്നതാണ് സയൻസെന്ന് സഹോദരൻ അയ്യപ്പൻ തൻ്റെ ഒൻപതാം ശ്ലോകത്തിൽ പറയുന്നു. ചരാചരങ്ങളുടെ അറിവുകളുമായി തുലനം ചെയ്യുമ്പോൾ സയൻസിൻ്റെ അജ്ഞത എത്രമേൽ അനന്തമായിരിക്കുമെന്നാണ് ഭംഗ്യന്തരേണ നമുക്കിവിടെ വായിക്കാനാവുക. ദൈവം വേണ്ടെങ്കിലും ‘യഥോചിതം ധർമ്മം’ വേണമെന്ന് സഹോദരൻ ഒരിക്കൽ ആവർത്തിക്കുന്നുമുണ്ട്. ഈ പരിപ്രേക്ഷ്യത്തിലാണ് അടിത്തട്ടിൻ്റെ ആഴമേറിയ ഉള്ളറിവ് അർത്ഥവത്താകുന്നത്; അരുളും അൻപും അനുകമ്പയും അറിവിൻ്റെ നിറവാകുന്നത്. മൂല്യനിരപേക്ഷമെന്നു സ്വയം പ്രഖ്യാപിക്കുന്ന കൊളോണിയൽ സയൻസിനും വിരക്ത മനസ്സോടെ എതിരാളിയെ കടന്നാക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന ബ്രാഹ്മണിക് ബ്രഹ്മസങ്കല്പത്തിനും ഇല്ലാത്തത് അറിവിൻ്റെ ഈ നിറവാണ്. ‘സർവ്വജ്ഞത’ യിൽ അറിവിന്റെ പൂർണ്ണത കണ്ടെത്താനാവില്ല.
യുദ്ധാസക്തി മനുഷ്യർക്ക് പ്രകൃതിസഹജമല്ലെങ്കിൽ പിന്നെയെന്തിനാണ് ഭരണകൂടാധികാരങ്ങളെ ജന്തുലോകത്തുള്ളതു പോലെ ‘ആൺകോയ്‌മാ’ സ്വരൂപങ്ങളെന്നു നിങ്ങൾ വിശേഷിപ്പിക്കുന്നത് ?
മനുഷ്യ രതി ജന്മവാസനകൾക്കുപരി ഓരോ കാലത്തെയും നിശ്ചിത സാമൂഹ്യ സംഘാട നത്തിലെ പ്രത്യയശാത്രങ്ങൾക്കകത്താണ് പ്രാവർത്തികമാവുക. ആണും പെണ്ണും തമ്മിലുള്ളതിനപ്പുറം ‘മാനുഷിക’ മായ, സാമൂഹ്യമായ, ഒരാവിഷ്ക്കാരമാണത്. പക്ഷേ വ്യത്യസ്ത വംശീയ പ്രത്യയശാസ്ത്ര വിലക്കുകൾക്കകത്താണ് പൊതുവേ അതാവിഷ്കൃതമാവുക. എല്ലാ കാലത്തും ഈ വിലക്കുകൾ ലംഘിക്കപ്പെടാറുമുണ്ടു്. ഏറിയും കുറഞ്ഞും എല്ലാ ഭരണകൂടങ്ങളും പൊതുവേ വംശീയതയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. തലപ്പത്ത് ആണായാലും പെണ്ണായാലും വംശീയമായി മാത്രം നിലനിൽക്കാൻ കഴിയുന്ന ഒന്നായതുകൊണ്ടാണ് ഭരണകൂടങ്ങൾ ‘ആൺകോയ്‌മാ’ സ്വരൂപങ്ങളാണെന്നു പറയുന്നത്. മനുഷ്യരതി അടിസ്ഥാനപരമായി മാനുഷികമാണെങ്കിലും, മാനവവംശത്തിന്റേതായ സ്വത്വബോധവിശാലതകൾ ഉൾക്കൊള്ളാനാവാതെ അതതു മേൽത്തട്ടു പ്രത്യയശാസ്ത്ര സങ്കുചിത്വങ്ങൾക്കകത്ത് കുരുങ്ങിക്കിടക്കുകയാണത്.
മൂലധന ആധുനികതയിലും ഇതാണോ അവസ്ഥ? അണുകുടുംബ വ്യവസ്ഥയിൽ സ്ത്രീപുരുഷ ബന്ധം കൂടുതൽ സ്വതന്ത്രമാവുകയല്ലേ ഉണ്ടായത്. പ്രണയം കൂടുതൽ വംശീയമുക്തമാകുന്നത് ഇപ്പോഴല്ലേ.
സമരാത്മകമായ ചില കീഴാള പ്രണയങ്ങൾ വംശീയതക്കെതിരെയുള്ള സ്നേഹസുന്ദരമായ പോരാട്ട വഴികളാണെന്നത് ശരിയാണ്. ‘മാംസനിബദ്ധമല്ല രാഗം’ എന്ന കവിവാക്യത്തിന് മനുഷ്യരതി ലിംഗാതീതവും അതിരുകളെ അതിവർത്തിക്കും വിധം മൈത്രിയുടെ ആവിഷ്കാരവുമാണെന്ന വിവക്ഷയുമുണ്ടല്ലോ. എങ്കിലും അവയ്ക്ക് മൂലധനപ്രത്യയശാസ്ത്ര വലയം ഭേദിച്ച് പുറത്തു കടക്കുക എളുപ്പമല്ല. ഭരണകൂടാധികാരം അത്രമേൽ ശക്തമാണിന്ന്. മൂലധന വ്യവസ്ഥയിൽ മനുഷ്യരെപ്പോലെ രതിയും അധികാധികം വസ്‌തുവൽക്കരണത്തിനും ചരക്കുവൽക്കരണത്തിനും ഇരയാവുകയാണ്. ചരക്കുകളോട്, കമ്പോളത്തോട്, ‘രത്യാസക്തി’ പുലർത്തുന്ന ഒരു ഉപഭോക്തൃസമൂഹവും അധികാധികം ഉത്പാദിപ്പിക്കപ്പെട്ടു വരുന്നു.
പഴയ കാലത്തെപ്പോലെ അയിത്തവും സ്ത്രീകൾക്കു മേലുള്ള വിധിവിലക്കുകളും ആധുനിക ജനാധിപത്യത്തിൽ ഇല്ലല്ലോ. സ്ത്രീകളെയും ദളിതരെയുമൊക്കെ ചേർത്തു പിടിക്കുന്ന ഉൾക്കൊള്ളൽ രാഷ്ട്രീയം പഴയകാല പുറന്തള്ളൽ രാഷ്ട്രീയത്തെക്കാൾ പുരോഗമനപരമല്ലെന്നു പറയുന്നതെങ്ങനെ?
പഴയ പുറന്തള്ളലായാലും പുതിയ ഉൾക്കൊള്ളലായാലും സാമൂഹ്യ ആൺകോയ്മയെ ശക്തിപ്പെടുത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്നവയാണെന്നു മറന്നുകൂട. സ്ത്രീകൾക്കും മറ്റു കീഴാള വിഭാഗങ്ങൾക്കും മേലുള്ള നിയന്ത്രണങ്ങൾക്ക് അയവുണ്ടോ ഇല്ലയോ എന്നതല്ല, ഭരണകൂട ആൺകോയ്‌മക്കെതിരെ നിലപാടെടുക്കാൻ അവർക്ക് എത്രമാത്രം കഴിയുന്നുണ്ട് എന്നതാണ് കാര്യം.
രാജവാഴ്ച്ചക്കാലത്തെ ഭരണകൂടങ്ങളും ആധുനിക ജനാധിപത്യ ഭരണകൂടങ്ങളും വംശീയതയുടെ കാര്യത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നത് എങ്ങനെ?
രാജ വാഴ്ചക്കാലത്തേത് തുറന്നതും പ്രകടവുമായ വംശീയതയായിരുന്നല്ലോ. ചന്ദ്രവംശം, സൂര്യവംശം, മൗര്യവംശം, ഗുപ്‌തവംശം, മുഗൾവംശം എന്നിങ്ങനെ എത്രയോ ‘ഇന്ത്യൻ’ രാജവംശങ്ങളെപ്പറ്റി നമ്മൾ കേട്ടിരിക്കുന്നു. രാജവംശങ്ങളുണ്ടായിരുന്നു ലോകത്തെവിടെയും. അന്നൊക്കെ വംശീയതക്കായിരുന്നു അംഗീകാരവും സാധൂകരണവും. രാജവംശങ്ങളെയും സംഘടിത ജാതി – മത ശക്തികളെയും ഒരുമിപ്പിച്ചിരുന്നത് വംശീയ വികാരമാണ്. വംശീയമൂലധനത്തിന്മേലാണ് ലോകമാകെ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കപ്പെട്ടിരുന്നത്. ആധുനിക മൂലധന സഞ്ചയനത്തിലും വിദ്യാഭ്യാസം, സൈന്യം, സാങ്കേതികവിദ്യകൾ എന്നിങ്ങനെ എല്ലാ രംഗത്തുമുള്ള ആധുനികവൽക്കരണത്തിലും വ്യത്യസ്‌ത ക്രിസ്തീയ മതവംശീയതക്കുള്ള പങ്ക് നിർണ്ണായകമാകുന്നു.
‘ജാതി’ വംശീയമാണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. പക്ഷെ ‘മതം’ വംശീയമാകുന്നതെങ്ങനെ ? ജാതിഭേദവും മതദ്വേഷവും പാടില്ലെന്നല്ലേ നാരായണഗുരു പറഞ്ഞിട്ടുള്ളത് ? ‘മതഭേദം’ നിർദ്ദോഷകരമല്ലേ ? ‘മതദ്വേഷ’മല്ലേ പ്രശ്നം?
അന്യമതത്തിൽപ്പെട്ടവരുമായുള്ള വിവാഹബന്ധത്തിനു വിലക്കേർപ്പെടുത്തുന്ന (exogamous ) മതങ്ങളൊക്കെ വംശീയമാണ്. അന്യമത വിദ്വേഷം ഉള്ളതുകൊണ്ടാണ് ഇത്തരം വിലക്കുകൾ അനിവാര്യമാകുന്നതും മതങ്ങൾ വലിയ അധികാര കേന്ദ്രങ്ങളായി മാറുന്നതും. നാരായണ ഗുരുവിന് ‘മതം’ എന്നാൽ അടിസ്ഥാനപരമായി ‘അഭിപ്രായം’ എന്നാണർത്ഥം. എത്ര മനുഷ്യരുണ്ടോ അത്ര ‘മത’ ങ്ങളും ‘ദൈവ’ സങ്കല്പങ്ങളും ഉണ്ടെന്നാണ് ഗുരുവിൻ്റെ മതം. ‘മനുഷ്യർ’ എന്ന ജീവജാതിയെ സംബന്ധിച്ചാണ് ജാതിയും മതവും ദൈവവുമൊക്കെ ഒന്നാകുന്നത്. ഇതര മതക്കാരുമായി വിവാഹബന്ധം വിലക്കുന്ന മതങ്ങളിലൊക്കെ അന്യമത വിദ്വേഷം അന്തർലീനമാണ്; അവ വംശീയവുമാണ്. സ്ത്രീകളെയും കുട്ടികളെയും അടിമപ്പെടുത്താതെ ജാതികൾക്കും സംഘടിത മതങ്ങൾക്കും നിലനിൽക്കാനാവില്ല.
ആധുനികതയുടെ ആരംഭത്തിൽ മതവംശീയതകൾക്ക് നിർണ്ണായക പങ്കുണ്ടായാലും ‘ജനാധിപത്യ’ വും ‘സെക്കുലറിസ’വും മൂലധന ആധുനികതയുടെ സംഭാവനകളല്ലേ? ശാസ്ത്രീയ വീക്ഷണത്തിന് പ്രാധാന്യമുള്ള ‘ആധുനിക വിദ്യാഭ്യാസ’ത്തിനും ‘സെക്കുലറിസ’ ത്തിനും എങ്ങനെ ‘വംശീയ’ മാകാനാവും?
വിദ്യാഭ്യാസം അന്നും ഇന്നും വ്യത്യസ്‌ത മതവംശീയതകളുടെ നിയന്ത്രണത്തിലാണെന്നത് വസ്തുതയാണെങ്കിൽ ആ രംഗത്ത് ഉത്പാദിപ്പിക്കപ്പെടുന്ന അറിവുകളും വംശീയ മുക്തമല്ലെന്നാണർത്ഥം. മതപാഠശാലകളും മതനേതൃത്വങ്ങൾ നടത്തുന്ന പൊതു വിദ്യാലയങ്ങളും കൈകാര്യം ചെയ്യുന്ന പാഠ്യപദ്ധതി വ്യത്യസ്‌തമായിരിക്കെത്തന്നെ അവയ്ക്ക കിട്ടുന്ന പരിചരണം ഒരേപോലെ വംശീയമാകാതെ വയ്യ. ആധുനിക മെഡിക്കൽ വിദ്യാഭ്യാസമാകട്ടെ അടിമുടി ജീവശാസ്ത്രവാദപരവും വംശീയവുമാണ്; പുരുഷാധിപത്യം കൊടികുത്തി വാഴുന്നത്. ഇന്ത്യയിൽ വിദ്യാഭ്യാസം കൂടുതൽ ‘മാനുഷിക’ മാക്കുന്നതിനു പകരം കൂടുതൽ ‘ഭാരതീയ’ മാക്കുകയാണെന്ന നാട്യത്തിൽ ബ്രാഹ്മണിക് വംശീയാധിപത്യത്തിലാക്കുന്നത് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ.
ഇപ്പറഞ്ഞതൊക്കെ ശരിയാണെങ്കിൽത്തന്നെ ‘സെക്കുലറിസം’ എങ്ങനെ വംശീയമാകും? വംശീയതക്കെതിർ നിൽക്കുന്നതല്ലേ സെക്കുലറിസം ? ‘കപട സെക്കുലറിസം’ എന്നത് യഥാർത്ഥത്തിൽ ഹിന്ദു – മുസ്ലിം തീവ്രവാദികളുടെ ഒരു ആരോപണം മാത്രമല്ലേ?
പാശ്ചാത്യ സെക്കുലറിസം കാപട്യം നിറഞ്ഞതാണെന്നു പറയുന്നതിൽ വാസ്‌തവമില്ലാതില്ല. പക്ഷേ ഹിന്ദു – മുസ്ലിം തീവ്രവാദികൾ അതു പറയുന്നത് ആ കാപട്യം പരിഹരിച്ച് അതിനെ ശരിക്കും സെക്കുലറാക്കാനല്ല. മറിച്ച് സെക്കുലറിസത്തിൻ്റെ സ്ഥാനത്ത് കാപട്യമേതുമില്ലാത്ത തങ്ങളുടെ നഗ്നമായ മതവംശീയാധിപത്യം സ്ഥാപിക്കാനാണ്. കറകളഞ്ഞ വംശീയാധിപത്യം ആഗ്രഹിക്കുന്നവരാകുന്നു ഇസ്‌ലാമിസ്റ്റുകളും സയണിസ്റ്റുകളും ബ്രാഹ്മണിക് ഹിന്ദുത്വവാദികളും.
പാശ്ചാത്യ സെക്കുലറിസത്തിനകത്തെ കാപട്യം അഥവാ പോരായ്‌മ എന്താണെന്നു പറഞ്ഞില്ലല്ലോ. അങ്ങനെയൊന്നുണ്ടോ? ഉണ്ടെങ്കിലെന്താണത്?
പോപ്പിൽ നിക്ഷിപ്ത്‌തമായിരുന്ന മതാധികാരവും രാജകീയാധികാരവും തമ്മിലൊരു വേർതിരിവും വെവ്വേറെ മേഖലാനിർണ്ണയവുമാണ് യൂറോപ്പിൽ ഉരുത്തിരിഞ്ഞ സെക്കുലറിസത്തിൻ്റെ അടിസ്ഥാനം. വാസ്തവത്തിലിത് ക്രിസ്‌തുമതത്തിനകത്തെ അധികാരവിഭജനവും അധികാര സംഘർഷവുമായിരുന്നു. യൂറോപ്യൻ സെക്കുലറിസത്തിന്റെ ഈ ക്രിസ്തീയ പരിപ്രേക്ഷ്യമാണതിൻ്റെ ‘ചരിത്രപരമായ’ പോരായ്‌മ. മലയാള ഭാഷയിലേക്ക് ‘Religion’ എന്ന വാക്കിനെ ‘മതം’ എന്ന് ഭാഷാന്തരപ്പെടുത്തിയപ്പോൾ ആ വാക്കിന്റെ സംസ്കൃത മൂലത്തിന് അർത്ഥഭേദം (അതോ, മതപരിവർത്തനമോ!) സംഭവിക്കുകയാണുണ്ടായത്. ‘അഭിപ്രായം’ എന്ന അർത്ഥം അതോടെയാണല്ലോ അതിന് നഷ്ടമായത്. മതം എന്ന വാക്കിന് അഭിപ്രായം എന്ന അർത്ഥം തിരിച്ചു പിടിക്കാനാകുന്നതോടെ മാത്രമേ ഒരുപക്ഷേ, ‘സെക്കുലറിസം’ ശരിക്കും വംശീയമുക്തമാവൂ.
സെക്കുലറിസത്തെപ്പറ്റി പറഞ്ഞതുപോലെ ജനാധിപത്യവും തീർത്തും വംശീയമുക്തം അല്ലായിരിക്കാം. എങ്കിലും നിലവാരമുയർത്തി അതിനെ കൂടുതൽ ശക്തമാക്കുകയല്ലേ വേണ്ടത്? അങ്ങനെയല്ലേ കൂടുതൽ രൂക്ഷവും നഗ്നവുമായ വംശീയതകളെ നേരിടാൻ കഴിയൂ?
നിശ്ചയമായും അതാണ് വേണ്ടത്. അതിനു പക്ഷേ ജനാധിപത്യത്തിൻ്റെ ദൗർബ്ബല്യങ്ങൾ പരിഹരിക്കണമല്ലോ. അധികാരം, ആധിപത്യം, മേൽത്തട്ടു പ്രതിനിധാനം തുടങ്ങിയവ തന്നെയാണ് ജനാധിപത്യത്തിൻ്റെ ദൗർബ്ബല്യങ്ങൾ. ഈ ദൗർബ്ബല്യങ്ങളാണ് നഗ്നമായ വംശീയ ഫാസിസത്തിന് ജനാധിപത്യത്തിനകത്ത് ഇടമൊരുക്കുന്നത്. തന്നെയല്ല, മൂലധനവ്യവസ്ഥ പഴയ വംശീയതകളെ പരിഷ്‌കരിച്ച് വ്യാവസായികാടിസ്ഥാനത്തിൽ പുനരുത്പാദിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. ലോകമെമ്പാടും വലതുപക്ഷ പുന:രുത്ഥാന ശക്തികൾ തലപൊക്കുന്നത് ഇങ്ങനെ. ശക്തിപ്പെട്ടുവരുന്ന ഭക്തിവ്യവസായവും ശാസ്ത്രീയ അന്ധവിശ്വാസങ്ങളും തീർത്ഥാടന ടൂറിസവും മറ്റും ഇതിൻ്റെ ദൃഷ്‌ടാന്തങ്ങളാണല്ലോ. അതുകൊണ്ട് നിലവാരമുയർത്തി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൻ്റെ ജനകീയാടിസ്ഥാനവും ദിശാബോധവും ദർശനവും ഗുണപരമായിത്തന്നെ മറ്റൊന്നാണ്. ‘നിലവാര’ ത്തെ ‘നിലപാടു’മായി ചേർത്തുനിർത്തി വേണം അളക്കാൻ. ജനാധിപത്യത്തിൻ്റെ നിലവാരം ‘ഉയർത്തുക’ എന്നാലാർത്ഥം ‘കീഴാള നിലപാട്’ ഉയർത്തിപ്പിടിക്കുക എന്നാകുന്നു. ആശയങ്ങളെയല്ലാതെ മനുഷ്യരെയോ പ്രകൃതിയെയോ അത് ശത്രുസ്ഥാനത്ത് നിർത്തുന്നില്ല. അധികാരം കൊണ്ടല്ല അത് അധീശാധികാരത്തെ നേരിടുക.
ജനകീയാധികാരം ഉപയോഗിച്ചല്ലാതെ എങ്ങനെയാണ് വംശീയ പുന:രുത്ഥാന ശക്തികളെ എതിർത്തു തോല്പിക്കാനാവുക?
അധികാരം കൊണ്ടും ശക്തികൊണ്ടും തോല്പിക്കാനാവുക ശരീരങ്ങളെ മാത്രമാണ്. ധാർമ്മിക ആത്മീയ ഭീരുത്വത്തിൻ്റെ ലക്ഷണമാണ് ശരീരത്തെ കീഴടക്കുന്നതിലൂടെ മറ്റൊരാളെ തോല്പിക്കാമെന്നത്. ജീവശാസ്ത്രവാദം കൊണ്ട് അതിനെത്തന്നെ തോല്പിക്കാനാവുന്നതെങ്ങനെ? ധാർമ്മിക ബലമാവട്ടെ ജയ – പരാജയ ദ്വന്ദ്വങ്ങൾക്കതീതവും.
‘സംഘടിച്ചു ശക്തരാവാൻ’ നാരായണഗുരുവിൻ്റെ ആഹ്വാനമുണ്ടല്ലോ. അതിന്റെ പ്രസക്തിയെന്ത്?
കീഴാള ജനതയോടാണ് ഈ ആഹ്വാനം. സ്വയം മേലാളരാകാനല്ല; മറിച്ച് മാനവരാശിയുടെയും അതിലൂടെ തങ്ങളുടെ തന്നെയും അഭിമാനകരമായ നിലനില്പിനായാണ് സംഘടിക്കേണ്ടത്. അത്തരം സംഘടനകൾ ധാർമ്മികവും മാനവികവും ആവാതെ വയ്യ. ജനാധിപത്യം കൂടുതൽ സംഘടിതവും ശക്തവുമാകുന്നതോടെ അത് അത്രതന്നെ സംഘടിതവും ശക്തവുമായ വംശീയ ഫാസിസമായേക്കാമെന്ന ദുരവസ്ഥയുണ്ട്. ഇവിടെ ജനാധിപത്യത്തിലെ ആധിപത്യമാണ് ജനങ്ങളുടെ മേൽ ഏറ്റവും ശക്തമായ വംശീയതുടെ ആധിപത്യമാകുന്നത്. അതുകൊണ്ട് ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്യുന്ന ജനാധിപത്യത്തിൻ്റെ ആന്തരമായ കീഴാള ദിശാബോധം ഏറ്റെടുക്കാൻ മേൽത്തട്ടിൽ നിന്ന് കീഴാള ജനതകളിലേയ്ക്ക് അതിൻ്റെ അടിസ്ഥാനം മാറ്റി പ്രതിഷ്ഠിക്കുകയേ വഴിയുള്ളൂ. അപ്പോളത് കർത്തൃത്വപരമായും ധാർമ്മികമായും കരുത്തുറ്റ ‘കീഴാള ജനായത്ത’ മായി മാറുകയാണുണ്ടാവുക. ‘ജനാധിപത്യ’ ത്തിൽ നിന്ന് ഗുണപരമായ മൗലിക വിച്ഛേദമാകുമത്.
‘വംശീയത പ്രകൃതിസഹജമല്ലേ?
അല്ല; അതൊരു അധിനിവേശ പ്രത്യയശാസ്ത്ര നിർമ്മിതിയാണ്. പരിഷ്കൃതരുടെ കാഴ്‌ചപ്പാടിൽ മാത്രമാണ് ആദിമനിവാസികൾ ‘പ്രാകൃതർ’ ആകുന്നത്. അപരിഷ്കൃതരെ ഉത്പാദിപ്പിക്കാതെ പരിഷ്‌കൃതർക്ക് ഒരേകാലത്ത്, ഒരേ ചരിത്രസന്ദർഭത്തിൽ, സ്വയം പരിഷ്കൃതരായി നിലനിൽക്കാനാവില്ല. പരിഷ്‌കൃത-പ്രാകൃത ദ്വന്ദ്വം മറികടക്കാതെ മനുഷ്യർക്ക് ‘മനുഷ്യത്വം’ ഉള്ളവരാവാനും കഴിയില്ല.
( അവസാനിക്കുന്നില്ല )
