
‘യുക്തിവാദികളോട് ഞാൻ ഒട്ടും യോജിക്കുന്നില്ല’
ഇടതുപക്ഷ രാഷ്ട്രീയചിന്തകൻ, ന്യൂക്ലിയർ സയന്റിസ്റ്റ്, വൈജ്ഞാനിക സാഹിത്യകാരൻ, കേരളത്തിൽ ശക്തമായ ശാസ്ത്രപ്രചാരണത്തിന് അടിത്തറയിട്ടയാൾ തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് ഇന്ന് തൃശ്ശൂരിൽ അന്തരിച്ച എം.പി.പരമേശ്വരന്.
മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ന്യൂക്ലിയർ എഞ്ചിനീയറിങ്ങിൽ പിഎച്ച്ഡി നേടിയ അദ്ദേഹം എഴുപതുകളിൽ ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സജീവ പ്രവർത്തകനായി. ഇടതുപക്ഷത്തിനകത്ത് പ്രായോഗികവും സൈദ്ധാന്തികവുമായി വേണ്ടുന്ന അഴിച്ചുപണികളെപ്പറ്റി ആശയപരമായി സംസാരിച്ച എം.പി. പരമേശ്വരൻ നാലാംലോക വിവാദത്തി ന്റെ പശ്ചാത്തലത്തിൽ സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടു.
കടന്നുവന്ന ജീവിതാനുഭവങ്ങളും എഴുത്തിലും പ്രവൃത്തിയിലും തുടരുന്ന പുതിയ ആലോചനകളും രാഷ്ട്രീയാന്വേഷണങ്ങളും 2023 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ഈ അഭിമുഖത്തിലൂടെ അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി. പന്തിയുടെ വായനക്കാർക്കായി ആ ദീർഘ സംഭാഷം പുനഃപ്രസിദ്ധീകരിക്കുന്നു.
എ കെ ഷിബുരാജ്: ‘My name is MP but I am not a Member of Parliament ‘ എന്ന് പറഞ്ഞു താങ്കൾ പരിചയപ്പെട്ട കാര്യം താങ്കളുടെ ആത്മകഥയായ Dreams without an Expiry Date : Musings of a People’s Science Activist എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ എഴുതിയത് വായിച്ചു. താങ്കളുടെ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ തെരഞ്ഞെടുപ്പിലൂടെ അധികാര രാഷ്ട്രീയ വ്യവസ്ഥയുടെ ഭാഗമായി നിന്നുകൊണ്ട് സാമൂഹിക പ്രവർത്തനം നടത്തണം എന്ന് ആഗ്രഹിച്ചിരുന്നോ?
എം പി പരമേശ്വരൻ: ഒരിക്കലും അങ്ങനെ ആഗ്രഹിച്ചിട്ടില്ല. അവിടെ പരിമിതമായ സാഹചര്യങ്ങൾ മാത്രമേ ഉള്ളൂ എന്നും മനുഷ്യരുടെ താല്പര്യങ്ങളെക്കാൾ രാഷ്ട്രീയ പാർട്ടികളുടെ താല്പര്യങ്ങൾക്കാണ് കൂടുതൽ പരിഗണന എന്നും അറിയാവുന്നതുകൊണ്ടാണ് അങ്ങനെ ആലോചിക്കാതിരുന്നത്.
1935 ൽ ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുബത്തിൽ പിറന്ന എംപിയുടെ ബാല്യകാലം സവർണ്ണ മൂല്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാനുള്ള സാഹചര്യത്തിൽ ആയിരുന്നല്ലോ. അച്ഛൻ പുരോഗമനവാദിയായിരുന്നെങ്കിലും ജാതി വ്യവസ്ഥയെ അടിസ്ഥാനപരമായി ചോദ്യം ചെയ്ത വിപ്ലവകാരി ആയിരുന്നില്ലല്ലോ. ജനിച്ച ജാതിയുടെ പശ്ചാത്തലത്തെ ജീവിതത്തോട് കൂട്ടിച്ചേർക്കാതിരിക്കാൻ, ജാതി സ്വാധീനത്തെ മറികടക്കാൻ എംപി ചെറുപ്പത്തിലേ തീരുമാനിച്ചതാണോ?
എന്റെ സ്കൂൾ രേഖകളിൽ എം പി പരമേശ്വരൻ നമ്പൂതിരി എന്നുണ്ടായിരുന്നു. അത് അന്നത്തെ സ്കൂൾ അധികൃതർ എഴുതി ചേർത്തതായിരുന്നു. അച്ഛന്റെ പേര് എം പി നമ്പൂതിരി എന്നായതുകൊണ്ടാണ് അങ്ങനെ വന്നത്. എന്നാൽ എന്നെ ആരും നമ്പൂതിരി എന്ന ജാതി പേര് ചേർത്ത് വിളിക്കാറുമില്ലായിരുന്നു. കോളേജിൽ എത്തിയപ്പോഴാണ് അത് ഞാൻ ഒഴിവാക്കിയത്. നമ്പൂതിരി എന്ന ജാതി ബോധം ഒരിക്കലും എന്നിലുണ്ടായിരുന്നില്ല. അതുകൊണ്ടു ഞാനെടുത്ത ആ തീരുമാനം വളരെ ബോധംപൂർവ്വം എന്നും പറയാൻ ആവില്ല. എന്റെ സൗഹൃദം ഒക്കെ മറ്റു ജാതിയിലുള്ളവരുമായിട്ടായിരുന്നു. അച്ഛൻ ഒരിക്കലും ജാതിയെക്കുറിച്ചു സംസാരിച്ചിട്ടുമില്ല. എനിക്ക് ജാതിവാൽ വേണ്ട എന്നതു വളരെ സ്വാഭാവികമായ ഒരു തീരുമാനം ആയിരുന്നു.

ജാതിപ്പേര് വിദ്യാഭ്യാസ രേഖകളിൽ നിന്നും ഒഴിവാക്കിയപ്പോൾ അച്ഛന്റെ പ്രതികരണം എന്തായിരുന്നു?
അച്ഛൻ എതിർത്തൊന്നും പറഞ്ഞിരുന്നില്ല. ഞാൻ ബോംബയിൽ ജോലി ചെയ്തിരുന്ന സമയത്തു പൂണൂൽ ഇടാറില്ലായിരുന്നു. ഒരിക്കൽ അവധിക്കു വീട്ടിൽ എത്തിയപ്പോൾ ബോംബെയിൽ നിന്നും വണ്ടി കയറുമ്പോഴാണോ അതോ കോയമ്പത്തൂർ എത്തിയപ്പോഴാണോ പൂണൂൽ ഇട്ടതു എന്ന് ചോദിച്ചു. അതോടെ വീട്ടിലും പൂണൂൽ ഇടാതിരിക്കാനുള്ള മാനസിക സ്വാതന്ത്ര്യം എനിക്കുണ്ടായി. ഇ എം എസ്സോക്കെയായി അച്ഛന് നല്ല അടുപ്പം ഉണ്ടായിരുന്നു. കുടുംബ ബന്ധത്തേക്കാൾ കൂടുതൽ സഹൃദമായിരുന്നു അവർക്കിടയിൽ ഉണ്ടായിരുന്നത്. അതൊക്കെയാകാം അച്ഛനെ പരമ്പരാഗത ചിന്തകളിൽ നിന്നും മോചിപ്പിച്ചത്.
എം.പി എപ്പൊഴും ഹൃദയം, ശിരസ്സ്, കൈകൾ (Heart, Head, Hands -3 Hs ) എന്നിവയ്ക്ക് സാമൂഹ്യ മാറ്റത്തിൽ ഉള്ള പ്രാധാന്യത്തെ പറ്റി പറയുമായിരുന്നു എന്നും Lau Kin Chi ആ ആമുഖത്തിൽ പറയുന്നുണ്ട്. ഇങ്ങനെയൊരു കോമ്പിനേഷനെ സാമൂഹ്യ മാറ്റവുമായി എങ്ങനെയാണ് എംപി കോർത്തിണക്കിയതെന്നു പറയാമോ?
അറിവ് നേടുന്നതിൽ തലയ്ക്കും കൈകൾക്കും വളരെ പ്രാധാന്യം ഉണ്ട്. ആ അറിവിനെ പ്രയോഗ തലത്തിൽ കൊണ്ടുവരുമ്പോൾ അതിനെ മനസ്സ് സ്വാധീനമാക്കുന്നുണ്ട്. തലയും കൈയും ചേർന്നുൽപ്പാദിപ്പിക്കുന്ന അറിവിന്റെ പ്രയോഗം ആണ് മനസ്സ് ചെയ്യുന്നത്. സാമൂഹ്യ മാറ്റത്തിൽ മനസിന് വലിയ പങ്കുണ്ട്. ഒരു ഗ്രീക്ക് ചിന്തകൻ തലയുടെയും കൈയ്യുടെയും പങ്കിനെപ്പറ്റി പറഞ്ഞിരുന്നത് ഞാൻ വായിച്ചിരുന്നു. ഞാൻ ഹൃദയം കൂടി കൂട്ടി ചേർക്കുകയായിരുന്നു. മനുഷ്യന്റെ പ്രവർത്തനങ്ങൾ നിർണ്ണയിക്കുന്നതിൽ തലച്ചോറിനൊപ്പം മനസും പ്രവർത്തിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. ഒരു മുതലാളിക്ക് തൊഴിലാളിയെ ചൂഷണം ചെയ്യാൻ അതിനു പ്രേരിപ്പിക്കുന്ന മനസുകൂടി ഉണ്ടാവുമ്പോഴാണ്. സാമൂഹ്യമാറ്റത്തിന് നേരത്തെ പറഞ്ഞ മൂന്നു ഘടകങ്ങളും പ്രവർത്തനക്ഷമമാവേണ്ടതുണ്ട്. ഹിറ്റലറെ ഒരു ഫാസിസ്റ്റാക്കി മാറ്റുന്നതിലും ആര്യന്മാർ മാത്രമാണ് ഉത്തമ മനുഷ്യർ എന്ന് പറയുന്നതിനും മനസിന്റെ കൂടി പങ്കുണ്ട്. എന്നാൽ മനസിന്റെ പ്രവർത്തനത്തെ പൂർണ്ണമായും അറിയാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരേ അറിവ് നേടിയവർ എങ്ങനെ രണ്ടുതരം പ്രവർത്തനത്തിൽ ഏർപ്പെടുന്നു എന്നതൊക്കെ ഇപ്പോഴും അജ്ഞാതമാണ്.
ഈ കാര്യം ഗാന്ധി തന്റെ ‘നയീ താലീം’ എന്ന വിദ്യാഭ്യാസ പദ്ധതയിലും പറയുന്നില്ലേ?
അതെ. വിദ്യാഭ്യാസ കാലത്തു ഉൽപ്പാദനപരമായ തൊഴിൽ കുട്ടികൾ പഠിക്കണം എന്ന് ഗാന്ധി പറയുന്നുണ്ട്. കൂടാതെ പഠനം മാതൃഭാഷയിൽ ആയിരിക്കണം എന്നും. പ്രവർത്തന പരിചയത്തിലൂടെ കുട്ടികളെ വിദഗ്ധരും സ്വതന്ത്രരുമാക്കാക്കുന്ന വിദ്യാഭ്യാസത്തിലൂടെ സ്വയംപര്യാപ്‌ത സമൂഹം സൃഷ്ടിക്കാൻ പറ്റുമെന്ന് ഗാന്ധി വിശ്വസിച്ചിരുന്നു. എന്നാൽ പുതിയ ഒരു സമൂഹം കെട്ടിപ്പടുക്കാൻ ഉള്ള ആ പദ്ധതി സ്വാതന്ത്യാനന്തരം തിരസ്ക്കരിക്കപ്പെടുകയാണുണ്ടായത്. ഇന്ത്യൻ ഭരണകൂടം വളർച്ചയിൽ അധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥയാണ് മുന്നോട്ടു കൊണ്ടുപോയത്.
താൻ ജീവിക്കുന്ന ലോകത്തെ കൂടുതൽ മനോഹരമാക്കാൻ, സന്തോഷവും സംതൃപ്തിയുമുള്ള മനുഷ്യർ പാർക്കുന്ന ഒരിടമാക്കാൻ, സാമൂഹ്യ നീതി ചുറ്റും പുലർന്നു കാണാൻ ഒക്കെ അനന്തമായ സ്വപ്‌നങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന ഒരാളാണ് എം.പി. അതോടൊപ്പം അങ്ങനെയൊരു ലോകം സാധ്യമാവാൻ വേണ്ടി അഹോരാത്രം പ്രായോഗിക പ്രവർത്തനങ്ങളിൽ മുഴുകയും ചെയ്ത സംഭവബഹുലമായ ജീവിതമാണ് താങ്കളുടേത്. സ്വപ്നവും യാഥാർഥ്യവും തമ്മിലുള്ള അന്തരം കാണാതിരിക്കുന്ന യുവത്വമാണ് താങ്കളുടെ ജീവിതം എന്ന് തോന്നിയിട്ടുണ്ട്. ആശയങ്ങളും പ്രായോഗിക പ്രവർത്തനങ്ങളും ജീവിതത്തിലുടനീളം കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാൻ എങ്ങനെയാണ് കഴിഞ്ഞത്?
അങ്ങനെ ചെയ്തു എന്നത് യാഥാർഥ്യമാണ്. ഉദാഹരണത്തിനു ശാസ്ത്രം പ്രചരിപ്പിക്കാനാണ് എന്നതായിരുന്നു എന്റെ ഒരു ആഗ്രഹം. അതിനുള്ള സാഹചര്യവും സൗകര്യവും വന്നു ചേർന്നപ്പോൾ ചെയ്യുകയായിരുന്നു. 1985 മുതൽ 1987 വരെ ഒരുപാട് യോഗങ്ങളിൽ പങ്കെടുക്കാനും സംസാരിക്കാനും അവസരം ലഭിച്ചു. അങ്ങനെയാണ് അഖിലേന്ത്യ ശാസ്ത്ര ജാഥ ( Bharat Jan Vigyan Jatha ) ഒക്കെ ഉണ്ടാവുന്നത്. റോവിങ് സയൻസ് അംബാസ്സഡർ എന്നായിരുന്നു പ്രശസ്ത ശാസ്ത്രജ്ഞൻ നരേന്ദ്ര സൈഗാൾ എന്നെ വിളിച്ചിരുന്നത്. ഞാൻ ബാബാ അറ്റോമിക് റിസേർച് സെന്ററിൽ (BARC) നിന്നും ജോലി രാജി വയ്ക്കുമ്പോൾ തന്നെ ജീവിതത്തിലെ ആഡംബരങ്ങൾ ആവശ്യമില്ല എന്ന് തീരുമാനിക്കാൻ കഴിഞ്ഞിരുന്നു. ചെറിയ വരുമാനം കൊണ്ട് ജീവിക്കാൻ കഴിയും എന്ന ഉത്തമ ബോധ്യം ഉണ്ടായിരുന്നു. കൂടുതൽ സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ഒരിക്കലും വിഷമവും തോന്നിയില്ല. നമുക്ക് ആഗ്രഹങ്ങൾ ഉണ്ടാവുമ്പോഴാണല്ലോ നിരാശയൊക്കെ ഉണ്ടാകുന്നത്.
ചില കാര്യങ്ങൾ നടക്കാൻ നമ്മൾ വില കൊടുക്കേണ്ടിവരും. സമൂഹത്തിനു വേണ്ടി പ്രവർത്തിക്കാൻ ആയിരുന്നു എന്റെ സ്വപ്നം. എന്റെ ആ ആഗ്രഹം നടക്കാൻ ഞാൻ കൊടുത്ത വിലയാണ് കൂടുതൽ സൗകര്യങ്ങൾ വേണ്ടെന്നു വയ്ക്കുക എന്നത്. എന്നാൽ മാത്രമേ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കാനും കഴിയുകയുള്ളൂ. ഇന്ന് കാണുന്ന എല്ലാ ആഡംബരങ്ങളും എല്ലാ മനുഷ്യരിക്കും ലഭ്യമാക്കുക എന്നത് പ്രായോഗികമല്ല. അതിനുള്ള വിഭവങ്ങൾ ഇവിടെ ഇല്ല. അതുകൊണ്ടു അമിതമായ ആഗ്രഹങ്ങൾ ശരിയല്ലെന്ന് സമൂഹത്തോട് പറയുന്നതിന് മുൻപ് ഞാൻ അത് എന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതുണ്ട്. ആദ്യം അത് ബോധപൂർവ്വം ആയിരുന്നു, പിന്നീട് അബോധപൂർവ്വം ആയി, പിന്നീട് അത് ഒരു സ്വാഭാവിക കാര്യമായി. ഇന്നത്തെ മുതലാളിത്ത രീതി നമ്മുടെ ആവശ്യങ്ങൾ അതിവേഗത്തിൽ വളർത്തിക്കൊണ്ടു വരാൻ ആണ് ശ്രമിക്കുന്നത്. അതുണ്ടാക്കുന്ന ആഗ്രഹങ്ങളും അതിന്റെ സാക്ഷാത്ക്കാരവും തമ്മിലുള്ള വിടവ് അസംതൃപ്തി വളർത്തുകയാണ് ചെയ്യുന്നത്. മയക്കു മരുന്ന് ഉപയോഗം, യുദ്ധങ്ങൾ, മറ്റു ഹിംസാത്മക പ്രവർത്തികൾ ഒക്കെ ഇതിന്റെ ഭാഗമായി വളർന്നു വരുന്നതായി കാണാം. അതുകൊണ്ടാണ് ഗാന്ധി എല്ലാവരുടെയും ആവശ്യങ്ങൾ പൂർത്തീകരിക്കാനുള്ള വിഭവങ്ങൾ നമ്മുടെ ഭൂമിയിലുണ്ടെന്നും അത്യാർത്തിക്കുള്ളത് ഇല്ലെന്നും പറഞ്ഞത്. അത് ഇടതുപക്ഷക്കർ പോലും തിരിച്ചറിയാത്തതു ആണ് ഇപ്പോഴത്തെ പ്രശ്നം.

കുടുംബ ജീവിതം മുന്നോട്ടു കൊണ്ട് പോവാൻ ഈ തീരുമാനങ്ങൾ കൊണ്ട് ബുദ്ധിമുട്ടുണ്ടായോ?
കുടുംബ ജീവിതത്തെക്കുറിച്ചും എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ബോബെയിൽ ജോലി ചെയ്യുമ്പോൾ ഒമ്പതിനായിരം രൂപ ആയിരുന്നു എന്റെ ശമ്പളം. ജോലി രാജിവച്ചു പാർട്ടിയിൽ പ്രവൃത്തിക്കുമ്പോൾ എനിക്ക് തൊള്ളായിരം രൂപയായിരുന്നു വരുമാനം. എനിക്ക് ജീവിക്കാൻ അത് മതിയായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനോ കൂടാതെ കുടുംബത്തിലെ ആവശ്യങ്ങൾ പൂർത്തീകരിക്കാനോ എനിക്ക് ഒരു പാട് കഷ്ടപ്പെടേണ്ടിയും വന്നിട്ടില്ല. കൂടാതെ ലൈംഗികതയും കുടുംബ ജീവിതവും കൂട്ടിക്കുഴയ്ക്കുന്നതാവരുത് എന്നാണ് എന്റെ വിശ്വാസം.
പൊതു പ്രവർത്തനത്തിൽ എം.പി ദീർഘകാലം സജീവമായിരുന്നു. ആത്മകഥയിൽ അതിനെപ്പറ്റി പറയുന്ന ഭാഗത്തു ഇങ്ങനെ എഴുതിയിട്ടുണ്ട്. ‘ബുദ്ധിയും വികാരവും ചേർത്ത് ഞാൻ ഒരു കാര്യം തീരുമാനിച്ചു. അത് ‘ത്യാഗം’ (sacrifice ) എന്ന വാക്കു ജീവിതത്തിൽ നിന്നും എടുത്തു മാറ്റുവാനും കൈമാറ്റം (Exchange ) എന്നതു പകരം വയ്ക്കുവാനും ആയിരുന്നു. അതിലൂടെ കൂടുതൽ സന്തോഷം കണ്ടെത്താനും കഴിഞ്ഞു’. പൊതു പ്രവർത്തകരിൽ വർധിച്ചു വരുന്ന ഈഗോ കാരണം അവരുടെ പ്രവൃത്തിയുടെ ലക്ഷ്യം വഴിമാറി പോകുന്നതും സഹവർത്തിത്വത്തിന്റെ പാത ഉപേക്ഷിച്ചു ഹിംസയിലേക്കു നീങ്ങുന്നതും കേരളത്തിലെ ആക്ടിവിസത്തിന്റെ വലിയ പരിമിതിയല്ലേ?
സിനിമ കാണാൻ ടിക്കറ്റെടുക്കാൻ പൈസ കൊടുക്കുന്നതിനെ നമ്മൾ ത്യാഗം എന്ന് വിശേപ്പിക്കാറില്ലല്ലോ. അത് അർത്ഥമില്ലാത്ത ചിന്തയാണ്. അത് തന്നെയാണ് പൊതു പ്രവർത്തനത്തിന്റെ കാര്യവും. അവിടെ നടക്കുന്നത് കൈമാറ്റം മാത്രമാണ്. ഒരാൾ ആഗ്രഹിച്ചിട്ടാണ് പൊതു പ്രവർത്തനത്തിൽ മുഴുകുന്നത്. അവിടെ എവിടെയാണ് ത്യാഗം? പൊതു പ്രവർത്തനത്തെ ത്യാഗമായി കണ്ടാൽ, ജനങ്ങൾ എനിക്ക് ഒന്നും തിരിച്ചു തന്നില്ല എന്നൊക്കെയുള്ള പരിഭവങ്ങളും നിരാശയും ഉണ്ടാകും. അപ്പോൾ നമ്മുടെ പ്രവർത്തനം ജനങ്ങൾക്ക് ഒരു ബാധ്യതയായി മാറും. അത് തെറ്റാണ്. പൊതു പ്രവർത്തനത്തിന്റെ കണക്കു വയ്ക്കാതിരിക്കുക എന്നത് പ്രധാനപ്പെട്ട ഒരു മൂല്യമായി കാണണം. അല്ലെങ്കിൽ അഹം ബോധത്തെ മറികടക്കേണ്ടത് നമ്മുടെ തന്നെ സന്തോഷത്തിനും സംതൃപ്തിക്കും ആവശ്യമാണെന്ന് പറയാം. അല്ലാതെ ദൈവീകമായ കഴിവ് എന്ന നിലയിലല്ല.
ഈ കാഴ്ചപ്പാടിനെ ‘ആത്‌മീയത’ എന്ന് വിളിക്കാൻ പറ്റുമോ?
‘ഭൗതീകേതരം’ (Non material ) എന്ന് വിളിക്കുന്നതാണ് ശരി. Spiritual എന്ന വാക്കിനെ നിഷേധിക്കുന്ന ആളല്ല ഞാൻ. എന്നാൽ ആത്മീയത എന്ന വാക്കുപയോഗിക്കുന്നതിനു പകരം ഭൗതീകേതരം എന്ന വാക്കാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ആത്മീയത എന്ന് പറയുമ്പോൾ അത് ആത്മാവുമായി ബന്ധപ്പെട്ടു വരും. അതിലൊന്നും എനിക്ക് വിശ്വാസം ഇല്ല. അളന്നു തിട്ടപ്പെടുത്താൻ കഴിയാത്ത സന്തോഷം, സംതൃപ്തി, സമാധാനം, സൃഷ്ടിപരത , പരസ്പ്പര ബഹുമാനം, അംഗീകാരം തുടങ്ങിയ കാര്യങ്ങൾ ആണ് ഒരു വ്യക്തിക്ക് മാനുഷിക ഗുണങ്ങൾ നൽകുന്നത്. ഭൗതിക ആവശ്യങ്ങൾക്കൊപ്പം ഭൗതീകേതര ആവശ്യങ്ങളും പ്രധാനപ്പെട്ടതാണ്. നല്ല ആരോഗ്യം, കൂടിയ ജീവിത ദൈഘ്യം, കുറഞ്ഞ അധ്വാനം, കൂടുതൽ ഒഴിവു സമയം തുടങ്ങിയവയെ ഭൗതിക ആവശ്യങ്ങളായി കണക്കാക്കാം.
ഈ ഭൗതീകേതര ആവശ്യങ്ങളെ മാർക്സിസം അർഹിക്കുന്ന പരിഗണന നൽകിയില്ല എന്ന് തോന്നിയിട്ടുണ്ടോ?
ഭൗതീകേതര ആവശ്യങ്ങളെ പറ്റി മാത്രമല്ല, ഇന്നത്തെ പ്രതിസന്ധികളുടെ മൂല കാരണങ്ങൾ മനസിലാക്കി അതിനുള്ള പരിഹാരങ്ങളും മാർക്സ് പറയുന്നുണ്ട്. മാർക്സ് എല്ലാം അറിഞ്ഞു എന്നല്ല. ശാസ്ത്ര സാങ്കേതിക വിദ്യയുടെയും സാമൂഹ്യ ശാസ്ത്രത്തിന്റെയും പുരോഗതിയിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ചു അത് വികസിപ്പിക്കേണ്ടത് പിൽക്കാല മാർക്സിസ്റ്റുകളുടെ ഉത്തരവാദിത്തം ആണ്. എന്നാൽ മാർക്സ് പറഞ്ഞ കാര്യങ്ങൾ തന്നെ മാർക്സിസം പ്രയോഗവൽക്കരിച്ചവർ പരിഗണിക്കാതെ പോയി എന്നതാണ് യാഥാർഥ്യം. സോവിയറ്റ് യൂണിയന്റെ മുദ്രാവാക്യം പോലും ‘വികസനത്തിൽ നമ്മൾ അമേരിക്കയെ മറികടക്കും’ എന്നായിരുന്നു. ഭൂമിയിലെ വിഭവങ്ങളുടെ പരിമിതിയെയെക്കുറിച്ചൊക്കെ മാർക്‌സും ഏംഗൽസും പറഞ്ഞതൊന്നും അതർഹിക്കുന്ന ഗൗരവത്തിൽ പരിഗണിക്കാതെ പോവുകയായിരുന്നു. ഇന്ന് വളർച്ചയുടെ പരിമിതികളെക്കുറിച്ചും കാലാവസ്ഥ പ്രതിസന്ധിയെക്കുറിച്ചും പറയുന്ന ഒരുപാട് റിപ്പോർട്ടുകൾ നമ്മുടെ മുന്നിലുണ്ട്. ബഹു ഭൂരിപക്ഷം ജനങ്ങളും ഇത്രയും രൂക്ഷമായ പ്രതിസന്ധികളുടെ നടുവിൽ പോലും അതിനൊന്നും വലിയ പരിഗണന നൽകിയിട്ടില്ല. അപ്പോൾ മാർക്സ് പറഞ്ഞത് അവഗണിക്കപ്പെട്ടതിൽ അത്ഭുതപ്പെടാനില്ല.
മനഃശാസ്ത്രജ്ഞായ എബ്രഹാം മാസ്ലോവിന്റെ മനുഷ്യന്റെ ഭൗതികേതരമായ ആവശ്യങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ കാൾ മാർക്‌സും മനസിലാക്കിയിരുന്നു. മാർക്സ് അതിനെപ്പറ്റി അധികം എഴുതിയിരുന്നില്ല എന്നേയുള്ളൂ. മാത്രവുമല്ല മാർക്സ് മാനിഫെസ്റ്റോയിൽ എഴുതിയതിനു വിരുദ്ധമായാണ് പല മാർക്സിറ്റു ചിന്തകരും പ്രവർത്തകരും ഇടപെട്ടത്. വലിയ പട്ടണങ്ങൾ ഉണ്ടാക്കാനും വർധിപ്പിക്കാനും കേന്ദ്രീകൃതമായ കൂറ്റൻ വ്യവസായങ്ങൾ ഉണ്ടാക്കാനും അല്ല മാർക്സ് ആഹ്വാനം ചെയ്തത്. എന്നാൽ അതിനു വിപരീതമായാണ് വികസനത്തിനുവേണ്ടി മാർക്സിസ്റ്റു അനുയായികൾ പ്രവർത്തിച്ചതും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും. ആവർത്തന വിരസതയുള്ള പ്രവൃത്തികൾ ഒക്കെ യന്ത്രങ്ങൾ ചെയ്യണം എന്നും മനുഷ്യന് കൂടുതൽ സൃഷ്ടിപരമായ കാര്യങ്ങൾ ചെയ്യാൻ ഉതകുന്ന ഒഴിവു സമയവും സ്വാതന്ത്ര്യവും കിട്ടണം എന്നൊക്കെയാണ് മാർക്സ് പറഞ്ഞത്. ഭൗതീകേതരം എന്ന് പറയാതെ spiritual എന്നാണ് മാർക്സ് പറയുന്നത്. ലെനിനിന്റെയും സ്റ്റാലിന്റെയും ഒക്കെ കാലത്തു അത്തരം കാര്യങ്ങൾ പരിഗണിക്കാൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ല. ശാസ്ത്രവും സാങ്കേതിക വിദ്യയും അത്രയും വികസിച്ചിരുന്നില്ല. എന്നാൽ ഇന്ന് അതൊക്കെ സാധ്യമാവുന്ന അറിവ് നമുക്കുണ്ട്. ഇന്ന് ഒരു കേരളത്തിലെ ഒരു പഞ്ചായത്തിൽ ആവശ്യമുള്ള ഭക്ഷ്യ ഉൽപ്പാദനം നടത്താനും ആളുകളുടെ ആരോഗ്യം ഉറപ്പുവരുത്താനുമൊക്കെ സാധ്യമാണ്. കൃഷിയിൽ ഭക്ഷ്യ ഇനങ്ങളുടെ വൻകിട ഉൽപ്പാദനം പാടില്ല. തോട്ടത്തിൽ നിന്നും അടുക്കളയിലേക്കു നേരിട്ടെത്താൻ കഴിയണം. ഇന്ന് ഉൽപ്പാദനം വർധിപ്പിക്കാനും ജൈവ മാലിന്യങ്ങൾ ഒക്കെ കമ്പോസ്റ്റ് ചെയ്തു വളം ആക്കാനുമൊക്കെ നമുക്കറിയാം. സമ്പൂർണ്ണ ജൈവ കൃഷി ഇന്ന് നമുക്ക് സാധ്യമാണ്. ഒരു പഞ്ചായത്തിന് വേണ്ട പാലും മുട്ടയും ഒക്കെ അവിടെത്തന്നെ ഉണ്ടാക്കാൻ പറ്റും. ആവശ്യമുള്ള പച്ചക്കറി ഉണ്ടാക്കാൻ പശുവിന്റെ ചാണകവും പച്ചില കമ്പോസ്റ്റും ഉണ്ടായാൽ മതി.
താങ്കൾ നാലാം ലോകത്തെക്കുറിച്ചു പറയാനും എഴുതാനും തുടങ്ങിയപ്പോഴാണ് പാർട്ടിക്ക് അനഭിമതനാവുന്നത്. ഒടുക്കം 2004 സി പി ഐ (എം )താങ്കളെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നു. മുതലാളിത്ത സമ്പദ് വ്യവസ്ഥയ്ക്കും മാർക്സിസ്റ് സിദ്ധാർത്ഥത്തിൽ അധിഷ്ഠിതമായ സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾക്കും കൂടുതൽ നീതിയുക്തമായ ഒരു ലോകം സൃഷ്ടിക്കാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നല്ലോ താങ്കൾ നാലാം ലോകത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങിയത്. അന്നത്തെ അവസ്ഥയെക്കാൾ കൂടുതൽ രൂക്ഷമായ സാമൂഹിക പാരിസ്ഥിതിക പ്രതിസന്ധികൾ നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ പാർട്ടിയിലോ പോഷക സംഘടനകളിലോ എംപി അന്ന് ഉന്നയിച്ച കാര്യങ്ങളെക്കുറിച്ചു ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ ഉണ്ടായിട്ടുണ്ടോ?
അങ്ങനെയൊരു വീണ്ടു വിചാരം ഉണ്ടാവാൻ അന്നും ഇന്നും ഞാൻ പറഞ്ഞതിനെ അവർ എതിർത്തിട്ടു വേണ്ടേ? അവർ എന്നെ ഒരു ശത്രുവായി കണക്കാക്കിയിട്ടുമില്ല. എന്റെ ആശയങ്ങളോടുള്ള വിയോജിപ്പല്ലല്ലോ എന്നെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ കാരണം. ഞാൻ അച്യുതാനന്ദന്റെയും പിണറായിയുടെയും ഗ്രുപ്പ് തർക്കത്തിന്റെ ഇരയാവുകയായിരുന്നു. എനിക്കതിൽ ഒരിക്കലും വിഷമം ഒന്നും തോന്നിയിട്ടുമില്ല. എന്നെ ബലിയാടാക്കിയെങ്കിലും അതുകൊണ്ടു പാർട്ടിക്ക് ഒരു ഗുണവുവും ലഭിച്ചില്ല എന്നത് വേറെ കാര്യം. പാർട്ടിയിൽ നിന്നും പുറത്താക്കിയ ശേഷവും സീതാറാം യെച്ചൂരിയൊക്കെ എന്നെ ഒരു പാർട്ടിക്കാരൻ ആയി തന്നെയാണ് കണക്കാക്കിയത്. പിന്നെ ‘നാലാം ലോകം’ എന്ന ആശയത്തെക്കുറിച്ചു 1994 തന്നെ ഞാൻ എഴുതി തുടങ്ങിയിട്ടുണ്ടായിരുന്നു. നാലാം ലോകം എന്ന വാക്കുപയോഗിച്ചില്ല എന്നേയുള്ളൂ. നാലാം ലോകത്തിൽ വിഭവ പരിമിതികളെക്കുറിച്ചും മനുഷ്യന്റെ ആഗ്രഹങ്ങളെ പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും സുസ്ഥിരതയെക്കുറിച്ചും, തുല്യത, ഉൽപ്പന്നങ്ങളുടെ പങ്കിടൽ, വിഭവങ്ങളുടെ പൊതു ഉപയോഗവും പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് പ്രാധാന്യം കൊടുക്കേണ്ടതിനെക്കുറിച്ചുമൊക്കെയാണ് പറഞ്ഞിട്ടുള്ളത്. ഞാൻ പാർട്ടിയിൽ നിന്ന് പുറത്തായ ശേഷവും അതിന്റെ പ്രസ്കതിയെക്കുറിച്ചും പാർട്ടിയുടെ മാനിഫെസ്റ്റോ മാറ്റണം എന്നൊക്കെ ആവശ്യപ്പെട്ടുകൊണ്ടും തുടർച്ചയായി പ്രകാശ് കാരാട്ടിനും സീതാറാം യെച്ചൂരിക്കുമൊക്കെ എഴുതിയിരുന്നു. അതിനൊന്നും ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. ഒരുപക്ഷെ മറുപടി എഴുതിയാൽ അപകടം ആകും എന്നുള്ള ഭയം കൊണ്ടാവും. ഒരിക്കൽ ബംഗാളിലെ മുഖ്യമന്ത്രി ബുദ്ധ ദേവ് ഭട്ടാചാര്യ ഒരു അഭിമുഖം മാലിനി ഭാട്ടാചാര്യക്ക് നൽകിയിരുന്നു. വെസ്റ്റ് ബംഗാൾ വികസനം Mitsubishi Motors ന്റെയും മറ്റും സഹകരണത്തോടെ ചെയ്യേണ്ടതാണെന്നും അതുകൊണ്ടു ട്രേഡ് യൂണിയനുകൾ അവരുടെ സ്വഭാവം മാറ്റണം എന്നൊക്കെയായിരുന്നു ബുദ്ധ ദേവ് ഭട്ടാചാര്യ പറഞ്ഞത്. അത് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് പറയുന്ന അതെ കാര്യം ആയിരുന്നു. അതിനെപ്പറ്റി പ്രകാശ് കാരാട്ടിനോട് ചോദിച്ചപ്പോൾ അത് പാർട്ടിയുടെ നയം അല്ലെന്നും വെസ്റ്റ് ബംഗാളിലെ കാര്യം മാത്രമാണെന്നുമാണ് മറുപടി പറഞ്ഞത്. പിന്നീട് അത് കേരളത്തിലടക്കം ആവർത്തിക്കപ്പെടുകയാണുണ്ടായത്. കെ റെയിൽ പദ്ധതി ഒക്കെ അതിന്റെ ഭാഗമല്ലേ. ഇങ്ങനെ ഞാൻ എം എ ബേബിക്കൊക്കെ കത്തുകൾ അയക്കുമായിരുന്നു. മറുപടി ഇല്ലാതായപ്പോൾ നിർത്തി. പിന്നീട് ഞാൻ ജനങ്ങളുമായി മാത്രമേ ആശയവിനിമയം നടത്താറുള്ളൂ. പിന്നെ എന്റെ ആശയങ്ങളെ ചിലർ അപ്രായോഗികം എന്ന് പറഞ്ഞിരുന്നു. പ്രയോഗിച്ചു നോക്കാതെ എങ്ങനെയാണ് അപ്രായോഗികം എന്ന് തീരുമാനിക്കുക?

ബ്രഹദാഖ്യാനങ്ങൾക്ക് (Grand Narratives ) ഉള്ള പരിമിതി കൂടിയായിരുന്നില്ലേ എംപി നാലാം ലോകത്തിൽ സൂചിപ്പിച്ചത്?
എല്ലാ ബ്രഹദാഖ്യാനങ്ങളും കാലോചിതമായ തിരുത്തലിനും കൂട്ടിച്ചേർക്കലിനും വിധേയമാക്കപ്പെടണം. പിന്നെ അതിന്റെ പ്രശനം എല്ലാ ബ്രഹദാഖ്യാനങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള ഒരു ബ്രഹത്തായ, ഒറ്റ ലോകമാണ് മുന്നോട്ടു വയ്ക്കുന്നത്. അത് സാധ്യമായ കാര്യമല്ല. സിസ്റ്റം വലുതാവുതോറും അത് അസ്ഥിരവും സങ്കീർണ്ണവുമാവുകയാണ് ചെയ്യുക. ലോകത്താകമാനം ഒരു വ്യസ്ഥ എന്നത് വലിയ വിപത്താണ്. അവിടെയാണ് ഗാന്ധി മുന്നോട്ടുവച്ച ഗ്രാമ സ്വരാജിന്റെ ഒക്കെ പ്രസക്തി. അത് തന്നെയാണ് നാലാം ലോകത്തിലൂടെ ഞാൻ ചൂണ്ടിക്കാട്ടിയത്. ചെറുതുകളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത് സോഷ്യലിസത്തിനും മാർക്സിസത്തിനും വിരുദ്ധമായ കാര്യം അല്ല. പരമ്പരാഗത മാർക്സിസ്റ്റുകളുടെ ധാരണകൾക്കു അത് വിരുദ്ധമായി തോന്നിയിട്ടുണ്ടാവാം. യഥാർത്ഥത്തിൽ സോഷ്യലിസത്തിന്റെ അടുത്ത ഘട്ടം ആണ് ഞാൻ ചൂണ്ടിക്കാട്ടിയത്.
എൻ എസ് മാധവന്റെ നാലാം ലോകം എന്ന ഒരു കഥ ശ്രദ്ധിച്ചിരുന്നോ? ആ കഥയും എം പിയുടെ നാലാം ലോകം എന്ന സങ്കൽപ്പവും തമ്മിൽ ചില സാമ്യതകൾ ശ്രദ്ധയിൽ പെട്ടിരുന്നോ? അതിലെ ഗോവിന്ദൻ കുട്ടി എന്ന കഥാപാത്രം സോവിയറ്റ് യൂണിയനിലെ യാഥാർഥ്യങ്ങൾ തന്റെ അറിവിനും സങ്കല്പങ്ങൾക്കും അപ്പുറത്താണ് ബഹിരാകാശത്തു വച്ച് തിരിച്ചറിയുന്നുണ്ട്. എംപിയുടെ കാര്യത്തിലും സോവിയറ്റ് യൂണിയനിലെ ഗവേഷണ കാലഘട്ടം സോവിയറ്റ് മോഡൽ സോഷ്യലിസത്തിന്റെ പരിമിതികൾ തിരിച്ചറിഞ്ഞ കാലം കൂടിയായിരുന്നല്ലോ.
അതിനെപ്പറ്റി കേട്ടിട്ടുണ്ട്. ഞാൻ അത് വായിച്ചിട്ടില്ല. അവിടെ നിന്നുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആണ് സോവിയറ്റ് മോഡൽ സോഷ്യലിസത്തിന്റെ പരിമിതികളും പ്രതിസന്ധികളും മനസിലായത്. ഉപഭോഗത്തിന്റെ കാര്യത്തിൽ അമേരിക്കൻ രീതി തന്നെയായിരുന്നു അവിടെയും പ്രോത്സാഹിപ്പിച്ചിരുന്നത്. അവിടെ വച്ചാണ് നാലാം ലോകത്തിന്റെ ആശയങ്ങൾ രൂപംകൊള്ളുന്നത്. അത് പ്രാവർത്തികമാക്കാൻ ശാസ്ത്ര സാങ്കേതിക വിദ്യകൾ വേണം, ജനങ്ങൾക്ക് അറിവ് വേണം. അതിനായിരുന്നു ശാസ്ത്ര സാഹിത്യ പരിഷത്തുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. സോവിയറ്റ് യൂണിയനിൽ പോയില്ലായിരുന്നെകിൽ ഇതൊക്കെ മനസിലാക്കാൻ ഒരുപക്ഷെ കൂടുതൽ സമയം എടുക്കുമായിരുന്നു. അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ കഥയൊന്നും അപ്പോൾ പുറത്തു വന്നിരുന്നില്ല. അതെ സമയം ചില നേട്ടങ്ങൾ അവർ നേടിയിരുന്നു എന്നത് യാഥാർഥ്യമാണ്. പട്ടിണി, തൊഴിലില്ലായ്‌മ തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലായിരുന്നു. ജീവിതത്തെക്കുറിച്ചു ആർക്കും ഉൽകണ്ഠ ഒന്നും ഇല്ലായിരുന്നു. നല്ല ആരോഗ്യ വിദ്യാഭ്യാസ സംവിധാനങ്ങൾ അവിടെ ഉണ്ടായിരുന്നു. അവർ സ്വീകരിച്ച മാർഗം ശരിയല്ലായിരുന്നു. കേന്ദ്രീകൃത ഉൽപ്പാദന രീതികളിലും മുതലാളിത്തപാത തന്നെയായിരുന്നു.
കേന്ദ്രീകൃത അധികാര വ്യവസ്ഥയുടെ വിമർശകനായ എം.പി ദേശ രാഷ്ട്രങ്ങളുടെ ഭരണത്തിൽ സ്റ്റേറ്റിന്റെ പങ്കിനെ എങ്ങനെയാണ് കാണുന്നത്?
സ്റ്റേറ്റിന്റെ അധികാരം ഏറ്റവും മിനിമം ആയിരിക്കണം. അതിന്റെ പ്രവർത്തനങ്ങൾ സുതാര്യവുമായിരിക്കണം. ഇന്ത്യയുടെ കാര്യത്തിൽ പഞ്ചായത്തിൽ നിന്നും ജില്ലയിലേക്കും സംസ്ഥാനത്തിലേക്കും കേന്ദ്രത്തിലേക്കും പോകുമ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുന്നതായി കാണാം. ഏറ്റവും ചെറിയ സംവിധാനങ്ങൾക്കാണ് ജനാതിപത്യ രീതിയിൽ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുക. സ്റ്റേറ്റിന്റെ ഇന്നത്തെ പ്രവർത്തന രീതി മാറേണ്ടതുണ്ട്. വികേന്ദ്രീകൃത സംവിധാനങ്ങൾക്ക് മാത്രമേ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയൂ.
മാർക്സിന്റെ രാഷ്ട്രീയ പ്രത്യശാസ്ത്രങ്ങളെ അടിസ്ഥാനമാക്കുമ്പോഴും എംപിയുടെ എഴുത്തുകളിലും പ്രവൃത്തിയിലും ഗാന്ധിയൻ ആശയങ്ങളുടെ സ്വാധീനം നിറഞ്ഞു നിൽക്കുന്നതായി കാണാം. അധികാര വ്യവസ്ഥയെ അപഗ്രഥിക്കുമ്പോൾ, മുതലാളിത്തം സർവ്വ നാശത്തിലേക്കുള്ള വഴിയാണെന്ന് തിരിച്ചറിഞ്ഞു ഗ്രാമ സ്വരാജ് മുന്നോട്ടു വയ്ക്കുന്ന ഗാന്ധി വർത്തമാനകാല പ്രതിസന്ധികളെ നിർധാരണം ചെയ്തെടുക്കുന്നതിൽ ഒരുപിടി കൂടി മുന്നിൽ നിൽക്കുന്നു എന്ന് തോന്നിയിട്ടുണ്ടോ?
മാർക്സിന്റെയോ ഗാന്ധിയുടെയോ ചിന്തകളെ താരതമ്യം ചെയ്യേണ്ടതുണ്ടോ? ആശയങ്ങൾ എന്ന രീതിയിൽ കണ്ടാൽ പോരെ? ആശയങ്ങൾ പ്രാവർത്തികമാക്കുന്ന രീതിയാണ് വ്യത്യസ്തമാവുക. ഗാന്ധിയുടെ സർഗാത്മക സമരമുറയായ ചർക്കയിൽ നൂൽ നോക്കുന്നതിനു പകരം ആണ് ഞങ്ങൾ സോപ്പ് ഉണ്ടാക്കിയത്. അതിന്റെ തന്നെ വേറെ രൂപങ്ങളാണ് കൃഷിയിലും മാലിന്യ നിർമ്മാർജ്ജനത്തിലും ഒക്കെ ഞാൻ മുന്നോട്ടു വച്ചത്. ഞാനും പരിഷത്തും പറഞ്ഞ കാര്യങ്ങൾ ആണ് ഇന്ന് ഹരിത കേരളം മുന്നോട്ട് വയ്ക്കുന്നത്. അത് പൂർണ്ണമായും നടപ്പിലായില്ലെങ്കിലും അതിനാണ് ശ്രമിക്കുന്നത്.
അതിൽ നിന്നുള്ള പിന്മടക്കം ആണല്ലോ ബ്രഹ്മപുരത്തു തിരിച്ചടിയായത്?
തീർച്ചയായും. അവിടെ മാലിന്യങ്ങൾ നിക്ഷേപിച്ചത് തന്നെ തെറ്റായ നടപടിയാണ്. മാലിന്യങ്ങൾ കത്തിച്ചു വൈദുതി ഉണ്ടാക്കുക എന്ന ആശയം തന്നെ വികലമായ ധാരണയാണ്. മാലിന്യം ഒരു സമ്പത്താണ്, ഊർജ ഉൽപ്പാദന സ്രോതസ്സല്ല. ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റാക്കി മണ്ണിലേക്ക് എത്തിക്കുകയാണ് വേണ്ടത്. അതിലുള്ള കാർബൺ മണ്ണിലേക്ക് തിരിച്ചെത്തണം. അജൈവ മാലിന്യങ്ങൾ പുനരുപയോഗിക്കുകയോ പുനഃചംക്രമണം ചെയ്യുകയോ ആണ് വേണ്ടത്. എന്നാൽ പലരും കൊടുക്കുന്ന തെറ്റായ ഉപദേശങ്ങളിൽ വീഴുകയാണ് സർക്കാർ ചെയ്യുന്നത്. കെ റെയിൽ ആയാലും ബ്രഹ്മപുരം ആയാലും വൻ പ്രൊജെക്ടുകളോടുള്ള ഭ്രമം അപകടകരമാണ്. അതുണ്ടാക്കുന്ന അപകടങ്ങൾ അനിയന്ത്രിതമാണ്. എല്ലാ മേഖലകളിലും വികേന്ദ്രീകരണം ആണ് കൊണ്ടുവരേണ്ടത്. അതുകൊണ്ടാണ് ഞാൻ ‘ചെറുത് സുന്ദരമാണെന്ന്’ (Small is Beautiful ) ഷൂമാക്കർ പറഞ്ഞതിനോട് ‘ചെറുത് ശക്തവുമാണ്’ (Small is Powerful too) എന്ന് കൂട്ടിച്ചേർത്തത്. ചെറുതിനും വലുതിനെപ്പോലെ ഫലപ്രദമാവാൻ കഴിയും എന്നാണു ഉദ്ദേശിച്ചത്. അത് സാധ്യമാക്കുന്ന ശാസ്ത്ര സാങ്കേതിക വിദ്യകൾ നമുക്കുണ്ട്. പ്രാദേശിക ഉൽപ്പാദന ഉപഭോഗരീതി മനുഷ്യരെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുകയും ചെയ്യും. അല്ലെങ്കിൽ ഭൂരിപക്ഷം മനുഷ്യരും വെറും ഉപഭോക്താക്കൾ മാത്രമായിരിക്കും.

മുതലാളിത്ത സമ്പദ്ക്രമത്തിന്റെ ദുരന്തങ്ങൾ മനസിലാക്കുന്ന താങ്കൾ പ്രാദേശിക സമ്പദ് ഘടന, ഭക്ഷ്യ സുരക്ഷാ, ജനകീയ ആസൂത്രണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും വളർച്ചയിലധിഷ്ഠിതമായ ഉൽപ്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും പരിമിതികളെക്കുറിച്ചും അതുണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ചും ധാരാളം എഴുതിയിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം നെഹ്‌റു, ഇന്ദിര ഗാന്ധി തുടങ്ങിയവർ അമേരിക്ക പോലുള്ള സാമ്രാജ്യത്വ ശക്തികളെയും ലോക ബാങ്ക് പോലുള്ള വൻകിട സാമ്പത്തിക സ്ഥാപനങ്ങളെയും ആശ്രയിച്ചു ഇന്ത്യയുടെ ഭൗതിക ആവശ്യങ്ങളെ പൂർത്തീകരിക്കാനും വികസനം നടപ്പിലാക്കാനും ശ്രമിക്കുന്നതായി കാണാം. അതിനു പകരം ഗാന്ധി ഒക്കെ മുന്നോട്ടു വച്ച പടിഞ്ഞാറൻ രാജ്യങ്ങളിലെ വ്യാവസായിക വികസനത്തിൽ നിന്നും വ്യത്യസ്തമായ തികച്ചും ഭാരതീയമായ സ്വയംപര്യാപ്ത വില്ലജ് റിപ്പബ്ളിക്കിൽ അധിഷ്ഠിതമായ ഒരു സമ്പദ് ക്രമം വികസിപ്പിച്ചെടുക്കാൻ ഇന്ത്യക്കു സാധ്യമാവുമായിരുന്നു എന്ന് എം.പി കരുതുന്നുണ്ടോ?
കഴിയുമായിരുന്നു എന്നുവേണം കരുതാൻ. ഗാന്ധി പറയുന്ന സ്വയം പര്യാപ്തത എന്ന വാക്കിൽ തന്നെ അതിനുള്ള ഉത്തരം ഉണ്ട്. സ്വയം പര്യാപ്തത എന്നാൽ മറ്റൊരാൾക്ക് കീഴടങ്ങേണ്ടതില്ല എന്നാണല്ലോ. എന്നാൽ ആവശ്യങ്ങൾ നിരന്തരം വർധിച്ചു വന്നാൽ ഒരിക്കലും സ്വയംപര്യാപ്തമാവില്ല. എന്നാൽ ഇന്ത്യയിലെ ജനങ്ങളും ഭരണകൂടവും ആഗ്രിക്കുന്നതു കൂടുതൽ കൂടുതൽ വളർച്ച നേടിക്കൊണ്ടിരിക്കാനാണ്. എന്നാൽ അന്ന് അതിനുള്ള സാഹചര്യം ആയിരുന്നില്ല നിലവിലുണ്ടായിരുന്നത്. വളർച്ചയെ പരിമിതപ്പെടുത്തുക എന്ന ഒരു ആശയം എവിടെയും ഉണ്ടായിരുന്നില്ല. അത് വരുന്നത് 1960 കളിലാണ്. Rachel Carson എഴുതിയ സൈലന്റ് സ്പ്രിങ് ഒക്കെ വരുന്നത് അക്കാലത്താണ്. 1970 കളിലാണ് ക്ലബ് ഓഫ് റോം വളർച്ചയുടെ പരിമിതികൾ (Limits to Growth) എന്ന റിപ്പോർട്ട് ഒക്കെ പ്രസിദ്ധീകരിക്കുന്നത്. അതോടെയാണ് ഇക്കോളജി ഒരു പ്രധാന വിഷയം ആകുന്നത്. ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം ജനങ്ങൾക്കു ബോധ്യമായിട്ടില്ല എന്നത് വേറൊരു കാര്യം.
പിന്നെ ലോക ബാങ്കിന്റെയൊക്കെ സമ്മർദ്ദം പുറത്തു നിന്നല്ലേ? പണ്ടുള്ള പോലെ നമ്മളെ നേരിട്ട് കടന്നാക്രമിക്കുന്ന രീതിയിൽ അല്ലല്ലോ. ദൃഢനിശ്ചയം ഉണ്ടെകിൽ അതിനെയൊക്കെ ഇപ്പോഴും മറികടക്കാവുന്നതേയുള്ളൂ. ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം എന്നിവയിൽ ഒക്കെ നമുക്ക് സ്വയംപര്യാപ്ത കൈവരിക്കാവുന്നതേയുള്ളൂ. മറ്റു ഭൗതിക സൗകര്യങ്ങൾക്കും, ആർഭാടങ്ങൾക്കും വേണ്ടിയുള്ള ആശ്രിതത്വം നമുക്ക് വേണ്ടെന്നു വയ്ക്കാവുന്നതേയുള്ളൂ. നമുക്ക് ജീവിക്കാൻ ആവശ്യമുള്ള മിക്കതും നമുക്ക് ഉണ്ടാക്കാവുന്നതേയുള്ളൂ. ഈജിപ്റ്റിൻ -ഫ്രഞ്ച് മാർക്സിയൻ എക്കണോമിസ്റ്റും പൊളിറ്റിക്കൽ സയന്റിസ്റ്റും ആയ സമീർ അമിൻ Delinking: Towards a Polycentric World എന്നൊരു പുസ്തകത്തിൽ അത്തരം ഒരു ലോകം സാധ്യമായെന്നു എഴുതിയിട്ടുണ്ട്. നെഹ്രുവിന്റെയൊക്കെ കാലത്തേക്കാൾ നമുക്ക് അത്തരം സാധ്യതകൾ കുറച്ചുകൂടി എളുപ്പത്തിൽ സാധ്യമാക്കാവുന്നതാണ്. ഇന്ന് ഒരു പഞ്ചായത്തിൽ വേണ്ട പച്ചക്കറി മുഴുവൻ ഉണ്ടാക്കാൻ പശുവിന്റെ ചാണകവും കമ്പോസ്റ്റും ഉണ്ടായാൽ മതി. കൂടാതെ കൂടുതൽ സുസ്ഥിര രീതിയിലേക്ക് ഉള്ള മാറ്റം അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുന്ന അനുഭവങ്ങളും നമുക്കുണ്ട്. പ്രളയവും ചുഴലിക്കാറ്റും വരൾച്ചയും, നേരിട്ടു ബന്ധമില്ലെങ്കിലും കോവിഡും ഒക്കെ നമ്മൾ മാറേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതാണല്ലോ. ഇതൊക്കെ രൂക്ഷമാവാൻ പോവുകയാണ്. ഒരുപക്ഷെ അതിന്റെ ഗൗരവം മനസിലാവുമ്പോഴേക്കും നമ്മൾ ഒരു പാട് വൈകിപ്പോകും.
പക്ഷെ ജെ സി കുമരപ്പയും ഗാന്ധിയും ഒക്കെ ഈ പ്രതിസന്ധി ദീർഘ ദർശനം ചെയ്തിരുന്നില്ലേ?
ഗാന്ധി പറഞ്ഞത് ഇന്ന് നമ്മൾ പറയുന്ന രീതിയിൽ അല്ല. ഇന്ന് നമ്മൾ പറയുന്ന ശാസ്ത്രീയ അടിത്തറയിൽ അല്ല ഗാന്ധി സംസാരിച്ചത്. മനുഷ്യന്റെ അനന്തമായ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ഭൂമിക്കാവില്ല എന്ന ബോധ്യം ഗാന്ധിക്കുണ്ടായിരുന്നു. അത് ഗാന്ധിയുടെ ആത്മീയ ചിന്തയുടെയും കൂടി ഭാഗമായാണ് അവതരിപ്പിക്കുന്നത്. കുമരപ്പ പറയുന്ന നിലനിൽപ്പിന്റെ സമ്പദ്‌വ്യവസ്ഥ (Economy of Permanance ) പ്രകാരം എവിടെയെങ്കിലും ഒരു പരീക്ഷണം നടത്തിയിരുന്നെങ്കിൽ നന്നായിരുന്നു. അത് നടന്നില്ല. പല തത്വങ്ങളും പരീക്ഷിച്ചു വ്യക്തത വരുത്തേണ്ടതാണ്. അതൊക്കെ നടക്കാൻ മനുഷ്യന്റെ മനസ്സിന് മാറ്റം വരേണ്ടതുണ്ട്. എന്നാലേ പ്രകൃതിയിലും മാറ്റം വരികയുള്ളൂ. കേരളത്തിലെ ഒരു പഞ്ചായത്തിലൊക്കെ അത് പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ.

വളർച്ചയിൽ അധിഷ്ടിയമായ സമ്പദ് വ്യവസ്ഥയും , ആഭ്യന്തര മൊത്ത ഉൽപ്പാദനത്തെ (GDP ) അടിസ്ഥാനമാക്കിയുള്ള രാഷ്ട്ര വികസന സങ്കൽപ്പവും മനുഷ്യരാശിയെ വിപത്തിലേക്ക് നയിക്കുന്നു എന്ന് താങ്കൾ പറഞ്ഞു. ഇതിനു ബദലായി ആണല്ലോ 1972 ൽ ഭൂട്ടാൻ ദേശീയ സന്തോഷ സൂചിക (Gross National Happiness) ലോകത്തിനു പരിചയപ്പെടുത്തിയത്. നമ്മുടെ രാജ്യത്തിനു പിന്തുടരാൻ പറ്റിയ ഒരു മാതൃക എം.പിയുടെ മനസ്സിൽ ഉണ്ടോ? അല്ലെങ്കിൽ അതിന്റെ ചില മാനദണ്ഡങ്ങളെങ്കിലും?
സന്തുഷ്ടി അളക്കാൻ അത്ര എളുപ്പമല്ല. എന്നാൽ സന്തുഷ്ടിയുണ്ടാവാൻ ആരോഗ്യം, സമാധാനം, ആയുസ്സ്, ഒക്കെ വേണം. അതുപോലെ ഇപ്പോഴും കഠിനമായി ജോലി ചെയ്യേണ്ടി വന്നാൽ, അസമത്വം നിലനിന്നാൽ, കാർബൺ പാദമുദ്ര കൂടിയാൽ ഒക്കെ സന്തുഷ്ടി ഉണ്ടാവില്ല. ഇതൊക്കെ പരിഗണിച്ചു നമുക്ക് ഒരു ദേശത്തിന്റെ സന്തുഷ്ടി നിർണ്ണയിക്കാവുന്നതേയുള്ളൂ. ഇതൊക്കെ നമുക്ക് അളന്നു തിട്ടപ്പെടുത്താനും കഴിയും. ഒരു പഞ്ചയാത്തിന്റെ സന്തുഷ്ടി കൂട്ടാൻ ജിഡിപി മാറ്റുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ല. ഇപ്പോൾ ഉള്ള ജി ഡി പി വച്ച് തന്നെ ഇപ്പോൾ ഉള്ളതിലും കൂടുതൽ സന്തുഷ്ടി ഉണ്ടാക്കാൻ കഴിയും. ഒരാൾക്ക് ഒരു ലക്ഷം രൂപ ശമ്പളമായി വേണം എന്നതൊക്കെ മാറേണ്ടി വരും. എന്തിനാണ് ഒരു കുടുംബത്തിന് ഇത്രയും വലിയ തുക? ഒരു കുടുംബത്തിന് നാൽപ്പതിനായിരം രൂപ ഉണ്ടെങ്കിൽ തന്നെ സുഖമായി ജീവിക്കാം. എന്തിനാണ് ഒരാൾ ഒന്നിൽ കൂടുതൽ വീടുകൾ ഒക്കെ നിർമ്മിക്കുന്നത്? കേരളത്തിൽ ഒരു വശത്തു ഭവന രഹിതർ ഉള്ളപ്പോൾ മറുവശത്തു എത്രയോ വീടുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഇതൊക്കെ അനാവശ്യമായി കാർബൺ പുറംതള്ളുന്ന പ്രവർത്തനങ്ങൾ ആണ്. സ്വകാര്യ വാഹനങ്ങളിൽ അനാവശ്യമായി യാത്ര ചെയ്യുന്നതൊക്കെ ആവശ്യത്തിൽ കൂടുതൽ വരുമാനം ഉണ്ടാവുന്നതിന്റെ ഫലമായായാണ്. പൊതു കാറുകൾ നമ്മുടെ ആവശ്യത്തിന് ലഭ്യമാകുന്ന സ്ഥിതി ഉണ്ടായാൽ ഓരോരുത്തരും സ്വന്തം കാറ് വാങ്ങുന്നതൊക്കെ ഒഴിവാക്കാനാവുന്നതേയുള്ളൂ. സൈക്കിളിനു പ്രാധാന്യം കൊടുത്താൽ, ഊർജം കുറച്ചു മതിയാകും, വ്യായാമം ലഭിക്കുകയും മലിനീകരണം ഉണ്ടാക്കാതെ യാത്രയും ചെയ്യാം. അയൽപക്ക സ്കൂളുകൾ ഉണ്ടായാൽ സ്കൂൾ ബസുകൾ പോലും ആവശ്യമില്ല. കോളേജ് വിദ്യാഭ്യാസം വരെ ഒരു പഞ്ചായത്തിൽ കൊടുക്കാൻ പറ്റും. അതുപോലെ തന്നെ പ്രധാനമാണ് പ്രാദേശിക തൊഴിൽ അവസരങ്ങളുടെ ലഭ്യതയും. അങ്ങനെ വന്നാൽ കൊച്ചിയിൽ താമസിച്ചു തിരുവന്തപുരത്ത് ജോലി ചെയ്യാൻ കെ റെയിൽ ഒന്നും വേണ്ടി വരില്ല. ഉൽപ്പാദനം നടക്കേണ്ടത് മുതലാളിത്ത വ്യവസ്ഥയിലേതു പോലെ ലാഭത്തിനല്ല, ഉപയോഗ മൂല്യത്തിനെ അടിസ്ഥാനമാക്കിയാണ്. വിപണിയല്ല അവിടെ ഉൽപ്പാദനം തീരുമാനിക്കേണ്ടത്.
ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്നായിരുന്നു താങ്കളും ശാസ്ത്ര സാഹിത്യ പരിഷത്തും മുന്നോട്ട് വച്ച മുദ്രാവാക്യം. സാമൂഹ്യ നീതി, സമത്വം, പുരോഗതി ഒക്കെ ഉൾച്ചേർന്നുള്ള പ്രവർത്തന പദ്ധതികളും ആശയങ്ങളും ആയിരുന്നു അതിന്റെ അടിസ്ഥാന പ്രമാണങ്ങൾ. 1990 കൾ ആകുമ്പോഴേക്കും ശാസ്ത്രവും സാങ്കേതികവിദ്യയും നവ ലിബറൽ സാമ്പത്തിക പദ്ധതികളുടെ പ്രായോഗിക നടത്തിപ്പുകാരാകുന്ന സ്ഥിതിവിശേഷം വന്നു ചേരുന്നില്ലേ? ഇതിനോടനുബന്ധിച്ചല്ലേ സി രവിചന്ദ്രനെപ്പോലുള്ള നവ യുക്തി പരിണാമവാദികൾ ശക്തമായ സാന്നിധ്യമായി മാറുന്നത്?
എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ശാസ്ത്രത്തെയും സാങ്കേതിക വിദ്യകളെയും സാധാരണക്കാർക്ക് ആവശ്യമായ രീതിയിൽ പ്രയോഗിക്കാവുന്നതായതുകൊണ്ടാണ്. അതാണ് Integrated Rural Technology Centre വഴി നടപ്പാക്കാൻ ശ്രമിച്ചത്. പക്ഷെ അതൊക്കെ നിഷേധിച്ചുകൊണ്ടുള്ള നിലപാടാണ് നവ യുക്തിവാദികൾ എടുത്തത്. അവരിൽ മാത്രമല്ല ശാസ്ത്ര സാഹിത്യ പരിഷത്തിൽ തന്നെ ശാസ്ത്രം എന്നാൽ യുക്തിവാദം (rationalism ) ആണെന്ന് കരുതുന്നവർ ഉണ്ട്. ശാസ്ത്രം എന്നാൽ അറിവാണ്. അറിവ് പല തരത്തിൽ ഉണ്ടാവാം. യുക്തി ഇല്ലാത്ത വാദം ആണ് യുക്തിവാദം. യുക്തിവാദികളോട് ഞാൻ ഒട്ടും യോജിക്കുന്നില്ല. അവർ പറയുന്നത് പലതും അബദ്ധങ്ങളാണ്. ഒരു നല്ല ശാസ്ത്രഞ്ജൻ ഒരു ആരാധനാലയത്തിൽ പോകുന്നതുകൊണ്ടു അയാളെ അംഗീകരിക്കാതിരിക്കേണ്ടതില്ല. ഒരിക്കൽ സെക്രട്ടറിയേറ്റിലെ എൻ ജി ഓ യുടെ യോഗത്തിൽ ഒരാൾ ഒരു സംശയം ചോദിച്ചു. വിശ്വാസിയായ ഒരാളെ സംഘടനയിൽ എടുക്കാൻ പറ്റുമോ എന്ന്. ഞാൻ മറുപടി പറഞ്ഞത് സമരം വരുമ്പോൾ അയാൾ എവിടെയാണ് എന്നതാണ് പ്രധാനം എന്നാണ്. വിശ്വാസിയല്ലാത്ത ഒരാൾ സമരം വരുമ്പോൾ വീട്ടിൽ ഇരിക്കുകയാണെങ്കിൽ എന്തുകാര്യം ആണ് ഉള്ളത്? യുക്തിവാദവും ശാസ്ത്ര ബോധവും തമ്മിൽ ബന്ധമില്ല. ശാസ്ത്ര സാഹിത്യ പരിഷത്ത് 1970 കളിൽ ആണ് ഗ്രാമ ശാസ്ത്ര സമിതി എന്ന സങ്കല്പം മുന്നോട്ടുവച്ചത്. ശാസ്ത്രം പ്രവർത്തനത്തിൽ അധിഷ്ഠിതമാണ്. പ്രവർത്തനത്തിലൂടെയേ അറിവു ഉണ്ടാവുകയും വളരുകയും ചെയ്യുകയുള്ളൂ എന്നതാണ് യാഥാർഥ്യം. അതുകൊണ്ടു കാർഷിക പ്രവർത്തനത്തിൽ ശാസ്ത്ര പ്രവർത്തകർ ഒക്കെ പങ്കെടുക്കണം. എന്നാൽ മാത്രമേ കർഷകരുടെ ഒക്കെ അറിവിനെ മനസിലാക്കാൻ പറ്റുകയുള്ളൂ. പ്രവൃത്തിക്കാതെ യുക്തി പറഞ്ഞതുകൊണ്ട് കാര്യമില്ല. അതാണ് ഗ്രാമീണ അക്കാഡമിയുടെ ഒക്കെ പ്രസക്തി. ആദ്യകാലത്തു പരിഷത്ത് അത്തരം പ്രവർത്തനങ്ങളിൽ ആയിരുന്നു ഊന്നൽ കൊടുത്ത്. അങ്ങനെയാണ് ചൂടാറാപ്പെട്ടിയും പുകയില്ലാത്ത അടുപ്പും ഒക്കെ ഉണ്ടാവുന്നത്. തുടർന്ന് സാക്ഷരതാ പ്രവർത്തനം വന്നു. അങ്ങനെ വ്യാപകമായ പ്രവർത്തനം നടന്ന ഒരു കാലം ഉണ്ടായിരുന്നു. അഖിലേന്ത്യഅടിസ്ഥാനത്തിൽ ഒന്നര കോടി പ്രവർത്തകർ സാക്ഷരത പ്രസ്ഥാനത്തിൽ സന്നദ്ധപ്രവർത്തകരായി അണി ചേർന്നിരുന്നു.
ആ കാലത്തിൽ നിന്നും വ്യത്യസ്തമായി പരിഷത്തിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളിൽ എന്താണ് മാറ്റം വന്നിട്ടുള്ളത്?
ഗ്രാമീണ മേഖലയിൽ ഒന്നും പ്രവർത്തിക്കാൻ ഇപ്പോൾ ആർക്കും താൽപ്പര്യം ഇല്ല. എല്ലാവർക്കും പ്രസംഗം ആണ് താൽപ്പര്യം. നേതൃത്വത്തിൽ ഉള്ള ആളുകളുടെ ബോധ്യക്കുറവാണ് ഒരു പ്രധാന കാരണം. എന്നാൽ ശാസ്ത്രം പ്രവർത്തനം ആണ്, പ്രസംഗം അല്ല.
കെ റയിലിന്റെ കാര്യത്തിൽ പരിഷത്തിന്റെ അകത്തു രണ്ടു നിലപാട് ഉണ്ടായിരുന്നല്ലോ ?
അതെ, ഒരു പക്ഷം അത് വേണം എന്നുള്ള നിലപാടുള്ളവരായിരുന്നു. തോമസ് ഐസക്കിനൊക്കെ ആ നിലപാട് ആയിരുന്നു. അവരൊക്കെ പറയുന്നത് മുതലാളിത്ത വികസനം ആണ്. പാശ്ചാത്യ വികസനത്തിന്റെ ദുരന്തങ്ങൾ അവർ അവഗണിക്കുന്നു.
സിപിഎം സെക്രട്ടറിയും പറയുന്നത് ഇടതു പക്ഷ സർക്കാർ സോഷ്യലിസം നടപ്പാക്കുകയല്ല എന്നും മുതലാളിത്ത ക്രമത്തിനകത്തു നിന്നുകൊണ്ട് കൂടുതൽ സാമൂഹ്യ നീതിയുക്തമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണെന്നാണ്. അതുകൊണ്ടു സോഷ്യലിസത്തെക്കുറിച്ചുള്ള വേണ്ടാത്ത വ്യാമോഹങ്ങൾ വച്ച് പുലർത്തേണ്ട എന്നാണ് അദ്ദേഹം അണികളെ ബോധ്യപ്പെടുത്തുന്നത്.
അവർ മനസിലാക്കിയിരിക്കുന്ന സോഷ്യലിസവും മുതലാളിത്തവും തമ്മിൽ വലിയ വ്യത്യാസമില്ല. അതുകൊണ്ടു സോഷ്യലിസം നടപ്പാക്കിയാലും വലിയ ഗുണം ഒന്നും ഉണ്ടാക്കാൻ പോകുന്നില്ല. സോവിയറ്റ് യൂണിയനിൽ നമ്മൾ കണ്ടതല്ലേ. ഇത് കേരളത്തിലെ ഇടതു പക്ഷ പാർട്ടിയുടെ മാത്രം പ്രശനം അല്ല. ആഗോള തലത്തിൽ തന്നെ ഈ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. പിന്നെ ഇവിടെ ഇടതുപക്ഷ നയങ്ങളെ എതിർക്കുന്നവർ അധികാരത്തിൽ എത്തിയാലും ചെയ്യാൻ പോകുന്നതും ഇതൊക്കെ തന്നെയാണ്.

സാമൂഹ്യ ശാത്രത്തിൽ സോഷ്യോ ബയോളജിയും രാഷ്ട്ര മീമാംസയിൽ അത് ബയോ പൊളിറ്റിക്സ് ആയും പ്രബലമാകുന്നത് സാമൂഹ്യ നീതിക്കും ജനായത്ത വൽക്കരണത്തിനും വലിയ പ്രതിബന്ധമല്ലേ?
ഇതൊക്കെ തന്നെ നിലവിലുള്ള ആശയങ്ങളാണ്. വ്യക്തിഗത ആഗ്രഹങ്ങൾ എന്ത് വിലകൊടുത്തും സാധിച്ചെടുക്കാൻ ഒരാൾക്ക് അവകാശം ഉണ്ടെന്ന പ്രത്യശാസ്ത്രത്തെ ആധാരമാക്കിയുള്ളതാണ്. മുതലാളിത്തത്തിന്റെ താൽപ്പര്യങ്ങളെ ശക്തിപ്പെടുത്താൻ വേണ്ടി രൂപം കൊണ്ടതാണ് അതൊക്കെ. അതേപോലെ ദരിദ്രരെ ഉന്മൂലനം ചെയ്യുന്നത് ന്യായീകരിക്കാനും. അവിടെയാണ് നാലാം ലോകത്തിന്റെ പ്രാധാന്യം. വൈവിധ്യങ്ങൾക്ക് അവിടെ സുപ്രധാന സ്ഥാനമാണുള്ളത്.
കോളനി വാഴ്ചയിലൂടെ കരസ്ഥമാക്കിയ സമ്പത്ത് ആണ് യൂറോപ്പിന്റെ ജ്ഞാനോദയത്തിലേക്കും വ്യവസായ വിപ്ലവത്തിലേക്കും ഭൗതിക പുരോഗതിയിലേക്കും നയിച്ചതെന്ന് ചരിത്ര യാഥാർഥ്യം മറച്ചുവച്ച്കൊണ്ട് കേരളത്തെ യൂറോപ്പ് മാതൃകയിൽ വികസിപ്പിക്കും എന്നൊക്കെ പ്രചാരണം ഇടതുപക്ഷം പോലും നടത്തുന്നത് വലിയ രാഷ്ട്രീയ പാപ്പരത്തമല്ലേ? കൂടാതെ ലിബറലിസത്തിന്റെ ഒരു നൂറ്റാണ്ടു പൂർത്തിയാവുമ്പോൾ യൂറോ കേന്ദ്രീകൃതമായ സാംസ്ക്കാരിക രാഷ്ട്രീയ ചിന്താഗതികൾ ഏറ്റെടുത്തതുകൊണ്ട് കൂടിയല്ലേ ഇന്ത്യ എന്ന സവിശേഷ ഭൂഖണ്ഡത്തിനു വ്യതിരക്തമായ ഒരു സാമൂഹ്യ രാഷ്ട്രീയ സ്വത്വം നിലനിർത്താൻ കഴിയാതെ പോകാനും വലതുപക്ഷവൽക്കരണം ശക്തമായ സാന്നിധ്യമാവാനും ഒരു കാരണം?
യൂറോപ്പുപോലെ ലോകത്തിലെ എല്ലാ ദേശങ്ങൾക്കും വികസിക്കാൻ പറ്റില്ല. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വൈരുധ്യം മൂർച്ഛിച്ചിരിക്കുന്ന സാഹചര്യത്തിൽ അത് ഒരു തെറ്റായ ലക്ഷ്യം ആണ്. അത് സാക്ഷാത്ക്കരിക്കാനും പറ്റില്ല. അത് നടന്നാൽ വലിയ വിപത്തിൽ കലാശിക്കും. യൂറോപ്പ് ആക്കാൻ വേണ്ടിയൊന്നുമല്ല ഇത്തരം പ്രഖ്യാപങ്ങൾ നടത്തുന്നത്. അത് സൂചിപ്പിക്കുന്നത് ഏതു ദിശയിൽ ആണ് പാർട്ടിയും സർക്കാരും സഞ്ചരിക്കുന്നത് എന്നതാണ്. ജനങ്ങളെ പറ്റിക്കാൻ വേണ്ടിയൊന്നുമല്ല ഇങ്ങനെയൊക്കെ പറയുന്നത്. യൂറോപ്പാവില്ല കേരളം എന്നൊക്കെ അവർക്കറിയാം. യൂറോപ്പിന്റെ മാതൃകയാണ് ശരിയെന്നും അതുമാത്രമേ സാധ്യമാവൂ എന്നാണവർ പ്രഖ്യാപിക്കുന്നത്. പിന്നെ ലോകം മുഴുവൻ പോകുന്ന ഉപഭോഗത്തിന്റെ പാതയിൽ നിന്നും മാറി സഞ്ചരിക്കാനുള്ള ധൈര്യക്കുറവും കഴിവില്ലായ്മയും ഇത്തരം പ്രഖ്യാപനങ്ങൾ സൂചിപ്പിക്കുന്നു.
വസ്തുതകൾക്ക് ശാസ്ത്രീയതയുടെ അംഗീകാരം ലഭിക്കാൻ അതിന്റെ പ്രോസസ്സിലൂടെ കടന്നുപോകേണ്ടതുണ്ട്. ആത്മ നിഷ്ഠമായ അനുഭവങ്ങൾക്കും നിഗമനകൾക്കും അവിടെ സ്വാഭാവികമായും അംഗീകാരം ലഭിക്കില്ല. എന്നാൽ ശാസ്ത്രീയമായി തെളിയിക്കാതെ കിടക്കുന്ന, അതിന്റെ പ്രോസസ്സിന്റെ ഭാഗമല്ലാതെ ഒരു പാട് നാട്ടറിവുകളും പരമ്പരാഗത അറിവുകളും ഒക്കെ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടല്ലോ. വനവുമായി നൂറ്റാണ്ടുകളുടെ ബന്ധമുള്ള ആദിവാസി വിഭാഗത്തിന്റെ അറിവ് ഒരു ശാസ്ത്രജ്ഞന് അവകാശപ്പെടാൻ കഴിയില്ലല്ലോ. പല അറിവുകളും ശാസ്ത്രീയമായി തെളിയിക്കാത്തതിന്റെ പേരിൽ അവഗണിക്കുകയും വൈവിധ്യവും ബഹുത്വവും ബഹുമാനിക്കപ്പെടാതിരിക്കുകയും ചെയ്യുന്നത് ഒരു സമൂഹം എന്ന നിലയിൽ നമുക്ക് തീരാ നഷ്ടങ്ങൾ ഉണ്ടാക്കുന്നില്ലേ?
അറിവ് ഉണ്ടാകുന്നത് അനുഭവത്തിൽ നിന്നാണല്ലോ. അത് കൈമാറാൻ ഒരു ഭാഷ ആവശ്യമുണ്ട്. വിനിമയപരത, ചരിത്രപരത, സാമൂഹ്യപരത ഒക്കെ കൂടിച്ചേരുമ്പോൾ ആണ് അറിവ് ഉണ്ടാവുന്നത്. ഇതിൽ ഏതെങ്കിലും ഒന്ന് ഇല്ലാതായാൽ അത് അറിവല്ലാതെയാകും. നാട്ടറിവ് വിനിമയം ചെയ്യപ്പെടാത്തത് കൊണ്ട് സമൂഹത്തിന്റെ മുഴുവൻ അറിവായി മാറുന്നില്ല. അതിന്റെ നല്ല ഉദാഹരണമാണ് ആയുർവേദവും ഹോമിയോപ്പതിയും. ആളുകൾക്ക് അതിന്റെ ഗുണങ്ങൾ അനുഭവത്തിൽ ലഭിക്കുന്നുണ്ട്. അറിവുകൾ എല്ലാവർക്കും അറിയാവുന്ന ഭാഷയിൽ വിനിമയം ചെയ്യപ്പെടണം. വിനിമയപരത ഉണ്ടെങ്കിലേ പ്രയോഗപരത കൂടുകയുള്ളൂ. കൂടാതെ പുതിയ അറിവ് സൃഷ്ടിക്കാൻ അത് പ്രയോജനപ്പെടണം. അതിനൊക്കെ ഒരുപാട് ഗവേഷണങ്ങൾ നടത്തേണ്ടതുണ്ട്. അതൊന്നും ആയുർവേദത്തിലും ഹോമിയോയിലും നാട്ടറിവുകളിലും നടക്കുന്നില്ല. അതുകൊണ്ടു തന്നെ പലതും അവഗണിക്കപ്പെടുന്നു. പണ്ട് ഗലീലിയോ ടെലിസ്കോപ്പ് ഉണ്ടാക്കിയിട്ട് കർദിനാളിനെ സമീപിച്ചപ്പോൾ അത് കാണുകയേവേണ്ട എന്നായിരുന്നു പറഞ്ഞത്. എന്തോ അപകടം ആണ് ഗലീലിയോ ചെയ്തത് എന്നായിരുന്നു അദ്ദേഹം ധരിച്ചത്. ഇങ്ങനെ പരീക്ഷിക്കാതെ മുൻവിധിയോടെ നിഷേധിക്കുന്ന സംഭവങ്ങൾ വ്യാപകമായിട്ടുണ്ട്. ആയുർവേദത്തിനും ഹോമിയോയ്ക്കും ഉള്ള എതിർപ്പിന് മുഖ്യകാരണം ഔഷധ നിർമ്മാണ കമ്പനികളുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾ ആണ്. അങ്ങനെ ഒരുപാട് അറിവുകൾ ശ്രദ്ധിക്കാതെ പോവുകയോ വളർത്തപ്പെടാതെ പോവുകയോ ചെയ്യുന്നുണ്ട്. പരമ്പരാഗത അറിവുകളുടെ സാധ്യതകൾ നമ്മൾ വളർത്തുന്നില്ല എന്നതാണ് യാഥാർഥ്യം. നാട്ടറിവ് മാത്രമായി അത് നിലനിർത്തിയാൽ അത് വളരുകയുമില്ല.
ഓരോ ചികിത്സ സമ്പ്രദായത്തിനും അതിന്റേതായ രീതിശാസ്ത്രം ഇല്ലേ? എല്ലാ ചികിത്സയും ആധുനിക വൈദ്യത്തിന്റെ രീതി ശാസ്ത്രം ഉപയോഗിച്ച് വിലയിരുത്താൻ ശ്രമിക്കുന്നത് തെറ്റല്ലേ?
ഓരോന്നിനും ഓരോ രീതി ശാസ്ത്രം താന്നെയാണ് ഉള്ളത്. എന്നാൽ അത് കാലോചിതമായി വികസിപ്പിക്കാൻ ഓരോ വിഭാഗവും ശ്രമിക്കേണ്ടതല്ലേ? അല്ലെങ്കിൽ അത് സ്റ്റാറ്റിക് നോളഡ്ജ് ആയി മാറും. അതിനു വേണ്ടി ഹോമിയോ, ആയുർവേദം തുടങ്ങിയ വിഭാഗത്തിലെ ആളുകളുമായി ഒരു പാട് സംസാരിച്ച ആളാണ് ഞാൻ. എന്നാൽ ആർക്കും തങ്ങളുടേതായ രീതി ശാസ്ത്രം കാലോചിതമായി വികസിപ്പിച്ചു കൊണ്ടുവരാൻ താൽപ്പര്യം ഇല്ല. എല്ലാവർക്കും പണം ഉണ്ടാക്കൽ മാത്രമാണ് താൽപ്പര്യം. അതിൽ നിന്നും മുന്നോട്ടു പോകുന്നില്ല. നാട്ടറിവും കച്ചവടത്തിലും ലാഭം ഉണ്ടാക്കലിലും ആണ് ശ്രദ്ധ. അതോടെ അറിവിന്റെ സാംഗത്യത്തിനു ഇടിവ് സംഭവിക്കുന്നു.
മൂലധന ശക്തികളുടെ കുത്തൊഴുക്കിൽ പരുക്ക് പറ്റാത്തതോ പൂർണ്ണമായും മുങ്ങിപ്പോവുകയോ ചെയ്യാത്ത സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിരളമാണ്. ഇത് ശാസ്ത്ര സാഹിത്യ പരിഷത്തിനെ എങ്ങനെയാണ് ബാധിച്ചത്? കാലാനുസ്രതമായി പ്രത്യശാസ്ത്രത്തെ വികസിപ്പിക്കാത്തതിന്റെ ഫലമായാണോ അതോ ഒരു വിഭാഗം പാർട്ടിക്ക് വഴിപ്പെട്ടതിന്റെ ഫലമായാണോ പരിഷത്തിന് പല വിഷയങ്ങളിലും പഴയ പോലെ സ്വതന്ത്ര നിലപാടെടുക്കാൻ പറ്റാതായിരിക്കുന്നത്?
സ്വതന്ത്ര നിലപാട് എടുക്കാൻ പറ്റുന്നില്ല എന്ന് പറയാൻ കഴിയില്ല. പരിഷത്തിന്റെ ഒരു പ്രത്യേകത അതിന്റെ പ്രവർത്തകർക്ക് പരിഷത്തിൽ നിന്നും വരുമാനം ഒന്നും ലഭിക്കില്ല എന്നതാണ്. പ്രവർത്തകരുടെ സമയവും പണവുമാണ് അതിന്റെ ശക്തി. ആറ്റത്തിലെ പ്രോട്ടോണും ന്യൂട്രോണും നിലനിൽക്കുന്നത് അത് നൽകുന്ന ഊർജത്തിന്റെ അടിസ്ഥാനത്തിലാണെന്നത് പോലെ. അതുകൊണ്ടു ഒരു രാഷ്ട്രീയ പാർട്ടിക്കും അതിനെ വിലക്കെടുക്കാൻ കഴിയില്ല. പരിഷത്തിന്റെ പ്രവർത്തനം ജനങ്ങൾക്ക് വേണ്ടിയാണ്. പാർട്ടി നിലപാട് ആവർത്തിക്കൽ അല്ല പരിഷത്ത് ചെയ്യുന്നത്. അടുത്തകാലത്തു നേരത്തേതുപോലെ ശക്തമായ നിലപ്പാട് എടുക്കുന്നില്ല എന്നേയുള്ളൂ. അതിനു കാരണം വേണ്ടത്ര പഠനങ്ങൾ ഇപ്പോൾ നടക്കാത്തത് കൊണ്ടാണ്. സൈലന്റ് വാലിയെക്കുറിച്ചോക്കെ നിലപാടെടുത്തത് വേണ്ടത്രേ പഠിച്ചിട്ടായിരുന്നു. പഠനത്തിന്റെ വെളിച്ചത്തിലുള്ള ഉറച്ച നിലപാടുകൾ ആയിരിക്കണം പറയുന്നത്. അതാണ് ഇപ്പോൾ പലപ്പോഴും പറ്റാത്തത്. ചില വ്യക്തികൾ കെ റെയിൽ അനുകൂല നിലപാട് പറഞ്ഞതിനെ പരിഷത്തിന്റെ നിലപടായി കാണേണ്ടതില്ല. നവ സാമൂഹ്യ പ്രസ്ഥാനങ്ങൾ ചെയ്യുന്നപോലെ സമഗ്രമായി പഠിക്കാതെ പരിഷത്തിന് എല്ലാ വിഷയത്തിലും പെട്ടെന്ന് അഭിപ്രായം പറയാൻ കഴിയില്ല എന്നത് മറക്കരുത്.
സാമൂഹ്യ മാറ്റത്തിന് വേണ്ടി നവ സാമൂഹ്യ പ്രസ്ഥാനങ്ങൾ വഹിക്കുന്ന പങ്കിനെ എം.പി എങ്ങനെയാണ് കാണുന്നത്? മുഖ്യധാരാ സംഘടനകൾ അരികുവൽക്കരിച്ച പ്രശ്നങ്ങളെ ജനാധിപത്യ രീതിയിൽ ഉയർത്തിക്കൊണ്ടുവരാൻ ഇപ്പോൾ അവർക്കു കഴിയുന്നില്ലേ?
ഏതൊരു പ്രസ്ഥാനത്തിനും ബ്രഹത് ആഖ്യാനങ്ങൾ ഇല്ലെങ്കിലും വിശാലമായ ഒരു കാഴ്ചപ്പാട് ആവശ്യമുണ്ട്. പല നവ സാമൂഹ്യ പ്രസ്ഥാനങ്ങൾക്കും അതില്ലാത്തതായി തോന്നിയിട്ടുണ്ട്. LGBTQ പ്രസ്ഥാനങ്ങൾ ഒക്കെ അവരുടെ പ്രശനങ്ങളുടെ അടിസ്ഥാന കാരണങ്ങൾ മനസിലാക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് തികച്ചും ജീവശാസ്ത്രപരമായ ആവശ്യമായ ലൈംഗികതയെ സദാചാരവുമായി ബന്ധിപ്പിക്കാതെ കാണാൻ അവർക്കു കഴിഞ്ഞിട്ടില്ല. പുരുഷ മേധാവിത്വത്തിന്റെയും സ്വകാര്യ സ്വത്തിന്റെയും ഭാഗമായാണ് സദാചാരം വരുന്നത്. അതിൽ നിന്നും ലൈംഗികതയെ മോചിപ്പിക്കുകയാണ് അടിസ്ഥാനപരമായി ചെയ്യേണ്ടത്. ലൈംഗികത വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നതിനെ കുറച്ചു പലരും നിശബദത പാലിക്കുകയാണ്. അതുപോലെയാണ് ലൈംഗികമായി അതിക്രമം നേരിട്ട ഒരാൾക്ക് മറ്റു ശാരീരിക അക്രമത്തിനു നൽകാത്ത പരിഗണനയും കുറ്റവാളിക്ക് കൂടുതൽ ശിക്ഷയും നൽകാൻ വേണ്ടിയുള്ള മുറവിളിയും. അങ്ങനെ ചെയ്യുമ്പോൾ ലൈംഗികമായി ആക്രമിക്കുക എന്നാൽ ജീവിതത്തിൽ വളരെ മോശം കാര്യം നടന്നു എന്ന സദാചാര ബോധത്തെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന ഒരു പ്രശ്നത്തെ ആഴത്തിൽ സമീപിക്കാത്തതിന്റെ ഫലമാണത്.
നിലവിലെ സാമൂഹ്യ പാരിസ്ഥിതിക പ്രശ്നങ്ങളെ ആഴത്തിൽ മനസ്സിലാക്കുമ്പോൾ സ്വകാര്യ സ്വത്തിനെ പുനർനിർവ്വചിക്കേണ്ടത് വളരെ അനിവാര്യമായി വരുന്നില്ലേ?
അത് വളരെ പ്രധാനപ്പെട്ടതാണ്. കുടുംബ സ്വത്തിലെ പരമ്പരാഗത അവകാശങ്ങൾ എടുത്തു കളയേണ്ടതാണ്. അതുപോലെ വലിയ സാമ്പത്തിക അസമത്വം ഇല്ലാതെയാക്കാൻ ജോലി ചെയ്യുന്നതിനുള്ള പ്രതിഫലം പുനർ നിർണ്ണയിക്കണം.1: 3 ൽ അധികം വരുമാനത്തിൽ അന്തരം അനുവദിക്കാൻ പാടില്ല. കുറച്ചു പേർക്കുള്ള വൻ ശമ്പളം ഒക്കെയാണ് അധികാര ശ്രേണി ഉണ്ടാക്കുന്നത്. ശമ്പളം കൂടിയാൽ ഉപഭോഗം കൂടും, കൂടുതൽ മാലിന്യവും. ഈ ഭൂമി ആരുടേയും സ്വകാര്യ സ്വത്തല്ല എന്നും അത് ഉപയോഗിച്ച് കൂടുതൽ നല്ല രീതിയിൽ വരും തലമുറയ്ക്ക് കൈമാറാൻ ഉള്ളതാണെന്നും മാർക്സ് വ്യകതമായി പറഞ്ഞിട്ടുണ്ട്. ഭൂമി വില്പനച്ചരക്കല്ലാതെ ആയി മാറണം. ഭൂമി വിൽക്കലും വാങ്ങലും പാടില്ല. ഭൂമി അധ്വാനിച്ചു വരുമാനം ഉണ്ടാക്കുന്നവർക്കു ഉപയോഗിക്കാൻ ആവശ്യമായ അളവിൽ ലഭ്യമാവുന്ന നയമാണ് വേണ്ടത്. ഭൂമിയിൽ അധ്വാനിക്കാത്തവർ വലിയ അളവിൽ ഭൂമി കൈവശം വയ്ക്കാൻ പാടില്ല. ഈ ആശയം മനുഷ്യർ ഉൾക്കൊള്ളണം. സ്വകാര്യ സ്വത്തിനു വേണ്ടിയുള്ള ആഗ്രഹമാണ് മനുഷ്യന്റെ സ്വതന്ത്രവും നീതിയുക്തവുമായ പ്രവർത്തനത്തിന് തടസ്സം നിൽക്കുന്ന അടിസ്ഥാന കാരണം. പരിഷത്ത് പോലും പറയുന്നത് ഇത്തരം കാര്യങ്ങൾ ഒന്നും ഇപ്പോൾ നടക്കുന്ന കാര്യം അല്ല എന്നാണ്. ഇപ്പോൾ നടക്കില്ല എങ്കിൽ ഭാവിയിൽ നടക്കേണ്ടതാണെന്നു പറയേണ്ടേ?
ഒരു വിനിമയ മാധ്യമം എന്ന നിലയിൽ നിന്നും ജീവിതത്തിന്റെ സർവ്വ മേഖലകളെയും നിർണ്ണയിക്കുന്ന ഘടകം എന്ന നിലയിൽ പണം നേടിയ അപ്രമാദിത്തവും മാറ്റത്തിന് വിധേയമാവേണ്ടതല്ലേ?
തീർച്ചയായും. എന്താണ് സ്റ്റോക്ക് എക്സ്ചേഞ്ച് ചെയ്യുന്നത്? വെറും കടലാസിന്റെ വിലയുള്ള പണത്തിന്റെ പേരിൽ ലാഭം ഉണ്ടാക്കിക്കൊടുകയാണ്. അതിനു മൂല്യവുമായി യാതൊരു ബന്ധവുമില്ല. ഇതിനെ ഒക്കെ നിരാകരിക്കുന്ന അഹിംസാത്മക സമ്പദ് വ്യവസ്ഥയാണ് (Non-Violent Economy ) നമുക്ക് വേണ്ടത്. അവിടെ പണത്തിനു പരിമിതമായ ഉപയോഗം മാത്രമേ ഉണ്ടാവുകയുള്ളൂ. ഒരുപാട് കാര്യങ്ങൾ പണം ഇല്ലാതെ തന്നെ ഒരു സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന വിശ്വാസത്തിന്റെ പേരിൽ ചെയ്യാൻ കഴിയും. അടിസ്ഥാനപരമായി പണവും വിശ്വാസം (Trust ) ആണല്ലോ വാഗ്ദാനം ചെയ്യുന്നത്. ലോകത്തിന്റെ പലഭാഗത്തും പല രീതിയിൽ പ്രാദേശിക സമ്പദ്‌വ്യവസ്ഥ (Local Economy ) പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്. അവിടെ കൈമാറ്റം ആണ് കൂടുതൽ നടക്കുന്നത്. മനുഷ്യർക്കിടയിലെ പരസ്പ്പര വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും അഭാവം ആണ് പണത്തിന്റെ സ്വാധീനം വർധിപ്പിക്കുന്നത്. Local Trading and Exchange എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന HOUR ഒക്കെ അതിന്റെ പ്രാവർത്തിക രൂപങ്ങളാണ്.
കേരളത്തെ അടിമുടി ഗ്രസിച്ചിരിക്കുന്ന ഉപഭോഗപരതയെ, ആസക്തിയെ മറികടക്കാൻ ഒരു വലിയ സാമൂഹ്യ മുന്നേറ്റം കാലം ആവശ്യപ്പെടുന്നില്ലേ? സമ്പദ് വ്യവസ്ഥയാകുന്ന എൻജിൻ വച്ച് കൊണ്ട് രാഷ്ട്രീയമാകുന്ന വാഹനം ഓടിച്ചപ്പോൾ സംസ്ക്കാരമാകുന്ന സ്റ്റിയറിങ് സോവിയേറ്റു യൂണിയൻ അവഗണിച്ചു എന്ന താങ്കളുടെ വിമർശനം കേരളത്തിനും ബാധകമല്ലേ?
ആ ഉപഭോഗാസക്തി അവസാനിപ്പിച്ചാൽ മാത്രമേ നിലനിൽപ്പുള്ളൂ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഉണ്ടാവണം. അതിനുതകുന്ന മൂല്യങ്ങളും ബോധ്യങ്ങളും കേരളം ജനത ഉൾക്കൊണ്ട മതിയാവൂ. ഈ രീതിയിൽ തുടർന്ന് പോവാൻ ഈ ഭൂമിക്കു കഴിയില്ല. അതിനുതകുന്ന അറിവ് വ്യാപിപ്പിക്കണം. ഇപ്പോൾ ലഭിക്കുന്ന വിദ്യാഭ്യാസം അതിനുതകുന്ന തരത്തിലല്ല. ആർഭാടത്തിനുള്ള വിഭവങ്ങൾ ഭൂമിയിലില്ല എന്ന അറിവ് അത് നൽകുന്നില്ല. പരിഷത്തിൽ പോലും പല ആളുകളുവും കരുതുന്നത് വളർച്ചയ്ക്ക് പരിമിതി ഇല്ല എന്നാണ്. രാഷ്ട്രീയ പാർട്ടികൾ ആരും തന്നെ വളർച്ചയുടെ പരിധിയെ അംഗീകരിക്കുന്നില്ല. ഭൗതിക നേട്ടങ്ങൾക്കായുള്ള ചവിട്ടു പടികളായി വിദ്യാഭ്യാസം മാറിയതിന്റെ ഫലംകൂടിയാണത്. ഗാന്ധി പറഞ്ഞപോലെ ഓരോ മനുഷ്യനിലും ഉള്ള കഴിവുകളെ വളർത്തിയെടുക്കാൻ ഉതകുന്നതാവണം വിദ്യാഭ്യാസം. Food Mile കുറയ്ക്കാനും തോട്ടത്തിൽ നിന്നും നേരിട്ട് അടുക്കളയിലേക്കു ഭക്ഷ്യ വിഭവങ്ങൾ എത്തിയാൽ കീടനാശിനിയും മായവും ഇല്ലാതാവും എന്നുമൊക്കെ കുട്ടികളെ പഠിപ്പിക്കണം. സാങ്കേതിക വിദ്യയിലൂടെ എല്ലാ പ്രശ്ങ്ങങ്ങളും പരിഹരിക്കാൻ കഴിയില്ല. ദൗർഭാഗ്യവശാൽ ജനങ്ങൾക്ക് ഇത്തരം കാര്യത്തിൽ ഒന്നും വിശ്വാസം ഇല്ല. വ്യക്തി താൽപ്പര്യങ്ങളെ സമൂഹത്തിന്റെ താൽപ്പര്യങ്ങൾക്ക് മുകളിൽ കാണുന്ന രാഷ്ട്രീയ നേതൃത്വവും അതിനു കാരണക്കാരാണ്.
അന്തരിച്ച വിദ്യാഭ്യാസ വിചക്ഷണൻ വിനോദ് റെയ്ന പറഞ്ഞപോലെ എംപി ഇപ്പോഴും മാറ്റാനാവാത്ത ശുഭാപ്തിവിശ്വാസി (Incorrigible Optimist) തന്നെയാണോ?
ഞാൻ ഇപ്പോഴും അതെ ശുഭാപ്തി വിശ്വാസി തന്നെയാണ്. ജീവിക്കുന്ന കാലത്തു ചെയ്യുന്ന കാര്യങ്ങൾക്കു ചിലപ്പോൾ ഫലം അപ്പോൾ ലഭിക്കണം എന്നില്ല. അതിനെക്കുറിച്ചു നിരാശയുണ്ടാവേണ്ട കാര്യമില്ല. നമുക്ക് ബോധ്യമുള്ള കാര്യങ്ങൾ ചെയ്യുക എന്നതേയുള്ളൂ.
പുതിയൊരു ലോകത്തെക്കുറിച്ചു താങ്കൾ ഇപ്പോൾ കാണുന്ന സ്വപ്നം എന്താണ്? അല്ലെങ്കിൽ ആ സ്വപ്നത്തിലെ പ്രധാന ഏട് എന്താണ്?
ഞാൻ കാണുന്ന സ്വപ്‌നങ്ങൾ ചിലപ്പോൾ സാക്ഷാത്ക്കരിക്കാൻ പറ്റാത്തതാവും. എന്നാലും ഞാൻ കൂടുതൽ മനോഹരമായ ഒരു പുതിയ ലോക സ്വപ്നം കണ്ടുകൊണ്ടേയിരിക്കുന്നു. കേരളത്തിലെ 10 -15 പഞ്ചായത്തുകളെങ്കിലും അവർക്കാവശ്യമുള്ള പാൽ, മുട്ട, പച്ചക്കറികൾ ഒക്കെ ഉൽപ്പാദിപ്പിച്ചു ഞാൻ സ്വപ്നം കണ്ട സ്വയം പര്യാപ്തതയും സമ്പദ് ക്രമവും യാഥാർഥ്യമായി കാണണം എന്നുണ്ട്. അത് ജൈവ കൃഷി സാധ്യമാണ് എന്ന് തെളിയിക്കാനല്ല, മറിച്ചു ജീവിതം തെളിയിക്കാനാണ്. ഭക്ഷണം ഒരു വിൽപ്പനചരക്കല്ല എന്നും. എന്റെ ആത്മകതയുടെ പേര് Dreams Without Expiriy Date : Musings of a People’s Science Activist എന്നാണ്. How Old Are You എന്ന സിനിമയിലെ ‘സ്ത്രീയുടെ സ്വപ്‌നങ്ങൾക്കു ആരാണ് കാലപരിധി നിശ്ചയിച്ചത്’ എന്ന ചോദ്യത്തിൽ നിന്നാണ് ഞാൻ ആ പേര് രൂപപ്പെടുത്തിയത്. എന്റെ സ്വപ്‌നങ്ങളുടെ കാലപരിധി ആർക്കും നിശ്ചയിക്കാൻ പറ്റില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ആ സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കാൻ എളുപ്പം അല്ലെന്നു എനിക്കറിയാം. സ്വപ്‌നങ്ങൾ യാഥാർഥ്യമായാൽ അപ്പോഴല്ലേ അത് കാലഹരണപ്പെടുകയുള്ളൂ. യാഥാർഥ്യമാവുന്നതുവരെ ഞാൻ എന്റെ സ്വപ്നങ്ങളെ ഉപേക്ഷിക്കുകയുമില്ല.
കടപ്പാട് : മാതൃഭൂമി ആഴ്ചപ്പതിപ്പ്
