
ജന്തർ മന്തർ സമരം എന്തുകൊണ്ട് ഒരു ജനകീയ മുന്നേറ്റമായി മാറിയില്ല?
ജന്തർ മന്തർ വിദ്യാർത്ഥി സമരത്തിന്റെ രാഷ്ട്രീയ പരിമിതികളെയും ഗാന്ധിയൻ സമരരീതികളുടെ ഇന്നത്തെ പ്രസക്തിയെയും വിമർശനാത്മകമായി ഡോ. ആനന്ദ് തെൽതുംബ്‌ദെ പരിശോധിക്കുന്നു. പരീക്ഷാ അഴിമതി, തൊഴിലില്ലായ്മ, ജനാധിപത്യത്തിന്റെ പ്രതിസന്ധി, മാറിയ ഇന്ത്യൻ ഭരണകൂടത്തിന്റെ സ്വഭാവം എന്നിവയെ കണക്കിലെടുത്തുകൊണ്ട്, സമകാലിക ഇന്ത്യയിൽ ജനകീയ പ്രസ്ഥാനങ്ങൾക്ക് പുതിയ രാഷ്ട്രീയ ഭാവനയും സമരതന്ത്രങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം വാദിക്കുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന നീണ്ട പ്രതിഷേധം പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നം ഉയർത്തികൊണ്ട് മുന്നോട്ടുവന്ന ഒരു പ്രസ്ഥാനത്തിന് എന്തുകൊണ്ട് വ്യാപകമായ പൊതുജന പങ്കാളിത്തം നേടാൻ കഴിഞ്ഞില്ല? പരീക്ഷാ അഴിമതികളും തൊഴിലില്ലായ്മയും വൻ തോതിൽ വർധിച്ചിട്ടും അവരുടെ മാതാപിതാക്കൾ സമരത്തിൽ പങ്കെടുക്കാതെ മാറിനിന്നത് എന്തുകൊണ്ട്? സോനം വാങ്ചുക്കിന്റെ മരണം വരെയുള്ള നിരാഹാര സമരം എന്തുകൊണ്ട് സ്വാഭാവികമായ ധാർമ്മിക പ്രതിഷേധം സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു?
ഈ വിഷയങ്ങൾ ഒരു മന്ത്രിയുടെ രാജിയെയോ ഈ പ്രതിഷേധത്തെയോ മാത്രം സംബന്ധിക്കുന്ന കാര്യമല്ല, മറിച്ച് സമകാലിക ഇന്ത്യയിലെ ജനാധിപത്യ രാഷ്ട്രീയത്തിന്റെ അവസ്ഥ വിലയിരുത്താനുള്ള ചില കാതലായ ചോദ്യങ്ങളാണ്.
സ്വേച്ഛാധിപത്യത്തിനെതിരായ എല്ലാ പോരാട്ടങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജന്തർ മന്തറിൽ ഒത്തുകൂടിയ വിദ്യാർത്ഥികളോട് ഞാൻ പൂർണ്ണമായും ഐക്യപ്പെടുന്നു എന്ന് ആദ്യം തന്നെ പറയട്ടെ. എന്നിരുന്നാലും, ഈ ഐക്യപ്പെടൽ രാഷ്ട്രീയ വിലയിരുത്തലിനും വിശകലനത്തിനും തടസ്സമാവുന്നുമില്ല. ഒരു പ്രസ്ഥാനത്തിന്റെ ധാർമ്മിക സാധുത അത് പ്രയോഗിക്കുന്ന സമര തന്ത്രങ്ങളെ പരിശുദ്ധമാക്കുന്നില്ല. നേടിയെടുക്കേണ്ട ലക്ഷ്യം വലുതാകുമ്പോൾ, അതിന് സ്വീകരിച്ച രീതികൾ ഫലപ്രദമാണയോ എന്ന് അന്വേഷിക്കേണ്ടത് വളരെ പ്രധാനമാകുന്നു.
സമരക്കാർ മുന്നോട്ടു വച്ച ആവശ്യങ്ങളും അത് നേടിയെടുക്കാൻ തെരഞ്ഞെടുത്ത സമര രീതികളും ശരിയായ ദിശയിലായിരുന്നില്ല എന്ന് ആദ്യം തന്നെ പറയട്ടെ. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്തിലൂടെ അടിസ്ഥാനപരമായി ഒരു ഘടനാപരമായ പ്രതിസന്ധിയെ വ്യക്തി തലത്തിലേക്ക് പരിമിതപ്പെടുത്തുകയാണ് ചെയ്തത്. പരീക്ഷാ ചോദ്യപേപ്പറുകളുടെ ആവർത്തിച്ചുള്ള ചോർച്ച, നിയമനത്തിലെ ക്രമക്കേടുകൾ, വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം, തൊഴിലില്ലാത്ത യുവാക്കളുടെ നിരാശ എന്നിവ ഒരു മന്ത്രിയുടെ മാത്രം പരാജയത്തിന്റെ അനന്തരഫലങ്ങളല്ല. അവ രാഷ്ട്രീയത്തിന്റെയും, ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളുടെയും അപചയങ്ങളുടെ ലക്ഷണങ്ങളാണ്. മന്ത്രി രാജിവച്ചാലും, ഈ പ്രതിസന്ധികൾക്ക് കാരണമായ അടിസ്ഥാന സാഹചര്യങ്ങൾ കാര്യമായ മാറ്റമില്ലാതെ തുടരും എന്നർത്ഥം.

മരണം വരെയുള്ള നിരാഹാര സമരം തെരഞ്ഞെടുത്തതിനെക്കുറിച്ചും ഇതുതന്നെ പറയാം. ഏറെ ശ്രദ്ധേയമായ ഒരു രാഷ്ട്രീയ ഭാവനയോടെയാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. തൊഴിലില്ലാത്ത യുവാക്കളെക്കുറിച്ചുള്ള ചീഫ് ജസ്റ്റിസിന്റെ നിന്ദ്യമായ പരാമർശങ്ങൾക്കുള്ള മറുപടിയായ “എല്ലാ പാറ്റകളും ഒത്തുചേർന്നാൽ എന്ത് ചെയ്യും?” എന്ന മുദ്രാവാക്യം ഒരു പുതിയ രാഷ്ട്രീയ മുന്നേറ്റം സൃഷ്ടിച്ചു. അത് യുവാക്കൾക്കുണ്ടായ വ്യക്തിപരമായ അപമാനത്തെ കൂട്ടായ പ്രധിഷേധത്തിലേക്കും, അതുവരെ ഒറ്റപ്പെട്ടുകിടന്ന ധാർമിക രോഷത്തെ ഒരു ജനാധിപത്യ രീതിയിൽ ഒന്നിച്ചു ചേർന്ന് പ്രതിഷേധിക്കാനുള്ള സാധ്യതയിലേക്കും വളർത്തി. ഈ കൂട്ടായ്മയ്ക്ക് വിദ്യാർത്ഥികളോട് മാത്രമല്ല, തൊഴിലില്ലായ്മയുടെയും അരക്ഷിതാവസ്ഥയുടെയും കുറഞ്ഞുവരുന്ന അവസരങ്ങളുടെയും നിഴലിൽ ജീവിക്കുന്ന ഒരു മുഴുവൻ തലമുറയോടും സംവദിക്കാൻ കഴിഞ്ഞു.
എന്നിരുന്നാലും ആ പ്രാരംഭത്തിലെ സർഗ്ഗാത്മകത ക്രമേണ ഭരണകൂടത്തിന് എളുപ്പത്തിൽ നേരിടാൻ കഴിയുന്ന പ്രതിഷേധ സമരങ്ങളുടെ പരിചിത രീതികളിലേക്ക് വഴിമാറുകയും ചെയ്തു. ബഹുജന പങ്കാളിത്തം വിശാലമാക്കാൻ പ്രാപ്തിയുള്ള പുതിയ സൃഷ്ടിപരമായ കൂട്ടായ പ്രവർത്തന രൂപങ്ങൾ വികസിപ്പിക്കുന്നതിനുപകരം, പരമ്പരാഗത ഗാന്ധിയൻ രീതിയായ മരണം വരെയുള്ള നിരാഹാരത്തിൽ അത് കലാശിച്ചു. അതിന്റെ ധാർമ്മിക ആകർഷണം എന്തുതന്നെയായാലും, ഈ മാറ്റം അത്തരം പ്രതിഷേധ രൂപങ്ങളെ കൃത്യമായി അതിജീവിക്കാനുള്ള കഴിവ് ആവർത്തിച്ച് തെളിയിച്ച ഒരു ഭരണകൂടത്തിന് അനുകൂലമായ സ്ഥിതി സൃഷ്ടിച്ചു. പ്രാരംഭ ഘട്ടത്തിലെ നൂതനമായ രാഷ്ട്രീയ ഭാവന, സവിശേഷമായ ചരിത്ര മുഹൂർത്തത്തിൽ പിറന്നതും എന്നാൽ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വിലപ്പോകാത്തതുമായ ധാർമ്മിക സമര രീതിയിലേക്ക് വഴിമാറി എന്ന് പറയേണ്ടിവരും.
സോനം വാങ്ചുക്കിന്റെ ആരോഗ്യം വഷളായപ്പോൾ നിരാഹാരം അവസാനിപ്പിക്കാൻ അഭ്യുദയകാംക്ഷികളിൽ നിന്നുള്ള അഭ്യർത്ഥനകൾ നിരന്തരം വന്നുകൊണ്ടിരുന്നു. അത് അദ്ദേഹത്തിന്റെ ലക്ഷ്യത്തെയും നീതിയെയും മാനിക്കാത്തതുകൊണ്ടായിരുന്നില്ല, മറിച്ച് സർക്കാർ നിരാഹാര സമര മാർഗ്ഗത്തോട് പ്രതികരിക്കാനുള്ള സാധ്യത കുറവായതിനാലായിരുന്നു. അത്തരം വിലയിരുത്തലുകൾ കഴിഞ്ഞ ദശകങ്ങളിലെ അനുഭവത്തിൽ നിന്നാണ് ഉയർന്നുവന്നത്. പൊതു സമൂഹത്തിന്റെ വിമർശനങ്ങൾ അവഗണിക്കാനും, ധാർമ്മികമായ അപരാധങ്ങളെ കണ്ടില്ലെന്നു നടിക്കാനും, ആവശ്യങ്ങൾക്ക് വഴങ്ങാതെ പ്രതിഷേധങ്ങൾ ഇല്ലാതാക്കാനും നിലവിലെ ഭരണകൂടം കഴിഞ്ഞ കാലങ്ങളിൽ അതിന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഗംഗയെ സംരക്ഷിക്കാനുള്ള പ്രൊഫസർ ജിഡി അഗർവാളിന്റെ നിരാഹാര സമരത്തിനൊടുവിൽ അദ്ദേഹത്തിന് ജീവൻ നഷ്ടമായി. ഒരു വർഷം നീണ്ടുനിന്ന കർഷക പ്രക്ഷോഭത്തിനിടെ, ഒട്ടനവധി മനുഷ്യ ജീവൻ നമുക്ക് നഷ്ടമായി. അതിനു ശേഷം മാത്രമാണ് ഭരണകൂടം അനുകൂല സമീപനം എടുത്തത്. വിയോജിക്കുന്നവരുമായി സംഭാഷണത്തിലേർപ്പെടുന്നതിന് പകരം, സമരത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചും, ചർച്ചകൾക്ക് കാലതാമസം വരുത്തിയും അല്ലെങ്കിൽ അവരെ അടിച്ചമർത്തിയുമാണ് നേരിട്ടത്.

ജന്തർ മന്തർ പ്രതിഷേധത്തിന്റെ അനിവാര്യമായ പരിണാമത്തിനപ്പുറത്തേക്ക് ഒരു വലിയ ചോദ്യം ഇത് ഉയർത്തുന്നു. ഒരുകാലത്ത് സർക്കാരുകളെ സ്വാധീനിക്കാൻ കഴിഞ്ഞ സമര രീതികൾക്ക് ഇപ്പോൾ അവയെ ചലിപ്പിക്കാൻ കഴിവില്ലാത്തതായി തോന്നുന്നത് എന്തുകൊണ്ട്? ഗാന്ധിയൻ രാഷ്ട്രീയത്തിന്റെ ധാർമ്മിക ശക്തി തന്നെ ക്ഷയിച്ചതാണോ? അല്ലെങ്കിൽ ഒരിക്കൽ അതിന് രാഷ്ട്രീയ ഫലപ്രാപ്തി നൽകിയ സാഹചര്യങ്ങൾ അടിസ്ഥാനപരമായി മാറിയതാണോ?
ഗാന്ധിയൻ സമര രീതി എന്തുകൊണ്ട് വിജയിച്ചു? ഇന്ന് അത് എന്തുകൊണ്ട് ഫലപ്രദമല്ല?
ഗാന്ധിയൻ സത്യാഗ്രഹത്തിന്റെ ഫലപ്രാപ്തിയെ അതിന്റെ ആരാധകരും വിമർശകരും ഒരുപോലെ കാല്പനികവൽക്കരിച്ചിട്ടുണ്ട്. ഉപവാസത്തിനും സ്വമേധയാ ഉള്ള പീഡാനുഭവങ്ങൾക്കും അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റത്തിലേക്ക് നയിക്കാനുള്ള എന്തെങ്കിലും ആന്തരിക ശേഷിയുണ്ടോ എന്നത് സംശയാസ്പദമാണ്. ഒരു പണിമുടക്കിൽ സംഭവിക്കുന്നപോലെ ഒരു നിരാഹാര സമരം ഒരു ഉൽപാദന പ്രവർത്തനത്തെയും തടസപ്പെടുത്തുന്നില്ല. ബഹിഷ്‌കരണ സമരം ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടവും അതുണ്ടാക്കുന്നില്ല. നിയമ ലംഘന സമരം പോലെ അത് ഭരണകൂടത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നില്ല. ഉപവാസ സമരം രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുന്നതിൽ പരാജയപ്പെടുകയാണ്. അതിന്റെ ശക്തി പൂർണ്ണമായും ധാർമ്മിക പ്രേരണയിലാണ്.
എന്നാൽ ധാർമ്മിക പ്രേരണ ഒരു അമൂർത്തമായ ധാർമ്മിക തത്വമല്ല; അതൊരു രാഷ്ട്രീയ ബന്ധമാണ്. പ്രതിഷേധക്കാരന്റെ സ്വമേധയാ ഉള്ള ക്ലേശങ്ങൾ വിശാലമായ പൊതുജന സഹതാപം സൃഷ്ടിക്കുകയും, ആ സഹതാപം കൂട്ടായ പ്രവർത്തനമായി മാറുകയും, ഒടുവിൽ അധികാരത്തിലിരിക്കുന്നവരുടെ മേൽ രാഷ്ട്രീയ സമ്മർദ്ദമായി വളരുകയും ചെയ്യുമ്പോൾ മാത്രമേ അത് ഫലപ്രദമാകൂ. അതിനാൽ, ഒരു ഉപവാസം മാത്രം രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഒരു ഉപകരണമായി മാറുന്നില്ല. അത്തരം സമ്മർദ്ദം ഉയർന്നുവരാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ഒരു ഉത്തേജകം മാത്രമാണ് അത്.

അതുകൊണ്ടാണ് ഗാന്ധിജിയുടെ വിജയം പോലും അദ്ദേഹം പ്രവർത്തിച്ച അസാധാരണമായ ചരിത്ര സാഹചര്യങ്ങളിൽ നിന്നും മാറ്റി നിർത്തി മനസ്സിലാക്കാൻ കഴിയാത്തത്. അദ്ദേഹത്തിന്റെ ഉപവാസങ്ങൾ ഒരിക്കലും ഒറ്റപ്പെട്ട ആത്മത്യാഗപരമായ പ്രവൃത്തികളായിരുന്നില്ല. കോൺഗ്രസ് സംഘടന, വിപുലമായ ദേശീയ മാധ്യമങ്ങൾ, അന്താരാഷ്ട്ര ശ്രദ്ധ, ഇന്ത്യൻ ബൂർഷ്വാസിയിലെ സ്വാധീനമുള്ള വിഭാഗങ്ങളുടെ പിന്തുണ എന്നിവയാൽ നിലനിർത്തപ്പെട്ട ഒരു വലിയ ദേശീയ പ്രസ്ഥാനത്തിന്റെ പിൻബലത്തിലാണ് അവ സംഭവിച്ചത്. എല്ലാറ്റിനുമുപരി, ഓരോ ഉപവാസത്തെയും ഒരു ദേശീയ രാഷ്ട്രീയ സംഭവമാക്കി മാറ്റാൻ കഴിയുന്ന സമാനതകളില്ലാത്ത ധാർമ്മിക അധികാരം ഗാന്ധിക്കുണ്ടായിരുന്നു. ഗാന്ധി ഉപവാസം അനുഷ്ഠിച്ചതിനാൽ ദശലക്ഷക്കണക്കിന് ആളുകൾ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ പിന്തുണക്കുകയായിരുന്നില്ല; മറിച്ച്, ഇതിനകം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ബഹുജന പ്രസ്ഥാനത്തിൽ ഉൾച്ചേർന്നതിനാൽ ഗാന്ധിയുടെ ഉപവാസങ്ങൾക്ക് അസാധാരണമായ രാഷ്ട്രീയ ശക്തി ലഭിക്കുകയായിരുന്നു.
കൊളോണിയൽ ഭരണകൂടത്തിന്റെ സ്വഭാവവും പ്രധാന ഘടകമായിരുന്നു. എത്രതന്നെ അടിച്ചമർത്തൽ ശേഷി ഉണ്ടായിരുന്നിട്ടും ബ്രിട്ടീഷ് ഭരണ കൂടത്തിന് പൊതുജനാഭിപ്രായത്തെ മാനിക്കേണ്ടി വന്നിട്ടുണ്ട്. ഇന്ത്യൻ പ്രജകൾക്ക് മുമ്പിൽ മാത്രമല്ല, പാർലമെന്റിനും, ബ്രിട്ടനിലെ പൊതുജനങ്ങൾക്കും, അന്താരാഷ്ട്ര അഭിപ്രായത്തിനും ഒക്കെ ബ്രിട്ടീഷ് സർക്കാർ വിധേയപ്പെട്ടിരുന്നു. അതിനാൽ ഗാന്ധിയുടെ ഒരു നീണ്ട നിരാഹാരം അന്താരാഷ്ട്ര തലത്തിൽ തന്നെ കൊളോണിയൽ ഭരണത്തിന് പ്രതിസന്ധികളുണ്ടാക്കി. കൊളോണിയൽ ഭരണാധികാരികൾക്ക് ഗാന്ധിയെ തടവിലാക്കാൻ കഴിയുമായിരുന്നു, പക്ഷേ അദ്ദേഹത്തിന്റെ ത്യാഗത്തിന്റെ ധാർമ്മികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളെ അവർക്ക് പൂർണ്ണമായും അവഗണിക്കാൻ കഴിയുമായിരുന്നില്ല.
ഈ അസാധാരണ ചരിത്ര സാഹചര്യങ്ങളെ അവഗണിച്ചുകൊണ്ട് ഗാന്ധിയൻ സത്യാഗ്രഹത്തെ സാർവത്രികമാക്കുന്നത്, ഒരു സവിശേഷ രാഷ്ട്രീയ തന്ത്രത്തെ കാലാതീതമായ ഒരു സമര രീതിയായി തെറ്റിദ്ധരിക്കുന്നതിന് തുല്യമാണ്. ഗാന്ധി ഒരു ശാശ്വത രാഷ്ട്രീയ സമരപാത രൂപപ്പെടുത്തുകയായിരുന്നില്ല. തന്റെ കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഒരു പ്രവർത്തന രീതി അദ്ദേഹം വികസിപ്പിച്ചെടുക്കുകയായിരുന്നു.
സ്വതന്ത്ര ഇന്ത്യയുടെ അനുഭവം ഇത് സ്ഥിരീകരിക്കുന്നു. ആന്ധ്ര സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്പത്തിയെട്ട് ദിവസം നീണ്ട നിരാഹാര സമരത്തിന് ശേഷം ഗാന്ധിയൻ കൂടിയായ പോട്ടി ശ്രീരാമുലു (Potti Sriramulu ) ജീവൻ വെടിയുകയായിരുന്നു. ജവഹർലാൽ നെഹ്‌റു സമരത്തെ ആദ്യം അവഗണിക്കുകയായിരുന്നു. ശ്രീരാമുലുവിന്റെ മരണം വ്യാപകമായ പ്രക്ഷോഭങ്ങൾക്കും, ഭരണ സ്തംഭനത്തിനും, രാഷ്ട്രീയ പ്രതിസന്ധികൾക്കും കാരണമായതിനു ശേഷമാണ് ആന്ധ്ര സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. ഉപവാസമല്ല, തുടർന്നുണ്ടായ ബഹുജന പ്രക്ഷോഭമാണ് സർക്കാരിനെ നടപടിയെടുക്കാൻ നിർബന്ധിതമാക്കിയത്.
പിൽക്കാല ദശകങ്ങളിലും ഇതേ ചരിത്രം ആവർത്തിക്കപ്പെട്ടു. തന്റെ പ്രധാന ആവശ്യങ്ങൾ നേടിയെടുക്കാതെ ദീർഘകാലം നിരാഹാര സമരം നടത്തിയ ദർശൻ സിംഗ് ഫെരുമാൻ ( Darshan Singh Pheruman ) അന്തരിച്ചു. സായുധ സേന (പ്രത്യേക അധികാരങ്ങൾ) നിയമത്തിനെതിരെ ഇറോം ശർമ്മിള പതിനാറ് വർഷം അസാധാരണമായ നിരാഹാര സമരം നടത്തി ചരിത്രം സൃഷ്ടിച്ചു. എന്നാൽ പലതവണ അറസ്റ്റ് ചെയ്യപ്പെടുകയും, ബലപ്രയോഗത്തിലൂടെ ഭക്ഷണം നൽകുകയും, ഒടുവിൽ നിയമം പിൻവലിക്കാതെ സമരം ഉപേക്ഷിക്കാൻ നിർബന്ധിതയാകുകയും ചെയ്യുകയായിരുന്നല്ലോ. അടുത്തിടെ, പ്രൊഫസർ ജിഡി അഗർവാൾ (സ്വാമി സാനന്ദ്) ഗംഗ നദി സംരക്ഷിക്കാൻ നിരാഹാരം കിടന്ന് മരിച്ചു, എന്നിട്ടും സർക്കാർ അനങ്ങിയില്ല. ജനാധിപത്യ സംവിധാനത്തിൽ നിയമ വാഴ്ച്ച അവകാശപ്പെടുന്ന സർക്കാരുകൾ പോലും വ്യക്തിഗത ധാർമ്മിക സമരങ്ങളെ അതിജീവിക്കാൻ പൂർണ്ണമായും പ്രാപ്തമാണെന്ന് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നു.

ചരിത്ര പാഠം ഗൗരവമുള്ളതാണ്. അധികാരത്തിലിരിക്കുന്നവരുടെ മേൽ, ഭരണപരമോ രാഷ്ട്രീയപരമോ ആയ സമ്മർദ്ദങ്ങൾ ചെലുത്താൻ കഴിവുള്ള ഒരു വിശാലമായ സാമൂഹിക പ്രസ്ഥാനത്തെ ജ്വലിപ്പിക്കാൻ കഴിയുമ്പോൾ മാത്രമേ ഉപവാസം രാഷ്ട്രീയമായി ഫലപ്രദമാകൂ. അത്തരം സാധ്യത യാഥാർത്ഥ്യമാകാത്തിടത്ത്, ഉപവാസം ഏകാന്ത രക്തസാക്ഷിത്വത്തിന്റെ സാക്ഷ്യപത്രമായി മാറുന്നു. പ്രതിഷേധിക്കുന്നയാളുടെ നിർഭയത്വത്തിന്റെ പരാജയമല്ലത്, മറിച്ച് ധാർമ്മിക സമരത്തിന് അടിച്ചമർത്തൽ ആയുധമാക്കുന്ന ഒരു ഭരണകൂടത്തെ അനുകൂലമായി ചലിപ്പിക്കാൻ കഴിയുമെന്ന തെറ്റായ വിശ്വാസത്തിന്റേതാണ് .
അതുകൊണ്ട്, യഥാർത്ഥ ചോദ്യം ഗാന്ധിയൻ രാഷ്ട്രീയത്തിന് അതിന്റെ ധാർമ്മിക ആകർഷണം നഷ്ടപ്പെട്ടോ എന്നതല്ല. ഒരുകാലത്ത് ധാർമ്മികതയുടെ ബലത്തിൽ അധികാരത്തെ സ്വാധീനിക്കാൻ പ്രാപ്തമായിരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്നതാണ്. ആ ചോദ്യം ഇന്ത്യൻ ഭരണകൂടത്തിന്റെ തന്നെ സമകാലിക യാഥാർഥ്യങ്ങളിലേക്ക് വിരൽചൂണ്ടുന്നു. കാരണം, ഭരണകൂടത്തിന്റെ സ്വഭാവം അടിസ്ഥാനപരമായി മാറിയിട്ടുണ്ടെങ്കിൽ, ജനാധിപത്യ പോരാട്ടത്തിന്റെ രീതിയും അതിനൊപ്പം മാറേണ്ടിയിരിക്കുന്നു.
ഇന്ത്യൻ രാഷ്ട്രത്തിന്റെ പരിവർത്തനം
ഇന്ന് ഗാന്ധിയൻ രീതികൾ കൂടുതൽ ഫലപ്രദമല്ലെന്ന് തോന്നുകയാണെങ്കിൽ, അതിനുള്ള വിശദീകരണം ധാർമ്മിക മൂല്യങ്ങളുടെ തകർച്ചയിലല്ല, മറിച്ച് നമ്മൾ നേരിടുന്ന ഭരണകൂടത്തിന്റെ അടിസ്ഥാനപരമായ മാറ്റത്തിലാണ്. രാഷ്ട്രീയ പോരാട്ടത്തിന്റെ ദിശ നിർണ്ണയിക്കുന്നത് ഭരണാധികാരികളും പൗരന്മാരും തമ്മിലുള്ള പ്രത്യേക ബന്ധമാണ്. ആ ബന്ധം മാറുമ്പോൾ, പാരമ്പര്യമായി ലഭിച്ച പ്രതിരോധ രീതികൾക്ക് അവയുടെ ഫലപ്രാപ്തി നഷ്ടപ്പെടും.
സ്വാതന്ത്ര്യത്തിനു ശേഷം ഉയർന്നുവന്ന ഇന്ത്യൻ ഭരണകൂടം ആദർശ രാഷ്ട്രീയത്തിൽ നിന്ന് വളരെ അകലെയായിരുന്നു. അത് പലപ്പോഴും ജനകീയ പ്രസ്ഥാനങ്ങളെ അടിച്ചമർത്തുകയും പോലീസിനെ ഉപയോഗിച്ച് അക്രമം നടത്തുകയും രാഷ്ട്രീയ എതിരാളികളെ തടവിലാക്കുകയും ചെയ്തു. എന്നിട്ടും ഭരണഘടനാ സ്ഥാപനങ്ങളിൽ നിന്നാണ് അതിന്റെ നിയമസാധുത കൂടുതലും നേടിയെടുത്തത്. പാർലമെന്ററി വിമർശനം, സ്വതന്ത്ര മാധ്യമ പ്രവർത്തനം, ജുഡീഷ്യറിയുടെ ഇടപെടൽ, പൊതുജനാഭിപ്രായം എന്നിവയോട് സർക്കാരുകൾ താരതമ്യേന സഹിഷ്ണുതയുള്ളവരായിരുന്നു. ജനകീയ പ്രക്ഷോപഭങ്ങൾക്ക് അധികാര സ്ഥാപനങ്ങളുടെ മേൽ നിയന്ത്രണം ചെലുത്താനായിരുന്നു.
കഴിഞ്ഞ ദശകത്തിൽ ആ രാഷ്ട്രീയ പരിസ്ഥിതിയിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. രാഷ്ട്രീയ ആശയവിനിമയത്തിന്റെ അഭൂതപൂർവമായ കേന്ദ്രീകരണം, എക്സിക്യൂട്ടീവ് അധികാരത്തിന്റെ കേന്ദ്രീകരണം, ഭരണഘടന സ്ഥാപനങ്ങളുടെ ഇടപെടൽ ദുർബലപ്പെടുത്തൽ, വിയോജിപ്പിന്റെ വ്യവസ്ഥാപിതമായ നിയമവിരുദ്ധവൽക്കരണം എന്നിവയിലൂടെ കൃത്രിമമായി ഉണ്ടാക്കിയെടുത്ത പിന്തുണയോടെയാണ് ഈ ഭരണകൂടം അധികാരം നിലനിർത്തി വരുന്നത്. തെരഞ്ഞെടുപ്പുകളിൽ വിജയിക്കുക എന്നത് മാത്രമല്ല അവരുടെ ലക്ഷ്യം. ഭരണച്ചെലവ് കുറയ്ക്കുകയും കൂട്ടായ വിയോജിപ്പുകളുടെ സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്ന രീതിയിൽ രാഷ്ട്രീയ അന്തരീക്ഷം രൂപപ്പെടുത്തിയെടുക്കുക എന്നതുകൂടിയാണ്. അത്തരം സാഹചര്യങ്ങളിൽ, ഗാന്ധിയൻ പ്രതിഷേധം അനുമാനിക്കുന്ന ധാർമ്മിക സമ്മർദ്ദത്തിൽ നിന്ന് സർക്കാരുകൾ ക്രമേണ സുരക്ഷിതമാവുന്നു. .
ഇപ്പോഴത്തെ ഭരണകൂടത്തിന്റെ ചരിത്രം ഈ മാറ്റങ്ങളെ രേഖപ്പെടുത്തുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉയർന്നു വന്ന പ്രസ്ഥാനത്തിന് പോലീസ് നടപടി, ഇന്റർനെറ്റ് അടച്ചുപൂട്ടൽ, അതിന്റെ പ്രധാന ആവശ്യങ്ങളിൽ ഇടപെടാനുള്ള സർക്കാരിന്റെ വിസമ്മതം എന്നിവ നേരിടേണ്ടിവന്നു. ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം, നിയമന ക്രമക്കേടുകൾക്കും പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തകർന്നുപോകുന്നത്തിനും പരീക്ഷാ അഴിമതികൾക്കും എതിരായ പ്രതിഷേധങ്ങൾ, അഗ്നിപഥ് പ്രകടനങ്ങൾ, ലഡാക്കിനായുള്ള സോനം വാങ്ചുക്കിന്റെ മുൻ പ്രസ്ഥാനം എന്നിവ പോലീസിനെ ഉപയോഗിച്ചും പ്രതിഷേധക്കാരെ അപകീർത്തിപ്പെടുത്താനുള്ള നിരന്തരമായ ശ്രമങ്ങളിലൂടെയും പലവിധത്തിൽ അവഗണിച്ചും നിയന്ത്രിക്കപ്പെടുകയായിരുന്നു. ഈ പ്രസ്ഥാനങ്ങളിലുടനീളം, പ്രശനം ചർച്ച ചെയ്യുക എന്നതിനേക്കാൾ എതിർപ്പുകളെ അതിജീവിക്കുക, പ്രതിഷേധക്കാരെ വിഭജിക്കുക, അവരുടെ പ്രവർത്തങ്ങൾ നിയമവിരുദ്ധമാക്കുക എന്നതായിരുന്നു.
ഒരു വർഷം നീണ്ടുനിന്ന കർഷക പ്രസ്ഥാനം പ്രധാന അപവാദമായി നിലകൊള്ളുമ്പോഴും ആത്യന്തികമായി അടിച്ചമർത്തൽ നയം പിന്തുടരുക തന്നെയായിരുന്നു. സർക്കാർ തുടക്കത്തിൽ കാർഷിക ബില്ലുകൾ റദ്ദാക്കാനുള്ള ആവശ്യങ്ങൾ നിരസിച്ചു, ബാരിക്കേഡുകളും കിടങ്ങുകളും ഉപയോഗിച്ച് പ്രതിഷേധ സ്ഥലങ്ങൾ നിയന്ത്രിച്ചു, ഇന്റർനെറ്റ് സേവനം നിർത്തലാക്കി, ബലപ്രയോഗം നടത്തി, പ്രസ്ഥാനത്തിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയതായി ആവർത്തിച്ച് ചിത്രീകരിച്ചു. ഒരു വർഷത്തിലേറെ നീണ്ടുനിന്ന ചെറുത്തുനിൽപ്പിനും ഗണ്യമായ മനുഷ്യ ദുരിതങ്ങൾക്കും ശേഷം രാഷ്ട്രീയമായി പ്രാധാന്യമുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ സാഹചര്യത്തിലുമാണ് മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചത്. പ്രതിഷേധക്കാരുടെ ധാർമ്മിക അവകാശവാദങ്ങളുടെ അംഗീകാരത്തിനുപകരം തന്ത്രപരമായ നീക്കമാണ് പിൻവലിക്കലിലൂടെ വെളിപ്പെടുത്തിയത് .

ഇത്രയും സൂചിപ്പിച്ചത് രാഷ്ട്രീയമായി ജനങ്ങൾ നിഷ്ക്രീയമായിരിക്കാനല്ല. മറിച്ച്, നിലനിൽക്കുന്ന രാഷ്ട്രീയ യാഥാർഥ്യം വ്യക്തമാക്കാൻ വേണ്ടിയാണ്. ഓരോ വിജയകരമായ പ്രസ്ഥാനവും ആരംഭിക്കുന്നത് അത് പോരാടുന്ന രാഷ്ട്രീയ ഭൂമികയെ മനസ്സിലാക്കുന്നതിലൂടെയാണ്. അധികാരത്തിന്റെ മാറിയ ഘടനയെ അവഗണിച്ചുകൊണ്ട് ഭരണകൂടവും സമൂഹവും തമ്മിലുള്ള ബന്ധത്തെ വികസിപ്പിക്കുന്നത് ഗൃഹാതുരതയെ പുതിയ രാഷ്ട്രീയ നീക്കങ്ങളായി തെറ്റിദ്ധരിക്കലാണ്. ഒരിക്കൽ ജനകീയ സമരങ്ങളെ ഫലപ്രദമാക്കിയ സാഹചര്യങ്ങൾ അടിസ്ഥാനപരമായി ഇല്ലാതാകുമ്പോൾ, ജനാധിപത്യ രാഷ്ട്രീയത്തിന് പാരമ്പര്യമായി ലഭിച്ച പ്രതിഷേധ സമ്പ്രദായങ്ങളെ ആശ്രയിക്കാൻ കഴിയില്ല.
ഈ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യം നമ്മൾ തുടക്കത്തിൽ സൂചിപ്പിച്ച പ്രഹേളികയെ വിശദീകരിക്കുന്നുണ്ട്. അർത്ഥവത്തായ ഇടപെടലുകൾ നടത്താതെ സർക്കാരുകൾക്ക് ദീർഘകാല പ്രതിഷേധങ്ങളെ നേരിടാൻ കഴിയുമെന്നു പൗര സമൂഹം വിശ്വസിക്കുകയാണെങ്കിൽ, സമര രംഗത്ത് നിന്നും പൊതു ജനം പിൻവാങ്ങുകയായിരിക്കും ഫലം. അടിച്ചമർത്തലിനെക്കുറിച്ചുള്ള ഭയം മാത്രമല്ല ഇവിടെ പ്രവർത്തിക്കുന്നത്. കൂട്ടായ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ക്രമേണ ഇല്ലാതാകുകായിരിക്കും. ആ അവസ്ഥയിൽ വളരെ നിർണ്ണായകമായ സമരങ്ങൾ പോലും ബഹുജന പങ്കാളിത്തമില്ലാതെ ദുർബലമാകും.
ജനാധിപത്യ രാഷ്ട്രീയത്തിന്റെ പ്രതിസന്ധി
സ്റ്റേറ്റിന്റെ മാറിയ മുഖം, ഒരു യഥാർത്ഥ ജനകീയ പ്രസ്ഥാനമായി മാറുന്നതിൽ ജന്തർ മന്തർ പ്രതിഷേധം പരാജയപ്പെട്ടതിന്റെ കാരണങ്ങൾ വിശദീകരിക്കുന്നു. പരീക്ഷാ നടത്തിപ്പിലെ തകർച്ച, ദീർഘകാല തൊഴിലില്ലായ്മ, ഒരു തലമുറയുടെ മുഴുവൻ പ്രതീക്ഷകളും അസ്തമിക്കുന്ന അവസ്ഥ തുടങ്ങിയവ ദശലക്ഷക്കണക്കിന് കുടുംബങ്ങൾ നേരിട്ട് അനുഭവിക്കുന്നതാണ്. അപ്പോഴും സമരത്തിലെ പൊതുജനപങ്കാളിത്തം പരിമിതമായിരുന്നു. അതിന്റെ കാരണം സംഘടനാ ബലഹീനത മാത്രമല്ല, രാഷ്ട്രീയവുമായുള്ള സമൂഹത്തിന്റെ ബന്ധത്തിന്റെ ആഴത്തിലുള്ള പരിവർത്തനമാണ്.
ഭയം നിസ്സംശയമായും ഒരു ഘടകമാണ്. ക്രിമിനൽ നിയമം, അന്വേഷണ ഏജൻസികളുടെ ഇടപെടലുകൾ, വിചാരണ കൂടാതെയുള്ള തടങ്കൽ, നിരീക്ഷണം, പൊതു അധിക്ഷേപം എന്നിവയുടെ ആവർത്തിച്ചുള്ള ഇടപെടലുകൾ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് വ്യക്തികളെ നിരുത്സാഹപ്പെടുതുന്ന ഘടകങ്ങളാണ്. അടിച്ചമർത്തൽ ഫലപ്രദമാകാൻ ഇതെല്ലാം എല്ലായിടത്തും ഒരുപോലെ പ്രയോഗിക്കണമെന്നില്ല. ഒരു പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ള ആയിരക്കണക്കിന് ആളുകളെ പിന്തിരിപ്പിക്കാൻ പലപ്പോഴും ചില മാതൃകാപരമായ ശിക്ഷകൾ മതിയാകും. എന്നിരുന്നാലും, ഭയം ജനാധിപത്യ പ്രതിസന്ധിയുടെ ഒരു ഭാഗം മാത്രമാണ്.
ദൈനംദിന ജീവിതത്തിലെ വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥയും ഒരുപോലെ പ്രധാനമാണ്. തൊഴിലില്ലായ്മ, അസ്ഥിരമായ ജോലി, കടബാധ്യത, പണപ്പെരുപ്പം, സാമ്പത്തിക ആവശ്യങ്ങൾക്കായുള്ള നിരന്തര പോരാട്ടം എന്നിവ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് സുസ്ഥിരമായ രാഷ്ട്രീയ ഇടപെടലിനുള്ള വൈകാരികമോ ഭൗതികമോ ആയ ശേഷി നഷ്ടപ്പെടുത്തിയിരിക്കുന്നു. ആളുകൾ അനീതിയെ തിരിച്ചറിയുകയും അതിനെ ചെറുക്കുന്നവരെ പിന്തുണക്കുകയും ചെയ്തേക്കാം, എന്നാൽ പൊതുപ്രവർത്തനം വരുത്തിവയ്ക്കുന്ന അധിക അപകടസാധ്യതകൾ താങ്ങാൻ കഴിയില്ലെന്ന് അവർ തിരിച്ചറിയുന്നുണ്ടാവും. അതിജീവനം തന്നെ ഒരു മുഴുവൻ സമയ പ്രവർത്തനമായി മാറുകയാണ്.
ഭയത്തിനും അരക്ഷിതാവസ്ഥയ്ക്കും അപ്പുറം അതിലും ഗൗരവമേറിയ ഒരു പ്രശ്നമുണ്ട്. രാഷ്ട്രീയ പ്രവർത്തനങ്ങളുടെ നിഷ്ഫലതയാണത്. കഴിഞ്ഞ ദശകത്തിൽ, വലിയ ജനകീയ പ്രസ്ഥാനങ്ങൾ അവഗണിക്കപ്പെടുന്നതും, പ്രതിഷേധങ്ങൾ അനാഥമായി നീണ്ടു പോകുന്നതും, വിയോജിക്കുന്നത് നിയമവിരുദ്ധമാക്കപ്പെടുന്നതോ കുറ്റകൃത്യമാക്കപ്പെടുന്നതോ ആയ സംഭവങ്ങളും ജനങ്ങൾ ആവർത്തിച്ചു കണ്ടുകൊണ്ടിരിക്കുകയാണ്. പ്രതിഷേധങ്ങൾക്ക് ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയില്ലെന്ന് പലരും ക്രമേണ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് രാഷ്ട്രീയ നിസ്സംഗതയല്ല, രാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിക്കലാണ്. കൂട്ടായ പ്രവർത്തനങ്ങൾക്ക് സംഭവങ്ങളുടെ ഗതി മാറ്റാൻ കഴിയുമെന്ന് ആളുകൾ വിശ്വസിക്കുന്നത് അവസാനിപ്പിക്കുമ്പോൾ, അവർ സ്വകാര്യ ലോകത്തേക്ക് പിൻവാങ്ങുന്നു. പൊതു പ്രശ്ങ്ങളെ അവർ അവഗണിക്കുന്നതുകൊണ്ടല്ല, മറിച്ച് തങ്ങളുടെ ഇടപെടൽ ഒരു മാറ്റവും വരുത്തുമെന്ന് പ്രതീക്ഷിക്കാത്തതുകൊണ്ടാണ്.
ഈ രീതിയിൽ നോക്കുമ്പോൾ, ജന്തർ മന്തർ പ്രതിഷേധത്തിന്റെ പരിമിതികൾ ജനാധിപത്യത്തിന്റെ വിശാലമായ പ്രതിസന്ധിയെ പ്രതിഫലിപ്പിക്കുന്നു. പൊതു സമൂഹത്തിന്റെ പ്രശ്നങ്ങൾക്കും അത് പരിഹരിക്കാനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്കും ഇടയിൽ വർദ്ധിച്ചുവരുന്ന വിടവ് ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും ഗുരുതരമായ ജനാധിപത്യ വെല്ലുവിളിയാണ്.
ഇതിനർത്ഥം പ്രതിരോധ പ്രവർത്തങ്ങൾ എല്ലാം നിഷ്ഫലമാകും എന്നല്ല. അതിനർത്ഥം ജനാധിപത്യ രാഷ്ട്രീയം അതിന് പാരമ്പര്യമായി ലഭിച്ച ശീലങ്ങളെ പുനർവിചിന്തനം ചെയ്യണം എന്നാണ്. മുൻകാലങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളാൽ രൂപപ്പെടുത്തിയ പോരാട്ട രീതികളെ ഓരോ തലമുറയും സ്വാംശീകരിക്കുന്നു. നിയമസാധുതയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇരയാകാവുന്ന ഒരു കൊളോണിയൽ രാഷ്ട്രവുമായുള്ള ഏറ്റുമുട്ടലിലാണ് ഗാന്ധിയുടെ സത്യാഗ്രഹം ഉയർന്നുവന്നത്. ഭരണഘടനാ റിപ്പബ്ലിക്കിന്റെ ആദ്യ ദശകങ്ങളിൽ അത് ചില ഫലപ്രാപ്തി കണ്ടെത്തുകയുണ്ടായി. എന്നാൽ ഒരിക്കൽ വിജയിച്ചു എന്നതുകൊണ്ട് മാത്രം ഒരു രാഷ്ട്രീയ സമര രീതിയും ശാശ്വതമായി ഫലപ്രദമാകില്ല. രാഷ്ട്രത്തിന്റെ സ്വഭാവം മാറുന്നതിനനുസരിച്ച്, പൗരന്മാരെ സംഘടിക്കുന്നതിനും, അണിനിരക്കുന്നതിനും, ജനാധിപത്യ അധികാരം പ്രയോഗിക്കുന്നതിനുമുള്ള രൂപങ്ങളും മാറേണ്ടിവരും.
അതുകൊണ്ട്, ഇന്ത്യയിലെ യുവാക്കൾക്ക് മുന്നിലുള്ള വെല്ലുവിളി ഒരു മന്ത്രിയുടെ രാജി നേടുന്നതിനേക്കാൾ വളരെ വലുതാണ്. വർത്തമാനകാല യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടുകൊള്ളുള്ള രാഷ്ട്രീയ പ്രവർത്തന രൂപങ്ങൾ കണ്ടെത്തുക എന്നതാണ് പ്രധാനം. തീർച്ചയായും ധാർമ്മിക മനോബലം അനിവാര്യമാണ്, എന്നാൽ ഫലപ്രദമായ സമര തന്ത്രങ്ങളില്ലാതെയുള്ള നിർഭയത്വം രക്തസാക്ഷിത്വത്തിലേക്ക് നയിക്കും. ഗാന്ധിയെ ഉപേക്ഷിക്കുകയല്ല, മറിച്ച് അദ്ദേഹത്തിന്റെ സ്വന്തം കാലത്ത് അദ്ദേഹത്തെ പ്രസക്തനാക്കിയ രാഷ്ട്രീയ സർഗ്ഗാത്മകതയുടെ ആത്മാവ് വീണ്ടെടുക്കുക എന്നതാണ് ദൗത്യം.
അതിനാൽ ജന്തർ മന്തറിന്റെ യഥാർത്ഥ പാഠം ജനാധിപത്യ പ്രതിഷേധം അസാധ്യമായി മാറിയിരിക്കുന്നു എന്നല്ല. മുൻകാലങ്ങളിലെ സംഭവങ്ങൾ പുനരാവിഷ്കരിച്ചുകൊണ്ട് ജനാധിപത്യ പ്രതിഷേധം ഇനി വിജയിക്കില്ല എന്നതാണ്. ജനാധിപത്യം പുതുക്കണമെങ്കിൽ, പുതിയ രൂപത്തിലുള്ള സംഘടനാ രൂപങ്ങളും, ഐക്യദാർഢ്യത്തിന്റെ പുതിയ ഭാഷകളും, അധികാരത്തിനും പൊതുജന വിയോജിപ്പിനും ഇടയിലുള്ള ബന്ധത്തെ അടിസ്ഥാനപരമായി അട്ടിമറിച്ചിരിക്കുന്ന ഒരു ഭരണകൂട ശക്തിയെ നേരിടാൻ കഴിവുള്ള പുതിയ തന്ത്രങ്ങളും ആവശ്യമാണ്. അതുവരെ ഏറ്റവും മഹത്തായ ആത്മത്യാഗങ്ങൾ ജനങ്ങളുടെ ആദരവ് നേടിയേക്കാം; എന്നാൽ സാമൂഹിക മാറ്റം സൃഷ്ടിക്കാൻ ആവശ്യമായ രാഷ്ട്രീയ ശക്തി അവയ്ക്ക് സ്വയം സൃഷ്ടിക്കാനാവില്ല.
അഹങ്കാരത്തിൽ മുങ്ങിയിരിക്കുന്ന ഈ ഭരണകൂടത്തിന്റെ പദ്ധതികളെപ്പോലും വെല്ലുവിളിക്കാൻ കഴിയുന്നത്ര സർഗാത്മകതയും രാഷ്ട്രീയ ഇച്ഛശക്തിയും ജനറേഷൻ Z വളർത്തിയെടുക്കേണ്ടതുണ്ട്.
പരിഭാഷ: എ കെ ഷിബുരാജ്
This article was originally published on countercurrents.org
