സമുദായ പ്രതിനിധാനം : സ്വത്വപരവും സംഖ്യാപരവും-ഭാഗം 3

സമുദായ പ്രതിനിധാനം : സ്വത്വപരവും സംഖ്യാപരവും-ഭാഗം 3

എ. കെ. രവീന്ദ്രൻ എഴുതുന്ന “സമുദായ പ്രതിനിധാനം: സ്വത്വപരവും സംഖ്യാപരവും” എന്ന പരമ്പരയുടെ മൂന്നാം ഭാഗമാണിത്. ജീവശാസ്ത്രവാദം (Biologism), പ്രതിനിധാനം, ജനാധിപത്യം, ഭരണകൂടം, മനുഷ്യസ്വത്വം എന്നിവയെ ആഴത്തിൽ വിമർശനാത്മകമായി പരിശോധിക്കുന്ന ഈ ലേഖനം, ആധുനിക രാഷ്ട്രീയ-സാമൂഹിക ചിന്തകളുടെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്നു.

പ്രതിനിധാനവും ജീവശാസ്ത്രവാദവും

കൂലിയടിമത്തത്തിൽ നിന്ന് മാനുഷികാവിഷ്‌കാരങ്ങളിലേയ്ക്ക് എത്ര ദൂരമുണ്ട് ?

ഒട്ടും ദൂരമില്ല. ഇപ്പോൾ തന്നെ അവയുണ്ട്. മുൻപും അവയുണ്ടായിരുന്നു. പക്ഷേ അവയൊരിക്കലും സമൂഹത്തിൻ്റെ മുഖ്യധാരയായി കരുതപ്പെട്ടിരുന്നിട്ടില്ല. ഇപ്പോഴും കരുതപ്പെടുന്നില്ല. കുലത്തൊഴിലും കൂലിത്തൊഴിലും മാനുഷികാവിഷ്കാരങ്ങളെ അധിനിവേശപ്പെടുത്തി മറച്ചുപിടിക്കുന്നു; അവയുടെ പ്രതിനിധാനം ഏറ്റെടുക്കുന്നു.

കുലത്തൊഴിലിൽ വംശീയതയുണ്ടെന്നു മനസ്സിലാക്കാം. പക്ഷെ കൂലിത്തൊഴിലിൽ അതുണ്ടാകുന്നതെങ്ങനെ? ‘ഫ്യൂഡലിസ’ത്തിനും വംശീയതക്കുമെതിരെ പടപൊരുതിക്കൊണ്ടല്ലേ മൂലധന ആധുനികതയും അതിൻ്റെ ഭാഗമായ കൂലിത്തൊഴിലുകളും യൂറോപ്പിൽ വ്യവസ്ഥാപിതമായത്?

ഇപ്പറഞ്ഞത് ഭാഗികമായി മാത്രമേ ശരിയാകുന്നുള്ളൂ. മൂലധനവ്യവസ്ഥ അതിനുമുമ്പുണ്ടായിരുന്ന എല്ലാവിധ അധികാര സ്വരൂപങ്ങളെയും പരിഷ്കരിച്ച് ഏകോപിപ്പിക്കുകയാണുണ്ടായത്. മൂലധനവ്യവസ്ഥ അധിനിവേശിത പ്രദേശങ്ങളിലെ വംശീയശക്തികളെ തങ്ങൾക്കനുകൂലമായി പരിഷ്‌കരിച്ചെടുക്കുകയല്ലാതെ അവയെ ഉന്മൂലനം ചെയ്യാനൊന്നും ശ്രമിച്ചിട്ടില്ല. അതിൻ്റെ ആവശ്യമോ കഴിവോ അതിനൊട്ടുണ്ടായിരുന്നുമില്ല. അതിൻ്റെ ‘പൗരത്വ – ദേശരാഷ്ട്ര – സെക്കുലർ’ പരികല്പനകൾ വംശീയമുക്തമല്ല.

ജനാധിപത്യം ഉൾപ്പെടെ ആധുനികവും അല്ലാത്തതുമായ എല്ലാ വ്യവസ്ഥകളിലും വംശീയതയുണ്ടെന്നോ?

സ്ത്രീകളെയും കുട്ടികളെയും അധിനിവേശപ്പെടുത്തുന്ന അധികാര സ്വരൂപങ്ങളിലൊക്കെ അതുണ്ട്. ഭരണകൂടങ്ങളുടെ, അവ ഏതു രൂപത്തിലുള്ളതായാലും, ദാശനികാടിസ്ഥാനം ജീവ ശാസ്ത്രവാദമാണ്. ഭരണീയരെ പ്രതിനിധാനം ചെയ്യുന്ന ആണ്കോയ്മ രൂപങ്ങളാണ് ഭരണകൂടങ്ങൾ. മാനവികമായ ആവിഷ്ക്കാരങ്ങൾക്ക് തടസമാണ് ഇന്നവ.

ആധുനിക ജനാധിപത്യ ഭരണകൂടങ്ങൾ ആൺകോയ്മാ രൂപങ്ങളാവുന്നതെങ്ങനെ? എത്രയോ സ്ത്രീകൾ അവയ്ക്ക്ക് നേതൃത്വം കൊടുത്തിരിക്കുന്നു.

ഭരണകൂടങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ആണോ പെണ്ണോ എന്നതല്ല കാര്യം. അവയുടെ പൊതു സ്വഭാവം എന്തെന്നതാണ്. എത്രകണ്ട് മാനുഷികമാണ് അവയെന്ന്.

വാസ്തവത്തിൽ എന്താണീ ‘ആൺകോയ്മ?’

ഇണയ്ക്ക് വേണ്ടി ചില ജീവ ജാതികളിൽ ആൺ വിഭാഗത്തിൽപ്പെടുന്നവ പരസ്പ്പരം പോരടിക്കാറുണ്ടല്ലോ. ഇതിനു സമാനമാകുന്നു നമ്മുടെ ഭരണകൂട പ്രത്യശാസ്ത്രങ്ങൾ.

പക്ഷെ ജനാധിപത്യത്തിൽ ജനങ്ങളാൽ നിയന്ത്രിക്കപ്പെടുന്നവയല്ലേ ഭരണകൂടങ്ങൾ? പടി പടിയായി ബഹുജനങ്ങളിലേക്ക് പകർന്നു കിട്ടുന്നതോടെ ഈ അധികാര സംഭരണികളെ തീർത്തും ജനകീയമാക്കാനാവില്ലേ?

ജനാധിപത്യം ഫലപ്രമായി നിർമ്മിച്ചെടുത്തിട്ടുള്ള ഒരു വ്യാമോഹമാണിത്. ജനാധിപത്യ ഭരണകൂടങ്ങൾ സമഗ്രാധിപത്യ ഭരണകൂടങ്ങളെ പോലെ തന്നെ ആകാശം മുട്ടെ വളർന്നു വരുന്നതും അടിത്തട്ട് ജനതകളെയും ജൈവ പ്രകൃതിയെയും അധിനിവേശപ്പെടുത്താനായി പരസ്പ്പരം പോരടിക്കുന്നതും നമ്മുടെ നിത്യ കാഴ്ചയാണല്ലോ.

ഭരണകൂടാധികാരം ഉപയോഗിച്ച് നല്ല കാര്യങ്ങൾ ചെയ്യാമെന്ന് വിചാരിക്കുന്നവർ ഒക്കെത്തന്നെ ആൺകോയ്മാരാഷ്ട്രീയം പിന്തുടരുന്നവരെന്ന് കരുതണമെന്നോ?

നമ്മൾ കരുതിയാലും ഇല്ലെങ്കിലും വാസ്‌തവം അതല്ലാതാകുന്നില്ല. മതതീവ്രവാദികളും വംശീയവാദികളും നവനാസ്‌തികരും ലെനിനിസ്റ്റുകളും ജനാധിപത്യവാദികളും ഒക്കെത്തന്നെ അടിസ്ഥാനപരമായി ‘ബയോളജിസം’ എന്ന ജീവശാസ്ത്രവാദത്തിൽ അറിഞ്ഞോ അറിയാതെയോ, പ്രകടമായോ പരോക്ഷമായോ, നിലയുറപ്പിച്ചു വരുന്നവരാണ്.

ഗോൾവാൾക്കർ ഉൾപ്പെടെയുള്ള പ്രമുഖ RSS നേതാക്കൾ മുതൽ കെ വേണുവിനെപ്പോലുള്ള ജനാധിപത്യവാദികൾ വരെ ജീവശാസ്ത്രത്തിൽ ഉയർന്ന ബിരുദങ്ങൾ നേടിയവരാണെന്നത് ശ്രദ്ധേയമാണ്.

കെ വേണു
കെ വേണു

ജനാധിപത്യത്തെ പറ്റി ആഴത്തിൽ ചിന്തിച്ചിട്ടുള്ള കെ വേണു RSS നേതാക്കളെപ്പോലെ വംശീയതയുടെ ദാർശനികാടിസ്ഥാനമായ ജീവശാസ്ത്രവാദത്തെ പിന്തുടരുന്ന ആളാണെന്ന് എങ്ങനെ വിശ്വസിക്കാനാവും?

താനൊരു ‘ബയോളജിക്കൽ ഡിറ്റെർമിനിസ്റ്റാ’ണെന്ന് കെ വേണു തുറന്നു സമ്മതിച്ചിട്ടുണ്ട്. കെ വേണുവിനെ RSS നേതാക്കളുമായി എല്ലാ തലങ്ങളിലും സമീകരിക്കുകയല്ല ഇപ്പറഞ്ഞതിന്റെ ഉദ്ദേശം. ജീവശാസ്ത്ര വാദത്തിന്റെ സ്വീകാര്യത എത്രമേൽ ശക്തമാണെന്ന് വ്യക്തമാക്കുക മാത്രമാണ് ഉദ്ദേശം.

എന്താണ് ജീവശാസ്ത്രവാദത്തിൻ്റെ കുഴപ്പം?

ജീവശാസ്ത്രത്തെ വ്യക്തിജീവിതത്തിൻ്റെയും സാമൂഹ്യപരിവർത്തനങ്ങളുടെയും നിയാമകവും നിർണ്ണായകവുമായ ശക്തിയായി കാണുന്നവരാണ് ജീവശാസ്ത്രവാദികൾ. മനുഷ്യനെ മൃഗാവസ്ഥയിലേയ്ക്ക് ന്യൂനീകരിക്കുന്ന ഒരു പ്രക്രിയയാണത്. നവനാസ്‌തികർ ഉൾപ്പെടെയുള്ള പുതിയതും പഴയതുമായ ജീവശാസ്ത്രവാദികൾ മനുഷ്യരുടെ സാമൂഹ്യമായ സവിശേഷ ഗുണപരതയെ ജീനിലേക്കും മസ്‌തിഷ്‌കത്തിലേക്കും ശരീരത്തിലേക്കും
ചുരുക്കിക്കാണുന്നവരാണ്. വർണ്ണ വ്യവസ്ഥ ഉൾപ്പെടെ മുൻ ജന്മ കർമ്മ ഫല സിദ്ധാന്തത്തിന്റെയും പാരമ്പര്യ വാദത്തിന്റെയും വംശീയതയുടെയും ദാർശനികാടിസ്ഥാനമാണത്.

കീഴാള ജനതകൾക്കുമേലുള്ള ബൗദ്ധീകാധികാര പ്രയോഗമാണത്.

പരിണാമസിദ്ധാന്തപ്രകാരം മനുഷ്യനും ഒരു മൃഗമല്ലേ? കുറഞ്ഞ പക്ഷം മനുഷ്യനിൽ ഒരു മുഗമില്ലേ?

‘ആയിരം രൂപാനോട്ട്’ ഒരു കടലാസുകഷണമല്ലേ എന്നോ ‘ആയിരം രൂപ’യിൽ ഒരു കടലാസില്ലേ എന്നോ ചോദിക്കും പോലെയാണിത്. മനുഷ്യൻ മൃഗമാണെന്നു സ്ഥാപിക്കുക വളരെ എളുപ്പമാണ്. അധിനിവേശപരമായ ഒരു കാഴ്‌ചപ്പാട് ഇതിലുണ്ട്. യാന്ത്രിക ഭൗതികവാദ സമീപനമാണിത്. വസ്‌തുനിഷ്‌ഠമായ തെളിവുകൾ നിരത്തി ഇതു സ്ഥാപിക്കാനും ബുദ്ധിമുട്ടില്ല. എന്നാൽ ആയിരം രൂപാനോട്ടിൻ്റെ മൂല്യം എവിടെയിരിക്കുന്നു എന്നു മനസ്സിലാക്കുക അത്ര എളുപ്പമല്ലെന്നോർക്കണം.

ശരിക്കും കറൻസി നോട്ടുകളുടെ മൂല്യം എങ്ങനെയാ നിർണ്ണയിക്കപ്പെടുന്നത് ?

വാണിജ്യവും രാഷ്ട്രീയാധികാര കേന്ദ്രങ്ങളുമാണ് അവ നിർണ്ണയിക്കുന്നതിൽ പ്രധാനം. കറൻസി നോട്ടുകളുടെ മൂല്യം അവയ്ക്കുള്ളിൽ ഏകപക്ഷീയമായല്ല കുടികൊള്ളുന്നതെന്ന കാര്യമാണ് ഇവിടെ പ്രസക്തം. അവ വ്യാജമോ നിജമോ എന്നു തീരുമാനിക്കുന്നത് രാഷ്ട്രീയാധികാരമാണ്. വ്യാജമായതെല്ലാം നിജമായതിനേക്കാൾ ഗുണമേന്മ ഇല്ലാത്തതാണെന്ന് വിചാരിക്കാനാവില്ല. വാക്കുകൾക്ക് അർത്ഥം കൊടുക്കുന്നതിലും അവയെ സഭ്യമോ അസഭ്യമോ ആക്കുന്നതിലും അധികാരത്തിനുള്ള പങ്കു് നിർണ്ണായകമാണ്. എന്തും ‘ആധികാരിക’മാകുന്നത് അങ്ങനെ. വെറുമൊരു ‘മോഷ്‌ടാവി’ നെ ‘കള്ളൻ’ എന്നു വിളിക്കരുതല്ലോ! ‘തന്ത’ എന്ന ദ്രാവിഡ വാക്കിനു പകരമുള്ള മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതം വാക്കുകൾ തമ്മിൽ താരതമ്മ്യപ്പെടുത്തിയാൽ അവയുടെ മാന്യതയുടെ കീഴ്മേൽ വ്യത്യാസം കാണാതിരിക്കാനാവില്ല. അധികാരം ഭാഷയിൽ പ്രവർത്തിക്കുന്നതിങ്ങനെ. മനുഷ്യരെ ‘മനുഷ്യമൃഗ’മാക്കുന്നതിൽ സയൻസിൻ്റെ ‘ആധികാരികത’ക്കുള്ള പങ്ക് ചെറുതല്ല.

മനുഷ്യരെയും മറ്റു ജീവികളെയും പറ്റി ഡെസ്‌മണ്ട് മോറിസനെപ്പോലെ ആഴത്തിൽ പഠിച്ചിട്ടുള്ളവരല്ലേ ജീവശാസ്ത്ര വാദത്തിൻ്റെ വക്താക്കളിൽ അധികവും? കെ വേണുവാകട്ടെ ജനാധിപത്യത്തെപ്പറ്റി വിസ്‌തരിച്ചു പഠിച്ചതിനു ശേഷം പാർലമെൻ്ററി ജനാധിപത്ത്യത്തിലേക്ക് വന്നയാളും. അവരിൽ വംശീയവാദം എങ്ങനെ ആരോപിക്കാനാവും? ജന്തുലോകത്തിന്റെ അടിസ്ഥാനപരമായ സവിശേഷതകൾ മനുഷ്യർക്കുമില്ലേ? അക്കാര്യം ചൂണ്ടിക്കാണിക്കുന്നതിന് വംശീയതയുമായി എന്തു ബന്ധം ?

ഡെസ്മണ്ട് മോറിസ്
ഡെസ്മണ്ട് മോറിസ്

ജന്തുലോകത്തിൻ്റെ അടിസ്ഥാന സവിശേഷതകൾ മനുഷ്യരിൽ ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റൊന്നുമില്ല. ജന്തുശാസ്ത്ര പഠനം അത്യാവശ്യവുമാണ്. എന്നാൽ ഈ പഠനങ്ങൾ മുൻനിർത്തി മനുഷ്യൻ്റെ സാമൂഹികതയെ വിലയിരുത്തുന്നത് അപകടകരമാണ്. ‘മനുഷ്യത്വ’ നിഷേധമാണിത്. മനുഷ്യൻ ആദ്യന്തം ഒരു ‘സാമൂഹ്യ ജീവി’യാണെന്ന സവിശേഷ മൂല്യബോധത്തിന്റെ നിഷേധം!

മനുഷ്യൻ ‘സ്പെഷ്യൽ’ അല്ലെന്ന് മൈത്രേയനെപ്പോലെ റാഡിക്കലായി ചിന്തിക്കുന്നവരും റാഡിക്കലായ പരിസ്ഥിതിവാദികളും പറയുന്നുണ്ടല്ലോ? മനുഷ്യൻ സ്പെഷ്യലാണെന്നു പറയുന്നത് ‘മനുഷ്യമേധാവിത്ത’ മല്ലേ? മനുഷ്യകേന്ദ്രിത ചിന്തയല്ലേ?

മൈത്രേയൻ
മൈത്രേയൻ

യാഥാർത്ഥമായും താൻ ആരാണെന്ന ചോദ്യം സ്വയം ചോദിച്ചും പരസ്‌പരം സംവദിച്ചും മനസ്സിലാക്കേണ്ട ‘ഗതികേടുള്ള’ ഒരു ‘സവിശേഷ’ ജീവിവർഗ്ഗമാണ് നമ്മുടേത്. ഇപ്പോൾ ജീവിക്കുന്നവരുടെയും മരിച്ചു മണ്ണടിഞ്ഞവരുടെയും ബഹുവിധ ആവിഷ്ക്കാരങ്ങളുടെ പിന്തുണയിലും പാരസ്പ്പര്യത്തിലും മാത്രം ജീവിക്കാനാവുന്ന, ഒരു നിസ്സഹായ ‘സവിശേഷ’ ജീവി. സ്വന്തം ഭക്ഷണമെന്തെന്നു ഇനിയും തീർച്ചയില്ലാത്ത ജീവി!(ആഹാരവും മൈഥുനവുമൊക്കെ ഓരോ വ്യക്തിയുടെയും ‘ജന്മജന്മാന്തര വാസന’ കളുടെ തീരുമാനമാണെന്നു പ്രചരിപ്പിക്കുന്ന ബ്രാഹ്മണ്യ വംശീയവാദികളുമുണ്ട്! ) അതേസമയം ഇത്തരം ദൗർബ്ബല്യങ്ങളെയൊക്കെ വർദ്ധിച്ച കഴിവാക്കി മാറ്റാനാവുന്ന ജീവികൂടിയാണ് മനുഷ്യർ. ഏതു രീതിയിലും സ്വയം പുതുക്കിയെടുക്കാൻ മനുഷ്യർക്കു കഴിയുമെന്നർത്ഥം. മറ്റു മനുഷ്യരെ അടിമപ്പെടുത്താനും അധിനിവേശപ്പെടുത്താനും ഉള്ള മനുഷ്യരുടെ കഴിവ് വളരെ പ്രകടമാണ്. ഇത്രമേൽ പ്രകടമല്ലെങ്കിലും മറ്റുള്ളവരെ മനുഷ്യരായി കാണാനും മാനിക്കാനും അവരോട് മൈത്രിയോടെ പെരുമാറാനും മനുഷ്യർക്കു കഴിയുന്നുണ്ട്. മാനവരാശിയുടെ നിലനില്പുതന്നെയും ഈ കഴിവിനെ ആശ്രയിക്കാതെ സാധ്യമല്ലെന്നതാണ് വാസ്ത‌വം.

മൈത്രിയോടെ ജീവിക്കാനുള്ള ഈ കഴിവല്ലേ മനുഷ്യത്വം? അത് നമ്മുടെ സഹജ സ്വത്വമല്ലേ?

സഹജമായി അങ്ങനെയൊന്നില്ല. അത് ഓരോരുത്തരും അന്വേഷിച്ചു കണ്ടെത്തേണ്ടതായുണ്ട്. സ്വയം പുതുക്കുകയും വ്യത്യസ്‌തങ്ങളായ പരസ്‌പര ബന്ധങ്ങളിലൂടെ സ്വത്വസങ്കല്പം പുതുക്കിയെടുക്കുകയും ചെയ്യുന്നവരാണ് മനുഷ്യർ.

ശക്തമായ മനുഷ്യാധിപത്യമല്ലേ നാമിന്ന് എവിടെയും കാണുന്നത്? ഈ മനുഷ്യാധിപത്യവും മനുഷ്യകേന്ദ്രിത ചിന്തയുമല്ലേ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കു കാരണം? മനുഷ്യൻ സ്പെഷ്യൽ ആണെന്ന് കരുതുന്നത് മനുഷ്യാധിപത്യത്തിന് വളം വെച്ചുകൊടുക്കലല്ലേ?

‘മനുഷ്യൻ’ എന്ന വാക്ക് വാസ്‌തവത്തിൽ ഏതു തരം മനുഷ്യരെയാണ് പ്രതിനിധാനം ചെയ്യുന്നത്? മനുഷ്യരിൽത്തന്നെ അടിമകളും ഉടമകളുമുണ്ട്; അധിനിവേശകരും അധിനിവേശിതരുമുണ്ട്. ഇവരിൽ അടിത്തട്ടിനെ മേൽത്തട്ടാണ് പ്രതിനിധാനം ചെയ്യുക. ‘യൂറോപ്യൻ ഹ്യൂനിസം’ ദൈവത്തെ കൈവിട്ടെങ്കിലും വെള്ളക്കാരായ പുരുഷന്മാരെയാണ് ലക്ഷണമൊത്ത മനുഷ്യരായി കണ്ടത്. ബ്രാഹ്മണിസത്തിനാവട്ടെ ‘ആദിമ മനു’ വിൻ്റെ വംശാവലി മാത്രമാണ് ശരിക്കും ‘മനുഷ്യർ’: മറ്റുള്ളവരെയൊക്കെ കുരങ്ങന്മാരോ രാക്ഷസന്മാരോ ആയാണ് രാമായണാദി ഗ്രന്ഥങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് മനുഷ്യകേന്ദ്രിത ചിന്ത എന്നൊക്കെ പറയുമ്പോൾ മേൽത്തട്ടു മനുഷ്യരെ കേന്ദ്രീകരിച്ചുള്ള, അവരുടെ അധീശാധികാരം മൊത്തം മാനവരാശിയുടയും പേരിൽ നടപ്പാക്കുന്ന, വരേണ്യ പ്രത്യയശാസ്ത്രമെന്നേ അർത്ഥമാക്കേണ്ടതുള്ളൂ.

എങ്കിൽ ഈ മേൽത്തട്ടു വരേണ്യർ മാത്രമാണോ സ്പെഷ്യൽ?

അല്ല. മുഴുവൻ മനുഷ്യരും ഒരു ‘ജീവജാതി’ എന്ന നിലയിലും അതിലെ അംഗങ്ങളെന്ന നിലയിലും സവിശേഷമാണ്.

മറ്റു ജീവജാതികളോ?

അവയും അപ്രകാരം തന്നെ. ഓരോ അണുവും സവിശേഷമാണ്. സവിശേഷമായല്ലാതെ, സ്പെഷ്യലായല്ലാതെ, പ്രപഞ്ചത്തിൽ യാതൊന്നുമില്ല. പക്ഷേ ഓരോന്നിൻ്റെയും സവിശേഷത മറ്റുള്ളവയുമായുള്ള പാരസ്‌പര്യത്തിലാണെന്നു മാത്രം. ഭാഷയിലെ ഓരോ വാക്കും അവയുടെ ഓരോ പ്രയോഗവും ഒന്നിനൊന്ന് വ്യത്യസ്‌തമാകുന്നതു പോലെ.

അതായത്, സാമാന്യമായി യാതൊന്നുമില്ലെന്നോ?

സവിശേഷമായത് സാമാന്യമായി, പൊതുവായി, നിലനിൽക്കുന്നു. തരംതിരിവുകളെ ബന്ധവിച്ഛേദമായി കാണേണ്ടതില്ല.

മനുഷ്യൻ സ്പെഷ്യലല്ലെന്ന് മൈത്രേയൻ പറയുമ്പോൾ ഒന്നും സ്പെഷ്യൽ അല്ലെന്നാവില്ലേ അയാൾ ഉദ്ദേശിച്ചിരിക്കുക? എല്ലാം സ്പെഷ്യൽ ആണെന്നു പറയുന്നതും ഒന്നും സ്പെഷ്യൽ അല്ലെന്നു പറയുന്നതും ഫലത്തിൽ ഒന്നുതന്നെയല്ലേ? രണ്ടും തമ്മിൽ എന്താണ് വ്യത്യാസം?

ഒന്നും സ്പെഷ്യൽ അല്ലെന്നു പറയുന്നവർ മനുഷ്യരെ മൃഗാവസ്ഥയിലേക്കും ‘വസ്തുപ്രപഞ്ച’ത്തിലേക്കും ന്യൂനീകരിക്കുകയാണ്. എല്ലാം സ്പെഷ്യൽ ആണെന്നു പറയുന്നവർ എല്ലാ ജീവിവർഗ്ഗങ്ങളുടെയും സവിശേഷ പദവിയെ അംഗീകരിക്കുകയാണ്. നമ്മൾ ‘വസ്തു’ ക്കളായി കണക്കാക്കുന്നവയുടെ കർത്തൃത്വവും പരസ്‌പര ബന്ധവും ഈ ബന്ധങ്ങളിലൂടെ സംഭവിക്കുന്ന ഗുണപരമായ മാറ്റവും ഇവിടെ അംഗീകരിക്കപ്പെടുന്നുണ്ട്.

വസ്തു‌ക്കൾക്കും ‘കർത്തൃത്വ’മുണ്ടോ?

‘കർത്തൃത്വ’മില്ലാത്തതായി, ചലനാത്മകമല്ലാത്തതായി, ചുറ്റുപാടുകളുമായി കരണ- പ്രതികരണങ്ങളില്ലാത്തതായി, യാതൊന്നും നിലനിൽക്കുന്നില്ല . വാസ്‌തവത്തിൽ ‘വസ്തു’ക്കളില്ല. ‘വസ്‌തുവൽക്കരണ’ മാണുള്ളത്. മറ്റു മനുഷ്യരെയും സ്വന്തം അവയവങ്ങളെയുമൊക്കെ നമ്മൾ വസ്‌തുവൽക്കരിക്കാറുണ്ടല്ലോ. മൃഗവൽക്കരണവും ശരീരവൽക്കരണവും അതിൻ്റെ ഭാഗമാണ്. ‘മോഡേൺ മെഡിസിൻ’ ന്റെ താത്ത്വികാടിസഥാനവും ജീവശാസ്ത്രവാദമാണെന്നു കാണാം.

“ന്യൂനീകരണം’ എന്നു പറയുമ്പോൾ മനുഷ്യർ മേൽകീഴ് വ്യത്യാസമില്ലാതെ മൊത്തത്തിൽ ഇതര ജൈവ ലോകത്തേക്കാൾ ഒരു ഉയർന്ന പദവിയിലാണെന്നല്ലേ വ്യംഗ്യമായ സൂചന?

അതു പക്ഷേ അധിനിവേശപരമല്ല. മേൽത്തട്ടുമനുഷ്യരുടെ പ്രത്യയശാസ്ത്രമാണ് അതിനെ അധിനിവേശപരമാക്കുന്നത്. ഓരോ ജീവജാതിക്കും അതിൻ്റെ സ്വത്വപരമായ നിലനിൽപ്പാണ് പ്രധാനം. അതനുസരിച്ചുള്ള ‘ഉച്ചനീചത്വ’ ങ്ങളും സവിശേഷ ഗുണങ്ങളും പ്രകൃതി സഹജമായ വ്യത്യാസമായേ പരിഗണിക്കാനാവൂ. പക്ഷേ മനുഷ്യരിലെ മേൽത്തട്ടിൻ്റെ ഔന്നത്യ മനോഭാവം സ്വന്തം ജീവജാതിയുടെ നിലനില്പിനെത്തന്നെ എതിരായി ബാധിക്കുന്നതാണ് പ്രശ്‌നം. ‘മൃഗീയം’ എന്ന വാക്ക് മൃഗങ്ങളെ ഉദ്ദേശിച്ചുള്ളതല്ലെന്ന് നമുക്കറിയാം. ഒരു മൃഗത്തിനും സാധ്യമല്ലാത്തത്ര ശക്തവും ക്രൂരവും സംഹാരശേഷിയുള്ളതും വംശഹത്യാപരവുമാണല്ലോ വികസനമോഹത്തിൻ്റേതായ മേൽത്തട്ടു പ്രത്യയശാസ്ത്രം. ഇതിനെ മറികടക്കാവുന്നത്ര ധാർമ്മികശേഷിയുണ്ട് വാസ്‌തവത്തിൽ കീഴാള മാനവ മൂല്യങ്ങൾക്ക് ! അവയ്ക്ക് ആധികാരികത, അതായത് അധികാര കേന്ദ്രങ്ങളുടെ അംഗീകാരം, ഇല്ലെന്നു മാത്രം. ഇതുപക്ഷേ, അതിൻ്റെ ദൗർബ്ബല്യമായല്ല, മറിച്ച് ധാർമ്മിക ബലമായി കാണാൻ കഴിയേണ്ടതുണ്ട്. ഗുണപരമായ ഈ കീഴാള മാനുഷിക സവിശേഷതയാണ് മനുഷ്യൻ സ്പെഷ്യൽ അല്ലെന്നു പറയുമ്പോൾ ന്യൂനീകരിക്കപ്പെടുന്നത്; അഥവാ തമസ്‌കരിക്കപ്പെടുന്നത്.

ജനാധിപത്യം ഉൾപ്പെടെ ഭരണകൂടങ്ങളെല്ലാം ‘ആൺകോയ്‌മാ’ രൂപങ്ങളാണെന്നു പറഞ്ഞല്ലോ. ഇണയ്ക്കുവേണ്ടി ജന്തുലോകത്തിലെ ചില ആൺവിഭാഗങ്ങൾ പരസ്‌പരം പോരടിക്കുന്നത് പ്രകൃതിനിർദ്ധാരണത്തിലൂടെ സ്വന്തം ജീവിവർഗ്ഗത്തെ കരുത്തുറ്റതാക്കാനല്ലേ? എങ്കിൽ ഭരണ കൂടങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളെയും അപ്രകാരമല്ലേ കാണേണ്ടത്? യുദ്ധങ്ങളുമായി ബന്ധപ്പെട്ടല്ലേ സയൻസും സാങ്കേതിക വിദ്യകളും വികസിച്ചത്? യുദ്ധങ്ങളില്ലായിരുന്നെങ്കിൽ ‘സമാധാനപ്രേമികൾ’ എന്നൊരു വിഭാഗംതന്നെ ഉണ്ടാകുമായിരുന്നോ? എന്തിന് നാം യുദ്ധങ്ങളെ ഭയപ്പെടണം?

ഭരണകുടങ്ങൾ തമ്മിൽത്തമ്മിലുള്ള പോരാട്ടങ്ങൾ പ്രകൃതി നിർദ്ധാരണത്തിൻ്റെ ഭാഗമോ തുടർച്ചയോ അല്ല മറിച്ച്, സാമൂഹ്യ പരിണാമത്തിൻ്റെ ഒരു മേൽത്തട്ടു പ്രത്യയശാസ്ത്ര നിർമ്മിതിയാണ് ഡാർവിൻ്റെ പ്രകൃതിനിർദ്ധാരണ സിദ്ധാന്തം എന്നു പറയുകയാവും കൂടുതൽ അനുയോജ്യം. പ്രകൃതിനിർദ്ധാരണത്തിലൂടെയല്ല സാമൂഹ്യ പരിണാമത്തെ നോക്കികാണേണ്ടത്. സാമൂഹ്യ പരിണാമത്തിൻ്റെ വെളിച്ചത്തിലാന് പ്രകൃതി നിർദ്ധാരണത്തെ വിലയിരുത്തേണ്ടത്.

പ്രകൃതിനിർദ്ധാരണം ഒരു ശാസ്‌തീയ സത്യമല്ലേ ? സയൻസിൻ്റെ കണ്ണിലൂടെയല്ലേ നാം നമ്മെത്തന്നെ നോക്കിക്കാണേണ്ടത് ?

അല്ല. ‘സയൻസിൻ്റെ കാഴ്‌ചപ്പാട്’ എന്നൊന്നില്ല. വ്യത്യസ്‌ത താത്‌പര്യങ്ങളുള്ള മനുഷ്യരുടെ കാഴ്ച‌പ്പാടുകളാണുള്ളത്. ബാഹ്യപ്രകൃതിയുടെ ചലനനിയമങ്ങൾ കണ്ടെത്തലും അവയെ ഉപയോഗപ്പെടുത്തിയുള്ള നിർമ്മിതികളും മനുഷ്യർ സ്വന്തം ആവശ്യങ്ങൾക്കനുസരിച്ചാണല്ലോ ചെയ്യുന്നത്. തങ്ങളുടെ പടയോട്ടങ്ങളും അതിനാവശ്യമായ കണ്ടുപിടുത്തങ്ങളും പൊതുസമൂഹത്തിൻ്റെ താത്പര്യപ്രകാരമാണെന്നു വരുത്തിത്തീർക്കേണ്ടത് അധിനിവേശകരുടെ ആവശ്യമാണ്. ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ മൂല്യനിരപേക്ഷവും കേവലവസ്തുനിഷ്‌ഠവും ആണെന്ന മേൽത്തട്ടു സിദ്ധാന്തങ്ങളുണ്ടാകുന്നത് അങ്ങനെയാണ്. ഇതാണ് ‘ശാസ്ത്രവാദം’ (Scientism) ; ‘ജീവശാസ്ത്രവാദ’ത്തിൻ്റെ ഏറ്റവും ഗുപ്‌തമായ വംശീയ മുഖം!

പ്രകൃതി നിയമങ്ങൾ മനുഷ്യ നിരപേക്ഷമല്ലേ?

പ്രകൃതി നിയമങ്ങൾ മനുഷ്യ നിരപേക്ഷ്യമാണോ അല്ലയോ എന്നതിനേക്കാൾ അവയെക്കുറിച്ചുള്ള മനുഷ്യരുടെ അറിവുകളും പ്രയോഗവും എത്രത്തോളം മനുഷ്യ നിരപേക്ഷമാണെന്നതാണ് മനുഷ്യർ ഏതു കാലത്തും നേരിടുന്ന പ്രശ്നം.

സ്വതന്ത്ര ചിന്ത എന്നൊന്നില്ലേ? നിഷ്പക്ഷവും പ്രത്യയശാസ്ത്ര മുക്തവുമല്ലേ അത് ?

‘സ്വതന്ത്ര ചിന്ത’ എന്നത് ഒരവകാശവാദം മാത്രമാണ്. അത് നിഷ്‌പക്ഷവുമല്ല; പ്രത്യയശാസ്ത്ര മുക്തവുമല്ല. ചിന്താപരമായ വരേണ്യവാദം ഉണ്ടതിൽ. സമൂഹം മേൽകീഴ് തട്ടുകളായി നിലനിൽക്കുവോളം സ്വതന്ത്രചിന്ത എന്നൊന്ന് സാധ്യമല്ല. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതിനെയാണ് നമ്മൾ സ്വതന്ത്രചിന്തയെന്ന് തെറ്റിദ്ധരിക്കുന്നത്. ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും അവയുടെ പ്രയോഗങ്ങളുമെല്ലാം ചില സവിശേഷ ചരിത്ര സന്ദർഭങ്ങളിലെ സവിശേഷ സാമൂഹ്യവിഭാഗങ്ങളുടെ ആവശ്യങ്ങളും താത്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. അവയും പഴയതോ പുതിയതോ ആയ പ്രത്യയശാസ്ത്ര നിർമ്മിതികളുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റെന്തിനെയും പോലെ ആപേക്ഷികമാണ് ഏതൊരു ചിന്തയും.
(അവസാനിക്കുന്നില്ല )

Featured Image: An aerial view of a large crowd surrounding an open space, symbolising the relationship between the individual, society and collective representation.

A K Ravindran

A K Ravindran

എ കെ രവീന്ദ്രൻ 1969 മുതൽ അടിയന്തിരാവസ്ഥ പിൻവലിക്കുംവരെ നക്സലൈറ്റ് അനുഭാവിയായിരുന്നു. തുടർന്ന് 1983 വരെ വിശാല ഇടതുപക്ഷ അന്വേഷണങ്ങളിൽ പങ്കാളി. ശേഷം നവസാമൂഹിക പ്രസ്ഥാനങ്ങളുടെ സഹചാരി. ഇപ്പോൾ ചാലക്കുടിക്കടുത്തുള്ള മുരിങ്ങൂരിൽ താമസം. കീഴാള സൂക്ഷ്മ രാഷ്ട്രീയം മലയാള ചിന്തകരിലൂടെ ഒരന്വേഷണം, കീഴാള സ്വരാജ്, നല്ലത് പ്രകൃതി ചികിത്സയോ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

View All Articles by A K Ravindran

Share Article
Whatsapp Email