സമുദായ പ്രതിനിധാനം: സ്വത്വപരവും സംഖ്യാപരവും

സമുദായ പ്രതിനിധാനം: സ്വത്വപരവും സംഖ്യാപരവും

‘സ്വത്വ പ്രതിനിധാനം’ എന്ന ആശയത്തെയും ‘സംഖ്യാപര പ്രതിനിധാനം’ എന്ന ജനാധിപത്യ സങ്കൽപ്പത്തെയും എ. കെ. രവീന്ദ്രൻ വിമർശനാത്മകമായി പരിശോധിക്കുന്നു. സമുദായ പ്രതിനിധാനം, ജാതി വ്യവസ്ഥ, ജനാധിപത്യം, സംവരണം, അധികാരം എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങളെ വിശകലനം ചെയ്യുന്ന ഈ ലേഖനം, ഇന്ത്യൻ ജനാധിപത്യത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള ഗൗരവമായ ചർച്ചയ്ക്ക് വഴിയൊരുക്കുന്നു.

‘സ്വത്വ പ്രതിനിധാന’ വൈരുദ്ധ്യം (ഭാഗം: ഒന്ന് )

ചോദിക്കട്ടെ, ‘പ്രതിനിധാനം’ എന്നാലെന്ത് ?

ഒരു കർത്തൃത്വത്തിനു മേൽ മറ്റൊരു കർത്തൃത്വത്തിൻ്റെ അധീശാധികാരസ്ഥാപനമുണ്ട് ഏതൊരു പ്രതിനിധാനത്തിലും. എപ്പോഴും അടിത്തട്ടിനെ മേൽത്തട്ടാണ് പ്രതിനിധാനം ചെയ്യുക. അദ്യശ്യത്തെ ദൃശ്യവും അബോധത്തെ ബോധവും അപരിമിതിയെ പരിമിതികളും പ്രതിനിധാനം ചെയ്യുന്നു. പെണ്ണിന് അധികാരമില്ലാത്തിടത്താണ് അവളെ ആണുങ്ങൾ പ്രതിനിധാനം ചെയ്യുക; വിശ്വാസികളെ പൗരോഹിത്യവും. ഭരണീയരുടെ പ്രതിനിധാനം ഭരണകർത്താക്കളിൽ നിക്ഷിപ്‌തമാകുന്നത് അങ്ങനെയാണല്ലോ. വാസ്തവത്തിൽ, രക്ഷാകർത്തൃത്വത്തിൻ്റെ പേരിലോ മറവിലോ ഉള്ള അധികാരസ്ഥാപനമല്ലാതെ മറ്റൊന്നുമല്ല ‘പ്രതിനിധാനം’! അടിമുടി ഹിംസാത്മകമാണിത്. കാരണം, ഒന്നിനു പകരം നിൽക്കാനോ പകരം വെയ്ക്കാനോ മറ്റൊന്നിനാവില്ല; ഒരാൾക്കു പകരം മറ്റൊരാൾക്കും!

ഇപ്പറഞ്ഞത് ‘സമുദായ പ്രതിനിധാന’ത്തിനും ബാധകമല്ലേ? എങ്കിൽപ്പിന്നെ നിങ്ങളെന്തിനാണ് അതിനുവേണ്ടി വാദിക്കുന്നത് ?

നമ്മൾ ജീവിക്കുന്നത് ഒരു ‘ജനാധിപത്യ വ്യവസ്ഥ’യ്ക്കകത്തായതുകൊണ്ട് എന്നതാണുത്തരം. ലിബറൽ ജനാധിപത്യത്തിൻ്റെ ഒരടിസ്ഥാന തത്ത്വമാണ് ‘ജനസംഖ്യാനുപാതിക പ്രാതിനിധ്യം’. പൊതുവെ ‘പ്രതിനിധാന’ത്തിൽ ഉള്ളടങ്ങിയിട്ടുള്ള ഹിംസാത്മകത ഇവിടെയും പ്രതീക്ഷിക്കാവുന്നതാണ്. വിശേഷിച്ചും അടിത്തട്ടു ജനതകളെ സംബന്ധിച്ചിടത്തോളം ഈ പ്രതിനിധാനം ‘സംഖ്യാപരം’ മാത്രമായിരിക്കുകയും കീഴാളമായ അർത്ഥത്തിൽ ‘സ്വത്വപരം’ ആകാതിരിക്കുകയും ചെയ്യുമ്പോൾ. എന്നാൽ, ജനാധിപത്യത്തിൽ പ്രതിനിധാനം ഒഴിവാക്കാനാവില്ല. അതിൽ ഉള്ളടങ്ങിയിട്ടുള്ള ഹിംസാത്മകതയെ പക്ഷെ, അപനിർമ്മിക്കാനാവും. ഈയൊരു സാധ്യതയാണ് പ്രധാനം. ജനാധിപത്യത്തിലെ ‘ആധിപത്യ’ത്തെ അപ്രസക്തമാക്കലാണിത്. ആധിപത്യച്ചങ്ങലയെ സസൂക്ഷ്‌മം അഴിച്ചെടുക്കൽ!

‘സമുദായ പ്രതിനിധാന’ത്തിലെ ഈ ഹിംസാത്മകതയെക്കുറിച്ച് നമ്മുടെ ജനാധിപത്യ പ്രേമികൾ എന്തേ നിശ്ശബ്ദരാകുന്നു ? ഇക്കാര്യം എന്തേ തമസ്‌കരിക്കപ്പെടുന്നു?

നമ്മുടെ ജനാധിപത്യ പ്രേമികളിൽ അധികവും വെറും ‘ജനാധിപത്യ വിശ്വാസികൾ’ ആണെന്നു കാണാം. യുക്തിബദ്ധമല്ലാത്ത വിശ്വാസത്തിൻ്റെ വരുംവരായ്‌കകളെക്കുറിച്ച് അവരറിയുന്നില്ല. ഒരു വ്യവസ്ഥയെന്ന നിലയിൽ ജനാധിപത്യത്തെ ആഴത്തിൽ വിശകലനം ചെയ്ത് പഠിക്കേണ്ടതുണ്ടെന്നു നമ്മൾ പൊതുവേ കരുതുന്നുമില്ല. ദൈനംദിന സ്ഥല രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കുന്നതുതന്നെ രാജ്യദ്രോഹക്കുറ്റമാകുമോ എന്നു സംശയിക്കുന്നവരും ഭയപ്പെടുന്നവരും കുറവല്ല. ജനാധിപത്യത്തിനുള്ളിലൂടെ നിർബാധം കടന്നുവരുന്ന ഒട്ടൊക്കെ നഗ്നമായ വർഗീയ ഫാസിസത്തെ നേരിടാൻ മറുവഴികളില്ലാത്ത ദുരവസ്ഥ ഇപ്പോൾത്തന്നെ ഉണ്ടല്ലോ. എപ്പോൾ വേണമെങ്കിലും ഫാസിസത്തിനു കടന്നുവരാൻ പഴുതുകളുള്ള ഒരുചട്ടക്കൂടാന് ആധുനിക ജനാധിപത്യത്തിന്റേത്. അതുകൊണ്ടാണ് മേല്പറഞ്ഞ നിശ്ശബ്ദതയും തമസ്കരണവും.

ചോദിക്കട്ടെ, സമുദായ പ്രതിനിധാനം ‘ജാതി ഉന്മൂലനം’ സാധ്യമാക്കുമോ?

ഇല്ല. ജാതി നശീകരണവും സമുദായ പ്രതിനിധാനവും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ല. ആദ്യത്തേത് രണ്ടാമത്തേതിൻ്റെ ലക്ഷ്യമല്ലെന്നർത്ഥം. എന്നുമാത്രമല്ല, സമുദായ പ്രതിനിധാനം ഒരു വോട്ടുബാങ്കെന്ന നിലയിൽ സമുദായങ്ങളുടെ ശാക്തീകരണവും കെട്ടുറപ്പും ആചാര സംരക്ഷണത്വരയും അനിവാര്യമാക്കുകയാണ് ചെയ്യുക. ഇതാകട്ടെ ജാതിനശീകരണത്തെ സഹായിക്കുകയുമില്ല.

സമുദായ പ്രതിനിധാനം വേണ്ടെന്നാണോ ഇതിന്നർത്ഥം ?

ഒരിക്കലുമല്ല. അതിൻ്റെ സാധ്യതകളോടൊപ്പം പരിമിതികളും സങ്കീർണ്ണതകളും അറിയണമെന്നു മാത്രം. ഇല്ലെങ്കിൽ ജനാധിപത്യത്തിലെ ആന്തര വൈരുദ്ധ്യങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവും തയ്യാറെടുപ്പുകളുമാണ് ഇല്ലാതാവുക. ഫാസിസത്തെ നേരിടുകയാണെന്ന മട്ടിലുള്ള പൊയ്പ്പോരാട്ടങ്ങൾ പെരുകുകയും ചെയ്യും.

ജനാധിപത്യത്തിലെ ആന്തര വൈരുദ്ധ്യം പ്രധാനമായും ‘പ്രതിനിധാന’ത്തെയാണോ പ്രതിക്കൂട്ടിലാക്കുന്നത് ?

നിശ്ചയമായും അതെ. പകരം വെക്കാനാവാത്തിടത്തെ പകരംവെപ്പാണത്. അടിമുടി യാന്ത്രികവും ഔപചാരികവും. മനുഷ്യരെ വെറും എണ്ണങ്ങളായി, അക്കങ്ങളായി, മരവിപ്പിക്കുന്നത്. അധികാര കേന്ദ്രീകരണം ലക്ഷ്യമാക്കുന്നത്. അതും, ജനങ്ങളുടെ ‘സമ്മതി’ വഞ്ചനാപൂർവ്വം, തന്ത്രപരമായി, തട്ടിയെടുത്ത്.

അതായത്, സ്വത്വപരമായ പ്രതിനിധാനം സാധ്യമല്ലെന്നോ?

അതുപക്ഷേ ഏതൊരു സമൂഹത്തിലെയും മേൽത്തട്ടിനു മാത്രം സുസാധ്യമായ കാര്യമാണ്. മേൽത്തട്ട് എല്ലായ്പോഴും അടിത്തട്ടിനെയും അതുവഴി അതിനെത്തന്നെയും പ്രതിനിധാനം ചെയ്യുന്നു. ലിബറൽ ജനാധിപത്യത്തിൽ അടിത്തട്ടിനെ ഔപചാരികമായി പ്രതിനിധാനം ചെയ്യുന്നവരൊക്കെത്തന്നെ അതേ പ്രക്രിയയിലൂടെ സ്വയം മേൽത്തട്ടായോ മേൽത്തട്ടിന്റെ അനുബന്ധമായോ രൂപാന്തരപ്പെടുന്നുണ്ട്. ഇക്കാര്യം പൊതുവേ എല്ലാവർക്കും അറിയാമെങ്കിലും ആരുമതു ഗൗരവത്തിലെടുക്കുന്നില്ലെന്നേയുള്ളൂ. ‘ജനാധിപത്യം’ എന്ന വിശുദ്ധപശു വിമർശനാതീതമാണെന്നാണല്ലോ അതിലൂടെ കടന്നുവരുന്ന മുഴു ഫാസിസ്റ്റുകൾ പോലും ഭാവിക്കുന്നത്! എത്രമേൽ പണവും അധികാര കേന്ദ്രങ്ങളുടെ സ്വാധീനവുമുണ്ടായാലാണ് ഏതൊരാൾക്കും പൊതു തെരഞ്ഞെടുപ്പുവിജയം സാധ്യമാകുന്നതെന്ന് അറിയാത്തവരായി ആരുണ്ട് നമ്മുടെ നാട്ടിൽ?

അടിത്തട്ടും മേൽത്തട്ടും തമ്മിലുള്ള ഈ വൈരുദ്ധ്യം ജനപ്രതിനിധികളെ മാത്രം ബാധിക്കുന്ന പ്രശ്നമാണോ അതോ അധികാരസ്ഥാപനങ്ങളെ മൊത്തം ബാധിക്കുന്നതോ?

‘അധികാരം’ എന്ന ആൺകോയ്‌മാസ്ഥാപനത്തിൻ്റെ അടിസ്ഥാന സ്വഭാവമാണത്. മേൽകീഴ് വിഭജനമാണ് അധികാരത്തെ അതാക്കുന്നത്. ജനാധിപത്യത്തിലാവട്ടെ അതിന്റെ എല്ലാ തൂണുകളെയും ഇതു ബാധിക്കുന്നുണ്ട്. ‘നിഷ്പക്ഷ നീതി’, ‘നിഷ്‌പക്ഷ ഭരണം’ തുടങ്ങിയ വായ്ത്താരികൾ ‘ജനസമ്മതി’ നേടിയെടുക്കാനുള്ള ആവർത്തിക്കുന്ന ആഭിചാര വാങ്‌മയം മാത്രം!

എന്തായാലും ജനകീയ ഇച്ഛയല്ലേ ജനാധിപത്യത്തിൽ നിർണ്ണായകം? ആയതിന് നിഷ്പക്ഷമായും സത്യസന്ധമായും സുതാര്യമായും തെരഞ്ഞെടുപ്പുകൾ നടന്നാൽ പോരേ?

ആധുനിക ജനാധിപത്യത്തിൽ ഭരണകൂടവും തെരഞ്ഞെടുപ്പും ഉൾപ്പെടെ സർവ്വതും അധികാധികം വ്യവസായവൽക്കരണത്തിന് വിധേയമായി വരികയാണ്. ‘ജനസമ്മതി’യും ‘ജനകീയ ഇച്ഛ’യുമൊക്കെ വ്യാവസായികോത്പന്നങ്ങളായി, ‘ആസൂത്രിത നിർമ്മിതി’കളായി മാറിക്കഴിഞ്ഞു. ‘ജനസഞ്ചയ ഉയർത്തെഴുന്നേല്പുകൾ’പോലും ‘സ്വാഭാവിക’മായ ജനകീയ പ്രതികരണങ്ങൾ എന്നതിനേക്കാൾ നിർമ്മിതവും നിയന്ത്രിതവുമാണെന്ന് സൂക്ഷ്മ നിരീക്ഷണത്തിൽ മനസ്സിലാക്കാനാവും. മുഖ്യധാരാമാധ്യമങ്ങളും അങ്ങനെയല്ലെന്നു കരുതപ്പെടുന്ന ഡിജിറ്റൽ സാമൂഹ്യ മാധ്യമങ്ങളും മൂലധന ശക്തികളുടെ ദൃശ്യവും അദൃശ്യവുമായ നിയന്ത്രണങ്ങൾക്കകത്താണ് ‘സ്വതന്ത്ര’ മായിരിക്കുന്നതെന്ന് മറന്നുകൂടാ. ‘പ്രതിച്ഛായാഭംഗ’വും ‘പ്രതിഛായാനിർമ്മിതി’യും മാധ്യമ മൂലധനത്തിൻ്റെ കയ്യിലാണ്. സാധാരണ ജനങ്ങൾ ജനാധിപത്യത്തിൻ്റെ നാലാം തൂണായ മാധ്യമ മൂലധനത്തിന്റെ ഇരകളും ഉപകരണങ്ങളുമാണ്, ഒരേസമയം! പുതിയ ജനപ്രിയ സർക്കാരുകൾ പിന്തുടരുന്നത് കോർപറേറ്റ് മോഡൽ’ ഭരണക്രമമാണെന്നതും യാദൃച്ഛികമല്ല.

സമുദായ പ്രതിനിധാനം എന്നത് ഇന്ത്യനവസ്ഥയിൽ ജാതിസമുദായങ്ങൾക്കും മതസമുദായങ്ങൾക്കും ജനസംഖ്യാനുപാതികമായി ഒരുപോലെയല്ലേ ബാധകമാവുക? സമുദായങ്ങളുടെ ശാക്തീകരണം മതങ്ങളുടെതന്നെ ശാക്തീകരണമാവില്ലേ? ഫലത്തിലിതു വർഗ്ഗീയ ശാക്തികരണത്തിലേയ്ക്കും ജാതി – മത വിദ്വേഷങ്ങളിലേക്കുമല്ലേ നയിക്കുക?

അതാണ് സംഭവിക്കുക. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. ഇവിടെ പക്ഷേ, സെമിറ്റിക് മതന്യൂനപക്ഷങ്ങളും ഹിന്ദുമതത്തിലെ ജാതിസമുദായങ്ങളും അഭിമുഖീകരിക്കുന്ന സ്വത്വപ്രശ്നങ്ങൾ തമ്മിൽ വലിയ വ്യത്യാസമുള്ളതായി കാണാം. വളരെ സങ്കീർണ്ണമാണത്.

മതങ്ങളും മതസമുദായങ്ങളും തമ്മിലുള്ള വ്യത്യാസമെന്ത് ?

മതങ്ങൾക്കകത്തെ വ്യത്യസ്‌ത വിഭാഗങ്ങളാണ് മതസമുദായങ്ങൾ. ആധുനികവും ഒരപൂർണ്ണ നിർമ്മിതിയുമായ ‘ഹിന്ദുമത’ത്തെ സംബന്ധിച്ചിടത്തോളം ആദ്യമുണ്ടായത് ജാതിസമൂഹങ്ങളും അവയിൽത്തന്നെ ശൈവം, ശാക്തേയം, വൈഷ്‌ണവം മുതലായ വിശ്വാസ കൂട്ടായ്മകളുമാണ്. പരസ്‌പരം കലഹിച്ചിരുന്ന ഇത്തരം വിശ്വാസ കൂട്ടായ്‌മകൾ സംയോജിച്ചും പിൽക്കാലത്ത് ജാതികൾക്കുള്ളിലെ ഉപജാതികൾ സംയോജിച്ചുമാണ് ആധുനിക ജാതിസമുദായങ്ങളും ‘നവബ്രാഹ്മണിക് ഹിന്ദുമത’വും രൂപംകൊള്ളുന്നത്.

അവർണ്ണ സമുദായങ്ങളും സവർണ്ണ സമുദായങ്ങളും തമ്മിൽ ‘പ്രതിനിധാന പദവി’യിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? തുല്യപദവിയല്ലേ അവയ്ക്കുണ്ടാവുക?

സമുദായ പ്രതിനിധാനം സംബന്ധിച്ച കാതലായ ചോദ്യമാണിത്. പൊതുവേ ഉന്നയിക്കപ്പെടാത്തതും ഈ ചോദ്യമാണ്. ഇന്ത്യനവസ്ഥയിൽ ‘ജനസംഖ്യാനുപാതിക പ്രാതിനിധ്യ’ത്തിൻ്റെ പ്രധാന ദൗർബല്യം അങ്ങനെ തമസ്തമാകുന്നു. സവർണ്ണ- അവർണ്ണ പ്രതിനിധാനങ്ങൾക്ക് ഒരേ പദവിയോ സാധൂകരണമോ അധികാരമോ അല്ല യഥാർത്ഥത്തിൽ ലഭ്യമാവുക. സവർണ്ണ സമുദായങ്ങൾ സ്വയമേ അധീശാധികാര പദവികളാണ്. ജന്മനാ ആ സമുദായങ്ങളിലെ ഓരോ അംഗവും അയാൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും യാതൊരു തെരഞ്ഞെടുപ്പും ഇല്ലാതെതന്നെ എല്ലാ അവർണ്ണർക്കും മേൽ പ്രതിനിധാനാവകാശം ഉൾപ്പെടെ അധീശാധികാരം വെച്ചുപുലർത്തുന്നവരാണെന്നർത്ഥം. വ്യക്തികളുടെ ബോധപൂർവ്വമായ തെരഞ്ഞെടുപ്പിനതീതമായ ഈ അധികാരപദവിയാണ് ജാതിമേൽക്കോയ്‌മ. അവർണ്ണരെക്കൂടി മേൽകീഴ് തട്ടുകളായി തിരിച്ച് അധിനിവേശപ്പെടുത്തിയാണ് ജാതിവ്യവസ്ഥ അതിജീവിക്കുന്നത്. വാസ്‌തവത്തിൽ അവർണ്ണർ വ്യത്യസ്‌തതയുള്ള ‘സ്വതന്ത്ര സമുദായ’ങ്ങളാണ്; ‘ജാതി’കളല്ല. ഈയൊരു സ്വത്വബോധം ഇല്ലാത്തിടത്തോളം അവർണ്ണർക്ക് സ്വസമുദായപ്രതിനിധാനം പോലും സാധ്യമല്ല; അവർ ഹൈന്ദവ ജാതിബോധത്തിൽ കുരുങ്ങിക്കിടക്കുകയേയുള്ളൂ. ‘സെക്കുലർ’ എന്നവകാശപ്പെടുന്ന സവർണ്ണ ജനപ്രതിനിധികളും ‘പൊതു’ പ്രവർത്തകരും ജാതിവാൽ ഒഴിവാക്കാൻ മടിക്കുന്നത് അതൊരു അധികാരപദവിയാണെന്ന് മനസ്സിലാക്കുന്നതുകൊണ്ടു കൂടിയാണ്.
5
എങ്ങനെയാണ് അവർണ്ണർ സ്വതന്ത്ര സമുദായങ്ങളാണെന്നു പറയാനാവുക? ശൂദ്രരും അവർണ്ണരെപ്പോലെ ത്രൈവർണ്ണികരുടെ അധിനിവേശം അനുഭവിക്കുന്നവരല്ലേ? അവരെയും സ്വതന്ത്ര സമുദായമായി പരിഗണിക്കേണ്ടതല്ലേ?

ബ്രാഹ്മണിസ്റ്റ് മേൽക്കോയ്‌മയിൽ വരുംമുമ്പ് അവരും അവർണ്ണരെപ്പോലെ സ്വതന്ത്ര സമുദായം ആയിരുന്നിരിക്കാം. പക്ഷെ നാലാം വർണ്ണമായി അംഗീകാരം നേടുന്നതോടെ അവർ ജാതിവ്യവസ്ഥയുടെ ‘നാലാം തൂണ്’ ആവുകയാണ്. കേരളത്തിലാവട്ടെ ശൂദ്ര- ബ്രാഹ്മണ ബാന്ധവം ജാതിവ്യവസ്ഥയിൽ ഒരു സവിശേഷ പദവിക്ക് അവരെ അർഹരാക്കുന്നുമുണ്ട്. ക്ഷത്രിയർ ഇല്ലാതിരുന്ന കേരളത്തിൽ ശൂദ്രരിൽ ചിലർക്ക് ക്ഷത്രിയ പദവി കൊടുക്കാൻ മലയാള ബ്രാഹ്മണർ മടിച്ചിരുന്നില്ല. മാർത്താണ്ഡവർമ്മ ക്ഷത്രിയനായത് അങ്ങനെയാണല്ലോ.

ഓരോ വോട്ടിനും ‘ഒരേ മൂല്യ’മാകുന്നത് സംഖ്യാപരമെന്ന നിലയിൽ മാത്രമാണെന്നത് ശരി. ഒപ്പം, കീഴാള സമുദായങ്ങൾക്ക് സവർണ്ണ സമുദായങ്ങളെപ്പോലെ സ്വത്വപരമായ പ്രതിനിധാനം സുസാധ്യമല്ലെന്നും പറയുന്നു. എങ്കിൽ പിന്നാക്ക സമുദായ സംവരണം സാർത്ഥകമാകുന്നതെങ്ങനെ?

പിന്നാക്ക സമുദായ സംവരണം ‘സാർത്ഥക’മാകാത്തത് അതു നിരർത്ഥകമായതുകൊണ്ടല്ല. മറിച്ച്, അതിന്മേൽ ജാതിഉന്മൂലനം പോലുള്ള ഭാരിച്ച അർത്ഥകല്പനകളും ആഗ്രഹചിന്തകളും കെട്ടിവെയ്ക്കുന്നതുകൊണ്ടാണ്. നമ്മുടെ ‘ജനാധിപത്യ വിശ്വാസ’വും യാഥാർഥ്യബോധം തെല്ലുമില്ലാത്ത ഒരു ഭാവനാസൃഷ്‌ടിയാണല്ലോ; ‘സാർവ്വത്രിക വോട്ടവകാശം’ മുൻനിർത്തിയുള്ള, ഇരകളെക്കൂടി ആവേശപൂർവ്വം പങ്കാളികളാക്കുന്ന, ഒരു ലിബറൽ മൂലധന വിനോദം!

ഇവിടെ നാം ചോദിക്കേണ്ട മറ്റുചില ചോദ്യങ്ങളുണ്ട്. ഇന്ത്യൻ ഭരണഘടന എന്തുകൊണ്ട് സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നില്ല? എന്തുകൊണ്ടത് സാമുദായിക സംവരണം ഉയർത്തിപ്പിടിക്കുന്നു? എന്തുകൊണ്ട് നമ്മുടെ സാമ്പത്തിക സംവരണവാദികൾ സവർണ്ണർക്കുമാത്രമായുള്ള സാമ്പത്തിക സംവരണ (EWS ) ത്തെ സ്വാഗതം ചെയ്യുന്നു? എത്രയും എളുപ്പത്തിൽ അതവർക്ക് നടപ്പാക്കിയെടുക്കാൻ കഴിയുന്നു?

മേൽപ്പറഞ്ഞ ചോദ്യങ്ങൾ മുൻനിർത്തി ചിന്തിച്ചാൽ സവർണ്ണ പ്രതിനിധാനത്തിന്റെ ‘ഇരട്ടശക്തി’ യും ‘അവർണ്ണ പ്രതിനിധാന’ ത്തിൻ്റെ കേവലവൈയക്തികതയും വെളിപ്പെട്ടു കിട്ടാതിരിക്കില്ല. അതായത്, സവർണ്ണ സമുദായങ്ങളിലെ ഓരോ അംഗവും അവർ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ജനപ്രതിനിധിയൊന്നും ആവാതെതന്നെ അതതു സമുദായത്തിൻ്റെ വരേണ്യ സാമൂഹ്യ – സാംസ്‌കാരിക അധികാര പദവിയെ അനൗപചാരികമായി പ്രതിനിധാനം ചെയ്യുന്നുണ്ടെന്നു സാരം. പിന്നാക്ക സമുദായാംഗങ്ങൾക്കാവട്ടെ ഈ ആനുകൂല്യമില്ലെന്നു മാത്രമല്ല, അവരിൽനിന്ന് അധികാരസ്ഥാനങ്ങളിൽ എത്തപ്പെടുന്നയാൾക്ക് ആ സമുദായത്തിൻ്റെ എന്നതിനേക്കാൾ അയാളുടെ പാർടിയുടേയോ പൊതുസമൂഹത്തിന്റെ ആകമാനമോ പ്രതിനിധിയായാണ് വർത്തിക്കാനാവുക. തൻ്റെ കീഴാളസ്വത്വം അയാൾക്ക് ‘അധികാര’മായല്ല, ഒരധിക ബാധ്യതയായാണ് മാറുക. ‘അർത്ഥമില്ലാത്തവന് അർത്ഥം കിട്ടിയാലുള്ള അവസ്ഥ’യായി, അനർഹമായ ഒന്നായി, മാത്രമേ വരേണ്യ സമൂഹം അയാളുടെ നിയമാനുസൃത കർത്തവ്യങ്ങളെപ്പോലും വായിക്കൂ.

ഉച്ചനീചത്വങ്ങൾ വെച്ചുപുലർത്തുന്ന എല്ലാ മതസമുദായങ്ങളിലും ഇപ്പറഞ്ഞ പ്രതിനിധാനശേഷീപ്രശ്‌നമില്ലേ?

ഇതര മതങ്ങളെപ്പോലെ നിർമ്മാണം പൂർത്തീകരിക്കപ്പെട്ട, ലക്ഷണമൊത്ത, ഒന്നല്ല ആധുനിക ‘ഹിന്ദുമതം’. ഇതിലെ സവർണ്ണ വിഭാഗവും ബ്രാഹ്മണിക് പൗരോഹിത്യ അധീശാധികാരവുമാണ് അതിനെ ‘ഹിന്ദുമത’മാക്കുന്നത്. ചാതുർവർണ്ണ്യ മേൽക്കോയ്മയില്ലാത്ത ഹിന്ദുമതം എന്നൊന്ന് അചിന്ത്യമാണ്. ഹൈന്ദവേതര മതങ്ങൾക്കും ഇരട്ടപ്രതിനിധാന ശേഷിയുണ്ട്. അവയിൽ പക്ഷേ, മതപ്രതിനിധാനത്തിനാണ് പ്രാഥമ്യം; സമുദായ പ്രതിനിധാനം ദ്വിതീയം മാത്രം. നിർമ്മാണാവസ്ഥയിലുള്ള പുതിയ ‘ഹിന്ദുമത’ത്തിലും ഇതര മതങ്ങളിലേതുപോലെ മതപ്രതിനിധാനം പ്രാഥമികമാക്കാനാണ് ഹിന്ദുത്വവാദികളുടെ ശ്രമം. ഇതര മതങ്ങളിൽ വ്യത്യസ്‌ത സമുദായങ്ങളുടെ ശാക്തീകരണം പൊതുവായ മതശാക്തീകരണത്തിന് അനുകൂലമാണെങ്കിൽ കീഴാള സമുദായങ്ങളെ ദുർബ്ബലപ്പെടുത്തിമാത്രം സാധ്യമാകുന്നതാണ് ഹിന്ദുത്വ ശാക്തീകരണം. ഏറെ ശ്രദ്ധേയമാണിത് .

‘പ്രതിനിധാന’ ത്തിലെ പ്രശ്‌നങ്ങളെപ്പറ്റി പറഞ്ഞതൊക്കെ ശരിയാണെങ്കില്പോലും സമൂഹത്തിലെ നാനാതരത്തിലുള്ള ‘വൈവിധ്യ’ ങ്ങൾക്ക് പൊതുമണ്ഡലത്തിൽ പ്രകാശനം കിട്ടാൻ ജനസംഖ്യാനുപാതിക പ്രാതിനിധ്യമല്ലേ വേണ്ടത് ? അതൊഴിവാക്കാനാവുന്നതെങ്ങനെ?

സാമൂഹ്യമായ ഉച്ചനീചത്വങ്ങൾ ഇല്ലാത്തതോ നാമമാത്രമായതോ ആയ സമൂഹങ്ങളിൽ ഭാഷ, ലിംഗം, സംസ്കാരം, വിശ്വാസം തുടങ്ങിയ തലങ്ങളിലെ വൈവിധ്യൾക്ക് പൊതുപരിപാടികളിലും മറ്റും ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പുവരുത്തുക താരതമ്യേന എളുപ്പമാണ്. എന്നാൽ, ഉച്ചനീചത്വങ്ങൾ രൂക്ഷമായ സമൂഹങ്ങളിൽ ഇതെളുപ്പമല്ല. തന്നെയല്ല, സാമൂഹ്യമായ ഉച്ചനീചത്വങ്ങൾക്കു തടയിടാനും ഇതുകൊണ്ടാവില്ല. ഉച്ചനീചത്വങ്ങൾ വളരാൻ സംഖ്യാപരമായ പ്രതിനിധാനം സഹായകമാവുകയും ചെയ്യും.

സ്വത്വ പ്രതിനിധാനത്തിലെ ആന്തര വൈരുദ്ധ്യം മറികടക്കാനുള്ള ഒരു ‘മെക്കാനിസ’മോ ‘ഇട’മോ ഇന്ത്യൻ ജനാധിപത്യത്തിൽ കണ്ടെത്താനാവില്ലേ?

നിശ്ചയമായും. പക്ഷെ ആ ഇടം അനുനിമിഷം കുറഞ്ഞുവരികയാണ്. സംവിധാനമാകട്ടെ അതീവ ദുർബ്ബലവും. EWS എന്ന മുന്നാക്കസംവരണത്തിലൂടെ പിന്നാക്ക സമുദായ സംവരണം സംബന്ധിച്ച ഭരണഘടനാ വിവക്ഷകൾ ‘നിയമാനുസൃതം’ തന്നെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു! എന്നിരിക്കേ അവ പുനഃസ്ഥാപിച്ച് നടപ്പിലാക്കിക്കിട്ടാൻ നാമിനി ഏതു ഭരണകൂടത്തോടാണ് യാചിക്കുക? ഏതു കോടതിയോട് ?

(അവസാനിക്കുന്നില്ല )

A K Ravindran

A K Ravindran

എ കെ രവീന്ദ്രൻ 1969 മുതൽ അടിയന്തിരാവസ്ഥ പിൻവലിക്കുംവരെ നക്സലൈറ്റ് അനുഭാവിയായിരുന്നു. തുടർന്ന് 1983 വരെ വിശാല ഇടതുപക്ഷ അന്വേഷണങ്ങളിൽ പങ്കാളി. ശേഷം നവസാമൂഹിക പ്രസ്ഥാനങ്ങളുടെ സഹചാരി. ഇപ്പോൾ ചാലക്കുടിക്കടുത്തുള്ള മുരിങ്ങൂരിൽ താമസം. കീഴാള സൂക്ഷ്മ രാഷ്ട്രീയം മലയാള ചിന്തകരിലൂടെ ഒരന്വേഷണം, കീഴാള സ്വരാജ്, നല്ലത് പ്രകൃതി ചികിത്സയോ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

View All Articles by A K Ravindran

Share Article
Whatsapp Email