കെ കെ കൊച്ചിന്റെ മഹാരാജാസ് ജീവിതം: കീഴാള നക്‌സലൈറ്റിൽ നിന്ന് കീഴാള ജ്ഞാനരൂപീകരണത്തിലേയ്ക്ക്

കെ കെ കൊച്ചിന്റെ മഹാരാജാസ് ജീവിതം: കീഴാള നക്‌സലൈറ്റിൽ നിന്ന് കീഴാള ജ്ഞാനരൂപീകരണത്തിലേയ്ക്ക്

മഹാരാജാസ് കോളേജ് കാലഘട്ടത്തിലെ കെ. കെ. കൊച്ചിന്റെ നക്‌സലൈറ്റ് അനുഭവങ്ങളെ ആസ്പദമാക്കി, കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയം, അടിത്തട്ടിലെ സാമൂഹിക യാഥാർഥ്യങ്ങൾ, കീഴാള ജ്ഞാനരൂപീകരണം തുടങ്ങിയവയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നക്സലൈറ്റ് അനുഭാവിയായിരുന്ന എ കെ രവീന്ദ്രൻ. വ്യക്തിഗത ഓർമ്മകളും ചരിത്ര സംഭവങ്ങളും ചേർന്ന ഈ ഓർമ്മക്കുറിപ്പ്, ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ-സാമൂഹിക ഉണർവ്വിനെയും സംഭവബഹുലമായ ആ വർഷങ്ങളെയും രേഖപ്പെടുത്തുന്നു.

തിരിഞ്ഞു നോക്കുമ്പോൾ, പല ആദ്യകാല ചോദ്യങ്ങളും കാലാതിവർത്തിയായി അധികാധികം അർത്ഥസമ്പുഷ്‌ടമാകുന്നതു കാണാം. കെ കെ കൊച്ച് എനിക്കാരാണെന്നതും അങ്ങനെയൊന്നാണ്. വ്യക്ത്യതീതമായി കേരളം സ്വയം ആവർത്തിച്ചു ചോദിക്കേണ്ട ചോദ്യമാണിത്. ഇവിടത്തെ അടിത്തട്ടു വിജ്ഞാന രൂപീകരണത്തിലേയ്ക്കും അതുവഴി മൊത്തം കേരളീയ യാഥാർഥ്യങ്ങളിലേയ്ക്കും അവയുടെ പൊളിച്ചെഴുത്തിലേയ്ക്കും എത്തിച്ചേരാൻ ഇത് കൂടിയേ തീരൂ. അത്രമേൽ നിർണ്ണായകവും വ്യതിരിക്തവുമാണ് ഇക്കാര്യത്തിൽ കെ കെ കൊച്ചിൻ്റ ഭാഗധേയം. മഹാരാജാസ് കോളേജിലെ അദ്ദേഹത്തിന്റ്റ സർഗാത്മകവും വിമോചനോന്മുഖവുമായ ആവിഷ്‌കാരങ്ങളിൽ പിൽക്കാലത്ത് പടർന്നു പന്തലിച്ച കെ കെ കൊച്ചിനെ സുവ്യക്തമായിത്തന്നെ കാണാവുന്നതാണ്. അസുലഭമായ ആ നേർകാഴ്ചയുടെ അനുഭവാനുഭൂതികൾ ഇന്നും വഴിവെളിച്ചമായി എന്നോടൊപ്പമുണ്ട്. കെ. കെ. കൊച്ച് പൊരുതിയുണ്ടാക്കിയ കീഴാള ജ്ഞാന മണ്ഡലങ്ങൾ, നവഫാസിസത്തിന്റേതായ ഇക്കാലത്ത്, ലിബറലിസത്തിനകത്തെ ആന്തര വൈരുധ്യങ്ങൾ മറികടക്കാൻ കെല്പുള്ള വിമർശ പൂരണങ്ങൾ നമ്മോടാവശ്യപ്പെടുന്നുമുണ്ട്.

ഇവിടെ ഉദ്ദേശിക്കുന്നത് പക്ഷേ, നക്‌സലൈറ്റ് അനുഭാവിയായിരുന്ന കെ. കെ. കൊച്ചിന്റ അപൂർണ്ണമെങ്കിലുമായ ഒരു ഓർമ്മച്ചിത്രം വാക്കുകളിലൂടെ വരച്ചെടുക്കാനുള്ള ശ്രമം മാത്രം. അതും ഒരു വിദ്യാർത്ഥി സമരം മുൻനിർത്തി.

1969 – ’70 അധ്യയന വർഷത്തിലാണ് ആദ്യമായി ഞങ്ങൾ തമ്മിൽ കാണുന്നത്. അക്കൊല്ലം മഹാരാജാസിലെത്തിയ എൻ്റെ താമസം ന്യൂ ഹോസ്റ്റലിലെ മുകളിലെ നിലയിലാണ്. തലശ്ശേരിക്കാരനായ ശങ്കർ മേനോൻ സഹവാസി. മുറി പങ്കിടുന്നതിൽ മാത്രമല്ല, രാഷ്ട്രീയത്തിലും. ഇരുവരും വെവ്വേറെ വഴികളിലൂടെ നക്‌സലൈറ്റ് അനുഭാവികളായവർ.

Maharajas College, Ernakulam
മഹാരാജാസ് കോളേജ്

നക്‌സലൈറ്റുകൾ അക്കാലം ബഹുരൂപികളായി ഒളിയിടങ്ങളിൽ ചിതറിപ്പടരുകയാണ്. ഞങ്ങളാവട്ടെ മൂന്നാമതൊരു നക്‌സലൈറ്റിനെ നേരിൽ കണ്ടിട്ടുമില്ല. മൂന്നാമതൊരു നക്‌സലൈറ്റുമായി ബന്ധപ്പെടാൻ എന്തുവഴി?

അങ്ങനെയിരിക്കെ അതാ, കാഞ്ഞിരമറ്റംകാരനായ സുകുമാരൻ എന്ന ആർട്ടിസ്റ്റ് വരുന്നു. ഹോസ്റ്റലിലെ പതിവു സന്ദർശകൻ. മുറിയിൽ കെ. വേണു പത്രാധിപരായ ‘ഇൻക്വിലാബ്’ മാസിക കണ്ട് അദ്ദേഹം പരിഹസിച്ചു : “ഇതാണോ നിങ്ങൾ വായിക്കുന്നത് ? താഴെ കൊച്ചിൻ്റെ മുറിയിൽ ‘ലിബറേഷൻ’ ഉണ്ടല്ലോ!” സന്തോഷത്താൽ അന്ധാളിച്ചെങ്കിലും ഒട്ടും താത്പര്യമില്ലാത്ത പോലെ ഞങ്ങൾ വിഷയം മാറ്റി. കൽക്കത്തയിൽ നിന്ന് രഹസ്യമായി പ്രസിദ്ധീകരിച്ചിരുന്ന ഔപചാരിക എം. എൽ. പ്രസിദ്ധീകരണമായിരുന്നു ‘ലിബറേഷൻ’,

കൊച്ചിനെ അറിയാത്തവരായി ക്യാമ്പസിൽ ആരുമില്ല. കെ. എസ്. എഫ്‌- ൻ്റെ സമരനായകൻ. ആദ്യകാഴ്‌ചയിൽ തന്നെ ആരെയും ആകർഷിക്കുന്ന തെളിഞ്ഞ മുഖവും പെരുമാറ്റവും വ്യക്തിത്വവും. അന്നേ വ്യത്യസ്‌തവും വ്യക്തവുമായ കീഴാള കാഴ്‌ചപ്പാടിന്റെ ആൾരൂപമായിരുന്നു കെ. കെ. കൊച്ച്. കമ്മ്യൂണിസ്റ്റ് ആടയാഭരണങ്ങൾ ഉണ്ടായിരുന്നു എന്നുമാത്രം.

‘ലിബറേഷൻ’ന്റെ സാന്നിദ്ധ്യം അറിവായതോടെ കൊച്ചിൻ്റ മുറി ഞങ്ങളുടെ രഹസ്യ നിരീക്ഷണത്തിലായി. രാവേറെ ചെന്നപ്പോൾ അതാ എസ്. എഫ്. – ന്റെ മറ്റൊരു സമരനേതാവായ ഹാരി അങ്ങോട്ടു പോകുന്നു! (ഹാരിയുടെ കൊച്ചമ്മാവനായ ടി. എൻ. ജോയ് ആണ് പിന്നീട് എം. എൽ. പാർട്ടിയുടെ മുഖ്യ സംഘാടകനായത്.) സറ്റുഡന്റ്റസ് ഫെഡറേഷന്റെ മറവിൽ നക്‌സലൈറ്റ് അനുഭാവികളാണ് സമരങ്ങൾ നയിക്കുന്നതെന്ന് ഞങ്ങൾക്കു മനസ്സിലായി. പിന്നെ അമാന്തിച്ചില്ല. പിറ്റേദിവസം ശങ്കർ മേനോനും ഞാനും കൊച്ചിനെ നേരിൽ കണ്ട് പരസ്‌പരം വിവരങ്ങൾ കൈമാറി. ലിബറേഷൻ്റെ മുൻ ലക്കങ്ങൾ ഉൾപ്പെടെയുള്ള പുസ്‌തകങ്ങളും.

T N Joy
ടി. എൻ. ജോയ്

കൊച്ചുമായി രാഷ്ട്രീയം സംസാരിച്ചു തുടങ്ങിയതോടെ ഒരുകാര്യം വ്യക്തമായി; കൊച്ചും അദ്ദേഹത്തിൻ്റെ അടുത്ത സഖാക്കളായ കെ. കെ. സുകുമാരനും ഹാരിയും ഉൾപ്പെടെയുള്ളവർ മാത്രമല്ല, ന്യൂ ഹോസ്റ്റലിൽ ഉണ്ടായിരുന്ന ബഹുഭൂരിപക്ഷം കമ്മ്യൂണിസ്റ്റ് അനുകൂല വിദ്യാർത്ഥികളും ‘അധ: സ്ഥിത കമ്മ്യൂണിസ്റ്റു’ കൾ ആണെന്ന്. കമ്മ്യൂണിസ്റ്റ് അനുഭാവികളാണെന്നു ഭാവിക്കാൻ പോലും അവർക്ക് ഭയവും ലജ്ജയുമായിരുന്നു. തങ്ങളുടെ സാമുദായിക (ജാതീയ) സ്വത്വങ്ങൾ വെളിപ്പെടുമോ എന്നതായിരുന്നു പ്രധാന കാരണം. വിമോചനസമരത്തിൻ്റെ തിക്താനുഭവങ്ങൾ നിറഞ്ഞ ബാല്യം അങ്ങനെയൊരവസ്ഥയിലേക്കാണ് പൊതുവെ എല്ലാവരെയും എത്തിച്ചത്. കെ. എസ്. എഫ്- ൽ നേരത്തെ തന്നെ സജീവമായി പ്രവർത്തിച്ചിരുന്ന കൊച്ചിനെപ്പോലുള്ളവരെ ഇതു ബാധിച്ചിരുന്നില്ലെങ്കിലും പാർട്ടിയിൽ കുലമഹിമ പ്രധാനമാണെന്ന കാര്യം വളരെ വ്യക്തമായിരുന്നു. കെ. എസ്. യു.ക്കാർ വിദ്വെഷത്തോടെ കണ്ടിരുന്നത് അവർക്കൊപ്പം നിൽക്കാത്ത ദലിത് വിദ്യാർത്ഥികളെ മൊത്തത്തിലാണ്. മേൽത്തട്ടു കമ്മ്യൂണിസ്റ്റുകാരും അടിത്തട്ടുകമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള വ്യത്യാസം അന്നേ പ്രായോഗിക രംഗത്ത് ഞങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന കാര്യമാണ്. വിദ്യാർത്ഥികളോടുള്ള പൊലീസിൻ്റെ പെരുമാറ്റത്തിലും ഇരട്ട സമീപനം പ്രകടമായിരുന്നു. ഇതേക്കുറിച്ച് ഹാരി പറഞ്ഞിരുന്നത് പൊലീസിൻ്റെ ‘മട്ടനും ബീഫും കളി’ എന്നത്രേ.

Hari
ഹാരി

അധ:സ്ഥിത വിദ്യാർത്ഥികൾക്കിടയിലെ ഭയജന്യമായ ഈ തണുപ്പൻ മനോഭാവം തുടച്ചു നീക്കപ്പെട്ടത് കെ. കെ. കൊച്ചിൻ്റെ നേതൃത്വത്തിൽ നടന്ന ഒരു ഗംഭീര സമരത്തോടെയാണ്. നഗരമധ്യത്തിലെ കോളേജ് ഗ്രൗണ്ട് രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗ സ്ഥലമാക്കി മാറ്റുന്നതിനെതിരായ സമരമായിരുന്നു അത്. ഗ്രൗണ്ടിനോട് ചേർന്നുള്ള ന്യൂ ഹോസ്റ്റൽ ‘ലിബറേറ്റ്’ ചെയ്‌ത് നാലുപാടും പാർട്ടി ചിഹ്നങ്ങളില്ലാത്ത ചെങ്കൊടി നാട്ടുന്നതടക്കമുള്ള അത്യപൂർവ്വമായ സമരം! എറണാകുളം പട്ടണത്തെ പിടിച്ചുകുലുക്കിയത്!

സംഭവ പരമ്പരകൾ നടക്കുന്നത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ്. കോളേജ് ഗ്രൗണ്ടിൽ ഇന്ത്യൻ പ്രധാനമന്ത്രി വന്നു പ്രസംഗിക്കുന്നത് അഭിമാനകരമായാണ് രാഷ്ട്രീയഭേദമില്ലാതെ എല്ലാവരും കണ്ടത്. കേരളത്തിൽ അന്ന് പ്രതിപക്ഷത്തായിരുന്ന സി. പി. എമ്മും അവരുടെ വിദ്യാർഥിസംഘടനയും ഇതേ നിലപാടിലായിരുന്നു. എന്നാൽ പ്രധാനമന്ത്രി എന്ന നിലയിലല്ല; മറിച്ച് കോൺഗ്രസ്സുകാരിയെന്ന നിലയിൽ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് അവർ വരുന്നതെന്ന വസ്‌തുത കെ. കെ. കൊച്ചിനെ അലട്ടി. ഇക്കാര്യം നക്‌സലൈറ്റ് അനുഭാവികളുടെ രഹസ്യ യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു. ഇത് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പ്രശ്നമല്ലെന്നും അവരൊത്തുചേർന്നു വിദ്യാർത്ഥികളുടെ അവകാശങ്ങളിൽ നടത്തുന്ന നഗ്നമായ കയ്യേറ്റമാണെന്നും ഞങ്ങൾക്ക് ബോധ്യമായി.

Indira Gandhi
ഇന്ദിരാഗാന്ധി

ഇന്ദിരാഗാന്ധി വരുന്നതിനെ കെ. എസ്. യു. എതിർക്കില്ലെന്നുറപ്പ് . എതിർക്കേണ്ടത് ശരിക്കും എസ്. എഫ്. അനുകൂല വിദ്യാർത്ഥികളാണ്. അവരുടെ ഔപചാരിക നേതൃത്വം പക്ഷേ പാർട്ടിയുടെ കുഞ്ഞാടുകൾ മാത്രമായിരുന്നു. ഞങ്ങളുടെ നിര്ബന്ധത്താൽ എം. എം. ലോറൻസുമായി പലവട്ടം സംസാരിച്ചതിനു ശേഷവും നാളെ ഇ എം എസ്സിനെ കൊണ്ടുവരാമല്ലോ എന്ന സന്തോഷത്തിൽ ഒതുങ്ങി നിൽക്കാനേ അവർക്കായുള്ളൂ. ഈ സാഹചര്യത്തിൽ ഓരോ വിദ്യാർത്ഥിയെയും നേരിൽ കണ്ട് വിദ്യാർത്ഥികളുടെ പൊതുതാത്പര്യത്തിൻ്റെ രാഷ്ട്രീയം അവരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലായി ഞങ്ങൾ. ഈ ദൗത്യം പരിപൂർണ്ണ വിജയമായിരുന്നു. അപ്പോഴേക്കും ഇന്ദിരാഗാന്ധിയുടെ വരവുപ്രമാണിച്ച് ഗ്രൗണ്ടും ഹോസ്റ്റലും പരിസരങ്ങളുമൊക്കെ പോലീസിൻ്റെ നിരീക്ഷണത്തിലായി. വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷവും ഞങ്ങളുടെ നിയന്ത്രണത്തിലും! ഇന്ദിരാഗാന്ധി വന്നുപോകുന്നതുവരെ ആരും കുഴപ്പമൊന്നും ഉണ്ടാക്കരുതെന്നും പ്രതിഷേധം പുറത്തു കാണിക്കാതെ എല്ലാവരും ക്ലാസ്സിൽ കയറി ഹാജർ രേഖപ്പെടുത്തണമെന്നുമുള്ള ഞങ്ങളുടെ നിർദ്ദേശം കൃത്യമായി നടപ്പിലാവുകയും ചെയ്തു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പുയോഗം അലങ്കോലപ്പെടുത്തിയാലുള്ള പ്രത്യാഘാതം ചെറുതായിരിക്കില്ലല്ലോ.

എന്നാൽ, ഞങ്ങളുടെ കണക്കുകൂട്ടലുകൾക്കു വിരുദ്ധമായി, ഇന്ദിരാഗാന്ധിയുടെ പ്രസംഗമധ്യേ ഹോസ്റ്റലിന്നരികിൽ നിന്ന ജനക്കൂട്ടത്തിലേയ്ക്ക് എവിടെനിന്നോ ഒരു കല്ലുവന്നു വീണ്ടു, ഹോസ്റ്റലിൽ നിന്നാവാം ഇതെന്ന നിഗമനത്തിൽ പോലീസ് അവിടെ പ്രസംഗം കേൾക്കാൻ കൂടിനിന്ന വിദ്യാർത്ഥികളെ വകഞ്ഞുമാറ്റി. പോലീസിന്റെ തിക്കും തിരക്കും ആക്രോശങ്ങളും വേദിയിൽ അധ്യക്ഷനായിരുന്ന എ. കെ. ആൻ്റണിയുടെ ശ്രദ്ധയിൽ പെട്ടു. അദ്ദേഹം എണീറ്റുനിന്ന് കുട്ടികളെ ഉപദ്രവിക്കരുതെന്നു മൈക്കിലൂടെ വിളിച്ചുപറഞ്ഞെന്നും ഇതു കേട്ടപാടെ വിദ്യാർത്ഥികളെയൊക്കെ പൊലീസ് തല്ലിയോടിച്ചെന്നുമാണ് സ്ഥലത്തില്ലാതിരുന്ന ഞങ്ങൾക്ക് പിന്നീടറിയാൻ കഴിഞ്ഞത്. ഇൻറർവെൽ സമയത്ത് ഞങ്ങൾ കണ്ടത് റോഡിലുടനീളവും ഗ്രൗണ്ടിലും ചെരിപ്പുകൾ ചിതറിക്കിടക്കുന്നതാണ്.

അന്ന് ലാത്തിയടി കിട്ടിയതു മുഴുവൻ കെ. എസ്. യു. ക്കാർക്കായിരുന്നു. അവർ മാത്രമാണ് അവിടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ. കോളേജ് ചെയർമാൻ ഉൾപ്പെടെയുള്ളവർ ആസ്പത്രിയിലായി. കോൺഗ്രസ്സ് സർക്കാർ കെ. എസ്. യു. ക്കാരെ തല്ലിച്ചതച്ചതിന്റെ നാണക്കേട് ഒളിപ്പിക്കാനാവാം പ്രധാന പത്രങ്ങളൊന്നും ഇതു വാർത്തയാക്കിയില്ല. കെ. എസ്. യു.ക്കാർക്ക് തല്ലുകിട്ടിയതിൽ എസ്. എഫ്. കാരും അധ : സ്ഥിത വിദ്യാർത്ഥികൾ പൊതുവിലും സന്തോഷത്തിലായിരുന്നു. ഈ നിലപാട് ശരിയല്ലെന്നും പോലീസ് തല്ലിയത് കെ. എസ്. യു. ക്കാരെയല്ലെന്നും വിദ്യാർത്ഥികളെയാണെന്നും അവരെ പറഞ്ഞു മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല. ഈ നിലപാടിൻ്റെ ഭാഗമായി കൊച്ചും ഹാരിയും എസ്. എഫ്. നേതാക്കളും ഉൾപ്പെടുന്ന ഏതാനും പേർ ചെയര്‌മാനുൾപ്പെടെയുള്ളവരെ ആസ്‌പത്രിയിൽ പോയി കണ്ട് ആശ്വസിപ്പിക്കാനും പിറ്റേ ദിവസം രാവിലെ പഠിപ്പുമുടക്കി പോലീസ് മർദ്ദനത്തിനെതിരെ വലിയൊരു പ്രതിഷേധ പ്രകടനം നടത്താനും തീരുമാനമായി.

ആദ്യ തീരുമാനം ഔപചാരിക രൂപത്തിൽ നടന്നെങ്കിലും പിറ്റേ ദിവസത്തെ പ്രതിഷേധ ജാഥയിൽ സംഭവിച്ചത് മാറ്റൊന്നായിരുന്നു. ഹോസ്റ്റലിലെ അടിത്തട്ടു വിദ്യാർത്ഥികൾ ഏതാണ്ട് മുഴുവനായിത്തന്നെ പങ്കെടുത്ത ജാഥയുടെ മുൻവശം സുഭാഷ് പാർക്കിനു മുന്നിലെത്തും മുൻപേ ഒരു വലിയ സംഘം ഐ. എൻ. ടി. യു. സി.ക്കാർ വാഹനങ്ങളിലെത്തി പുറകിലുള്ള ജാഥാംഗങ്ങളെ മർദ്ദിക്കാൻ തുടങ്ങി. അവിചാരിതമായ ആക്രമണത്തിൽ പരിഭ്രാന്തരായി എല്ലാവരും ചിതറിയോടി രക്ഷപ്പെട്ടു. ചെറുത്തുനിൽക്കാനാവാതെ മനോവീര്യവും സ്വാഭിമാനവും നഷ്‌ടപ്പെട്ട നിലയിലാണ് അവർ ഹോസ്റ്റലിൽ അഭയം തേടിയത്. ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങാൻ പോലും അവർ ഭയപ്പെട്ടു.

കെ. എസ്. യു.ക്കാർക്കുവേണ്ടി കോൺഗ്രസ്സിൻ്റെ തൊഴിലാളി സംഘടനയാണ് ആക്രമണം നടത്തിയയെന്ന വസ്‌തുതയുടെ വെളിച്ചത്തിൽ എസ്. എഫ്. അനുകൂല വിദ്യാർത്ഥികൾക്ക് സി.ഐ.ടി.യു.ക്കാർ സുരക്ഷയൊരുക്കണമെന്ന ആവശ്യവുമായി അവർ വീണ്ടും എം. എം. ലോറൻസിനെ സമീപിച്ചു. ജാഥ നടത്തുംമുമ്പേ പാർട്ടിയോടാലോചിച്ചില്ല എന്ന കാരണം പറഞ്ഞ് ലോറൻസ് കൈമലർത്തി. വിദ്യാർത്ഥികളെ കഠിനമായി ശാസിക്കുകയും ചെയ്തു.

M. M. Lawrence
എം. എം. ലോറൻസ്

ഭയചകിതരും നിരാശരുമായ അധഃസ്ഥിത വിദ്യാർത്ഥികളിൽ നല്ലൊരു വിഭാഗം അന്നേ ദിവസം രാത്രിയിൽ ടെറസിന്റെ മുകളിൽ രഹസ്യമായി ഒത്തുകൂടി, കൊച്ചും ഹാരിയും നേതൃത്വം കൊടുക്കുന്ന ഞങ്ങളുടെ ചെറുഗ്രൂപ്പാണ് അവരുടെ ഏക ആശ്രയം. രാത്രി ഉറങ്ങാൻ കഴിയില്ലെന്നും പഠിത്തം നിർത്തി പോകാനാണ് പലരും ആലോചിക്കുന്നതെന്നും അവർ തുറന്നു പറഞ്ഞു.

ഇതിന് കൊച്ചും സുകുമാരനും ഹാരിയും ദൃഢസ്വരത്തിൽ പറഞ്ഞ മറുപടി അവരെ വിസ്മയിപ്പിച്ചു. അതിൻ്റെ ചുരുക്കം ഏതാണ്ടിങ്ങനെ – “നമ്മൾ പഠിക്കാൻ വന്നവരാണ്. നമ്മളിവിടെ ഭയന്ന് കഴിയേണ്ടവരല്ല, നമ്മളിൽ ഒരാൾ പോലും ഇന്നത്തെ സംഭവം മൂലം പഠിത്തം നിർത്തി പോവില്ല. നമ്മെ അടിച്ചമർത്താമെന്നു കരുതുന്നവർക്ക് അതേ ഭാഷയിൽ മറുപടി കൊടുക്കാതെ വയ്യ. അതുകൊണ്ട് നാളെ പട്ടാപ്പകൽ നമ്മൾ തിരിച്ചടിച്ചിരിക്കും. സ്വയംരക്ഷയും ആത്മാഭിമാനവും നമ്മുടെ കയ്യിലാണ്. പാർട്ടിയെ വിശ്വസിച്ചാശ്രയിക്കാനാവില്ല.”

തീർത്തും അസാധ്യമായ ഈ തിരിച്ചടി എങ്ങനെ നടത്തും? അവർ കയ്യും കെട്ടി നിന്നുതരുമോ? മാവോയുടെ ഗറില്ലാ സമരമുറകളെക്കുറിച്ചുള്ള സുദീർഘമായൊരു സ്റ്റഡിക്ലാസായിരുന്ന മറുപടി. കെ. എസ്. യു. വിൻ്റെ വാടകയ്ക്കെടുത്ത കായികഭീഷണിയെ സ്വന്തം കരുത്ത് രാഷ്ട്രീയമായി വിന്യസിപ്പിച്ച് നേരിടുകയായിരുന്നു ഒരേയൊരു പോംവഴി. തുടർന്ന് എല്ലാവരും വ്യക്തമായി കാര്യങ്ങൾ പ്ലാൻചെയ്‌ത്, ദൃഢനിശ്ചയത്തോടെ, ആവേശം ഉള്ളിലൊതുക്കി, സ്വന്തം മുറികളിലേക്ക് നിശ്ശബ്ദരായി മടങ്ങി.

പിറ്റേ ദിവസം ഇവർ മുന്നൊരുക്കങ്ങളോടെ മൂന്നും അഞ്ചും പേരടങ്ങുന്ന ചേറുസംഘങ്ങളായി തിരിഞ്ഞ് ഒരു വിഭാഗം തെക്കോട്ടും മറുവിഭാഗം വടക്കോട്ടും തിരിച്ചു. പതിനൊന്നു മണിയോടെ തേവര കോളേജിലും സെൻ്റ ആൽബർട്‌സിലും അറിയപ്പെടുന്ന ഏതാനും കെ. എസ്. യൂ നേതാക്കന്മാരെ ക്ലാസ്സുകളിൽ ചെന്ന് തെരഞ്ഞുപിടിച്ച് പകരം വീട്ടി സുരക്ഷിതരും ആഹ്ലാദചിത്തരുമായി മടങ്ങി. അടുത്ത ദിവസം സർവ്വരെയും ഞെട്ടിച്ചുകൊണ്ട് മഹാരാജാസിലും ഇതാവർത്തിച്ചു. അതോടെ ജില്ലാഭരണകൂടം നഗരത്തിലെ എല്ലാ പ്രധാന കോളേജുകൾക്കും അവധി പ്രഖ്യാപിക്കുകയും വിദ്യാര്ത്ഥികൾ നിര്ബന്ധമായി ഹോസ്റ്റലുകൾ വിട്ടുപോകണമെന്ന് ആജ്ഞാപിക്കുകയും ചെയ്തു.

പക്ഷേ, ന്യൂ ഹോസ്റ്റൽ അടച്ചുപൂട്ടാൻ ആകുമായിരുന്നില്ല. ലക്ഷദ്വീപിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സാന്നിധ്യമായിരുന്നു കാരണം. വൈദ്യുതിയും വെള്ളവും ഭക്ഷണസാമഗ്രികളുടെ സപ്ലെയും തുടരേണ്ടതുണ്ട്. ലക്ഷദ്വീപിൽ നിന്നല്ലാത്തവർക്ക് ഭക്ഷണവും താമസവും നിഷേധിക്കുമെന്ന സൂചനകൾ കിട്ടിയതോടെ ആരും ഹോസ്റ്റൽ വിട്ടുപോകില്ലെന്ന ഉറച്ച തീരുമാനത്തിൽ ഞങ്ങൾ എത്തിച്ചേർന്നു. എതിരഭിപ്രായമുള്ളവർ ഇതുപത്തിനാലു മണിക്കൂറിനകം ഹോസ്റ്റൽ വിടണമെന്ന മുന്നറിയിപ്പും നൽകി. ജില്ലാ കളക്ടർക്കും കോളേജ് അധികാരികൾക്കും നേരെയുള്ള ഈ മറുശാസനത്തിനു നേത്യത്വം കൊടുത്തത് നിസംശയമായും കെ കെ കൊച്ച് എന്ന ജനകീയ പോരാളിയല്ലാതെ മറ്റാരുമല്ല.

‘ഇരുപത്തിനാലു മണിക്കൂറിനകം’ എന്ന കെ. കെ. കൊച്ചിൻ്റ അന്ത്യശാസനം സംഘർഷങ്ങളൊന്നുമില്ലാതെ കൃത്യമായി നടപ്പാക്കപ്പെട്ടു. യൂണിയൻ ചെയർമാൻ ഉൾപ്പെടെയുള്ളവർ പുറത്തുപോയതോടെ ഹോസ്റ്റലിൻ്റ സമ്പൂർണ്ണ നിയന്ത്രണം വിദ്യാർത്ഥികൾക്കായി. വാച്ചർമാരും താൽക്കാലിക ജീവനക്കാരും നേരത്തെ തന്നെ ഞങ്ങളോട് ആഭിമുഖ്യമുള്ളവരായിരുന്നു.

തുടർന്ന് ഹോസ്റ്റൽ ‘ലിബറേറ്റ്’ ചെയ്‌തതായി കൊച്ച് എല്ലായിടത്തും ഓടിനടന്ന് ഉറക്കെ പ്രഖ്യാപിച്ചു. എല്ലാവരെയും വിളിച്ചുകൂട്ടി അദ്ദേഹം, ദേശീയ പതാക ഉയർത്താറുള്ള സ്‌തംഭത്തിൽ പാർട്ടിചിഹ്നങ്ങളൊന്നുമില്ലാത്ത ചെങ്കൊടി നാട്ടി. ചുറ്റും നിന്നവർ പതാകയെ മുദ്രാവാക്യങ്ങൾ മുഴക്കി അഭിവാദ്യം ചെയ്‌തു. കെട്ടിടത്തിൻ്റ മുകളിലെ മൂലകളിലും അരുണ പതാക പാറിക്കളിച്ചു. അടുത്തുള്ള റോഡുകളിലൂടെ പോകുന്ന ഏതൊരാൾക്കും ഇതു ശ്രദ്ധിക്കാതിരിക്കാൻ ആവുമായിരുന്നില്ല. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ ഗ്രൗണ്ടിനടുത്തുള്ള കെ. പി. സി. സി. ഓഫീസിൻ്റെ മുകളിൽ നിന്ന് ബൈനോക്കുലറിൽ ഞങ്ങളെ നിരീക്ഷിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.

ഹോസ്റ്റലിൽ ചെങ്കൊടി പാറിയതോടെ ഗേറ്റിനു വെളിയിൽ വലിയൊരു ‘ഇടിവണ്ടി’ നിറയെ സായുധ പൊലീസ് സ്ഥലം പിടിച്ചു. പൊലീസ് ഗേറ്റിനകത്ത് കടക്കരുതെന്നും പുറത്തുനിന്നുള്ള കടന്നുകയറ്റത്തെ തടഞ്ഞ് ഞങ്ങളെ സംരക്ഷിക്കുകയാണ് അവരുടെ ചുമതലയെന്നും അവരെ താക്കീതു ചെയ്യാൻ മാത്രം ശക്തരായിരുന്നു ഞങ്ങളന്ന്!

പകലൊക്കെ ഞങ്ങൾ മാവോ ചിന്തകൾ മുൻനിർത്തി മാർക്‌സിസ്റ്റ് ക്ലാസിക്കുകൾ ചർച്ചചെയ്തു പഠിക്കുന്നതിൽ മുഴുകി. പുറത്തുനിന്നുള്ള ഏതൊരാക്രമണത്തെയും ചെറുക്കാനുള്ള തയ്യാറെടുപ്പുകളും കാവൽ ജോലികളും പത്രപ്രസ്‌താവനകൾ എഴുതലും അടുക്കളജോലികളിൽ ബന്ധപ്പെട്ടവരെ സഹായിക്കലും എല്ലാം ഒരേസമയം നടന്നുകൊണ്ടിരുന്നു. ലക്ഷദീപുകാരും ഈ സമരപരിപാടികളിൽ സർവ്വാത്മനാ സഹകരിച്ചു.

രാത്രികളിലാണ് ജനസമ്പർക്ക പരിപാടി. കാവൽ നിൽക്കുന്നവരൊഴികെ, ബാക്കിയുള്ളവർ ജാഥയായി മുദ്രാവാക്യം മുഴക്കി പട്ടണപ്രദിക്ഷണം നടത്തും. പത്രമാഫീസുകൾ കയറിയിറങ്ങലും വാർത്തകൾ കൈമാറലും ‘കോസ്മോപോളിറ്റൻ ഹോസ്റ്റലിലെ’ (അവിടെയാണ് കെ എം സലിം കുമാറും മറ്റും താമസിച്ചിരുന്നത്) വിദ്യാർത്ഥികളുമായി സൗഹൃദ സമ്പർക്കം പുലർത്തലുമൊക്കെ.

ജാഥയ്ക്ക് പുറകെ പൊലീസ് വാഹനങ്ങളുമുണ്ടാകും.

പഠിക്കാനും കളിക്കാനും തെരുവിൽ യഥേഷ്‌ടം സഞ്ചരിക്കാനുമുള്ള വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നടസ്സപ്പെടുത്തരുതെന്നും അടച്ചുപൂട്ടിയ കോളേജുകളും ഹോസ്റ്റലുകളും നിരുപാധികം തുറന്നു പ്രവർത്തിക്കണമെന്നും ആയിരുന്നു ഞങ്ങളുടെ ആവശ്യം. ഏതാനും ദിവസങ്ങൾക്കുള്ളിൽ കോളേജുകൾ തുറക്കപ്പെട്ടു. വിജയാഘോഷങ്ങളോടെ ചെങ്കൊടികൾ അഴിച്ചുമാറ്റി. വിദ്യാർത്ഥികൾ ഭയരഹിതരായി അധ്യയനം തുടരുകയും ചെയ്തു‌.

ഈ സമരത്തിന്റെ തുടർച്ചയിലാണ് ന്യൂ ഹോസ്റ്റൽ നക്‌സലൈറ്റ് താവളമാകുന്നത്. വയനാട്ടിൽ വർഗ്ഗീസിനൊപ്പം പ്രവർത്തിച്ചിരുന്ന വി. എസ്. നാരായണൻ അവിടെ മാസങ്ങളോളം ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിൻ്റ നേത്യത്വത്തിലാണ് ജയകുമാറും (ഇപ്പോൾ എം.എൽ റേഡ് ഫ്ളാഗ് പാർട്ടിയുടെ നേതാവ്) ശങ്കർ മേനോനും ഞാനും ഉൾപ്പെടുന്ന സംഘം തിരുവനന്തപുരത്തു പോയി പോലീസ് വലയം ഭേദിച്ച് വെള്ളത്തൂവൽ സ്റ്റിഫനെ ആലുവ ഭാഗത്തേയ്ക്ക് കൊണ്ടുവരുന്നത്. (കൊച്ചിൻ്റ ആത്മകഥയിൽ ഈ സംഭവം വസ്‌തുതാപരമായല്ല അവതരിപ്പിച്ചുകണ്ടത്.) തുടർന്ന് നടന്ന പോലീസ് വേട്ടയും നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആദ്യഘട്ട പിൻവാങ്ങലും തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ മഹാരാജാസിൽ എസ്. എഫ്. ഐ. യുടെ വളർച്ചയ്ക്ക് ഇടമൊരുക്കിയെന്നു പറയാം.

ടി. എൻ. ജോയിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട എം. എൽ. പ്രസ്ഥാനം ശക്തിപ്പെട്ടപ്പോൾ എറണാകുളത്തെ സർക്കാർ ഹോസ്റ്റലുകളെ ഒഴിവാക്കാൻ കൊച്ചി സർവ്വകലാശാല കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഞാനും ഹാരിയും മറ്റും തീരുമാനിച്ചിരുന്നു. അവിടങ്ങളിലെ അടിത്തട്ടു വിദ്യാർത്ഥികളുടെ പഠനം അലങ്കോലപ്പെടരുതെന്നും അവർക്കുമേൽ പോലീസ് കടന്നാക്രമണത്തിനു അവസരം കിട്ടരുതെന്നും ഉദ്ദേശിച്ചായിരുന്നു ഈ തീരുമാനം. മഹാരാജാസിലെ ‘അധഃസ്ഥിത നക്‌സലൈറ്റ്’ അനുഭവങ്ങളാണ് ഇങ്ങനെയൊരു തീരുമാനത്തിന് വഴിയൊരുക്കിയത്.

കെ. കെ. കൊച്ച് അടിത്തട്ടു വിദ്യാർത്ഥികളുടെ അനിഷേധ്യ നേതാവായിരിക്കുന്നതിലൂടെ മൊത്തം വിദ്യാർത്ഥി- യുവജന താത്‌പര്യങ്ങളെയാണ് മുന്നോട്ടു കൊണ്ടുപോയത്. അതാവട്ടെ ഇന്ത്യൻ ജനായത്തത്തിൻ്റെ ബഹുമുഖ വളർച്ചയെ ലക്ഷ്യം വെച്ചുള്ളതുമാണ്. വിശാലമായ ഈയൊരു കീഴാള കാഴ്‌ചപ്പാടിൻ്റെ തുടർച്ച അദ്ദേഹത്തിൻ്റ ജീവിതത്തിൽ ഉടനീളം നമുക്കു കാണാനാവും. നക്‌സലൈറ്റുകളുടെ രഹസ്യപ്രവർത്തന ശൈലിയുമായോ കേഡർ സംഘടനാരീതിയുമായോ യോജിച്ചുപോകാൻ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. അത്രമേൽ തുറന്നതും ധീരവും ജനകീയവുമായിരുന്നു വിദ്യാർത്ഥി കാലം മുതലേ കെ.കെ. കൊച്ചിൻ്റ് വ്യക്തിത്വം. ഞാൻ നക്‌സലൈറ്റ് രാഷ്ട്രീയം ഉപേക്ഷിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടാണ് കൊച്ച് ആ രംഗം വിടുന്നത്. ഒരു തുറന്ന രാഷ്ട്രീയ പോരാട്ടവേദിയില്ലാതെ ജീവിക്കുക അദ്ദേഹത്തിന് ഏറെ പ്രയാസകരമായിരുന്നു.

‘തലയോലപ്പറമ്പിലെ പുല്ലുവെട്ടുകാരികൾ’ എന്ന ഫീച്ചറോക്കെ എഴുതുന്നതിന് വളരെ മുൻപേ കൊച്ച് എന്നെയും കൂട്ടി ആ പ്രദേശങ്ങളിലെ ബന്ധുവീടുകളും പരിചയക്കാരുടെ വീടുകളും ദിവസങ്ങളോളം കയറിയിറങ്ങി അവരുടെ ജീവിതാനുഭവങ്ങളെ കുറിച്ച് പഠനം നടത്തിയ അനുഭവം എന്നെ സംബന്ധിച്ചിടത്തോളം കീഴാള ജ്ഞാനമണ്ഡലത്തിന്റെ വൈവിധ്യങ്ങളിലൂടെയുള്ള ഒരു ജൈവ സഞ്ചാരമായിരുന്നു. ഞങ്ങളുടെ പഴയ ‘കീഴാള നക്‌സലൈറ്റ്’ ജീവിതത്തിൻ്റെ വിച്ഛേദങ്ങളോടെയുള്ള തുടർച്ചയും.

A K Ravindran

A K Ravindran

എ കെ രവീന്ദ്രൻ 1969 മുതൽ അടിയന്തിരാവസ്ഥ പിൻവലിക്കുംവരെ നക്സലൈറ്റ് അനുഭാവിയായിരുന്നു. തുടർന്ന് 1983 വരെ വിശാല ഇടതുപക്ഷ അന്വേഷണങ്ങളിൽ പങ്കാളി. ശേഷം നവസാമൂഹിക പ്രസ്ഥാനങ്ങളുടെ സഹചാരി. ഇപ്പോൾ ചാലക്കുടിക്കടുത്തുള്ള മുരിങ്ങൂരിൽ താമസം. കീഴാള സൂക്ഷ്മ രാഷ്ട്രീയം മലയാള ചിന്തകരിലൂടെ ഒരന്വേഷണം, കീഴാള സ്വരാജ്, നല്ലത് പ്രകൃതി ചികിത്സയോ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

View All Articles by A K Ravindran

Share Article
Whatsapp Email