സമുദായ പ്രതിനിധാനം : സ്വത്വപരവും സംഖ്യാപരവും-ഭാഗം: (2)

സമുദായ പ്രതിനിധാനം : സ്വത്വപരവും സംഖ്യാപരവും-ഭാഗം: (2)

എ കെ രവീന്ദ്രന്റെ ലേഖനത്തിന്റെ രണ്ടാം ഭാഗത്തിൽ വർണ്ണവ്യവസ്ഥ, ജാതി, തൊഴിൽ, ഗുണകർമ്മ സിദ്ധാന്തം, മൂലധനവ്യവസ്ഥ, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്നു. കേരളീയ കീഴാള നവോത്ഥാനത്തിന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കി, ജാതിവ്യവസ്ഥയുടെ ആശയപരമായ അടിത്തറയും അതിന്റെ ആധുനിക രൂപങ്ങളും വിമർശനാത്മകമായി പരിശോധിക്കുന്നു. കൂടാതെ സമത്വത്തെയും മനുഷ്യത്വത്തെയും കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങളും ഉന്നയിക്കുന്നു.

ഭാഗം ഒന്ന് വായിക്കാം

കുലത്തൊഴിൽ – കൂലിത്തൊഴിൽമാനുഷികാവിഷ്‌കാരങ്ങൾ

ഉന്നത അധികാര കേന്ദ്രങ്ങളിൽ നിന്ന് നീതി ഉറപ്പാക്കാൻ സാമൂഹ്യ സമ്മർദ്ദങ്ങൾക്ക് കഴിയില്ലേ?

അങ്ങനെ മാത്രമേ അതു സാധ്യമാവൂ. അടിത്തട്ടിലെ ജനങ്ങൾക്കാണ് മുകളിലെ നീതികേന്ദ്രങ്ങൾ ‘ബാലികേറാമല’ യാകുന്നത്. ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന ദശ ലക്ഷക്കണക്കിന് കേസ്സുകൾ ഈ വിഭാഗങ്ങളുടേതാണെന്നു കാണാം. നീതിന്യായ സംവിധാനങ്ങൾ മാത്രമല്ല, പൊതുബോധവും ‘ നീതിബോധം’ തന്നെയും മേൽത്തട്ടു നിയന്ത്രണത്തിലാണെന്നതാണാവസ്ഥ. ഈ സാഹചര്യത്തിൽ സാമൂഹ്യസമ്മർദ്ദവും അടിത്തട്ടിന് അനുകൂലമാകണമെന്നില്ല. അതുകൊണ്ട്, കീഴാള ജനതകൾ സ്വന്തം ദൗർബല്യങ്ങളും സവിശേഷ കഴിവുകളും കണ്ടെത്തി കീഴാള സ്വത്വബോധവും കർത്തൃത്വവും കാലഘട്ടത്തിന്റെ മൊത്തം പ്രശ്‌നങ്ങളെ നേരിടത്തക്ക രീതിയിൽ പുതുക്കിയെടുക്കുകയാണ് ഒന്നാമതായി വേണ്ടത്. അങ്ങനെ മാത്രമേ അതിന് ഫലപ്രദമായ സമ്മർദ്ദോപാധി ആയി വർത്തിക്കാനാവൂ.

ജന്മനാ അടിച്ചേൽപ്പിക്കപ്പെടുന്ന ‘ജാതീയ’ മായ അധമബോധം കൈയൊഴിഞ്ഞ് സ്വത്രന്ത സമുദായാംഗമാണെന്ന മാനവികതാബോധം അവർണ്ണർക്ക് എങ്ങനെ നേടിയെടുക്കാനാവും?

ഇതിന്റെ ഉത്തരമുണ്ട് കേരളീയ കീഴാള നവോത്ഥാനത്തിൽ. പൂർണ്ണമായും ‘വിജയിച്ച് മുകളിലെത്താവുന്ന’ ഒന്നല്ല അത്. കീഴാളമായ ഒരു ചെറുത്തുനിൽപ്പ് പ്രക്രിയയാണത്; മൗലികവും ധാർമ്മികവും. മനുഷ്യരെ ‘മനുഷ്യത്വ’ മുള്ളവരാക്കുന്ന ഒരു നിരന്തര പ്രക്രിയ. പുലയർ ചേരമരും, പറയർ സാംബവരും, കുറവർ സിദ്ധനരുമായാൽ പ്രശ്‌നപരിഹാരം ആവില്ലെന്ന് പൊയ്കയിൽ അപ്പച്ചന് അറിയാമായിരുന്നുവല്ലോ. ഈ അറിവിനെ ‘മാനവസമുദായം’ എന്ന ആശയത്തിലേയ്ക്ക് തത്ത്വപരമായിത്തന്നെ നാരായണഗുരു മുന്നേ വികസിപ്പിച്ചിട്ടുമുണ്ട്. ഗുരുവിനുംമുന്നേ അയ്യാ വൈകുണ്‌ഠസ്വാമി ഈ ദിശയിൽ ഏറെ സഞ്ചരിച്ചിട്ടുമുണ്ട്.

‘മതസ്വത്വ’ ബോധവും ‘സമുദായസ്വത്വ’ ബോധവും ‘മാനവസ്വത്വ’ ബോധത്തിലേക്കുള്ള മാർഗ്ഗമോ മാർഗ്ഗതടസ്സമോ?

ആദ്യത്തേതു രണ്ടും മൂന്നാമത്തേതിലേക്കുള്ള മാർഗ്ഗമായാണ് രൂപപ്പെടുന്നതെങ്കിലും പിന്നീടവ മാർഗ്ഗതടസ്സമായി മാറുന്നതായാണ് കാണാനാവുക. ‘മതസ്വത്വബോധം’ രാജ്യാധികാരമോ രാജാക്കന്മാർക്കും മുകളിലുള്ള പരമാധികാരമോ ആയാണ് സുദീർഘകാലം നിലനിന്നിട്ടുള്ളത്. മതം വ്യക്തിപരമെന്നതിനേക്കാൾ ജന്മനായുള്ള ജാതിസമൂഹമായി മാറുന്നതിലൂടെയാണിത് സംഭവിക്കുന്നത്.

വർണ്ണവ്യവസ്ഥയിലെ ‘വർണ്ണം’ വരിക്കപ്പെടുന്നത് ആണെന്നൊരു വ്യാഖ്യാനമുണ്ടല്ലോ ആര്യസമാജത്തിന്റേതായി ?

ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിൻ്റേതായ ആധുനിക കാലത്ത് ആളെണ്ണം കൂട്ടി മാത്രമേ വർണ്ണ വ്യവസ്ഥയ്ക്കു നിലനില്ക്കാനാവൂ. അതിലെയ്ക്ക് പുതിയതായി ആളെ ചേർക്കാൻ ആര്യസമാജത്തിന് ഇങ്ങനെയൊരു വ്യാഖ്യാനം ആവശ്യമാണല്ലൊ. ഹിന്തുമതം എന്ന പുതു നിർമ്മിതി തന്നെ വർണ്ണ വ്യവസ്ഥക്കു പുറത്തുള്ള സമുദായങ്ങളെക്കൂടി ഉൾകൊണ്ടു സംഖ്യാബലം കൂട്ടാനാണ്. എളുപ്പത്തിൽ സ്വതന്ത്രമായി വരിക്കാവുന്ന ഒന്നല്ല വർണ്ണങ്ങൾ. കേവലമായ സ്വാതന്ത്ര്യം എന്നൊന്നില്ല. നാനാവിധ സമ്മർദ്ദങ്ങൾക്കകത്തു മാത്രമേ ‘സ്വാതന്ത്ര്യം’ സാധ്യമാവൂ. ഏതൊന്നിൻ്റെയും നിലനിൽപ്പ് ചുറ്റുമുള്ളവയുടെ നിലനില്പുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഒന്നിനും തനിയേ നിലനിൽക്കാനാവില്ലെന്നർത്ഥം. ‘വർണ്ണ’ ങ്ങൾക്കും ഇത് ബാധകമാണ്. വ്യവസ്ഥാപിതമായ സമ്മർദ്ദങ്ങളോ താത്‌പര്യങ്ങളോ ഇല്ലാതെ ആരും വർണ്ണം തെരഞ്ഞെടുക്കുന്നില്ല. അതൊട്ടു സാധ്യവുമല്ല. പുരാണങ്ങളിലെ ‘സ്വയംവര’ കഥകൾ ഒക്കെത്തന്നെ ആൺകോയ്‌മാപരമായ കടുത്ത നിബന്ധനകൾക്കകത്താണെന്നു കാണാം.

ചാതുർ വർണ്ണ്യത്തിലെ വർണ്ണങ്ങൾ ‘ഗുണകർമ്മങ്ങൾ’ ക്കനുസരിച്ചല്ലേ വിഭജിക്കപ്പെട്ടിരിക്കുന്നത്? അവയെ എങ്ങനെയാണ് ജന്മനായുള്ള ‘ജാതി’ യായി കണക്കാക്കുക? അത്തരമൊരു ‘അപചയം’ പിന്നീട് സംഭവിച്ചതായിരിക്കില്ലേ? മതങ്ങൾക്ക് സംഭവിച്ചതുപോലെ?

ഒരിക്കലുമല്ല. ‘ചാതുർവർണ്ണ്യം’ തുടക്കം മുതലേ ഒരു സവിശേഷ ‘പൗരോഹിത്യ ഭരണകൂട വ്യവസ്ഥ’ യാണ്. അങ്ങനെയല്ലാതെ അതിന് നിലനിൽക്കാനാവില്ല. മറ്റു മതങ്ങളിൽനിന്ന് അതിനുള്ള അടിസ്ഥാന വ്യത്യാസവും ഇതാണ്. ചാതുർ വർണ്ണ്യത്തിലേയ്ക്ക് ബ്രാഹ്മണേച്ഛയില്ലാതെ പരിവർത്തനം സാധ്യമല്ലാത്തതിന് കാരണവും മറ്റൊന്നല്ല. ജനനം തന്നെയാകുന്നു വർണ്ണങ്ങളുടെ അടിസ്ഥാനം. ‘ഗുണകർമ്മ’ ങ്ങൾക്കുപരി ജന്മനായുള്ള പിന്തുടർച്ചയിലൂടെയാണ് അതൊരു ‘വ്യവസ്ഥ’ യായി രൂപപ്പെട്ടതെന്നു കാണാൻ പ്രയാസമില്ല. ശൂദ്രരെ ത്രൈവർണ്ണികർ ആശയബലത്താലും ആയുധബലത്താലും മറ്റും അധിനിവേശപ്പെടുത്തിയതുമാകാം. കേരളത്തിലെ നായർ – നമ്പൂതിരി ബാന്ധവത്തിൽ ‘പുണ്യ- പാപ’ ബ്രാഹ്മണിക് പ്രത്യയ ശാസ്ത്രവും സാമ്പത്തിക താത്പര്യങ്ങളും വളരെ പ്രകടമായിരുന്നുവല്ലോ. സതോഗുണം, രജോഗുണം, തമോഗുണം എന്നീ ഗുണത്രയം സാമൂഹ്യമല്ലെന്നും വ്യക്തിയിൽ സ്ഥായിയായി നിലനിൽക്കുന്നതാണെന്നും കരുതുന്നതു തന്നെ ജനനത്തെ ആശ്രയിച്ചുള്ള ജീവശാസ്ത്രവാദം ( Biologism ) ആകുന്നു.

പക്ഷെ ഓരോ വർണ്ണവും വ്യക്തമായ ‘ഗുണകർമ്മ’ ങ്ങളുടെ അടിസ്ഥാനത്തിലല്ലേ രൂപപ്പെട്ടിരിക്കുന്നത് ? സമൂഹത്തിൻ്റെ ചിട്ടയായ നിലനില്പിന് ഇത്തരം തൊഴിൽവിഭജനം അനിവാര്യമല്ലേ? ഇക്കാലത്തും ലോകത്തെവിടെയും തൊഴിൽവിഭജനമില്ലേ? അതൊഴിവാക്കാനാകുമെന്നു കരുതുന്നതെങ്ങനെ?

തൊഴിലുകൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമോ അവസരസമത്വമോ ഇല്ലെന്നതാണ് പ്രശ്ന‌ം. ജന്മനാ അടിച്ചേൽപ്പിക്കപ്പെടുന്ന ‘കുലത്തൊഴിലുകൾ’ വർണ്ണ വ്യവസ്ഥയുടെ സൃഷ്ടിയാണ്. ഇതുപ്രകാരം, ചെയ്യുന്ന തൊഴിലുകളിലും അതുചെയ്യുന്ന മനുഷ്യരിലും ഉച്ഛനീചത്വം ആരോപിക്കപ്പെടുന്നു. അതുകൊണ്ടാണ് ‘ഗുണത്രയം’ മനുഷ്യരെ മേൽ – കീഴ് വിഭജിക്കുന്ന ലക്ഷണമൊത്ത, സുദൃഢമായ, അധിനിവേശ വ്യവസ്ഥയായി മാറാനിടയാകുന്നത്. ആയിരത്താണ്ടുകളായുള്ള വർണ്ണവ്യവസ്ഥയുടെ അതിജീവന രഹസ്യവും ഇതു തന്നെ. മറ്റേതൊരു അധിനിവേശ വ്യവസ്ഥയേയും പോലെ ഇതും ‘മനുഷ്യത്വ’ വിരുദ്ധമാകുന്നു. മാനവരാശിയുടെ നിലനില്പിന് അനുഗുണവുമല്ല. വിശേഷിച്ചും ആധുനിക മൂലധനവുമായി കൂട്ടുചേർന്നുള്ള അതിൻ്റെ പരിഷ്‌കൃത പതിപ്പ്.

‘കുലധർമ്മ’ ത്തിൽ നിന്ന് ‘വർണ്ണധർമ്മ’ ത്തിലേക്കുള്ള മാറ്റം പുരോഗമനപരമല്ലേ ?

അല്ല. കുലാതിർത്തികൾക്കു പുറത്ത്, കുടുതൽ വ്യാപ്‌തിയുള്ളതും അധിനിവേശസ്വഭാവമുള്ളതും അതിജീവനശേഷിയുള്ളതും സുദൃഢവുമായ ഒരധികാര വ്യവസ്ഥയാണത്. കുലത്തിൻ്റേതായ പിന്തുടർച്ചാരീതിയാണ് വർണ്ണവ്യവസ്ഥയെ ജാതിവ്യവസ്ഥയാക്കുന്നതും, അങ്ങനെ അതിലെ തൊഴിൽവിഭജനം ജനനപ്രകാരം കുലത്തൊഴിലുകളാകുന്നതും.

ഗുണത്രയം പക്ഷേ ഉള്ളതല്ലേ? നല്ലതല്ലേ സതോഗുണം? അതുയർത്തിപ്പിടിക്കുന്നതല്ലേ മാനവരാശിക്ക് ഗുണകരമാവുക? അതിലെന്താണ് തെറ്റ് ? ഗുണം മൂന്നിനും ഒരേ മൂല്യം കല്പിക്കുന്നതെങ്ങനെ?

ഗുണത്രയം ഉള്ളതു തന്നെ. അവയ്ക്കു മൂന്നിനും ഒരേ മൂല്യവുമല്ല ഉള്ളത്. എന്നാൽ, ഗുണത്രയത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരെ തരംതിരിച്ച് ഓരോ തട്ടുകളിലാക്കുന്നതാണ് പ്രശ്നം. സതോഗുണ പ്രധാനം, രജോഗുണ പ്രധാനം, തമോഗുണ പ്രധാനം എന്നിങ്ങനെ മനുഷ്യരിൽ സ്ഥായിയായ സ്വഭാവം ആരോപിക്കുന്നത് ‘വ്യക്തി സത്ത’ യെ സാമൂഹ്യബന്ധങ്ങളിൽ നിന്നും അവരെ ചൂഴ്ന്നു നിൽക്കുന്ന ബാഹ്യപ്രകൃതിയിൽ നിന്നും വേർപെടുത്തി കാണലാണ്. മനുഷ്യരുടെ സാമൂഹ്യാസ്‌തിത്വത്തെ നിഷേധിക്കലും അവരെ ‘ജനിതക സ്വഭാവ’ ത്തിലേക്ക്, ‘ജന്മവാസന’ കളിലേക്ക്, വെട്ടിച്ചുരുക്കലുമാണ്. വംശീയ അധിനിവേശത്തിന്റേതാണ് ഈ കാഴ്‌ചപ്പാട്. ‘വ്യക്തിസത്താവാദം’ മനുഷ്യത്വ വിരുദ്ധമാകുന്നത് ഇങ്ങനെ.

അധിനിവേശകരം ആണെങ്കില്ലോലും ‘താമസ’ പ്രകൃതത്തെക്കാൾ അഭികാമ്യവും അനുകരണീയവുമല്ലേ ‘സാത്വിക’ പ്രകൃതം? തമോഗുണത്തിനു മേൽ സതോഗുണത്തിനു നിയന്ത്രണമുണ്ടാകുന്നത് നല്ല കാര്യമല്ലേ ?

‘മനുഷ്യപ്രകൃതം’ നമുക്ക് പ്രകൃത്യാ കിട്ടുന്നതല്ല. അത് നമ്മൾ ഉണ്ടാക്കിയെടുക്കുന്നതാണ്. സാമൂഹികവും ചരിത്രപരവുമാണ്. ‘പ്രകൃതിദത്ത’ മാണ് അതെങ്കിൽ അനുകരിക്കാനോ നേടിയെടുക്കാനോ ആവുമായിരുന്നില്ലല്ലോ. മാനുഷിക ഗുണങ്ങൾ ജന്മനാ കിട്ടുന്നവയാണെന്നു പറയുന്നതിനർത്ഥം അവ ചിരസ്ഥായിയും ജീവിതകാലത്ത് മാറ്റാൻ കഴിയാത്തവയുമാണെന്നാണ്. ബ്രാഹ്മണിക് ‘കർമ്മഫല’ സിദ്ധാന്തത്തെ ഇതുമായി ചേർത്തു വായിക്കേണ്ടിയിരിക്കുന്നു. മുൻജൻമ്മത്തിലെ ‘സത്‌കർമ്മ’ ങ്ങളാണ് ബ്രാഹ്മണരെ ബ്രാഹ്മണജാതിയിൽ ജനിപ്പിച്ചതെന്നും പാപ കർമ്മങ്ങളാണ് ശുദ്രരെ ശൂദ്രജാതിയിൽ ജനിപ്പിച്ചതെന്നും വ്യാഖ്യാനിക്കാൻ പറ്റുന്നതിൻ്റെ അടിസ്ഥാനമാണ് വാസ്തവത്തിൽ ‘ഗുണകർമ്മവിഭാഗശ:’ സിദ്ധാന്തം. ‘പാപയോനി’ എന്ന പ്രയോഗം തന്നെ ‘കർമ്മഫല’ സിദ്ധാന്തത്തിൻ്റെ ഒരുത്പന്നമാണല്ലോ. വ്യക്തികൾക്ക് മനഃപരിവർത്തനത്തിനും മതപരിവർത്തനത്തിനും മതസ്വാതന്ത്യ്രത്തിനും ഇടമില്ലാത്തവിധം അടഞ്ഞതും സങ്കുചിതവും ആണ് ‘വർണ്ണവ്യവസ്ഥ’ എന്നു ചുരുക്കം.

ഇപ്പറഞ്ഞതൊക്കെ ശരിവെച്ചാൽ പോലും ‘സാത്വിക കർമ്മ’ ങ്ങൾ നല്ലതും ‘താമസകർമ്മ’ങ്ങൾ ചീത്തയുമല്ലേ? തിന്മയ്ക്കു മേൽ നന്മയുടെ ആധിപത്യം വേണ്ടതല്ലേ ?

വാക്കുകൾക്ക് അങ്ങനെ കേവലമായ അർത്ഥമൊന്നുമില്ല. സന്ദർഭാനുസൃതം മാറിമറിയുന്നതാണ് അർത്ഥനിർമ്മിതി. സതോഗുണ പ്രധാനരെന്നും തമോഗുണ പ്രധാനരെന്നും മേൽകീഴായി മനുഷ്യരെ വിഭജിക്കുമ്പോൾ ആ ഗുണങ്ങളുടെ അർത്ഥവിവക്ഷകളും മാറിമറിയുന്നുണ്ട്. ബ്രാഹ്മണ ഹിതപ്രകാരം ക്ഷത്രിയ രാജാക്കന്മാർ .സ്വരാജ്യത്തും രാജ്യാതിർത്തിക്കു പുറത്തും മനുഷ്യരെ കൊന്നൊടുക്കുമ്പോൾ അതെന്തേ ‘പാപകർമ്മ’ മാകുന്നില്ല? തിന്മയായി കണക്കാക്കുന്നില്ല ? ബ്രാഹ്മണർ മാത്രം എന്തുകൊണ്ട് ‘അവധ്യ’ രാകുന്നു? അശോകൻ്റേതുപോലെ മന:പരിവർത്തനത്തിലൂടെ അല്ലാതുള്ള ബ്രാഹ്മണിക്കൽ ‘പാപപരിഹാര’ ത്തിൻ്റെ യുക്തിയെന്ത് ? മണ്ണിൽ കായികാധ്വാനം ചെയ്യുന്നവരെയും പ്രകൃതിയെ ആശ്രയിച്ച് നായാടിയും മീൻ പിടിച്ചും മറ്റും ജീവിക്കുന്നവരെയും എങ്ങനെയാണ് തമോഗുണ പ്രധാനികളെന്ന് തരംതാഴ്ത്തി കാണാനാവുക ? ‘താമസ പ്രകൃത’ ക്കാരെന്നു കരുതപ്പെടുന്ന ശൂദ്രരുടെ തൊഴിൽ (കുലത്തൊഴിൽ ) മേൽജാതിക്കാരായ ത്രൈവർണ്ണികരെ ശുശ്രൂഷിക്കൽ അഥവാ അവർക്ക് ദാസ്യപ്പണി ചെയ്യലാണല്ലോ. ജാതിഭേദമില്ലാതെ എല്ലാ സ്ത്രീകളുടെയും ലിംഗപരമായ തൊഴിൽ പുരുഷന്മാർക്കും മേൽജാതിക്കാർക്കും ദാസ്യപ്പണിയായതും യാദൃച്ഛികമല്ല. പ്രത്യുത്പാദന പ്രധാനവും കായികവുമായ അധ്വാനത്തിനു മേലുള്ള ആൺകോയ്‌മാപരമായ ആധിപത്യമാണിത്. ആധുനിക മൂലധനവുമായി പരിഷ്‌കൃത വർണ്ണവ്യവസ്ഥക്ക് ഒത്തുപോകാൻ കഴിയുന്നതും, രണ്ടിന്റെയും നിലനില്പിന് ഇത്തരമൊരു കൂട്ടുകെട്ട് അനിവാര്യമാകുന്നതും അതുകൊണ്ടാണ്. മൂലധന വ്യവസ്ഥക്കെതിരെ അടിസ്ഥാനപരമായ നിലപാടെടുക്കാതെ ജാതിവ്യവസ്ഥയെ നേരിടാനാവില്ലെന്നർത്ഥം.

നിങ്ങൾ പറയുന്നത് വർണ്ണവ്യവസ്ഥയിലെ സതോഗുണം വാസ്തവത്തിൽ തിന്മയും തമോഗുണം നന്മയുമാണെന്നാണോ? വാക്കുകൾക്ക് ഇപ്രകാരം വിപരീതാർത്ഥം സാധ്യമാണെന്നും? ഇതെങ്ങനെ വിശ്വസിക്കാനാകും?

ഇതിൽ ആശ്ചര്യകരമായി യാതൊന്നുമില്ല. നിത്യജീവിതത്തിൽ സർവ്വസാധാരണമാണിത്. ഞാറ് (സൂര്യൻ) പടിയുന്ന ദിക്കാണ് ‘പടിഞ്ഞാറ്’. പക്ഷെ നമ്മൾ പറയുക സുര്യൻ പടിഞ്ഞാറ് അസ്ത‌മിക്കുന്നു എന്നാണല്ലോ. ഇവിടെ ‘പടിഞ്ഞാറി’ ന് ഒരു കേവലാർത്ഥം സംഭവിച്ചിരിക്കുന്നതായി കാണാം. അതുപോലെ, ‘കിഴക്ക്’ എന്നാൽ താഴ്‌ന്ന സ്ഥലമെന്നാണ് വാച്യാർത്ഥം. കേരളത്തിൻ്റെ കിഴക്ക് പക്ഷെ ഉയർന്ന മലനിരകളാണല്ലോ. ഈ ‘കിഴക്കേ’ മലനിരകളെ കേരളീയർ വിളിക്കുന്നതാകട്ടെ ‘പശ്ചിമ’ ഘട്ടമെന്നും. തമിഴ്‌നാട്ടുകാരുടെ കിഴക്കും പശ്ചിമവും കേരളീയർക്ക് നേർവിപരീതമായി വന്നിട്ടും യാതൊരു അസ്വാഭാവികതയും തോന്നാത്തതുപോലെയാണ് വർണ്ണവ്യവസ്ഥയിലെ ഗുണത്രയത്തിന്റെ കാര്യവും. കൃഷ്ണ‌ൻ രക്ഷിക്കുമെന്നു പറയുന്ന ‘സാധുക്കൾ’ ജാതിവ്യവസ്ഥയെ അനുസരിക്കുന്നവരും, ഇല്ലായ്‌മ ചെയ്യുമെന്നു പറയുന്ന ‘ദുഷ്‌കൃതർ’ അതിനെ അനുസരിക്കാത്തവരുമാണ്. മാനവ ധർമ്മബോധപ്രകാരം കൃഷ്‌ണൻ പറയുന്ന ‘സാധുക്കൾ’ ക്കും ‘ദുഷ്കൃതർ’ ക്കും നേരെ വിപരീതമായ അർത്ഥമല്ലേ സങ്കല്പിക്കാനാവുക? അതുപോലെ, സുരാപാനം ( മദ്യപാനം ) ചെയ്യുന്ന സുരർ നല്ലവരും സുരാപാനമില്ലാത്ത അസുരർ ചീത്തയുമാകുന്നതെങ്ങനെ?

നവബ്രാഹ്മണ്യം പുതിയ കോർപറേറ്റ് മൂലധനവുമായി കൂട്ടുകൂടിയിരിക്കുന്നതിനാൽ മുലധനവ്യവസ്ഥക്കെതിരെ നിലപാടെടുക്കാതെ ജാതിവ്യവസ്ഥയെ നേരിടാനാവില്ലെന്നു പറഞ്ഞല്ലോ. ഇപ്പറഞ്ഞതിലൂടെ ജാതിക്കെതിരായ കമ്മ്യൂണിസ്റ്റു നിലപാട് ശരിവെക്കുകയാണോ നിങ്ങൾ?

അല്ല. നിലവിലെ കമ്മ്യൂണിസ്റ്റു പാർട്ടികൾ വ്യവസായത്തൊഴിലാളികളുടെ വർഗ്ഗപരമായ നേതൃത്വമോ, സർവ്വാധിപത്യമോ, അംഗീകരിക്കുന്നവരാണ്. വീട്ടുജോലികൾ പോലെയുള്ള പ്രത്യുത്പാദന പ്രധാനമായ കൂലിയില്ലാജോലികളോ, നാമമാത്രമായ കൂലി കിട്ടുന്ന ജോലികളോ ചെയ്യുന്നവരുടെ കർത്തൃത്വത്തെ വ്യവസായത്തൊഴിലാളികളുടേതിനു തുല്യമായി കമ്മ്യൂണിസ്റ്റുകാർ കരുതുന്നില്ല. മിച്ചമൂല്യത്തിൻ്റെ പ്രധാന ഉറവിടം കൂലിയില്ലാവേലയും പ്രകൃതിയുമാണെന്നല്ല അവരുടെ വിചാരം. കൂലിവേലയും മുലധനവും തമ്മിലാണ് അടിസ്ഥാന വൈരുധ്യമെന്ന് അവർ തെറ്റിദ്ധരിച്ചിരിക്കുന്നു. ബ്രാഹ്മണർക്ക് ശുദ്രരോടും അതിശൂദ്രരോടുമുള്ള മനോഭാവത്തോട് ഒട്ടൊക്കെ സാദൃശ്യമുണ്ട് ‘തൊഴിലാളികൾ’ എന്നറിയപ്പെടുന്ന കൂലിവേലക്കാർക്കും അവരുടെ യജമാനന്മാർക്കും കൂലിയില്ലാവേലക്കാരോടും ജൈവ പ്രകൃതിയോടും, കൂലിയില്ലാവേലയെന്നത് വാസ്‌തവത്തിൽ കൂലിയതീതവും അമൂല്യവുമാണ്. അത് കൂലിയില്ലാവേലയെന്ന് അവമതിക്കപ്പെടുന്നത് കൂലിവേലയുടെ കാഴ്‌ചപ്പാടിൽ മാത്രം. വർണ്ണവ്യവസ്ഥയിലെ ‘സതോഗുണം’ ആദരിക്കപ്പെടുന്നതും ‘തമോഗുണം’ അവമതിക്കപ്പെടുന്നതും ഇപ്രകാരം തന്നെ.

കൂലിയില്ലാവേലക്കാർക്കും മതിയായ കൂലി കിട്ടുകയല്ലേ വേണ്ടത് ? ഈയിടെ പഞ്ചാബിൽനിന്നുള്ള ഒരു കേസിൽ മുപ്പതിനായിരം രൂപ പ്രതിമാസ ശമ്പളമെങ്കിലും ഒരു വീട്ടമ്മയുടെ അധ്വാനത്തിന് കൊടുക്കണമെന്ന വിധിയോ പരാമർശമോ ഉണ്ടായല്ലോ. അത് കൂലിയില്ലാ വേലയ്ക്ക് കൂലി കൊടുക്കുന്നത് നിയമാനുസൃതമാക്കുന്നതിന്റെ തുടക്കമായി കണ്ടുകൂടെ ?

കൂലിയില്ലാവേലയുടെ പ്രശ്‌നം ഏതാനും ‘വീട്ടമ്മ’മാരുടെയോ മുഴുവൻ ‘വീട്ടമ്മ’മാരുടെയോ മാത്രം പ്രശ്‌നമല്ലെന്നോർക്കണം. യഥാർത്ഥത്തിൽ അത് പ്രത്യുൽപാദന പ്രധാനമായ ജോലികൾ ചെയ്യുന്ന മുഴുവൻ അടിത്തട്ടു ജനതയുടെയും ജൈവപ്രകൃതിയുടെയും പ്രശ്ന‌മാണ്. ‘അഭ്യസ്‌തവിദ്യ’ രുടെ ‘തൊഴിലില്ലായ്‌മ’ പരിഹരിക്കാനാവാതെ ആധുനിക ലോകം നട്ടം തിരിയുന്ന ഇക്കാലത്ത് കൂലിയില്ലാവേലക്കാർക്കു മുഴുവൻ ‘മതിയായ കൂലി’ കൊടുക്കാൻ കഴിയുമെന്ന് മൂലധന വ്യവസ്ഥയുടെ വക്താക്കൾ പോലും വിചാരിക്കുമെന്ന് ‘കരുതാനാവില്ലല്ലോ. അതിശൂദ്രരെ ശൂദ്രരാക്കിയും ശൂദ്രരെ ബ്രാഹ്മണരാക്കിയും ജാതിവ്യവസ്ഥക്ക് പരിഹാരം കാണാമെന്നു കരുതുന്നതിനു തുല്യമാണ് കൂലിയില്ലാ വേലക്കാരെ കൂലിവേലക്കാരാക്കിയും സംരംഭകരാക്കിയും ‘തൊഴിലില്ലായ്‌മ’ പരിഹരിക്കാമെന്ന വ്യാമോഹവും.

അപ്പോൾ തൊഴിലില്ലായ്‌മയ്ക്ക് എന്താണൊരു പരിഹാരം ?

യഥാർത്ഥത്തിൽ ‘തൊഴിലില്ലായ്‌മ’ എന്നൊന്നുണ്ടോ? ഉള്ളത് അഭ്യസ്‌തവിദ്യരുടെ തൊഴിലില്ലായ്മ‌യല്ലേ ? മറ്റുള്ളവർ ആത്മാർത്ഥമായും അർപ്പണ ബോധത്തോടെ രാപ്പകലില്ലാതെ ജോലി ചെയ്ത‌ിട്ടും അവർക്കതിന്റെ അംഗീകാരമോ മെച്ചമോ ഉണ്ടാകുന്നില്ലെന്നതല്ലേ വാസ്‌തവം ?വീട്ടമ്മയ്ക്ക് എന്തേ തൊഴിലാളിയെന്ന പദവിയില്ല ? എന്തുകൊണ്ട് ‘കൂലിത്തൊഴിൽ’ മാത്രം തൊഴിലെന്ന നിലയിൽ ആഘോഷിക്കപ്പെടുന്നു? കൂലിത്തൊഴിൽ എന്ന കൂലിയടിമത്തത്തെ പൊതു സ്വീകാര്യവും നിയന്ത്രണവിധേയവും ആക്കി നിലനിർത്താനുള്ള, അവരുടെ വിലപേശൽശേഷിക്ക് മൂക്കുകയറിടാനുള്ള, കരുതൽ തൊഴിൽപ്പടയല്ലേ അഭ്യസ്‌തവിദ്യരായ തൊഴിലില്ലാത്തവർ? മൂലധനത്തിൻ്റെ സുഗമമായ പ്രവർത്തനത്തിന് അനിവാര്യമായ ഒരു വ്യാവസായിക നിർമ്മിതിയല്ലേ ‘തൊഴിലില്ലായ്മ’? തൊഴിൽ നൽകാമെന്ന് വ്യാമോഹിപ്പിച്ച് പലതരം നൈപുണി മുൻനിർത്തി നടത്തുന്ന വിദ്യാഭ്യാസം അതിൽത്തന്നെ ഒരു വൻകിട വ്യവസായമാണെന്നിരിക്കേ ‘തൊഴിലില്ലായ്മ’ അപരിഹാര്യമായി നിലനിന്നില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടൂ ?

യൂറോപ്പിലേതുപോലുള്ള വികസിത രാജ്യങ്ങളിൽ അവികസിത രാജ്യങ്ങളിലേതുപോലെ തൊഴിലില്ലായ്മ‌ ഇല്ലല്ലോ. ഇന്ത്യയിൽ നിന്നൊക്കെ യുവാക്കൾ അവിടെ പോയല്ലേ ജോലി ചെയ്യുന്നത്? നമുക്കും യൂറോപ്പുപോലെ വികസിക്കാനാവില്ലേ?

യൂറോപ്പ് വികസിച്ചതും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ പിന്തള്ളപ്പെട്ടതും ഒരേ ‘അധിനിവേശ വികസനയുക്തി’ യുടെ ഫലമായാണ്. ഇന്ത്യക്ക് സവിശേഷമായൊരു വികസനതടസ്സവുമുണ്ട്. ശ്രേണീകൃത അസമത്വം ഉറപ്പിക്കുന്ന ജാതിവ്യവസ്ഥയാണത്. അസമമായല്ലാതെ ‘രേഖീയ വികസനം’ സാധ്യമല്ല. ഇന്ന് ‘വികസനം’ കൊണ്ടുദ്ദേശിക്കുന്നത് രേഖീയമായ മേൽത്തട്ടു വികസനം മാത്രമാണ്. പലതരം അടിത്തട്ടുകളെ സൃഷ്‌ടിക്കുന്നതും ഈ വികസനം തന്നെ. ഇക്കാലം ഇതു സൃഷ്‌ടിക്കുന്ന തൊഴിലവസരങ്ങൾ അധികവും സൈനീകവും അല്ലാത്തതുമായ നശീകരണോപാധികളാണ്; ഉത്പാദനോപാധികളല്ല. പൊങ്ങച്ച വ്യവസായത്തിലൂടെ മനുഷ്യരിൽ വംശീയ വിദ്വേഷവും വെറുപ്പും ഉണ്ടാക്കുന്നവ; ഭൂമിയെ മത്സരബുദ്ധിയോടെ കൊള്ളയടിക്കുന്നവ. ഉർവ്വരതയുടെ താളം തെറ്റിക്കുന്നവ. ആത്മവിരോധിയും ‘മനുഷ്യത്വ’ രഹിതവും. പെണ്ണുങ്ങൾ ഉൾപ്പെടെയുള്ള കീഴാള വിഭാഗങ്ങളെക്കൂടി മേലാളരാക്കിക്കൊണ്ടൊരു ‘ആഗോള സമ്പൂർണ്ണ വികസനം’ അസംഭവ്യം; അയുക്തികം.
( അവസാനിക്കുന്നില്ല )

A K Ravindran

A K Ravindran

എ കെ രവീന്ദ്രൻ 1969 മുതൽ അടിയന്തിരാവസ്ഥ പിൻവലിക്കുംവരെ നക്സലൈറ്റ് അനുഭാവിയായിരുന്നു. തുടർന്ന് 1983 വരെ വിശാല ഇടതുപക്ഷ അന്വേഷണങ്ങളിൽ പങ്കാളി. ശേഷം നവസാമൂഹിക പ്രസ്ഥാനങ്ങളുടെ സഹചാരി. ഇപ്പോൾ ചാലക്കുടിക്കടുത്തുള്ള മുരിങ്ങൂരിൽ താമസം. കീഴാള സൂക്ഷ്മ രാഷ്ട്രീയം മലയാള ചിന്തകരിലൂടെ ഒരന്വേഷണം, കീഴാള സ്വരാജ്, നല്ലത് പ്രകൃതി ചികിത്സയോ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

View All Articles by A K Ravindran

Share Article
Whatsapp Email