
പുളിമരങ്ങൾ കടപുഴകുമ്പോൾ വെള്ളംകൊണ്ട് മുറിവേൽക്കാൻ പോവുന്നവരെ ഓർക്കാം
പുളിമരങ്ങൾ വേരോടെ കടപുഴകി വീഴുന്നതിൽ നിന്ന് ഒരു പ്രദേശത്തിന്റെ മാറിപ്പോയ ഭൂമിശാസ്ത്രവും വെള്ളത്തിന്റെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളും വായിച്ചെടുക്കുകയാണ് പി. എം. ജയൻ ഈ ലേഖനത്തിൽ. വയലുകളും തണ്ണീർത്തടങ്ങളും ഇടവഴികളും നികത്തിയുള്ള അനിയന്ത്രിത ഭൂവിനിയോഗം വെള്ളക്കെട്ടിനും മണ്ണിന്റെയും കുടിവെള്ളത്തിന്റെയും മലിനീകരണത്തിനും ഒടുവിൽ മനുഷ്യജീവിതത്തിനുതന്നെ ഭീഷണിയാകുന്നതെങ്ങനെയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വരാനിരിക്കുന്ന ദുരന്തങ്ങളെ നേരിടാൻ പ്രാദേശികതലത്തിൽ സ്വീകരിക്കേണ്ട ചില ദീർഘകാല ഇടപെടലുകളും ലേഖനം മുന്നോട്ടുവയ്ക്കുന്നു.
ഞാൻ ഇടനാട്ടിൽ വയൽ പ്രദേശം നികത്തി നികത്തി രൂപപെട്ട നിബിഡ ജനവാസ മേഖലയിൽ താമസിക്കുന്ന വ്യക്തിയാണ്. മഴക്കാലത്ത് ഞങ്ങളുടെ പ്രദേശം നേരിടുന്ന വെള്ളക്കെട്ടിനെക്കുറിച്ച് ഇക്കഴിഞ്ഞ ഗ്രാമസഭയിൽ പറയേണ്ടിവന്നിരുന്നു. (എത്ര പേർ അതിൻ്റെതായ സ്പിരിറ്റിൽ അത് ഉൾക്കൊണ്ടു എന്നറിയില്ല) ഇപ്പോഴിതാ ശക്തമായ മഴയിൽ നാമെല്ലാം അതീവ ഗുരുതരമായ വെള്ളക്കെട്ടിൽ പെട്ടുഴറുകയാണ്. ആയതിനാൽ പ്രസ്തുത വിഷയത്തെക്കുറിച്ച് അൽപം വിശദമായി എഴുതാമെന്ന് കരുതി.
ആഴത്തിൽ വേരുകളൂന്നി തലമുറകളോളം പടർന്നു പന്തലിച്ചുനിൽക്കുന്ന പുളിമരങ്ങൾ പൊടുന്നനെ കടപുഴകി വീഴുന്നത് ആപൂർവമാണ്. തമിഴ്നാട് പോലെ വരണ്ട മണ്ണുള്ള പ്രദേശത്ത് വേരുറപ്പോടെ ഏറെക്കാലം നിലനിൽക്കുന്ന മരമാണ് പുളി. കേരളത്തിൽ ഇടനാടൻ കുന്നുകളിലും ഈ മരം കരുത്തോടെ നിൽക്കുന്നത് കാണാം. എന്നാൽ രണ്ടോ മൂന്നോ തലതുറ പഴക്കമുള്ള രണ്ടു കൂറ്റൻ പുളിമരങ്ങൾ ഇക്കഴിഞ്ഞ മാസം എൻ്റെ വീട്ടിൻ്റെ സമീപത്തെ പറമ്പുകളിൽ നിന്ന് ചെരിഞ്ഞു. പ്രശസ്ത തമിഴ് നോവലിസ്റ്റ് സുന്ദര രാമസ്വാമിയുടെ നോവൽ ‘ഒരു പുളിമരത്തിൻ കതൈ’ യിലുള്ളതുപോലെ എന്തെന്ത് കഥകളും ഓർമകളും ചരിത്രവുമെല്ലാം ഈ വെട്ടിമുറിച്ചിട്ട് അട്ടിയട്ടിയായി ഇട്ടിരിക്കുന്ന മൃതമരത്തിന് പറയാനുണ്ടാകും എന്ന് ഇപ്പോൾ ആ വഴിയിലുടെ പോകുമ്പോൾ, ആ ദയനീയ കാഴ്ച കാണുമ്പോൾ ഓർത്തുപോകുന്നു. ഒരുകാലത്ത് പുളിമധുരം നുണയാൻ താഴെ വീണ വാളൻ പുളി പെറുക്കാൻ എത്തിയ കുട്ടികളുടെ കാൽപാടുകൾ മുതൽ ശരീരത്തിലെ നീർക്കെട്ട് മാറാൻ പുളിയില പറിക്കാൻ പോയതും മരത്തിൽ ഓടിച്ചാടിയിരുന്ന അണ്ണാരക്കണ്ണനും പക്ഷികളും. പുളിങ്കറിയും പുളി മിഠായിയും അങ്ങനെയങ്ങനെ അനവധി ഓർമകളെ കൂടിയാണ് ഇന്നിവിടെ പീസ് പീസായി കൂട്ടിയിട്ട് ലോറി കേറാൻ പാകത്തിൽ കാത്തുനിൽക്കുന്നത്. ആദിമമനുഷ്യൻ്റെ ( Homo sapiens ) ഉദ്‌ഭവ കേന്ദ്രമായ ആഫ്രിക്കയിൽ നിന്നു തന്നെയാണ് ‘പുളി’മരത്തിൻ്റെ ലോക സഞ്ചാരം തുടങ്ങിയത്. സൂര്യരശ്മിയിൽന്ന് വരുന്ന, മനുഷ്യന് അപകടകാരിയായ അൾട്രാവയലറ്റ് രശ്മിയെ തടഞ്ഞുനിർത്താൻ ഉൾപ്പെടെ നിരവധി ഗുണഗങ്ങളുണ്ട് ഈ വൃക്ഷരാജന്. ഇനി ഇത്തരമൊരു പഴക്കം ചെന്ന പുളിമരം പ്രദേശത്ത് ഇല്ലെന്ന് തന്നെ പറയാം.

ഈ രണ്ടു പുളിമരവും ഇതരമേഖലയിൽ കഴിവ് തെളിയിച്ച സമാന പേരുകാരുടെ വീട്ടിലേതാണ്. നമ്മുടെ നാട്ടിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ തലയെടുപ്പുള്ള ജനകീയ നേതാവ് വളപ്പിൽ പൊക്കൻ എന്നയാളുടെയും മരങ്ങൾ മുറിക്കുന്നതിൽ വൈദഗ്‌ധ്യം തെളിയിച്ച എൻ്റെ ബന്ധു കൂടിയായ ഒ.കെ പൊക്കൻ്റെ (കാറ്റ് പൊക്കൻ) വീട്ടിലേതുമാണ്.
ഗൃഹാതുര ഓർമകൾ മാറ്റിവെച്ച് യാഥാർത്ഥ്യത്തിലേക്ക് വരാം. ഊർജസ്വലതയോടെ പച്ചപ്പണിഞ്ഞ് പന്തലിച്ച് നിന്നിരുന്ന ഈ രണ്ടു പുളിമരങ്ങളും പൊടുന്നനെ വേരുകൾ ചീഞ്ഞ് മരണം വരിച്ചതിൻ്റെ കാരണമെന്താകാം? ആ മരണം നമ്മൾ നാട്ടുകാർക്ക് എന്തെങ്കിലും മുന്നറിയിപ്പ് നൽകുന്നുണ്ടാകുമോ?
ഒരു കാലത്ത് ഒറ്റപ്പെട്ട വീടുകളും അതിവിശാലമായ ഇടവഴികളും ശേഷിക്കുന്ന ഭാഗം വയലുകളും ചാറ്റുകുളം എന്ന വൻ ജല സംഭരണിയുമാണ് മണപ്പുറം ( കടൽ തീരത്തുള്ളതുപോലെ പൂർണമായും മണൽ നിറഞ്ഞത്) എന്ന ദേശത്തിൻ്റെ ഭൂമിശാസ്‌ത്രം. മഴക്കാലമായാൽ കുളവുമായി കണ്ണി ചേർന്ന വലിയൊരു ജലപ്രവാഹം തടസ്സമേതുമിലാതെ ഇടവഴി പലവഴികളിലൂടെ വലിയ തോടുകളിൽ ചേർന്ന് അത് പുഴയുടെ കൈവഴിയിലേക്ക് ചെന്നു ചേരുമായിരുന്നു. എത്ര കനത്ത മഴയായാലും കെട്ടിക്കിടന്ന് അഴുകിയ വെള്ളം എവിടെയും കണ്ടിരുന്നില്ല.
ഇങ്ങനെ തടസ്സമേതുമില്ലാതെ ഒഴുകുന്ന തെളിനീർ വെള്ളത്തിൽ മീനുകളും തവളകളും ഒറ്റയൊറ്റ നീർകോലിയുമെല്ലാം സുലഭമായിരുന്നു. അക്കാലത്ത് പറമ്പിലും വയലിലും വേല ചെയ്യുന്നവർ വലിയ എഞ്ചിനിയറിങ്ങ് പഠിച്ചവരായിരുന്നില്ലെങ്കിലും വെള്ളം ഒഴുകുന്ന വഴി വൃത്തിയാക്കി മാത്രമേ പണി ചെയ്തിരുന്നുള്ളൂ. ആ വഴിയുടെ വീതി കുറച്ച് പറമ്പിൻ്റെ അതിർത്തി കൂട്ടിയെടുക്കാൻ അവർ മെനക്കെട്ടിരുന്നില്ല. വെള്ളമൊഴുക്ക് തടസ്സപ്പെട്ടാൽ പറമ്പിൽ പെയ്തിറങ്ങുന്ന വെള്ളം ഇടവഴിയിലേക്ക് തൂർന്ന് പോകില്ലെന്നും വെള്ളക്കെട്ടുണ്ടായാൽ പറമ്പിലെ കൃഷിയും തെങ്ങും മറ്റ് ഫലവൃക്ഷങ്ങളുമെലാം ചീഞ്ഞ് നശിച്ചുപോകുമെന്നും വീട്ട്കിണറ്റിലെ വെള്ളം ദുഷിച്ചു പോകുമെന്നും അക്കാലത്തുള്ളവർക്ക് അറിവുണ്ടായിരുന്നു. അത്യാവശ്യത്തിന് കെട്ടിനിൽക്കാൻ ജലസംഭരണി പോലെ വയലുകളും ചെറുകുളങ്ങളും മറ്റുമുള്ളതിനാൽ ഭൂഗർഭ ജലമായി, കുടിവെള്ള സ്രോതസ്സായി മഴ പരിണമിക്കുകയും ചെയ്തിരുന്നു.

ജനസംഖ്യാ വളർച്ചയ്ക്ക് ആനുപാതികമായി വീടുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കെ ഭൂമി തരംതിരിച്ച് മാറ്റുന്ന വേളയിലാണ് നേരത്തെയുണ്ടായിരുന്ന നാടിൻ്റെ ഇക്കോസിസ്റ്റം തകിടം മറിഞ്ഞു തുടങ്ങിയത്. പറമ്പിൽ പെയ്യുന്ന മഴവെള്ളം ഭൂഗർഭജലമായി മാറി, അമിത ജലം ഉർന്നിറങ്ങി പറമ്പിന് ചുറ്റുമുള്ള ഇടവഴികളിലൂടെ ഒഴികിയാലേ മണ്ണിൻ്റെ ആരോഗ്യം സമ്പന്നമാകൂ എന്നത് കാർഷിക പാരമ്പര്യമുള്ള പഴയ മനഷ്യൻ്റെ അറിവായിരുന്നു. വീട്ടുപറമ്പിൻ്റെ അതിരിൻ്റെ അളവ് കൂട്ടികൂട്ടി എടുക്കാനുള്ള സ്വാർത്ഥ താല്പര്യം വന്നുപെട്ടതോടെ മണ്ണിൻ്റെ നാഡീ ഞരമ്പായി വർത്തിച്ച ഇടവഴികൾ രണ്ടു വീട്ടുകാരും പരസ്പര സമ്മതത്തോടെ നികത്താൻ തുടങ്ങി. അതിനെ ചോദ്യം ചെയ്യുന്ന മൂന്നാം കക്ഷിയെ ശത്രുവായി കാണാനും തുടങ്ങി. പല ഇടവഴികളും റോഡ് ആയി പരിവർത്തിക്കുമ്പോഴും മഴക്കാലത്ത് വെള്ളം എത് വഴി ഒഴുകും എന്ന ചിന്തയും നമ്മളിലില്ലാതെ പോയി. പല പറമ്പുകൾക്കിടയിലും ഉണ്ടായിരുന്ന വിശാലമായ തോടുകളുടെ വീതി കുറച്ചു കുറച്ചുകൊണ്ടിരുന്നു.
ആരുടെയും അനുവാദമില്ലാതെ ഒഴുകിയിരുന്ന വെള്ളം ക്രമേണ ചിലയിടത്ത് വഴി കണ്ടെത്താനാകാതെ കുടുങ്ങിക്കിടന്ന് ചത്ത് മലച്ച് നാറുന്ന, കറുത്ത ജലമായി മാറി. പഞ്ചാര മണൽ പ്രദേശങ്ങൾ പലതും കാലെടുത്തു വെച്ചാൽ താണുപോകുന്ന ചതുപ്പ് നിലമായി പരിണമിച്ചു. വഴിമാറി സഞ്ചരിച്ച വെള്ളം ചില വീട്ടു പറമ്പുകളിൽ കെട്ടിക്കിടന്നു. കുറേ വെള്ളം റോഡിലൂടെ. കുതിച്ചൊഴുകാൻ തുടങ്ങിയതോടെ റോഡും താറുമാറായിത്തുടങ്ങി. കെട്ടിക്കിടന്ന അഴുക്ക് വെള്ളം സമീപത്തെ സെപ്റ്റിക്ക് ടാങ്കിലുടെയും മറ്റും കിണറിലേക്ക് ഒലിച്ചിറങ്ങി. ക്രമേണ കിണറുകളിലെ ശുദ്ധജലം കോളി ഫാം ബാക്ടീരിയ നിറഞ്ഞ് നേരിട്ട് കുടിക്കാൻ പറ്റാത്ത സ്ഥിതിയിലായി. ചിരെങ്കിലും വൻതുക ചെവഴിച്ച് വാട്ടർപൂരിഫയർ ഉപയോഗിച്ചതുടങ്ങി. മറ്റുള്ളവർ ശുദ്ധലമാണെന്ന് കരുതി ദുഷിത വെള്ളം കുടിച്ചുകൊണ്ടേയിരുന്നു. പലവിധ ജലജന്യ രോഗങ്ങളും മാറാരോഗങ്ങളും പെരുകാൻ തുടങ്ങിയിട്ടും ഇതിൻ്റെ കാരണം കുടിക്കുന്ന വെള്ളമാണെന്നോ കെട്ടിക്കുന്ന വെള്ളമാണെന്നോ തിരിച്ചറിയാത്തവരായി മാറി. നിരന്തരം രോഗം വന്ന് ചികിത്സിച്ച് ചികിത്സിച്ച് ഭരിദ്രരാകുന്നവരുടെ എണ്ണം കൂടി ( ചികിത്സ കൊണ്ട് ദരിദ്രരായിപ്പോവുന്നവരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഉയർന്ന സ്ഥാനമാണ് കേരളത്തിനുള്ളത് )
മനുഷ്യ ശരീരത്തിലെ ഒട്ടുമിക്ക മൂലകങ്ങളും മണ്ണിലുമുണ്ട്. ആരോഗ്യമുള്ള മനുഷ്യശരീരത്തിൻ്റെ പ്രവർത്തനത്തിന് സമാനമാണ് മണ്ണിലെയും പ്രവർത്തികൾ. വിയർപ്പും മൂത്രവും മലവും ഉൾപ്പെടെ വിസർജ്യങ്ങൾ കെട്ടിക്കിടന്നാൽ മനുഷ്യശരീരം എങ്ങനെയാണോ അനാരോഗ്യാവസ്ഥയിലേക്ക് നീങ്ങുന്നത് അതേപോലെയാണ് വെള്ളക്കെട്ടും മറ്റും ഉണ്ടാകുമ്പോൾ മണ്ണിൻ്റെയും ആരോഗ്യവും ക്ഷയിക്കുന്നത്.
വർഷത്തിൽ ഏറ്റവും കൂടുതൽ മാസം മഴ കിട്ടുന്ന അത്യപൂർവ ഇടത്തിൽ താമസിക്കുന്നു എന്ന ഭാഗ്യം സിദ്ധിച്ചവരാണ് നാം മലയാളികൾ. എന്നാൽ ആ മഴവെള്ളം ശാസത്രീയമായി ഉപയോഗിക്കുന്ന കാര്യത്തിൽ അമ്പേ പരാജയപ്പെട്ടവരുമാണ് നാം. മനുഷ്യജീവൻ്റെ നിലനിൽപ്പ് തന്നെ വെള്ളവുമായി ചുറ്റപ്പെട്ടാണ്. എന്നിട്ടും മഴയെ, വെള്ളത്തെ ക്രമേണ ശത്രുവായി കാണാൻ തുടങ്ങി നാം.

പൊതുവഴികളായി പരിവർത്തിപ്പിക്കേണ്ട ഇടവഴികൾ മഴവെള്ളത്തിൻ്റെ ഒഴുക്ക് തടഞ്ഞ് നികത്തുന്നത് അനധികൃതമാണെന്ന് അറിഞ്ഞിട്ടും പൗരബോധം ഒട്ടും ആർജിക്കാത്ത മനുഷ്യരെ അത്തരം നീക്കത്തിൽ നിന്ന് നിരുത്സാഹപ്പെടുത്താൻ വാർഡ് മെമ്പർമാർ തയ്യാറായതുമില്ല. ഇത് കണ്ടെത്തി അതാത് സമയത്ത് നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഉദ്യോഗസ്ഥരും ഒന്നും ചെയ്തില്ല.
കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞു കിടക്കുന്ന ശരാശരി 70 കി. മീറ്റർ മാത്രം വീതിയുള്ള കേരളത്തിൽ 44 നദികൾ മാത്രമല്ല ഉള്ളത്. കണ്ണുകൊണ്ട് കാണാനാകാത്ത നൂറുകണക്കിന് നീരൊഴുക്കുകൾ മണ്ണിനടിയിലൂടെ സഞ്ചരിക്കുന്നുണ്ട്. മഴയെ, വെള്ളത്തെ പരിഗണിച്ചുകൊണ്ടു മാത്രമേ ഭൂമി തരംതിരിക്കാൻ പാടുള്ളൂ എന്ന ചിന്ത ഭരണകൂടം തന്നെ ഉപേക്ഷിച്ചിട്ട് കാലമേറെയായി. വികസന മാമാങ്കമെന്ന പേരിൽ ഭരണകൂടവും നാം ചെയ്യുന്ന പോലെ അശാസ്ത്രീയാണ് ഭൂമിയെ ഉപയോഗിയുന്നത്. പിന്നെങ്ങനെ പ്രാദേശിക ഭരണകൂടങ്ങൾ നമ്മളെ തിരുത്തും?
ഇനി പുളിമരം എന്തുകൊണ്ടാകാം വേരുകൾ കെട്ട് ചത്ത് മലച്ചത് എന്നതിന് ഉത്തരം പ്രത്യേകം പറയേണ്ടതുണ്ടോ? ഭൂമിക്കടിയിലെ നീരൊഴുക്ക് തടസ്സപ്പെടുമ്പോൾ പറമ്പിനകത്ത് വെള്ളം കെട്ടിക്കിടക്കും. അത് മൂലം ചെടികളുടെയും വൻമരങ്ങളുടെയും വരെ വേരുകൾ ചീയാനിടയാകും. അതാണിവിടെയും സംഭവിച്ചത്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ആരോഗ്യത്തോടെ വളരുന്ന ഇനം സ്പീഷിസ് അല്ല പുളിമരം. രണ്ട് വർഷം മുമ്പ് ഇതേ മാതിരി എൻ്റെ വീട്ടിലെ കൂറ്റൻ ഞേറൽ (ഞാവൽ മരം) കടപുഴകി വീണിരുന്നു. അതിന് സമീപത്തെ നികത്താത്ത ശേഷിക്കുന്ന ഇടവഴിയിൽ വെള്ളം ഒഴുക്ക് നഷ്ടപ്പെട്ട് കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. കറുത്ത നിറത്തിലായിരുന്നു മറിഞ്ഞുവീണ അതിൻ്റെ ജീർണിച്ച വേരുകൾ.

ഭൂകമ്പങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്നവരാണ് ഉരഗങ്ങളും മൃഗങ്ങളും പക്ഷികളുമൊക്കെയുമെന്നാണ് ശാസ്‌ത്രം. അതേപോലെ ഈ വെള്ളക്കെട്ട് ഉണ്ടാക്കാനിടയുള്ള ആപത്തിൻ്റെ മുന്നറിയിപ്പാണ് സ്വയം മൃത്യു വരിച്ച് ഈ മരങ്ങൾ നമുക്ക് നൽകുന്നത്. പുതിയ കാല മനുഷ്യന് അത്, അവരുടെ ഭാഷ മനസ്സിലാക്കാൻ കഴിയുന്നുണ്ടോ? പൈലിങ്ങൊന്നും ചെയ്യാതെ മണൽ ഭൂമിയിലെ അൽപമാത്രമായ കെട്ടുറപ്പിലാണ് നമ്മുടെ വീടുകൾ കെട്ടിപ്പൊക്കിയിരിക്കുന്നതെന്നോർക്കണം. ഇന്ന് മരങ്ങളാണ് വീഴുന്നതെങ്കിൽ നമ്മുടെ വീടുകൾ പലതും നിലം പതിക്കാൻ അധികകാലം വേണ്ടി വരില്ല. ഇനി ഇത്തരം മരങ്ങൾ ഇല്ലാതാകുന്നതും ഭയം മൂലം മരങ്ങൾ മുൻകൂട്ടി മുറിച്ച് മാറ്റുന്നതും സൃക്ഷ്ടിക്കാൻ പോകുന്നത് വെള്ളക്കെട്ട് സൃഷ്ടിക്കുന്നതിനേക്കാൾ വലിയ ദുരന്തമായിരിക്കും. അതേക്കുറിച്ച് ഒടുവിൽ പറയാം.
നാട്ടിലെ ഭൂമിയും വെള്ളവും തമ്മിലെ പാരസ്പര്യത്തിൽ ഇത്തരം മാറ്റങ്ങൾ നാം സൃഷ്ടിച്ചുകൊണ്ടിരിക്കെ ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനവും അമിതമായി ചൂടു കൂടുന്നതുമായ പ്രതിഭാസവും (climate change) വരുന്നുണ്ടായിരുന്നു. മനുഷ്യൻ്റെ ഇടപെടലിൻ്റെ കൂടി കാരണത്താലാണ് കാലാവസ്ഥയിലെ ഈ മാറ്റം സംഭവിക്കുന്നത് എന്നിരിക്കെ ആ മാറ്റത്തെ പൂർണമായും തടയാൻ മനുഷ്യന് സാധ്യമാകും എന്ന് ഉറപ്പില്ല. എന്നാൽ കലാവസ്ഥാ മാറ്റം കൊണ്ട് ഉണ്ടാകാനിടയുള്ള ദുരന്തത്തിൻ്റെ ആഘാതം കുറക്കാനും (mitigation) ചില ദുരന്തങ്ങൾ ക്ഷണിച്ചു വരുത്താതിരിക്കാനും നമുക്ക് കഴിയുമെന്നാണ് ശാസ്ത്രം പറയുന്നത്. അങ്ങനെ ചിന്തിച്ചാൽ ഇടനാട്ടിലെ നിലവിലെ വെള്ളക്കെട്ട് വിഷയത്തിൽ പഞ്ചായത്ത് അധികാരികൾ കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്. അതവർ മുൻകൂട്ടി ചെയ്യുന്നുണ്ടോ?

രോഗം വന്നതിനു ശേഷം ചികിത്സാ സഹായ കമ്മിറ്റി ഉണ്ടാക്കാനും ചികിത്സിക്കാനും കാണിക്കുന്ന ആർജവം രോഗകാരണങ്ങൾ നിർമാർജനം ചെയ്യേണ്ട പ്രവർത്തികൾക്ക് ഇല്ല എന്നതാണ് പൊതുവെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരുടെയും പൊതുജനാരോഗ്യ പ്രവർത്തകരുടെയും പരാതി. അതുകൊണ്ടു കൂടിയാണ് നാം ചികിത്സിച്ച് ചികിത്സിച്ച് ദിരദ്രരായി മാറുന്നത്. ഇതു തന്നെയാണ് നിരവധി പ്രകൃതി ദുരന്തങ്ങളോടും നമ്മുടെ സമീപനം. ദുരന്തങ്ങൾ വരുമെന്ന മുന്നറിയിപ്പുകളെ അവഗണിച്ച് അതിൻ്റെ കാരണങ്ങളെ ഒഴിവാക്കിയെടുക്കാൻ താല്പര്യം കാണിക്കാത്ത ഭരണകൂടവും അവരുടെ അതേ മാനസികാവസ്ഥയുള്ള മനുഷ്യരും ദുരന്തത്തിൽ സഹായ ഹസ്തമായി ഓടിച്ചാടി മെയ് മറന്ന് പ്രവർത്തിക്കുന്നത് കാണാം. ഇടനാട്ടിലൂടെ വികസനമെന്ന പേരിൽ അണക്കെട്ടുപോലെ (Embankment )പണിതുയർത്തുന്ന ദേശീയ പാത ഉൾപ്പെടെ പല വികസന പദ്ധതികളും ശാസ്ത്രീയ മുന്നറിയുപ്പുകളെ അവഗണിച്ചാണ് നിർമിച്ചുകൊണ്ടിരിക്കുന്നത്. നീരൊഴുക്കം തണ്ണീർത്തടങ്ങളും വയലുകളും നിറഞ്ഞ കേരളത്തിൽ ഉയരപ്പാതയാണ് (Elivated Highway) അഭികാമ്യം എന്ന വിദഗ്ധരുടെ അഭിപ്രായത്തെ അവഗണിച്ചാണ് ഹൈവെ പണിയുന്നത്. പലയിടങ്ങളിലെയും പാതയുടെ ബലക്ഷയവും പാതയ്ക്ക് സമീപത്തെ വെള്ളക്കെട്ടുമെല്ലാം കാണുമ്പോൾ ആ നിർദേശങ്ങൾ ശരിയാണെന്ന് തെളിഞ്ഞു കൊണ്ടേയിരിക്കുന്നു. എന്തിന് മലയാളികളുടെ സമീപകാലത്തെ ഏറ്റവും വലിയ ദുരന്തം നടന്ന വയനാട്ടിലെ ചൂരൽമല സന്ദർശിച്ച വിദഗ്ധരുടെ റിപ്പോർട്ട് അടങ്ങിയ പുസ്തകം (തെന്നുന്ന ഭൂമി ചിതറുന്ന ജീവിതങ്ങൾ ) വായിച്ചാൽ മാത്രം മതി അത് മനുഷ്യ നിർമിത ദുരന്തമാണെന്ന് തിരിച്ചറിയാൻ.
അതിനാൽ ഇത്തരം ദുരനുഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ, വെള്ളക്കെട്ട് ദുരന്തം ഒഴിവാക്കാൻ പഞ്ചായത്ത് അധികൃതരുടെ / വാർഡ് മെമ്പർമാരുടെ ശ്രദ്ധയിലേക്ക് ദീർഘകാല പ്രവർത്തനം എന്ന നിലയിൽ ചില നിർദേശങ്ങൾ മുന്നോട് വെക്കുന്നു.
.
1 വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളുടെ ഫോട്ടോ, വീഡിയോ എടുത്ത് ഫയൽ ചെയ്യുക.
2 മഴയൊന്ന് മാറിയതിന് ശേഷം പ്രസ്തുത വിഷയം പഠിക്കാൻ റിട്ടയർഡ് എൻജിനിയറിങ്ങ് വിദഗ്ധരെങ്കിലും ഉൾപ്പെടുന്ന, പറ്റുമെങ്കിൽ പ്രദേശവാസികളെ ഒഴിവാക്കിക്കൊണ്ട് ജനകീയ പഠന സമിതി രൂപീകരിക്കുക.
3 രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥലങ്ങൾ അവരെ ഉപയോഗിച്ച് കണ്ടെത്തി വെള്ളമൊഴുകാൻ പാകത്തിൽ ചില വഴികളെങ്കിലും തിരികെ കൊണ്ടുവരാൻ കർശനമായ ഇടപെടൽ നടത്തുക. നിലവിലെ കുളങ്ങളും മറ്റും നവീകരിക്കുന്നതോടൊപ്പം ശേഷിക്കുന്ന വയലുകളെങ്കിലും സംരക്ഷിച്ചു നിർത്തുമെന്ന് ഉറപ്പ് വരുത്തുക. ( Data bank ൽ നിന്ന് ഒഴിവാക്കിയെടുത്ത് വയലുകൾ നികത്തിയെടുക്കാനുള്ള നിക്ഷിപ്ത താല്പര്യക്കാരുടെ ഇടപെടലുകൾക്ക് ഇനിയെങ്കിലും കൂട്ട് നിൽക്കാതിരിക്കുക, വില്ലേജ് ഓഫീസറും കൃഷി ഓഫീസറുമാണ് ഇതിൽ കൂടുതൽ ഉത്തരവദിത്തം പുലർത്തേണ്ടത്)
4 മുൻകാലത്ത് ദിവസങ്ങളോളമെടുത്ത് ചെയ്തിരുന്ന അളവ് മഴ ചെറിയ സമയം കൊണ്ട് പെയ്യുന്ന പ്രതിഭാസം ഇനിയുള്ള കാലത്തും ആവർത്തിക്കുമെന്നതിനാൽ നിലവിലെ തോടുകളുടെയും റോഡിന് വശങ്ങളിലെ ഓവുചാലുകളുടെയും വീതി വർധിപ്പിക്കുക. ഓവുചാലുകൾ ഇല്ലാത്ത പ്രാദേശിക റോഡുകളിൽ അത് നിർമിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക.
5 പൊതു ഇടങ്ങളിലും ഓവുചാലിലും പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെ മാലിന്യങ്ങൾ വലിച്ചെറിയുന്നില്ല എന്ന് ഉറപ്പ് വരുത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ ആലോചിക്കുക ( പല തോടുകളിലെയും ഒഴുക്ക് തടസ്സപ്പെടുത്തുന്നതിൻ്റെ പ്രധാന കാരണക്കാരൻ പ്ലാസ്റ്റിക് കുപ്പികളാണ്)
6 റോഡിനിരുവശങ്ങളിൽ നിർമിക്കുന്ന കോൺക്രീറ്റ് ഓവുചാലുകൾ പെട്ടി രൂപത്തിൽ പണിയാതെ ഓവൽ മാതൃകയിൽ(oval shape drainage) പണിയുക. വെള്ളമൊഴുക്ക് സുഗമമാകുന്നതോടൊപ്പം കൊതുക് നിർമാർജനത്തിനും അഴുക്ക് കെട്ടിക്കിടക്കാതിരിക്കാനും ഇത് ഗുണം ചെയ്യും.
7 മഴക്കാലത്ത് വെള്ളമൊഴുകിപ്പോകാൻ വഴി ഉറപ്പ് വരുത്തിക്കൊണ്ട് മാത്രമേ പുതുതായ റോഡുകളും ഫൂട്പാത്തുകളും കോൺക്രീറ്റ് ചെയ്ത വഴികളും നിർമിക്കൂ എന്ന് ഇനിയെങ്കിലും ഉറപ്പ് വരുത്തുക.
8 ജലസേചന പദ്ധതിയുടെ ഭാഗമായി എന്നോ നിർമിച്ച ഉപയോഗശൂന്യമായ കനാലിലൂടെ മഴക്കാലത്ത് വെള്ളം നന്നായി ഒഴുകുന്നതിനാൽ, സമീപ വീടുകളിലെ മേൽകൂരയിൽ നിന്ന് ഒഴുകി വരുന്ന വെള്ളമെങ്കിലും കനാലിലേക്ക് ബൈപാസ് ചെയ്യാൻ പറ്റുമോ എന്ന് ആലോചിക്കുക.
നേരത്തെ നികത്തപ്പെട്ട എല്ലാവഴികളും തിരിച്ചുപിടിക്കാൻ കഴിയില്ലെങ്കിലും മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒരു ഭരണകൂടത്തിൻ്റെ കാലയളവിലെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ വെള്ളക്കെട്ട് അപകടം ഒരു പരിധിവരെ ഒഴിവാക്കി കുടിവെള്ളത്തെയും മണ്ണിനെയും ശുദ്ധമായി തിരിച്ചു കൊണ്ടുവരാനും അതുവഴി മനുഷ്യരെ ഒരു പരിധിവരെ രോഗമുക്തരാക്കാനും കഴിയും. ( രോഗം വന്ന ശേഷം ചികിത്സിക്കുന്നതല്ല ലാഭം എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക )
ഇതൊന്നും ചെയ്യാതെയിരുന്നാൽ വെള്ളക്കെട്ടിനെത്തുടർന്ന് വീട്ടിനുമേൽ മരം കടപുഴകിവീഴുമോ എന്ന ഭീഷണി മനുഷ്യരെ പിടികൂടും. ശേഷിക്കുന്ന മരങ്ങളും മുറിച്ചുനീക്കി കൂടുതൽ മരുപ്പറമ്പാക്കി നമ്മുടെ വീട്ട് പരിസരം മാറ്റാൻ ശ്രമിച്ചാൽ അതിവൃഷ്ടിപോലെ കാലാവസ്ഥാ വൃതിയാനത്തിൻ്റെ ഭാഗമായി വരാനിരിക്കുന്ന അതികഠിനമായ ചൂടിനെ നാം എങ്ങനെ മറികടക്കും?!
ഈ വർഷം മുതൽ വീണ്ടും എൽനിനോ പ്രതിഭാസം രൂക്ഷമാവുകയാണെന്ന വാർത്ത നാം വായിച്ചതല്ലേ. ആ പ്രതിഭാസം നമ്മുടെ അന്തരീക്ഷത്തിൽ ഈ മഴക്കാലത്തു പോലും പ്രകടമാണ് എന്നതിൻ്റെ തെളിവാണ് മഴ പെയ്യുമ്പോൾ പോലും നാം വിയർക്കുന്നതിൻ്റെയും ഫാനും എ.സി യും ഓഫ് ചെയ്യാൻ കഴിയാത്തതിൻ്റെയും കാരണം. ചൂടിനെ ഒന്ന് കുറക്കണമെങ്കിൽ നമുക്ക് ചുറ്റുവട്ടങ്ങളിൽ മരങ്ങൾ വളർത്തുക മാത്രമാണ് പേംവഴി.
വികേന്ദ്രീകരണം പേരിനുമാത്രമായതിനാൽ മുകളിൽ നിന്ന് താഴോട്ട് വരുന്ന ചില സ്ഥിരം ആലോചനകളും നിർമാണ പ്രവർത്തിയും മാത്രമേ മിക്ക പഞ്ചായത്തുകളിലും നടക്കുന്നുള്ളൂ എന്നറിയാം. അതിൽ നിന്ന് മാറി ആലാചനകൾ നടക്കണമെങ്കിൽ നല്ല ഭാവനാ സമ്പന്നതയും ഇച്ചാശക്തിയുമുള്ള മെമ്പർമാരും അവർക്കെല്ലാം കാലത്തിനൊത്ത ഭൗമ രാഷ്ട്രീയ ബോധ്യവും വേണ്ടതുണ്ട്. ആയതിനാൽ ഇത്രയും എഴുതിയത് എൻ്റെ വെറും നടക്കാത്ത സ്വപ്നമാണെന്ന് കരുതി തള്ളിക്കളയാവുന്നതാണ്.
Featured Image Credit: PTI
