യുവജന പ്രക്ഷോഭത്തിന്റെ സംഭവമാനങ്ങൾ

യുവജന പ്രക്ഷോഭത്തിന്റെ സംഭവമാനങ്ങൾ

ദില്ലിയിലെ യുവജന പ്രക്ഷോഭത്തെ ഒരു രാഷ്ട്രീയ സംഭവമായി കെ. വിനോദ് ചന്ദ്രൻ വായിച്ചെടുക്കുന്നു. ‘പാറ്റ’ എന്ന അപമാനപദത്തെ ആത്മശക്തിയാക്കി മാറ്റിയ ജെൻസി യുവത്വത്തിന്റെ സർഗ്ഗാത്മക പ്രതിരോധവും, കാമനയുടെ രാഷ്ട്രീയവും, രാഹുൽ ഗാന്ധിയുടെ ഇടപെടലും, പ്രക്ഷോഭാനന്തര രാഷ്ട്രീയസാധ്യതകളും അദ്ദേഹം വിശകലനം ചെയ്യുന്നു.

ദില്ലിയിലെ യുവജന പ്രക്ഷോഭം വിജയകരമായി സമാപിച്ചെങ്കിലും അതുന്നയിച്ച പ്രധാനപ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെടാതെ തുടരുന്നു. പ്രക്ഷോഭത്തെ പ്രകീർത്തിച്ചും വിമർശനാത്മകമായി വിശകലനം ചെയ്തുമുള്ള ലേഖനങ്ങളുടെയും പഠനങ്ങളുടെയും പ്രവാഹം സോഷ്യൽ മീഡിയകളിലും ജർണലുകളിലും തുടർന്നു കൊണ്ടേയിരിക്കുന്നു. പ്രക്ഷോഭം സൃഷ്ടിച്ച ആവേശങ്ങൾ കെട്ടടങ്ങിത്തുടങ്ങിയ സാഹചര്യത്തിൽ ഏതാണ്ട് ഒരു മാസത്തിന്റെ അകലം നൽകുന്ന തെളിമയിൽ നിന്നു കൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ വെളിപ്പെടുന്നതെന്താണ്? ഹിന്ദുത്വ- സയണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രതിരോധമുയർത്തുന്ന ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് അത് നൽകുന്ന പാഠങ്ങൾ എന്തൊക്കെയാണ്?

ജൂലൈ ഇരുപതു മുതൽ 25 വരെയുള്ള നാളുകൾ ചരിത്രം വഴിമാറിയൊഴുകിയ ദിനങ്ങളായിരുന്നു. ഇന്ത്യയിലെ യുവാക്കൾ ജനാധിപത്യത്തെ തിരിച്ചു പിടിക്കുകയും, ഭരണകൂടത്തെ വിറകൊള്ളിക്കുകയും ചെയ്ത ഐതിഹാസിക ദിനങ്ങൾ. ചരിത്രത്തിന്റെ, അധികാരത്തിന്റെ തടയണകൾ തകർത്ത് സംഭവത്തിന്റെ (event) അകാലകാലം തിമിർത്തൊഴുകിയ നാളുകൾ.

12 കൊല്ലത്തെ മോദി ഭരണം ഇന്ത്യയിൽ സൃഷ്ടിച്ച ഭയത്തിന്റെയും വെറുപ്പിന്റെയും മാന്ത്രിക വലയങ്ങൾ ജെൻസി പ്രക്ഷോഭകരുടെ വിദ്ധ്വംസകമായ ചിരിയാൽ ഭേദിക്കപ്പെട്ടു. ജനാധിപത്യ സംവിധാനങ്ങൾ തകർത്ത്, വിയോജിക്കുന്നവരെ തുറുങ്കിലടച്ച് , മത- വംശീയകലാപങ്ങളിലൂടെ ഇന്ത്യയെ ആന്തരാ വിഭജിച്ച്, പൗരാവകാശങ്ങളെ നിഹനിച്ച്, വിദ്യാഭ്യാസ-പരീക്ഷാസംവിധാനങ്ങൾ തകിടം മറിച്ച്, യുവാക്കൾക്ക് തൊഴിലവസരങ്ങൾ നിഷേധിച്ച്, സർവ്വ ജനങ്ങളെയും ബന്ധികളാക്കി മാറ്റിയ മോദി ഭരണകൂടം ദില്ലിയിലെ തെരുവുകളിൽ യുവാക്കളാൽ വിചാരണ ചെയ്യപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയത്തെ, അധികാരത്തിന്റെ വ്യവഹാരങ്ങളെ, അവർ ഇളയവൽക്കരിച്ചു (minorisation-A Deleuzean concept). ഹിന്ദുത്വത്തിന്റെ പിതൃമേധാവിത്വപരമായ മുതുഭാവുകത്വത്തെ, മുതു-ആഖ്യാനങ്ങളെ, ഹാസ്യാഖ്യാനങ്ങൾ കൊണ്ട് ആക്രമിച്ചു. ഔദ്യോഗികവും സഭ്യവും ആധിപത്യപരവുമായ മുതുഭാഷണത്തെ സ്നേഹവും പരിഹാസവും ക്രോധവും കടഞ്ഞെടുത്ത ഇളംഭാഷണത്താൽ വെല്ലുവിളിച്ചു. രാജ്യമെങ്ങും വംശീയ വിഷം തൂകിയ സവർണ്ണവൃദ്ധഭാവുകത്വത്തെ സ്നേഹവും മൈത്രിയും ഹാസ്യവും തുളുമ്പുന്ന ഇളം ഭാവുകത്വത്താൽ അട്ടിമറിച്ചു. “ഡാഡി”മാരുടെയും “അങ്കിൾ”മാരുടെയും ആജ്ഞാവാക്യങ്ങളെ പാരഡിയുടെ കളിമൊഴികളിലൂടെ ഭേദ്യം ചെയ്തു. ഭീതിയുടെയും വെറുപ്പിന്റെയും പകയുടെയും ഭാവശക്തികളെ അലിവിന്റെയും, മൈത്രിയുടെയും നർമ്മത്തിന്റെയും ഭാവശക്തികൾ കൊണ്ട് നേരിട്ടു.

പ്രതിരോധത്തെ കേളിയും ഉൽസവവുമായി ഇളം തലമുറ ആഘോഷിച്ചു. ജാതിമതലിംഗ വ്യത്യാസങ്ങളില്ലാതെ യുവത്വം ഭരണകൂടത്തിനെതിരേ കൈകോർത്തു. ഷോക്ക് ബാറ്റനുകളുമായി, ആണികൾ തറച്ച ലോഹലാത്തികളുമായി, ടിയർ ഗ്യാസ് ഷെല്ലുകളും പെല്ലറ്റു ഗണ്ണുകളുമായി തങ്ങളെ വേട്ടയാടുവാൻ കാത്തു നിന്ന പോലീസ്സ് സൈന്യത്തെ കളിയാക്കിയും പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും അവർ അതീവസുരക്ഷാപ്രദേശങ്ങളായ പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് ചെയ്തു. പോലീസ്സ് മർദ്ദനങ്ങളെ അതിജീവിച്ച്, ബാരിക്കേഡുകൾ തകർത്ത്, പാട്ടുപാടി നൃത്തച്ചുവടുകളുമായി, ദില്ലിയിലെ തെരുവുകളിലൂടെ അവർ ഒഴുകി. പാരഡിപ്പാട്ടുകളുമായി, ആക്ഷേപഹാസ്യം വഴിയുന്ന മുദ്രാവാക്യങ്ങളും പ്ലാക്കാർഡുകളുമേന്തി, തെരുവുനാടകങ്ങളാടി, അവർ ദില്ലിയിലെ തെരുവുകളും രാജപാതകളും കയ്യേറി.

ലാത്തിയുമായി ഓടിയടുത്ത പോലീസ്സുകാരുമായി ഒളിച്ചു കളിച്ച്, സംഗീതം ചാലിച്ച റീലുകളും മീമുകളും വീഡിയോകളും സർഫ് ചെയ്തു കൊണ്ട്, തെരുവുകളിൽ അവർ പാറി നടന്നു. മൊബൈൽ ക്യാമറകളിൽ പോലീസ്സ് അതിക്രമങ്ങളെ പകർത്തി രാജ്യമെങ്ങും വിതരണം ചെയ്തു. പാറ്റക്കോലങ്ങളും, ബാറ്റ്മാൻ, സ്പൈഡർ മാൻ, സൂപ്പർമാൻ, അയൺമാൻ വേഷങ്ങളും കെട്ടിയാടി, പ്രതിഷേധജാഥയെ ഉൽസവമേളയാക്കി. ജലപീരങ്കികൾക്കു ചോട്ടിൽ ആൺകുട്ടികളും പെൺകുട്ടികളും മഴനൃത്തമാടി. ലാത്തിചാർജ്ജുചെയ്യുവാൻ വരുന്ന പോലീസ്സുകാരെ ദേശീയഗാനം പാടി തടഞ്ഞു നിർത്തി. ഇടവേളകളിൽ പോലീസ്സുകാർക്ക് പൂക്കൾ നൽകുകയും കളിവാക്കുകളും കുസൃതിച്ചിരികളുമായി ആയി അവരെ വിഭ്രമിപ്പിക്കുകയും ചെയ്തു. പോലീസ്സുകാർക്കിടയിൽ മറഞ്ഞു നിന്ന് തങ്ങളെ മർദ്ദിച്ച ഗുണ്ടകളെ തിരഞ്ഞു പിടിച്ച് കളിയാക്കി ഓടിക്കുകയും അവരുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു.

പാറ്റകളായി അവർ പെരുകി, പാറ്റകളായി അവർ പോലീസ്സുകാർക്കിടയിലൂടെ പറക്കുകയും ഇഴയുകയും, ചാടി വീഴുകയും, ഓടിമറയുകയും ചെയ്തു. പാറ്റകൾ പൂമ്പാറ്റകളായി, പറവകളായി, പോലീസ്സ് വലയങ്ങളെയും ബാരിക്കേഡുകളെയും ഭേദിച്ച് ദില്ലിയുടെ വിഹായസ്സിൽ പാറിപ്പറന്നു നീങ്ങി

മെട്രോ സർവീസുകൾ നിർത്തിവച്ചും, ദില്ലിയിലേക്കുള്ള പ്രവേശനകവാടങ്ങളടച്ചു പൂട്ടിയും, വാഹനങ്ങൾ തടഞ്ഞും, ഇന്റർ നെറ്റു നിർത്തലാക്കിയും സമരക്കാരെ തടയുവാൻ സർക്കാർ ശ്രമിച്ചെങ്കിലും പതിനായിരക്കണക്കിനു യുവാക്കൾ ജന്തർ മന്ദറിലേക്ക് ഒഴുകിയെത്തി. മാതാപിതാക്കളും സമൂഹത്തിന്റെ വിഭിന്ന മേഖലകളിലുള്ളവരും ആ നവസമരത്തിൽ അണിചേർന്നു. കൂട്ടുകാർക്കു നേരേ വന്ന ലാത്തിത്തല്ലുകൾ സ്വന്തം ശരീരത്തിലേക്കു ഏറ്റുവാങ്ങിയ ധീരരായ യുവതീയുവാക്കൾ സ്നേഹത്തിന്റെയും സഹനത്തിന്റെയും നവേതിഹാസങ്ങൾ രചിച്ചു. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും അവർക്കു സഹായങ്ങളെത്തി. ദൂരദേശങ്ങളിൽ നിന്ന് ജന്തർ മന്തറിലെ സമരക്കാർക്ക് അനുഭാവികൾ അയച്ചു കൊടുത്ത ഭക്ഷണപ്പാക്കറ്റുകൾ തുല്യമായി വീതിച്ചു നൽകി. പരിക്കു പറ്റിയവർക്ക് മെഡിക്കൽ സഹായങ്ങൾ നൽകാൻ ഡോക്ടർമാരുടെയും സന്നദ്ധസേവകന്മാരുടെയും സംഘങ്ങൾ ക്യാമ്പു ചെയ്തു. നിയമസഹായത്തിനായി അഭിഭാഷക സംഘങ്ങൾ സ്വമേധയാ എത്തിച്ചേർന്നു. ഗുരുദ്വാരകളും മോസ്കുകളും വിദ്യാർഥികൾക്കു തുണയായി. സമരക്കാർക്ക് ഭക്ഷണവും വെള്ളവും നല്കാൻ സേവനനിരതരായ സിക്കുകാർ സംവിധാനങ്ങളൊരുക്കി. ചുട്ടുപൊള്ളുന്ന വെയിലത്തു താളച്ചുവടുകളോടെ വിശറികൾ പരസ്പരം വീശിക്കൊടുത്തു കൊണ്ട് വിദ്യാർഥികൾ മുദ്രാവാക്യങ്ങൾ മുഴക്കി, പാടുകയും ആടുകയും ചെയ്തു. രാത്രി കാലങ്ങളിൽ വിഭിന്നജാതികളിലും മതങ്ങളിലും ദേശങ്ങളിലും പെട്ട യുവാക്കൾ ജന്തർ മന്ദറിലെ സമരപ്പന്തലുകൾക്ക് താഴെ കടലാസ്സും പായും വിരിച്ചു ഒരൊറ്റ കുടുംബമായി കിടന്നുറങ്ങുന്നതും അജ്ഞാതരും അപരിചിതരുമായ അനുഭാവികൾ അവർക്ക് കൈവിശറികൾ വീശിക്കൊടുക്കുന്നതുമായ രംഗങ്ങൾ ഐക്യാനുഭവത്തിന്റെ ഉദാത്തദൃശ്യങ്ങളായി. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മൈത്രിയുടെ പൊതുനേരങ്ങൾ വീണ്ടെടുത്തുകൊണ്ട് ഇന്ത്യൻ യുവത്വം ലോകത്തിനു പുതിയ മാതൃകയായി. ബംഗ്ലാദേശിലും ശ്രീലങ്കയിലും നേപ്പാളിലും നടന്ന അക്രമാസക്തമായ ജെൻസി പ്രതിഷേധങ്ങളിൽ നിന്ന് പാറ്റകളുടെ പ്രക്ഷോഭത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ ഹിംസാരഹിതവും, സർഗ്ഗാത്മകവും സംവാദാത്മകവുമായ സമരമുറകളാണ്.

പാറ്റപ്രക്ഷോഭത്തിനു നിരവധിമാനങ്ങളും തലങ്ങളും ദിശകളും ഉണ്ടായിരുന്നു. പ്രതിരോധത്തിന്റെ ബഹുകാലങ്ങൾ, ശ്രുതികൾ, മുറകൾ, ശൈലികൾ, അവിടെ കൂട്ടിമുട്ടി. അഹിംസയെ ഉയർത്തിപ്പിടിച്ച യുവജനപ്രക്ഷോഭം ഗാന്ധിയൻ സത്യാഗ്രഹ പാരമ്പര്യത്തെ പുതുവിതാനങ്ങളിലേക്കുയർത്തി. ജെൻസികളുടെ ആക്ഷേപഹാസ്യവും പാരഡികളും ഡിജിറ്റൽ നർമ്മ പദാവലികളും വെറും കൗതുകം മാത്രം ഉയർത്തുന്ന പൊള്ളവചനങ്ങളായിരുന്നില്ല. ആത്യന്തികമായും അവ ആഴത്തിലുള്ള സത്യവാദനങ്ങളായിരുന്നു. ഇൻസ്റ്റാഗ്രാം സത്യാഗ്രഹികളെന്നാണ് പ്രതിരോധ ചിന്തകനായ ഹർഷ മന്ദിർ യുവപ്രക്ഷോഭകരെ വിളിച്ചത്. ഗാന്ധിയുടെയും അംബേദ്ക്കറിന്റെയും ചിത്രങ്ങളും ആശയങ്ങളും സമരക്കാർ ഉയർത്തിപ്പിടിച്ചു. ഗാന്ധിയൻ സത്യാഗഹമുറകളും അംബേദ്ക്കറിന്റെ ആശയങ്ങളും ദളിതരുടെ സമരമുറകളും, ജെൻസികളുടെ നവഡിജിറ്റൽ പോർമുറകളും ഐസാ, എസ്.എഫ്. ഐ, എ.ഐ. എസ്. എഫ്, എൻ.എസ്.യു.ഐ. തുടങ്ങിയ വിദ്യാർഥി സംഘടനകളുടെ തീവ്ര സമരശൈലികളും എല്ലാം തന്നെ താളഭംഗങ്ങളില്ലാതെ സമശ്രുതിയിൽ മേളിച്ചു. നീലവേഷം ധരിച്ച് നീലത്തലപ്പാവുകൾ അണിഞ്ഞ്, ആചാരചിഹ്നങ്ങളായ വാളും കുന്തവും ചക്രവും ഏന്തി വിദ്യാർഥികൾക്ക് സുരക്ഷയൊരുക്കിയ സിക്ക് നിഹാങ്കു സംഘങ്ങൾ 2020 – 21 ലെ കർഷക മഹാസമരത്തിന്റെ ആവേശകരമായ ഓർമ്മകളെ പുനരാനയിച്ചു.

സമകാല ചരിത്രത്തുടർച്ചയെ ഭേദിക്കുകയും നവചരിത്രത്തിന് തുടക്കം കുറിക്കുകയും ചെയ്ത പ്രക്ഷോഭസംഭവത്തിൽ പ്രതിരോധത്തിന്റെ സമസ്തകാലങ്ങളും പുനരവതാരം കൊണ്ടു. ജനതയുടെ എതിരോർമ്മകളും എതിർചരിത്രങ്ങളും പുനർസഞ്ചയിക്കപ്പെട്ടു. പ്രതിരോധത്തിന്റെ രാഷ്ട്രീയം, ഭാഷ, സമരമുറ, എല്ലാം ഇളയവൽക്കരിക്കപ്പെട്ടു.

അരുന്ധതി റോയ്
അരുന്ധതി റോയ്

അരുന്ധതിറോയി പറഞ്ഞപോലെ ഒരു ന്യായാധിപനും ഒരു തമാശയും തമ്മിലുള്ള അവിശുദ്ധ വേഴ്ചയുടെ സന്തതികളായിരുന്നു പാറ്റപ്രക്ഷോഭകർ. നിന്ദയിൽ നിന്ന്, അവഹേളനത്തിൽ നിന്ന്, ആത്മാഭിമാനക്ഷതത്തിൽ നിന്ന് ഉയിർക്കൊണ്ട കലാപം. പാറ്റകളെപ്പോലെ അലസരും പരോപജീവികളുമാണ് തൊഴിലില്ലാത്ത യുവാക്കൾ എന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അവഹേളന പരാമർശനത്തിനു ഇളം തലമുറ നല്കിയ രാഷ്ട്രീയപരവും നാടകീയവുമായ പ്രത്യുത്തരമായിരുന്നു പാറ്റയായി മാറൽ. സി.ജെ.പിയുടെ വെബ്സൈറ്റിന്റെ ടാഗ് ലൈൻ “അലസരുടെയും തൊഴിലില്ലാത്തവരുടെയും സ്വരം” എന്ന ആക്ഷേപഹാസ്യപരമായ വാക്യമായിരുന്നു. മാന്ത്രികവും സർഗ്ഗാത്മകവുമായ രൂപാന്തരീകരണത്തിന്റെ സൂത്രസംജ്ഞയായി, മന്ത്രമായി, ആ പദം ഒരു പുത്തൻ കർതൃത്വത്തിനു പിറവി കുറിച്ചു. കർതൃത്വപരമായ ഈ രൂപാന്തരണത്തിലൂടെയാണ്, യുവാക്കളുടെ “പാറ്റയായിത്തീരലിലൂടെയാണ്” (Becoming cockroach) ജെൻസി പ്രക്ഷോഭം ഹിന്ദുത്വം പടുത്തുയർത്തിയ ഭീതിയുടെയും വെറുപ്പിന്റെയും മായാവലയത്തെ ഭേദിക്കുവാനുളള ആത്മധൈര്യം നേടിയെടുത്തത്. പാറ്റയും യുവതയും തമ്മിലുള്ള സർഗ്ഗാത്മകമായ ഈ സംരചനയിലൂടെ സ്നേഹത്തിന്റെയും, മൈത്രിയുടെയും, കേളിയുടെയും ചിരിയുടെയും സ്വരാജ്യനേരങ്ങൾ വീണ്ടെടുക്കുവാനുള്ള ശക്തി അവർ ആർജ്ജിച്ചു. പെരുകാനും പരക്കാനും ഇഴഞ്ഞും കുനിഞ്ഞും പറന്നും, ഒഴിഞ്ഞും, ഒളിഞ്ഞും നിന്നു കൊണ്ട് ശത്രുവിനെ വീർപ്പുമുട്ടിക്കാനുമുള്ള പാറ്റവർഗ്ഗത്തിന്റെ പ്രതിരോധ ശേഷി പുത്തൻ സമരതന്ത്രമായി വികസിക്കപ്പെട്ടു. ന്യൂക്ലിയർ റേഡിയേഷനെപ്പോലും അതിജീവിക്കുവാൻ കഴിവുളള, പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യാൻ കെൽപ്പുള്ള, ഈ അപൂർവ്വ ജീവിവർഗ്ഗത്തിന്റെ അതിവർത്തനവിദ്യകൾ സമരരംഗത്തിൽ ആവാഹിക്കപ്പെട്ടു. കേന്ദ്രീകൃത നേതൃത്വ സംവിധാനങ്ങൾക്കു പകരം വികേന്ദ്രീകൃതവും ജൈവികവുമായ സംഘടനാ രൂപം പാറ്റ പ്രക്ഷോഭത്തെ സാമ്പ്രദായിക കക്ഷി രാഷ്ട്രീയ സമരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കി. പാറ്റ എന്ന നിന്ദാപദത്തെ ആത്മശക്തിയുടെ അഭിമാനബോധത്തിന്റെ സംജീവന പദമായി പ്രക്ഷോഭകർ പരിവർത്തിപ്പിച്ചു.

പ്രതിരോധത്തിന്റെ ഒരു പുത്തൻ സൗന്ദര്യ ശാസ്ത്രവും, രതിശാസ്ത്രവും വികസിപ്പിക്കുവാൻ കഴിഞ്ഞു എന്നതാവും പാറ്റ പ്രക്ഷോഭത്തിന്റെ വിജയരഹസ്യം. ആക്ഷേപഹാസ്യവും റൊമാൻസും സന്ധിക്കുന്ന ഈ നവഭാവുകത്വമാണ് മറ്റ് സമരമുറകളിൽ നിന്ന് അതിനെ വേർതിരിക്കുന്നത്. സാമ്പ്രദായിക സമരങ്ങളുടെ ലിറിക്കൽ, ക്ലാസ്സിക്കൽ ഭാവുകത്വത്തിൽ നിന്നും വ്യതിരിക്തമായിരുന്നു പാറ്റകളുടെ വിരുദ്ധോക്തി നിർഭരവും ആക്ഷേപഹാസ്യപരവുമായ സമരശൈലി. പ്രത്യയശാസ്ത്രപരമായ ബലംപിടുത്തവും ഗൗരവവും ഔപചാരികതയും അവിടെ ഇല്ല. പതിവു സമരരീതികളുടെ നേതൃകേന്ദ്രിതവും യാന്ത്രികവുമായ ഘടനയിൽ നിന്നു വ്യത്യസ്തമായിരുന്നു ഇന്ത്യൻ ജെൻസികളുടെ സമരരൂപം.

പ്രതിരോധത്തിന്റെ ഉൽസവൽക്കരണമാണ് പാറ്റ പ്രക്ഷോഭത്തെ മറ്റു പ്രക്ഷോഭങ്ങളിൽ നിന്ന് വേർതിരിക്കുന്ന മുഖ്യഘടകം. പ്രക്ഷോഭത്തിന്റെ ഈ കാർണിവൽ സ്വഭാവത്തെ ആനന്ദ് തെൽതുംദേ വിശദീകരിക്കുന്നുണ്ട്. ( Anand Teltumbde “In defence of the profanity of the protesters”, Wire, July 30, 2026). ആക്ഷേപഹാസ്യത്തിന്റെയും പാരഡികളുടെയും വിദ്ധ്വംസകമായ സൗന്ദര്യ സങ്കേതത്തിലൂടെയാണല്ലോ കാർണിവലുകൾ ഔദ്യോഗിക അധികാരവ്യവഹാരങ്ങളെ അട്ടിമറിക്കുന്നത്. ബക്തിൻ കണ്ടെത്തിയപോലെ ശ്രേണീബദ്ധമായ വരേണ്യഭാഷയേയും ശുദ്ധിയുടെയും സഭ്യതയുടെയും അവകാശവാദങ്ങളെയും അധികാരത്തിന്റെ പവിത്രപരിവേഷങ്ങളെയും കാർണിവൽ ആക്രമിക്കുന്നു. ഈ അപപവിത്രീകരണ, അപശുദ്ധീകരണ പ്രക്രിയയിലൂടെയാണ് പാറ്റ പ്രക്ഷോഭം മോദി ഭരണകൂടത്തിന്റെ അദൃഷ്യതയെ നിലം പരിശാക്കിയത്. ചിരിയായിരുന്നു അവരുടെ സമരായുധം.

സംവാദത്തിന്റെയും ജനാധിപത്യപരമായ ചർച്ചകളുടെയും പൊതുമണ്ഡലത്തെ വീണ്ടെടുക്കുന്ന ജനകീയ അസ്സംബ്ലിയായി ജന്തർമന്തർ മാറി. പ്രതിപക്ഷകക്ഷികളെ ആഴത്തിൽ സഖ്യപ്പെടുത്തുവാനും ജനകീയമായ ഐക്യദാർഢ്യം സൃഷ്ടിക്കുവാനും പ്രക്ഷോഭത്തിനു കഴിഞ്ഞു. 1968 ലെ ഫ്രഞ്ചു വിദ്യാർത്ഥി വിപ്ലവം പോലെ വിഭിന്നമായ പ്രത്യയശാസ്ത്രങ്ങളുടെയും, രാഷ്ട്രീയ സാംസ്കാരിക പരിപ്രേക്ഷ്യങ്ങളുടെയും, ആശയങ്ങളുടെയും, സംവാദവേദിയായി പ്രക്ഷോഭം. ഗാന്ധിയന്മാരെയും, അംബേദ്ക്കറിസ്റ്റുകളെയും തീവ്ര വിപ്ലവസംഘടനകളെയും, പരിസ്ഥിതി പ്രതിരോധകരെയും, ഇടതു പ്രസ്ഥാനങ്ങളെയും മനുഷ്യാവകാശ പ്രവർത്തകരെയും എല്ലാം ക്രിയാത്മകമായ സംഭാഷണങ്ങളിലേക്ക് കൊണ്ടുവരുവാൻ പ്രക്ഷോഭത്തിനു കഴിഞ്ഞു. ജെൻസികളും വൃദ്ധതലമുറകളും, തൊഴിലാളികളും അദ്ധ്യാപകരും മാതാപിതാക്കളും വിദ്യാർഥികളും എഴുത്തുകാരും സാമാന്യജനങ്ങളും ന്യൂനപക്ഷീയരും, ദളിതരും സംഘടിത രാഷ്ട്രീയപ്രസ്ഥാനങ്ങളും, അസംഘടിതവിഭാഗങ്ങളും, കർഷകരും എല്ലാവരും തന്നെ പരസ്പര സംവാദത്തിനു സന്നദ്ധരായി. ഇന്ത്യാസഖ്യകക്ഷികൾക്കുള്ളിൽ പരസ്പരം പോരാടിക്കൊണ്ടിരുന്ന രാഷ്ട്രീയ കക്ഷികളെല്ലാം തന്നെ വൈരം വെടിഞ്ഞ് യുവജനസമരത്തിന്റെ വിജയത്തിനായി ഒത്തു ചേർന്നു.

2

ജെൻസി പ്രക്ഷോഭത്തെ താത്വികമായും രാഷ്ട്രീയപരമായും വിശകലനം ചെയ്യുന്ന നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും അന്തർദ്ദേശീയ ദേശീയ മാദ്ധ്യമങ്ങളിലും ജർണലുകളിലും പ്രത്യക്ഷപ്പെടുകയുണ്ടായി. ഹർഷമന്ദിർ, അപൂർവ്വാനന്ദ്, ആനന്ദ് തെൽതുംദേ, അരുന്ധതി റോയി, നിവേദിതാ മേനോൻ എന്നിങ്ങനെ പ്രഗൽഭരായ ചിന്തകരും എഴുത്തുകാരും പ്രക്ഷോഭത്തിന്റെ വിഭിന്ന തലങ്ങളിലേക്ക് ഉൾക്കാഴ്ച നൽകുന്ന ശ്രദ്ധേയമായ ലേഖനങ്ങളെഴുതി. എന്നാൽ ഈ വിശകലനങ്ങളെല്ലാം തന്നെ ശ്രദ്ധേയമാം വിധം വിട്ടു കളഞ്ഞ, പ്രക്ഷോഭത്തിന്റെ കാതലിലേക്കിറങ്ങുന്നതെന്ന് ഞാൻ കരുതുന്ന, പരമപ്രധാനമായ ചില ഉള്ളൊഴുക്കുകളെ, താത്വികവിതാനങ്ങളെ, ചിന്തയിലേക്ക് കൊണ്ടുവരാനാണ് ഇവിടെ ശ്രമിക്കുന്നത്.

1-സംഭവമാനങ്ങൾ

ഇന്ത്യൻ രാഷ്ട്രീയത്തെ, ചരിത്രത്തെ, മാറ്റി മറിച്ച അഭൂതപൂർവ്വമായ ഒരു “രാഷ്ട്രീയ സംഭവമായിരുന്നു ദില്ലിയിലെ യുവജന പ്രക്ഷോഭം. എന്നാൽ പാറ്റ പ്രക്ഷോഭത്തിന്റെ വിസ്മയകരമായ ആവിർഭാവത്തെപ്പറ്റി ആവേശം കൊള്ളുമ്പോഴും അതിന്റെ സംഭവമാനങ്ങളെ ഉൾക്കൊള്ളുവാനോ സമഗ്രമായി അടയാളപ്പെടുത്തുവാനോ നാം മുമ്പു പറഞ്ഞ രാഷ്ട്രീയ ചിന്തകർക്കും എഴുത്തുകാർക്കും സാധിക്കാതെ പോയി. പ്രക്ഷോഭത്തിന്റെ ഗതിവിഗതികളെയും, പ്രത്യാഘാതങ്ങളെയും അത് സൃഷ്ടിച്ച രാഷ്ട്രീയമായ സാധ്യതകളെയും സമഗ്രമായി വിലയിരുന്നതിനു സങ്കല്പനപരമായ നിരുന്മുഖത തടസ്സമായി.

എന്താണ് സംഭവം?

ഭൂകമ്പം പോലെ, സുനാമി പോലെ, അപ്രവചനീയമായി ആവിർഭവിക്കുന്ന സാമൂഹ്യ പ്രകമ്പനങ്ങളാണ് സംഭവങ്ങൾ. സമൂഹത്തിൽ, സംസ്കാരത്തിൽ, രാഷ്ട്രീയത്തിൽ, ചരിത്രത്തിൽ, ഭാഷയിൽ ഭാവുകത്വത്തിൽ, ചിന്തയിൽ, ജീവിതാനുഭവങ്ങളിൽ, പൊട്ടിപ്പുറപ്പെടുന്ന പ്രകൃതിക്ഷോഭങ്ങളാണവ. സാമൂഹ്യവും രാഷ്ട്രീയവുമായ ഘടനകളെ, അവ മാറ്റി മറിക്കുകയും പുനഃക്രമീകരിക്കുകയും, സാധ്യതകളുടെ ഒരു പുതിയ ലോകത്തെ തുറന്നു കൊണ്ടുവരുകയും ചെയ്യുന്നു. അസാധ്യമെന്നു കരുതപ്പെട്ടവയെ അവ സാധ്യങ്ങളാക്കി പരിവർത്തിപ്പിക്കുന്നു. ഫ്രഞ്ചു വിപ്ലവവും റഷ്യൻ വിപ്ലവവും, ഇന്ത്യൻ സ്വാതന്ത്ര്യ സമരവും, എല്ലാം രാഷ്ട്രീയ സംഭവങ്ങളുടെ ക്ലാസ്സിക്കൽ ഉദാഹരണങ്ങളാണ്. 1968 ലെ ഫ്രഞ്ചു വിദ്യാർത്ഥി പ്രക്ഷോഭവും, മുല്ലപ്പൂ വിപ്ലവങ്ങളും, 2020-21 ലെ കർഷക സമരവും ഒക്കെ രാഷ്ട്രീയ “സംഭവ”ങ്ങളുടെ ഗണത്തിൽപ്പെടുന്നതായി ഞാൻ കരുതുന്നു. അത്തരമൊരു രാഷ്ട്രീയ സംഭവമായിവേണം ദില്ലിയിൽ നടന്ന യുവജനപ്രക്ഷോഭത്തെ കാണാൻ. ഈ സംഭവമാനങ്ങളെയാണ് ജൂലൈ 20 മുതൽ 26 വരെയുള്ള അഞ്ചു നാളുകളൂടെ ചിത്രീകരണത്തിലൂടെ ഇവിടെ അടയാളപ്പെടുത്തുവാൻ ശ്രമിച്ചത്.

2-കാമനയുടെ രാഷ്ട്രീയം

എന്നാൽ സംഭവം എങ്ങനെ സംഭവിക്കുന്നു?, സംഭവത്തിന്റെ സ്രഷ്ടാക്കൾ ആരാണ്? എന്ന പരമപ്രധാന ചോദ്യങ്ങൾക്കു മുന്നിൽ സംഭവത്തിന്റെ തത്വചിന്തകന്മാർ പൊതുവേ മൗനം അവലംബിക്കുന്നു. അവർ പൂരിപ്പിക്കാതെ പോയ ഒരു താത്വിക സമസ്യ ആണത്. സംഭവത്തിന്റെ അപ്രതീക്ഷിതത്വത്തിലേക്കും അതിന്റെ സങ്കീർണ്ണവും സർഗ്ഗാത്മകവുമായ വ്യതിരാവർത്തന പ്രക്രിയകളിലേക്കും അത് സൃഷ്ടിക്കുന്ന പ്രത്യാഘാത പരമ്പരകളിലേക്കും അവർ വെളിച്ചം കാട്ടുന്നുണ്ട്. എന്നാൽ പ്രകൃതി ക്ഷോഭത്തിനു സമാനമായ അതിന്റെ ദുരൂഹമായ ആവിർഭാവവും തിരോധാനവും മനുഷ്യപ്രകൃതിയുടെയും സംസ്കൃതിയുടെയും ഏത് ഉറവിടങ്ങളിൽ നിന്ന് സംഭവിക്കുന്നു എന്ന ചോദ്യത്തിലേക്ക് അവർ കടക്കുന്നില്ല. അലെൻബാദ്യൂ സംഭവാനന്തരം നിർമ്മിക്കപ്പെടുന്ന കർതൃത്വത്തിലും രാഷ്ട്രീയ പ്രത്യാഘാതങ്ങളിലുമാണ് കേന്ദ്രീകരിക്കുന്നതെങ്കിൽ ഫൂക്കോയെയും ദെല്യൂസിനെയും പോലുള്ള ചിന്തകർ സംഭവ നിർമ്മിതിയിൽ മനുഷ്യ കർതൃത്വത്തിന്റെ പങ്കിലേക്ക് ചില ഉൾക്കാഴ്ചകൾ നൽകുന്നുണ്ട്. പക്ഷേ സംഭവവും കാമനയും തമ്മിലുള്ള അന്തർബന്ധങ്ങളെ ചിന്താവിധേയമാക്കുവാൻ അവർക്ക് കഴിയുന്നില്ല. മനുഷ്യകാമനയുടെ, അതിനേക്കാളേറെ ജീവികാമനയുടെ, അബോധത്തിന്റെ, അഭിലാഷത്തിന്റെ, ആഴങ്ങളിൽ നിന്നു വരുന്ന പ്രകമ്പനങ്ങളാണ് സംഭവങ്ങൾ എന്ന് ഞാൻ കരുതുന്നു. മനുഷ്യന്റെ ജൈവകാമനയുടെ ചരിത്രവിസ്ഫോടനങ്ങളാണവ.

ദെലൂസ്
ദെലൂസ്

ദില്ലിയിലെ യുവജന പ്രക്ഷോഭ സംഭവത്തിന്റെ ചരിത്രപരമായ കാതൽ കാമനയുടെ ഈ വിസ്ഫോടനം ആണെന്നു ഞാൻ കരുതുന്നു. യുവാക്കളുടെ പാറ്റയായി മാറൽ, കാമനാപരമായ രൂപാന്തരണങ്ങളിലേക്കുള്ള പ്രവേശനഘട്ടമാണ്. ആയിത്തീരലുകളുടെ പരമ്പരകളിലേക്കുള്ള പ്രയാണത്തിന്റെ പ്രാരംഭം. പാറ്റയിൽ നിന്ന് പൂമ്പാറ്റകളായും പറവകളായും കൊടുങ്കാറ്റായും, ചുഴിയും ചുഴലിയുമായും ഇന്ത്യൻ യുവതയും ജനതയും രൂപാന്തരിക്കപ്പെടുന്ന, മാറിത്തീരലിന്റെ ഒരു ജൈവനാടക പ്രക്രിയയായി വേണം യുവജന പ്രക്ഷോഭത്തിന്റെ സംഭവത്തെക്കാണാൻ. സി.ജെ.പി. എന്ന പ്രസ്ഥാനം അത്തരമൊരു രൂപാന്തരീകരണ സംഭവത്തിന്റെ ചാലകമായി മാറി എന്നു മാത്രം.

പ്രക്ഷോഭത്തിന്റെ ഉൽസവമാനം കാമനയുടെ സൂക്ഷ്മരാഷ്ട്രീയത്തെയാണ് സൂചിപ്പിക്കുന്നത്. പ്രക്ഷോഭത്തിന്റെ ഉൽസവപരതയെപ്പറ്റി നാം മുമ്പ് പരാമർശിച്ച പലരും വിശദീകരിക്കുന്നതുണ്ട്. അവ പ്രസക്തമാണുതാനും. എന്നാൽ ഉൽസവത്തിന്റെ കാമനാപരമായ സത്തയെ പൂർണ്ണമായും അടയാളപ്പെടുത്തുവാൻ അവർക്കു കഴിയുന്നതായി തോന്നുന്നില്ല. ബക്തിൻ പറയുന്ന പാരഡികളിലും സാമൂഹ്യമായ പ്രഹസനങ്ങളിലും അത് ഒതുങ്ങുന്നില്ല. അധികാരത്തെ പിളർക്കുന്ന പ്രക്ഷോഭകാരികളുടെ ചിരി കാമനയുടെയുടെ, സ്നേഹാഭിലാഷത്തിന്റെ വിസ്ഫോടകമായ ആവിഷ്ക്കാരത്തെയല്ലേ സൂചിപ്പിക്കുന്നത്?

3-രാഹുൽ ഗാന്ധിയുടെ ഇടപെടലുകൾ

സോനം വാങ്ങ്ചുക്കിനെ നിരാഹാരപ്പന്തലിൽ നിന്ന് പോലീസ്സുകാർ ബലമായി പിടിച്ചു കൊണ്ടു പോയി ആശുപത്രിയിലാക്കുന്നതോടെയാണ് ജന്തർമന്ദറിലേക്ക് വിദ്യാർഥി യുവജനങ്ങളുടെ ശക്തമായ പ്രവാഹമുണ്ടാകുന്നത്. വിദ്യാർഥികളുടെ സംഖ്യ പതിനായിരത്തിലേക്കും അമ്പതിനായിരത്തിലേക്കും കടക്കുന്നു. ബഹുജനപങ്കാളിത്തം വർദ്ധിക്കുന്നു. സംസദ് ചലോ എന്ന മുദ്രാവാക്യവുമായി ജൂലൈ 20 നു ജെൻസികൾ നടത്തിയ മാർച്ചിനെതിരെ അതിക്രൂരമായ ആക്രമണങ്ങൾ പോലീസ്സും ആർ. പി.എഫും. അഴിച്ചുവിട്ടെങ്കിലും യുവാക്കളുടെ സമരവീര്യം കെടുത്താനവർക്ക് സാധിച്ചില്ല. സമരം കൂടുതൽ ആവേശകരവും ശക്തവുമാകുകയാണുണ്ടായത്. എന്നാൽ പൊലീസ് അതിക്രമത്തിനു ശേഷം തന്ത്രപരമായി രണ്ട് സാധ്യതകളാണ് ഗവണ്മെന്റിനു മുന്നിലുണ്ടായിരുന്നത്. ഒന്നുകിൽ യുവാക്കളുടെ ആവശ്യങ്ങൾക്കു വഴങ്ങുക, അല്ലെങ്കിൽ യുവജന പ്രക്ഷോഭത്തെ ഒറ്റപ്പെടുത്തിക്കൊണ്ട് പൈശാചികമായ ബലപ്രയോഗത്തിലൂടെ അടിച്ചമർത്തുക. ഹിംസാരഹിതമായി സമരം ചെയ്യുന്ന പ്രക്ഷോഭകർക്കിടയിൽ അക്രമിസംഘങ്ങളെ ഗൂഢമായി എത്തിച്ച് പൊലീസിനെതിരെ പ്രകോപനം സൃഷ്ടിക്കുകയും അങ്ങനെ പ്രക്ഷോഭത്തെ അക്രമാസക്തമാക്കുകയും യുവാക്കൾക്കെതിരെ കിരാതമായ ആക്രമണം അഴിച്ചു വിടാൻ ആ അവസരത്തെ ഉപയോഗിക്കുകയുംചെയ്യുക. എതിരാളികളെ ഉൻമൂലനം ചെയ്യാൻ ഗൂഢതന്ത്രം മെനയുന്നതിൽ പ്രഗല്ഭനാണല്ലോ അമിത്ഷാ.

Congress sit-in protest near PM's residence.
Congress sit-in protest near PM’s residence. Credit: X@INCIndia

ഇത്തരമൊരു ആപൽസാധ്യത പരിഹരിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സുകാരും ഇന്ത്യാസഖ്യവും ഒറ്റക്കെട്ടായി നിന്നു കൊണ്ട് പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിക്കുകയും സമരത്തിൽ പങ്കു ചേരുകയും ചെയ്തതോടെയാണ്. സി.ജെ.പി.പ്രക്ഷോഭത്തിലുണ്ടാകുന്ന സംഭവപരമായ അടുത്തമുന്നേറ്റം ഇതാണ്. ജൂലൈ 21 നു യുവാക്കളെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് ഇന്ത്യാസഖ്യം പാർലമെന്റു സ്തംഭിപ്പിച്ചു. ധർമ്മേന്ദ്ര പ്രധാൻ മാത്രമല്ല മോദിയും അമിത്ഷായും ഉത്തരം പറയണമെന്ന് രാഹുലും ഖാർഗേയും പാർലമെന്റിന്റെ ഇരുസഭകളിലുമായി ആവശ്യപ്പെട്ടു. ആക്രമണത്തിനുത്തരവാദികളായ മോദിയും അമിത്ഷായും മാപ്പുപറയുകയോ അല്ലെങ്കിൽ രാജി വയ്ക്കുകയോ ചെയ്യണമെന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സുകാരും ഇന്ത്യാസഖ്യകക്ഷി നേതാക്കളും മോദിയുടെ വസതിയിലേക്ക് മിന്നൽ പ്രകടനം നടത്തി. പല സ്ഥലത്തു വച്ചും പൊലീസ് പ്രകടനത്തെ തടഞ്ഞെങ്കിലും അത് കൂട്ടാക്കാതെ പ്രകടനം അതിസുരക്ഷാമേഖലയായ ലോകകല്യാൺ മാർഗ്ഗിലുള്ള മോദിയുടെ വസതിയ്ക്കു മുന്നിലെത്തിയപ്പോൾ ബാരിക്കേഡുകൽ നിരത്തി പോലീസ്സ് സൈന്യം അവരെ തടഞ്ഞു. പ്രതിപക്ഷ നേതാക്കൾ നടു റോഡിൽ കുത്തിയിരുന്ന് ധർണ നടത്തി. ധർമ്മേന്ദ്ര പ്രധാനു നേരെയുള്ള സമരം മോദിയിലേക്കു തിരിച്ചു വിടപ്പെട്ടതോടെ ഭരണാധികാരികൾ പരിഭ്രാന്തരായി. പ്രതിപക്ഷ കക്ഷികളും കൂടി സമരത്തിൽ പ്രവേശിച്ചതോടെ സമരത്തിന്റെ ദിശ മാറുകയാണെന്ന് അവർ മനസ്സിലാക്കി. മൂന്നരമണിക്കൂർ നീണ്ടു നിന്ന ധർണ്ണയിൽ കേരളത്തിലെയും കർണ്ണാടകയിലെയും മുഖ്യമന്ത്രിമാരും കോൺഗ്രസ്സ്, സി.പി.എം, എസ്.പി. തുടങ്ങിയ കക്ഷികളിലെ എം.പി.മാരും മുഖ്യ നേതാക്കളും പങ്കെടുത്തു. അപകടം മണത്ത ഭരണാധികാരികൾ രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കുവാൻ രണ്ടു മന്ത്രിമാരെ സമരസ്ഥലത്തേക്കയച്ചു. എന്നാൽ മോദി മറുപടി പറയാതെ സമരത്തിൽ നിന്ന് പിന്തിരിയില്ലെന്ന് രാഹുൽ വാശിപിടിച്ചതോടെ പൊലീസ് സൈന്യം ബലംപ്രയോഗിച്ച് രാഹുൽഗാന്ധിയെയും പ്രിയങ്കയെയും മറ്റു നേതാക്കളെയും എംപിമാരെയും അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് ബലപ്രയോഗത്തെ ചെറുക്കുമ്പോൾ രാഹുൽ ഗാന്ധി നടത്തിയ വിരുദ്ധോക്തി കലർന്ന പ്രസ്താവം ഇന്ത്യൻ ജനതയ്ക്കുള്ള അർത്ഥവത്തായ സന്ദേശമായിരുന്നു: “ഇന്ത്യയിൽ ഈ നിമിഷം ജനാധിപത്യം സംഭവിച്ചുകൊണ്ടിരിക്കുകയാണ്”.( Democracy in India is happening now”).

യുവജനപ്രക്ഷോഭത്തെ താൽക്കാലിക വിജയത്തിലേക്ക് നയിക്കുന്നതിൽ രാഹുൽ ഗാന്ധിയുടെ സമയോചിതവും തന്ത്രപരവുമായ നീക്കം സുപ്രധാനമായ പങ്കു വഹിച്ചു. യുവജന സമരത്തെ ഒരു ബഹുജനപ്രക്ഷോഭമാക്കി മാറ്റിയെടുക്കുന്നതിൽ കോൺഗ്രസ്സിന്റെയും ഇന്ത്യാസഖ്യകക്ഷികളുടെയും ഈ ഇടപെടലുകൾ നിർണ്ണായകമായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ സമരം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇതേവരെക്കാണാത്ത ഒരു മഹാജനകീയ സമരമായി വളർച്ച പ്രാപിക്കുകയാണ്. മഹാരാഷ്ട്ര, ബീഹാർ, ബംഗാൾ, ഒറീസ്സ, തുടങ്ങി വിവിധ സംസ്ഥാനങ്ങളിലേക്കും യുവജനപ്രക്ഷോഭം പടർന്നു പിടിച്ചു. സമരം തങ്ങളിലേക്കു തിരിയും എന്ന് കണ്ട് വിറളി പിടിച്ച മോദി ഭരണകൂടം യുവാക്കളോട് ചർച്ചയ്ക്ക് തയാറാവുകയും ഒടുവിൽ ധർമ്മേന്ദ്ര പ്രധാനെ പിൻവലിക്കുവാൻ നിർബ്ബന്ധിതരാവുകയും ചെയ്തു.

കാമനയുടെ വിഭിന്നപ്രവാഹങ്ങൾ തമ്മിലുള്ള സംയോജനമാണ് ജെൻസി പ്രക്ഷോഭത്തെ ഒരു മഹാസംഭവമായി പരിവർത്തിപ്പിക്കുന്നത്. യുവജന പ്രക്ഷോഭം ഉയർത്തിവിട്ട പ്രവാഹം അതീവ സുരക്ഷാ മേഖലയായ പാർലമെന്റിന്റെ കവാടം വരെ എത്തിച്ചേർന്നുവെങ്കിൽ രാഹുലിന്റെ നേതൃത്വത്തിൽ നടന്ന മിന്നൽ പ്രകടനം ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള മോദിയുടെ വസതിയ്ക്കരികിലേക്ക് ജനപ്രവാഹത്തെ എത്തിച്ചു. പ്രതിരോധകർക്ക് അപ്രാപ്യമായ ഭരണകൂടത്തിന്റെ സുരക്ഷിതകേന്ദ്രങ്ങൾ ആ സംഭവപ്രവാഹത്തിൽ കിടിലം കൊണ്ടു. യുവജനപ്രക്ഷോഭത്തിന്റെ ഗതിയിലുണ്ടായ ഈ രണ്ടാം മുന്നേറ്റം വേണ്ടത്ര പ്രാധാന്യത്തോടെ രേഖപ്പെടുത്തുവാൻ ഇന്ത്യയിലെ രാഷ്ട്രീയചിന്തകർ തയാറായില്ല

                                                      3

ധർമ്മേന്ദ്ര പ്രധാന്റെ രാജിയോടെ യുവജനപ്രക്ഷോഭം സമാപിച്ചു. ഭരണകൂടത്തെ കിടിലം കൊള്ളിച്ച, അധികാരത്തിന്റെ സമവാക്യങ്ങൾ തിരുത്തിക്കുറിച്ച, സംഭവത്തിന്റെ തിരമാലകൾ പിൻവാങ്ങി. മാറ്റത്തിന്റെ ഇടിമുഴക്കങ്ങൾ, പ്രകമ്പനങ്ങൾ, കെട്ടടങ്ങി. എല്ലാ മഹാസംഭവങ്ങളുമെന്ന പോലെ. പ്രകൃതി പ്രക്ഷോഭങ്ങൾ പോലെ സംഭവങ്ങൾക്ക് ക്ഷണികായുസ്സു മാത്രമേ ഉള്ളു. ബാദ്യൂ സിദ്ധാന്തിക്കുന്ന പോലെ ആവിർഭാവത്തിന്റെയും തിരോധാനത്തിന്റെയും ക്ഷണാവൃത്തികളാണ് സംഭവങ്ങളെ നിർവ്വചിക്കുന്നത്. സംഭവങ്ങളൊടുങ്ങിയാലും അത് സൃഷ്ടിക്കുന്ന പ്രത്യാഘാത പരമ്പരകൾ സമൂഹത്തിൽ മാറ്റങ്ങൾ വിതച്ചു കൊണ്ട് നിലയ്ക്കാതെ തുടരും. ഈ പ്രത്യാഘാത പരമ്പരകളാണ് സംഭവത്തെ ചിരഞ്ജീവിയാക്കുന്നത്.

സംഭവങ്ങളുടെ ആകസ്മികതയും, അപ്രവചനീയമായ അവയുടെ ആവിർഭവവും തിരോധാനവും, അതിന്റെ ക്ഷണായുസ്സും സംഭവാനന്തരകാലത്തെ സംഘർഷഭരിതമാക്കുന്നു. സംഭവവിരുദ്ധശക്തികൾ, സംഭവശക്തികളെ തകർക്കാൻ സർവ്വശക്തികളും സംഭരിച്ചു കൊണ്ട് തിരിച്ചടിക്കും. ചരിത്രം നൽകുന്ന പാഠങ്ങളാണിവ. അതാണിന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പ്രക്ഷോഭം സമാപിച്ചതോടെ പ്രക്ഷോഭകർക്കെതിരെയുള്ള പ്രതികാരനടപടികൾ ശക്തമാക്കിക്കഴിഞ്ഞു ഭരണകൂടം.

ഇന്ത്യൻ ഭരണകൂടം താത്ക്കാലികമായ പിന്മാറ്റത്തിനു ശേഷം,അതിന്റെ ചതഞ്ഞ ഫണങ്ങൾ ഉയർത്തിക്കൊണ്ട്, പ്രക്ഷോഭകാരികളെ ദംശിക്കുവാൻ തുടങ്ങിയിരിക്കുന്നു. സർവ്വശക്തികളുമുപയോഗിച്ച് കൊണ്ട് അവർ പ്രത്യാക്രമണം തുടങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം സൂചിപ്പിക്കുന്നതിതാണ്. സായുധരായ നക്സലൈറ്റുകളെ ഉന്മൂലനം ചെയ്യുന്നതിൽ തങ്ങൾ വിജയം നേടിയെങ്കിലും ബൗദ്ധിക നക്സലൈറ്റുകൾ (ദിമാഗി നക്സലൈറ്റുകൾ) ഇനിയും അവശേഷിക്കുന്നുവെന്നും അവരെ ഉന്മൂലനം ചെയ്യുകയാണ് അടുത്തലക്ഷ്യമെന്നും മോദി പ്രസംഗത്തിൽ സൂചിപ്പിച്ചു. വിസമ്മതിക്കുന്നവരെയും പ്രതിരോധകരെയും സൂചിപ്പിക്കുന്ന കോഡ് പദമാണല്ലോ മോദിയെ സംബന്ധിച്ചിടത്തോളം നക്സൽ എന്ന വിശേഷണം. പ്രക്ഷോഭത്തിനു നേതൃത്വം കൊടുത്തവരെയും അതിനെ പിൻതുണച്ചവരെയും, മോദിയെ വിമർശിക്കുന്ന പ്രതിരോധകരായ ബുദ്ധിജീവികളെയും ഉൻമൂലനം ചെയ്യുക എന്ന സന്ദേശമാണ് ഈ പ്രസ്താവത്തിലൂടെ മോദി തന്റെ അനുയായികൾക്ക് നൽകിയത്. വരാൻ പോകുന്ന അടിച്ചമർത്തലുകളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഭയത്തിന്റെ വെറുപ്പിന്റെ ഭീകരതയുടെയും നാളുകൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരാൻ പോകുന്നു എന്നർത്ഥം. ഒരു വശത്ത് യുവശക്തിയെ പ്രകീർത്തിക്കുക, മറുഭാഗത്ത് യുവത്വത്തെ നിഹനിക്കുക. ഇത്തരമൊരു ഈവെന്റ് മാനേജ്മെന്റ് പദ്ധതിയാണ് ഭരണകൂടം ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നത്.

സംഭവത്തോടു വിശ്വസ്തമാവുകയും സംഭവപ്രത്യാഘാതങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് സംഭവത്തിന്റെ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടു പോവുക എന്നതാണ് ജനാധിപത്യവാദികൾക്കിനി ചെയ്യുവാനുള്ളത്. പ്രക്ഷോഭത്തിൽ നിന്നു പിന്തിരിയാതെ അതിന്റെ കനലുകളെ ഊതിജ്വലിപ്പിച്ചു കൊണ്ട്, ഷായിലേക്കും മോദിയിലേക്കും ആർ എസ്സ്.എസ്സിലേക്കും അതിനെ തിരിച്ചുവിട്ടുകൊണ്ട്, വിദ്യാർത്ഥിയുവജനങ്ങളുമായുള്ള സംവാദങ്ങൾ ശക്തമാക്കിക്കൊണ്ട് കാമനയുടെ, സംഭവത്തിന്റെ, രാഷ്ട്രീയത്തെ മുന്നോട്ടു നയിക്കുന്ന പ്രവർത്തനങ്ങളിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സും ഇന്ത്യാസഖ്യവും ഇന്ന് ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ കർഷകരെയും, തൊഴിലാളികളെയും യുവജനങ്ങളെയും കൂട്ടിയിണക്കിക്കൊണ്ടുള്ള ഒരു ബഹുജനസ്വാതന്ത്ര്യ പ്രക്ഷോഭത്തിനു രൂപം നൽകാൻ ഈ പ്രവർത്തനങ്ങൾക്ക് കഴിയുമോ എന്നതാണ് പരമപ്രധാനമായ ചോദ്യം.

Featured Image: At a Gen Z protest in Mumbai on July 24, 2026. | Photo Credit: AFP

K Vinod Chandran

K Vinod Chandran

ജെ.എൻ.യു. വിൽ നിന്ന് 2005ൽ ചരിത്രപഠനത്തിൽ ഡോക്റ്ററേറ്റ്. സിവി.രാമൻ പിള്ളയുടെ ചരിത്രനോവലുകളെ ആധാരമാക്കി, കേരളത്തിലെ അധികാര- സ്വത്വ-കഥനങ്ങളെ സംബന്ധിച്ച അന്വേഷണമായിരുന്നു ഗവേഷണ വിഷയം. തൃശ്ശൂർ, ശ്രീകേരള വർമ്മ കോളേജിലെ ചരിത്രവിഭാഗം മേധാവിയായിരിയ്ക്കേ 2011 ൽ വിരമിച്ചു.സാഹിത്യ നിരൂപണം, സംസ്ക്കാര പഠനം, ബൗദ്ധിക ചരിത്രം, തത്വചിന്ത, എന്നീ മേഖലകളുമായി ബന്ധപ്പെട്ട് നിരവധി പ്രബന്ധങ്ങളും ലേഖനങ്ങളും ഇംഗ്ലീഷിലും മലയാളത്തിലും രചിച്ചിട്ടുണ്ട്. 2025 ജുലൈയിൽ പ്രസിദ്ധീകരിച്ച “ഗുരുനേരങ്ങൾ” എന്ന ഗ്രന്ഥം (ഫ്രീലാൻസ് ബുക്ക്സ്, തൃശ്ശൂർ) കേരളീയ നവോത്ഥാനത്തെയും നാരായണഗുരുവിന്റെ കവിതകളെയും ദർശനത്തെയും നവീനമായ ഒരു അതി-ചരിത്ര പരിപ്രേക്ഷ്യത്തിലൂടെ പുനർവിചിന്തനം ചെയ്യുന്നു.

View All Articles by K Vinod Chandran

Share Article
Whatsapp Email