പരിസ്ഥിതി രാഷ്ട്രീയം: മാർക്സിസത്തിന്റെ തുറന്ന സാധ്യതകൾ

പരിസ്ഥിതി രാഷ്ട്രീയം: മാർക്സിസത്തിന്റെ തുറന്ന സാധ്യതകൾ

മാർക്സിസത്തിനകത്ത് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പുനർവിചിന്തനം ചെയ്യാനുള്ള സാധ്യതകൾ ഉണ്ടോ? മുതലാളിത്തത്തിന്റെ തകർച്ച കാത്തിരിക്കാതെ തന്നെ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് എന്ത് രാഷ്ട്രീയ ഇടപെടൽ നടത്താനാകും, ഉൽപ്പാദനശക്തികളുടെ വികാസത്തെ മാർക്സിയൻ ചട്ടക്കൂടിനകത്ത് എങ്ങനെ പുനർവായിക്കാം, സോഷ്യലിസത്തിന് പ്രകൃതിചൂഷണം കുറയ്ക്കാനുള്ള സാധ്യത എത്രത്തോളമുണ്ട് തുടങ്ങിയ ചോദ്യങ്ങളാണ് അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ ടി.ടി. ശ്രീകുമാർ പരിശോധിക്കുന്നത്. മാർക്സിന്റെയും എംഗൽസിന്റെയും പ്രകൃതിയെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ, മെറ്റബോളിക് റിഫ്റ്റ്, പരിസ്ഥിതി മാർക്സിസം, ഉപഭോഗസംസ്കാരം, സാങ്കേതികവിദ്യ, സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ പരിമിതികളും സാധ്യതകളും എന്നിവയും ചർച്ചയുടെ ഭാഗമായി വരുന്നു. കേരളത്തിലെ പരിസ്ഥിതി സമരങ്ങളുടെ പശ്ചാത്തലത്തിൽ മാർക്സിസത്തിന്റെ അവഗണിക്കപ്പെട്ട പാരിസ്ഥിതിക സാധ്യതകളെ വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയും അഭിമുഖം മുന്നോട്ടുവയ്ക്കുന്നു.

ഭാഗം രണ്ട്

ഭാഗം ഒന്ന് വായിക്കാം

എ കെ ഷിബുരാജ് : പ്രകൃതിയുമായുള്ള ബന്ധത്തിൽ എന്തുമാറ്റം കൊണ്ടുവരാൻ സാധിക്കും? അങ്ങനെയാണെങ്കിൽത്തന്നെ ഒരു സോഷ്യലിസ്റ്റ് പൊളിറ്റിക്കൽ പ്രാക്ടീസ് മുതലാളിത്തം തകരുന്നതുവരെ കാത്തിരിക്കേണ്ടതാണോ? തൊഴിലാളി വർഗത്തിനുള്ളിൽത്തന്നെ മറ്റു ജനവിഭാഗങ്ങൾക്കും ഇടപെടുന്നതിന് ഒരു ഏജൻസി ഉണ്ടോ?

ടി ടി ശ്രീകുമാർ: ഫെമിനിസ്റ്റുകൾക്ക്, ദളിത് വിഭാഗങ്ങൾക്ക് ഒക്കെ ഉണ്ടെങ്കിൽ, തൊഴിലാളികൾക്ക്, പ്രോലിറ്റേറിയൻ രീതിയിൽ അവരുടെ കൂലി വർദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ടെങ്കിൽ, മുതലാളിത്തത്തിനുള്ളിൽ ഈ ഉപഭോഗ-ഉല്പാദന വ്യവസ്ഥയെ ക്രമീകരിക്കാൻ പറ്റുന്ന ഒരു ഏജനസി ഉണ്ടാവണമല്ലോ. അതാണ് പരിസ്ഥിതി പ്രസ്ഥാനം. മാർക്സിനെ സംബന്ധിച്ച് സോഷ്യലിസ്റ്റ് പൂർവ്വകാലഘട്ടത്തിലെ പരിസ്ഥിതി എന്നു പറയുന്നത്, മുതലാളിത്ത വ്യവസ്ഥയുടെ വിമർശനത്തിന്റെ വേറൊരു തലം കൊണ്ടുവരുന്നു എന്നതാണ്. മറ്റു പലതിനോടുമോപ്പം ഫെമിനിസത്തിന്റെ മുതലാളിത്തവിമർശനവും അത് പുരുഷാധിപത്യത്തെ അതേപടി സ്വീകരിക്കുന്നു എന്നതാണ്. ജാതി, പുരുഷാധിപത്യം, എന്നിവ കൂടിച്ചേർന്ന് അതിനെ ദൃഡീകരിക്കുന്നു എന്ന മട്ടിലൊരു വിമർശനം മാർക്സിയൻ കാഴ്ചപ്പാടിൽപരിസ്ഥിതി പ്രസ്ഥാനങ്ങൾക്കുണ്ട്. പക്ഷെ, അത് വ്യക്തതയോടെ പറഞ്ഞുവെച്ചില്ല എന്നുള്ളതാണ്. ഇത് പക്ഷെ സർവസമ്മതമായ ഒരു സമീപനമല്ല. ആന്ദ്രെ ഗോർസ് തന്നെ എഴുതിയ മറ്റൊരു പുസ്തകത്തിന്റെ പേര് ‘തൊഴിലാളി വർഗ്ഗത്തിന് യാത്രാമൊഴി’ എന്നാണു (Farewell to the Working Class: An Essay on Post-Industrial Socialism). തൊഴിലാളിവർഗ്ഗത്തെ കയ്യൊഴിയുന്നു, പക്ഷെ സോഷ്യലിസത്തെ കൈ വിടുന്നില്ല. ഗോർസ് മാർക്സിസത്തെ മനസ്സിലാക്കാത്ത ചിന്തകനല്ല. കേവലം ഒരു സൈന്ധാന്തിക താൽപ്പര്യം മാത്രമല്ല അദ്ദേഹത്തിന് ഉള്ളത്. ട്രേഡ് യൂണിയനുകളെക്കുറിച്ച്, വേതനവ്യവസ്ഥകളെക്കുറിച്ച്, അന്യവൽക്കരണത്തെക്കുറിച്ച് വേവലാതികളുള്ള മാർക്സിസ്റ്റ്‌ ചിന്തകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ഏജൻസിയെക്കുറിച്ചുണ്ടാവുന്ന സന്ദേഹം ഉത്തരാധുനികതയുടെ കേവലസന്ദേഹം മാത്രം ആയിരുന്നില്ല. അദ്ദേഹം ഹ്യുമനിസ്റ്റ് പരിപ്രേക്ഷ്യത്തിൽ തന്നെ നിലകൊണ്ടിരുന്ന ചിന്തകനാണ്. പരമ്പരാഗത അർത്ഥത്തിൽ മാർക്സിസ്റ്റ്‌ വിരുദ്ധനല്ല.

പ്രകൃതിയെ സമ്പദ്വ്യവസ്ഥയുടെ ഒരു സബ്സെറ്റ് ആയി തലതിരിഞ്ഞ് കാണുന്ന ഒരു രീതി കൂടിയല്ലേ?

തലതിരിഞ്ഞ് കാണുക എന്ന രീതിയിൽ കവിഞ്ഞ് മുതലാളിത്ത പ്രകൃതി ചൂഷണ സമ്പ്രദായത്തെ അനുകരിക്കുകയാണ് ചെയ്യുന്നത്. ശരിക്കും ഇന്നത്തെ അവസ്ഥയിൽ കമ്യൂണിസ്റ്റ് പാർട്ടിയോ അത്തരം പ്രസ്ഥാനങ്ങളോ യഥാർത്ഥത്തിൽ ചെയ്യേണ്ടത് മുതലാളിത്ത ഉല്പാദനശക്തികളുടെ വികാസത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടിനെ തിരുത്താനുള്ള ഒരു ശക്തികൂടിയായ പരിസ്ഥിതി പ്രസ്ഥാനങ്ങളോടൊപ്പം ചേരുക എന്നതാണ്. അതിനു പകരം ഉല്പാദനശക്തികൾ അനന്തമായി വികസിക്കേണ്ടതാണെന്ന ഒരു മുൻധാരണയോടുകൂടി ഇതിനെ സമീപിച്ചാൽ ഏത് വികസനശ്രമത്തെയും ഉല്പാദനശക്തിയുടെ വികാസമായിട്ടേ കാണാൻ കഴിയുകയുള്ളു. അങ്ങനെ വികാസമായി കാണുമ്പോൾ അതിനെ എതിർക്കുന്നത് ചരിത്രത്തിനോടുള്ള, തൊഴിലാളിവർഗ്ഗത്തോടുള്ള നീതികേടായി കാണേണ്ടിവരും. അങ്ങനെയാണ്, അത്രയ്ക്ക് സങ്കുചിതമായാണ്, ഇപ്പോൾ കാണുന്നത്.

സൈദ്ധാന്തികമായി അതിനുള്ള സാധൂകരണമാണിത്. എന്നാൽ ശരിക്കും അങ്ങനെയാണോ? ഉദാഹരണത്തിന് ലിബറലൈസേഷൻ വന്നപ്പോൾ പോളിസി മാറ്റം വന്നത് മാർക്സിസത്തിൽ നിന്നുള്ള മാറ്റത്തിന്റെ അടിസ്ഥാനത്തിലല്ലോ. അത് മൂലധന ഇൻഫ്യൂഷൻ എന്നുള്ളതാണല്ലോ?

അത് വളരെ ശരിയാണ്. അതിന്റെയകത്തുള്ളൊരു പ്രധാനപ്പെട്ട കാര്യം എന്നു പറയുന്നത് ഇങ്ങനെ വളരെ സൈദ്ധാന്തികമായിട്ട് പറഞ്ഞുവെക്കുമ്പോൾ അത് മാർക്സിസത്തിനുള്ളിൽ തന്നെ വികസിച്ചുവരേണ്ട മുതലാളിത്ത വിമർശനത്തിനുള്ള ധാരയെ തടസ്സപ്പെടുത്തുന്നുവെന്നുള്ളതാണ്. അങ്ങനെയൊന്നിനെ കാണാതിരിക്കുകയും ചെയ്യുന്നു. ഉല്പ്പാദനശക്തികളുടെ വികാസം എന്ന് മാർക്സ് പറഞ്ഞുവെന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം ആ വികാസത്തെ ഏകപക്ഷീയമായും സ്ഥൂലമായുള്ളതുമായി വികാസമായി കാണേണ്ട കാര്യമില്ല. ഗുണപരമായ വികാസവും സാധ്യമാണ്.

മാർക്സ് അങ്ങനെ ഗുണപരമായ വികാസം എന്ന രീതിയിൽ എന്തെങ്കിലും പറഞ്ഞുവച്ചിട്ടുണ്ടോ?

മാർക്സ് പറഞ്ഞുവച്ചിട്ടില്ല. ഞാൻ പറയുന്നത് അത് മാർക്സിയൻ സൈദ്ധാന്തിക സങ്കല്പ്പത്തിന്റെ അകത്തുണ്ട് എന്നാണ്. എന്നാൽ പൂർണ്ണമായും വിശദീകരിച്ചിട്ടില്ല. വിശദീകരിക്കാത്തതുകൊണ്ട് അത് ഓപ്പണ് എൻഡഡ്‌ ആണ്. അതുമാത്രമല്ല മനുഷ്യന്റെ ഇടപെടൽ കാരണം പല സ്ഥലങ്ങളിലും പരിസ്ഥിതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുള്ളതിനെക്കുറിച്ചു മാർക്‌സും ഏംഗല്സും പറയുകയും ചെയ്യുന്നുണ്ട്. കാൾ ഫ്രാസ് എഴുതിയ Climate and the Vegetable World Throughout the Ages: A History of Both (Karl Fraas 1847) എന്ന കൃതിയിൽ വനനശീകരണം അടക്കമുള്ള കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത് 1868 -ൽ എംഗൽസിന് എഴുതിയ ഒരു കത്തിൽ സൂചിപ്പിച്ചുകൊണ്ട് മാർക്സ് പറയുന്നത് കാർഷികസാങ്കേതികവിദ്യ തന്നെ നശീകരണ സ്വഭാവമുള്ളതാകുന്നു എന്ന ഫ്രാസിന്റെ വാദം ശരിയാണ് എന്നാണ്. മാത്രമല്ല, ഫ്രാസ് ഒരു ബൂർഷ്വാ ശാസ്ത്രജ്ഞൻ ആണെങ്കിൽ പോലും അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് സോഷ്യലിസ്റ്റ് ആശയങ്ങൾ ആണ് എന്നുകൂടി മാർക്സ് കൂട്ടിച്ചേർക്കുന്നുണ്ട്: Climate and the Vegetable World throughout the Ages, a History of Both, by Fraas (1847) is very interesting, especially as proving that climate and flora have changed in historic times. .. The first effects of cultivation are useful, later devastating owing to deforestation, etc. … The whole conclusion is that cultivation when it progresses in a primitive way and is not consciously controlled (as a bourgeois of course he does not arrive at this), leaves deserts behind it, Persia, Mesopotamia, etc., Greece. Here again another unconscious socialist tendency!”. കൂടാതെ, ഉട്ടോപ്പിയൻ സോഷ്യലിസ്റ്റ് ആയിരുന്ന ചാൾസ് ഫ്യൂറിയർ “humanist socialist” ആണ് എന്ന് ഫ്രാസ് പറഞ്ഞതും മാർക്സ് ഉദ്ധരിക്കുന്നുണ്ട്. പ്രകൃതിയെ സംരക്ഷിക്കണം എന്ന് പറയുന്നത് അപ്പോൾ ഒരു സോഷ്യലിസ്റ്റ് ആദർശമാണ്. സോഷ്യലിസം വരുന്നതിന് മുമ്പേ തന്നെ പലരും ഈ ആദർശം ഇവിടെ പറഞ്ഞുതുടങ്ങിയിരുന്നു എന്നാണ് മാർക്സ് സൂചിപ്പിക്കുന്നത്. അപ്പോഴും വികസിപ്പിക്കാതെ വിട്ടു അത്. മാർക്സിന്റെ പ്രൈം കൺസേൺ മുതലാളിത്തത്തെ തകർക്കുക എന്നതായിരുന്നു. എന്നാൽ സ്വകാര്യസ്വത്ത് ഇല്ലാതാകുന്നതോടുകൂടി ഉപഭോഗതൃഷ്ണ കുറയും എന്നുള്ളതായിരുന്നു എന്ന് പറയുകയും അതിന്റെ സൈദ്ധാന്തിക സാധ്യതകൾ ആരായുകയും ചെയ്യേണ്ടതായിരുന്നു. സ്വകാര്യസ്വത്ത് ഇല്ലാതെയാകുമ്പോൾ ലാഭമോഹത്വര ഇല്ലാതാകുന്നു. ലാഭമോഹത്വര ഇല്ലാതാകുമ്പോൾ അമിതോത്പാദനത്തിനുള്ള സാധ്യത ഇല്ലാതാകുന്നു. അപ്പോള് സ്വാഭാവികമായും പ്രകൃതി ചൂഷണം കുറയും. പക്ഷെ ഇങ്ങനെ കാണുന്നതിനു പകരം സ്വന്തം വീക്ഷണത്തെ എതിർദിശയിലേക്കു കൊണ്ട് പോകുന്നു. നേരത്തെ സൂചിപ്പിച്ചത് പോലെ, സാങ്കേതികവിദ്യയുടെ അനുസ്യൂതമായ വികസനം മനുഷ്യമോചനം കൂടി ആണെന്ന്, ജോലിയിൽ നിന്നുള്ള വിടുതൽ ആണെന്ന് മാർക്സ് തന്നെ വ്യാഖ്യാനിക്കുന്നു.

സോഷ്യലിസത്തിൽ എന്തിനാണ് ഈ അമിതോൽപ്പാദനവും ചൂഷണവും? വിതരണത്തിൽ മാത്രമല്ലേ മാറ്റം വരുന്നത്?

വിതരണത്തിൽ മാത്രമല്ല, മുതലാളിത്തരീതിയിലുള്ള അമിതോൽപ്പാദനം സോഷ്യലിസത്തിൽ വരില്ല. ആവശ്യത്തിന് മാത്രമേ ഉൽപ്പാദനം ഉണ്ടാകുന്നുള്ളൂ. ചിലപ്പോൾ ദൗർലഭ്യത്തിന്റെ അവസ്ഥ തന്നെ ഉണ്ടാവുന്നു. ചില മേഖലകിളിൽ ഭരണകൂടതാൽപ്പര്യം മൂലം അമോതോൽപ്പാദനം ഉണ്ടാവുന്നു. ചുരുക്കത്തിൽ അതൊരു മാനെജ്മെന്റ് പ്രശ്നമാണ് സോഷ്യലിസത്തിൽ. മുതലാളിത്തത്തിൽ അത് ഡിമാണ്ട്-സപ്ലൈ പൊരുത്തക്കേടിന്റെ ഫലമായുണ്ടാവുന്ന പ്രതിസന്ധിയുടെ മൂലകാരണമാണ്. നിങ്ങൾക്ക് ചുവപ്പ്, പച്ച, നീല ഷർട്ടുകൾ എത്രപേർക്ക് വേണമെന്ന് അറിയില്ല. അമ്പത് വീതം ഓരോന്നും ഉണ്ടാക്കുന്നു. പച്ചയ്ക്കും നീലയ്ക്കും ആവശ്യക്കാരുണ്ടായിരുന്നില്ല, അല്ലെങ്കിൽ ഉണ്ടായിരുന്നു. ചുവപ്പിന് ആവശ്യക്കാരില്ലാതിരിക്കുകയും ചിലവാകാതിരിക്കുകയും ചെയ്തു എന്നിരിക്കട്ടെ. പ്രകൃതിയിലെ അത്രയും വിഭവങ്ങൾ പാഴായിപ്പോകുന്നു. അത് സോഷ്യലിസത്തിൽ സംഭവിക്കില്ല എന്ന് സൈദ്ധാന്തികമായി പറയാം. ദൗർലഭ്യം ഉണ്ടാകുമ്പോൾ അതിനനുസരിച്ചാണ് ആസൂത്രണം ചെയ്യുന്നത്. പക്ഷെ ഇത് ഒരു സൈദ്ധാന്തിക സാധ്യത മാത്രമാണ്. മനുഷ്യേച്ഛയുടെ ബോധപൂർവ്വമായ ഇടപെടൽ ആവശ്യമുള്ള കാര്യമാണ്. മാർക്സിസത്തിന്റെ ചരിത്രബോധം കൊണ്ട്, ചരിത്രപരമായ വൈരുധ്യവാദത്തിന്റെ പരിപ്രേക്ഷ്യം കൊണ്ട്, മുൻ‌കൂർ ആയി പരിഹരിക്കാവുന്ന പ്രശ്നമല്ല.

ഇന്ത്യയിലെ ഒരു കൽക്കരി ഖനി . ഫോട്ടോ കടപ്പാട്: ദ ഹിന്ദു

അങ്ങനെയാകുമ്പോൾ ഉൽപ്പാദനപ്രക്രിയ വികസിപ്പിക്കുക എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

സാങ്കേതികവിദ്യ വികസിക്കുക എന്നാൽ മരുന്നുകൾ, ഗതാഗതസൗകര്യങ്ങൾ, കമ്മ്യൂണിക്കേഷൻ സിസ്റ്റം തുടങ്ങിയ പൊതുവായി വേണ്ട ഉപയോഗമൂല്യങ്ങൾ ഉൽപ്പാദിപ്പിക്കുക എന്നതാണ്. ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യം മാർക്സിസത്തിന്റെ സൈദ്ധാന്തിക സങ്കല്പ്പത്തിനകത്ത് ഈയൊരു കാര്യം അടങ്ങിയിട്ടുണ്ട് എന്നതാണ്. പക്ഷെ അതൊരിക്കലും ആ രീതിയിലല്ല പുറത്തുവന്നിട്ടുള്ളതും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും. അതായത്, അത് മാർക്സിസത്തിന്റെ വ്യാഖ്യാനത്തിന്റെ മാത്രം പ്രശ്നമല്ല. മാർക്സിന്റെ വിശകലനത്തിന്റെ പ്രശ്നവും ഉണ്ട്. പക്ഷെ മാർക്സിസത്തിന് സൈദ്ധാന്തികമായി ഇതിനെ പ്രതിരോധിക്കാനുള്ള ആന്തരികശേഷിയുണ്ട്. സോഷ്യലിസം വന്നുകഴിഞ്ഞാൽ നിങ്ങളുടെ ഉൽപ്പാദനം നിയന്ത്രിക്കപ്പെടുന്നു. ആവശ്യത്തിന് മാത്രമുള്ള ഉൽപ്പാദനമായി അത് പരിമിതപ്പെടുന്നു. നേരത്തെ അതുപോലെ മത്സരത്തിന്റെ പേരിൽ വൈവിധ്യം ഉണ്ടായിക്കിയിട്ട്, അതിൽ ഉപഭോഗത്തിനുള്ള ആളുകളെ ആകർഷിച്ചിട്ട് പണമുണ്ടാക്കുന്ന സമ്പ്രദായം നിലനില്ക്കുന്നില്ല. അങ്ങനെ ഉൽപ്പാദനം കുറയുകയും പ്രകൃതി സംരക്ഷണം നടക്കേണ്ടതുമല്ലേ?

അങ്ങനെയാകുമ്പോൾ മുതലാളിത്തത്തിന്റെ ക്വാളിറ്റേറ്റീവ് എക്സ്പാന്ഷൻ ആണോ ക്വാണ്ടിറ്റേറ്റീവ് എക്സ്പാന്ഷൻ ആണോ നടക്കുന്നത്?

ഡേവിസ് ഹാർവി (David Harvey) കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച പുസ്തകത്തിൽ (Marx, Capital, and the Madness of Economic Reason) പറയുന്നുണ്ട്- “This driving force could derive from public shifts in wants, needs and desires for different use values. While Marx was inclined to see the state of wants, needs and desires as ‘rational consumption’ as defined by capital, circumstances may arise in which this is not so” എന്ന്. അദ്ദേഹം പക്ഷെ മുതലാളിത്തത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ നൽകുന്നു-. “For example, when a significant segment of apopulation (whether workers or bourgeois does not matter) expresses a desire to achieve a different relation to nature, one in which the environmental degradations, habitat losses and climate changes deriving from actually existingcapitalist practices might be rolled back, then the overall circulation process ofcapital may be pushed down alternative paths. To the degree that these wants, needs and desires are backed by an ability to pay (and here state incentives andsubsidies can clearly make a difference) so environmental protections andrenewable energies may begin to replace fossil fuels. Marx did not consider questions of this sort, but the visualisation he reconstructed, based on his thinking, is easily adapted to take such questions into account”. ഇതാണ് ഞാൻ നേരത്തെ പറഞ്ഞത്- മാർക്സിസത്തെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കാം, അതിനുള്ളിൽ അതിനു സഹായകരമായ ചില സൈദ്ധാന്തിക സാമഗ്രികൾ അടങ്ങിയിട്ടുണ്ട് എന്ന്. സോഷ്യലിസത്തിൽ ഉൽപ്പാദനത്തിന്റെ ലക്ഷ്യം മാറുന്നുണ്ട്. മുതലാളിത്തത്തിന്റെ അടിസ്ഥാനം തന്നെ മൂല്യം ഇങ്ങനെ കൂട്ടിക്കൊണ്ടിരിക്കുക എന്നതാണ്.

സോഷ്യലിസത്തിൽ നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമല്ലേ നമ്മൾ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നത്. അത് മറ്റുതരത്തിലുള്ള അമിതോത്പാദനത്തിലേക്ക് നീങ്ങുന്നില്ല. സൈദ്ധാന്തികമായി പ്രകൃതിചൂഷണം കുറയും. സ്വാഭാവികമായും മത്സരങ്ങളില്ലാത്തതുകൊണ്ട് ലാഭത്തിന് വേണ്ടിയുള്ള വൈവിദ്ധ്യം ഉണ്ടാകില്ല. ഒരു സോപ്പുണ്ടാക്കിയാൽ പിന്നീട് അതിനേക്കാൾ നല്ല സോപ്പ് ഉണ്ടാക്കുകയാണ്. അല്ലാതെ 25 തരം ഉണ്ടാക്കി സോപ്പ് ഉണ്ടാക്കി പരസ്യം ചെയ്ത് വില്പ്പന നടത്തേണ്ട ആവശ്യമില്ല. പിന്നെ എന്താണ് വേണ്ടത്? ഇതിനേക്കാൾ നല്ല സോപ്പ് ഉണ്ടാക്കാൻ പറ്റുമോ എന്നതാണ്. അത് ആര് ചെയ്യണം? ശാസ്ത്രജ്ഞന്മാർ ചെയ്യണം. മുതലാളിത്തം പറയുന്നത് ഇതിനേക്കാൾ വലിയ വിഡ്ഢിത്തം ഇല്ല എന്നാണ്. വല്ലവർക്കും ദേഹം വൃത്തിയാക്കാൻ വേണ്ടി ഒരു ശാസ്ത്രജ്ഞന് സോപ്പിന്റെ ക്വാളിറ്റി വര്ദ്ധിപ്പിക്കുമോ? അങ്ങനെ ചെയ്യന്ണമെങ്കില് ശാസ്ത്രജ്ഞന് എന്തെങ്കിലും മെച്ചമുണ്ടാകണം. ഇത് അവർ underestimate ചെയ്തു. ഉൽപ്പാദനശക്തികളുടെ വികാസത്തിൽ വ്യക്തികളുടെ motivation ന് ഉള്ള പങ്ക് മാർക്‌സും ഏംഗല്സും underestimate ചെയ്തു. സ്വകാര്യസ്വത്ത് ഇല്ലാതാകുമ്പോൾ തന്നെ ഈ പ്രചോദനം ഇല്ലാതാകും എന്നവർ തിരിച്ചറിഞ്ഞില്ല. അവർ വിചാരിച്ചു നൈതിക പ്രചോദനം (moral incentive) എന്ന ഒരു കാര്യം ഉണ്ടല്ലോ എന്ന്. അതുകൊണ്ട് പുതിയ കണ്ടുപിടുത്തങ്ങള് നടക്കുമെന്ന് അവർ വിശ്വസിച്ചു. അത് നടക്കാതെ വന്നപ്പോഴാണ് സോവിയറ്റ് യൂണിയനിൽ ശാസ്ത്രജ്ഞർക്കും മറ്റും പ്രത്യേക incentive കൊടുക്കാൻ തുടങ്ങിയതും അവരും ഒരു പ്രത്യേക പ്രിവിലേജ്ഡ് ക്ലാസ് ആയി മാറിയതും. മറ്റൊന്ന് അവർ വിചാരിച്ചത് ലാഭമോഹത്വര ഇല്ലതാകുന്നതോടുകൂടി സമൂഹത്തിന്റെ moral dimension മാറും എന്നാണ്. അത് സംഭവിക്കാതിരുന്നതും ഇതിന്റെ കാരണമായിരുന്നു. ശരിക്കും ഇതിന്റെ സൈദ്ധാന്തിക ഘടനയുടെ പ്രശ്നമല്ല.

വികസനനയങ്ങൾ കൊണ്ടുവരുന്ന ഇടതുപക്ഷം മാർക്സിസത്തിൽ നിലനില്ക്കുന്ന open ended space നെ ഉപയോഗിക്കുകയാണോ ചെയ്യുന്നത്?

അവർ ആ open ended space നെ ഉപയോഗിക്കുകയല്ല ചെയ്യുന്നത്. അവർ ഉൽപ്പാദനശക്തികളുടെ വികാസത്തിന് മാർക്സ് എതിരായിരുന്നില്ല എന്നുമാത്രമേ കാണുന്നുള്ളൂ. അനിച്ഛാപൂർവ്വമായ, വിഷയിയില്ലാത്ത, ഒരു പ്രക്രിയയായി ചരിത്രത്തെ കാണുക എന്ന് പറഞ്ഞാൽ ഏജൻസിയുടെ വിപ്ലവ ലക്ഷ്യം ഒഴിച്ചുള്ള എല്ലാ സാധ്യതകൾക്കു നേരെ കണ്ണടക്കുക എന്നല്ല അർത്ഥം.

മാവൂർ റയോണ്സിനെ കൊണ്ടുവന്നതിന്റെ ന്യായീകരണമായി ഇ.എം.എസ് ഇതേ ലോജിക് പറഞ്ഞതായി കേട്ടിട്ടുണ്ട്?

കാര്യങ്ങൾ പലപ്പോഴും ക്രൂഡ് ആയി പറയുന്ന ഒരാളായതിനാൽ അദ്ദേഹം അങ്ങനെ പറഞ്ഞിരിക്കാൻ സാധ്യതയുണ്ട്. സമരകാലത്ത് ഇടതു സർക്കാർ പ്രതിരോധത്തിൽ ആയിരുന്നു. ഒരു രൂപയ്ക്കു ഒരു ടൺ മുള ബിർളക്ക് നൽകാം എന്നോ മറ്റോ ആയിരുന്നു അദ്ദേഹം ഉണ്ടാക്കിയ കരാർ. പ്രകൃതി വിഭവം ഇങ്ങനെ പെരുംകൊള്ളക്ക് മുതലാളിത്തത്തിന് വിട്ടുകൊടുക്കുന്നത് മാർക്സിസത്തെക്കുറിച്ചു തന്നെയുള്ള ധാരണയില്ലായ്മയാണ്. മാർക്സിസം വളരെ യാന്ത്രികമായിട്ടാണല്ലോ അദ്ദേഹം മനസ്സിലാക്കിയിരുന്നത്. ഒരിക്കൽ കലാ കൗമുദിയിലാണ് എന്ന് തോന്നുന്നു, അദ്ദേഹവുമായി ശാസ്ത്രജ്ഞനും ആണവനിലയത്തെ സാധൂകരിച്ചിരുന്ന വ്യക്തിയുമായ ഡി. ദാമോദരൻ ഒരു സംഭാഷണം നടത്തുന്നുണ്ട്. അതിൽ അദ്ദേഹം വിമാനാപകടത്തിൽ ആളുകൾ മരിക്കുന്നതുകൊണ്ട് വിമാനങ്ങൾ വേണ്ട എന്ന് പറയാറില്ലല്ലോ. അതുപോലെ ആണവനിലയങ്ങൾ അപകടം ഉണ്ടാക്കും, ആളുകൾ മരിക്കും എന്നതുകൊണ്ട്‌ അത് വേണ്ട എന്ന് പറയുന്നതിൽ കാര്യമില്ല എന്ന് പറയുന്നുണ്ട്. അദ്ദേഹം തന്റെ യുക്തിയിലേക്ക് എതിർവാദങ്ങളെ ചുരുക്കുന്നു. ആ വൈക്കോൽ മാതൃകകളോടാണ് അദ്ദേഹം യുദ്ധം ചെയ്യുന്നത്. യഥാർത്ഥവാദങ്ങളോടല്ല. ഇ.എം.എസ്സിന്റെ ആശയങ്ങൾ ഇന്നൊരു ഭൌതികശക്തിയല്ല. അദ്ദേഹത്തെ വിടാം. നമ്മുടെ കേന്ദ്രപ്രശ്നത്തിലേക്ക് മടങ്ങിവരാം.

യഥാർത്ഥത്തിൽ ഇത് ആശയത്തിന്റെ ഉള്ളിൽ തന്നെ open ended ആയിരുന്നു എന്നാണ്. ഞാൻ പറയുന്നത് പ്രകൃതിവിഭവങ്ങളുടെ ചൂഷണത്തെക്കുറിച്ചുള്ള നിലപാട് എന്തായിരിക്കണം എന്നതാണ്. അത് രണ്ട് വഴിക്കുമാകാം. ഒന്ന് സ്വാഭാവികമായിത്തന്നെ മാർക്സിസത്തിന്റെ സങ്കല്പ്പമനുസരിച്ച് സോഷ്യലിസം വരുമ്പോൾ പ്രകൃതിവിഭവങ്ങളുടെ ചൂഷണം കുറയും. കാരണം ആഢംബര ഉപഭോഗങ്ങളും മുതലാളിത്തരീതിയിലുള്ള അമിതോത്പാദനവും സോഷ്യലിസത്തിൽ ഇല്ല. ആഢംബരജീവിതവും അമിതോത്പാദനവും ഇല്ലാത്ത ഒരു സമൂഹമാണല്ലോ നമുക്ക് വേണ്ടത്. അതാണ് സോഷ്യലിസം നമുക്ക് തരാം എന്ന് പറയേണ്ടിയിരുന്നത്. സംഭവിച്ചത് എന്താണ് എന്നുവച്ചാൽ പ്രകൃതിയെ ചൂഷണം ചെയ്യുന്ന രീതികൾ, ഉൽപ്പാദനസാമഗ്രികൾ ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങൾ വ്യത്യാസമില്ലാതിരിക്കുകയും മറ്റ് ഉൽപ്പാദനശക്തികളുടെ വികാസത്തിനുവേണ്ടി പ്രകൃതിവിഭവങ്ങൾ അമിതമായി ചൂഷണംചെയ്യപ്പെടുകയും ചെയ്യുന്നു എന്നതാണ്. ഇതിനോടുള്ള പരിസ്ഥിതി സോഷ്യലിസ്റ്റ് സമീപനം വികസിച്ചു വന്നതേയില്ല. ഒരു theoretical conecept നമ്മൾ കാണുന്നത് ഒരു അടഞ്ഞ വ്യവസ്ഥയായിട്ടല്ല. അത് തുറന്ന വ്യവസ്ഥയാണെന്ന് കാണുകയും അതിനകത്ത് ഇങ്ങനെയൊരു സാധ്യതയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തുകഴിഞ്ഞാൽ അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ നമുക്ക് ബാധ്യതയുണ്ട്.

ഒരു ഉൽപ്പാദനരീതിയിൽ പ്രകൃതി ചൂഷണത്തിന്റെയും അധ്വാന ചൂഷണത്തിന്റെയും അംശങ്ങൾ അടങ്ങിയിട്ടുണ്ട്. അപ്പോൾ ഒന്നിന്റെ ചൂഷണം അവസാനിക്കുകയും മറ്റേതിന്റെ ചൂഷണം നിലനില്ക്കുകയും ചെയ്യുക എന്ന് പറയുന്നത് ഒന്നിച്ച് പോകുന്ന ഒരു കാര്യമല്ല എന്ന രീതിയിലേക്ക് മാർക്സിസത്തിന്റെ സാധ്യതകളെ നാം തുറന്നിടണം. അപ്പോഴാണ് നമുക്ക് ഇതിനകത്ത് ഒരു ഉത്തരം കിട്ടുന്നത്. സോഷ്യലിസത്തിലെ രീതി ഇതാണെങ്കിൽ മുതലാളിത്തത്തിൽ നമ്മൾ എന്ത് നിലപാടെടുക്കണം എന്നത് ഇതിൽ ഉരുത്തിരിഞ്ഞുവരുന്നുണ്ട്. മനുഷ്യാവകാശങ്ങളോടും മറ്റ് കാര്യങ്ങളോടും സോഷ്യലിസത്തിൽ നമ്മൾ എങ്ങനെയാണോ പെരുമാറുന്നത്, അങ്ങനെ പെരുമാറാൻ മുതലാളിത്തത്തെ നിർബന്ധിക്കുന്നതാവണമല്ലോ നമ്മുടെ ഇടപെടലുകൾ. രാഷ്ട്രീയമായി സോഷ്യലിസത്തിന്റെ ഇടപെടൽ എന്താണ്? മനുഷ്യന്റെ ഡിഗ്നിറ്റി എങ്ങനെയാണ്? ആ ഡിഗ്നിറ്റി കുറേയെങ്കിലും കിട്ടാനുള്ള പരിശ്രമമാണല്ലോ നമ്മൾ നടത്തുന്നത്. അങ്ങനെ നമ്മൾ അധികാരത്തിൽ വന്നാൽ ഇങ്ങനെയായിരിക്കും എന്ന് പറയാൻ കഴിയും. ആശയതലത്തിൽ സോഷ്യലിസം ഒരു മെറ്റീരിയൽ ഫോഴ്സ് ആകും. അല്ലെങ്കിൽ ആരും അറിയുന്നില്ലല്ലോ. സോഷ്യലിസ്റ്റാണ്, തല്ക്കാലം മിണ്ടുന്നില്ല എന്ന നിലപാടെടുക്കാൻ കഴിയില്ലല്ലോ. ഏജന്സി എന്ന് പറയുന്നത് അതാണ്. ഏജന്സി നമുക്കുണ്ട്. ആ ഏജന്സി പ്രകൃതിയുടെ കാര്യത്തിലേക്കും വരണം. അതാണ് ആന്ദ്രെ ഗോര്സിനെ പോലെയുള്ളവർ മുന്നോട്ടുവച്ചത്. ലേബർ ടൈം കുറയ്ക്കണം. അതുമായി ബന്ധപ്പെട്ട ധാരാളം കാര്യങ്ങളുണ്ട്.

 ഓസ്ട്രിയൻ-ഫ്രഞ്ച് മാർക്സിസ്റ്റ് ദാർശനികനും സോഷ്യലിസ്റ്റുമായ ആന്ദ്രേ ഗോർസ്
ഓസ്ട്രിയൻ-ഫ്രഞ്ച് മാർക്സിസ്റ്റ് ദാർശനികനും സോഷ്യലിസ്റ്റുമായ ആന്ദ്രേ ഗോർസ്

ഒരു സമഗ്രമായ സൈദ്ധാന്തിക വ്യവസ്ഥയ്ക്കുള്ളിൽ ഇതുവരെ തുറന്നുകാണിക്കപ്പെടാത്ത സാധ്യത അടഞ്ഞുകിടക്കുന്നുണ്ടെങ്കിൽ അത്തരം സാധ്യതകൾ തുറന്നുകാണിക്കാനുള്ള ശ്രമങ്ങൾ നമ്മൾ നടത്തണം. ആ രീതിയിലാണ് മാർക്സിസം അർത്ഥവത്താകുന്നത്. ഇവിടെ നമ്മൾ അത് കണ്ടെത്തുന്നത് കേവലമായ അർത്ഥത്തിൽ മാർക്സിസത്തിന് ജയ് വിളിക്കാനോ മാവോയിസ്റ്റുകൾ അടക്കം ഏതെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജയ് വിളിക്കാനോ അല്ല. വിശകലനപരമായ, നമ്മുടെ സമകാലികലോകത്തെ വ്യഖ്യാനിക്കാൻ സഹായിക്കുന്ന, ഒരു പരിപ്രേക്ഷ്യം നമ്മുടെ മുന്നിലിരിക്കുന്നു. ഈ പരിപ്രേക്ഷ്യം ഉപയോഗിച്ച് നമ്മൾ വിശകലനം ചെയ്യാൻ ഒരുങ്ങുമ്പോൾ അതിന്റെ ഏതെല്ലാം ഘടകങ്ങൾ വിശകലനത്തിന് ഉപയോഗിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് നമ്മള് പഠിമ്പോൾ നാം കണ്ടെത്തുന്നത് അധ്വാനവും പ്രകൃതിയും ചൂഷണം ചെയ്യപ്പെടുന്നു എന്നതാണ്. മനുഷ്യാധ്വാനം ചൂഷണം ചെയ്യുന്നത് ഇല്ലാതാക്കാൻ പറ്റുന്ന സോഷ്യലിസത്തിനകത്ത് പ്രകൃതിചൂഷണം ഇല്ലാതാക്കാനുമുള്ള സാധ്യതയുമുണ്ട് എന്നാണ് ഞാൻ പറയുന്നത്. അത് അംഗീകരിക്കാൻ കഴിയാത്ത ഒരു മാർക്സിസം കൊണ്ട് നമുക്ക് കാര്യമില്ല.

മനുഷ്യാധ്വാനം ചൂഷണം ചെയ്യുന്നത് നിയന്ത്രിക്കാൻ ഒരു വ്യവസ്ഥയും ഇല്ലാതിരുന്ന കാലത്ത് അതിനെതിരെ ഉയർന്നുവന്ന ഒരു പ്രത്യയശാസ്ത്രം ആയതുകൊണ്ടല്ലേ മാർക്സിസം പരിമിതികളെ നേരിടുന്നത്?

നേരത്തെ സൂചിപ്പിച്ചതിൽ ഒരു പ്രധാനകാര്യം പറയാൻ വിട്ടുപോയത് അധ്വാനം എല്ലാ കാലത്തും മറ്റുള്ളവർക്ക് വേണ്ടി ആയിരുന്നില്ല എന്നതാണ്. Hunter gatherer സൊസൈറ്റിയിൽ നമുക്ക് തിന്നാനുള്ളത് നാം അധ്വാനിച്ച് ഉണ്ടാക്കുന്നു. ഇതിനകത്ത് സാങ്കേതികതയല്ല, സാമൂഹികബന്ധമാണ് പ്രശ്നം. നിങ്ങള് ഒറ്റയ്ക്ക് ഒരു പാടത്ത് വിതച്ച്, കൊയ്ത്, കഴിച്ചാൽ നിങ്ങൾ തൊഴിലാളിയല്ല, മുതലാളിയുമല്ല. റോബിൻസൺ ക്രൂസോ (‘Robinson Crusoe’, Daniel Defoe, 1719). ബൂർഷ്വാധനശാസ്ത്രത്തിന്റെ പ്രിയപ്പെട്ട ബിംബമാണ്. അവരുടെ കേവലമായ അമൂർത്തവൽക്കരണങ്ങൾക്ക് അനുയോജ്യമായ trope ആണ് റോബിൻസൺ ക്രൂസോ. അവരുടെ സമീപനത്തിൽ വ്യക്തിവാദമാണുള്ളത് (individualism). നിങ്ങൾ സാമൂഹികമായി ഉൽപ്പാദിപ്പിക്കുമ്പോൾ അങ്ങനെയല്ല. ആ വ്യത്യാസം ഉണ്ടായത് ചരിത്രത്തിൽ പിന്നീടാണ്. ആദ്യകാലത്ത് മനുഷ്യൻ മനസ്സിലാക്കിയത് പ്രകൃതിവിഭവങ്ങൾക്ക് യാതൊരു ദൗർലഭ്യവും ഇല്ല എന്നാണ്. അധ്വാനത്തിനാണ് പ്രശ്നമുള്ളത്. അധ്വാനം കിട്ടിയാൽ നമുക്ക് എന്തും ചെയ്യാം. പണ്ടൊക്കെ കാടുവെട്ടുമ്പോൾ ആരും ഒന്നും പറയില്ലല്ലോ. തടി വെട്ടിവിറ്റ് കാശാക്കിയാൽ അത് നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയതാണ്. മുതലാളിത്തം സ്വകാര്യസ്വത്ത് ശക്തമായി കൊണ്ടുവരുന്നതിന്റെ പ്രധാനകാര്യം സ്വകാര്യസ്വത്ത് ഉണ്ടെങ്കിലേ വിപണി ഒരു പ്രത്യയശാസ്ത്രം കൂടിയായി നിലനിൽക്കുകയുള്ളൂ. വായുവിനും വെള്ളത്തിനുമൊക്കെ വിപണി വേണമെന്നാണ് പറയുന്നത്. പൊതുസ്വത്താണെങ്കില് വിപണിയില്ല. ട്രാജഡി ഓഫ് ദ കോമണ്സ് (trajedy of the commons) എന്നൊരു സിദ്ധാന്തമുണ്ട്. പൊതുസ്വത്തുക്കൾ ഞാൻ ഉപയോഗിച്ചില്ലെങ്കിൾ നിങ്ങൾ ഉപയോഗിക്കും എന്ന കാരണത്താൽ ഞാൻ കൂടുതൽ ഉപയോഗിക്കാൻ തുടങ്ങുന്നു. നിങ്ങളും അതെ യുക്തിയിൽ വിശ്വസിക്കുന്നു. നാം ഇരുകൂട്ടരും വാശിയോടെ വിഭവങ്ങൾ ചൂഷണംചെയ്യുന്നു. അങ്ങനെ പ്രകൃതി നശിക്കുന്നു. അതേസമയം അത് നമ്മുടെ ഒരാളുടെ സ്വകാര്യസ്വത്താണെങ്കിൽ ഉപയോഗിക്കുന്ന മറ്റുള്ളവർക്ക് വില നൽകേണ്ടി വരുന്നു. അങ്ങനെ അനാവശ്യ ഉപയോഗം കുറയുന്നു. പൊതുസ്വത്തിൽ ആർക്കും ഉത്തരവാദിത്തമില്ല, സ്വകാര്യസ്വത്തിൽ അതുണ്ട്. ഇതാണ് ഈ നിയോലിബറൽ കാലഘട്ടത്തിൽ സർവമാന ഉപയോഗമൂല്യങ്ങളെയും വിനിമയമൂല്യങ്ങളായി മാറ്റുന്നതിനുള്ള നീതിമത്കരണം. മുതലാളിത്തം ലാഭത്തിനുവേണ്ടി എന്തുംചെയ്യും. അത് മുതലാളിത്തത്തിന്റെ പ്രവണത എന്നതിനേക്കാൾ സ്വകാര്യസ്വത്തിന്റെ ഉടമയുടെ അവകാശത്തിൽ നിന്നാണ് വരുന്നത് എന്നാണ് മാർക്സ് പറഞ്ഞത്. ഉൽപ്പാദനം സാമൂഹ്യമായിരിക്കുകയും ഉൽപ്പാദനോപകരണങ്ങളുടെ ഉടമസ്ഥത സ്വകാര്യമായിരിക്കുകയും ചെയ്യുന്നതാണ് വൈരുദ്ധ്യം. ഈ വൈരുദ്ധ്യമാണ് ഇല്ലായ്മ ചെയ്യേണ്ടത്. അതിനുള്ള മാർഗ്ഗമെന്താണ്? ഉൽപ്പാദനോപകരണങ്ങളുടെ ഉടമസ്ഥതയും പൊതുവിലാകണം. അങ്ങനെയെങ്കിൽ ഈ പ്രശ്നം പരിഹരിക്കപ്പെടും എന്നാണ് പറഞ്ഞത്.

നമ്മൾ ഇപ്പോൾ ചെയ്യുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ ലോകത്തെ മനസ്സിലാക്കാൻ ശ്രമിച്ച ചിന്തകന്റെ സാധ്യതകളെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രയോജനപ്പെടുത്താനാണ്. അതിന്റെ ശരി-തെറ്റുകൾ ഈ പശ്ചാത്തലത്തിൽ അല്ലെ പരിശോധിക്കേണ്ടത്?

പ്രകൃതിയുടെ ചൂഷണത്തെ വിശകലനം ചെയ്യാനുള്ള ഉപാധി മാർക്സ് തരുന്നുണ്ട്. ആ അനലറ്റിക്കൽ ടൂൾ എന്ന് പറയുന്നത് ഉൽപ്പാദനരീതിയുടേതാണ്. അതിനകത്ത് ഉൽപ്പാദനബന്ധങ്ങളുമുണ്ട്, ഉൽപ്പാദനശക്തികളുമുണ്ട്. ഉൽപ്പാദനശക്തികൾ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ, വികസനം സ്ഥൂലമായ ഒരു ക്വാണ്ടിറ്റേറ്റീവ് വികസനമാണെന്ന് ധരിച്ചുപോകുമ്പോൾ നമുക്കാണ് തെറ്റുന്നത്. അദ്ദേഹത്തിനല്ല. മറിച്ച് ഉപഭോഗം കുറിച്ചിട്ട്, അധ്വാനശക്തി കുറയ്ക്കുന്നപോലെ തന്നെ എങ്ങനെ പ്രകൃതിവിഭവങ്ങളുടെ ചൂഷണം കുറയ്ക്കാം എന്ന് അന്വേഷിക്കുന്നത് ഗുണപരമായ ഉൽപ്പാദനശക്തികളുടെ വികാസം തന്നെയാണ്. ആ രീതിയിൽ അത് വികസിപ്പിച്ചാൽ മാർക്സിസ്റ്റ് പരിസ്ഥിതി രാഷ്ട്രീയമാവും. കേരളത്തിൽ പരിസ്ഥിതി പ്രസ്ഥാനം വികസിപ്പിക്കേണ്ട മാർക്സിസത്തിന്റെ ഈ ഒരു ഓപ്പൺ എൻഡഡ്‌ എന്തുകൊണ്ട് വിസ്മരിക്കപ്പെടുന്നു എന്നുള്ളതാണ്. അത് കൂട്ടിച്ചേർക്കുക എന്നുള്ളതും ആ തരത്തിൽ മുന്നോട്ടുവയ്ക്കുക എന്നുള്ളതും തന്ത്രപരമായിത്തന്നെ പരിസ്ഥിതി മൂവ്മെന്റിനെ സംബന്ധിച്ച് കേരളത്തിൽ പ്രധാനപ്പെട്ടതാണ് എന്നാണ് ഞാൻ പറയുന്നത്. ഇത് പറയാനുള്ള കാരണം, മാർക്സിസത്തിന്റെ സൈദ്ധാന്തിക ചട്ടക്കൂട് ഈ ഡിജിറ്റൽ മുതലാളിത്തത്തിന്റെ കാലത്തും സജീവവും സക്രിയവുമായ ചില വിശകലന സാധ്യതകൾ നൽകുന്നു എന്നതുകൊണ്ട് കൂടിയാണ്. കേരളത്തിൽ സിപിഎം ഒരു ശക്തിയാണ് ഇപ്പോഴും എന്നതുകൊണ്ട്‌ മാത്രമല്ല. സിപിഎം എന്നും ഉണ്ടാവണം എന്നില്ല. ത്രിപുരയിലും ബംഗാളിലും പ്രമുഖശക്തിയല്ലാതായത് നാം കാണുന്നുണ്ടല്ലോ. മാവോയിസ്റ്റ് സമീപനമുള്ള സായുധഗ്രൂപ്പുകൾ മുതൽ ലിബറൽ ജനാധിപത്യത്തിൽ പങ്കെടുക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ വരെയുണ്ട്. ഇവരിൽ ചിലർ എൺപതുകൾ മുതൽ പരിസ്ഥിതിപ്രശ്നങ്ങളിൽ ഇടപെടുന്നുണ്ട്. ഇവരോടോക്കെയുള്ള സംവാദം എന്നനിലക്ക് മാത്രമല്ലാതെയും ഈ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്, അവതരിപ്പിക്കപ്പെടെണ്ടതുണ്ട്.

മുതലാളിത്തത്തിന്റെ വിമർശകനായിരിക്കുന്ന മാർക്സ് സ്വഭാവാവികമായും അതുണ്ടാക്കുന്ന അമിതോൽപ്പാദനത്തിന്റെയും വിമർശകനാകേണ്ടതല്ലേ?

സ്വാഭാവികമായിട്ട് ആകുന്നില്ല. എങ്ങനെയാണ് വിമർശനം വയ്ക്കുന്നത് എന്നതാണ്. മുതലാളിത്തത്തിനെതിരെയുള്ള മാർക്സിന്റെ വിമർശനം എന്താണ് എന്നതാണ് പ്രധാനം. അത് വിഭവചൂഷണത്തെക്കുറിച്ചുള്ള വിമർശനമല്ല. മറിച്ച് അധ്വാനത്തെ ചൂഷണം ചെയ്യുകയും അധ്വാനത്തിൽ നിന്ന് മൂല്യം ഉൽപ്പാദിപ്പിക്കുകയും ആ മൂല്യം കൊണ്ട് അമിതമായി ലാഭമുണ്ടാക്കുകയും ചെയ്യുന്നതിനെയാണ് മാർക്സ് വിമർശിച്ചത്. ആന്റണി ഗിഡൻസ് (Anthony Giddens) A Contemporary Critique of Historical Materialism എന്ന കൃതിയിൽ ഇക്കാര്യം പറയുന്നുണ്ട്-പ്രകൃതിയോടു മാർക്സ് സ്വീകരിച്ചത് ഒരു പ്രോമിത്യൻ സമീപനം ആയിരുന്നു എന്ന്. മാർക്സിന്റെ ചൂഷണാധിഷ്ഠിതമായ സാമൂഹികബന്ധങ്ങളെക്കുറിച്ചുള്ള വർഗ്ഗവിശകലനം പ്രകൃതിചൂഷണത്തിന്റെ തലത്തിലേക്ക് അദ്ദേഹം വ്യാപിപ്പിച്ചില്ല എന്ന് ഗിഡൻസ് വിശദീകരിക്കുന്നു. പക്ഷെ ഇവിടെ ശ്രദ്ധിക്കാനുള്ളത് മൂലധനം എഴുതിയതിനു ശേഷവും പരിസ്ഥിതിയും സോഷ്യലിസവുമായുള്ള ബന്ധത്തെക്കുറിച്ച് മാർക്സ് ചിന്തിച്ചു കൊണ്ടിരുന്നു എന്നതാണ്. നേരത്തെ സൂചിപ്പിച്ച കാൾ ഫ്രാസിന്റെ പുസ്തകത്തെക്കുറിച്ച് മാർക്സ് എംഗൽസിന് എഴുതിയ കത്ത് ഒരു ഉദാഹരണം മാത്രമാണ്.

പക്ഷെ അപ്പോഴും ഏംഗൽസ് പ്രകൃതി ചൂഷണത്തെക്കുറിച്ച് കൂടുതല് എന്തെങ്കിലും പറയുന്നുണ്ടോ?

‘പ്രകൃതിയുടെ വൈരുദ്ധ്യാത്മകത’ എന്ന പുസ്തകത്തിൽ പ്രകൃതിയിലുണ്ടായ പല വലിയ മാറ്റങ്ങളും മനുഷ്യന്റെ ഇടപെടൽ കൊണ്ടാണ് എന്ന് പറയുന്നുണ്ട്. അത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. അത് പക്ഷെ ഏകീകരിച്ച മാർക്സിസ്റ്റ് സിദ്ധാന്തത്തിന്റെ ഉള്ളിലല്ല. മറിച്ച് എമ്പിരിക്കൽ ഒബ്‌സർവേഷൻ എന്ന നിലയിൽ മാറിക്കിടക്കുകയാണ്. ചില പീഠഭൂമികൾ തന്നെ നശിച്ചുപോയിട്ടുണ്ട്. ചിലത് മരുഭൂമികളായിട്ടുണ്ട്. മാർക്സിസത്തിലെ പ്രകൃതിയോടുള്ള സ്മീപനത്തെക്കുറിച്ചുള്ള പല മാർക്സിസ്റ്റ്‌ പഠനങ്ങളും ‘പ്രകൃതിയുടെ വൈരുദ്ധ്യാത്മകത’ എന്ന പുസ്തകത്തിൽ നിന്നും ധാരാളമായി ഉദ്ധരിച്ചു കാണാറുണ്ട്. എംഗൽസ് പ്രകൃതിചൂഷണം എന്ന അർത്ഥത്തിൽ യഥാർത്ഥത്തിൽ ഒന്നും പറയുന്നില്ല. പക്ഷെ അന്ന് പ്രചാരത്തിൽ ഉണ്ടായിരുന്ന ശാസ്ത്രത്തിന്റെ ഉദ്ഘോഷണങ്ങളെ, പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ വെട്ടിപ്പിടിക്കലുകളെ, യാതൊരു പ്രത്യാഘാതങ്ങളും ഇല്ലാത്ത പ്രവർത്തനമായി കാണുന്നതിനെതിരെ എംഗൽസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. “Let us not, however, flatter ourselves over much on account of our human conquest over nature. For each such conquest takes its revenge on us. Each of them, it is true, has in the first place the consequences on which we counted, but in the second and third places it has quite different, unforeseen effects which only too often cancel out the first”. എന്നാൽ ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ ഇവിടെ പ്രസക്തമായ ഒരു സത്യം സ്വയം മനസ്സിലാക്കുകയും പക്ഷെ അത് സ്വന്തം രാഷ്ട്രീയ സമ്പദ് ശാസ്ത്ര വിശകലനത്തിലേക്ക് സൈദ്ധാന്തികമായി ചേർക്കാതിരിക്കുകയും ചെയ്യുക എന്ന പാളിച്ച സംഭവിക്കുന്നുണ്ട്. മന്ത്‌ലി റിവ്യൂവിൽ The Return of Engels എന്ന കുറിപ്പ് എഴുതിയ ബെല്ലാമി ഫോസ്റ്റർ (John Bellamy Foster) എംഗൽസിന് കൈവരുന്ന പുതിയ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ ഇത് കേവലം കുറച്ചു ഉദ്ധരണികളുടെ പ്രശ്നമല്ല. എപ്പിസ്റ്റമോളജിക്കൽ പ്രശ്നമാണ് എന്നാണു ഞാൻ പറയാൻ ശ്രമിക്കുന്നത്.

മാർക്സ് അതിന് വേണ്ടത്ര ഗൗരവം കൊടുക്കാതെ പോയതാണോ?

ഉൽപ്പാദനബന്ധങ്ങളുമായി ചേർന്നുകൊണ്ടല്ല അതൊന്നും വിവരിച്ചിരിക്കുന്നത്. സാമൂഹികജീവിതത്തിലേക്ക് മനുഷ്യർ മാറിയതിന്റെ ഭാഗമായി കൃഷി തുടങ്ങുകയും, കൃഷി തുടങ്ങിയപ്പോൾ മനുഷ്യൻ പ്രകൃതിയെ ചൂഷണപരമായി സ്വീകരിക്കേണ്ടിവരികയും ചെയ്തു എന്നതരത്തിലാണ് അത് പറഞ്ഞിരിക്കുന്നത്. പ്രകൃതിയുടെ മേലുള്ള ആക്രമണങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഉയർത്താൻ ശ്രമിച്ച ചിന്തകരെ മാർക്സ് അംഗീകരിക്കുന്നുണ്ട്. അത് വളരെ പ്രധാനപ്പെട്ടതും ഒരു മാർഗ്ഗദർശനവുമാണ്. പക്ഷെ അതല്ല കാതലായ കാര്യം. ആ നിഗമനങ്ങൾ സ്വന്തം ജ്ഞാനവ്യവസ്ഥയുടെ സൈദ്ധാന്തിക സംവിധാനത്തിലേക്ക് പ്രവേശിപ്പിക്കുന്നുണ്ടോ എന്നതാണ്. അത്തരത്തിലുള്ള ശ്രമങ്ങൾ മാർക്സിൽ തികച്ചും അപ്രത്യക്ഷമാണ്. പക്ഷെ ഈ പ്രശങ്ങൾ മാർക്സ് ഉന്നയിക്കുന്നത് സ്വന്തം സമീപനത്തിലെ ചില മർമ്മസ്പര്ശിയായ സന്ദർഭങ്ങളിൽ ആണ്. അവിടെനിന്നുമാണ് ആ ചർച്ച വികസിപ്പിക്കേണ്ടത്. സൈദ്ധാന്തികമായിത്തന്നെ മാർക്‌സിസത്തിനകത്ത് സാധ്യതകളും പരിമിതികളും ഉണ്ട്. നിർഭാഗ്യവശാൽ ചില സാധ്യതകൾ ചർച്ചചെയ്യപ്പെട്ടില്ല. വിമർശിക്കുന്നവരും അത് കാണുന്നില്ല. ആ സാധ്യതകൾ കണ്ടെടുക്കുക എന്നത് മാർക്‌സിസവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പരിസ്ഥിതി പ്രവർത്തകർക്ക് പ്രധാനമാണ്. പരിസ്ഥിതി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഈ വശം ചൂണ്ടിക്കാണിക്കാനുള്ള ബാധ്യതയുണ്ട്. സി.പി.എമ്മോ മറ്റു മാർക്സിസ്റ്റ്‌-ലെനിനിസ്റ്റ്-മാവോയിസ്റ്റ് പാർട്ടികളോ അതൊന്നും അംഗീകരിച്ചില്ലെങ്കിലും. ഇന്ന് നാം പറയുന്ന തരത്തിലുള്ള പാരിസ്ഥിതിക അവബോധം മാർക്സിസത്തിൽ, അതിന്റെ നിലവിലുള്ള സൈദ്ധാന്തിക ഘടനയിൽ ഇല്ല. പക്ഷെ ആഴത്തിലുള്ള എൻവയോൺമെന്റൽ ജസ്റ്റിസ് എന്നൊരു സങ്കൽപ്പം മാർക്‌സിസത്തിൽ ഉണ്ട് എന്നാണ് ഞാൻ പറയുന്നത്. അത് വീണ്ടെടുക്കുക. സൈദ്ധാന്തികമായും പ്രായോഗികമായും, സോഷ്യലിസ്റ്റ് രാഷ്ട്രീയവുമായി, സോഷ്യലിസ്റ്റ് സമ്പദ് ശാസ്ത്രവുമായി, കൂട്ടിച്ചേർക്കുക എന്നത് പ്രധാനമാണ്. ഇതിനു കാരണം മുതലാളിത്തവിമർശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സൈദ്ധാന്തിക ടൂളുകൾ മാർക്സിസത്തിലാണ് ഉള്ളത് എന്നതാണ്. അല്ലാതെ ലോകത്ത് ഇപ്പോഴും കമ്യൂണിസ്റ്റ് പാർട്ടികൾ ഉണ്ടോ, അവ എന്ത് പറയുന്നു എന്നതല്ല.

വ്യാവസായിക ഉൽപ്പാദനത്തിന്റെ മാതൃകതന്നെ മാസ് പ്രൊഡക്ഷന് ആണ്. ടെക്നോളജി ഉപയോഗിച്ചുള്ള സെൻട്രലൈസ്ഡ് പ്രൊഡക്ഷൻ. അങ്ങനെയൊരു ഘടന തൊഴിലാളികളുടെ കൈയിലേക്ക് വരണമെന്നല്ലേ മാർക്സ് പറഞ്ഞത്?

അങ്ങനെ വരണമെന്നല്ല മാർക്സ് പറഞ്ഞത്. ടെക്നോളജിക്കൽ ഇന്റർവെൻഷൻസ് വളരെ പ്രധാനപ്പെട്ടതാണെന്ന് മാർക്സ് മനസ്സിലാക്കുന്നുണ്ട്. കാപ്പിറ്റലിസം അതുപയോഗിക്കുന്നത് അതിന്റെ പ്രതിസന്ധികള് മറികടക്കാനാണ്. അവർക്ക് ലാഭം കുറയും. ലാഭത്തിന് അങ്ങനെയൊരു മാത്തമാറ്റിക്കൽ ഇക്ക്വേഷൻ ഉണ്ട്. ലാഭനിരക്കിന്റെ പ്രവണത നിരന്തരമായി കുറയുക എന്നതാണ്. നേരത്തെ ആദം സ്മിത്തിന്റെ വിശകലനത്തെക്കുറിച്ചു ഞാൻ പറഞ്ഞിരുന്നല്ലോ. ഗുണ്ട്രെസ്സിലും മൂലധനത്തിന്റെ മൂന്നാം വോള്യത്തിലും ഇക്കാര്യം ആഴത്തിൽ ചർച്ചചെയ്യുന്നുണ്ട്. ലാഭം കൂട്ടണമെങ്കിൽ കൂടുതൽ മിച്ചമൂല്യം ഉൽപ്പാദിപ്പണം. അതിന് തൊഴിലാളി വർഗ്ഗം കൂടുതൽ സമയം ജോലി ചെയ്യാൻ പറയണം. അല്ലെങ്കില് 10 മണിക്കൂർ ജോലി ചെയ്യുന്ന തൊഴിലാളി 10 മണിക്കൂർ കൊണ്ട് 10 സാധനങ്ങൾ ഉണ്ടാക്കുമെങ്കിൽ പുതിയ ടെക്നോളജി ഉപയോഗിച്ചുകൊണ്ട് ആ തൊഴിലാളിയെക്കൊണ്ട് 10 മണിക്കൂർ കൊണ്ട് 15 സാധനങ്ങൾ ഉൽപ്പാദിപ്പിച്ചാലും മതി. കൂലി 10 മണിക്കൂറിന് ഉള്ളത് കൊടുത്താൽ മതി. പക്ഷെ 10 സാധനങ്ങൾക്ക് പകരം 15 സാധനങ്ങൾ കിട്ടുന്നു. മാർക്സ് പറയുന്നത് ടെക്നോളജിക്കൽ ഇന്റർവെൻഷന് മുതലാളിത്തത്തിൽ എപ്പോഴും profit driven and profit induced ആണ് എന്നാണ്. അല്ലാതെ സ്വാഭാവികമായും മനുഷ്യവികാസത്തിന് വേണ്ടിയുള്ളതല്ല. മിച്ചമൂല്യം കൂടുതൽ കൂടുതൽ ചൂഷണം ചെയ്യുക. അതുകൊണ്ടാണ് ഡിജിറ്റൽ യുഗത്തിലും മാർക്സിനെ പൂർണ്ണമായും ഉപേക്ഷിക്കാതിരിക്കാൻ കാരണം. സിസ്റ്റത്തിന്റെ ടെർമിനോളജിക്കുള്ളിൽ നിന്നുകൊണ്ട് നോക്കുമ്പോൾ ആപേക്ഷിക മിച്ചമൂല്യം വർദ്ധിപ്പിക്കാനുള്ളത് മാത്രമാണ് ഈ ടെക്നോളജിക്കൽ ഇന്റർവെൻഷൻ എന്ന് മനസ്സിലാക്കിക്കഴിഞ്ഞാൽ മാർക്സിന് അന്യമല്ല ഈ ഡിജിറ്റൽ കാപ്പിലിസത്തിന്റെ വിശകലനവും. ഡിജിറ്റൽ കാപ്പിലസത്തിൽ ലേബർ ഇല്ലാതാവുകയല്ല ചെയ്യുന്നത്. ലേബർ ഇല്ലാതാകുന്നു എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ഒറ്റ ഒരാളെക്കൊണ്ട് ആയിരംപേരുടെ ജോലിചെയ്യിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ ഉണ്ടാക്കുകയാണ്. ടെക്നോളജിയെ കാപ്പിറ്റലിസം കാണുന്നത് ആപേക്ഷിക മിച്ചമൂല്യം ഉൽപ്പാദിപ്പിക്കാനുള്ള ഉപാധിയാണ്. ആദ്യകാല രചനകളിൽ പോലും ഈ ഉൾക്കാഴ്ച മാർക്സിനുണ്ടായിരുന്നു. മൂലധനത്തിൽ ഇതിനെ മാർക്സ് നാടകീയവല്ക്കരിക്കുന്നുണ്ട്- “Accumulate, accumulate! That is Moses and the prophets! … Therefore, save, save, i.e., reconvert the greatest possible portion of surplus-value, or surplus-product into capital! Accumulation for accumulation’s sake, production for production’s sake: by this formula classical economy expressed the historical mission of the bourgeoisie and did not for a single instant deceive itself over the birth-throes of wealth”.

ഇങ്ങനെയൊക്കെയാണെങ്കിലും ആ മോഡ് ഓഫ് പ്രൊഡക്ഷൻ മാറുന്ന സംഭവം സോഷ്യലിസം വന്നുകഴിഞ്ഞിട്ട് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? കാരണം പൊതുവെ കാപ്പിറ്റലിസത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള മാറ്റം വെറും ചെയ്ഞ്ച് ഓഫ് ഹാൻഡ്‌സ് എന്ന രീതിയിൽ മാത്രമേ കണ്ടിട്ടുള്ളൂ?

ചെയ്ഞ്ചിംഗ് ഓഫ് ഹാൻഡ്‌സ് എന്നത് നാം പൊതുവേ വിചാരിക്കുന്ന രീതിയിലുള്ള ഒരു പാളിച്ചയല്ലെന്നാണ് ഞാൻ പറയുന്നത്. ചെയ്ഞ്ചിംഗ് ഓഫ് ഹാൻഡ്‌സ് എന്ന് പറയുമ്പോൾ ഈ പുതിയ ആൾക്കാരിലേക്ക് മൂലധനം പോവുകയും മിച്ചമൂല്യം മുഴുവനും ചെയ്ഞ്ച്ഡ് ഹാൻഡ്‌സ് കൊണ്ടുപോവുകയുമല്ല ചെയ്യുന്നത്. അവർക്ക് അധികാരം മാത്രമേ കിട്ടുന്നുള്ളൂ. പഴയ ഉൽപ്പാദനബന്ധം നിലനിൽക്കുന്നില്ല. അതൊരു വലിയ വ്യത്യാസമാണ്.

അപ്പോൾ കാപ്പിറ്റലിസത്തന്റെ ടെക്നോളജിയും മോഡ് ഓഫ് പ്രൊഡക്ഷനും സോഷ്യലിസത്തിലേക്ക് വരുമ്പോൾ മാറുന്നില്ലല്ലോ?

ടെക്നോളജി മാറുന്നില്ല എന്നേയുള്ളൂ. അത് ലെനിനൊക്കെ കൃത്യമായി പറയുന്നുണ്ടല്ലോ. മറിച്ച് അതിന്റെ ഉടമസ്ഥത പൊതുവുടമസ്ഥതയായി മാറ്റുന്നു. ബാങ്കുകൾ ദേശസാത്കരിക്കുമ്പോൾ ബാങ്കുകൾ ചെയ്ത ജോലി മാറുന്നില്ല. ബാങ്കിൽ നിന്ന് ഒരു തൊഴിലാളിക്ക് കിട്ടിയ ലാഭം സർക്കാരിലേക്ക് പോകുന്നു. സോഷ്യലിസം വരുമ്പോൾ തന്നെ പ്രകൃതി ചൂഷണം കുറയണം. കാരണം ആഢംബര ഉപഭോഗം, ഉൽപ്പാദനത്തിന്റെ വൈവിദ്ധ്യവല്ക്കരണം എന്നിവ ഇല്ലാതാകുന്നു. മുതാലളിത്ത രീതിയിലുള്ള വിപണിമത്സരം സോഷ്യലിസത്തിൽ ഇല്ല. അങ്ങനെ നോക്കുമ്പോൾ സോഷ്യലിസത്തിൽ പ്രകൃതിചൂഷണം സ്വാഭാവികമായി കുറയേണ്ടതാണ്.

ഇങ്ങനെയുള്ള ഒരു ചരിത്ര ഉദാഹരണം നമുക്കുണ്ടോ?

ഒരു സ്പെകുലേറ്റീവ് ഉദാഹരണം പറയാം. കേരളത്തിൽ അതിരപ്പിള്ളിയും മറ്റ് പദ്ധതികളും വേണമെന്ന് ഇടതുപക്ഷ സർക്കാർ പറയുന്നു. യഥാർത്ഥ സോഷ്യലിസ്റ്റ് സർക്കാർ ആയിരുന്നെങ്കിൽ അവർ വൈദ്യുതിയുടെ ആഢംബര ഉപഭോഗം കുറയ്ക്കാൻ പറയുമായിരുന്നു. ഓഫീസുകളിലും മറ്റിടങ്ങളിലും വൈദ്യുതി ഉപോയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക, എ.സി ഉപയോഗിക്കുന്നതിന് ഉയർന്ന താരിഫ് ഏർപ്പെടുത്തുക ഇതൊക്കെയാണ് സോഷ്യലിസ്റ്റ് സര്ക്കാരിന്റെ നയം ആയിരിക്കേണ്ടത്. അങ്ങനെ അതിരപ്പിള്ളി ഇല്ലാതെ തന്നെ എല്ലാവർക്കും വൈദ്യുതി കിട്ടുന്ന സ്ഥിതി സംജാതമാകും. പക്ഷെ ഒരു ഇടതുപക്ഷ സർക്കാർ വരുമ്പോള് എന്താണ് ചെയ്യുന്നത്? ഉപഭോഗരീതി മാറ്റാൻ പറയാൻ അവർ തയ്യാറല്ല. പകരം അതിരപ്പിള്ളിയും കൂടി വേണമെന്നാണ് അവർ പറയുന്നത്. അതായത് ഇക്കളോജിക്കൽ സോഷ്യലിസ്റ്റ് പ്രാക്ടീസ് ഇല്ല എന്നർത്ഥം. അതുകൊണ്ടാണ് അവർ മുതലാളിത്തത്തിന്റെ മാത്രം പ്രതിബിംബമായി മാറുന്നത്. പ്രകൃതിചൂഷണത്തെ എതിർക്കുന്നവരെ വികസന വിരുദ്ധർ, ഇക്കോ ഫാസിസ്റ്റുകൾ എന്നൊക്കെ അജ്ഞതയുടെയും നിരുത്തരവാദത്തിന്റെയും പിൻബലത്തിൽ മുദ്രകുത്തുകയാണ് ചെയ്യുന്നത്. കൂടാതെ മുതലാളിത്ത സമ്പ്രദായത്തിന്റെ ജിഹ്വയായി മാറുകയും ചെയ്യുന്നു. കീഴാറ്റൂർ പ്രശ്നത്തിൽ ഇതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

മനുഷ്യന്റെ ഉപഭോഗരീതി/ശീലം കൂടുതൽ ആഴത്തിൽ വിവിധ ശാസ്ത്രശാഖകളുടെ അറിവിന്റെ അടിസ്ഥാനത്തിൽ പഠിക്കേണ്ടതല്ലേ? അതൊരു പൊളിറ്റിക്കൽ ഐഡിയോളജി മാത്രം വച്ച് നിർണ്ണയിക്കുന്ന ഒന്നാണോ?

ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ബുദ്രിയാറും (Baudrilliard) മറ്റും ഇത് പഠിച്ചിട്ടുണ്ട്. ഉപയോഗമൂല്യം എന്നതിന് പകരം ഇപ്പോൾ നമുക്കുള്ളത് ഒരുതരം സിമ്പോളിക് മൂല്യമാണ്. നമ്മൾ നല്ല ഷർട്ടിടുന്നത് ഷർട്ടിന്റെ ഉദ്ദേശത്തിന് വേണ്ടിയല്ല. നമ്മുടെ ആവശ്യങ്ങൾ ഇന്ന് അനന്തമാണ്. അതാണ് തൃഷ്ണ. തൃഷ്ണയോട് ഈ സാമൂഹ്യസാഹചര്യത്തെ നമുക്ക് സന്ധിചെയ്യാന് കഴിയുന്നില്ല. കാരണം മുതലാളിത്ത സമ്പ്രദായത്തിൽ എല്ലാം ചരക്കായിട്ടാണ് കണക്കാക്കപ്പെടുന്നത്. അപ്പോൾ നമുക്ക് ആവശ്യമുള്ള സാധനം എവിടെയെന്ന അന്വേഷണം നമ്മുടെ മനസ്സിൽ വരും. മുതലാളിത്തം എപ്പോഴും നമ്മുടെ മനസ്സിൽ ആഗ്രഹങ്ങൾ ജനിപ്പിക്കുകയാണ് ചെയ്യുന്നത്. സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ ആഗ്രഹങ്ങൾ ആ തലമുറയിൽ തന്നെ മാറുന്നില്ല. സോഷ്യലിസ്റ്റ് സർക്കാരിനെതിരെയുള്ള അതൃപ്തി പലതരത്തിലുള്ള വിപണി ദൗർബല്യങ്ങൾ ആയിരുന്നു. അവസാനം അത് ഭക്ഷ്യസുരക്ഷയെ ബാധിച്ചപ്പോഴാണ് സോഷ്യലിസത്തിനു ഒരു സിസ്റ്റം എന്ന രീതിയിൽ നില്ക്കാൻ കഴിയാതെയായത്. സർക്കാരിന്റെ ഇൻവെസ്റ്റ്മെന്റ് കൂടുതലും ശീതയുദ്ധ സാഹചര്യത്തിൽ ഡിഫന്സിലും മറ്റുമാകുന്നുണ്ട്. അത് പാർട്ടിക്ക് വന്ന പാളിച്ചയാണ്. പക്ഷെ ചൈനയിൽ അങ്ങനെ സംഭവിച്ചില്ല. 1958, 59, 60 കാലഘട്ടത്തിൽ അവിടെ ക്ഷാമമുണ്ടായി. അതിന്റെ കാരണം പാർട്ടി ഏകാധിപത്യമായിരുന്നു. ചില പ്രദേശങ്ങളിൽ ക്ഷാമം തുടങ്ങിയപ്പോഴും ആവശ്യത്തിന് ഉൽപ്പാദനം നടക്കുന്നുണ്ടെന്ന് ഉത്തരവാദിത്തപ്പെട്ട സെക്രട്ടറിമാർ റിപ്പോർട്ട് കൊടുത്തു. അവർക്ക് സ്ഥാനനഷ്ടം വരുന്നത് ഒഴിവാക്കാനായിരുന്നു അത്. ഇങ്ങനെ മൂന്ന്-അഞ്ച് വര്ഷം യഥാർത്ഥ ഉൽപ്പാദനത്തിന്റെ ചിത്രം സർക്കാരിനെ അറിയിച്ചില്ല. അങ്ങനെ പട്ടിണി കാരണം മരണങ്ങൾ ഉണ്ടായിത്തുടങ്ങി. അതും സർക്കാരിനെ അറിയിച്ചില്ല. അമർത്യാസെൻ ഇന്ത്യയിൽ ഇങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്ന് എടുത്തുപറയുന്നുണ്ട്. ലക്ഷക്കണക്കിന് മനുഷ്യരാണ് രണ്ട് വർഷം കൊണ്ട് ചൈനയിലെ ക്ഷാമത്തിൽ മരിച്ചത്. പക്ഷെ പോഷകാഹാരക്കുറവ് കെണ്ട് അമ്പത് വർഷത്തിനിടയിൽ ലക്ഷങ്ങൾ ഇന്ത്യയിലും മരിച്ചിട്ടുണ്ടാവാം എന്ന് സെൻ പറയുന്നു. പക്ഷെ ചൈനയിലെപ്പോലെ ഒരു ക്ഷാമം ഇന്ത്യയിൽ ഉണ്ടാവാത്തത്തിനു കാരണം സ്വതന്ത്ര മാദ്ധ്യമങ്ങളുടെ ഇടപെടലാണ്. അവർ വസ്തുതകൾ ചൂണ്ടിക്കാട്ടുമ്പോൾ സർക്കാരിന് ഇടപെടാതിരിക്കാൻ പറ്റാതെ വരും.

മണ്ണ് ശാസ്ത്രത്തിന്റെ പിതാവ് വസീലിയോ ദെക്കുചായവ് റഷ്യക്കാരനാണ്. ബയോസ്ഫിയർ എന്ന കണ്സെപ്റ്റ് കണ്ടെത്തുന്നതും റഷ്യൻ ശാസ്ത്രജ്ഞനാണ്. റഷ്യൻ ജനതയ്ക്ക് മറ്റ് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ച്ചപ്പാട് മണ്ണിനോടും പ്രകൃതിയോടും ഉണ്ടായിരുന്നില്ലേ?

സ്റ്റാലിനെപ്പോലുള്ള ഏകാധിപതികൾ വന്നില്ലായിരുന്നെങ്കിൾ ഇന്ന് കാണുന്നരീതിയിൾ സോഷ്യലിസം അവിടെ അധഃപതിച്ച് പോകില്ലായിരുന്നു എന്ന് വേണമെങ്കിൽ പറയാം. പക്ഷെ ആരായിരുന്നാലും നാം കണ്ട അടിസ്ഥാനപരമായി ജീർണിച്ച ഒരു rent-seeking സമൂഹം എന്നത് മാറുമായിരുന്നോ എന്നതാണ് ആലോചിക്കേണ്ടത്. യഥാർത്ഥത്തിൽ റഷ്യൻ കമ്മ്യൂണിസത്തിനകത്ത് പലതരത്തിലുള്ള നിലപാടുകളുണ്ടായിരുന്നു. ധൈഷണികരംഗത്ത് ധാരാളം വ്യക്തികൾ ഇടപെട്ടിരുന്ന രാജ്യമാണ് റഷ്യ. ആ ധൈഷണികധാരകളെ മുഴുവൻ ഇല്ലാതാക്കിയാണ് സോഷ്യലിസ്റ്റ് സംരംഭം മുന്നോട്ടു കൊണ്ടുപോയത്. ലെനിന് ‘റഷ്യയിലെ മുതലാളിത്ത വികസനം’ എന്ന ഒരു പുസ്തകത്തിൽ (Development of Capitalism in Russia) കർഷകർ കർഷകത്തൊഴിലാളികളായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഗ്രാമീണമേഖലയിൽ ദ്രുതഗതിയിൽ തൊഴിലാളിവല്ക്കരണം നടക്കുന്നുണ്ടെന്നും പറയുന്നുണ്ട്. ലെനിന്റെ ഏറ്റവും നല്ല രചനകളുടെ കൂട്ടത്തിൽ ഞാൻ പെടുത്തുന്നതാണ് Development of Capitalism in Russia. പക്ഷെ ചയനോവ് (Alexander Chayanov, Peasant Farm Organisation, 1925) പറഞ്ഞത് ഇങ്ങനെ മാത്രമല്ല കാർഷിക മേഖലയിൽ സംഭവിക്കുന്നത് എന്നാണ്. Centrifugal and centripetal, രണ്ടും സംഭവിക്കുന്നുണ്ട്. Subsistence farming കർഷകർ സ്വന്തമായി ജോലി ചെയ്ത് കര്ഷകന് വേണ്ടി മാത്രം ഉൽപ്പാദിപ്പിക്കുന്ന (Subsistence) സമ്പ്രദായം. അതിനെ നിയന്ത്രിക്കുന്നത് drudgery of labour മാത്രമാണ്. അതിന്റെ സൈദ്ധാന്തികൻ ആയിരുന്നു ചയനോവ് പറഞ്ഞത്. സ്റ്റാലിൻ പറഞ്ഞത്, സ്വകാര്യസ്വത്ത് വേണ്ട, കളക്ടിവൈസേഷൻ മതി എന്നാണ്. അങ്ങനെ സ്വന്തമായി ഉൽപ്പാദിപ്പിച്ചിരുന്നവർ അതിന്റെ ഭാഗമായി. കൂടാതെ ചയനോവിനെ ഇല്ലാതാക്കുകയും ചെയ്തു. അദ്ദേഹത്തെ കൃത്രിമമായ ആരോപണങ്ങൾ ഉന്നയിച്ചു1930-ൽ അറസ്റ്റ് ചെയ്തു. സ്വകാര്യവിചാരണ നടത്തി 1932-ൽ അഞ്ചു വർഷത്തേക്ക് ലേബർ ക്യാമ്പിൽ അടച്ചു. 1937-ൽ വീണ്ടും അറസ്റ്റ് ചെയ്തു. ഒരു വിചാരണയും കൂടാതെ അപ്പോൾതന്നെ വെടിവച്ചുകൊന്നു.

മണ്ണ് ശാസ്ത്രത്തിന്റെ (Soil Science/Pedology) പിതാവായി അറിയപ്പെടുന്നത് റഷ്യൻ ശാസ്ത്രജ്ഞനായ വസീലി ദെക്കുചായവ്
മണ്ണ് ശാസ്ത്രത്തിന്റെ (Soil Science/Pedology) പിതാവായി അറിയപ്പെടുന്ന റഷ്യൻ ശാസ്ത്രജ്ഞനായ വസീലി ദെക്കുചായവ്

അത്തരത്തിൽ വ്യത്യസ്തമായ വീക്ഷണങ്ങൾ വച്ചുപുലർത്തിയിരുന്ന നിരവധി പേർ റഷ്യയിൽ പ്രകൃതി/സാമൂഹിക ശാസ്ത്രജ്ഞന്മാരായും സാങ്കേതികവിദഗ്ദരായും ഉണ്ടായിരുന്നു. ആ വ്യത്യസ്തതകളെ സ്വന്തം യഥാസ്ഥിതിക മാർക്സിസത്തിൻറെ മീഡിയോക്കർ സമീപനത്തിന് ഉൾക്കൊള്ളാൻ കഴിയാത്തതുകൊണ്ട് പാർട്ടി ഇല്ലാതാക്കുകയായിരുന്നു. സ്റ്റാലിന്റെ ആശയം കളക്ടിവൈസേഷൻ ആയിരുന്നു. അതിനു സൈദ്ധാന്തികമായി ചയനോവിയൻ സമീപനം സൃഷ്ടിച്ച വെല്ലിവിളിയാണ് സ്റ്റാലിനെ പ്രകോപിപ്പിച്ചത്. ചയനോവ് പൂർണ്ണമായും ശരിയായിരുന്നു എന്നല്ല. ലെനിനായിരുന്നു പല കാര്യങ്ങളിലും കൂടുതല് ശരി. സ്ലാവോജ് സിസെകിന്റെ (Slavoj Žižek) പുതിയ പുസ്തകം ലെനിനെക്കുറിച്ചാണ്. ഇതേക്കുറിച്ച് ഞാൻ സമകാലിക മലയാളം വാരികയിൽ ഒരു കുറിപ്പ് എഴുതിയിരുന്നു. മാർക്സ് കഴിഞ്ഞാൽ നമുക്ക് ശക്തമായി പിന്തുണയ്ക്കാമായിരുന്ന ഒരാളാണ് ലെനിൻ. പക്ഷെ വിപ്ലവാനന്തര സാമൂഹിക എന്ജിനീയറിംഗിൽ വലിയ പരാജയമായിരുന്നു ലെനിൻ എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. വിപ്ലവം നടത്താൻ അറിയാം, പക്ഷെ അത് രൂപംകൊടുത്ത സമൂഹത്തെ മാനേജ് ചെയ്യാൻ കുറുക്കുവഴികൾ അന്വേഷിച്ചു. അനാവശ്യമായ ഹിംസകളെ നീതിമത്ക്കരിച്ചു. അതായത്, എന്നെ സംബന്ധിച്ചേടത്തോളം രണ്ടു ലെനിന്മാർ ഉണ്ട്. വിപ്ലവത്തിന് മുമ്പുള്ള ലെനിൻ, വിപ്ലവത്തിന് ശേഷമുള്ള ലെനിൻ. താൻ ഇതുവരെ പറഞ്ഞതെല്ലാം ശരിയാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള വ്യഗ്രതയിലായിരുന്നു വിപ്ലവത്തിന് ശേഷമുള്ള ലെനിന്. അതിനുവേണ്ടി സ്റ്റേറ്റ് ടെററിനേയും മാസ് ടെററിനേയും- ഭരണകൂടഭീകരതയെയും, ആൾക്കൂട്ടഭീകരതയെയും- വരെ ന്യായീകരിച്ചു. ഏകാധിപതിയെപ്പോലുള്ള നിലപാടുകളിലേക്ക് പോയി. ലെനിന്റെ വിപ്ലവ പൂർവ്വ രചനകൾ വളരെ പ്രധാനപ്പെട്ടതാണ്. ‘മതവും മാർക്സിസവും’ എന്ന പുസ്തകത്തിൽ മതത്തെപ്പറ്റി പറയുന്ന കാര്യങ്ങളല്ല അധികാരം കിട്ടിക്കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ നിലപാട്.

മെറ്റാനറേറ്റീവിന്റെ കാലം കഴിഞ്ഞു എന്ന് വാദിക്കുന്നവർക്ക് ഒരു മറുപടികൂടിയാകും അങ്ങനെയൊരു കണ്ടെത്തൽ?

മെറ്റാനറേറ്റീവന്റെ കാലം കഴിഞ്ഞു എന്ന് പറയുന്നത് ഈയൊരു അർത്ഥത്തിൽ മാത്രമല്ലല്ലോ. അത് പറയുന്നത് ഏജൻസിയുടെ പ്രശ്നം വച്ചിട്ടുകൂടിയാണ്. അതായത് എങ്ങനെ സോഷ്യലിസം കൊണ്ടുവരാം എന്നതിനെ സംബന്ധിച്ച്. അതിൽ തൊഴിലാളിവർഗ്ഗത്തിന്റെ മാത്രം പ്രാതിനിധ്യം പോരാ, അങ്ങനെയൊരു ഏജൻസി ഇല്ല തുടങ്ങിയ വാദങ്ങളാണ്. പോസ്റ്റ് മോഡേണിസത്തിനോട് കുറച്ചെങ്കിലും സംവാദം സാധ്യമാകുന്നത് മാർക്സിസത്തിനാണ്. എല്ലാ മെറ്റാനരേറ്റീവിന്റെയും സൂപ്പർ മെറ്റാനരേറ്റീവായാണല്ലോ മാർക്സിസം ചിലപ്പോൾ മനസ്സിലാക്കപ്പെടുന്നത്‌. തത്വചിന്ത ഒരുകാലത്ത് ഈ തൊപ്പി അണിഞ്ഞിരുന്നു. മാർക്സിസം അതിൽ നിന്നാണ് ഇത് കടംകൊളളുന്നത്. പക്ഷെ മാർക്സിസം മറ്റേതു ചിന്താവ്യവസ്ഥയെക്കാളും കൂടുതൽ മനുഷ്യവ്യവഹാര മേഖലകളെ സ്പർശിച്ച സമീപനമാണ് എന്നത് തള്ളിക്കളയാൻ കഴിയുന്ന കാര്യമല്ല.

നേരത്തെ പറഞ്ഞ ഒരു കാര്യത്തിലേക്ക് വീണ്ടും വരികയാണ്. സ്വകാര്യസ്വത്ത് ഇല്ലായ്മ ചെയ്യുമ്പോൾ മനുഷ്യന് അധ്വാനശേഷി വിനിയോഗിക്കാനുള്ള മോറൽ ഇൻസെന്റീവ് യഥാർത്ഥത്തിൽ ഒരു പ്രശ്നമാണോ? സെൻസ് ഓഫ് ബിലോംഗിംഗ് ശരിയായ അർത്ഥത്തിൽ കോമണ് പ്രോപ്പർട്ടിയിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തി അത് പരിഹരിക്കാവുന്നതല്ലേ?

ആലപ്പുഴയിൽ ഡി. പങ്കജാക്ഷക്കുറുപ്പ് എന്ന ഒരു ചിന്തകൻ ഉണ്ടായിരുന്നു. അദ്ദേഹം അയൽക്കൂട്ട പരീക്ഷണം നടത്തിയിരുന്നു. നമുക്ക് വേണ്ടത് അവരും അവർക്ക് വേണ്ടത് നമ്മളും ഉൽപ്പാദിപ്പിക്കുകയും പങ്കുവയ്ക്കുകയും ചെയ്ത് ഭരണകൂട ഇടപെടൽ ഇല്ലാതെ തനിയെ ജീവിക്കാവുന്നതേയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. ‘ദര്ശനം’ എന്ന ഒരു മാസിക അദ്ദേഹം നടത്തിയിരുന്നു. വീടുവീടാന്തരം കയറിയിറങ്ങി ഈ ആശയം പ്രചരിപ്പിച്ചിരുന്നു. പക്ഷെ സ്വകാര്യസ്വത്ത് അങ്ങനെ വിട്ടുകൊടുക്കാൻ ആരും തയ്യാറല്ല. ഇക്കാര്യത്തിൽ താൻ തോമസ്‌ മൂർ മുതൽ ഉള്ള ചില പഴയചിന്തകരുടെ കൂടെയാണ് എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നോ എന്ന് എനിക്കറിയില്ല. എനിക്ക് വ്യക്തിപരമായി പരിചയവും അടുപ്പവുമുള്ള ആൾ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിൽ നിന്ന് ഞാൻ പലതും പഠിച്ചിട്ടുണ്ട്. ഒരു പക്ഷെ പരിസ്ഥിതിയുടെ പ്രാഥമികപാഠങ്ങൾ പോലും. എനിക്ക് അധികമുള്ള സാധനം ഞാൻ അയൽക്കാർക്ക് നല്കി അവർക്ക് അധികമുള്ളത് സ്വീകരിക്കുക. ഒരർത്ഥത്തിൽ മുതലാളിത്തത്തിന്റെ മൂല്യനിയമത്തെയാണ് അദ്ദേഹം ചോദ്യംചെയ്തത്. ഉദാഹരണത്തിന് റേഡിയോയ്ക്ക് പകരം ചൂല് കൈമാറ്റം ചെയ്യുമ്പോൾ, രണ്ടിന്റെയും വിനിമയമൂല്യം രണ്ടെന്ന് അദ്ദേഹം അംഗീകരിക്കുന്നില്ല. പരേതനായ ഡോക്യുമെന്ററി സംവിധായകൻ ശരത്ചന്ദ്രൻ അദ്ദേഹത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. സ്വകാര്യസ്വത്ത് ബലം പ്രയോഗിച്ച് ഇല്ലാതാക്കുക എന്നതായിരുന്നു മാർക്സിന്റെ ആശയം. ഭൗതിക സാഹചര്യം മാറ്റി മനുഷ്യനെ മാറ്റാം എന്നതാണ് അടിസ്ഥാന കാഴ്ചപ്പാട്. പ്രകൃതിചൂഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തിക്കൊണ്ട് മാത്രമേ മനുഷ്യനെ മാറ്റാന് കഴിയുകയുള്ളൂ. അതാണ് പരസ്ഥിതിപ്രസ്ഥാനത്തിന്റെ പ്രസക്തി. അതാണല്ലോ ഫെമിനിസവും ചെയ്തത്. അല്ലാതെ മുതലാളിത്തം ബോധപൂർവ്വം കൊണ്ടുവന്നതല്ലല്ലോ.

ആലപ്പുഴയിൽ ഡി. പങ്കജാക്ഷക്കുറുപ്പ് എന്ന ഒരു ചിന്തകൻ ഉണ്ടായിരുന്നു. അദ്ദേഹം അയൽക്കൂട്ട പരീക്ഷണം നടത്തിയിരുന്നു.

അതായത് ജനാധിപത്യവത്കരണത്തിലൂടയേ മാറ്റം കൊണ്ടുവരാൻ കഴിയൂ എന്നല്ലേ?

ലെനിന് മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള പരിഗണന ഇല്ലാതെ പോയതുകൊണ്ടാണല്ലോ ഭരണകൂട അടിച്ചമർത്തൽ ഉണ്ടായത്. അതിനുള്ള ക്ഷമയുണ്ടായിരുന്നില്ല. കുറേപ്പേര് മരിച്ചാലും സോഷ്യലിസം കൊണ്ടുവരുകയാണല്ലോ എന്ന ചിന്തയായിരുന്നു. വ്യക്തികളോട് ഉത്തരവാദിത്തം ഇല്ലല്ലോ. സർ ചക്രവർത്തി ഒരു തൊഴിലാളിയെ കൊല്ലുന്നത് കുറ്റമായി കണ്ടിരുന്ന ആള് സോഷ്യലിസത്തിൽ ആയിരങ്ങളെ നീതിരഹിതമായി കൊല്ലുന്നത്, പീഡിപ്പിക്കുന്നത്, കുറ്റമായി കാണുന്നില്ല. സി.പി.എം അധികാരത്തിൽ വരുമ്പോൾ നാം നേരിടുന്ന വലിയ പ്രശ്നം അതാണ്. ഞങ്ങള് കോൺഗ്രസ്സുകാരെപ്പോലെ വ്യക്തിപരമായ നേട്ടമുണ്ടാക്കാൻ വേണ്ടിയല്ലല്ലോ എന്നാണ് പറയുന്നത്. ഞങ്ങളെ നിയന്ത്രിക്കാനും തിരുത്താനും പാർട്ടിയുണ്ട്. ഒരുപരിധി വരെ ശരിയുമാണ്. പാർട്ടി നിലപാടെടുക്കുമായിരിക്കും. പക്ഷെ പാർട്ടി നേതാക്കന്മാരുടെ പ്രശ്നങ്ങൾ മാർക്സിസത്തിന്റേതല്ല. ഇക്കോഫാസിസം പോലുള്ള അങ്ങേയറ്റം പ്രശ്നസങ്കുലമായ ശകാരപദം പോലും ഇവിടെ തലങ്ങും വിലങ്ങും അർത്ഥവും ചരിത്രസന്ദർഭവും റദ്ദാക്കിക്കൊണ്ട് സിപിഎമ്മും മറ്റും ഉപയോഗിക്കുന്നുണ്ട്. ഡീപ്പ് ഇക്കൊളജിയും ഇക്കോഫാസിസവും ഒക്കെ പരസ്പരം മാറി ഉപയോഗിക്കാവുന്ന വാക്കുകൾ ആയിരിക്കുന്നു. നിയോലിബറൽ വികസനത്തെ ചെറുക്കുന്ന ഇടതുപക്ഷത്തിനെതിരെ ആഗോളാടിസ്ഥാനത്തിൽ യഥാസ്ഥിതിക വലതുപക്ഷം ഉപയോഗിക്കുന്ന വാക്കായി ഇക്കോഫാസിസം മാറിയിട്ടുണ്ട്. നികുതി കൂട്ടാനും ഊർജ്ജവില കൂട്ടാനും കൊച്ചുങ്ങളെ പേടിപ്പിക്കാനും ഉള്ള ഇടതുപക്ഷ പദ്ധതി എന്നാണ് വലതുപക്ഷ പ്രത്യയശാസ്ത്രവിശാരദൻ ജെയിംസ് ദേലിംഗ്പോൾ ഇക്കൊഫാസിസത്തെ നിർവചിക്കുന്നത് (The Little Green Book of Eco-Fascism, James Delingpole, 2013). യഥാർത്ഥത്തിൽ അത് അമിതാധികാരവുമായി, സമഗ്രാധിപത്യവുമായി, ബന്ധപ്പെട്ടു മനസ്സിലാക്കേണ്ട സമീപനമാണ്.

പാശ്ചാത്യ മാർക്സിസം, സോവിയറ്റ് മാർക്സിസം എന്ന വേർതിരിവ് മാർക്സിയൻ സിദ്ധാന്തത്തിലെ പാരിസ്ഥിതിക ഉള്ളടക്കം അവഗണിക്കാൻ കരണമായിട്ടുണ്ടോ?

ഇത് കൃത്രിമമായ ഒരു ചേരിതിരിവ്‌ ആയിരുന്നില്ല. റുഡോൾഫ് ബാരോയുടെ (Rudolf Bahro) The Alternative in Eastern Europe എന്ന പുസ്തകം ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. നിലനിൽക്കുന്ന സോഷ്യലിസത്തിന്റെ പ്രയോഗത്തെക്കുറിച്ച് അറിയുന്നതിന് ഈ പുസ്തകത്തിനുള്ള പ്രാധാന്യത്തെപ്പറ്റി 1980-ൽ റയമണ്ട് വില്യംസ് New Left Review-വിൽ എഴുതുന്നുണ്ട് (Beyond Actually Existing Socialism). പാശ്ചാത്യമാർക്സിസം മാർക്സിസത്തെ, അതിന്റെ സൈദ്ധാന്തികസമീപനങ്ങളെ കൂടുതൽ സങ്കീർണ്ണവൽകരിക്കുകയും അതിന്റെ ചരിത്രസാധ്യതകളെക്കുറിച്ചു ആഴത്തിൽ അന്വേഷിക്കുകയും ചെയ്യുമ്പോൾ സോവിയറ്റ് മാർക്സിസം മാർക്സിസത്തെ കൂടുതൽ കാനോനവല്ക്കരിക്കുകയും, തങ്ങളുടെ ദൈനംദിന പ്രായോഗിക പ്രശ്നങ്ങളുടെ ഉത്തരങ്ങളിലേക്ക്‌ കയറിയിരിക്കാൻ, സ്വയം ലഘൂകരിക്കാൻ, nuance റദ്ദുചെയ്യാൻ, അതിനെ നിർബന്ധിക്കുകയും ചെയ്തുകൊണ്ടിരുന്നു. ബാരോയുടെ പുസ്തകം ഇറങ്ങിയപ്പോൾ തന്നെ പടിഞ്ഞാറൻ ജർമ്മനിയിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. പക്ഷെ ആ പുസ്തകത്തിലെ മൂന്നു പ്രധാന ഊന്നലുകളും- വ്യാവസായികവളർച്ചയുടെ മുതലാളിത്തേതര വഴികളെക്കുറിച്ചുള്ളതും, സോഷ്യലിസ്റ്റ് സമൂഹങ്ങളുടെ ആന്തരികഘടനയെക്കുറിച്ചുള്ളതും, കമ്യൂണിസ്റ്റ് ബദലുകളെക്കുറിച്ചുള്ളതും- ആഴത്തിൽ ചർച്ചചെയ്യപ്പെട്ടു. അദ്ദേഹം കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടു എങ്കിലും ആ പുസ്തകത്തിലെ “കമ്യൂണിസം അനിവാര്യത മാത്രമല്ല, സാധ്യവുമാണ്‌” എന്ന വരി- “Communism is not only necessary, it is also possible”- പാശ്ചാത്യമാർക്സിസത്തെ സംബന്ധിച്ചെടത്തോളവും സോവിയറ്റ് മാർക്സിസത്തെ സംബന്ധിച്ചെടത്തോളവും പ്രധാനമായി മാറുകയായിരുന്നു. കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങളിൽ മാർക്സിസം തകരുന്നത് പല കാരണങ്ങൾ കൊണ്ടാണ്. സോവിയറ്റ് യൂണിയന്റെ കാര്യം അവിടെ നിൽക്കട്ടെ. പോളണ്ട്, ഹംഗറി, ചെക്കോസ്ലോവാക്യ, ബൾഗേറിയ, റൊമേനിയ എന്നിവടങ്ങളിൽ വിപ്ലവങ്ങളിലൂടെയല്ല കമ്യൂണിസ്റ്റ് പാർട്ടികൾ അധികാരത്തിൽ വന്നത്. റഷ്യൻ ചുവപ്പ് സേന രണ്ടാം ലോകയുദ്ധക്കാലത്ത് നേടിയ മേൽക്കൈ കൊണ്ടാണ്‌. ഹേബെർമാസ് കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുള്ള പോലെ, ഈ മാർക്സിസങ്ങൾ ഉള്ളുറപ്പുള്ളവ ആയിരുന്നില്ല. ഈ റിപ്പബ്ലിക്കുകളുടെ പതനം അവയെ പഴയ ദേശീയ പ്രതീകങ്ങളിലെക്കും ലോകയുദ്ധത്തിനു മുൻപുള്ള രാഷ്ട്രീയ പാരമ്പര്യങ്ങളിലെക്കുമാണ് തിരിച്ചു കൊണ്ട് പോയത് എന്ന് ഹെബർമാസ് പറയുന്നുണ്ട് (‘What Does Socialism Mean Today? The Rectifying Revolution and the Need for New Thinking on the Left’, New Left review, 1990).

എന്നാൽ അവിടെയെല്ലാം പ്രയോഗത്തിൽ വരുത്തിയിരുന്ന സാമ്പത്തിക സമ്പ്രദായം ഭരണകൂട മുതലാളിത്തത്തിൻറെതായിരുന്നു. യാതൊരുവിധ മാറ്റങ്ങളും ഉൽപ്പാദനരൂപങ്ങളിൽ- ഉൽപ്പാദനരീതി, mode of production, വ്യത്യസ്തമായിരിക്കുമ്പോൾ പോലും- വരുത്തുവാൻ വിപ്ലവഭരണകൂടങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ മാർക്സിസത്തിനുള്ളിൽ പാരിസ്ഥിതികമായ പ്രശ്നങ്ങൾ കൂടുതൽ ചർച്ചചെയ്യപ്പെട്ടത് വിപ്ലവങ്ങളോ സോവിയറ്റ് ചേരിയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടതോ ആയ രാജ്യങ്ങൾക്ക് പുറത്താണ്. മൂന്നാംലോക രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികൾ ഒരു സ്വപ്നലോകത്തായിരുന്നു. ആസന്നമായ, സോവിയറ്റ് മാതൃകയിലുള്ള വിപ്ലവങ്ങളെക്കുറിച്ച് അവ സങ്കല്പങ്ങൾ മെനഞ്ഞുകൊണ്ടിരുന്നു. എന്നാൽ മുതലാളിത്തം ക്ഷേമരാഷ്ട്ര സങ്കല്പം അംഗീകരിച്ച പാശ്ചാത്യലോകത്ത് കൂടുതൽ അവധാനതയോടെയുള്ള ദാർശനിക-സൈദ്ധാന്തിക അന്വേഷണങ്ങൾ ഉണ്ടായി. പാരിസ്ഥിതിക മാർക്സിസം അതിന്റെ പുതിയ തലങ്ങൾ കണ്ടെത്തിയത് ആ വഴിക്കുള്ള അന്വേഷണങ്ങൾ ശക്തിപ്പെട്ടതുകൊണ്ട് കൂടിയാണ്. മന്ത്‌ലി റിവ്യൂ (Monthly Review) പോലുള്ള അമേരിക്കൻ ഇടതുപക്ഷ പ്രസിദ്ധീകരണം ഇത്തരം അന്വേഷണങ്ങളെ പ്രോത്സാഹിപ്പിച്ചതുകൊണ്ടാണ് മാർക്സിന്റെ മെറ്റബോളിക് വിള്ളലിനെ (metabolic rift) പറ്റിയുള്ള നിരീക്ഷണങ്ങളെ അൽപ്പമെങ്കിലും വികസിപ്പിക്കാൻ ഞാൻ നേരത്തെ സൂചിപ്പിച്ച John Bellamy Foster-നെ പോലുള്ള മാർക്സിസ്റ്റ്‌ ചിന്തകർക്ക്‌ സാധിച്ചത്.

John Bellamy Foster
John Bellamy Foster

ഈ പുതിയ ചർച്ചകൾ മാർക്സ് വിശദീകരിക്കാൻ ശ്രമിച്ച the universal metabolism of nature, social metabolism, കൂടാതെ ഇപ്പോൾ സൂചിപ്പിച്ച metabolic rift എന്നീ സങ്കല്പ്പനങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നുണ്ടോ? എന്താണ് അവയുടെ ഇപ്പോഴത്തെ സാംഗത്യം?

ബെല്ലാമി ഫോസ്റ്റർ പറയുന്നത് ശക്തമായ ഒരു പാരിസ്ഥിതിക സാമൂഹ്യശാസ്ത്ര സമീപനം വികസിപ്പിക്കുന്നതിനു സഹായകമാണ് മാർക്സിന്റെ മെറ്റബോളിക് റിഫ്റ്റ് തിയറി എന്നാണ്. ഇതൊക്കെ ഇവിടുത്തെ ചർച്ചകളിൽ ഇപ്പോഴും പൂർണ്ണമായും അവഗണിക്കപ്പെട്ടിരിക്കുകയാണ്. ജ്ഞാനാന്വേഷണങ്ങളുടെ സാമ്പ്രദായിക ധാരയിൽ പോലും ഇതൊന്നും കടന്നുവരുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത. മാർക്സ് തന്റെ കാലത്ത് രൂപംകൊണ്ട ഒരു പ്രധാന പാരിസ്ഥിതിക പ്രശ്നം ആനുഷംഗികമായി ചർച്ചചെയ്യുന്നുണ്ട്. കാർഷിക മുതലാളിത്തം സൃഷ്ടിക്കുന്ന മണ്ണിന്റെ ഉർവ്വരതാനഷ്ടം. ഫോസ്റ്റർ ഇതിൽ നിന്നാണ് ആരംഭിക്കുന്നത്. കൂടാതെ അദ്ദേഹം മാർക്സ് പരാമർശിച്ചു പോകുന്ന വിഷയങ്ങളായ വനനശീകരണം, നഗരങ്ങളുടെ മാലിന്യവൽക്കരണം മാൽത്തൂഷ്യൻ ജനസംഖ്യാ പ്രശനം തുടങ്ങിയവയും ഇതോടൊപ്പം ചേർത്ത് വക്കുന്നു. ഈ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് മാർക്സ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള മെറ്റബോളിക് ബന്ധത്തെക്കുറിച്ച് പറയുന്നത്. മാർക്സിന്റെ മെറ്റബോളിക് വിള്ളൽ സിദ്ധാന്തത്തിൽ ചരിത്രപരമായ ഒരു പാരിസ്ഥിതിക ഭൗതികവാദത്തിന്റെ വേരുകൾ കണ്ടെത്താനുള്ള ശ്രമം, വിശേഷിച്ചും പ്രകൃതി-സമൂഹ സഹവർത്തിത്വത്തിന്റെ മുദ്രകൾ പതിഞ്ഞ ഒരു സമീപനം കണ്ടെത്താനുള്ള ശ്രമം ഫോസ്റ്റർ നടത്തുന്നുണ്ട്. മുതലാളിത്ത ലോകത്ത് രണ്ടാം കാർഷികവിപ്ലവം അരങ്ങേറുന്ന കാലത്താണ് മാർക്സ് മൂലധനം എഴുതുന്നത്‌. തറപ്പാട്ടത്തെക്കുറിച്ച് മാർക്സ് പറയുന്നത് റിക്കാർഡോ അടക്കമുള്ള ക്ലാസിക്കൽ രാഷ്ട്രീയ സമ്പദ് ശാസ്ത്രഞ്ജന്മാർ പറഞ്ഞതിന്റെ മാത്രം അടിസ്ഥാനത്തിൽ ഈ പ്രശ്നം ഇനി വിശകലനം ചെയ്യാൻ കഴിയില്ല എന്നാണ്. കാരണം മണ്ണിന്റെ ഉർവ്വരതയുടെ പ്രശ്നം ഇനി മേൽ കാർഷിക രസതന്ത്രം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കൂടി ഉൾക്കൊകൊള്ളെണ്ടിയിരിക്കുന്നു. അവരുടെ കാലത്ത് ഇതൊരു വലിയ പ്രശ്നമായിരുന്നില്ല എന്ന് മാർക്സ് സൂചിപ്പിക്കുന്നു. ഇതിൽ കൂടുതൽ അക്കാലത്തു സെൻസിറ്റീവ് ആവാൻ കഴിയുമോ എന്ന് ആലോചിക്കാവുന്നതാണ്. സാമ്പത്തിക സിദ്ധാന്തങ്ങളുടെ വിശകലനത്തിലേക്ക് മാർക്സ് പരിമിതമായ രീതിയിൽ ആണെങ്കിൽ പോലും പാരിസ്ഥിതിക സമീപനം കടത്തിക്കൊണ്ടു വരികയാണ് ഇവിടെ ചെയ്യുന്നത്.

മൂലധനത്തിന്റെ ഒന്നും മൂന്നും വോള്യങ്ങളിൽ പലതവണ മാർക്സ് കാർഷിക ശാസ്ത്രജ്ഞൻ ആയിരുന്ന ലീബിഗ്ഗിനെ (1840-ൽ, Liebig “Organic Chemistry in Its Applications to Agriculture and Physiology” എന്ന പുസ്തകം പ്രസിദ്ധീകരിച്ചു) ഉദ്ധരിക്കുന്നുണ്ട്. മാർക്സിന്റെ ഏറ്റവും വലിയ അഭിനന്ദനം ലീബിഗ്ഗിനു കിട്ടുന്നത് ആധുനിക കാർഷിക സമ്പ്രദായത്തിന്റെ പ്രകൃതിവിരുദ്ധ സമീപനം അദ്ദേഹം തുറന്നുകാട്ടുന്നു എന്ന കാര്യത്തിനാണ് എന്നത് ശ്രദ്ധേയമാണ്. മൂലധനം ഒന്നാം വോള്യത്തിൽ അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം മാർക്സ് പറയുന്നു- “To have developed from the point of view of natural science, the negative, i.e., destructive side of modern agriculture, is one of Liebig’s immortal merits. His summary, too, of the history of agriculture, although not free from gross errors, contains flashes of light”. വൻകിട കൃഷിയുടെ കാര്യത്തിൽ അദ്ദേഹം ലീബിഗ്ഗിനെ തന്നെ ഉദ്ധരിച്ചിട്ട് ആണെന്ന് തോന്നുന്നു, പറയുന്നത് അത് മണ്ണിന്റെ ഫലഫൂയിഷ്ടതയെ നശിപ്പിക്കുന്നു എന്നാണു. മാർക്സിന്റെ വളരെ ശ്രദ്ധേയമായ ഒരു നിരീക്ഷണം ഇവിടെ പ്രസക്തമാണ്- “progress in capitalistic agriculture is a progress in the art, not only of robbing the labourer, but of robbing the soil; all progress in increasing the fertility of the soil for a given time, is a progress towards ruining the lasting sources of that fertility. The more a country starts its development on the foundation of modern industry, like the United States, for example, the more rapid is this process of destruction. Capitalist production, therefore, develops technology, and the combining together of various processes into a social whole, only by sapping the original sources of all wealth-the soil and the labourer” അതായതു മുതലാളിത്ത ഉൽപ്പാദനം തൊഴിലാളികളെ ചൂഷണംചെയ്യുന്നത്, മുതലാളിത്തപ്പാതയിൽ ഓരോ രാഷ്ട്രവും മുന്നേറുമ്പോൾ സംഭവിക്കുന്നത്‌, പ്രകൃതിനശീകരണത്തിന്റെ തോതും വർദ്ധിക്കുന്നു എന്നതാണ്.

സമ്പത്തിന്റെ ഉറവിടമായ അധ്വാനത്തെയും പ്രകൃതിയെയും ചൂഷണം ചെയ്തുകൊണ്ടാണ് മുതലാളിത്ത സാങ്കേതികവിദ്യ വികസിക്കുന്നതെന്ന് മാർക്സ് ഇവിടെ അടിവരയിട്ടു പറയുന്നതായി കാണാം. എന്നാൽ മാർക്സിലെ ഈ ചിന്താധാര ഒരിക്കലും വികസിപ്പിക്കപ്പെട്ടില്ല. ഇതിനുള്ള പ്രധാനകാരണം ഉൽപ്പാദനശക്തികളുടെ വികാസത്തിനു മാർക്സ് മറ്റു സ്ഥലങ്ങളിൽ കൊടുത്ത ഊന്നലാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് എന്നതാണ്. മുതലാളിത്തത്തെക്കാൾ ഭൗതികമായി മെച്ചപ്പെട്ട വ്യവസ്ഥയാണ്‌ സോഷ്യലിസം എന്നതിന് ഊന്നൽ വന്നു. മുതലാളിത്തത്തെക്കാൾ നൈതികമായും മെച്ചപ്പെട്ട സംവിധാനം ആകണം സോഷ്യലിസം എന്നത് ഈ അർത്ഥത്തിൽ മനസ്സിലാക്കപ്പെടാതെ പോവുകയും ചെയ്തു. മാർക്സിസത്തിലെ ഈ ധാരയെ കൂടുതൽ മനസ്സിലാക്കുക, അതിനെ മുന്നോട്ടു കൊണ്ടുവരിക എന്നതിനു തീർച്ചയായും പ്രസക്തിയുണ്ട്. കീഴാറ്റൂർ പോലുള്ള പ്രശ്നങ്ങൾ, അതിരപ്പള്ളി പോലുള്ള പ്രശ്നങ്ങൾ, വിഴിഞ്ഞം പോലുള്ള പ്രശ്നങ്ങൾ- ഇതൊക്കെ ഉണ്ടാവുമ്പോൾ തികച്ചും പരിസ്ഥിതിവിരുദ്ധമായ ഒരു വിചാരധാര മാർക്സിസമായിപ്പോലും അവതരിപ്പിക്കപ്പെടുന്ന കാലത്ത് ഈ അന്വേഷണത്തിന് വലിയ പ്രസക്തിയും സാംഗത്യവും ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. ബുഖാറിനെപ്പോലുള്ളവർ മുൻപുതന്നെ ഇത് തുടങ്ങിവച്ചിട്ടുണ്ട്. “സമൂഹവും പ്രകൃതിയും തമ്മിലുള്ള മെറ്റബോളിസം” എന്ന മാർക്സിയൻ പരികൽപ്പന, പരിസ്ഥിതിയും ഉൽപ്പാദനവ്യവസ്ഥയും തമ്മിലുള്ള അടിസ്ഥാനപരമായ ബന്ധമായും മനുഷ്യജീവിതവും അതിന്റെ ബാഹ്യ ഉപാധികളുമായുള്ള ബന്ധമായും ബുഖാറിൻ വിശദീകരിച്ചിട്ടുണ്ട്. മാർക്സിന്റെ മനുഷ്യ-പ്രകൃതി മെറ്റബോളിസം ഒരർത്ഥത്തിൽ സാമൂഹിക പുനരുൽപ്പാദനത്തിന്റെ അഭിഭാജ്യഘടകമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇവിടെനിന്നും കൂടുതൽ മുന്നോട്ടുപോവുക എന്നത് പ്രധാനമാണ്.

പാരിസ്ഥിതിക നൈതികത ഇല്ലാത്ത രാഷ്ട്രീയപ്രയോഗം പ്രകൃതിവിരുദ്ധവും അതുകൊണ്ടുതന്നെ മനുഷ്യവിരുദ്ധവുമാണ്. അതിനെതിരെയുള്ള ഒരു പ്രതിരോധം മാർക്സിൽ തന്നെയുണ്ട്‌ എന്നത് ഇവിടുത്തെ ചർച്ചകളിൽ മറച്ചുവയ്ക്കപ്പെടുന്നു. അത് പുറത്ത്കൊണ്ടുവരിക എന്നത് തീർച്ചയായും കേരളത്തിലെ പരിസ്ഥിതിസമരങ്ങളെ സംബന്ധിച്ചേടത്തോളം പ്രധാനമാണ്. മാർക്സിസം പല വൈരുധ്യങ്ങളുടെയും ഇടമാണ്. അതിൽ നിന്നുള്ള തെരഞ്ഞെടുപ്പുകൾ നിങ്ങൾ എവിടെ നിൽക്കുന്നു എന്നതിന്റെ അടയാളമാണ്. പ്രകൃതി-മനുഷ്യബന്ധത്തെക്കുറിച്ചുള്ള മാർക്സിന്റെ ഉൾക്കാഴ്ചകൾ കൂടുതൽ ശക്തമായി നമ്മുടെ ചർച്ചകളിലേക്ക് കടന്നുവരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. നാം നടത്തുന്ന ആശയസമരങ്ങളിൽ അതിനു വലിയ പ്രാധാന്യമുണ്ട്. അധികാരത്തിന്റെ ബലത്തിൽ ചർച്ചകളെ സങ്കുചിതവൽക്കരിക്കാനും അടിസ്ഥാനമില്ലാത്ത തെറ്റു ധാരണകൾ പടർത്താനും നാം ആരെയും അനുവദിച്ചുകൂടാ.

Featured Image: 2024-ൽ വയനാട് ജില്ലയിലെ ചൂൽമലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിനുശേഷം ഒരു ബെയ്‌ലി പാലം നിർമ്മിക്കുന്നു

(അവസാനിച്ചു) കടപ്പാട് : കേരളീയം മാസിക

ഇന്ത്യൻ അക്കാദമിക്, സാമൂഹിക വിമർശകൻ, രാഷ്ട്രീയ വിശകലന വിദഗ്ദ്ധൻ, ദ്വിഭാഷാ എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് ഡോ. ടി.ടി. ശ്രീകുമാർ. ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിൽ (ഇഎഫ്എൽയു) കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, വിദ്യാഭ്യാസ മൾട്ടിമീഡിയ ഗവേഷണ കേന്ദ്രത്തിന്റെയും (ഇഎംആർസി) ഡയറക്ടറാണ്. മാധ്യമം ദിനപത്രത്തിലെ ദീർഘകാല മായി ‘നാലാം കണ്ണ്’ എന്ന ദ്വൈവാര പംക്തി ചെയ്തുവരുന്നു, കൂടാതെ ഉത്തരാധുനികത, മാർക്സിസം, സാമൂഹിക-രാഷ്ട്രീയ വിമർശനങ്ങൾ എന്നിവയെക്കുറിച്ച് നിരവധി സ്വാധീനമുള്ള പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്, 2021 ൽ കേരള സാഹിത്യ അക്കാദമിയുടെ സിബി കുമാർ എൻഡോവ്‌മെന്റ് അവാർഡ് ലഭിച്ചു.

A K Shiburaj

A K Shiburaj

2000 ൽ സംവാദം മാസിക പ്രസിദ്ധീകരിച്ചുകൊണ്ട് പത്രപ്രവർത്തനം ആരംഭിച്ചു. പിന്നീട് മാലി ദ്വീപിൽ അധ്യാപകനായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നു. കുറച്ചു കാലം ജൈവ കൃഷി ചെയ്തു. ആശയുടെ മണ്ണെഴുത്തുകൾ (മലയാളം & തമിഴ്) എന്ന പുസ്തകവുവും ഗ്രീൻ സ്വരാജ് (ബുക്‌ലെറ്റ്) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ( കേരളീയം മാസികയിൽ (വെബ്) അസിസ്റ്റൻഡ് എഡിറ്റർ ആയി പ്രവൃത്തിച്ചു. സിവിൽ സൊസൈറ്റി, നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ സഹചാരി. ഇപ്പോൾ സ്വതന്ത്ര മാധ്യമ പ്രവർത്തകൻ. 2025 ൽ മായ കോനെ സോഷ്യൽ ജേർണലിസ്റ്റ് അവാർഡ് ലഭിക്കുകയുണ്ടായി.

View All Articles by A K Shiburaj

Share Article
Whatsapp Email