
ഭൗതിക–ആശയ ദ്വന്ദ്വവും കീഴാള അദ്വൈതവും: നാരായണഗുരുവും മാർക്സിയൻ ചിന്തയും
ഭൗതികവാദവും ആശയവാദവും തമ്മിലുള്ള ദ്വന്ദ്വത്തെ വിമർശനാത്മകമായി പരിശോധിക്കുന്ന ഈ ലേഖനം, നാരായണഗുരുവിന്റെ കീഴാള അദ്വൈത ദർശനത്തെയും മാർക്സിയൻ ചിന്തയെയും പുതിയൊരു കാഴ്ചപ്പാടിൽ വിശകലനം ചെയ്യുന്നു. അറിവും അധ്വാനവും തമ്മിലുള്ള വേർതിരിവ്, അറിവിന്റെ അധികാരവൽക്കരണം, കൂലിയില്ലാ വേലയുടെ സാമൂഹിക പ്രാധാന്യം, കീഴാള ജനതകളുടെ വിമോചനം എന്നിവയെ മുൻനിർത്തി അധികാരബന്ധങ്ങളെയും പരമ്പരാഗത തത്ത്വചിന്താ സങ്കൽപ്പങ്ങളെയും ലേഖനം വിമർശനവിധേയമാക്കുന്നു. അധ്വാനത്തിന്റെ അറിവിനെയും കീഴാള കർത്തൃത്വത്തെയും തിരിച്ചറിയുന്നതിലൂടെ കൂടുതൽ നീതിപൂർവവും മാനുഷികവുമായ ഒരു സമൂഹം സാധ്യമാകുമോ എന്ന നിർണായകമായ രാഷ്ട്രീയ–ദാർശനിക ചോദ്യമാണ് എ. കെ. രവീന്ദ്രൻ ഈ അന്വേഷണത്തിലൂടെ ഉയർത്തുന്നത്.
(1) ആദിയിൽ ഉണ്ടായത് ‘വചന’മോ (ആശയമോ), അതോ ഇന്ദ്രിയ ഗോചരമായ ‘ദ്രവ്യ’ മോ, (പദാർത്ഥമോ) എന്ന ചോദ്യത്തിൽ നിന്നല്ലേ ആശയവാദവും ഭൗതികവാദവും ഉണ്ടായത് ?
ആയിരിക്കാം. എന്നാൽ, തത്ത്വശാസ്ത്രപരമായ ജിജ്ഞാസയെക്കാൾ ഇത്തരം ചോദ്യങ്ങൾ. സുസാദ്ധ്യവും അത്യാവശ്യവും ആക്കുന്നത് നിത്യജീവിതത്തിലെ ‘കായിക’വും ‘മാനസിക’വും എന്നറിയപ്പെടുന്ന തൊഴിൽ വിഭജനമാണ്. അറിവ് അദ്ധ്വാനമായും അധികാരമായും വർത്തിക്കുന്നുണ്ട്. അദ്ധ്വാനത്തെ കായികമെന്നും മാനസികമെന്നും രണ്ടായി തരം തിരിക്കുന്നിടത്ത് സാധാരണക്കാരുടെ അദ്ധ്വാനത്തിലെ അറിവ്, അഥവാ അദ്ധ്വാനമാകുന്ന അറിവ്, തമസ്കൃതമാകുന്നു. അദ്ധ്വാനമാകുന്ന അറിവ് തമസ്കൃതമാകുന്നതോടെ മാനസികമെന്ന് വിളിക്കപ്പെടുന്ന അദ്ധ്വാനങ്ങൾ/അറിവുകൾ അധികാരമായി മാറാതെ വയ്യ. ഭൗതിക-ആശയ ദ്വന്ദ്വം സാദ്ധ്യവും ആവശ്യവും ആകുന്നത് വാസ്തവത്തിൽ മേല്പറഞ്ഞ കായിക – മാനസിക തൊഴിൽ വിഭജനവും കായികാദ്ധ്വാനത്തിനു മേൽ മാനസ്സിക അദ്ധ്വാനത്തിന്റെ അധീശാധികാരവുമാകുന്നു. ഇതിനപ്പുറം ഭൗതിക-ആശയ വിഭജനം പ്രസക്തമാണെന്ന് കരുതാനാവില്ല.
(2) അടിസ്ഥാനം എന്തുതന്നെ ആയാലും, പദാർത്ഥമോ മനസ്സോ ഏതാണ് ആദ്യമുണ്ടായത് എന്നതല്ലേ തത്ത്വശാസ്ത്രപരമായ പ്രധാന പ്രശ്നം?
സ്ഥല-കാലങ്ങളുടെ ആപേക്ഷികത നിസ്തർക്കമായിരിക്കുവോളം പദാർത്ഥത്തിനോ മനസ്സിനോ ഒരു ‘മുൻപ്’ ഉണ്ടാവുക സാധ്യമല്ലല്ലോ. ഏതെങ്കിലും ‘ഒന്നി’ നെ മുൻകൂർ അംഗീകരിക്കുന്നുണ്ട് ആശയവാദവും ഭൗതികവാദവും. ‘ഒന്ന്’ അതായിരിക്കലും ( Being), അതായിത്തീരലും (Becoming), അതിൻ്റേതായിരിക്കലും (Having) ഒക്കെത്തമ്മിലുള്ള അദ്വൈത ബന്ധത്തെ അവ പരിശോധിക്കുന്നില്ല. ‘ആത്മം’ ദത്തമായ (given) ഒരു ഏകകം അല്ലെന്നും അപരവുമായി ബന്ധപ്പെട്ടുമാത്രം നിലനിൽക്കുന്നതാണെന്നും ‘അപരസുഖ’ ത്തെ മുൻനിർത്തി നാരായണ ഗുരു പറയുന്നു. അപരനുകൂടി സുഖകരമാവാത്ത തൊഴിലുകളും സുഖങ്ങളും ആത്മവിരോധികളാണെന്ന് ഓർമ്മിപ്പിക്കുന്ന ഗുരു ‘കർത്തൃത്വ’ നിരപേക്ഷമായ ഒരു മുൻകൂർ ആത്മത്തെയോ ഉണ്മയെയോ അംഗീകരിക്കുന്നില്ലെന്നു കാണാം.
(3) അറിവ് അധികാരമായി മാറുന്നത് ഇന്ത്യയിലെ ബ്രാഹ്മണ പാരമ്പര്യത്തിൽ വളരെ പ്രകടമാണ്. എന്നാൽ, അദ്ധ്വാനത്തിൽ നിന്ന് അറിവുണ്ടാകുന്നു, അല്ലെങ്കിൽ അറിവിൽനിന്ന് അദ്ധ്വാനമുണ്ടാകുന്നു, എന്നല്ലാതെ അദ്ധ്വാനം തന്നെ അറിവായി എവിടെയും അറിയപ്പെടുന്നില്ലല്ലോ. അതെന്താണ് ?
ഇന്ത്യൻ പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം ഇപ്പറയുന്നത് ശരിയല്ല. ബൗദ്ധ പാരമ്പര്യത്തിൽ അദ്ധ്വാനം അറിവായി അറിയപ്പെടുന്നത് എത്രയും പ്രകടമായിരുന്നു. ബോധം അഥവാ ബുദ്ധം തന്നെയാണ് എല്ലാവിധ ശ്രമവും പരിശ്രമവും ആയി അറിയപ്പെടുന്നത്. അറിവദ്ധ്വാനത്തിനു പുറത്ത് ദൈവികമോ അല്ലാത്തതോ ആയ ഉത്തേജകം ഇവിടെ അനിവാര്യമാകുന്നില്ല. അറിവ് അധികാരമാക്കുന്ന ബ്രാഹ്മണ പാരമ്പര്യത്തെ ഇപ്രകാരം ‘ശ്രമണ’ പാരമ്പര്യം ഫലപ്രദമായി ചെറുത്തു നിന്നിട്ടുണ്ട്.
(4) ബൗദ്ധ പാരമ്പര്യത്തിലല്ലേ ജാതകകഥകളും പുനഃർജന്മ വിശ്വാസവും ധ്യാനബുദ്ധനും മറ്റുമുള്ളത്?
അനാത്മ ദർശനമായിരുന്നു ബുദ്ധൻ്റേത്. ആദ്യകാലബൗദ്ധധർമ്മത്തിൽ പുനർജ്ജന്മമെന്നത് ജീവിതത്തിനകത്തെ ആത്മനവീകരണ ശ്രമങ്ങളാണ്. ആത്മാന്വേഷണവും ബോധനവീകരണമാണ് ‘ധ്യാനം’. അറിവദ്ധ്വാനത്തെ മതാത്മക ‘ഇതിവൃത്ത’ ച്ചുഴിയിൽ നിന്ന് പുറത്തുകടന്ന് ഗുണപരമായി ഉണർത്തിയെടുക്കുന്ന ഉൾക്കാഴ്ച്ച. പിൽക്കാലത്ത് ബ്രാഹ്മണിസ്റ്റ് ആചാരങ്ങൾ ബൗദ്ധപാരമ്പര്യത്താൽ സ്വാംശീകരിക്കപ്പെട്ടതിൻ ഫലമായാണ് ഇരുവിഭാഗങ്ങളിലും ആചാരബദ്ധമായ വൻമാറ്റങ്ങളുണ്ടായത്.
(5) വൈരുദ്ധ്യവാദവും അദ്വൈതവും തമ്മിലുള്ള ബന്ധവിച്ഛേദങ്ങളെന്ത് ?
നിലവിലെ വൈരുദ്ധ്യവാദങ്ങൾ ‘ഒന്നി’നെ മുൻകൂർ അംഗീകരിക്കുമ്പോൾ അദ്വൈതം ( ‘രണ്ടല്ല’ എന്നർത്ഥം), ആ പേരുകൊണ്ടുതന്നെ ‘ഒന്നി’നെ പ്രശ്നവല്ക്കരിക്കുന്നു. ഒന്ന് എങ്ങനെ, എപ്രകാരം, ഒന്നായിരിക്കുന്നു എന്നാണ് അദ്വൈതം അന്വേഷിക്കുന്നത്. അഥവാ, അപ്രകാരമുള്ള ഒരന്വേഷണം അദ്വൈതത്തിലുണ്ട്. ആശയ- ഭൗതിക വാദങ്ങളായി വേർപിരിഞ്ഞ വൈരുദ്ധ്യവാദങ്ങളിൽ അങ്ങനെയൊരന്വേഷണമില്ല. ഒന്നിൻ്റെ ദത്തമായ (given) ചലനാത്മകതയെ, അഥവാ, ദത്തമായ ‘ഒന്നിന്റെ’ ചലനാത്മകതയെ വ്യാഖ്യാനിക്കുകയോ വിശദീകരിക്കുകയോ മാത്രമാണ് ഈ വൈരുദ്ധ്യവാദങ്ങൾ ചെയ്യുന്നത്. ഒന്ന് അതായിരിക്കുന്നതു തന്നെ അതിൻ്റെ ചലനാത്മകത മൂലമാണെന്ന്, അഥവാ ഒന്നിൻ്റെ അസ്തിത്വം പാരസ്പര്യത്തിനകത്താണെന്ന്, ‘അഹങ്കാര’ ത്തെ ‘ആത്മബോധ’ മായി തെറ്റിദ്ധരിക്കുന്ന ‘വൈരുദ്ധ്യവാദം’ ആദ്യമേ നിലപാടെടുക്കുന്നില്ല. വൈരുദ്ധ്യാത്മക ആശയവാദവും ഭൗതികവാദവും, അപ്രസക്തമെങ്കിലും, സാദ്ധ്യമാകുന്നത് അങ്ങനെയാണ്.
(6) അഹംബോധം തന്നെയല്ലേ ആത്മബോധം?
എൻ്റേതിൽ നിന്നാണ് അഹംബോധം ഉണ്ടാകുന്നത്. ഉടമസ്ഥതാബോധം ആണത്. അവിടെ ആത്മാന്വേഷണമില്ല. ഞാൻ എന്ന ഒന്നിനെ അത് പ്രശ്നവൽക്കരിക്കുന്നില്ല. അപരൻ അവിടെ വസ്തുവോ എതിരാളിയോ ആകുന്നു! അഹം ‘ഏകവചന’വും സ്ഥായി (static )യും ആത്മം ‘ഭിന്ന വചന’വും ചലനാത്മക(dynamic)വും ആണെന്ന് പറയാം. സ്വയം ‘നാം’ എന്ന് നാരായണ ഗുരു!
(7) ഒരു അസ്തിത്വത്തെ ആദ്യമേ അംഗീകരിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പം? ഒന്നുണ്ടാകുമ്പോഴല്ലേ അതിൻ്റെ ചലനാത്മകതയെ വിശദീകരിക്കാനാവൂ?
ഒന്നിന്റെ ചലനാത്മകത തന്നെയാണ് പ്രശ്നം. ചലനാത്മകമായ ഒന്ന്, അഥവാ ചലനാത്മകതയിലൂടെ ഉരുവം കൊള്ളുന്ന ഒന്ന് ഇവിടെ പരിഗണിക്കപ്പെടുന്നില്ല. ‘നിർഗുണ ബ്രഹ്മ’ സങ്കല്പവും ഇതിന്നപവാദമല്ല. ‘അവയവി’ (Organism) യുടെ ഭാഗങ്ങളാണ് ‘അവയവങ്ങൾ’ ( Organs) എന്നും അവയവിക്ക് അവയവങ്ങളുടെ മേൽ അധീശാധികാരമുണ്ടെന്നും മനസ്സിലാക്കുക ഇക്കാലം എളുപ്പമാണ്. തലയും വാലുമുള്ള കേന്ദ്രീകൃതാധികാര ‘സംഘടനകൾ’ ( Organizations ) ഈയൊരു മനസ്സിലാക്കലിന്റെ ഉത്പന്നങ്ങളാണല്ലോ. അവയവങ്ങളുടെ പാരസ്പ്പര്യത്തിന് മുകളിലാണ് ‘സംഘാടകൻ’ (organizer) എന്ന നിലയിൽ ജീവ ശാസ്ത്രപരമായി ‘മസ്തിഷ്ക്കം’ വർത്തിക്കുന്നതെങ്കിൽ മനുഷ്യന്റെ സാമൂഹിക ജീവിതത്തിൽ ‘വ്യക്തി മസ്തിഷ്ക്ക’ങ്ങളെ നിയന്ത്രിക്കുന്ന അധികാര ശക്തി സാമൂഹ്യ ബന്ധങ്ങൾക്കകത്തെ, നിരന്തരം പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്ന, പ്രത്യയശാസ്ത്രങ്ങളാണ്. ശിശുക്കൾ ജനിച്ചു വീഴുന്നത് ചരിത്രപരമായി ഉരുവം കൊള്ളുന്ന ഇത്തരം വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾക്കകത്തേക്കാണ്. അതുകൊണ്ട് അടിത്തട്ട് മനുഷ്യരുടെ ആത്മബോധത്തിൽ അധിഷ്ഠിതമായ പാരസ്പ്പര്യത്തിന് മേൽത്തട്ട് അറിവധികാരത്തിൽ നിന്ന് സ്വയം വിമോചിപ്പിക്കാനാവും. അധ്വാനത്തെ നിയന്ത്രിക്കാൻ അറിവാധികാരത്തിന്റെ ഒരു മേൽത്തട്ടിന് സാധൂകരണവും സമ്മതിയും നൽകുവോളം അധ്വാനവും അറിവും രണ്ട് വിരുദ്ധ തട്ടുകളിൽ കുരുങ്ങി കിടക്കുകയാവും ഫലം. അറിവധികാരത്തിൽ നിന്ന് അറിവധ്വാനത്തിന്റെ മോചനം സാധ്യമാണെന്ന് മാത്രമല്ല, ഇതില്ലാതെ ‘നിർമ്മിതബുദ്ധി’ (AI) യുടേതായ ഇക്കാലത്ത് മാനവരാശിയുടെ നിലനിൽപ്പ് അസാധ്യവുമാണ്. പാരസ്പ്പര്യത്തിന്റേതായ ആത്മബോധത്തിലൂടെ മാത്രമേ വൈരുധ്യാത്മകതയ്ക്ക് ഭൗതിക -ആശയ ദ്വന്ദ്വത്തെ മറികടന്ന് സ്വന്തം കാലിൽ നിൽക്കാനും നടക്കാനുമാവൂ; ‘ദർശന’ത്തിന് പരസ്പ്പര വിദ്വെഷത്തിന്റെയും വെറുപ്പിന്റെയും പ്രത്യയശാസ്ത്രത്തിൽ നിന്നും സ്വയം മോചിപ്പിക്കാനാവൂ. അതിന് യാന്ത്രികമായ ‘സൈന്റിസ’ ത്തിൽ നിന്നും ‘ബയോളജിസ’ ത്തിൽ നിന്നും മുക്തമായി തികച്ചും സാമൂഹികവും മാനുഷികവുമാകാനാവൂ.
(8) ഇത് ‘ആശയ – ഭൗതിക ദ്വന്ദ്വ’ ത്തിൻ്റെ മാത്രം പ്രശ്നമാണോ ? വൈരുദ്ധ്യവാദത്തിന്റെ കൂടി ഒരടിസ്ഥാന പ്രശ്നമല്ലേ ഇത് ? ‘ഒന്ന് രണ്ടായി (പലതായി) പിരിയുന്നു’ എന്നതല്ലേ വൈരുദ്ധ്യവാദത്തിന്റെ അടിസ്ഥാനം ?
വൈരുദ്ധ്യവാദം ‘ആശയവാദ’ മെന്നും ‘ഭൗതികവാദ’ മെന്നും രണ്ട് വിപരീതങ്ങളായി പിരിയുമ്പോഴും അവ തമ്മിലുള്ള അദ്വൈത ബന്ധമാണ് തമസസ്കൃതമാകുന്നത്. ഒന്ന് രണ്ടായി (പലതായി) പിരിയുന്നതാണ് വൈരുദ്ധ്യവാദത്തിൻ്റെ അടിസ്ഥാനം. ഈ വൈരുദ്ധ്യവാദം ഭൗതിക-ആശയ ദ്വന്ദ്വങ്ങളായി പിരിയുമ്പോൾ വീണ്ടും ദ്വന്ദ്വവാദങ്ങൾക്ക് ഇടമൊരുക്കുകയാണ്. അങ്ങനെ രണ്ടായി പിരിയാൻ കഴിയാത്ത വിധം ‘ഒന്ന്’ രണ്ടിനു വഴിമാറുന്ന, അഥവാ രണ്ട് ഒന്നിനെ സ്ഥാനാന്തരം ചെയ്യുന്ന, അവസ്ഥയുണ്ടാകുന്നു!
(9) വിശദീകരിക്കാമോ ?
ഒന്നിനെ ചലനാത്മകവും പരിണാമിയും പെരുക്കങ്ങളുമാക്കുന്ന യുക്തിയാണ് വൈരുദ്ധ്യവാദത്തിൻ്റെ, വിശേഷിച്ചും ഹെഗേലിയൻ വൈരുദ്ധ്യവാദത്തിൻ്റെ സംഭാവന. വിത്തിൽ നിന്ന് മരവും അനേകം വിത്തുകളുമെന്നപോലെ, ഒരസ്തിത്വത്തിൻ്റെ വികാസപരിണാമങ്ങളും ഒന്നിനെ രണ്ടും മൂന്നുമൊക്കെ ആക്കി മാറ്റുന്നതുമായ യുക്തി. ഒന്നിനെ രണ്ട് സ്ഥാനാന്തരം ചെയ്യുമ്പോൾ നഷ്ടപ്പെടുന്നതോ അപ്രസക്തമാകുന്നതോ വൈരുദ്ധ്യവാദത്തെ സാദ്ധ്യവും പ്രസക്തവുമാക്കുന്ന ഈ യുക്തിയാകുന്നു. വൈരുദ്ധ്യവാദയുക്തി അപ്രസക്തമാവുകയെന്നാൽ സൃഷ്ടിവാദ അയുക്തികത ചലനവഴികളിലുടനീളം പ്രസക്തമാവുക എന്നാണർത്ഥം. മാനുഷിക കർതൃത്വത്തിന്റെ നിഷേധമാണിത്. സൃഷ്ടിവാദപരമായ അയുക്തികതയെ മറികടക്കാൻ ഭൗതിക – ആശയ ദ്വന്ദ്വത്തെ ഒഴിവാക്കിയേ തീരൂ. ഇതാകട്ടെ ഭൗതിക-ആശയ അദ്വൈത ബന്ധത്തിലൂടെയാണ് സുസാധ്യമാവുക.
(10) ഹെഗേലിയൻ വൈരുദ്ധ്യവാദത്തിൻ്റെ മാത്രം പ്രശ്നമല്ലേ ഇത്? മാർക്സിയൻ വൈരുദ്ധ്യവാദം ഈ പ്രശ്നത്തെ മറികടക്കുന്നില്ലേ?
മാർക്സിയൻ വൈരുദ്ധ്യാത്മകത ഭൗതിക വാദവുമായി കണ്ണിചേർക്കപ്പെടുന്നതോടെ അതിനെയും ഇതു ബാധിക്കാതെ വയ്യ. ആദിയിൽ ഉണ്ടായത് ‘വചന’മോ, പരമാത്മാവോ, കേവലാശയമോ അതോ ഭൗതിക പദാർത്ഥമോ എന്ന ചോദ്യങ്ങളിൽ നിന്നാണ് ആശയ/ആത്മീയ വാദത്തിൻ്റെയും ഭൗതിക വാദത്തിൻ്റെയും തുടക്കം. ‘ഉണ്മ’ ആദ്യന്ത വിഹീനമാണെന്ന് അംഗീകരിക്കുന്നതോടെ ഭൗതികവാദ-ആശയവാദ വിഭജനം അപ്രസക്തമാകേണ്ടതായിരുന്നു. എന്നാൽ, ആത്മീയവാദം ഭൗതികതയെ ‘മായാവാദം’ കൊണ്ടും ഭൗതികവാദം ആത്മീയതയെ പദാർത്ഥ (Matter) പ്രാഥമ്യവാദം കൊണ്ടും നിഷേധിച്ച് സ്വയം യുക്തിഭദ്രമാക്കാനാണ് ശ്രമിച്ചത്. ഇതോടെ ‘കർത്തൃത്വം’ ആത്മനിഷ്ഠമോ വസ്തുനിഷ്ഠമോ ആയി ധ്രുവീകൃതമാകാൻ ഇടയാകുന്നു. വലതോ ഇടതോ ആയ അറിവധികാരത്തിൻ്റെ ‘നിർവ്വാഹകശക്തി’ (ഏജൻസി?) മാത്രമായി ‘കീഴാള കർത്തൃത്വം’ മാറാനുമിടയാകുന്നു. “ലക്ഷം ലക്ഷം പിന്നാലെ” എന്ന മുദ്രാവാക്യമുണ്ടാകുന്നതും അന്വേഷണാത്മകതക്ക് സ്ഥാനമില്ലാത്ത ‘ഭക്തി’ യുണ്ടാകുന്നതും ഇങ്ങനെ.
(11) അദ്വൈത ബന്ധത്തിലൂടെ എങ്ങനെയാണ് ഒന്നിൻ്റെ വികാസ പരിണാമങ്ങളെ സംഖ്യാപരമായ യാന്ത്രികതയിൽ നിന്ന് വ്യത്യസ്തമായി അതിൻ്റെ ജൈവാവസ്ഥയിൽ വിശദീകരിക്കാനാവുക?
ഒരു വിത്തോ, മരമോ പകരം വെക്കാനാവാത്ത വിധം സവിശേഷമായി അവയായിരിക്കുന്നത് ചില സമൂർത്ത സാഹചര്യങ്ങൾക്കകത്തു മാത്രമാണെന്നതാണ് വാസ്തവം. സമൂർത്ത സാഹചര്യങ്ങളുടേതായ ഈ സവിശേഷതയെ വ്യക്തമാക്കാനോ വിശദീകരിക്കാനോ ദന്ദ്വാത്മക യുക്തിക്കാവില്ല. ഭൗതികവാദ-ആശയവാദ ദ്വന്ദ്വം അപ്രസക്തമാകുന്നതും കീഴാള അദ്വൈത ദർശനം പ്രസക്തമാകുന്നതും ചലനങ്ങളുടെ ഇത്തരം ജൈവ പാരസ്പര്യം പരിഗണിക്കുമ്പോഴാണ്. ഹെഗേലിയൻ വൈരുദ്ധ്യവാദമാകട്ടെ, വിത്തിൽ മരം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു എന്നമട്ടിൽ ജീവശാസ്ത്ര നിർണ്ണയന വാദത്തിനും അതുവഴി സൃഷ്ടിവാദത്തിനും വഴിയൊരുക്കുന്നുണ്ട്.
(12) മാർക്സിയൻ വൈരുദ്ധ്യവാദം ഭൗതികവാദവുമായി കണ്ണിചേർക്കപ്പെടുന്നതോടെ അത് വൈരുദ്ധ്യവാദമെന്ന നിലയിൽ ദുർബ്ബലമാകുന്നു എന്നാണോ പറയുന്നത്?
അതെ. മാർക്സിയൻ വൈരുദ്ധ്യവാദം, വിശേഷിച്ചും ‘ചരിത്രപരമായ ഭൗതികവാദ’ മായി അത് അവതരിപ്പിക്കപ്പെടുന്നതോടെ, മേൽത്തട്ട് അറിവധികാരമായി മാറാനിടയാകുന്നു. ചരിത്രമെന്നത് വർഗ്ഗസമരങ്ങളുടേതു മാത്രമാണെന്ന ധാരണയിൽ ഊന്നിനിന്നുകൊണ്ട് ‘class for itself’ എന്ന നിലയിലുള്ള പുതിയ വ്യവസായത്തൊഴിലാളി വർഗ്ഗത്തെ മറ്റു വിഭാഗങ്ങളുടെ വിമോചക നേതൃത്വമായി അവരോധിക്കാനിടയാകുന്നത് അങ്ങനെയാണ്. ഇതോടെ ‘അദ്ധ്വാനം’ അറിവുനിരപേക്ഷമായ ശാരീരികാദ്ധ്വാനമായും, ‘അധികാരം’ ശരീരനിരപേക്ഷമായ മാനസ്സികാദ്ധ്വാനമായും വിഭജിതമായി മനസ്സിലാക്കപ്പെടാനിടയാകുന്നു. ശരീരശാസ്ത്രവും മനഃശാസ്ത്രവുമെന്ന ദ്വന്ദം ‘ശാസ്ത്രീയ’ മായി ഈ വിഭജനത്തെ, വിഘടനത്തെ, സാധൂകരിക്കുന്നു! സമൂർത്തമായ വൈരുദ്ധ്യാത്മകതക്ക് ‘കർത്തൃത്വം’ എന്ന ‘അദ്വൈതാവസ്ഥ’ യല്ലാതെ ഭൗതിക- ആശയ ദ്വന്ദ്വാവസ്ഥ സാദ്ധ്യമല്ല. ദ്വന്ദ്വാവസ്ഥ ‘ആത്മവിരോധി’ കളായ ‘കേവലാവസ്ഥ’ കളെയാണ് ഉത്പാദിപ്പിക്കുക.

(13) ആശയങ്ങൾ മനുഷ്യ മസ്തിഷ്കത്തെ ബാധിക്കുമ്പോൾ ഭൗതികശക്തിയായി മാറുന്നു എന്നല്ലേ മാർക്സ് പറഞ്ഞിട്ടുള്ളത്?
ആശയങ്ങൾ എപ്പോഴായാലും ഭൗതികശക്തി അല്ലാതാകുന്നില്ല. മനുഷ്യർ സ്വന്തം ചരിത്രം സ്വയം നിർമ്മിക്കുന്നതിനാൽ ചരിത്രത്തിലുടനീളം ആശയങ്ങൾ ഉള്ളടങ്ങിയിട്ടുണ്ടെന്നതാണ് വാസ്തവം. ആശയനിരപേക്ഷമായ മാനുഷികാദ്ധ്വാനം എന്നൊന്നില്ല. മനുഷ്യരുടെ ചുറ്റുപാടുകൾ മാത്രമല്ല, മാനവശരീരം പോലും ആശയബാഹ്യമായ നിർമ്മിതിയല്ലെന്നോർക്കണം. ശരീരവും മനസ്സും ഒരുപോലെ ചരിത്രപരമായ, ആശയനിർഭര, സാമൂഹ്യ നിർമ്മിതികളാകുന്നു.
(14) ‘സാമ്പത്തികാടിത്തറയും സാംസ്കാരിക മേൽക്കൂരയും’ എന്ന സങ്കല്പനം ശരിയല്ലാതാകുന്നത് അതുകൊണ്ടാണോ?
അതെ. വാസ്തുവിദ്യയിൽ നിന്നുള്ള ഒരു ഉദാഹരണം മാത്രമാണത്. ഉദാഹരണം യുക്തിക്ക് ബദലാവില്ലല്ലോ. എന്നാൽ മതാത്മക യുക്തി, സൂചിതങ്ങളെ ഒഴിവാക്കി സൂചകങ്ങളിൽ അഭിരമിക്കാനാണ് ശ്രമിക്കുക. പ്രതിനിധാനങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും പൗരോഹിത്യത്തിലും സംഭവിക്കുന്നത് ഇതേ ഹിംസാത്മകമായ അരങ്ങേറ്റങ്ങളും അന്യവൽക്കരണവുമാണ്. ദേവതകൾ മന്ത്രാധീനരാവുകയും മന്ത്രങ്ങൾ ബ്രാഹ്മണാധീനങ്ങളാവുകയും ചെയ്യുന്നതോടെ ബ്രാഹ്മണർ ദേവതകൾക്കുമുപരി സ്വയം ദൈവങ്ങളായി മാറുന്നതിങ്ങനെ!
(15) ബ്രാഹ്മണിസത്തെ നേരിടാൻ കീഴാളജനതകൾ ബ്രാഹ്മണാധികാരം പിടിച്ചെടുക്കുകയല്ലേ വേണ്ടത്?
അല്ല. അങ്ങനെ ഒരിക്കലും ബ്രാഹ്മണാധികാരത്തെ നേരിടാനാവില്ല. അദ്ധ്വാനം അധികാരമായി അന്യവൽക്കപ്പെടാതെ നോക്കുകയാണ് പ്രധാനം. ഇതിന് അദ്ധ്വാനത്തെത്തന്നെ അറിവായി മാനിക്കാൻ കഴിയേണ്ടതുണ്ട്. ശരീരങ്ങളെയും ‘ശാരീരികാദ്ധ്വാന’ ത്തെയും ചരിത്രപരമായി, തലമുറകളിലൂടെ, നിർമ്മിച്ചെടുക്കുന്ന അറിവായി അറിഞ്ഞാദരിക്കാൻ പഠിക്കേണ്ടതുണ്ട്; പരിശീലിക്കേണ്ടതുണ്ട്. അറിവിനെ സംബന്ധിച്ച നാരായണഗുരുവിൻ്റെ കീഴാളവായനകൾ ഇതിനു സഹായകരമാക്കാനാവും. കീഴാള ശിവനെ പ്രതിഷ്ഠിക്കുന്നതിലൂടെ ഗുരു ബ്രാഹ്മണാധികാരം പിടിച്ചെടുക്കുകയോ അതിൽ പങ്കാളി ആവുകയോ അതിനെ നേരിട്ടെതിർക്കുകയോ ബ്രാഹ്മണരോട് വിദ്വേഷം പുലർത്തുകയോ ആയിരുന്നില്ല; മറിച്ച്, ‘സർവ്വരും സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനം’ നിർമ്മിക്കുകയായിരുന്നു. മൗലികമാണ് ഈ വ്യത്യാസം.
(16) ഗുരുവിൻ്റെ കീഴാള വായനകൾ സ്വാഭാവികമായിത്തന്നെ ഇക്കാര്യത്തിൽ സഹായകരമാവില്ലേ ? എന്തുകൊണ്ടാണ് സഹായകരമാക്കാനാവും എന്ന് ഉറപ്പില്ലാത്തവിധം പറയുന്നത് ?
അയ്യൻ കാളിയുടെയും പൊയ്കയിൽ അപ്പച്ചൻ്റെയും സമുദായ പശ്ചാത്തലങ്ങളുമായി ചേർത്തുവെച്ചു ഗുരുവിനെ വായിക്കുമ്പോഴേ, കൂലിയില്ലാവേലയുമായി ചേർത്തുവെച്ചു വായിക്കുമ്പോഴേ, ഒരു ദർശനമെന്ന നിലയിൽ കീഴാള അദ്വൈതം എന്തെന്ന് മനസ്സിലാക്കാനാവൂ. ഒപ്പം, പ്രത്യയശാസ്ത്രപരമായ തലതിരിച്ചിൽ ഏകമാനമല്ലെന്നും. കൂലിയില്ലാവേലയുടെ തോളിലാണ് കൂലിവേല നിലകൊള്ളുന്നതെന്നും അതിനെ വലത്തേ തോളിലെ മൂലധനത്തോടൊപ്പം ഇടത്തേ തൊളിൽ നിന്നു താഴെയിറക്കാൻ മാർക്സിനു സൈദ്ധാന്തികമായി കഴിഞ്ഞില്ലെന്നും തുടർന്നു വായിക്കാനാവും. അദ്ധ്വാനത്തിന്റെ പ്രതിനിധാനമായി മാർക്സ് അക്കാലത്തെ യൂറോപ്യൻ വ്യവസായത്തൊഴിലാളികളെ മുൻനിർത്തി എന്നതാണ് മാർക്സിൻ്റെ പരിമിതിയും ദൗർബ്ബല്യവും. നഗരകേന്ദ്രീകൃതമായ ‘പാരീസ് കമ്മ്യൂൺ’ മാർക്സിനെ ഏറെ പ്രലോഭിപ്പിച്ചതായും കാണാം. അദ്ധ്വാനത്തിന്റെ പ്രത്യുത്പാദനപരവും അല്ലാത്തതുമായ കീഴ്മേൽ തലങ്ങളെ വേർതിരിച്ചു കാണാൻ മാർക്സിനായില്ല. ഇപ്പറഞ്ഞതിന്, മാർക്സിയൻ ചിന്താ സരണിക്ക് അതിനു കഴിയില്ലെന്നർത്ഥമില്ല. റോസാ ലക്സംബർഗ് ഈ വഴിക്ക് ചിന്തിക്കുന്നുണ്ട്.

(17)) പ്രത്യയശാസ്ത്രപരമായ ഹെഗേലിയൻ തലതിരിച്ചിൽ നേരെയാക്കുകയല്ലേ മാർക്സ് ചെയ്തത് ? അതിനെ ഏകമാനമല്ലാതാക്കുന്ന സങ്കീർണ്ണതകൾ എന്തൊക്കെ?
കേവലാശയത്തെ ആശ്രയിച്ചുള്ള തലതിരിഞ്ഞ ഹെഗേലിയൻ വൈരുദ്ധ്യവാദത്തെ നേരെ നിർത്തിയാൽ അതിനു നിൽക്കാനാവുക വൈരുദ്ധ്യാത്മക ഭൗതിക വാദത്തിലാവുമല്ലോ. ആശയ – ഭൗതിക ദ്വന്ദ്വങ്ങൾക്കകത്തെ ഒരു വൈരുദ്ധ്യവാദം മാത്രമാണിത്; സ്വതന്ത്രമായി നിലനില്പില്ലാത്തത്. അങ്ങനെയാകുമ്പോൾ ഭൗതികാസ്തിത്വത്തെ ചലനാത്മകമാക്കാൻ വീണ്ടും ബാഹ്യമായ ഒരധികാരശക്തി, അറിവധികാരം അഥവാ ഭരണകൂടാധികാരം, അനിവാര്യമാവുകയാണ്. ‘കമ്മ്യൂണിസ്റ്റ് ഭരണകൂട’ ങ്ങളുടെ സൈദ്ധാന്തിക സാധൂകരണമാണിത്. ഹെഗൽ പ്രത്യക്ഷമായിത്തന്നെ സാമൂഹികതയെ അറിവധികാര ഭരണകൂടംകൊണ്ട് സ്ഥാനാന്തരം ചെയ്യുമ്പോൾ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഇതുതന്നെ ചെയ്യുന്നു!
(18) ജനാധിപത്യ ഭരണകൂടവും കമ്മ്യൂണിസവും തമ്മിലെന്ത് ?
‘കമ്മ്യൂണിസ്റ്റ് ഭരണകൂടം’ എന്ന പരികല്പന വാസ്തവത്തിൽ കമ്മ്യൂൺ വിരുദ്ധവും അസംബന്ധവുമാണ്. കമ്മ്യൂൺ ജീവിത സങ്കല്പങ്ങൾ ‘കമ്മ്യൂണിസം’ ആകുന്നതോടെ അടഞ്ഞതും മതാത്മകവും ഏകതാനവും ആവുകയാണ്. മതാത്മകമായ ഐഡിയോളോജികളെല്ലാം ഭരണകൂട പ്രത്യയശാസ്ത്രങ്ങളാകാതെയും വയ്യ . എല്ലാവിധ അധികാര സ്ഥാപനങ്ങളും അടിസ്ഥാനപരമായി മതാത്മകമാണ്. മതവിമർശമാണ് മറ്റെല്ലാ വിമർശനങ്ങളുടെയും തുടക്കമെന്ന് മാർക്സ് പറയുന്നുമുണ്ട്. അടിസ്ഥാനപരമായി അധികാരവിരുദ്ധമാണ് ‘കമ്മ്യൂൺ ജീവിത സങ്കല്പ’ ങ്ങൾ. അതിന് ഭരണകൂടാധികാരങ്ങളെ സൂക്ഷ്മത്തിലും സ്ഥൂലത്തിലും പരിപോഷിപ്പിക്കാനാവില്ല. അതിന് നേതൃത്വം കൊടുക്കാൻ നഗരകേന്ദ്രിത തൊഴിലാളിവർഗ്ഗത്തിന് കഴിയുകയുമില്ല. അടിത്തട്ടിൽ നിന്ന് സൂക്ഷ്മ തലങ്ങളിൽ അഴിച്ചെടുക്കുന്നതിലൂടെ മാത്രമേ അധികാര ഗോപുരങ്ങളെ സ്ഥൂലതലങ്ങളിലും അഴിച്ചുമാറ്റാനാവൂ. വാസ്തുവിദ്യയുമായി പൊരുത്തപ്പെടുന്നതല്ല അടിയിൽനിന്നുള്ള ഈ അഴിച്ചെടുക്കൽ. ഒരു ഭരണകൂടത്തെ മറ്റൊരു ഭരണകൂടം കൊണ്ടു നേരിടുകയെന്നാൽ അതിനെ പൂർവ്വാധികം ജനസമ്മതിയോടെ ശക്തിപ്പെടുത്തുക എന്നാണർത്ഥം. ലോകത്തെവിടെയും സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാർഥ്യമാണിത്. ഭരണകൂടമാകട്ടെ, ഏതു ലേബലിലുള്ളതായാലും, സാധൂകരണം നേടിയെടുക്കുന്ന ഹിംസാത്മകമായ കേന്ദ്രീകൃത ആൺകോയ്മാസ്ഥാപനമാകുന്നു!
(19) വ്യത്യസ്തതകളെ മിഥ്യയായി ചിത്രീകരിച്ച് ആന്തരികമായ ഏകത്വത്തെ കേവലവും നിരപേക്ഷവുമായി സ്ഥാപിച്ചെടുക്കലല്ലേ ശരിക്കും അദ്വൈതം? വ്യത്യസ്ത നാമരൂപങ്ങളുള്ള സ്വർണ്ണാഭരണങ്ങളിലെ സ്വർണ്ണവും മൺപാത്രങ്ങളിലെ മണ്ണും മറ്റുമല്ലേ ഇക്കാര്യം സ്ഥാപിച്ചെടുക്കാനായി അദ്വൈത പണ്ഡിതർ ഉയർത്തിക്കാണിക്കുന്നത് ?
അധികാരമായി മാറുന്ന മേൽത്തട്ട് അദ്വൈതത്തിന് യോജിക്കുന്ന ദുർബ്ബല യുക്തിയാണത്; ‘കീഴാള അദ്വൈതം’ പക്ഷേ നേരെ മറിച്ചുള്ള നിലപാടിലാണ്. കീഴ്ത്തട്ടു ജനതകളുടെ സമൂർത്തങ്ങളായ അദ്ധ്വാനങ്ങളിലെ അറിവിനെ തിരിച്ചറിയലാണിത്.
(20) നാരായണഗുരുവും മേൽപ്പറഞ്ഞ പരമ്പരാഗത ഉദാഹരണങ്ങളെ ആശ്രയിക്കുന്നുണ്ടല്ലോ?
ഗുരുവും പരമ്പരാഗതമായ രീതിയിൽ അദ്വൈതം പഠിച്ചയാളാണ്. അദ്വൈതാനുഭൂതിയെ ധ്യാനാത്മക ബ്രഹ്മാനുഭൂതിയായി സ്തോത്ര രചനകളിലൂടെ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. “ഇതെഴുതിയ ആൾ ഇപ്പോൾ ജീവിച്ചിരിക്കുന്നില്ലല്ലോ” എന്നു പറയുന്നതിലൂടെ ഗുരു തൻ്റെ രചനകളുടെ പാഠവൽക്കരണ സാദ്ധ്യതകൾ തുറന്നിടുകയും ചെയ്യുന്നുണ്ട്. ‘ചിത്രം വരയ്ക്കുമ്പോൾ മാത്രമാണ് റാഫേൽ ചിത്രകാരനായിരിക്കുന്നത്’ എന്ന മാർക്സ്സിൻ്റെ പ്രസ്താവനയിലെ കർത്തൃത്വസങ്കല്പം ഗുരുവിലും കാണാനാവും. ബ്രാഹ്മണേതര കീഴാള ശിവനെ പ്രതിഷ്ഠിക്കുന്നതോടെ കീഴാളവും സമൂർത്തവുമായ അദ്വൈതപാതയിൽ ഗുരു എത്തിച്ചേരുന്നു എന്ന് പ്രകടമാണല്ലോ. അരുളിനെ, അറിവിനെ, അൻപും അനുകമ്പയുമായി തിരിച്ചറിയുന്ന ഗുരുവിൻ്റെ അദ്വൈതത്തിന് അറിവദ്ധ്വാനത്തിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ട് അധികാരമായി മാറുന്ന ‘അറിവി’ നെ പിൻപറ്റാനാവില്ല. ഇതോടെ പാരസ്പര്യത്തിൻ്റേതായ ‘സമൂർത്ത അദ്ധ്വാന’ മായി അറിവ് തിരിച്ചറിയപ്പെടുകയാണ്.
(21) ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നു പറഞ്ഞ നാരായണ ഗുരു അക്ഷരാർത്ഥത്തിൽ തന്നെ വ്യത്യസ്തതകളെ ഒഴിവാക്കി ഏകത്വം സംസ്ഥാപിക്കുകയല്ലേ?
മനുഷ്യരിലെ ‘മനുഷ്യത്വ’ ത്തെ ഉയർത്തിപ്പിടിക്കുക മാത്രമാണ് ഗുരു ഇവിടെ ചെയ്യുന്നത്. സ്വന്തം സ്വത്വം സ്വയം കണ്ടെത്തേണ്ടുന്ന, അങ്ങനെമാത്രം സ്വയം നിലനിൽക്കാനാവുന്ന ഒരു സവിശേഷ ജീവജാതിയാണ് മനുഷ്യരുടേത്. ആകൃതിയിൽ പൊതുവേ മനുഷ്യരായിരിക്കുമ്പോഴും ‘മനുഷ്യത്വം’ എന്തെന്ന് തിരിച്ചറിയാനാവാതെ, ജാതി-മത-ദൈവ-ലിംഗ-വംശ-ഭാഷാ-പ്രദേശങ്ങളുടെ ഒക്കെ പേരിൽ പരസ്പരം പോരടിക്കുന്നതിനെതിരെയാണ് ഗുരുവിന്റെ ഏകത്വഭാഷണം. ഗുരു മുന്നിൽ നിർത്തുന്നത് മറ്റു മനുഷ്യരെ അടിമപ്പെടുത്തുകയും അധിനിവേശപ്പെടുത്തുകയും ചെയ്യുന്ന ബ്രാഹ്മണിസ്റ്റ് മനുഷ്യ സങ്കല്പമല്ല; മറിച്ച് ‘മനുഷ്യത്വം’ എന്തെന്ന് തിരിച്ചറിഞ്ഞ കീഴാള മാതൃകാ മനുഷ്യ സങ്കല്പമാണ്. ‘സോഷ്യൽ ഡാർവ്വിനിസ’ ത്തിന്, ജീവശാസ്ത്ര നിർണ്ണയന വാദത്തിന്, ഉൾക്കൊള്ളാനാവാത്തത്!
(22) മനുഷ്യരിൽ അന്തർലീനമായ മനുഷ്യത്വം തിരിച്ചറിയുകയാണോ വേണ്ടത്, അതോ അത് നിർമ്മിച്ചെടുക്കേണ്ടതായുണ്ടോ ?
ആയിരിക്കലും ( Being ) ആയിത്തീരലും (Becoming) രണ്ടല്ലെന്നാണ് മനസ്സിലാക്കേണ്ടത്. മനുഷ്യരാവട്ടെ സ്വയം നിർമ്മിക്കുന്ന ചരിത്രജീവി കൂടിയാണ്. ജീവശാസ്ത്രമെന്നല്ല, ഏതു ശാസ്ത്രവും ചരിത്രപരമായി മാത്രം നിലനിൽക്കുന്നവയാണെന്നു പറയുന്നത് അതുകൊണ്ടാണ് . മനുഷ്യത്വമെന്നത് മനുഷ്യരിൽ, വിശേഷിച്ചും അടിത്തട്ടു മനുഷ്യരിൽ, അന്തർലീനമാണെന്ന പോലെത്തന്നെ ഓരോ സമൂർത്തസാഹചര്യത്തിലും അത് പുതുതായി നിർമ്മിച്ചെടുക്കേണ്ടതായുമുണ്ട്.
(23) ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങൾ എക്കാലത്തേക്കും ബാധകമായ പ്രകൃതി നിയമങ്ങളല്ലേ ? അവ ചരിത്രപരമാകുന്നതെങ്ങനെ ?
പ്രകൃതിനിയമങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നവ ഓരോ കാലത്തെയും ചില സാമൂഹ്യവിഭാഗങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച് സമൂർത്ത പ്രകൃതിയിൽനിന്ന് കണ്ടെടുക്കുന്നവയാണ്. ചരിത്രബാഹ്യമായി അവയെ കണ്ടെടുക്കാനോ ഉപയോഗപ്പെടുത്താനോ കഴിയാത്തിടത്തോളം ഈ നിയമങ്ങളിൽ ഓരോ കാലത്തെയും ഓരോ സാമൂഹ്യ വിഭാഗത്തിന്റെയും മുദ്രയുണ്ടാകാതെ വയ്യ. താല്പര്യഗ്രസ്തമായ ഇത്തരം മുദ്രകളാൽ ( പ്രത്യയങ്ങളാൽ ) വിശേഷിപ്പിക്കപ്പെടുന്നവയോ വക്രീകരിക്കപ്പെടുന്നവയോ ആണ് ‘പ്രത്യയശാസ്ത്ര’ ങ്ങൾ. പ്രത്യയശാസ്ത്ര നിരപേക്ഷമായി സയൻസിന് അഥവാ ശാസ്ത്രത്തിന് നിലനിൽക്കാനാവില്ലെന്നു ചുരുക്കം.
(24) മതം പോലെയും മാർക്സിസം പോലെയും ജനങ്ങളിൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഭാവിയെക്കുറിച്ചുള്ള സങ്കല്പങ്ങളും സിദ്ധാന്തങ്ങളുമല്ലേ യഥാർത്ഥ പ്രത്യയശാസ്ത്രങ്ങൾ ? വർത്തമാനകാലം പക്ഷേ പ്രത്യയശാസ്ത്രമുക്തമായ സ്വാഭാവികജീവിതമല്ലേ?
മതപ്രത്യയശാസ്ത്രങ്ങളെ പ്രശ്നവൽക്കരിക്കാനുള്ള താത്ത്വിക പരിശ്രമമുണ്ട് മാർക്സിയൻ ചിന്താസരണിയിൽ. മതവിമർശമാണ് മറ്റെല്ലാ വിമർശനങ്ങളുടെയും ആരംഭമെന്ന് മാർക്സ് പറയുന്നത് അതുകൊണ്ടാണ്. മതം (Religion) വ്യാപകമായ അർത്ഥത്തിൽ ഉറഞ്ഞുകൂടിയ ‘മതാത്മകത’ ആണെന്ന് മാർക്സിന് തിരിച്ചറിയാൻ കഴിയാതെ പോയത് അദ്ദേഹത്തിൻ്റെ വൈരുദ്ധ്യവാദം ആശയവാദത്തിൻ്റെ അപരമായ ഭൗതികവാദത്തിൽ നങ്കൂരമിട്ടതുകൊണ്ടാകാനേ വഴിയുള്ളൂ. ‘മാർക്സിസം’ എന്ന സ്ഥാപനവത്കൃതമായ അടഞ്ഞ വൃത്തത്തിൽ അത് വീണ്ടും മതാത്മകമാകുന്നതും മറ്റൊന്നുംകൊണ്ടല്ല. ‘മാർക്സിയൻ ചിന്താസരണി’ മാർക്സിലോ മാർക്സിസത്തിലോ ഒതുങ്ങിനിൽക്കുന്നതോ നിൽക്കേണ്ടതോ അല്ലെന്നറിയുക പ്രധാനമാണ്. മാർക്സിയൻ മുദ്രയുള്ളതോ ഇല്ലാത്തതോ ആയ എല്ലാവിധ ജീവിതാവിഷ്കാരങ്ങളും മാർക്സിയൻ കീഴാള ഉൾക്കാഴ്ചയെ പ്രത്യക്ഷമായോ പരോക്ഷമായോ സമ്പുഷ്ടമാക്കാൻ സഹായകമാകാവുന്നവയാണ്. മതാത്മക ചിന്തകളാണ് വിമർശനങ്ങളെ ഭയപ്പെടുന്നതും ചിന്തകരെ കടന്നാക്രമിക്കൻ പ്രേരിപ്പിക്കുന്നതും; അവ മാർക്സിസ്റ്റ് മുദ്രയുള്ളവ ആയാൽപ്പോലും.
(25) ചോദ്യത്തിൻ്റെ രണ്ടാം ഭാഗത്തിന് മറുപടി കിട്ടിയില്ല. ഒരു പൂ വിരിയുന്നപോലെ നമുക്ക് സ്വാഭാവികമായി കിട്ടുന്ന ഒന്നല്ലേ പ്രത്യയശാസ്ത്രമുക്ത ജീവിതം?
തലതിരിഞ്ഞ ജീവിതപ്രക്രിയയുടെ പ്രകാശനമാണ് പ്രത്യയശാസ്ത്രമെങ്കിൽ പ്രസ്തുത ജീവിതം തന്നെയും ജീവിക്കുന്ന പ്രത്യയശാസ്ത്രമല്ലാതെ മറ്റൊന്നുമല്ല. ആശയാവിഷ്ക്ഷ്കൃത പ്രത്യയശാസ്ത്രവും അതിലെ അതിൻ്റെ ജീവിതവും രണ്ടല്ലെന്നർത്ഥം. പ്രത്യയശാസ്ത്രത്തിനകത്തെ ജീവിതമാകയാൽ അതൊരു പ്രത്യയശാസ്ത്രമാണെന്ന അവബോധം അതിൽ ജീവിക്കുന്നവർക്ക് ഉണ്ടായിരിക്കണമെന്നില്ല. വായുവിനും ഗുരുത്വാകർഷണ മണ്ഡലത്തിനും അകത്താണ് ജീവിക്കുന്നതെന്ന് സാധാരണഗതിയിൽ നമുക്ക് തോന്നാത്തതു പോലെ. അതായത്, സ്വയംബോധമില്ലാത്ത ബോധം (Thing in itself) പോലെ. ഇന്നലെകളിലെ പ്രത്യയശാസ്ത്രങ്ങളാണ് ഘനീഭൂതമായ ഇന്നിൻ്റെ സ്വാഭാവിക ജീവിത സാഹചര്യങ്ങളും ചര്യകളും. നമ്മുടെ ജീവിതം ചരിത്രപരവും സ്വയംനിർമ്മിതവും ആകുന്നതിങ്ങനെ. അധികാരമായി മാറാത്ത അറിവിനേ അദ്ധ്വാനവുമായി ഉൾച്ചേർന്ന്, ആശയ-ഭൗതിക ദ്വന്ദ്വത്തെ മറികടന്ന്, കീഴാള കർത്തൃത്വമായി (Thing for itself) സ്വയം തിരിച്ചറിയാനാവൂ. ‘കർതൃത്വം’ എന്നത് വസ്തുനിഷ്ഠ – ആത്മനിഷ്ഠ ദ്വന്ദ്വങ്ങളെ മറികടക്കുന്ന ഒരു സങ്കല്പനമാണ്.
(26) എങ്കിൽ ആശയ – ഭൗതിക ദ്വന്ദ്വങ്ങൾക്കപ്പുറം കീഴാള കർത്തൃത്വമാണോ പ്രാഥമികം?
കീഴാള കർത്തൃത്വം പ്രാഥമികമാകുന്നത് ‘ആദിയിൽ’ എന്ന മതാത്മക സങ്കല്പത്തിലല്ല. മറിച്ച്, വർത്തമാന സാമൂഹ്യ വ്യവസ്ഥയിലെ അറിവദ്ധ്വാന – അറിവധികാര മേൽകീഴ് ഘടനയെ മുൻനിർത്തിയാണ്. അറിവദ്ധ്വാനത്തിൻ്റെ തോളിൽ കയറിയിരുന്ന് അതിന്റെ കണ്ണുപൊത്തിയിട്ടാണ് അറിവധികാരം അദ്ധ്വാനത്തിൻ്റെ ദർശനശേഷിയെ മറച്ചുപിടിക്കുന്നതും സ്വന്തം ദൃശ്യത ഉയർത്തിപ്പിടിക്കുന്നതും. അങ്ങനെയാണ് കീഴാള അദ്ധ്വാനം അദൃശ്യമാകുന്നതും നിശ്ശബ്ദമാകുന്നതും അതിനെ മേൽത്തട്ട് അറിവധികാരം പ്രതിനിധാനപരമായി കീഴ്പ്പെടുത്തി സ്വന്തം താല്പര്യപ്രകാരം നയിക്കുന്നതും. കീഴാള അറിവദ്ധ്വാനത്തിൻ്റെ മേൽത്തട്ടു ‘ദൃശ്യത’യെക്കാൾ അതിൻ്റെ സ്വന്തം ‘ദർശനശേഷി’ വീണ്ടെടുക്കുകയാണ്, പ്രത്യയശാസ്ത്ര നിർമ്മിതിയാണ്, കർത്തൃത്വപരമായ പ്രശ്നം; മാർക്സിയൻ ചിന്താസരണിക്ക് ഈ പ്രശ്നത്തെ നേരിടാനാവുമോ എന്നും.
(27) കീഴാള അദ്ധ്വാനത്തിന് അതിൻ്റെ സ്വന്തം ദർശനശേഷി വീണ്ടെടുക്കുന്നതിൽ മാർക്സിയൻ ചിന്താസരണിക്ക് സഹായകമാകാനാവുമോ?
തീർച്ചയായും കഴിയും. പക്ഷേ ആദ്യമത് കർത്തൃത്വം എന്ന പരികല്പനയെ ഭൗതിക – ആശയ ദ്വന്ദ്വപരതയിൽ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്. നാരായണഗുരുവിൻ്റെ കീഴാള അദ്വൈത ഭാവനയ്ക്ക് ഇക്കാര്യത്തിൽ മാർക്സിയൻ ചിന്താസരണിയെ സഹായിച്ച് സമ്പുഷ്ടമാക്കാനാവും. ഇതോടൊപ്പം കൂലിയില്ലാ വേലയുടെ ഇടത്തേ തോളത്തുനിന്ന് കൂലിവേലയുടേതായ തൊഴിലാളിവർഗ്ഗ നേതൃത്വത്തെ താഴെ ഇറക്കുകയും വേണം. ഭരണകൂടാധികാരത്തെ ലെനിനിസ്റ്റ് ശൈലിയിൽ മുകളിൽനിന്ന് ഇല്ലാതാക്കാനാവില്ലെന്നും അടിയിൽനിന്ന് അഴിച്ചെടുക്കാനേ കഴിയൂ എന്നുമുള്ള യാഥാർഥ്യം അംഗീകരിക്കേണ്ടതുമുണ്ട്.
(28) എങ്ങും നിറഞ്ഞിരിക്കുന്ന അറിവല്ലേ അറിവിൻ്റെ നിറവ് ? കേവലവും നിരപേക്ഷവുമായ ഈ അറിവിനെക്കുറിച്ചല്ലേ നാരായണ ഗുരു പറയുന്നത് ?
ഉണ്മയുടെ കർത്തൃത്വപരമായ സ്വയംചാലകശേഷിയെയാണ് ഗുരുവിലൂടെ ഇന്ന് കീഴാളജനതക്ക് വായിക്കാനാവുക. മനുഷ്യരെ സംബന്ധിച്ചിടത്തോളം പരസ്പരാശ്രിതമായ, ചരിത്രത്തിലൂടെയുള്ള, ആത്മാന്വേഷണവും ആത്മനിർമ്മിതിയുമാണത്. ആപേക്ഷികതയുടെ, പാരസ്പര്യത്തിൻ്റെ, കേവലമായ നിലനിൽപ്പ് ! കേവലമായി, നിരപേക്ഷിതമായി, സ്വർണ്ണമോ മണ്ണോ പ്രപഞ്ചത്തിൽ നിലനിൽക്കുന്നില്ല. വൈരുദ്ധ്യങ്ങളുടെ പാരസ്പര്യത്തിലാണ് സ്വത്വപരമായ ഊന്നൽ. ഈ പാരസ്പര്യത്തിലാവട്ടെ സമരത്തിനാണ് ദൃശ്യത കൂടുതലുള്ളത്. ഐക്യമാകട്ടെ അദൃശ്യവും അടിത്തട്ടിലുമാണ്. മേൽത്തട്ട് ഐക്യം അധികാരത്തിന്റെയും കീഴ്ത്തട്ട് ഐക്യം പ്രത്യുത്പാദനപരതയുടേതു (സ്നേഹത്തിൻ്റെ ) മാണ്. ആഴിയുടെ ആഴമായിട്ടാണ് ഗുരു അറിവിൻ്റെ അദൃശ്യമായ അടിത്തട്ടിനെ സങ്കല്പിക്കുന്നത്. മാർക്സിൽ വർഗ്ഗസമരങ്ങളുടെ ചരിത്രത്തിന് ഊന്നൽ ലഭിക്കുന്നത് അത് അധികാരത്തിൻ്റെ ദൃശ്യമായ മേൽത്തട്ടു ചരിത്രത്തെ പിന്തുടരുന്നതുകൊണ്ടും. സംശുദ്ധമായ സ്വർണ്ണമോ മണ്ണോ മനുഷ്യ വ്യക്തികളോ നിലനിൽക്കുക അസാധ്യമാണല്ലോ. സ്നേഹത്തെ അറിയുക എന്നതിനർത്ഥം അറിവിനെ സ്നേഹിക്കുക എന്നുകൂടിയാണ്. മനുഷ്യരെ സംബന്ധിച്ചിടത്തോളം അറിവെന്നപോലെ സ്നേഹവും അന്വേഷിച്ച് കണ്ടെത്തി സ്വാംശീകരിച്ച് ആവിഷ്കരിച്ചെടുക്കേണ്ടതുണ്ട്.
(29) ഇഷ്ടമുള്ള തൊഴിൽ തെരഞ്ഞെടുക്കാനുള്ള അവസരങ്ങളും അതിനുള്ള സ്വാതന്ത്ര്യവുമല്ലേ നമുക്ക് വേണ്ടത് ? അങ്ങനെയല്ലേ തൊഴിൽവിഭജനത്തെ പൊതുവിൽ നേരിടാനാവുക?
‘തൊഴിൽ വിഭജനത്തെ എങ്ങനെ മറികടക്കാം’ എന്ന പ്രശ്നത്തിന് പരിഹാരമായി ഏതു തൊഴിലും തെരഞ്ഞെടുക്കാനുള്ള അവസരസമത്വവും സ്വാതന്ത്ര്യവും ഉണ്ടാകേണ്ടതുണ്ടെന്ന് മാർക്സ് ചൂണ്ടിക്കാണിക്കുന്നു. പക്ഷേ അതിലേറെ പ്രഥമവും പ്രധാനവുമാണ് മാനസിക-ശാരീരിക തൊഴിൽ വിഭജനത്തെ പ്രശ്നവൽക്കരിക്കൽ. ശരീരത്തിൽ നിന്ന് മനസ്സിനെയും മനസ്സിൽനിന്ന് ശരീരത്തെയും വേർപ്പെടുത്തിക്കാണുന്ന (വേർപെടുത്തിക്കാണലും വേർതിരിച്ചു കാണലും വ്യത്യസ്തമാണ്.) ദർശനങ്ങളെ, അതായത് ആശയവാദത്തെയും ഭൗതികവാദത്തെയും, പൊളിച്ചെഴുതാതെ നമുക്ക് അധികാര രാഷ്ട്രീയത്തെ മറികടക്കാനാവില്ല; മാർക്സിയൻ ഉൾക്കാഴ്ച്ചയെ മുന്നോട്ടു കൊണ്ടുപോകാനുമാവില്ല.
(30) മാർക്സിയൻ വീക്ഷണം തന്നെ ഈയൊരു ഉൾക്കാഴ്ച്ചയുടെ വാസ്തവീകരണമല്ലേ?
ആണെന്നു പറയാനാവില്ല. യുവ ഹെഗേലിയനായിരുന്ന മാർക്സ് മനുഷ്യർ എന്ന ജീവജാതിയുടെ സർവ്വതോമുഖമായ ജീവിതാവിഷ്ക്കാരങ്ങളെക്കുറിച്ചാണ് ആഴത്തിൽ ചിന്തിച്ചിരുന്നതെങ്കിൽ പിൽക്കാല മാർക്സിൻ്റെ ഊന്നലുകളും മുൻഗണനകളും അദ്ദേഹത്തിന്റെ വിശകലന രീതികളെത്തന്നെ ബാധിക്കാതിരുന്നിട്ടില്ല. കാപ്പിറ്റലെഴുതുന്ന മാർക്സ് ഒരു പരിധിവരെ സാമ്പത്തിക നിർണ്ണയനവാദി (economic determinist ) ആകുന്നുണ്ടെന്ന വിമർശനം ഉണ്ടാകുന്നത് ‘ഭൗതികാടിത്തറ’ യെന്ന സങ്കല്പനത്തിന്റെ സ്വാധീനമുള്ളതുകൊണ്ടാണല്ലോ. ഒരധികാരവ്യവസ്ഥ പൊതുവേ രണ്ടു തട്ടുകളിലായാണ് അതിന്റെ ശത്രുക്കൾ വളർന്നുവരാനുള്ള സാഹചര്യമൊരുക്കുക. മേൽത്തട്ടിലേത് ഭരണകൂടാധികാരം കൊതിക്കുന്ന എതിരാളികളായിരിക്കും. അവർ പക്ഷേ വ്യവസ്ഥാമാറ്റമല്ല, മറിച്ച് തങ്ങളുടേതായ, കൂടുതൽ ശക്തമായ മറ്റൊരു ബദൽ ഭരണകൂടമായിരിക്കും ലക്ഷ്യം വെക്കുക. ഏറ്റവും അടിത്തട്ടിൽ നിന്നേ വ്യവസ്ഥാമാറ്റം സാധ്യമാക്കാനാവുന്ന റാഡിക്കൽ ശക്തികൾക്ക് ഉയർന്നു വരാനാവൂ. നഗരകേന്ദ്രിത വ്യവസായത്തൊഴിലാളികളിൽ ശ്രദ്ധയൂന്നിയ പിൽക്കാല മാർക്സിന് ആദ്യകാല മാർക്സിനെപ്പോലെ വേണ്ടത്ര റാഡിക്കലാവാൻ കഴിഞ്ഞില്ലെന്നതാണ് വാസ്തവം.
(31) എല്ലാം ‘അറിവ്’ ആണെന്നാണല്ലോ നാരായണഗുരു പറയുന്നത്. അറിവും അദ്ധ്വാനവും രണ്ടല്ലെങ്കിൽ എന്തുകൊണ്ട് ഗുരു അദ്ധ്വാനത്തെക്കുറിച്ചു പറയുന്നില്ല?
അറിവും അറിയുന്നയാളും അറിയപ്പെടുന്നതും ‘അറിയൽ’ എന്ന പ്രക്രിയയിൽ ഏകോപിപ്പിക്കുകയാണ് ഗുരു. ഇതുതന്നെയാണ് ‘കർത്തൃത്വം’ എന്ന പരികല്പനകൊണ്ട് കീഴാള അദ്വൈത വായനയിൽ വിവക്ഷിക്കപ്പെടുന്നത്. സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങളെ മുൻനിർത്തി, “ഇപ്പോൾ പ്രവർത്ത്യാര് ആയിരിക്കുന്നു അല്ലേ” എന്ന ചട്ടമ്പിസ്വാമികളുടെ ചോദ്യത്തിന് ഗുരുവിൻറേതായ പ്രതികരണം ഈ അവസരത്തിൽ ഓർക്കാവുന്നതാണ്. “പ്രവൃത്തിയുണ്ട്; ആരില്ല” എന്നായിരുന്നു അത്. പ്രവൃത്തിയിൽ ഞാനില്ല എന്നു പറയുന്നതിലൂടെ ധ്യാനാത്മകമായ വൈയക്തിക മോക്ഷസങ്കല്പം ഇവിടെ നിരാകരിക്കപ്പെടുകയാണല്ലോ. മരുത്വാ മലയിലെ ധ്യാനസ്ഥനായ അന്വേഷകനിൽ നിന്ന് സംഘടിത ശ്രമണ (പ്രവൃത്തി ) മാർഗ്ഗത്തിലേക്കുള്ള നാരായണ ഗുരുവിൻ്റെ ഈ മാറ്റം കാണാതിരിക്കാനാവില്ല.
(32) അറിവിനെയും അദ്ധ്വാനത്തെയും വേർപ്പെടുത്തി കാണേണ്ടത് മൂലധനവ്യവസ്ഥയുടെ ആവശ്യമല്ലേ?
അറിവിനെയും അദ്ധ്വാനത്തെയും വേർപ്പെടുത്തി അറിവിനെ അദ്ധ്വാനത്തിൻ്റെ മുകളിൽ അധികാരമായി പ്രതിഷ്ഠിക്കേണ്ടത് എല്ലാവിധ ചൂഷകവ്യവസ്ഥകളുടെയും അടിസ്ഥാനപരമായ ആവശ്യമാണ്. അറിവിനെയും അദ്ധ്വാനത്തെയും അളന്നുതിരിച്ച് വിലയും കൂലിയും നിശ്ചയിക്കലാണ് മുതലാളിത്തക്കമ്പോളം ഏറ്റെടുക്കുന്ന പുതിയ യുക്തിഭദ്രമായ ചുഷണരീതി. ബുദ്ധിയെയും വികാരങ്ങളെയും ആത്മീയതയേയും ഒക്കെ ഇപ്രകാരം സസൂക്ഷമം അളന്നുതൂക്കി കമ്പോളച്ചരക്കാക്കി വ്യവസായവൽക്കരിക്കാൻ നവമൂലധനത്തിന് കഴിയുന്നുണ്ടെന്നോർക്കണം. ബൗദ്ധികശേഷിയെ അളക്കുന്ന IQ വിനു പുറമേ Emotional Intelligence, Spiritual Intelligence തുടങ്ങിയവ ഉണ്ടാകുന്നതിങ്ങനെ.
(33) എന്താണ് കൂലിയില്ലാവേലയുടെ, അറിവദ്ധ്വാനത്തിൻ്റെ, സ്വന്തം ദർശനശേഷി?
കമ്പോളം കാണാമറയത്തിരുന്നു ചൂഷണം ചെയ്യുന്ന സ്ത്രീകളുടെ കൂലിയില്ലാവേലയെ മുൻനിർത്തി ഇക്കാര്യം വിശദീകരിക്കാൻ ശ്രമിക്കാം. സാധാരണയായി സ്ത്രീകൾ സ്വന്തം കൂലിയില്ലാവേലയെ നോക്കിക്കാണുന്നത് കൂലിവേലയുടെ കണ്ണുകളിലൂടെയാണ്; പ്രത്യുത്പാദന പ്രധാനമായ കൂലിയില്ലാവേലയുടെ സ്വന്തം കണ്ണുകളിലൂടെയല്ല. കൂലിയില്ലാവേല അതാകുന്നതുതന്നെ കൂലിവേലയുടെ പ്രത്യയശാസ്ത്രത്തിനകത്താണ്. സ്ത്രീകൾ മാത്രമല്ല, കീഴാളജനത ഒട്ടാകെത്തന്നെ ഉയർന്ന ആനുകൂല്യങ്ങളുള്ള മാന്യമായ കൂലിവേലകൾക്ക്, അതായത് കൂലി അടിമത്തത്തിന്, വേണ്ടിയുള്ള തയ്യാറെടുപ്പിലും കാത്തിരിപ്പിലുമാണ്. കൂലിവേലയുടേതായ സാമൂഹ്യവ്യവസ്ഥയെ അടിയിൽനിന്ന് സ്വന്തം കർത്തൃത്വമുപയോഗിച്ച് മാറ്റാനാവുമെന്ന പ്രതീക്ഷ അവർക്കില്ല. സ്വന്തം കർത്തൃത്വത്തിൻ്റെ മഹത്വത്തിലും കൂലിക്കതീതമായ പ്രാധാന്യത്തിലും അവർക്ക് വിശ്വാസമില്ലെന്നു ചുരുക്കം. മറിച്ചുള്ളൊരു വീക്ഷണം സാധ്യമാകേണ്ടതുണ്ട്. ഇതാകട്ടെ, അധികാരവിരുദ്ധവും മൂലധനവിരുദ്ധവും ആകാതെ വയ്യ. കർത്തൃത്വം സ്വയം തിരിച്ചറിയലാണത് . കർത്തൃത്വം സ്വയം അറിയുന്ന ഈ അറിവാണ് അറിവിലും മേലെയുള്ള അറിവായി, നിറവാർന്ന അറിവായി, അനുകമ്പയായി, അറിയപ്പെടേണ്ടത്; മറിച്ച് വസ്തുനിഷ്ഠമോ ആത്മനിഷ്ഠമോ ആയ കേവലമായ അറിവല്ല. വസ്തുവൽക്കരണം അസാധ്യമാകുന്ന അകർമ്മക ക്രിയയാണിത്. അദ്ധ്വാനവും അറിവും രണ്ടല്ലാതാകുന്നത്! ഇതിനുപക്ഷേ ജ്ഞാനസിദ്ധാന്തപരമായ ഒരു കാഴ്ചപ്പാടും അതിന്റേതായ ലോകവീക്ഷണവും ആവശ്യമാണ്; സ്വന്തമായ സമൂർത്ത വിമോചന തന്ത്രവും.
(34) കൂലിവേലയ്ക്ക് കൂലിയില്ലാവേലയെ മോചിപ്പിക്കാനാവില്ലേ? അതിനുവേണ്ടിയല്ലേ എല്ലാവരും ശ്രമിക്കുന്നത്. അതിനല്ലേ സ്ത്രീശാക്തീകരണം? കീഴാള ജനതകളെ കൂലിവേലയുടേതായ മുഖ്യധാരയിലേക്ക് ആനയിക്കലല്ലേ വേണ്ടത്? എല്ലാവർക്കും കൂലിവേല ഉറപ്പുവരുത്തിക്കൊണ്ടല്ലേ തൊഴിലില്ലായ്മ പരിഹരിക്കാനാവുക? മറ്റൊരു രീതിയിൽ ചോദിച്ചാൽ, കൂലിയില്ലാവേലയ്ക്ക് സ്വയം പ്രതിനിധാനവും സ്വയംഭരണവും സാദ്ധ്യമാണോ? അതിന് സ്വയം മോചിപ്പിക്കാനാവുമോ?
അദ്ധ്വാനത്തിന് സ്വന്തമായി അറിവില്ലെന്നും അറിവധികാരത്തിനേ അതിനെ ചലിപ്പിക്കാനാവൂ എന്നുമുള്ള ഭൗതിക-ആത്മീയ ദ്വന്ദ്വത്തിൻ്റെ ഊരാക്കുരുക്കിൽ നിന്നുള്ള ചോദ്യങ്ങളാണിവ. കൂലിയില്ലാവേല വാസ്തവത്തിൽ കൂലിക്കതീതമായ, അമൂല്യമായ, പ്രത്യുല്പാദന പ്രധാനമായ, വേലയാണ്. കൂലിക്കെടുക്കപ്പെട്ട ആൺനോട്ടത്തിലാണ് അത് കൂലിയില്ലാവേലയും അടിമപ്പണിയും ആകുന്നത്. ‘മൂലധന’ ത്തിനു മുന്നിൽ കൂട്ടായി വിലപേശാൻ കഴിവുള്ള ‘മാന്യനായ അടിമ’ യും കൂലിയില്ലാവേലയ്ക്കു മുന്നിൽ കരുണാലേശമില്ലാത്ത ഉടമയുമാണ് കൂലിവേല. ചുരുക്കത്തിൽ, ഭൗതിക-ആശയ ദ്വന്ദ്വം മറികടക്കാനാവാതെ വരികയെന്നാൽ ബഹുഭൂരിപക്ഷം വരുന്ന പ്രത്യുത്പാദന ശക്തികൾക്കും അദ്ധ്വാനങ്ങൾക്കും മേൽ എല്ലാവിധ അറിവധികാരങ്ങളുടെയും അധീശത്വം അംഗീകരിച്ചുകൊടുക്കുക എന്നല്ലാതെ മറ്റൊന്നുമല്ല. കൂലിക്കതീതമായ അദ്ധ്വാനങ്ങൾ സ്വന്തം മാനുഷിക-ധാർമ്മിക പ്രാധാന്യം തിരിച്ചറിഞ്ഞാലേ അതിന് അടിത്തട്ടിൽ നിന്ന്, സ്വന്തം കുടുംബബന്ധങ്ങളിൽ നിന്ന്, അടുത്ത സൗഹൃദങ്ങളിൽ നിന്ന്, കർത്തൃത്വപരമായി ആൺകോയ്മാധികാരത്തെ അഴിച്ചെടുത്ത് വിമോചനാത്മകം ആക്കാനാവൂ. അടിമത്തച്ചങ്ങലയുടെ ഇരുവശവും അഴിച്ചെടുക്കലാണിത്. പെൺവിമോചനമെന്നത് ആണുങ്ങളുടെ കൂടി വിമോചനമാകാതെ വയ്യ. ‘മനുഷ്യത്വ പ്രത്യയശാസ്ത്ര’ നിർമ്മിതിയിലൂടെ അടിത്തട്ടിൽ നിന്നു മാത്രം സാധ്യമാകുന്നതാണിത്.
(35) ശരിക്കും വേണ്ടത് ‘പൗരത്വ നിർമ്മിതി’ യോ അതോ ‘മനുഷ്യത്വ നിർമ്മിതി’ യോ? പൗരത്വ നിർമ്മിതിയെ കുറിച്ചാണല്ലോ പൊതുവേ എല്ലാവരും സംസാരിക്കുന്നത്?
പൗരത്വ നിർമ്മിതി നാഗരികവും ദേശരാഷ്ട്രാതിർത്തികൾക്കുള്ളിൽ ബന്ധിതവുമാണ്. മാനവരാശിയെ മുഴുവനായി ഉൾക്കൊള്ളാൻ പൗരത്വ മൂല്യബോധങ്ങൾക്ക് ഒരിയ്ക്കലും കഴിയില്ല. എന്നല്ല, അത് രാഷ്ട്രങ്ങൾ തമ്മിലുള്ള കിടമത്സരങ്ങൾക്കും. മഹായുദ്ധങ്ങൾക്കും വഴിയൊരുക്കുകയും ചെയ്യും. ഈ കിടമത്സരങ്ങളും യുദ്ധങ്ങളും ഒക്കെത്തന്നെ അടിസ്ഥാനപരമായി കീഴാള ജനതകൾക്കും ജൈവപ്രകൃതിക്കും നേരെയാണെന്നോർക്കണം. പൗരത്വസങ്കല്പം കീഴാളവിരുദ്ധം എന്നതിനുപരി മനുഷ്യത്വവിരുദ്ധവും മാനവരാശിയെ സംബന്ധിച്ച് സ്വയംഹത്യാപരവും ആണെന്നതാണ് വാസ്തവം. ‘പൗരത്വ നിർമ്മിതി’ മുകളിൽ നിന്ന് താഴേയ്ക്ക് അറിവധികാരത്തിലൂടെയാണ് സാധ്യമാക്കുന്നതെങ്കിൽ ‘മനുഷ്യത്വ നിർമ്മിതി’ അടിയിൽനിന്ന് മുകളിലേയ്ക്ക് അറിവദ്ധ്വാനത്തിലൂടെയാണ് സംഭവ്യമാവുക. പൗരത്വ നിർമ്മിതി വൈയക്തിവും രാജ്യാതിർത്തികൾക്കുള്ളിൽ ഒതുങ്ങുന്നതുമാണെങ്കിൽ മനുഷ്യത്വ നിർമ്മിതി ദേശരാഷ്ട്രാതിർത്തികളെ അതിവർത്തിക്കുന്നതും കീഴാള കർത്തൃത്വങ്ങളെ ഉണർത്തുന്നതുമാണ്. ഇത്തരമൊരു മനുഷ്യത്വ നിർമ്മിതി ഇല്ലാതെ മാനവരാശിക്ക് യുദ്ധങ്ങളും കലാപങ്ങളും ഒഴിവാക്കി മുന്നോട്ടു പോകാനാവില്ല. ചൈനയുടെ ‘കൃത്രിമ സൂര്യ’ നെപ്പോലെ അനന്തമായ ഊർജ്ജസ്രോതസ്സുകളുടെ നിർമ്മിതിയിൽ ആരൊക്കെ വിജയിച്ചാലും പ്രത്യയ ശാസ്ത്രപരമായി ‘മനുഷ്യത്വ നിർമ്മിതി’ സാദ്ധ്യമായില്ലെങ്കിൽ ‘നമുക്ക് ഹാ കഷ്ടം!’ എന്നേ പറയാനാവൂ. ഈയൊരു പശ്ചാത്തലത്തിലാണ്, ‘മനുഷ്യത്വ നിർമ്മിതി’ യെ മുൻനിർത്തിയുള്ള നാരായണഗുരുവിന്റെ കീഴാള അദ്വൈത ഭാവനയെ മാർക്സിയൻ ചിന്താസരണിയുമായി ചേർത്തുവെച്ചു വായിക്കേണ്ടത് അടിയന്തിരമായും പ്രസക്തമാകുന്നത്.
(36) മനുഷ്യത്വ നിർമ്മിതിയും ആൺകോയ്മയും തമ്മിലുള്ള ബന്ധം ചുരുക്കി പറയാമോ?
നമ്മിലെ മൃഗത്തെയല്ലാതെ നമ്മിലെ മനുഷ്യത്വത്തെ വിശാലമായി തിരിച്ചറിയാനും പരിപോഷിപ്പിച്ചെടുക്കാനും നാമിനിയും പഠിക്കേണ്ടതായും പരിശീലിക്കേണ്ടതായുമുണ്ട്. ജീവശാസ്ത്രപരതയിൽ നിന്ന് മനുഷ്യത്വത്തിലേക്കുള്ള പ്രത്യയശാസ്ത്ര പരിണാമമാണത്; ആണധികാരവ്യവസ്ഥകളിൽ നിന്നുള്ള സുദീർഘമായ വിമോചന പ്രക്രിയ! സ്ത്രീകൾ ഉൾപ്പെടെയുള്ള കീഴാളജനതകളുടെ പ്രത്യുത്പാദനപരമായ ‘കൂലിയില്ലാ വേല’കൾ സ്വഭാവേന അടിമത്തമല്ലെന്നും ആണധികാര വ്യവസ്ഥയിൽ മാത്രമാണ് അത്തരം ജോലികളും അവ ചെയ്യുന്നവരും അടിമത്വവിധേയർ ആകുന്നതെന്നും മനസ്സിലാക്കുക ഇവിടെ വളരെ പ്രധാനമാണ് . കറുത്ത വർഗക്കാർ ജന്മനാ അടിമകളല്ലെന്നും ചില സവിശേഷ ചരിത്ര സന്ദർഭങ്ങളിൽ മാത്രമാണ് അവർ അടിമകളാകുന്നതെന്നുമുള്ള മാർക്സിൻ്റെ നിരീക്ഷണം ഓർക്കുക. ഒരു നൂല്പുയന്ത്രം മൂലധനമായി മാറുന്നതും ഇപ്രകാരമാണെന്ന് മാർക്സ് ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ ഇത് സാങ്കേതികവിദ്യകളുടെ നവീകരണത്തിൻ്റെയോ മാനവരാശിയുടെ പൊതുവികസനത്തിൻ്റെയോ പ്രശ്നമല്ല; മറിച്ച് മാനുഷികബന്ധങ്ങളുടെ പ്രശ്നമാണ്; അടിത്തട്ടിൽ നിന്നുള്ള മനുഷ്യത്വ നിർമ്മിതിയുടെയും അറിവദ്ധ്വാനത്തിൻ്റെ മാന്യത (dignity)യുടെയും പ്രശ്നം. കീഴാള ജനതകളുടെ പ്രത്യുത്പാദന പ്രധാനമായ അദ്ധ്വാനത്തെ അടിമത്തമാക്കി മാറ്റുന്ന കൂലിവേലയുടെ ആണധികാരത്തെ എതിർക്കണമെങ്കിൽ ഭരണകൂടാധികാര വിരുദ്ധമായതും മനുഷ്യത്വനിർമ്മിതിയിൽ ഊന്നുന്നതുമായ പ്രത്യയശാസ്ത്രം നിർമ്മിച്ചെടുത്ത് അതിൽ പ്രതിബദ്ധതയോടെ (അനുബദ്ധമായല്ലാതെ) നിലയുറപ്പിക്കേണ്ടതുണ്ട്. പൊതുവിൽ സൂക്ഷ്മത്തിലും സ്ഥൂലത്തിലും അധികാരവിരുദ്ധ സമീപനം കൈക്കൊള്ളാതെ എങ്ങനെയാണ് നമുക്ക് സ്വന്തം വീട്ടകങ്ങളിലെങ്കിലും ആണധികാരത്തിനെതിരെ ശക്തവും യുക്തിസഹവും സ്നേഹനിർഭരവുമായ ഒരു രാഷ്ട്രീയ നിലപാടെടുക്കാൻ കഴിയുക? അടിത്തട്ടിലെ ആൺകോയ്മകൾക്കെതിരെ ക്രിയാത്മക നിലപാടെടുക്കാതെ എങ്ങനെയാണ് കൂലിയില്ലാവേലയെ അടിമത്തമുക്തമാക്കാനാവുക? കൂലിയതീത വേലയെ അടിമത്തമുക്തമാക്കാതെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ എന്ന ആഗോളപ്രതിഭാസത്തെ നേരിടുന്നതെങ്ങനെ? ജനാധിപത്യം വംശീയ ഫാസിസത്തിന് വഴിമാറുമ്പോൾ അസംഘടിത കീഴാള ജനതകൾക്ക് മറ്റെന്ത് പോംവഴി?
(37) ഭൗതികവാദപരമോ ആശയവാദപരമോ അല്ലെങ്കിൽ പിന്നെയെന്താണ് അറിവിലും മേലെയുള്ള അറിവ്? അതെന്തുകൊണ്ട് ‘സൂപ്പർ ഇൻ്റലിജൻസ്’ ആയിക്കൂടാ?
ഭൗതിക-ആശയ ദ്വന്ദത്തിലുള്ള ഏതറിവും അറിവധികാരമായാണ് വർത്തിക്കുക. അറിവധികാരത്തിൻ്റെ മൂർദ്ധന്യമാണ് സൂപ്പർ ഇൻ്റലിജൻസ്. അറിവദ്ധ്വാനത്തെ അടക്കി ഭരിക്കലോ അതിൻ്റെ സാർവ്വത്രിക സവിശേഷ വൈവിദ്ധ്യങ്ങളെ സ്ഥാനാന്തരം ചെയ്യലോ ആണ് അധികാരത്തിൻ്റെ ദൗത്യം. ചുരുക്കി പറഞ്ഞാൽ, ഭരണം കൂടുതൽ എളുപ്പമുള്ളതാക്കൽ. ആർ ആരെ ഭരിക്കുമെന്നത് മറ്റൊരു കാര്യമാണ്. അധികാരം അതിൽത്തന്നെ ആത്മവിരോധിയാകുന്നു. ഒരുവനു നല്ലതും അന്യന് അല്ലലും ചേർപ്പൊരു തൊഴിൽ ആത്മവിരോധി ആണെന്ന കാര്യം നാരായണഗുരു ഓർമ്മിപ്പിക്കുന്നുണ്ടല്ലോ.
(38) അറിവധികാരം അല്ലെങ്കിൽ പിന്നെയെന്താണ് അറിവിലും മേലെയുള്ള അറിവ്?
അഹത്തിലും മേലെയായി ആത്മത്തെ അറിയലാണത്; വ്യക്തിസത്തയുടെ സാമൂഹ്യാസ്തിത്വം തിരിച്ചറിയൽ. അപരപ്രിയവും ആത്മപ്രിയവും രണ്ടല്ലെന്ന അറിവ്. ഈ അറിവിൻ്റെ നിറവിൽ ആവിഷ്കൃതമാകുന്ന കൂലിയതീത അറിവദ്ധ്വാനം ആണത്; മനുഷ്യത്വം മുൻനിർത്തി ഉണ്മയെ ആശയ -ഭൗതിക ദ്വന്ദ്വങ്ങൾക്കുപരി സമൂർത്ത ‘കർത്തൃത്വം’ (praxis) ആയി തിരിച്ചറിയൽ!’ ഈ അർത്ഥത്തിൽ ആണ് ഗാന്ധിക്ക് സ്വന്തം ജീവിതം തന്നെ സ്വന്തം സന്ദേശമാകുന്നതും!
(39) യാതൊരു പ്രത്യയശാസ്ത്രത്തിന്റെയും സഹായമില്ലാതെയല്ലേ ഗാന്ധി ജീവിതത്തെയും ജീവിത സന്ദേശത്തെയും സമന്വയിപ്പിച്ചത്? ‘ഇസങ്ങൾ’ ക്കെതിരായിരുന്നില്ലേ അദ്ദേഹം? പ്രത്യയശാസ്ത്രങ്ങളുടെ അഭാവമല്ലേ വാസ്തവത്തിൽ ഗാന്ധിയെ മഹത്വപ്പെടുത്തുന്നത്?
ഏതെങ്കിലും ‘ഇസ’ മോ ആശയാദര്ശങ്ങളോ അല്ല പ്രത്യയശാസ്ത്രങ്ങൾ. താൽപ്പര്യ മുദ്രിതമായ ജീവിതമാണത്. നിഷ്പക്ഷതാ നാട്യമോ വസ്തുനിഷ്ഠമെന്ന അവകാശമോ ഇല്ലാത്തത്. ഗാന്ധി ഇസങ്ങൾക്കെതിരായിരുന്നെങ്കിലും നിക്ഷ്പക്ഷനായിരുന്നില്ല. നിസ്വരുടെയും സത്യത്തിന്റെയും പക്ഷത്തായിരുന്നു അദ്ദേഹം. അറിവധികാരത്തിന്റെയല്ല, മറിച്ച് അറിവധ്വാനത്തിന്റെ പക്ഷത്ത്. അടിയിൽ നിന്നും ആൺ കോയ്മയെ അഴിച്ചെടുക്കുന്നതിൽ വിദഗ്ധനായിരുന്നു അദ്ദേഹം. കൂലിയാതീത വേലകൾക്ക് അന്തസ്സും ആത്മാനിഭാനവും നൽകുന്നതായിരുന്നു ഗാന്ധിയുടെ ജീവിതം. എങ്കിലും ആ വേലകൾക്ക് സാമൂഹിക അംഗീകാരം കിട്ടത്തക്ക വിധം സൈദ്ധാന്തിക-സാമ്പത്തിക- രാഷ്ട്രീയ വിശകലനങ്ങൾക്കൊന്നും അദ്ദേഹം മുതിർന്നില്ല. ആത്മസമർപ്പണത്തിൽ അധിഷ്ഠിതമായ ധാർമ്മീകഅധികാരം കൊണ്ടാണ് ഈ പരിമിതിയെ അദ്ദേഹം മറികടന്നത്. ഗാന്ധി മഹാത്മാവും ആരാധാനപാത്രവുമായി വിഗ്രഹവൽക്കരിക്കപ്പെടുകയും അദ്ദേഹത്തിന്റെ തനതായ രാഷ്ട്രീയത്തിന് തുടർച്ച ഇല്ലാതാവുകയുമായിരുന്നു ഫലം. ഇവിടെയാണ് കൂലിയാതീത വേലയുടെ അന്തസ്സിനും അംഗീകാരത്തിനും ഒരു പ്രത്യയശാസ്ത്ര നിർമ്മിതി അത്യാവശ്യമാകുന്നത്; അഭ്യസ്തവിദ്യരുടെ കൂലിവേല വലിയൊരു പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് വിശേഷിച്ചും!
