
മാര്‍ക്സിസവും പാരിസ്ഥിതിക നൈതികതയും
മാർക്സിസവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള നിർണായകമായ ചില ചോദ്യങ്ങളാണ് ഈ അഭിമുഖത്തിൽ ടി.ടി. ശ്രീകുമാർ പരിശോധിക്കുന്നത്. ഉൽപ്പാദനശക്തികൾ, സ്വകാര്യസ്വത്ത്, തൊഴിലാളിചൂഷണം, സോഷ്യലിസം എന്നിവയെക്കുറിച്ചുള്ള മാർക്സിയൻ വിശകലനത്തിൽ പ്രകൃതിക്ക് ലഭിച്ച സ്ഥാനം എന്താണ്? മുതലാളിത്തത്തെ മറികടക്കുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ യഥാർത്ഥത്തിൽ മാറ്റാൻ കഴിയുമോ? പരിമിതമായ പ്രകൃതിവിഭവങ്ങൾക്കിടയിൽ അനന്തമായ ഉൽപ്പാദനവും ഉപഭോഗവും മുന്നോട്ടുവയ്ക്കുന്ന വികസനസങ്കൽപ്പം ഉയർത്തുന്ന പാരിസ്ഥിതിക പ്രതിസന്ധികളെയും അഭിമുഖം പരിശോധിക്കുന്നു.
ഭാഗം -ഒന്ന്
എ കെ ഷിബുരാജ് : മാര്‍ക്സിസത്തെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് മൂലധനം ഒന്നര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ സന്ദര്‍ഭം നിമിത്തമായിരുന്നല്ലോ. എന്നാല്‍ പരിസ്ഥിതിയുമായി ബന്ധപെട്ട വിഷയങ്ങളില്‍ മാര്‍ക്സിസം എങ്ങനെ പൊരുത്തപ്പെടുന്നു എന്ന കാര്യം ഒഴിവാക്കപ്പെടുന്നുണ്ടോ? മാർക്സിസം വർഗ്ഗസമരത്തെക്കുറിച്ചും തൊഴിലാളിവർഗ്ഗ സര്‍വാധിപത്യത്തെക്കുറിച്ചും പറയുന്നതുകൊണ്ട് പരിസ്ഥിതിയെക്കുറിച്ചു വ്യാകുലപ്പെടുന്നില്ല എന്നുള്ള പൊതുബോധം നിലനിൽക്കുന്നുണ്ടല്ലോ. കൂടാതെ മുതലാളിത്ത സമ്പദ്‌വ്യവസ്ഥ, വികസനസങ്കൽപ്പങ്ങൾ, സുസ്ഥിരതയും സാമൂഹ്യനീതിയും അടിസ്ഥാനമാക്കിയുള്ള ലോകക്രമം തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചകളും ഉണ്ടാവേണ്ടതല്ലേ?
ടി.ടി. ശ്രീകുമാര്‍ : തീര്‍ച്ചയായും ഉണ്ടാവേണ്ടതാണ്. മാര്‍ക്സിസത്തിന്റെ അടിസ്ഥാന ജ്ഞാനവ്യവസ്ഥയില്‍ അധികം പ്രാമുഖ്യമുള്ള പ്രശ്നമല്ല ഇത് എന്ന് വേണമെങ്കില്‍ ചര്‍ച്ച തുടങ്ങിവയ്ക്കാന്‍ പറയാവുന്നതാണ്. പ്രകൃതിയെക്കുറിച്ചുള്ള ഒരു ക്രിസ്ത്യന്‍ വീക്ഷണം ഉണ്ട്. പ്രകൃതി മനുഷ്യന് വേണ്ടി ഉള്ളതാണ് എന്ന്. അത്തരത്തില്‍ ഒരു സമീപനം പ്രകൃതിയോടു മാര്‍ക്സിസം സ്വീകരിക്കുന്നുണ്ടോ എന്ന് സംശയിക്കാവുന്നതാണ്. ആധുനിക യൂറോപ്യന്‍ ജ്ഞാനമണ്ഡലത്തിന്റെ അകത്തും എന്നാല്‍ അതിനെ വെല്ലുവിളിച്ചു പുറത്തേക്കുവന്നും രൂപംകൊണ്ടതാണ് മാര്‍ക്സിയന്‍ ചിന്താവ്യവസ്ഥ. അതുകൊണ്ട് തന്നെ ചില ഊന്നലുകളില്‍ അബോധമായി അന്നത്തെ ചില രാഷ്ട്രീയ, ദാര്‍ശനിക സാഹചര്യങ്ങളെ സ്വാംശീകരിച്ചാണ് മാര്‍ക്സിസം വികസിക്കുന്നത് എന്ന് കാണാം. പരിസ്ഥിതി അവബോധം അക്കാലത്തു എത്ര പരിമിതമായിരുന്നു എങ്കിലും അതെക്കുറിച്ച് മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ചില ശരിയായ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുള്ളത് ഞാന്‍ തന്നെ മുന്‍പ് മറ്റൊരു അഭിമുഖത്തില്‍ ഉദ്ധരിച്ചിട്ടുണ്ട് (ടി.ടി.ശ്രീകുമാര്‍ / സി.ആര്‍.രാജഗോപാലന്‍: “മാര്‍ക്സിസത്തിന്റെ പ്രതിസന്ധികള്‍” മാതൃഭൂമി വാര്‍ഷികപ്പതിപ്പ്, 2012). ഉല്‍പ്പാദനം എന്നത് അധ്വാനശക്തിയും പ്രകൃതിവിഭവങ്ങളും ഉപയോഗിച്ചാണ് നിര്‍വഹിക്കുന്നത് എന്ന കാര്യത്തില്‍ തുടക്കം മുതല്‍ മാര്‍ക്സിനു സംശയം ഉണ്ടായിരുന്നില്ല. എന്നാല്‍ സ്വന്തം വിശകലനങ്ങളില്‍ ഉല്പ്പാദന ബന്ധങ്ങൾക്കാണ് മാർക്സ് ഊന്നൽ കൊടുക്കുന്നത്. അതിൽ ഉടമസ്ഥതയാണ് പ്രശ്നമായി മാറുന്നത്. കുറച്ചുപേർക്ക് ഉല്‍പ്പാദന ഉപകരണങ്ങള്‍ക്ക് മേല്‍ ഉടമസ്ഥതയുണ്ട്. കുറെപ്പേര്‍ക്ക് സ്വന്തം അധ്വാനശക്തിയല്ലാതെ മറ്റൊന്നുമില്ല. ഇതാണ് മാര്‍ക്സ് കണ്ട പ്രധാന പ്രശ്നം. ഉല്‍പ്പനങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂല്യം പ്രകൃതിയില്‍ നിന്നും അധ്വാനത്തില്‍ നിന്നുമാണ് വരുന്നതെന്നത് അവസാനംകാലം വരെ മാര്‍ക്സ് ഉയര്‍ത്തിപ്പിടിച്ച ആശയമാണ്. എന്നാല്‍ ഈ മൂല്യത്തിന്റെ പണമായുള്ള പരിവര്‍ത്തനവും അതിന്റെ കൂലിയും ലാഭവുമായുള്ള വിതരണക്രമവുമാണ് അദ്ദേഹം ശ്രദ്ധിച്ചത്. എല്ലാ മൂല്യങ്ങളുടെയും അടിസ്ഥാനം അദ്ധ്വാനമാണ് എന്ന ക്ലാസ്സിക്കല്‍ ധനശാസ്ത്രപാഠം അവിടെ അദ്ദേഹം സ്വീകരിക്കുന്നു. തുടര്‍ന്ന് എങ്ങനെ മൂലധനം ഈ മൂല്യത്തിനു തുല്യമായ വേതനം നല്‍കാതെ അതില്‍ നിന്നുള്ള മിച്ചമൂല്യം സ്വന്തമായി കരസ്ഥമാക്കുന്നു എന്ന പ്രക്രിയയുടെ വിശദീകരണത്തിലേക്ക് അദ്ദേഹം കടക്കുന്നു. ചൂഷണം എന്ന നൈതിക പ്രശ്നത്തിന് അങ്ങനെ ചരിത്രത്തില്‍ ആദ്യമായി അദ്ദേഹം പരികല്‍പ്പനാപരമായ അടിസ്ഥാനം സൃഷ്ടിക്കുന്നു. ചൂഷണം എന്നാല്‍ മിച്ചമൂല്യം സൃഷ്ടിക്കലാണ് എന്ന യാഥാര്‍ത്ഥ്യം അദ്ദേഹം നിഷ്കരുണം തുറന്നുകാട്ടുന്നു. ഘടനാപരമായ പല തലങ്ങളില്‍ ചര്‍ച്ചചെയ്യേണ്ട പ്രശ്നമായി ഇതിനെ ഉയർത്തിക്കൊണ്ടുവരുന്നു. അതില്‍ ഒരു വശത്ത് ഉല്‍പ്പാദനോപകരണങ്ങളുടെ സ്വകാര്യ ഉടമസ്ഥതയും പൊതുവില്‍ അദ്ധ്വാനത്തിന്റെ സാമൂഹികതയും അദ്ദേഹത്തിന് കേന്ദ്രപ്രശ്നമായി അവതരിപ്പിക്കേണ്ടി വരുന്നു. ഉല്‍പ്പാദനത്തിന്റെ സാഹചര്യങ്ങളും സാധ്യതകളുമാണ് അദ്ദേഹത്തെ ചിന്താപരമായി പ്രകോപിപ്പിക്കുന്നത്. അപ്പോള്‍ മനുഷ്യന്‍ മനുഷ്യന് മേല്‍ നടത്തുന്ന ചൂഷണത്തിന് അദ്ദേഹം പ്രാമുഖ്യം നല്‍കി. എന്നാല്‍ അദ്ദേഹത്തിന്റെ സൈദ്ധാന്തിക ചട്ടക്കൂട് മനുഷ്യന്റെ പ്രകൃതി ചൂഷണത്തെക്കുറിച്ചു കൂടിയുള്ള ഒരു നിലപാട് എടുക്കാന്‍ സഹായിക്കുന്ന ഒന്നായിരുന്നു എന്നതാണ് വസ്തുത. കാരണം ഒരു ഉല്‍പ്പാദനരീതി എന്ന് പറയുന്നതില്‍ അദ്ധ്വാന ചൂഷണവും പ്രകൃതി ചൂഷണവും അടങ്ങിയിട്ടുണ്ട്. കാരണം പ്രകൃതിയും ഒരു ഉല്‍പ്പാദനശക്തി ആണ്.
ഉല്‍പ്പാദനശക്തികളും ഉല്‍പ്പാദനബന്ധങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ അനാവരണം ചെയ്യാന്‍ ശ്രമിച്ച മാര്‍ക്സ് പക്ഷെ ഉല്‍പ്പാദനശക്തികളെക്കുറിച്ചുള്ള വിമര്‍ശനാത്മകമായ ഒരു വിശദീകരണത്തിന് തുനിഞ്ഞില്ല എന്നതാണ് പരമാര്‍ത്ഥം. Karl Marx’s Theory of Hisory എന്ന പുസ്തകത്തില്‍ ജറാല്‍ഡ് കോഹന്‍ (Gerald Cohen, 1978) ആണ് ഉല്‍പ്പാദനശക്തികളെക്കുറിച്ചുള്ള മാര്‍ക്സിന്റെ വിശകലനം അതിന്റെ പരമമായ ചില സൈന്ധാന്തിക സാധ്യതകളിലേക്ക് വികസിപ്പിക്കുന്നത്. ഈ പുസ്തകം ഞാന്‍ എണ്‍പതുകളില്‍ വായിക്കുന്നത് കേരളത്തിലെ പരിസ്ഥിതി സമരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയ കാലത്താണ്. ഉല്‍പ്പാദന ഉപാധികളില്‍ കോഹന്‍ പ്രകൃതിവിഭവങ്ങളെയും ഉള്‍പ്പെടുത്തിയെങ്കിലും അദ്ദേഹം ഊന്നല്‍ നല്‍കിയത് ഉല്‍പ്പാദനക്ഷമതയെക്കുറിച്ചുള്ള മാര്‍ക്സിന്റെ നിഗമനങ്ങളില്‍ ആയിരുന്നു. പ്രകൃതിയെ ജര്‍മ്മന്‍ പ്രത്യയശാസ്ത്രത്തിലും (German Ideology) മൂലധനത്തിനും മറ്റു ചില കൃതികളിലും മാര്‍ക്സ് തന്റെ വിശകലനപരിധിയില്‍ കൊണ്ടുവരുന്നുണ്ട്. എങ്കിലും ഉല്‍പ്പാദനശക്തികളുടെ അനന്തമായ വികാസത്തെ ഉല്‍പ്പാദനബന്ധങ്ങള്‍ എങ്ങനെ സ്വാധീനിക്കുന്നു എന്ന വിഷയത്തിനാണ് പ്രാധാന്യം കിട്ടിയത് എന്നത് കോഹന്റെ സമീപനത്തിലും നിഴലിച്ചുകാണാവുന്ന കാര്യമാണ്. എന്നാല്‍ കോഹന്‍ വിട്ടുകളയുന്ന ചില സന്ദേഹങ്ങള്‍ മാര്‍ക്സ്നു തീര്‍ച്ചയും ഉണ്ടായിരുന്നു. മൂലധനത്തില്‍ അദ്ദേഹം പറയുന്നത് അധ്വാന പ്രക്രിയ (labour-process) എന്നത് ഉപയോഗ മൂല്യങ്ങള്‍ (use-values, അതായതു ചരക്കുകള്‍) ഉല്‍പ്പാദിപ്പിക്കാന്‍ ഉള്ള പ്രവര്‍ത്തനമാണ് എന്നാണ്. പക്ഷെ അത് മനുഷ്യോപയോഗത്തിന് വേണ്ടിയുള്ള പ്രകൃതിവിഭവങ്ങളുടെ കവര്‍ന്നെടുക്കലാണ്. അത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള മെറ്റബോളിക് പാരസ്പര്യത്തിന്റെ സാര്‍വജനീനമായ ഉപാധിയാണ് (universal condition for the metabolic interaction between man and nature). അദ്ദേഹത്തിനു അത് “nature-imposed condition of human existence, or rather it is common to all forms of society in which human beings live” ആണ്. എന്നാല്‍ ഈ വഴിക്കുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ മാര്‍ക്സ് നടത്തുന്നില്ല. കോഹനാവട്ടെ ഉല്‍പ്പാദനശക്തികളുടെ വികാസത്തിന് നല്‍കുന്ന ഊന്നലിലൂടെ ഈ വഴിയിലുള്ള അന്വേഷണം തന്നെ വേണ്ടെന്നുവയ്ക്കുന്നു. കോഹനെ ഞാന്‍ ഉദാഹരണമായി പറഞ്ഞു എന്നേയുള്ളു. പൊതുവില്‍ യഥാസ്ഥിതിക മാര്‍ക്സിസ്റ്റ് സമീപനം ഇതാണ്. ‘ജര്‍മ്മന്‍ പ്രത്യയശാസ്ത്രം’ (German Ideology) എന്ന കൃതിയില്‍ താത്വികമായ ഒരു പ്രശ്നം ചര്‍ച്ച ചെയ്യുമ്പോള്‍ അതിശയകരമായിത്തന്നെ എന്ന് പറയാം, ഒരു പരിസ്ഥിതി വിഷയം അദ്ദേഹം ഉദാഹരണമാക്കുന്നുണ്ട്. തികച്ചും അപ്രതീക്ഷിതമായൊരു സൈദ്ധാന്തിക ചര്‍ച്ചയുടെ ഇടയില്‍ മാര്‍ക്സ് വ്യവസായ മാലിന്യങ്ങള്‍ നദികളില്‍ വന്നടിയുന്നത് മത്സ്യത്തിന്റെ ആവാസ വ്യവസ്ഥയെ ബാധിക്കില്ലേ എന്ന് വ്യാകുലപ്പെടുന്നു: “…as soon as the river is made to serve industry, as soon as it is polluted by dyes and other waste products and navigated by steamboats, as soon as its water is diverted into canals where simple drainage can deprive the fish of its medium of existence”. മനുഷ്യന്റെ ഇടപെടലുകള്‍ പ്രകൃതിയില്‍ വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഒരു വ്യാകുലത, സൈദ്ധാന്തികവല്‍ക്കരിക്കപ്പെടാതെയാണെങ്കിലും, മാര്‍ക്സിനെ പില്‍ക്കാലത്തും പിന്തുടരുന്നുണ്ട്.

സ്വകാര്യസ്വത്തിന്റെ പ്രശനം അപ്പോള്‍ ഇതുമായി ചേര്‍ത്ത് ചര്‍ച്ച ചെയ്യേണ്ടതാണല്ലോ. ആ ഘട്ടത്തില്‍ ഈ പ്രശ്നം കൂടി ഉയര്‍ന്നുവരേണ്ടതല്ലേ?
അതെ. സ്വകാര്യസ്വത്തിനെ എങ്ങിനെ കൈകാര്യം ചെയ്യാമെന്നായിരുന്നു എല്ലാക്കാലത്തും സോഷ്യലിസ്റ്റ് ചിന്തകന്മാർ ആലോചിച്ചിരുന്നത്. ‘ഉട്ടോപ്പിയ’ എന്ന കൃതി എഴുതിയ തോമസ് മൂർ അടക്കം നിരവധി പേര്‍ ഈ പ്രശ്നത്തെക്കുറിച്ച് ആലോച്ചിരുന്നു. അവരൊക്കെ വ്യക്തികള്‍ സ്വകാര്യസ്വത്ത് സ്വയം ത്യജിക്കുന്നതിലാണ് വിശ്വസിച്ചിരുന്നത്. മാർക്സ് രൂക്ഷമായി വിമർശിക്കുന്ന പ്രൗധോണൊക്കെ (Proudhon) സ്വകാര്യസ്വത്തിന്റെ വിമര്‍ശകരായിരുന്നു. സ്വകാര്യസ്വത്ത് മോഷണമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. അവരെ സംബന്ധിച്ച് നമ്മൾ ആത്യന്തികമായി ചെയ്യേണ്ടത് സ്വകാര്യസ്വത്ത് ത്യജിക്കുക, ചെറുസമുദായങ്ങളായി ഒന്നിച്ചു ജീവിക്കുക എന്നതായിരുന്നു. സമ്പത്ത് ത്യജിച്ച് കമ്മ്യൂണിസ്റ്റായിട്ട് ജീവിക്കണം. അതാണ് കമ്മ്യൂൺ സങ്കല്‍പ്പനം ഒക്കെയായി മാറുന്നത്. പ്രകൃതിയിലെ വിഭവങ്ങളെല്ലാം പൊതുവുടമസ്ഥതയിൽ ആണെന്ന് സമ്മതിച്ചുകൊണ്ട് നമ്മള് വ്യക്തിപരമായി ഒന്നുമില്ലാതെ എല്ലാവരും എല്ലാം ഉപയോഗിച്ച് ജീവിക്കുന്നതിനെയാണ് അവർ സോഷ്യലിസമായി കണ്ടത്. മാർക്സ് കണ്ടത് മനുഷ്യന് എല്ലാം ഉപേക്ഷിച്ച് ഒരു കാലത്തും അങ്ങനെ കമ്മ്യൂൺ ആയി ജീവിക്കാൻ തയ്യാറാവുകയില്ല എന്നാണ്. പക്ഷെ ചരിത്രത്തിൽ മനുഷ്യന് ആ ജീവിതരീതിയിലേക്ക് ആത്യന്തികമായി നീങ്ങും. അതിന് പക്ഷെ ആദ്യം വേണ്ടത് മുതലാളിത്തം തകരണം എന്നതാണ്. മുതലാളിത്തം തകർന്നിട്ട്, ഉല്‍പ്പാദനോപാധികൾ പൊതുവുടമസ്ഥതയിൽ വരണം എന്നാണ് പറഞ്ഞത്. അല്ലാതെ നമ്മളിട്ടിരിക്കുന്ന ഷർട്ടും മുണ്ടും ഉപയോഗിക്കുന്ന മറ്റു സ്വകാര്യ വസ്തുക്കളും പൊതുസ്വത്താക്കണമെന്നല്ല. മാർക്സ് പ്രധാനമായും പറയുന്നത് ഉല്‍പ്പാദനനോപാധികള്‍ക്ക് മേലുള്ള ഉടമസ്ഥാവകാശം ദേശസാത്കരിക്കണം എന്നാണ്. അപ്പോൾ എന്താണ് സംഭവിക്കുക എന്നുവച്ചാൽ നേരിട്ടുള്ള ചൂഷണം നിലക്കുകയാണ്. അപ്പോഴും നിങ്ങൾക്ക് ജീവിക്കണമെങ്കിൽ അധ്വാനശക്തി നല്‍കിയേ പറ്റുകയുള്ളൂ. മുതലാളിത്തത്തിൽ നിന്ന് സോഷ്യലിസത്തിലേക്ക് മാറുമ്പോൾ സമത്വമുണ്ടാകുന്നത് എങ്ങനെയാണ്? സമത്വം ഉണ്ടാകുന്നത് പണം കുറേ ഇല്ലാത്തവർക്ക് വീതിച്ചുകൊടുത്തിട്ടല്ല. കേവലമായ പുനർവിതരണവും അല്ല. ആ സ്വത്ത് മുഴുവൻ പൊതുസ്വത്താക്കി മാറ്റിയശേഷം ആ സ്വത്തിൽ നിന്ന് മൂല്യം ഉല്‍പ്പാദിപ്പിക്കാനുള്ള ചുമതല ഭരണകൂടം ഏറ്റെടുത്ത് ബാക്കി പൗരന്മാരെല്ലാം അധ്വാനശക്തി വില്ക്കുന്നവരായി മാറും. അപ്പോൾ സോഷ്യലിസത്തിന് രണ്ടേ രണ്ട് ഏജൻസികളേ ഉള്ളൂ. ഒന്ന്, ഭരണകൂടം. സ്വത്ത് എല്ലാം ഭരണകൂടത്തിന്റേതാണ്. രണ്ട്, തൊഴിലാളിവർഗ്ഗം. അവരെല്ലാം ഭരണകൂടത്തിനു വേണ്ടി ജോലി ചെയ്യുന്നവരാണ്. മുതലാളിത്തത്തിനു വേണ്ടി ജോലി ചെയ്തിരുന്ന കാലത്ത് മുതലാളിയും തൊഴിലാളിയും ഉണ്ടായിരുന്നു. പക്ഷെ സോഷ്യലിസത്തിൽ ഭരണകൂടവും തൊഴിലാളികളും മാത്രമേയുള്ളൂ. മുതലാളിയില്ല. ഒരാൾക്ക് സ്വന്തമായി ഒരു സാധനം ഉല്പ്പാദിപ്പിച്ച് വില്ക്കാൻ കഴിയില്ല. ഉടമസ്ഥത മാറുന്നതോടുകൂടി സമത്വമുണ്ടാകുന്നത് ഇങ്ങനെയാണ്. എല്ലാവരും എല്ലാക്കാലത്തും തൊഴിലാളികളാകാമെന്ന് സമ്മതിച്ചുകൊണ്ടാണ്. അതിനകത്തുനിന്ന് ഒരാൾ മാത്രമായി, അല്ലെങ്കില്‍ കുറച്ചുപേര്‍ മാത്രമായി ഉയർന്ന് വരാനില്ല. ഉയർച്ചയുണ്ടാകണമെങ്കിൽ, എല്ലാവർക്കും ഒരുപോലെ ഉയർച്ചയുണ്ടാകണമെങ്കിൽ, ഉല്‍പ്പാദനവും ഉപഭോഗവും വർദ്ധിക്കണം. നമ്മുടെ ജീവിതസൗകര്യങ്ങൾ വർദ്ധിപ്പിക്കണം. ഉപഭോഗം വർദ്ധിക്കണമെങ്കില് ഉല്‍പ്പാദനം കൂട്ടണം. ഭരണകൂടം മൂലധനത്തിന് പകരം ഉല്‍പ്പാദനോപാധികളും സാമഗ്രികളും നേരിട്ട് കൈകാര്യം ചെയ്യുന്നതൊഴിച്ചാൽ ഈ കണ്ട മനുഷ്യർക്കെല്ലാം ഉപഭോഗം ചെയ്യാനുള്ള സാമഗ്രികൾ ഉണ്ടാകുമ്പോൾ മാർക്സ് അത്രയ്ക്ക് എടുത്തു പറഞ്ഞിട്ടില്ലാത്ത, പ്രകൃതിചൂഷണത്തിന്റെ അളവിൽ മാറ്റം വരുന്നില്ല. മാത്രമല്ല, അത് വര്‍ദ്ധിക്കുകയും ചെയ്യാം. അങ്ങനെയുള്ള ആഢംബര-ഉപഭോഗ വസ്തുക്കളുടെ ഉല്‍പ്പാദനത്തിലും ഉപഭോഗത്തിലും നിയന്ത്രണം കൊണ്ടുവരാം എന്ന കാര്യം ശരിയാണ്. പക്ഷെ, അടിസ്ഥാനപരമായി മനുഷ്യനു ജീവിക്കണമെങ്കിൽ പ്രകൃതിയെ നിരന്തരമായി ചൂഷണം ചെയ്തേ പറ്റൂ. അതിന് യാതൊരു വ്യത്യാസവും വരുന്നില്ല. സോഷ്യലിസത്തിലെ അമിതോല്‍പ്പാദനത്തെ മാര്‍ക്സ് ഉദാത്തവല്‍ക്കരിക്കുന്നുണ്ട്- “overproduction will reach beyond the elementary requirements of society to assure the satisfaction of the needs of all; it will create new needs and, at the same time, the means of satisfying them” എന്ന്. അതായത്, കൂടുതൽ കൂടുതൽ ആവശ്യങ്ങൾ കണ്ടെത്തുകയാണെങ്കിൽ ആ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനുള്ള ഉല്‍പ്പാദന വര്‍ദ്ധനവും ഉണ്ടാവണം. സോഷ്യലിസത്തിൽ എല്ലാവർക്കും കാർ വേണ്ട. കാർ വേണ്ട എന്ന് സർക്കാർ പറഞ്ഞാൽ എല്ലാവർക്കും കാർ വേണ്ട. ഒരു സവിശേഷ ജോലി ചെയ്യുന്നവർക്കേ കാർ ആവശ്യമുള്ളൂ എന്ന് പറഞ്ഞാൽ അവർക്കേ കാർ കിട്ടുകയുള്ളൂ. പക്ഷെ ഇതെല്ലാം സാമൂഹിക സംഘാടനത്തിന്റെ പ്രശ്നങ്ങളാണ്. ഭൗതിക പ്രചോദനങ്ങള്‍ക്ക് (material incentive) പകരം നൈതിക പ്രചോദനങ്ങള്‍ (moral incentives) കൊണ്ട് വരുന്ന ഒരു വ്യവസ്ഥയുടെ സാധ്യതകള്‍ ആണ്.

അങ്ങനെ വരുമ്പോള്‍ മാർക്സിയൻ കാഴ്ചപ്പാടിന്റെ അടിസ്ഥാനമായ വ്യാവസായികലോകത്തെ അടിസ്ഥാനമാക്കിയുള്ള തൊഴിലാളിവർഗ്ഗ സമീപനത്തിൽ പ്രകൃതിവിഭവങ്ങളുടെയും അവയുടെ ചൂഷണത്തിന്റെയും സാഹചര്യത്തെ മാര്‍ക്സ് എങ്ങനെയാണ് കാണുന്നത്? അല്ലെങ്കില്‍ മാർക്സിയൻ പ്രത്യയശാസ്ത്രത്തിൽ പരിസ്ഥിതിക്കുള്ള സ്ഥാനം എന്താണ്? ഇക്കാര്യത്തില്‍ മാർക്സിന്റേയും ഏംഗല്സിന്റെയും കാഴ്ചപ്പാടുകൾ എന്തൊക്കെയാണ്?
ഇതില്‍ നമ്മള്‍ ആദ്യം മനസ്സിലാക്കേണ്ട കാര്യം മാര്‍ക്സ് മുതലാളിത്തം ഇല്ലാതാവണം എന്ന് പറഞ്ഞത് കൂടുതല്‍ യന്ത്രവല്‍ക്കരണവും ഉല്‍പ്പാദന വര്‍ദ്ധനവും സാമ്പത്തിക-അടിസ്ഥാന സൗകര്യ -വാര്‍ത്താവിനിമയ സൗകര്യങ്ങളും ഉണ്ടാക്കാന്‍ സ്വകാര്യ ഉടമസ്ഥതയേക്കാള്‍ നല്ലത് പൊതുവുടമസ്ഥതയാണ് എന്ന് അദ്ദേഹം കരുതിയിരുന്നതുകൊണ്ടാണ് എന്നത് വസ്തുതയാണ്. മുതലാളിത്തത്തില്‍ അന്തിമമായി ഉല്‍പ്പാദനശക്തികള്‍ മുരടിച്ചുപോകും എന്നാണു ക്ലാസിക്കല്‍ ധനശാസ്ത്രത്തെ (രാഷ്ട്രീയ സമ്പദ് ശാസ്ത്രം) പിന്തുടര്‍ന്ന് മാര്‍ക്സും മനസ്സിലാക്കിയിരുന്നത്. ആദംസ്മിത്തിന്റെ സാമ്പത്തിക വളര്‍ച്ചാസിദ്ധാന്തം മുതലാളിത്തം ആത്യന്തികമായി മുരടിപ്പിലേക്ക് നീങ്ങും എന്ന് പ്രവചിച്ചിരുന്നു. അധ്വാനവിപണിയിലെ മത്സരം കൂലി കുറയുന്നതിലേക്കും മൂലധനവിപണിയിലെ മത്സരം ലാഭം കുറയുന്നതിലേക്കും നയിക്കുകയും ഇത് നിക്ഷേപങ്ങളെ ബാധിക്കുകയും സമ്പദ് വ്യവസ്ഥ മുരടിപ്പിലേക്ക് നീങ്ങുകയും ചെയ്യും എന്ന് ആദം സ്മിത്ത് കണ്ടെത്തിയിരുന്നു. ഇതിനുള്ള കാരണം യഥാര്‍ത്ഥത്തില്‍ ഉല്‍പ്പാദനശക്തികളുടെ വളര്‍ച്ചയും ഉല്‍പ്പാദനബന്ധങ്ങളും തമ്മിലുള്ള വൈരുധ്യത്തിലാണ് കിടക്കുന്നതെന്നും അത്തരം ഘട്ടം എത്തുമ്പോള്‍ നിലനില്‍ക്കുന്ന മുതലാളിത്ത ഉല്‍പ്പാദനബന്ധം പൊളിച്ചെഴുതി സോഷ്യലിസത്തിലേക്ക് കടക്കുകയും വേണം എന്നതായിരുന്നു മാര്‍ക്സിന്റെ നിഗമനം. അതായത് മുതലാളിത്തം എത്തിച്ചേരുന്ന സാമ്പത്തിക മുരടിപ്പ് മറിക്കടക്കാന്‍, അനുസ്യൂതമായി ഉല്‍പ്പാദനശക്തികള്‍ വികസിക്കാന്‍, മുതലാളിത്തം മാറി സോഷ്യലിസം വരണം എന്നാണു മാര്‍ക്സിസം ഊന്നുന്നത്. മുതലാളിത്തം എല്ലാത്തിനെയും ചരക്കാക്കുന്നു. അതുകൊണ്ടാണ് ചൂഷണം ഉണ്ടാവുന്നത്. സാധനത്തിന്റെ വിലയില്‍ ഒരു ചെറിയ പങ്കു മാത്രമേ തൊഴിലാളിക്ക് കിട്ടുന്നുള്ളൂ. ബാക്കി മുതലാളി എടുക്കുന്നു. അങ്ങനെ അല്ലാതെ എല്ലാം പൊതുവുടമസ്ഥതയില്‍ ആയാല്‍ ഉല്‍പ്പാദനം ഇനിയും വര്‍ദ്ധിക്കും. എല്ലാവർക്കും എല്ലാം കിട്ടും. സോഷ്യലിസത്തില്‍ എല്ലാവരും തൊഴിലാളികള്‍ ആയിരിക്കും. അവര്‍ ഉല്‍സാഹത്തോടെ ഉല്‍പ്പാദനം വീണ്ടും വീണ്ടും വര്‍ദ്ധിപ്പിക്കും. സോഷ്യലിസം മുതലാളിത്തത്തേക്കാള്‍ നല്ലതാവുന്നത് അതുകൊണ്ടാണ്. ഉല്‍പ്പാദനം കൂട്ടാന്‍ സ്വകാര്യ ഉടമസ്ഥതയേക്കാള്‍ നല്ലത് പൊതുവുടമസ്ഥത എന്നതുകൊണ്ടാണ്. അതായതു സോഷ്യലിസത്തില്‍ ലാഭം വ്യക്തിക്കല്ല, ഭരണകൂടത്തിനാണ്. സോഷ്യലിസ്റ്റ് ഭരണകൂടം ജനകീയേച്ഛയുടെ അമൂർത്തരൂപമാണ്. നിരന്തരമായ സാങ്കേതിക വികാസവും അടിസ്ഥാനസൌകര്യ വികസനവും സോഷ്യലിസത്തിലാണ് എളുപ്പമായി നടക്കുക. എംഗല്‍സിന്റെ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്. അദ്ദേഹം വളരെ കൃത്യമായിമായി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നേരത്തെ പറഞ്ഞ അമിതോല്‍പ്പാദനത്തിന്റെ ഉദാത്തീകരണത്തിന്റെ സന്ദര്‍ഭം ഇതാണ്: “What will be the consequences of the ultimate disappearance of private property? Society will take all forces of production and means of commerce, as well as the exchange and distribution of products, out of the hands of private capitalists and will manage them in accordance with a plan based on the availability of resources and the needs of the whole society. In this way, most important of all, the evil consequences which are now associated with the conduct of big industry will be abolished. There will be no more crises; the expanded production, which for the present order of society is overproduction and hence a prevailing cause of misery, will then be insufficient and in need of being expanded much further. Instead of generating misery, overproduction will reach beyond the elementary requirements of society to assure the satisfaction of the needs of all; it will create new needs and, at the same time, the means of satisfying them. It will become the condition of, and the stimulus to, new progress, which will no longer throw the whole social order into confusion, as progress has always done in the past.” അതായത് സ്വകാര്യസ്വത്ത് ഇല്ലാതാവുമ്പോള്‍ എല്ലാം ഭരണകൂടത്തിന്റെ കീഴിലാവുന്നു. മുതലാളിത്തത്തിന്റെ ലാഭക്കൊതിയും മിച്ചമൂല്യചൂഷണവും അപ്രസക്തമാവുന്നു. മുതലാളിത്തത്തില്‍ ഉള്ളതിനേക്കാള്‍ ഉല്‍പ്പാദനം വികസിക്കുന്നു. അമിതോല്‍പ്പാദനം (overproduction) എല്ലാവരുടെയും ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്നതും, കൂടുതല്‍ ആവശ്യങ്ങള്‍ സൃഷ്ടിച്ചു അതിനെയും തൃപ്തിപ്പെടുത്തുന്നതും ആവുന്നു. അങ്ങനെ മനുഷ്യന്‍ നിരന്തരം പുരോഗതിയിലേക്ക് നീങ്ങുന്നു. അമിതമായ ഉപയോഗമൂല്യങ്ങളുടെ ഉല്‍പ്പാദനം പുരോഗതിയായി കാണുന്ന ഒരു സമീപനം ഈ കാഴ്ചപ്പാടില്‍ അന്തര്‍ലീനമാണ്. മറ്റൊരര്‍ത്ഥത്തില്‍ മുതലാളിത്തത്തില്‍ അമിതോല്‍പ്പാദനം ആപേക്ഷികമാണ് (over and above purchasing power). സോഷ്യലിസത്തില്‍ അത് കേവലമാണ് (according to wants/needs). എന്നാല്‍ ഇത് മാത്രമല്ല മാര്‍ക്സ് പറയുന്നത്. ഇതൊരിക്കലും ഒറ്റപ്പെടുത്തി കാണേണ്ടതുമല്ല.
പരിമിതമായ പ്രകൃതിവിഭവങ്ങളും അനന്തമായ വികസനസങ്കൽപ്പങ്ങളും ഉയർത്തുന്ന പ്രതിസന്ധി അപ്പോള്‍ കാണാതെ പോകുന്നില്ലേ? ഈ പ്രശ്നത്തെ എങ്ങനെയാണ് മാര്‍ക്സിസം അഭിമുഖീകരിക്കുന്നത്? ഇന്നത്തെ അവസ്ഥയില്‍ ഏറ്റവും പ്രാധാന്യമുള്ള ഒരു വിഷയമാണല്ലോ അത്.
മാര്‍ക്സും എംഗല്‍സും ജര്‍മ്മന്‍ പ്രത്യയശാസ്ത്രത്തില്‍ ഇത് കൃത്യമായി വിശദീകരിക്കുന്നുണ്ട്. അമര്‍ത്യാ സെന്‍ എഴുതിയ വിഖ്യാതമായ പുസ്തകമാണ് Development as Freedom. അദ്ദേഹത്തിന് നോബല്‍ സ്മാരക സമ്മാനം കിട്ടിയതിന്റെ തൊട്ടടുത്ത വർഷം ഇറങ്ങിയ ഈ പുസ്തകത്തിന്റെ പേര് തന്നെ ഒരര്‍ത്ഥത്തില്‍ മാര്‍ക്സിനോട് കടപ്പെട്ടിരിക്കുന്നു. കാരണം വികസനം ആണ് സ്വാതന്ത്ര്യം എന്ന അര്‍ത്ഥത്തില്‍ ആദ്യം എഴുതുന്നത് മാര്‍ക്സാണ്. മാര്‍ക്സിസം ഈ പ്രശ്നത്തെ കാണുന്നത് സാങ്കേതികവിദ്യയുടെ അനുസ്യൂതമായ വികാസം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമായാണ്. ഭൂമി ഇല്ലാതാവുമെങ്കില്‍ ചൊവ്വയില്‍ പോകാമല്ലോ. പക്ഷെ സ്വകാര്യസ്വത്ത് മാത്രമാണ് തടസ്സം. അതുണ്ടാക്കുന്ന വര്‍ഗ്ഗവിഭജനം. അതുകൊണ്ട് ഇതെല്ലാം എല്ലാവര്‍ക്കും കിട്ടാതെപോകുന്നു. സ്വാതന്ത്ര്യം എന്നാല്‍ തന്നെ മാര്‍ക്സിനു വികസനം ആണ്: “…it is only possible to achieve real liberation in the real world… by employing real means… slavery cannot be abolished without the steam-engine and the mule and spinning-jenny, serfdom cannot be abolished without improved agriculture, and… in general, people cannot be liberated as long as they are unable to obtain food and drink, housing and clothing in adequate quality and quantity. “Liberation” is a historical and not a mental act, and it is brought about by historical conditions, the development of industry, commerce, agriculture, the conditions of intercourse. സ്റ്റീം എഞ്ചിന്‍ വന്നതുകൊണ്ട് അടിമത്തം ഇല്ലാതാക്കാന്‍ കഴിയുന്നു, കാര്‍ഷിക വികസനം കൊണ്ട് അടിയാളബന്ധം ഇല്ലാതാക്കാന്‍ കഴിയുന്നു, ചുരുക്കത്തില്‍ സ്വാതന്ത്ര്യം എന്നത് നിരന്തരമുള്ള കാര്‍ഷിക-വ്യാവസായിക വികസനമാണ്. നമ്മളാരും പറഞ്ഞതല്ല, മാര്‍ക്സ് തന്നെ പറഞ്ഞതാണ്. ഇത് തന്നെയാണ് പൊതുവില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നയവും. വര്‍ഗ്ഗബന്ധങ്ങള്‍ ഉള്ള സമൂഹവും അതില്ലാത്ത സമൂഹവും എന്നതേ വ്യത്യാസമുള്ളൂ. മാര്‍ക്സിസം ഒരു വശത്ത് വലിയ ഒരു ജ്ഞാന-പ്രയോഗമാണ്. മറുവശത്ത് അതില്‍ ചരിത്രം നീതീകരിക്കാത്ത സമീപനങ്ങള്‍ പലതും അടങ്ങിയിട്ടുമുണ്ട്. ഏതോ ഒരു ആദര്‍ശ മാര്‍ക്സിസത്തില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വ്യതിചലിക്കുന്നു എന്ന് ഞാന്‍ ഒരിക്കലും പറയാത്തതിന്റെ കാരണം, ഇതും കൂടി ചേര്‍ന്നതാണ് മാര്‍ക്സിസം എന്ന് വളരെ മുന്‍പേ തിരിച്ചറിഞ്ഞതുകൊണ്ടാണ്. മുതലാളിത്തത്തെ മാര്‍ക്സ് കാണുന്നത് ഉല്‍പ്പാദനബന്ധങ്ങൾ വച്ചിട്ടാണ്. ഉല്‍പ്പാദനബന്ധം എന്ന് പറയുന്നത് ഒരു സാമൂഹികബന്ധമാണ്. മൂലധനം ഒരുവശത്ത്, അദ്ധ്വാനശക്തി മറുവശത്ത്. അതില് മൂലധനത്തിനു മേലുള്ള അധികാരമാണ് ഒരര്‍ത്ഥത്തില്‍ സോഷ്യലിസ്റ്റ് ഭരണകൂടം പിടിച്ചെടുക്കുന്നത്. സോഷ്യലിസത്തില്‍ വിപണി ഭരണകൂടത്തിന്റെ കീഴിലാകുന്നു. അതോടുകൂടി അതിന്റെ മുകളിൽ നിയന്ത്രണങ്ങള്‍ കൊണ്ടുവരാൻ കഴിയുന്നു. എല്ലാവരും തല്‍ക്കാലത്തേക്ക് തൊഴിലാളികളാകുന്നു. അതാണ് അതിനകത്ത് വരുന്ന ഇഗാലിറ്റേറിയനിസം. മുതലാളിത്തം പറയുന്നത് ഭരണകൂടം വിപണിയില്‍ ഇടപെടേണ്ട കാര്യമില്ല. സോഷ്യലിസത്തിൽ ആണെങ്കില്‍ ഭരണകൂടം മാത്രം മതി വേറൊന്നും വേണ്ട എന്നാണ്. എന്ത് ഉല്‍പ്പാദിപ്പിക്കണം എത്ര ഉല്‍പ്പാദിപ്പിക്കണം-എല്ലാം ഭരണകൂടം തീരുമാനിക്കും. അത് ജനങ്ങളുടെ ആവശ്യമനുസരിച്ചാണ്. ഇതേക്കുറിച്ച് പറയുമ്പോഴേക്ക് എന്റെ മനസ്സിലേക്ക് കടന്നുവരുന്ന ഒരു പുസ്തകമാണ് The Ultimate Resource 1981-ല്‍ ജൂലിയന്‍ സൈമണ്‍ ( Julian Lincoln Simon) എന്ന പരിസ്ഥിതി (വിരുദ്ധ) സമ്പദ്ശാസ്ത്ര വിദഗ്‌ധൻ ആണ് ഈ പുസ്തകം എഴുതിയത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പ്രകൃതിവിഭവങ്ങള്‍ ഇല്ലാതാകും എന്നത് ഒരു മിഥ്യാധാരണയാണ്. കാരണം മനുഷ്യന്‍ അപ്പോള്‍ അത് മറികടക്കാനുള്ള സാങ്കേത്തികവിദ്യയും കണ്ടെത്തിയിരിക്കും. പുസ്തകത്തില്‍ ഒരിടത്ത് അദ്ദേഹം പറയുന്നുണ്ട്- സൂര്യന്‍ എന്ന ഊര്‍ജ്ജസ്രോതസ്സ് ഇല്ലാതായാല്‍ വേറെ സൂര്യന്മാരെ കണ്ടെത്തും എന്ന്. ഇത്രക്കുള്ള ഒരു ഒരു ബൗദ്ധികത മാര്‍ക്സിസത്തിന് ഇല്ലെന്നു പറയാമെങ്കിലും ഏതോ ഒരു തലത്തില്‍ ഇതുപോലെ ഒരു ആത്മവിശ്വാസം പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സമീപനത്തില്‍ മാര്‍ക്സിസം വച്ചുപുലർത്തുന്നുണ്ട് എന്നു തോന്നുന്നു. പക്ഷെ ഇതൊരിക്കലും മാര്‍ക്സിസത്തിന്റെ കാതലായ സമീപനമല്ല. ഉല്‍പ്പാദനശക്തികളെക്കുറിച്ച് മാര്‍ക്സ് പറയാതെവിട്ട പല കാര്യങ്ങളും പൂരിപ്പിച്ചു മനസ്സിലാക്കേണ്ട ബാധ്യത ഇക്കാര്യത്തില്‍ നമുക്കുണ്ട് എന്നാണ് എനിക്ക് ഇപ്പോഴും തോന്നിയിട്ടുള്ളത്. .

സോഷ്യലിസ്റ്റ് സാമൂഹിക മാനേജ്മെന്റില്‍ കുറച്ചുപേർ ഉടമസ്ഥരോ നോക്കി നടത്തിപ്പുകാരോ ആകുന്നില്ലേ?
അങ്ങനെ നോക്കി നടത്തുന്നതുതന്നെ ഒരുതരം ലേബർ ആണ്. അധ്വാനശക്തി ചൂഷണം ചെയ്യുകയും മൂലധനം ലാഭം ഉണ്ടാക്കുകയും ചെയ്യുന്ന സ്ഥലത്ത് ലാഭം എന്ന സങ്കല്പ്പം മാറിയിട്ട് ഭരണകൂടം ജനങ്ങള്ക്ക് കഴിക്കാനും വസ്ത്രം ധരിക്കാനും മറ്റ് ആവശ്യങ്ങള്ക്കുമുള്ള സാധനം അവരെക്കൊണ്ട് ഉല്‍പ്പാദിപ്പിച്ച് അവര്ക്ക് കൊടുക്കുന്ന ഒരു വ്യവസ്ഥയായി വരുന്നതാണ് സോഷ്യലിസം എന്ന് പറയുന്നത്. ഇതിന്റെ യഥാര്‍ത്ഥ പരീക്ഷണം നടന്ന സ്ഥലങ്ങളില്‍ ഒരു പുതിയ അധികാരിവര്‍ഗ്ഗം ഉയര്‍ന്നുവന്നതായുള്ള വിശകലനം മിലോവന്‍ ദിലാസിന്റെ (Milovan Djilas) The New Class: An Analysis of the Communist System എന്ന 1957-ല്‍ ഇറങ്ങിയ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ദിലാസ് കമ്യൂണിസ്റ്റ് യുഗോസ്ലാവ്യയില്‍ പ്രസിഡന്റ് ടിറ്റോയുടെ ഭരണകാലത്ത് വൈസ് പ്രസിഡന്റ് ആയിരുന്നു. കൂടുതല്‍ ജനാധിപത്യത്തിനുവേണ്ടി വാദിച്ചു ദിലാസ് ഒടുവില്‍ വിമതനായി ജയിലില്‍ അടക്കപ്പെട്ടു. അക്കാലത്തു ജയിലില്‍വച്ച് എഴുതിയ പുസ്തകമാണ് “പുതിയ വര്‍ഗം”. പ്രകൃതിചൂഷണവുമായി ബന്ധപെട്ട വളരെ പ്രധാനപ്പെട്ട ഒരു നിരീക്ഷണമാണ് ‘പുതിയ വര്‍ഗ്ഗ’ത്തില്‍ ഉള്ളത്. എന്നാല്‍ ഈ പുസ്തകത്തെക്കുറിച്ച് ഇതുവരെയുള്ള ചര്‍ച്ചകളില്‍ ആ വശം കാര്യമായി കടന്നുവന്നിട്ടില്ല. സോഷ്യലിസ്റ്റ് പൊതുവുടമസ്ഥതയിലെ പുതിയ അധികാരിവര്‍ഗ്ഗത്തിന് ഉല്‍പ്പാദന ഉപാധികളുമായുണ്ടാവുക ഒരു രാഷ്ട്രീയബന്ധമാണ്. ആ രാഷ്ട്രീയബന്ധമാണ് അവിടെ യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്ന സ്വത്തുടമാബന്ധം. ഒരു വശത്ത് സ്വന്തം നിലനില്‍പ്പിനായി ഈ പുതിയ അധികാരിവര്‍ഗം ഭൗതികോൽപ്പാദനവും സന്തം നിലനില്‍പ്പിന്റെ അസ്ഥിവാരമായ രാഷ്ട്രീയബന്ധവും പുനരുല്‍പ്പാദിപ്പിക്കുന്നു. അത്തരത്തില്‍ പ്രകൃതിചൂഷണത്തിന് മുതലാളിത്തത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു സമീപനം വികസിപ്പിക്കാന്‍ അവര്‍ക്ക് കഴിയാത്ത ഉല്‍പ്പാദനബന്ധത്തിലാണ് സോഷ്യലിസം ചെന്ന് അവസാനിക്കുന്നത് എന്ന് ദിലാസിന്റെ വരികള്‍ക്കിടയില്‍ വായിക്കാന്‍ സാധിക്കും.
അപ്പോൾ ഭരണകൂടം ഇല്ലാതെയാകുന്നത് എങ്ങനെയാണ്?
അതിനെക്കുറിച്ച് മാര്‍ക്സും എംഗല്‍സും പറഞ്ഞിരിക്കുന്നത് ഒരു സ്പെക്യുലേഷൻ ആണ്. സോഷ്യലിസം വന്നുകഴിഞ്ഞാൽ, ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച് എന്നുള്ളത് മാറിയിട്ട് ഓരോരുത്തരും അവരവരുടെ ആവശ്യത്തിനനുസരിച്ച് എന്നുള്ള വ്യവസ്ഥ തുടര്‍ന്ന് രൂപപ്പെടും എന്നാണ് പറയുന്നത്. അതിനകത്ത് മാർക്സ് കണ്ട ഒരു കാര്യം എന്താണെന്ന് വച്ചാൽ ഉല്‍പ്പാദനശക്തികൾ ചരിത്രത്തിൽ നിരന്തരം വികസിച്ചുകൊണ്ടേയിരിക്കുന്നു. മുതലാളിത്തത്തിൽ വരുന്ന ഒരു പ്രശ്നം ഒരു ഘട്ടം കഴിയുമ്പോൾ മുതലാളിത്തത്തിലെ ഉല്‍പ്പാദനബന്ധങ്ങളും ഉല്‍പ്പാദനശക്തികളുടെ വികാസവും തമ്മിൽ ഒരു പൊരുത്തപ്പെടൽ ഇല്ലാതെ വരും. അങ്ങനെ വരുമ്പോൾ ഉല്‍പ്പാദനബന്ധങ്ങൾ മാറിയാൽ മാത്രമേ ഉല്‍പ്പാദനശക്തികൾക്ക് വികസിക്കാൻ കഴിയൂ. നേരത്തെ പറഞ്ഞതുപോലെ അങ്ങനെ ഉല്‍പ്പാദനശക്തികൾ മുരടിക്കുമ്പോൾ ആ മുരടിപ്പിന് പരിഹാരമായിട്ടാണ് സോഷ്യലിസം വരുന്നത്. സ്വകാര്യസ്വത്ത് ഉല്‍പ്പാദനശക്തികളുടെ വികാസത്തിന് ഒരു തടസ്സമായിത്തീരുന്നു. ആ ഘട്ടത്തിലാണ് സ്വകാര്യസ്വത്ത് ദേശസാത്കരിക്കുന്നത്. അങ്ങനെ അധ്വാനശക്തിയുടെ ചൂഷണത്തെക്കുറിച്ച് പറയുകയും പ്രകൃതിചൂഷണത്തെക്കുറിച്ച് മിണ്ടാതിരിക്കുകയുമാണ്. കാരണം അത് കൂടുതൽ ആവശ്യമായി വരുന്നു എന്നതുതന്നെ. ബൂദ്രിയാര്‍ (Baudrilliard) എന്ന ഉത്തരാധുനിക ചിന്തകന് ഇതിനെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്- ‘ഉല്‍പ്പാദനത്തിന്റെ കണ്ണാടി’ – The Mirror of Production. മാർക്സിസം, ഒരർത്ഥത്തിൽ, സോഷ്യലിസത്തിന്റെ സാമ്പത്തിക സിദ്ധാന്തം, എന്നുപറയുന്നത് മുതലാളിത്തത്തിന്റെ സാമ്പത്തികസിദ്ധാന്തത്തിന്റെ പ്രതിരൂപമാണ്. അത് തലതിരിച്ചിട്ടിരിക്കുകയാണ്. അതായത് ചൂഷണം മാറി, പക്ഷെ പ്രകൃതിയോടുള്ള ബന്ധം മാറുന്നില്ല. ബുദ്രിയാര്‍ പറയുന്നത് മാര്‍ക്സിസം ബോധ്യപ്പെടുത്തുന്നത് അധ്വാന ശക്തി വില്‍ക്കുന്നതിനാല്‍ നമ്മള്‍ അന്യവല്‍ക്കരിക്കപ്പെടുന്നു എനാണ്. അങ്ങനെ പറയുന്നതിലൂടെ മാര്‍ക്സിസം വിസ്മരിക്കുന്നത് നാം ഒരു പക്ഷെ, അദ്ധ്വാനശക്തി എന്ന നിലക്കാണ് അന്യവല്‍ക്കരിക്കപ്പെടുന്നത് എന്ന കുറേക്കൂടി വിപ്ലവാത്മകമായ യാഥാര്‍ഥ്യമാണ് (“[Marxism] convinces men that they are alienated by the sale of their labor power, thus censoring the much more radical hypothesis that they might be alienated as labor power”). സാമൂഹികബന്ധം മാത്രം മാറുന്നു. സാമൂഹികമായുള്ള അന്യവത്കരണം പരിഹരിച്ചു. ജോലി ചെയ്യുന്ന ഉത്പന്നം നിങ്ങളുടേത് കൂടിയാണ്. കാരണം സർക്കാർ നിങ്ങളുടേതാണല്ലോ. നിങ്ങള് ഒരു വ്യക്തിയെ കണ്ടിട്ട് കാര്യമില്ല. വ്യക്തിയുടെ അന്യവത്കരണം എന്ന അർത്ഥത്തിൽ മാത്രമല്ല, അത് സാമൂഹികമായ അന്യവത്കരണമാണ്. അന്യവത്കരണം എന്ന ആശയം തന്നെ പലരും തെറ്റായാണ് ധരിച്ചിരിക്കുന്നത്. വ്യക്തിക്ക് വന്ന അന്യവത്കരണമാണെന്നാണ് പലരും വ്യാഖ്യാനിച്ചത്. മാർക്സ് പറഞ്ഞ അന്യവത്കരണം വ്യക്തിക്കുണ്ടാകുന്ന അന്യവത്കരണമല്ല. ഒരർത്ഥത്തിൽ അത് വ്യക്തിക്കുണ്ടാകുന്നതാണ്. പക്ഷെ ചരിത്രപരമാണ്. അധ്വാനമാണ് മൂല്യത്തിന്റെ ഉറവിടം എന്നിരിക്കെ ആ അധ്വാനത്തിന് ആ മൂല്യത്തിന് അനുസൃതമായ കൂലി കിട്ടാതിരിക്കുന്നതുകൊണ്ടും ആ കൂലിയുടെ ഭാഗം മിച്ചമൂല്യമായി മുതലാളിയുടെ കയ്യിൽ പോകുന്നതുകൊണ്ടും ഈ ചരക്കിൽ നിന്നും അധ്വാനം അന്യവത്കരിക്കപ്പെട്ടിരിക്കുന്നു എന്നുമാണ് മാർക്സ് പറഞ്ഞിരിക്കുന്നത്. സൈദ്ധാന്തിക വ്യക്തതയില്ലെങ്കിൽ നമ്മൾ ഇതൊക്കെ ആദർശവാദപരമായി മനസ്സിലാക്കിപോകും. മാർക്സ് ഒരിടത്ത് പറയുന്നത് -വിശുദ്ധ കുടുംബത്തില്‍ (The Holy Family) ആണെന്ന് തോന്നുന്നു – ആധുനിക സമൂഹത്തില്‍ ബൂര്‍ഷ്വാസിയും തൊഴിലാളിവര്‍ഗ്ഗവും അന്യവല്‍ക്കരണവും വസ്തുവല്‍ക്കരണവും നേരിടുന്നുണ്ട്. പക്ഷെ സ്വത്തുടമസ്ഥര്‍ക്ക് ഇതൊരുതരം ശാക്തീകരണം ആയാണ് അനുഭവപ്പെടുന്നത്. എന്നാല്‍ തൊഴിലാളികള്‍ക്ക് ഇത് നിര്‍ശാക്തീകരണവും അപമാനവീകരണവും ആണ്. ഇതേക്കുറിച്ചുള്ള വിശദമായ വിശകലനം വസ്തുവല്‍ക്കരണത്തെക്കുറിച്ചുള്ള (Reification) ചര്‍ച്ചയുടെ സന്ദര്‍ഭത്തില്‍ ജോര്‍ജ് ലൂക്കാച്ച് ‘ചരിത്രവും വര്‍ഗ്ഗബോധവും’ (George Lukacs: History and class Consciosuness, 1923) എന്ന കൃതിയില്‍ നടത്തുന്നുണ്ട്. തൊഴിലാളിയുടെ അധ്വാനശക്തിയും വ്യക്തിത്വവും തമ്മിലുള്ള വിഘടനം, അധ്വാനശക്തിയുടെ ആത്യന്തികമായ വസ്തുവല്‍ക്കരണം, അത് വിപണിയില്‍ വില്‍ക്കപ്പെടുന്ന ഒരു ചരക്കു മാത്രമായി മാറുന്നത്, ഒരു വലിയ പ്രശ്നമായി സോഷ്യലിസത്തിലും തുടരുവാനും ഈ പുതിയ ഉല്‍പ്പാദനബന്ധം കാരണമാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മുതലാളിത്തത്തിന്റെ ഒരു തുടര്‍ച്ചയായി, ഒരു സവിശേഷ അര്‍ത്ഥത്തില്‍ മാത്രം സോഷ്യലിസവും മാറാം എന്ന സാധ്യത യഥാര്‍ത്ഥ സോഷ്യലിസ്റ്റ് പരീക്ഷണങ്ങള്‍ കാട്ടിത്തന്നു. ഇത് അതിന്റെ ഒരു വശം മാത്രമാണ്. മറ്റു സാധ്യതകള്‍ ഇല്ലായിരുന്നു എന്നല്ല.

അങ്ങനെയെങ്കിൽ മുതലാളിത്തത്തിൽനിന്നും സോഷ്യലിസത്തിലേക്ക് എത്തുമ്പോൾ ഒരു കേവലമായ ഒരു ഭരണമാറ്റം മാത്രമാണ് സംഭവിക്കുന്നത് എന്ന് പറയാൻ കഴിയില്ലേ?
അതു ശരിയാണ്. പക്ഷെ ചില വ്യത്യാസങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ മാത്രമേ അങ്ങനെ പറയുന്നത് യഥാര്‍ത്ഥത്തില്‍ ശരിയാവുകയുള്ളു. മിലോവൻ ദിലാസ് അന്‍പതുകളിൽ തന്നെ പുതിയ ട്രേഡ് യൂണിയൻ ക്ലാസ് ഉയർന്നുവരുന്നുണ്ട് എന്നുപറഞ്ഞ് ഒരു വിമർശനം മുന്നോട്ടുവയ്ക്കുന്നുത്തിന്റെ സൈദ്ധാന്തികതലങ്ങള്‍ എവിടെവരെ ചെന്നെത്തുന്നു എന്നാണു ഞാന്‍ പറയാന്‍ ശ്രമിച്ചത്. സ്വകാര്യസ്വത്ത് ഇല്ലാതാവുന്നു എന്നും മിച്ചമൂല്യചൂഷണം ഇല്ലാതാവുന്നു എന്നും പറയുമ്പോഴും ഉല്‍പ്പാദനത്തില്‍ പാലിക്കാത്ത, എന്നാല്‍ വിപണിയില്‍ കൊണ്ടുവരുന്ന, അമിതമായ നിയന്ത്രണങ്ങള്‍ ഒരു rent-seeking വ്യവസ്ഥയിലേക്കു ഈ സമൂഹങ്ങളെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു എന്നതാണ് ഇപ്പോള്‍ മനസ്സിലാവുന്നത്. ഡേവിഡ് ലേവി (David levy) 1990- ല്‍ ‘The Bias in Centrally Planned Prices’ എന്ന പഠനത്തില്‍ ഇതെങ്ങനെയാണ് സോവിയറ്റ് സമ്പദ് വ്യവസ്ഥയെ ബാധിച്ചത് എന്ന് വ്യക്തമാക്കുന്നുണ്ട്. ദിലാസ് പറയുന്ന പ്രശ്നത്തിന്റെ മറ്റൊരു സൈദ്ധാന്തികവശമാണ് ഇത്. ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത് വിപണിവിലയില്‍ നിന്ന് താഴെയാണ്. ഇതാവട്ടെ ഉല്‍പ്പന്നങ്ങളുടെ മുകളില്‍ ദിലാസ് പറയുന്ന രാഷ്ട്രീയ ഉടമസ്ഥതയുള്ള വിഭാഗത്തിന് കൃത്രിമമായോ അല്ലാതെയോ ഉണ്ടാകുന്ന ദൗർലഭ്യത്തെ മുതലെടുത്ത് rent നേടാനുള്ള അവസരം നല്‍കുന്നു. ഇത്തരത്തില്‍ ഉള്ള rent-seeking വ്യവസ്ഥയിലാകെ പടര്‍ന്നുപിടിച്ചിരുന്നു. തൊഴിൽ വിഭജനം അപ്പോഴും ഉണ്ട്. അവിടെയുണ്ടാകുന്ന മാനേജീരിയൽ ക്ലാസിന് കൂടുതൽ പ്രാമുഖ്യം കിട്ടുന്നു. അവർക്ക് കിട്ടുന്ന പ്രാമുഖ്യം ഈ ലാഭത്തിന്റെ വിഹിതമല്ല, കൂലിയ്ക്ക് ഉപരിയായുള്ള ഈ rent ആണ്. ഒരു വിഭവത്തിനു അതിന്റെ മൂല്യത്തിനു ഉപരിയായുള്ള വില മറ്റൊരു വിഭവോല്‍പ്പാദാനത്തിനു സഹായകരമല്ലാത്ത രീതിയില്‍ സൃഷ്ടിക്കുകയും അത് സ്വകാര്യമായി നേടിയെടുക്കുകയും ചെയ്യുന്നതിനാണ് പബ്ലിക് ചോയിസ് ധനശാസ്ത്രത്തില്‍ rent എന്ന് പറയുന്നത്. കൂലിയിലുള്ള അസമത്വത്തിന് യഥാർത്ഥത്തിൽ തൊഴിലാളികള്‍ എതിരല്ല. അവരുടെ പൊതുബോധം അങ്ങനെയാണ്. എല്ലാ ജോലികള്‍ക്കും ഒരേതരം വൈദഗ്ധ്യങ്ങള്‍ അല്ലല്ലോ ആവശ്യമായി വരുന്നത്. എല്ലാവർക്കും ഒരേ ശേഷിയും അല്ല. സാമൂഹികാധ്വനം (social labor) സാമൂഹികമായി ആവശ്യമുള്ള അധ്വാനം (socially necessary labor) തുടങ്ങിയ നവപരികല്‍പ്പനകള്‍ മാര്‍ക്സിനു വികസിപ്പിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്. എത്ര കൂടുതൽ കൂലി തൊഴിലാളികള്‍ക്കു കൊടുത്താൽത്തന്നെയും സോഷ്യലിസത്തില്‍ അവർ മറ്റവരെ സബോർഡിനേറ്റ് ചെയ്തുവച്ചിട്ടുണ്ടെങ്കിൽ പോലും, മാർക്സ് പറഞ്ഞ തരത്തിലുള്ള സർപ്ലസ് എക്സ്ട്രാക്ഷൻ കൊണ്ട് പുനരുത്പ്പാദനം നടത്തുന്ന രീതി വരുന്നില്ല. സൈദ്ധാന്തികമായി പറഞ്ഞാല്‍ അധ്വാനത്തെ അന്യവത്കരിച്ചുകൊണ്ടല്ല, ദേശസാത്കരിച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത്. മൂല്യം ഉല്‍പ്പാദിപ്പിക്കുന്ന അധ്വാനം പ്രകൃതിയുമായി ചേർന്ന് നിന്നുകൊണ്ടാണ്. പക്ഷെ, തൊഴിലാളിക്ക് അധ്വാനത്തിന് അനുസരിച്ചുള്ള കൂലി കൊടുത്തുകൊണ്ടാണ് ഈ വ്യവസ്ഥ നിലനില്ക്കുന്നതെങ്കിൽപ്പോലും പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ മൂല്യനിർണയത്തെ സംബന്ധിച്ചിടത്തോളം ഒരു മാനദണ്ഡം ഉണ്ടാകുന്നില്ല. അത് എത്ര വേണമെങ്കിലും എങ്ങനെ വേണമെങ്കിലും ആകാം എന്നാണ്. പ്രകൃതിയെ കാണുന്ന രീതിയിൽ വ്യത്യാസം വന്നില്ല. ഈയൊരു ചൂഷണ വ്യവസ്ഥ മാറുമ്പോൾ സ്വാഭാവികമായും പ്രകൃതിയെ കാണുന്ന രീതിയിൽ ആഢംബര ഉപഭോഗങ്ങളില്ലാത്ത ഒരു സമൂഹമാണ് സോഷ്യലിസം എന്ന് പറഞ്ഞുവച്ചില്ല.

കൂടാതെ മുതലാളിത്ത ഉല്‍പ്പാദനം മുരടിക്കുന്നതുകൊണ്ടാണല്ലോ സോഷ്യലിസം കൊണ്ടുവരുന്നത്?
അതെ. മാത്രവുമല്ല നിങ്ങൾക്ക് ആഢംബരം വേണമെങ്കിൽ സോഷ്യലിസത്തിലേക്ക് പോകണമെന്നാണ് മാർക്സ് പറഞ്ഞതിന്റെ അർത്ഥം. അങ്ങനെ ഉണ്ടാകില്ലെന്നത് വേറൊരു കാര്യം. കാരണം സോവിയറ്റ് യൂണിയനിലാണല്ലോ ഇത് ഏറ്റവും കൂടുതൽ പരീക്ഷിച്ചത്. ആദ്യകാലത്ത് അങ്ങനെയുള്ള പരിശ്രമങ്ങളൊക്കെയുണ്ടായിരുന്നു. പക്ഷെ ശീതയുദ്ധം എന്ന അവസ്ഥ മുതലാളിത്തത്തെക്കാള്‍ സോഷ്യലിസത്തെ വീര്‍പ്പുമുട്ടിച്ചത് എങ്ങനെയാണ് എന്ന് മനസ്സിലാക്കേണ്ടതല്ലേ? ഡിഫെൻസിനു വേണ്ടി ധാരാളം സമ്പത്ത് ഉപയോഗിച്ചു. അങ്ങനെ വേണമെങ്കിൽ പറയാം. ഒരു രാജ്യത്ത് മാത്രം സോഷ്യലിസം നടപ്പാക്കുന്നതിന്റെ പ്രശ്നങ്ങളാണെന്നും പറയാം. എങ്കിലും മനുഷ്യാവശ്യം എപ്പോഴും ഡൈവേഴ്സ് ആയിരിക്കും. എനിക്ക് ഒരു പച്ച ഷർട്ടും നിങ്ങൾ ഒരു നീലഷർട്ടും വേണമെന്ന് ആഗ്രഹിച്ച് നമ്മൾ മാർക്കെറ്റിൽ പോകും. ചുവന്ന ഷർട്ട് മാത്രമേ അവിടെ കിട്ടുന്നുള്ളുവെങ്കിൽ നമുക്ക് നിരാശയാവും. ”എന്നു വരും നീലയും പച്ചയും?” എന്നു ചോദിച്ചാൽ , ”ഞങ്ങൾ ഓർഡർ കൊടുത്ത് ആറുമാസം കഴിഞ്ഞ് വന്നുനോക്കൂ. ഇപ്പോൾ ഒപ്പിട്ടുപൊയ്ക്കോളൂ” എന്നു പറഞ്ഞാൽ നിങ്ങളുടെ ആഗ്രഹപൂർത്തീകരണത്തിന് കാത്തിരിക്കണമെന്നാണ്. മുതലാളിത്ത വ്യവസ്ഥയിൽ മുതലാളിമാര്‍ അത് ഉടൻ പരിഹരിക്കും. വിപണിയില്‍ ദൗർലഭ്യം അനുഭവപ്പെടുന്ന വസ്തു ഉല്‍പ്പാദിപ്പിച്ചാല്‍ ലാഭം കൂടുതല്‍ കിട്ടുമെന്ന് അവര്‍ക്കറിയാം. സ്റ്റേറ്റ് സോഷ്യലിസത്തില്‍ ഒരുവശത്ത് ഭരണകൂടം പ്രകൃതിവിഭവങ്ങള്‍ തന്നിഷ്ടംപോലെ കൈകാര്യം ചെയ്യുമ്പോഴും ചില ഉപഭോഗവസ്തുക്കള്‍ ചോദനക്ക് അനുസരിച്ച് ലഭ്യമാവുന്നില്ല എന്നത് ജനങ്ങളെ നിരാശപ്പെടുത്തുന്നുണ്ടായിരുന്നു. എന്‍.വി. കൃഷ്ണവാര്യര്‍ ആണെന്ന് തോന്നുന്നു, റഷ്യയില്‍ പോയി തിരിച്ചെത്തിയശേഷം എഴുതിയ യാത്രാ വിവരണത്തില്‍ മോസ്ക്കോയില്‍ താമസിക്കുമ്പോള്‍ അവിടെ കലശലായ ഇരുമ്പാണിക്ഷാമം അനുഭവപ്പെടുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്. ഞാന്‍ ഓര്‍മ്മയില്‍ നിന്ന് പറയുകയാണ്- അദ്ദേഹം അപ്പോള്‍ ഒരു ചോദ്യം ചോദിക്കുന്നുണ്ട്- “സ്പുട്നിക്കുകള്‍ നിര്‍മ്മിക്കുന്ന രാജ്യം ആണികള്‍ ഉണ്ടാക്കാന്‍ മറന്നുപോകുന്നത് എന്തുകൊണ്ട്” എന്ന്. ഇതാണ് സ്റ്റേറ്റ് സോഷ്യലിസത്തിലെ വിഭാവാസൂത്രണതിന്റെ പ്രശ്നവും. തൊണ്ണൂറുകളില്‍ ഞാന്‍ വായിക്കുകയും റിവ്യൂ ചെയുകയും ചെയ്ത ഒരു പുസ്തകമാണ് 21st Century Capitalism (Robert Heilbroner, 1993). ഇക്കാര്യമാണ് ആ പുസ്തകത്തില്‍ കൈകാര്യം ചെയ്യുന്ന ഒരു സവിശേഷ വിഷയം. അപ്പോൾ ഡിസയർ, വസ്തുവിനോടുള്ള (മുതലാളിത്തത്തില്‍ കമ്മോഡിറ്റി) ഡിസയർ, നീഡ്സ് അണ്ലിമിറ്റഡ് ആയിരിക്കുകയും അത് തൃപ്തിപ്പെടുത്താനുള്ള നമ്മുടെ ത്വര അധികമായിരിക്കുകയും ചെയ്യുന്നിടത്തോളം ഏതുതരത്തിലുള്ള ഉല്പാദനരീതി വന്നാലും അടിസ്ഥാനപരമായി പ്രകൃതിയോടുള്ള നമ്മുടെ ബന്ധം മാറുന്നില്ല. അതാണ് ഇക്കോളജിക്കൽ സെൻസിൽ നാം കാണേണ്ട ഒരു കാര്യം. ഉല്പാദനരീതി എന്ന സൈദ്ധാന്തിക സങ്കല്‍പ്പനം കയ്യിലുള്ളപ്പോൾപ്പോലും, അത് പലതരത്തിൽ ഉപയോഗിക്കാവുന്ന പരിപ്രേക്ഷ്യമാണെങ്കിൽപ്പോലും, അതിന്റെ ഘടനയിലെ സാമ്പത്തികബന്ധത്തെയല്ലാതെ, അതിലെ മനുഷ്യ-പ്രകൃതിബന്ധത്തെ, ആ പരികല്‍പ്പനയുടെ ഉള്ളില്‍ നിന്നുകൊണ്ട്, അതിന്റെ ജ്ഞാനശാസ്ത്രം ഉപയോഗിച്ച്, മാർക്സിസം സൈദ്ധാന്തികമായി കൈകാര്യം ചെയ്യുന്നില്ല. ഇതിലേക്ക് തിരിച്ചുവരാമോ എന്നാണ് ആന്ദ്രേഗോർസും മറ്റുള്ളവരും പൊളിറ്റിക്കൽ ഇക്കോളജിയിൽക്കൂടി അന്വേഷിക്കുന്നത്. ന്യൂ ലെഫ്റ്റ് റിവ്യൂവില്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ എഴുതിയ ഒരു ലേഖനത്തില്‍ ആന്ദ്രെ ഗോര്‍സ് വളരെ കൃത്യമായിത്തന്നെ ഒരു കാര്യം പറയുന്നുണ്ട്: “Political ecology … uses ecologically necessary changes to the mode of production and consumption as a lever for normatively desirable changes in the mode of life and in social relations. Defence of the living environment in the ecological sense, and the reconstitution of a life-world, condition and support one another. Both require life and the living environment to be withdrawn from the domination of economics; both require the growth of spheres of activity to which economic rationality does not apply. This requirement, in truth, is as old as civilization. From the anonymous Ricardoite whose 1821 pamphlet Marx so enjoyed quoting to Keynes and Leontieff, the leading theoreticians of modern economics have all held disposable time for activities ‘valued as an end in themselves’ (die sich als Selbstzweck gilt, in Marx’s term from the Grundrisse) to be ‘the true measure of wealth’.”. അതായത് മുതലാളിത്തത്തിന്റെ സാമ്പത്തികയുക്തിയെ മറികടക്കാന്‍ കഴിയാത്ത ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ പ്രകൃതിയുമായുള്ള ബന്ധത്തെ പുനര്‍നിര്‍വചിക്കുന്നില്ല എന്നതാണ് കേന്ദ്രപ്രശ്നം. Ecologica (2008) എന്ന പുസ്തകത്തില്‍ ഗോർസ് മുതലാളിത്ത വളര്‍ച്ചയെക്കുറിച്ചു പറയുന്നത് ശ്രദ്ധേയമാണ്- “…for capitalism, growth is a systemic necessity that is totally independent of – and indifferent to – the material reality of what is growing” എന്ന്. ഇതാണ് “നിലനിന്ന” സോഷ്യലിസത്തിലും സംഭവിച്ചുകൊണ്ടിരുന്നത്.
(തുടരും)
കടപ്പാട് : കേരളീയം മാസിക

