രാഹുൽ ഗാന്ധിയും കാമനയുടെ രാഷ്ട്രീയവും

രാഹുൽ ഗാന്ധിയും കാമനയുടെ രാഷ്ട്രീയവും

രാഹുൽ ഗാന്ധിയുടെ മാറിവരുന്ന രാഷ്ട്രീയത്തെ ‘കാമനയുടെ രാഷ്ട്രീയം’ എന്ന ആശയത്തിലൂടെ കെ. വിനോദ് ചന്ദ്രൻ വിശകലനം ചെയ്യുന്നു. ഭയത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തിന് പകരം സ്നേഹം, സംവാദം, നിർഭയത്വം, നീതി, അഹിംസ എന്നിവയെ മുൻനിർത്തിയുള്ള പുതിയ രാഷ്ട്രീയസാധ്യതകളാണ് ലേഖനം പരിശോധിക്കുന്നത്.

ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റി മറിച്ച യുവജനപ്രക്ഷോഭം ധർമ്മേന്ദ്ര പ്രധാന്റെ രാജിയോടെ സമാപിച്ചു. വിജയാഘോഷം നടത്തി വിദ്യാർഥി യുവജനങ്ങൾ പിരിഞ്ഞു പോയി. മോദി ഭരണകൂടത്തെ കിടിലം കൊള്ളിച്ചു കൊണ്ട്, രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിക്കൊണ്ട് പ്രക്ഷോഭത്തിന്റെ സുനാമി പിൻവലിഞ്ഞു. പ്രകമ്പനങ്ങൾ കെട്ടടങ്ങി. എന്നാൽ പ്രക്ഷോഭം അവസാനിക്കുന്നില്ലെന്നും അത് തീക്ഷ്ണതയാർജ്ജിച്ചു കൊണ്ട് മറ്റൊരു ദിശയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും രാഹുൽഗാന്ധി നടത്തുന്ന തുടർസമരങ്ങൾ സൂചിപ്പിക്കുന്നു.

പന്ത്രണ്ട് കൊല്ലക്കാലമായി മോദി ഭരണം സൃഷ്ടിച്ച ഭീതിയുടെയും വെറുപ്പിന്റെയും തമോപടലത്തെ ഭേദിക്കുവാൻ പ്രക്ഷോഭത്തിനു സാധിച്ചു. ജാതിമതകക്ഷി ഭേദങ്ങൾക്കപ്പുറം പോവുന്ന പ്രതിരോധധീരമായ ഒരു പുത്തൻ കർതൃത്വത്തിനു പിറവി നൽകി പ്രക്ഷോഭ “സംഭവം”. “സംഭവ”ശക്തികളും “സംഭവ”വിരുദ്ധശക്തികളും എന്നിങ്ങനെ ഇന്ത്യൻ രാഷ്ട്രീയം, സമൂഹം, ധ്രുവീകരിക്കപ്പെട്ടു.

പാറ്റ പ്രക്ഷോഭത്തെ ഒരു രാഷ്ട്രീയ “സംഭവ”മായാണ് ഞാൻ കാണുന്നത്. സംഭവങ്ങൾ ആവിർഭവിക്കുന്നത് ജനതാകാമനയുടെ വിസ്ഫോടനങ്ങളിലൂടെയാണെന്നും ഞാൻ കരുതുന്നു (“യുവജന പ്രക്ഷോഭത്തിന്റെ സംഭവമാനങ്ങൾ’, കെ.വിനോദ് ചന്ദ്രൻ, Panthi Magazine, August 17, 2026). ഭവശാസ്ത്രപരമായി പറഞ്ഞാൽ സംഭവം ഒരു “ആയിത്തീരൽ” പ്രക്രിയയാണ് (becoming). സംഭവം കർതൃത്വത്തെ സൃഷ്ടിക്കുന്നത് ആത്മരൂപാന്തരണങ്ങളിലൂടെയാണ്. പ്രക്ഷോഭകനും പാറ്റയും തമ്മിലുള്ള സംരചനകളിലൂടെ, കണികാപരമായ രൂപാന്തരണങ്ങളിലൂടെ “ആയിത്തീരലുകളുടെ” (“becomings” in Deleuzean terms) പരമ്പരകളിലൂടെ, പാറ്റയായും പൂമ്പാറ്റയായും പറവയായും കാറ്റായും പ്രവാഹമായും, ചുഴിയായും ചുഴലിയായും മാറുന്ന കാമനാവിഷ്കാരങ്ങളിലൂടെയാണ് ഈ കർതൃരൂപാന്തരണം ഇന്ത്യയിൽ സംഭവിച്ചത്.

പ്രക്ഷോഭഗതിയിൽ സുപ്രധാനമായ മുന്നേറ്റം ഉണ്ടാകുന്നത് രാഹുൽഗാന്ധിയുടെ രംഗപ്രവേശനത്തോടെയാണ്. യുവജനപ്രക്ഷോഭം “സംഭവാ”കാരം നേടുന്നതും വിജയത്തിലേക്ക് കുതിക്കുന്നതും മോദിയുടെ വസതിയിലേക്ക് രാഹുൽ ഗാന്ധി നടത്തിയ മിന്നൽ പ്രകടനത്തോടെയാണ്.

പ്രക്ഷോഭത്തിന്റെ സമാപനത്തോടെ “സംഭവം” താൽക്കാലികമായി അസ്തമിച്ചു. എങ്കിലും പ്രക്ഷോഭത്തിന്റെ ഒരു ധാര, സംഭവത്തിന്റെ ഒരു പ്രവാഹം, പിൻവാങ്ങാതെ ഒഴുകിക്കൊണ്ടിരുന്നു. സംഭവത്തിന്റെ കനലുകളൂതിജ്വലിപ്പിച്ചു കൊണ്ട്, പ്രക്ഷോഭത്തിന്റെ ദിശയെ, മോദിയിലേക്കും അമിതഷായിലേക്കും ആർ എസ്സ്.എസ്സിലേക്കും തിരിച്ചു വിട്ടു കൊണ്ട് രാഹുൽ നടത്തിയ രാഷ്ട്രീയ പ്രത്യാക്രമണങ്ങൾ സൂചിപ്പിക്കുന്നതെന്താണ്? സംഭവത്തിന്റെ ഒരു ഘട്ടം സമാപിച്ചെങ്കിലും അതിന്റെ അന്തർധാരകൾ പുതിയ ദിശകളിലേക്ക്, വിതാനങ്ങളിലേക്ക് കുതികൊള്ളുകയാണെന്നല്ലേ? പ്രക്ഷോഭത്തെ “സംഭവ”ത്തിന്റെ (event) ദിശയിലേക്ക് നയിച്ച് കൊണ്ട് കാമനാപ്രവാഹങ്ങളെ ഏകോപിപ്പിച്ചു മറ്റൊരു “സംഭവത്തിനു” കോപ്പുകൂട്ടുകയാണോ രാഹുൽ എന്ന നവകർതൃത്വം? പ്രക്ഷോഭത്തിന്റെ “സംഭവത്തെ”, “സംഭവത്തി”ന്റെ രാഷ്ട്രീയമായി (evental politics) പരിവർത്തിപ്പിച്ചു കൊണ്ട്, ഇന്ത്യൻ രാഷ്ട്രീയത്തിൽ വിപ്ലവകരമായ ഒരു ദിശാമാറ്റം സൃഷ്ടിക്കുകയാണ് രാഹുലിന്റെ രാഷ്ട്രീയം.

സർജിക്കൽ സ്ട്രൈക്കുകൾ

യുവജനങ്ങൾ പിരിഞ്ഞു പോയെങ്കിലും പ്രക്ഷോഭം നിർത്താൻ രാഹുൽ തയാറായില്ല. പാർലമെന്റിനകത്തേയ്ക്കും പിന്നീട് പുറത്തേക്കും പ്രക്ഷോഭത്തെ വ്യാപിപ്പിക്കുവാനുള്ള രാഷ്ട്രീയമായ നീക്കങ്ങളിലാണ് രാഹുൽ ഏർപ്പെട്ടത്. ഗാന്ധിയൻ സമരമുറകളായ അഹിംസയേയും സത്യാഗ്രഹത്തെയും കാമനാപരമായ രാഷ്ട്രീയപ്രക്രിയകളുമായി സംയോജിപ്പിച്ച്, ഇന്ത്യൻ രാഷ്ട്രീയത്തെ ഇളയീകരിക്കുന്ന (minorisation) നവീനമായ ഒരു സമരമുറ ആവിഷ്കരിക്കപ്പെട്ടു.

Rahul Gandhi during the protest outside the Prime Minister's residence in New Delhi on July 21, 2026.
2026 ജൂലൈ 21-ന് ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് പ്രതിഷേധിക്കുന്ന രാഹുൽ ഗാന്ധി.

“സംഭവം” തുറന്നു വിട്ട പുത്തൻ സാധ്യതകളെ, സംഭവത്തിന്റെ പ്രത്യാഘാതങ്ങളെ, സംഭവസത്യവുമായി ഇണക്കിക്കൊണ്ട് മോദി ഭരണകൂടത്തിനെതിരായുള്ള ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നൽകുകയാണ് ജൂലൈ 29 മുതൽ രാഹുൽ ചെയ്യുന്നത്. രാഷ്ട്രീയ സംവേദ്യതയിലും സമരശൈലികളിലും പ്രയോഗരൂപങ്ങളിലും വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു പ്രക്ഷോഭ “സംഭവം”. സംഭവവൽക്കരിക്കപ്പെട്ട അത്തരമൊരു രാഷ്ട്രീയ പ്രയോഗമാണ് രാഹുൽ ആവിഷ്ക്കരിച്ച കൗണ്ടർസർജിക്കൽ സ്ട്രൈക്ക്. സംഭവത്തിന്റെ സ്ഫോടനാത്മകതയും അപ്രതീക്ഷിത്വവും നാടകീയമായി ആവാഹിക്കപ്പെട്ട, സംഭവത്താൽ മുദ്രിതമായ ഒരു തീക്ഷ്ണസമരപ്രയോഗം. യുവജനപ്രക്ഷോഭകാലത്തും പ്രക്ഷോഭാനന്തരകാലത്തുമായി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയ, മോദിയുടെ സയണിസ്റ്റ് ഭരണകൂടത്തിനുമേൽ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വിജയം കുറിച്ച, മൂന്നു സർജിക്കൽ സ്ട്രൈക്കുകൾ രാഹുൽ ഗാന്ധി ഇതിനകം നടത്തി. ആദ്യത്തേത്, ജൂലൈ ഇരുപത്തൊന്നിൽ മോദിയുടെ വസതിയിലേക്ക് നടത്തിയ മിന്നൽ പ്രകടനം. യുവജനസമരത്തെ മോദിഭരണകൂടത്തിനെതിരായുള്ള രാഷ്ട്രീയ പ്രക്ഷോഭമായി തിരിച്ചുവിട്ട, പ്രക്ഷോഭത്തെ വിജയ പര്യവസാനിയാക്കിയ ഒരു മാസ്റ്റർ സ്ട്രോക്ക്. പോലീസ്സുകാരുമായുള്ള ഏറ്റുമുട്ടലിനിടെ രാഹുൽ നടത്തിയ ഐറോണിക്കൽ ആയ പ്രസ്താവം ഒരു സംഭവവാക്യമായി വേണം കാണാൻ (evental statement): “ഇവിടെ ഇന്ത്യൻ ജനാധിപത്യം സംഭവിക്കുകയാണ്”. സംഭവത്താൽ രൂപാന്തരീകരിക്കപ്പെട്ട പുതിയ കർതൃത്വത്തിന്റെ ശബ്ദമായിരുന്നു അത്.

രണ്ടാമത്തേത്, പ്രക്ഷോഭം സമാപിച്ചതിനു ശേഷം ജൂലൈ 29 മുതൽ പാർലമെന്റിനുള്ളിൽ നടത്തിയ മിന്നൽ പ്രതിഷേധം. ലോകസഭയിൽ രാഹുൽഗാന്ധി (29 ജൂലൈ) നടത്തിയ പ്രസംഗവും വൈകുന്നേരത്തെ പത്രസമ്മേളനവും തുടർന്നുള്ള നീക്കങ്ങളും രണ്ടാമത്തെ സർജിക്കൽ സ്ട്രൈക്കിനെ അടയാളപ്പെടുത്തുന്നു. ഹിംസാരഹിതവും എന്നാൽ മർമ്മഭേദിയുമായ മറ്റൊരു മിന്നൽ സമരം.

ധർമ്മേന്ദ്രപ്രധാന്റെ രാജിയോടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്നും പരീക്ഷാ പേപ്പർച്ചോർച്ചയുടെ ഉത്തരവാദിത്വത്തിൽ നിന്ന് മോദിക്കും അമിത്ഷായ്ക്കും പിന്തിരിയാനാവില്ലെന്നും രാഹുൽ സഭയിൽ വ്യക്തമാക്കി. യുവാക്കളെ ആക്രമിക്കുവാൻ അനുമതി നൽകിയ അമിത് ഷാ മറുപടി പറയുന്നതു വരെ പാർലമെന്റ് സ്തംഭിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. വിദ്യാർഥികൾ നിർത്തിവച്ച പ്രക്ഷോഭത്തെ പ്രതിപക്ഷരാഷ്ട്രീയ പ്രസ്ഥാനം ഏറ്റെടുക്കുന്നു എന്ന സന്ദേശമാണ് ഇത് ജനങ്ങൾക്കു നൽകിയത്.

നൈതികവും ജനാധിപത്യപരവുമായ ഒരൊറ്റ ചോദ്യമുനയിൽ മോദിയേയും അമിത് ഷായെയും പ്രതിരോധത്തിലാക്കുവാനും അവരെ പാർലമെന്റിനു വെളിയിൽ തളച്ചിടുവാനും രാഹുൽ ഗാന്ധിക്കു കഴിഞ്ഞു. നീതിയുടെയും ഭരണഘടനയുടെയും സത്തയിൽ നിന്നു വരുന്ന, ബയണറ്റിനെക്കാൾ മൂർച്ചയുള്ള ചോദ്യം: “വിദ്യാർത്ഥികൾക്കെതിരെ പെല്ലറ്റു ഗണ്ണുപയോഗിക്കാൻ ഉത്തരവിട്ടതാര്”. ഇത് ഒരു ചോദ്യം മാത്രമായിരുന്നില്ല ഒരു സംഭവവാക്യം, അല്ലെങ്കിൽ ഒരു ആജ്ഞാവാക്യം (order word) കൂടിയായിരുന്നു. ഈ ചോദ്യത്തിനെന്തുത്തരം പറഞ്ഞാലും അമിത് ഷാ അപകടത്തിലാവും. താനാണ് ഉത്തരവു നൽകിയതെന്ന് അമിത്ഷാ പറഞ്ഞാൽ അയാൾ ഭരണഘടനാപരമായി കുറ്റമേൽക്കേണ്ടി വരും. അമിത്ഷാ അറിയാതെയാണ് ഉത്തരവു നൽകപ്പെട്ടതെങ്കിൽ അയാൾ ഭരണത്തിൽ തുടരാൻ യോഗ്യനല്ല എന്നും വരും. എന്തുത്തരം നൽകിയാലും അമിത്ഷാ പുറത്തു പോകണമെന്നർത്ഥം. ഇതായിരുന്നു ചോദ്യത്തിലെ പൂട്ട്. ഈ ചോദ്യത്തെ ഭയന്ന് പാർലമെന്റിന്റെ സമാപനദിനം വരെ സഭയിൽ പങ്കെടുക്കാതെ ഒളിച്ചു നടക്കുകയായിരുന്നു അധൃഷ്യരെന്ന് കരുതപ്പെട്ട മോദിയും അമിത്ഷായും.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിൽ എത്തിച്ചേരാത്തത് ഭീരുത്വം കൊണ്ടാണെന്നും ഇന്ത്യയിൽ വിദ്യാഭ്യാസസംവിധാനം തകർന്നതിന്റെ ഉത്തരവാദിത്വം ആർ.എസ്സ്.എസ്സിനാണെന്നും രാഹുൽ പ്രസ്താവിച്ചു. പ്രസംഗം തുടരാൻ സ്പീക്കർ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് അന്ന് വൈകുന്നേരം പത്രസമ്മേളനം നടത്തി. അമിത്ഷായെ പുറത്താക്കിയേ തീരൂ എന്നും അതുവരെ പ്രതിഷേധം തുടർന്നു പോകുമെന്നും രാഹുൽ പ്രഖ്യാപിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ പ്രതിഷേധ മുദ്രാവാക്യങ്ങളും പ്രകടനങ്ങളും ശക്തമാക്കിക്കൊണ്ട് പാർലമെന്റ് സ്തംഭിപ്പിക്കുവാൻ ഇന്ത്യാസഖ്യത്തിനു കഴിഞ്ഞു. പാർലമെന്റിലെ ഓഫീസിൽ എല്ലാദിവസവും എത്തിച്ചേർന്ന അമിത് ഷാ പ്രതിപക്ഷത്തെ നേരിടാൻ ഭയന്ന് തന്റെ ഓഫീസിന്റെ മാളത്തിൽ ഒളിച്ചിരിക്കുന്ന ദയനീയചിത്രമാണ് തുടർന്നുള്ള ദിവസങ്ങളിൽ ഇന്ത്യൻ ജനത കണ്ടത്. ഭരണഘടനയുടെ ഹൃദയത്തിൽ നിന്നു വരുന്ന നിശിതവും കൃത്യവുമായ ഒറ്റച്ചോദ്യത്തിൽ ആഭ്യന്തര മന്ത്രിയെ തന്റെ ഓഫീസിൽ പൂട്ടിയിടുവാൻ രാഹുൽഗാന്ധിയ്ക്ക് കഴിഞ്ഞു. പ്രക്ഷോഭത്തിന്റെ ദിശ ഹിന്ദുത്വ ഭരണകൂടത്തിന്റെ മുഖ്യ സാരഥികളായ മോദിയിലേക്കും അമിത്ഷായിലേക്കും തിരിച്ചു വിടപ്പെട്ടു.

ഭയത്തിന്റെ രാഷ്ട്രീയത്തിലൂടെ ജനങ്ങളെ നിശ്ശബ്ദരാക്കിയ ഹിന്ദുത്വ ഭരണകൂടത്തെ ജനാധിപത്യപരവും ധാർമ്മികവുമായ ചോദ്യം ചെയ്യലിലൂടെ തിരിച്ചു ഭയപ്പെടുത്തുകയും ഹിംസാരഹിതമായി കീഴ്പ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രത്യാക്രമണതന്ത്രമായിരുന്നു അത്. യുദ്ധ രാഷ്ട്രീയത്തെ കേളീരാഷ്ട്രീയത്തിലൂടെ, കാമനാരാഷ്ട്രീയത്തിലൂടെ, പിടിച്ചു കെട്ടൽ. ആധുനിക ചരിത്രത്തിൽ അത്യപൂർവ്വമായി മാത്രം കാണാനാവുന്ന ഒരു ജനാധിപത്യ ശക്തിപ്രയോഗം. ഗാന്ധിയൻ അഹിംസയുടെയും സത്യാഗ്രഹത്തിന്റെയും ഏറ്റവും നവീനവും വിദ്ധ്വംസകവുമായ രാഷ്ട്രീയാവിഷ്കാരം. 20 ദിവസം പാർലമെന്റിൽ വരാതെ ഒളിച്ചു നടന്ന മോദിയും ഷായും പാർലമെന്റിന്റെ സമാപന ദിവസം സഭയിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും ചോദ്യങ്ങൾ വരുന്നതിനു മുമ്പേ വർഷകാല സമ്മേളനം സമാപിച്ചു.

Rahul Gandhi at Delhi's Parliament Street Police Station along with a pellet-gun victim who alleged that cops were refusing to file an FIR in the case.
പെല്ലറ്റ് ഗൺ ആക്രമണത്തിനിരയായ വിദ്യാർത്ഥിയുടെ പരാതി എഫ്‌ഐആറായി രജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിച്ചെന്ന ആരോപണത്തെ തുടർന്ന്, വിദ്യാർത്ഥിക്കൊപ്പം ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയ രാഹുൽ ഗാന്ധി.. Courtesy: Indiatoday
 

ഹിന്ദുത്വ ഭരണകൂടത്തിന്റെ യുദ്ധയന്ത്രമായ അമിത്ഷായെയും ആജ്ഞാ കേന്ദ്രമായ മോദിയെയും ജനകീയവും നൈതികവുമായ ആജ്ഞാവാക്യങ്ങൾ കൊണ്ട് ബന്ധികളാക്കുകയാണ് രാഹുൽ ഗാന്ധി ചെയ്തത്. ഭരണകൂടത്തിന്റെ ഭീഷണമായ പ്രത്യാക്രമണത്തിനും ഗൂഢ നീക്കങ്ങൾക്കും താൽകാലികമായി തടയിടുവാൻ ഈ മിന്നൽ സമരത്തിനു കഴിഞ്ഞു.

യുവജനസംവാദസദസ്സുകൾ

രാഹുൽ രൂപം കൊടുത്ത കാമനാരാഷ്ട്രീയത്തിന്റെ സർഗ്ഗോജ്ജ്വലമായ ആവിഷ്ക്കാരമായിരുന്നു യുവജനസംവാദസദസ്സുകൾ. ഇന്ത്യൻ യുവത്വത്തിന്റെ രാഷ്ട്രീയ സംവേദ്യതയെ ഉണർത്തുന്ന, കാമനയുടെ ഉൾപ്രവാഹങ്ങളെ സംയോജിപ്പിക്കുന്ന, സൂക്ഷ്മരാഷ്ട്രീയ സംരംഭമായിരുന്നു ഈ സംവാദപരമ്പരകൾ. രാജസ്ഥാനിലെ കോട്ടയിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും നടത്തിയ ചാത്രോം കീ ഗൂഞ്ച് എന്ന സംവാദപരിപാടികളുടെ തുടർച്ചയായിരുന്നു ആഗസ്റ്റ് 8 നു അലഹബാദിലെ പ്രയോഗ് രാജിൽ നടന്ന സംവാദസദസ്സ്. ആയിരക്കണക്കിനു വിദ്യാർത്ഥികളുമായി രാഹുൽ നടത്തിയ സംവാദം യുവത്വത്തിന്റെ ആഘോഷമായി. വിദ്യാർത്ഥികളെ കേൾക്കുവാനും ഇന്ത്യൻ യുവത്വം നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളിലേക്ക് ശ്രദ്ധതിരിച്ചു കൊണ്ട് അവരെ രാഷ്ട്രീയവൽക്കരിക്കാനും ‘സംഭവോ”ന്മുഖരാക്കുവാനും സംവാദം ഉപകരിച്ചു.

യുവജനപ്രക്ഷോഭത്തിന്റെ കാതലെന്തെന്ന് വെളിവാക്കുന്നതായിരുന്നു രാഹുലിന്റെ ഭാഷണങ്ങൾ. “ഈ ഇരുട്ടിലും, നിങ്ങളുടെ മാതാപിതാക്കൾക്ക് ചെയ്യാൻ കഴിയാത്തതാണ് നിങ്ങൾ ചെയ്തത്. നിങ്ങൾ നിങ്ങളുടെ ഭയത്തെ നേരിട്ടു… നിങ്ങൾ ശബ്ദമുയർത്തിയത് വെറുപ്പോടെയല്ല, മറിച്ച് സ്നേഹത്തോടെയാണ്”. വെറുപ്പിന്റെയോ അക്രമത്തിന്റെയോ വഴിതേടാതെ തങ്ങളുടെ പ്രശ്നങ്ങളെ നേരിടാൻ രാഹുൽ യുവാക്കളോട് ആവശ്യപ്പെട്ടു. “നമ്മൾ ഒരിക്കലും വെറുപ്പിന്റെയോ അക്രമത്തിന്റെയോ വഴി സ്വീകരിക്കില്ല. സ്നേഹവും അനുകമ്പയും കൊണ്ട് നമ്മൾ ഈ വ്യവസ്ഥിതിയെ മാറ്റും.” കാമനാരാഷ്ട്രീയത്തിന്റെ സൂത്രവാക്യമാണ് രാഹുൽ അവിടെ പുനർവചിച്ചത്: “വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ പീടികകൾ തുറക്കുക. സ്നേഹം കൊണ്ട് പോരാടുക”

കാമനാപരമായ ഈ രാഷ്ട്രീയ പ്രയോഗങ്ങൾ പ്രതിരോധത്തിന്റെ പുതിയ പോർമുഖങ്ങൾ തുറന്നു. ഭീതിയുടെയും വെറുപ്പിന്റെയും വിഷാണമായ ഭാവശക്തികൾക്കെതിരേയുള്ള ഭാവുകത്വയുദ്ധത്തിൽ സ്നേഹത്തിന്റെയും മൈത്രിയുടെയും സജീവഭാവശക്തികൾ മേൽക്കൈ നേടി.

പ്രതിപക്ഷ നേതാവും വിദ്യാർഥിയുവജനങ്ങളും തമ്മിലുള്ള ഹൃദയംഗമമായ ഈ സംവാദപരമ്പരകൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ സുപ്രധാനമായ ഒരു തിരിവിനെ കുറിക്കുന്നു അധികാരരാഷ്ട്രീയത്തിൽ നിന്ന് കാമനാരാഷ്ട്രീയത്തിലേക്ക്, മുതുരാഷ്ട്രീയത്തിൽ നിന്ന് ഇളം രാഷ്ട്രീയത്തിലേക്ക് (minor politics), ഏകഭാഷണ രാഷ്ട്രീയത്തിൽ നിന്ന് സംവാദാത്മക രാഷ്ട്രീയത്തിലേക്കുള്ള തിരിവ്. ഇന്ത്യൻ ജനാധിപത്യത്തെയും ഗാന്ധിയൻ സമരമുറകളായ അഹിംസയെയും സത്യാഗ്രഹത്തെയും കാമനാവൽക്കരിക്കുന്ന വിപ്ലവകരമായ രാഷ്ട്രീയ പ്രയോഗങ്ങൾക്കാണ് രാഹുൽ ഇവിടെ രൂപം കൊടുക്കുന്നത്. സംഭവസൃഷ്ടമായ നവീന ഇന്ത്യൻ കർതൃത്വത്തിന്റെ ഉജ്ജ്വലമാതൃകയായി മാറി രാഹുൽ ഗാന്ധി.

Leader of Opposition in the Lok Sabha Rahul Gandhi during the women-special ‘Chhatron Ki Goonj’ programme as part of the nationwide student outreach campaign in Pune, Maharashtra (IANS)
പൂനെയിൽ രാജ്യവ്യാപക വിദ്യാർഥി സമ്പർക്ക പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വനിതകൾക്കായുള്ള പ്രത്യേക ‘ചാത്രോം കി ഗൂഞ്ച്’ പരിപാടിയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. Courtesy: etvbharat.com

സിവിൽ സമൂഹ സംഘടനകളും ആക്റ്റിവിസ്റ്റുകളുമായും സംവാദമൊരുക്കുന്ന രചനാത്മക കോൺഗ്രസ്സിന്റെ ദേശീയ കൺവെൻഷനിൽ (ആഗസ്റ്റ് 13) ഹിന്ദുത്വത്തിനെതിരെ തങ്ങൾ തുടങ്ങിവയ്ക്കുന്ന പ്രക്ഷോഭം സ്നേഹത്തിലും സാഹോദര്യത്തിലും അഹിംസയിലും അടിയുറച്ചു നിൽക്കുന്നതാവും എന്ന് രാഹുൽ വ്യക്തമാക്കി. “നമ്മുടെ രാജ്യം വെറുപ്പിന്റേതല്ല; അത് സ്നേഹത്തിന്റേതാണ്, കരുണയുടേതാണ്, സാഹോദര്യത്തിന്റേതാണ്, അഹിംസയുടേതാണ്… ഇത് ഞങ്ങൾ എല്ലാവർക്കും തെളിയിച്ചു കൊടുക്കും..”

ആവിഷ്കാരത്തിന്റെ രാഷ്ട്രീയത്തെപ്പറ്റിയാണ് തുടർന്ന് രാഹുൽ സംസാരിച്ചത്. ആവിഷ്ക്കാര നിരോധനത്തിലൂടെയാണ് മോദി ഗവണ്മെന്റ് അധികാരം ഉറപ്പിച്ചത്. എന്നാൽ തങ്ങളാവട്ടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനായാണ് നിലകൊള്ളുന്നത്. ഭരണകൂടം ആവിഷ്കാര സ്വാതന്ത്ര്യത്തെ തടയുവാൻ ശ്രമിക്കുന്നു. എങ്കിലും ഇന്ത്യൻ ജനത സ്വന്തം ആത്മാവിനെ ആവിഷ്ക്കരിച്ചു തുടങ്ങി. യുവജനപ്രക്ഷോഭം അത്തരമൊരു സ്വാതന്ത്ര്യാവിഷ്കാരമായിരുന്നു. ആവിഷ്കാരത്തെ തടയുവാൻ ഇനിമേൽ മോദിഗവണ്മെന്റിനാവില്ല. ആർ.എസ്സ്.എസ്സിന്റെയും ബി.ജെ.പിയുടെയും പ്രതിലോമരാഷ്ട്രീയം രൂക്ഷമായി വിമർശിക്കപ്പെട്ടു. ആവിഷ്കാരത്തെ ഭയപ്പെടുന്ന സംഘികൾ അടിസ്ഥാനപരമായി വിഡ്ഡികളും ഭീരുക്കളുമാണെന്നും അവരെ ഭയപ്പെടേണ്ടതില്ലെന്നും അവർ തങ്ങളെയാണ് ഭയപ്പെടുന്നതെന്നും രാഹുൽ പ്രസ്താവിച്ചു. നിർഭയരാകുക എന്ന സന്ദേശമാണ് രാഹുൽ അവിടെ നൽകിയത്. സ്വാതന്ത്ര്യത്തിന്റെ നിരുപാധികമായ ആവിഷ്കാരമാണല്ലോ നിർഭയത്വം. രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പ്രതിരോധങ്ങളെ ഏകോപിപ്പിക്കുകയാണ് രാഹുൽ ഇവിടെ ചെയ്യുന്നത്. “അതിരാഷ്ട്രീയ”മെന്ന് പറയാവുന്ന (trans-politics) ഈ രചനാത്മകരാഷ്ട്രീയ ശൈലിയിൽ ഗാന്ധിയൻ രാഷ്ട്രീയത്തിന്റെ ചരിത്രപരമായ പിന്തുടർച്ച കാണാം.

പെല്ലെറ്റ് ഗണ്ണിന്റെ രാഷ്ട്രീയം

യുവജനപ്രക്ഷോഭത്തിൽ പങ്കെടുത്ത സാഹിൽ ലോച്ചബ് ദെൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരുന്നു. പരീക്ഷാചോർച്ചയുടെ ഇര. സാഹിൽ ലോച്ചബിനു നേരെ സി.ആർ എഫ്. സൈന്യം പെല്ലെറ്റ് ഗൺ പ്രയോഗിച്ചു. നെഞ്ചിലും, മുതുകത്തും കൈകളിലും മുഖത്തും പെല്ലറ്റുകൾ തുളച്ചു കയറി. വലത്തേ കണ്ണിനു കാഴ്ച നഷ്ടപ്പെട്ടു. ശരീരത്തിലാസകലം തുളച്ചു കയറിയ പെല്ലറ്റുകഷണങ്ങൾ ഭൂരിഭാഗവും പുറത്തെടുക്കാൻ ഡോക്ടർമാർക്കു കഴിഞ്ഞില്ല. 200 പെല്ലറ്റുകൾ ശരീരത്തിലുണ്ടായിരുന്നു. ആശുപത്രിയിൽ നിന്നു വിട്ടയച്ചശേഷം തന്റെ പരാതിയുമായി ദില്ലിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങി ആ യുവാവ്. എഫ്.ഐ.ആർ. ഇടുവാൻ പോലും പോലീസ്സ് തയാറായില്ല. ഓഗസ്റ്റ് 21 നു രാവിലെ പതിനൊന്നരയ്ക്ക് സാഹിലിനോടും സാഹിലിന്റെ അമ്മയോടുമൊപ്പം രാഹുൽ ഗാന്ധി മന്ദിർ മാർഗ് പോലീസ്സ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു പോലീസ്സ് അധികൃതരുടെ പ്രതികരണം. പാർലമെന്റ് പോലീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഡി.സി.പി. ഓഫീസിനെ സമീപിക്കുവാനവർ നിർദ്ദേശിച്ചു. പോലീസ്സുദ്യോഗസ്ഥർ കയ്യൊഴിഞ്ഞതോടെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് അവർ പോയി. പോലീസ്സുകാർ കേസ്സെടുക്കാൻ വിസമ്മതിച്ചു. എത്രദിവസമായാലും കേസെടുക്കും വരെ സ്റ്റേഷനിൽ ഇരിക്കുമെന്ന് ഡി.സി.പി. സച്ചിൻ ശർമ്മയ്ക്ക് രാഹുൽ താക്കീതു നൽകി. സന്ധ്യവരെ പോലീസ് സ്റ്റേഷനിൽ അവർ ധർണ്ണയിരുന്നു.

കോൺഗ്രസ്സ് പ്രവർത്തകർ കൂട്ടത്തോടെ വന്നു ചേർന്നു. പോലീസ്സുകാർ പരിഭ്രാന്തരായി കണ്ണീർവാതകം ഉൾപ്പെടെയുള്ള സജ്ജീകരണവുമായി ദ്രുതകർമ്മ സേന എത്തി. ആദ്യമാദ്യം എത്തിച്ചേർന്നവർ രാഹുലിനൊപ്പം കൂടി. പ്രയങ്കഗാന്ധി എത്തിയപ്പോഴും അനേകം പ്രവർത്തകർ പോലീസ്സ് സ്റ്റേഷനിലേക്ക് ഇരച്ചു കയറി. അപകടം മണത്ത പോലീസ്സുകാർ സ്റ്റേഷന്റെ വാതിലടച്ചു. പിന്നീടു വന്ന എം.പി.മാരടക്കമുള്ളവർ സ്റ്റേഷനു പുറത്തു നിന്നു. കോൺഗ്രസ്സു പ്രവർത്തകർ “രഘു പതി രാഘവ രാജാറാം’ ആലപിച്ചു. മറ്റു പലപാട്ടുകളും മുഴങ്ങി. ആവേശം മുറുകി. മോദിക്കും അമിത്ഷായ്ക്കുമെതിരേ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. പോലീസ്സ് സ്റ്റേഷന്റെ ചുമരുകളിലും റോഡിലും, സർക്കാർ ബോർഡുകളിലും “അമിത്ഷാ മൂർദ്ദാബാദ്”, “സാക്ക് അമിത്ഷാ”, “കിക്ക് അമിത്ഷാ”, എന്നവർ എഴുതിവച്ചു. നാട്ടിൽ ഭയം വിട്ടൊഴിഞ്ഞു എന്നതിന്റെ വിളംബരമായിരുന്നു അത്. അമിത്ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ദില്ലിപ്പോലീസിനെ അസ്തപ്രജ്ഞരാക്കിയ വിസ്മയകരമായ നീക്കങ്ങളായിരുന്നു രാഹുലിന്റേത്.

പോലീസ്സ് സ്റ്റേഷനിലെ ധർണ്ണ ഏഴുമണിക്കൂറോളം നീണ്ടു. ഉന്നതരുമായ ചർച്ചയ്ക്കു ശേഷം വൈകുന്നേരം അഞ്ചരയോടെ എഫ്.ഐ.ആർ. ചെയ്യുവാനുള്ള നടപടി പോലീസ്സ് തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തു നിന്നാണ് കേസ്സു ചാർജ്ജു ചെയ്യാനുള്ള ഓർഡർ വന്നത്. എഫ്.ഐ.ആർ എഴുതണമെങ്കിൽപ്പോലും ആഭ്യന്തരമന്ത്രിയുടെ ഉത്തരവു വേണമെന്ന അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നു രാഹുൽ പറഞ്ഞു. കേസ്സെടുക്കാമെന്ന രേഖാമൂലമായ ഉറപ്പു ലഭിച്ചതിനു ശേഷമാണ് സമരം അവസാനിപ്പിച്ചത്.

നീതിയിലേക്കുള്ള ആദ്യത്തെ ചുവടു വയ്പെന്നാണ് സമരവിജയത്തെ രാഹുൽ വിശേഷിപ്പിച്ചത്. “ഇന്ത്യയിലെ ഒരു പൗരനും അമ്മയ്ക്കും അഛനും വേണ്ടി നീതി മാത്രമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. അമിത്ഷായും ആഭ്യന്തര സെക്രട്ടറിയും അന്തിമാനുമതി നൽകിയ ശേഷമാണ് കേസെടുത്തത്. എഫ്.ഐ.ആർ. ആരാണ് തടഞ്ഞൂ വച്ചതെന്ന് അതിൽ നിന്ന് വ്യക്തമാകും”

പെല്ലെറ്റ് ഗൺ ഉപയോഗിക്കുവാൻ അമിത്ഷാ തന്നെയാണ് ഉത്തരവു നൽകിയതെന്നതിന്റെ പരസ്യസമ്മതമായിരുന്നു പോലീസ്സുകാരുടെ കീഴടങ്ങൽ. വിദ്യാർത്ഥികൾക്കെതിരേ പെല്ലെറ്റുപയോഗിച്ചിട്ടില്ലെന്ന പോലീസിന്റെയും മന്ത്രിമാരുടെയും വാദം നുണയാണെന്ന് അവരെക്കൊണ്ടു തന്നെ സമ്മതിപ്പിക്കുവാൻ സമരം കൊണ്ട് സാധിച്ചു.

ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും ശക്തി തെളിയിക്കുന്നതായിരുന്നു ഈ മിന്നൽ സമരം. നിയമാനുസൃതമായ ഭരണത്തെ (rule of law)വീണ്ടെടുക്കുന്ന നീതിപ്പോരാട്ടം. ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയത്തെയും മോദിഗവണ്മെന്റിന്റെ ധാർമ്മികമായ പരാജയത്തെയും പൊതുമണ്ഡലത്തിൽ പ്രദർശനം ചെയ്തു ഈ ഏറ്റുമുട്ടൽ. ഹിംസാരഹിതമായ, ഭരണഘടനാതത്വത്തിലധിഷ്ഠിതമായ, ജനാധിപത്യ സമരമുറകളെയാണ് മോദിസർക്കാർ ഭയപ്പെടുന്നതെന്ന് സമരവിജയം ബോധ്യപ്പെടുത്തി. ഗാന്ധിയൻ, അംബേദ്ക്കറിയൻ, പാരമ്പര്യങ്ങൾ ഒന്നിക്കുന്ന നവീനമായ നീതിസമരത്തിന്റെ തന്ത്രവിജയം കൂടിയായിരുന്നു ഇത്. ദേശീയഗാനത്തെ സംബന്ധിച്ച വിവാദങ്ങളിൽ നിന്ന് യഥാർത്ഥരാഷ്ട്രീയപ്രശ്നത്തിലേക്ക് ജനശ്രദ്ധ തിരിക്കുവാൻ സമരത്തിനു സാധിച്ചു. പാർലമെന്റിനുള്ളിൽ നടത്തിയ പ്രക്ഷോഭം തെരുവിലേക്ക്, ബഹുജനങ്ങളിലേക്കു വ്യാപിപ്പിക്കുകയാണെന്ന സന്ദേശമാണ് ഇത് ജനങ്ങൾക്കു നൽകിയത്. സ്ഥിരതയില്ലാത്ത നേതാവെന്ന ആക്ഷേപത്തെ പിന്തള്ളിക്കൊണ്ട്, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും സ്ഥിരപ്രത്യയനനായ രാഷ്ട്രീയ നേതാവാണ് താനെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ ഈ സമരത്തിലൂടെ രാഹുലിനു കഴിഞ്ഞു..

പൂനെയിലെ വനിതാസംവാദസദസ്സ്

‘ചാത്രോം കീ ഗുഞ്ജ്’ എന്ന വിദ്യാർഥി യുവജന സംവാദത്തിന്റെ നാലാമത്തെ സമ്മേളനം പൂനെയിലാണ് (ഓഗസ്റ്റ് 22) നടന്നത്. വിദ്യാർത്ഥിനികൾ മാത്രം പങ്കെടുത്ത സംവാദസദസ്സ്. 15000 ത്തിലധികം വിദ്യാർത്ഥിനികൾ സജീവപങ്കാളികളായി. പൂനെയുടെ അർത്ഥം പ്രേമമെന്ന് മറാത്തിയിൽ പറഞ്ഞുകൊണ്ട് രാഹുൽ സംവാദം തുടങ്ങി. “ഗേൾ പവർ’ എന്ന മുദ്രാവാക്യമെഴുതിയ ബാഡ് ജ് ധരിച്ചാണ് രാഹുലും പെൺകുട്ടികളും എത്തിച്ചേർന്നത്. പെൺകുട്ടികൾ സ്വാതന്ത്ര്യത്തോടെ തുറന്നു സംസാരിച്ചു. പൊട്ടിച്ചിരിച്ചു. പാട്ടുപാടി. ആണധികാരത്തിനെതിരേ പൊട്ടിത്തെറിച്ചു. പെൺമനസ്സിന്റെ, പെൺവീര്യത്തിന്റെ, തുറന്ന ആവിഷ്കാരമായിരുന്നു അത്.

രാഷ്ട്രീയ പ്രസംഗങ്ങൾ നടത്താനോ ഉപദേശങ്ങൾ നൽകാനോ അല്ല, പുതുതലമുറയുടെ ആശയങ്ങളും ചിന്തകളും കേൾക്കാനാണ് താനെത്തിയതെന്ന് രാഹുൽ തുടക്കത്തിലേ പറഞ്ഞു. വിദ്യാർഥിനികൾ തങ്ങളുടെ ജീവൽപ്രശ്നങ്ങൾ വേദിയിൽ അവതരിപ്പിച്ചു. സംവാദരൂപത്തിലായിരുന്നു രാഹുലിന്റെ പ്രഭാഷണം. ഇന്ത്യയിലെ 70 കോടി പുരുഷന്മാരെക്കാൾ പ്രധാനമാണ് ഇന്ത്യയിലെ 70 കോടി സ്ത്രീകൾ എന്ന് സ്ത്രീശക്തിയെ രാഹുൽ ശ്ലാഘിച്ചു. പുരുഷന്മാരെക്കാൾ സഹനശേഷിയും ദീർഘവീക്ഷണവും കരുണയും സ്ത്രീകളുടെ സവിശേഷതയായി രാഹുൽ ഉയർത്തിക്കാട്ടി. സ്ത്രീകളോട് വിവേചനം കാട്ടുന്ന മനുസ്മൃതിയുടെ തിരിച്ചുവരവിനു കാരണക്കാർ ആർ.എസ്സ്.എസ്സും ബി.ജെ.പിയുമാണെന്ന് കുറ്റപ്പെടുത്തി.

ജന്തർമന്തറിലെ പ്രക്ഷോഭത്തിൽ പെൺകുട്ടികൾ ഉപയോഗിച്ച അസഭ്യ ഭാഷ തന്നെ ഞെട്ടിപ്പിച്ചു എന്ന മോദി പറയുന്ന വീഡിയോക്ലിപ്പ് വേദിയിൽ അവതരിപ്പിച്ചു. ആൺകുട്ടികളും അസഭ്യഭാഷ ഉപയോഗിച്ചുവെങ്കിലും തനിക്ക് സാംസ്കാരിക ആഘാതം സൃഷ്ടിച്ചത് പെൺകുട്ടിയുടെ വാക്കുകളാണെന്നായിരുന്നു മോദിയുടെ പ്രസ്താവം പുരുഷമേധാവിത്വത്തിന്റെ ദൃഷ്ടാന്തമായി ഈ പ്രസ്താവത്തെ രാഹുൽ എടുത്തുകാട്ടി.

നാനാതരത്തിലുള്ള ഹിംസയിലൂടെയാണ് പുരുഷാധിപത്യ സമൂഹം ഇന്ത്യൻസ്ത്രീകൾക്കു മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നത് എന്ന് രാഹുൽ വിശദീകരിച്ചു. നേരിട്ടുള്ള ശാരീരികമായ അക്രമങ്ങളോടൊപ്പം, അവസരങ്ങളുടെ തലത്തിലും സാമ്പത്തിക തലത്തിലും ഹിംസ പ്രയോഗിക്കപ്പെടുന്നുണ്ട്. “പുരുഷാധിപത്യത്തെ തകർക്കുക” എന്നതായിരുന്നു രാഹുലിന്റെ ആഹ്വാനം. ഹിന്ദുത്വ യാഥാസ്ഥിതികത്വത്തിന്റെ കോട്ടയായ പൂനെയിൽ നിന്നുകൊണ്ടാണ് പുരോഗമനപരമായ ഈ സന്ദേശം യുവതികൾക്ക് നൽകുന്നതെന്നതും ശ്രദ്ധേയമായിരുന്നു.

“മനുസ്മൃതി ചിന്താഗതി’യെ രാഹുൽ ആക്രമിച്ചു. ഒരു സ്ത്രീ അവളുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പുരുഷന്മാരായ ബന്ധുക്കളുടെ നിയന്ത്രണത്തിലായിരിക്കണം എന്ന മനുസ്മൃതിയിലെ നിർദ്ദേശം ലജ്ജാകരമെന്ന് അധിക്ഷേപിച്ചു. സ്ത്രീകൾ അവർക്കുമാത്രം അവകാശപ്പെട്ടവരാണെന്നും അവരുടെ പിതാക്കന്മാർക്കോ, ഭർത്താക്കന്മാർക്കോ, മക്കൾക്കോ വേണ്ടി മാത്രമുള്ളവരല്ലെന്നും പ്രസ്താവിച്ചു. സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞ്, അടിച്ചേൽപ്പിക്കലുകളുടെ ചട്ടക്കൂടുകൾ പൊട്ടിച്ചെറിഞ്ഞ് സ്വന്തം കഴിവുകളിൽ വിശ്വസിച്ച് മുന്നേറുവാൻ സ്ത്രീകളോടാഹ്വാനം ചെയ്തു. “ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി ഇവിടുത്തെ സ്ത്രീകളുടെ “70 കോടി സവിശേഷമായ യാത്രകളും, സവിശേഷമായ ഭാവനകളും, സവിശേഷമായ സ്വപ്നങ്ങളുമാണ്”. പെൺകാമനയുടെ രാഷ്ട്രീയപരമായ ഉണർത്തുപാട്ടായി ഈ ഹൃദയ സംവാദങ്ങൾ.

“പെൺകുട്ടികളെ കൂട്ടിലിട്ടു വളർത്തുന്ന, വിവേചനം കാട്ടുന്ന, അടിച്ചമർത്തുന്ന ഒരു ഹിന്ദുസ്ഥാനല്ല നമുക്ക് വേണ്ടത്”. സ്ത്രീകളും പെൺകുട്ടികളുമാണ് ഇന്ത്യയുടെ ശക്തിയും അടിത്തറയും ഭാവിയും. “പുരുഷാധിപത്യം നിങ്ങളെ അടിച്ചമർത്തുന്നു, ഭയപ്പെടുത്തുന്നു, ഭീഷണിപ്പെടുത്തുന്നു, നിയന്ത്രിക്കുന്നു” “നമുക്ക് ഒത്തൊരുമിച്ച് പുരുഷാധിപത്യത്തെ തകർത്തെറിയാം”.! …“ഉറക്കെ പറയൂ, അഭിമാനത്തോടെ നിൽക്കൂ”, സമൂഹത്തിൽ നിങ്ങളുടെ സ്വന്തം ഇടത്തിനായി പോരാടൂ,” അവ ഉപദേശങ്ങളായിരുന്നില്ല. അനുമന്ത്രണങ്ങളായിരുന്നു..

ഹിന്ദുത്വത്തിന്റെ അധികാരസ്വരൂപം

ഹിന്ദുത്വത്തിന്റെ അധികാരസ്വരൂപമെന്താണ്? ഈ ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്താൻ ഇന്ത്യയിലെ പ്രതിരോധപ്രസ്ഥാനങ്ങൾക്കോ രാഷ്ട്രീയ ചിന്തകർക്കോ, ചരിത്രകാരന്മാർക്കോ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. ഹിന്ദുത്വത്തിനെതിരായുള്ള പ്രതിരോധശ്രമങ്ങളെ ദുർബ്ബലമാക്കുന്നത് ഈയൊരു പോരായ്മയാണെന്ന് ഞാൻ കരുതുന്നു. ഹിന്ദുത്വ വാഴ്ചയെ ഇന്ത്യൻ ജനാധിപത്യത്തിൽ സംഭവിച്ച ഒരു ആകസ്മികവ്യതിയാനമോ അപഭ്രംശമോ ആയാണ് ഇന്ത്യയിലെ രാഷ്ട്രീയ ചിന്തകരും ജനാധിപത്യവാദികളും നോക്കിക്കണ്ടത്. ഒരു ഫാസിസ്റ്റ് അപഭ്രംശം എന്ന നിലയിൽ.

ഹിന്ദുത്വത്തിന്റെ ഫാസിസ്റ്റ് പൈതൃകത്തിലും നാസിസ്റ്റ് സ്വഭാവത്തിലുമാണ് പ്രതിരോധ ചിന്തകർ കേന്ദ്രീകരിച്ചത്. എന്നാൽ ഹിന്ദുത്വം സയണീകരിക്കപ്പെട്ട ഹിന്ദുമതമാണെന്നും ഹിന്ദുത്വഭരണകൂടം അടിസ്ഥാനപരമായും ഒരു സയണിസ്റ്റ് അധിനിവേശവാഴ്ചയാണെന്നുമുള്ള തിരിച്ചറിവാണ് സമകാല രാഷ്ട്രീയം നമുക്ക് നൽകുന്നത്. അമേരിക്കയോടും ഇസ്രയേലിനോടും വിധേയത്വം പുലർത്തുന്ന ഒരു കോർപ്പറേറ്റ് സയണിസ്റ്റ് വംശാധിപത്യ ഭരണകൂടം. ഫാസിസം എന്ന ലളിത നിർവ്വചനം ഹിന്ദുത്വത്തിന്റെ അധിനിവേശസ്വഭാവത്തെയും, സയണിസവുമായുള്ള അതിന്റെ ചങ്ങാത്തത്തെയും മറച്ചുവയ്ക്കാനേ ഉപകരിച്ചുള്ളൂ. എന്നാൽ ഫാസിസത്തിന്റെയും ചരിത്രപരമായ മ്യൂട്ടേഷനായി വേണം സയണിസത്തെ കാണാൻ. ഫാസിസത്തെയും കടത്തിവെട്ടുന്ന, കൂടുതൽ പൈശാചികമായ ആഗോള, ആഭ്യന്തര, അധിനിവേശ വാഴ്ച.

ബ്രിട്ടീഷു കൊളോണിയലിസത്തെക്കാൾ ക്രൂരവും നീചവുമായ ഒരു സയണിസ്റ്റ് വംശാധിനിവേശ ശക്തിയെയാണ് ഇന്ത്യൻ ജനത ഇന്ന് നേരിടുന്നതെന്നർഥം. ഇത്തരം ഒരു പൈശാചിക ശക്തിയെ ജനാധിപത്യപരവും ഹിംസാരഹിതവുമായ പ്രക്ഷോഭത്തിലൂടെ താത്കാലികമായി മുട്ടുകുത്തിക്കുവാൻ കഴിഞ്ഞു എന്നതാണ് യുവജനപ്രക്ഷോഭത്തിന്റെയും രാഹുൽഗാന്ധി തുടർന്നു വരുന്ന രാഷ്ട്രീയ പ്രക്ഷോഭത്തിന്റെയും “സംഭവത്വം”. എന്നാൽ താൽക്കാലികമായ പിൻവലിയലിനു ശേഷം കൂടുതൽ ശക്തമായ പ്രത്യാക്രമണത്തിനു കോപ്പുകൂട്ടുകയാണ് മോദി സർക്കാർ എന്ന തിരിച്ചറിവ് ജെൻസി പ്രക്ഷോഭകർക്കോ പ്രക്ഷോഭാനുഭാവികൾക്കോ ഇനിയും കൈവന്നതായി തോന്നുന്നില്ല.

രാഷ്ട്രീയ പ്രേമാഖ്യാനം (political romance)

രാഹുൽഗാന്ധിയുടെ കാമനാരാഷ്ട്രീയത്തിന്റെ വിജയം സുപ്രധാനമാകുന്നത് ഇത്തരമൊരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ്. ഭീതിയെയും വെറുപ്പിനെയും ഉൽപാദിപ്പിക്കുന്ന ഹിന്ദുത്വ സയണിസ്റ്റ് ആഖ്യാനങ്ങളെ തകർത്തു കൊണ്ട് ആഖ്യാനയുദ്ധത്തിൽ വിജയം നേടാൻ പ്രേമത്തിനും മൈത്രിക്കും ഐക്യത്തിനും സ്വപ്നത്തിനും നീതിയ്ക്കും പ്രാധാന്യം കൊടുക്കുന്ന രാഹുലിന്റെ പ്രേമാഖ്യാനങ്ങൾക്കു കഴിഞ്ഞു. ഭാരത് ജോഡോ യാത്രമുതൽ രാഹുൽ ഉയർത്തിപ്പിടിച്ചത് കാമനാ രാഷ്ട്രീയത്തിന്റെ സന്ദേശങ്ങളാണ്. “വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ പീടികകൾ തുറക്കുക” എന്ന ആഹ്വാനം രാഹുൽ ഇന്ത്യൻ ജനതയ്ക്ക് നൽകിയ പ്രേമമന്ത്രമായിരുന്നു. ആശയങ്ങളുടെ തലത്തിലേക്ക്, സംവാദങ്ങളുടെ തലത്തിലേക്ക്, ഗാന്ധിയ്ക്കും നെഹൃവിനും ശേഷം ഇന്ത്യൻ രാഷ്ട്രീയത്തെ ഉയർത്തിക്കൊണ്ടുവരുന്ന ഒരു നവരാഷ്ട്രീയ നേതാവിന്റെ ഉദയമായിരുന്നു അത്.

ആഖ്യാനയുദ്ധത്തിൽ മാത്രമല്ല ഭാവശക്തികളുടെ പോരാട്ടത്തിലും ഭാവുകത്വത്തിന്റെയും സംവേദ്യതയുടെയും (sensitivity) സൂക്ഷ്മരാഷ്ട്രീയ പ്രയോഗങ്ങളുടെയും മണ്ഡലത്തിലും ഹിന്ദുത്വത്തെ വെല്ലാൻ കാമനയുടെ ഈ രാഷ്ട്രീയാഖ്യാനത്തിനു കഴിഞ്ഞു. ഒരു ചരിത്ര-രാഷ്ട്രീയ റൊമാൻസായി വേണം ഈ രാഷ്ട്രീയഭാവുകത്വത്തെ കാണുവാൻ. രാഷ്ട്രീയത്തെ, പ്രതിരോധത്തെ, വീരപ്രണയാഖ്യാനമാക്കി മാറ്റുന്നു രാഹുലിന്റെ നവ രാഷ്ട്രീയം. ജനകീയമായ ഉദാത്തത്തെയാണ് അത് സൃഷ്ടിക്കുന്നത്. കക്ഷി രാഷ്ട്രീയത്തിന്റെയും അധികാര പ്രയോഗങ്ങളുടെയും പ്രത്യയശാസ്ത്രത്തിന്റെയും അധോമണ്ഡലത്തിൽ നിന്ന് വിമോചിപ്പിച്ച് രാഷ്ട്രീയത്തെ കാമനാവിഷ്ക്കാരമാക്കി മാറ്റൽ. ഇതാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധി സൃഷ്ടിക്കുന്ന ഉൾവിപ്ലവം.

ഗാന്ധിയുടെയും അംബേദ്ക്കറിന്റെയും നെഹ്രുവിന്റെയും ആശയങ്ങളുടെ, സമരപാരമ്പര്യങ്ങളുടെ, സാമഞ്ജസ്യമാണ് രാഹുലിന്റെ രാഷ്ട്രീയകായം. ഗാന്ധിയൻ സമരമുറകളെയും അംബേദ്ക്കറിന്റെ ജാതി വിരുദ്ധ രാഷ്ട്രീയത്തെയും കാമനാവിഷ്കാരവുമായി ബന്ധിപ്പിക്കുവാൻ രാഹുലിനു കഴിഞ്ഞു. നെഹ്രൂവിയൻ രാഷ്ട്രീയ റൊമാൻസിനെ, ഗാന്ധിയൻ സത്യാഗ്രഹവുമായും സാമൂഹ്യനീതിയ്ക്കായുള്ള സമരവുമായും ഇണക്കിക്കൊണ്ട് പുത്തൻ വിതാനങ്ങളിലേക്ക് വിസ്തൃതമാക്കുകയാണ് രാഹുൽ എന്ന രാഷ്ട്രീയ വീരപ്രണയി (political romancer).

സയണിസ്റ്റ് അധിനിവേശ ശക്തികളുമായുള്ള ഈ പോരാട്ടം ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ നടന്ന സ്വാതന്ത്ര്യസമരത്തെക്കാൾ സങ്കീർണ്ണവും വെല്ലുവിളികൾ നിറഞ്ഞതുമാണെന്ന തിരിച്ചറിവാണ് മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്ന് രാഹുലിനെ വ്യത്യസ്തനാക്കുന്നത്. എന്നാൽ ഈ തിരിച്ചറിവ് രാഹുലിനെ പിന്നോട്ടടിക്കുകയല്ല ചെയ്തത്. മറിച്ച്, ഭീതിയുടെ രാഷ്ട്രീയത്തെ തിരിച്ച് ഭയപ്പെടുത്തുന്ന, സ്നേഹത്തിലും നിർഭയത്വത്തിലും നീതിയിലും ഊന്നുന്ന ഒരു ബദൽ രാഷ്ട്രീയത്തെ നിർമ്മിക്കുകയായിരുന്നു രാഹുൽ. ഹിന്ദുത്വസയണിസ്റ്റ് യുദ്ധയന്ത്രത്തിന്റെ ആന്തരികദൗർബ്ബല്യങ്ങളും ഉൾവിള്ളലുകളും സൂക്ഷ്മമാപനം ചെയ്ത് അതിന്റെ മർമ്മകേന്ദ്രങ്ങളെ ഭേദിക്കുന്ന, കേളീസമരതന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് രാഹുൽ ചെയ്തത്. ഹിംസാപരമായ ഏറ്റുമുട്ടലുകളിൽ നിന്ന് ധാർമ്മികവും കാമനാപരവും ബൗദ്ധികവും ഭാവുകത്വപരവും ആയ മേഖലകളിലേക്ക് പോർമുഖം മാറ്റപ്പെട്ടു. ജനാധിപത്യത്തിന്റെ കേളീനിയമങ്ങൾക്കുള്ളിൽ ശത്രുവിനെ കുടുക്കിക്കൊണ്ട്, ധാർമ്മികവും ബൗദ്ധികവും മനശ്ശാസ്ത്രപരവുമായി ശത്രുവിനെ കീഴ്പ്പെടുത്തുന്ന ഹിംസാരഹിതമായ ഒരു കാമനാസമരമുറ രൂപപ്പെടുകയാണിവിടെ.

അപഹിന്ദുത്വവൽക്കരണം/അപസയണീകരണം

ഹിന്ദുത്വ സയണിസ്റ്റ് വംശീയാധിപത്യത്തിനെതിരേയുള്ള പ്രതിരോധം ആഴത്തിലുള്ള അപകോളണീകരണ പ്രക്രിയകളെ, ബഹുതല സ്വാതന്ത്ര്യ സമരങ്ങളെ, ആവശ്യപ്പെടുന്നു. രാഷ്ട്രീയവും സാംസ്കാരികവുമായ പ്രതിരോധങ്ങളെ ഏകോപ്പിച്ചു കൊണ്ട് രാഹുൽ നടത്തുന്ന നവസത്യാഗ്രഹരാഷ്ട്രീയത്തിന്റെ പ്രാധാന്യമിതാണ്. അപകോളണീകരണം എന്നാൽ ഈ സന്ദർഭത്തിൽ അപഹിന്ദുത്വവൽക്കരണമാണ്. അപഹിന്ദുത്വവൽക്കരണമെന്നാൽ അപസയണീകരണവും. സർവ്വകാമനകളെയും സംഭവങ്ങളെയും സംഹരിച്ചു കൊണ്ടുമാത്രം നിലനിൽക്കുന്ന ഒരു മരണ രാഷ്ട്രീയ യുദ്ധയന്ത്രമാണ് സയണിസം. വെറുപ്പും ഭീതിയും മരണവും ഉൽപാദിപ്പിക്കുന്ന വിഷഫാക്റ്ററികളാണ് ഹിന്ദുത്വസയണിസ്റ്റാഖ്യാനങ്ങൾ. സ്നേഹത്തിന്റെയും അലിവിന്റെയും മൈത്രികളുടെയും ഭാവശക്തികളുൽപാദിപ്പിച്ചു കൊണ്ട് രാഹുൽ നടത്തുന്ന ഈ കാമനാസമരം ആഴത്തിലുള്ള അപസയണീകരണ/ അപഹിന്ദുത്വവൽക്കരണ പ്രക്രിയകളായി വേണം കാണാൻ. ജനാധിപത്യത്തിന്റെയും പ്രതിരോധത്തിന്റെയും കാമനാവൽക്കരണത്തിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിനും ലോകരാഷ്ട്രീയത്തിനും ഒരു പുത്തൻ ദിശ നൽകുകയാണ് രാഹുൽഗാന്ധിയുടെ രാഷ്ട്രീയം. സത്യകാമനയുടെയും നീതികാമനയുടെയും, ജീവകാമനയുടെയും സമഞ്ജസമായ ആവിഷ്കാരമായി രാഷ്ട്രീയം ഉദാത്തമാക്കപ്പെടുകയാണിവിടെ.

Aazad Samaj Party Chief Chandra Shekhar Aazad along with Bhim Army workers, stages a protest against the Supreme Court's recent ruling on the sub-classification of SC/STs
എസ്‌സി/എസ്‌ടി വിഭാഗങ്ങളുടെ ഉപവർഗീകരണം സംബന്ധിച്ച സുപ്രീം കോടതിയുടെ പുതിയ വിധിക്കെതിരെ ഭീം ആർമി പ്രവർത്തകർക്കൊപ്പം ആസാദ് സമാജ് പാർട്ടി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ് പ്രതിഷേധിക്കുന്നു Courtesy: PTI

ഇന്ത്യൻ ജനതയെ ആന്തരികമായി വിഭജിച്ച, ജനകാമനയെ അടിച്ചമർത്തിയ, ദളിതർക്കും അവർണ്ണർക്കും നീതി നിഷേധിച്ച, ജാതിവ്യവസ്ഥയ്ക്കെതിരെ, സവർണ്ണ പ്രത്യയശാസ്ത്രമായ മനുസ്മൃതിക്കെതിരെ, കൂടുതൽ ശക്തമായ പോരാട്ടത്തിലേക്ക് കടക്കുകയാണ് രാഹുൽ. കോൺഗ്രസ്സ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗേ പ്രസംഗിച്ച വേദിയിൽ ബി.ജെ.പിക്കാർ ശുദ്ധിക്രിയ നടത്തിയതിനെതിരേ കേസ്സെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അടുത്ത രാഷ്ട്രീയ നീക്കം ആരംഭിച്ചു കഴിഞ്ഞു. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ബി.ജെ.പി നടത്തിയത് “തൊട്ടുകൂടായ്മ” എന്ന ക്രിമിനൽ കുറ്റമാണെന്നും പാർട്ടി അദ്ധ്യക്ഷനു നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും രാഹുൽ പ്രഖ്യാപിച്ചു. പ്രതികളായ ബി.ജെ.പി.ക്കാർക്കെതിരേ കേസ്സെടുക്കുന്നതിനു പകരം പരാതി ഉന്നയിച്ച പ്രതിപക്ഷനേതാവിനെതിരെ കേസ്സെടുക്കുകയാണ് പോലീസ്സ് ചെയ്തത്. സാമൂഹ്യ നീതിക്കു വേണ്ടിയുള്ള, ജാതിവ്യവസ്ഥയ്ക്കും ബ്രാഹ്മണാധിപത്യത്തിന്റെ നിയമ സംഹിതയായ മനുസ്മൃതിയ്ക്കുമെതിരായുള്ള, നൈതികവും പ്രതീകാത്മകവുമായ സമരങ്ങളുടെ പാതയിലേക്കാണ് രാഹുലിന്റെ രാഷ്ട്രീയം നീങ്ങുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു.

ഒരു വെറും കക്ഷിരാഷ്ട്രീയ പ്രസ്ഥാനമായി കാമനയുടെ ഈ രാഷ്ട്രീയത്തെ ചുരുക്കാനാവില്ല. കോൺഗ്രസ്സിനുള്ളിൽ ഇന്നും ഒരു ന്യൂനപക്ഷം മാത്രമാണല്ലോ രാഹുലിന്റെ രാഷ്ട്രീയത്തെ പിന്തുടരുന്നവർ. കോൺഗ്രസ്സിനെയെന്നതിനെക്കാൾ ഇന്ത്യൻ ജനതയുടെ രാഷ്ട്രീയകാമനയെയാണ് ഇന്ന് രാഹുൽ പ്രതിനിധാനം ചെയ്യുന്നത്.

പ്രതിരോധത്തിൽ നിന്ന് ഹിംസാരഹിതമായ പ്രത്യാക്രമണങ്ങളിലേക്കും, അധികാരരാഷ്ട്രീയത്തിൽ നിന്ന് കാമനാരാഷ്ട്രീയത്തിലേക്കുമുള്ള ഈ കുതിപ്പുകൾ, കുത്തൊഴുക്കുകൾ, ആസന്നമായ മറ്റൊരു സംഭവത്തിന്റെ ആദിസ്ഫോടനങ്ങളെയാണോ മുന്നറിയിക്കുന്നത്?

K Vinod Chandran

K Vinod Chandran

ജെ.എൻ.യു. വിൽ നിന്ന് 2005ൽ ചരിത്രപഠനത്തിൽ ഡോക്റ്ററേറ്റ്. സിവി.രാമൻ പിള്ളയുടെ ചരിത്രനോവലുകളെ ആധാരമാക്കി, കേരളത്തിലെ അധികാര- സ്വത്വ-കഥനങ്ങളെ സംബന്ധിച്ച അന്വേഷണമായിരുന്നു ഗവേഷണ വിഷയം. തൃശ്ശൂർ, ശ്രീകേരള വർമ്മ കോളേജിലെ ചരിത്രവിഭാഗം മേധാവിയായിരിയ്ക്കേ 2011 ൽ വിരമിച്ചു.സാഹിത്യ നിരൂപണം, സംസ്ക്കാര പഠനം, ബൗദ്ധിക ചരിത്രം, തത്വചിന്ത, എന്നീ മേഖലകളുമായി ബന്ധപ്പെട്ട് നിരവധി പ്രബന്ധങ്ങളും ലേഖനങ്ങളും ഇംഗ്ലീഷിലും മലയാളത്തിലും രചിച്ചിട്ടുണ്ട്. 2025 ജുലൈയിൽ പ്രസിദ്ധീകരിച്ച “ഗുരുനേരങ്ങൾ” എന്ന ഗ്രന്ഥം (ഫ്രീലാൻസ് ബുക്ക്സ്, തൃശ്ശൂർ) കേരളീയ നവോത്ഥാനത്തെയും നാരായണഗുരുവിന്റെ കവിതകളെയും ദർശനത്തെയും നവീനമായ ഒരു അതി-ചരിത്ര പരിപ്രേക്ഷ്യത്തിലൂടെ പുനർവിചിന്തനം ചെയ്യുന്നു.

View All Articles by K Vinod Chandran

Share Article
Whatsapp Email