കേരള ഹർത്താൽ: മാധ്യമങ്ങളും പൊതുബോധനിർമിതിയും

കേരള ഹർത്താൽ: മാധ്യമങ്ങളും പൊതുബോധനിർമിതിയും

കേരളത്തിലെ ഹർത്താലുകളും സാമൂഹികപ്രക്ഷോഭങ്ങളും മാധ്യമങ്ങൾ എങ്ങനെ ആഖ്യാനം ചെയ്യുന്നു എന്നതിനെ അധ്യാപകനും എഴുത്തുകാരനുമായ ഡോ. ഒ.കെ. സന്തോഷ് വിമർശനാത്മകമായി പരിശോധിക്കുന്നു. പ്രത്യേകിച്ച് ദലിത്-ആദിവാസി രാഷ്ട്രീയവുമായി ബന്ധപ്പെട്ട സമരങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ നടത്തുന്ന വക്രീകരണവും അത് പൊതുബോധനിർമിതിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും അദ്ദേഹം ചർച്ച ചെയ്യുന്നു.

ന്യൂ ലെഫ്റ്റ് റിവ്യുവിന്റെ സ്ഥാപകനും സംസ്കാരവിമർശകനുമായ സ്റ്റുവർട്ട് ഹാൾ ( 1932 – 2014 ), മാധ്യമങ്ങളുടെ, പ്രത്യേകിച്ച് ടെലിവിഷന്റെ ആഖ്യാന സ്വഭാവത്തെ വിശകലനം ചെയ്യുമ്പോൾ വക്രീകരണം (distortion) എന്ന പദം ഉപയോഗിക്കുന്നുണ്ട്. ചില പ്രത്യേക സാമൂഹികവിഭാഗങ്ങളെ സംബന്ധിച്ചുള്ള വാർത്തകൾ അവതരിപ്പിക്കുമ്പോൾ കൗതുകകരവും , എന്നാൽ പൊതുബോധത്തെ നെഗറ്റീവായി അവതരിപ്പിക്കുന്ന ദൃശ്യങ്ങൾക്കും ഉള്ളടക്കത്തിനും പ്രാധാന്യം നൽകി യഥാർത്ഥ സംഭവത്തെ വക്രീകരിക്കുന്നതിനെയാണ് അദ്ദേഹം സാമാന്യമായി വിശദികരിക്കാൻ ശ്രമിക്കുന്നത്. വാർത്തകളെ ദുർവ്യാഖ്യാനം ചെയ്യൽ, ദൃശ്യവിന്യാസങ്ങളിലെ ക്രിത്രിമത്വം, ഉള്ളടക്കത്തിലെ ഊന്നലുകൾ, പൊതു അഭിപ്രായത്തിലുണ്ടാക്കുന്ന ഭിന്നതകൾ തുടങ്ങി ഈ വ്യവഹാരത്തിൽ അടങ്ങിയിട്ടുള്ള പ്രവർത്തനരീതികൾ കൗതുകരവും വിമർശിക്കപ്പെടേണ്ടതുമാണെന്ന് കാണാം.

ഏപ്രിൽ 28 ന് , വിവിധ ദലിത് – ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ കേരളത്തിൽ നടത്തിയ ഹർത്താലിനെ മാധ്യമങ്ങൾ ആഖ്യാനം ചെയ്ത രീതി വക്രീകരണത്തിനും പൊതുബോധനിർമിതിയുടെ ഗുണപരമല്ലാത്ത രീതിക്കും മികച്ച മാതൃകയായി വിശദീകരിക്കാവുന്നതാണ്. വളരെ നേരത്തെ ഹർത്താൽ പൊതുമാധ്യമങ്ങളിലൂടെ അറിയിക്കുകയും കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഹർത്താലിന് പിന്തുണ അറിയിച്ചുള്ള സമ്മേളനങ്ങൾ സംഘടിപ്പിച്ചുമാണ് ദലിത് – ആദിവാസി സംഘടനകൾ ഈ പ്രക്ഷോഭരീതി സ്വീകരിച്ചത്. കേരളത്തിലാവട്ടെ പണിമുടക്കും ഹർത്താലുകളും വ്യത്യസ്ത മതങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങളും പതിവാണ്. സമീപകാലത്താണ് ദേശീയതൊഴിൽ നിയമങ്ങളിലെ പരിഷ്ക്കരണങ്ങൾക്കെതിരെ നാൽപ്പത്തിയെട്ട് മണിക്കൂർ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച് ജനജീവിതവും ഗതാഗത സംവിധാനങ്ങളും സ്തംഭിപ്പിച്ച് പ്രതിഷേധമറിയിച്ചത്. ഹർത്താൽദിനത്തെ മുൻകൂട്ടി കണ്ട് ആഘോഷപരിപാടികൾ നടത്തുന്ന പ്രത്യേക മാനസികാവസ്ഥ മലയാളിക്ക് മാത്രം അവകാശപ്പെടാവുന്നതുമാണെന്ന് തോന്നുന്നു. എന്നിരിക്കെ, ഏപ്രിൽ 28 ലെ ഹർത്താൽ ഉന്നയിച്ച പ്രശ്നങ്ങളോട് കേരളീയമുഖ്യധാരാ മാധ്യമങ്ങളും പൊതുബോധവും എത്രത്തോളം നിഷേധാത്മമായിരുന്നുവെന്ന് സംഘടിതമായ വിമർശനങ്ങളും മാധ്യമ ആഖ്യാനങ്ങളും തെളിയിക്കുന്നുണ്ട്.

Media response towards Hartal in Kerala demanding justice for Nitin Raj

ചരിത്രത്തിലെ ചില പ്രതീകങ്ങൾ

കേരളത്തിലെ ദലിത് സമുദായത്തിന്റെ മുൻകൈയിൽ, ളാഹ ഗോപാലനും സെലീന പ്രക്കാനും നയിച്ച ചെങ്ങറ ഭൂസമരത്തിലെ ചില മാധ്യമ ഇമേജുകൾ സാന്ദർഭികമായി ഓർക്കുന്നു. മണ്ണെണ്ണ നിറച്ച ജാറുകളുമായി ആത്മഹത്യാ ഭീഷണി മുഴക്കുന്നതും കഴുത്തിൽ തുണിചുറ്റി റബർ മരങ്ങൾക്കിടയിൽ നിൽക്കുന്ന സ്ത്രീകളുമൊക്കെയായിരുന്നു ആ ചിത്രങ്ങൾ. സമരത്തിന്റെ തീവ്രതയും ആവശ്യങ്ങളോട് പ്രക്ഷോഭകാരികൾ പുലർത്തുന്ന ഉത്തരവാദിത്തവുമൊക്കെയാണ് ഈ ചിത്രങ്ങൾ പറയുന്നതെന്ന് വാദിക്കാമെങ്കിലും അപകടകാരികളും അപരിഷ്കൃതവുമായ സമരരീതികൾ നയിക്കുന്നവരെന്ന ഇമേജുകൂടി നൽകാൻ ഇത്തരം ആഖ്യാനങ്ങളിലൂടെ കഴിയുന്നുണ്ട് എന്നതാണ് വസ്തുത. കേരളത്തിലെ ഹിന്ദു മലയരയ സമൂഹത്തിലെ സ്ത്രീകളുടെ മുൻകൈയിൽ നടന്ന ശബരിമല സ്ത്രീ പ്രവേശന സമരത്തിലും ആത്മഹത്യശ്രമത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിലുൾപ്പെടെ പ്രചരിച്ചത് മറ്റൊരു ഉദാഹരണമാണ്. ഇത്തരം തീവ്രനിലപാടുകളിലൂടെ ജനാധിപത്യത്തിന്റെയും മധ്യവർഗസാമൂഹികജീവിതത്തിന്റെ സ്വച്ഛതയുടെയും പ്രതിയോഗികളോ ധ്വംസകരോ ആയി ദലിത് – ആദിവാസി സമരങ്ങളിൽ പങ്കെടുക്കുന്നവരെ അവതരിപ്പിക്കുന്ന മാധ്യമതന്ത്രമാണിത്.

ഏപ്രിൽ 10 ന്, കണ്ണൂർ അഞ്ചരക്കണ്ടിയിലെ ദന്തൽ കോളേജിൽ ദാരുണമായി മരണപ്പെട്ട നിതിൻ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും കുറ്റക്കാരായ അധ്യാപകരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നുമാണ് ഹർത്താൽ നടത്തിയ സംഘടനകളുടെ പ്രധാനപ്പെട്ട ആവശ്യം. 2004 ജൂലൈയിൽ, എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിയായ രജനി എസ്. ആനന്ദ് പ്രവേശന പരീക്ഷാ കമീഷന്റെ കെട്ടിടത്തിലെ ഏഴാംനിലയിൽ നിന്ന് ചാടിമരിച്ചതിന് ശേഷമുള്ള തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നത് ആത്‌മഹത്യയ്ക്ക് പിന്നാലെ നടന്ന പ്രക്ഷോഭങ്ങളെക്കൂടി വോട്ടാക്കി മാറ്റിയാണെന്നത് ചരിത്രമാണ്. അന്ന് വിദ്യാർത്ഥിയായിരുന്ന ഈ ലേഖകനുൾപ്പെടെ, പ്രതിപക്ഷരാഷ്ട്രീയത്തോട് ഐക്യപ്പെട്ടു കൊണ്ട് കോട്ടയത്തും തിരുവനന്തപുരത്തും പ്രക്ഷോഭത്തിൽ പങ്കെടുത്തത് സാന്ദർഭികമായി ഓർക്കുന്നു. മുത്തങ്ങയിലെ ആ ആദിവാസികൾക്കെതിരെയുള്ള പോലീസ് നായാട്ടും രജനി എസ്. ആനന്ദിന്റെ ആത്മഹത്യയ്ക്കെതിരെ നടന്നപ്രക്ഷോഭങ്ങളുടെയും പിൻബലത്തിൽ ഒരിക്കൽ അധികാരമേറ്റ ഇടതുമുന്നണി സമാനമായൊരു സന്ദർഭത്തിൽ പ്രതിഷേധക്കാരോട് പുലർത്തുന്ന നിഷേധാത്മകതയും നിശബ്ദതയും തിരിച്ചറിയേണ്ടതുണ്ട്. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയത്തിന് പുറത്ത്, സ്വന്തം അവകാശങ്ങളും വിമോചന സങ്കല്പങ്ങളും സമുദായഭാവനയും പങ്കു വെക്കുന്നവരെന്ന നിലയിൽ ദലിത് – ആദിവാസി രാഷ്ട്രീയത്തിന്റെ പുതിയ ചുവടുവെപ്പായി ഏപ്രിൽ 28 ന്റെ ഹർത്താലിനെ കാണേണ്ടതുണ്ടെന്ന് തോന്നുന്നു.

ദലിത് രാഷ്ട്രീയത്തിന്റെ നിലയും നിലപാടും

കഴിഞ്ഞ രണ്ടരപതിറ്റാണ്ടിനുള്ളിൽ വ്യത്യസ്ത സംഘടനകളുടെ മുൻകൈയിൽ നടന്ന ഭൂസമരങ്ങൾ, ചില സവിശേഷസന്ദർഭങ്ങളോടുള്ള പ്രതികരണങ്ങൾ – വടയമ്പാടി ജാതിമതിൽ ഉദാഹരണം -, എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ അധ്യാപക- അനധ്യാപക നിയമനം സംബന്ധിച്ച നിയമ പോരാട്ടങ്ങൾ എന്നിവയൊഴിവാക്കിയാൽ നിരന്തരവും ചലനാത്മകവുമായ ദലിത് – ആദിവാസി രാഷ്ട്രീയത്തിന്റെ സാന്നിധ്യവും ശക്തിയും പ്രകടമല്ലെന്ന് വിമർശനാത്മകമായി കാണേണ്ടതുണ്ട്. സമീപകാലത്ത് മുഖ്യധാരാരാഷ്ട്രീയ പാർട്ടികൾ, പ്രത്യേകിച്ച് യു.ഡി.എഫ്. മുന്നണിയുമായി ചില തെരെഞ്ഞെടുപ്പു ധാരണകൾക്കുള്ള സാധ്യത തെളിഞ്ഞെങ്കിലും അതും വിജയത്തിലെത്തിയില്ല. പത്തുശതമാനത്തിലേറെ ജനസംഖ്യയുള്ള ദലിത്‌ – ആദിവാസി സമുദായത്തിന്റെ രാഷ്ട്രീയ അസ്തിത്വം മുഖ്യധാരാപാർട്ടികളുടെ ബഹുജന സംഘടനകളിൽ ഉണ്ടെന്ന ധാരണയെ പൊളിക്കുന്ന രീതിയിൽ അടിത്തട്ട് പ്രവർത്തനങ്ങളിൽ ശക്തി തെളിയിക്കാൻ ചെറു സംഘങ്ങളായി നിലനിൽക്കുന്ന ദലിത് പ്രസ്ഥാനങ്ങൾക്ക് കഴിയാറുമില്ല. കെ.കെ.സുരേഷ് നേതൃത്വം കൊടുക്കുന്ന, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ വിപുലമായ സ്വാധീനമുള്ള ചേരമ – സാംബവ ഡെവലപ്മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്.) ഇപ്പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായ പ്രസ്ഥാനം. പുലയ, സാംബവ സമുദായങ്ങളെ നയിക്കുന്ന ജനപിന്തുണയുള്ള പ്രസ്ഥാനങ്ങളാവട്ടെ, നവോത്ഥാന സമിതിയുടെ ഓരം പറ്റി സർക്കാരിനെതിരെ വിമർശനമുന്നയിക്കാനുള്ള ത്രാണിയില്ലാത്ത കൂട്ടങ്ങളായി മാറുകയും ചെയ്തു. വാസ്തവത്തിൽ, ഈ പ്രതിസന്ധിയെ ആശയപരവും പ്രായോഗികവുമായി മറികടക്കുക എന്നുള്ളത് ദലിത് രാഷ്ട്രീയം കേരളത്തിൽ നേരിടുന്ന വെല്ലുവിളി തന്നെയാണെന്ന് പറയാം.

Police atrocities in Muthanga, Wayanad
മുത്തങ്ങയിൽ നടന്ന പോലീസ് അതിക്രമങ്ങൾ

ചരിത്രാനുഭവങ്ങളും ആശയസമരങ്ങളും മാത്രംകൊണ്ട് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും വികസിക്കാനോ നിലനിൽക്കാനോ ആവില്ല. വിശ്വാസ്യതയുള്ള നേതൃത്വം, ചലനാത്മകമാവാനുള്ള ഭൗതികാടിത്തറ, ജനങ്ങളെ പ്രക്ഷോഭങ്ങളുടെ നൈരന്തര്യത്തിലൂടെ അധികാരത്തിലെത്തിക്കാനുള്ള പ്രത്യയശാസ്ത്ര അടിത്തറ, തുടങ്ങി നിരവധികാര്യങ്ങളെക്കുറിച്ച് കേരളത്തിലെ ദലിതരും ആദിവാസികളും പാർശ്വവൽകൃതവിഭാഗങ്ങളും ഗൗരവമായി ആലോചിക്കാനുള്ള സന്ദർഭമാണ് രൂപപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങളുടെ പ്രതിച്‌ഛായാ നിർമാണവും പൊതു അഭിപ്രായരൂപീകരണത്തിലെ ഭിന്നതകളും ഈ സന്ദർഭത്തിന്റെ അനിവാര്യതയും സൂക്ഷ്മതയുമാണ് ആവശ്യപ്പെടുന്നത്. സമൂഹമാധ്യമങ്ങളിലെ പ്രതിവിമർശനവും പ്രത്യാക്രമണങ്ങളും പ്രശ്നത്തിന്റെ കാതലിനെ കാണുന്നില്ലെന്നും തിരിച്ചറിയേണ്ടതുണ്ട്.

Featured Image : സംസ്ഥാന വ്യാപകമായി നടന്ന ഹർത്താലിൻറെ ഭാഗമായി നിതിൻ രാജ് ആക്ഷൻ കൗൺസിൽ അംഗങ്ങൾ കോഴിക്കോട് സിറ്റിയിലെ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും തിരുവനന്തപുരത്ത് തമ്പാനൂർ ബസ് സ്റ്റേഷന് പുറത്ത് ദളിത് പ്രവർത്തകർ സംസ്ഥാന ട്രാൻസ്പോർട്ട് ബസുകൾ തടയുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു. | ഫോട്ടോ കടപ്പാട്: ദി ഹിന്ദു

Dr. O K Santhosh

Dr. O K Santhosh

എഴുത്തുകാരനും അധ്യാപകനും ദളിത് സാഹിത്യത്തിലും സാംസ്കാരിക പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗവേഷകനുമാണ് ഡോ. ഒ.കെ. സന്തോഷ്. മദ്രാസ് സർവകലാശാലയിൽ മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായ അദ്ദേഹം മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ദളിത് ആത്മകഥയിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്.

View All Articles by Dr. O K Santhosh

Share Article
Whatsapp Email