അധികാരത്തിലെ പങ്കാളിത്തവും ജാതി ഉന്മൂലനവും

അധികാരത്തിലെ പങ്കാളിത്തവും ജാതി ഉന്മൂലനവും

ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം മാത്രം കീഴാള ജനതകളുടെ രാഷ്ട്രീയ കർത്തൃത്വത്തെ ഉണർത്താൻ പര്യാപ്തമാണോ? ജാതി ഉന്മൂലനം, കീഴാള സ്വയംഭരണം, സമുദായ പരിഷ്‌കരണം എന്നിവയെ മുൻനിർത്തി കേരളീയ കീഴാള നവോത്ഥാനത്തിന്റെ ചരിത്രവും പ്രസക്തിയും എ കെ രവീന്ദ്രൻ എഴുതിയ ലേഖന പരമ്പരയുടെ അവസാനം ഭാഗം പരിശോധിക്കുന്നു. നാരായണഗുരു, സഹോദരൻ അയ്യപ്പൻ, അംബേദ്കർ എന്നിവരുടെ ചിന്തകളിലൂടെ ബ്രാഹ്മണ്യത്തിന്റെയും നവബ്രാഹ്മണ്യത്തിന്റെയും അധികാരരൂപങ്ങളെയും ലേഖനം ചോദ്യം ചെയ്യുന്നു.

സമുദായ പ്രതിനിധാനം: സ്വത്വപരവും സംഖ്യാപരവും-ഭാഗം (6)

അധികാരത്തിലെ ജനസംഖ്യാനുപാതിക പ്രതിനിധാനം കീഴാള ജനതകളുടെ സ്വത്വപരമായ കർത്തൃത്വത്തെ ഉണർത്താൻ പര്യാപ്‌തമല്ലെങ്കിൽ വേറെയെന്തു വഴി? എങ്ങനെയാണ് കീഴാള സ്വത്വവിശാലതകൾ സാധ്യമാവുക?

വേറെ വഴികൾ തേടി അലയേണ്ടതൊന്നുമില്ല. കീഴാള ജനതകൾ സ്വന്തം ബല – ദൗർബ്ബല്യങ്ങൾ തിരിച്ചറിഞ്ഞ് സ്വയംപ്രതിനിധാനത്തിലേയ്ക്കും അതുപ്രകാരമുള്ള പരിഷ്‌കരണങ്ങളിലേക്കും അവരവർക്കാവുംവിധം ചുറ്റുപാടുകളിൽ സ്നേഹബുദ്ധ്യാ ഇടപെടണമെന്നേയുള്ളൂ. ‘കേരളീയ കീഴാള നവോത്ഥാനം’ ഇതിൻ്റെ നല്ലൊരു ദൃഷ്‌ടാന്തമായി നമ്മുടെ മുന്നിലുണ്ട്.

പക്ഷെ എന്തുകൊണ്ട് നമ്മുടെ കീഴാള നവോത്ഥാനം അതേ രീതിയിൽ മുന്നോട്ടു പോയില്ല? ദേശീയ പ്രസ്ഥാനവും കമ്മ്യൂണിസ്റ്റു പ്രസ്ഥാനവുമല്ലേ അതിൻ്റെ പിന്തുടർച്ചക്കാർ?

ഒരു പ്രസ്ഥാനവും നേർരേഖയിൽ മുന്നോട്ടു പോവില്ല. കരണ – പ്രതികരണങ്ങളിലൂടെയാണ് വളർച്ചയുണ്ടാവുക. ഗാന്ധിയൻ ദേശീയപ്രസ്ഥാനം, ടി കെ മാധവൻ്റെ മുൻകയ്യിൽ, ഒരു പരിധിവരെ കേരളീയ കീഴാളനവോത്ഥാനത്തെ മനസ്സിലാക്കാനും പിന്തുടരാനും ശ്രമിക്കാതിരുന്നിട്ടില്ല. നാരായണഗുരുവും അയ്യൻ കാളിയുമായുള്ള ഗാന്ധിയുടെ കൂടിക്കാഴ്‌ചയും അദ്ദേഹത്തിൻറെ അയിത്തോച്ഛാടന പരിപാടിയും ഇതു സൂചിപ്പിക്കുന്നുണ്ട്. പിൽക്കാലം, രാഷ്ട്രീയാധികാരത്തിനുവേണ്ടി പൊരുതുന്ന കോൺഗ്രസ് പാർട്ടിയും അതിനകത്തെ സമുദായ പ്രതിനിധാനങ്ങളായ മന്നം – ശങ്കർ കൂട്ടുകെട്ടും ‘ഹിന്ദു മഹാമണ്ഡല’ രൂപീകരണവും കീഴാള നവോത്ഥാനത്തിൻ്റെ ദിശാവ്യതിയാനത്തിൽ വഹിച്ച പങ്ക് കീഴാള സ്വത്വ നിർമ്മിതിയെ സംബന്ധിച്ചിടത്തോളം വലിയൊരു മുന്നറിയിപ്പാണ്.

നവോത്ഥാനം ഉഴുതുമറിച്ചിട്ട വളക്കുറുള്ള മണ്ണിലാണ് ദേശീയ പ്രസ്ഥാനവും കമ്മ്യൂണിസ്റ്റു പ്രസ്ഥാനവും വളർന്നതെങ്കിലും കമ്മ്യൂണിസ്റ്റുകാരല്ലേ അതിൻ്റെ നേരവകാശികൾ? അതിനെ രാഷ്ട്രീയമായി ഏകോപിപ്പിച്ചു വികസിപ്പിച്ചവർ?

കീഴാള നവോത്ഥാനത്തിൻ്റെ ചെലവിലാണ് ഇരു പ്രസ്ഥാനങ്ങളും കേരളത്തിൽ വളർന്നതെന്ന കാര്യം ശരിയാണ്. എന്നാൽ ബ്രാഹ്മണിക് കമ്മ്യൂണിസ്റ്റ് നേതൃത്വം നവോത്ഥാനത്തിന്റെ ജാതിവിരുദ്ധ ദിശാബോധത്തെ അപ്പാടെ ‘തൊഴിലാളി – മുതലാളി’ വൈരുദ്ധ്യത്തിലേക്ക് ന്യൂനീകരിക്കുകയാണുണ്ടായത്; അടിസ്ഥാന മേഖലകളിൽ തൊഴിൽവൈദഗ്ദ്ധ്യമുണ്ടായിരുന്ന അവർണ്ണ ജനതകളുടെ ജാതിവിരുദ്ധമായ മുതലാളിത്ത വികസനം തടയുകയാണുണ്ടായത്. അവർണ്ണരായ ചെറുകിട സംരംഭകരെ ‘മുതലാളി’ എന്നനിലയിൽ ശത്രുപക്ഷത്തു നിർത്തുന്ന തരത്തിലായിരുന്നു കമ്മ്യൂണിസ്റ്റ് ട്രെയ്‌ഡ് യൂണിയൻ പ്രവർത്തനം.

അതിലെന്താണത്ഭുതം? തൊഴിലാളി പക്ഷത്ത് നിലയുറപ്പിച്ച് മുതലാളിത്തത്തെ എതിർക്കൽ കമ്മ്യൂണിസ് അജണ്ടയലേ?

മുതലാളിത്തം വേറെ; മൂലധനവ്യവസ്ഥ (ക്യാപിറ്റലിസം) വേറെ. മുടക്കുമുതൽ ആളുന്ന വ്യക്തികളെ മുൻനിർത്തുന്നതാണ് മുതലാളിത്തം. ക്യാപിറ്റലിസം ആകട്ടെ മൂലധന വ്യവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്. ഒന്ന് വ്യക്തിയെ ഊന്നുന്നു; മറ്റേത് വ്യവസ്ഥയെയും. വ്യവസ്ഥയെ ഒഴിവാക്കി വ്യക്തികളെ ശത്രുപക്ഷത്ത് നിർത്തുന്നതാണ് ‘മുതലാളിത്തം’. മൂലധനവ്യവസ്ഥയുടെ ശൈശവ ഘട്ടത്തിൽ ഈ പ്രവണത തൊഴിലാളിദ്രോഹം കൂടിയാണെന്നോർക്കണം. താത്ത്വികമായിത്തന്നെ ബ്രാഹ്മണ്യ അതിജീവനത്തിന്ന് അനുകൂലമായി കമ്മ്യൂണിസം വക്രീകരിക്കപ്പെട്ടു എന്നതാണ് വാസ്‌തവം. അവർണ്ണജനതകളുടെ ജാതിവിരുദ്ധ ഐക്യവും ബഹുമുഖമായ സംഘടിത മുന്നേറ്റങ്ങളും ഇതോടെ ദുർബ്ബലമായി. കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിൻ്റെ പ്രധാന നേതൃത്വം കയ്യാളിയ ഇ എം എസ് നമ്പൂതിരിപ്പാട് യാഥാസ്ഥിതിക ബ്രാഹ്മണ്യത്തെ ജന്മിത്വത്തിനു പുറത്തേയ്ക്കാനയിച്ച് പുതുക്കി ശക്തിപ്പെടുത്താനാണ് ശ്രമിച്ചതെന്ന് തൻ്റെ ഓങ്ങാലൂർ യോഗക്ഷേമസഭാ പ്രസംഗത്തിൽ (1944) തുറന്നു പറയുന്നുണ്ട്.

ഇ എം എസ് നമ്പൂതിരിപ്പാട്
ഇ എം എസ് നമ്പൂതിരിപ്പാട്

ജന്മിത്വത്തിൽ നിന്ന് പുറത്തു കടക്കുന്നത് നല്ലകാര്യമല്ലേ? ഇ എം എസ് അതിനല്ലേ നമ്പൂതിരിമാരെ ഉപദേശിക്കുന്നത്?

‘ബ്രാഹ്മണ്യ’ ത്തിന് സ്വത്വപരമായി പരിക്കേൽക്കാതെ ജന്മിത്വയാഥാസ്ഥിതികതയിൽ നിന്ന് പുറത്തു കടക്കാനുള്ള ഉപദേശമായിരുന്നു ഇ എം എസ്സിൻ്റേത്. ‘നവബ്രാഹ്മണ്യ’ ത്തിന്റെ നിർമ്മിതിയിൽ അദ്ദേഹത്തിൻ്റെ പങ്ക് ചെറുതല്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ബ്രാഹ്മണ്യത്തിന് കീഴ്പ്പെടുത്തുന്ന ഒരു കാഴ്‌ചപ്പാടായിരുന്നു തൻ്റെ ജാതിപ്പേരിൽ പോലും അപമാനം തോന്നാതിരുന്ന, ജാതിമേൽക്കോയ്‌മയിൽ അഭിരമിച്ചിരുന്ന, ഇ എം എസ് നമ്പൂതിരിപ്പാടിന്റേത്. ‘അവർണ്ണ ബൂർഷ്വാസി’ യെ കീഴാള വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായി സ്ഥാനപ്പെടുത്തുന്നതിൻ്റെ തുടർച്ചകളായിരുന്നു സാമ്പത്തിക സംവരണവാദവും ക്രീമിലെയർ സിദ്ധാന്തവും സവർണ്ണ സംവരണവും മറ്റും. ബ്രാഹ്മണ്യ നവീകരണം സ്വാഭാവികമായും അവർണ്ണരുടെ ജാതിവിരുദ്ധ മുന്നേറ്റങ്ങൾക്ക് കൗശലപൂർവ്വം തടയിട്ടുകൊണ്ടും അതിനെ അട്ടിമറിച്ചുകൊണ്ടും മാത്രമേ സാധ്യമാവൂ. ഇ എം എസ് നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ സവർണ്ണ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം സാധിച്ചെടുത്തതും മറ്റൊന്നല്ല. പുലയ – ഈഴവരാദി അണികളെ ചൂണ്ടിക്കാട്ടി ഇതൊരു അവർണ്ണ മുന്നേറ്റമാണെന്ന് തെറ്റിദ്ധരിപ്പിക്കാനും ഇതിലൂടെ സാദ്ധ്യമായി!

ജാതിവ്യവസ്ഥയുടെ ഭൗതികാടിസ്ഥാനമായ ജന്മിത്വത്തിനും നാടുവാഴിത്വത്തിനും എതിർ നിൽക്കുക വഴി ഇ എം എസ് ജാതിവ്യവസ്ഥയെ ദുർബ്ബലപ്പെടുത്തി എന്നാണല്ലോ സുനിൽ പി ഇളയിടം പാർട്ടിക്കുവേണ്ടി അവകാശപ്പെടുന്നത്. അതല്ലേ ശരി?

ജാതിവ്യവസ്ഥ ഒരു പ്രത്യയശാസ്ത്ര മേൽക്കൂരയാണെന്നും അതിൻ്റെ ഭൗതികാടിത്തറ ജന്മി – നാടുവാഴി വ്യവസ്ഥയാണെന്നും പറയുന്നത് ‘ബ്രാഹ്മണ്യവ്യവസ്ഥ’യെ അതിൽത്തന്നെ ഒരു അധിനിവേശ പൗരോഹിത്യ ഭരണകൂടവ്യവസ്ഥയായി മനസ്സിലാക്കാത്തതുകൊണ്ടാണ്; ‘ഭൗതിക- ആശയ ദ്വന്ദ്വപരത’ യെ മറികടക്കാൻ കഴിയാത്തതുകൊണ്ടും. ബ്രാഹ്മണ്യത്തിന് ജന്മിത്തമെന്നോ മുതലാളിത്തമെന്നോ ജനാധിപത്യമെന്നോ കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നോ വ്യത്യാസമില്ലാതെ ഏതൊരു അധികാരസ്വരൂപത്തിനകത്തും അതിജീവിക്കാനാകും. അതിനുതകും വിധം വഴക്കമുള്ള ബഹുരൂപിയായാണ് അത് പരോക്ഷമായും പ്രത്യക്ഷമായും സ്വയം വിന്യസിച്ചിരിക്കുന്നത്. അഴിമതിയും അധികാരവും രണ്ടല്ലാത്തതു പോലെ അധികാരവും വംശീതയും രണ്ടല്ലെന്നോർക്കണം. അധീശാധികാരം ഉപയോഗിച്ച് അഴിമതിയും വംശീയതയും ഇല്ലാതാക്കാൻ കഴിയുമെന്നത്ര വലിയ രാഷ്ട്രീയ വിഡ്ഢിത്തം മറ്റൊന്നില്ല.

മൂലധന വ്യവസ്ഥയെ നേരിടാൻ എല്ലാവർക്കും മാന്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയല്ലേ വേണ്ടത്? അതുകൊണ്ടല്ലേ വംശീയതയ്‌ക്കെതിരെ നിലപാടെടുക്കുന്നതിനേക്കാൾ മുതലാളിത്ത വികസനം പ്രധാനമാകുന്നത്? ദാരിദ്ര്യ നിർമാർജനത്തിന് ശേഷമല്ലേ വംശീയവും പാരിസ്ഥിതികവുമായ സമസ്യകളെ പരിഗണിക്കേണ്ടത്?

കുലത്തൊഴിലുകൾ കൂലിവേലകളായി മാറിയതോടെ അവയുടെ ‘അന്തസ്സ്’ ഉയർന്നിട്ടുണ്ടെന്നത് ശരിയാണ്. എങ്കിലും അവ ചെയ്യുന്നവർ വംശീയ മുക്തരോ ചെയ്യുന്ന തൊഴിലുകൾ അടിമത്ത മുക്തമോ അല്ലെന്നുള്ളതാണ് വാസ്തവം. മൂലധനം കൂലിക്കെടുക്കുന്നത് തൊഴിലാളിയുടെ അദ്ധ്വാന ശേഷിയെ ആണല്ലോ? തലമുറകളിലൂടെ ചരിത്രപരമായി അദ്ധ്വാനിച്ചുണ്ടാക്കിയ സവിശേഷ ശേഷിയാണിത്. ഇതിന് തൊഴിലാളി ഉൾപ്പെടുന്ന മാനവ ജീവ ജാതിയെ പ്രാപ്തമാക്കിയത് ബാഹ്യപ്രകൃതിയുമായുള്ള ചരിത്രപരമായ പാരസ്പ്പര്യവും. പക്ഷെ, കൂലിയായി അയാൾക്ക് കിട്ടുന്നതാകട്ടെ അടുത്ത ദിവസവും അദ്ധ്വാനശേഷി വീണ്ടെടുക്കാനാവശ്യമായ പണം മാത്രം! ഇവിടെ അറിയപ്പെടാതെയും അംഗീകരിക്കപ്പെടാതെയും പോകുന്ന കൂലിയില്ലാ വേലയുടേതായ അടിത്തട്ട് മനുഷ്യരും പാരിസ്ഥിതിക വ്യവസ്ഥയും (Ecosystem ) ഉണ്ട്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതയുടെ കാര്യത്തിലാകട്ടെ കൂലിയില്ലാ വേലയും വിഭവക്കൊള്ളയും വളരെ പ്രകടവുമാണ്. വേട്ടയാടിപ്പിടിക്കുന്ന ജീവികളും ഭൂമി കുഴിച്ചെടുക്കുന്ന ഖനിജങ്ങളും മനുഷ്യരുടെ അദ്ധ്വാന സ്പർശം ഏൽക്കുംമുന്നേ പ്രകൃതിയിൽ ഉള്ളവയാണെന്നും നാം അവയ്ക്ക് വിലകൊടുക്കുന്നില്ലെന്നും ഓർക്കണം. എന്നല്ല, ഭൂമിയുടെ ഉർവ്വരതയെ അടിക്കടി തകർക്കുകയും ചെയ്യുന്നു. ഈ കൊള്ളയുടെയും കൊലവിളിയുടെയും മുകളിൽ കെട്ടിപ്പടുക്കുന്നതുകൊണ്ടാണ് ‘മാന്യ’മെന്നു കരുതപ്പെടുന്ന കൂലിവേലയുടെ മൂലധന വികസന സൗധങ്ങൾ അധാർമ്മികമാവുന്നത്. അതിനാൽ, കൂലിവേലയുടേതായ മൂലധന യുക്തികളെയും ജീവിത ശൈലികളെയും മാനുഷികമായി മറികടക്കാതെ അവയുടെ ഉപോല്പന്നങ്ങളായ തൊഴിലില്ലായ്‌മ, ദാരിദ്ര്യം, പാരിസ്ഥിതിക പ്രശ്നങ്ങൾ തുടങ്ങിയവയെ അടിസ്ഥാനപരമായി നേരിടാനാവില്ല. വംശീയതയാകട്ടെ ഇവയുടെയൊക്കെ ആദിമാടിസ്ഥാനവുമാണ്.

എന്തുതന്നെയായാലും നവോത്ഥാനാന്തരം അതിജീവിച്ചത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റു പ്രസ്ഥാനവും അവയുടെ ഭിന്നരൂപങ്ങളുമല്ലേ? ഇതിന്നിടയിൽ പൊയ്‌പോയ കീഴാള നവോത്ഥാനത്തിന് ഇനി എന്തുണ്ട് പ്രസക്തി?

ഇക്കാലം, ‘ഏതു ചെകുത്താനെ കൂട്ടുപിടിച്ചും ‘ അധികാരം ലക്ഷ്യമാക്കുന്ന ‘സെക്കുലർ എന്നവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടികൾ ദുർബ്ബലമാവുകയാണ്. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുപാർട്ടികളും സോഷ്യലിസ്റ്റുകളും ദ്രാവിഡ പാർട്ടികളും തനിയെ നിലനിൽക്കാനാവാത്ത വിധം ദുർബ്ബലപ്പെട്ടിരിക്കുന്നു. മതരാഷ്ട്രീയം പ്രബലപ്പെട്ടുവരുന്നു. ആളെണ്ണം കൂട്ടാനും വോട്ടുബാങ്കുകൾ സ്ഥിരമായി നിലനിർത്താനും രാഷ്ട്രീയ പാർട്ടികളേക്കാൾ എളുപ്പം കഴിയുക മതങ്ങൾക്കാണല്ലോ. സെക്കുലർ എന്നു കരുതപ്പെട്ടിരുന്ന പാർട്ടികൾക്കും നിലനില്പിനായി മതരാഷ്ട്രീയത്തെ കൂട്ടുപിടിക്കേണ്ട അവസ്ഥയുണ്ട്. എന്നല്ല, മതങ്ങൾ സ്വയം രാഷ്ട്രീയാധികാരസ്വരൂപങ്ങളായി കളം നിറഞ്ഞാടുകയാണ്. പരസ്പരം മതസ്‌പർദ്ധയും വംശീയതയും വളർത്തിക്കൊണ്ടു മാത്രമേ അധികാര രാഷ്ട്രീയത്തിന് മുന്നൊട്ടു പോകാനാവൂ എന്നതാണാവസ്ഥ. കേരളീയ കീഴാള നവോത്ഥാനത്തെ കാലോചിതമായി പരിഷ്‌കരിച്ച് ഒരുപക്ഷേ ഈ അവസ്ഥയെ നേരിടാനായേക്കാം. അതാണതിന്റെ പ്രസക്തി.

കീഴാള നവോത്ഥാനത്തെ കാലോചിതമായി പരിഷ്‌കരിക്കുക എന്നു പറഞ്ഞാൽ ?

എല്ലാ മത – ജാതി സമുദായങ്ങൾക്കും ജനസംഖ്യാനുപാതികമായി രാഷ്ട്രീയാധികാരം കിട്ടുന്നതിനേക്കാൾ ‘സമുദായ പരിഷ്‌കരണ’ മാണ് നാരായണഗുരുവിൻന്റെയും തന്റെയും വഴിയെന്ന് സഹോദരൻ അയ്യപ്പൻ എടുത്തു പറഞ്ഞിട്ടുള്ളത് ശ്രദ്ധാർഹമാണ്. സ്ത്രീകളുടെ മുൻകയ്യിലുള്ള ‘പ്രതിലോമ മിശ്രവിവാഹം’ സമുദായ പരിഷ്‌കരണത്തിലെ ഒരടിസ്ഥാന ഘടകമാണെന്നു കാണാം. ജനാധിപത്യത്തിനകത്തായാലും പുറത്തായാലും വംശീയതയെ നേരിടാൻ ‘കുടുംബമതം’ എന്ന സ്ത്രീവിരുദ്ധ സങ്കല്പത്തെ ചോദ്യം ചെയ്യാതെ നിർവ്വാഹമില്ല. ഒപ്പം, കുട്ടികൾക്ക് ‘മത(അഭിപ്രായ) സ്വാതന്ത്ര്യം’ ലഭ്യമാവുകയും വേണം. ഒരേ മേൽക്കൂരയ്ക്കു കീഴിൽ ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് വ്യത്യസ്‌ത മതങ്ങളിൽ വിശ്വസിക്കാനാവില്ലെങ്കിൽ, ജനായത്തവും സെക്കുലറിസവും വീട്ടിനകത്ത് സാധ്യമല്ലെങ്കിൽ, രാഷ്ട്രത്തിനകത്തും അതു സാധ്യമാകാതെ വരുമെന്ന ദുരവസ്ഥ ഒഴിവാക്കാനാവില്ല. മതരാഷ്ട്രങ്ങൾ ഉണ്ടാകുന്നതിങ്ങനെ. ഇക്കാര്യം തിരിച്ചറിഞ്ഞാലേ രാഷ്ട്രീയത്തിന്റെ സൂക്ഷ‌ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാവൂ.

മത ന്യൂനപക്ഷങ്ങളെ ഭാഷാ ന്യൂനപക്ഷങ്ങളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും മറ്റും ഗണത്തിലാണോ ഉൾപ്പെടുത്തേണ്ടത് ?

വംശീയമായല്ലാതെ മതങ്ങളുടെ സംഖ്യാപരമായ ന്യൂനപക്ഷ – ഭൂരിപക്ഷ തരംതിരിവുകൾ സാധ്യമല്ല. അതേ സമയം, ‘മൈനർ – മേജർ’ എന്നീ വാക്കുകളുടെ സംഖ്യേതരമായ അർത്ഥവിവക്ഷകളാണ് മതസമുദായങ്ങളെ സംബന്ധിച്ച് ആശാസ്യമാവുക. പെണ്ണുങ്ങളും LGBTQ വിഭാഗങ്ങളും SC-ST- ഉൾപ്പെടെയുള്ള മറ്റു കീഴാള സമുദായങ്ങളും ഭാഷാ -സാംസ്‌കാരിക ന്യൂനപക്ഷങ്ങളും നിലവിലെ ജനാധിപത്യ വ്യവസ്ഥയിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യം അർഹിക്കുന്നുമുണ്ട്. അവ വർണ്ണവ്യവസ്ഥയുടെയോ ഏതെങ്കിലും മതത്തിന്റെയോ ഭാഗമല്ല. വംശീയതകളെ പരിപോഷിപ്പിച്ചുകൊണ്ടല്ലാതെ ജനാധിപത്യത്തിനകത്ത് സമുദായ പ്രതിനിധാനം എത്രകണ്ട് സാധ്യമാകും എന്നതാണ് പ്രശ്നം. സംഘടിത മതങ്ങളെ അഥവാ മതസംഘടനകളെ ഭാഷ, സംസ്‌കാരം, പിന്നാക്കാവസ്ഥ, വിശ്വാസം എന്നിവയുമായി സംയോജിപ്പിച്ചു കാണുന്നിടത്തോളം ഈ പ്രശ്‌നം പരിഹരിക്കാനാവുമോ എന്നും.

സംഖ്യാപരമായി നോക്കുമ്പോൾ ബ്രാഹ്മണ്യം ഒരു ന്യൂനപക്ഷ മതമല്ലേ ?

സംഖ്യാപരമായി ഇന്ത്യനവസ്ഥയിൽ അതൊരു ന്യൂനപക്ഷ മതമാണ്. ബ്രാഹ്മണ്യഘടന അധിനിവേശപരമായതിനാലാണ് അത് വലിയൊരു അധീശാധികാരശക്തിയായി നിലനിൽക്കുന്നത്. കീഴാള സ്വയംഭരണത്തിലൂടെ മാത്രമേ ബ്രാഹ്മണ്യ അധീശാധികാരത്തിൽ നിന്ന് അധിനിവേശിത അവർണ്ണ സമുദായങ്ങൾക്ക് വിമോചനം സാധ്യമാവൂ. ബ്രാഹ്മണ്യമെന്ന ആത്മബന്ധനത്തിൽ നിന്ന് സവർണ്ണരുടെ കൂടി മോചനം കീഴാള സ്വയംഭരണത്തിന്റെ ലക്ഷ്യമാകുന്നു.

കീഴാള സ്വയംഭരണം എങ്ങനെ സാധ്യമാകും?

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ അധിനിവേശ സ്വഭാവം തിരിച്ചറിഞ്ഞ് സ്വയം ഐക്യപ്പെടാതെ കീഴാള ജനതകൾക്ക് സ്വയംഭരണം സാധ്യമല്ല. ‘അയിത്തം’ എന്ന സാംസ്‌കാരികായുധം ഉപയോഗിച്ച് അധികാരത്തിൽ നിന്നും മനുഷ്യാന്തസ്സിൽ നിന്നും വംശീയമായി അകറ്റിനിർത്തിക്കൊണ്ടുള്ള അധ്വാന ചൂഷണമായിരുന്നു യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിന്റെ അധിനിവേശവഴിയെങ്കിൽ ഇന്നത് ഉൾക്കൊള്ളലിൻ്റേതായ ജനാധിപത്യ ഭൂരിപക്ഷനിർമ്മാണ പാതയിലാണ്. വിശാല മാനവികസ്വത്വം മുൻനിർത്തി സമുദായ പരിഷ്കരണം സാധ്യമാക്കുന്നതിന് ആനുപാതികമായി മാത്രമേ കീഴാള ഐക്യം ശക്തിപ്പെടു. ‘വിജാതീയ-മതാതീത വിവാഹ’ങ്ങൾക്കുള്ള വിലക്കുകളും കുട്ടികളുടെ നിർബന്ധിത മതവൽക്കരണവും ഉപേക്ഷിക്കലാണ്; അതായത്, കുട്ടികൾ ഉൾപ്പെടെ എല്ലാ കുടുംബാംഗങ്ങൾക്കും വിശ്വാസസ്വാതന്ത്ര്യം അനുവദിക്കലാണ്, സമുദായ പരിഷ്‌കരണത്തിൻ്റെ മുഖ്യ പ്രമേയം. ഇത്തരമൊരു സമുദായപരിഷ്‌കരണത്തിന് തടസ്സമാകാത്തവിധം അധികാരത്തിലെ പങ്കാളിത്തം ഉപയോഗപ്പെടുത്താനാവുമോ എന്ന ചോദ്യം കീഴാള പ്രതിനിധാനം അവകാശപ്പെടുന്നവർ സ്വയം ചോദിക്കേണ്ടതുണ്ട്.

സ്വത്വവും സംഖ്യയും രണ്ടാണോ ?

രണ്ടല്ല. എന്നാൽ സ്വത്വവിശാലതകളെയും ഗുണവൈജാത്യങ്ങളെയും അളവുകളേയും സംഖ്യകളിലേക്ക് ഒതുക്കാനാവില്ല. ജനാധിപത്യ പ്രതിനിധാനങ്ങളിൽ അവയെ അങ്ങനെ ഒതുക്കി ന്യൂനീകരിക്കാനുള്ള ശ്രമമാണുള്ളത്. വംശീയ സംഘർഷങ്ങൾക്കിടയാക്കുന്ന, മനുഷ്യത്വ വിരുദ്ധവും അത്യന്തം വിപത്കരവുമായ, സ്ഥിതിവിശേഷമാണിത്.

വൈരുധ്യാധിഷ്ഠിത ഭൗതികവാദം കൊണ്ട് ഇന്ത്യൻ നവബ്രാഹ്മണിസത്തെ നേരിടാനാവുമോ ?

നവബ്രാഹ്മണിസമെന്നത് പഴയ ബ്രാഹ്മണിസവും പുതിയ കോർപറേറ്റ് മൂലധനവും തമ്മിലുള്ള ചെങ്ങാത്ത അധികാര വ്യവസ്ഥയാണ്. അപകടകരമായ ഈ കുട്ടുകെട്ടിനെ വൈരുദ്ധ്യാധിഷ്ഠിത ചിന്താരീതികൊണ്ട് വിശകലനം ചെയ്യാനായേക്കാമെന്നല്ലാതെ നേരിടാനാവില്ല. വംശീയമൂലധനത്തെയും മൂലധന വംശീയ പ്രത്യയശാസ്ത്രങ്ങളെയും നേരിടാൻ ഭൗതികവാദത്തിനോ ആശയവാദത്തിനോ കഴിയില്ല. വിശ്വാസം, ഭക്തി, ആചാരങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ, വിനോദം എന്നിങ്ങനെ സാംസ്‌കാരിക മേഖലയും തെരഞ്ഞെടുപ്പു മുതൽ യുദ്ധം വരെയുള്ള രാഷ്ട്രീയമേഖലയും ഒന്നാകെ വൻകിട വ്യവസായങ്ങളായി മാറിയിരിക്കെ ഭൗതികവാദ – ആശയവാദ തരംതിരിവുകൾക്കും ‘വിശ്വാസി’, ‘അവിശ്വാസി’ പോലുള്ള വിഭജനങ്ങൾക്കും ഇക്കാലം വിശേഷിച്ചും യാതൊരു പ്രസക്തിയുമില്ല. നവബ്രാഹ്മണിസത്തെ നേരിടാൻ ‘കീഴാള അദ്വൈതചിന്ത’ യും ‘കീഴാള സ്വയംഭരണ’ വുമാണാവശ്യം. ഇതാവട്ടെ മത്സരാധിഷ്‌ഠിത ദ്വന്ദ്വാത്മക യുക്തിയിൽ പ്രവർത്തിക്കുന്നതുമല്ല.

ആശയവാദവും ഭൗതികവാദവും അടിസ്ഥാനപരമായി രണ്ടല്ലേ? അവയെ എങ്ങനെ പൊരുത്തപ്പെടുത്താനാവും?

ആശയവാദത്തെയും ഭൗതികവാദത്തെയും പൊരുത്തപ്പെടുത്തലല്ല അദ്വൈതം; ഒന്ന് രണ്ടായി പിരിയലോ രണ്ടുകൾ ചേർന്ന് ഒന്നാകുലോ അല്ല. ‘രണ്ടല്ല’ എന്നത് വിശാലമായ അർത്ഥത്തിൽ സംഖ്യാപരതയുടെ ആധിപത്യത്തിനെതിരെയുള്ള ചെറുത്തുനിൽപാണ്. ചുറ്റുപാടുകളുമായുള്ള ബന്ധങ്ങൾക്കത്തേ ‘ഒന്നി’ ന് അതായിരിക്കാനാവു എന്നർത്ഥം. അതുകൊണ്ടു തന്നെ ‘ഉണ്മ’യായ ‘ഒന്ന്’ കർത്തൃ നിഷ്ഠവും ചലനാത്മകവും പരസ്പരാശ്രിതവും ഗുണപരിണാമിയും ആവാതെ വയ്യ.

സഹോദരൻ അയ്യപ്പൻ
സഹോദരൻ അയ്യപ്പൻ

നാരായണഗുരു ശരിക്കും ആശയവാദിയല്ലേ? സഹോദരൻ അയ്യപ്പൻ ഭൗതികവാദിയും?

ഗുരു അദ്വൈതിയും അയ്യപ്പൻ ആ അദ്വൈതത്തെ മാനിക്കുന്ന ആളുമായിരുന്നു. പരിവ്രാജകനിൽ നിന്ന് നാരായണഗുരുവിലേക്കുള്ള പരിണാമത്തോടൊപ്പം ഗുണപരമായി പരിണമിച്ച സവിശേഷമായ ഒന്നാണ് ആ അദ്വൈതം. അറിവും അൻപും ആത്മനിയന്ത്രണവും അതിൽ ഉൾച്ചേരുന്നു. ഗുരുവിൻ്റെ അദ്വൈതം ‘ആത്മനിഷ്‌ഠ – വസ്‌തുനിഷ്‌ഠ’, ‘ആത്മ അപര’ ദ്വന്ദ്വകല്പനകളെ മറികടക്കുന്നുണ്ട്. അവൻ, ഇവൻ എന്നറിയുന്നതൊക്കെ അവനിയിൽ ആദിമമായൊരു ‘ആത്മരൂപം’ ആണെന്ന് ഗുരു പറയുന്നു. അത് രൂപമില്ലാത്ത ആത്മാവോ ആത്മമില്ലാത്ത രൂപമോ അല്ല. ചുറ്റുപാടുകളുമായുള്ള ഇടപെടലുകളിലൂടെ സ്വയം പുനർനിർമ്മിക്കുന്ന ‘കർത്തൃത്വ പാരസ്‌പര്യ’ മാണത്. ഇനിയും ഗുണപരമായ പരിണാമ സാധ്യതകളുള്ള ഒന്നാണ് ഗുരുവിൻ്റെ അദ്വൈതവഴി. സമൂർത്ത സാഹചര്യങ്ങളിലെ സമൂർത്ത കീഴാള കർത്തൃത്വത്തിൻ്റേത്. സ്വത്വത്തിന്റെ ഗുണപരിണാമങ്ങളെ ഉൾക്കൊള്ളാൻ സംഖ്യാപരമായ പ്രതിനിധാനങ്ങൾക്ക് പരിമിതികളുണ്ട്. അതേസമയം, സംഖ്യാപരതയെ, പ്രതിനിധാനങ്ങളെ, മാനവിക സ്വത്വത്തോടു ചേർത്തുപിടിക്കുമ്പോൾ അത് സൗന്ദര്യ-ആത്മീയ അനുഭവമായി മാറാതെയും വയ്യ.

അംബേദ്കറല്ലേ പാശ്ചാത്യ ജനാധിപത്യത്തിൻ്റെ ഇന്ത്യയിലെ നേരവകാശി?

‘ജാതി ഉന്മൂലനം’ എഴുതിയ അംബേദ്‌കറെ പാശ്ചാത്യ ജനാധിപത്യത്തിൻ്റെ വക്താവായി ചുരുക്കിക്കാണാനാവില്ല. ബുദ്ധിസ്റ്റ് മൂല്യങ്ങളാണ് അംബേദ്‌കറെ അടിസ്ഥാനപരമായി നയിച്ചിരുന്നത്. അദ്ദേഹം മുഖ്യ ശില്പിയായി രൂപം കൊടുത്ത ഇന്ത്യൻ ഭരണഘടനയിലും ആ മൂല്യങ്ങളുടെ സ്വാധീനം വായിച്ചെടുക്കാവുന്നതാണ്. ജനസംഖ്യാനുപാതിക സംവരണവും മറ്റും പാശ്ചാത്യ ജനാധിപത്യത്തിനും ബുദ്ധിസ്റ്റ് മൂല്യങ്ങൾക്കും ഒരുപോലെ അനുഗുണമാണെന്നു കാണാനാവും.

എന്തിന് ജാതി ഉന്മൂലനം? ‘ജാതി സമന്വയം’ പോരേ? അതല്ലേ നല്ലത്?

മനുഷ്യരുടെ സ്വത്വം ‘മനുഷ്യത്വ’മാണെന്ന് തിരിച്ചറിയലും അതു പ്രകാരം സ്വയം മാറ്റിയെടുക്കലുമാണ് ‘ജാതി ഉന്മൂലനം’ . ബ്രാഹ്മണ- ക്ഷത്രിയ- വൈശ്യ- ശൂദ്രാദി ജാതികളുടെ പഴയതും പുതിയതുമായ പല മട്ടിലുള്ള സംയുക്തങ്ങളും സമന്വയങ്ങളുമാണ് ‘ജാതി വ്യവസ്ഥ’ . മനുഷ്യത്വ വിരുദ്ധമാണത്.

ഭരണകൂടാധികാരത്തിലെ ജനസംഖ്യാനുപാതിക പ്രതിനിധാനത്തിലൂടെ അംബേദ്‌കർ ഭാവന ചെയ്‌ത ‘ജാതി ഉന്മൂലനം’ സാധ്യമാവുമോ?

നേരിട്ട് സാധ്യമല്ലെങ്കിലും അതിലേക്ക് നയിക്കാവുന്നതാണ്. അതിനു പക്ഷേ, കീഴാള പ്രതിനിധാനങ്ങൾ സംഖ്യാപരമെന്നതിനേക്കാൾ സ്വത്വപരം ആകേണ്ടതുണ്ട്. ബ്രാഹ്മണിക് ജാതിവ്യവസ്ഥയെ ഉന്മൂലനം ചെയ്യണമെങ്കിൽ നിശ്ചയമായും ഭരണകൂട അധികാര സ്വരൂപങ്ങളെ പ്രശ്‌നവത്കരിക്കാതെ വയ്യ. ഏതൊരു അധിനിവേശ അധികാര സ്വരൂപത്തിനകത്തും ബ്രാഹ്മണിസത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ അതിജീവിക്കാനാവുമെന്നതാണ് വാസ്‌തവം. ജാതി ഉന്മൂലനം ലക്ഷ്യമാക്കുന്ന, സ്ത്രീകൾ ഉൾപ്പെടെയുള്ള, കീഴാള ജനത നേരിടുന്ന മൗലിക പ്രശ്നം, അധികാരത്തിലെ പങ്കാളിത്തം എത്രകണ്ട്, എപ്രകാരം, സ്വലക്ഷ്യവുമായി സംയോജിപ്പിക്കാനാവും എന്നതത്രേ.

അംബേദ്കർ
അംബേദ്കർ

ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യാത്ത ‘രാഷ്ട്രശാക്തീകരണം’ നമ്മെ എവിടേക്കാണ് നയിക്കുക?

‘മനുഷ്യത്വ നിർമ്മാണ’ ത്തിലൂടെ മാത്രമേ ‘ജാതിവ്യവസ്ഥ’ യെ ഉന്മൂലനം ചെയ്യാനാവൂ. മനുഷ്യരിലെ ‘മനുഷ്യത്വം’ തിരിച്ചറിയുന്ന വിദ്യാഭ്യാസമാണത്. ‘മനുഷ്യത്വ നിർമ്മാണം’ ലക്ഷ്യമാക്കാതുള്ള രാഷ്ട്രനിർമ്മാണവും അതിന്റെ ശാക്തീകരണവും അതിനു വേണ്ടിയുള്ള വിദ്യാഭ്യാസവും നമ്മെ ആത്മവിരോധികളാണാക്കുക; സ്വയം വിഘടിപ്പിക്കുകയാണുണ്ടാവുക!
(അവസാനിച്ചു)

Featured Image: Sahodaran ayyappan house moonnukettu side view Image Credit: wikimedia.org

A K Ravindran

A K Ravindran

എ കെ രവീന്ദ്രൻ 1969 മുതൽ അടിയന്തിരാവസ്ഥ പിൻവലിക്കുംവരെ നക്സലൈറ്റ് അനുഭാവിയായിരുന്നു. തുടർന്ന് 1983 വരെ വിശാല ഇടതുപക്ഷ അന്വേഷണങ്ങളിൽ പങ്കാളി. ശേഷം നവസാമൂഹിക പ്രസ്ഥാനങ്ങളുടെ സഹചാരി. ഇപ്പോൾ ചാലക്കുടിക്കടുത്തുള്ള മുരിങ്ങൂരിൽ താമസം. കീഴാള സൂക്ഷ്മ രാഷ്ട്രീയം മലയാള ചിന്തകരിലൂടെ ഒരന്വേഷണം, കീഴാള സ്വരാജ്, നല്ലത് പ്രകൃതി ചികിത്സയോ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

View All Articles by A K Ravindran

Share Article
Whatsapp Email