പ്രകൃതിതാളവും പ്രകൃതി നിയമങ്ങളും

പ്രകൃതിതാളവും പ്രകൃതി നിയമങ്ങളും

പ്രകൃതി ജീവനത്തിന്റെ നാനാർത്ഥങ്ങൾ, അതിൽ സ്വയംഭരണം എങ്ങനെ കടന്നു വരുന്നു, മനുഷ്യൻ പ്രകൃതിയിൽ നേരിടുന്ന പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം എന്താണ്, ആരോഗ്യകരമായ ജീവിതം എങ്ങനെ സാധ്യമാകും തുടങ്ങിയ കാതലായ വിഷയങ്ങളിലൂടെ കടന്നുപോകുന്ന ലേഖനം. മാനവ ശരീരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിയുന്ന ഏതൊരാൾക്കും മൂലധനത്തിനെതിരായ സൂക്ഷമതല സമരം ആരംഭിക്കാനാവുക പ്രകൃതി ജീവനത്തിലൂടെയാവുന്നു എന്നും എ കെ രവീന്ദ്രൻ വിശദീകരിക്കുന്നു.

മനുഷ്യൻ സാമൂഹ്യ ജീവിയാണെന്ന് പറയുന്നതിനർത്ഥം മനുഷ്യന് പ്രകൃതിയിൽനിന്ന് വേറിട്ടൊരു നിലനിൽപ് സാധ്യമാണെന്നല്ല. പ്രകൃതി നിയമങ്ങൾക്കും പ്രകൃതിക്കുതന്നെയും വിധേയമായി മാത്രമേ മനുഷ്യർക്ക് നിലനില്ക്കാനാവൂ. ബാഹ്യപ്രകൃതിയിൽനിന്ന് വ്യത്യസ്‌തമായി സ്വയം തിരിച്ചറിഞ്ഞ് നവീകരിക്കാനുള്ള കഴിവാണ് മനുഷ്യന് സവിശേഷമായി അവകാശപ്പെടാനുള്ളത്. ബാഹ്യപ്രകൃതിയിൽനിന്ന് സ്വയം വേർതിരിച്ചുകാണാനുള്ള ഈ കഴിവിനെ വേർപെടുത്തി കാണാനുള്ള കഴിവായി തെറ്റിദ്ധരിക്കാനിടയുണ്ട്. ആധുനിക ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങളും മുതലാളിത്ത വ്യവസ്ഥയും ഈ തെറ്റിദ്ധാരണയെ അതിൻ്റെ പരകോടിയിലെത്തിച്ചിരിക്കുന്നതായി കാണാം.

Aerial view of a burning area of Amazon rainforest reserve
ആമസോൺ മഴക്കാടുകളുടെ കത്തിയമരുന്ന പ്രദേശത്തിന്റെ ആകാശ ദൃശ്യം. (ചിത്രം: AFP)

സമീപഭാവിയിൽത്തന്നെ ചന്ദ്രനിലോ ചൊവ്വയിലോ ഒക്കെ കുടിയേറി സുഖമായി ജീവിക്കാൻ മനുഷ്യനു കഴിയുമെന്നും ആണവമാലിന്യ നിക്ഷേപമുൾപ്പെടെ ഭൂമിയിൽ നാം നേരിടുന്ന പ്രശ്‌നങ്ങൾക്ക് അവിടംകൊണ്ട് പരിഹാരം കണ്ടെത്താനാകുമെന്നും ചില ഉന്നത ശാസ്ത്രജ്ഞർ മാത്രമല്ല, സാധാരണക്കാർപോലും ശുഭപ്രതീക്ഷകൾ വെച്ചുപുലർത്തുന്നുണ്ടെന്ന് നമുക്കറിയാം. വൻതുകകൾ ചെലവാക്കി ചന്ദ്രനിലും ചൊവ്വയിലും മറ്റും പര്യവേക്ഷണങ്ങൾ നടത്തുന്നതിന്റെ പ്രധാനലക്ഷ്യവും ഇതാണല്ലോ. എന്നാൽ ഭൂമിയോടുള്ള നമ്മുടെ മനോഭാവത്തിന്റെ താളപ്പിഴകൾക്ക് അന്യഗോളങ്ങളിലേയ്ക്കുള്ള ഒളിച്ചോട്ടത്തിലൂടെ എങ്ങനെയാണ് പരിഹാരം കാണാനാവുക? ജൈവ പ്രകൃതിയോടുള്ള നമ്മുടെ മനോഭാവത്തിനു മാറ്റം വരാതെ എവിടെച്ചെന്നാലും നാം നേരിട്ടുവരുന്ന അടിസ്ഥാന സമസ്യകൾക്ക് പരിഹാരം ഉണ്ടാകാൻ പോകുന്നില്ലെന്നതാണ് വാസ്തവം. ഭൂമിയെപ്പോലെ അന്യഗോളങ്ങളെ കീഴ്പ്പെടുത്തിയും അധിനിവേശപ്പെടുത്തിയും പ്രശ്‌നപരിഹാരം സാധ്യമാക്കാമെന്നത് സാധാരണക്കാരെ സംബന്ധിച്ച് വെറും ആഗ്രഹചിന്തകളാണെങ്കിൽ ഇതിനൊക്കെ മുൻകയ്യെടുത്ത് പ്രവർത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ ആർത്തിയുടെയും അധികാരലഹരിയുടെയും പ്രകടനങ്ങൾ കൂടിയാണെന്ന വ്യത്യാസമുണ്ട്. രണ്ടും ജൈവ പ്രകൃതിയുടെ നേർക്കുള്ള അലോപ്പതിക് വീക്ഷണത്തിൻ്റെ, ‘പ്രകൃതി’യെ ‘പ്രകൃതിനിയമ’ങ്ങളിൽ ഒതുക്കുന്ന വീക്ഷണ പരിമിതിയുടെ, അനന്തരഫലങ്ങളാണ്.

Increasing air pollution as a result of industrialisation

ചുറ്റുപാടുകളെ തങ്ങൾക്കനുകൂലമായി പുതുക്കിപ്പണിതുകൊണ്ടും തദനുസൃതം സ്വയം മാറിക്കൊണ്ടുമാണ് മനുഷ്യരാശി ഇവിടംവരെ വന്നെത്തി നില്ക്കുന്നത്. ഈ പുതുക്കിപ്പണിയലുകളെല്ലാംതന്നെ പ്രകൃതിനിയമങ്ങൾക്കു വിധേയമായിട്ടാണു താനും. ഈ പ്രക്രിയയിൽ മനുഷ്യർ നേരിടുന്ന കാതലായ പ്രശ്നം നാം അറിയുന്ന ‘പ്രകൃതി’ വളരെ കുറച്ചും നമുക്കറിഞ്ഞുകൂടാത്തതും ഭാവിയിൽ അറിഞ്ഞേക്കാവുന്നതുമായ ‘പ്രകൃതി’ അനന്തവുമാണെന്ന യാഥാർത്ഥ്യമാണ്. ഓരോ ജീവിതസന്ദർഭത്തിലും അറിവിൻ്റെ ഈ പരിമിതിയാണ് ജീവിതത്തെ സർഗ്ഗാത്മകമാക്കി മാറ്റാൻ ഉപകരിക്കുന്നത്. എന്നാൽ സർഗ്ഗാത്മകമായ ഒരന്വേഷണത്തിനോ ഇടപെടലിനോ തയ്യാറാകാത്തിടത്തോളം അറിവിന്റെ ഈ പരിമിതി നമ്മെ യാന്ത്രികമായ ഇടപെടലുകളിലേക്കാണ് നയിക്കുക. നാം അറിയുന്ന ‘പ്രകൃതി’ മാത്രമാണ് യഥാർത്ഥത്തിൽ നിലനില്ക്കുന്ന ‘പ്രകൃതി’യെന്ന് തെറ്റിദ്ധരിക്കുന്നതുമൂലമാണ് ഇതു സംഭവിക്കുന്നത്. മനുഷ്യർ അറിയുന്ന പ്രകൃതിയാകട്ടെ അവരുടെ സാമൂഹികമായ ചേരിതിരിവുകളുടെയും താൽപര്യങ്ങളുടെയും മുദ്രകളാൽ വേഷപ്പകർച്ച വന്ന പ്രകൃതിയുമായിരിക്കും. നമ്മുടെ പരിമിതവും താൽപര്യഗ്രസ്തവുമായ അറിവുകൾ നാം ഇതുവരെ മനസ്സിലാക്കിയിട്ടില്ലാത്ത പ്രകൃതിയിലും നാം മനസ്സിലാക്കിയിട്ടില്ലാത്ത പ്രകൃതി നമ്മുടെ പരിമിത അറിവുകളുടേതായ പ്രവർത്തനമണ്ഡലങ്ങളിലും നടത്തിയേക്കാവുന്നതും നടത്തിക്കൊണ്ടിരിക്കുന്നതുമായ പ്രതിപ്രവർത്തനങ്ങളെ വേണ്ടത്ര ഗൗരവത്തിലെടുക്കാതിരിക്കുന്നിടത്താണ് നമ്മുടെ പ്രവർത്തനങ്ങൾ യാന്ത്രികമാകുന്നതും പ്രകൃതിയുടെ താളവുമായി തെറ്റിപ്പിരിയാനിടയാകുന്നതും. നമ്മുടെ പ്രവർത്തനങ്ങൾ അതോടെ പരിസ്ഥിതിദൂഷണമായും രോഗങ്ങളായും പരസ്പ്പര ശത്രുതയായി നമുക്കെതിരായിത്തന്നെ തിരിയാതെയും വയ്യ.

പ്രകൃതിയുടെ താളത്തിൽ നിന്നുള്ള മനുഷ്യൻ്റെ ഏതൊരു തെറ്റിപ്പിരിയലും ആത്മഹത്യാപരമാകയാൽ പ്രകൃതിയോടും തന്നോടുതന്നെയും ആരോഗ്യകരമായൊരു സമീപനം കൈക്കൊള്ളാൻ മനുഷ്യൻ നിർബന്ധിക്കപ്പെടുന്നുണ്ട്. ഏതൊരു ആത്മഹത്യയിലും പ്രതിഫലിക്കുന്നത് ജീവിതത്തോടുള്ള കടുത്ത ആസക്തിയല്ലാതെ മറ്റെന്താണ്? ആരോഗ്യത്തെ കണക്കറ്റു സ്നേഹിക്കുന്നതുകൊണ്ട് ആളുകൾ അനാരോഗ്യകരമായ വഴികളിലൂടെ പായുകയാണ്. രക്ഷപ്പെടാനായി തിരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങൾതന്നെ അപകടകരമാകുന്ന അവസ്ഥാവിശേഷം. ഗ്രീക്ക് ദുരന്ത നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന ഒന്ന്. പ്രകൃതിയെ ബോധപൂർവ്വം അഭിമുഖീകരിക്കാൻ കഴിവുള്ള മനുഷ്യൻ അതിൻ്റെ ആന്തരതാളത്തിന് ചെവിയോർത്ത് അതുമായി പൊരുത്തപ്പെട്ടുപോകാതെ ഔദ്ധത്യത്തോടെ അതിനെ കീഴടക്കി വരുതിയിൽ നിർത്താൻ ശ്രമിക്കുന്നതുകൊണ്ടുള്ള വൈഷമ്യമാണിത്.

എങ്ങനെയാണ് പ്രകൃതിയുടെ ആന്തരതാളം തിരിച്ചറിയുക? ജന്മ വാസനകളാൽ നിയന്ത്രിക്കപ്പെടുന്ന ജീവജാലങ്ങൾക്കൊക്കെ അതിനുള്ള സവിശേഷമായ കഴിവുണ്ട്. മനുഷ്യനുമായി താരതമ്യപ്പെടുത്തുമ്പോൾ അവ പ്രകൃതി തന്നെയാണെന്നു പറയാം. വിശേഷബുദ്ധിയുള്ള മനുഷ്യനാകട്ടെ ഈ താളം തിരിച്ചറിയാൻ തൻ്റെ ബുദ്ധിയെ അതിന്റെ സമഗ്രതയിൽ ഉപയോഗപ്പെടുത്തണമെന്നേയുള്ളൂ. സവിശേഷമായ സാമൂഹ്യ ജീവിതത്തിൽ നിന്നാണ് മനുഷ്യർക്ക് ബുദ്ധിയും ബോധവും മറ്റുമുണ്ടാകുന്നത്. ഒറ്റപ്പെട്ട വ്യക്തികളുടെ ഒരു സ്വകാര്യനേട്ടമായോ അത്തരം ചില സ്വകാര്യനേട്ടങ്ങളുടെ കൂട്ടായ്‌മയായോ മനുഷ്യബോധത്തെ പരിഗണിക്കുമ്പോഴാണ് നമുക്ക് സ്വന്തം പ്രകൃതിയെന്തെന്ന് മനസ്സിലാക്കാൻ കഴിയാതെ വരുന്നത്. ദൗർഭാഗ്യവശാൽ മുതലാളിത്ത സമൂഹത്തിൽ വ്യക്തികൾ സ്വയം മനസ്സിലാക്കുന്നതും മറ്റുള്ളവരെ മനസ്സിലാക്കാൻ ശ്രമിക്കുന്നതും സ്വകാര്യസ്വത്തിൻ്റേതും സ്വകാര്യബൗദ്ധികനേട്ടങ്ങളുടേതുമായ ഒരു കാഴ്‌ചപ്പാടിലൂടെയാണ്. ഈ കാഴ്‌ചപ്പാടാകട്ടെ മാനവരാശിയെ മൊത്തത്തിൽ പരിഗണിക്കാൻ വിസ്സമ്മതിക്കുന്നു. ഏതാനും പേർ മാനവരാശിയുടെ ഇതഃപര്യന്തമുള്ള ഭൗതികവും ബൗദ്ധികവുമായ നേട്ടങ്ങൾ കയ്യടക്കിവെച്ച്, അവ തങ്ങളുടേത് മാത്രമാണെന്ന് നിയമങ്ങൾ ചമച്ച് അവകാശപ്പെടുന്നതോടെ ‘മാനവരാശി’ എന്ന പരികല്പനക്കു തന്നെ നിലനില്പ്‌പില്ലാതാവുകയാണ്. സാമൂഹ്യ വ്യവസ്ഥ അനുശാസിക്കുന്ന നിയമങ്ങളും പ്രകൃതിയിൽ നിന്നും കണ്ടെടുക്കപ്പെടുന്ന നിയമങ്ങളും തമ്മിലുള്ള നിഗൂഢബന്ധം അവഗണിക്കാനാവില്ലെന്നു ചുരുക്കം.

മാനവരാശിയെ മൊത്തത്തിലും അതിനെ പ്രകൃതിയുമായും കോർത്തിണക്കുന്ന ധാർമ്മികമോ ആത്മീയമോ ആയ ചരടുകളാണ് മൂലധനവ്യവസ്ഥയുടെ മൂർദ്ധന്യത്തിൽ അറുത്തുമാറ്റപ്പെടുന്നത്. പഴയ ഗോത്ര സമൂഹങ്ങളെ ഈ ചരടുകൾ ഗോത്രനിയമങ്ങളുടേതായ ലാളിത്യത്തോടെ ബന്ധിച്ചിരുന്നതായി കാണാം. ഇന്നു പക്ഷേ, സാമൂഹികതലത്തിൽ വളരെ സങ്കീർണ്ണമായ തിരിച്ചറിവുകൾക്കകത്ത് അത്തരം ധാർമ്മികമോ ആത്മീയമോ ആയ നവമാനവബന്ധങ്ങൾ നാം ബോധപൂർവ്വം സൃഷ്ടിച്ചെടുക്കേണ്ടതായാണിരിക്കുന്നത്. മുതലാളിത്തപൂർവ്വകാലത്തെ മൂല്യവ്യവസ്ഥകൾക്കൊന്നും തന്നെ മാനവരാശിയെ അതിൻ്റെ വിനാശകരമായ പ്രയാണവ്യതിയാനങ്ങളിൽനിന്ന് സർഗ്ഗാത്മകമായി പിന്തിരിപ്പിക്കാനാവില്ലെന്നതിന് ചരിത്രം തന്നെയാണ് അനുഭവസാക്ഷ്യം. അതേസമയം വ്യക്തിപരമായ ആരോഗ്യത്തിൻ്റെ തലത്തിൽ ഒരു പരിധിവരെ മുന്നേറാൻ മുതളിത്തപൂർവ്വ മൂല്യങ്ങൾ സഹായകമായിക്കൂടെന്നുമില്ല. കാരണം, മുതലാളിത്തം തകർത്തെറിഞ്ഞത് ഭൂതകാല സാമൂഹികാവസ്ഥയെ മുഴുവനുമായിട്ടല്ല, ഭാഗികമായിട്ടാണ്.

നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ ചൂഷണതന്ത്രങ്ങളെയും കുറെയൊക്കെ പരിഷ്‌ക്കരിച്ചിട്ടാണെങ്കിലും മുതലാളിത്തം ഉപയോഗപ്പെടുത്തുന്നുണ്ട്. അങ്ങനെയാണ് പിന്നാക്കരാജ്യങ്ങളും കീഴാള ജനവിഭാഗങ്ങളും അടിസ്ഥാനപരമായ മാറ്റമേതുമില്ലാതെ ലോകത്ത് നിലനിറുത്തപ്പെടുന്നത്. ചിന്നാക്കാവസ്ഥയെയും ദാരിദ്ര്യത്തെയും നിലനിറുത്തിക്കൊണ്ടല്ലാതെ പരിഷ്ക്കാരമോ പുരോഗതിയോ സമ്പന്നതയോ നിർമ്മിച്ചെടുക്കാൻ മുതലാളിത്ത വ്യവസ്ഥക്ക്, അതെത്രതന്നെ ആഗോളീകൃതമായാലും, കഴിയില്ലെന്നതാണ് വാസ്തവം. മുതലാളിത്തത്തിൽ സ്വകാര്യമുതലാളിത്തം മാത്രമല്ല സോഷ്യലിസം എന്നറിയപ്പെട്ടിരുന്ന ‘സ്റ്റേറ്റ് ക്യാപിറ്റലിസം’ ഉൾപ്പെടെ അതിന്റെ ഏതു വകഭേദവും ഉൾപ്പെടുമെന്നോർക്കുക.

Tribal  communities use natural resources in  a sustainable way
പ്രകൃതി വിഭവങ്ങളെ സുസ്ഥിര രീതിയിൽ ഉപയോഗിക്കുന്ന ആദിവാസി സമൂഹം

മുതലാളിത്തപൂർവ്വ ജീവിതാവസ്ഥകളെ പരിഷ്ക്കരിച്ച് നിലനിറുത്തിക്കൊണ്ട് അവയെ എങ്ങനെ ഫലപ്രദമായി ചൂഷണം ചെയ്യാമെന്നതാണ് മുതലാളിത്തം നേരിടുന്ന ഏറ്റവും വലിയ ആന്തരപ്രതിസന്ധി. യൂറോപ്പിനെപ്പോലെയോ അമേരിക്കയെപ്പോലെയോ ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും വികസിക്കാനാവില്ലെന്നറിഞ്ഞുകൊണ്ടുതന്നെ പിന്നാക്ക രാജ്യങ്ങളിലും പിന്നാക്ക (കീഴാള) ജനവിഭാഗങ്ങളിലും വികസനത്തിന്റേതായ മിഥ്യാമോഹം സൃഷ്‌ടിക്കുക എന്നതാണ് ഇന്നത്തെ മൂലധനതന്ത്രം. വ്യാമോഹത്തിന്റേതായ ഈ ചതിക്കുഴിയിൽ വീഴുന്നതോടെ പിന്നാക്ക ജനവിഭാഗങ്ങൾ വികസിതരാഷ്ട്രങ്ങളിലെ ജനവിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ രോഗാതുരമായ അവസ്ഥയിലേക്കാണ് വലിച്ചെറിയപ്പെടുന്നത്. പാശ്ചാത്യജീവിതനിലവാരവും മുതലാളിത്തമൂല്യവ്യവസ്ഥയും സ്വപ്നം കാണുന്ന പിന്നാക്ക ജനവിഭാഗങ്ങൾ സ്വന്തം ജീവാതാവസ്ഥയെ പരിഷ്ക്കാരത്തിന്റെ വഴികളിലൂടെ രക്ഷിച്ചെടുക്കാൻ എത്രമേൽ വെമ്പൽകൊള്ളുന്നുവോ അത്രമേൽ മൊത്തം സമൂഹത്തെ രോഗാതുരമാക്കാനാണ് സഹായിക്കുകയെന്ന് സ്വയമറിയുന്നില്ല. പിന്നാക്കാവസ്ഥയെ ഒന്നു മിനുക്കിയെടുത്ത് കച്ചവടച്ചരക്കാക്കി മാറ്റുക എന്ന മൂലധനതന്ത്രത്തിന്റെ ഇരകളാണ് തങ്ങളെന്ന തിരിച്ചറിവിലൂടെ മാത്രമേ മൂലധനവിരുദ്ധമായ സ്വത്വാധികാരത്തിലൂന്നിയ സംസ്‌കാരത്തെപ്പറ്റി ചിന്തിക്കാൻ ഈ ജനവിഭാഗങ്ങൾക്കു കഴിയൂ.

കീഴാളജനവിഭാഗങ്ങൾ മൂലധനത്തിൻ്റെ ഇരകളാകുന്നത് മിച്ചമൂല്ല്യോത്പ്പാദനത്തിന്റെ പ്രധാന ഉറവിടങ്ങളെന്ന നിലയിലാണ്. കീഴാള സ്വത്വാധികാരം അതുകൊണ്ടുതന്നെ ലാഭാധിഷ്‌ഠിതമായ മിച്ചമൂല്യോത്പാദനത്തിന്റെ അടിവേര് പിഴുതുമാറ്റാൻ കഴിവുറ്റ ഒന്നാകുന്നു.

മൂലധനവിരുദ്ധമായൊരു നിലപാടിലൂടെയല്ലാതെ പ്രകൃതിക്കുമേൽ മൂലധനം നടത്തുന്ന കയ്യേറ്റങ്ങളെ തടയാനാവില്ല. നമുക്കകത്തും പുറത്തുമുള്ള പ്രകൃതിയെ മുതലാളിത്തവ്യവസ്ഥയിൽ നമുക്കു കാണാനാവുക, കീഴ്പ്പെടുത്തി സ്വന്തമാക്കേണ്ടതായ ഒരു ‘അപര’മായിട്ടാണ്. പ്രകൃതിയെ ഈ വിധം സ്വകാര്യസ്വത്തായി പരിഗണിക്കുക എന്നതിനർത്ഥം മനുഷ്യരിൽത്തന്നെ നല്ലൊരു വിഭാഗത്തെ അടിമകളായോ സ്വകാര്യസ്വത്തായോ ഉപകരണാത്മകമായി നോക്കിക്കാണുക എന്നാകുന്നു. അവരവരുടെ കയ്യും കാലും ഉൾപ്പെടെയുള്ള അവയവങ്ങളെ സ്വശരീരമായി സ്വത്വപരമായി മനസ്സിലാക്കാതെ ഉപകരണാത്മകമായി നോക്കിക്കാണുന്ന അലോപ്പതിക് വീക്ഷണമാണിത്. പ്രകൃതിയും സംസ്‌കൃതിയും തമ്മിലുള്ള ഈ ദ്വന്ദ്വബോധത്തെ മറികടക്കുവാൻ പ്രകൃതിചികിത്സയ്ക്കും പ്രകൃതി ജീവനത്തിനുമാണ് കഴിയുക. സാമൂഹികമായ അധിനിവേശ ചിന്തകളെ മറികടക്കാനും സുസ്ഥിരവികസനത്തിന്റേതായ പന്ഥാവ് തെളിച്ചെടുക്കാനും പ്രകൃതിജീവനം അടിസ്ഥാനമാക്കിയുള്ള ജീവിത വീക്ഷണവും മാനുഷികബന്ധങ്ങളും വളർത്തിയെടുക്കേണ്ടതുണ്ട്.

മാനവ ശരീരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിയുന്ന ഏതൊരാൾക്കും മൂലധനത്തിനെതിരായ സൂക്ഷമതല സമരം ആരംഭിക്കാനാവുക പ്രകൃതി ജീവനത്തിലൂടെയാവുന്നു. യാന്ത്രികമായി മനസിലാക്കപ്പെടുന്ന ‘പ്രകൃതിനിയമ’ങ്ങളെക്കാൾ ജൈവ പ്രകൃതിയുടെ താളം ഉൾക്കൊണ്ട് ജീവിക്കലാണത്; സ്വശരീരത്തിന്റെ സർഗാത്മകമായ പുനർ നിർമ്മിക്കൽ; ശാരീരിക തലത്തിലെ സ്വയം ഭരണ സാധ്യതകളുടെ നിരന്തരവും താളാത്മകവുമായ ആരായാൽ! ഇതിലൂടെയല്ലാതെ മാനവരാശിക്കിനി ആരോഗ്യകരമായി മുന്നോട്ടുപോകാൻ മറ്റെന്ത് വഴി? ശരീരത്തിന്റെ രാഷ്ട്രീയം മാറ്റിവച്ചിട്ട് നമുക്ക് അടിത്തട്ടിൽ നിന്നുള്ള സ്വയംഭരണ മുന്നേറ്റത്തെപ്പറ്റി എങ്ങനെയാണ് ‘ആത്മാർത്ഥമായി’ ചിന്തിക്കാനാവുക?

കടപ്പാട് : നല്ലത് പ്രകൃതി ചികിത്സയോ?

A K Ravindran

A K Ravindran

എ കെ രവീന്ദ്രൻ 1969 മുതൽ അടിയന്തിരാവസ്ഥ പിൻവലിക്കുംവരെ നക്സലൈറ്റ് അനുഭാവിയായിരുന്നു. തുടർന്ന് 1983 വരെ വിശാല ഇടതുപക്ഷ അന്വേഷണങ്ങളിൽ പങ്കാളി. ശേഷം നവസാമൂഹിക പ്രസ്ഥാനങ്ങളുടെ സഹചാരി. ഇപ്പോൾ ചാലക്കുടിക്കടുത്തുള്ള മുരിങ്ങൂരിൽ താമസം. കീഴാള സൂക്ഷ്മ രാഷ്ട്രീയം മലയാള ചിന്തകരിലൂടെ ഒരന്വേഷണം, കീഴാള സ്വരാജ്, നല്ലത് പ്രകൃതി ചികിത്സയോ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

View All Articles by A K Ravindran

Share Article
Whatsapp Email