ജാതി കോളനികളിൽ ഒതുങ്ങാത്ത ചില ജീവിതങ്ങൾ

ജാതി കോളനികളിൽ ഒതുങ്ങാത്ത ചില ജീവിതങ്ങൾ

ചരിത്ര വിഭാഗത്തിൽ നിന്ന് പിഎച്ച്ഡി ഗവേഷണം പൂർത്തിയാക്കി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ജെൻഡർ സ്റ്റഡീസിൽ അധ്യാപികയായി ജോലി ചെയ്യുകയാണ് ഡോ. മായ പ്രമോദ്. ഒരു ദളിത് കോളനിയിൽ ജനിച്ചു വളർന്ന അവർ വിവിധ പ്രതിസന്ധികളെ അതിജീവിച്ചാണ് ഉന്നത വിദ്യാഭ്യാസം നേടിയത്. കോളനികളിൽ ജീവിക്കുന്ന മനുഷ്യരെക്കുറിച്ചും പൊതു സമൂഹവും ഭരണകൂടവും അവരോടു കാണിക്കുന്ന വിവേചനങ്ങളെക്കുറിച്ചും ചരിത്രപരമായി അവർ നേരിടുന്ന അനീതിയെക്കുറിച്ചും ഡോ. മായ സംസാരിക്കുന്നു. കോളനികളിലെ മനുഷ്യർ പുതിയ ജീവിതത്തിനായി നടത്തുന്ന ചുവടുവയ്പ്പുകളെക്കുറിച്ചും.

കോളനിയുമായി ബന്ധപ്പെട്ടുള്ള മായയുടെ അനുഭവങ്ങൾ എന്തൊക്കെയാണ്?

വ്യത്യസ്തമായ കോളനികൾ കേരളത്തിൽ നിലനിൽക്കുന്നുണ്ട്. ഭൂരിഭാഗം കോളനികളിലൂടെയും നമ്മൾ കടന്നുപോകുമ്പോൾ ഭൂവുടമസ്ഥത (ലാൻഡ് ഓണർഷിപ്) എന്നത് വലിയ പ്രശ്നമാണ്. രണ്ടും മൂന്നും സെന്റ്‌ ഭൂമി കൈവശം ഉള്ള കുടുംബങ്ങളിൽ വീട് പുതുക്കിപ്പണിയുക തുടങ്ങിയ മാറ്റങ്ങളൊന്നും നടക്കുന്നില്ല. ഇതൊക്കെ നടക്കുന്ന ചുരുക്കം ചില കോളനികൾ ഉണ്ട്. എന്നാൽ കോളനിയിലെ മനുഷ്യരുടെ ചിന്താഗതിയിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. അത് നമുക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. വിദ്യാഭ്യാസം നേടിയവർ അവിടെയുള്ള മറ്റുള്ളവർക്ക് വിദ്യാഭ്യാസം കൊടുക്കാൻ ശ്രമിക്കുന്നുണ്ട്. റിട്ടയർ ചെയ്ത ഉദ്യോഗസ്ഥർ ഒക്കെ പി എസ് സി പോലുള്ള പരീക്ഷയ്ക്കുള്ള പരിശീലനം നൽകുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്. സജിമോത്ത്പുരത്ത് അങ്ങനെ നടക്കുന്നുണ്ട്. മലപ്പുറം കൊണ്ടോട്ടിക്കടുത്ത നെടിയിരുപ്പ് കോളനിയിൽ മറ്റു ദളിത് കോളനിയിൽ നിന്നും ഏറെ വ്യത്യസ്തമായ ജീവിതമാണ്. അവിടെ ഒരു കുടുംബത്തിന്റെ കയ്യിൽ കൂടുതൽ ഭൂമിയുണ്ട്. അവർ നേരിടുന്ന വലിയ പ്രശ്നം അതിനുള്ളിൽ നടക്കുന്ന പാറ ഖനനം ആണ്. ഖനനം നടത്തുന്നത് കോളനി നിവാസികൾ അല്ല. ക്വാറി വന്നതിനുശേഷം അവർക്ക് വെള്ളം ലഭിക്കാൻ തുടങ്ങി എന്നതാണ് അവർക്ക് ലഭിച്ച ഏക പ്രയോജനം. അവിടെ വിദ്യാഭ്യാസപരമായി മുന്നോട്ടു നിൽക്കുന്നവരെയും സർക്കാർ ജോലി നേടുന്നവരെയും കാണം. ഇത്തരം മാറ്റങ്ങൾ ഓരോ കോളനിക്കകത്തും നടക്കണം. ബി ആ അംബേദ്ക്കർ പറഞ്ഞതുപോലെ ‘സമൂഹത്തിനു തിരിച്ചു നൽകണം’ (pay back to the society) എന്ന നിലപാട് അവിടെ നിന്നും മുന്നോക്കം എത്തിയ ആളുകൾ സ്വീകരിക്കണം.

ലക്ഷംവീട് കോളനികളിൽ വീട് മാത്രമാണ് ഉള്ളത്, അതിനു മാത്രമാണ് ഉടമസ്ഥാവകാശവും ഉള്ളത് .അത് എങ്ങനെയാണ് അവിടെയുള്ള മനുഷ്യരെയുടെ ജീവിതത്തെ ബാധിച്ചത് എന്ന് മായ പഠിച്ചിട്ടുണ്ടോ?

എല്ലാറ്റിലും പ്രധാനം ഭൂമിയുടെ ഉടമസ്ഥാവകാശം തന്നെയാണ്. രണ്ടു കുടുബങ്ങൾ ഒരുമിച്ചു ജീവിക്കുബോൾ ഉണ്ടാകുന്ന പ്രശ്നം നമുക്കറിയാം. ഐക്യരാഷ്ട്ര സംഘടന വരെ പറയുന്ന ഒരു കുടുംബത്തിന് ലഭിക്കേണ്ട പ്രാഥമിക സൗകര്യങ്ങൾ ഒക്കെ ഇവിടെ ലഭ്യമല്ലാത്ത അവസ്ഥയാണ്. അവരുടെ തൊഴിലുകൾ, ദൈനംദിന ജീവിതം, ഭൂമിയുടെ ഉടമസ്ഥത, ഒക്കെ പ്രശ്നത്തിലാണ്. ഒരുമിച്ചു ജീവിക്കുമ്പോൾ ഉണ്ടാകേണ്ട സാംസ്‌കാരികമായ മുന്നോട്ട് പോക്ക് ഒന്നും അവിടെ ഉണ്ടാകുന്നില്ല. എന്നാൽ ഏറെ ആഘോഷിക്കപ്പെട്ട ഒന്നാണ് ലക്ഷംവീട് കോളനിയിലെ ജീവിതം. എന്നാൽ അങ്ങനെയല്ല യാഥാർഥ്യം. ഒരു ലക്ഷം വീടുകൾ ഉണ്ടാക്കി നൽകിയതിന് ശേഷം അവിടുത്തെ അവസ്ഥ എന്തായിരുന്നു എന്നത് ഏറെ പ്രധാനമാണ്. 2006 ൽ ‘വാല്മീകി ആവാസ് യോജന’ എന്ന ഒരു പദ്ധതി ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ലക്ഷംവീട് കോളനികൾ പൊളിച്ചു പണിയുന്ന പദ്ധതി വരുന്നുത്. അങ്ങനെ സിംഗിൾ ഓണർഷിപ് ലഭിക്കുന്നുണ്ട്. കാവാലം, ചമ്പക്കുളം, കുട്ടനാട് തുടങ്ങിയ ഭാഗങ്ങളിൽ ഇത് നടപ്പാക്കാതെ വിട്ടുപോയിട്ടുണ്ട്. ചിലർ ലക്ഷംവീട് കോളനികളിൽ പഴയ വീട് പുതുക്കി രണ്ടു നില വീട് ആക്കി മാറ്റിയവരുണ്ട്. ഈ രണ്ടു നിലക്കെട്ടിടങ്ങൾ അവർ സ്ഥല പരിമിതിയെ അതിജീവിക്കാൻ കണ്ടെത്തിയ വഴിയാണ്. അല്ലാതെ അത് ആഡംബരത്തിന്റെ ഭാഗമല്ല. സർക്കാർ നടപ്പിലാക്കുന്ന ഒട്ടനവധി നല്ല പദ്ധതികളുണ്ട്. എന്നാലിതൊക്കെ എവിടെയാണ് പ്രയോജനപ്പെടുന്നതെന്നു സർക്കാർതന്നെ പരിശോധിക്കേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഇത്തരം പദ്ധതികൾ നടപ്പിലാക്കുമ്പോൾ യഥാർത്ഥ ഗുണഭോക്താവിനെ കണ്ടെത്താൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഭൂമിക്കു അപേക്ഷിക്കുന്നയാൾക്കു ഭൂമി ലഭിക്കുന്നത് പാടപ്രദേശത്തൊക്കെയായിരിക്കും. അതിനുശേഷം അവിടെ വീട് പണിയാൻ വീണ്ടും സ്വയം ബാധ്യതപ്പെടണം. ആർക്കും തന്നെ ഒരു വീടുണ്ടാക്കാനുള്ള മുഴുവൻ സാമ്പത്തിക സഹായവും സർക്കാർ നൽകുന്നില്ല.

ദളിത് കോളനിക്കത്തെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചാണ് ഇപ്പോൾ പറഞ്ഞത്. കുറച്ചു പേരെങ്കിലും പുറത്തേക്കു വരുമ്പോഴും ദളിത് കോളനിക്കകത്ത് തന്നെ മനുഷ്യർ അകപ്പെട്ടു പോകാൻ കാരണമെന്താണ്?

ദളിത് കോളനിയിലെ ജീവിതം ആരും തന്നെ സ്വയം തെരഞ്ഞെടുത്തതല്ല. പല സർക്കാർ പദ്ധതികളുടെ ഭാഗമായി മനുഷ്യർ അവിടെ എത്തപ്പെട്ടിട്ടുള്ളതാണ്. ഈ കോളനികൾക്കകത്തേക്ക് നടക്കുന്ന മൈഗ്രേഷനെക്കുറിച്ചു ആരും പരാമർശിക്കുന്നില്ല. ഒരു കോളനിയിലേക്ക് വരുന്ന ചിലർ ആ പ്രദേശവാസികൾ അല്ല. അവർ ‘പെട്ടുപോകുന്നു’ എന്ന് പറയുന്നതിന് പകരം അവരെ അതിനകത്തേക്കു കൊണ്ടുവരുന്ന ഒരു സാമൂഹിക സംവിധാനം പ്രവർത്തിക്കുന്നുണ്ട് എന്ന് പറയുന്നതാവും ശരി. ഈ മനുഷ്യർ അവിടെ ജീവിച്ചാൽ മതി എന്ന് തീരുമാനിക്കുന്ന ഒരു സംവിധാനം ഇവിടെയുണ്ട്. അതുകൊണ്ടാണ് ദളിതർക്കു വേണ്ടത് കോളനിയല്ലെന്നും ഭൂമിയാണെന്നും അതിനായി ഒരു രണ്ടാം ഭൂപരിഷ്‌കരണം വേണമെന്നും പറഞ്ഞുകൊണ്ട് പല സംഘടനകളും മുന്നോട്ടു വരുന്നത്. കോളനിയിലേക്ക് വന്നുകഴിഞ്ഞാൽ ഒരു തിരിച്ചുപോക്ക് അത്ര എളുപ്പമായ കാര്യമല്ല. എന്റെ ഗവേഷണത്തിന്റെ ഭാഗമായി വികസനപദ്ധതികളെ വിമർശനാത്മകമായി പരിശോധിക്കുന്ന ഒരു ഭാഗം ഉണ്ട്. വികസന നയങ്ങളെ പരാമർശിച്ചുകൊണ്ട് മാത്രമേ ദളിത് കോളനിയിലെ ജീവിതങ്ങളെക്കുറിച്ചു പറയാൻ പറ്റുകയുള്ളൂ. ഒരു ദളിത് കോളനിയിൽ നിന്നും ഒരാൾ എങ്ങനെയാണു പുറത്തേക്കു പോകുന്നതെന്ന് പറയാം. എന്റെ ഭർത്താവ് ജീവിക്കുന്നത് തൃശൂരിലെ ഒരു കോളനിക്കകത്താണ്. അവിടെനിന്നും പുറത്തേക്കു വന്നത് ഞാനും അദ്ദേഹവും അദ്ദേഹത്തിന്റെ ഒരു സഹോദരനുമാണ്. ഞങ്ങളുടെയും കുട്ടികളുടെയും സൗകര്യവും ഭാവിയും ഒക്കെ പരിഗണിച്ചാണ് പുറത്തേക്കു വന്നത്. ഇങ്ങനെ തീരുമാനമെടുക്കുന്ന കുടുംബങ്ങളുണ്ട്. ഇങ്ങനെ പുറത്തു പോകുമ്പോഴും സ്വന്തം ഭൂമിയിലേക്കല്ല അവർ പോകുന്നത്. അവർ പോകുന്നത് വാടക വീടുകളിലേക്കാണ്. പലരും അത്തരം സാഹചര്യത്തിൽ സാധനങ്ങൾ വിൽക്കൽ, വണ്ടി ഓടിക്കൽ, പോലുള്ള പലതരം ജോലികളാണ് ചെയ്യുന്നത്. തങ്ങളുടെ ജീവിതം പോലെ ആകരുത് കുട്ടികളുടെ ജീവിതം എന്നതാണ് അവരുടെ ആഗ്രഹം. തങ്ങളുടെ മക്കൾ പഠിച്ചു ജോലി നേടി പുറത്തേക്ക് മാറണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. ഗൾഫ് മൈഗ്രേഷൻ കൊണ്ടാണ് മുസ്ലിം സമുദായം രക്ഷപ്പെട്ടതെന്ന് നമ്മൾ പൊതുവെ പറയാറുണ്ട്. ഇത്തരം ഒരു മൈഗ്രേഷൻ ദളിത് സമുദായത്തിനകത്ത് നടക്കുന്നതുപോലും അടുത്ത കാലത്താണ്. ദളിത് സമൂഹത്തിലുള്ള ഒരാൾക്ക് ഗൾഫിൽ പോകാൻ രണ്ടു ലക്ഷം രൂപ സഹായം ലഭിക്കുന്നുണ്ട് എന്ന കാര്യം എത്രപേർക്കറിയാം? ഇനി അറിഞ്ഞാലും ഇത്തരം പദ്ധതികളുടെ ഗുണഭോക്താവായി ഒരാൾ സർക്കാരിനെ സമീപിക്കുമ്പോൾ അത് നൽകാനുള്ള കാലതാമസത്തെയാണ് പുതിയ ജാതി വിവേചനം എന്ന് പറയുന്നത്. നേരിട്ട് ജാതി പ്രവർത്തിക്കുന്നില്ല, പകരം നമുക്ക് അർഹതപ്പെട്ട ഡെവലപ്മെന്റ് പോളിസികൾ അടക്കമുള്ളതിന് കാലതാമസം വരുത്തുകയും അത് ഇല്ലാതാക്കപ്പെടുകയുമാണ് ചെയ്യുന്നത്.

ഇത് മനസിലാക്കാൻ യു ജി സി ഫെലോഷിപ്പുകളുടെ കാര്യം പരിശോധിക്കാം. കേരള സർക്കാരിന്റെ ഫെലോഷിപ്പ് മുടങ്ങി നിൽക്കുന്ന ഗവേഷണ വിദ്യാർത്ഥികളുടെ ഒരു ലിസ്റ്റ് എന്റെ കൈയ്യിലുണ്ട്. ഇത് മുടങ്ങാതിരിക്കാൻ ആരെയാണ് സമീപിക്കേണ്ടത് എന്ന് പറഞ്ഞു തരാൻ യു ജി സി സെല്ലുകൾ സഹായിക്കുകയുമില്ല. സ്കോളർഷിപ്പുകൾ ലഭിക്കാതാവുമ്പോൾ സാമൂഹികമായി വിദ്യാർത്ഥികൾ ബഹിഷ്‌ക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. യു ജി സി ഫെലോഷിപ് മൂന്നു വർഷത്തിനുള്ളിൽ മുടങ്ങിയ ഒരാളാണ് ഞാൻ. ആദ്യകാലത്തു യു ജി സി ഫെലോഷിപ്പ്‌ കൈകാര്യം ചെയ്യാൻ ഒരു പ്രത്യേക സെൽ പ്രവർത്തിച്ചിരുന്നു. ഫണ്ടുകൾ തന്നെ വക മാറ്റുന്നു എന്ന സ്ഥിതിവന്നപ്പോൾ ആണ് ആ സെല്ലുകൾ തന്നെ നിർത്തലാക്കിയത്. അങ്ങനെയാണ് ബാങ്കുകൾ വഴി ഫെലോഷിപ്പ് തുക നൽകുന്ന സ്ഥിതി വന്നത്.

ഇത് തന്നെയാണ് ഒരു കോളനിക്കകത്തും നടക്കുന്നത്. കോളനികൾക്കുവേണ്ടി നിർമ്മിക്കപ്പെട്ട വികസന പദ്ധതികൾ ഒന്നുംതന്നെ കോളനിക്കു പുറത്തേക്ക് അവരെ എത്തിക്കാനുള്ളതല്ല. കോളനിക്കകത്ത് എങ്ങനെ ആളുകളെ സ്ഥിരമായി നിർത്താം എന്നുള്ള ഒരു സംവിധാനം (Intitutional discrimination system) ആണ് ഇതിനകത്ത് പ്രവർത്തിക്കുന്നത്. കോളനിയിലെ മനുഷ്യരെ എവിടെയാണ് പുനരധിവസിപ്പിക്കുക എന്നാണ് സർക്കാർ ചോദിക്കുക. യഥാർത്ഥത്തിൽ അതിനുള്ള ഭൂമി ഇവിടെ ഉണ്ട് എന്നതാണ് യാഥാർഥ്യം.

കോളനി എന്ന പേരിനു പകരം ‘ഉന്നതികൾ’ എന്നാണ് ഇപ്പോൾ പ്രയോഗത്തിലുള്ളത്. അത്തരം ഒരു പേരുമാറ്റം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ?

ആദ്യം മനസിലാക്കേണ്ടത് അത് മുൻ പട്ടികജാതി വകുപ്പ് മന്ത്രി ആ സ്ഥാനത്തുനിന്ന് ഇറങ്ങിപ്പോകുന്നതിനു മുൻപ് ഉണ്ടായ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒരു സംഭവം ആണല്ലോ. ഈ ‘ഉന്നതി’ എന്നുള്ള പേര് സർക്കാരിന്റെ സെർക്യൂലറിൽ അല്ലാതെ വേറെ എവിടെ ഉപയോഗിക്കപ്പെടും എന്ന് പറയാമോ? ഞാൻ ജനിച്ചു വളർന്ന നാൽപ്പാതി കോളനിയെ ‘നാൽപ്പാതി ഉന്നതി’ എന്ന് പറഞ്ഞുകൊണ്ട് ഈ സമൂഹത്തിൽ ഇറങ്ങിനിന്നാൽ ‘ഏത് ഉന്നതിക്കകത്തു നിന്ന് നീ വരുന്നു’ എന്നായിരിക്കും ആളുകൾ ആദ്യം ചോദിക്കുക. ‘നീ ഒരു കോളനി വാണം ആല്ലേ?’ എന്നായിരിക്കും ചോദിക്കുക. പിന്നെ എന്തിനാണ് ഉന്നതി എന്ന് പറയുന്നത്? ഉന്നതി എന്ന് പറഞ്ഞാൽ ഉന്നത കുലജാതർ എന്ന് തന്നെയാണ് ഇപ്പോഴത്തെ പൊതുബോധം. സാമൂഹികമായി അന്യവൽക്കരണം ചെയ്യപ്പെടുന്ന സാഹചര്യം മാറാതെ കേവലം പേരുമാറ്റംകൊണ്ട് ഒരു പ്രയോജനവുമില്ല.

കോളനികളിൽ ദളിതർ മാത്രമല്ല ജീവിക്കുന്നത്, മറ്റു സമുദായത്തിലുള്ളവരും ജീവിക്കുന്നുണ്ട്. എന്നാൽ കോളനികൾ പട്ടിക ജാതി കോളനികൾ, പട്ടിക വർഗ്ഗ കോളനികൾ എന്നാണ് അറിയപ്പെടുന്നത്. അതിലും ജാതി പ്രവൃത്തിക്കുന്നില്ലേ?

തീർച്ചയായും ജാതി ഉണ്ട്. അതുകൊണ്ടാണ് കോളനികളെ ജാതിക്കോളനികളായി ഇപ്പോൾ അഡ്രസ് ചെയ്യുന്നത്. എല്ലാവരും ജാതി കോളനിയായിട്ടു തന്നെയാണ് അവതരിപ്പിക്കുന്നത്. ഒരു ഘട്ടം വരെ കോളനികളെ വിളിച്ചിരുന്നത് ‘സങ്കേതം’ എന്നുള്ള പേരിലായിരുന്നു. അപ്പോൾ പലരും ‘സങ്കേതം’ ഒരു പ്രശ്നമേഖലയായിട്ടായിരുന്നു അവതരിപ്പിച്ചിരുന്നത്. വഴക്കും മറ്റും നടക്കുന്ന സ്ഥലം, ഭൂമി വാങ്ങാൻ പറ്റാത്ത സ്ഥലം എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ഒരു കോളനിയുണ്ടെന്നറിഞ്ഞാൽ ആളുകൾ സ്ഥലം വാങ്ങാൻ മടിക്കും. കോളനികളിൽ ‘അലമ്പ് മനുഷ്യർ’ താമസിക്കുന്ന സ്ഥലമാണെന്ന് പറയും. കോളനികൾ ഒരിക്കലും ‘അലമ്പ് മനുഷ്യർ’ താമസിക്കുന്ന സ്ഥലമല്ല. അവിടെ ഒരുപാട് മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. അവിടെ ഉണ്ടാവുന്ന മാറ്റങ്ങൾ അംഗീകരിക്കാൻ നമ്മുടെ സമൂഹത്തിനു കൂടി സാധിക്കണം. പണ്ടൊക്കെ എന്റെ നാട്ടിൽ ഞങ്ങളെ വിളിച്ചിരുന്നത് ‘പൂച്ച’ എന്നായിരുന്നു. എന്തുകൊണ്ടാണ് ? ഞങ്ങൾ കറുത്ത ശരീരം ഉള്ളവരാണ്, പൂച്ച വെളുത്തതും ആയിരിക്കുമെങ്കിലും അവരുടെ കണ്ണിൽ അതൊരു ജാതി പേരാണ്. പച്ചയോ മഞ്ഞയോ വർണ്ണങ്ങൾ ഉള്ള വസ്ത്രം ധരിച്ചാൽ ‘പെല കളറുള്ള വസ്ത്രം ധരിക്കുന്നത് എന്തിനാണ്’ എന്ന് ആളുകൾ ചോദിക്കും. ഇത്തരത്തിൽ ജാതിപരമായിട്ടു തന്നെയാണ് ഇവിടുത്തെ കോളനികൾ എല്ലാം നിലനിൽക്കുന്നത്. അഞ്ചു സെന്റ്‌ വീതമുള്ള അമ്പതു വീടുകളുള്ള കോളനികൾ സർക്കാരിന്റെ വെബ്‌സൈറ്റിൽ ഉണ്ട്. അവിടെ മറ്റു സമുദായത്തിലുള്ള ആളുകൾ താമസിക്കുന്ന പത്തു വീടുകൾ പോലും കാണിച്ച് തരാൻ കഴിയില്ല. ഒരു സമുദായത്തെ മാത്രം ഒരു കോളനിക്കകത്തു നിലനിർത്തുന്നുണ്ടെങ്കിൽ അതിന്റെ കാരണം ജാതി തന്നെയാണ്. ഇത്തരം ജാതികോളനികൾ നിലനിർത്തിയെങ്കിൽ മാത്രമേ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ കാര്യങ്ങൾ നടത്താൻ പറ്റുകയുള്ളൂ. അംബേദ്‌കർ പറയുമ്പോലെ Educate, Agitate, Organise എന്ന് പറഞ്ഞു മുന്നേറുമ്പോൾ എന്നെപ്പോലെയുള്ള ആളുകൾ എഴുതുന്നതും പറയുന്നതും ഗൗരവത്തോടെ എടുക്കുന്ന മനുഷ്യർ ഉണ്ട്. ഇത് ഞങ്ങളെ സംബന്ധിച്ച് ഒരു പ്രതീക്ഷയാണ്. മറ്റു സ്മുദായത്തിലെ ആളുകൾ ഉണ്ടെങ്കിലും ഒരു കോളനി അറിയപ്പെടുന്നത് ‘ദളിത് കോളനി’ എന്ന് തന്നെയായിരിക്കും. കേവലം പേര് മാറ്റിയത് കൊണ്ട് ജീവിതത്തിന് മാറ്റം ഒന്നും വരാൻ പോകുന്നില്ല. അതൊരു സാമൂഹിക സാമ്പത്തിക അവസ്ഥ തന്നെയാണ്.

മായ PhD പൂർത്തിയാക്കുകയും അത് അവാർഡ് ചെയ്യപ്പെടുകയും ചെയ്തു. മുന്നോട്ടു എന്ത് എന്നത് ഈ സാമൂഹിക സാമ്പത്തിക അവസ്ഥയിൽ നേരിടേണ്ട ഒരു കാര്യമാണല്ലോ?

ഒരു പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് ചെയ്യാൻ ആഗ്രഹമുണ്ട്. ഞാൻ കൂടുതൽ ഫോക്കസ് ചെയ്യുന്നത് അംഗ പരിമിതി ഉള്ള വിദ്യാർത്ഥികളെ തന്നെയാണ്. ഡിസബിലിറ്റി ഉള്ള മനുഷ്യരുടെ ജീവിതം എവിടെയും പരാമർശിക്കപ്പെടുന്നില്ല. അവരുടെ ഒരു മാസത്തെ വരുമാനം ആ മാസത്തെ പെൻഷൻ മാത്രമാണ്. എന്റെ വലിയ ഒരു സ്വപ്നം ഡോക്ടർ മായാ പ്രമോദ് എന്ന് പറയുന്ന ഒരാൾ ഒരു കോളേജിനകത്ത് ജോലി ചെയ്യുക എന്നത് തന്നെയാണ്. അതിന്റെ ശ്രമമാണ് ഞാൻ നടത്തുന്നത്. എന്നെ സംബന്ധിച്ച് എന്റെ PhD ഗൈഡിനെ സംബന്ധിച്ച ഒരു പ്രശനം ഉണ്ടായിരുന്നു. 2014 ലാണ് ഞാൻ PhD ക്കു ചേരുന്നത്. യു ജി സി യുടെ ഒരു സർക്കുലറിന്റെ അടിസ്ഥാനത്തിൽ എന്റെ ഗൈഡ് തുടരാൻ ആഗ്രഹിക്കുന്നില്ല എന്ന് പറയുകയായിരുന്നു. അപ്പോഴും വേറെ ഒരു ഗൈഡിനെ സമീപിക്കാനുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) അദ്ദേഹം തന്നിരുന്നില്ല. അത് ലഭിക്കാതിരുന്നതുകൊണ്ട് 2014 ഡിസംബർ മുതൽ 2017 നവംബർ വരെ ഏറ്റവും പ്രധാനപ്പെട്ട സമയം ഇതിനു വേണ്ടി എനിക്ക് ചെലവഴിക്കേണ്ടി വന്നു. അക്കാദമിക് രംഗത്തെ ഒരു വിദ്യാർത്ഥിയോട് ഒരു അദ്ധ്യാപകൻ എങ്ങനെ പെരുമാറണം എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. മൂന്നര വർഷത്തിന് ശേഷമാണ് എൻ ഓ സി കിട്ടി ഇപ്പോഴത്തെ എന്റെ അധ്യാപകന്റെ കീഴിലേക്ക് ഞാൻ മാറുന്നത്. അങ്ങനെ 2024 മെയ് മാസത്തിലാണ് ഞാൻ എന്റെ തീസിസ് സമർപ്പിക്കുന്നത്. പക്ഷേ ഓപ്പൺ ഡിഫൻസിന് വീണ്ടും ഒരു വർഷമെടുത്തു. ഇത് ശരിയായ രീതിയിൽ നടന്നിരുന്നെങ്കിൽ 2019 ൽ പൂർത്തിയാക്കേണ്ട കാര്യമാണ്. എനിക്ക് അതിന് സാധിച്ചില്ല.

ഒരു ദളിത് സ്ത്രീ കല്ല്യാണം കഴിഞ്ഞവളാണെങ്കിൽ കുടുംബം നോക്കണം, കുട്ടികളുടെ കാര്യങ്ങൾ നോക്കണം, ഭർത്താവ് സ്ഥലത്തില്ലെങ്കിൽ ഉത്തരവാദിത്തങ്ങൾ കൂടുകയും ചെയ്യും. ഇതൊക്കെ ചെയ്തുകൊണ്ട് വേണം ഗവേഷണം ചെയ്യാൻ. ഇതൊക്കെ ഒരുമിച്ച് ചെയ്തിട്ടാണ് ഞാൻ എന്റെ ഗവേഷണ പ്രബന്ധം പൂർത്തിയാക്കിയത്.

മൂന്ന് വർഷത്തെ കാലയളവ് എന്ന് പറയുമ്പോൾ കരിയറിലും ഒരു ബ്രേക്ക് വരികയാണല്ലോ?

അതെ, എവിടെയും സമയം ഒരു പ്രധാനമാണല്ലോ. PhD അവാർഡ് ചെയ്യപ്പെടുന്നതിനു മുൻപ് തന്നെ ഞാൻ കോളേജുകളിൽ ഇന്റർവ്യൂവിനു പോകുന്നുണ്ടായിരുന്നു. ഒരു കോളേജിൽ ജോലി ലഭിക്കുന്നതിന് മാനേജ്‌മന്റ് ചോദിക്കുന്ന പൈസ കൊടുക്കുക തന്നെ വേണം. സ്വന്തമായി ഭൂമി പോലും ഇല്ലാതെ ഒരു കോളനിയിൽ ജീവിച്ച ഞാൻ അതൊക്കെ എങ്ങനെ സാധിക്കാനാണ്. വാല്മീകി ആവാസ് യോജന പ്രകാരം എന്റെ അമ്മയ്ക്ക് രണ്ടര സെന്റ് ഭൂമിയുണ്ട്. അതിന്റെ ഇന്നത്തെ വില കേവലം ഒരു ലക്ഷം രൂപയ്ക്ക് അടുത്തായിരുക്കും. ഞങ്ങൾ നാല് മക്കൾ അതിനു അവകാശികൾ ആണ്. ഈ സാഹചര്യത്തിൽ ഞാൻ എങ്ങനെ ഒരു ജോലി നേടും? എനിക്ക് പി എസ് സി മാത്രമാണ് ആശ്രയം. Phd കഴിഞ്ഞപ്പോൾ എനിക്ക് സാമ്പത്തികമായി മാറേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടു. അതുകൊണ്ട് ഞാൻ തെരഞ്ഞെടുത്തത് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ആണ്. 2019 ലാണ്‌ ഞാൻ ഇതേ പ്രബന്ധവുമായി അമേരിക്കയിലേക്ക് പോകുന്നത്. അപ്പോൾ പലരും ചോദിക്കുന്നത് സംവരണം കൊണ്ട് എല്ലാം നേടിയില്ലേ എന്നാണ്. 2019 അമേരിക്കയിലെ ബ്രാൻഡൈസ് സർവ്വകലാശാല നടത്തിയ ആഗോള പ്രബന്ധ മത്സരത്തിലാണ് എന്റെ പ്രബന്ധം ഒന്നാമതെത്തുന്നത്. അതിനു എന്നെ സഹായിച്ച ഒരുപാട് മനുഷ്യരുണ്ട്. ഇപ്പോഴും അവരുടെ പിന്തുണയോടുകൂടിയാണ് ഞാൻ മുന്നോട്ടു പോകുന്നത്. ഇങ്ങനെ അക്കാദമിക് രംഗത്ത് നിൽക്കാൻ ദളിത് കോളനിയിൽ നിന്നും കുട്ടികൾ ഉണ്ടാവണമെങ്കിൽ ഇവിടെ ഒരു സപ്പോർട്ട് സിസ്റ്റം ഉണ്ടാവണം. കോളനിക്കത്ത് ജീവിക്കുന്ന മനുഷ്യരും പുറത്തുള്ള ഭരണ സംവിധാനവും ഒരുമിച്ചു പിന്തുണച്ചാൽ മാത്രമേ അത് നടക്കുകയുള്ളൂ. ഇന്ത്യക്കു പുറത്തുള്ള സർവ്വകലാശാലകളിൽ പല സ്കോളർഷിപ്പുകൾ ലഭ്യമാണ്. ഇതൊക്കെ പരിശ്രമിച്ചാൽ നേടിയെടുക്കാവുന്നതേയുള്ളൂ.

യുട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവയിൽ ട്രെൻഡിൽ ഒക്കെ കാണുന്നത് എന്നെ പോലെ ഒരാൾ ഡ്രസ്സ്, ട്രോളി ബാഗ് ഒക്കെ വാങ്ങി ഉപരിപഠനത്തിനു വിദേശത്തേക്ക് പോകുന്നു എന്നതാണ്. പക്ഷെ കാണാതെപോകുന്നത് ആ കുട്ടി ലോൺ എടുക്കുന്ന വലിയ തുകയാണ്. വേറെയൊരു പ്രധാന കാര്യം പുറത്തു ഒരുപാട് അവസരങ്ങൾ ഉണ്ടെങ്കിലും കോളനിയിൽ ജീവിക്കുന്ന പഠിക്കാൻ തയ്യാറായ ഒരു കുട്ടി അതിനെപ്പറ്റി അറിഞ്ഞിരിക്കണം എന്നില്ല. അതുകൊണ്ടാണ് റൈസിംഗ് സ്കോളർസ്‌ നെറ്റ്‌വർക്ക് എന്ന് പറയുന്ന ഒരു പ്ലാറ്റഫോമിനെക്കുറിച്ച്‌ 2020 ൽ ഞാൻ ആലോചിച്ചത്. കേവലം ഒരു ഫേസ്ബുക് പേജിൽ തുടങ്ങിയ പ്ലാറ്റഫോമിൽ തുടക്കത്തിൽ ഞാൻ കുറച്ച് കാര്യങ്ങൾ പങ്കുവയ്ക്കുക മാത്രമായിരുന്നു ചെയ്തുകൊണ്ടിരുന്നത്. 2019 ൽ വിദേശത്ത് പോയപ്പോഴാണ് ഒരു ഗ്ലോബൽ നെറ്റ് വർക്കിന്റെ ഭാഗമായി അത്തരം അറിവുകൾ എനിക്ക് ലഭിച്ചു തുടങ്ങിയത്. അത് പൊതുവെ ആരും പങ്കുവയ്ക്കാറില്ലായിരുന്നു. പിന്നീട് എന്റെ മൂന്നു സുഹൃത്തുക്കൾ കൂടി ആ പ്രവർത്തനത്തിൽ പങ്കാളികളായി. ഇപ്പോൾ ഞങ്ങൾ നാലുപേരും താല്പര്യമുള്ള കുട്ടികൾക്ക് അത്തരം ഫെലോഷിപ്പുകൾ സംബന്ധിച്ച അറിവുകൾ കൈമാറുകയും അവർക്കു വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തുവരുന്നു. ഞാൻ നേടുന്ന ഫെല്ലോഷിപ്പുകളും അറിവുകളും എന്റെ സമുദായത്തിന് കൂടി ഗുണകരമായി വരേണ്ടതുണ്ട്. അപ്പോൾ ഒരു കമ്മ്യുണിറ്റി ആണ് മുന്നോട്ടു പോകുന്നത്. ഒരു പത്തു വർഷത്തിനുള്ളിൽ എന്റെ സമുദായത്തിൽ നിന്നും കോളനികളിൽ നിന്നും ഒരുപാട് കുട്ടികൾ പറ്റിച്ചു മുന്നോട്ടു വരണം എന്നാണു ഞാൻ ആഗ്രഹിക്കുന്നത്.

കടപ്പാട് : The Cue

Cover Image: സേലത്തെ 42-ാം വാർഡിലെ ഗാന്ധി മഹാൻ സ്ട്രീറ്റിൽ ദളിതർ താമസിക്കുന്ന ഇടത്തെ വേർതിരിക്കാൻ നിർമ്മിച്ച മതിൽ. ഫോട്ടോ . ദി ഹിന്ദു

Maya Pramod

Maya Pramod

ചങ്ങനാശേരി സ്വദേശിയായ ഡോ. മായ ഇപ്പോൾ തൃശ്ശൂരിൽ താമസിക്കുന്നു. ഇരിങ്ങക്കുടയിലെ ക്രൈസ്റ്റ് കോളേജിലെ ഓട്ടോണമസ് ഡിപ്പാർട്ട്‌മെന്റിലെ ചരിത്ര വിഭാഗത്തിൽ നിന്ന് പിഎച്ച്ഡി ഗവേഷണം പൂർത്തിയാക്കി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ജെൻഡർ സ്റ്റഡീസൽ അധ്യാപികയായി ജോലി ചെയ്യുന്നു. വിവിധ പ്രതിസന്ധികളെ അതിജീവിച്ചാണ് ഉന്നത വിദ്യാഭ്യാസം നേടിയത്. ഗവേഷണ വിഷയം "സാമൂഹിക മൂലധനത്തെ പ്രത്യേകമായി പരാമർശിക്കുന്ന കേരളത്തിലെ ദളിത് കോളനികളുടെ സാമൂഹിക സാമ്പത്തിക ചരിത്രം" എന്നതാണ്. കഴിഞ്ഞ 14 വർഷമായി അവർ കേരളത്തിലെ മുഖ്യധാരാ മാസികകളിലും ഇതര മാസികകളിലും ദളിത്, ആദിവാസി കോളനി, ചരിത്രം, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങളെക്കുറിച്ച് എഴുതുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. പ്രജാഹിത ഫൗണ്ടേഷൻ അവാർഡ്, മാവേലി നാട് ഗവേഷണ ഗ്രാന്റുകൾ എന്നിവ അവർക്ക് നിരവധി നേട്ടങ്ങൾ ലഭിച്ചിട്ടുണ്ട്. 2019 ൽ അവരുടെ പ്രബന്ധം ആദ്യത്തേതിൽ തിരഞ്ഞെടുക്കപ്പെടുകയും യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബ്രാൻഡൈസ് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച അഭിമാനകരമായ പ്രപഞ്ച മത്സരത്തിൽ ജാതി എന്ന വിഷയത്തിൽ പങ്കെടുത്ത ബ്ലൂസ്റ്റോൺ റൈസിംഗ് സ്കോളർ അവാർഡ് നേടുകയും ചെയ്തു. അവർ യുഎസ്എയിലേക്ക് പോയി വിവിധ സർവകലാശാലകളെക്കുറിച്ചുള്ള പ്രബന്ധങ്ങൾ അവതരിപ്പിക്കുകയാണ്. നിലവിൽ അവരുടെ ആദ്യ പുസ്തകത്തിലും ഗവേഷണ പദ്ധതിയിലും പ്രവർത്തിക്കുന്നു.

View All Articles by Maya Pramod

Share Article
Whatsapp Email