
അലമാരകളില്ലാത്ത ഒരു ലോകം നമുക്ക് സങ്കൽപ്പിക്കാം
ബ്രസീലിയൻ ആദിവാസി നേതാവും, പരിസ്ഥിതി പ്രവർത്തകനും തത്ത്വചിന്തകനും കവിയും എഴുത്തുകാരനുമാണ് എയ്ൽട്ടൺ ക്രെനാക്ക്. പാശ്ചാത്യ സമൂഹം പിന്തുടരുന്ന പുരോഗതിയുടെയും വികസനത്തിന്റെയും ആശയങ്ങളെ വെല്ലുവിളിക്കുന്ന ഒരു വ്യവസ്ഥ മാറ്റത്തിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. ആദിവാസി സംസ്ക്കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും.
80-കളുടെ അവസാനത്തിൽ, ബ്രസീലിലെ ദേശീയ ഭരണഘടനാ അസംബ്ലിയിൽ പങ്കെടുത്തതിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭരണഘടന ചർച്ചകളിൽ ആദിവാസി ജനതയുടെ പ്രതിനിധിയായി അദ്ദേഹം പ്രവർത്തിച്ചു. തുടർന്ന് ചരിത്രത്തിലാദ്യമായി ബ്രസീലിലെ ആദിവാസി ജനതയ്ക്ക് മൗലികാവകാശങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള ഒരു പുതിയ ഭരണഘടന നിയമത്തിൽ വന്നു.
മൂന്ന് പ്രശസ്ത ബ്രസീലിയൻ സർവകലാശാലകളിൽ നിന്ന് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റുകൾ ലഭിച്ചിട്ടുണ്ട്, 15 ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് – അവയിൽ ചിലത് 13 ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2024-ൽ, ബ്രസീലിയൻ അക്കാദമി ഓഫ് ലെറ്റേഴ്സ് അംഗമാകുന്ന ആദ്യത്തെ ആദിവാസി നേതാവായി അദ്ദേഹം മാറി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘Ancestral Future’ ഏറെ ചർച്ചചെയ്യപ്പെട്ടു.
7 Minutes Read
താങ്കളുടെ പുസ്തകങ്ങളിലും പ്രഭാഷണങ്ങളിലും സർവ്വ ജീവജാലങ്ങളുടെയും മൂല്യം അംഗീകരിക്കുകയും മനുഷ്യവംശത്തിന്റെ അമിത പ്രാധാന്യത്തെ കുറച്ചുകാണാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു ഇക്കോളജി കേന്ദ്രീകൃത ജീവിത വീക്ഷണം കാണാൻ കഴിയും. ഇത് ആദിമ നിവാസികളുടെ ജീവിതവുമായി ചേർന്ന് നിൽക്കുന്ന ഒന്നാണല്ലോ. അതെ സമയം ഇത് പ്രകൃതിയെ പ്രാഥമികമായി ഒരു വിഭവമായി കണക്കാക്കുന്ന പാശ്ച്യാത്യ മനുഷ്യ കേന്ദ്രീകൃത വീക്ഷണത്തോടു വിയോജിക്കുകയും ചെയ്യുന്നു. പാശ്ചാത്യ ലോകത്തിന്റെ ജീവിത ദർശനം അടിയന്തിരമായി മാറേണ്ടതുണ്ടെന്നു താങ്കൾ കരുതുന്നത് എന്തുകൊണ്ടാണ് ?
നമ്മളെല്ലാവരും ഒരു ജൈവ വ്യവസ്ഥയുടെ ഭാഗമാണെന്നുള്ള ബോധ്യത്തിൽ ഒരു വിള്ളൽ വീണിരിക്കുന്നു. മഴ, വെള്ളപ്പൊക്കം, അന്തരീക്ഷ താപനില ഒക്കെ നമുക്ക് ഒരു ഭീഷണിയായി മാറിയിരിക്കുന്നു. എന്നാൽ നമ്മൾ ജീവിക്കുന്ന ഗ്രഹത്തിന്റെ രോഗാതുരതയുടെ ഫലമാണിതെന്ന് നാം തിരിച്ചറിയുന്നില്ല. വളരെക്കാലമായി മനുഷ്യ കേന്ദ്രീകൃതമായി നമ്മൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രവൃത്തികളോടുള്ള ഭൂമിയുടെ പ്രതികരണമാണിത്. ശാസ്ത്രജ്ഞർ ഈ പുതിയ യുഗത്തെ ‘ആന്ത്രോപോസീൻ’ എന്ന് നിർവചിക്കുന്നു.
ഭൂമിയെ സമ്പൂർണ നിയന്ത്രണത്തിൽ കൊണ്ട് വരുന്ന മനുഷ്യ രീതി ഭയം ജനിപ്പിക്കുന്നതാണ്. ഭൂമി ജീവനും അറിവും ഉള്ള ഒരു സംവിധാനമാണെന്നും അത് ഒരു ജൈവ ആവാസ വ്യവസ്ഥയാണെന്നും മനുഷ്യകേന്ദ്രീകൃത യുക്തിക്ക് വിധേയമാക്കാൻ കഴിയാത്തതാണെന്നും ഉള്ള യാഥാർഥ്യം അംഗീകരിക്കാൻ നമുക്ക് പ്രയാസം ആയിരിക്കുന്നു. അതുകൊണ്ടാണ് നമ്മൾ നിരന്തരമായ പിരിമുറുക്കത്തിൽ ജീവിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിയിലെ വ്യാവസായിക വിപ്ലവം ഉണ്ടാക്കിയ ലഹരിയിൽ അഭിരമിക്കുകയാണ് നമ്മൾ.

‘മനുഷ്യർ ഉത്തരവാദിത്തമില്ലാതെ ജീവിക്കുന്നു ’എന്നാണോ താങ്കൾ ഉദ്ദേശിക്കുന്നത്?
അതെ. ഇരുപതാം നൂറ്റാണ്ട് വികസനത്തിന്റെ കാലമായിരുന്നു. ഐക്യരാഷ്ട്ര സഭയും മറ്റ് പ്രധാന സംഘടനകളും അതിനെ ‘ആഗോളവൽക്കരണം’എന്ന് വിളിച്ചു. ഒരു ആഗോള ഗ്രാമം എന്ന ആശയവുമായി നമ്മൾ 20-ാം നൂറ്റാണ്ട് ആഹ്ലാദഭരിതരായി ചെലവഴിച്ചു. എന്നാൽ ഈ ഗ്രാമത്തിന് എന്തെങ്കിലും ദോഷം സംഭവിച്ചാൽ എല്ലാവരും അതിന്റെ ദുരന്തം അനുഭവിക്കുമെന്ന് ആരും ഗൗനിച്ചില്ല. ഒരൊറ്റ ആഗോള സമ്പദ്‌വ്യവസ്ഥ എന്ന ആശയം ഫിനാൻഷ്യൽ കാപ്പിറ്റലിസത്തിലേക്കു നയിച്ചു. അതിന്റെ ഫലമായി ഇന്ന് നാം അനുഭവിക്കുന്നത് സുസ്ഥിരമല്ലാത്ത ഒരു ജീവിതമാണ്.
ഇന്ന് സമ്പത്ത് നിലനിൽക്കുന്നത് യഥാർത്ഥ മൂല്യമുള്ളിടത്ത് അല്ലെന്നുള്ളത് ഏറെ ഭയപ്പെടുത്തുന്നതാണ്. നദികളോ പർവതങ്ങളോ കാടുകളോ ഉള്ളിടത്ത് സമ്പത്ത് ഇല്ല. വലിയ വ്യാവസായിക നഗരങ്ങളാണ് സമ്പന്നം എന്നുള്ള തെറ്റായ ബോധം നമ്മെ കീഴടക്കിയിരിക്കുന്നു.
ഈ പാശ്ചാത്യ ലോകവീക്ഷണം, തെക്കേ അമേരിക്കയിലെ ആൻഡീസ് പർവതനിരകളിലെ ആദിവാസി ജനതയുടേതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. നൂറ്റാണ്ടുകളായി അവർ ബ്യൂൺ വിവിർ (buen vivir) അല്ലെങ്കിൽ ‘നല്ല ജീവിതം’ എന്ന തത്വം പാലിച്ചുകൊണ്ടാണ് ജീവിക്കുന്നതും നിലവിലുള്ള സാമ്പത്തിക വികസന മാതൃകയെ ചോദ്യം ചെയ്യുന്നതും. മനുഷ്യരെ പ്രകൃതിയുടെ ഭാഗമായി കണക്കാക്കുകയുംചെയ്യുന്നു. വസ്തുക്കൾ കൈവശം വയ്ക്കുന്നതിലല്ല മറിച്ച് പ്രകൃതിയുടെ ഭാഗമായിരിക്കുന്നതിലാണ് അവർ അഭിമാനം കൊള്ളുന്നത്. ഭൂമിയിലെ ജീവിതചര്യയെ ഒരു പ്രപഞ്ച നടനമായിട്ടാണ് (cosmic dance) ഞാൻ കാണുന്നത്. പരമ്പരാഗതമായി ഭൂമിയുമായി അടുത്തിടപഴകി ജീവിക്കുന്ന ഒരു സമൂഹത്തിനു മാത്രമേ ഈ ജ്ഞാനം ഉണ്ടാവുകയുള്ളൂ.
എന്തുകൊണ്ടാണ് ആധുനിക പാശ്ചാത്യ സമൂഹങ്ങൾ ഈ ജീവിതരീതിയിൽ നിന്ന് ഇത്രയധികം അകന്നുപോയത്?
പാശ്ചാത്യ സമൂഹം ഭൂമിയുമായുള്ള പൊക്കിക്കോടി ബന്ധം ഏറെ നാളായി വിഛേദിച്ചുകൊണ്ടാണ് കഴിയുന്നത്. ഈ വേർപിരിയൽ അവരെ അനാഥരാക്കിയിരിക്കുന്നു. അതിന്റെ ഫലമായി ഒരു കൂട്ടം വൻകിട കോർപ്പറേറ്റുകൾ ഭൂമിയെ കീഴടക്കുകയും വനങ്ങളും പർവതങ്ങളും നശിപ്പിച്ച് എല്ലാം കച്ചവടവസ്തുക്കളാക്കി മാറ്റുകയായിരുന്നു.
പാശ്ചാത്യ ലോക വീക്ഷണം നമ്മളെ ഉത്തേജിപ്പിക്കുന്നത് നിരന്തരം ഉപഭോഗം ചെയ്യാനാണ്. നമ്മളുടെ ഉണ്മയെ അത് അവഗണിക്കുന്നു. മനുഷ്യചരിത്രം പരിശോധിച്ചാൽ, എല്ലാവർക്കും ആവശ്യമുള്ളതെല്ലാം ഉണ്ടായിരിക്കുക എന്നത് അസാധ്യമായിരിക്കുന്നു എന്ന് കാണാൻ കഴിയും. ചിലർക്ക് ധാരാളം ഉള്ളപ്പോൾ, ആയിരക്കണക്കിന് മനുഷ്യർ അതീവ ദരിദ്രരാണ്. ഇത് മനസ്സിലാക്കാൻ വളരെ എളുപ്പമാണ്, പക്ഷേ അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടും. നിക്ഷിപ്ത താല്പര്യങ്ങൾക്കായുള്ള പരസ്യ പ്രചാരണം നമ്മളെ അങ്ങനെയാണ് സ്വാധീനിക്കുന്നത്. നൂറിലധികം വർഷങ്ങൾക്ക് മുമ്പ്, എല്ലാവരിലും ഒരു കാർ സ്വന്തമാക്കാനുള്ള ആഗ്രഹം ജനിപ്പിക്കാൻ കഴിയുമെന്ന് ഹെൻറി ഫോർഡ് കണ്ടെത്തിയപ്പോൾ, ‘നിങ്ങൾക്കും ഒന്ന് ലഭിക്കും’ എന്ന മുദ്രാവാക്യം എഴുതിയ കാറിന്റെ ആദ്യത്തെ ബിൽബോർഡ് നിർമ്മിക്കാനിടയായി. മനുഷ്യരാശിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും അപമാനകരമായ വാഗ്ദാനമായിരുന്നു അത്. ലോകത്ത് അനന്തമായ തോതിലുള്ള ഉൽപ്പാദനം സാധ്യമാകുമെന്ന മിഥ്യാധാരണ ‘ഫോർഡിസം’ സൃഷ്ടിച്ചു. എല്ലാവരും ഒരേ കാര്യങ്ങൾ ആഗ്രഹിക്കുന്ന ഒരു വലിയ ആൾക്കൂട്ടമായി നമ്മൾ മാറിയിരിക്കുന്നു.
ജീവിതവും ജീവിത നിലവാരവും പ്രധാനമായ ഒരു ലോകത്തിനായി നമുക്ക് സ്വയം മാറാൻ കഴിയുമോ എന്ന് എനിക്കറിയില്ല. നിങ്ങൾ ധരിക്കുന്ന വസ്ത്രമോ കൈവശം വയ്ക്കുന്ന പണമോ അല്ല കാര്യം. ഒരു വലിയ മിഥ്യാ ലോകത്തിന്റെ തടവറയിലാണ് നമ്മൾ. ഇത് സാർവ്വദേശീയ ദുരന്തങ്ങൾക്ക് കാരണമാകുന്നു. നിങ്ങൾ നശിപ്പിക്കുന്ന നദി ഒരിക്കലും തിരിച്ചുവരില്ല. നിങ്ങൾ വെട്ടിമാറ്റുന്ന മല ഒരു സമതലമായി എന്നന്നേയ്ക്കുമായി മാറുന്നു.
സമൃദ്ധമായ ഒരു ഭാവിയുടെ സൃഷ്ടിക്കായി നമ്മുടെ ‘പരമ്പരാഗത ജീവിതരീതി’ (‘ancestral way of life’) യുടെ എന്തൊക്കെ അടിസ്ഥാന കാര്യങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടത്?
അവയൊന്നും വെറും പ്രപഞ്ചദർശന സിദ്ധാന്തങ്ങളല്ല, അവ ഒരു സാഹിത്യകൃതിയിലോ ഏതെങ്കിലും പ്രമാണ രൂപത്തിലോ അവതരിപ്പിക്കാൻ കഴിയുകയുമില്ല. കാരണം അവ ജീവിതത്തിന്റെ സത്തയെ പ്രതിനിധീകരിക്കുന്നു. ഒരു കൂട്ടായ ജീവിതരീതിയെ. ചുരുക്കി പറഞ്ഞാൽ അത് ഇങ്ങനെയായിരിക്കും: ആവശ്യമുള്ളത് മാത്രം ഉപയോഗിച്ച് ജീവിക്കാൻ നമ്മൾ പഠിക്കണം. കുട്ടികളുടെ കഥയായ ദി ജംഗിൾ ബുക്കിൽ, കാട്ടിലെ എല്ലാ ജീവികളും സംസാരിക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ, കരടി കാട്ടിൽ താമസിക്കുന്ന ആൺകുട്ടിയോട് ‘ആവശ്യമുള്ളത് മാത്രം, ആവശ്യമുള്ളത് മാത്രം’എന്ന് പറയുന്നുണ്ട്. കുട്ടികൾക്ക് എന്താണ് ആവശ്യമുള്ളതെന്ന് മനസ്സിലാകുന്നുണ്ടെങ്കിലും മുതിർന്നവർക്ക് പലപ്പോഴും അതിന് കഴിയാറില്ല. നമ്മൾ മുതിർന്നവരാകുമ്പോൾ, ആവശ്യമുള്ളതിന്റെ പരിധികൾക്കപ്പുറത്തേക്ക് പോകുന്നു; ഭൂമിക്ക് സുസ്ഥിരമായി നൽകാൻ കഴിയുന്നതിനപ്പുറം നമുക്ക് ആവശ്യമുള്ളത് നൽകാൻ ഭൂമിയെ നിർബന്ധിക്കാമെന്ന് നാം കരുതുന്നു. ‘ആവശ്യമുള്ളത് മാത്രം’എന്ന വാചകം നമ്മൾ ആദ്യം വീണ്ടും പഠിക്കേണ്ടതുണ്ട്. നമുക്ക് ആവശ്യമില്ലാത്തതെല്ലാം സൂക്ഷിക്കാൻ നമുക്ക് അലമാരകൾ ഉണ്ട്. ഒരുപക്ഷേ ആദ്യപടി അലമാരകളില്ലാത്ത ഒരു ലോകം സങ്കൽപ്പിക്കുക എന്നതായിരിക്കാം.

2024-ൽ, താങ്കൾ ബ്രസീലിയൻ അക്കാദമി ഓഫ് ലെറ്റേഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, നൂറ്റാണ്ട് പഴക്കമുള്ള ആ സ്ഥാപനത്തിൽ ഒരു അധ്യക്ഷ സ്ഥാനം വഹിക്കുന്ന ആദ്യത്തെ ആദിമനിവാസിയായി. ആദിമ സംസ്കാരവും ചിന്തകളും വിലമതിക്കപ്പെടാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയായി താങ്കൾ ഇതിനെ മനസിലാക്കുന്നുണ്ടോ?
എനിക്ക് അങ്ങനെ തോന്നുന്നു. ആദിവാസി സാഹിത്യം ബ്രസീലിൽ മാത്രമല്ല, വിവിധ രാജ്യങ്ങളിലെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നുണ്ട്. പാശ്ചാത്യ സാഹിത്യം പ്രതിസന്ധിയിലായതുകൊണ്ടാകാം ഇതെന്ന് ഞാൻ വിശ്വസിക്കുന്നു. നാനാവിധമായ പ്രതിസന്ധികളിൽപെട്ട് ഉഴലുമ്പോൾ അതിനെ മറികടക്കാനുള്ള പോംവഴിയായും, ഭാവിയെക്കുറിച്ച് ചിന്തിക്കാനുള്ള പ്രേരണയായും ഞാൻ ഈ മാറ്റത്തെ കാണുന്നു.
വളരെക്കാലം ബ്രസീലിയൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ യൂറോപ്യൻ അറിവിനും സാഹിത്യത്തിനും കീഴ്പ്പെട്ടിരുന്നു. ഭൂരിപക്ഷം സ്ഥാപനങ്ങളും ഇപ്പോഴും ഇവിടെ ആധിപത്യ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നു. ബ്രസീലിന് അതിന്റെ ‘സാമൂഹ്യ അപകർഷത’ (ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബ്രസീലുകാർക്ക് തോന്നുന്ന ഒരു അപകർഷതാബോധം) ഉപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല, കാട്ടിനുള്ളിൽ പോലും ആളുകളെ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കാൻ ഒരു വെള്ളക്കാരനായ യജമാനൻ വരുന്നത് അവർ കാത്തിരിക്കുകയാണ്. വരും വർഷങ്ങളിൽ വർദ്ധിച്ചുവരുന്ന ആഗോള താപനത്തിന്റെ സാഹചര്യത്തിൽ കൂടുതൽ ദുഷ്‌കരമായ അനുഭവങ്ങൾ നമുക്കുണ്ടാവുമെന്ന് അതിനെ നിഷേധിക്കുന്നവർ ഒഴികെ എല്ലാവർക്കും അറിയാം.
നിലവിലെ കാലാവസ്ഥ സാഹചര്യങ്ങൾ നമ്മെ ഇതിനകം തന്നെ വളരെയധികം ദുർബലരാക്കിയിട്ടുണ്ടെങ്കിൽ, മനുഷ്യജീവിതത്തിന് താങ്ങാനാവാത്ത താപനിലയിലെത്തുമ്പോൾ എങ്ങനെയിരിക്കും ആ ദുരന്തം എന്ന് സങ്കൽപ്പിച്ചു നോക്കൂ. നമ്മൾ ഒരിക്കലും സങ്കല്പിച്ചിട്ടില്ലാത്ത മാറ്റങ്ങൾക്ക് നാം വിധേയമായിക്കൊണ്ടിരിക്കുകയാണ്. നമ്മൾ അറിയാതെ തന്നെ ഒരു വിള്ളൽ നമ്മുടെ ഉള്ളിൽ അനുഭവപ്പെടുന്നു. ഭാവിയെക്കുറിച്ചു പ്രത്യാശ പുലർത്തണമെങ്കിൽ, വികസനത്തിനും സാങ്കേതികവിദ്യയ്ക്കും എന്ത് വില കൊടുത്തും ഒരു പരിധി നിശ്ചയിക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ കുട്ടിക്കാലം മുതൽ തന്നെ അതിനുള്ള ആസക്തി പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. കുട്ടികൾ സ്വന്തമായി കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നത് ഇപ്പോൾ കാണുന്നില്ല. മിക്ക സ്കൂളുകളിലും, സൈനിക വ്യവസായത്തിന്റെ സ്വാധീനത്തിൽ കളിപ്പാട്ടങ്ങൾ രൂപകൽപ്പന ചെയ്യുകയും അശുഭസൂചകമായ ഭാവിക്കായി ബാല്യത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നു. പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച തോക്കുകളുമായി കളിക്കുന്ന കുട്ടികൾ പരസ്പരം കൊല്ലുന്നതായി നടിക്കുന്നത് നിങ്ങൾ കാണുന്നുണ്ട്. ഇതുപോലുള്ള ഒരു ഭാവി നമുക്ക് എങ്ങനെ കെട്ടിപ്പടുക്കാൻ കഴിയും? മനുഷ്യർ ഭൂമിയിൽ ജീവിതം സുസ്ഥിരമല്ലെന്ന് മനസ്സിലാക്കി ഭാവി സാധ്യതകൾ മറ്റെവിടെയോ തിരിയുകയാണെന്ന് എനിക്ക് തോന്നുന്നു.
ഇന്നത്തെ ലോകത്ത് സാമ്പത്തിക വികസനത്തെയും വളർച്ചയെയും കുറിച്ചുള്ള ചിന്ത കാലഹരണപ്പെട്ട ഒന്നാണോ? സാമ്പത്തിക വികസനം എന്ന ആശയത്തിന് പകരം വയ്ക്കാൻ കോസ്‌മോവിഷന് കഴിയുമോ?
ഭൂമിയിലെ ജീവൻ നശിപ്പിക്കുന്നത് ഇവിടെ നിലനിൽക്കുന്ന സാമ്പത്തിക വികസനമാണ്. നമുക്ക് ഇനി സാമ്പത്തിക വികസനം ആവശ്യമില്ല. ലോകത്തിന്റെ സമ്പത്ത് നമുക്ക് യഥാർത്ഥത്തിൽ ആവശ്യമുള്ളതിനേക്കാൾ 8-10 മടങ്ങ് കൂടുതലാണ്. സൈനിക വ്യവസായത്തിന് ആയുധങ്ങൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകത കാരണം ലോകമെമ്പാടും ഏകദേശം110 സായുധ സംഘട്ടനങ്ങൾ നടക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നത് യുദ്ധമാണ്. അത് ജീവിതമല്ല, യുദ്ധമാണ് എന്നോർക്കണം. ജൈവവൈവിധ്യ സംരക്ഷണത്തെ അവഗണിക്കുകയും യുദ്ധത്തിനായി നാം കോടിക്കണക്കിന് രൂപ നിക്ഷേപിക്കുകയും ചെയ്യുന്നു. വികസനത്തെക്കുറിച്ചുള്ള ചർച്ചകൾ മണ്ടത്തരമാണ്. മനുഷ്യർക്ക് എല്ലാവർക്കും വെള്ളവും ഭക്ഷണവും എവിടെ നിന്ന് ലഭിക്കും എന്ന് നിങ്ങൾ ചോദിച്ചാൽ, അത് ഭൂമിയിൽ നിന്നാണെന്ന് വികസനവാദികൾ പറയും, അത് ലഭിക്കാൻ മറ്റൊരു സ്ഥലവുമില്ല എന്നും. അപ്പോഴും, നമ്മൾ വസിക്കുന്ന ഭൂമിയുടെ സംരക്ഷണത്തിന് മതിയായ നയങ്ങൾ രൂപീകരിക്കാതിരിക്കുന്നത് അവർ തുടരുകയും ചെയ്യും.
കോവിഡ്-19 മഹാമാരിയുടെ ദുരന്തത്തിനുശേഷം, വികസനത്തിന്റെയും ആഗോളവൽക്കരണത്തിന്റെയും ആശയം മാനവലോകം പുനർവിചിന്തനം ചെയ്യാൻ തുടങ്ങുമെന്ന് ഞാൻ കരുതി. കാരണം ഒരു ആഗോള ദുരന്തമെന്ന നിലയിൽ, അത് എല്ലാവരെയും തളർത്തിയിരുന്നല്ലോ. അതിന്റെ ഭീകരതയിൽ നിന്ന് നമ്മൾ മികച്ച മനുഷ്യരായി ഉയർന്നുവരുമെന്ന് ഞാൻ കരുതി. ഉദാഹരണത്തിന്, ഹരിതഗൃഹ വാതക ഉദ്‌വമനം കുറയുമായിരുന്നു എന്നൊക്കെ. പക്ഷേ ഒന്നും മാറിയിട്ടില്ല. പക്ഷേ, നമ്മൾ എത്രമാത്രം കൂടുതൽ വഷളായി എന്നതിൽ എനിക്ക് അദ്‌ഭുതമുണ്ട്.
നമ്മൾ വലിയ ദുരന്തത്തിലേക്ക് നീങ്ങുകയാണെന്ന് സൂചനകൾ ഉണ്ട്, പക്ഷേ അതിനെ തടയാൻ കാര്യമായൊന്നും സംഭവിക്കുന്നില്ലെന്ന് തോന്നുന്നു. ഒരു വ്യവസ്ഥ മാറ്റം എങ്ങനെ സാധ്യമാകും?
അതിനൊക്കെ പരിഹാരമുണ്ടെന്ന് അവകാശപ്പെടുന്ന ഏതൊരു വിദഗ്ദ്ധനെയും, തത്ത്വചിന്തകനെയും, ആഗോള നേതാവിനെയും നാം സംശയത്തോടെ കാണണം, കാരണം അവർ നുണ പറയുകയാണ്. ഒരുപാട് സമയമെടുത്താണ് നമ്മള്‍ ഈ ദുരന്തമുഖത്തെത്തിയത്, ഒരു മാന്ത്രിക വടി കൊണ്ട് ഒറ്റയടിക്ക് അത് ഇല്ലാതാക്കാന്‍ ഇന്ന് നമുക്ക് കഴിയില്ല.
അതുകൊണ്ടാണ് നമുക്ക് അനിവാര്യമായ ഈ വ്യവസ്ഥ മാറ്റത്തിന് കാരണമാകുന്നത് ബാഹ്യമായ എന്തെങ്കിലും ആയിരിക്കുമെന്ന് ഞാൻ ഭയപ്പെടുന്നത്. അത് നമ്മൾ ബോധപൂർവ്വം വരുത്തുന്ന ഒരു മാറ്റം ആയിരിക്കണമെന്നില്ല. ആ ബാഹ്യ ശക്തി മറ്റൊരു വൈറസായിരിക്കാം അല്ലെങ്കിൽ ഒരു തീവ്ര കാലാവസ്ഥാ പ്രതിഭാസമായിരിക്കാം. നമ്മുടെ ചലന സ്വാതന്ത്ര്യത്തെയും, നമ്മൾ ഇപ്പോൾ ചെയ്യുന്നതുപോലെ ജീവിക്കാനുള്ള കഴിവിനെയും തകർക്കുന്ന ഒന്ന്. അത് നമ്മുടെ ചിന്താ രീതിയിൽ കാതലായ മാറ്റം വരുത്തുകയും ഇപ്പോഴത്തെ അന്ധമായ ഉപഭോഗ ശീലത്തെ മാറ്റുകയും മറ്റൊരു ജീവിതം നയിക്കാൻ നമ്മളെ പ്രാപ്തമാക്കുകയും ചെയ്തേക്കാം. നമ്മൾ ആവാസ വ്യവസ്ഥയെ ചൂഷണം ചെയ്യുന്നതിന്റെ പരിധിയിലെത്തിയെന്നും ഇനി വ്യത്യസ്തമായ മറ്റൊരു യാഥാർത്ഥ്യത്തിലേക്ക് നമ്മൾ പരിവർത്തനം ചെയ്യപ്പെടുമെന്നും ഞാൻ കരുതുന്നു. ഒരു പക്ഷെ അങ്ങനെയൊരു പരിവർത്തനത്തിനു നമുക്ക് വലിയ വിലകൊടുക്കേണ്ടി വന്നേക്കാം.
ഇത് ഒരു അശുഭാപ്തി വിശ്വാസം ആയി തോന്നുന്നു…
അതെ, നമ്മൾ ഇവിടെ ഒത്തുകൂടിയിരിക്കുന്നത് ലോകാവസാനത്തെക്കുറിച്ച് സംസാരിക്കാൻ വേണ്ടിയാണെന്ന് തോന്നുന്നു. എന്നാൽ അശുഭാപ്തി വിശ്വാസം എന്നിലും മറ്റുള്ളവരിലും വളർത്തിയെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ വരാനിരിക്കുന്ന ദുരന്തത്തെ സൂചിപ്പിക്കുന്ന തെളിവുകൾ നിഷേധിക്കുന്നത് തുടരാനാവില്ല. കാലാവസ്ഥ പ്രതിസന്ധി രൂക്ഷമായി തുടരുമ്പോൾ ആർക്കും ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി നമ്മൾ എന്തിനാണ് അമിതമായി സമയവും സമ്പത്തും ചെലവഴിക്കുന്നത്? ‘ Ideas to Delay the End of the World’ എന്ന പുസ്തകം ഞാൻ പ്രസിദ്ധീകരിച്ചപ്പോൾ, വികസനവും പുരോഗതിയും ഭാവിയിലേക്കുള്ള പാതയാണെന്ന ആശയത്തിലുള്ള എന്റെ അവിശ്വാസം ഞാൻ രേഖപ്പെടുത്തുകയുണ്ടായി. പകരം ഒരു ജൈവകേന്ദ്രീകൃത ദർശനം – ഓരോ ജീവനെയും പവിത്രമായി കരുതുന്ന ഒരു ധാർമ്മിക വീക്ഷണം – ഭാവിയിലേക്കുള്ള ഒരു പാതയായിരിക്കുമെന്ന് ഞാൻ വിശദീകരിച്ചു.
എന്നാൽ അതിനായി, അനന്തമായ ഭൗതിക വളർച്ചയെന്ന സ്വപ്നം നാം ഉപേക്ഷിക്കേണ്ടതുണ്ട്. ഇപ്പോൾ നടക്കുന്ന തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ ഞാൻ പ്രതീക്ഷ ഉപേക്ഷിക്കുകയല്ല. പക്ഷേ, ഒരാളുടെ തോളിൽ തട്ടി എല്ലാം ശരിയാകുമെന്ന് പറഞ്ഞുകൊണ്ട് എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ശുഭപ്രതീക്ഷ പ്രചരിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. കുറച്ചു കാലത്തേക്ക് കൂടി നമ്മൾ കൂടുതൽ തെറ്റായ പാതയിലൂടെ സഞ്ചരിച്ചേക്കാം. പക്ഷേ അതിനുശേഷം, നമ്മൾ ആ പാത ഉപേക്ഷിക്കാൻ തയ്യാറായാൽ കൂടുതൽ മെച്ചപ്പെട്ട ജീവിതം നമുക്ക് സാധ്യമാകും.

കുറച്ചു കാലത്തേക്ക് കൂടി നമ്മൾ ദുരന്തത്തിന് ആക്കം കൂട്ടുന്ന അധാർമ്മിക ജീവിത രീതി തുടരുമെന്ന് താങ്കൾ പറയുന്നു. എന്നിട്ടും, സാധ്യമായ മറ്റൊരു ഭാവിയെക്കുറിച്ചുള്ള ആശയത്തിൽ താങ്കൾ ഉറച്ചുനിൽക്കുന്നു. ഇത് സാധ്യമാണെന്ന് താങ്കൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ?
നമ്മുടെ ഭൂമി വളരെ മനോഹരമായ ഗ്രഹമാണ്. അതിൽ ജീവൻ എല്ലായിടത്തും ഉണ്ടെന്ന വസ്തുത നമുക്ക് മറക്കാൻ പാടില്ല. നമ്മളാരും ഒറ്റപ്പെട്ട ഒരു ദ്വീപിൽ ജീവിക്കുന്നവർ അല്ലെന്നും ഓർക്കണം. ഈ ഗ്രഹിലെ എല്ലാ ജീവജാലങ്ങളുമായും നമ്മുടെ ജീവിതം ബന്ധപ്പെട്ടിരിക്കുന്നു. നമ്മൾ എല്ലാറ്റിലും ലയിച്ചു കിടക്കുന്നതു പോലെയാണ്. മണ്ണിൽ മൃദുവായി നടക്കാൻ നമ്മൾ വീണ്ടും പഠിക്കേണ്ടതുണ്ട്. ഇങ്ങനെ നടക്കാൻ പഠിക്കുമ്പോൾ നമുക്ക് അത്ഭുതങ്ങൾ അനുഭവപ്പെടും, മറ്റൊന്നും നമുക്ക് ആവശ്യമായി വരില്ല. മറ്റു ജീവജാലങ്ങൾക്കൊപ്പം നൃത്തം ചെയ്യാനുള്ള പ്രകൃതിയുടെ ക്ഷണം നാം സ്വീകരിക്കണം. തേനീച്ചകളുമായും, ഉറുമ്പുകളുമായും, വളരുന്ന പുൽനാമ്പുകളുമായും, കാറ്റിൽ ആടിയുലയുന്ന മരങ്ങളുമായും, തളിരിലകളുമായും നമ്മെ ബന്ധിപ്പിക്കുന്ന ഒരു ജൈവ മാനസികാവസ്ഥ നമുക്ക് ഉണ്ടാകുമെങ്കിൽ, എല്ലാം നിരന്തരം മുളച്ചുവരികയും വളരുകയും ഇല്ലാതാവുകയും പുനർജനിക്കുകയും ചെയ്യുന്നുവെന്ന് നമുക്ക് മനസ്സിലാകും.
ശാശ്വതമായി ജീവിക്കാൻ ആഗ്രഹിക്കുന്ന, സ്വയം ചിരഞ്ജീവിയാകാൻ ആഗ്രഹിക്കുന്ന, വൈവിധ്യത്തെ നിഷേധിച്ചുകൊണ്ട് ലോകത്തെ ഉപഭോഗം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരേയൊരു മൃഗം ഹോമോ സാപ്പിയൻസ് മാത്രമാണ്. ഭൂമിയെന്ന സചേതനവും ലോലവുമായ ജൈവ സംവിധാനവുമായി സംവദിച്ചുകൊണ്ടു മാത്രമേ നമ്മൾ കുഴിച്ച കുഴിയിൽ നിന്നും പുറത്തു കടക്കാൻ കഴിയുകയുള്ളൂ. ഒരുപക്ഷേ നമ്മുടെ വിഷമ സന്ധിക്കുള്ള മറുമരുന്ന്, മറ്റെല്ലാ മനുഷ്യേതര ജീവികളെയും സ്നേഹപൂവ്വം ആലിംഗനം ചെയ്യുന്നതിനുള്ള നമ്മുടെ കഴിവായിരിക്കും.
ഒരു നിമിഷം കണ്ണടയ്ക്കുമ്പോൾ, ഭാവിയെക്കുറിച്ച് താങ്കൾ എന്താണ് കാണുന്നത്?
എന്റെ വീട്ടുമുറ്റം വൃത്തിയാക്കുമ്പോൾ, ഞാൻ ധ്യാനിക്കുന്നു. അപ്പോൾ ദൈനംദിന ജീവിതത്തിന്റെ കാഠിന്യത്തിൽ നിന്ന് വേർപെട്ട്, കണ്ണുകൾ അടച്ച്, മലകളിൽ നിന്ന് വെള്ളം ഉത്ഭവിച്ച് ചെറിയ അരുവികൾ രൂപപ്പെടുന്ന പ്രകൃതിദൃശ്യം ഞാൻ സങ്കൽപ്പിക്കുന്നു. ഞാൻ വെള്ളത്തിൽ ലയിക്കുന്നത്ര ചെറിയ ഒരു ജീവിയായി മാറുന്നു. അപ്പോൾ ഭാവി ഒരു പേടി സ്വപ്നം അല്ലാതായി മാറുന്നു. വരാനിരിക്കുന്ന കാലം അനുഭവിക്കാൻ കഴിയുന്നു. ഇതാണ് നമ്മുടെ പൂർവ്വികർ അനുഭവിച്ച ഭാവി.
Translated by A K Shiburaj
കടപ്പാട് : https://news.mongabay.com