വനാവകാശ നിയമവും ഇന്ത്യയിലെ വനങ്ങൾക്കുവേണ്ടിയുള്ള പോരാട്ടവും

വനാവകാശ നിയമവും ഇന്ത്യയിലെ വനങ്ങൾക്കുവേണ്ടിയുള്ള പോരാട്ടവും

പരിസ്ഥിതി, സാമൂഹിക നീതിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ വനാവകാശ നിയമത്തിനെതിരായ ഭരണഘടനാപരമായ നിരവധി വെല്ലുവിളികൾ സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുകയാണ്. മാത്രമല്ല, 2023-ൽ വന (സംരക്ഷണ) നിയമത്തിന്റെ ഭേദഗതിക്ക് ശേഷം, ‘ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുക’ എന്ന സർക്കാരിന്റെ പ്രാഥമിക അജണ്ട കൈവരിക്കുന്നതിനായി, വനേതര ആവശ്യങ്ങൾക്ക് വനങ്ങൾ ഉപയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. 2006 ലെ വനാവകാശ നിയമം കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ച, ആദിവാസികളുടെയും വനത്തിൽ വസിക്കുന്നവരുടെയും സംഘടനകളുടെ ദേശീയ വേദിയായ ‘കാമ്പെയ്ൻ ഫോർ സർവൈവൽ ആൻഡ് ഡിഗ്നിറ്റി’യുടെ ഭാഗമായ സി.ആർ. ബിജോയ് നിലവിലുള്ള നിയമങ്ങൾ അട്ടിമറിച്ചും തെറ്റായ ഡാറ്റ പ്രചരിപ്പിച്ചും സർക്കാർ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുറന്നുകാട്ടുന്നു.

വനാവകാശ നിയമത്തിനെതിരായ ഭരണഘടനാപരമായ വെല്ലുവിളികളുടെ ഒരു പരമ്പര സുപ്രീംകോടതി ഇപ്പോൾ വാദം കേൾക്കുകയാണ്. ഈ ഹർജിക്കാരെ നിരാശരാക്കിക്കൊണ്ട്, അതിന്റെ നടപ്പാക്കൽ സുപ്രീംകോടതി ഇതുവരെ നിർത്തിവെച്ചിട്ടുമില്ല.

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) 2023-ൽ വന സംരക്ഷണ നിയമം (Forest Conservation Act or FCA) ഭേദഗതി ചെയ്തതിനുശേഷം ‘വൻ (സംരക്ഷൺ ഏവം സംവർദ്ധൻ) അധിനിയം’ എന്നാണ് അത് അറിയപ്പെടുന്നത്. സർക്കാരിന്റെ പ്രാഥമിക അജണ്ടയായ ‘ബിസിനസ്സ് എളുപ്പമാക്കൽ’ (ease of doing business) എന്ന ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി വനേതര ആവശ്യങ്ങൾക്കായി വനം ഉപയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയും വേഗത്തിലാക്കുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം.

‘വനം’ എന്നതിന്റെ നിർവചനം തന്നെയാണ് ഇത് ലക്ഷ്യമിട്ടത്: വന സംരക്ഷണ നിയമത്തിന്റെ (FCA) പ്രയോഗം വിജ്ഞാപനം ചെയ്യപ്പെട്ട വനങ്ങളിൽ (notified forests) മാത്രം പരിമിതപ്പെടുത്തുക. വനംവകുപ്പിലെ വനപാലകർ, ഉദ്യോഗസ്ഥർ, മുൻനിര ജീവനക്കാർ, എന്നിവർക്ക് വനേതര ആവശ്യങ്ങൾക്കായി വനങ്ങൾ ഉപയോഗിക്കാനുള്ള അനുമതി നൽകാൻ ഈ FCA ഭേദഗതി അധികാരം നൽകുന്നു.

2023-ലെ ഈ നിയമ ഭേദഗതിയിലൂടെ സുപ്രീംകോടതി മുന്നോട്ടുവച്ച ‘വനം’ എന്നതിന്റെ നിർവചനം തന്നെ അട്ടിമറിക്കുകയാണ് സർക്കാർ ചെയ്‌തത്‌.

2023-ലെ ഭേദഗതിയുടെ ഫലമായി കുറഞ്ഞത് 1.99 ലക്ഷം ചതുരശ്ര കിലോമീറ്റർ ഭൂമിയെ വനം വകുപ്പിന്റെ അധികാരപരിധിയിൽ നിന്ന് നീക്കം ചെയ്യപ്പെടുകയാണ്. അതായത്, ആ വനഭൂമി വനേതരാവശ്യങ്ങൾക്കായി വിനിയോഗിക്കാമോ എന്നത് സംബന്ധിച്ച തീരുമാനം ഇനി വനംവകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമായിരിക്കില്ല. ഇത് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഒരു വലിയ തിരിച്ചടിയായിരുന്നു. കാരണം, സുപ്രീം കോടതി ‘വനം’ എന്നത് നേരത്തെ പുനർനിർവചിച്ചപ്പോൾ, അവർക്ക് വനഭൂമിയിലുണ്ടായിരുന്ന കുത്തക നിയന്ത്രണം മൂന്നിലൊന്ന് വരെ വർധിച്ചിരുന്നു. ഈ നിയന്ത്രണത്തിനുകൂടിയാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്.

1996 ഡിസംബർ12 ലെ WP(C) 202/1995 ലെ വിധിന്യായത്തിൽ, ‘നിഘണ്ടു പ്രകാരമുള്ള അർഥം പറയുന്നത് മാത്രമല്ല ‘വനം’, ഉടമസ്ഥാവകാശം പരിഗണിക്കാതെ സർക്കാർ രേഖയിൽ വനമായി രേഖപ്പെടുത്തിയിരിക്കുന്ന ഏതൊരു പ്രദേശവും അതിൽ ഉൾപ്പെടും’ എന്ന് പറയുന്നുണ്ട്. അത് എത്രയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.1996 ഡിസംബർ 12 ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരവും, 2024 ഫെബ്രുവരി 19 ന് കോടതി ആവർത്തിച്ചതുമായ ഉത്തരവ് പ്രകാരവും രൂപീകരിക്കേണ്ട വിദഗ്ദ്ധ സമിതികൾ കണ്ടെത്തിയതും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം ഉള്ള വനഭൂമിയുടെ തരം തിരിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ പൂർണ്ണമായി ലഭ്യമായിട്ടില്ല.

ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് 2023 ൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട വനങ്ങൾ (notified forests) രാജ്യത്തിന്റെ 21.76% വരുന്ന 7,15,342.61 ചതുരശ്ര കിലോമീറ്റർ ആയിരുന്നു. ചില വിരമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരും മറ്റുള്ളവരും സമർപ്പിച്ച ഹർജിക്ക് മറുപടിയായി, WP(C) നമ്പർ 1164/2023 ൽ സുപ്രീം കോടതി, വനഭൂമിയുടെ വിസ്തൃതി കുറയ്ക്കുന്ന വിജ്ഞാപനത്തിനു സ്റ്റേ നൽകുകയുണ്ടായി. ഇങ്ങനെ കൂടുതൽ ‘വനങ്ങളുടെ’ മേൽ ആധിപത്യം നിലനിർത്താനായത് വനം വകുപ്പുദ്യോഗസ്ഥർക്ക് വലിയ ആശ്വാസമായി.

ഇതിനിടയിൽ, പാർലമെന്റ് 2006-ൽ വനാവകാശ നിയമം (Forest Rights Act) പാസാക്കിയത്. 2002 മെയ് മാസത്തിൽ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) നൽകിയ ഒരു ഉത്തരവിനെ തുടർന്നുണ്ടായ വൻതോതിലുള്ള ഒഴിപ്പിക്കലിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തിന്റെ ഫലമായിരുന്നു ഈ നിയമം.

2009-ൽ MoEFCC ഐക്യ രാഷ്ട്ര സഭയുടെ ഭക്ഷ്യ കൃഷി സംഘടനയ്ക്ക് (FAO) നൽകിയ റിപ്പോർട്ടിൽ, ‘വനാവകാശം നടപ്പാക്കുന്നതോടെ ഏകദേശം 40 ദശലക്ഷം ഹെക്ടർ സാമൂഹ്യ വനവിഭവങ്ങൾ സംരക്ഷിക്കാനുള്ള അവകാശം ഗ്രാമതല ജനാധിപത്യ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. പ്രസ്തുത നിയമം ഫലപ്രദമാകാൻ വനവുമായി ബന്ധപ്പെട്ട മറ്റ് നിയമങ്ങളുടെ സൂക്ഷ്മപരിശോധന ആവശ്യമാണ്’ എന്നും പറയുകയുണ്ടായി.

Tribal women collecting leaves using the Forest Rights Act
Image credits: Business Standard

വിരമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ വനാവകാശ നിയമത്തിനെതിരെ ഭരണഘടനാപരമായ വെല്ലുവിളികൾ ഉയർത്തിക്കൊണ്ട് വിവിധ ഹൈക്കോടതികളിൽ ഉള്ള കേസുകളും ചില സർക്കാരിതര പരിസ്ഥിതി സംരക്ഷണ സംഘടനകൾ ഫയൽ ചെയ്‌ത കേസുകളും ഒരു കേസായി പരിഗണിച്ചുകൊണ്ട് സുപ്രീം കോടതിയിൽ വാദം നടക്കുന്നുണ്ട്. എന്നാൽ ഈ ഹർജിക്കാരെ നിരാശരാക്കിക്കൊണ്ട് കോടതികൾ ഇതുവരെ വനാവകാശം നടപ്പാക്കൽ നിർത്തിവച്ചിട്ടില്ല.

കൊളോണിയൽ ഭരണകാലത്ത് വനംവകുപ്പ് നിയന്ത്രിച്ച ഇന്ത്യയിലെ വനങ്ങളിൽ പകുതിയിലധികവും വനത്തിൽ വസിക്കുന്നവരുടെ ഗ്രാമസഭകളുടെ ജനാധിപത്യ സംവിധാനത്തിനു കൈമാറണമെന്ന് വനാവകാശ നിയമം ആവശ്യപ്പെടുന്നുണ്ട്. അതുപ്രകാരം വനങ്ങൾ, വന്യജീവികൾ, ജൈവവൈവിധ്യം എന്നിവ സംരക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള അധികാരികളായി ഗ്രാമസഭകൾ മാറി എന്നു മാത്രമല്ല, വനം വനേതരാവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള പ്രാഥമിക അനുമതി നൽകുന്നതിനുള്ള അധികാരവും ഗ്രാമസഭയിൽ നിക്ഷിപ്‌തമായി.

എന്നാൽ 2023 ലെ വനസംരക്ഷണ (FCA) നിയമത്തിലെ ഭേദഗതികൾ പിന്നീട് ഒരു രക്ഷകനായി വന്ന് ഗ്രാമസഭയുടെ സംരക്ഷണ കവചത്തെ ഇല്ലായ്‌മ ചെയ്യുകയായിരുന്നു. വനേതരാവശ്യങ്ങൾക്കായി വനം വിനിയോഗിക്കുന്നതിന് മുൻപ് മുൻവ്യവസ്ഥയായിരുന്ന നിർബന്ധിത വനാവകാശ നിയമം പാലിക്കൽ, ഗ്രാമസഭയുടെ അനുമതി എന്നിവ കേന്ദ്ര സർക്കാർ ഉത്തരവിന് ശേഷം സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമായി പ്രഖ്യാപിച്ചു.

വനങ്ങളുടെയും വന്യജീവികളുടെയും മേലുള്ള തങ്ങളുടെ നിയന്ത്രണം നിലനിർത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി സമീപ മാസങ്ങളിൽ വനം വകുപ്പ് നിയമാനുസൃതമല്ലാതെ നിരവധി പരിവർത്തനങ്ങൾ നടത്തി. പക്ഷേ അത് സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാക്കിയത്.

നിയമപരവും ഭൂമിശാസ്ത്രപരവുമായ പുതിയ മേഖലകളിലേക്ക് തങ്ങളുടെ അധികാരം വ്യാപിപ്പിക്കുന്നതിന് വനംവകുപ്പിന് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വനം മറ്റാവശ്യങ്ങൾക്കായി വിനിയോഗിക്കുന്നതിനുള്ള ഒരു മുൻവ്യവസ്ഥയായി ഗ്രാമസഭയുടെ അനുമതി ആവശ്യമില്ലാതാക്കുന്നതിലും, വനാവകാശ അംഗീകാരത്തെ ഭാഗികമായി ചെറുക്കുന്നതിലും, കൂടാതെ വനാവകാശത്തിന് ബാധകമല്ലാത്ത നിയമ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി വനാവകാശ നിയമത്തെ ഭാഗികമായി ഇല്ലാതാക്കുന്നതിലും അവർ വിജയിച്ചു എന്നതാണ് യാഥാർഥ്യം.

ടൈഗർ റിസർവുകളിൽ നിന്ന് ‘സ്വമേധയാ സ്ഥലം മാറൽ’ ( ‘voluntary relocation’ from Tiger Reserves) എന്ന പേരിൽ കുടിയൊഴിപ്പിക്കലിനൊപ്പം വനാവകാശത്തിന്റെ പരിധിയിൽ നിന്ന് പാട്ടത്തിനെടുത്ത വനഭൂമി മാറ്റിനിർത്താനുള്ള അനുമതിക്കായി അവർ കാത്തിരിക്കുകയാണ്. അതേസമയം, ഭാഗികമായെങ്കിലും വനങ്ങളുടെ നിയന്ത്രണം ഗ്രാമസഭകൾക്ക് വിട്ടുകൊടുക്കേണ്ടിവരികയും, ഗ്രാമ സഭകളുടെ അധികാരങ്ങളിലും പ്രവർത്തനങ്ങളിലും അതിക്രമിച്ചു കടക്കാനുള്ള ശ്രമങ്ങളിൽ അവർ ഒരുപരിധിവരെ പരാജയപ്പെടുകയും ചെയ്തു.

വനം കവരുന്ന സ്വയം നിയുക്ത ‘നോഡൽ ഏജൻസി’ പൊളിച്ചെഴുതി

2025 മെയ് 15 ന് വിചിത്രമായ ഒരു നീക്കത്തിലൂടെയാണ് ഛത്തീസ്ഗഢ് വനം വകുപ്പ്, സാമൂഹിക വന വിഭവ (കമ്മ്യൂണിറ്റി ഫോറസ്റ്റ് റിസോഴ്‌സ് or CFR) പ്രദേശങ്ങളുടെ നടത്തിപ്പിനുള്ള ‘നോഡൽ ഏജൻസി’ ആയി സ്വയം പ്രഖ്യാപിച്ചത്. അതോടെ ഇതുമായി ബന്ധപ്പെട്ട ഇടപെടൽ നടത്തുന്നതിൽ നിന്ന് മറ്റ് എല്ലാ സർക്കാർ, സർക്കാരിതര ഏജൻസികളെയും വിലക്കുകയായിരുന്നു. പരമ്പരാഗതമോ ആചാരപരമായോ ഗ്രാമസഭകൾക്ക് ഭരിക്കാൻ അധികാരമുള്ള വനഭൂമിയാണ് സാമൂഹിക വന വിഭവ പ്രദേശം (CFR). ഇതിൽ CFR പ്രദേശങ്ങളുടെ സംരക്ഷണം, നിയന്ത്രണം, മാനേജ്മെന്റ് എന്നിവ ഉൾപ്പെടുന്നു. സംസ്ഥാനത്തെ 4,349 ഗ്രാമസഭകൾക്കായി ഏകദേശം 20,06,224 ഹെക്ടർ വനഭൂമി ഇതിനകം വനാവകാശ നിയമ പ്രകാരം CFR ഏരിയയായി അംഗീകരിച്ച് പട്ടയം നൽകിയിട്ടുണ്ട്.

Tribal women catch fish in a waterhole in Gobha village in Morigaon district of Assam
ആസാമിലെ മോറിഗാവ് ജില്ലയിലെ ഗോഭ ഗ്രാമത്തിൽ മീൻ പിടിക്കുന്ന ആദിവാസി സ്ത്രീകൾ- കടപ്പാട് : ദി ഹിന്ദു

2024 സെപ്റ്റംബറിൽ ഗോത്രകാര്യ മന്ത്രാലയം ‘പ്രധാൻ മന്ത്രി ജൻജാതിയ ഉന്നത് ഗ്രാം അഭിയാൻ (PM-JUGA) പ്രകാരം വനാവകാശ നിയമവുമായി ബന്ധപ്പെട്ട സംരംഭങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഏകീകൃത മാർഗ്ഗനിർദ്ദേശങ്ങൾ’ പുറത്തിറക്കിയതിനെ തുടർന്നാണ് ഈ അട്ടിമറി ശ്രമം നടന്നത്.

ഈ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിക്കുകവഴി സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നേട്ടങ്ങളിലൊന്ന് CFR പദ്ധതിക്ക് ഓരോ 100 ഹെക്ടറിനും 15 ലക്ഷം രൂപയും അത് നടപ്പിലാക്കുന്നതിന് ഹെക്ടറിന് 15,000 രൂപയും ലഭിക്കുന്നു എന്നതാണ്. അതുവഴി ഛത്തീസ്ഗഡിന് 6,000 കോടി രൂപ ലഭിക്കുന്നു. ഇങ്ങനെ ഒരു തുക അനായാസം ലഭിക്കുന്നത് എന്തിനു വേണ്ടെന്നു വയ്ക്കണം!

എല്ലാം സുഗമമായി നടക്കാൻ ഗോത്രകാര്യ മന്ത്രാലയം (MoTA) വനാവകാശവുമായി ബന്ധപ്പെട്ട 2015 ലെ CFR മാർഗ്ഗനിർദ്ദേശങ്ങൾ പിൻവലിക്കുകയും, പകരം FRA-യ്ക്ക് വിരുദ്ധമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇറക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ബ്യൂറോക്രസിക്ക്, പ്രത്യേകിച്ച് വനം വകുപ്പിന്, സാമൂഹിക വന വിഭവ (CFR) പ്രദേശമായി കണക്കാക്കുന്ന പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അവസരം ലഭിക്കുന്നു. വനാവകാശ നിയമപ്രകാരം സാധ്യമാകുന്ന ഗ്രാമസഭയുടെ സ്വയംഭരണം എന്ന കാതലായ പ്രക്രിയയെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. സാമൂഹിക വന വിഭവ അവകാശങ്ങൾ അംഗീകരിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഛത്തീസ്ഗഡിലാണ് ഈ കാര്യങ്ങൾ നടക്കുന്നത്.

വൻതോതിലുള്ള പ്രതിഷേധം ഉണ്ടായതോടെ ‘നോഡൽ ഏജൻസി’ എന്ന പദം ഉപയോഗിച്ചതിനെ ഒരു ഭാഷാപരമായ പിഴവായി ഛത്തീസ്ഗഢ് വനം വകുപ്പ് വിശദീകരിക്കുകയുണ്ടായി. 2025 ജൂലൈ 3-ന് അവർ ഈ ഉത്തരവ് തിടുക്കത്തിൽ മരവിപ്പിക്കുകയും ചെയ്തു. ഇതോടനുബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളുടെയും മാതൃകാ CFR മാനേജ്മെന്റ് പ്ലാനിന്റെയും അഭാവവുമായിരുന്നു അതിനുള്ള കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ 2023 ലെ CFR മാർഗ്ഗനിർദ്ദേശങ്ങൾ ഇതിനകം തന്നെ നിലവിലുണ്ടായിരുന്നു എന്നതാണ് യാഥാർഥ്യം.

PM-JUGA യുടെ 2024 ലെ ഏകീകരിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ CFR മാനേജ്‌മെന്റ് പ്ലാനിന്റെ ചട്ടക്കൂട് ഉണ്ടായിരുന്നു. കൂടാതെ ഓഗസ്റ്റ് 14 ന് ഛത്തീസ്ഗഢ് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ, CFR മാനേജ്‌മെന്റിൽ ഗ്രാമസഭയുടെ അധികാരങ്ങൾ ഗോത്രകാര്യ മന്ത്രാലയം (MoTA) സ്ഥിരീകരിക്കുകയും അസംബന്ധമായ ഈ പ്രഖ്യാപനം അവർ തള്ളിക്കളയുകയും ചെയ്തു.

പാട്ടത്തിനു നൽകിയ വനഭൂമിയിൽ വനാവകാശമില്ല

ഛത്തീസ്ഗഡിൽ മറ്റൊരു വിചിത്രമായ സംഭവം കൂടി ഇതിനോടനുബന്ധിച്ചു നടക്കുന്നുണ്ട്. അത് വനംവകുപ്പ്, വനം വികസന കോർപ്പറേഷനു (FDC) പാട്ടത്തിനു നൽകിയ 2,17,881 ഹെക്ടർ വനഭൂമി വനാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് മാറ്റി നിർത്തിയതാണ്. ഈ ജനുവരിയിൽ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് എഫ്‌ഡിസി ഒരു പദ്ധതി രേഖ സമർപ്പിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെ മൊഹ്‌ല-മാൻപൂർ-അംബഗഡ് ചൗക്കി ജില്ലയിലെ കമ്മറ്റി (District level Committee) മൂന്ന് ഔദ്യോഗിക അംഗങ്ങൾ സംയുക്തമായി 2025 മെയ് 6 ന് പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പിനോട് FDCക്ക് പാട്ടത്തിന് നൽകിയ ഭൂമിയിൽ CFR അവകാശങ്ങൾ അംഗീകരിക്കരുതെന്ന് നിർദ്ദേശിച്ചിരിക്കുകയാണ്.

കഴിഞ്ഞ വർഷം ജനുവരിയിൽ ജില്ലാ തല കമ്മറ്റി അംഗങ്ങൾ എന്ന നിലയിൽ അവർ അംഗീകരിച്ച 22 CFR ആവകാശവാദങ്ങളിൽ (ക്ലെയിമുകളിൽ ), 18 CFR അവകാശങ്ങളുടെ കാര്യത്തിൽ പുതിയ തീരുമാനം എടുക്കാൻ അവർ താല്പര്യപ്പെടുന്നു. മൊഹ്‌ല എ ചൗക്കി, മാൻപൂർ എ ചൗക്കി താലൂക്കുകളിൽ FDC ക്കു ലഭിച്ച പാട്ട ഭൂമിയിലുള്ള കമ്മ്യൂണിറ്റി അവകാശവാദങ്ങൾ നിരസിക്കണമെന്നും അവർ വാദിക്കുന്നു. ഫോറസ്റ്റ് വർക്കിംഗ് പ്ലാൻ അനുസരിച്ച് ഈ ഭൂമികളിലെ മരങ്ങൾ മുറിക്കുന്നതിൽ നിന്നും വിളവെടുക്കുന്നതിൽ നിന്നും നിലവിലെ കമ്മ്യൂണിറ്റി അവകാശങ്ങൾ FDC യെ വിലക്കുന്നുവെന്നും അവർ പരാതിപ്പെടുന്നു. അതുകൊണ്ട് FDC പാട്ടത്തിനെടുത്ത വനഭൂമികളെ വനാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. അത്തരം ഭൂമികളിൽ CFR പട്ടയം ഇതിനകം നൽകിയിട്ടുണ്ടെങ്കിൽ, ഗ്രാമസഭകൾ FDCയുടെ ഒരു പ്രവർത്തനത്തെയും തടയരുതെന്ന വ്യവസ്ഥ ഉണ്ടായിരിക്കണം എന്നും അവർ ആവശ്യപ്പെടുന്നു.

ഇതേത്തുടർന്ന് 2025 ജൂണിൽ വനംവകുപ്പ് FDC ഭൂമിയിൽ ഗ്രാമസഭകൾക്ക് നൽകിയിട്ടുള്ള എല്ലാ CFR പട്ടയങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. വനാവകാശ നിയമപ്രകാരം നൽകിയ പട്ടയങ്ങൾ റദ്ദാക്കാൻ വ്യവസ്ഥ ഇല്ലാത്തതിനാൽ ഇത് ശിക്ഷാർഹമായ കുറ്റമാണ്.

In Odisha’s forests, tribal communities are merging ancestral honey-harvesting traditions with modern enterprise
ഒഡീഷയിലെ വനങ്ങളിൽ തേൻ സംഭരിക്കുന്ന ഗോത്രവിഭാഗത്തിലെ സ്ത്രീ. കടപ്പാട്: https://www.localsamosa.com

വനഭൂമിയുടെ വലിയൊരു ഭാഗം പ്രധാനമായും സംസ്ഥാന വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള കോർപ്പറേഷനുകൾക്ക് വൃക്ഷത്തൈകൾ, റബ്ബർ, തേയില, കാപ്പി, കശുവണ്ടി, മറ്റ് വന ഉൽപ്പന്നങ്ങൾ തുടങ്ങിയ തോട്ടങ്ങൾക്കായി പാട്ടത്തിന് നൽകിയിരിക്കുകയാണ്. വനഭൂമികളിൽ, മറ്റാർക്കെങ്കിലും പാട്ടത്തിന് കൊടുത്ത ഭൂമിയും ഉൾപ്പെടെ, വനത്തിൽ വസിക്കുന്നവർക്കു അവകാശങ്ങൾ വനാവകാശ നിയമം അംഗീകരിക്കുണ്ട്. അങ്ങനെ വനാവകാശ നിയമപ്രകാരം പ്രകാരം CFR അവകാശവാദങ്ങൾ നിലനിൽക്കുന്നിടത്ത് ഇത്തരം പാട്ടക്കരാറുകളെല്ലാം അസാധുവാക്കുന്നു എന്നതാണ് യാഥാർഥ്യം.

കാടുകടക്കുന്ന തടിയുടെ നിയന്ത്രണം

1995 ലെ WP(C) 202 ലെ സുപ്രീം കോടതി ഉത്തരവിനെ മറുപടിയായി, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2016 ൽ തടി വ്യവസായ (എസ്റ്റാബ്ലിഷ്മെന്റ് ആൻഡ് റെഗുലേഷൻ) മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. അതുവഴി വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ അധികാരം കാടിനുപുറത്തുള്ള തടി വ്യവസായത്തിലേക്കും കടന്നു. അതിലൂടെ തടി അധിഷ്ഠിത വ്യവസായത്തിന് അംഗീകാരം നൽകുന്ന ലൈസൻസുകൾ, അതിന്റെ ശേഷി വികസനം, അവയുടെ സ്ഥലം, തടി ആവശ്യകത, ലഭ്യത എന്നിവയിൽ അവർക്ക് തീരുമാനമെടുക്കാനും കഴിയുന്നു. കൂടാതെ വിദേശത്തുനിന്നുൾപ്പെടെ വനങ്ങളിൽ നിന്നും വനങ്ങൾക്ക് പുറത്തുനിന്നുമുള്ള തടി വിതരണം നിയന്ത്രിക്കുന്നതിനും അവർക്ക് അധികാരം ലഭിച്ചു.

2025 ജൂൺ 18-ന്, വനംവകുപ്പുദ്യോഗസ്ഥരുടെ അധികാരപരിധി വിപുലീകരിച്ചുകൊണ്ട്, കാർഷിക ഭൂമികളിലെ മരം മുറിക്കുന്നതിനുള്ള മാതൃകാ നിയമങ്ങൾ അനുവർത്തിക്കാൻ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുകയുണ്ടായി. ഭൂമിയും കൃഷിയും സംസ്ഥാന വിഷയങ്ങളായതിനാൽ MoEFCCക്ക് മാതൃകാ നിയമങ്ങൾ മാത്രമേ പുറപ്പെടുവിക്കാൻ കഴിയൂ. സംസ്ഥാനങ്ങൾ ഇത് അംഗീകരിച്ചാൽ, വനമേഖലയ്ക്ക് പുറത്തുനിന്നുള്ള മരത്തിന്റെ വിതരണ ശൃംഖലയുടെ നിയന്ത്രണം വനം വകുപ്പുദ്യോഗസ്ഥർക്ക് ഏറ്റെടുക്കാനും, മരം മുറിക്കുന്നതിനുള്ള പെർമിറ്റുകൾ നൽകാനും കഴിയും. മാതൃകാ നിയമങ്ങൾ പ്രകാരം കർഷകർ നാഷണൽ ടിംബർ മാനേജ്മെന്റ് സിസ്റ്റത്തിൽ സ്വയം രജിസ്റ്റർ ചെയ്യുകയും പ്രാഥമിക തോട്ട വിശദാംശങ്ങൾ നൽകുകയും വേണം. തുടർന്ന് മരം മുറിക്കുന്നതിനുള്ള അനുമതി നേടുകയും തടി അടിസ്ഥാനമാക്കിയുള്ള വ്യവസായ മേഖലയിലേക്ക് മുറിച്ച മരങ്ങൾ വിതരണം ചെയ്യാനും കഴിയുന്നു. ഇതോടെ, പരമ്പരാഗത പൊലീസിങ്ങിൽ നിന്ന് വ്യത്യസ്തമായി, വനസമ്പത്തിന്റെ മേലുള്ള അധികാരം വനംവകുപ്പിന് വനാതിർത്തിക്ക് പുറത്തുള്ള വ്യവഹാരങ്ങളിലും വ്യാപിപ്പിക്കാൻ കഴിയുന്നു.

വന്യജീവി ബോർഡിന്റെ ക്ലിയറൻസ് ആവശ്യമില്ല

വനഭൂമിയിൽ 13 പൊതു സൗകര്യങ്ങൾ സ്ഥാപിക്കാൻ സർക്കാർ ഏജൻസികൾക്ക് വനാവകാശ നിയമം അനുമതി നൽകുന്നു. ഈ വനേതരാവശ്യങ്ങളെ വന സംരക്ഷണ നിയമത്തിന്റെ (FCAയുടെ) പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. MoEFCC യിൽ നിന്നുള്ള അനുമതിയും ആവശ്യമില്ല. സ്കൂളുകൾ, ഡിസ്‌പെൻസറി അല്ലെങ്കിൽ ആശുപത്രി, അങ്കണവാടികൾ, ന്യായവില കടകൾ, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ ലൈനുകൾ, ജല സംഭരണികളും മറ്റ് ചെറുകിട ജലാശയങ്ങളും, കുടിവെള്ള വിതരണവും ജല പൈപ്പ്‌ലൈനുകളും, ജല / മഴവെള്ള സംഭരണികൾ, ചെറുകിട ജലസേചന കനാലുകൾ, പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ, നൈപുണ്യ വികസനം അല്ലെങ്കിൽ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, റോഡുകൾ, കമ്മ്യൂണിറ്റി കേന്ദ്രങ്ങൾ എന്നിവയാണ് ഈ സൗകര്യങ്ങൾ.

ഈ സൗകര്യങ്ങൾക്കായി ഒരു ഹെക്ടർ വരെയുള്ള വനഭൂമിയും 75 മരങ്ങൾ വരെ മുറിക്കുന്നതിനുള്ള അനുമതിയും ലഭിക്കും. ഇതിനായി ഗ്രാമസഭയുടെ ശുപാർശ നിർബന്ധമാണ്. ജില്ലാ തലത്തിൽ വനം വകുപ്പിനും, വനാവകാശ നിയമ പ്രകാരം രൂപീകരിച്ച ജില്ലാതല കമ്മറ്റിയ്ക്കും ഈ വനേതരാവശ്യങ്ങൾ അംഗീകരിക്കാവുന്നതാണ്.

എന്നിരുന്നാലും, 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം (Wildlife Protection Act or WLPA) ദേശീയ വന്യജീവി ബോർഡിന്റെ അനുമതി ഇല്ലാത്തതിനാൽ, ദേശീയ ഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, കടുവ സംരക്ഷണ കേന്ദ്രങ്ങൾ തുടങ്ങിയ സംരക്ഷിത മേഖലകളിൽ ആയിരക്കണക്കിന് അത്തരം പ്രവർത്തനങ്ങൾ വനംവകുപ്പുദ്യോഗസ്ഥർ തടയുകയുണ്ടായി. ഇത്തരം പൊതു സൗകര്യങ്ങൾ നിർമ്മിക്കാൻ വന്യജീവി ബോർഡിന്റെ അനുമതി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് (വന്യജീവി) 2020 ഒക്ടോബർ 28 ന് ഗോത്രകാര്യ മന്ത്രാലയ (MoTA) ത്തിന്റെ അണ്ടർ സെക്രട്ടറിക്ക് അയച്ച ഒരു കത്ത് ചൂണ്ടിക്കാട്ടിയാണ് അവർക്ക് അതൊക്കെ തടയാൻ സാധിച്ചത്.

1986-ലെ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം മുൻകൂർ പാരിസ്ഥിതിക അനുമതി ആവശ്യമുള്ള പദ്ധതികൾക്ക് മാത്രമേ വന്യജീവി ബോർഡിന്റെ അനുമതി ആവശ്യമുള്ളൂ. 2006-ലെ പരിസ്ഥിതി ആഘാത വിലയിരുത്തലിന്റെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന എട്ട് വിഭാഗത്തിലുള്ള പദ്ധതികൾക്ക് മാത്രമേ സംരക്ഷിത പ്രദേശങ്ങൾക്കുള്ളിലും പരിസ്ഥിതി ലോല മേഖലകളിലും പാരിസ്ഥിതിക അനുമതി ആവശ്യമുള്ളൂ. ഖനനം, പ്രകൃതിവിഭവങ്ങളുടെ ശേഖരണം, വൈദ്യുതി ഉൽപാദനം (ഒരു നിശ്ചിത ഉൽപാദന ശേഷിക്ക്), പ്രാഥമിക സംസ്കരണം, വിവിധ സാമഗ്രികളുടെ ഉത്പാദനം, അവയുടെ സംസ്കരണം, നിർമ്മാണം, സേവന മേഖലകളുടെ സ്ഥാപനം, പരിസ്ഥിതി സേവനങ്ങൾക്കായുള്ള കെട്ടിട/നിർമ്മാണ പദ്ധതികൾ, പ്രാദേശിക വികസന പദ്ധതികൾ, ടൗൺഷിപ്പുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ഈ വിഭാഗങ്ങൾ.

വനാവകാശ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പൊതു സൗകര്യങ്ങൾ ഈ വിഭാഗങ്ങളിലൊന്നും പെടാത്തതാണ്. എന്നിരുന്നാലും, വന്യജീവി ബോർഡിന്റെ അനുമതിയുടെ അഭാവം ചൂണ്ടിക്കാട്ടി കോടതികളിൽ പോലും വനാവകാശ പ്രകാരം നിയമപരമായി അനുവദനീയമായ ഈ പൊതു സൗകര്യങ്ങൾ വന മേഖലകളിൽ സ്ഥാപിക്കുന്നത് തടയപ്പെടുകയാണ്. ഇതിനെതിരെ വർധിച്ചുവരുന്ന സമ്മർദ്ദത്തെ തുടർന്ന്, 2025 ജൂലൈ 2-ന് ഗോത്രകാര്യ മന്ത്രാലയം ഇത്തരം പ്രവർത്തനങ്ങൾക്ക് വന്യജീവി ബോർഡിന്റെ അനുമതി ബാധകമല്ലെന്ന് വ്യക്തമായി പ്രസ്താവിക്കുന്നതിനുപകരം, ‘വനാവകാശത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിൽ മാത്രമേ ബാഹ്യ അനുമതി ആവശ്യമുള്ളൂ’ എന്ന് പരോക്ഷമായി പറയുകമാത്രമേ ചെയ്തുള്ളൂ.

കൺസർവേഷൻ റിസർവ് വിജ്ഞാപനത്തിലൂടെ ഭൂമി പിടിച്ചെടുക്കൽ

നിലനിൽക്കുന്ന നിയമങ്ങൾ അവഗണിച്ച്, 2025 മെയ് 30 ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രലയവും തെലങ്കാന വനം വകുപ്പും തെലങ്കാന വനം വകുപ്പും ചേർന്ന് 1,492.88 ചതുരശ്ര കിലോമീറ്റർ കടുവ ഇടനാഴി കുമുരം ഭീം സംരക്ഷണ കേന്ദ്രമായി വിജ്ഞാപനം ചെയ്തു. ഇതിലൂടെ തെലങ്കാനയിലെ കവാൽ കടുവ സംരക്ഷണ കേന്ദ്രത്തെയും മഹാരാഷ്ട്രയിലെ തഡോബ്-അന്ധാരി കടുവ സംരക്ഷണ കേന്ദ്രത്തെയും ബന്ധിപ്പിക്കാനാവുന്നു എന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

വന്യജീവി സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട ഈ റിസർവ്വിൽ 78 റിസർവ് ഫോറസ്റ്റ് ബ്ലോക്കുകൾ ഉൾപ്പെടുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമികളിൽ, പ്രാദേശിക സമൂഹങ്ങളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഒരു കൺസർവേഷൻ റിസർവ് വിജ്ഞാപനം ഇറക്കാൻ കഴിയുകയുള്ളൂ. അത് സ്വകാര്യ ഭൂമിയിൽ അനുവദനീയമല്ല.

ഈ പ്രദേശത്ത് 339 ഗ്രാമങ്ങളുണ്ട്. ഈ ഗ്രാമങ്ങളെല്ലാം പൂർണ്ണമായും വനഭൂമിയിലാണെങ്കിൽ പോലും, ഈ ഭൂമിയുടെ ഭൂരിഭാഗവും ഗ്രാമസഭകളുടെ അധികാരപരിധിയിൽ വരും. വനാവകാശ നിയമപ്രകാരം പ്രകാരം ഉടമസ്ഥതയിലുള്ളതോ, അവകാശപ്പെട്ടതോ, ഭാവിയിൽ അവകാശപ്പെടാനിരിക്കുന്നതോ ആയ സമൂഹപരവും വ്യക്തിപരവുമായ അവകാശങ്ങൾ ഇവിടെ ഉണ്ടാകും. വന്യജീവി സംരക്ഷണ നിയമത്തിന് ശേഷം വനാവകാശ നിയമം വന്നതിനാൽ, വനാവകാശ നിയമം വന്യജീവി സംരക്ഷണ നിയമത്തെ മറികടക്കുന്നു. ഇതോടെ, വനങ്ങൾ, വന്യജീവികൾ, ജൈവവൈവിധ്യം എന്നിവ സംരക്ഷിക്കാനും കൈകാര്യം ചെയ്യാനുമുള്ള അധികാരം ഈ ഗ്രാമസഭകൾക്കാണ്; വനം വകുപ്പിലെയും കവാൽ കടുവാ സംരക്ഷണ കേന്ദ്രത്തിലെയും ഉദ്യോഗസ്ഥർക്കല്ല എന്നർത്ഥം.

കൺസർവേഷൻ റിസർവ് അല്ലെങ്കിൽ കമ്മ്യൂണിറ്റി റിസർവ് ഉൾപ്പെടെയുള്ള സംരക്ഷിത മേഖലയുടെ പരിധിയിൽ കൊണ്ടുവരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതും മാനേജ്മെന്റ് പ്ലാനുകൾ തീരുമാനിക്കുന്നതും ഗ്രാമസഭകളുടെ പ്രത്യേകാവകാശമാണ്. കുമുരം ഭീം ആസിഫാബാദ്, അദിലാബാദ് ജില്ലകളിൽ ഉണ്ടായ വ്യാപകമായ പ്രതിഷേധങ്ങളുടെയും ബന്ദിന്റെയും പശ്ചാത്തലത്തിൽ ജൂലൈ 21 ന് ഈ നിയമവിരുദ്ധ ഉത്തരവ് പിൻവലിക്കുകയായിരുന്നു.

തെറ്റായ ഡാറ്റ പ്രചരിപ്പിക്കൽ

1980-ന് മുമ്പുള്ള എല്ലാ കയ്യേറ്റങ്ങളും ക്രമപ്പെടുത്താൻ വനം പരിസ്ഥിതി മന്ത്രാലയം 1990ൽ ഉത്തരവിട്ടതോടെ , സ്വന്തം ജന്മനാട്ടിലെ ‘കൈയേറ്റക്കാർ’ എന്നതിൽ നിന്ന് ‘യോഗ്യതയുള്ള കയ്യേറ്റക്കാർ’ എന്ന നിലയിലേക്ക് വനത്തിൽ വസിക്കുന്നവർ മാറി.

2008-ൽ വനാവകാശ നിയമം പ്രാബല്യത്തിൽ വന്നതോടെ, ‘യോഗ്യതയുള്ള കയ്യേറ്റക്കാർ’ നിയമപരമായ ‘അവകാശികളായി‘ മാറി. നിയമപരമായ അവകാശികൾ ആരാണെന്നും, അവർക്ക് നിയമപരമായി എത്ര വനഭൂമി കൈവശപ്പെടുത്താൻ അവകാശമുണ്ടെന്നും വനാവകാശ നിയമം നടപ്പിലാക്കുന്നതിലൂടെ ഇതുവരെ അന്തിമമായി തീരുമാനിക്കപ്പെട്ടിട്ടില്ല.

‘വനത്തിൽ വസിക്കുന്ന ആരെയും കൈവശമുള്ള വനഭൂമിയിൽ നിന്ന് കുടിയിറക്കുകയോ നീക്കം ചെയ്യുകയോ ചെയ്യരുത്’ എന്ന് വനാവകാശ നിയമത്തിന്റെ സെക്ഷൻ 4(5) വ്യക്തമായി പറയുന്നുണ്ട്. വനാവകാശ നിയമം നടപ്പാക്കുന്നതിന് ഒരുപാട് ദൂരം പോകാനുണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഗോത്രകാര്യ കാര്യ മന്ത്രാലയം ( MoTA) 2024 സെപ്റ്റംബറിൽ ‘വനാവകാശ നിയമം പ്രാബലത്തിൽ വരുത്തുന്ന പ്രക്രിയയുടെ പൂർത്തീകരണം’ (‘saturation of rights recognition process under FRA’) എന്ന പരിപാടിക്ക് തുടക്കമിടുകയുണ്ടായി.

ഇതെല്ലാം നടന്നുകൊണ്ടരിക്കുമ്പോഴാണ് നിയമപരവും അടിസ്ഥാനപരവുമായ വസ്തുതകൾ പറയുന്നതിനുപകരം, 2024 ഏപ്രിൽ 19 ലെ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിന്റെ പശ്ചാത്തലത്തിൽ 2025 മാർച്ച് 28 ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം ഒരു സത്യവാങ്മൂലം (OA നമ്പർ 129/2024 ) കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 2024 മാർച്ച് വരെ ഏകദേശം 1.3 ദശലക്ഷം ഹെക്ടർ വനഭൂമി കയ്യേറ്റത്തിന് വിധേയമായിരിക്കുന്നുവെന്നാണ് അതിൽ പറയുന്നത്.

സംസ്ഥാന വനം വകുപ്പുകൾ മന്ത്രാലയത്തിന് നൽകിയ നിയമപരമായി സ്ഥിരീകരിക്കാൻ കഴിയാത്ത വിവരങ്ങളുടെ ഒരു സമാഹാരമാണ് ഈ ഡാറ്റ. എന്നിരുന്നാലും അത്തരം ഡാറ്റ ചോദ്യം ചെയ്യപ്പെടാതെ സർവ്വ മേഖലകളിലും പ്രചാരം നേടുകയും മാധ്യമങ്ങളിലും കോടതികളിലും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു. കൂടാതെ വനങ്ങളെ സംരക്ഷിക്കുന്നതിനായി ‘കൈയേറ്റക്കാരെ’ ഉടനടി ഒഴിപ്പിക്കണമെന്ന ആവശ്യത്തിനായി ഈ ഡാറ്റ ഉപയോഗിക്കപ്പെടുന്നു.

ഇതിനുപുറമെ, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ഭാഗമായ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ പുറത്തിറക്കിയ ‘ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് 2023’ ൽ വനാവകാശം അംഗീകരിക്കുന്നത് വനനശീകരണത്തിന് കാരണമാകുന്ന ഒരു ഘടകമായി ചൂണ്ടിക്കാട്ടുന്നു. എന്നാൽ വനാവകാശ നിയമം കയ്യേറ്റം ക്രമപ്പെടുത്താതെ നിലവിലുള്ള അവകാശങ്ങളെ മാത്രം അംഗീകരിക്കുമ്പോൾ, അതിനെ അട്ടിമറിക്കുന്ന വാദങ്ങൾക്കുള്ള വിശദമായ ശാസ്ത്രീയ തെളിവുകൾ നൽകാൻ ഗോത്രകാര്യ മന്ത്രാലയം 2025 ജൂലൈ 2 ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തോട് ഒരു അപൂർവ ധീരമായ ഇടപെടലിലൂടെ ആവശ്യപ്പെടുകയുണ്ടായി.

This article was originally published on https://thewire.in
Translated by A. K. Shiburaj
Featured image courtesy of: Women from the Baiga tribe — https://www.britannica.com/

C R Bijoy

C R Bijoy

ജനാധിപത്യം, ഭരണനിർവഹണം, വിഭവാധികാരം, മനുഷ്യാവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇടപെടുന്നു.1990കളുടെ തുടക്കത്തിൽ ഗോത്രസ്വയംഭരണത്തിനായി പ്രവർത്തിച്ച നാഷണൽ ഫ്രണ്ടിന്റെ ഭാഗമായിരുന്നു. അതിലൂടെ 1996-ൽ പട്ടികജാതി/വർഗ്ഗ പ്രദേശങ്ങളുടെ പഞ്ചായത്ത് നിയമവ്യവസ്ഥ (PESA) രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. നിലവിൽ പത്ത് സംസ്ഥാനങ്ങളിലായി അഞ്ചാം ഷെഡ്യൂൾ പ്രദേശങ്ങളിൽ ഇത് ബാധകമാണ്.ഇതിനുശേഷം, 2000 ത്തിന്റെ തുടക്കത്തിൽ, വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മനുഷ്യർ രൂപംനൽകിയ നൂറ്റമ്പതോളം സംഘടനകളുടെ അഖിലേന്ത്യാ കൂട്ടായ്മയായ Campaign for Survival and Dignity യുടെ ഭാഗമായി പ്രവർത്തിച്ചു. അതിന്റെ പ്രവർത്തനഫലമായാണ് പിന്നീട് വനാവകാശ നിയമം (Forest Rights Act) 2006-ൽ രൂപം കൊള്ളുന്നത്. കൂടാതെ ആദിവാസി -ദളിത് സമര സമിതി നടത്തിയ കുടിൽകെട്ടി സമരം, പ്ലാച്ചിമട സമര സമിതി, ആദിവാസി ഗോത്ര മഹാസഭ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്.

View All Articles by C R Bijoy

Share Article
Whatsapp Email