
ജേക്കബിന്റെ ബൗദ്ധിക ജീവിതം- Part I
എഴുത്തുകാരനും പ്രസാധകനും ഇടതുചിന്തകനുമായിരുന്ന ടി. ജി. ജേക്കബ് വിടപറഞ്ഞിട്ട് മൂന്നു വർഷം തികയുകയാണ്. എഴുത്തുകാരൻ, രാഷ്ട്രീയ പ്രവർത്തകൻ, പത്രാധിപൻ, പ്രസാധകൻ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ പ്രക്ഷുബ്ധവും സജീവവുമായ രാഷ്ട്രീയ-ബൗദ്ധിക ജീവിതത്തെ ഓർക്കുകയാണ് പ്രൊഫ. കെ. ടി. റാംമോഹൻ
Part Two
1
ഒരപ്രഖ്യാപിത ഇറങ്ങിപ്പോക്ക് പോലെയായിരുന്നു ജേക്കബിന്റെ മരണം. തലേന്ന് പോലും ഞങ്ങൾ ഫോണിൽ സംസാരിച്ചിരുന്നു. ഞങ്ങളുടെ വർത്തമാനത്തിൽ വ്യക്തിപരമായ വിഷയങ്ങൾ സാധാരണ കടന്നുവരാറില്ല. ഇപ്രാവശ്യം അങ്ങനെ ആയിരുന്നില്ല. പതിറ്റാണ്ടുകൾക്കുമുമ്പ് ഞങ്ങൾ പങ്കിട്ട ദൽഹി ശൈത്യവും കോലാർഖനികളിലെ അലച്ചിലും മലബാറിലെ തെയ്യം രാത്രികളും ജേക്കബ് ഓർമിച്ചു.
അടൂരിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പശ്ചാത്തലമുള്ള മധ്യവർ ഗ കർഷക കുടുംബത്തിലാണ് ജേക്കബിൻ്റെ ജനനം, 1951-ൽ. നാട്ടിൽ സ്കൂ ൾ പഠനം, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽ ബി.എ, കാര്യവട്ടം സർവകലാശാല ക്യാംപസിൽ എം.എ. അന്ന് കാര്യവട്ടത്ത് അധ്യാപകനായിരുന്ന ടി.എൻ. കൃഷ്ണനാണ് ജെ.എൻ.യുവിൽ ഗവേഷണത്തിന് അപേക്ഷിക്കാൻ ജേക്കബിനെ പ്രോൽസാഹിപ്പിച്ചത്. ജെ.എൻ.യുവിലെ ഗവേഷണ കോഴ്സ് വർക്ക് ജേക്കബ് 1976-ൽ പൂർത്തിയാക്കി. തുടർന്ന് തഞ്ചാവൂരിലെ കാർഷികബന്ധങ്ങളെക്കുറിച്ച് പ്രബന്ധമെഴുതാനായി രാഷ്ട്രീയ സമ്പദ് ശാസ്ത്രജ്ഞയും വകുപ്പുമേധാവിയുമായ കൃഷ്‌ണ ഭരദ്വാജിന്റെ മേൽനോട്ടം തേടി.
ജേക്കബ് എന്നും സ്വാതന്ത്യത്തിൻ്റെ വഴികളിലൂടെ സഞ്ചരിച്ചു. 1970-കളുടെ അവസാനത്തോടെ ഗവേഷണം ഉപേക്ഷിച്ചു. നക്‌സലൈറ്റ് ദ്വൈ വാരികയായ ‘മാസ് ലൈനി’ൻ്റെ പത്രാധിപരായി. ജേക്കബിന്റെ അധ്യാപകർ അതിൽ അത്ഭുതപ്പെട്ടില്ല. ക്യാമ്പസ്സിനകത്തും പുറത്തും എന്നും സമരങ്ങളുടെ മുന്നിൽ നിലയുറപ്പിച്ച ആൾ തങ്ങളെപോലെ സാമ്പ്രദായിക അക്കാദമിക് പാത സ്വീകരിക്കില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു. എങ്കിലും പണ്ഡിത ലോകത്തിനുണ്ടായ നഷ്ടം ഓർത്ത് അവർ ഖേദിച്ചു.
“മാസ് ലൈൻ’ ആദ്യകാലത്ത് പ്രസിദ്ധീകരിച്ചിരുന്നത് കെ.എൻ. രാമചന്ദ്രന്റെ മുൻകൈയിൽ കോട്ടയത്തുനിന്നായിരുന്നു. ജേക്കബ് ചുമതലയേറ്റതോടെ പ്രസാധനം ദൽഹിയിലേക്ക് മാറി. 1981 മുതൽ 1987 വരെ നീണ്ട ജേക്കബിന്റെ പത്രാധിപത്യം ‘മാസ് ലൈനി’ന് പുതുജീവൻ നൽകി. പ്രക്ഷുബ്ധമായ കാലവും അതിന് കാരണമായി. “മാസ് ലൈൻ’ എന്നും മർദ്ദിതർക്കും ചൂഷിതർക്കും അവഗണിക്കപ്പെട്ടവർക്കും അഭയാർത്ഥികൾക്കും ഒപ്പം നിന്നു. ഈ നിലപാട് തുടരുമ്പോൾ തന്നെ ജേക്കബ് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്ന ഭാഷാ ശൈലി കൊണ്ടുവന്നു. രൂപകൽപ്പന മെച്ചപ്പെടുത്തി, രാഷ്ട്രീയ സാമ്പത്തികകാര്യ ലേഖനങ്ങൾ കൂടുതൽ വിമർശനാത്മകമായി. എന്നാൽ അവയെ അക്കാദമിക് ജഡതബാധിക്കാൻ അനുവദിച്ചില്ല.

പത്രമാപ്പീസിലെ കസേരയിൽ ഒതുങ്ങിയിരുന്ന് നിർവഹിക്കാവുന്ന ഒന്നായിരുന്നില്ല ‘മാസ് ലൈൻ’ പത്രാധിപത്യം. ഏതാനും ലേഖനങ്ങൾ തയ്യാറാക്കാനും പ്രൂഫ് തിരുത്താനും സഖാക്കൾ കുറെയൊക്കെ സഹായിക്കും. ടൈപ്പ് ചെയ്യാൻ ബാലകൃഷ്ണനും ഷാജിയുമുണ്ട്. എന്നാൽ പത്രാധിപ കുറിപ്പുകളടക്കം ധാരാളം മാറ്റർ പത്രാധിപർ തന്നെ തയ്യാറാക്കണം. ജേക്കബിന്റെ ‘മാസ് ലൈൻ’ ലേഖനങ്ങൾ രാഷ്ട്രീയപ്രചാരണ മാസികകളുടെ പതിവ് നിലപാട് പ്രഖ്യാപനങ്ങളായിരുന്നില്ല. ലേഖനങ്ങൾക്ക് ആവശ്യമായ ഡാറ്റ തേടണം, ഫീൽഡ് വർക്ക് ചെയ്യണം. വിശകലനം വേണം, പുതിയ എഴുത്തുകാരെയും വായനക്കാരെയും കണ്ടെത്തണം. ഇവയ്ക്കെല്ലാം പുറമെ പുസ്തക രചനയ്ക്കാവശ്യമായ സമയവും സാവകാശവും വേണം. ഇവയെല്ലാം ലക്ഷ്യം വച്ചായിരുന്നു ജേക്കബിൻ്റെ യാത്രകൾ. ജമീലയൊത്തുള്ള കാബൂൾ സന്ദർശനം പോലും തീർത്തും സ്വകാര്യ യാത്രയായിരുന്നില്ല. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് ഇടപെടലിനെകുറിച്ചുള്ള ‘മാസ് ലൈൻ’ ലേഖനങ്ങൾ ഇതിന് തെളിവാണ്.
മാർക്സിസം-ലെനിനിസത്തിനുള്ള ജേക്കബിൻ്റെ മുഖ്യസംഭാവന പുതു കൊളോണിയൽ സിദ്ധാന്തത്തെ പ്രയുക്തമാക്കുന്ന പഠനങ്ങളാണ്. 1960-കളിലെ നക്സലൈറ്റ് കാഴ്‌ചപ്പാട് ഇന്ത്യ അർദ്ധ ഫ്യൂഡൽ-അർദ്ധ കൊളോണിയൽ സമൂഹമാണ് എന്നതായിരുന്നു. സി.പി.ഐ (മാവോയിസ്‌റ്റ്) പോലുള്ള സംഘടനകൾ ഇന്നും മുറുകെ പിടിക്കുന്ന നിലപാടാണത്. എന്നാൽ 1980-കളുടെ തുടക്കത്തിൽ സി.ആർ.സി-സി.പി.ഐ (എം.എൽ) ഈയൊരു കാഴ്ചപ്പാട് കൈയൊഴിയുകയും ഇന്ത്യയിലേത് പുതുകൊളോണിയൽ ഭരണകൂടമാണ് എന്ന് വിലയിരുത്തുകയും ചെയ്തു. 1960-നുശേഷം ആഗോള-ഇന്ത്യാ സമ്പദ്‌വ്യവസ്ഥകളിലും ബന്ധങ്ങളിലും വന്ന മാറ്റങ്ങൾ കണക്കിലെടുത്തായിരുന്നു പുതിയ വിലയിരുത്തൽ.
2
പുതുകൊളോണിയൽ സിദ്ധാന്തത്തിൻ്റെ രാഷ്ട്രീയ സമ്പദ് ശാസ്ത്ര പരിസരം എന്തെന്ന് നോക്കാം. വികസിത രാഷ്ട്രങ്ങൾ തങ്ങളുടെ മൂലധന നിക്ഷേപത്തിനുള്ള ഇടം കണ്ടെത്താനും ചരക്കുകൾക്കും സാങ്കേതികവിദ്യക്കും വിപണി വികസിപ്പിക്കാനുമുള്ള നിരന്തര ശ്രമത്തിലാണ്. അതിന് ലക്ഷ്യം വയ്ക്കുന്നത് പ്രധാനമായും അവികസിത രാജ്യങ്ങളെയാണ്. എന്നാൽ ഈ നാടുകളിലെ മുതലാളിത്ത ഉൽപ്പാദനം തീർത്തും മുരടിച്ചതും സമ്പദ് വ്യവസ്ഥ തികച്ചും പിന്നാക്കവുമാണെങ്കിൽ ഇത് സാധ്യമാവില്ല. മറിച്ച്, അവിടങ്ങളിലെ ഉൽപ്പാദനശക്തികൾ സ്വന്തമായും സ്വതന്ത്രമായും വികസിക്കുന്നവയാണെങ്കിലും നിക്ഷേപ-വിപണന സാധ്യത അടയും. അവികസിത നാടുകളിലെ ഉൽപ്പാദനശക്തികൾ തങ്ങളുടെ ഇച്ഛയ്ക്കൊത്ത അളവിലും രീതിയിലും മാത്രം വികസിക്കണമെന്നാണ് വികസിത രാഷ്ട്രങ്ങൾ ആഗ്രഹിക്കുന്നത്. നിയന്ത്രിത വികസനം എന്ന നയം രൂപപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. ഈയൊരു നയമാണ് പുതുകൊളോണിയൽ ചൂഷണത്തിന്റെ കാതൽ.
പുതുകൊളോണിയൽ സിദ്ധാന്തം ജേക്കബിന്റെയോ സി.ആർ.സിയുടെ തന്നെയോ മൗലിക സംഭാവനയല്ല. നവസാമ്രാജ്യത്വം, ആശ്രിതവികസനം, പരോക്ഷ കൊളോണിയലിസം എന്നീ വിശേഷണങ്ങളിൽ ഈ ആശയം അടങ്ങിയിട്ടുണ്ട്. സൂക്ഷ്‌മാംശങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാമെന്നിരിക്കലും. നേരിട്ടുള്ള കൊളോണിയൽ അടിമത്തത്തിൽ നിന്ന് ഭിന്നമായി ഭരണപരമായി സ്വതന്ത്രമെങ്കിലും സാമ്പത്തികമായി അസ്വതന്ത്രമായ അവസ്ഥയെയാണ് ഈ സംജ്ഞകൾ പൊതുവിൽ സൂചിപ്പിക്കുന്നത്.

‘ചെന്നായ മുൻവാതിലിലൂടെ പുറത്തുപോയെങ്കിലും പിൻവാതിലിലൂടെ കടുവ എത്തി’ എന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി 1963-ൽ നിരീക്ഷിക്കുകയുണ്ടായി. അക്കാദമിക രംഗത്താകട്ടെ, പോൾ എ. ബരാൻ 1950-കളിൽ എ ഴുതിയ ‘പൊളിറ്റിക്കൽ ഇക്കണോമി ഓഫ് ഗ്രോത്ത്’ (വളർച്ചയുടെ രാഷ്ട്രീയ സമ്പദ് ശാസ്ത്രം) എന്ന പുസ്‌തകവും ആന്ദ്രെ ഗുന്തർ ഫ്രാങ്ക്, സമീർ അമീ ൻ, ഇമാന്യൂൾ വാലർസ്റ്റീൻ തുടങ്ങിയവർ 1960-കളിലും 1970-കളിലുമായി മുന്നോട്ടുവച്ച ആശ്രിത വികസന-ആഗോളവ്യവസ്ഥാ സിദ്ധാന്തങ്ങളും കൊളോണിയൽ അനന്തര അവികസനത്തിൻ്റെ ബലതന്ത്രം അനാവരണം ചെയ്തിട്ടുണ്ട്. ഈ സിദ്ധാന്തങ്ങൾ വികസനത്തെ സംബന്ധിച്ച സാമ്പ്രദായിക കാഴ്ച്ചപ്പാടുകളെ ചോദ്യം ചെയ്തു. അവയിൽ വ്യവസ്ഥാപിത മാർക്സിസത്തിന്റെ വികസന വീക്ഷണവും പെടും. അവികസിത രാജ്യങ്ങൾ മുതലാളിത്ത വികസനത്തിന്റെ ആദ്യഘട്ടത്തിൽ ആണെന്നും ഉൽപ്പാദനശക്തികളുടെ അനുക്രമവികാസത്തിലൂടെ അവികസിത മുതലാളിത്തത്തിൽ എത്തിച്ചേരുമെന്നുമാണ് യാഥാസ്ഥിതിക മാർക്‌സിസ്റ്റ് നിലപാട്. വികസനത്തിന്റെ രേഖീയ വീക്ഷണമാണ് ഇത്. വികസിത രാഷ്ട്രങ്ങളിലേയും അവികസിത രാഷ്ട്രങ്ങളിലേയും മുതലാളിത്ത വികസനം ഗുണപരമായി വ്യത്യസ്തമാണ് എന്നതാണ് ആശ്രിതവികസന-ആഗോള വ്യവസ്ഥാ സൈദ്ധാന്തികരുടെ വാദം. ആഗോളവ്യാപാരം വികസിത രാഷ്ട്രങ്ങളെ മൂലധനസമാഹരണത്തിന് സഹായിക്കുകയും അവികസിത രാജ്യങ്ങളിൽ സമ്പദ് ചോർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഫലം: വികസിതരാഷ്ട്രങ്ങളിൽ വികസനത്തിൻ്റെ വികസനം, അവികസിത രാജ്യങ്ങളിൽ അവികസനത്തിന്റെ വികസനം.
1985 ൽ പ്രസിദ്ധീകരിച്ച ജേക്കബിൻ്റെ ‘ഇന്ത്യ: ഡവലപ്പ്മെന്റ്റ് ആന്റ് ഡപ്രിവേഷൻ’ (ഇന്ത്യ: വികസനവും ദരിദ്രവൽക്കരണവും) എന്ന പുസ്‌തകം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ പുതുകൊളോണിയൽ സിദ്ധാന്തത്തിൻ്റെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു. വികസനത്തെ സംബന്ധിച്ച യാഥാസ്ഥിതിക മാർക്സിസ്റ്റ് വീക്ഷണത്തെ അത് തീർത്തും നിരാകരിക്കുന്നു. ആശ്രിത വികസന-ആഗോളവ്യവസ്ഥാ സിദ്ധാന്തങ്ങളോട് താരതമ്യേന അടുപ്പം പുലർത്തുമ്പോൾതന്നെ ശക്തമായ വിയോജിപ്പും പ്രകടിപ്പിക്കുന്നതാണ് ജേക്കബിന്റെ പുസ്തകം. ആശ്രിതവികസന-ആഗോളവ്യവസ്ഥാ സിദ്ധാന്തങ്ങൾ അവികസിത നാടുകളിലെ ആഭ്യന്തരവർഗക്രമത്തോടും ദേശീയ പ്രശ്നത്തോടും പുലർത്തുന്ന ഉദാസീന സമീപനമാണ് ജേക്കബിന്റെ വിമർശനത്തിന് നിദാനം. ഈ സിദ്ധാന്തങ്ങൾ അവികസിത രാജ്യങ്ങളിലെ അധീശ വർഗങ്ങളെ കാണുന്നത് ആഗോള ചൂഷണ ശൃംഖലയിലെ കണ്ണികൾ മാത്രമായാണ്. അവിടങ്ങളിലെ മുതലാളിവർഗത്തിന് ദല്ലാൾ എന്ന ഒരൊറ്റ മുഖം മാത്രം.
അവികസിത രാജ്യങ്ങളിലെ മുതലാളിവർഗം വിഭജിതമാണെന്നും അതിലെ വ്യത്യസ്ത വിഭാഗങ്ങളും ആഗോള മൂലധനശക്തികളും തമ്മിലുള്ള ബന്ധത്തിൽ വ്യത്യാസങ്ങളുണ്ടെന്നും ജേക്കബ് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ വൻകിട മുതലാളികൾ ദല്ലാൾ സ്വഭാവമുള്ളവരായിരിക്കെ അവരോട് വൈരുദ്ധ്യമുള്ള പ്രാദേശിക മുതലാളി വിഭാഗങ്ങളുണ്ട്. അടിസ്ഥാന ജനതയും മുതലാളിവർഗവുമായുള്ള ബന്ധത്തിലും രാഷ്ട്രീയ സഖ്യത്തിന്റെ അഭിലഷണീയതയിലും ഇത്തരം സൂക്ഷ്‌മാംശങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് പുസ്തകം എടുത്തു പറഞ്ഞു.
ഭൂഖണ്ഡങ്ങളും ദേശരാഷ്ട്രങ്ങളുമാണ് ആശ്രിതവികസന-ആഗോളവ്യവസ്ഥാ സിദ്ധാന്തങ്ങളുടെ വിശകലന ഏകകം. സമഗ്ര ദേശീയതയ്ക്ക് കീഴ്പ്പെട്ടു കഴിയുന്ന ദേശീയ സമൂഹങ്ങളുടെ സമ്പദ്സ്വാതന്ത്യ്രത്തിന്റെ പ്രശ്നം അവ കണക്കിലെടുക്കുന്നില്ല. ജേക്കബിൻ്റെ പുതുകൊളോണിയൽ വിശകലനം വികസന തടസ്സങ്ങളെ പ്രാദേശിക ദേശീയതകളുടെ സ്വയംനിർണയവകാശ പ്രശ്നവുമായി കണ്ണിചേർക്കുന്നു. ഇന്ത്യയിലെ വ്യത്യസ്‌ത ദേശീയതകളുടെ സാംസ്കാരിക ചരിത്രത്തിന് സമാനതകൾ ഏറെയുണ്ടെങ്കിലും പുതു കൊളോണിയൽ ഭരണകൂടം അവയ്ക്കിടയിലെ സാമ്പത്തികാസമത്വം തീവ്രമാക്കിയെന്ന് നിരീക്ഷിച്ചു. തദ്ദേശീയ ഉൽപ്പാദനശക്തികളും അഖിലേന്ത്യാ മുതലാളി വർഗവുമായുള്ള വൈരുദ്ധ്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചു. ആശ്രിത വികസന-ആഗോളവ്യവസ്ഥാ സിദ്ധാന്തങ്ങൾ പറയും പ്രകാരം ലോക മുതലാളിത്ത വ്യവസ്ഥയിൽനിന്ന് ദേശരാഷ്ട്രം വേർപെടുന്നതു കൊണ്ടുമാത്രം പ്രാദേശിക ദേശീയ സമൂഹങ്ങളുടെ വികസന പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്ന് ചൂണ്ടിക്കാട്ടി.
1960-കൾക്കുശേഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടായത്? ഇവയ്ക്ക് എന്താണ് പ്രേരകമായത്? ഈ മാറ്റങ്ങൾ ജനജീവിതത്തിൽ എന്ത് ഫലങ്ങളാണ് ഉളവാക്കിയത്? ജൻമിസമ്പ്രദായത്തിൻ്റെ തളർച്ചയും മുതലാളിത്ത വ്യവസ്ഥയുടെ വളർച്ചയുമായിരുന്നു കാർഷികമേഖലയിലെ മാറ്റങ്ങളിൽ പ്രധാനം. ഭൂപരിഷ്കാരവും അടിമവേല നിരോധനവും ജന്മിത്വ ഉൽപ്പാദനബന്ധങ്ങൾക്ക് വിലങ്ങായി. കൂടാതെ, അമേരിക്കയിലെ ഫോർഡ് ഫൗണ്ടേഷന്റെ മുൻകൈയിൽ ഇന്ത്യയിൽ നടന്ന ഹരിതവിപ്ലവം കൃഷിയുടെ ആധുനികവൽക്കരണത്തിനു വഴിവച്ചു. അത്യുൽപ്പാദന ശേഷിയുള്ള വിത്തിനങ്ങളും രാസവളങ്ങളും കീടനാശനികളും യന്ത്രസാമഗ്രികളും പ്രചാരത്തിൽ വന്നു. ആദ്യകാലത്ത് പുതിയ നിവേശങ്ങൾ മുഖ്യമായും ഇറക്കുമതി ചെയ്യുകയായിരുന്നുവെങ്കിലും ക്രമേണ അവയുടെ ആഭ്യന്തര ഉൽപ്പാദനം വർദ്ധിച്ചു. കാർഷികോൽപ്പാദനം കുത്തനെ ഉയർന്നു. വൻകിട ഭൂവുടമകൾക്കു മാത്രമല്ല, നേരത്തെ ഉപജീവനകൃഷി മാത്രം സാധ്യമായിരുന്ന പല ചെറുകിട കർഷകർക്കും വിപണിയിൽ വിൽക്കാൻ തക്ക വിളവ് ലഭ്യമായി. കർഷകരുടെയും വ്യാപാരികളുടെയും സമ്പന്ന വിഭാഗങ്ങൾ പുതുതായി ഉയർന്നുവന്നു.
വ്യവസായ മേഖലയിലും മുന്നേറ്റം ദൃശ്യമായി. കൊളോണിയൽ വാഴ്ചയിൽ വൻകിട മൂലധനം തുറമുഖപട്ടണങ്ങളിലെ വ്യവസായശാലകളിലും ഉൾ നാടൻ ഖനികളിലും പ്ലാൻ്റേഷനുകളിലും ഒതുങ്ങിനിന്നു. സ്വാതന്ത്ര്യാനന്തരകാലത്ത് പൊതുമേഖലയിലും സ്വകാര്യമേഖലയിലും നവീനവ്യവസായശാലകൾ പരക്കെ സ്ഥാപിക്കപ്പെട്ടു. കാർഷികനിവേശങ്ങളുടെ വിപണി വികസിച്ചതോടെ അവ ഉൽപ്പാദിപ്പിക്കുന്ന വ്യവസായങ്ങളും വന്നു. ജലസേചനം, ഊർജോൽപ്പാദനം, ഗതാഗതം തുടങ്ങിയ പശ്ചാത്തല പദ്ധതികളും വിപുലമായി. വിദേശമൂലധനവും കടവും സാങ്കേതികവിദ്യയും നവീനവ്യവസായവൽക്കരണത്തിൽ നിർണായക പങ്ക് വഹിച്ചു. മുതലാളിത്ത രാഷ്ട്രങ്ങളുമായും സോവിയറ്റ് യൂണിയനുമായും പലതരം ഉടമ്പടികളുണ്ടായിരുന്നു. ആഗോള ധനകാര്യ സ്ഥാപനങ്ങൾ ധനസഹായവും വായ്‌പയും നൽകി ആഭ്യന്തര വിഭവസമാഹരണത്തിലെ പോരായ്‌മ നികത്തി. ഉൽപ്പാദന മേഖലകളിലെ ചലനാത്മകത ബാങ്കിങ് സേവന മേഖലയിൽ പ്രതിഫലിച്ചു. പൊതുമേഖലാ ബാങ്കുകൾ പ്രവർത്തനനിരതമായതോടെ ഹുണ്ടിക വ്യാപാരികളിലും ചുരുക്കം സഹകരണസംഘങ്ങളിലുമായി പരിമിതപ്പെട്ടിരുന്ന ഗ്രാമീണ ധനവിപണി ഊർജസ്വലമായി.

എന്നാൽ സമ്പദ് വളർച്ചയുടെ ഗുണഫലങ്ങൾ അടിസ്ഥാന ജനതയുടെ ജീവിതനിലവാരത്തിൽ പ്രകടമായില്ല. രാജ്യത്തിലെ ഭക്ഷ്യോൽപ്പാദനം പല മടങ്ങ് വർദ്ധിച്ചെങ്കിലും സാധാരണ ജനങ്ങളുടെ ആളോഹരി ഭക്ഷ്യലഭ്യതയിൽ അതനുസരിച്ചുള്ള വർദ്ധനവ് ഉണ്ടായില്ല. വിതരണത്തിലെ അസമത്വവും ഭക്ഷ്യധാന്യകയറ്റുമതിയും അതിനു തടസ്സമായി. ദരിദ്രകർഷകരുടെ തുണ്ടു ഭൂമികൾ യന്ത്രോപയോഗത്തിന് അനുയോജ്യമായിരുന്നില്ല. ഹരിതവിപ്ലവം ആവശ്യപ്പെടുന്ന നിവേശങ്ങൾ വാങ്ങാൻ അവർക്ക് കെൽപ്പില്ലായിരുന്നു. പുതിയ സാഹചര്യത്തിൽ കൂലിത്തൊഴിൽ സ്വീകരിക്കുന്നവരുടെ എണ്ണം പെരുക്കി. കൂലിനിരക്ക് വർദ്ധിച്ചുവെങ്കിലും വിലക്കയറ്റം കണക്കിലെടുക്കുമ്പോൾ വർധന നാമമാത്രമായിരുന്നു. കൂടാതെ വൻകിട വികസനപദ്ധതികൾ പലതും ദരിദ്ര ജനവിഭാഗങ്ങളെ വാസസ്ഥലങ്ങളിൽനിന്നു പുറന്തള്ളി സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങൾ ഇന്ത്യയിലെമ്പാടും ഒരേ സമയത്തും രീതിയിലും അളവിലും സംഭവിച്ചുവെന്നല്ല. ‘ലക്ഷണയുക്തമായ’ മുതലാളിത്ത സമൂഹമായി രാജ്യം മാറിയെന്നുമല്ല. എന്നാൽ മാറ്റങ്ങൾ വിരൽചൂണ്ടിയ ദിശ മുതലാളിത്ത വികസനത്തിന്റേതായിരുന്നു. ഗണനീയമാം വിധം വികസിക്കുകയും വ്യാപിക്കുകയും ചെയ്ത മൂലധനം, സാങ്കേതികവിദ്യ, വായ്‌പാവിപണി, ചരക്ക് കമ്പോളം, കൂലിത്തൊഴിലാളി സമൂഹം എന്നിവ അതിന് തെളിവ്. അർദ്ധഫ്യൂഡൽ അർദ്ധ കൊളോണിയൽ എന്ന് ഇന്ത്യയെ മേലിൽ വിശേഷിപ്പിക്കാൻ കഴിയില്ല എന്നതു വ്യക്തമായിരുന്നു.
എങ്കിൽത്തന്നെയും പുതുകൊളോണിയൽ എന്ന വിശേഷണം അനിവാര്യമോ എന്ന ചോദ്യം ബാക്കിയായി. മുതലാളിത്ത ദിശയിലുള്ള മാറ്റങ്ങളും ഒപ്പം അവയുടെ അപൂർണതയും പരിഗണിച്ച് ഇന്ത്യയെ വികസ്വര മുതലാളിത്തമെന്നൊ അർദ്ധ മുതലാളിത്തമെന്നൊ വിശേഷിപ്പിച്ചുകൂടെ? ഇന്ത്യയിലെ മുതലാളിത്ത വികസനത്തിൻ്റെ സവിശേഷസ്വഭാവവും സന്ദർഭവും അതിന് എതിർനിന്നു. വികസിത രാഷ്ട്രങ്ങളുടെ മുതലാളിത്ത വികസനത്തിൽനിന്നും മുതലാളിത്തത്തിന്റെ അമൂർത്ത മാതൃകയിൽനിന്നും വിഭിന്നമായിരുന്നു ഇന്ത്യയിൽ അതിന്റെ സഞ്ചാരപഥം. ആഗോളമുതലാളിത്തത്തിന്റെ ചലനക്രമത്തിന് അത് വിധേയമാണ്. വികസിത രാഷ്ട്രങ്ങളുടെ മൂലധനനിക്ഷേപം, സാങ്കേതികവിദ്യ, ധനസഹായം എന്നിവയും ഈ രാഷ്ട്രങ്ങൾ നയിക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെ നയങ്ങൾ സ്വാധീനം ചെലുത്തിയ ഭരണകൂട നയങ്ങളും രൂപപ്പെടുത്തിയതാണ് ഇന്ത്യയിലെ സമ്പദ് വ്യവസ്ഥ. ആഗോള മുതലാളിത്ത വ്യവസ്ഥയോട് കീഴ്പ്പെടുന്നതും അതിനെ ആശ്രയിക്കുന്നതുമായതിനാൽ വികസിത രാഷ്ട്രങ്ങളിലേതുപോലുള്ള മുതലാളിത്ത വികസനം ഇന്ത്യയിൽ സംഭവ്യമല്ല. പരാശ്രയവികസനം അവികസനത്തിന്റെ രൂപമാണ്, വികസനത്തിന്റേതല്ല. ദരിദ്രവൽക്കരണം ഇതിന്റെ കൂടപ്പിറപ്പാണ്, കൊളോണിയൽ കാലത്തെന്ന മാതിരി. ഇത് പുതുകൊളോണിയലിസം എന്ന സങ്കൽപ്പനത്തെ ആവശ്യമാക്കുന്നു എന്ന് ജേക്കബിൻ്റെ പുസ്‌തകം സമർത്ഥിച്ചു.
ഈ പുസ്‌തകത്തിന്റെ രാഷ്ട്രീയചരിത്രം കൂടി പറയാം. 1982 ജനുവരിയിൽ മഹാരാഷ്ട്രയിൽ ചേർന്ന പാർട്ടി അഖിലേന്ത്യാ സമ്മേളനമാണ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് പഠനം തയ്യാറാക്കണമെന്ന് തീരുമാനിച്ചതും അതിന്റെ പ്രധാന ചുതല ജേക്കബിനെ ഏൽപ്പിച്ചതും. അന്നു നേതൃസ്ഥാനത്തും അല്ലാതെയുമുള്ള ഒട്ടേറെ സഖാക്കൾ ഈ പഠനത്തിനായുള്ള ആശയസംവാദത്തിൽ പങ്കുചേർന്നു. വർഷാവസാനത്തോടെ പഠനത്തിൻ്റെ കരട് തയ്യാറായി. തുടർന്ന് പാർട്ടി ചർച്ചകളിൽ ഉയർന്നുവന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് പുതിയ കരട് തയ്യാറാക്കി. അത് 1984 മെയ് മാസത്തിൽ കൂടിയ സി.ആർ.സിയുടെ ലീഡിങ് കമ്മിറ്റി അത് അംഗീകരിച്ചു. 1985 ജൂലൈയിൽ പുസ്‌തകം പുറത്തു വന്നു. പുസ്‌തകം രൂപപ്പെടുത്തുന്നതിൽ ‘സി.ആർ.സിയുടെ രാഷ്ട്രീയ മാർഗ നിർദേശം നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്’ എന്ന് ജേക്കബ് ആമുഖത്തിൽ എടുത്തു പറയുന്നു.
1986 ഫെബ്രുവരിയിൽ പുസ്‌തകത്തിൻ്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു. പരിഭാഷ നിർവഹിച്ചത് കെ.എൻ രാമചന്ദ്രൻ. പാർട്ടി സ്റ്റഡി ക്യാമ്പിന്റെ ആവശ്യാർത്ഥം കേവലം ഒരാഴ്‌ചകൊണ്ട് പരിഭാഷ പൂർത്തിയാക്കുകയായിരുന്നു. ധൃതിപിടിച്ച വിവർത്തനത്തിൻ്റെ പോരായ്‌മ തലക്കെട്ടിൽ തന്നെ കാണാം. “ഡവലപ്മെൻ്റ് ആൻ്റ് ഡപ്രിവേൻ’ എന്നതിന് ഏറെക്കുറെ അടുത്തു നിൽക്കുന്ന തർജ്ജമ ‘വികസനവും ദരിദ്രവൽക്കരണവു’മാണെന്നിരിക്കേ ‘എക്സ്‌പാൻഷൻ ആൻ്റ് റിറ്റാർഡേഷൻ’ എന്നർത്ഥം വരുന്ന ‘വികാസവും മുരടി പ്പും’ എന്നായിരുന്നു മലയാള പുസ്‌തകത്തിൻ്റെ തലക്കെട്ട്. ആശ്രിത വികസന ആഗോളവ്യവസ്ഥാ സിന്താന്തങ്ങളോട് യാഥാസ്ഥിതിക മാർക്സിസ്റ്റ് നില പാടിനെ അപേക്ഷിച്ച് അടുപ്പം പുലർത്തുമ്പോഴും കാര്യകാരണ സഹിതം വിയോജിപ്പ് രേഖപ്പെടുത്തുന്നതായിരുന്നു ജേക്കബിന്റെ പുസ്തകമെന്ന് ആദ്യമേ സൂചിപ്പിച്ചുവല്ലോ. ആശ്രിതവികസന-ആഗോളവ്യവസ്ഥാ പഠനങ്ങളിൽ നിന്ന് ഭിന്നമായി ഭരണകൂടസ്വഭാവത്തിലും ആഭ്യന്തരവർഗവിശകലനത്തിലുമായിരുന്നു പുസ്തകത്തിന്റെ ഊന്നൽ. എന്നാൽ പുസ്‌തകം ആശ്രിതവികസന സിദ്ധാന്തത്തെ ആധാരമാക്കുന്നതും ആഭ്യന്തര വർഗ ബന്ധങ്ങളെ അവഗണിക്കുന്നതുമാണെന്ന വിമർശനം പാർട്ടിക്കുള്ളിൽ പിന്നീടുണ്ടായി. വിമർശനത്തിന്റെ ചുക്കാൻ പിടിച്ചത് പരിഭാഷകനായിരുന്ന രാമചന്ദ്രൻ ആയിരുന്നു വെന്നത് ചരിത്രത്തിന്റെ സ്മൈലി.
Featured Image: T G Jabob/ Photo by Saji P Mathew, Wayanad
(തുടരും)
കടപ്പാട് : പുസ്തക പ്രസാധക സംഘം പ്രസിദ്ധീകരിച്ച ടി ജി ജേക്കബ് എന്ന പുസ്തകം
