
അരാഷ്ട്രീയതയുടെയും അശാസ്ത്രീയതയുടെയും അകക്കാമ്പിലുണ്ട് ശ്രീനിവാസൻ്റെ സ്വയംഭരണം
ചലച്ചിത്രം എന്ന മാധ്യമം വളരെ സൂക്ഷമമായി പഠിക്കുകയും അതിന്റെ സാധ്യതകൾ മലയാള സിനിമ രംഗത്ത് കണ്ടെത്തുകയും ചെയ്ത ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസൻ. ജീവിതത്തിലുടനീളം കാതലായ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് ശ്രീനിവാസൻ നമ്മളോട് സംവദിച്ചത്. അദ്ദേഹത്തിന്റെ ജീവിത കാഴ്ചപ്പാടുകളിലും ജീവിത രീതിയിലും വ്യവസ്ഥാപിത സമ്പ്രദായങ്ങളോടും സമൂഹം സ്വാംശീകരിച്ചു വച്ച കാപട്യങ്ങളോടുമുള്ള കലഹം കാണാൻ കഴിയും. ശ്രീനിവാസൻ കണ്ടെത്താൻ ശ്രമിച്ച, മലയാളിക്കു മുൻപിൽ തുറന്നു വച്ച സൃഷ്ടിപരതയുടെയും അന്വേഷണങ്ങളുടെയും ലോകത്തെ വിലയിരുത്തുകയാണ് വി അശോകകുമാർ.
“സന്ദേശ”ത്തിലെ കമ്മ്യൂണിസ്റ്റു വിരുദ്ധതയെ പ്രതി “അരാഷ്ട്രീയൻ” എന്നു പേരുവീണ ശ്രീനിവാസൻ പിന്നീട് ഏറ്റവും വിമർശന വിധേയനാക്കപ്പെട്ടത് അദ്ദേഹം അലോപ്പതി ചികിത്സയെ തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്ഷേപിച്ചപ്പോഴായിരിക്കാം. അത്തരം “മരുന്നുകൾ കടലിലെറിഞ്ഞാൽ കടലിലെ മീനെല്ലാം ചത്തു”പോകുമെന്ന് പരസ്യമായി പറഞ്ഞപ്പോൾ അരാഷ്ട്രീയതയോടൊപ്പം “അശാസ്ത്രീയത”യും പിൻപറ്റുന്നവനായി വിമർശനപക്ഷത്തിൻ്റെ എണ്ണം പെരുപ്പിച്ചു ചിരിച്ചു ശ്രീനിവാസൻ. മാത്രമല്ല അധികം വൈകാതെ തന്നെ, രോഗബാധിതനായി അതേ അലോപ്പതി ചികിത്സാലയത്തിൽ കിടന്നപ്പോൾ ശ്രീനിവാസനെ വീണ്ടും പരിഹാസ ശരങ്ങൾ പൂപോലെ വന്നു മൂടി. ഇപ്പോഴിതാ നാലഞ്ചു വർഷത്തെ രോഗാതുരതയും ഡയാലിസിസും അവസാനിപ്പിച്ചു തൻ്റെ “അരാഷ്ട്രീയത”യും “അശാസ്ത്രീയ”യുമായി ശ്രീനിവാസൻ നമ്മോടു യാത്ര പറഞ്ഞിരിക്കുന്നു.
അരാഷ്ട്രീയതയും അശാസ്ത്രീയതയും പാടില്ലെന്നു പറയുന്നവർ പൊതുവേ നാസ്തികരാണ്. ഇവരിൽ ധാരാളം പേർ കമ്യൂണിസ്റ്റുകളുമാണ്. കമ്മ്യൂണിസ്റ്റുകൾ അല്ലാത്ത നാസ്തികാരകട്ടെ ശാസ്ത്രീയചിന്തയുടെ വക്താക്കളായി അലോപ്പതിയെ ഉയർത്തുന്നവരും അശാസ്ത്രീയ ചികിത്സകളെ എതിർക്കുന്നവരുമാണ്. കമ്മ്യൂണിസത്തിനും ശാസ്ത്രീയ ചിന്തക്കും പുറത്തുള്ളതെല്ലാം വലതുപക്ഷത്തിലോ ആത്മീയതയിലോ ചെന്നെത്തുന്നതായിട്ടാണ് നമ്മുടെ പൊതുധാരണ.
തികഞ്ഞ നാസ്തികനായിരുന്നു ശ്രീനിവാസൻ. എന്നാൽ നാസ്തികരിൽ അധികം പേരും കമ്മ്യൂണിസ്റ്റ് ആശയങ്ങളും ശാസ്ത്രീയതയും മുറുകെപ്പിടിച്ചതു പോലെയായിരുന്നില്ല അദ്ദേഹം. എന്തുകൊണ്ട് നാസ്തികനായ ശ്രീനിവാസൻ കമ്മ്യൂണിസ്റ്റു പ്രയോഗങ്ങളെയും ശാസ്ത്രീയ ചികിത്സ എന്നറിയപ്പെടുന്ന അലോപ്പതിയെയും കണക്കറ്റു കളിയാക്കി? നാസ്തികനായ ഒരു ബുദ്ധിജീവിയായി നിന്നുകൊണ്ട് തൻ്റെ സമൂഹത്തിലെ യാഥാർത്ഥ്യങ്ങളെ ആഴത്തിൽ മനസ്സിലാക്കുകയും അവയെല്ലാം തൻ്റെ തിരക്കഥകളിലൂടെ കമ്പോടു കമ്പു തമാശകളായി നമ്മെ അറിയിക്കുകയും ചെയ്ത ഒരു മനുഷ്യനിൽ എന്തുകൊണ്ട് അസാധാരണമായ ഈ വൈരുദ്ധ്യം വന്നുചേർന്നു?
അധികാര കേന്ദ്രീകരണത്തോടും അതിൻ്റെ ഭാഗമായ ഹിംസയോടും അടങ്ങാത്ത അമർഷമുള്ള ഒരാളായിരുന്നു ശ്രീനിവാസൻ. അദ്ദേഹത്തിൻ്റെ കമ്മ്യൂണിസ്റ്റ് പ്രയോഗ വിമർശനങ്ങളെ ഈ തരത്തിൽ വിലയിരുത്തണമെന്നു തോന്നുന്നു. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വൈരുദ്ധ്യം ശ്രീനിവാസനെ ചൊടിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ശങ്കരാടിയും ശ്രീനിവാസനും ക്ഷേത്രനടയിൽ കണ്ടുമുട്ടുന്ന “സന്ദേശ”ത്തിലെ രംഗം ഓർക്കുക. നാസ്തികത പറയും എന്നാൽ അമ്പലത്തിൽ പോയി തൊഴും. അനുയായികളെ ശാസിക്കും, നിലയ്ക്കു നിർത്തും.
അധികാര കേന്ദ്രീകരണത്തിൻ്റെ ദുഷിപ്പെന്ന നിലയിൽ അക്രമരാഷ്ട്രീയത്തെ ശ്രീനിവാസൻ വെറുതേ വിട്ടില്ല. രാഷ്ട്രീയ കൊലപാതകങ്ങളെ ഒരിക്കലും അദ്ദേഹം അനുകൂലിച്ചില്ല. നേതൃത്വത്തിനു വേണ്ടി വെട്ടി വീഴുന്ന സാധാരണക്കാരെ പറ്റി പലപ്പോഴും പരിതപിച്ചു. പ്രവർത്തകരിലൂടെ പ്രകടമാകുന്ന രാഷ്ട്രീയ പാർട്ടികളുടെ ഘടനയെയാണ് ശ്രീനിവാസൻ നിരീക്ഷിച്ചത്. നേതൃത്വവും ആണികളും തമ്മിലുള്ള ഈ വിടവിനെ പുതുക്കിയ യജമാന -ഭൃത്യബന്ധമായി അദ്ദേഹം തിരിച്ചറിഞ്ഞു. “സന്ദേശ”ത്തിൽ ദേശീയ നേതാവായി പ്രത്യക്ഷപ്പെടുന്ന ഇന്നസെൻ്റ് അതിൻ്റെ താഴെ മാമുക്കോയ പിന്നെ ജയറാം എന്ന ശ്രേണി കാണാം.
അധികാരത്തിൻ്റെ കേന്ദ്രീകരണം അത് രാഷ്ട്രീയപ്പാർട്ടികളിലും ബ്യൂറോക്രസിയിലും ഒരേപോലെ ശ്രീനിവാസൻ കണ്ടു. ഉദ്യോഗസ്ഥ മേധാവിത്വവും സംഘടിതമായ അധികാരശക്തിയും മൂലം കുത്തുപാളയെടുക്കുന്ന കഥാപാത്രങ്ങളെ അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രീകൃതമായ അധികാരശക്തിയുടെ വിളയാട്ടം സാധാരണ മനുഷ്യജീവിതങ്ങളെ എത്രമാത്രം നിരാലംബവും നിസ്സഹായവുമാക്കുന്നു എന്നത് “വരവേല്പ് ” പോലുള്ള സിനിമകളിൽ കാണാം.
കേന്ദ്രീകൃതമായ അമിതാധികാര പ്രവണത സമൂഹത്തിൽ വ്യക്തികളുടെ അവകാശങ്ങളെ – സ്വാതന്ത്ര്യത്തെ തകർക്കുന്നു എന്നത് ശ്രീനിവാസൻ്റെ കേന്ദ്രപ്രമേയമാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ അപചയം അമിതാധികാര കേന്ദ്രീകരണത്തിൽ ആരംഭിക്കുന്നതുമാണല്ലോ. ലോകത്ത് അധികാര കേന്ദ്രീകരണത്താൽ വന്നുചേർന്ന അപച്യുതിയെ മാറ്റിമറിക്കാനുണ്ടായ പ്രസ്ഥാനം തന്നെ അധികാര കേന്ദ്രീകരണത്തിൻ്റെ പുതിയ ഭാരമായി സമൂഹത്തിനു മേൽ പതിക്കുന്നതിൻ്റെ വൈപരീത്യത്തിൽ നിന്നാണ് ശ്രീനിവാസൻ്റെ “അരാഷ്ട്രീയ” പരിഹാസങ്ങൾ പിറക്കുന്നത്.

അധികാര കേന്ദ്രീകരണത്തെ ഒരു രാഷ്ട്രീയ വിഷയത്തിനപ്പുറം ആധുനിക ഉല്പാദനഘടനയുടെ തന്നെ പ്രകൃതമായി കൂടി ശ്രീനിവാസൻ മനസ്സിലാക്കിയിട്ടുണ്ടാകണം. കേന്ദ്രീകൃതമാണ് ആധുനിക ഉല്പാദന ഘടന. കേന്ദ്രീകൃതമായ ഉല്പാദനഘടന മുന്നേറുന്നതാകട്ടെ കേന്ദ്രീകൃതമായ അധികാരഘടന നിലനിർത്തിക്കൊണ്ടാണ്. കേന്ദ്രീകൃതമായ ഉല്പാദനഘടനയും അധികാരഘടനയും മനുഷ്യരെ കാണുന്നത് യാന്ത്രികമായ ഉല്പാദനകരും കേവലമായ ഉപഭോക്താക്കളും മാത്രമായിട്ടാണ്. യന്ത്രസംവിധാനങ്ങൾ സജ്ജമാക്കപ്പെട്ട കേന്ദ്രീകൃതമായ ആധുനിക ഉല്പാദന വ്യവസ്ഥയിൽ മനുഷ്യർ യന്ത്രത്തിൻ്റെ അനുബന്ധങ്ങളായ ഉല്പാദന അവയവങ്ങൾ മാത്രമാണല്ലോ. ചാർളി ചാപ്ലിൻ ഇത് “മോഡേൺ ടൈം”സിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ അതിൽ അധികം ശ്രദ്ധിക്കാത്ത വശം മനുഷ്യർ ഉല്പാദന യന്ത്രമായി മാത്രമല്ല വെറും ഉപഭോഗ യന്ത്രമായി കൂടി തരം താഴ്ത്തപ്പെടുന്ന അവസ്ഥയാണ്. മോഡേൺ ടൈംസിൽ ചാപ്ലിൻ്റെ യന്ത്രസമാനമായ ഉച്ചഭക്ഷണ രീതി ഇതിനുദാഹരണം തന്നെ.
മനുഷ്യരുടെ ആദ്യ ഉല്പാദന പ്രവർത്തനമായ കാർഷിക വൃത്തിയെ കേന്ദ്രീകൃതമാക്കുന്നതോടെയാണ് ആധുനിക ഉല്പാദന വ്യവസ്ഥ ആരംഭിക്കുന്നത്. കൊളമ്പസിൻ്റെയും ഗാമയുടെയും മറ്റും കപ്പലോട്ടങ്ങൾ കേന്ദ്രീകൃത കാർഷിക ഉല്പാദന വ്യവസ്ഥ നിർമ്മിക്കുന്നതിനു അനുയോജ്യമായ ഭൂപ്രദേശങ്ങൾ കണ്ടു പിടിക്കുന്നതിനുള്ള മത്സരങ്ങളായി മനസ്സിലാക്കാം. തൻ്റെ രണ്ടാമത്തെ യാത്രയിൽ കൊളമ്പസ് അമേരിക്കൻ ദ്വീപുകളിലേക്കു കരിമ്പു കൊണ്ടു വന്നു. തുടർന്ന് ആദ്യത്തെ വൻകിട കേന്ദ്രീകൃത കാർഷികവ്യവസ്ഥയായി കരിമ്പിൻ തോട്ടങ്ങൾ ഉയർന്നുവന്നു. കരിമ്പിൻ തോട്ടങ്ങളുടെ കോളനിവൽക്കരണത്താൽ മധ്യകാലഘട്ടത്തിലെ അത്യപൂർവ്വ വസ്തുമായിരുന്ന പഞ്ചസാര രണ്ടുമൂന്നു നൂറ്റാണ്ടുകൾ കൊണ്ട് ഉല്പാദനത്തിലും ഉപഭോഗത്തിലും വിപ്ലവം സൃഷ്ടിച്ചു യൂറോപ്പിൽ ജനകീയ വിഭവമായി മാറി. കരിമ്പിൻ തോട്ടങ്ങളിൽ പണിയെടുക്കുന്നതിനു ആഫ്രിക്കൻ വൻകരയിൽ നിന്നും ലക്ഷക്കണക്കിനു അടിമകളെ എത്തിച്ചു. പഞ്ചസാരവിപ്ലവത്തിൻ്റെ സമ്പത്ത് യൂറോപ്പിനെ വ്യവസായ വിപ്ലവത്തിലേക്കു നയിച്ചു.
ഇന്ന് കരിമ്പിൽ മാത്രമല്ല മുഖ്യ കാർഷികവിഭവങ്ങൾ ഏറെയും കേന്ദ്രീകൃത ഉല്പാദന വ്യവസ്ഥയുടെ കീഴിലെ വാണിജ്യ വിളകളായി മാറിയിട്ടുണ്ട്. ഏകവിളകളുടെ ഈ ലോകം പാരിസ്ഥിതിക തകർച്ചയും ആരോഗ്യത്തകർച്ചയും വരുത്തി വെച്ചിരിക്കുന്നു. വിഭവങ്ങൾ മാർക്കറ്റിൽ സുലഭമാണ്. എന്നാൽ മനുഷ്യോപഭോഗം ബാഹ്യരൂചികളാൽ യാന്ത്രികമായി മാറിയിരിക്കുന്നു. ഉപഭോഗത്തിലെ സ്വയംഭരണം മനുഷ്യർക്കു നഷ്ടപ്പെട്ടിരിക്കുന്നു.
എന്ത് ഉല്പാദിപ്പിക്കണം, എങ്ങനെ, എപ്പോൾ, എവിടെ ഉല്പാദിപ്പിക്കണം എന്നത് ഉല്പാദനത്തിലെ സ്വയംഭരണമാണെങ്കിൽ എന്ത്, എപ്പോൾ എങ്ങനെ ഉപയോഗിക്കണമെന്നത് ഉപഭോഗത്തിലെ സ്വയംഭരണമാണ്. കേന്ദ്രീകൃതമായ കാർഷികോല്പാദന വ്യവസ്ഥ മനുഷ്യരെ ഉല്പാദനത്തിൽ നിന്നും ഉപഭോഗത്തിൽ നിന്നും അന്യവൽക്കരിച്ച് അവയുടെ സ്വയംഭരണത്തെ നഷ്ടപ്പെടുത്തിയിരിക്കുന്നു. മനുഷ്യർ കേന്ദ്രീകൃത കമ്പോളത്തിൻ്റെ ഇരകളായി ഭക്ഷണത്താൽ നിത്യരോഗികളായി മാറിയിരിക്കുന്നു. ഭക്ഷ്യോല്പാദനത്തിലെ ഈ കേന്ദ്രീകരണത്തിൻ്റെ തിരിച്ചടിയാണ് ഇന്നു സർവ്വത്ര വ്യാപിച്ചിരിക്കുന്ന ജീവിതശൈലീ രോഗങ്ങളും പുതിയ പുതിയ പകർച്ചവ്യാധികളും.
ഈ തിരിച്ചറിവിൽ നിന്നാണ് വികേന്ദ്രീകൃത കാർഷിക വ്യവസ്ഥയിലേക്കുള്ള ഗതിമാറ്റം ലോകത്ത് സംഭവിക്കുന്നത്. വികേന്ദ്രീകൃത കാർഷികോല്പാദനമാണ് ജൈവകൃഷി. അതുകൊണ്ടാണ് ചോറ്റാനിക്കരയ്ക്കടുത്ത് തൻ്റെ ഗ്രാമത്തിലെ നൂറ് ഏക്കറിലേറെ തരിശുവയലുകൾ , നാട്ടുകാരുമായി ചേർന്നു ഏറ്റെടുത്ത് ശ്രീനിവാസൻ നാടൻ നെൽകൃഷി നടത്തിയതും, അതിൻ്റെ അരി ബ്രാൻ്റ് ചെയ്ത് വില്പന നടത്തിയതും. വയൽ ഉല്പാദന വ്യവസ്ഥ മാത്രമല്ല എന്നും അത് പരിസ്ഥിതി ലോല മേഖലയാണെന്നും നമുക്കറിയാമല്ലോ.
കാർഷികോല്പാദനത്തിലെ പാരിസ്ഥിതികവും മാനുഷികവുമായ ബന്ധം നഷ്ടപ്പെട്ട്, അതിലെ സ്വയംഭരണം മനുഷ്യർക്ക് ഇല്ലാതാകുമ്പോൾ മനുഷ്യർ മാർക്കറ്റിൻ്റെ കേവല ഉപഭോക്താക്കളായതിൽ നിന്നും വന്നുചേർന്ന ഭീകരമായ രോഗാതുരത കേന്ദ്രീകൃതമായ ചികിത്സാ വ്യവസ്ഥയെയും സൃഷ്ടിച്ചിരിക്കുന്നു. ചികിത്സ ഏറ്റവും വലിയ ഉപഭോഗങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട് പർച്ചേസിംഗ് പവർ കൂടിയ ഇടങ്ങളിൽ. അതുകൊണ്ടാണ് കേരളത്തിലെ വമ്പൻ സ്വകാര്യ ആശുപത്രികളെ വിദേശ കോർപ്പറേറ്റുകൾ വന്നു വിലയ്ക്കെടുക്കുന്നു എന്ന വാർത്ത വന്നത്.
കേന്ദ്രീകൃതമായ ചികിത്സാ വ്യവസായം മനുഷ്യ ശരീരത്തെ മരുന്നുകളുടെ വെറും ഉപഭോക്താവായി മാത്രം കാണുന്നു. അതിനാൽ രോഗം പൂർണ്ണമായി മാറി പൂർവ്വാവസ്ഥയിലേക്കു രോഗി തിരിച്ചു വരിക എന്നത് കേന്ദ്രീകൃത ചികിത്സാവ്യവസായത്തിൻ്റെ പരമ ലക്ഷ്യമല്ല. കൺസ്യൂമർ മാത്രമായ രോഗിയെ എത്ര കാലം കൊണ്ട് എത്രയധികം മരുന്നുകൾ നൽകാം എന്നാണവരുടെ ലക്ഷ്യം. കേന്ദ്രീകൃതമായ ഭക്ഷ്യോല്പാദനത്തിൻ്റെ തിരിച്ചടിയിൽ നിന്നും വന്നു ചേർന്ന രോഗാതുരത സൃഷ്ടിച്ച കേന്ദ്രീകൃതമായ ചികിത്സാവ്യവസായത്തിനെതിരെയാണ് ശ്രീനിവാസൻ ശബ്ദമുയർത്തിയത്. സമ്പൂർണ്ണ രോഗമുക്തി നൽകാത്ത കൂറ്റൻ വ്യവസായ ശൃംഖലയെ അദ്ദേഹം ചൂണ്ടിക്കാട്ടി. അതിൻ്റെ പിടിയിലകപ്പെട്ടുപോയ ഉപഭോഗത്തിൻ്റെ സ്വയംഭരണം വീണ്ടെടുക്കാൻ പ്രാദേശികവും വികേന്ദ്രീകൃതവുമായ കാർഷിക ഉല്പാദന- ഉപഭോഗ വ്യവസ്ഥയിലേക്ക് മാറി പോകണമെന്ന് പ്രായോഗികമായി കാണിച്ചുതന്നു.
പുകവലി മൂലം താൻ വലിയ രോഗിയായെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചസാര പോലെ പുകയിലയും ലോകമാകെ വ്യാപിച്ചത് കോളനിവൽക്കരണത്താൽ സംഭവിച്ച ഏകവിളത്തോട്ടങ്ങൾ വഴിയാണ്. പരസ്യങ്ങളും മാതൃകകളും നിർമ്മിച്ചു പുകയില വ്യാപാരം ലോകം കീഴടക്കി നാനാതരം മാരകരോഗങ്ങളെ ഉപഭോക്താക്കൾക്കു സമ്മാനിക്കുന്നു. പുകയില തനിക്കു നൽകിയ രോഗത്തിൽ നിന്നും അദ്ദേഹത്തെ പൂർണ്ണാരോഗ്യത്തിലേക്കു തിരികെ കൊണ്ടുവരാൻ കേന്ദ്രീകൃതമായ ചികിത്സാവ്യവസായത്തിനും സാധിച്ചില്ല; ഏതാനും വർഷങ്ങൾ രോഗിയായി വേദനകൾ തിന്നുമ്പോഴും ചിരിപ്പിച്ചും ചിന്തിപ്പിച്ചും ശ്രീനിവാസൻ നമുക്കിടയിൽ നിന്നെങ്കിലും.
സ്വയംഭരണമെന്നത് കേന്ദ്രീകൃതമായ അധികാരവ്യവസ്ഥക്കുള്ള മറുമരുന്നാണ്. സിനിമയിലെ അധികാര കേന്ദ്രീകരണത്തോടും നിത്യം കലഹിച്ചയാളാണല്ലോ ശ്രീനിവാസൻ. അതിനുദാഹരണമായി താരാധിപത്യത്തെ അടിമുടി പരിഹസിക്കുന്ന രണ്ടു ചിത്രങ്ങൾ (ഉദയനാണ് താരം, സരോജ് കുമാർ). സ്വന്തം ശരീരം കൊണ്ടും സിനിമയിലെ സൗന്ദര്യത്തിൻ്റെ അധികാര കേന്ദ്രീകരണത്തെ ഉയരം കുറഞ്ഞവനും കറുത്തവനുമായ ഈ തളത്തിൽ ദിനേശൻ (“വടക്കുനോക്കിയന്ത്ര”ത്തിലെ നായകൻ) പ്രതിക്രിയ ചെയ്തു.
കേന്ദ്രീകൃതമായ അധികാരവ്യവസ്ഥയുടെ കേവലമായ ഉല്പാദനത്തിൻ്റെയും യാന്ത്രികമായ ഉപഭോഗത്തിൻ്റെയും അടിമത്തം പേറിയ ലോകത്തിന് സ്വയംഭരണത്തിൻ്റെ രാഷ്ട്രീയത്തിലും ശാസ്ത്രീയതയിലും നിന്നതിനാൽ, ശ്രീനിവാസനെ ഉൾക്കൊള്ളാനാവില്ല.
