സോളാർ പങ്ക്: പ്രത്യാശയുടെ കലാപം

സോളാർ പങ്ക്: പ്രത്യാശയുടെ കലാപം

സങ്കീർണ്ണമായ സാമൂഹിക പാരിസ്ഥിതിക പ്രതിസന്ധികൾ അഭിമുഖീകരിക്കുന്ന ആധുനിക സമൂഹത്തിനു മുൻപിൽ പ്രത്യാശയുടെ സാധ്യതകൾ തുറന്നിടുകയാണ് സോളാർ പങ്ക് എന്ന ആശയ ധാര. പുനരുപയോഗിക്കാൻ കഴിയുന്ന ഊർജ്ജം, പരസ്പ്പര സഹകരണം, പ്രകൃതി സൗഹൃദ നിർമ്മാണരീതികൾ, കമ്മ്യൂണിറ്റി പ്രവർത്തനം തുടങ്ങിയവയിൽ അധിഷ്ഠിതമായ സോളാർ പങ്ക് ജീവിതരീതി വിശദീകരിക്കുന്ന ലേഖനം. എങ്ങനെ കൂടുതൽ മനോഹരമായ ഒരു ലോകം സാധ്യമാകും എന്ന് വ്യക്തമാക്കുന്നു.

മനുഷ്യരാശിയുടെ ഭാവിയെക്കുറിച്ചുള്ള നമ്മുടെ ആശങ്കകളിൽ കടന്നുവരുന്ന പ്രധാന ആഗോള സാഹചര്യങ്ങൾ എന്തൊക്കെയാണ്? കാലാവസ്ഥാവ്യതിയാനം, വെറുപ്പിന്റെ വലതുപക്ഷ രാഷ്ട്രീയം, സാങ്കേതികവിദ്യയിലധിഷ്ഠിതമായ നവമുതലാളിത്തം, ദുർബലമാകുന്ന ജനാധിപത്യപ്രതിരോധങ്ങൾ. ഈ ഘടകങ്ങൾ എല്ലാം മനുഷ്യന് നൽകുന്നത് ഭയവും അശുഭ ചിന്തകളുമാണ്. ഇതിനിടയിൽ പ്രത്യാശയ്‌ക്ക്‌ എന്തെങ്കിലും സ്ഥാനമുണ്ടോ? ഉണ്ടെന്നതാണ് യാഥാർഥ്യം. അതിന് വക നൽകുന്നതാണ് ‘സോളാർ പങ്ക്’ (Solar punk) എന്ന സാംസ്കാരിക–കലാ–രാഷ്ട്രീയ പ്രസ്ഥാനം അഥവാ ചിന്താധാര. ഭാവിയെ ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കാനുതകുന്ന ദർശനമായി സോളാർപങ്കിനെ കരുതാവുന്നതാണ്.

‘സൈബർ പങ്ക്’ സാങ്കേതികവിദ്യാ ആശ്രിതത്വത്തിന്റെയും അതിമൂലധനവ്യവസ്ഥയുടെയും (hyper capitalism) അപകടങ്ങളെക്കുറിച്ചുള്ള ഡിസ്റ്റോപ്പിയൻ (Dystopian) വിമർശനമാണെങ്കിൽ, സോളാർ പങ്ക് പ്രാദേശികമായും, സുസ്ഥിരമായും മനുഷ്യരാശിക്ക് പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് ജീവിക്കാനാകും എന്ന് കാണിച്ചു തരുന്നു. ഭയപ്പെടുത്തുന്നതും നാശോന്മുഖവുമായ ചിന്തകൾക്ക് പകരം പ്രകൃതിയുമായി ഇണങ്ങിനിൽക്കുന്ന, സാങ്കേതികവിദ്യയെ വിവേകപൂർവം ഉപയോഗിക്കുന്ന ഒരു ഭാവിയെ അത് സ്വപ്നം കാണുന്നു.

പുനരുപയോഗിക്കാൻ കഴിയുന്ന ഊർജ്ജം (Renewable energy), സഹകരണം, പ്രകൃതി സൗഹൃദ നിർമ്മാണരീതികൾ എന്നിവയിൽ അധിഷ്ഠിതമാണ് സോളാർപങ്ക് അടിസ്ഥാനമായുള്ള ജീവിതരീതി. ഉപഭോക്തൃ വിരുദ്ധത (anti-consumerism), കമ്മ്യൂണിറ്റി പ്രവർത്തനം (community action), തദ്ദേശീയത (localism), ഭാവിയിൽ ഊന്നിയുള്ള രാഷ്ട്രീയം (prefigurative politics) എല്ലാം സോളാർപങ്കിന്റെ പ്രധാന ആശയങ്ങളായി കണക്കാക്കപ്പെടുന്നു.

സോളാർ പങ്കിന്റെ തുടക്കം

2010-കളിൽ തന്നെ ഈ പേര് പ്രചാരത്തിൽ വന്നുവെങ്കിലും, സോളാർപങ്ക് ആശയങ്ങൾക്ക് ഒന്നര നൂറ്റാണ്ടിൻെറയെങ്കിലും പഴക്കമുണ്ട്. ഹെൻറി ഡേവിഡ് തോറോ, ബി.എഫ്. സ്കിന്നർ, സ്റ്റുവർട്ട് ബ്രാൻഡ് തുടങ്ങിയ ചിന്തകരുടെ ദർശനങ്ങളും ഡീപ് ഇക്കോളജി അടിസ്ഥാനമായുള്ള ആലോചനകളും സോളാർ പങ്ക് എന്ന സങ്കൽപ്പം വികസിക്കുവാൻ കാരണമായിട്ടുണ്ട്.

1840-കളിൽ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ വാൾഡൻ തടാകത്തിനരികെയായി ഒരു ചെറിയ വീടുണ്ടാക്കി പരീക്ഷണം നടത്തിയ ഹെൻറി ഡേവിഡ് തോറോ ലളിതജീവിതത്തിലൂടെയും സ്വാശ്രയത്വത്തിലൂടെയും മനുഷ്യന് സന്തോഷം കണ്ടെത്താമെന്ന് തെളിയിച്ചു.

The Last Whole Earth Catalog- book cover

സമൂഹത്തെ കൃത്യമായ ആസൂത്രണത്തിലൂടെ രൂപകൽപ്പന ചെയ്താൽ മനുഷ്യന്റെ അധ്വാനം കുറയ്ക്കാനും ജീവിതം മെച്ചപ്പെടുത്താനും കഴിയുമെന്ന് ബി.എഫ്. സ്കിന്നർ (1948) വാദിച്ചു. സ്റ്റുവർട്ട് ബ്രാൻഡ് (1968) പുറത്തിറക്കിയ, ബദൽ ജീവിതശൈലി തേടുന്നവർക്കുള്ള ‘ഭൂഗോളത്തിന്റെ കാറ്റലോഗ്’ (Whole Earth Catalog) സ്വയംപര്യാപ്തമായി ജീവിക്കാൻ ആവശ്യമായ അറിവുകളും ഉപകരണങ്ങളും ജനങ്ങൾക്ക് നൽകി. “ശരിയായ ഉപകരണങ്ങൾ ശരിയായ കൈകളിൽ എത്തുന്നത്‌ വിപ്ലവം സൃഷ്ടിക്കും” എന്നതായിരുന്നു ബ്രാൻഡിന്റെ സന്ദേശം. പ്രകൃതി മനുഷ്യന് ചൂഷണം ചെയ്യാനുള്ളതല്ല, മറിച്ച് നമ്മൾ പ്രകൃതിയുടെ ഭാഗം മാത്രമാണെന്ന തിരിച്ചറിവാണ് ഡീപ് ഇക്കോളജി നൽകുന്നത്. ഈ ചിന്തകളെയെല്ലാം സോളാർപങ്ക് സമന്വയിപ്പിക്കുന്നു.

ഫലവത്തായ ബദൽ സാങ്കേതികവിദ്യകളെ അതിന്റെ പ്രയോക്താക്കൾ മടികൂടാതെ സ്വീകരിക്കുന്നു. കുറഞ്ഞ വിഭവങ്ങൾ (minimal resources) കൊണ്ട് നന്നായി ജീവിക്കാൻ കഴിയുമെന്നും, ശരിയായി രൂപകൽപ്പന ചെയ്താൽ സാങ്കേതികവിദ്യ വിമോചനത്തിനുള്ള ഒരു ഉപകരണമാകുമെന്നും അവർ കരുതുന്നു.

സങ്കൽപ്പത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക്

ലോകത്തിന്റെ പല ഭാഗങ്ങളിലും സോളാർപങ്ക് ആശയങ്ങൾ നടപ്പിലാക്കപ്പെട്ടിട്ടുണ്ട്. ജർമനിയിലെ വോബൻ (Vauban) പഴയൊരു സൈനിക താവളമാണ്. എന്നാൽ ഇന്ന് അത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇക്കോ-ഡിസ്ട്രിക്റ്റ് (Eco-district) ആയി കണക്കാക്കപ്പെടുന്നു.

കെട്ടിടങ്ങൾക്ക് ചൂടും തണുപ്പും നിലനിർത്താൻ പ്രത്യേക ഇൻസുലേഷൻ. പല വീടുകളും ആവശ്യത്തിൽ കൂടുതൽ വൈദ്യുതി സോളാറിലൂടെ ഉൽപ്പാദിപ്പിച്ച് ഗ്രിഡിലേക്ക് വിൽക്കുന്നു. കാറുകളുടെ ഉപയോഗം വളരെ കുറവ്; നടക്കാനും സൈക്കിളിനും മുൻഗണന.

ആർക്കിടെക്റ്റ് മൈക്കൽ റെയ്നോൾഡ്സ് 1970-കളിൽ ന്യൂ മെക്സിക്കോയിൽ ബയോടെക്ച്ചർ (biotecture)—ബയോളജിക്കൽ ആർക്കിടെക്ചർ—ന് തുടക്കമിട്ടു. എർത്ത്ഷിപ്പുകൾ പ്രധാനമായും റീസൈക്കിൾ ചെയ്തതും, പ്രാദേശികമായി ലഭിക്കുന്നതുമായ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച പൂർണ്ണമായും സ്വയം പര്യാപ്തമായ പാർപ്പിടങ്ങളാണ്. ഇവയ്ക്ക് പുറത്തുനിന്നുള്ള വെള്ളമോ കറന്റോ ആവശ്യമില്ല. മഴവെള്ളം ശേഖരിക്കാനും, സോളാർ വൈദ്യുതി ഉപയോഗിക്കാനും, വീടിനുള്ളിൽ തന്നെ ഭക്ഷണം കൃഷി ചെയ്യാനും സാധിക്കുന്ന തരത്തിലാണ് ഇവയുടെ രൂപകൽപ്പന.

ആഫ്രിക്കയിലെ സോളാർപങ്ക് വിപ്ലവം

സബ്-സഹാറൻ ആഫ്രിക്കയിലെ 60 കോടി ജനങ്ങൾക്ക് പഴയ രീതിയിൽ പോസ്റ്റുകൾ നാട്ടി ലൈൻ വലിക്കാൻ (Grid Extension) ഒരു വീടിന് 266 ഡോളർ മുതൽ 2,000 ഡോളർ വരെ (ഏകദേശം 22,000 – 1.6 ലക്ഷം രൂപ) ചിലവ് വരുമായിരുന്നു. എന്നാൽ ആ വീട്ടുകാർക്ക് മാസം കറന്റ് ബില്ലായി നൽകാൻ കഴിയുന്നത് വെറും ഇരുപത് ഡോളറിൽ താഴെ മാത്രമാണ്.

1.5 ബില്യൺ ആളുകൾ അവരുടെ വരുമാനത്തിന്റെ 10% വരെ മണ്ണെണ്ണയ്ക്കും ഡീസലിനും വേണ്ടി ചെലവഴിച്ചു. ഇരുട്ടിയ ശേഷം കുട്ടികൾക്ക് പഠിക്കാൻ കഴിഞ്ഞില്ല. സ്ത്രീകൾ പ്രതിദിനം രണ്ട് പായ്ക്കറ്റ് സിഗരറ്റിന് തുല്യമായ പുക ശ്വസിച്ചു.

എന്നാൽ ചില കാര്യങ്ങൾ ഒന്നിച്ച് സംഭവിച്ചത് ഈ പ്രതിസന്ധിക്ക് മാറ്റമുണ്ടാക്കി. അതിൽ പ്രധാനപ്പെട്ടത് സോളാർ ഹാർഡ്‌വെയർ വിലയിടിവായിരുന്നു. 1980-ൽ ഒരു വാട്ട് സോളാർ പാനലിന് വില 40 ഡോളർ ആയിരുന്നു. 2025-ൽ അത് വെറും 17 രൂപ ആയി കുറഞ്ഞു. ബാറ്ററികളുടെ വിലയിലും 90% കുറവുണ്ടായി. ഇതോടെ സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ സോളാർ കിട്ടിത്തുടങ്ങി.

മൊബൈൽ പേയ്മെന്റ് വിപ്ലവം

കെനിയയിലെ 70% ജനങ്ങളും ബാങ്കിന് പകരം, ഇന്ത്യയുടെ യുപിഐ മാതൃകയിലുള്ള എം-പെസ എന്ന മൊബൈൽ സംവിധാനമാണ് പണമിടപാടിന് ഉപയോഗിക്കുന്നത്. വളരെ ചെറിയ തുകകൾ (ഉദാഹരണത്തിന് ദിവസേന 20 രൂപ വരെ) ഫോൺ വഴി കൈമാറാം. ഇത് വലിയ മാറ്റമുണ്ടാക്കി. പേ-ആസ്-യു-ഗോ (PAYG) ഫിനാൻസിംഗ് ഗ്രാമീണ കുടുംബങ്ങൾക്ക് തവണകളായി പണമടച്ചു കൊണ്ട് സൗരോർജ്ജസംവിധാനങ്ങൾ വീടുകളിൽ സ്ഥാപിക്കാനുള്ള സൗകര്യം നൽകി. ഏകദേശം 8000 രൂപ മുൻകൂറായി നൽകിയാൽ പിന്നീട് 24-30 മാസത്തേക്ക്, മണ്ണെണ്ണ വാങ്ങുന്ന കാശ് ലാഭിച്ച്, മാസം ഏകദേശം 3000-5000 രൂപ ഫോൺ വഴി അടച്ചാൽ മതി. പണമടവ് തീർന്നാൽ പിന്നീടുള്ള കാലം വൈദ്യുതി സൗജന്യമായി ലഭിക്കും.

സൺ കിംഗ് എന്ന കമ്പനി മാത്രം 4 കോടി ആളുകളിലേക്ക് വെളിച്ചമെത്തിച്ചു. സൺ കൾച്ചർ കമ്പനി നൽകിയ സോളാർ ജലസേചന പമ്പുകൾ ഉപയോഗിച്ച കർഷകരുടെ വരുമാനം ഏക്കറിന് 600 ഡോളറിൽ നിന്ന് 14,000 ഡോളർ വരെയായി വർദ്ധിച്ചു എന്ന് കണക്കുകൾ പറയുന്നു. വിളവ് മൂന്ന് മുതൽ അഞ്ചിരട്ടി അധികമായി. ഡീസൽ പമ്പുകൾ ഒഴിവാക്കിയതിലൂടെ വർഷത്തിൽ ലക്ഷക്കണക്കിന് ടൺ കാർബൺ മലിനീകരണം തടഞ്ഞു.

ഇന്ത്യയിലെ സോളാർപങ്ക് സാധ്യതകൾ

ആഫ്രിക്കയിലേതിനേക്കാളും വലിയ സാധ്യതയാണ് ഇന്ത്യയിലുള്ളത്. കാരണം ഇന്ത്യയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം 80 കോടിക്ക് മുകളിലാണ്.

ഇന്ത്യയിൽ ഏകദേശം 40 കോടി ആളുകൾക്ക് ഇപ്പോഴും മുടക്കമില്ലാതെ വൈദ്യുതി ലഭിക്കുന്നില്ല (കറന്റ് ഉണ്ടെങ്കിലും ലോ-വോൾട്ടേജോ പവർ കട്ടോ പതിവാണ്). ഏകദേശം 3 കോടി ഡീസൽ പമ്പുകൾ ഇന്ത്യൻ പാടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം സോളാറിലേക്ക് മാറ്റാനാവും. പക്ഷേ, 2023-ൽ വെറും 23,000 സോളാർ പമ്പുകൾ മാത്രമാണ് സ്ഥാപിക്കാനായത്. ആവശ്യവും വിതരണവും തമ്മിലുള്ള അന്തരം വലുതാണ്.

ആഫ്രിക്കയിലെ അതേ PAYG മോഡൽ ഇന്ത്യയിൽ (യു.പി, ബീഹാർ, ഒഡീഷ) നടപ്പിലാക്കിയ കമ്പനിയാണ് സിംപ നെറ്റ്‌വർക്സ്. 2016-ൽ തന്നെ ഇവർ 19,463 വീടുകളിൽ സോളാർ എത്തിച്ചു. ഇതിന്റെ ഗുണഭോക്താക്കളിൽ 48% സ്ത്രീകളാണ്. വെളിച്ചം വന്നതോടെ കുട്ടികളുടെ പഠനവും, സ്ത്രീകളുടെ സുരക്ഷയും, വീടിനുള്ളിലെ മലിനീകരണ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു.

ഇന്ത്യയിലെ 3 കോടി കാർഷിക പമ്പുകൾ സോളാറിലേക്ക് മാറ്റിയാൽ കർഷകർക്ക് ഡീസൽ ചിലവ് പൂജ്യമാകും. വരുമാനം 3-5 ഇരട്ടി വർദ്ധിക്കും. ഗ്രിഡിൽ നിന്നുള്ള വൈദ്യുതി കൃഷിക്ക് ഉപയോഗിക്കുന്നത് കുറയ്ക്കാം. ഈ സിസ്റ്റങ്ങൾ നൽകുന്ന കമ്പനികൾക്ക് വായ്പ, ഇൻഷുറൻസ്, മറ്റ് സേവനങ്ങൾ എന്നിവ കർഷകരിലേക്ക് എത്തിക്കാനുള്ള ഒരു ഡിജിറ്റൽ ശൃംഖല ഇതിലൂടെ തുറന്നുകിട്ടും.

ചുരുക്കത്തിൽ, ആഫ്രിക്ക തെളിച്ച വഴിയിലൂടെ സഞ്ചരിച്ചാൽ, ഇന്ത്യയിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ അടിമുടി മാറ്റാൻ സോളാർപങ്ക് ആശയങ്ങൾക്ക് കഴിയും.

കൂട്ടായ മാറ്റമോ, ഒറ്റപ്പെട്ട പരിഹാരമോ?

തുടക്കത്തിൽ ഒരു ജനകീയ, പരിസ്ഥിതി സൗഹൃദ കാഴ്ചപ്പാടായി തുടങ്ങുന്നത് എളുപ്പത്തിൽ നവലിബറൽ പദ്ധതിയിലേക്ക് പറിച്ചുമാറ്റപ്പെടാം. സ്വകാര്യ കോർപ്പറേഷനുകൾ സോളാർ പാനലുകളും, പ്രകൃതി സൗഹൃദ കെട്ടിടങ്ങളും, വികേന്ദ്രീകൃത ജലസേചന സംവിധാനങ്ങളും സ്ഥാപിക്കുമ്പോൾ, ലാഭം മാത്രമാണ് അവരുടെ ലക്ഷ്യമെങ്കിൽ, അതിൻ്റെ ഫലം ഗ്രീൻ കാപ്പിറ്റലിസം (green capitalism) ആയിരിക്കും.

കോർപ്പറേഷനുകൾ തങ്ങളുടെ പ്രവർത്തനങ്ങളെ പരിസ്ഥിതി സൗഹൃദമായി (greenwash) കാണിക്കാനും കാലാവസ്ഥാ നിയമനിർമ്മാണങ്ങൾക്കും ഭൂമി പരിഷ്കരണങ്ങൾക്കുമെതിരായുള്ള അവരുടെ ലോബിയിംഗ് പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമായി സോളാർപങ്കിനെ ഉപയോഗിച്ചേക്കാം. കൂട്ടായ രാഷ്ട്രീയ മാറ്റങ്ങൾക്ക് പകരം, ശ്രദ്ധ മുഴുവൻ വ്യക്തിഗതമായ പരിഹാരങ്ങളിലേക്ക് (സോളാർ റൂഫ് ടോപ്പുകൾ, സ്മാർട്ട് ഫ്രിഡ്ജുകൾ) മാറും.

പിൽക്കാല കോളനിവൽക്കരണ പ്രദേശങ്ങളിൽ, പ്രകൃതി സൗഹൃദ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്ന പാശ്ചാത്യ കമ്പനികൾ പലപ്പോഴും പ്രാദേശിക ഭരണകൂടങ്ങളെയും കമ്മ്യൂണിറ്റികളെയും മറികടന്ന്, പരമാധികാരത്തിന് (sovereignty) പകരം കുത്തകകളോടുള്ള ആശ്രിതത്വം വർധിപ്പിച്ചേക്കാം.

ഗ്രീൻ കാപ്പിറ്റലിസത്തിന് കീഴിൽ വെള്ളം, സൗരോർജ്ജം, വായു, ഡാറ്റ എന്നിവയെല്ലാം ചരക്കുകളായി മാറുമ്പോൾ, പൊതുസമ്പത്ത് (the commons) ഇല്ലാതാവുന്നു. സൂര്യരശ്മിയും കാറ്റും പോലും സബ്സ്ക്രിപ്ഷൻ മോഡലുകൾ, പേറ്റൻ്റുകൾ, കുത്തകകൾ എന്നിവയാൽ നിയന്ത്രിക്കപ്പെടുന്നു എന്നർത്ഥം. ഇത് കമ്മ്യൂണിറ്റി സ്വയംഭരണത്തിൻ്റെ സാധ്യതകൾക്ക് എതിരാണ്. അങ്ങനെ പരിസ്ഥിതി സൗഹൃദ നഗരങ്ങളും, സ്മാർട്ട് ഗ്രിഡുകളും, സുസ്ഥിര ഭവനങ്ങളും സമ്പന്നർക്കായുള്ള ആഢംബര ഇടങ്ങളായി മാറുകയും പാവപ്പെട്ടവർ പുറത്താക്കപ്പെടുകയും ചെയ്യും.

സോളാർപങ്കിന് അതിൻ്റെ വിപ്ലവകരമായ സാധ്യതകൾ നിറവേറ്റണമെങ്കിൽ, അത് പൊതു ഉടമസ്ഥത, തദ്ദേശീയ അറിവുകൾ, പാരിസ്ഥിതിക നീതി, മുതലാളിത്ത വിരുദ്ധ പ്രവർത്തനം എന്നിവയിൽ വേരൂന്നി നിൽക്കണം. അല്ലെങ്കിൽ, അത് ഒരു വിപ്ലവത്തിനു പകരം വെറും മാർക്കറ്റിംഗ് മാത്രമായി മാറും.

Featured Image Courtesy: https://blog.designcriticalthinking.com/

ClimateTracker

ClimateTracker

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ രാഷ്ട്രീയവും ശാസ്ത്രവും ചര്‍ച്ച ചെയ്യുന്ന മലയാളത്തിലെ ആദ്യ ന്യൂസ്‌ലെറ്റര്‍.

View All Articles by ClimateTracker

Share Article
Whatsapp Email