
അധ:സ്ഥിത വശീകരണം: ബി ജെ പി യുടെ ഭരണാധികാര ചരിത്രം
1970കളുടെ അവസാനം മുതൽ 1990കൾ വരെയുള്ള ജാതിവിരുദ്ധവും സംവരണാനുകൂലവുമായ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ ഉയർച്ചയുടെ നാളുകളിൽ പിന്നാക്ക വർഗത്തിനുണ്ടായ അധികാരമുന്നേറ്റത്തെ സ്വത്വനഷ്ടം വരുത്തി അരാഷ്ട്രീയവൽകരിച്ച് ഹിന്ദുത്വാധികാരത്തിന്റെ ഭാഗമാക്കുന്നതാണ് ബി.ജെ.പി.യുടെ വളർച്ചയുടെ ചരിത്രം. ബി.ജെ.പി ആശയപരമായി ഒരു സവർണരാഷ്ട്രീയപാർട്ടിയായിട്ടും 60ശതമാനത്തോളം പിന്നാക്ക വർഗക്കാർ അഥവാ ഒ.ബി.സികൾ അധിവസിക്കുന്ന ഇന്ത്യയിൽ അവരെങ്ങനെ ഘട്ടംഘട്ടമായി വളർന്നു പന്തലിച്ചു എന്നതിനെക്കുറിച്ചു അശോകകുമാർ. വി നടത്തുന്ന അന്വേഷണം.
10 Minutes Read
ചാതുർവർണ്യപ്രകാരം ശൂദ്രർ എന്ന പേരിൽ താഴെ നാലാംതട്ടിൽ നിർത്തിയ 3800 ഓളം വരുന്ന അസ്പൃശ്യ ജാതികളുടെ സമാഹാരമത്രേ ഇന്ത്യൻ ജനസംഖ്യയിൽ 60% ത്തോളം വരുന്ന മറ്റു പിന്നാക്ക വർഗം (Other backward Caste). ഇവരെ തനിച്ചെടുത്താൽ ചൈനക്കും ഇന്ത്യക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ രാഷ്ട്രമാകുന്നത്ര ജനസംഖ്യയുണ്ട്. ഇന്ത്യൻ ജാതിമേധാവിത്വത്തിൽ, മേൽത്തട്ടു ജാതികൾക്കും അടിത്തട്ടു ജാതികൾക്കുമിടയിലെ ഇക്കൂട്ടർ മേൽത്തട്ടിൽ നിന്നും ആവശ്യാനുസരണം ചവിട്ടേൽക്കുമ്പോൾ, ഇവർക്കു കിട്ടിയ ചവിട്ട് അടിത്തട്ടിലേക്കു പകർന്നു കൊടുത്തുകൊണ്ട് ജാതിഘടനയെ നിലനിർത്തിപ്പോന്നു. എന്നാൽ സ്വാതന്ത്ര്യത്തിനു മുൻപും പിൻപും മേൽത്തട്ടിന്റെ ജാതിമർദ്ദനങ്ങൾക്കെതിരെ കരുത്തുറ്റ ശക്തിയായി ഒ.ബി.സികൾ ഉയർന്നതിന്റെ ചരിത്രമാണ് ആധുനിക ഇന്ത്യയിലെ സാമൂഹ്യപരിവർത്തനത്തിന്റെ ഒരദ്ധ്യായം.
പിന്നാക്കവർഗം തെക്കും വടക്കും
ഒ.ബിസി.കളുടെ മുന്നേറ്റത്തിന്റെ ആദ്യഘട്ടം സ്വാതന്ത്ര്യത്തിനു മുമ്പ് ജാതിമേൽക്കോയ്മക്കെതിരെ മദ്രാസ്, ബോംബെ പ്രവിശ്യകളിൽ നടന്ന പ്രാദേശിക സമരങ്ങളുടേതാണ്. സാവിത്രിബായി ഫൂലെ, മഹാത്മാ ഫൂലെ, രാമസ്വാമി നായ്ക്കർ, ശ്രീനാരായണ ഗുരു എന്നിവരുടെ പ്രബോധനങ്ങളിലൂടെ തെക്കൻ പ്രദേശങ്ങളിൽ അയിത്തോച്ചാടനം, സർക്കാർ വിദ്യാഭ്യാസം, സർക്കാർ ജോലി, ഭരണപങ്കാളിത്തം എന്നീ പൗരാവകാശങ്ങൾക്കായി അക്കാലത്ത് നടന്ന സംഘടിത പ്രക്ഷോഭങ്ങളാണ് ഒ.ബി.സി.കളുടെ എന്നത്തെയും സാംസ്കാരിക മൂലധനം. ഇന്നും കേരളത്തിലും തമിഴ്നാട്ടിലും ഹിന്ദുത്വത്തെ രാഷ്ട്രീയാധികാരത്തിൽനിന്നും അകറ്റിനിർത്തുന്ന ഒരു പ്രധാനഘടകം ജാതിമേധാവിത്വത്തിനെതിരെ നടത്തിയ മുന്നേറ്റങ്ങളിലൂടെ അന്നു വന്നു ചേർന്ന സാമൂഹ്യമായ ഉണർവാണ്. പ്രാദേശികമായി ജാതിവ്യവസ്ഥക്കെതിരെ ഒ.ബി.സികൾ ഇങ്ങു തെക്കേയറ്റത്ത് നടത്തിയ സാംസ്കാരിക വിപ്ലവത്തെ കണ്ടില്ലെന്നു നടിക്കാൻ അന്നത്തെ ദേശീയരാഷ്ട്രീയത്തിനും കഴിയാതെ വന്നു. അങ്ങനെ അവരും വൈക്കം സത്യാഗ്രഹം പോലുള്ള പൗരത്വ സമര പ്രക്ഷോഭങ്ങളെ തുണയ്ക്കാൻ നിർബന്ധിതരായി. സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസത്തിനും സർക്കാർ ഉടമയിലെ സേവനവ്യവസായ മേഖലകൾക്കും സോഷ്യലിസ്റ്റ് ആഭിമുഖ്യത്തോടെ നെഹ്റു ഗവൺമെന്റ് മുൻഗണന നൽകിയപ്പോൾ, ഇത് ഒ.ബി.സി.കൾക്ക് ഇവിടെ വലിയ സാധ്യതകൾ തുറന്നുകൊടുത്തു. ഫീസിളവ്, സംസ്ഥാന സർക്കാരിന്റെ സംവരണം, എന്നിവ വഴി പത്താംക്ലാസിലും ഐ.ടി.ഐ.യിലും കോളജിലുമെല്ലാം എത്താനും, അങ്ങനെ പൊതുസ്ഥാപനങ്ങളിൽ ജോലിക്കാരായി ഭരണാധികാരത്തിന്റെ ഭാഗമാകാനും അവരിൽ പലർക്കും ഭാഗ്യമുണ്ടായി.

വിദേശഭരണ കാലത്ത് തെക്കേ ഇന്ത്യയിലേതുപോലെ പിന്നാക്കസമൂഹ മുന്നേറ്റം വടക്കേയിന്ത്യയിൽ സംഭവിക്കുകയുണ്ടായില്ല. അതിന് ഒന്നാമത്തെ കാരണം അവിടെ ബ്രിട്ടീഷ് ബുദ്ധി ജീവികളെ പിൻപറ്റി ബംഗാളിൽനിന്നും ആരംഭിച്ച സാമൂഹ്യ പരിഷ്കരണ ശ്രമങ്ങൾക്കു നേതൃത്വം നൽകിയത് കോളനി വിദ്യാഭ്യാസം കിട്ടിയ സവർണ വിഭാഗങ്ങളായിരുന്നു എന്നതാണ്. അതിനാൽ ബ്രഹ്മസമാജവും ആര്യസമാജവുമെല്ലാം ജാതി ഉച്ചാടനത്തിനോ അധഃസ്ഥിതരെ കൈപിടിച്ചുയർത്താനോ അവരുടെ ആത്മബോധമുണർത്തുന്നതിനോ അല്ല പ്രധാനമായും പരിശ്രമിച്ചത്. 18-ാം നൂറ്റാണ്ടിന്റെ അവസാന നാളുകളിൽ കോളനിഭരണതന്ത്രത്തിന്റെ ഭാഗമായി സർ വില്യംജോൺസ്, മാക്സ് മുള്ളർ തുടങ്ങിയ യൂറോപ്യൻ പണ്ഡിതന്മാരാൽ വളരെ ബോധപൂർവം നിർമിച്ചെടുത്ത വേദോപനിഷത്തുകളുടെ പുരാതന പുണ്യഭൂമിയിൽ പുളകിതരാകുന്നതിനും ആ ‘സുവർണനാളു’കളിലേക്കു മടങ്ങുന്നതോടൊപ്പം സവർണ അനാചാരങ്ങളെ കാലത്തിനൊത്തു മാറ്റുന്ന തൊലിപ്പുറമേയുള്ള ചികിത്സക്കുമാണ് ഹൈന്ദവ പരിഷ്കരണക്കാർ മുൻകൈയെടുത്തത്. ആധുനികവും പൗരാണികവുമായ ചേരുവകകൾ യുക്തം പോലെ ചേർത്ത് ജാതിഘടനയ്ക്കു പോറലേല്പിക്കാത്ത ഹിന്ദുസമൂഹ സൃഷ്ടിയായിരുന്നു അവരുടെ ഉന്നം. രണ്ടാമതായി, ജാതിവാഴ്ചയിൽ പടുത്തുയർത്തിയ പുരാതനത്വത്തിന്റെ ‘മഹത്വ’ത്തെ തന്റെ വിപുലമായ വിജ്ഞാനവും യുക്തിബോധവും സമത്വദർശനവും വെച്ചു നഖശിഖാന്തം എതിർത്തുകൊണ്ട് അംബേദ്കർ വന്നപ്പോഴാകട്ടെ, അദ്ദേഹത്തിനൊപ്പം ചേർന്ന് ജാതി ഉന്മൂലനത്തിനുള്ള പരിഷ്കരണ യത്നങ്ങൾക്ക് സ്വാതന്ത്ര്യസമര നേതാക്കൾ വലിയ പ്രാധാന്യം കൊടുത്തതുമില്ല. ജാതിവിവേചനത്തിലധിഷ്ഠിതമായ സാമൂഹ്യഘടന സ്വാതന്ത്ര്യാനന്തരം തിരുത്തിയെടുക്കാമെന്നാണ് ഗാന്ധിജി ഉൾപ്പടെ ഹൃദയാലുക്കൾ വ്യാമോഹിച്ചത്. അങ്ങനെ കോളനി ആധിപത്യത്തിൽ നിന്നുള്ള രാഷ്ട്രീയ മോചനത്തിനു മുൻഗണന നൽകിയ ദേശീയ പ്രസ്ഥാനം സാമൂഹ്യപരിഷ്കരണത്തെ വരും കാലത്തേക്കു മാറ്റി വെച്ചുകൊണ്ട്, തെക്കേയിന്ത്യയിൽ നടന്നതുപോലെയുള്ള പിന്നാക്കവർഗ മുന്നേറ്റത്തെ മന്ദീഭവിപ്പിച്ചു. അതിനാൽ സ്വാതന്ത്ര്യാനന്തരം ഭരണഘടന ഉറപ്പാക്കിയ സംവരണാനുകൂല്യങ്ങളുടെ ഗുണങ്ങൾ അനുഭവിക്കാൻ പ്രാപ്തരായ ദളിത് പിന്നാക്ക സമൂഹങ്ങൾ വേണ്ടത്ര വടക്കേയിന്ത്യയിൽ ഉയർന്നുവന്നില്ല. മൂന്നാമതായി, വടക്കേയിന്ത്യയിൽ സ്വന്തമായി ഭൂമിയുള്ള കാർഷികവൃത്തിക്കാരായ ഒരു ചെറിയ വിഭാഗം സമ്പന്നർ പിന്നാക്ക വർഗത്തിലുണ്ടായിരുന്നുവെങ്കിലും ജാതിഘടനയെ ചോദ്യം ചെയ്യുന്നവിധം അറിവുള്ളവരായിത്തീരാനും അതുവഴി ആത്മാഭിമാനത്തിലേക്കുയരാനും അവർക്കു കഴിഞ്ഞതുമില്ല. അതുകൊണ്ട് പിന്നാക്കവിഭാഗത്തിന് സ്വാതന്ത്ര്യാനന്തരം കൈവന്ന സമത്വസംവരണാവകാശങ്ങൾ ആ സമൂഹത്തിലെ പരമാവധിപ്പേരിലേക്കു സംക്രമിക്കുന്ന ജനകീയത വടക്കേയിന്ത്യയിൽ നടക്കാതെ പോയി.
സംവരണവാദികളുടെയും സംവരണവിരുദ്ധരുടെയും ബാന്ധവം
ജനായത്ത ഇന്ത്യയിൽ എല്ലാ പിന്നാക്ക വർഗത്തിനും (backward class) ഭരണാധികാരത്തിൽ പങ്കാളിത്തം കൊടുക്കുന്നതിനു വേണ്ടിയാണ് വിദ്യാഭ്യാസത്തിലും ജോലിയിലും രാഷ്ട്രീയത്തിലും സംവരണം കൊണ്ടുവരുന്നത്. ഇന്ത്യയിൽ അധികാരക്കുത്തകയ്ക്കും അധികാര കേന്ദ്രീകരണത്തിനുമുള്ള പരമ്പരാഗത സൂത്രപ്പണി ജാതിയായതിനാൽ മർദ്ദിതജാതികൾക്കു സംവരണം ഏർപ്പാടാക്കിക്കൊണ്ടു മാത്രമേ ജനായത്തത്തിൽ എല്ലാവർക്കും തുല്യപങ്കാളിത്തം ഉറപ്പാക്കുന്നതിനു കഴിയൂ. സംവരണം ലക്ഷ്യമാക്കുന്നത് പിന്നാക്കവർഗങ്ങളുടെ സാമ്പത്തികോന്നതിയല്ല, പകരം അവർക്ക് ഭരണാധികാരത്തിൽ (വിദ്യാഭ്യാസത്തിലും രാഷ്ട്രീയത്തിലും) സ്ഥാനം കൊടുത്തുകൊണ്ട് അവരുടെ സാമൂഹികമായ അധഃകൃതാവസ്ഥ മാറ്റിയെടുക്കുന്ന ജനായത്ത സമത്വമാണ് ലക്ഷ്യം. ജാതിവ്യവസ്ഥ വരുത്തിത്തീർത്ത സാമൂഹികമായ അംഗവൈകല്യത്തിനുള്ള പ്രതിക്രിയയാണ് സംവരണം. ജാതിമേധാവിത്വവും ജാതിവിവേചനവും ഉടനെയൊന്നും മാറിപ്പോകുന്നതല്ലാത്തതിനാലാണ് സംവരണം എന്നവസാനിപ്പിക്കാം എന്നതിനെപ്പറ്റി നമ്മുടെ ഭരണഘടനാ അസംബ്ലി യാതൊരു കാലപരിധിയും വെയ്ക്കാതിരുന്നത്.
ഭരണഘടന അനുശാസിക്കുന്ന വിധം ജനായത്ത രാഷ്ട്രീയം സാർത്ഥകമാക്കുന്നതിനുള്ള മുന്നുപാധിയെന്ന നിലയിൽ എസ്.സി, എസ്.ടി വിഭാഗങ്ങളെ കൂടാതെ മറ്റു പിന്നാക്കക്കാർക്കും സംവരണം ഏർപ്പാടാക്കുന്നതിന് കമ്മീഷനെ വെച്ചു (Kaka Kalelkar Comm ission1953), അതിന്റെ റിപ്പോർട്ട് 1955ൽ സമർപ്പിക്കപ്പെട്ടെങ്കിലും, യാതൊരു നടപടിയും എടുക്കാതെ നെഹ്റു സർക്കാർ റിപ്പോർട്ട് മാറ്റിവെച്ചു. കാരണം അന്ന് കോൺഗ്രസിനെ പ്രതിപക്ഷമായി എതിർക്കുന്ന ഹിന്ദുത്വപ്പാർട്ടികളായ ജനസംഘവും ഹിന്ദുമഹാസഭയും മാത്രമല്ല കോൺഗ്രസിനകത്തുനിന്നും സംവരണവിഷയത്തിൽ വലിയ വിയോജിപ്പുണ്ടായിരുന്നു. കോൺഗ്രസിന്റെ വലതുപക്ഷനയങ്ങളോട് 1930കൾ മുതൽ തന്നെയുള്ള എതിർപ്പ് ജയപ്രകാശ് നാരായൺ, റാം മനോഹർ ലോഹ്യ എന്നിവരുടെ ഗാന്ധിയൻ വികേന്ദ്രീകരണവും മാർക്സിസ്റ്റ് സമത്വവും സമന്വയിപ്പിക്കുന്ന സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതോടെയാണ് വടക്കേയിന്ത്യയിൽ സവർണരുടെ ജാതിവെറിക്കെതിരെ ഒ.ബി.സികൾ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൽ അണിചേരുന്നത്. എന്നാൽ ജാതിവ്യവസ്ഥയോടുള്ള സമീപനത്തിൽ അജ ഗജാന്തരം പുലർത്തിയ സോഷ്യലിസ്റ്റ് പാർട്ടിയും ജനസംഘവും കോൺഗ്രസിനെതിരെ 1967ലെ യു.പി.തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കി ആദ്യമായി അവിടെ കോൺഗ്രസ് ഇതര മന്ത്രിസഭ ഉണ്ടാക്കുന്നുണ്ട്. ജാതിവിരുദ്ധരായ സോഷ്യലിസ്റ്റുകൾക്ക് പിന്നാക്കക്കാരിൽ നിന്നും കിട്ടിയിരുന്ന പിന്തുണയാണ് ഈ സവർണ്ണ പിന്നാക്ക സഖ്യത്തെ ഇന്ത്യയിലാദ്യമായി അധികാരത്തിലെത്തിച്ചത്. ഈ സഖ്യതന്ത്രത്തിന്റെ ഊർജസ്വലമായ ദേശീയാവർത്തനമാണ് അടിയന്തരാവസ്ഥക്കുശേഷം സോഷ്യലിസ്റ്റ് ജനസംഘസഖ്യം ജനതാപാർട്ടിയായി മാറിക്കൊണ്ട് 1977ൽ പയറ്റിയതും വിജയം കണ്ടതും. കോൺഗ്രസിനു ബദലായ ദേശീയശക്തിയാകുക എന്ന ലക്ഷ്യത്തോടെ1951മുതൽ ഭാരതീയ ജനസംഘമായി നിന്നിരുന്ന ഹിന്ദുത്വരാഷ്ടീയം1977ൽ സോഷ്യലിസ്റ്റുകളുമായി കൂടി ജനതാ പാർട്ടിയായി മാറുന്നത്, അത്രയും കാലം അവർ തുടർന്നുപോന്നിരുന്ന വെള്ളം ചേർക്കാത്ത ഹിന്ദുരാഷ്ട്ര സവർണരാഷ്ട്രീയത്തിൽ നിന്നുള്ള അടവുനയമായിരുന്നു. അതായത് കോൺഗസിന്റെ സവർണവോട്ടുകളെ ഭിന്നിപ്പിക്കാനും സോഷ്യലിസ്റ്റ് പിന്നാക്കവോട്ടുകളെ സമാഹരിക്കാനും സോഷ്യലിസ്റ്റ് ജനസംഘ കൂട്ടുകെട്ടിനു സാധിച്ചു.

എന്നാൽ ജനതാപാർട്ടിയായി വേഷം മാറിയ ജനസംഘവുമായുള്ള ഐക്യത്തിന്റെ അപകടം പെട്ടെന്നുതന്നെ സോഷ്യലിസ്റ്റുകൾക്ക് തിരിച്ചടിയായി മാറുകയാണുണ്ടായത്. ബീഹാറിലെ ജനതാ സർക്കാർ മുഖ്യമന്ത്രിയും ഒ.ബി.സിയിൽപ്പെട്ട ക്ഷുരകജാതിക്കാരനുമായ കർപൂരി താക്കൂർ ഇന്ത്യയിലാദ്യമായി 20 ഒ.ബി.സി സംവരണം (Mungeri Lal Commission report)1979ൽ കൊണ്ടുവന്നപ്പോൾ, ജനസംഘത്തിന്റെ വിദ്യാർത്ഥി സംഘടന എ.ബി.വി.പി അതിനെതിരെ സംവരണവിരുദ്ധ പ്രക്ഷോഭം നയിക്കുകയും ജനതാപാർട്ടിയിൽ അത് ഭിന്നിപ്പിനു കാരണമാകുകയും ചെയ്തു. ഇതിനു പ്രതിക്രിയയായി 1979 മാർച്ച് 21ന് കേന്ദ്രത്തിലെ ജനതാ സർക്കാർ ഒ.ബി.സി സംവരണത്തിനായി അഞ്ചംഗ കമ്മീഷൻ രൂപീകരിച്ചു, അതിന്റെ ചെയർമാനായി ബീഹാർ മന്ത്രിയും ഒ.ബി.സി ക്കാരനുമായ ബി. പി. മണ്ഡലിനെ നിയമിച്ചു കൊണ്ട് സോഷ്യലിസ്റ്റുകൾക്കുമേലുള്ള ഹിന്ദുത്വയുടെ കടന്നുകയറ്റത്തെ തടയിടാൻ ശ്രമിച്ചു. എന്നാൽ അടുത്ത മാസം 11-ാം തീയതി ബീഹാറിൽ ജാംഷഡ്പൂരിൽ വർഗീയ ലഹള സംഭവിക്കുകയും, അത് 108 പേരുടെ മരണത്തിനും വലിയ നാശനഷ്ടങ്ങൾക്കും ഇടവരുത്തുകയും ഉണ്ടായി. ഇതേത്തുടർന്ന് ജനതാപാർട്ടിയിലെ സംവരണവിരുദ്ധരായ ജനസംഘം കർപൂരി താക്കൂറിനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നു നീക്കാൻ നിർബന്ധിക്കുകയും, ഒ.ബി.സി.ക്കാരനെ മാറ്റി, പകരം ദളിത് എംഎൽ.എ ആയ റാം സുന്ദർദാസിനെ മുഖ്യമന്ത്രിയാക്കി സോഷ്യലിസ്റ്റുകളിൽ വിള്ളലുണ്ടാക്കുകയും, പിന്നീട് ഒ.ബി.സി സംവരണത്തിൽ ഉന്നതജാതിക്കാർക്ക് സാമ്പത്തിക സംവരണം കൂട്ടിച്ചേർത്തുകൊണ്ട് സംവരണ തത്വത്തെ ബീഹാറിൽ അട്ടിമറിക്കുകയുംചെയ്തു. ജാംഷഡ്പൂർ കലാപത്തിന്റെ കാരണങ്ങളറിയാൻ ജനതാപാർട്ടി ഏർപ്പാടാക്കിയ പാനൽ ആർ.എസ്.എസിനു കലാപത്തിലേക്കു നയിച്ചതിൽ മുഖ്യപങ്കുണ്ടെന്നു കണ്ടെത്തുകയുണ്ടായി (പിന്നീട് സർക്കാർ നിയോഗിച്ച അന്വേഷണകമ്മീഷൻ ഇത് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട് (Report of the three member commission of inquiry: headed by Jitendra Narain). അതേത്തുടർന്ന്, ജനസംഘത്തിന്റെ ആർ.എസ്.എസ് അംഗത്വം (dual membership) അവസാനിപ്പിക്കണമെന്ന് ജനതാപാർട്ടി പാർലമെന്ററി കമ്മിറ്റി ജനസംഘം നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. കാരണം ജനതാപാർട്ടിയിൽ ജനസംഘം ലയിക്കുന്നതിനു മുന്നുപാധിയായി, കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ വർഗീയ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും, ജയപ്രകാശ് നാരായൺ ഉൾപ്പെടുന്ന ജനതാ നേതാക്കൾക്ക് ജനസംഘനേതൃത്വം ഉറപ്പുകൊടുത്തിരുന്നു (Jayaprakash Narayan: An Idealist Bterayed. M.G. Devasahayam). എന്നാൽ ജനസംഘക്കാർ ഈ പ്രതിജ്ഞയിൽ നിന്നും പിന്മാറുകയും അതിന്റെ ഭാഗമായി വാജ്പേയിയും അദ്വാനിയും കേന്ദ്രമന്ത്രിസ്ഥാനം ഉപേക്ഷിക്കുകയും, ജനസംഘക്കാർ ജനതാപാർട്ടിയിൽ നിന്നും വിട്ടുപോരുകയും, അത് ജനതാഭരണത്തിന്റെ തന്നെ അന്ത്യം കുറിക്കുകയും ചെയ്തു. ഒപ്പം1980ൽ ജനസംഘം ഭാരതീയ ജനതാ പാർട്ടിയായി മാറി.

വീണ്ടും വടക്കേയിന്ത്യയിലെ പിന്നാക്ക വോട്ടുകളിലേക്ക് എത്തിച്ചേരാൻ ബി.ജെ.പി.ക്ക് സുവർണാവസരം നൽകിയത്, 1977ന്റെ കാലാനുസൃതമായ ആവർത്തനമെന്നവണ്ണം 1989ലെ തിരഞ്ഞെടുപ്പിൽ വി.പി സിംഗിന്റെ ജനതാദൾ ബി.ജെ.പി.യുമായി തിരഞ്ഞെടുപ്പുസഖ്യം ഉണ്ടാക്കിയത് വഴിയാണ്. അതിലൂടെ, 1984ൽ രണ്ടു സീറ്റു മാത്രമുണ്ടായിരുന്ന ബി.ജെ.പി.ക്ക് 85 സീറ്റിലേക്കു കുതിച്ചെത്താനായി. ജനതാദൾ ആകട്ടെ 124 സീറ്റിലേക്ക് ചുരുങ്ങിപ്പോയി. ഒ.ബി.സി വോട്ടുകൾ ബി.ജെ.പി.യിലേക്കു ചോരുന്നതിന്റെ ഭവിഷ്യത്ത് കണ്ട്, അതിനെ തടഞ്ഞു നിർത്തുന്നതിനായി (ബി.ജെ.പി പുറമേ നിന്ന് മന്ത്രിസഭയെ പിന്തുണക്കുന്നതു വകവെയ്ക്കാതെ), ഒട്ടും വൈകാതെ തന്നെ 1990 ആഗസ്റ്റ് 7ന് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതായി പ്രധാനമന്ത്രി വി.പി.സിംഗ് പാർലമെന്റിൽ പ്രഖ്യാപിച്ചു. 1989ലെ തങ്ങളുടെ പ്രകടനപത്രികയിൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുമെന്നു ബി.ജെ.പി.യും വാഗ്ദാനം ചെയ്തിരുന്നെങ്കിലും, റിപ്പോർട്ടിനെതിരെ രാജീവ് ഗോസ്വാമി ഡൽഹിയിൽ പരസ്യമായി ആത്മാഹുതിക്ക് ശ്രമിച്ച് ആശുപത്രിയിലായപ്പോൾ, എൽ.കെ അദ്വാനി അയാളെ സന്ദർശിക്കുകയുണ്ടായി. തുടർന്ന് വടക്കേയിന്ത്യയിലാകെ സംവരണ വിരുദ്ധപ്രക്ഷോഭങ്ങളും ആക്രമണങ്ങളും ആത്മാഹുതികളും നടന്നു. പത്തുവർഷം മുമ്പ് ബീഹാറിൽ ഒ.ബി.സി സംവരണം കൊണ്ടുവന്നപ്പോൾ വർഗീയ കലാപമാണ് ജാംഷഡ്പൂരിൽ ഉണ്ടായതെങ്കിൽ, ഇപ്പോൾ അതിനെ ചെറുക്കാൻ വേണ്ടി വജ്രായുധം തന്നെ സംവരണവിരുദ്ധ ഹിന്ദുത്വം പുറത്തെടുത്തു. അടുത്ത മാസം അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി വടക്കേയിന്ത്യയിലാകെ അദ്വാനി രഥയാത്ര നടത്തി, പിന്നാക്ക സംവരണത്തെ ഇസ്ലാം വിരുദ്ധ വിശാലഹിന്ദു ഐക്യം ആവാഹിച്ച് വരുത്തി അടിച്ചമർത്താൻ പണിയെടുത്തു. മാത്രമല്ല, രഥയാത്രയെ തടഞ്ഞതിൽ പ്രതിഷേധിച്ച് വി.പി.സിംഗിനുള്ള പിന്തുണ പിൻവലിക്കുകയും ഭരണത്തെ താഴെയിറക്കുകയും ചെയ്തു. അടുത്ത തിരഞ്ഞെടുപ്പിൽ, 1991 ൽ ബി.ജെ.പി യുടെ സീറ്റ് 85ൽ നിന്നും 120 ആയി ഉയർന്നു, ജനതാദളിന്റേത് 124ൽ നിന്നും 19 ആയി താഴേക്കു വീണു. പാർലമെന്റിൽ ബി.ജെ.പി മുഖ്യ പ്രതിപക്ഷ കക്ഷിയായി ആദ്യമായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു.
1970 കളിൽ സവർണ പ്രാതിനിധ്യം പാർലമെന്റിൽ 50% ത്തിലേറെയായിരുന്നെങ്കിൽ അക്കാലത്ത് ഒ.ബി.സി. പ്രാതിനിധ്യം പരമാവധി വന്നാൽ 10% മാത്രമായിരുന്നു. ഹിന്ദി മേഖലയിൽ നിന്നും 1984 ൽ 11% ഉണ്ടായിരുന്ന ഒ.ബി.സി. എം.പി.മാരുടെ എണ്ണം 1990 കളായപ്പോൾ 20% ത്തോളം വർദ്ധിച്ചു. അതോടൊപ്പം മേൽജാതി എം.പി. മാർ 1984 ൽ 47% ആയിരുന്നത് 1990 കളിൽ 40% ആയി താഴേക്കു വന്നു അവിടെ. അതായത് സോഷ്യലിസ്റ്റ് രാഷ്ട്രീയവും മണ്ഡൽ സംവരണവും പിന്നാക്കക്കാർക്ക് അധികാരത്തിലുള്ള പങ്കാളിത്തം ഉയർത്തുന്നതിനു കാരണമായി മാറി. എന്നാൽ ബി.ജെ.പി. അധികാരത്തിൽ വന്ന 2014ൽ മേൽജാതി എം. പി. മാരുടെ എണ്ണം 44.5% ആയി വീണ്ടും ഉയർന്നു. തിരികെ ഒ. ബി. സി എം പി മാരാകട്ടെ 20 % ആയി കുറഞ്ഞു. (What’s left of the ‘Mandal moment’, politically and socially, now? Christophe Jaffrelot.indianexpress.com. August 22, 2020.) ലോക്സഭാ സ്പീക്കറും രാജസ്ഥാനിൽ നിന്നുള്ള ബി.ജെ.പി നേതാവുമായ ഓം ബിർല പറഞ്ഞു: “മറ്റു ജാതികളെ എപ്പോഴും നയിക്കുന്നത് ബ്രാഹ്മണ സമൂഹമാണ്. ജന്മനാ തന്നെ പുണ്യം ചെയ്തവരായതിനാലാണ് അവരെ സമൂഹത്തിൽ ഉന്നതരായി കരുതുന്നത്. അഖിലേഷ് യാദവും മായാവതിയും മുലായംസിംഗ് യാദവും ഉപയോഗിച്ചിരുന്ന മന്ത്രി വസതി പുരോഹിതന്മാരാൽ മത ചടങ്ങുക
കൊണ്ട് ശുദ്ധീകരിച്ചിട്ടാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രി അവിടേക്കു താമസിക്കാനെത്തിയത് …”(Rise of Hindutva has enabled a counter- revolution against Mandal’s gains.Christophe Jaffrelot.indianexpress.com.February 10, 2021)

ധൃതരാഷ്ട്രാലിംഗനം
കേരളത്തിൽ 1975, 80 ആയപ്പോൾ വിദ്യാഭ്യാസം കിട്ടി, സംവരണത്താലും പൊതുമേഖലയുടെ വളർച്ചയാലും ഇടത്തരക്കാരുടെ നിലയിലേക്ക് ഒ.ബി.സി.കളിൽ നിന്നും ഇടത്തരം കുടുംബങ്ങളുണ്ടായി വന്നപ്പോൾ, അവർക്ക് പണ്ടത്തേതിൽ നിന്നും വ്യത്യസ്തമായി സവർണ ക്ഷേത്രങ്ങളിലെ ഭക്തജന സമിതികളിലും ഉത്സവക്കമ്മറ്റികളിലും പങ്കാളിത്തം കിട്ടുകയുണ്ടായി. കൂലിത്തൊഴിലാളികളേക്കാൾ ഒഴിവുസമയം കിട്ടിയ ഇവരുടെ വിനോദവും വിശ്രമവും മതേതരമെന്നതിനേക്കാൾ സവർണ സുഹൃത്തുക്കൾക്കൊപ്പം മതപരമായ ചടങ്ങുകളായിരുന്നു. ഒ.ബി.സി ജാതികൾ ദൂരെനിന്നും യാത്രചെയ്ത് ഗുരുവായൂർ ദർശനത്തിനെത്താൻ സാമ്പത്തികശേഷി കൈവരിച്ചതും ഇക്കാലത്താണ്. പിന്നാക്കക്കാരുടെ ഹിന്ദുത്വ രാഷ്ട്രീയ അനുഭാവത്തിന്റെ ഈ ഒന്നാംഘട്ടത്തിൽ സവർണർക്ക് വേണ്ടിയുള്ള പുട്ടപർത്തിയിലെ സായിബാബയിൽ നിന്നും വിഭിന്നമായി, അവർക്കു നേരിട്ട പ്രാപ്യമായ, അവരുടെ തന്നെ ജാതിക്കാരിയായ സുധാമണിയെന്ന വള്ളിക്കാവുകാരി മാതാ അമൃതാനന്ദമയിയായി, കേരളത്തിലങ്ങോളമിങ്ങോളം ദർശന സൗഭാഗ്യമരുളുകയും, അമ്മയുടെ ഭക്തിപ്പാട്ടുകൾ ഒ.ബി.സി.ക്കാരനും സംവരണവിരുദ്ധനും കുടുംബസമേതം ഒരിടത്തുകൂടി, ഒന്നിച്ചു പാടി മതിമറക്കുന്ന ഭക്തിസാഗരമാകുകയും ചെയ്തു. അമൃതാനന്ദമയിയുടെ ആലിംഗനം തൊട്ടുകൂടായിമയുടെ സവർണ്ണ ആത്മീയതയെ പുറമേയ്ക്കു റദ്ദാക്കുന്നതാണ്. ജാതിവ്യത്യാസങ്ങൾ പ്രത്യക്ഷത്തിൽ മാത്രം തൂത്തുകളഞ്ഞ കപടസമത്വത്തിന്റെ അടയാളമാണ് ആലിംഗനം. ഇതിലേക്ക് സവർണരും ഒഴുകിയെത്തി. തീണ്ടലും തൊടീലും അമ്പേ തുടച്ചുനീക്കി വെട്ടിത്തിളങ്ങുന്ന ഹിന്ദുസമൂഹ ഐക്യം രൂപപ്പെട്ടതായി അയിത്തജാതികളും കോരിത്തരിച്ചു. 1980കളുടെ ആദ്യത്തിൽ തന്നെയാണ് കേരളത്തിൽ സാമ്പത്തികമായി ഇടത്തട്ടിലേക്ക് ഉയർന്ന പിന്നാക്ക വീടുകളിൽ, അയോദ്ധ്യയിലെ പള്ളിയിൽ ജയിലറയിൽ നിൽക്കുന്നതുപോലെ രാമന്റെ ചിത്രം പതിച്ച ലഘുലേഖകൾ എത്തപ്പെടുന്നതും, ഭൂപരിഷ്കരണത്തിനും പത്തുസെന്റ് കുടികിടപ്പിനും ശേഷം ഇടതുപക്ഷത്തിനു കാര്യമായൊന്നും പിന്നാക്ക സമൂഹങ്ങൾക്കുവേണ്ടി ചെയ്യാൻ സാധിക്കാതെ വന്നതും, ആ വിടവു നികത്താൻ സാക്ഷരതാ യജ്ഞം പോലുള്ള സാംസ്കാരിക പരിപാടികളേ ഉണ്ടായിരുന്നുള്ളൂ എന്നതും പിന്നാക്ക സമൂഹങ്ങളുടെ ഹിന്ദുത്വ ശക്തിരാഷ്ട്രീയത്തിന് വളം വെയ്ക്കുന്നതായി മാറിയിട്ടുണ്ട്.
ഒ.ബി.സി.ക്കാരനായ നരേന്ദ്രമോദി ആർ.എ സ്.എസ് നിർദേശപ്രകാരം ഗുജറാത്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതും ഇതേകാലത്തു തന്നെയാണ്. 1952, 1968 കാലത്തെ ജനസംഘത്തിന്റെ നയത്തിൽ നിന്നും മാറി, ഒ.ബി.സി. ക്കാരെ മുന്നിലേക്കു കൊണ്ടുവന്നതിന്റെ ഭാഗമാണ് നരേന്ദ്രമോദിയുടെ ഉയർച്ച. അതായത് 1970കളുടെ അവസാനം മുതൽ 1990കൾ വരെ യുള്ള ജാതിവിരുദ്ധവും സംവരണാനുകൂലവുമായ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ ഉയർച്ചയുടെ നാളുകളിൽ പിന്നാക്ക വർഗത്തിനുണ്ടായ അധികാരമുന്നേറ്റത്തെ സ്വത്വനഷ്ടം വരുത്തി അരാഷ്ട്രീയവൽക്കരിച്ചു ഹിന്ദുത്വാധികാരത്തിന്റെ ഭാഗമാക്കുന്നതാണ് ബി.ജെ.പി.യുടെ വളർച്ചയുടെ ചരിത്രം. ജനസംഖ്യയിൽ 52% ലേറെയുള്ളവരും 65 കോടി വരുന്നവരുമായ സമൂഹത്തെ തങ്ങളുടെ വരുതിയിലാക്കാതെ, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സവർണാധികാരത്തെ തിരിച്ചുപിടിക്കാൻ പറ്റില്ലെന്നും, അതിനു തക്കമാർഗം അവരിൽ നിന്നു തന്നെ നേതാക്കളെയുണ്ടാക്കി മുന്നിൽ നിർത്തി, പഴയ തൊട്ടു കൂടായ്മയുടെ ജാതിവിവേചനം അസ്തമിച്ചെന്നു വരുത്തിത്തീർക്കുകയാണെന്നും, അതു കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമിറക്കു ന്നതുപോലെ പ്രതികാരോന്മുഖമായ നക്കിക്കൊല്ലലാണെന്നും ഹിന്ദുത്വത്തിനറിയാം. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒ.ബി.സി കളുടെ
22% വോട്ട് ബി.ജെ.പി.ക്കും 42% വോട്ട് പ്രാദേശിക പാർട്ടികൾക്കുമാണ് കിട്ടിയതെങ്കിൽ, 2019 ആയപ്പോൾ 44% ഒ.ബി.സി വോട്ടും ബി.ജെപി. പിടിക്കുകയും പ്രാദേശിക പാർട്ടികൾക്കത് 27% ആയി കുറയുകയും ചെയ്തു. യു.പി, ബീഹാർ മേഖലകളിൽ പിന്നാക്കക്കാരിലെ അധികാരവിഭാഗമായ യാദവർ മുതലായ ജാതികൾക്കെതിരെ സാമ്പത്തികമായ അസ്വസ്ഥതയും മുസ്ലിംകൾക്കെതിരെ വിശ്വാസപരമായ അസഹിഷ്ണുതയും ഏറ്റവും അധഃസ്ഥിതരായ ഒ.ബി.സി.കളിൽ ഒരേസമയം ഉയർത്തിക്കൊണ്ടു വരുന്നതിന് ഹിന്ദുത്വരാഷ്ട്രീയത്തിന് സാധിച്ചതുകൊണ്ടാണ് ഈ വിജയം നേടാനായത്. ഈ അധഃസ്ഥിത സ്വാംശീകരണം ദളിതുകളിലേക്കും കൂടി വ്യാപിച്ചുകൊണ്ടിരിക്കുന്നതുമാണ്.
ബീഹാർ, യു.പി രാഷ്ട്രീയത്തിൽ ശക്തരായി നിൽക്കുന്ന സമ്പന്ന പിന്നാക്കക്കാരായ യാദവാദികളെ തറപറ്റിക്കുന്നതിനും മറ്റിടങ്ങളിലേക്കും കൂടി തങ്ങളുടെ അധികാരബലം വ്യാപിപ്പിക്കുന്നതിനും വേണ്ടി ഇന്ത്യാചരിതത്തിലാദ്യമായി ഹിന്ദുത്വരാഷ്ട്രീയം 2015 ഒ.ബി.സി മോർച്ച എന്ന സംഘടനയുണ്ടാക്കി. “ഒ.ബി.സി.സ്വാധീന രാഷ്ട്രീയം രാജ്യത്ത് പല സംസ്ഥാനങ്ങളിലും വളരെ നിർണായകമാണന്നും പ്രത്യേകിച്ചും വടക്കേയിന്ത്യയിൽ അവർ ഏറെയുണ്ടെന്നും” ഒ.ബി.സി. മോർച്ചയുടെ രൂപീകരണവേളയിൽ അമിത് ഷാ പറയുകയുണ്ടായി. അതും കൂടാതെ പിന്നാക്കക്കാരിലെ സമ്പന്ന ജാതികളെ അടർത്തി മാറ്റി വേർതിരിച്ചു, അതിൽ സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന ജാതികളെ കണ്ടെത്തി, അവർക്കു മാത്രമായി പിന്നാക്ക സംവരണം കൊടുക്കുന്നതിനായി വിരമിച്ച ജഡ്ജി. ജി. രോഹിണിയെ ചെയർമാനാക്കി അന്വേഷണക്കമ്മീഷനും 2017ൽ തയ്യാറാക്കിയിട്ടുണ്ട്. ഫലത്തിൽ സംവരണത്തിന്റെ ജാതിവിവേചന സംബന്ധമായ സാമൂഹ്യ പിന്നാക്കാവസ്ഥ മാനദണ്ഡമാക്കുന്നതിനു പകരം, സാമ്പത്തികസ്ഥിതി നോക്കി പിന്നാക്കക്കാരിൽ വിള്ളലുണ്ടാക്കി, പരസ്പരം ശത്രുതയുണ്ടാക്കി, സംവരണത്തിന്റെ സാമൂഹികാവസ്ഥകളെ സൂത്രത്തിൽ നിർവീര്യമാക്കുന്ന കുടിലബുദ്ധിയാണിത്. ഒറ്റവെട്ടിനു അധികാരത്തിന്റെ ജാതിമേൽക്കോയിയ നില നിർത്തുന്നതും, പിന്നാക്കക്കാരെ തമ്മിൽ തല്ലുന്നവരും ജാതിവിവേചനം പുലർത്തുന്നവരും എന്നാൽ, മേൽജാതി ഹിംസയെ അനുകൂലിക്കുന്നവരുമായ ഹിന്ദുത്വ അടിമകളാക്കി ഏകോപിപ്പിക്കുന്നതുമാണീ ഗൂഢതന്ത്രം. ചാതുർവർണ്യം അതിന്റെ പൂർണാർത്ഥത്തിൽ, ഇന്ത്യയിലങ്ങോളമിങ്ങോളം ജനങ്ങളെ മുകളിൽ നിന്നും താഴേക്കു ജാതിശ്രേണിയായി അകറ്റി നിർത്തുകയും അടിച്ചമർത്തുകയും ചെയ്യുന്ന നവ ഹിന്ദുത്വകാലത്തിലേക്കാണ് നമ്മളറിയാതെ നമ്മുടെ തന്നെ കാർമികത്വത്തിൽ നയിക്കുന്നത്. 2021 ഡിസംബറിൽ ആലപ്പുഴയിൽ നടന്ന രണ്ടു കൊലപാതകങ്ങളിൽ ഒന്നിൽ ഒ.ബി.സി. മോർച്ചയുടെ സംസ്ഥാന സെക്രട്ടറി കൊല്ലപ്പെട്ടെങ്കിൽ, അതിനു പ്രതികാരമായി കൊല്ലപ്പെട്ടതും ഇന്ത്യയിൽ ഒ.ബി.സി. പട്ടികയിൽ പെടുന്ന സമുദായത്തിലെ ആളായിരുന്നു.
അധികാര സംവരണത്തിന്റെ പരിമിതി
ജാതിഘടനയുടെ അടിയിൽ തൊട്ടുകൂടാൻ പാടില്ലാത്ത വിധം, ദളിതുകൾക്കും ആദിവാസികൾക്കുമൊപ്പം വിയർപ്പൊഴുക്കുന്ന ജോലികൾ കൃഷി, നാനാതരം കൈത്തൊഴിലുകൾ, അലക്ക്, മീൻപിടിത്തം, ക്ഷൗരം എന്നിവയെല്ലാം ചെയ്ത്, 10% വരുന്ന ഉന്നതവർഗങ്ങളെ തീറ്റിപ്പോറ്റുന്നവരാണ് ഒ.ബി.സികൾ. അധ്വാനിക്കുന്ന കുലത്തിൽ പിറക്കുന്നത് ദൈവശിക്ഷയായി കരുതുന്ന ബ്രാഹ്മണമതത്തിൽ ഭക്ഷണം, വസ്ത്രം, പാർപ്പിട നിർമാണം, ശുചീകരണവൃത്തി എന്നിവയിലേർപ്പെടുന്നവർ അധമജാതികളാണ്, അവരെ എല്ലാവിധ അധികാരങ്ങളിൽ നിന്നും അകറ്റി നിർത്തണം. അവരിൽ തന്നെ തൊഴിൽ പ്രകാരം വീണ്ടും തട്ടുകൾ തിരിച്ച് പരസ്പരം കീഴ്ത്തട്ടിലേക്ക് വിവേചനം പുലർത്തുന്നവരായി വേർതിരിച്ചു നിർത്തണം. ജന്മംകൊണ്ടുതന്നെ സമത്വമറ്റവരായി മനുഷ്യർ മാറുന്ന ഈ ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിന്റെ അടിമകളാണ് ശൂദ്രർ. കാഞ്ച ഐലയ്യ എഴുതിയതു പോലെ “ശൂദ്രർ ഒരിക്കലും സമത്വത്തിനുവേണ്ടി ഉയർന്നിട്ടില്ലന്നു മാത്രമല്ല അവർ ഒരിക്കലും തങ്ങൾക്കൊപ്പം ദളിതുകൾക്കു തുല്യത കൊടുക്കാൻ അനുവദിച്ചിട്ടുമില്ല. ബ്രാഹ്മണ പുരോഹിതൻ എന്താണോ പറഞ്ഞത് അതാണവർക്കു ദൈവവാക്യം. അതനുസരിച്ച് ശൂദ്രസിദ്ധാന്തം എന്നാൽ ഉല്പാദനത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രത്യയശാസ്ത്രമാണ്. എന്നാൽ ഈ പ്രത്യയ ശാസ്ത്രം അപകർഷതാബോധം, അജ്ഞത, ആത്മീയവും സാമൂഹ്യവുമായ അവബോധമില്ലായ്മ എന്നിവകൊണ്ട് ആഴത്തിൽ മൂടിക്കിടക്കുന്നതാണ്.’ (The Shudra Civilization, Kancha Ilaiah Shepherd. Mainstream.Saturday 2 January 202.).

ബ്രാഹ്മണാധിപത്യത്താൽ, ജനിച്ചു വീണതു മുതൽ അട്ടിയട്ടിയായി എല്ലാ അയിത്ത ജനങ്ങളെയും പൊതിഞ്ഞിരിക്കുന്ന സാമൂഹികവും മാനസികവും ആത്മീയവുമായ അടിമത്തത്തെ, സംവരണത്തിലൂടെ രാഷ്ട്രീയാധികാരത്തിൽ പങ്കാളിത്തം കിട്ടിയതുകൊണ്ടു മാത്രം പൊട്ടിച്ചെറിയാനാവില്ലെന്നാണ് ഇന്ത്യാ ചരിത്രം നമ്മോടു പറയുന്നത്. കാരണം സംവരണത്തിൽ അധികാരം കിട്ടുന്നത് സമുദായത്തിലെ വ്യക്തികൾക്കാണ്. അവർ സമുദായത്തിന്റെ മുഴുവൻ രാഷ്ട്രീയ താല്പര്യങ്ങളെയും പ്രതിനിധാനം ചെയ്യുമെന്നതിനു യാതൊരുറപ്പും സംവരണത്തിലൂടെ സമുദായത്തിനു കിട്ടുന്നില്ല. നരേന്ദ്രമോദി എന്ന ഒ.ബി.സി.ക്കാരൻ പ്രധാനമന്ത്രിയായി ഇരിക്കെത്തന്നെയാണ് സവർണർക്കു (സാമ്പത്തിക) സംവരണം കിട്ടുന്നതും എന്നാൽ ഒ.ബി.സി കമ്മീഷൻ വഴി പിന്നാക്ക സംവരണാവകാശം ലഘൂകരിക്കാൻ പോകുന്നതും, പിന്നാക്കക്കാർ തമ്മിൽ കടിപിടികൂടുന്നവരായി മാറുന്നതും, എന്നിട്ടും അവരെല്ലാം സംവരണവിരുദ്ധരുടെ പാളയത്തിലേക്കു കൂട്ടം കൂട്ടമായി എത്തിക്കൊണ്ടിരിക്കുന്നതും. സംവരണത്തെ സംവരണത്തിന്റെ തന്നെ ദൗർബല്യം കൊണ്ട് നിർവീര്യമാക്കുന്ന ഉപായമാണിത്. പിന്നാക്കക്കാരിൽ ചിലരെ തിരഞ്ഞു പിടിച്ച് അവർക്കു അനൗപചാരികമായി രാഷ്ട്രീയത്തിൽ അധികാരം സംവരണം നൽകിക്കൊണ്ട് സമൂഹത്തെയാകെ, പിന്നാക്കക്കാരായ നേതാക്കൾ വഴി തങ്ങളുടെ ഇരകളാക്കി മാറ്റാൻ സവർണബുദ്ധിക്കു സാധിച്ചിരിക്കുന്നു. ഭരണഘടനയാൽ വിദ്യാഭ്യാസത്തിലും തൊഴിലിലും രാഷ്ട്രീയത്തിലും ഔപചാരികമായ അവകാശമാക്കപ്പെട്ട സംവരണത്തെ, തങ്ങളുടെ പാർട്ടി പദവികളിലും സർക്കാർ അധികാരസ്ഥാനങ്ങളിലും നാമമാത്രമായി അനുകരിച്ചുകൊണ്ട്, തങ്ങൾ ജാതിസമത്വം പാലിക്കുന്നവരാണെന്നു പുകമറ വരുത്താനും അതുവഴി, പിന്നാക്കവർഗങ്ങളിലേക്ക് ചാതുർവർണ്യത്തെ ബലപ്പെടുത്താനും ഹിന്ദു പ്രത്യയശാസ്ത്രത്തിന് എളുപ്പത്തിൽ കഴിയുന്നു. സർക്കാരിൽ നിന്നും ഔപചാരിക സംവരണം കിട്ടിയ ഭൂരിപക്ഷം പേരും അവരുടെ വർഗതാല്പര്യങ്ങളെയല്ല പ്രതിനിധീകരിക്കുന്നത്. അധികാര പങ്കാളിത്തം ലഭ്യമാകുന്നതോടെ അവരിൽ മിക്കവരിലും ഉണരുന്നത് അധികാരസഹജമായ ഉപരിവർഗ താല്പര്യങ്ങൾ തന്നെയാണ്. അഥവാ താഴെയുള്ളവരെ ചവിട്ടുന്നതിനുള്ള ലൈസൻസ് അവർക്കും കൂടി കിട്ടുന്നപോലെയാണിത്. സംവരണം വഴി പഠിത്തവും ജോലിയും സാധ്യമായ പിന്നാക്കവർഗം അവരുടെ വർഗ്ഗതാല്പര്യങ്ങളെ പാടെ ഹനിക്കുന്നതും ജാതിഘടനയെ ദൃഢപ്പെടുത്തുന്നതുമായ ഹിന്ദുത്വത്തിന്റെ കൂട്ടിലേക്കു എത്തപ്പെടുമ്പോൾ സംവരണം നമ്മെ നോക്കി പല്ലിളിക്കുന്നുണ്ട്. കേരളത്തിൽ എൻ.ഡി.എ.യുടെ കൂടെ ചേർന്നിരിക്കുന്ന ബി.ഡി.ജെ.എസിന്റെ മുൻഗാമികൾ സംവരണത്തിനു വേണ്ടി രാപ്പകൽ ഈഴവ മെമ്മോറിയലുമായി മഹാരാജാവിനെ മുഖംകാണിക്കാൻ കിണഞ്ഞു പരിശ്രമിച്ചപ്പോൾ ഓർത്തിരിക്കുമോ, നാളെ അവരുടെ പിൻഗാമികൾ സംവരണവിരുദ്ധരുടെ കുടീരത്തിൽ വിരുന്നുണ്ണാൻ ചെല്ലുമെന്ന്? യു.പി.യിലും ബീഹാറിലുമെല്ലാം യാദവരെ പോലുള്ള ഒ.ബി.സി.കൾ 30ലേറെ കൊല്ലം ഭരിച്ചിട്ടും അവിടുത്തെ പിന്നാക്കക്കാരിൽ ബഹുഭൂരിപക്ഷത്തിന്റെയും നില ഇപ്പോഴും പരമദയനീയമായിട്ടല്ലേ, അതു മുതലാക്കി ഒ.ബി.സികളിൽ പരമദരിദ്രർക്കു മാത്രമായി സംവരണതത്ത്വത്തെ നിലംപരിശാക്കുന്നതിനുള്ള രാഷ്ട്രീയക്കയറ്റുകൾ ബി.ജെ.പി നടത്തുന്നത്?
വിമോചനത്തിന്റെ ആത്മിയത
എന്നിട്ടും വടക്കേയിന്ത്യയിലേതുപോലെ കേരളത്തിലും തമിഴ്നാട്ടിലും എന്തുകൊണ്ടു പിന്നാക്കക്കാർക്കിടയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇനിയും കടന്നുകയറാൻ കഴിഞ്ഞിട്ടില്ല? അതിന്റെ കാരണം ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിൽ നിന്നും ഇന്ത്യയിൽ മറ്റിടങ്ങളിൽ സംഭവിക്കാതിരുന്ന ആത്മീയമായ മോചനം അല്പമായിട്ടെങ്കിലും പിന്നാക്ക വർഗങ്ങൾക്ക് ഇവിടങ്ങളിൽ നേടാനായി എന്നതാണ്. സാമ്പത്തികപദവി, സംവരണം എന്നിവ വഴി രാഷ്ട്രീയാധികാരത്തിന്റെ ഭാഗമായി മാറാൻ അവസരം കിട്ടിയിട്ടും ശൂദ്രരിൽ നിന്നും മാനസികവും ആത്മീയവുമായ അടിമത്തം വിട്ടുപോയിട്ടില്ലെന്നും അതിനാൽ ആത്മീയാധികാരം സ്വയം ആർജിക്കാതെ ഇവർക്കു തങ്ങളിൽ അടിഞ്ഞു കൂടിയ ബ്രാഹ്മണാധിപത്യ പ്രത്യയശാസ്ത്രതത്തിൽ നിന്നും മോചനമില്ല എന്നും കാഞ്ചാ ഐലയ്യ നിരീക്ഷിക്കുന്നത് ഇവിടെ ഏറ്റവും പ്രധാനമാണ്. എന്നാൽ ഈ സന്ദർഭത്തിൽ 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലുമായി, ഇന്ത്യയിൽ അത്യപൂർവമായി സംഭവിച്ച, കേരളത്തിലെ എല്ലാ പിന്നാക്ക വർഗങ്ങളുടെയും ആത്മീയാധികാര മുന്നേറ്റത്തെ കാഞ്ചാ ഐലയ്യ ശ്രദ്ധിക്കാതെ പോയി. മനോന്മണിയം സുന്ദരംപിള്ള 1985ൽ സ്ഥാപിച്ച ശൈവപ്രകാശം സഭ, ശ്രീനാരായണ ഗുരു അരുവിപ്പുറത്തു 1888 ൽ നടത്തിയ ശിവപ്രതിഷ്ഠ, പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ പ്രത്യക്ഷ രക്ഷാസഭ (1909), വാഗ്ഭടാനന്ദന്റെ ആത്മവിദ്യാസംഘം (1920) ഇവയെല്ലാം ചെയ്തത് ആത്മീയാധികാരത്തിനുമേൽ ബ്രാഹ്മണ്യത്തിനുള്ള ജാത്യാവകാശത്തെ ആമൂലാഗ്രം ചോദ്യം ചെയ്തുകൊണ്ട് പിന്നാക്ക വർഗത്തിന്റെ ആത്മ ശക്തിയുടെ വീണ്ടെടുപ്പായിരുന്നു. അതായത് പിന്നാക്കവർഗത്തിന്റെ രാഷ്ട്രീയാധികാര സമരത്തിന് മുന്നോടിയായി, അവരുടെ സ്വത്വത്തെ പുനഃസ്ഥാപിക്കുന്ന ആത്മീയാധികാരത്തിനായുള്ള സാംസ്കാരിക വിപ്ലവമാണ് കേരളത്തിൽ നടന്നത്. അരുവിപ്പുറത്ത് ഈഴവശിവനെ പ്രതിഷ്ഠിച്ചു കൊണ്ട്, തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനും വെറും 32 വയസ്സുള്ളവനുമായ പിന്നാക്ക വർഗക്കാരൻ, ബ്രാഹ്മണ്യത്തിന്റെ ആത്മീയക്കുത്തകയെ ഒരു ബലൂൺ പൊട്ടിക്കുന്നത്ര നിസ്സാരമായി നിശൂന്യമാക്കി തീർക്കുക മാത്രമല്ല ചെയ്തത്. തമ്മിൽ പുണർന്നു പെറുന്ന മനുഷ്യർ എല്ലാവരും (പുണർന്നു പെറുമെല്ലാമൊരിനമാം പുണരാത്തത് ഇനമല്ലിനാമിങ്ങൊരിണയൊന്നൊത്ത് കാണ്മതും – ശ്രീനാരായണ ഗുരു) ആത്മീയാധികാരത്തിന് ജന്മനാ തന്നെ അവകാശികളാണെന്നും, ജാതിമേധാവിത്വത്തിന്റെ മാറാല മൂടിയ ചരിത്രത്തെ നോക്കി സധൈര്യം ചെറു പുഞ്ചിരിയോടെ ആ മനുഷ്യൻ മൊഴിഞ്ഞു. “ആത്മീയാധികാരം രാജ്യത്താകെ ഒരു സാമൂഹ്യശക്തിയായി മാറും. എന്നാൽ രാഷ്ട്രീയശക്തിക്ക് അങ്ങനെയാകാൻ കഴിയില്ല, രാഷ്ട്രീയാധികാരം ജനങ്ങളെ സാമ്പത്തികവും രാഷ്ട്രീയവുമായ മേഖലകളിലെ നിത്യജീവിത സമരങ്ങൾക്കു ചുറ്റും നിർത്തുന്നു. എന്നാൽ ആത്മീയാധികാരവും തത്ത്വചിന്തയുമാകട്ടെ മനുഷ്യരെ ഒന്നിപ്പിക്കുന്ന വളരെ ഗൗരവമുള്ള ആശയങ്ങൾ നൽകുന്നു. അതിനാൽ ശൂദ്രർ ആത്മീയാധികാരം നേടാതെ അവർക്കു ആധികാരികമായി സമൂഹത്തെ നിയന്ത്രിക്കാൻ കഴിയില്ല. ബ്രാഹ്മണരായ എഴുത്തുകാർ സൃഷ്ടിച്ചു വെച്ച ആത്മീയലോകത്തെ ആഴത്തിലുള്ള അറിവുകൊണ്ടും എഴുത്തുകൊണ്ടും വെല്ലുവിളിക്കാമെന്നു ചിന്തിക്കാനുള്ള ധൈര്യം പോലും ശൂദ്രർക്കില്ല.” എന്ന് ഇന്ത്യയെ മൊത്തത്തിൽ നോക്കി കാഞ്ചാ ഐലയ്യ പറയുമ്പോഴാണ് കേരളത്തിൽ നമ്മുടെ ആത്മീയാചാര്യന്മാർ വിദ്യകൊണ്ടും ചിന്തകൊണ്ടും എഴുത്തുകൊണ്ടും പ്രബുദ്ധരായി, ഏതു സർവ്വജ്ഞപീഠ പട്ടം കിട്ടിയ ബ്രാഹ്മണനോടും ആത്മാഭിമാനത്തോടെ നേർക്കുനേർ നിന്നു അറിയാനും അറിയിക്കാനുമുള്ള അധഃസ്ഥിതരുടെ ആത്മീയാധികാരത്തെ പുനഃസ്ഥാപിച്ചതിന്റെ ചരിത്രപരമായ മൂല്യം തിരിച്ചറിയുന്നത്.

ശൂദ്രന്റെ ആത്മസ്വത്വബോധത്തെ ഉണർത്താതെയും ഊതിക്കാച്ചി നിർത്താതെയുമുള്ള അധികാര സമരങ്ങൾ ഫലത്തിൽ അധഃകൃതരെ യജമാനവർഗത്തിന്റെ പ്രത്യയശാസ്ത്രങ്ങളുടെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കാത്തതിനാൽ, അവരിലെ ബ്രാഹ്മണഭക്തിയും അതോടൊപ്പം താഴെയുള്ളവനോടുള്ള നിന്ദയും അവസാനിക്കുന്നില്ല. അതുകൊണ്ട് സംവരണം നേടി ഉയരുന്ന പിന്നാക്ക വർഗ പ്രതിനിധി പലപ്പോഴും യജമാനനുമായി താദാത്മ്യം പ്രാപിച്ചു ജാതിവ്യവസ്ഥയുടെ കാവൽക്കാരായി പരിണമിക്കുന്നു. കേരളത്തിൽ രാഷ്ട്രീയാധികാരത്തിന്റെ ലഹരിയിൽ ആത്മീയാധികാരം അവഗണിക്കപ്പെട്ടപ്പോൾ, പിന്നാക്കക്കാരുടെ ക്ഷേത്രങ്ങളിൽ പോലും ബ്രാഹ്മണൻ തന്നെ പൂജിച്ചാലേ ദേവനും ദേവിയും സംതൃപ്തരാകൂ എന്നു പ്രശ്നവശാൽ തെളിയുന്നതായി കണ്ട്, ബ്രാഹ്മണരെ ക്ഷണിച്ചു വരുത്തി പൂജാരികളാക്കുകയാണിന്ന്. അരുവിപ്പുറം പ്രതിഷ്ഠക്കു ശേഷം 133 വർഷം പിന്നിട്ടിട്ടും ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഉൾപ്പെടെ പൗരോഹിത്യം മാത്രമല്ല ചെണ്ട കൊട്ടുന്നതിനും അടിച്ചു തളിക്കുന്നതിനു പോലും ചാതുർവർണ്യശ്രേണിയാണ് ഇന്നും മാനദണ്ഡം. അതിനാൽ ഹിന്ദുത്വ രാഷ്ട്രീയത്തിലൂടെയുള്ള പിന്നാക്ക വർഗത്തിന്റെ സ്വത്വ ശോഷണത്തെ തടയണമെങ്കിൽ, ആത്മീയാധികാരത്തിന്റെ ഇനിയും ബാക്കിയുള്ള പടവുകളിലേക്ക് അവർ കയറുക തന്നെ വേണം. എങ്കിൽ മാത്രമേ, ഒ.ബി.സി മോർച്ചയുണ്ടാക്കി സംവരണതത്ത്വം അട്ടിമറിക്കുന്ന കരുനീക്കങ്ങളെ അവർക്കു നേരിടാനാവൂ. അതിന് സംവരണത്തിന്റെ അഥവാ രാഷ്ട്രീയാധികാരത്തിന്റെ പരിമിതികളെ, അതിനു വേണ്ടി വാദിക്കുമ്പോൾ തന്നെ വ്യക്തമായി തിരിച്ചറിയാൻ പിന്നാക്ക വർഗത്തിനു സാധിക്കണം. അതായത് ‘രാഷ്ട്രീയമായ സമത്വം എന്നത് ആത്മീയമായ സമത്വം ആകുന്നില്ല. വോട്ടവകാശ തുല്യത ഒരിക്കലും ക്ഷേത്രത്തിലെ സമത്വത്തിനോ സ്വർഗീയ മോക്ഷത്തിനോ ഉള്ള ഗ്യാരണ്ടി നൽകുന്നില്ല. അയിത്തവർഗങ്ങൾ അവരുടെ അവബോധത്തെ നിരന്തരം പുതുക്കുക എന്നത് രാജ്യത്തിന്റെ ഉയർച്ചക്കും ജനായത്താധിഷ്ഠിതമായ ആത്മീയവ്യവസ്ഥയ്ക്കും മുന്നുപാധിയാണ്.’ രാഷ്ട്രീയാധികാരം ഭൗതികമായ ഉയർച്ചക്ക് അത്യാവശ്യമാണെങ്കിലും, ജാതിവ്യവസ്ഥയാൽ അത്യന്തം മലിനമാക്കപ്പെട്ട ഒരു വിഭജിത സമൂഹത്തിൽ അധഃസ്ഥിതർ ആത്മീയാധികാരം നേടുമ്പോഴേ ആന്തരികമായി സമൂഹത്തിൽ സമത്വം സ്ഥാപിക്കപ്പെടൂ. അധഃസ്ഥിതന്റെ ആത്മീയാധികാരമാകട്ടെ ആത്മീയതയുടെ വ്യവസ്ഥാപിത കെട്ടുകാഴ്ചകളെ തന്നെ മാറ്റി മറിക്കുന്നതും വിമോചനത്തിന്റെ ജനായത്തത്തിലേക്കു നമ്മെ നയിക്കുന്നതുമാണ്. സ്വാതന്ത്യത്തിനു മുമ്പ് പിന്നാക്ക വർഗ നവോത്ഥാനം തുടങ്ങിവെച്ച ആത്മീയാധികാരത്തിനായുള്ള മുന്നേറ്റങ്ങളെ തടസ്സപ്പെടുത്തി, തൽസ്ഥാനത്തു ഭോഗാധിഷ്ഠിതവും യാഥാർത്ഥ്യങ്ങളിൽ നിന്നും ഒളിക്കാനിടം തരുന്നതുമായ സവർണാത്മീയതയെ അമൃതാനന്ദമയിയിലൂടെ സന്നിവേശിപ്പിച്ചപ്പോൾ, പിന്നാക്ക വർഗത്തിന്റെ വിമോചനാത്മീയത നിർവീര്യമാക്കപ്പെട്ടു. ഉപരിവർഗ ഭോഗാസക്തിയുടെ ഉപായമായ ഭക്തി വ്യവസായ ലഹരിയിൽ നിന്നും ജീവിതത്തിന്റെ സമസ്തമേഖലകളെയും ലാളിത്യത്തിന്റെ ആന്തരിക ശക്തിയിലേക്കു പരിവർത്തിപ്പിക്കുന്നതാണ് അടിത്തട്ടിൽ നിന്നുള്ള വിമോചനത്തിന്റെ ആത്മീയത. അത് ഭൗതികം – ആത്മീയം എന്ന വിഭജനത്തെ തന്നെ അപ്രസക്തമാക്കുന്നതാണ്.
കവർ ചിത്രം : എൽ കെ അദ്വാനി നടത്തിയ രഥയാത്രയിൽ നിന്ന്
കടപ്പാട്: ചന്ദ്രിക ആഴ്ചപ്പതിപ്പ്