
രാഹുൽ ഗാന്ധിയുടെ ചുവടുമാറ്റം
ചിക്കാഗോ സർവകലാശാലയിൽ ഇന്ത്യ-ഇസ്രയേൽ ബന്ധത്തെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകൾ കോൺഗ്രസിന്റെ പരമ്പരാഗത പാലസ്തീൻ അനുകൂല നിലപാടിൽ നിന്നുള്ള വ്യതിചലനമാണോ? ഇസ്രയേലുമായുള്ള ആയുധവ്യാപാരത്തെയും ഗാസയിലെ വംശഹത്യയെയും സംബന്ധിച്ച രാഹുലിന്റെ നിലപാടുകളെ വിമർശനാത്മകമായി വിശകലനം ചെയ്യുകയാണ് കെ. വിനോദ് ചന്ദ്രൻ ഈ ലേഖനത്തിൽ. ഗാന്ധിയുടെയും നെഹ്രുവിന്റെയും അധിനിവേശവിരുദ്ധവും ധാർമ്മികവുമായ രാഷ്ട്രീയ നിലപാടുകളുമായി രാഹുലിന്റെ സമീപനത്തെ താരതമ്യം ചെയ്യുകയും ചെയ്യുന്നു.
ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവങ്ങൾ ഇന്ത്യയിലെ ജനാധിപത്യവാദികളെ ഞെട്ടിച്ചു. മോദിയുടെ ഫാസിസ്റ്റ് വാഴ്ചയ്ക്കെതിരേ ധീരമായി പൊരുതുന്ന നേതാവെന്ന നിലയിൽ രാഹുൽഗാന്ധിയിൽ ജനങ്ങൾക്ക് പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ രാഹുലിന്റെ ഇസ്രയേൽ അനുകൂല പ്രസ്താവങ്ങൾ എല്ലാ പ്രതീക്ഷകളും തകർത്തു.
ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ പൊളിട്ടിക്കൽ സയൻസ് പ്രഫസറായ റോബർട്ട് പേപ്പ് ഇന്ത്യൻ-ഇസ്രയേൽ ബന്ധത്തെപ്പറ്റി സംസാരിക്കുവാൻ രാഹുലിനോട് ആവശ്യപ്പെടുന്നു. പാലസ്തീനിൽ ഇസ്രയേൽ നടത്തിയ വംശഹത്യയെയും വംശഹത്യയിൽ മോദിഗവണ്മെന്റിനുള്ള പങ്കാളിത്തത്തെയും, ഇന്ത്യയുടെ സയണീകരണത്തിൽ, കാശ്മീരിന്റെ ഗാസാവൽക്കരണത്തിൽ, മോദിയും കൂട്ടരും വഹിച്ച പങ്കിനെയും, ലോകത്തിനു മുന്നിൽ മറനീക്കിക്കാട്ടാൻ ലഭിച്ച അവസരമായിരുന്നു അത്. എന്നാൽ ഇസ്രയേലുമായി ആയുധവ്യാപരം തുടർന്നു പോരുന്നതിൽ മോദിയുടെ അതേനയമാവും താൻ പിന്തുടരുക എന്ന സന്ദേശമാണ് രാഹുൽ നൽകിയത്. (അന്താരാഷ്ട്രയുദ്ധക്കുറ്റവാളിയായ) “ഇസ്രയേലുമായി ശക്തമായ ബന്ധം പുലർത്തുന്നതിനെ താൻ പിന്തുണയ്ക്കുന്നു എന്ന് സംശയലേശമില്ലാതെ രാഹുൽ പ്രസ്താവിച്ചു.
“ഞങ്ങൾക്ക് ഇസ്രായേലുമായി നല്ല ബന്ധമാണുള്ളത്. ഞങ്ങൾ ഇസ്രായേലിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നുണ്ട്, അത് നല്ല കാര്യമാണ്”. രാഹുൽ മറുപടി പറയുന്നു. (ആരാണീ ഞങ്ങൾ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്). മോദിയുമായി തനിക്കുള്ള വ്യത്യാസം മറ്റൊരു കാര്യത്തിലാണ് എന്നും രാഹുൽ സൂചിപ്പിക്കുന്നുണ്ട്. അതായത് ഇസ്രയേലുമായുളള ആയുധബന്ധത്തിൽ ഇന്ത്യയ്ക്ക് ഗുണകരമായ തീരുമാനങ്ങളായിരിക്കും താൻ എടുക്കുക. 150 കോടി ജനങ്ങളുള്ള ഒരു വലിയ രാജ്യമായതിനാൽ ഇന്ത്യയ്ക്ക് ഈ ബന്ധത്തിൽ മേൽക്കൈ വേണമെന്നു മാത്രം. ജനസംഖ്യയുടെ വലുപ്പത്തിനും ആയുധശക്തിക്കുമാണ് രാഹുൽ ഇവിടെ പ്രാമുഖ്യം നൽകുന്നത്. ധാർമ്മികമായ വലിപ്പത്തിനു പ്രാധാന്യം കൊടുത്തിരുന്ന മഹാത്മാഗാന്ധിയുടെയും നെഹ്രുവിന്റെയും നിലപാടിൽ നിന്ന് പാടേ വ്യത്യസ്തം.

ഇസ്രയേൽ-പാലസ്തീൻ സംഘർഷത്തെപ്പറ്റിയുള്ള രാഹുലിന്റെ പരാമർശങ്ങൾ ധാർമ്മികമായ നിരുന്മുഖതയെയാണ് സൂചിപ്പിക്കുന്നത്. എല്ലാ സയണിസ്റ്റു വക്താക്കളെയും പോലെ ഒക്ടോബർ 7 ലെ ഹമാസിന്റെ ആക്രമണമാണ് ഗാസാസംഘർഷത്തിന്റെ മൂലകാരണമെന്ന നിലപാടിൽ നിന്ന് രാഹുൽ ആരംഭിക്കുന്നു. “ നിരപരാധികളെ കൊന്നൊടുക്കിയ” “ഭയാനകമായ” ആ ആക്രമണത്തിനോടുള്ള പ്രതികരണമായാണ് ഇസ്രയേൽ നടത്തിയ ആക്രമണത്തെ രാഹുലും കാണുന്നത്. രണ്ടുതെറ്റുകളെയും താൻ ഒരേ പോലെ അപലപിക്കുന്നു എന്ന സന്തുലിതമെന്ന് തോന്നാവുന്ന പ്രസ്താവമാണ് രാഹുലിന്റെത്. എന്നാൽ ഹമാസിനെ ആക്രമണത്തിനു പ്രേരിപ്പിച്ച ഇസ്രയേലിന്റെ സെറ്റ്ലർ കൊളോണിയൽ അതിക്രമങ്ങളെപ്പറ്റിയും വംശോന്മൂലന പദ്ധതിയെപ്പറ്റിയും അയാൾ നിശ്ശബ്ദത പ്രകടിപ്പിക്കുന്നു.
“ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടേതും ഫ്രാൻസ് ഫ്രഞ്ചുകാരുടേതും ആകുന്നതുപോലെ തന്നെ പലസ്തീൻ അറബികളുടേതാണ്. അറബികളുടെ മേൽ ജൂതന്മാരെ അടിച്ചേൽപ്പിക്കുന്നത് തെറ്റും മനുഷ്യത്വരഹിതവുമാണ്. ഇന്ന് പലസ്തീനിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെ ഒരു ധാർമ്മിക പെരുമാറ്റച്ചട്ടം കൊണ്ടും ന്യായീകരിക്കാനാവില്ല.” 1938ൽ തന്നെ ക്രാന്തദർശിയായ മഹാത്മാഗാന്ധി പറയുന്ന വാക്കുകളാണിത്. പാലസ്തീൻ വിമോചനത്തിനു വേണ്ടി ആദ്യന്തം നിലകൊണ്ട ഭരണാധികാരിയായിരുന്നു ജവഹർലാൽ നെഹ്രു. സോണിയാഗാന്ധിയും പ്രിയങ്കാഗാന്ധിയും ഗാസയിലെ വംശഹത്യയിൽ നിശ്ശബ്ദത പാലിച്ചതിനു മോദി സർക്കാരിനെ വിമർശിച്ചവരാണ്. കോൺഗ്രസ്സ് പരമ്പരാഗതമായി സ്വീകരിച്ചു വന്ന നൈതികമായ ഈ നിലപാടിൽ നിന്ന് വ്യതിചലിക്കുകയാണ് ഇവിടെ രാഹുൽ ഗാന്ധി.
ഇസ്രയേലിനെ അപലപിക്കുന്നു എന്നു പറയുമ്പോൾപ്പോലും ഇസ്രയേൽ പാലസ്തീനിൽ നടത്തുന്ന പൈശാചികമായ വംശഹത്യയെപ്പറ്റി ഒരു വാക്കും രാഹുൽ പറയുന്നില്ല. രാഹുൽ രണ്ടു കൂട്ടരെയും സമീകരിക്കുന്നു. അധിനിവേശകരെയും അധിനിവേശിതരെയും,പീഡകരെയും ഇരകളെയും, വംശമേധകരെയും വംശമേധത്തിനിരയായവരെയും. ഗാസയിലെ കുട്ടികളുടെ കൂട്ടക്കൊലയിലും വെടി നിർത്തലിനു ശേഷവും ഗാസയിൽ നടക്കുന്ന വംശഹത്യയിലും വെസ്റ്റ്ബാങ്കിൽ നടക്കുന്ന ആക്രമണങ്ങളിലും ഒന്നും രാഹുലിന് യാതൊരു തരത്തിലുള്ള മനോവൈഷമ്യവും ഇല്ല. യാതൊരു തരം ധാർമ്മികപ്രശ്നങ്ങളും ഈ ഗാന്ധിനാമധാരിയെ അലട്ടുന്നില്ല. ഗാസയിലെ വംശഹത്യയ്ക്കെതിരെ ലോകമെങ്ങുമുള്ള മനുഷ്യസ്നേഹികൾ പ്രതിഷേധമുയർത്തുമ്പോൾ, ഇസ്രയേലുമായുള്ള വ്യാവസായിക, രാഷ്ട്രീയ നയതന്ത്രബന്ധങ്ങൾ ഉപേക്ഷിക്കുമ്പോൾ, ജവഹർലാൽ നെഹ്രുവിന്റെ കൊച്ചു മകൻ ഇസ്രയേലിന്റെ ആയുധങ്ങളുടെ മേൻമയെ പ്രകീർത്തിക്കുന്നു.

ഇസ്രായേലുമായുള്ള ഇന്ത്യയുടെ ബന്ധത്തിനും ആയുധവ്യാപാരത്തിനും തന്ത്രപരമായ കാരണങ്ങളുണ്ട് എന്ന് രാഹുൽ പറയുന്നു. “ സത്യം പറഞ്ഞാൽ, നമുക്ക് ഏറ്റവും മികച്ച ആയുധങ്ങൾ വാങ്ങേണ്ടതുണ്ട്, അവർ വളരെ നല്ല ആയുധങ്ങൾ നിർമ്മിക്കുന്നുമുണ്ട്. അതുകൊണ്ട് ഇസ്രായേലുമായി നല്ല ബന്ധം പുലർത്തുന്നതിനെ ഞാൻ പൂർണ്ണമായും പിന്തുണയ്ക്കുന്നു”. ഒരു കോർപ്പറേറ്റ് ആയുധവ്യവസായിയുടെ, സൈനികശക്തിക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു അതിദേശീയവാദിയുടെ, സ്വരമല്ലേ ഇത്?
വംശഹത്യാക്കുറ്റത്തിന്, യുദ്ധക്കുറ്റത്തിനു ലോകകോടതി കുറ്റവാളിയായി വിധിച്ച ഒരു രാജ്യവുമായി ആയുധബന്ധത്തിലേർപ്പെടുന്നത് കുറ്റകൃത്യമാണെന്ന ധാർമ്മികവും നിയമപരവുമായ യാതൊരു സന്ദേഹവും രാഹുലിനെ അലട്ടുന്നില്ല.

ഗാന്ധിയും നെഹ്രുവുമൊക്കെ പാലസ്തീനുമായി വച്ചു പുലർത്തിയ സൗഹാർദ്ദ നയം ഉപേക്ഷിച്ചു കൊണ്ട് ഇസ്രയേലുമായി മോദിഗവണ്മെന്റ് തുടർന്നുവരുന്ന തന്ത്രപരമായ ബന്ധം തന്നെയാണ് താനും സ്വീകരിക്കുന്നതെന്ന് രാഹുൽ ഇവിടെ വെളിപ്പെടുത്തുകയാണ്. നമുക്ക് മികച്ച ആയുധങ്ങൾ അവരിൽ നിന്ന് ലഭിക്കും. “ആഗോള വേദിയിൽ കരുത്ത് കാണിക്കാൻ ഇന്ത്യയെ അത് സഹായിക്കും” എന്നാണ് നിലപാട്. വംശഹത്യയ്ക്കാവശ്യമായ ആയുധങ്ങൾ അദാനിയെപ്പോലുള്ള നമ്മുടെ കോർപ്പറേറ്റ് ഭീമന്മാർ ഇസ്രയേലിനു വിറ്റ് ലാഭം കൊയ്യുന്നതിനെപ്പറ്റി രാഹുൽ ഒന്നും പറയുന്നില്ല. എങ്കിലും ഇന്ത്യയ്ക്ക് ഗുണകരമായ വ്യാപരബന്ധമാണ് താൻ വിഭാവനം ചെയ്യുന്നതെന്ന് പറയുമ്പോൾ അത്തരം ലാഭകരമായ വ്യവസായവും അതിൽപെടും എന്നല്ലേ ധ്വനി? ഇന്ത്യൻ മൂല്യങ്ങളായിരിക്കും താൻ പിൻതുടരുക എന്ന് രാഹുൽ പറയുന്നുണ്ട്. ഗാന്ധിയെയും നെഹ്രുവിനെയും പോലുള്ളവരെ സംബന്ധിച്ചിടത്തോളം ധാർമ്മികതയിലും അഹിംസയിലും അധിനിവേശവിരുദ്ധതയിലും അധിഷ്ഠിതമായിരുന്നു ഇന്ത്യൻ മൂല്യങ്ങൾ. എന്നാൽ രാഹുലിന്റെ മൂല്യ സങ്കൽപം ഇവിടെ വ്യത്യസ്തം. ആയുധബലത്തിലധിഷ്ഠിതമായ ഒരു വൻശക്തിസങ്കല്പമാണത്. ഇസ്രയേലിന്റെ വംശഹത്യയെ വിസ്മരിക്കുകയും പരോക്ഷമായെങ്കിലും അതിൽ പങ്കാളിയാവുകയും ചെയ്യുന്ന തന്ത്രപരവും ലാഭാധിഷ്ഠിതവുമായ ഒരു നയം സ്വീകരിക്കുന്നത് ഇന്ത്യൻ മൂല്യങ്ങളുടെ നിരാസമല്ലാതെന്താണ്.
വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കടകൾ തുറക്കുക എന്ന് ഇന്ത്യൻ ജനതയെ ആഹ്വാനം ചെയ്ത നേതാവാണ് രാഹുൽ ഗാന്ധി. അത്തരമൊരു നേതാവ് ഇന്ന് അന്താരാഷ്ട്ര വേദിയിൽ ആയുധക്കച്ചവടത്തിനു പച്ചക്കൊടി കാട്ടുന്നതിന്റെ വിരുദ്ധോക്തി നമ്മെ ഉദ്വിഗ്നരാക്കുന്നു.
