
കൊമ്പില്ലാത്ത കാട്ടുപോത്തിനെപ്പോലെ
എം. എൻ. റോയിയുടെ റാഡിക്കൽ ഹ്യുമനിസത്തെയും അതിന്റെ ആശയപരമായ പരിമിതികളെയും വിമർശനാത്മകമായി വിലയിരുത്തിക്കൊണ്ട്, പ്രത്യയശാസ്ത്രങ്ങളുടെയും ദർശനപദ്ധതികളുടെയും സ്വഭാവപരമായ വൈരുദ്ധ്യങ്ങളെ പി. കെ. ശശിധരൻ ഈ ലേഖനത്തിൽ പരാമർശിക്കുന്നു. ‘കൊമ്പില്ലാത്ത കാട്ടുപോത്ത്’ എന്ന സവിശേഷ ഉപമയിലൂടെ വിപ്ലവാത്മകമെന്ന് അവകാശപ്പെടുന്ന ആശയങ്ങൾക്ക് കാലക്രമത്തിൽ എങ്ങനെ അവയുടെ മൗലികമായ ശക്തിയും പ്രസക്തിയും നഷ്ടപ്പെടുന്നു എന്ന് അദ്ദേഹം പരിശോധിക്കുന്നു. വൈയക്തിക അനുഭവങ്ങളെയും ബൗദ്ധികാന്വേഷണങ്ങളെയും കൂട്ടിയിണക്കുന്ന ഈ ദാർശനിക വിചിന്തനം, തത്വശാസ്ത്രത്തിന്റെ പരിമിതികളെ അനുഭവാധിഷ്ഠിത ചിന്തയുടെ (പ്രയോഗിക പ്രവർത്തനത്തിലൂന്നിയുള്ള ചിന്തയുടെ തലത്തിൽ ) വിമർശന വിധേയമാക്കുന്നു. ‘തത്വശാസ്ത്രത്തിനെതിരെ’ എന്ന വിഷയത്തെ മുൻനിർത്തിയുള്ള ആലോചനയുടെ ഒരു ആമുഖമാണ് ഈ കുറിപ്പ്.
കാട്ടുപോത്ത് വിചാരം
കാട്ടുപോത്ത് ഒരു ക്രൂരതയുള്ള ജീവിയാണ്. കാഴ്ച്ചയിൽ അതിന് പേടിപ്പെടുത്തുന്ന പ്രകൃതമാണുള്ളത്. പ്രകൃത്യാ അതിന് കൊമ്പുകളുണ്ടാകും. കൊമ്പുകളാണ് അതിന്റെ ഭീകരസ്വത്വത്തിന് കാരണമെന്നുപറയാം.
ഏറെ ശക്തിയും വേഗതയുമുള്ള ആക്രമണകാരിയായ കാട്ടുപോത്തിന് കൊമ്പില്ലെങ്കിൽ അതിന്റെ പറയപ്പെടുന്ന വ്യക്തിത്വത്തിന് ഹാനിയുണ്ടാകും. അതിന്റെ ശൂരത്വഭാവം ഇല്ലാതാകും. എന്തെങ്കിലും ജനിതകവൈകല്യം കാരണം കൊമ്പുകളില്ലാത്ത പോത്തുകളുണ്ടാകാം. അപ്പോൾ കൊമ്പില്ലാത്ത കാട്ടുപോത്തിന്റെ പതിവ് സങ്കല്പനപ്രകാരമുള്ള സ്വത്വബോധമാകില്ല കാഴ്ചയിലുണ്ടാകുന്നത്, ചിലപ്പോൾ കൊമ്പില്ലാത്ത കാട്ടുപോത്തും ആക്രമകാരികളാകാമെങ്കിലും. കൊമ്പില്ലാത്ത കാട്ടുപോത്തിന്റെ പ്രതീതിപ്രകാരം ഒരു സംഗതിക്ക് പ്രതീക്ഷിക്കപ്പെടുന്ന ശൂരത ഉണ്ടാകണമെന്നില്ല. പ്രസ്തുത പ്രഹസനമാണ് ‘കൊമ്പില്ലാത്ത കാട്ടുപോത്തിനെപ്പോലെ’ എന്ന ഉപമയുടെ ധ്വനി. അതുകൊണ്ട് കൊമ്പില്ലെങ്കിലും ഒരു കാട്ടുപോത്ത് എപ്പോഴും കാട്ടുപോത്ത് തന്നെയാകുമെന്ന ശാസ്ത്രീയ തർക്കത്തിന് ഇവിടെ പ്രസക്തിയില്ല.

ഉപമേയം
റാഡിക്കൽ ഹ്യുമനിസ(വിപ്ലവാത്മക മാനവികതാവാദം)മാണ് ഇത്തരമൊരു ആലങ്കാരിക പ്രയോഗത്തിലൂടെ വിമർശിക്കപ്പെട്ടിട്ടുള്ളത്. അങ്ങനെയൊരു രാഷ്ട്രീയ-സാംസ്കാരിക പ്രസ്ഥാനത്തിന്റെ പേരിൽത്തന്നെകാണുന്ന ‘വിപ്ലവാത്മകം’ എന്ന വിശേഷണം അതിന്റെ പ്രായോഗിക ചരിത്രവുമായി പൊരുത്തപ്പെടുന്നില്ലതാണ് ധ്വനി. ഇക്കാലത്ത് റാഡിക്കൽ ഹ്യുമനിസത്തിനെതിരെ ഇത്തരമൊരു വിമർശനത്തിന്റെ ആവശ്യകത ഇല്ലന്നുതന്നെ പറയാം. പകരം ‘ചത്തകാട്ടുപോത്ത്’ എന്ന് പറയുന്നതാകും കൂടുതൽ യുക്തമാകുന്നത്. കാരണം നമ്മുടെ ചിന്താമണ്ഡലത്തിലോ സാമൂഹിക-സാംസ്കാരിക മേഖലയിലോ ഈ മാനവികതാവാദമെന്ന ചിന്തയോ പ്രസ്ഥാനമോ പ്രസക്തമായ സാന്നിധ്യമായി തുടരുന്നില്ല. അതിന്റെ ശക്തരായ വക്താക്കൾ ആരെങ്കിലുമിന്ന് ജീവിച്ചിരിക്കുന്നുമില്ല. ‘ദി റാഡിക്കൽ ഹ്യുമനിസ്റ്റ്’ എന്നൊരു ഇംഗ്ലീഷ് മാഗസിൻ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടെങ്കിലും ശ്രദ്ധേയമായ അന്വേഷണങ്ങളൊന്നും അതിലുണ്ടാകാറില്ല. ഒരുപക്ഷേ അതിന്റെ ഉദ്ദിഷ്ട ലക്ഷ്യങ്ങൾ നേരെത്തേതന്നെ പൂർത്തികരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടാകാം. എങ്കിലും ഒരു ശവപൂജപ്പോലെ എന്തെങ്കിലുമൊക്കെ നടക്കുന്നുണ്ടാകാം. അങ്ങനെയെങ്കിൽ എന്തിനാണിപ്പോൾ അതിനോടുള്ള വിമർശനവുമായി ബന്ധപ്പെട്ട ഈ കുറിപ്പ് എഴുതുന്നതെന്ന് ചോദിച്ചേക്കാം.
എഴുത്തിന്റെ യുക്തി
റാഡിക്കൽ ഹ്യുമനിസമെന്ന ആദർശസംഹിതയെ മുൻനിർത്തി ഉന്നയിക്കപ്പെട്ട വിമർശനം മറ്റെല്ലാ ചിന്താപദ്ധതികളുടെ കാര്യത്തിലും ബാധമാകാവുന്നതാണ്. കാരണം ഇവിടെ മാനവികവാദത്തിന് സംഭവിച്ചത് മറ്റു കാര്യങ്ങളിലും നടക്കുന്നതോ നടക്കാനിടയുള്ളതോ ആയ സംഗതിയാണ്. റാഡിക്കൽ ഹ്യുമനിസം ‘ന്യൂ ഹ്യുമനിസം’ (പുത്തൻമാനവിത) എന്നനിലയിലും വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ‘വിപ്ലവാത്മക’മെന്ന വിശേഷണം ‘പുത്തൻ’ എന്നതിലേക്ക് മാറുന്നതിൽത്തന്നെ ആദർശശോഷണത്തിന്റെയോ തിരുത്തലിന്റെയോ വ്യതിയാനത്തിന്റെയോ നവീകരണത്തിന്റെയോ അംശങ്ങളുണ്ടാകാം. റാഡിക്കൽ ഹ്യുമനിസവുമായി ബന്ധപ്പെട്ടുകൊണ്ട് കൊമ്പില്ലാക്കാട്ടുപോത്തു പ്രയോഗം ഉണ്ടായത്തിന്റെ കാരണവും സാഹചര്യവും വിശദീകരിച്ചശേഷം പ്രസ്തുത വിമർശനമെങ്ങനെയാണ് മറ്റുകാര്യങ്ങൾക്കും ബാധകമാകുന്നതെന്ന് സൂചിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കൊമ്പില്ലാക്കാട്ടുപോത്തു വിമർശനം ഈ ലേഖകന്റെ വ്യക്തിപരമായ ചില അന്വേഷണ-പഠനങ്ങളുടെ പശ്ചാത്തലത്തിൽ ഉണ്ടായതാണ്. പ്രസ്തുത വിശദീകരണത്തിന് അല്പം ആത്മകഥനത്തിന്റെ മാനങ്ങളുണ്ടാകാം. എന്നാലതിൽ പൊതുകഥയുടെ അംശങ്ങളും അന്തർഭാവമായുണ്ട്. റാഡിക്കൽ ഹ്യുമനിസത്തോടുള്ള വിമർശനം സമൂഹത്തിൽ നിലവിലുള്ള വിവിധ ചിന്താധാരകളുമായി, ബൗധികചരിത്രത്തിൽ നിർണ്ണായകമായ ഇടപെടലുകൾ നടത്തിയ ആശയസംഹിതകളുമായി സംവദിക്കുന്നതിന്റെ ഭാഗമായി ഉണ്ടായതാണ്.
വ്യക്തിഗതാനുഭവത്തിൽ അന്തർലീനമായ പൊതുവിനെ പ്രകടമാക്കി അവതരിപ്പിക്കുകയെന്നത് ഈ കുറിപ്പിന്റെ ഘടനാപരമായ യുക്തിയുടെ ഭാഗമാണ്.
പൊതുതാല്പര്യം
സാമൂഹിക നീതിയെയും വ്യക്തിസ്വാതന്ത്രത്തെയും മുൻനിർത്തി അവതരിപ്പിക്കപ്പെടുന്ന പല വിപ്ലവാത്മകമായ ചിന്താ പദ്ധതികൾക്കും അധികം വൈകാതെ പറയപ്പെടുന്ന ശൂരത്വം ചോർന്നുപോകുന്നതായി പൊതുവെ കാണാറുണ്ട്. ‘പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല’ന്ന് കുഞ്ചൻനമ്പ്യാർ പാടിയതുപോലുള്ള ഒരു വിപര്യയാവസ്ഥ ഓരോ വിപ്ലവാത്മക ആദർശസംഹിതക്കും പ്രസ്ഥാനത്തിനും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതുപോലുള്ള ഒരവസ്ഥയെയാണ് ‘കൊമ്പില്ലാക്കാട്ടുപോത്ത്’ എന്ന ഉപമയുടെയും വ്യഗ്യം. ഈ വൈരുദ്ധ്യവും പ്രഹസനവും ഏതൊരു ആദർശസംഹിതയുടെ കാര്യത്തിലും സംഭവിക്കാനിടയുള്ളതാണെങ്കിൽ അങ്ങനെ ആവർത്തിക്കപ്പെടുന്ന വിപര്യയാവസ്ഥയെ മറികടക്കുന്നതിനുള്ള ആലോചനകളും ഉണ്ടാകേണ്ടതാണ്. ഇവിടെ സൂചിപ്പിക്കപ്പെടുന്ന സങ്കല്പനവിപര്യയമെന്ന പ്രക്രിയ ഒറ്റപ്പെട്ട ഒരു കാര്യമല്ല. പ്രത്യയശാസ്ത്രം, തത്വശാസ്ത്രം, ആശയശാസ്ത്രം, ആശയസംഹിത, തത്വചിന്ത, തത്വസംഹിത, ആദർശസംഹിത, സിദ്ധാന്തപദ്ധതി, ദർശനപദ്ധതി, മീമാംസ, വേദാന്തം, ഫിലോസഫി എന്നിങ്ങനെ വിവിധ പേരുകളിൽ ചില്ലറ അർത്ഥവ്യത്യാസങ്ങളോടെ വ്യവഹരിക്കപ്പെടുന്ന സംഗതികളുടെ കാര്യത്തിലെല്ലാം ഒരുപോലെ സംഭവിക്കുന്നതാണ്. ആ നിലയിൽ ‘തത്വശാസ്ത്രത്തിനെതിരെ’ എന്നുപറയാവുന്ന ഒരു പൊതുയുക്തിയാണ് ഈ കുറിപ്പിന്റെ മുഖ്യതാല്പര്യം.
രാഷ്ട്രീയചരിത്രം
റാഡിക്കൽ ഹ്യുമനിസത്തിന്റെ ഉപജ്ഞാതാവായ എം എൻ റോയി ആദ്യം വിപ്ലവദേശീയവാദികളുടെ കൂടെയായിരുന്നു. പിന്നീട് സാർവ്വ ദേശീയ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയാവുകയും തുടർന്ന് കമ്മ്യൂണിസത്തിൽ നിന്ന് മുന്നോട്ടുപോയി വിപ്ലവാത്മക മാനവികതാവാദത്തിന്റെ പ്രാരംഭകനാവുകയും ചെയ്തു. ആ രീതിയിൽ ഉന്നതമായ വിപ്ലവാത്മക രാഷ്ട്രീയ പ്രവർത്തനപാതയെന്നു പ്രഖ്യാപിച്ചുകൊണ്ടുള്ള റോയിയുടെ പ്രസ്ഥാനത്തെയാണ് കൊമ്പില്ലാത്ത കാട്ടുപോത്തിനെപ്പോലെയെന്ന് വിശേഷിപ്പിക്കേണ്ടിവന്നത്. പ്രസ്തുത വിമർശനം ഏതെങ്കിലുമൊരു പൊതുവേദിയിൽ പ്രകടിപ്പിക്കപ്പെട്ടതായിരുന്നില്ല. പുതുമാനവികതയുടെ ആശയസംഹിത മതിയായരീതിയിൽ മനസ്സിലാക്കുകയോ പഠിക്കുകയോ ചെയ്തതിന്റെ അടിസ്ഥാനത്തിലുണ്ടായ ഒരു പ്രതികരണവുമായിരുന്നില്ല. കൃത്യമായ വിശകലനത്തിലൂടെ എഴുതപ്പെട്ട ഏതെങ്കിലുമൊരു കൃതിയിൽ രേഖപ്പെടുത്തിയ അഭിപ്രായവുമായിരുന്നില്ല. മറിച്ച്, റോയിയുടെ സഹപ്രവർത്തകനും മലയാളത്തിലെ പ്രമുഖ എഴുത്തുകാരനുമായിരുന്ന എം ഗോവിന്ദനുമായി ഈ ലേഖകൻ കത്തുകളിലൂടെ നടത്തിയ ആശയവിനിമയത്തിനിടയിൽ പ്രകടിപ്പിച്ച ഒരു പ്രതികരണം മാത്രമായിരുന്നു അത്.

ആത്മകഥനം
സർവ്വദേശീയ തലത്തിൽ കമ്മ്യൂണിസ്റ്റ് വിപ്ലവ വസന്തങ്ങൾ വിടർന്നുകൊണ്ടിരുന്ന കാലത്തുതന്നെ അതിന്റെ ഭാഗമായുണ്ടായിരുന്ന ഒരു മഹാ രാഷ്ട്രീയ-ദർശനിക പ്രതിഭ സ്വാനുഭവങ്ങളിലൂടെ ഉയർത്തിക്കൊണ്ടുവന്ന ഗഹനമായ ചിന്തയെക്കുറിച്ച് വളരെ നിസ്സാരമായിക്കണ്ട് വിധിയെഴുതിയത് തികച്ചും അപക്വമായിരുന്നിരിക്കാം. സൂചിന്തിതവും യുക്തിഭദ്രവുമായ വാദമുഖങ്ങളൊന്നുമില്ലാതെയുള്ള വെറുമൊരു പൊതുപ്രസ്താവന മാത്രമായിരുന്നു അത്.
ഒരു കലാലയ വിദ്യാർത്ഥിമാത്രമായിരുന്ന കാലത്ത് റാഡിക്കൽ ഹ്യുമനിസത്തെക്കുറിയാൻ താല്പര്യപ്പെട്ടുകൊണ്ട് കത്തുകളെഴുതിത്തുടങ്ങി അധികം വൈകാതെതന്നെ അത്തരമൊരു നിഗമനത്തിലേക്കു ചാടിയത് ശൈശവ-യൗവന സഹജമായ ശൂരത്വം (ധൈര്യം അല്ലെങ്കിൽ അഹങ്കാരം) കൊണ്ടായിരിന്നുവെന്ന് പിന്നീട് തോന്നിയിരുന്നു. ആ രീതിയിൽത്തന്നെയാകണം ഗോവിന്ദൻ അതിനെ അവഗണിച്ചത്. പിന്നീട് കുറേകാലത്തേക്ക് ഒരു മറുപടിയും ബന്ധവുമുണ്ടായിരുന്നില്ല, നാലഞ്ചുവർഷങ്ങൾക്കുശേഷം നേരിൽ കാണുന്നതുവരെ. അദ്ദേഹം മരണപ്പെടുന്നതുവരെ ഉണ്ടായിരുന്ന വളരെ ഊഷ്മളമായ സൗഹൃദത്തിനിടയിൽ ഒരിക്കൽപോലും കാട്ടുപോത്ത് വിമർശനത്തെക്കുറിച്ച് പരാമർശിക്കുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ റാഡിക്കൽ ഹ്യുമനിസമെന്താണെന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടിൽ പരോക്ഷാമായ പ്രതികരണത്തിന്റെ സൂചനലുണ്ടായിരുന്നു. അത് മുകളിൽ പറഞ്ഞ ‘തത്വശാസ്ത്ര’ ചിന്തയുടെ സങ്കല്പനപരിധിക്കുള്ളിൽത്തന്നെ വരുന്ന ന്യായീകരണമായിരുന്നു. എന്നാൽ, കാട്ടുപോത്തുവിമർശന യുക്തി തത്വശാസ്ത്ര ചിന്താരീതിക്കുതന്നെ എതിരായതാണ്. ഈ ‘പ്രതി-തത്വശാസ്ത്ര’ വിചാരത്തെക്കുറിച്ചുള്ള വ്യക്തത കാട്ടുപോത്തുവിമർശനം ഉന്നയിക്കുന്നകാലത്ത് ലേഖകനുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ ദീർഘകാലത്തെ തത്വശാസ്ത്ര ഗവേഷണങ്ങളിലൂടെയാണ് അതുണ്ടായത്. എങ്കിലും, റാഡിക്കൽ ഹ്യുമനിസത്തിനെതിരെ നടത്തിയ കാട്ടുപോത്തുവിമർശനത്തിൽ അതിന്റെ ഉൾക്കാഴ്ച്ച അന്തർഹിതമായുണ്ടായിരുന്നു. അതുകൊണ്ടാണ് മാനവികതാവാദ വിമർശനത്തെ പരാമർശിച്ചുകൊണ്ട്, അതിന് കാരണമായ എം ഗോവിന്ദനുമായുള്ള സംവാദത്തെ അവലംബിച്ചുകൊണ്ട് തത്വശാസ്ത്രത്തിനെതിരെയുള്ള (തത്വശാസ്ത്രവിരുദ്ധമായ) ആലോചനകളിൽ ഏർപ്പെടാൻ ശ്രമിക്കുന്നത്. ഇവിടെ ആത്മകഥനമായിവരുന്ന കാര്യങ്ങൾക്ക് ധാരാളം പൊതുപ്രസക്തിയുണ്ട്. തത്വശാസ്ത്രത്തിന്റെ വരണ്ട യുക്തിവിചാരങ്ങക്കപ്പുറം അനുഭവൈകവും പ്രായോഗികവുമായ വിചാരതലങ്ങൾക്ക് പ്രാധാന്യം കല്പിക്കുന്ന ഒരു വിചിന്തനരീതിയെയാണ് ഇവിടെ ഉപജീവിക്കുന്നത്.
(അപൂർണ്ണം)
