
വേണം പഞ്ചായത്ത് രാജ് ഭരണ സ്ഥാപനങ്ങൾക്ക് ഒരു പരിസ്ഥിതി മാനിഫെസ്റ്റോ
കക്ഷി രാഷ്ട്രീയത്തിന് ഊന്നൽ നൽകുന്നതിലൂടെ അധികാര വികേന്ദ്രീകരണത്തിന്റെയും സ്വയം ഭരണത്തിന്റെയും സാധ്യതകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവഗണിക്കുകയാണ് പതിവ്. അതുപോലെ പരിഗണിക്കപ്പെടാതെ പോകുന്ന ഒന്നാണ് പാരിസ്ഥിതിക സുസ്ഥിരത. ജൈവ വൈവിധ്യ സംരക്ഷണത്തിൽ വലിയ പങ്ക് പഞ്ചായത്ത് രാജ് ഭരണ സ്ഥാപനങ്ങൾക്ക് വഹിക്കാൻ കഴിയും. അധികാരത്തിൽ വരുന്ന ഭരണ സമിതികൾ ജൈവവൈവിധ്യ സംരക്ഷണ നിയമം നടപ്പാക്കുന്നതിൽ ഭാവനയും ഇച്ഛാശക്തിയും കാണിച്ചാൽ കേരളത്തിൽ ഗുണകരമായ മാറ്റം ഉണ്ടാകും എന്ന് ഓർമ്മിപ്പിക്കുകയാണ് അഡ്വ. വിനോദ് പയ്യട
കേരളം പശ്ചിമഘട്ടത്തിൻ്റെ വരദാനമാണ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് അഗ്നിപർവ്വത വിസ്ഫോടനത്തെ തുടർന്നാണ് പശ്ചിമഘട്ട മലനിരകൾ ഉണ്ടായതെന്ന് അനുമാനിക്കപ്പെടുന്നു. കേരളത്തിൻ്റെ കിഴക്കൻ അതിർത്തിയിലെ മലനിരകൾ മാത്രമല്ല ഇടനാടൻ പ്രദേശങ്ങൾ തീരപ്രദേശങ്ങൾ കടലിൻ്റെ തീരത്തോട് ചേർന്നുള്ള ആഴം കുറഞ്ഞ കടൽഭാഗങ്ങൾ എല്ലാം പശ്ചിമഘട്ട പ്രദേശമായി കണക്കാക്കപ്പെടുന്നു. ലോകത്തിലെ തന്നെ അപൂർവ്വ ജൈവകലവറയാണ് പശ്ചിമഘട്ട പ്രദേശങ്ങൾ. ജീവൻ്റെ പരിണാമത്തിൻ്റെ കണ്ണികൾ മുറിയാതെ അവശേഷിക്കുന്നതും ജീവൻ്റെ പരിണാമ ചങ്ങലയിലെ കണ്ണികൾ പുതുതായി കണ്ടെത്തുകയും ചെയ്യുന്ന ലോകത്തിലെ തന്നെ ഏകമെന്ന് പറയാവുന്ന ജൈവ മണ്ഡലമാണ് പശ്ചിമഘട്ടം. അനുദിനം പുതിയ ജീവി വർഗങ്ങൾ ഇവിടെ കണ്ടെത്തപ്പെടുന്നു. ഈ പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന തനതു ജീവിവർഗങ്ങളുടെ എണ്ണവും കൂടുതലാണ്. ഇന്ത്യയിൽ തന്നെയുള്ള ഹിമാലയത്തിൻ്റെ കിഴക്കൻ മലനിരകളാണ് പശ്ചിമഘട്ടത്തിന് സമാനമായ പാരിസ്ഥിതിക വ്യവസ്ഥയുള്ള മറ്റൊരു ജൈവമണ്ഡലം.
കേരളത്തിൻ്റെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിനു പുറമെ പശ്ചിമഘട്ടത്തിൻ്റെ ഫലഭൂയിഷ്ഠതയാണ് കേരളത്തിൻ്റെ കാർഷിക മേഖലയുടെ നട്ടെല്ല്. നമ്മുടെ ജീവിതതാളം, മനുഷ്യരുടെ സ്വഭാവം,സംസ്കാരം, കലകൾ,സംഗീതം തുടങ്ങിയവ പശ്ചിമഘട്ടത്തിൻ്റെ പാരിസ്ഥിതിക സവിശേഷതയുമായി ബന്ധപ്പെട്ട് കിടക്കുന്നു. കൊളോണിയൽ വികസന മാതൃകയുടെ പ്രഭാവം പെരുകിയ കാലത്തിനു മുമ്പ് വരെ കേരളത്തിലെ മനുഷ്യരുടെ ജീവിതത്തിന് സുരക്ഷിതിത്വം നൽകി വന്നത് പശ്ചിമഘട്ടമാണ്. എന്നാൽ പശ്ചിമഘട്ടത്തിൻ്റെ സംരക്ഷണം കേരളത്തിൻ്റെ രാഷ്ട്രീയ, ധനകാര്യ ,കാർഷിക അജണ്ടകളിൽ ഒരു കാലത്തും ഇടം പിടിച്ചിട്ടില്ല എന്നതാണ് നമ്മുടെ ദുര്യോഗം. പശ്ചിമഘട്ടത്തിൻ്റെ പാരിസ്ഥിതിക തകർച്ചയാണ് കാർഷിക മേഖലയുടെ തകർച്ചയുടെ പ്രധാന കാരണമെന്ന് പോലും തിരിച്ചറിയാത്തവരാണ് കാർഷിക നയങ്ങൾ രൂപപ്പെടുത്തുന്നത്. പരിസ്ഥിതിലോല പ്രദേശമായ കേരളത്തിന് ഒരിക്കലും അനുഗുണമായിരുന്നില്ല കേരളം രൂപപ്പെടുത്തിയ വികസന നയങ്ങൾ.
കേരളത്തിൻ്റെ ധനകാര്യ മാനേജ്മെൻ്റിൽ ഒരു കാലത്തും കേരളത്തിൻ്റെ ജൈവസമ്പത്ത് ഇടം പിടിച്ചിട്ടുമില്ല. കേരളത്തിലെ ബജറ്റ് വരുമാനത്തിൽ നിർണായകമായി ഇടം പിടിക്കേണ്ട ഒന്നായിരുന്നു യഥാർത്ഥത്തിൽ കേരളത്തിൻ്റെ ജൈവസമ്പത്ത്. പശ്ചിമഘട്ടത്തിൻ്റെ പാരിസ്ഥിതിക തകർച്ചയാണ് കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അധികൃതവും അനധികൃതവുമായ ക്വാറികൾ, വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ, വനപ്രദേശത്തിൻ്റെ ആന്തരികമായ നാശം, ജൈവസമ്പത്തിൻ്റെ നാശം തുടങ്ങിയവ ഈ പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈ പാരിസ്ഥിതിക വിനാശം കേരളത്തെ മനുഷ്യ -വന്യ ജീവി സംഘർഷത്തിൻ്റെ ഭൂമികയാക്കിമാറ്റിയതിൻ്റെ കാരണങ്ങളിലൊന്നാണ്. ഇവയിൽ ഏറ്റവും പ്രധാനം ജൈവസമ്പത്തിൻ്റെ പൂർണമായിക്കൊണ്ടിരിക്കുന്ന തകർച്ചയാണ്.

1992 ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ ചേർന്ന ഭൗമ സമ്മേളനം ലോകം നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളിലൊന്നായി കണക്കിലെടുത്തത് ജൈവ വൈവിധ്യത്തിൻ്റെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന നാശമാണ്. ഈ സമ്മേളനം അന്താരാഷ്ട്ര ജൈവ വൈവിധ്യ കൺവൻഷൻ്റെ രൂപീകരണത്തിന് കാരണമായി. ഈ കൺവൻഷൻ ജൈവ വൈവിധ്യ സംരക്ഷണത്തിനു വേണ്ടിയുള്ള മാർഗനിർദ്ദേശങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി. അതിൽ പ്രധാനം ജൈവസമ്പത്തിനു മേൽ അതാത് രാജ്യങ്ങൾക്കും അവിടങ്ങളിലെ ജനസമൂഹങ്ങൾക്കും ഉള്ള അധികാരമാണ്. അത് പോലെ ജൈവസമ്പത്തിന് മേലുള്ള പാരമ്പര്യമായ വിജ്ഞാനത്തിൻ്റെ സംരക്ഷണവും അതിൻ്റെ പരിപാലനത്തിനും വിനിയോഗത്തിനുമുള്ള നമ്മുടെ ഗ്രാമസഭ, പഞ്ചായത്തി രാജ് സ്ഥാപനങ്ങൾ പോലുള്ളവയ്ക്കുള്ള അന്തിമമായ അധികാരവുമാണ്. ഇതിനു സമാനമായി തദ്ദേശീയ ഗോത്രങ്ങൾക്കും കാർഷിക സമൂഹങ്ങൾക്കും വേണ്ടിയുള്ള അന്താരാഷ്ട്ര കരാറുകളും ഗ്രാമീണ സമൂഹങ്ങളുടെ അധികാരം ഉയർത്തിപ്പിടിക്കുന്നവയാണ്.
ഇന്ത്യൻ ഭരണഘടനയുടെ ഗൗരവമായ ഒരു ന്യൂനത അത് ഗ്രാമ സർക്കാറുകൾ എന്ന സങ്കല്പത്തെ ഇന്ത്യയുടെ ഭരണ സംവിധാനത്തിലെ ഭരണഘടനാപരമായി അടിസ്ഥാനമുള്ള ഘടകമായി പരിഗണിച്ചില്ല എന്നതാണ്. മാർഗനിർദ്ദേശക തത്വങ്ങളിൽ പറഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാനങ്ങൾക്ക് താഴെ ഭരണഘടനാപരമായ അധികാരങ്ങളുള്ള ഭരണസംവിധാനമായി ഗ്രാമ സർക്കാറുകൾ വിഭാവനം ചെയ്യപ്പെട്ടില്ല. ഭരണഘടനയുടെ 73,74 ഭരണഘടനാ ഭേദഗതികൾ വഴി പഞ്ചായത്തീരാജ് സംവിധാനം ഭരണ ചട്ടക്കൂടിനകത്ത് ഉൾചേർക്കപ്പെട്ടെങ്കിലും ഗ്രാമങ്ങളിലെ വിഭവങ്ങൾ വിനിയോഗിക്കുന്നതിനുള്ള അധികാരമോ അവ വിനിയോഗിക്കുന്നതിൽ അഭിപ്രായം പറയാനുള്ള അധികാരമോ ഗ്രാമീണരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ അന്തിമമായ തീരുമാനമെടുക്കാനുമുള്ള യാതൊരു തനതായ അധികാരമോ അവയ്ക്കില്ല. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഭരണനിർവ്വഹണ ഏജൻസിയായി പ്രവർത്തിക്കുന്ന ചുമതല മാത്രമെ ഉള്ളൂ. ഗോത്രമേഖലയിലെ പഞ്ചായത്ത് രാജ് സംവിധാനങ്ങൾക്ക് മാത്രമാണ് ഇത്തരത്തിലുള്ള അധികാരം നൽകിയിട്ടുള്ളത്. പഞ്ചായത്തിരാജ് സ്ഥാപനങ്ങളെ ഇപ്രകാരം അധികാര വ്യവസ്ഥക്ക് പുറത്ത് നിർത്തിയത് രാജ്യത്തിൻ്റെ വിഭവങ്ങൾ വികസനത്തിൻ്റെ പേരിൽ യഥേഷ്ടം യാതൊരു പരിപാലന, സംരക്ഷണ വ്യവസ്ഥകളുമില്ലാതെ ചൂഷണം ചെയ്യുന്നതിനു വേണ്ടിയാണെന്ന് കരുതേണ്ടി വരും.
പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ പരിപാലനം, വന പരിപാലനം, നടീൽ വസ്തുക്കളുടെ സംരക്ഷണം വിതരണം തുടങ്ങിയവ തദ്ദേശീയ, ഗ്രാമീണ ജനവിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കപ്പെടേണ്ടത് എന്ന തത്വം ഇന്ന് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനക്ക് കീഴിലുള്ള കൺവൻഷനുകൾ ഈ തത്വത്തിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ നിയമങ്ങൾ ഉണ്ടാക്കാൻ അംഗരാഷ്ട്രങ്ങൾക്ക് ഉത്തരവാദിത്തം നൽകിയിട്ടുണ്ട്.
പശ്ചിമഘട്ട സംരക്ഷണത്തിനും അതിൻ്റെ പരിപാലനത്തിനും ഉതകുന്ന തീർപ്പുകൾ ഉണ്ടാക്കാൻ ജനങ്ങൾക്കും ഗ്രാമസഭകൾക്കും പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്കും അധികാരം നൽകുന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ അടങ്ങിയതായിരുന്നു പ്രൊഫ. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ പശ്ചിമഘട്ട പഠന സമിതിയുടെ റിപ്പോർട്ട്. അത് നടപ്പിലാക്കാൻ നിക്ഷിപ്ത താല്പര്യങ്ങളുള്ള രാഷ്ട്രീയ പാർട്ടികളും ബ്യൂറോക്രസിയും അനുവദിച്ചില്ല.
ഐക്യരാഷ്ട്ര സംഘടനയുടെ കൺവൻഷനുകളുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ പാസ്സാക്കപ്പെട്ടിട്ടുള്ളതാണ് 2002 ലെ ജൈവവൈവിധ്യ സംരക്ഷണ നിയമം.. ജൈവ വൈവിധ്യ സംരക്ഷണ നിയമം ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ജനങ്ങൾക്ക് ജൈവവൈവിധ്യ പരിപാലനത്തിലും ജൈവസമ്പത്ത് വിനിയോഗിക്കുന്നതിലും ചില അധികാരങ്ങൾ നൽകുന്നുണ്ട്. ഓരോ തദ്ദേശ സ്ഥാപനത്തിലും അതിൻ്റെ പരിധിയിൽ ജൈവ സംരക്ഷണത്തെയും സുസ്ഥിരമായ ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുന്നതിനും ആവാസവ്യവസ്ഥയെ കാത്തു സൂക്ഷിക്കുന്നതിനും ഭൂമി, ജീവികളുടെ വിവിധ വംശങ്ങൾ, നാടൻ ഇനങ്ങൾ, കൃഷി രീതികൾ, വളർത്തുമൃഗങ്ങൾ, മറ്റ് ജന്തുവർഗങ്ങൾ, സൂക്ഷ്മജീവികൾ തുടങ്ങിയവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി ജൈവ വൈവിധ്യ പരിപാലന സമിതി (BMC) കൾ രൂപീകരിക്കണമെന്ന് നിർദ്ദേശിക്കുന്നു. ഇവയെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തേണ്ടത് ജനകീയ ജൈവവൈവിധ്യ പട്ടിക(People ‘s Biodiversity Register-പി.ബി.ആർ)കളുടെ രൂപത്തിലായിരിക്കണമെന്നും നിയമം അനുശാസിക്കുന്നു. ബി.എം.സി.കളുടെ പ്രധാന ദൗത്യം ജനങ്ങളുമായി സംസാരിച്ച് ജനങ്ങളെ കൂടി പങ്കാളികളാക്കിക്കൊണ്ട് പി.ബി.ആർ.തയ്യാറാക്കുക എന്നതാണ്. ഈ രജിസ്റ്ററിൽ പ്രാദേശിക ജൈവികവിഭവങ്ങളുടെ ലഭ്യത, അവയെ സംബന്ധിച്ച നാട്ടറിവുകൾ, അവയുടെ ഔഷധമൂല്യം, അവയുമായി ബന്ധപ്പെട്ട പാരമ്പര്യവിജ്ഞാനം എന്നിവ ഉൾപ്പെടുത്തിയിരിക്കണം. ഓരോ തദ്ദേശ സ്ഥാപനത്തിൻ്റെയും പരിധിയിലുള്ള ജൈവ വിഭവത്തിൻ്റെ വാണിജ്യ വിനിയോഗത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് ഫീസ് ഈടാക്കാം. പാരമ്പര്യ വിജ്ഞാനത്തിൻ്റെ കാര്യത്തിൽ അത് കൈവശമുള്ളയാൾക്കും പാരമ്പര്യ സമൂഹത്തിനും നിശ്ചിതമായ വരുമാനം ഉറപ്പാക്കിക്കൊടുക്കാനും പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് വിജ്ഞാനം ഉപയോഗിക്കുന്നവരിൽ നിന്ന് ഫീസ് ഈടാക്കാനും കഴിയും. പഞ്ചായത്തിൻ്റെയോ പരമ്പരാഗത സമൂഹത്തിൻ്റെയോ സമ്മതമില്ലാതെ വിഭവങ്ങളും വിജ്ഞാനവും വാണിജ്യാവശ്യത്തിനുപയോഗിക്കുന്നവരിൽ നിന്ന് പിഴയീടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇവയിലൂടെ തദ്ദേശസ്ഥാപനങ്ങൾക്ക് തനതു വരുമാനമുണ്ടാക്കാൻ കഴിയും. ഈ ജൈവസമ്പത്തിൽ നിന്ന് മൂല്യവർദ്ധിത വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിലൂടെ ജനങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്താൻ കഴിയും. അതിൽ നിന്ന് പഞ്ചായത്തുകൾക്കും വരുമാനം ഉണ്ടാക്കാം. ജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് തയ്യാറാക്കുന്ന പട്ടികയ്ക്കും ജൈവസമ്പത്തിൻ്റെ വിനിയോഗവും സംരക്ഷണവും സംബന്ധിച്ച് ബി.എം.സി.കൾ എടുക്കുന്ന തീരുമാനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി പദവിയുണ്ട് എന്നതാണ് പ്രധാന കാര്യം. അതാത് പ്രദേശത്തെ ജൈവ വൈവിധ്യത്തിന് ഹാനികരമാകുന്നുവെന്ന് കണ്ടാൽ ആ പ്രദേശത്തെ ക്വാറികൾ, മറ്റ് വൻനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവയെ നിയന്ത്രിക്കാനും അവയ്ക്ക് അനുമതി നിഷേധിക്കാനുള്ള നിർദ്ദേശം നൽകാനും ബി.എം.സി.കൾക്ക് കഴിയും. തദ്ദേശീയ പാരിസ്ഥിതിക വ്യവസ്ഥയിലുള്ള കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാൻ പി.ബി.ആറിനും ബി. എം.സിക്കും കഴിഞ്ഞതിൻ്റെ ഒരു മുൻ അനുഭവം കേരളത്തിലുണ്ട്. കോട്ടയം ജില്ലയിലെ കടനാട് പഞ്ചായത്തിൽ മജു പുത്തൻകണ്ടം പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ 2008 ൽ നാട്ടുവൈദ്യനായ ജോസ് പുത്തേട്ടിനെ കൺവീനറാക്കി ബി.എം.സി.രൂപീകരിക്കുകയും തീർത്തും നിയമത്തിൻ്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കനുസൃതമായി പി.ബി.ആർ. തയ്യാറാക്കുകയും ചെയ്തു. ജൈവ വൈവിധ്യ സമ്പന്നമായ പെരുംകുന്ന് മലയിൽ ക്വാറികൾ തുടങ്ങണമെങ്കിൽ ബി.എം.സി.യുടെ അനുമതി വേണമെന്ന് പഞ്ചായത്ത് തീരുമാനിക്കുകയുണ്ടായി. വിനാശകരമായ ക്വാറികളെ തടഞ്ഞു നിർത്താൻ പഞ്ചായത്തിന് കഴിഞ്ഞു, പിന്നീട് ഭരണസമിതി മാറി വന്നപ്പോൾ പഞ്ചായത്തിൻ്റെ തീരുമാനം തിരുത്തിക്കാൻ നിക്ഷിപ്ത താല്പര്യക്കാർക്ക് സാധിച്ചുവെങ്കിലും.
തദ്ദേശീയമായ ജൈവ വൈവിധ്യം നിലനിർത്തുന്നതിനും പുന:സ്ഥാപിക്കുന്നതിനും ഉപയോഗിക്കാതെ ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിൽ തദ്ദേശീയമായ ഔഷധസസ്യങ്ങൾ, ഫല സസ്യങ്ങൾ തുടങ്ങിയവ വ്യക്തികൾക്ക് ഇൻസെൻ്റീവ് നൽകിക്കൊണ്ട് വെച്ചുപിടിപ്പിക്കാനും സംരക്ഷിക്കാനും പഞ്ചായത്തുകൾക്ക് കഴിയും. അതിലെ വിഭവങ്ങൾ വിനിയോഗിക്കാനുള്ള ലൈസൻസ് ബി.എം.സികളുടെ അനുമതിയോടെ നൽകുന്ന പക്ഷവും തദ്ദേശ സ്ഥാപനങ്ങൾക്ക് വരുമാനമുണ്ടാക്കാൻ കഴിയും. ഗ്രാമീണ പാരിസ്ഥിതിക, ആവാസ വ്യവവസ്ഥകൾ സംരക്ഷിക്കുന്നതിലൂടെയും പരിപാലിക്കുന്നതിലൂടെയും സംസ്ഥാനത്തിൻ്റെ പൊതു പാരിസ്ഥിതിക വ്യവസ്ഥയും സംരക്ഷിക്കാൻ കഴിയും.

തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലുള്ള ജൈവ വൈവിധ്യത്തിൻ്റെ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി അവയെ പരിപാലിക്കുന്നതിനും സ്വാതീകമായ ടൂറിസത്തിന് ഉപയോഗപ്പെടുത്തുന്നതിനും ബി.എം.സി.കളുടെ ശരിയായ പ്രവർത്തനം വഴി കഴിയും. പഞ്ചായത്തീരാജ് സ്ഥാപനങ്ങളിൽ ഇപ്പോൾ നിലവിലുള്ള ആരോഗ്യ, വിദ്യാഭ്യാസ, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കൗൺസിലുകളുടെ മാതൃകയിൽ ഓരോ സ്ഥാപനങ്ങളിലും പരിസ്ഥിതി സ്റ്റാൻ്റിംഗ് കൗൺസിലുകൾ ഉണ്ടാവണം. ഈ കൗൺസിലിനെ ഉപദേശിക്കാൻ ഓരോ പ്രദേശത്തെയും പരിസ്ഥിതി പ്രവർത്തകരും നാട്ടുവൈദ്യന്മാരും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച ജീവശാസ്ത്ര അധ്യാപകരും അടങ്ങുന്ന ഉപദേശ സമിതികൾ രൂപീകരിക്കാം. ഇവക്ക് പി.ബി.ആർ.തയ്യാറാക്കുന്നതിലും ബി.എം.സി.യുടെ പ്രവർത്തനത്തിലും ഉപദേശങ്ങൾ നൽകാൻ കഴിയും.
2006 ലെ വനാവകാശ നിയമം വനത്തിനുള്ളിൽ താമസിക്കുന്ന ഗോത്ര വനാശ്രിത സമൂഹങ്ങൾക്ക് ഗോത്ര പഞ്ചായത്തുകൾക്ക് ഉള്ള സവിശേഷമായ അധികാരങ്ങൾ ലഭ്യമാക്കുന്നുണ്ട്. പക്ഷേ കേരളത്തിൽ അത് പ്രാബല്യത്തിൽ വരുത്താൻ തയ്യാറായിട്ടില്ല.
ജൈവവൈവിധ്യ സംരക്ഷണ നിയമത്തിനും വനാവകാശ നിയമത്തിനും കീഴിൽ ഗ്രാമീണ തദ്ദേശീയ ജനസമൂഹങ്ങളും തദ്ദേശ സ്ഥാപനങ്ങളും ബി.എം.സികളും കൈകോർത്ത് പിടിച്ച് ഫലപ്രദമായി പ്രവർത്തിക്കുന്നതിൻ്റെ ഉദാഹരണങ്ങളും അനുഭവങ്ങളും മാധവ് ഗാഡ്ഗിലിൻ്റെ “പശ്ചിമഘട്ടം ഒരു പ്രണയകഥ ” എന്ന ആത്മകഥയിൽ വിശദീകരിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ ദിശയിൽ പ്രവർത്തിക്കുന്നതിനുള്ള നല്ല ഗൈഡ് കൂടിയാണ് മാധവ് ഗാഡ്ഗിലിൻ്റെ ആത്മകഥ. മാത്രമല്ല ജനങ്ങൾക്ക് ഇക്കാര്യത്തിൽ അധികാരങ്ങൾ പ്രയോഗിക്കാൻ കഴിയുന്നതിലൂടെ ഗ്രാമ സമൂഹങ്ങൾ ഉത്തരവാദിത്തമുള്ളവയും ചലനാത്മകവുമായി മാറുന്നതിൻ്റെ സന്ദർഭങ്ങൾ ഗാഡ്ഗിൽ തൻ്റെ അനുഭവങ്ങളിലൂടെ വിശദീകരിക്കുന്നുണ്ട്.

നിർഭാഗ്യവശാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിട്ട സ്ഥാനാർത്ഥികൾ, രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്ക് ലഭ്യമായ ഈ അധികാരത്തെക്കുറിച്ച് യാതൊന്നും പറയുകയുണ്ടായില്ല. അധികാരത്തിൽ വരുന്ന ഭരണ സമിതികൾ ജൈവവൈവിധ്യ സംരക്ഷണ നിയമം നടപ്പാക്കുന്നതിൽ ഭാവനയും ഇച്ഛാശക്തിയും കാണിച്ചാൽ കേരളത്തിൽ ഗുണകരമായ മാറ്റം ഉണ്ടാകും എന്ന കാര്യത്തിൽ തർക്കമില്ല.
Featured Image: Plastic Pollution in Valapattanam River, Kannur District of Kerala- Image Courtesy- South First
