മലയാളി മറക്കുന്ന മലയാണ്മ

മലയാളി മറക്കുന്ന മലയാണ്മ

കേരളം ഇന്ന് അതിന്റെ ഏറ്റവും വിലമതിക്കപ്പെടേണ്ട സ്വത്തായ വൈവിധ്യത്തെ നിശ്ശബ്ദമായി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മലകളും നദികളും കടലും കായലുകളും ചേർന്നുണ്ടാകുന്ന പ്രകൃതിയുടെ അപൂർവ സംഗീതത്തിൽ നിന്നു ഗോത്രപരമ്പരകളിലേക്കും ഗ്രാമീണ ജീവിതരീതികളിലേക്കുമൊക്കെ വ്യാപിച്ചിരിക്കുന്ന ഒരു വൈവിധ്യം നമുക്കുണ്ടായിരുന്നു. കേരളത്തിന് നഷ്ടമായി പോകുന്ന ഈ സാംസ്കാരികവും പരിസ്ഥിതികവുമായി ബന്ധപ്പെട്ടു കിടക്കുന്ന അനന്യതയുടെയും വൈവിധ്യത്തിന്റെയും വിവിധ മുഖങ്ങളെ നമ്മെ ഓർമ്മിപ്പിക്കുകയാണ് എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ വി. കെ. ശ്രീധരൻ.

വൈവിധ്യമാണ് ഭൂമിയുടെയും നമ്മുടെയും നിലനില്പിന് ആധാരം; നാടിൻ്റെ സംസ്കാരത്തിൻ്റെയും. ആഹാരത്തിൻ്റെ രുചിഭേദങ്ങൽ തേടി ഓരോരുത്തരും ഓടുകയാണ്. സമയവും സമ്പത്തും അത്രമേൽ വിനിയോഗിച്ചുകൊണ്ട്. സായിപ്പ് ഏറ്റവും കേമമെന്ന് വീമ്പിളക്കുന്നത് സെവൻ കോഴ്‌സ് ഡിന്നർ. എന്നാൽ നമ്മുടേത് എഴുപതിലധികം വിഭവങ്ങളുടെ പട്ടിക. അതിന് കാരണം ഇവിടത്തെ പ്രകൃതിയുടെ പ്രത്യേകതയിലധിഷ്ഠിതമായ സസ്യവിളവൈവിധ്യം. ജന്തുജീവി വർഗ്ഗങ്ങൾ അസംഖ്യം. അറുപത്തിയെട്ട് പട്ടികജാതിക്കാരും മുപ്പത്തിയാറ് പട്ടികവർഗ്ഗങ്ങളും എന്ന സ്ഥിതി വിവരകണക്കിനേക്കാൾ എത്രയോ വ്യത്യസ്‌തതയുള്ള ജനതതി. നമ്മുടെ ആറു ഋതുക്കൾക്ക് പകരംവെക്കാൻ പാശ്ചാത്യർക്ക് നാല് എണ്ണം മാത്രം. സാമൂഹിക വിനിമയങ്ങളും സർഗ്ഗസിദ്ധികളും ധനസ്ഥിതിയും തുലോം വിഭിന്നം. ഇന്ത്യയുടേതിനേക്കാൾ, ദക്ഷിണേന്ത്യയിൽനിന്നുപോലും വ്യതിരിക്തമാണ് കേരളീയത.

പച്ചയാം വിരിപ്പിട്ട സഹ്യനിൽ തലവെച്ചും…

ഭൂമിശാസ്ത്രപരമായി കേരളത്തെ മൂന്നു വിഭാഗങ്ങളായി വേർതിരിച്ചിട്ടുണ്ട്. പശ്ചിമഘട്ടവും അതിൻ്റെ താഴ്വാരങ്ങളുമടങ്ങുന്ന മലനാട്. സമുദ്രനിരപ്പിൽനിന്നും 8 മീറ്റർ ഉയരമുള്ള ഭൂവിഭാഗമാണ് തീരപ്രദേശമെങ്കിലും 10 മീറ്റർ വരെ കണക്കാക്കാറുണ്ട്. ഏകദേശം 4000 ച.കി.മീറ്റർ. 50000 ഹെക്‌ടർ വരുന്ന 44 നദീതടങ്ങൾ, 151 ഉപനീർത്തടങ്ങൾ, 950 ലഘുനീർത്തടങ്ങൾ. ഇതിനു പുറമെയാണ് അസംഖ്യം ചെറു/സൂക്ഷ്‌മ നീർമറികൾ, കായലുകൾ, തടാകങ്ങൾ എന്നിവ. ഇവയ്ക്ക് ജീവനമേകുന്ന സഹ്യാദ്രി. ലോകത്തിലെതന്നെ പ്രധാനപ്പെട്ട ജൈവമണ്ഡല (Biosphere) ങ്ങളിൽ കേരളവും നിർണ്ണായകം. ഭൂമിയിലെ 12 മെഗാ ബയോ ഡൈവേഴ്‌സിറ്റി മേഖലകളിൽ ഒന്നാണ് ഇന്ത്യ. ഭൂമദ്ധ്യരേഖയിൽനിന്നും കഷ്ടിച്ച് 10 ഡിഗ്രി വടക്കാണ് കേരളത്തിൻ്റെ സ്ഥാനം. കാട്, കടൽ, കായൽ, വയൽ, കുളം, കിണർ, ചതുപ്പ് തുടങ്ങി ഒട്ടേറെ ആവാസ വ്യവസ്ഥകളുടേയും ജൈവജാതികളുടേയും ജനിതക വിഭിന്നതകൾക്ക് ആധാരമായത് മേൽ ഘടകങ്ങൾ. ശരാശരി മഴയുടെ അളവ് 3000 മി.മീറ്ററാണെങ്കിലും നിത്യഹരിത വനങ്ങളിലും മലമ്പ്രദേശങ്ങളിലും ഇതിൽ കൂടുതലാണ്. ഋതുക്കൾ ആറ് ശിശിരം, വസന്തം, ഗ്രീഷ്‌മം, വർഷം, ശരത്ത്, ഹേമന്തം. നീലഗിരി ജൈവമണ്ഡലത്തിൽപ്പെട്ട സൈലൻ്റ് വാലി, കേരളത്തിൻ്റെ പരമപ്രധാന വിപിനം.

590 കി.മീ. നിളത്തിൽ സാഗരതീരം പടിഞ്ഞാറ്. കിഴക്ക് കാവലാളായി പശ്ചിമഘട്ടം. അതുകൊണ്ടുതന്നെ ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലേതുപോലെ വിദേശ ആക്രമണങ്ങൾ വിരളം. ഇടവപ്പാതി (തെക്കു പടിഞ്ഞാറൻ കാലവർഷം) യും തുലാവർഷവും (വടക്കു കിഴക്കൻ കാലവർഷം) പായ്‌കപ്പലുകളിൽ വിദേശീയർക്ക് വരാനും തിരിച്ചുപോകാനും സൗകര്യമൊരുക്കി. ജനിതകമായും വാണിജ്യപരമായും ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ വനങ്ങൾ കേരളത്തിലേത്. കുരുമുളക്, ചന്ദനം, ഏലം, ആനക്കൊമ്പ്, മുത്ത് തുടങ്ങിയ വിഭവങ്ങൾ തേടി വണിക്കുകൾ കേരളത്തിലേക്ക് വരവായി. പശ്ചിമതീരത്തെ തുറമുഖങ്ങളും തിരുവനന്തപുരം മുതൽ കൊച്ചി വരെയുള്ള ജലഗതാഗതമാർഗ്ഗങ്ങളും, ഉൾനാടുകളിലേക്ക് കപ്പൽ ഗതാഗതം സാധ്യമായിരുന്ന നദികളും വൈദേശിക വ്യാപാരശൃംഖല പ്രബലമാക്കി. ഇതിൽ ഏറ്റവും പ്രമുഖവും പ്രസിദ്ധവും മുസിരിസ് (കൊടുങ്ങല്ലൂർ), കാലവർഷക്കാറ്റുകൾ (മൺസൂൺ) കണ്ടുപിടിച്ചതോടെ അറബിനാടുകളിൽനിന്ന് 40 ദിവസംകൊണ്ട് കേരളത്തിലെത്താൻ കഴിയുമെന്നായി. ടോളമിയും പെരിപ്ലെസുകാരനും പ്ലിനിയും പ്രാചീന ഇന്ത്യയിലേക്കുള്ള പ്രവേശനകവാടമായിരുന്നു മുസിരിസ് പട്ടണം എന്ന് വിവരിക്കുന്നുണ്ട്. പറവൂരിനടുത്ത പട്ടണമാണ് മുസിരിസ് എന്ന് ഡോ. ഷാജൻ കെ. പോളിൻ്റെ (എം.ജി. സർവ്വകലാശാല) പുതിയ പഠനം.

വൈവിധ്യത്തിന്റെ സ്വരലയങ്ങൾ

ഇവിടത്തെ കളികളും കളങ്ങളും വർണ്ണാഭ ചൊരിയുന്നത് പ്രകൃതിയിലെ നിറക്കൂട്ട് ചാലിച്ചെടുത്ത്. ഭൂമിശാസ്ത്രപരമായ സവിശേഷത സ്ഥലനാമങ്ങൾക്ക് ആധാരമായി. സംഘകാലഘട്ടത്തിലും ഇത് പ്രകടം. ചേറിൽ നിന്ന് ഉണ്ടായത് ചേറളം. പിന്നീട് കേരളമായി എന്ന് ഒരു ഭാഷ്യം. ചേരന്മാരുടെ രാജ്യമായ ചേരളത്തിന്റെ ഭാഷാന്തരമെന്ന് ഡോ. ഗുണ്ടർട്ട്. ഗ്രീസിലെ മെഗസ്‌തനീസിൻ്റെ വിവരണങ്ങളിൽ ചേരജനതയെക്കുറിച്ച് സൂചനയുണ്ട്. കൗടില്യന്റെ അർത്ഥശാസ്ത്രത്തിലും അശോകന്റെ 2-ാം ശിലാശാസനത്തിലും പതഞ്ജലിയുടെ മഹാഭാഷ്യത്തിലും കേരളം പരാമർശിക്കപ്പെടുന്നുണ്ട്. ഞണ്ട് മണ്ണെടുത്ത് കേരളക്കരയുണ്ടാക്കിയെന്ന് സാംബവരും സൂചിപ്പിക്കുന്നു. ഗ്രീക്ക് നാവികനായ ഹിപ്പാലസിന്റെയും വാസ്കോഡഗാമയുടെയും ഹുയാൻസാങ്ങിന്റെയും, മാർക്കോപോളോയുടേയും കേരള സന്ദർശനങ്ങൾ. സെൻ്റ് തോമസിന്റെയും യഹൂദരുടേയും ഗോവയിൽ നിന്നും ഗൗഡസാരസ്വത ബ്രാഹ്മണരുടേയും കുഡുംബികളുടേയും വരവ് മുതലായവ സംസ്‌കൃതിയുടെ സന്നിവേശസൂചകങ്ങൾ. ചേരരാജ്യം, ബുദ്ധ-ജൈന മതങ്ങൾ എന്നിവയുടെ കേരള ചരിത്രത്തിലെ പ്രാഭവം ശ്രദ്ധേയം.

മഹാശിലായുഗ സംസ്‌കാരത്തിൻ്റെ തിരുശേഷിപ്പുകൾ വിളിച്ചോതുന്നത് നമ്മുടെ ധന്യ പൈതൃകം. എടക്കൽ ഗുഹ (വയനാട്), ചെറുമനങ്ങാട്, പോർക്കുളം (തൃശൂർ), മങ്ങാട്ട് (കൊല്ലം) എന്നിവിടങ്ങളിലെ ഉത്ഖനനങ്ങൾ/പുരാവസ്‌തുക്കൾ എന്നിവ ഉദാഹരണങ്ങളാണ്. നെഗ്രിറ്റോയ്‌ഡ്, ആസ്ത്രലോയ്‌ഡ്‌ വിഭാഗത്തിലെ ആദിമ ജനതയും BCE 18-ാം നൂറ്റാണ്ടിൽ കുടിയേറിപ്പാർത്തുവെന്നുകരുതുന്ന ദ്രാവിഡരും നമ്മുടെ പിതാമഹർ.


നാട്ടുവഴക്കങ്ങളിൽ നിലീനമായ ഗ്രാമീണ ജീവിതം. കൃഷി – ആഹാരവും ആചാരവും, ചികിത്സ മരുന്നും മന്ത്രവും, തൊഴിലും ഉപകരണങ്ങളും പ്രകൃതിയോടിണങ്ങിയത്. മലയും മഴയും മരവും മോട്ടീഫ്. ആധുനിക സമൂഹത്തിന് അവ അന്ധവിശ്വാസമാകാം. കാവുകളിൽ അമ്മദൈവം, നാടൻ കലകൾ കൊയ്‌തൊഴിഞ്ഞ പാടശേഖരങ്ങളിൽ. വാസ്‌തുവിദ്യയും വാദ്യവും വരയും പ്രകൃത്യനുസൃതമായി. വെയിലിനും മഴയ്ക്കും അനുയോജ്യമായി ചെരിഞ്ഞ മേൽക്കൂരയുള്ള വീടുകൾ. മറ്റു സംസ്ഥാനങ്ങളിലേതുപോലെ വൻ കരിങ്കൽ ശില്പ‌ങ്ങളും നിർമ്മിതികളും നമുക്കില്ല.

വിരുന്നുവന്നവർ വീട്ടുകാരായപ്പോൾ

‘മാനവരെല്ലാരും ഒന്നുപോലെ’യായിരുന്ന കാലവും സമതയുടെ ഗോത്രസംസ്കൃതിയും പൊലിഞ്ഞു. ജാതി വ്യവസ്ഥയും ജന്മിത്തവും ഉയിർകൊണ്ടു. തുടർന്ന് നാടുവാഴികളുടെ ചേരിപ്പോരുകൾ വൈദേശികാധിപത്യത്തിന് വഴിതെളിച്ചു. 1663 ൽ പോർച്ചുഗീസുകാരെ തുരത്തി ഡച്ചുകാർ മേൽകോയ്‌മ നേടി. പിന്നെ ബ്രിട്ടീഷ് ആധിപത്യം.

ശാസ്ത്ര സാങ്കേതിക വിദ്യയുടെ മുന്നേറ്റങ്ങൾ. പോരാട്ടങ്ങളുടെ തീജ്വാലകൾ – പഴശ്ശിരാജ, കുഞ്ഞാലിമരക്കാർ. സാംസകാരിക സമന്വയത്തിൻ്റെ, പര്യവേഷണങ്ങളുടെ മിന്നലാട്ടങ്ങൾ. ഹോർത്തൂസ് മലബാറിക്കസ് (ക്രിസ്റ്റഫർ റീവ്സ്), മലബാർ മാന്വൽ (ലോഗൻ), മലയാളം നിഘണ്ടു (അർണ്ണോസുപാതിരി). പെരിയാറിലെ വെള്ളപ്പൊക്കത്തിൽ വാണിജ്യ കേരളത്തിൻ്റെ ഗതിമാറ്റം. തമിഴകത്തിൽനിന്നും കേരളമാകുന്നത്, കൊല്ലവർഷാരംഭം, മലയാളഭാഷ രൂപപ്പെട്ടത്, നവോത്ഥാന പ്രസ്ഥാനം, വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ, ഐക്യകേരളം, ജനായത്തഭരണം, ഭൂപരിഷ്ക്കരണം, ആധുനിക, ഉത്തരാധുനിക ചിന്തകൾ എല്ലാം മലയാളിയുടെ മനോവ്യാപാരങ്ങളിലെ പരിണാമ ബിംബങ്ങൾ. കലയും സാഹിത്യവും മലയാളിത്തത്തിന്റെ വാങ്മയങ്ങളായി. ഇടശ്ശേരി, പി. കുഞ്ഞിരാമൻ നായർ, വൈലോപ്പിള്ളി തുടങ്ങി അനേകം പേരുടെ കാവ്യകേളികൾ. ഒ.വി. വിജയൻ (പാലക്കാട്), എം.ടി. (വള്ളുവനാട്), തകഴി (കുട്ടനാട്), എം. മുകുന്ദൻ (മയ്യഴി), ഉറൂബ് (മലബാർ) മുതലായവരുടെ ആഖ്യാനങ്ങളിലേ ദേശചാരുതകൾ. പ്രകൃതി പരിരംഭണത്തിൻ്റെ നൂപുരധ്വനിയുമായി അയ്യപ്പപണിക്കരും കടമ്മനിട്ടയും ഒ.എൻ.വി. യും സുഗതകുമാരിയും.

മായുന്ന സന്ധ്യകൾ തിരിച്ചുവരുമോ…

നമ്മെ നാമാക്കിയ (ജൈവ) വൈവിധ്യം തൂത്തെറിഞ്ഞിട്ടുവേണം വീടും വിദ്യാലയവും വാണിജ്യ സമുച്ചയങ്ങളും പടുത്തുയർത്താനെന്ന മനോഭാവം വ്യാപകമാവുന്നതെങ്ങനെ? ഒരു പുൽനാമ്പുപോലും അവശേഷിപ്പിക്കാത്തതാണ് പുരോഗതിയെന്ന് ഏത് പാഠശാലയാണ് കേരളീയരെ പഠിപ്പിച്ചത്? ജെ.സി.ബി. കുന്നിടിക്കുന്നതും ടിപ്പർ ലോറികൾ ആ മണ്ണെടുത്ത് തണ്ണീർ തടങ്ങൾ നികത്തുന്നതും കാണുമ്പോൾ മലയാളിക്ക് അത്ഭുതം, ആനന്ദം! ഏകഭൂവിഭാഗക്രമം ഉണ്ടാക്കി ആവാസ വ്യവസ്ഥയുടെ വിവിധത നശിപ്പിക്കുക എന്ന തന്ത്രം ആഗോള നിക്ഷേപകരുടേത്. ഒരേ പ്രതലത്തിലെ നിവാസികളുടെ രൂപവും രുചിയും ഭാവവും ഒന്നാക്കി കീഴടക്കൽ എളുപ്പമാക്കുന്നു. ആഗോള ചന്തയിൽ (Global market) ഒരേ തരത്തിലുള്ള/ റെഡിമെയ്‌ഡ് ഉല്‌പന്നങ്ങൾ എവിടേയും ആർക്കും എത്തിക്കാം. ശാസ്ത്രസാങ്കേതികതയെ പുൽകി വികസനമെന്ന പേരിലുള്ള കുഴലൂത്തുകൾ. ഇത് സാംസ്ക്കാരിക-സാമൂഹിക ഏകകം. ജീവിതത്തിന്റെയും യഥാർത്ഥ സംസ്‌കൃതിയുടെയും തുടിപ്പ് ബഹുസ്വരതകളിൽ മാത്രം. മൃതവും വിസ്മൃതവുമാകുന്ന ഗ്രാമീണത.

ഉല്പാദകനിൽ നിന്ന് കേവലം ഉപഭോക്താവായി ചുരുങ്ങുന്ന നാട്ടുകാർ ‘ബോൺസായി’ യുടെ സ്‌തുതിപാഠകർ. ജനിതക എഞ്ചിനീയറിംഗും വിവര സാങ്കേതിക വിദ്യയും അധാർമ്മികമായി കൈകോർക്കുമ്പോൾ, മുൻകൈ ഇല്ലാതെ മെയ്യും മനവും നഷ്ട‌പ്പെടും. അധികപ്പറ്റാവുന്ന മനുഷ്യവിഭവം/ധിഷണ. ആരണ്യവും ആഴിയും ആകാശവും ആമ്പലും അമ്പിളിയുമറിയാതെ അടുത്ത തലമുറ. 17800 ഹെക്ടർ നെൽപാടം തരിശായി കിടക്കുന്നുവെന്ന് കണക്ക്. (2023-24) പണ്ട് വീടുകൾ വയലിനരികെ. ഇന്നാകട്ടെ പൂമുഖങ്ങൾ റോഡിലേക്ക്. വാഹനാപകടങ്ങളിലും
എയ്ഡ്സിലും ആത്മഹത്യയിലും (പ്രത്യേകിച്ച് കൂട്ട ആത്മഹത്യ) നമ്മൾ മുന്നേറുന്നു. കൊലയും കൊള്ളയും കൊള്ളരുതായ്‌മകളും ബലാൽക്കാരവും കൊണ്ട് കലുഷിതം. തടവറയിൽ വിവശനായിട്ടുപോലും വിചാരണവേളയിൽ ശത്രുക്കളുടെ മുഖത്തു നോക്കി ബുഷാണ് കുറ്റക്കാരനെന്ന് പറയാനുള്ള സദ്ദാംഹുസൈൻ്റെ ചങ്കൂറ്റം മലയാളിക്ക് എന്നുണ്ടാകും?

മല വെട്ടി അശുദ്ധം ചെയ്‌തവർ തലയില്ലാതൊഴുകണമാറ്റിൽ

ആശാവഹമാണ് സ്വത്വം തിരിച്ചുപിടിക്കാനുള്ള കേരളീയൻ്റെ യത്നം. അണു കുടുംബത്തിന്റെ അന്യഥാബോധത്തിൽനിന്നും ആരൂഢങ്ങളിലേക്കുള്ള ആത്മയാനങ്ങൽ – ഗൃഹസദസ്സുകൾ, കൂട്ട/പ്രവാസി സംഗമങ്ങൽ, നാട്ടറിവുകൾ, ഞാറ്റുവേലകൾ, നാട്ടുചന്തകൾ, ദേശചരിത്രം, ജൈവകൃഷി/ഉൽപന്നങ്ങൾ, കളിപ്പള്ളിക്കൂടം, സമാന്തരചികിത്സ, യോഗ, ധ്യാനം, പഴയരീതിയിലുള്ള നിർമ്മിതികൾ മുതലായവ. മഴയും പുഴയും ആഴിയും ആസ്വദിക്കാൻ, നിലനിർത്താൻ ആഗോളീകരണത്തിൻ്റെ നീരാളിപ്പിടുത്തത്തിനെതിരെ ചെറുത്തുനിൽപുകൾ. ആയിരം ദിവസങ്ങൾ പിന്നിട്ട പ്ലാച്ചിമട (കുടിവെള്ളം), പുഴസംരക്ഷണ സമിതികൾ, കരിമുകൾ സമരം (പ്രാണവായു), അതിരപ്പിള്ളി, പൂയംകുട്ടി, പാത്രക്കടവ് തുടങ്ങിയ പദ്ധതികൾക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ (കാട്), ദളിത് മുന്നേറ്റങ്ങൾ (ആദിവാസി ഭൂമിപ്രശ്‌നം), വികേന്ദ്രീകൃത ആസൂത്രണം, പഞ്ചായത്തിരാജ് (വികസനം), സ്ത്രീപക്ഷ ചിന്തകൾ, മാധ്യമം (സംസ്കാരം) എന്നിവ. കാടുണ്ടെങ്കിലെ കാടരും കാട്ടരുവികളുമുള്ളൂ. വയൽ ചുള്ളിക്ക് വയൽ. മണ്ണിലില്ലേൽ മരത്തിലില്ല. മരുന്നുചെടികൾ നാട്ടുചികിത്സക്ക്. വള്ളവും വള്ളംകളിയും വഞ്ചി വലനിർമ്മാണവും മത്സ്യവും വെള്ളമുണ്ടെങ്കിൽ മാത്രം. പണ്ടത്തെ പടീം കുടീം മറക്കാത പാക്കനാര് പത്തെണ്ണത്തിൽ ഒൻപതുമുറവും വെറുതെ കൊടുത്ത് ഒന്നിന്റെ വില മാത്രം വാങ്ങുന്നു. ഇത് കേരളീയതയുടെ പ്രകൃതവും സംസ്കൃതവും. മലയജ ശീതള മന്ദമാരുതനിൽ മനം കവരുന്ന മാധുരോദാരമായ മലയാണ്മ.

V K Sreedharan

V K Sreedharan

പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ, വനമിത്ര പുരസ്കാര ജേതാവ് . 17 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

View All Articles by V K Sreedharan

Share Article
Whatsapp Email