
നീതി- ലിബറലും കീഴാളവും
വംശം, ഭാഷ, മതം, സംസ്ക്കാരം എന്നിങ്ങനെയുള്ള വ്യത്യസ്ത പൗരത്വ പരികല്പനകൾക്കനുസരിച്ച് മാറി മറിയുന്ന രാഷ്ട്രാതിർത്തികൾക്കുള്ളിൽ മനുഷ്യർ ഹിംസയെ ഊട്ടിവളർത്തുന്നു. അപരവൽക്കരണവും വിദ്വേഷവും പെരുകുന്നു. ഒരുകൂട്ടം മനുഷ്യരെ പുറംതള്ളുന്ന പ്രക്രിയ ലിബറൽ ജനാധിപത്യ സംവിധാനത്തിനകത്തു നിരന്തരം തുടരുകയും ചെയ്യുന്നു. ഇവിടെയാണ് പ്രത്യുത്പാദനപരതയിലും പാരസ്‌പര്യത്തിലും അടിയുറപ്പിച്ച ഒരു പുതിയ കീഴാള നീതിബോധത്തിന്റെ പ്രസക്തി. ലിബറൽ നീതി ബോധത്തിൽ നിന്ന് കീഴാള നീതിബോധത്തിലേക്കുള്ള മാറ്റത്തിന്റെ അനിവാര്യത വ്യക്തമാക്കുകയാണ് ഏ കെ രവീന്ദ്രൻ.
‘പൗരത്വം’- മനുഷ്യത്വത്തെ കടിച്ചു കീറുന്ന പേച്ചങ്ങല!
‘ നീ ബംഗ്ളാദേശിയാണോടാ’ എന്ന് ചോദിച്ചുകൊണ്ടാണല്ലോ പ്രബുദ്ധരും പൗരബോധമുള്ളവരും സർവ്വോപരി രാജ്യസ്നേഹികളുമായ നമ്മൾ ഈയിടെ ഒരു മനുഷ്യനെ ആൾക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്നത്. ‘ബംഗ്ളാദേശി’എന്നതിന് പകരം ഇന്ത്യ ഉൾപ്പെടെ ഏതു രാജ്യത്തിന്റെ പേര് ചേർത്തും ഇതേ കൃത്യം ഇതിലും ഭയാനകമായി ലോകത്തെവിടെയും നടക്കുന്നുണ്ടെന്നതാണ് വാസ്തവം. പൗരത്വ നിർണ്ണയ മാനദണ്ഡങ്ങളും വിചാരണകളും രക്ഷാ- ശിക്ഷാ നടപടികളും അതാത് മാനദണ്ഡങ്ങൾ പ്രകാരം ലക്ഷണമൊത്ത പൗരത്വം അവകാശപ്പെടുന്നവരുടെ അവകാശമായി മാറിക്കഴിഞ്ഞ കാലമാണിത്. അളവുകോൽ ഏതായാലും പൗരബോധം മുറ്റുമ്പോൾ മനുഷ്യത്വം വറ്റുന്നു. അക്രമാസക്തമായ ആൾക്കൂട്ട ശരീരമായി പൗരത്വത്തിന് രൂപാന്തരം സംഭവിക്കുന്നു. ആൾക്കൂട്ട വിചാരണയിലെ പങ്കാളികളേക്കാൾ അവരിലെ മനുഷ്യത്വത്തിന് കൂച്ചുവിലങ്ങിടുന്ന പൗരത്വ ചങ്ങലയ്ക്കാണ് പേവിഷബാധയെന്ന് എന്തേ നാമിനിയും മനസിലാക്കുന്നില്ല? ഈ ചങ്ങലയെ ഒരു ആഭരണമായി നാമിനിയും കരുതേണ്ടതുണ്ടോ?
നമ്മൾ പൊതുവെ കരുതുന്നതുപോലെ ദേശരാഷ്ട്രാതിർത്തികളല്ല പൗരത്വം നിർണ്ണയിക്കുന്നത്. മറിച്ച് വംശം, ഭാഷ, മതം, സംസ്ക്കാരം എന്നിങ്ങനെയുള്ള വ്യത്യസ്ത പൗരത്വ പരികല്പനകൾക്കനുസരിച്ചാണ് രാഷ്ട്രാതിർത്തികൾ മാറി മറിയുന്നത്. ചെറുതും വലുതുമായ യുദ്ധാനന്തര ഭൂപടങ്ങൾ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്. സിറ്റിസൺ (Citizen ) നെറ്റിസണിന് (Netizen) വഴിമാറിക്കൊടുക്കുന്നതോടെ ആൾക്കൂട്ട ശരീരത്തിന്റെ ക്രൗര്യവും ശക്തിയും പ്രതിനിധാന സ്വഭാവവും ഭീകരാകാരം കൈക്കൊള്ളുകയാണ്. കായിക മത്സര രംഗത്ത് കോടിക്കണക്കിന് ആരാധകരുള്ളവർ സ്വയം ലേലം ചെയ്യപ്പെടാൻ നിന്നുകൊടുക്കുന്ന താര ശരീരങ്ങളായി മാറുന്നത് നാം കാണുന്നു; രാഷ്ട്രീയ ചന്തയിലാകട്ടെ, വിശ്വ പൗരന്മാർ മുതൽ പ്രാദേശിക നേതാക്കൾ വരെ സ്വയം വിലപേശി വിൽക്കുന്നതും. നമ്മളാകേണ്ടത് താരഭാരം പേറുന്ന വിശ്വ പൗര ശരീരങ്ങളോ അതോ മനുഷ്യത്വമുള്ള മനുഷ്യരോ. ഇതാണ് ചോദ്യം. ഉത്തരം കണ്ടെത്താൻ പൗരത്വ പരികല്പനയുടെ അപനിർമ്മാണം കൂടിയേ തീരൂ.

തുല്യരല്ലാത്തവരെപ്പോലും തുല്യരായി പരിഗണിക്കാനുള്ള സന്മനസ്സ് ലിബറൽ ജനാധിപത്യത്തിലുണ്ടെന്ന് അംബേദ്‌കർ ‘ജാതി ഉന്മൂലന’ ത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘പൗരത്വ’ത്തിന്റെ ധാർമ്മികാടിസ്ഥാനമാണിത്. മറുവശത്ത്, യൂറോപ്യൻ നീതിദേവത സ്വയം കണ്ണുകെട്ടി അന്ധത കൈവരിക്കുന്നത് ‘സ്വജന പക്ഷപാതം’ ഒഴിവാക്കാൻ എന്നതിനെക്കാൾ മനുഷ്യർ തമ്മിലുള്ള അസമത്വങ്ങളും വൈജാത്യങ്ങളും കണ്ടില്ലെന്നു നടിക്കാനും അവയെ പൊതിഞ്ഞു സംരക്ഷിക്കാനുമാകുന്നു. ലിബറൽ ജനാധിപത്യ നീതിബോധത്തിലെ ആന്തരവൈരുദ്ധ്യവും ഔപചാരികതയുടെ പുറംപൂച്ചും ഇവിടെ കാണാനാവും. നിലവിലെ തുല്യതയില്ലായ്‌മകളെയും അനീതികളെയും മറ്റൊരു തലത്തിൽ പുതുക്കി പെരുപ്പിക്കാതെ ലിബറൽ നീതി ബോധത്തിന് നിലനിൽക്കാനാവില്ലെന്നർത്ഥം. നാല്‌പതിനായിരത്തോളം ദളിത്-ആദിവാസി പുറമ്പോക്കുകോളനികൾക്ക് ജന്മം നല്കിക്കൊണ്ടാണല്ലോ ആധുനിക കേരളം അതിൻ്റെ ഭൂപരിഷ്ക്കരണവും പൗരത്വ വികസനവും സാധിച്ചെടുത്തത്!
മൂലധന വികസനവും ജനാധിപത്യവും ആന്തരികമോ ബാഹ്യമോ ആയ പ്രതിസന്ധികളെ നേരിടുമ്പോൾ ‘തുല്യ പൗരത്വ’ത്തിനുള്ളിലെ ഹിംസയും വംശീയതയും മറനീക്കി പുറത്തു വരാതെ വയ്യ. ഈ പശ്ചാത്തലത്തിൽ നോക്കിക്കാണുമ്പോഴേ തെരുവിൽ പരസ്യമായി കൊലചെയ്യപ്പെടുന്നവരും കാണാമറയത്ത് സ്വയം ഹത്യയിലേക്കു തള്ളിയിടപ്പെടുന്നവരും വോട്ടവകാശത്തിൽ നിന്നോ പൗരത്വത്തിൽനിന്നു തന്നെയോ പുറത്താക്കപ്പെടുന്നവരും ലോകവ്യാപകമായ വലിയൊരു ‘ശുദ്ധീകരണ പ്രക്രിയ’യുടെ ഭാഗമാണെന്ന് തിരിച്ചറിയാനാവൂ. മുഖ്യധാരാ നീതിബോധം അതിനുൾക്കൊള്ളാനാവാത്തവരെയൊക്കെ സ്വാഭാവികമെന്നവണ്ണം പുറംതള്ളുന്ന പ്രക്രിയയാണിത്. ഇതാകട്ടെ നീതിയുടെ പരാജയമല്ല; ലിബറൽ ജനാധിപത്യ നീതിബോധത്തിൻ്റെ അനിവാര്യമായ പരിണതിയാകുന്നു. ഒരുപക്ഷേ കീഴാള സ്വയംഭരണത്തിനകത്ത് പുതുക്കിയെടുത്ത് പരിഹരിക്കാനായേക്കാവുന്ന ഒന്ന്. നീതിബോധമെന്നത് ലിബറൽ ജനാധിപത്യത്തിനകത്തുമാത്രം ഒതുങ്ങി നിൽക്കുന്നതോ നിൽക്കാവുന്നതോ അല്ലതന്നെ.
ഇതിനർത്ഥം ലിബറൽ ജനാധിപത്യം അപ്രസക്തമായെന്നോ അതിനകത്തു നിന്ന് അധികാരത്തിലെ പങ്കാളിത്തത്തിനും തുല്യ പരിഗണനകൾക്കും വേണ്ടി പൊരുതേണ്ടതില്ലെന്നോ അല്ല. മറിച്ച്, അടിയിൽ നിന്നുള്ള ക്രിയാത്മകമായ ‘കീഴാള സ്വയംഭരണം’ എന്ന സാധ്യതയുമായി ജനാധിപത്യത്തെ സവിശേഷരീതിയിൽ കണ്ണി ചേർക്കണമെന്നാണ്. ‘ജനാധിപത്യ’ത്തിൻ്റെ ദിശാബോധത്തിനാണ് മാറ്റം സംഭവിക്കേണ്ടത്. ‘ആധിപത്യ’ബോധത്തിൽ നിന്ന് കീഴാള സ്വയം ഭരണത്തിലേക്കുള്ളതാകേണ്ടിയിരിക്കുന്നു ആ മാറ്റം. വിഭവ സമാഹരണം, വിതരണം എന്നിവയിലൊതുക്കി നിർത്താതെ ഉത്പാദനത്തെ പ്രത്യുത്പാദനപരമാക്കുന്നതിൽ അധിഷ്‌ഠിതമായൊരു കീഴ്മേൽ മറിച്ചിൽ ഇത്തരം ദിശാമാറ്റത്തിന് അനിവാര്യമാണ്. ‘പൗരത്വ സാഹോദര്യം’ പയ്യെപ്പയ്യെ ദേശ രാഷ്ട്രാതിർത്തികളിൽ തളച്ചിടപ്പെടാത്ത ‘കീഴാള സാഹോദര്യ’ത്തിന് വഴി മാറിക്കൊടുക്കലാണിത്.
മാനവികതയെ തടവിലിടുന്ന ‘പൗരത്വ’പരികല്പ്‌പന പഴയതോ പുതിയതോ ആയ നാഗരികതയുടെ ഉത്‌പന്നവും ഉപകരണവുമാകുന്നു. ലോകം മുഴുവൻ ഒരുപോലെ നഗരവത്കരിക്കപ്പെടുക എന്ന അസാധ്യതയിലാണ് ‘തുല്യ പൗരത്വം’ കാപട്യം നിറഞ്ഞതാകുന്നത്. ജന്മനാ മുദ്രിതമാകുന്ന വർണ്ണ-വംശ-ലിംഗ-ജാതി ബന്ധങ്ങളെ കണ്ടില്ലെന്നു നടിക്കാനല്ലാതെ അവയിൽ നിന്നൊക്കെ വിടുതൽ നേടി ‘നിഷ്‌പക്ഷ നീതി’ നടപ്പാക്കുക പൗരത്വ സങ്കല്പത്തിന്റെ കഴിവിൽപ്പെട്ട കാര്യമല്ല. ‘സിറ്റി’ അഥവാ ‘പുര’ ത്തിന്റെ മോഹിപ്പിക്കുന്ന പ്രതിനിധാനമാണത്. അതുകൊണ്ട്, ‘തുല്യ പൗരത്വ’വും അതിൻ്റെ അടിസ്ഥാനത്തിലുള്ള നീതിബോധവും പുറന്തള്ളപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം ഒരു മോഹചിന്തയായി അവശേഷിക്കാതെ നിവൃത്തിയില്ല. കീഴാള ഉയിർത്തെഴുന്നേല്‌പുകളുടെ ഭാഗത്തു നിന്ന് മൗലികമായ ദിശാവ്യതിയാനം ആവശ്യപ്പെടുന്ന നൈതിക പ്രതിസന്ധിയാണിത്. മേൽക്കീഴ് വിഭജനം നിലനിൽക്കുന്നിടത്ത് നീതിക്ക് ഒരിക്കലും നിക്ഷ്പക്ഷമാകാനാവില്ല. കീഴാള പക്ഷം ചേരുക എന്നത് അതിന്റെ അനിവാര്യതയാവുന്നു. അങ്ങനെമാത്രമേ അതിന് ദ്വന്ദ പരതയെ, വിശേഷിച്ച് മേൽ കീഴ് ദ്വന്ദ പരതയെ അതിജീവിച്ച് യാഥാർത്ഥമായും നിക്ഷ്പക്ഷമാകാനാവൂ.
രക്ഷാ- ശിക്ഷാ സങ്കൽപ്പത്തെ മറികടക്കുന്ന നീതി ബോധമാണിത്. കേരളീയ കീഴാള നവോത്ഥാനം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഉയർത്തിപ്പിടിച്ചത്. അടിത്തട്ട് ജനതയുടെ കർതൃത്വത്തിലും സ്വയംഭരണശേഷിയിലും ഊന്നിനിന്നത്. താഴെ നിന്ന് മുകളിലേക്ക് ഒഴുകിക്കൊണ്ടിരുന്ന നൈതികധാര! പിൽക്കാലം വ്യക്തിവാദപരമായ ലിബറൽ നിയമവ്യവസ്ഥ കൂച്ച് വിലങ്ങിട്ട് അധോഗതിയിലാക്കിയത്. മാനവിക നീതിബോധത്തിന് സംഭവിച്ച തലതിരിച്ചിൽ; അടിത്തട്ടിൽ നിന്നുമാത്രം നേരെയാക്കാനാവുന്നത്. ‘നിങ്ങൾ ഇരയ്‌ക്കൊപ്പമോ വേട്ടക്കാരനൊപ്പമോ’ എന്ന ചോദ്യത്തിലൂടെ തങ്ങൾക്കീവേട്ടയിൽ പങ്കൊന്നുമില്ലെന്ന പരോക്ഷ പ്രഖ്യാപനത്തിന്റെ കാപട്യം വെളിപ്പെടുത്തുന്നത്. വ്യക്തി എന്നത് സാമൂഹ്യ വ്യക്തിയെങ്കിൽ അയാളുടെ കുറ്റവും കുറവും സാമൂഹ്യമാണെന്ന തിരിച്ചറിവിൽനിന്നുയിർക്കൊള്ളുന്നത്. ഇടതു- വലത് ഭേദമില്ലാതെ അപര വിദ്വേഷങ്ങൾക്കും ആൾക്കൂട്ട വിചാരണകൾക്കും എതിർ നിൽക്കുന്ന കീഴ്നില വീക്ഷണം സ്വായത്തമാക്കുന്നത്.
ലോകമെമ്പാടും ദേശ രാഷ്ട്ര പൗരത്വം മനുഷ്യത്വത്തിനും മാനവികതയ്ക്കുമാണ് കൂച്ചു വിലങ്ങിടുന്നത്. അപര വിദ്വേഷത്തിന്റെ സമ്മർദ്ദ സംഭരണികൾക്ക് കരുത്തേകാൻ വിധിക്കപ്പെട്ടവയത്രെ വ്യത്യസ്ത പൗരത്വ പരികല്പനകൾ. രാഷ്ട്രാതിർത്തികൾ മാനവികതയുടെ ഹൃദയ വിശാലതകളെ തടയുക മാത്രമല്ല, വ്യത്യസ്ത പൗര ശരീരങ്ങളെ പരസ്പ്പരം യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. പൗരത്വ പരികല്പനകൾക്ക് രാഷ്ട്ര ശരീരങ്ങളെ വിദ്വേഷ കലുഷിതമാക്കാതെ നിലനിൽക്കാനാവില്ല. ഒപ്പം രാഷ്ട്ര ശരീരങ്ങൾക്കകത്ത് തുല്യ പൗരത്വം കാത്തുകിടക്കുന്ന കീഴ്നിലക്കാരായ ജാതി വർണ്ണ ലിംഗ വിഭാഗങ്ങളോടുള്ള വെറുപ്പും വിദ്വേഷവും വർദ്ധിതമായ അളവിലും ശക്തിയിലും ഉൽപ്പാദിപ്പിച്ചുകൊണ്ടും ഉദ്ദീപിപ്പിച്ചുകൊണ്ടും മാത്രമേ അവയ്ക്ക് പൗരത്വമായിരിക്കാനാകൂ. ഇപ്രകാരം പൗരത്വ പരികല്പനകൾ വരിഞ്ഞുമുറുക്കുന്നത് മനുഷ്യത്വത്തെയും മാനവികതയെയും അല്ലാതെ മറ്റൊന്നുമല്ല.
മാനവികതയും ശേഷീ പരിമിതിയും
ഒരു ജീവജാതി എന്ന നിലയിലുള്ള മനുഷ്യന്റെ സ്വത്വമാണ് ‘മനുഷ്യത്വം.’ ഗോക്കൾക്ക് ഗോത്വം എന്നപോലെ എന്ന് നാരായണഗുരു. മറ്റു ജീവ ജാതികളുടെ സ്വത്വം പ്രകൃതിദത്തവും ജന്മവാസനകളാൽ ബന്ധിതവുമാണ്. എന്നാൽ സാമൂഹിക ജീവിയായ മനുഷ്യർക്കിത് പ്രകൃതിദത്തമെങ്കിലും ജന്മവാസനകളാൽ ബന്ധിതമല്ല. മറിച്ച് ചരിത്ര ബന്ധിതമാണ് മനുഷ്യത്വം. അതുകൊണ്ടു തന്നെ അത് മാറ്റങ്ങൾക്ക് വിധേയവുമാകുന്നു.
ആധുനിക ദേശരാഷ്ട്ര സങ്കൽപ്പവും അവയ്ക്കുള്ളിലെ പൗരത്വ സങ്കൽപ്പവും ഉടലെടുക്കുന്നതുവരെ മനുഷ്യ സ്വത്വമെന്നനിലയിലുള്ള ‘മനുഷ്യത്വ’ ഭാവനയ്ക്ക് തടസ്സം നിന്നത് ചരിത്രപരമായി ഉരുവംകൊണ്ട വംശ വർണ്ണ ജാതി ലിംഗ ഭേദങ്ങളും മത ദ്വേഷങ്ങളും മറ്റുമായിരുന്നു. ദേശ രാഷ്ട്രത്തിനകത്തെ തുല്യ പൗരത്വം എന്ന ലിബറൽ ജനാധിപത്യ സങ്കൽപ്പമാകട്ടെ മേൽപ്പറഞ്ഞ സാമൂഹ്യ സ്വത്വ ഭേദങ്ങളെയും മത ദ്വേഷത്തെയും മറികടക്കാൻ കെൽപ്പുള്ള ഒന്നായാണ് വിഭാവനം ചെയ്യപ്പെട്ടത്. അത്തരം സങ്കുചിത സ്വത്വ ബോധങ്ങളിൽ നിന്ന് മുക്തമായതെന്ന് സ്വയം പ്രഖ്യാപിച്ച ‘ആധുനിക ജനാധിപത്യ മതേതര’ ഭരണകൂടങ്ങൾ എല്ലാ ജനവിഭാഗങ്ങളുടെയും സമ്മതി സമ്പാദിക്കുകയും പ്രതിനിധാനം അവകാശപ്പെടുകയും ചെയ്തു. അതേസമയം ഇത്തരം പ്രതിനിധാനങ്ങളിലെ ഹിംസയും പുറന്തള്ളലും ബാഹ്യവും ആന്തരികവുമായ അധിനിവേശ മനോഭാവവും അടിക്കടി അടിത്തട്ടുകളിൽ നിന്ന് ചോദ്യം ചെയ്യപ്പെടാതിരുന്നിട്ടില്ല. പൗരത്വത്തിൽ നിഗൂഹനം ചെയ്യപ്പെട്ടിരിക്കുന്ന വംശ ജാതി ലിംഗ സ്വത്വങ്ങളും മത ദ്വേഷവും വെളിപ്പെടാതെയും ഇരുന്നിട്ടില്ല. അങ്ങനെയുള്ള ദേശ രാഷ്ട്ര പൗരത്വം മനുഷ്യത്വത്തിന് നേർക്കുള്ള വെല്ലുവിളിയായി മാറിയിരിക്കുന്നു എന്നതാണ് ഈ ആഗോളീകരണകാലത്തെ ലോകാവസ്ഥ. ലിബറൽ നീതി ദേവത പക്ഷെ ഇപ്പോഴും സ്വന്തം കണ്ണ് മൂടിക്കെട്ടി നിക്ഷ്പക്ഷത ഭാവിച്ചുകൊണ്ടേയിരിക്കുന്നു!
ജീവശാസ്ത്രപരമായ മനുഷ്യ സ്വത്വത്തെ സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് അധികാര വിരുദ്ധമായി നോക്കിക്കാണലാണ് മാനവികത. ഔപചാരികമോ യാന്ത്രികമോ ആയ തുല്യതാ സങ്കൽപ്പങ്ങൾക്ക് അതീതമാണിത്. ഗുരുവിന്റെ ഭാഷയിൽ, അരുളും അൻപും അനുകമ്പയുമാണ് ഈ കീഴാള നോട്ടത്തിന്റെ സവിശേഷത. മാനവരാശിയുടെ ശാസ്ത്രീയമായ അറിവിന്റെ പരിമിതികളും അറിവില്ലായ്മയുടെ അപരിമിതികളുമാണ് ഈ നോട്ടത്തെ എക്കാലവും കീഴാളമായിരിക്കാൻ നിർബന്ധിക്കുന്നത്. ഇപ്രകാരം അത് അറിയപ്പെട്ടിട്ടില്ലാത്ത ബാഹ്യവും ആന്തരികവുമായ പ്രകൃതിയുടെ നോട്ടമാകാനുള്ള ഒരു ശ്രമം കൂടിയാണെന്ന് പറയാം. അരുളും അൻപും ഒക്കെ അറിവിന്റെ നിറവാകുന്നത് അങ്ങനെ.
മറ്റൊരു തരത്തിൽ മാനവികതയുടേതായ ഈ കീഴാള നോട്ടം മനുഷ്യരുടെ ശേഷീ പരിമിതിയുടെ തിരിച്ചറിവ് കൂടിയാണെന്നു കാണാം. ഭിന്നശേഷി (disability) ക്കാരുടേത് അങ്ങനെയല്ലാത്തവരുടേതിൽ നിന്നും വ്യത്യസ്തമായ മറ്റൊരു സംവർഗ്ഗമല്ലെന്ന് ചുരുക്കം. വ്യക്‌തിവാദപരമായ ‘സ്വതന്ത്ര പൗരത്വ’ പരികല്പന കയ്യൊഴിഞ്ഞാൽ ഇക്കാര്യം ഏവർക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ. സർവ്വരും പരിമിത ശേഷിക്കാരാണെന്നർത്ഥം. ഓരോരുത്തരുടെയും ശേഷീ വൈവിധ്യം അവരുടെ ശേഷീ പരിമിതികളെത്തന്നെയാണല്ലോ വെളിപ്പെടുത്തുന്നത്. സർഗ്ഗാത്മകതകളുടെയും സാധ്യതകളുടെയും അടിസ്ഥാനം കൂടിയാണിത്. മനുഷ്യർ പരസ്പ്പരം ആശ്രയിച്ചും പരിചരിച്ചും ജൈവ പ്രകൃതിയുടെ പ്രത്യുൽപ്പാദനപരതയുടെ അമൂല്യതയെ മാനിച്ചും സംരക്ഷിച്ചും മാത്രം നിലനിൽക്കുന്നവരും നിലനിൽക്കാനാവുന്നവരും നിലനിൽക്കേണ്ടവരും ആകുന്നു.
ഇതിനാകട്ടെ ലിബറൽ ജനാധിപത്യ നീതിബോധത്തിൻ്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുതന്നെ പ്രത്യുത്പാദനപരതയിലും പാരസ്‌പര്യത്തിലും അടിയുറപ്പിച്ച ഒരു പുതിയ കീഴാള നീതിബോധം അവരവരിൽ നിന്ന് ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ട്. നീതി മുകളിൽ നിന്ന് കിട്ടേണ്ടതാണെന്ന യാന്ത്രിക പ്രതീക്ഷകൾക്ക് അതോടെ മാറ്റം വരാതെ വയ്യ.
ലിബറൽ നീതി ബോധത്തിൽ നിന്ന് കീഴാള നീതിബോധത്തിലേക്കുള്ള മാറ്റത്തിന്റെ ദിശാ സൂചനയ്ക്കാധാരം അടിസ്ഥാനപരമായ ഈ യാഥാർഥ്യമാണ്. കീഴാള ജനതയിൽ നിന്നും പ്രകൃതിയിൽ നിന്നും ഹിംസാത്മകമായി അന്യവൽക്കരിക്കപ്പെട്ട ജൈവോർജ്ജത്തിന്റെ ചെലവിൽ മാത്രമേ ‘സ്വതന്ത്ര പൗരത്വ’ പരികല്പനയുടെ പ്രബലമായ വൈയക്തിക താൻപോരിമയ്ക്കും അതിന്റേതായ കരുത്തുറ്റ ‘സ്വതന്ത്ര പരമാധികാര രാഷ്ട്ര’ സങ്കൽപ്പത്തിനും അഹങ്കരിക്കാനാവൂ.
(അവസാനിക്കുന്നില്ല)
Featured Image: From The Border Door Performance, a photo documentary installation of Richard Lou’s Border Door Performance from 1988, accompanied by an introductory video by Guisela Latorre.
