
അസമത്വം ജാതി സെൻസസിന്റെ പരിധിയിൽ പരിഹരിക്കാൻ കഴിയില്ല
രാജ്യാന്തര പ്രശസ്തനായ ദളിത്പക്ഷ ചിന്തകനും മാനേജ്‌മെന്റ് വിദഗ്ധനും ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനും മുൻ രാഷ്ട്രീയ തടവുകാരനുമായ ഡോ. ആനന്ദ് തെൽതുംബ്‌ദെയുമായി എ കെ ഷിബുരാജ് നടത്തിയ സംഭാഷണത്തിന്റെ പൂർണ്ണരൂപം. ജാതിയെ പ്രശ്നവത്ക്കരിക്കുന്ന അദ്ദേഹം ‘കാസ്റ്റ് കോൺ സെൻസസ്’ എന്ന പുതിയ പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സുവ്യക്തമായി തന്റെ നിലപാടുകൾ അവതരിപ്പിക്കുന്നു- ഭാഗം രണ്ട്. (ഇതിന്റെ പ്രസക്ത ഭാഗങ്ങൾ മാധ്യമം ആഴ്ചപ്പതിപ്പ് രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചിരുന്നു.)
Part One വായിക്കാം
Part Two
ഭരണഘടനയുടെ ആർട്ടിക്കിൾ 17 വഴി തൊട്ടുകൂടായ്മയെ സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് സർക്കാർ നിയമവിരുദ്ധമാക്കി, അപ്പോഴും ജാതി നിർമാർജനത്തോട് പ്രതിബദ്ധത കാണിച്ചില്ല. എന്തുകൊണ്ടാണ് ജാതി നിർമാർജനം രാഷ്ട്രീയ പാർട്ടികളും പതിറ്റാണ്ടുകളായി ഇന്ത്യൻ പാർലമെന്റും ഒരിക്കൽപോലും ഗൗരവമേറിയ അജണ്ടയായി ഏറ്റെടുക്കാതിരുന്നത്?
സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യം രൂപകൽപ്പന ചെയ്യുകയും പ്രവർത്തിക്കുകയും സ്ഥിരത കൈവരിക്കുകയും ചെയ്ത രീതിയുമായി ജാതി ഉന്മൂലനം ഘടനാപരമായി പൊരുത്തപ്പെടുന്നില്ല എന്നതാണ് കാരണം. ആർട്ടിക്കിൾ 17 ജാതിയെ നിലനിർത്തിക്കൊണ്ട് തൊട്ടുകൂടായ്മയെ നിയമവിരുദ്ധമാക്കി. അത് ആകസ്മികമായി സംഭവിച്ചതല്ല.
കൊളോണിയൽ ഭരണകാലത്ത്, തൊട്ടുകൂടായ്മ പാശ്ചാത്യ വിദ്യാഭ്യാസം നേടിയ ഹിന്ദു പരിഷ്കർത്താക്കൾക്ക് നാണക്കേടായി മാറി. അവർ ഈ സമ്പ്രദായത്തെ അപലപിച്ചുവെങ്കിലും ഗാന്ധി ഉൾപ്പെടെ ആരും അത് സൃഷ്ടിച്ച ജാതിഘടനയെ ചോദ്യം ചെയ്തില്ല. തൊട്ടുകൂടായ്മയെ ഒരു ധാർമ്മിക കളങ്കമായിട്ടാണ് കണക്കാക്കിയിരുന്നത്, അല്ലാതെ ജാതിയുടെ തന്നെ അനന്തരഫലമായിട്ടല്ല. സ്വാഭാവികമായും കോൺഗ്രസ് ആധിപത്യം പുലർത്തിയിരുന്ന ഭരണഘടനാ അസംബ്ലിയിൽ തൊട്ടുകൂടായ്മ ഇല്ലാതാക്കാനുള്ള പ്രമേയം എതിർപ്പില്ലാതെ പാസായി. ജാതി നിലനിൽക്കുകയാണെങ്കിൽ തൊട്ടുകൂടായ്മ എങ്ങനെ അവസാനിക്കും എന്ന വ്യക്തമായ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ച ചുരുക്കം ചിലരെ അസംബ്ലി അവഗണിച്ചു. മാറ്റിത്തീർക്കേണ്ട ജാതി വ്യവസ്ഥയെ നിലനിർത്തുകയും അതിന്റെ ഏറ്റവും ദൃശ്യമായ തൊട്ടുകൂടായ്മ എന്ന കളങ്കം എടുത്തുകളയുകയും ചെയ്തു.
കോൺഗ്രസ് നേതൃത്വത്തെ സംബന്ധിച്ചിടത്തോളം, തൊട്ടുകൂടായ്മ നിർമാർജനം പ്രതീകാത്മകമായി ശക്തവും എന്നാൽ രാഷ്ട്രീയമായി ചെലവുകുറഞ്ഞതുമായ ഒരു ധാർമ്മിക നിലപാടായിരുന്നു. അത് ചെറിയ ചില തടസ്സങ്ങൾ ഉന്നത ജാതികളുടെ വ്യവഹാരങ്ങളിൽ സൃഷ്ടിക്കുകയും അവരുടെ അടിസ്ഥാന താൽപ്പര്യങ്ങൾക്ക് ഭീഷണിയാകാതിരിക്കുകയും ചെയ്തു. ജാതിവ്യവസ്ഥയുടെ ഉന്മൂലനം സാധ്യമാക്കാൻ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് രംഗത്തെ മേൽക്കൈ, ഗ്രാമീണ മേഖലയിലെ അധികാരം, വരേണ്യവർഗ്ഗ സമവായം എന്നിവ ആശ്രയിച്ചുള്ള സാമൂഹിക സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തന്നെ ത്യജിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ കോൺഗ്രസിന് ജാതി ഘടന നിലനിറുത്തിക്കൊണ്ടു ഭരിക്കുന്ന ഒരു സ്റ്റേറ്റ് സംവിധാനം സ്വാതന്ത്ര്യാനന്തരം ലഭിക്കുകയും അത് നിലനിറുത്താൻ അവർ തീരുമാനിക്കുകയും ചെയ്തു. അടിച്ചമർത്തപ്പെട്ടവർക്ക് സാമൂഹിക നീതി ലഭിക്കാൻ ഉതകുന്ന ഉപകരണങ്ങളാണ് അവർക്കുവേണ്ടിയുള്ള ക്ഷേമപദ്ധതികൾ എന്ന വാദത്തോടെ ജാതി ഘടനയെ ഭരണഘടനാപരമായി ന്യായീകരിക്കാവുന്ന ഒന്നാക്കി മാറ്റിത്തീർക്കുകയും ചെയ്തു.

ഭരണഘടനാപരമായ തന്ത്രങ്ങൾക്കപ്പുറം, ജാതി ശ്രേണികൾ ഗ്രാമീണ മേഖലയിലെ അധികാരം, ഭൂ ഉടമസ്ഥാവകാശം, പ്രാദേശിക ഭരണം, തെരഞ്ഞെടുപ്പ് ബലതന്ത്രങ്ങൾ എന്നിവ രൂപപ്പെടുത്തി. ഗ്രാമീണ ഇന്ത്യയിലെ രാഷ്ട്രീയ അധികാരം മിക്കവാറും സാമൂഹ്യ മേഖലയിൽ പൂർണ്ണമായും ആധിപത്യമുള്ള ജാതികളാണ് നിർണ്ണയിച്ചത്. ഇത് സ്വാതന്ത്ര്യാനന്തരം കോൺഗ്രസിന്റെ ആധിപത്യത്തിന്റെ നെടുംതൂണായിരുന്നു. അതിനാൽ ജാതിയുടെ അടിവേരറുക്കുക എന്നതിനർത്ഥം ഈ വരേണ്യവർഗത്തെ അന്യവൽക്കരിക്കുകയും കോൺഗ്രസ് ഭരണത്തിന്റെ ഭൗതിക അടിത്തറയെ ദുർബലപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു. വ്യക്തമായ തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് അതിന്റെ നിലനിൽപ്പ് ഭദ്രമാക്കി എന്നതാണ് യാഥാർഥ്യം.
തുടർന്ന് പാർലമെന്ററി ജനാധിപത്യം ഈ യുക്തിയെ കൂടുതൽ ഉറപ്പിച്ചു. തെരഞ്ഞെടുപ്പുകൾ ഒത്തുതീർപ്പുകളിൽ അധിഷ്ടിതമാവുകയും സാമൂഹ്യ മാറ്റത്തെ ഉപേക്ഷിക്കുകയും ചെയ്തു. പാർട്ടികൾ ജാതി വിഭാഗങ്ങളുടെ പിന്തുണ തേടുകയും ജാതി അടിസ്ഥാനമാക്കിയുള്ള സഹകരണത്തിന്റെ പാത മുറുകെ പിടിക്കുകയും ചെയ്തു. കാലക്രമേണ, ജാതി സമവാക്യങ്ങൾ പ്രാതിനിധ്യത്തിന്റെ ഒരു സാങ്കേതികവിദ്യയായി മാറുകയും അത് നിലനിൽക്കുന്ന വ്യവസ്ഥയ്ക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം സാമൂഹിക സംഘർഷങ്ങൾ മാനേജ് ചെയ്യാനുള്ള ഒരു മാർഗ്ഗമായി മാറുകയും ചെയ്തു. അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി ശബ്ദിക്കുമെന്ന് അവകാശപ്പെടുന്ന പാർട്ടികൾ പോലും അവരുടെ അടിത്തറയെ അസ്ഥിരപ്പെടുത്തുന്ന ഒരു സാർവത്രിക ജാതി വിരുദ്ധ നയം പിന്തുടരുന്നതിനേക്കാൾ ജാതി താൽപ്പര്യങ്ങളുടെ പുറത്ത് ധാരണകളുണ്ടാക്കുന്നതാണ് ലിബറൽ ജനാധിപത്യ സംവിധാനത്തിനകത്ത് യുക്തിസഹമെന്ന് കണ്ടെത്തി.
ഇത് പതിറ്റാണ്ടുകളായി, ജാതി വ്യവസ്ഥ ഇല്ലാതാക്കാതെ മാനേജ് ചെയ്യപ്പെടാമെന്ന ഒരു സമവായം രാഷ്ട്രീയപാർട്ടികൾക്കിടയിൽ സൃഷ്ടിച്ചു. സാമൂഹിക നീതിയെ ക്വാട്ടകൾ, ക്ഷേമപദ്ധതികൾ, പ്രതീകാത്മക ഉൾച്ചേർക്കൽ എന്നിങ്ങനെ പുനർനിർവചിച്ചുകൊണ്ട് നിലനിൽക്കുന്ന വ്യവസ്ഥയിൽ അനിവാര്യമായും വരുത്തേണ്ട സുപ്രധാന തിരുത്തലുകളെ ബോധപൂർവ്വം മാറ്റിവച്ചു. അതിന്റെ ഭാഗമായി ഭൂമി പുനർവിതരണം, പൊതുവിദ്യാഭ്യാസം, ഭവന പദ്ധതികൾ, സമൂലമായ തൊഴിൽ പരിഷ്ക്കരണം തുടങ്ങിയ ജാതിയെ ഇല്ലാതാക്കാൻ കഴിയുന്ന ഘടനാപരമായ നടപടികൾ രാഷ്ട്രീയ പാർട്ടികളുടെ താൽപ്പര്യങ്ങൾക്ക് ഭീഷണിയായതിനാൽ നിരന്തരം ഒഴിവാക്കപ്പെട്ടു.
ഇതിന്റെയൊക്കെ അടിസ്ഥാന കാരണം പ്രത്യയശാസ്ത്രപരമാണ്. ജാതി അടിസ്ഥാനമാക്കിയുള്ള സാമൂഹിക ശ്രേണി നിലനിൽക്കെത്തന്നെ രാഷ്ട്രീയ സമത്വം (political equality) യാഥാർഥ്യമാക്കാമെന്ന വ്യാമോഹത്തിലാണ് ഇന്ത്യൻ ജനാധിപത്യം സ്ഥാപിതമായത്. സോഷ്യൽ ഡെമോക്രസി യാഥാർഥ്യമാകാതെ ഇന്ത്യൻ ജനാധിപത്യത്തിന് പൊള്ളയായ നിലനിൽപ്പ് മാത്രമേ സാധ്യമാകുയുള്ളൂ എന്ന് ബി. ആർ. അംബേദ്കർ മുന്നറിയിപ്പ് നൽകിയിരുന്നു. അദ്ദേഹത്തിന്റെ മുന്നറിയിപ്പ് ബോധപൂർവ്വം അവഗണിക്കപ്പെട്ടു, കാരണം ജാതിയെ ഗൗരവമായി നേരിടുന്നതിന് ഒത്തുതീർപ്പ് രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കാനും അധികാര വികേന്ദ്രീകരണം നടത്താനും അതുവഴി ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടാനും തയ്യാറായ ഒരു രാഷ്ട്രീയം ഇന്ത്യയിൽ ഉരുത്തിരിഞ്ഞു വന്നില്ല.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പാർപ്പിടം, തൊഴിൽ സുരക്ഷ എന്നിവ പോലുള്ള സാർവത്രിക ശാക്തീകരണ നടപടികൾ ഇന്ത്യൻ ഭരണകൂടം ഉപേക്ഷിക്കുകയും അതേസമയം രാഷ്ട്രീയ പാർട്ടികൾ സംവരണം മുഖ്യ അജണ്ട ആക്കി മാറ്റുകയും ചെയ്തു എന്ന് താങ്കൾ നിരീക്ഷിക്കുന്നുണ്ട് (പേജ് 122). സാർവത്രിക ക്ഷേമ പദ്ധതികളും ശാക്തീകരണ നടപടികളും കൊണ്ടുവന്നാൽ ജാതി അസമത്വത്തെ കൂടുതൽ ഫലപ്രദമായി നേരിടാൻ കഴിയുമെന്നാണോ താങ്കൾ പറയുന്നത്?
തീർച്ചയായും. ഏതെങ്കിലും പാർശ്വവൽക്കരിക്കപ്പെട്ട പ്രത്യേക വിഭാഗത്തിനായുള്ള പദ്ധതികൾ വിജയിക്കാൻ എല്ലാ വിഭാഗം ജനങ്ങളുടെയും ശേഷി വർദ്ധിപ്പിക്കുന്നത് (universal capability-building) അനിവാര്യമായ മുൻവ്യവസ്ഥയാണ് എന്നതാണ് എന്റെ ആശയം. ഇന്ത്യ അത്തരമൊരു നയം പിന്തുടർന്നിരുന്നെങ്കിൽ, വളരെ ഫലപ്രദമായി ജാതി അസമത്വത്തെ അഭിസംബോധന ചെയ്യാനും കാലക്രമേണ ജാതി നിർമാർജനം സാധ്യമാവുകയും ചെയ്യുമായിരുന്നു.
സംവരണം നടപ്പാക്കുന്ന നടപടികളുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ ജാതി അസമത്വം പുനർനിർമ്മിക്കപ്പെടുന്നുണ്ട്, അതിന്റെ ഗുണഭോക്താവിനെ തെരഞ്ഞെടുക്കുന്ന അന്തിമ ഘട്ടത്തിൽ മാത്രമല്ല വിവേചനം കടന്നുവരുന്നത്. ഗുണനിലവാരമുള്ള സ്കൂൾ വിദ്യാഭ്യാസം, മതിയായ പോഷകാഹാരം, ആരോഗ്യ സംരക്ഷണം, സുരക്ഷിതമായ പാർപ്പിടം, സുസ്ഥിരമായ ഉപജീവനമാർഗം എന്നിവയുടെ ലഭ്യത സംവരണ സ്ഥാനങ്ങൾക്ക് വേണ്ടി മത്സരിക്കാൻ പോലും ആർക്കാണ് യോഗ്യതയെന്ന് നിർണ്ണയിക്കുന്നു. ഇതൊരു നിസ്സാരവും എന്നാൽ നിർണ്ണായകവുമായ വസ്തുതയാണ്. എന്നിട്ടും കൊളോണിയൽ കാലഘട്ടത്തിനു ശേഷമുള്ള ഇന്ത്യൻ ഭരണകൂടം അതിനെ വലിയ തോതിൽ അവഗണിച്ചു, ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്ന സാർവ്വത്രിക സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാതെ സംവരണം വിപുലീകരിക്കാൻ താൽപ്പര്യമെടുത്തു.
1990കളിൽ നവലിബറൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നതിനു ശേഷം സ്ഥിതി കൂടുതൽ വഷളായി. സ്റ്റേറ്റ് ഏറ്റെടുത്ത പരിമിതമായ സാർവ്വത്രിക സാമൂഹിക അടിസ്ഥാന സൗകര്യ നിർമ്മിതിയിൽ നിന്നുപോലും പിന്മാറിയപ്പോൾ, വിവിധ സാമൂഹിക വിഭാഗങ്ങൾ പ്രതിസന്ധിയിലായി. മുമ്പ് സംവരണ പരിധിക്ക് പുറത്തുള്ള വിഭാഗങ്ങളിൽ നിന്ന് സംവരണത്തിനായുള്ള ആവശ്യങ്ങൾ ശക്തമായി. സംവരണം രാഷ്ട്രീയ മുന്നേറ്റത്തിന്റെ മുഖ്യ ഉപകരണമായി മാറുകയും വലിയ രാഷ്ട്രീയ ലക്ഷ്യങ്ങൾ പുറന്തള്ളപ്പെടുകയും ചെയ്തു. കൂടാതെ സംവരണ ഗുണഭോക്താക്കളുടെ ഒരു ചെറിയ വിഭാഗം ഉയർച്ച കൈവരിക്കുകയും അവിടേക്ക് എത്തിപ്പെടാൻ സാധിക്കാതിരുന്ന ബഹുഭൂരിപക്ഷം വരുന്ന ദലിതർ ഈ സാമൂഹിക മുന്നേറ്റത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു.
ഈ മാറ്റം അഭികാമ്യമല്ലാത്ത ചില ഫലങ്ങൾ ഉണ്ടാക്കി. ഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗങ്ങളിലെ ഒരു ചെറിയ ഗുണഭോക്തൃ വിഭാഗത്തിന് ദൃശ്യപരത ലഭിച്ചപ്പോൾ സാമ്പത്തിക അനിശ്ചിതത്വം അനുഭവിക്കുന്ന പ്രബല ജാതി വിഭാഗങ്ങൾ സംവരണം തങ്ങളുടെ ജീവിതത്തിനു പ്രതികൂല ഘടകമായി കാണാൻ തുടങ്ങി. അതിൻറെ ഫലമായുണ്ടായ രോഷം സംവരണാനുകൂല്യങ്ങൾ ലഭിക്കാതിരുന്ന ദലിതർക്കെതിരായ അക്രമത്തിലേക്ക് നയിച്ചു.

രാഷ്ട്രീയ പാർട്ടികൾ ഈ ക്രമീകരണം പ്രായോഗികമായി ഉചിതമെന്ന് അനുമാനിച്ചു. സാർവത്രിക ക്ഷേമം (Universal welfare) കൊണ്ടുവന്നാൽ കാലങ്ങളായി ലഭിച്ചുവരുന്ന തങ്ങളുടെ സാമ്പത്തിക സമാഹരണത്തിന് ഭീഷണിയാവുമെന്നും സുസ്ഥിരമായ പൊതു താൽപ്പര്യ സംരക്ഷണം, ഭരണപരമായ ശേഷി, രാഷ്ട്രീയ പ്രതിബദ്ധത തുടങ്ങിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരുമെന്നും അവർ തിരിച്ചറിഞ്ഞു. ഇതിനു വിപരീതമായി സംവരണ നയമാകട്ടെ, അടിസ്ഥാന വർഗ്ഗ ബന്ധങ്ങളെയോ സ്വത്തവകാശ ഘടനകളെയോ അലോസരപ്പെടുത്താതെ അനന്തമായി പുനർക്രമീകരിക്കാനും വിപുലീകരിക്കാനും പ്രതീകാത്മകമായി അനീതിയെ പ്രതിരോധിക്കാനും സഹായിക്കും. അങ്ങനെ അവ ഘടനാപരമായ പരിഷ്കരണത്തിന് പകരമായി പ്രവർത്തിക്കുകയും സാമൂഹിക നീതിയെ ജാതി വിഭാഗങ്ങൾ തമ്മിൽ ആർക്കും നഷ്ടമില്ലാത്ത മത്സരമാക്കി (zero-sum contest ) മാറ്റുകയും ചെയ്യും. കൂടാതെ ഭരണകൂടത്തെ സാമൂഹിക നീതി ഉറപ്പുവരുത്തുക എന്ന ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാനും സഹായിക്കും.
ബിജെപി സർക്കാർ 2014 ൽ അധികാരത്തിൽ വന്നപ്പോൾ യുപിഎ-II 2011 ൽ നടത്തിയ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് ഡാറ്റ ലഭ്യമായിരുന്നു. അതിൽ നിന്നും ജാതി ജാതി സെൻസസ് ഒഴിവാക്കിക്കൊണ്ട് സാമ്പത്തിക സെൻസസ് ഡാറ്റ മാത്രം മോദി സർക്കാർ പുറത്തുവിട്ടത് എന്തുകൊണ്ടാണെന്നാണ് താങ്കൾ കരുതുന്നത്?
ജാതി വിവരക്കണക്കുകൾ പുറത്തുവിടുന്നത് ബിജെപിയുടെ അടിസ്ഥാന രാഷ്ട്രീയ ഘടനയെയും പ്രത്യയശാസ്ത്ര നിലപാടിനെയും തെരഞ്ഞെടുപ്പ് വിജയ സാധ്യതയേയും സാമ്പത്തിക ഭദ്രതയേയും ബാധിക്കുമായിരുന്നു. ഡാറ്റ പുറത്തുവിടാൻ തടസ്സം നിന്നത് ബ്യുറോക്രസി ആയിരുന്നുന്നില്ല, അത് ആസൂത്രിതമായ ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു.
ഒന്നാമതായി, ജാതിവിവരങ്ങൾ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തുറുപ്പു ശീട്ടായ ഹിന്ദു ഐക്യം എന്ന കെട്ടുകഥയെ തുറന്നുകാട്ടും. ബിജെപിയുടെ പദ്ധതി ഹിന്ദു മതത്തിനകത്ത് ശ്രേണീ വിഭജനം ഇല്ലെന്നു വരുത്തിക്കൊണ്ടും മുസ്ലീങ്ങളെ അപരവൽക്കരിച്ചുക്കൊണ്ടും ഒരു ഏകീകൃത ഹിന്ദു സ്വത്വത്തിന്റെ പേരിൽ അധികാരം നിലനിർത്തുക എന്നതാണ്. ജാതി വിവരങ്ങൾ പുറത്തുവന്നാൽ ഹിന്ദു സമൂഹത്തിനുള്ളിലെ അസമത്വത്തെ പുറത്തു കൊണ്ടുവരുകയും ഉയർന്ന ജാതിക്കാർക്കിടയിൽ കുമിഞ്ഞു കൂടിയ സമ്പത്ത്, ഭൂമി, അവർ നേടിയ വിദ്യാഭ്യാസം, അധികാരം എന്നിവയുടെ അസമമായ കേന്ദ്രീകരണം തുറന്നു കാട്ടപ്പെടുകയും ചെയ്യും. അത് അവർ ശ്രദ്ധാപൂർവ്വം വളർത്തിയെടുത്ത ഭൂരിപക്ഷ സമവായത്തെ തകർക്കുകയും ചെയ്യും.
രണ്ടാമതായി, ഈ കണക്കുകൾ ബിജെപിയുടെ മറ്റു പിന്നോക്ക വിഭാഗങ്ങളെക്കുറിച്ചുള്ള (ഒബിസി) പ്രചാരണത്തിലെ പൊള്ളത്തരത്തെ തുറന്നതുകാട്ടുമായിരുന്നു. ഒരു ഒബിസി നേതാവെന്ന നിലയിൽ മോദിയുടെ ഉന്നത പദവി വെറും പ്രതീകാത്മകം മാത്രമാണെന്നും, അല്ലാതെ യഥാർത്ഥ രാഷ്ട്രീയ പ്രതിനിധാനം അല്ലെന്നും ജനങ്ങൾ മനസിലാക്കും. സംവരണത്തിന്റെ പുനഃക്രമീകരണം, ക്വാട്ടകളുടെ വിപുലീകരണം, സ്റ്റേറ്റിന്റെ നയങ്ങൾ ഒക്കെ യഥാർത്ഥത്തിൽ ആർക്കാണ് പ്രയോജനം ചെയ്തത് എന്നതിനെക്കുറിച്ചൊക്കെയുള്ള സൂക്ഷ്മപരിശോധന നടത്തണമെന്നുള്ള ആവശ്യങ്ങൾ ജാതി ഡാറ്റ അനിവാര്യമായും ഉയർത്തും. അത് ബിജെപി ഒളുപ്പിച്ചു വച്ച സാമൂഹിക യാഥാർഥ്യങ്ങളെ തുറന്നുകാണിക്കും.
മൂന്നാമതായി, ജാതിവിവരങ്ങൾ നവലിബറൽ നയങ്ങളുടെ ജനവിരുദ്ധ തുറന്നുകാട്ടും. ജാതി സെൻസസിലൂടെ അസമത്വം പുറത്തുവന്നാൽ സമ്പത്തിന്റെ പുനർവിതരണത്തിനുള്ള ആവശ്യങ്ങൾ, തൊഴിലവകാശങ്ങൾ, വിദ്യാഭ്യാസം, ഭൂമി, ക്രെഡിറ്റ് തുടങ്ങിയ ധാർമ്മികവും രാഷ്ട്രീയവുമായ ആവശ്യങ്ങൾ ശക്തമാകും. ബിജെപിയുടെ സാമ്പത്തിക മാതൃക ക്ഷേമരാഷ്ട്ര സങ്കൽപ്പത്തെ ഇല്ലാതാക്കിക്കൊണ്ട് മൂലധനം സംരക്ഷിക്കുന്നതാണല്ലോ. “സാമ്പത്തിക മാനദണ്ഡങ്ങൾ”അനുസരിച്ചുള്ള ക്ഷേമ പദ്ധതികൾ എങ്ങനെയാണ് സാമൂഹിക അസമത്വത്തെ മറച്ചു പിടിക്കുന്നതെന്നും ജാതി സെൻസസ് പുറത്തുകൊണ്ടുവരുമായിരുന്നു. അത് രാഷ്ട്രീയമായി വിശദീകരിക്കുക എളുപ്പവുമല്ല.
നാലാമതായി, ബിജെപി സർക്കാർ സ്ഥിതിവിവരക്കണക്കുകൾ പുറത്തുവരുന്നത് നിയന്ത്രിച്ചുകൊണ്ടാണ് ഭരണ നിർവ്വഹണം നടത്തുന്നത്. ഡാറ്റയാണ് ശക്തി. തൊഴിലില്ലായ്മ, ഉപഭോഗം, പട്ടിണി, വിദ്യാഭ്യാസം എന്നിവയിലെ ഘടനാപരമായ അസമത്വം തുറന്നുകാട്ടുന്ന ഡാറ്റ ഒളിപ്പിക്കുകയും ഭരണത്തെ വാഴ്ത്തിപ്പാടുന്ന ഡാറ്റ പുറത്തിറക്കുകയും ചെയ്യുക എന്ന സ്ഥിരമായ ഒരു രീതി മോദി ഭരണകൂടം തുടർന്നുകൊണ്ടിരിക്കുകയാണ്. താൽക്കാലികമായ വിലക്കയറ്റമോ മറ്റു നയപരമായ പ്രശ്നങ്ങളോ പോലെ രാഷ്ട്രീയ വാചോടാപങ്ങൾ കൊണ്ട് മറച്ചു വയ്ക്കാൻ കഴിയുന്നതല്ല ഘടനാപരമായ അനീതിയെ വെളിപ്പെടുത്തുന്ന ജാതി സംബന്ധിച്ച വിവരങ്ങൾ. അതുകൊണ്ടു തന്നെ അത് അപകടം നിറഞ്ഞ വിവരങ്ങളാണെന്ന് ബിജെപി സർക്കാരിന് അറിയാം.

അവസാനമായി, തിരഞ്ഞെടുത്ത വിവരങ്ങൾ മാത്രം പുറത്തുവിടുന്നത് ഒരു പ്രത്യയശാസ്ത്രപരമായ നീക്കം കൂടിയാണ്. ദാരിദ്ര്യത്തെ വ്യക്തിഗത പ്രശ്നമായി അവതരിപ്പിക്കാൻ കഴിയുമെന്നും ജാതി അസമത്വം അങ്ങനെ കഴിയില്ല എന്നുമുള്ള കണക്കുകൂട്ടലിന്റെ ഭാഗമായാണ്. പിന്നോക്കം നിൽക്കുന്ന ചില വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള പദ്ധതികളിലൂടെയും രാഷ്ട്രീയ പ്രഖ്യാപനങ്ങളിലൂടെയും ദാരിദ്ര്യത്തെ അഭിസംബോധന ചെയ്യാൻ ഭരണകൂടത്തിന് കഴിയും. ജാതി പ്രശ്ങ്ങൾ നേരിടാൻ കൃത്യമായ കണക്കുകളും രാഷ്ട്രീയ തീരുമാനങ്ങളും ആവശ്യമുണ്ട്. ആദ്യത്തേത് പ്രശ്നങ്ങളെ മാനേജ്‍ ചെയ്യുന്ന ഭരണരീതിക്കു വഴങ്ങുമ്പോൾ രണ്ടാമത്തേത് ഘടനാപരമായ മാറ്റമാണ് ആവശ്യപ്പെടുന്നത്.
ചുരുക്കത്തിൽ പറഞ്ഞാൽ, ജാതി ഡാറ്റ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രം സാംസ്കാരിക ദേശീയതയിൽ നിന്ന് സാമൂഹിക നീതിയിലേക്കും സ്വത്വ രാഷ്ട്രീയത്തിൽ നിന്ന് ഭൗതിക അസമത്വത്തിലേക്കും ധാർമ്മിക വാചാടോപത്തിൽ നിന്ന് സമ്പത്തിന്റെ പുനർവിതരണ ആവശ്യങ്ങളിലേക്കും ഉള്ള പരിവർത്തനം ആവശ്യപ്പെടും. ആ മാറ്റം അടിസ്ഥാനപരമായി ബിജെപിയുടെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുമായും പ്രത്യയശാസ്ത്ര പദ്ധതിയുമായും പൊരുത്തപ്പെടുന്നതല്ല.
രാഹുൽ ഗാന്ധി 2022 നവംബറിൽ ഉദയ്പൂരിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ജാതി സെൻസസിനായുള്ള ആവശ്യം ഉന്നയിക്കുകയുണ്ടായി. കോൺഗ്രസിനുള്ളിലെ യഥാർത്ഥ പ്രത്യയശാസ്ത്രപരമായ പരിവർത്തനമായിട്ടാണോ അതോ 2014 ൽ അധികാരം നഷ്ടപ്പെട്ടതിന് ശേഷമുള്ള തിരഞ്ഞെടുപ്പ് തന്ത്രമായിട്ടാണോ താങ്കൾ ഇതിനെ കാണുന്നത്? കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ജാതി സെൻസസ് ആവശ്യത്തിലെ പ്രധാനമായ ആശയപരവും പ്രായോഗികവുമായ പ്രശ്നങ്ങൾ എന്തൊക്കെയാണ്?
ഇത് പ്രാഥമികമായി ഒരു തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണ്, ആഴത്തിലുള്ള പ്രത്യയശാസ്ത്രപരമായ മാറ്റമല്ല. അതേസമയം കോൺഗ്രസ് സ്വന്തം വൈരുദ്ധ്യങ്ങളെ ആത്മാർത്ഥമായി നേരിടാൻ തയ്യാറാവുകയാണെങ്കിൽ അത് വലിയ ഒരു പുരോഗമന രാഷ്ട്രീയ ചുവടുവയ്പ്പായി മാറാനും സാധ്യതയുണ്ട്. സാമൂഹിക നീതിയെക്കുറിച്ചുള്ള ആശങ്കളേക്കാൾ 2014 ന് ശേഷമുള്ള തെരഞ്ഞെടുപ്പ് പരാജയമാണ് അത്തരം ഒരു മാറ്റത്തിന് ആധാരം. ജാതിക്കതീതമായി ഹിന്ദു ഐക്യം രൂപപ്പെട്ടു എന്ന ബിജെപിയുടെ ആഖ്യാനത്തോടുള്ള കോൺഗ്രസിന്റെ പ്രതികരണമായും ഇതിനെ കാണാം.
ജാതി ശ്രേണിവ്യവസ്ഥ സംരക്ഷിക്കുന്നതിൽ കോൺഗ്രസ് വഹിച്ച ചരിത്രപരമായ പങ്കിനെക്കുറിച്ചുള്ള ആത്മപരിശോധനയിലൂടെയല്ല ജാതി സെൻസസ് എന്ന ആവശ്യത്തിലേക്ക് കോൺഗ്രസ് എത്തുന്നത്. പതിറ്റാണ്ടുകളായി ജാതിയുടെ സാമൂഹിക പ്രശ്നങ്ങൾ തിരിച്ചറിയുമ്പോഴും അതിനെ രാഷ്ട്രീയമായി നേരിടാൻ കെല്പില്ലാത്തതിനാൽ ജാതി യാഥാർഥ്യങ്ങളെ അവർ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. പകരം ഉയർന്ന ജാതിക്കാർക്ക് താല്പര്യമുള്ള പദ്ധതികളായിരുന്നു ഇക്കാലമത്രെയും നടപ്പാക്കിക്കൊണ്ടിരിന്നത്. ഉന്നത ജാതിവിഭാഗങ്ങളുടെ ആധിപത്യം പാർട്ടിയിൽ ഇല്ലാതായത്, ഒബിസികൾക്കിടയിൽ പാർട്ടി ദുർബലമായത്, പ്രാദേശിക തലങ്ങളിൽ ഉയർന്നു വന്ന സാമൂഹിക നീതി അടിസ്ഥാനമായുള്ള രാഷ്ട്രീയം എന്നിവയാണ് ജാതി സെൻസസിലേക്കു തിരിയാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. ആ അർത്ഥത്തിൽ, ഈ നീക്കം നിലവിലുള്ള രാഷ്ട്രീയ യാഥാർഥ്യങ്ങളോടുള്ള പ്രതികരണമാണ്.

വെറും അവസരവാദമെന്ന നിലയിൽ അതിനെ തള്ളിക്കളയുന്നതും ശരിയല്ല. ഈ ആവശ്യം കോൺഗ്രസിന് ഇനി ഒഴിവാക്കാൻ കഴിയാത്ത ഒരു രാഷ്ട്രീയ യാഥാർത്ഥ്യത്തെ കൂടി പ്രതിഫലിപ്പിക്കുന്നുണ്ട്. ഡാറ്റയുടെ പിന്തുണയില്ലാതെ പുനർവിതരണം അവകാശപ്പെടാൻ കഴിയില്ല എന്നതും ഹിന്ദു സമൂഹത്തിലെ അസമത്വങ്ങൾ തുറന്നുകാട്ടിയില്ലെങ്കിൽ ഹിന്ദു ഐക്യത്തെ ആയുധമാക്കുന്ന ഒരു ഭരണകൂടത്തിനെതിരെ സാമൂഹിക നീതിയുടെ യാഥാർഥ്യങ്ങൾ പ്രശ്നവൽക്കരിക്കാനും കഴിയില്ല എന്നതും കോൺഗ്രസ് തിരിച്ചറിയുന്നുണ്ട്. എന്നാൽ ഈ ഉൾക്കാഴ്ച പാർട്ടിക്കുള്ളിൽ ആഴത്തിലുള്ള സൈദ്ധാന്തിക ചർച്ചകൾക്ക് തുടക്കമിട്ടുവെന്ന് പറയാൻ കഴിയില്ല.
ആശയപരമായ പോരായ്മകൾ ഗുരുതരമാണ്. ഒന്നാമതായി, കോൺഗ്രസ് ജാതി സെൻസസിനെ പ്രധാനമായും ഒരു സാങ്കേതിക കാര്യമായാണ് സമീപിച്ചിരിക്കുന്നത്, അല്ലാതെ നിലവിലുള്ള അധികാരബന്ധങ്ങൾക്ക് ഒരു വെല്ലുവിളിയായിട്ടല്ല. ഡാറ്റ എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമായി പറയാതെ “എണ്ണുന്നതിനെ”കുറിച്ചാണ് കോൺഗ്രസ് സംസാരിക്കുന്നത്. ഇത് റിസർവേഷൻ പുനഃക്രമീകരിക്കുമോ? റിസെർവഷനിലെ 50 ശതമാന പരിധി പുനഃപരിശോധിക്കുമോ? പൊതുചെലവ് വർദ്ധിപ്പിക്കുമോ? സ്വകാര്യമേഖലയിലെ റിസർവേഷൻ പരിഗണിക്കുമോ? ഈ സുപ്രധാന ചോദ്യങ്ങളിൽ നിന്നും പാർട്ടി ഒഴിഞ്ഞുമാറുകയാണ്.
രണ്ടാമതായി, ഘടനാപരമായ പരിവർത്തനത്തിനു പകരം ക്ഷേമ പരിപാടികൾ ലക്ഷ്യം വച്ചാണ് ജാതി സെൻസസ് ആവശ്യപ്പെടുന്നത്. പരമ്പരാഗതമായി ഒരു വിഭാഗത്തിന് കിട്ടിയ അമിത വിഭവ ലഭ്യതയുടെയും മറ്റൊരു വിഭാഗത്തിന് നീതി നിഷേധിക്കപ്പെട്ടതിന്റെയും ചരിത്രപരമായ യാഥാർഥ്യങ്ങൾ അംഗീകരിക്കുന്നതിനുപകരം ജാതിയെ ദാരിദ്ര്യത്തിന്റെ ഒരു സൂചകമായി കാണുന്നത് അപകടകരമാണ്. പുനർവിതരണ രാഷ്ട്രീയത്തെ (Redistributive Politics) അടിസ്ഥാനമാക്കി മാറ്റുന്നതിനുപകരം ജാതിയെ ഭരണനിർവഹണ തന്ത്രങ്ങളുടെ ഭാഗമായി നിലനിർത്താൻ ഇത്തരം വീക്ഷണങ്ങൾ കാരണമാകുന്നു.
മൂന്നാമതായി, കോൺഗ്രസ് പാർട്ടി അതിന്റെ നവലിബറൽ സാമ്പത്തിക നയത്തോടുള്ള ദീർഘകാല പ്രതിബദ്ധതയുമായി ജാതി സെൻസസിനെ ചേർത്ത് വച്ച് വായിച്ചിട്ടില്ല. സർവ്വ മേഖലയിലും പുനർവിതരണം നടത്താതെ ഡാറ്റ മാത്രം നിലവിൽ വരുന്നത് പ്രതിസന്ധി ഗുരുതരമാക്കുകയേയുള്ളൂ. സാമ്പത്തിക വളർച്ച, സ്വകാര്യവൽക്കരണം, പൊതു ചെലവ് നിയന്ത്രണം (fiscal restraint) എന്നിവയെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ പാർട്ടി തയ്യാറായില്ലെങ്കിൽ, ജാതി ഡാറ്റ ഒരു ന്യൂനപക്ഷത്തിന് ആനുകൂല്യങ്ങൾ പുനഃക്രമീകരിക്കാൻ മാത്രമേ ഉപകരിക്കൂ.
നാലാമത്തെ ഗുരുതര പ്രശ്നം കോൺഗ്രസ് സ്വന്തം സംഘടനയ്ക്കുള്ളിൽ ഉയർന്ന ജാതിക്കാരുടെ ആധിപത്യം തുടരാൻ അനുവദിക്കുന്നു എന്നതാണ്. ആഭ്യന്തര ജനാധിപത്യമില്ലാതെ ജാതി സെൻസസ് മാത്രം അവതരിപ്പിക്കുന്നതിൽ കഴമ്പില്ല. സ്വന്തം അധികാര ഘടനയെ സ്പർശിക്കാതെ സമൂഹത്തിൽ ജാതി ഘടന കണക്കാക്കാൻ പാർട്ടി ആഗ്രഹിക്കുകയാണ്.
അവസാനമായി, ഒരു പ്രത്യയശാസ്ത്രപരമായ പൊരുത്തക്കേട് കൂടി ഉണ്ട്. ധാർമ്മിക ആഹ്വാനത്തിലൂടെയല്ലാതെ യഥാർത്ഥ പുനർവിതരണത്തിലൂടെ എങ്ങനെ സമത്വം കൈവരിക്കാമെന്ന് വിശദീകരിക്കാതെ കോൺഗ്രസ് ഒരേസമയം സാമൂഹിക നീതിയും ദേശീയ ഐക്യത്തെയുംകുറിച്ചുള്ള അവ്യക്തമായ ആശയം പങ്കുവയ്ക്കുകയാണ്. അതുകൊണ്ടുതന്നെ ജാതി സെൻസസ് രാഷ്ട്രത്തെ ഭിന്നിപ്പിക്കുന്ന ആശയമായി ചിത്രീകരിക്കാൻ എതിരാളികളെ അനുവദിക്കുമ്പോൾ കോൺഗ്രസിന് അത് വ്യക്ത്യമായി പ്രതിരോധിക്കാൻ കഴിയുന്നില്ല.
ചുരുക്കത്തിൽ, ജാതി സെൻസസ് ഘടനാപരമായ മാറ്റത്തിനെന്നു പറയാൻ കഴിയില്ലെങ്കിലും ഈ ആവശ്യം ഒരു പുതിയ ദിശയിലുള്ള രാഷ്ട്രീയത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തുന്നു. കോൺഗ്രസ് യാഥാർഥ്യത്തിൽ നിന്നും അകന്ന നിലപാടുകൾ ഉപേക്ഷിക്കുകയും ജാതിയെ അധികാരത്തിന്റെയും ഭൗതിക യാഥാർഥ്യങ്ങളുടെയും കാരണമായി അംഗീകരിക്കുകയും ജാതി സെൻസസ് നൽകുന്ന ഡാറ്റയെ പുനർവിതരണ അജണ്ടയുമായി സമന്വയിപ്പിക്കുകയും ചെയ്യുമോ എന്നതാണ് പ്രധാന ചോദ്യം.
ജാതി സെൻസസിലൂടെ മാത്രം തുല്യത കൊണ്ടുവരാൻ കഴിയില്ലെന്ന് താങ്കൾ പറയുന്നു. തുല്യതയെയും സാമൂഹിക നീതിയെയുംകുറിച്ചുള്ള പൊതു കാഴ്ചപ്പാടിൽ സമൂലമായ പുനർവിചിന്തനം ആവശ്യമാണെന്നാണോ?
തീർച്ചയായും. ഒരു സെൻസസ് നമുക്ക് സ്ഥിതിവിവരക്കണക്കുകൾ നൽകുന്നു. ഈ കണക്കുകൾ സ്വയം സമത്വം സൃഷ്ടിക്കുന്നില്ല. സമത്വ സൃഷ്ടിക്ക് രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. ആ ഇച്ഛാശക്തി പ്രകടമായി ഇല്ലെന്നാണ് ഏഴ് പതിറ്റാണ്ടിലേറെയായുള്ള നമ്മുടെ അനുഭവം. അങ്ങനെ ഒരു രാഷ്ട്രീയ ഇച്ഛാശക്തി നിലനിന്നിരുന്നുവെങ്കിൽ, സെൻസസ് തന്നെ ആവശ്യമില്ലായിരുന്നു. ഇന്ത്യയിലെ അസമത്വം വളരെ രൂക്ഷമായതിനാൽ അത് തിരിച്ചറിയുന്നതിനോ ഇല്ലാതാക്കുന്നതിനുള്ള നയങ്ങൾ രൂപപ്പെടുത്തുന്നതിനോ ഒരു കണക്കെടുപ്പും ആവശ്യമില്ല.
പ്രാഥമികമായി സാമൂഹിക നീതിയുടെ ഒരു സൂചകമായി എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കാനാണ് ജാതി സെൻസസ് എന്ന ആവശ്യം ഉയരുന്നത്. എന്നാൽ ഇന്ത്യയിലെ സാമൂഹിക നീതി എന്ന സങ്കല്പം വളരെക്കാലമായി ഒരു നഷ്ടപരിഹാര യുക്തിയിലേക്ക് (compensatory logic )ചുരുങ്ങിയിട്ടുണ്ട്. പിന്നാക്കം നിൽക്കുന്നവരെ തിരിച്ചറിയുക, ക്വാട്ടകൾ അല്ലെങ്കിൽ പദ്ധതികൾ അനുവദിക്കുക, ധാർമ്മിക ഉത്തരവാദിത്തം നിറവേറ്റിയതായി അവകാശപ്പെടുക എന്ന രീതിയിലാണ് അത് നടക്കുന്നത്. അസമത്വത്തെ ഒരു വിഭാഗത്തിന് തുടർച്ചയായി പ്രത്യേകാവകാശങ്ങൾ സൃഷ്ടിക്കുന്ന ഒരു സംവിധാനമായി കാണുന്നതിന് പകരം ചില വിഭാഗങ്ങൾ അനുഭവിക്കുന്ന ഇല്ലായ്മ (deficit) ആയാണ് അവതരിപ്പിക്കുന്നത്. ജാതി സെൻസസ് ഈ സമീപനത്തിന് നന്നായി യോജിക്കുന്ന ഒന്നാണ്, അസമത്വം സൃഷ്ടിക്കുന്ന ഘടനകളെ സംരക്ഷിച്ചു നിർത്തിക്കൊണ്ടുതന്നെ അരികുവൽക്കരിക്കപ്പെട്ടവർക്ക് ഒരു ഭേദപ്പെട്ട ലോകം വാഗ്ദാനം ചെയ്യാൻ.
ജാതി വെറും തെറ്റായ രീതിയിലുള്ള വിഭവ വിതരണത്തിന്റെ പ്രശനം മാത്രമല്ല; അത് അധികാര കേന്ദ്രീകരണം കൂടിയാണ്. ജാതി സെൻസസ് ഭൂമിയുടെ ഉടമസ്ഥാവകാശം, മൂലധന കേന്ദ്രീകരണം, വിദ്യാഭ്യാസ അവസരങ്ങൾ, പാർപ്പിട സൗകര്യങ്ങൾ, വിവിധ സ്ഥാപനങ്ങളിലെ അധികാര നിയന്ത്രണം എന്നിവയിൽ മാറ്റം വരുത്തില്ല. ഈ തലങ്ങളിലെ ഇടപെടലുകളില്ലാതെ, സാമൂഹ്യ മാറ്റം സാധ്യമാകാതെ വെറും ഭരണകൂട്ടത്തിന്റെ ഉപകരണമായി മാത്രമായി ഡാറ്റ മാറുന്നു. ഇങ്ങനെ ഭരണ നിർവ്വഹണത്തിന്റെ ഭാഗമായി മാനേജ് ചെയ്യുന്ന ഒരു കാര്യമായി അസമത്വം മാറുന്നത് ഏറെ അപകടകരവുമാണ്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നവലിബറൽ പരിഷ്കാരങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്നാണ് ജാതി സെൻസസിനായുള്ള പുതിയ ആവശ്യം ഉണ്ടായതെന്ന് നമ്മൾ മനസ്സിലാക്കണം. ഈ പരിഷ്കാരങ്ങൾ പൊതു മേഖലയെ തകർക്കുകയും സമ്പത്ത് സ്വകാര്യ വ്യക്തികളിൽ കേന്ദ്രീകരിക്കുകയും അടിച്ചമർത്തപ്പെട്ടവർ അതിജീവനത്തിനായി വർഗ്ഗപരമായ സംഘടനകളെ ഉപേക്ഷിച്ചുകൊണ്ട് ജാതി അടിസ്ഥാനമാക്കിയുള്ള സംഘടനകളിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കുകയും ചെയ്തു. കൂടാതെ പ്രബലരായ ജാതികൾ പിന്നോക്കാവസ്ഥ അവകാശപ്പെടാൻ തുടങ്ങി; സംവരണ വിഭാഗങ്ങൾ ഉപ സംവരണവും. സാമൂഹ്യ നീതിയുടെ മറ്റ് വഴികൾ ഇല്ലാതായതിനാൽ നവലിബറൽ സാമ്പത്തിക നയങ്ങൾ സൃഷ്ടിച്ച പ്രതിസന്ധിയോടുള്ള ജാതി അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങളായിരുന്നു ഇവ രണ്ടും.
ജാതി സെൻസസ് സംബന്ധിച്ച നിരവധി തെറ്റിദ്ധാരണകൾ നിലലവിലുണ്ട്. ഒന്നാമതായി, ജാതി സ്ഥായിയായതും എണ്ണിത്തിട്ടപ്പെടുത്താവുന്നതുമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അത് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണെന്ന യാഥാർഥ്യം അവഗണിക്കപ്പെടുന്നു. രണ്ടാമതായി, സെൻസസ് നിഷ്പക്ഷമായി നടക്കുന്ന ഒന്നാണെന്ന് സങ്കൽപ്പിക്കപ്പെടുന്നു, അതേസമയം ഡാറ്റ ശേഖരണം എല്ലായ്പ്പോഴും സാമൂഹിക നീതിക്ക് വിരുദ്ധമായ രാഷ്ട്രീയ അജണ്ടകൾക്കായി പ്രയോജനപ്പെടുത്താവുന്നതാണ്. വാസ്തവത്തിൽ, ഡാറ്റ ശേഖരിച്ച ശേഷം വിശകലനത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളെ സ്വാധീനിക്കാനും ഫലങ്ങളിൽ മാറ്റം വരുത്താനും രാഷ്ട്രീയ ഇടപെടലുകൾക്ക് കഴിയും. മൂന്നാമതായി, സംവരണം ആനുപാതികമായി എല്ലാ ജാതികൾക്കുമായി പങ്കുവയ്ക്കാമെന്ന മിഥ്യാധാരണയുണ്ട്. സുപ്രീം കോടതി ഏർപ്പെടുത്തിയ 50 ശതമാനം പരിധി ബിജെപി പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ അത് വലിയ പ്രതിബന്ധമായി നിൽക്കും. ഈ സാഹചാര്യത്തിൽ ഉപവർഗ്ഗീകരണം നീതിയുടെ ഭൂമിക വിപുലീകരിക്കാതെ ഇല്ലായ്മയെ (പരിമിത വിഭവങ്ങളും അവസരങ്ങളും) പുനർവിതരണം ചെയ്യുന്ന പദ്ധതിയാണ്. അതിന് ഒരിക്കലും അസമത്വത്തിന്റെ പ്രശ്നം അടിസ്ഥാനപരമായി പരിഹരിക്കാൻ കഴിയില്ല.
അസമത്വം വ്യക്തമായി ഒരു ജാതി സെൻസസിന്റെ പരിധിയിൽ പരിഹരിക്കാൻ കഴിയുന്ന കാര്യമല്ല. സത്യസന്ധമായി നടത്തിയാലും, സാർവത്രിക അടിസ്ഥാന വിഭവ വികസനത്തിന് പകരം ടാർഗെറ്റു ചെയ്ത വിഭാഗങ്ങൾക്കുള്ള നഷ്ടപരിഹാരത്തിലൂന്നുന്ന സംവരണ കേന്ദ്രീകൃത ചട്ടക്കൂടിനുള്ളിലാണ് അത് പ്രവർത്തിക്കുന്നത്. ഈ ചട്ടക്കൂടിന് ആഴത്തിലുള്ള പിഴവുകളുണ്ട്; ഇത് ആദ്യ നിരയിലെ ന്യൂനപക്ഷം ഗുണഭോക്താക്കൾക്ക് സംവരണ ആനുകൂല്യങ്ങൾ നൽകുകയും ആ നേട്ടങ്ങൾ പുനരാവർത്തിക്കുകയും, ആ വിഭാഗത്തിലെ തന്നെ ദുർബലരായ ഭൂരിപക്ഷം മനുഷ്യർ തൽസ്ഥിതിയിൽ തുടരാൻ നിർബന്ധിതരാക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ ദുർബലരായ ഒരു ന്യൂനപക്ഷ വിഭാഗത്തെ മാത്രം അടർത്തിയെടുത്ത് ആനുകൂല്യങ്ങൾ നൽകുന്ന ഘടന തന്നെ സമൂലമായി പുനർവിചിന്തനം ചെയ്തില്ലെങ്കിൽ ഉപവർഗ്ഗീകരണത്തിനും പ്രശ്ങ്ങൾ പരിഹരിക്കാൻ കഴിയില്ല. കൂടാതെ സംവരണത്തിന്റെ പ്രധാന മേഖലകളായിരുന്ന പൊതു മേഖലയിലെ തൊഴിലവസരങ്ങളും ഉന്നത വിദ്യാഭ്യാസ രംഗത്തെ അവസരങ്ങളും ഗണ്യമായി ചുരുങ്ങി എന്ന യാഥാർഥ്യം ജാതി സെൻസസ് സംവാദങ്ങൾ സൗകര്യപൂർവ്വം അവഗണിക്കുകയാണ്. കൂടാതെ സ്കൂൾ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പാർപ്പിടം, സുരക്ഷിതമായ ജോലി തുടങ്ങിയ മേഖലയിൽ സാർവത്രികമായ ശേഷി വർദ്ധിപ്പിക്കൽ നടത്താതെ സംവരണം മാത്രം നടപ്പാക്കുന്നതാണ് മറ്റൊരു വലിയ പോരായ്മ. അപ്പോൾ മാത്രമേ സംവരണ ആനുകൂല്യങ്ങൾ ലഭിക്കാൻ ദുർബല വിഭാഗങ്ങൾക്ക് പ്രാപ്തിയുണ്ടാവുകയുള്ളൂ. കൂടാതെ ജാതി അസമത്വം സൃഷ്ടിക്കുന്ന കാരണങ്ങളെ ഇല്ലാതാക്കുകയായിരിക്കണം അടിസ്ഥാനപരമായ ലക്ഷ്യം. അപ്പോൾ മാത്രമേ യഥാർത്ഥ വിമോചനം സാധ്യമാവുകയുള്ളൂ.
(തുടരും)
Featured image courtesy : sabrangindia.in
- #neoliberal policies
- anaand teltumbde
- Bihar caste survey
- Brahminism critique
- Capitalism and Inequality
- caste and class
- caste and political economy
- Caste and Power
- Caste Con Census
- caste discrimination
- caste politics India
- caste reservation
- Hindutva and caste
- Identity Politics
- political equality
- Rahul Gandhi
- universal cabability building
