
തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുക, ബി ജെ പി യെ പരാജയപ്പെടുത്താൻ തെരുവിലിറങ്ങുക
2025 ആഗസ്റ്റ് 23 ന് ശ്രീ. മരുതൈയ്യൻ്റെ നേതൃത്വത്തിലുള്ള ‘വോയ്സ് ഓഫ് തമിഴ്നാടി’ൻ്റെ ആഭിമുഖ്യത്തിൽ ചെന്നൈയിൽ സംഘടിപ്പിക്കപ്പെട്ട ‘Stolen Republic’ (അപഹരിക്കപ്പെട്ട റിപ്പബ്ലിക്) എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള യോഗത്തിൽ ഡോ. പരക്കാല പ്രഭാകർ നടത്തിയ പ്രസംഗത്തിൻ്റെ മലയാള വിവർത്തനം. കഠിനാധ്വാനം ചെയ്ത് അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് വിജയിക്കാൻ കഴിയില്ല. തെരഞ്ഞെടുപ്പ് രംഗം ഒരു കാസിനോയിലെ കളിപോലെയായിരിക്കുന്നു. ബിജെപിക്ക് വ്യത്യസ്തങ്ങളായ നിരവധി വിഭാഗങ്ങളുണ്ട്. അവയെ ‘മോർച്ചകൾ’ എന്നാണു വിളിക്കുന്നത്. ഇന്ന് നമുക്കുള്ളത് ഇന്ത്യൻ തെരഞ്ഞെടുപ്പു കമ്മീഷനല്ല, മറിച്ച് [ബി ജെ പി യുടെ] ഒരു തെരഞ്ഞെടുപ്പു മോർച്ചയാണ്. അതിനെ നേരിടാൻ സോഷ്യൽ മീഡിയ മതിയാവില്ല എന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
English Version of this article
ഇന്ന്, ഹൈദരാബാദിലേക്കുള്ള യാത്രക്കിടയിൽ, യൂട്യൂബിലോ വാർത്താ ചാനലുകളിലോ എന്നെ മുമ്പ് കണ്ടിട്ടുള്ള ഒരു സഹയാത്രികൻ പറഞ്ഞു, “നോക്കൂ, പരക്കലാ, നിങ്ങൾ ഒരു പ്രധാന കാര്യം വിട്ടുകളയുകയാണ്.” അദ്ദേഹം പറഞ്ഞു, “ബിജെപിയുടെ ഘടനയെക്കുറിച്ച് നിങ്ങൾക്ക് അറിയാം.” ബിജെപിക്ക് വ്യത്യസ്തങ്ങളായ നിരവധി വിഭാഗങ്ങളുണ്ട്. അവയെ ‘മോർച്ചകൾ’ എന്നാണു വിളിക്കുന്നത്. ഭാരതീയ ജനതാ യുവ മോർച്ച (യുവജന വിഭാഗം), മഹിളാ മോർച്ച, കിസാൻ മോർച്ച, ന്യൂനപക്ഷ മോർച്ച, അങ്ങനെ പലതും. അടുത്തയിടെ, കഴിഞ്ഞ പത്ത് വർഷത്തോളമായിക്കാണും, ഒരു പുതിയ മോർച്ച കൂടി പ്രവർത്തിക്കുന്നുണ്ട്. ഒരു ‘തെരഞ്ഞെടുപ്പ് മോർച്ച’. അപ്പോൾ ഞാൻ ചിന്തിച്ചു, അതു ശരിയാണല്ലോ. ഇന്ന് നമുക്കുള്ളത് ഇന്ത്യൻ തെരഞ്ഞെടുപ്പു കമ്മീഷനല്ല, മറിച്ച് [ബി ജെ പി യുടെ] ഒരു തെരഞ്ഞെടുപ്പു മോർച്ചയാണ്. ഈ തെരഞ്ഞെടുപ്പു മോർച്ച അത്ഭുതകരമായാണു പ്രവർത്തിക്കുന്നത്.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് നിരവധി പ്രവർത്തനങ്ങൾ നടന്നിരുന്നതായി നിങ്ങൾക്കറിയാം. കഴിഞ്ഞ വർഷം ഓഗസ്റ്റ് 8 ന്, ‘വോട്ട് ഫോർ ഡെമോക്രസി’ (വി എഫ് ഡി – VFD – Vote For Democracy) എന്ന സംഘടന, സമഗ്രമായ ഗവേഷണത്തിനു ശേഷം തയ്യാറാക്കിയ ഒരു റിപ്പോർട്ടിൻ്റെ അടിസ്ഥാനമാക്കിക്കൊണ്ട്, ഇതേ വേദിയിൽ വച്ച്, ഞാൻ വിശദമായി സംസാരിക്കുകയുണ്ടായി. ഏകദേശം 5 കോടി വോട്ടുകൾ കൃത്രിമമായി വർദ്ധിപ്പിച്ചതുകൊണ്ടാണ് 79 ലോക സഭാ സീറ്റുകളിൽ ബി ജെ പിക്ക് വിജയിക്കാനായതെന്ന് ആ പഠനം കണ്ടെത്തിയിരുന്നു. പോൾ ചെയ്ത വോട്ടുകളുടെ എണ്ണം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച താൽക്കാലിക കണക്കും അന്തിമ കണക്കും തമ്മിൽ, ഏതാണ്ട് 5 കോടി വോട്ടുകളുടെ വ്യത്യാസമുണ്ടായിരുന്നു. തീർച്ചയായും അത് വലിയൊരു വർദ്ധനവ് തന്നെയായിരുന്നു. ആ 5 കോടി വോട്ടുകൾ 15 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന, ചുരുങ്ങിയത് 79 [ലോക്സഭാ] സീറ്റുകളുടെയെങ്കിലും ജയപരാജയങ്ങളെ മാറ്റിമറിച്ചു. അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ, 2024-ൽ 293 സീറ്റുകൾ നേടിയ എൻഡിഎയ്ക്ക് 214 സീറ്റുകൾ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. 234 സീറ്റുകൾ നേടിയ പ്രതിപക്ഷ സഖ്യത്തിന് 313 സീറ്റുകൾ ലഭിക്കുമായിരുന്നു. ഈ കണക്ക് നിങ്ങൾക്കു മനസ്സിലായാൽ (214 എൻ ഡി എ യും 313 പ്രതിപക്ഷവും) ഒരു തെരഞ്ഞെടുപ്പ് മോർച്ച പ്രവർത്തിക്കുന്നുണ്ട് എന്ന അനുമാനം എത്ര മാത്രം സത്യമാണെന്നു ബോദ്ധ്യപ്പെടും.
തമിഴ്‌നാട്ടിൽ, മരുതൈയനേയും മാത്തൂർ സത്യയേയും പോലുള്ള പലരും തമിഴ് നാടിന് യാതൊന്നും സംഭവിക്കില്ലെന്ന തികഞ്ഞ ആത്മവിശ്വാസം പുലർത്തുന്നവരാണെന്നു തോന്നുന്നു. 2024 ലെ തെരഞ്ഞെടുപ്പിനു മുമ്പ്, എന്റെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് ഞാൻ പല തവണ കേരളത്തിൽ പോയിരുന്നു. “നിങ്ങളുടെ പശ്ചിമഘട്ടം നിങ്ങളെ സംരക്ഷിക്കുമെന്നു കരുതരുതെ”ന്നും “എന്തോ ചിലത് സംഭവിക്കാൻ സാദ്ധ്യതയുണ്ടെ”ന്നും “അതിനെക്കുറിച്ചു ജാഗ്രത വേണമെ”ന്നും ഞാൻ അവർക്ക് മുന്നറിയിപ്പു നൽകാറുണ്ടായിരുന്നു. പക്ഷേ, അവർ വലിയ ആത്മവിശ്വാസത്തിലായിരുന്നു. “കേരളത്തിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല,” അവർ പറഞ്ഞു. പക്ഷേ, [2024 ലെ തെരഞ്ഞെടുപ്പിൽ] അതു സംഭവിച്ചു.
ഇതു വളരെ സങ്കീർണ്ണമായ ഒരു ഗെയിമാണ്, ദയവായി ഇത് മനസ്സിലാക്കുക. സോഷ്യൽ മീഡിയയിൽ വലിയ വാദപ്രതിവാദങ്ങൾ നിങ്ങൾ കേട്ടു കാണും. “നോക്കൂ, നിങ്ങൾ എന്താണ് പറയുന്നത്? ജനവിധി മോഷ്ടിക്കപ്പെട്ടതായിരുന്നു എങ്കിൽ, അവർക്ക് 400 സീറ്റുകൾ ലഭിക്കുമായിരുന്നു. അവർ എന്തിനാണ് 293 കൊണ്ട് തൃപ്തിപ്പെടുന്നത്? വാസ്തവത്തിൽ, അവർ മോഷ്ടിക്കുകയാണെങ്കിൽ ബിജെപിക്ക് മാത്രം 400 സീറ്റുകൾ ലഭിക്കുമായിരുന്നു. അപ്പോൾ, അവർ മോഷ്ടിച്ചിട്ടില്ല, അവർ നല്ല ആളുകളാണ്.” ഇതുപോലുള്ള നിരവധി വാദങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടാവും. മറ്റു രാഷ്ട്രീയ പാർട്ടികളുടെ പ്രശ്നമാണിത്. 2024-ൽ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ മുതൽ തന്നെ ഞങ്ങൾ പുരപ്പുറത്തു നിന്നു വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു. നോക്കൂ, 2024-ലെ വോട്ടിംഗ് കണക്കുകളിൽ ധാരാളം പ്രശ്നങ്ങളുണ്ട്. പ്രതിപക്ഷ നേതാവ് ചില കാര്യങ്ങൾ പറയുന്നതു വരെ ആരും ഇതിനെക്കുറിച്ച് സംസാരിച്ചില്ല. കണക്കുകളുടെ വലിയൊരു പരിശോധനക്കു ശേഷം, ഇപ്പോൾ ഒരു ചർച്ച നടക്കുന്നുണ്ട്. നന്നായി, ചർച്ച നടക്കട്ടെ. എന്നാലും ഞങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. ആർക്കും ഒരു ഉത്ക്കണ്ഠയുമില്ല. എന്തുകൊണ്ടാണ് ആർക്കും ഉത്ക്കണ്ഠയില്ലാത്തതെന്നു നിങ്ങൾക്കറിയാമോ? എന്തു കൊണ്ടാണ് രാഷ്ട്രീയ പാർട്ടികൾ ഒന്നും പറയാത്തത്? എന്താണു കാരണം? “തെലങ്കാനയിൽ ജയിച്ചപ്പോൾ നിങ്ങൾക്ക് ആക്ഷേപമൊന്നും ഇല്ലല്ലോ അല്ലേ? ഛത്തീസ്ഗഢിൽ ജയിച്ചപ്പോഴും നിങ്ങൾക്ക് ആക്ഷേപമില്ല. ഹിമാചൽ പ്രദേശിൽ നിങ്ങൾ ജയിച്ചതിലും കുഴപ്പമൊന്നുമില്ല; പക്ഷേ, മഹാരാഷ്ട്രയിൽ തോറ്റപ്പോൾ നിങ്ങൾ പറയുന്നു വോട്ടുകൾ മോഷ്ടിച്ചതാണെന്ന്, അല്ലേ!” ഇങ്ങനെ ആരെങ്കിലും ചോദിച്ചാൽ അവർക്ക് ഉത്തരമില്ല.

“കർണാടകത്തിൽ നിങ്ങൾ ജയിക്കുമ്പോൾ കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ?” ഈ ചോദ്യത്തിനും അവരുടെ കൈയിൽ ഉത്തരമില്ല. പക്ഷേ, നമുക്ക് ഉത്തരമുണ്ട്. ഡാറ്റയിൽ തന്നെ അതിന് ഉത്തരമുണ്ട്. യുക്തിയിലും അതിന് ഉത്തരമുണ്ട്. ഡാറ്റ പറഞ്ഞ് നിങ്ങളെ ബോറടിപ്പിക്കുന്നതിനു മുമ്പ്, യുക്തിപരമായ ഉത്തരം ഞാൻ പറയാം. കാസിനോ എന്താണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾക്കവിടെ ചീട്ടു കളിക്കാം, മറ്റു പല തരം കളികളും കളിക്കാം. ഒരു കാസിനോയിൽ പോകുമ്പോൾ, കളിക്കുന്ന എല്ലാ കളികളിലും നിങ്ങൾ തോറ്റാൽ, നിങ്ങൾ വീണ്ടും അവിടെ പോകുമോ? നിങ്ങളും നിങ്ങളെപ്പോലുള്ളവരും ചെന്നില്ലെങ്കിൽ ഒരു കാസിനോ പിന്നെ എങ്ങനെ പ്രവർത്തിക്കും? ഒരു കാസിനോ പ്രവർത്തിക്കുന്നത് ജയിക്കും എന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ്. ഞാൻ ഒരു വട്ടം ജയിക്കുന്നു, ഒരു വട്ടം തോൽക്കുന്നു. ഞാൻ വീണ്ടും ജയിക്കുന്നു, അടുത്ത രണ്ടെണ്ണത്തിൽ ഞാൻ തോറ്റേക്കാം, പക്ഷേ, പിന്നീട് ഞാൻ വീണ്ടും ജയിക്കും. എനിക്ക് ഇടയ്ക്കിടെ ജയിക്കാൻ കഴിയും. പക്ഷേ അവസാനം ആരാണ് ജയിക്കുക? കാസിനോയാണ് ജയിക്കുക.
“ഛത്തീസ്ഗഢിൽ ജയിക്കാൻ അവർ നിങ്ങളെ അനുവദിക്കും. (പക്ഷേ,) മഹാരാഷ്ട്ര, അതു പറ്റില്ല! ധാരാവി ഞങ്ങൾക്കു വേണം. ധാരാവിയുടെ വികസനമാണ് പ്രധാനം. അതു ഞങ്ങൾക്കു (ബിജെപി) വേണം. ഛത്തീസ്ഗഢ് നിങ്ങൾ എടുത്തോളൂ, ആരും വിഷമിക്കേണ്ട. ഹിമാചൽ, അതും എടുത്തോളൂ! ഹരിയാന പറ്റില്ല. കാരണം, കർഷകർ ഡൽഹിയിൽ ആക്രമണം നടത്താൻ ശ്രമിക്കുമ്പോൾ അവരെ തടയാൻ ഞങ്ങൾക്ക് ഹരിയാനയെ ആവശ്യമുണ്ട്.” അപ്പോൾ, കാസിനോയിലെ കളികൾ വളരെ സങ്കീർണ്ണമായ ഗെയിമുകളാണ്. ദയവായി ഇത് മനസ്സിലാക്കുക. ഇവിടത്തെ ഒരു വിജയവും അവിടത്തെ ഒരു വിജയവും കണ്ട് വിഡ്ഢികളാകരുത്. നിങ്ങൾക്കു നഷ്ടപ്പെടുന്നത് എന്താണെന്നു മനസ്സിലാക്കുക. ഛത്തീസ്ഗഢിൽ നിങ്ങൾ ജയിച്ചേക്കാം, പക്ഷേ, മഹാരാഷ്ട്രയിൽ നിങ്ങൾ തോൽക്കും. തെലങ്കാനയിലും നിങ്ങൾ ജയിച്ചേക്കാം, പക്ഷേ, ലോക്സഭയിൽ നിങ്ങൾ തോൽക്കും. അതിനാൽ, (ഒടുവിൽ) കാസിനോ തന്നെ ജയിക്കുന്നു. ദയവായി ഇത് മനസ്സിലാക്കുക.
എന്തുകൊണ്ടാണ് ഞാൻ ഇത് പറയുന്നത് എന്നറിയാമോ? തമിഴ്നാട്ടിൽ ബിജെപിയുടെ വോട്ട് വിഹിതത്തിൽ വലിയൊരു കുതിച്ചുചാട്ടം തന്നെ ഉണ്ടായിട്ടുണ്ട്. എത്രയാണെന്ന് നിങ്ങൾക്കറിയാമോ? 2019 ൽ, തമിഴ്നാട്ടിൽ ബിജെപിയുടെ വോട്ട് വിഹിതം 3.58 ശതമാനമായിരുന്നു. 2024 ൽ എന്തായിരുന്നു? 11.24 ശതമാനം. അവരുടെ വോട്ടു വിഹിതത്തിൽ പുരോഗതിയുണ്ട്! വളർച്ചയുണ്ട്! അപ്പോൾ നാളെ… എപ്പോഴാണ് നിങ്ങളുടെ തെരഞ്ഞെടുപ്പ്? 2026, അല്ലേ? 2026 ൽ എന്തെങ്കിലും സംഭവിച്ചാലോ? 3.58 ൽ നിന്നും11.24 ലേക്കുള്ള വളർച്ച തന്നെ ഒരു റെക്കോർഡാണ്. അതിനു ശേഷം അതൊരു വലിയ കാര്യമല്ല. തമിഴ്‌നാട്ടിൽ ഇപ്പോൾ അവർ എത്ര സീറ്റുകൾ നേടുമെന്ന് അവർക്ക് നിങ്ങളോട് പറയാൻ കഴിയും. [ചിരി] അപ്പോൾ, വളർച്ച എത്രയാണ്? 2019 മുതൽ 2024 വരെയുള്ള കാലത്ത്, വളർച്ച ഏകദേശം 7% ആണ്. ഇവിടെ അത്ഭുതകരമായ ഒരു സംഗതിയുണ്ട്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ നടന്ന വോട്ടിംഗിൻ്റെ താൽക്കാലിക കണക്കും അവസാന പോളിംഗ് കണക്കും തമ്മിലുള്ള വ്യത്യാസം 7.53% ആയിരുന്നു. അപ്പോൾ, നിങ്ങൾക്ക് വളർച്ച എത്രയാണെന്നു കാണാൻ കഴിയും. വളർച്ചയുണ്ട്. വളർച്ച ഇവിടെ നിന്നാണെന്ന് കരുതരുത്. വളർച്ച അവിടെ നിന്നാണ്. അതുകൊണ്ടാണ് ഇവിടെ മോർച്ചക്കു പ്രാധാന്യം കൈ വരുന്നത്.

സുഹൃത്തുക്കളേ, ഒരു അപായമണി മുഴക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മൂന്ന് മണിക്കൂറിലധികമായി നിങ്ങൾ ഇവിടെ ഇരിക്കുന്നതു കാണുമ്പോൾ, കാര്യങ്ങളെ ഗൗരവത്തോടെ കാണുന്നവരാണു നിങ്ങളെന്നു തന്നെ ഞാൻ ഉറപ്പായും കരുതുന്നു. ഇപ്പോൾ തന്നെ ഈ കാര്യങ്ങളെ തടഞ്ഞു നിർത്താൻ നിങ്ങൾക്കാവുന്നില്ലെങ്കിൽ, ഒരു ജനാധിപത്യ ഇന്ത്യയെക്കുറിച്ചുള്ള ചിന്തകൾ മറന്നു കളയുക. ഇപ്പോൾ ഇത് അനുവദിച്ചു കൊടുത്താൽ, ക്രമ പ്രകാരമുള്ള മറ്റൊരു ലോക്സഭ പൊതു തെരഞ്ഞെടുപ്പിനുള്ള അവസരം നിങ്ങൾക്കു ലഭിക്കാനുള്ള സാധ്യതയില്ല. ഞാൻ വളരെ പരിഭ്രാന്തനായതു കൊണ്ടാണ് ഇത്തരം മുന്നറിയിപ്പ് നൽകുന്നതെന്നു കരുതരുത്. “എവിടെയും എന്തും സംഭവിക്കാം, പക്ഷേ ഇന്ത്യയിൽ സംഭവിക്കില്ല, എവിടെയും എന്തും സംഭവിക്കാം, പക്ഷേ തമിഴ്‌നാട്ടിൽ സംഭവിക്കില്ല” എന്നു കരുതരുത്. അങ്ങനെ ചിന്തിക്കരുത്. എല്ലാത്തിനും ഒരു ആദ്യ സംഭവമുണ്ട്. ഇന്ത്യയിൽ ആദ്യമായി സംഭവിച്ച ഒരുപാടു കാര്യങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട്. ബി ജെ പി തന്നെ ഇത്തരം കാര്യങ്ങളുടെ ഒരു വലിയ പട്ടിക നിങ്ങൾക്കു നൽകിയിട്ടുണ്ട്. പെഗാസസ് മുതൽ ഇലക്ടറൽ ബോണ്ടുകളും എസ് ഐ ആറും (SIR) മറ്റു പലതും വരെ അവർ ആദ്യമായി തുടങ്ങിയതാണ്. ഇതും അങ്ങനെ സംഭവിക്കാൻ സാധ്യതയുള്ളതാണ്. അത് തടയണം. അതു തടയണമെങ്കിൽ, അത് രണ്ടു രാഷ്ട്രീയ പാർട്ടികൾ അല്ലെങ്കിൽ രണ്ടു സഖ്യങ്ങൾ തമ്മിലുള്ള പോരാട്ടമായാൽ പോരാ. ഒന്ന് മറ്റൊന്നിനെതിരെ, അതായത്, എ യ്‌ക്കെതിരെ ബി, അല്ലെങ്കിൽ ഒരു സഖ്യത്തിനെതിരെ മറ്റൊരു സഖ്യം, അല്ലെങ്കിൽ ഒരു പാർട്ടിക്കെതിരെ എതിർ പാർട്ടി എന്ന നിലക്ക് അതേ പറ്റി നിങ്ങൾക്ക് അവകാശപ്പെടാൻ കഴിയില്ല! ഇല്ല! രാജ്യത്തിനു മേൽ നടക്കുന്ന ഇത്തരം വഞ്ചനകൾക്കെതിരെ, റിപ്പബ്ലിക്കിനു വേണ്ടി ജനങ്ങൾ, സാധാരണ വോട്ടർമാർ, നിങ്ങളും ഞാനും ചേർന്നു നടത്തുന്ന പോരാട്ടമാണത് എന്ന വിധത്തിലാണ് കാര്യങ്ങളെ അവതരിപ്പിക്കേണ്ടത്. എങ്കിൽ മാത്രമേ നമുക്ക് നമ്മുടെ ജനാധിപത്യത്തെ രക്ഷിക്കാൻ കഴിയൂ. രാഹുൽ ഗാന്ധിയെയോ കോൺഗ്രസിനെയോ മറ്റേതെങ്കിലും പാർട്ടിയെയോ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നതു കൊണ്ടല്ല അങ്ങനെ പറയുന്നത്; നമ്മുടെ ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും രക്ഷിക്കാൻ വേണ്ടിയാണ്. നമ്മുടെ ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും രക്ഷിക്കാൻ, റോഡിലിറങ്ങി ഇത് അവസാനിപ്പിക്കണമെന്ന് നാം പറയണം. സോഷ്യൽ മീഡിയയിൽ എന്തെങ്കിലും പോസ്റ്റ് ചെയ്താൽ നിങ്ങളുടെ കടമ നിർവ്വഹിച്ചുവെന്ന് കരുതുന്നത് ദയവായി നിർത്തുക. നമ്മുടെ ജനാധിപത്യത്തെ രക്ഷിക്കാൻ കാലുകൾ നിലത്തുറപ്പിച്ച് പ്രക്ഷോഭം നടത്തുക. അല്ലെങ്കിൽ നിങ്ങൾക്ക് ഈ രാജ്യത്തിൻ്റെ ജനാധിപത്യത്തെ രക്ഷിക്കാനാവില്ല.
കഴിഞ്ഞൊരു ദിവസം ഒരാളോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ പറഞ്ഞു, “ഇതൊക്കെ സംഭവിക്കുന്നുണ്ട്!” ഒരു തരം ആത്മസംതൃപ്തിയോടെ എന്നെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു, “നോക്കൂ, ഈ വാദങ്ങളെയെല്ലാം ഞാൻ പൊളിച്ചു കളഞ്ഞിട്ടുണ്ട്.” ഞാൻ അദ്ദേഹത്തോട് ചോദിച്ചു, “എവിടെ?” അയാൾ പറഞ്ഞു, “ഫേസ് ബുക്കിൽ ഞാൻ അവരെ (ബി ജെ പി യെ) പൊളിച്ചടുക്കിയിട്ടുണ്ട്. നിങ്ങൾ എന്നെ ഫേസ്ബുക്കിൽ പിന്തുടരുന്നില്ലേ?” അയാൾ ഫേസ്ബുക്കിൽ അവരുടെ വാദങ്ങളെല്ലാം പൊളിച്ചു. പക്ഷേ, ആ രണ്ടു പേരും (മോദിയും അമിത് ഷായും) സന്തോഷത്തോടെ ബാങ്കിലേക്കു തന്നെ പോവുകയാണ് – വോട്ട് ബാങ്കിലേക്ക്.
രണ്ടു കാര്യങ്ങൾ കൂടി ഞാൻ പറയാം. ഞാൻ ചോദിച്ചു, “ഏഴ് ഘട്ടങ്ങളായിട്ടാണ് പോളിംഗ് നടന്നതെന്നു നിങ്ങൾക്കറിയാമോ?” അദ്ദേഹം പറഞ്ഞു, “അതെ.” ഞാൻ തുടർന്നു, “ഒന്നാം ഘട്ടത്തിലെ അന്തിമ പോളിംഗ് ശതമാനം പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പു കമ്മീഷൻ 11 ദിവസമെടുത്തു. 11 ദിവസം. നിങ്ങൾക്കറിയാമോ?” രണ്ടാം ഘട്ടത്തിലെ അന്തിമ പോളിംഗ് ശതമാനം പ്രഖ്യാപിക്കാൻ 4 ദിവസമെടുത്തു. മൂന്നാം ഘട്ടത്തിന് 4 ദിവസമെടുത്തു. നാലാം ഘട്ടത്തിന് 4 ദിവസമെടുത്തു. അഞ്ചാം ഘട്ടത്തിന് 3 ദിവസമെടുത്തു. ആറാം ഘട്ടത്തിന് 4 ദിവസമെടുത്തു. ഏഴാം ഘട്ടത്തിന് 5 ദിവസമെടുത്തു. എന്തുകൊണ്ട്? അവസാന പോളിംഗ് ശതമാനം എത്രയാണെന്ന് പറയാൻ മോർച്ച ഇത്രയും സമയമെടുത്തത് എന്തുകൊണ്ടാണ്? ഇത് വളരെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പോളിംഗിന്റെ അവസാന ദിവസം എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ? അത് ഒന്നാം തീയതിയായിരുന്നു (ജൂൺ 1, 2024). ഫലങ്ങൾ എപ്പോഴാണ് പ്രഖ്യാപിച്ചത്? നാലാം തിയതി (ജൂൺ 4). ഏഴാം ഘട്ടത്തിലെ അന്തിമ പോളിംഗ് ശതമാനം ജൂൺ 6 നാണ് പ്രസിദ്ധീകരിച്ചത് എന്നു നിങ്ങൾക്കറിയാമോ? അതായത്, അന്തിമ ഫലങ്ങൾ പ്രഖ്യാപിച്ചതിനു ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ 7-ാം ഘട്ടത്തിലെ അന്തിമ കണക്കു നൽകുന്നത്. എന്താണ് സംഭവിക്കുന്നത്? ഡിജിറ്റൽ ഇന്ത്യയിൽ?
ഒരു കാര്യം കൂടിയുണ്ട്, രണ്ടാം ഘട്ടം വോട്ടെടുപ്പ് വളരെ രസകരമായ ഒരു സംഭവമാണ്. രണ്ടാം ഘട്ടത്തിലെ നിയോജകമണ്ഡലം തിരിച്ചുള്ള പ്രാഥമിക പോളിംഗ് ഡാറ്റ ഇന്നും ലഭ്യമല്ല. അതിനാൽ അതിൽ എത്രമാത്രം വർദ്ധനവുണ്ടായെന്ന് കണ്ടെത്താനും മാർഗ്ഗമില്ല. ഇത് പ്രാഥമിക ഡാറ്റയാണെന്നും ഇത് അന്തിമ ഡാറ്റയാണെന്നും നിങ്ങൾ പറഞ്ഞാൽ, ഗണിതശാസ്ത്രത്തിൽ വലിയ വിവരമൊന്നുമില്ലാത്ത എന്നെപ്പോലുള്ള ഒരാൾക്കു പോലും വർദ്ധനവ് എത്രയാണെന്നു പറയാൻ സാധിക്കും. തമിഴ്‌നാട്ടിലെ വോട്ടു വർദ്ധനവിനെക്കുറിച്ച് ഞാൻ നിങ്ങളോട് പറഞ്ഞു. എന്നാൽ രണ്ടാം ഘട്ടത്തിന്, സംസ്ഥാനം തിരിച്ചുള്ള ഡാറ്റ പോലും നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചതിനാൽ മൊത്തത്തിലുള്ള വർദ്ധനവിൻ്റെ കണക്കു പറയാനാവില്ല. അത് ഘട്ടങ്ങളുടെ ഡാറ്റ നൽകി. മുഴുവൻ ഘട്ടങ്ങളിലേയും ഡാറ്റയുണ്ടോ? എന്താണ് ഇതിനർത്ഥം? അത് സംസ്ഥാനം തിരിച്ചുള്ള ഡാറ്റ നൽകാൻ വിസമ്മതിച്ചു. പിന്നീട്, കുറച്ചു സമയത്തിനു ശേഷം, അത് സംസ്ഥാനം തിരിച്ചുള്ള ഡാറ്റ നൽകി, പക്ഷേ, ഇപ്പോഴും നിയോജകമണ്ഡലം തിരിച്ചുള്ള ഡാറ്റ അവർ നൽകിയിട്ടില്ല. ഇന്ന്, ഇത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? രണ്ടാം ഘട്ടത്തിൽ ബി ജെ പി-എൻ ഡി എ സഖ്യത്തിൻ്റെ വിജയ ശതമാനം അസാധാരണമായ വിധം ഉയർന്നിരിക്കുന്നതിനാൽ ഇത് ഒരു പ്രധാന കാര്യമാണ്. രണ്ടാം ഘട്ടത്തിൽ പശ്ചിമ ബംഗാളിൽ 3 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പു നടന്നു. 3 സീറ്റുകളിലും ബി ജെ പി ജയിച്ചു. യുപിയിൽ 8 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. എല്ലാ സീറ്റുകളും ബി ജെ പി ക്കു ലഭിച്ചു. മദ്ധ്യപ്രദേശിൽ 6 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. എല്ലാ സീറ്റുകളും ബി ജെ പി ക്കു കിട്ടി. ഛത്തീസ്ഗഢിൽ 3 സീറ്റുകളിലേക്ക് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്നു. മൂന്ന് സീറ്റുകളും ബി ജെ പി ക്കാണു കിട്ടിയത്. ത്രിപുരയിൽ 1 സീറ്റിലേക്ക് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്നു. ആ ഒരു സീറ്റ് ബി ജെ പിക്കു കിട്ടി. ജമ്മു കഷ്മീരിൽ 2-ാം ഘട്ടത്തിൽ ഒരു സീറ്റിൽ തെരഞ്ഞെടുപ്പു നടന്നു. ആ സീറ്റ് ബി ജെ പിക്കു തന്നെ കിട്ടി. കർണാടകയിൽ 14 സീറ്റുകളിലേക്ക് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്നു. അതിൽ 12 എണ്ണത്തിൽ ബി ജെ പി വിജയിച്ചു. രാജസ്ഥാനിൽ 13 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പു നടന്നു. 10 സീറ്റുകൾ ബി ജെ പി ക്കാണു കിട്ടിയത്. അസമിൽ 5 സീറ്റിൽ രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പു നടന്നു. 4 എണ്ണം ബി ജെ പി ക്കു കിട്ടി.. അസാധാരണമായ വിജയ ശതമാനം – സ്‌ട്രൈക്ക് റേറ്റ് – എന്നു തന്നെ പറയാം.

ഒരു കാര്യം കൂടി പറയട്ടെ. പോളിംഗ് വർദ്ധനവിനെക്കുറിച്ചു സംസാരിക്കേണ്ടത് എന്തുകൊണ്ടാണ് പ്രധാനമായിരിക്കുന്നത്? അന്തിമ പോളിംഗിൽ വമ്പിച്ച വർദ്ധനവ് ഉണ്ടായ സ്ഥലങ്ങളിലൊക്കെ എന്താണു സംഭവിച്ചതെന്നു നിങ്ങൾക്കറിയാമോ? ഉദാഹരണത്തിന്, ഒഡീഷയിൽ 12.48% പോളിംഗ് വർദ്ധനവ് ഉണ്ടായപ്പോൾ, 21 സീറ്റുകളിൽ 20 എണ്ണം ബി ജെ പി നേടി. ആന്ധ്രാപ്രദേശിൽ 12.54% ആയിരുന്നു വർദ്ധനവ്. 25 സീറ്റുകളിൽ 21 എണ്ണം എൻ ഡി എ നേടി. 15 സംസ്ഥാനങ്ങൾ, വലിയ വിജയ ശതമാനം, അന്തിമ പോളിംഗ് നിരക്കിൽ വലിയ വർദ്ധനവ്.
അന്തിമ പോളിംഗ് ശതമാനത്തിലെ വർദ്ധനവ് വളരെ കുറവായ സീറ്റുകളിൽ എന്താണു സംഭവിച്ചത്? ചരിത്രം പരിശോധിച്ചാൽ, താൽക്കാലിക പോളിംഗ് കണക്കുകളും അന്തിമ പോളിംഗ് കണക്കുകളും തമ്മിലുള്ള വ്യത്യാസം (വർദ്ധനവ് ) ഒരിക്കലും 1% ൽ കൂടുതൽ ഉണ്ടായിട്ടില്ല. പലപ്പോഴും ഇത് അര ശതമാനമോ അതിൽ കുറവോ ആയിരുന്നു. ചരിത്രം നോക്കുമ്പോൾ, യു പി യെക്കുറിച്ച് സംസാരിക്കാനുള്ള സമയമാണിതെന്ന് എനിക്കു തോന്നുന്നു. ഏഴു ഘട്ടങ്ങളിലും പോളിംഗ് നടന്ന യു പി യിൽ, ഒന്നാം ഘട്ടത്തിൽ വർദ്ധനവ് 3.25% ആയിരുന്നു. രണ്ടാം ഘട്ടത്തിലെ കണക്കു പുറത്തു വിടാത്തതു കൊണ്ട്, എത്രയാണു വർദ്ധനവെന്നു നമുക്കറിയില്ല. ഞാൻ പറഞ്ഞതു പോലെ, രണ്ടാംഘട്ടത്തിൽ അവിടെ 8 സീറ്റുകളിൽ വോട്ടെടുപ്പു നടന്നു. അവയെല്ലാം ബിജെപി തന്നെ നേടി. മൂന്നാം ഘട്ടത്തിൽ, 0.2% ആയിരുന്നു വർദ്ധനവ്. നാലാം ഘട്ടത്തിൽ, 0.34%. അഞ്ചാം ഘട്ടത്തിൽ, 0.23%. ആറാം ഘട്ടത്തിൽ, 0.01%. ഏഴാം ഘട്ടത്തിൽ, 0.25%. എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാമോ? 67 സീറ്റിൽ എൻ ഡി എ യുടെ വിജയം 36 മാത്രമായി കുറഞ്ഞു. അതായത്, അന്തിമ പോളിംഗ് കണക്കുകളിലെ വർധന കുറഞ്ഞപ്പോൾ, എൻ ഡി എ വീണു. ഇതിൽ നിന്നും നമ്മൾ എന്താണു മനസ്സിലാക്കുക? സംസാരിക്കാൻ വളരെയധികം കാര്യങ്ങളുണ്ട്. ഏറെ കണക്കുകളും ഡാറ്റയും പറഞ്ഞ് നിങ്ങളിൽ മടുപ്പുണ്ടാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഡാറ്റ ഒരുപാടുണ്ട്. നമ്മൾ ഇപ്പോൾ എന്താണ് ചെയ്യാൻ പോകുന്നതെന്നതിനെപ്പറ്റി കുറച്ചു കാര്യങ്ങൾ സംസാരിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്.
ഇപ്പോൾ സമ്മതിച്ചേക്കില്ലെങ്കിലും ഞാൻ പറയാൻ പോകുന്ന കാര്യങ്ങളോട്, ഒരു ദിവസം നമ്മുടെ രാഷ്ട്രീയ പാർട്ടികൾക്ക് യോജിക്കേണ്ടിവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. നോക്കൂ, ഈ ലോക്‌സഭ അവിടെ ഇരിക്കുന്നത് വ്യാജമായ ഒരു തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിത്തറ മേലാണ്. അത് പോകണം. ഇപ്പോൾ നിലവിലുള്ള സർക്കാർ, വ്യാജമായ തെരഞ്ഞെടുപ്പിലൂടെ നിലവിൽ വന്ന ഈ ലോക്‌സഭയിൽ നിന്നാണ് രൂപം കൊണ്ടത്. അത് പോകണം. ഈ ലോക്‌സഭ ഒരു വ്യാജ തെരഞ്ഞെടുപ്പിന്റെയും തെറ്റായ വോട്ടർ പട്ടികയുടെയും വോട്ട് ഇരട്ടിപ്പിക്കലിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് ഞാൻ പറയുന്നത് എന്തുകൊണ്ടാണ്? പ്രതിപക്ഷ നേതാവ് പറഞ്ഞതുകൊണ്ടു മാത്രമല്ല, അത്. ഈ സർക്കാരിന്റെ കാബിനറ്റ് മന്ത്രിമാരിൽ ഒരാൾ തന്നെ അതു പറഞ്ഞിട്ടുണ്ട്. അതു നിങ്ങൾക്കറിയാമോ? അദ്ദേഹം ചോദിച്ചു, “നിങ്ങൾ എന്തിനാണ് മഹാദേവപുരയെക്കുറിച്ച് സംസാരിക്കുന്നത്? ആ റായ്ബറേലിയുടെ കാര്യമോ? റായ്ബറേലിയിലും തട്ടിപ്പു നടന്നിട്ടുണ്ട്,” അതായത് അവർ രണ്ടും തട്ടിപ്പുകാരാണ്. എന്തുകൊണ്ടാണ് നിങ്ങൾ അത് റദ്ദാക്കാത്തത്? അത് റദ്ദാക്കുകയും വോട്ടർ പട്ടിക ശരിയായ വിധം പരിഷ്ക്കരിക്കുകയും ചെയ്ത ശേഷം തെരഞ്ഞെടുപ്പ് നടത്തൂ. അതിനു മുമ്പ്, ഈ മോർച്ച (അതായത്, തെരഞ്ഞെടുപ്പ് കമ്മീഷൻ) പിരിച്ചുവിടൂ. നോക്കൂ, അപ്രായോഗികമോ, അസാധ്യമോ ആണെന്ന് നിങ്ങൾ കരുതുന്ന ഒരു കാര്യമാണ് ഞാൻ ആവശ്യപ്പെടുന്നത്. പക്ഷേ, ജനാധിപത്യപരമായ ഒരു ഗവൺമെന്റും പാർലമെന്റും തെരഞ്ഞെടുപ്പും ഉള്ള ഒരു വ്യവസ്ഥയാണ് ഇതെന്ന് നടിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്? എന്തിനാണ് ഇതൊക്കെ ഉണ്ടെന്ന് നിങ്ങൾ നടിക്കുന്നത്? എന്തിനാണ് ഈ കള്ള നാട്യം? വോട്ടർ പട്ടികയിൽ ധാരാളം തട്ടിപ്പുകൾ ഉണ്ടെന്ന് എല്ലാ പാർട്ടികളിലും പെട്ടവർക്കിടയിൽ ഇപ്പോൾ ഒരു അഭിപ്രായ സമന്വയമുണ്ട്. എല്ലാ കാലത്തും ഇത് ഇങ്ങനെ തന്നെയായിരുന്നുവെന്ന് ചിലർ പറയുന്നു. തിരഞ്ഞെടുപ്പുകൾ എല്ലായ്പ്പോഴും വ്യാജമായിരുന്നോ? 1952 ലെ തെരഞ്ഞെടുപ്പിലും തട്ടിപ്പു നടന്നിട്ടുണ്ടെന്ന് അവർ പറയും. ഞാൻ അന്ന് ജനിച്ചിട്ടില്ല. ആ പറച്ചിലിൽ ഞാൻ പങ്കാളിയല്ല. ഈ തെരഞ്ഞെടുപ്പിൽ, ഞാൻ ഇവിടെയുണ്ട്, അല്പം മുമ്പ് സാഗർ പറഞ്ഞതു പോലെ വോട്ടർ പട്ടികയിൽ വളരെയധികം കൃത്രിമങ്ങൾ നടന്നിട്ടുണ്ടെന്ന് എനിക്കറിയാം. അതു മാറണം. അത് പൂർണ്ണമായും വൃത്തിയാക്കണം. പിന്നെ, ഒരു തെരഞ്ഞെടുപ്പ് നടക്കട്ടെ. വൃത്തിയാക്കുക എന്നുവച്ചാൽ ആളുകളെ ഇല്ലാതാക്കുക എന്നല്ല അർത്ഥം. നമുക്ക് ശരിയായ വൃത്തിയാക്കലാണ് ആവശ്യം, സത്യസന്ധതയോടെ നടത്തപ്പെടുന്ന ഒന്ന്. ഇപ്പോൾ നമുക്ക് വേണ്ടത് 100% സത്യസന്ധതയുള്ള ഒരു തെരഞ്ഞെടുപ്പു പ്രക്രിയയാണ്. ഏതെങ്കിലും പ്രത്യേക പാർട്ടിയോടോ പ്രത്യേക നേതാവിനോടോ ഉള്ള അനിഷ്ടം പ്രകടിപ്പിക്കാൻ വേണ്ടിയല്ല ഇതു പറയുന്നത്. പൂർണ്ണമായും സത്യസന്ധമായ ഒരു പ്രക്രിയയാണെങ്കിൽ, ആരെങ്കിലും വിജയിക്കട്ടെ. എനിക്ക് അവരെ ഇഷ്ടമല്ലെങ്കിൽ, ഞാൻ രാഷ്ട്രീയമായി പോരാടും. എനിക്ക് ഇഷ്ടമുള്ളവരാണ് വിജയിക്കുന്നതെങ്കിൽ നല്ലത്. പക്ഷേ, പ്രക്രിയയിൽ കൃത്രിമം നടന്നാൽ, എനിക്ക് പോരാടാൻ കഴിയില്ല.
രാഷ്ട്രീയ പാർട്ടികളിലുള്ള സുഹൃത്തുക്കളോട് ഞാൻ പറയാറുണ്ട്, “നോക്കൂ, കഠിനാധ്വാനം ചെയ്ത് അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അത് നടക്കാൻ പോകുന്നില്ല. നിങ്ങൾ കാസിനോയ്‌ക്കെതിരെയാണ് കളിക്കുന്നത്.” 2024 ലെ തെരഞ്ഞെടുപ്പിൽ 5 കോടി വോട്ടുകളാണ് കൃത്രിമമായി വർദ്ധിപ്പിച്ചത്. നിങ്ങൾക്ക് അത് ഇപ്പോൾ നിർത്താനായില്ലെങ്കിൽ, അടുത്ത തെരഞ്ഞെടുപ്പിൽ,10 കോടി വോട്ടുകൾ വർദ്ധിക്കും. അതിനു ശേഷം മറ്റൊരു തെരഞ്ഞെടുപ്പു വന്നാൽ, 20 കോടി വോട്ടുകൾ വർദ്ധിക്കും. നിങ്ങൾ എന്തു ചെയ്യും? നിങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല. ഒരു തട്ടിപ്പുണ്ടായതിനു ശേഷവും പോളിംഗ് നിരക്കിൽ അസാധാരണമായ ഒരു വർദ്ധനവ് ഉണ്ടായതിനു ശേഷവും നിങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ, നിങ്ങൾ അവർക്ക് ഒരവസരം നൽകുകയാണു ചെയ്യുന്നത്, വ്യാജ തെരഞ്ഞെടുപ്പുകളെ നിങ്ങൾ നിയമവിധേയമാക്കുകയാണു ചെയ്യുന്നത്. അതിനാൽ, ഇലക്ടറൽ റോളുകൾ ഉചിതമായ രീതിയിൽ വൃത്തിയാക്കുന്നതുവരെ, തെരഞ്ഞെടുപ്പിൽ മത്സരിക്കരുത്.
ഇപ്പോഴത്തെ തെരഞ്ഞെടുപ്പു കമ്മീഷന് തങ്ങൾ നിഷ്പക്ഷരാണെന്ന് ആത്മവിശ്വാസത്തോടെ പറയാനോ അതു വഴി ആളുകളെ പ്രചോദിപ്പിക്കാനോ കഴിയില്ല. കാരണം, അതിന്റെ നിയമനം തന്നെ ധാരാളം സംശയങ്ങളുണ്ടാക്കുന്നതാണ്. ഒരു ഗവൺമെന്റ് സെക്രട്ടറിയെ നിയമിക്കുന്നതു പോലെയാണ് ഇലക്ഷൻ കമ്മീഷനെ നിയമിക്കുന്നത്. പ്രധാനമന്ത്രിയും ഒരു കാബിനറ്റ് മന്ത്രിയും പ്രതിപക്ഷ നേതാവുമുള്ള ഒരു സമിതി – പ്രതിപക്ഷ നേതാവിന് ആ തെരഞ്ഞെടുപ്പിൽ ഒരു പങ്കുമില്ല, ഭൂരിപക്ഷവുമില്ല – ഇത് ഒരു സർക്കാർ തീരുമാനമാണ്. തെരഞ്ഞെടുപ്പു കമ്മീഷണറെ നിയമിക്കുന്ന പ്രക്രിയയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനുണ്ടായിരുന്ന പങ്ക് ഇല്ലായ്മ ചെയ്തിരിക്കുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പങ്ക് ഇല്ലാതാക്കിയ ശേഷം, ഈ നിയമനം ഒരു നിഷ്പക്ഷ നിയമനമാണെന്ന് നിങ്ങൾക്ക് എങ്ങനെയാണു പറയാൻ കഴിയുക? ശരി, ചിലപ്പോൾ, സർക്കാർ നിയമിച്ച ഒരാൾക്കു പോലും നിഷ്പക്ഷമായി പ്രവർത്തിക്കാൻ കഴിയും. ടി.എൻ. ശേഷനെ നാം മറന്നുകൂടാ. സുപ്രീം കോടതിയോ മറ്റാരെങ്കിലുമോ അല്ല ശേഷനെ നിയമിച്ചത്. ശേഷനെ നിയമിച്ചത് സർക്കാരായിരുന്നു. എന്നിട്ടും അദ്ദേഹം പറഞ്ഞു, “ഇത് ഇന്ത്യാ ഗവൺമെന്റിന്റെ തിരഞ്ഞെടുപ്പ് കമ്മീഷനല്ല” ”ഇത് ഇന്ത്യയുടെ ഇലക്ഷൻ കമ്മീഷനാണ്. ഇതൊരു സർക്കാർ വകുപ്പല്ല. കാബിനറ്റ് സെക്രട്ടറിയോട് മറുപടി പറയാൻ എനിക്കു ബാദ്ധ്യതയില്ല. പ്രധാനമന്ത്രിയോട് മറുപടി പറയാനും എനിക്കു ബാദ്ധ്യതയില്ല. ആർക്കും എന്നോട് ആജ്ഞാപിക്കാൻ കഴിയില്ല. ഇന്ത്യൻ പ്രസിഡന്റിനോട് എനിക്ക് ഉത്തരവാദിത്തമുണ്ട്. ഇന്ത്യയിലെ ജനങ്ങൾ ചോദിച്ചാൽ ഞാൻ മറുപടി പറയണം. അവരോട് എനിക്ക് ഉത്തരവാദിത്തമുണ്ട്. ഇന്ത്യയുടെ പാർലമെന്റിനോടും എനിക്ക് ഉത്തരവാദിത്തമുണ്ട്.” സർക്കാർ നിയമിച്ച ടി എൻ ശേഷനെപ്പോലുള്ള ഒരാൾ അങ്ങനെ പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോഴത്തെ തെരഞ്ഞെടുപ്പു കമ്മീഷനും കമ്മീഷണർമാരും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറും (സി ഇ സി CEC) എങ്ങനെയാണു പെരുമാറുന്നതെന്നു നോക്കൂ. തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ പ്രധാനമന്ത്രി 110 വിദ്വേഷ പ്രസംഗങ്ങൾ നടത്തി, ഒരു നോട്ടീസ് പോലും അദ്ദേഹത്തിനു നൽകിയില്ല. അതാണ് നമ്മുടെ തെരഞ്ഞെടുപ്പു കമ്മീഷൻ. ഒന്നാം ഘട്ടം തെരഞ്ഞെടുപ്പിലെ അന്തിമ കണക്കുകൾ അവർ പുറത്തുവിട്ടത് 11 ദിവസങ്ങൾക്കു ശേഷമാണ്. അവസാന ഘട്ടത്തിലെ അന്തിമ കണക്കുകൾ പുറത്തു വിട്ടത് തെരഞ്ഞെടുപ്പു ഫലങ്ങൾ പ്രഖ്യാപിച്ചതിനു ശേഷമായിരുന്നു. ഇത് എന്തെങ്കിലും ആത്മവിശ്വാസം നൽകുന്നുണ്ടോ? ഇത് നിഷ്പക്ഷമാണോ? അതുകൊണ്ട്, നിലവിലുള്ള തെരഞ്ഞെടുപ്പു കമ്മീഷനെ പിരിച്ചുവിടുക. ലോക്സഭ പിരിച്ചുവിടുക. ഈ സർക്കാരിനെ പുറത്താക്കുക. ഇലക്ടറൽ റോളുകളിലെ അപാകങ്ങൾ പരിഹരിക്കുക; തുടർന്ന് തെരഞ്ഞെടുപ്പു നടത്തുക – ആരു വിജയിച്ചാലും ഒരു പ്രശ്നവുമില്ല.
ഇപ്പോൾ, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? അതു പ്രധാനമാണ്. എന്താണു സംഭവിക്കേണ്ടതെന്നും എന്താണു നാം ചെയ്യേണ്ടത് എന്നുമുള്ളതിനെക്കുറിച്ച് നമ്മൾ സംസാരിച്ചു. എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഇനി നമുക്കു സംസാരിക്കാം. ഈ രാജ്യത്തെ, ഈ റിപ്പബ്ലിക്കിനെ, ഒരു മതാധിപത്യ റിപ്പബ്ലിക്കാക്കി മാറ്റാനുള്ള – ഒരു ഹിന്ദു ഭൂരിപക്ഷതാ വാദ രാഷ്ട്രമാക്കി മാറ്റാനുള്ള ഒരു അജണ്ട, ഒരു പ്രവർത്തന പദ്ധതി സജീവമായി നിലനിൽക്കുന്നു എന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. അതാണ് അജണ്ട. നിങ്ങൾക്ക് ഈ അജണ്ടയുണ്ട് എന്ന കാരണത്താൽ എനിക്ക് നിങ്ങളുമായി ഒരു പ്രശ്നവുമില്ല. പക്ഷേ, ആ അജണ്ടയോട് ഞാൻ വിയോജിക്കുന്നു; ഞാൻ അതിനെതിരെ പോരാടും. പ്രശ്നം എന്തെന്നാൽ, വിഭാഗീയവും ഭൂരിപക്ഷതാവാദപരവുമായ അത്തരമൊരു അജണ്ടയ്ക്ക് ഇന്ത്യയിലെ വോട്ടർമാർ ഒരിക്കലും സമ്മതി നൽകില്ല. ഒട്ടേറെ വഞ്ചനകൾ നിറഞ്ഞതാണെങ്കിൽ പോലും ഈ തെരഞ്ഞെടുപ്പ് അതിനു തെളിവാണ്. അത്തരമൊരു അജണ്ട ഇന്ത്യൻ വോട്ടർമാർ അംഗീകരിക്കുന്നില്ല എന്നത് വളരെ വ്യക്തമാണ്. ബി ജെ പി പിറവിയെടുക്കുന്നതിനു മുമ്പ് അത് ബി ജെ എസ് (ഭാരതീയ ജനസംഘം) ആയിരുന്നു. ബി ജെ എസിന്റെ നേതാക്കൾ ഒരു കാലത്ത് അതിശക്തരായിരുന്നു. ഇന്ത്യയെ ഒരു മതാധിപത്യ, ഹിന്ദു ഭൂരിപക്ഷതാവാദ രാഷ്ട്രമാക്കി മാറ്റുക എന്ന ആശയം മുന്നോട്ടു വച്ചു പ്രവർത്തിച്ചവരിൽ ശ്യാമ പ്രസാദ് മുഖർജി, ബൽരാജ് മധോക്ക്, സ്വാമി കരപത്രിജി തുടങ്ങിയ വലിയ ആളുകളുണ്ടായിരുന്നു. അക്കാലത്ത് ആർ എസ് എസിൽ ഗോൾവാൾക്കർ സജീവമായിരുന്നു. ആ വലിയ ആളുകളെല്ലാം ഉണ്ടായിരുന്നിട്ടും ബി ജെ എസിന്റെ ഏറ്റവും ഉയർന്ന തെരഞ്ഞെടുപ്പു പ്രകടനം 9% വോട്ടു നേടി എന്നതായിരുന്നു. 9% ജനകീയ വോട്ട്. അതിനു ശേഷം ബി ജെ എസ് ജനതാ പാർട്ടിയിൽ ലയിച്ചു. പിന്നീട്, തങ്ങൾ ഗാന്ധിയൻ സോഷ്യലിസ്റ്റുകളാണെന്നും മറ്റും പറഞ്ഞുകൊണ്ട് അവർ അതിൽ നിന്നും പുറത്തു വന്നു. അതൊക്കെ നിങ്ങൾക്കറിയാം. ഒന്നോർത്തു നോക്കുക, അന്നത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളെല്ലാവരും മതേതരരാണെന്ന് പറയാറുണ്ടായിരുന്നു. അങ്ങനെയല്ലേ? ബി ജെ പി ഉൾപ്പെടെ എല്ലാ പാർട്ടികളും. ഇന്ന് അവർ അങ്ങനെ പറയുന്നുണ്ടോ? ഇല്ല. അവരൊക്കെ ധൈര്യശാലികളാണ്. ഭിന്നിപ്പിക്കൽ അജണ്ടക്കാർക്ക് പരമാവധി ലഭിക്കുന്ന വോട്ട് 9% ത്തിൽ കവിയില്ല എന്ന് അവർ അന്ന് മനസ്സിലാക്കിയതിനാൽ, തങ്ങളും മതേതരരാണെന്ന് അവർ പറഞ്ഞുകൊണ്ടിരുന്നു. രാമജന്മഭൂമി, ആർട്ടിക്കിൾ 370, യൂണിഫോം സിവിൽ കോഡ് തുടങ്ങിയ, തങ്ങളുടെ അജണ്ടയിലെ വിവാദപരമായ കാര്യങ്ങൾ അവർ തൽക്കാലം പിന്നോട്ടു മാറ്റിവച്ചു. പിന്നീട്, അവർക്ക് 20 മുതൽ 22% വരെ വോട്ടു ലഭിച്ചു. ഡി എം കെ യിൽ നിന്നും ടി ഡി പി യിൽ നിന്നുമൊക്കെ അവർക്ക് സഖ്യകക്ഷികളെ ലഭിക്കുകയും അവരുമായി ചേർന്ന് സർക്കാരുകൾ രൂപീകരിക്കുകയും ചെയ്തു.
2024 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്നതും ഒരു വർഗ്ഗീയ പ്രചാരണമോ, വർഗ്ഗീയ അജണ്ടയോ, വർഗ്ഗീയ പ്രകടന പത്രികയോ ആയിരുന്നു എന്നു പറയാനാവില്ല. എന്നാൽ ഇതാണു ചെയ്യേണ്ടതെന്ന് (ഒരു ഹിന്ദു മതാധിപത്യ രാഷ്ട്രത്തിലേക്കുള്ള മുന്നേറ്റമാണു വേണ്ടതെന്നു) തിരിച്ചറിഞ്ഞു കഴിഞ്ഞാൽ [ഇന്ത്യൻ വോട്ടർമാർ ഇത്തരമാരു കാര്യം അംഗീകരിക്കുന്നതേയില്ല ] നിങ്ങൾ എന്താണ് ചെയ്യുക? പിന്നെ, നിങ്ങൾ തെരഞ്ഞെടുപ്പുകൾക്കായി “മോർച്ചകൾ” ഉണ്ടാക്കും. അതുകൊണ്ടാണ് 2024 ൽ ഏകദേശം 5 കോടി വോട്ട് കൃത്രിമമായി വർദ്ധിപ്പിക്കുന്നതിന്റെ ഒരു വലിയ തട്ടിപ്പ് നടത്തിയതായി നമുക്കു കാണാൻ കഴിയുന്നത്. നിങ്ങൾക്ക് വോട്ട് നൽകാൻ സാദ്ധ്യതയില്ലാത്ത എല്ലാവരെയും തെരഞ്ഞെടുപ്പു പ്രക്രിയയിൽ നിന്നു തന്നെ പുറത്താക്കാനുള്ള പദ്ധതിയായി SIR- പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം നടപ്പാക്കുക. അപ്പോൾ, ഇതാണ് ഡിസൈൻ. അതിനു വേണ്ടിയാണ് ഇത് നടപ്പാക്കുന്നത്. അത് തടയണം.
നമുക്ക് തറയിൽ കാലുറപ്പിച്ചു നിന്നുകൊണ്ട് സമരം ചെയ്യണം. സോഷ്യൽ മീഡിയയിലൂടെയോ, ഓൺലൈൻ നിവേദനങ്ങൾ പോലുള്ള മാർഗങ്ങളിലൂടെയോ രാഷ്ട്രീയ പിന്തുണ പ്രഖ്യാപിക്കുന്ന തരത്തിലുള്ള മടിയൻ സമരമല്ല (Slacktivism) നമുക്കു വേണ്ടത്. അതിന് വളരെ കുറഞ്ഞ പരിശ്രമമോ പ്രതിബദ്ധതയോ മാത്രം മതിയാവും. അതു പോരാ. ദയവായി യുവാക്കളോടു സംസാരിക്കുക; കാമ്പസുകളോടു സംസാരിക്കുക. അതു വളരെ പ്രധാനമാണ്. എല്ലാം ചെയ്യണം. എന്തെങ്കിലും സംഭവിക്കാൻ വേണ്ടി കാത്തിരിക്കരുത്. ശരിയായ പ്രക്ഷോഭമില്ലാതെ നിങ്ങൾ എങ്ങനെയാണ് ഈ മോർച്ചയെ പൊളിക്കാൻ പോകുന്നത്? നിങ്ങൾക്ക് ഒരു പ്രസ്ഥാനം ആവശ്യമാണ്. നിങ്ങൾ സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്. ഈ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പുകളിൽ നിന്ന് വിട്ടുനിൽക്കുകയും ഭരണകക്ഷിയെ പരിഹാസപാത്രമാക്കുകയും ചെയ്യണം. “നമ്മൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിൽ അവർ മത്സരിക്കും” എന്നാണ് രാഷ്ട്രീയ പാർട്ടികൾ കരുതുന്നത്. അത് സാധ്യമല്ല. അത് സംഭവിക്കില്ല. എല്ലാവരും അവരെ നോക്കി ചിരിക്കും. അതേക്കുറിച്ച് ചിന്തിക്കുക. ഇത് വളരെ ഗുരുതരമായ കാര്യമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിനു തന്നെ ദിശാവ്യതിയാനമുണ്ടാക്കുന്ന ഒരു നിർണ്ണായക ബിന്ദുവാണിത് (inflection point). ഇതു നഷ്ടപ്പെട്ടു പോയാൽ, ഇന്ത്യൻ ജനാധിപത്യം തന്നെ നമ്മുടെ കൈകളിൽ നിന്ന് പുറത്തു പോകും. നമുക്കത് വീണ്ടെടുക്കാൻ കഴിയില്ല. നമുക്കത് സംരക്ഷിക്കാൻ കഴിയില്ല. ഇപ്പോൾ, നമുക്കൊരു അവസരമെങ്കിലുമുണ്ട്. അതു കഴിഞ്ഞാൽ, ഇത്തരമൊരു അവസരം പോലും, ഇതു പോലുള്ള ഒരു സ്ഥലത്തിരുന്ന് അതിനെക്കുറിച്ച് സംസാരിക്കുന്നതു പോലും അസാധ്യമായിരിക്കും.
പിൻകുറിപ്പ് :
മുകളിൽ കൊടുത്ത പ്രസംഗത്തിനു ശേഷം ശ്രീ. പരക്കാല പ്രഭാകർ ഒരു അഭിമുഖവും നൽകുകയുണ്ടായി, 2025 ഓഗസ്റ്റ് 30-ന്. അതിൽ നിന്ന് ചില കാര്യങ്ങൾ കൂടി ഇവിടെ എടുത്തു ചേർക്കുന്നത് ഉചിതമാവുമെന്ന് ഞങ്ങൾ കരുതുന്നു. “ഇവിടെ ഒരു അപകടമുണ്ട്” അദ്ദേഹം പറഞ്ഞു, “ഈ കളി വളരെ സങ്കീർണ്ണമായ ഒന്നാണ്, നമുക്കു മനസ്സിലാക്കാനാവുന്നതു പോലെ. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളും സമരങ്ങളുമെല്ലാം കഴിഞ്ഞ്, ആർജെഡി – കോൺഗ്രസ് സഖ്യം വിജയിച്ചാൽ എന്താണു സംഭവിക്കുക? അതിൽ എന്തെങ്കിലും കുഴപ്പമുള്ളതായി നിങ്ങൾക്കു തോന്നുമോ? ഇല്ല, അതിൽ കുഴപ്പമുണ്ടെന്നു തന്നെ ഞാൻ കരുതും! മുഴുവൻ താപനിലയും പൊടുന്നനെ താഴോട്ടു വന്നാൽ, അത് അപകടമാണ്. അതിനു ശേഷം വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇപ്പോഴത്തെ ഭരണകക്ഷി വിജയിച്ചാൽ നിങ്ങൾക്ക് അതിനെ ചോദ്യം ചെയ്യാൻ കഴിയില്ല”. അഭിമുഖക്കാരൻ ചോദിക്കുന്നു “അപ്പോൾ പ്രതിപക്ഷത്തിനു മുന്നിൽ അവശേഷിക്കുന്ന ഒരേയൊരു ഓപ്ഷൻ സമ്പൂർണ്ണ ബഹിഷ്കരണമാണോ?” പറക്കാല മറുപടി പറഞ്ഞു, ” അതു തന്നെ, മറ്റൊരു ബദലുമില്ല.”
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലൂടെ പ്രതിപക്ഷ പാർട്ടികൾ, മുഴുവൻ തെരഞ്ഞെടുപ്പ് പ്രക്രിയയെയും ഭരണകക്ഷിയുടെ വിജയത്തേയും മാത്രമല്ല, വ്യാജ എസ് ഐ ആർ (SIR) പ്രക്രിയയെയും ഭാവിയിൽ ബി ജെ പി ഉണ്ടാക്കാനിരിക്കുന്ന കൃത്രിമ വിജയങ്ങളെയും സാധൂകരിക്കുകയാവും ചെയ്യുന്നത്. മാത്രമല്ല, വരാനിരിക്കുന്ന ബീഹാർ തെരഞ്ഞെടുപ്പിൽ ആർ ജെ ഡി-കോൺഗ്രസ് സഖ്യം വിജയിച്ചാൽ എസ് ഐ ആർ ജനങ്ങൾക്കിടയിൽ നിയമാനുസൃതമാക്കപ്പെടുകയും “വോട്ട് ചോരി” പ്രക്ഷോഭം ദുർബലപ്പെട്ട് നിലക്കുകയും ചെയ്യും. അപ്പോൾ, ഒരു ഭയവും മടിയും കൂടാതെ തന്നെ എസ് ഐ ആറിനെ (SIR) രാജ്യവ്യാപകമായി പ്രയോഗിക്കാൻ ബി ജെ പി ക്കു സാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എസ് ഐ ആറിനെതിരെ മാത്രമല്ല, വഞ്ചനാപരമായ മറ്റേതെങ്കിലും നടപടികൾക്കെതിരെ പോലും ശബ്ദമുയർത്താൻ കഴിയാത്ത ദുർബ്ബലാവസ്ഥയിലേക്ക് പ്രതിപക്ഷവും ഫാസിസ്റ്റ് വിരുദ്ധ ശക്തികളും പിൻവാങ്ങേണ്ടി വരികയും ചെയ്യും.
വിവർത്തനം : പി കെ വേണുഗോപാൽ
കടപ്പാട്: ചന്ദ്രിക ആഴ്ചപ്പതിപ്പ്
Featured Image: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെ (SIR ) ഇന്ത്യ മുന്നണിയുടെ ഘടകകക്ഷികൾ മധുരയിൽ നടത്തിയ പ്രകടനം. Photo/The Hindu
