ചീഫ് റാവോണിയുടെ മരച്ചുണ്ടുകൾ

ചീഫ് റാവോണിയുടെ മരച്ചുണ്ടുകൾ

കാലാവസ്ഥാ ആക്ടിവിസത്തിന്റെ പ്രമുഖ മുഖമായി മാറിയ 93 വയസ്സുള്ള കയാപോ ആദിവാസികളുടെ നേതാവ് റാവോണി മെതുക്‌ടൈറിന്റെ ജീവിത ദർശനവും പ്രവർത്തനങ്ങളും വിവരിക്കുകയാണ് കാലാവസ്ഥാ വ്യതിയാനത്തിൻ്റെ രാഷ്ട്രീയവും ശാസ്ത്രവും ചര്‍ച്ച ചെയ്യുന്ന മലയാളത്തിലെ ആദ്യ ന്യൂസ്‌ലെറ്റര്‍ ആയ ക്ലൈമറ്റ് ട്രാക്കർ. സിങ്കു വനങ്ങളിലെ അവരുടെ ജീവിതം മുതൽ ആഗോള കാലാവസ്ഥ ഉച്ചകോടി വരെ വനനശീകരണത്തിനും ഖനന പദ്ധതികൾക്കുമെതിരായി റാവോണി നടത്തിയ പോരാട്ടം വായിക്കാം. ആമസോൺ മഴക്കാടുകളുടെയും ഈ ഭൂമിയുടെ തന്നെയും നിലനിൽപ്പ് ആദിമനിവാസികളായ ജനതയുടെ അറിവിനെയും നേതൃത്വത്തെയും ആശ്രയിച്ചിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തുകയാണ് റാവോണിയുടെ ജീവിതം.

യു.എൻ കാലാവസ്ഥാ സമ്മേളനത്തിനനുബന്ധമായി നടക്കുന്ന ജനസഭയിൽ പങ്കെടുക്കാനെത്തിയ എത്തിയ 400-ഓളം തദ്ദേശീയ ഗോത്ര സമൂഹങ്ങളുടെ നേതാക്കളാണ് ചീഫ് റാവോണിയെ വരവേറ്റത്.

അരനൂറ്റാണ്ടിലേറെയായി ആമസോൺ വന സംരക്ഷണത്തിനായുള്ള പോരാട്ടത്തിന്റെ പ്രതീകവും, പ്രധാന വക്താവുമായ റാവോണിയുടെ സാന്നിധ്യത്തിന് ബെലേമിലെ പ്രാധാന്യം ചെറുതല്ല. നിരവധി പരിസ്ഥിതി പ്രവർത്തകരെ തന്റെ പ്രവർത്തനത്തിലൂടെ പ്രചോദിപ്പിച്ച കയാപോ മൂപ്പന്റെ ജീവിതം ആമസോൺ കാടുകൾക്കു സമാനമാണ്: നിരന്തരമായ കടന്നുകയറ്റങ്ങൾക്കെതിരെയുള്ള ജനതകളുടെ ചെറുത്തുനില്പിന്റെയും അതിജീവനത്തിന്റെയും കഥ.

ബ്രസീലിലെ പാരാ (Pará) യിൽ സ്ഥിതി ചെയ്യുന്ന 32,840 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കയാപോ ദേശത്തിന്റെ (Kayapó Indigenous Territory) ഇന്നത്തെ നിയമപരമായ ഉടമകൾ ബെങ്‌ഗോക്രെ (Mẽbêngôkre) എന്ന് സ്വയം വിശേഷിപ്പിക്കാൻ ഇഷ്ടപെടുന്ന കയാപോ ജനതയാണ്. വനമേഖലയിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും കാലാവസ്ഥാ മാറ്റം കൊണ്ടുള്ള കെടുതികൾ കുറയ്ക്കുന്നതിനുമുള്ള ചുമതലകൾ അവർ ഉത്തരവാദിത്വത്തോടെ നിറവേറ്റുന്നു. മരം കൊള്ളക്കാർക്കും അണക്കെട്ടുകൾക്കും എതിരെ സന്ധിയില്ലാതെ പോരാടുന്നു

1930-കളുടെ തുടക്കത്തിൽ മാറ്റോ ഗ്രോസോയിലെ (Mato Grosso) ക്രാജോംപോയിജകാരെയിൽ (ഇന്നത്തെ കപോട്ട്) ജനിച്ച റാവോണിയുടെ കുട്ടിക്കാലം കാട്ടിനുള്ളിലായിരുന്നു. കയാപോ മാതൃഭാഷയിൽ റാവോണി ഓർമ്മിക്കുന്നു: “പ്രകൃതി ഞങ്ങളെ ചുറ്റി നിന്നു. എങ്ങും നിറയെ മൃഗങ്ങൾ… ഞങ്ങളെ തടയാൻ ഒന്നുമുണ്ടായിരുന്നില്ല. കാട് വലുതായിരുന്നു.”

എന്നാൽ റാവോണിയുടെ പൂർവ്വികർ കാത്തുസൂക്ഷിച്ച കാടിന്റെ അഞ്ചിൽ ഒരു ഭാഗം ഇന്ന് നഷ്ടപ്പെട്ടു കഴിഞ്ഞു. 1972-ൽ നാസ ഉപഗ്രഹ നിരീക്ഷണം ആരംഭിച്ചതുമുതൽ ആമസോണിന്റെ തെക്കും കിഴക്കൻ അതിർത്തികളിലും ഉണ്ടായ വിനാശകരമായ മാറ്റങ്ങൾ ഗവേഷകർ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ട്രാക്ടറുകൾ ഉപയോഗിച്ച് ഒരു വാരാന്ത്യത്തിൽ മാത്രം 10,000 ഹെക്ടർ വരെ വനം നശിപ്പിക്കപ്പെടുന്നു.

ഷിങ്കു നദീതടത്തിൽ (Xingu basin) നിന്ന് അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടികളിലേക്കുള്ള റാവോണിയുടെ യാത്ര തുടങ്ങുന്നത് 1954-ലാണ്. അപ്പർ ഷിങ്കു മേഖലയിലെ ഗോത്രങ്ങളെ സംരക്ഷിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച ബ്രസീലിയൻ ആക്ടിവിസ്റ്റുകളായ വില്ലാസ് ബോസ് സഹോദരങ്ങളെ കണ്ടുമുട്ടിയത് ഒരു വഴിത്തിരിവായിയിരുന്നു. റാവോണി പോർച്ചുഗീസ് പഠിച്ചു. സ്വന്തം കയാപോ സ്വത്വം ഉപേക്ഷിക്കാതെ തന്നെ, തൻ്റെ ആളുകൾ “കുബെൻ” എന്ന് വിളിച്ചിരുന്ന പുറം നാട്ടുകാരോടൊപ്പം റാവോണി ലോകമെങ്ങും സഞ്ചരിച്ചു.

1950-കളുടെ അവസാനത്തോടെ അന്നത്തെ ബ്രസീലിയൻ പ്രസിഡന്റ് ജുസെലിനോ കുബിചെക്കുമായും ബെൽജിയം രാജാവ് ലിയോപോൾഡ് മൂന്നാമനുമായും കൂടിക്കാഴ്ചകൾ നടത്തി.

എന്നാൽ റാവോണിയെ ആഗോള പ്രതീകമാക്കിയത് ബെൽജിയൻ ചലച്ചിത്രകാരനായ ജീൻ-പിയർ ഡ്യൂട്ടില്യൂക്സ് ആണ്. 1977-ൽ പുറത്തിറങ്ങിയ “റാവോണി” എന്ന ഡോക്യുമെന്ററിക്ക് ഓസ്കാർ നോമിനേഷൻ ലഭിച്ചു. (നടൻ മാർലോൺ ബ്രാൻഡോ ആയിരുന്നു ഇതിന്റെ ശബ്ദ വിവരണം നൽകിയത്).

“റാവോണി” എന്ന ഡോക്യുമെന്ററി

1989-ൽ, റാവോണി, റോക്ക് സംഗീതജ്ഞനായ സ്റ്റിംഗിന്റെയും ഡ്യൂട്ടിലക്സിന്റെയും അകമ്പടിയോടെ യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവയുൾപ്പെടെ 17 രാജ്യങ്ങൾ സന്ദർശിച്ചു. വനനശീകരണത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും തദ്ദേശീയ ജനത നേരിടുന്ന ഭീഷണികളെക്കുറിച്ചും ആഗോള തലത്തിൽ അവബോധം വളർത്താൻ ഈ യാത്ര ഉപകരിച്ചു. മഴക്കാടുകളുടെ സംരക്ഷണത്തിനായി പന്ത്രണ്ടോളം ഫൗണ്ടേഷനുകൾക്ക് തുടക്കമിടാനും പ്രചാരണ യാത്ര വഴിയൊരുക്കി. ഈ സഹകരണം ഒരു സാധാരണ സെലിബ്രിറ്റി പരസ്യ തന്ത്രമായിരുന്നില്ല.

കയാപോ ജനതയ്ക്ക് അവരുടെ പരമ്പരാഗത ഭൂമിയിൽ നിയമപരമായ അവകാശം നേടിയെടുക്കാൻ ഇത് സഹായകമായി. 1992 ഒക്ടോബറിൽ, ഷിങ്കു, അൾട്ടാമിറ പ്രദേശങ്ങളിലായി ഏകദേശം 50 ലക്ഷം ഹെക്ടർ ഭൂമി കയാപോ ജനതയ്ക്കായി അനുവദിക്കപ്പെട്ടു. 1993-ഓടെ, 180,000 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള ഷിങ്കു തദ്ദേശീയ ഭൂമികൾ ഏകീകരിക്കാനുള്ള റാവോണിയുടെ പ്രയത്നം ഫലം കണ്ടു. തദ്ദേശീയ ഭൂമി സംരക്ഷണത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണിത്.

ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമായി റാവോണിയെ മാറ്റാൻ ഡ്യൂട്ടിലക്സുമായുള്ള പ്രവർത്തനങ്ങൾ സഹായിച്ചുവെങ്കിലും രണ്ടു വർഷങ്ങൾക്കു മുൻപ് 2023-ൽ ഈ ബന്ധം വഷളായി. കയാപോ ജനതയ്ക്ക് വേണ്ടിയും ആമസോൺ മഴക്കാടുകൾ സംരക്ഷിക്കുന്നതിനും സമാഹരിച്ച ഫണ്ടുകൾ സംബന്ധിച്ച സുതാര്യതയില്ലായ്മയും റാവോണിയുടെ പ്രതിച്ഛായ വ്യക്തിപരമായ ലാഭത്തിനായി ഡ്യൂട്ടിലക്സ് ചൂഷണം ചെയ്തു എന്ന ആരോപണങ്ങളും ഇതിന് കാരണമായി.

1992-ൽ റാവോണി, ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനും സ്വന്തം ജനതയുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കാൻ റിയോ ഭൗമ ഉച്ചകോടിയിൽ (Rio Earth Summit) പങ്കെടുത്തു. ബെലേമിൽ നടക്കുന്ന കോപ്-30-ൽ പങ്കെടുക്കാനെത്തിയ റാവോണിയുടെ വാക്കുകളിൽ നിഴലിച്ചത് പക്ഷെ നിരാശയാണ്. “കാടുകൾ നിലനിന്ന സമയത്താണ് ഞാൻ അവയുടെ സംരക്ഷണത്തിനായി റിയോയിൽ ശബ്ദമുയർത്തിയത്. എന്നിട്ടും അവർ എല്ലാം നശിപ്പിക്കുന്നത് തുടർന്നു.”

The road network in the Amazon compromises forest connectivity and increases threats to the native wildlife, such as this snake killed in a vehicle strike on the BR-319 Manaus-Porto Velho highway, one of the main official roads crossing the Amazon biome.
ആമസോണിലെ റോഡ് ശൃംഖല വനമേഖലയെ ദുർബലപ്പെടുത്തുകയും തദ്ദേശീയ വന്യജീവികൾക്ക് ഭീഷണി ഉയർത്തുകയും ചെയ്യുന്നു, ആമസോൺ ബയോമിലൂടെ കടന്നുപോകുന്ന പ്രധാന ഔദ്യോഗിക റോഡുകളിലൊന്നായ BR-319 മനാസ്-പോർട്ടോ വെൽഹോ ഹൈവേയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട പാമ്പ്. Image by Marcio Isensee e Sá/Amazônia Real via Flickr.

അവസാനിക്കാത്ത പോരാട്ടം

ആമസോൺ കാടിനുള്ളിലൂടെയുള്ള ഹൈവേ നിർമ്മാണം, ധാന്യം കൊണ്ടുപോകാനായി കാടിനുള്ളിലൂടെ നിർമ്മിക്കുന്ന 1,000 കിലോമീറ്റർ നീളമുള്ള ഫെറോഗ്രാവോ റെയിൽവേ, വിവാദപരമായ, ആമസോൺ നദീമുഖത്ത് നിന്ന് 500 കിലോമീറ്റർ അകലെ എണ്ണ പര്യവേക്ഷണം നടത്താൻ പെട്രോബ്രാസിന് അടുത്തിടെ നൽകിയ ലൈസൻസ് എന്നിവയ്ക്കെതിരെയുള്ള പോരാട്ടത്തിലാണ് ഇന്ന് റാവോണി. ഒക്ടോബറിൽ ആരംഭിച്ച വിവാദ എണ്ണ പര്യവേക്ഷ പദ്ധതിക്ക് ലൂലയുടെ പരസ്യ പിന്തുണയുണ്ട്.

പീപ്പിൾസ് സമ്മിറ്റ് ഉദ്ഘാടനത്തിൽ റാവോണി ബ്രസീൽ പ്രസിഡന്റ് ലുലയെ പദ്ധതികൾക്കെതിരെയുള്ള പ്രതിഷേധമറിയിച്ചു. “ഞാൻ പ്രസിഡന്റ് ലൂലയെ പിന്തുണയ്ക്കുന്നു, പക്ഷേ അദ്ദേഹം ഞങ്ങളെ ശ്രദ്ധിക്കണം… ബഹുമാനിക്കണം. ഞാനൊരു കൂടിക്കാഴ്ചയ്ക്ക് സമയം ചോദിക്കും. ആവശ്യമെങ്കിൽ ശക്തമായ ഭാഷയിൽ താക്കീത് നൽകും,” റാവോണി പറഞ്ഞു.

തദ്ദേശീയ ഗോത്ര ജനതയാണ് കാടിന്റെ ഏറ്റവും നല്ല കാവൽക്കാർ എന്ന റാവോണിയുടെ വാദം ഇന്ന് ശാസ്ത്രം ശരി വയ്ക്കുന്നു. നിയമപരമായി അംഗീകരിക്കപ്പെട്ട തദ്ദേശീയ പ്രദേശങ്ങളിൽ, സംരക്ഷിക്കപ്പെടാത്ത മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വനനശീകരണ നിരക്ക് കുറവാണെന്നും ഉയർന്ന അളവിൽ ആവാസവ്യവസ്ഥാ ബന്ധം (ecosystem connectivity) നിലനിർത്താൻ ഇത് സഹായകമാണെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

Indigenous people walk together as they participate in a demonstration on the sidelines of the UN Climate Change Conference (COP30), in Belém, Brazil, November 11, 2025.
2025 നവംബർ 11 ന് ബ്രസീലിലെ ബെലെമിൽ നടന്ന യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ (COP30) ഭാഗമായി തദ്ദേശീയ ജനത നടത്തിയ പ്രകടനം. Photo: REUTERS/Anderson Coelho

മാപ്ബയോമാസ് (MapBiomas) അനുസരിച്ച്, ബ്രസീലിന്റെ ദേശീയ ഭൂവിസ്തൃതിയുടെ 13% മാത്രമാണ് തദ്ദേശീയ പ്രദേശങ്ങൾ, എന്നാൽ 1985 മുതൽ രാജ്യത്തുണ്ടായ വനനഷ്ടത്തിന്റെ 1% മാത്രമാണ് ഈ പ്രദേശങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഭരണകൂടങ്ങളും സ്വകാര്യ വ്യക്തികളും കൈകാര്യം ചെയ്യുന്ന ഭൂമിയിലെ സ്ഥിതി ഇതിന് വിപരീതമാണ്.

മാറ്റോ ഗ്രോസോയിലെ (Mato Grosso) കപ്പോട്ടോ/ജരിന തദ്ദേശീയ പ്രദേശത്ത്, ഷിംഗു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന (Capoto/Jarina Indigenous territory) മെതുകുട്ടിരേ ഗ്രാമത്തിലെത്തി ചേരാൻ നാൽപ്പത് മിനിറ്റ് ബോട്ട് യാത്ര വേണം. മെതുകുട്ടിരേയിലെ മരക്കുടിലിൽ ഇരുന്നാണ് റാവോണി വനസംരക്ഷണത്തിനായി അര നൂറ്റാണ്ടിലേറെയായി പോരാടുന്നത്.

കയാപോ ജനതയെ സംബന്ധിച്ചിടത്തോളം, ആചാരത്തിന്റെ ഭാഗമായി ചുണ്ടിൽ ധരിക്കുന്ന മരത്തളികകൾ നേതൃപാടവത്തിന്റെ സാംസ്കാരിക ചിഹ്നമാണ്. ഏറ്റവും വലിയ തളികകൾ മികച്ച വാഗ്‌മികൾക്കും യുദ്ധവീരന്മാർക്കുമുള്ളതാണ്. റാവോണിയുടെ പോലെ.

പ്രസിഡന്റ് ലുലയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഉൾപ്പെടെ പലരും റാവോണിയെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ പുരസ്കാരങ്ങളല്ല റാവോണിയുടെ ചിന്ത, മഴക്കാടുകളുടെ സംരക്ഷണമാണ്.

“ഞാൻ പോരാടുന്നത് മെഡലുകൾക്ക് വേണ്ടിയല്ല. ജീവിതത്തിന് വേണ്ടിയാണ്,” റാവോണിപറയുന്നു.

To Subscribe ClimateTracker

Featured Image: Chief Raoni Metuktirethe, the leader of the Indigenous Kayapó people

ClimateTracker

ClimateTracker

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ രാഷ്ട്രീയവും ശാസ്ത്രവും ചര്‍ച്ച ചെയ്യുന്ന മലയാളത്തിലെ ആദ്യ ന്യൂസ്‌ലെറ്റര്‍.

View All Articles by ClimateTracker

Share Article
Whatsapp Email