എന്തുകൊണ്ട് കീഴാളം?

എന്തുകൊണ്ട് കീഴാളം?

എപ്രകാരമാണ് കീഴാള ജനതയ്ക്ക് ആത്മാഭിമാനമുണ്ടാവുക? സ്വന്തം നിലനിൽപ്പും അധ്വാനവും ലോകോപകാരപ്രദമാണെന്നും മാനവ സമുദായത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും തിരിച്ചറിയുന്നതോടെ കീഴാള ജനതയിൽ ഉടലെടുക്കുന്ന സ്വത്വ ബോധമാണ് അവരുടെ ആത്മാഭിമാനത്തിന്റെ അടിസ്ഥാനം. പ്രത്യുൽപ്പാദന പ്രധാനമായ പ്രവർത്തനങ്ങളിലേർപ്പെടുന്ന അടിത്തട്ട് വിഭാഗങ്ങൾക്ക് മാത്രമാണ് സ്വയംഭരണ സാധ്യതകൾ ഉള്ളത്. ജാതി, വർഗ സമൂഹങ്ങളെ നിർവചിക്കുന്ന അധികാര ശ്രേണി, പുരോഗതി, നാഗരികത എന്നിവയെ സംബന്ധിച്ച പ്രബലമായ സങ്കൽപ്പങ്ങളെ എ.കെ. രവീന്ദ്രൻ വിശകലനം ചെയ്യുന്നു. കീഴാളർ താഴെത്തട്ടിലുള്ളവരല്ല, മറിച്ച് മനുഷ്യരാശിയുടെ തന്നെ സൃഷ്ടിപരവും പ്രത്യുൽപാദനപരവുമായ സത്തയെയാണ് പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം വാദിക്കുന്നു.

പഴയ സ്വർഗ്ഗ നരക സങ്കൽപ്പത്തിന്റെ അതേ മാതൃകയിലാണ് സാമ്പ്രദായിക അർത്ഥത്തിൽ മേലാള-കീഴാള പരികല്പനകൾ മനസിലാക്കപ്പെടുന്നത്. ‘കീഴാളം’ മേലാളത്തിന്റെ വാച്യമായ വിപരീതം അല്ല. പ്രകൃതിയെ പോലെ ഉർവ്വരത, പ്രത്യുൽപാദനപരത, സ്വാശ്രയക്ഷമത എന്നിവയാൽ സമ്പന്നരാണ് കീഴാള ജനത. കീഴാള ജനതയെ ആശ്രയിക്കാതെ നിലനിൽപ്പില്ലാത്തതിനാൽ അധികാരപ്രയോഗത്തിലൂടെ അവരെ അധിനിവേശപ്പെടുത്തി മാത്രം നിലനിൽക്കുന്നവരാണ് മേലാളവിഭാഗം. നമ്മൾ എന്തിനു കീഴാളർ എന്ന അടിത്തട്ട് നരകത്തിൽ കിടക്കണം? സ്വർഗത്തിൽ പോകാൻ അല്ലെ ഏവരും ആഗ്രഹിക്കുക? പ്രത്യേകിച്ച് ജാതി വ്യവസ്ഥയിലെ മേലാള കീഴാള വിഭാഗങ്ങൾ ജന്മനാ നിർണ്ണയിക്കപ്പെടുന്ന കേവല ദ്വന്ദ്വങ്ങൾ ആകയാൽ മേൽത്തട്ടിലേക്കു അടുത്ത ജന്മത്തിലെങ്കിലും കയറിപ്പറ്റലല്ലേ കീഴ്ത്തട്ടു വിഭാഗങ്ങൾക്ക് അഭികാമ്യം? ആയതിനുള്ള ഇച്ഛാശക്തിയും പരിശ്രമവുമല്ലേ വേണ്ടത്?

സ്വർഗ്ഗ നരക സങ്കൽപ്പത്തിലായാലും ജാതി വ്യവസ്ഥയിലായാലും അടിത്തട്ട് ജനതകൾ കർമ്മം കൊണ്ടും ജന്മം കൊണ്ടും പാപികളും നികൃഷ്ടരുമാണ്. അതുകൊണ്ടു തന്നെ അടിത്തട്ടിൽ നിന്ന് പുറത്തുകടക്കലും മേൽത്തട്ട് സ്വർഗ്ഗ പ്രാപ്തിയുമാണ് പരമ പ്രധാനം. മേൽത്തട്ടിനെ മാതൃകയാക്കി ഉരുവം കൊള്ളുന്ന ഇത്തരം ബോധ നിർമ്മിതികൾ ഏതു വിഭാഗത്തിന്റെ താല്പര്യങ്ങളെയാണ് സംരക്ഷിക്കുന്നതെന്ന് ആത്മാഭിമാനമുള്ള കീഴാള വിഭാഗങ്ങൾക്ക് സൂക്ഷ്മ വിശകലനത്തിൽ എളുപ്പം മനസിലാക്കാൻ കഴിയും.

എപ്രകാരമാണ് കീഴാള ജനതയ്ക്ക് ആത്മാഭിമാനമുണ്ടാവുക? തങ്ങൾ അധമരോ പാപികളോ നികൃഷ്ടരോ ആണെന്ന് കരുതുന്ന ആർക്കും ആത്മാഭിമാനം ഉണ്ടാവുക സാധ്യമല്ല. സ്വന്തം നിലനിൽപ്പും അധ്വാനവും ലോകോപകാരപ്രദമാണെന്നും മാനവ സമുദായത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും തിരിച്ചറിയുന്നതോടെ കീഴാള ജനതയിൽ ഉടലെടുക്കുന്ന സ്വത്വ ബോധമാണ് അവരുടെ ആത്മാഭിമാനത്തിന്റെ അടിസ്ഥാനം.

എന്നാൽ ഇത്തരമൊരു സ്വത്വബോധം കീഴാള ജനതയിൽ ഉരുവം കൊള്ളാൻ മേലാള സമൂഹം അനുവദിക്കുന്നില്ല. കീഴാള ജനതയെ പലതരം അധികാര പ്രയോഗങ്ങളിലൂടെ അടിമപ്പെടുത്തിയും മാനസികമായിപ്പോലും വരുതിയിലാക്കിയുമാണ് മേലാള സമൂഹം ഇത് സാധിക്കുന്നതും തങ്ങളുടെ മേൽനില സുദൃഢമാക്കുന്നതും. അടിത്തട്ട് ജനതയുടെ അധ്വാനത്തെ അവമൂല്യനം ചെയ്യലാണ് അവർക്കു മേലുള്ള വ്യത്യസ്തതരം അധികാര പ്രയോഗങ്ങളുടെ മുഖ്യ അജണ്ട. അടിത്തട്ട് ജനതയുടെ അധ്വാനം പ്രാകൃതമോ മോശപ്പെട്ടതോ വിലയില്ലാത്തതോ ആണെന്നും അതവർ ജന്മനായുള്ള ബാധ്യതയായി ഏറ്റെടുക്കേണ്ടതാണെന്നും അതിനവർ പ്രതിഫലം അർഹിക്കുന്നില്ലെന്നും എന്നിരുന്നാലും കൃപാലുക്കളും ആശ്രിതവത്സലരുമായ തങ്ങളുടെ ഔദാര്യമെന്ന നിലയിൽ ഏറ്റവും ചുരുങ്ങിയ പ്രതിഫലം കൊടുക്കുന്നുണ്ടെന്നും മറ്റുമാണ് ഇത് സംബന്ധിച്ച മേൽത്തട്ട് നിലപാട്.

മേൽ-കീഴ് വിഭജനം സാധ്യമാകുന്നത് ചരിത്രത്തെയും വികസനത്തെയും സംബന്ധിച്ച രേഖീയമായ പുരോഗമന സങ്കൽപ്പത്തിനകത്താണ്. സമൂഹത്തിന്റെ മേൽത്തട്ട് പുരോഗതിയുടെയും പരിഷ്‌ക്കാരത്തിന്റെയും അടിത്തട്ട് പ്രാകൃതാവസ്ഥയുടെയും പ്രതിലോമപരതയുടെയും പ്രതിനിധാനമായി ഈ കാഴ്ചപ്പാടിനകത്ത് പ്രത്യക്ഷ രൂപം കൈക്കൊള്ളുന്നു. രേഖീയമായ ഈ വികസന സങ്കൽപ്പത്തിനകത്തെ കീഴാള ജനതയാകട്ടെ യാതൊരുതര വിമോചന മാർഗവും സാധ്യമല്ലാത്ത ഒരു വിഷമ വൃത്തത്തിനകത്താണ്. കാരണം നിരന്തരം കീഴാള ജനതയെ സൃഷ്ടിച്ചുകൊണ്ട് മാത്രം നിലനിൽക്കുന്ന ഒന്നാണ് രേഖീയമായ വികസനം. ആപേക്ഷികമായി കൂടുതൽ ദരിദ്രരെ സൃഷ്ടിച്ചുകൊണ്ട് മാത്രമേ ഇവിടെ ദാരിദ്ര്യ നിർമ്മാർജനം സാധ്യമാവൂ. തൊഴിലില്ലായ്മയുടെ കാര്യവും വ്യത്യസ്തമല്ല. കൂലിവേലക്കാർക്ക് പണം കൂടുതൽ കിട്ടുമ്പോൾത്തന്നെ പണപ്പെരുപ്പംമൂലം അവർ അധികമധികം കൂലിയില്ലാവേലക്കാരായി മാറിക്കൊണ്ടിരിക്കുന്നു. അടിത്തട്ടിലെ ബഹുഭൂരിപക്ഷത്തിനും മേൽത്തട്ട് പ്രവേശനം അതുകൊണ്ടു തന്നെ ഒരു വ്യാമോഹം മാത്രമായി കലാശിക്കുകയാണ്.

അതേസമയം ഉപരിവിഭാഗത്തിന്റേതായ ഈ രേഖീയ വികസന സങ്കല്പം കയ്യൊഴിയുന്നതോടെ കീഴാള ജനതയ്ക്ക് സ്വന്തം സ്വത്വബോധം തിരിച്ചു പിടിക്കാനുള്ള സർവ്വതല സ്പർശിയായ വഴിയാണ് തുറന്നു കിട്ടുക. തങ്ങളുടെ യഥാർത്ഥ വിലയും നിലയുമെന്തെന്ന തിരിച്ചറിവാണത്. പ്രത്യുൽപ്പാദന പ്രധാനമായ പ്രവർത്തനങ്ങളിലേർപ്പെടുന്ന അടിത്തട്ട് വിഭാഗങ്ങൾക്ക് മാത്രമാണ് സ്വയംഭരണ സാധ്യതകൾ ഉള്ളതെന്ന് ഇതോടെ വെളിപ്പെടുന്നു. മേൽത്തട്ട് വിഭാഗങ്ങൾക്കിത് സാധ്യമല്ല. പ്രത്യേകിച്ച് മുതലാളിത്ത ആധുനികത ജന്മം നൽകുന്ന മേലാള വിഭാഗങ്ങൾക്ക്. അത്രമേൽ അവരുടെ നിലനിൽപ്പ് ജൈവപ്രകൃതിയുമായി ശത്രുതയിലാണ്. സ്വയംഭരണം എന്ന സാധ്യത കീഴ്ത്തട്ടിന് മാത്രമാണുള്ളത്.

പെറുക്കിത്തീനി സമൂഹങ്ങളും നായാട്ടു സമൂഹങ്ങളും കാർഷിക സമൂഹങ്ങളുമൊക്കെ പ്രത്യുൽപ്പാദന പ്രധാനങ്ങളായിരുന്നു. അവ ജൈവ പ്രകൃതിയിൽ നിന്നെടുക്കുന്നതിന് ഏറെക്കുറെ ആനുപാതികപരമായിത്തന്നെ ജൈവപ്രകൃതിക്ക് തിരിച്ചുകൊടുത്തിരുന്നു. ഉപയോഗമൂല്യങ്ങളിൽ ഊന്നിയുള്ള സമൂർത്ത അധ്വാനത്തിനായിരുന്നു അന്നൊക്കെ പ്രാധാന്യം. മാനവരാശിയുടെ തന്നെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിൽ പ്രത്യുൽപ്പാദനത്തിനുമേൽ ഉൽപ്പാദനം അധീശാധികാരം ഇന്നത്തേതുപോലെ അക്കാലങ്ങളിൽ നേടിക്കഴിഞ്ഞിരുന്നില്ല. അമൂർത്താധ്വാനവും സമൂർത്താധ്വാനവും തമ്മിലുള്ള വൈരുധ്യവും ഇത്രമേൽ മൂർച്ഛിച്ചിരുന്നില്ല.

ജൈവ പ്രകൃതിയെ ശത്രുതാപൂർവ്വം കൊള്ളയടിക്കുകയും അജൈവ മാലിന്യ ശേഖരം പകരംവയ്ക്കുകയും ചെയ്യുന്ന മേലാള ജനത ആത്മഹത്യാപരമായി ജീവിക്കുന്നതിലൂടെ ബഹുഭൂരിപക്ഷം വരുന്ന കീഴാള ജനതയെ അപ്പാടെ കൂട്ടക്കൊലയ്ക്ക് വിധേയമാക്കുകയാണ് വാസ്തവത്തിൽ ചെയ്യുന്നത്. കുടുംബത്തിലെ സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുന്ന കുടുംബനാഥന്റെ ജീവിതാവസ്ഥയ്ക്ക് സമാനമാണ് ഇക്കാലത്തെ മേൽത്തട്ട് ജീവിതം. ചെലവേറിയ ജീവിതം അത്രമേൽ അധികാരാധിഷ്ഠിതവും അക്രമാസക്തവുമാകുന്നു. യുദ്ധോപകരണങ്ങളുടെ ഉൽപ്പാദനമാകട്ടെ പ്രത്യുൽപ്പാദനപരമല്ലെന്ന് മാത്രമല്ല ഒരു നശീകരണോപാധി എന്ന നിലയിൽ ഉൽപ്പാദനമെന്ന സങ്കൽപ്പത്തെ തന്നെ അട്ടിമറിക്കുന്നതുമാകുന്നു.

പ്രപഞ്ചത്തിൽ നമുക്കറിയാവുന്നിടത്തോളം ഘനീഭൂതമായ ജൈവോർജ്ജ ശേഖരം ഈ ഭൂമിയിൽ മാത്രമാണുള്ളത്. മാനുഷികാധ്വാനത്തിന്റെ വില നിശ്ചയിക്കുന്നത് ഒരു നിർമ്മിതിക്കാവശ്യമായ ശരാശരി സാമൂഹിക സമയത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ ഭൂമിയിൽ മാത്രം ലഭ്യമായ ജൈവോർജ്ജ ശേഖരം രൂപപ്പെടാൻ ആവശ്യമായി വന്ന പ്രാപഞ്ചിക സമയം കൂടി മാനുഷിക നിർമ്മിതികളോട് ചേർത്തുവെച്ചിട്ട് വേണമല്ലോ ജൈവോർജത്തിന്റെ പിൻബലമുള്ള സർവ്വത്തിന്റെയും മൂല്യം നിശ്ചയിക്കാൻ.

ഈ ചിന്ത നമ്മെ എവിടേക്കാണ് നയിക്കുക? നിശ്ചയമായും ഇന്നത്തെ നാണയ വ്യവസ്ഥയുടെയും മൂല്യനിർണ്ണയ രീതിയുടെയും നാണംകെട്ട കാപട്യത്തിലേക്കും ഹിംസാപരതയിലേക്കും തന്നെ. ഒപ്പം ജൈവ പ്രകൃതിയുടെയും കീഴാള ജനതയുടെ പ്രത്യുൽപ്പാദനപരമായ ജീവിതാവിഷ്ക്കാരങ്ങളുടെയും അമൂല്യതയിലേക്കും. കീഴാള ജീവിതം ഇത്രമേൽ അമൂല്യവും മാനുഷികവുമാണെങ്കിൽ കീഴാള സ്വത്വത്തെ നാമെന്തിന് സംശയിക്കണം? എന്തിനു സ്വയം ശപിക്കണം? കീഴാള സ്വത്വ ബോധത്തിലൂടെയല്ലേ ഏവർക്കും മാനുഷികമായ സ്വത്വം ആർജ്ജിക്കാനാവുക? നിലവിലെ ലോകത്തെ മേൽത്തട്ട് ആഖ്യാനങ്ങൾക്കുള്ളിൽ നിന്ന് പരിഷ്‌ക്കരിക്കുന്നതിനു പകരം അതിനെ കീഴാള മാനവിക (ജൈവ ) സ്വത്വ അവബോധത്തോടെ മാറ്റിത്തീർക്കലല്ലേ ഇക്കാലം കീഴാള ചിന്തകരിൽ നിന്ന് ആവശ്യപ്പെടുന്ന ദൗത്യം?

Featured Image: The Lodha tribe

A K Ravindran

A K Ravindran

എ കെ രവീന്ദ്രൻ 1969 മുതൽ അടിയന്തിരാവസ്ഥ പിൻവലിക്കുംവരെ നക്സലൈറ്റ് അനുഭാവിയായിരുന്നു. തുടർന്ന് 1983 വരെ വിശാല ഇടതുപക്ഷ അന്വേഷണങ്ങളിൽ പങ്കാളി. ശേഷം നവസാമൂഹിക പ്രസ്ഥാനങ്ങളുടെ സഹചാരി. ഇപ്പോൾ ചാലക്കുടിക്കടുത്തുള്ള മുരിങ്ങൂരിൽ താമസം. കീഴാള സൂക്ഷ്മ രാഷ്ട്രീയം മലയാള ചിന്തകരിലൂടെ ഒരന്വേഷണം, കീഴാള സ്വരാജ്, നല്ലത് പ്രകൃതി ചികിത്സയോ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

View All Articles by A K Ravindran

Share Article
Whatsapp Email