പട്ടിക പ്രദേശം പ്രഖ്യാപിക്കാത്ത കേരളം

പട്ടിക പ്രദേശം പ്രഖ്യാപിക്കാത്ത കേരളം

കേരളത്തിലെ ആദിവാസികൾ എങ്ങനെ അടിയാളരായി മാറി എന്നതിന്റെ ചരിത്രപരവും നിയമപരവുമായ വസ്തുതകളും പരിശോധിക്കേണ്ടത് ഏറെ പ്രധാനപ്പെട്ടതാണ്. അങ്ങനെ മാത്രമേ കേരളത്തിലെ ആദിവാസി വിഭാഗങ്ങൾ അനുഭവിക്കുന്ന ചൂഷണത്തിന്റെയും ഭൂരാഹിത്യത്തിന്റെയും നേർചിത്രം വ്യക്തമാവുകയുള്ളൂ. ദീഘകാലം വനാവകാശ നിയമം 2006, പെസ അടക്കമുള്ള ഇന്ത്യയിലെ പല നിയമനിർമ്മാണങ്ങൾക്കായും ആദിവാസി സ്വയംഭരണ ആവശ്യങ്ങൾക്കായും സജീവമായി പ്രവർത്തിച്ച സി ആർ ബിജോയ് എഴുതുന്ന പരമ്പരയുടെ അവസാന ഭാഗം.

Part One

Part Two

ഭാഗം മൂന്ന്
ആദിവാസി സമൂഹത്തിന് തങ്ങളുടെ അനുഭവങ്ങളിലൂടെ പഠിക്കാനാവുന്ന പാഠങ്ങളെന്തൊക്കെയാണ്?

(1) 1975-ലെ KST നിയമം കേരളം മാറിമാറി ഭരിച്ച മുന്നണി ഗവണ്മെന്റുകൾ ലംഘിച്ചുകൊണ്ടിരുന്നത് ഭരണഘടനാലംഘനം തന്നെയാണ്.
(2) നിലനില്ക്കുന്ന ഭരണ-രാഷ്ട്രീയ സ്ഥാപനങ്ങൾ നിയമം നടപ്പാക്കാൻ വിമുഖത കാട്ടിയതിലൂടെ നിയമലംഘനം നടത്തിയിട്ടുണ്ട്.
(3) ഭരണഘടനാപരമായ ഉത്തവാദിത്വങ്ങളും നിയമത്തിന്റെ ലക്ഷ്യങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ട് നിയമംതന്നെ ഭേദഗതി ചെയ്യാനും റദ്ദു ചെയ്യാനുമുള്ള ശ്രമങ്ങളുണ്ടായി.
(4) ജുഡീഷ്യൽ പ്രതികരണം തീർത്തും അപര്യാപ്തവും അശക്തവുമാണ്. അന്തിമതീരുമാനമില്ലാതെ പതിന്നാലു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
(5) ഹൈക്കോടതി വിധികൾ ഗവണ്മെന്റ് നിരന്തരം ലംഘിച്ചിട്ടുണ്ട്.
(6) ഇത്തരം അനീതികളെ അഭിമുഖീകരിക്കാൻ ഗവണ്മെന്റ് നിർബന്ധിതമാവുന്നത് ജനകീയ സമരങ്ങളുയരുമ്പോൾ മാത്രമാണ്.
(7) പാർലമെന്ററി ജനാധിപത്യവും രാഷ്ട്രീയവ്യവസ്ഥയും ആദിവാസികളുടെ കാര്യത്തിൽ ഭരണഘടനാ പരിരക്ഷ പ്രായോഗികമാക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു.
(8) നിലവിലുള്ള നിയമ-രാഷ്ട്രീയ-ഭരണ വ്യവസ്ഥകളിൽനിന്ന് നീതി പ്രതീക്ഷിക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ ആദിവാസികൾ നിയമ നിർവഹണത്തിന്റെ ചില അധികാരങ്ങൾ തങ്ങൾക്കു കിട്ടണമെന്ന ഭരണഘടനാനുസൃതമെങ്കിലും കേരളത്തിൽ ഇതുവരെ നടപ്പാകാത്ത ആവശ്യം സ്വയംഭരണ മുദ്രാവാക്യത്തിലൂടെ മുന്നോട്ടുവച്ചു.
(9) സ്വയംഭരണത്തിനായി പങ്കാളിത്ത ജനാധിപത്യസ്വഭാവമുള്ള സ്വന്തം സംഘടനാരൂപം ആദിവാസികൾ തന്നെ രൂപപ്പെടുത്താനാരംഭിച്ചു. ഒരു നൂറ്റാണ്ടിലധികമായിട്ടും ഭരണകൂടവും നിയമപരിപാലകരും രാഷ്ട്രീയക്രമവും നീതിന്യായ സംവിധാനവുമെല്ലാം ആദിവാസികളുടെ ഭരണഘടനാവകാശങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്നു ചുരുക്കം. സമീപഭാവിയിൽ അങ്ങനെ നടക്കുന്നതിന്റെ യാതൊരു സൂചനകളും കാണാനുമില്ല. ഭരണനിർവ്വഹണ സമിതികൾ ചേർന്ന് ഭരണഘടന അട്ടിമറിക്കുന്നതിന്റെ സൂചനകൾ മാത്രമേ കാണുന്നുള്ളൂ. ‘എ.കെ. ആന്റണി-ജാനു ഉടമ്പടിക്കു വന്നു ഭവിച്ച ഗതി അതുതന്നെയാണ് കാണിക്കുന്നത്. ഭരണകൂടത്തിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം പ്രസ്താവിക്കുക മാത്രം ചെയ്യുന്ന ഒരു ഉടമ്പടി എന്തോ ‘ഔദാര്യ’മാണന്നമട്ടിലാണിവിടെ കണക്കാക്കപ്പെട്ടത്.

ഉടമ്പടിയുടെ തുടർനടപടികൾ

ഉടമ്പടിയുടെ സാരാംശം ഇവയൊക്കെയാണ്: ഭൂമി വിതരണം, മാസ്റ്റർ പ്ലാൻ, ആദിവാസി മേഖലകൾ അഞ്ചാം ഷെഡ്യൂളിൽ പെടുത്തുക. 2001 ഒക്ടോബർ16 മുതൽ 2003 ജനുവരിയിൽ ആദിവാസി ഗോത്രമഹാസഭ മുത്തങ്ങയിൽ പ്രവേശിക്കുന്നതുവരെ പതിന്നാലര മാസങ്ങൾ കടന്നു പോയിട്ടുണ്ട്. ഗവണ്മെന്റ് ഭൂമി വിതരണമാരംഭിച്ചിട്ടുതന്നെ ഒരു വർഷം കഴിഞ്ഞിട്ടുണ്ട്. ഗവണ്മെന്റ് ഒപ്പുവച്ച കരാറനുസരിച്ച് ഭൂമി വിതരണം 2002 ഡിസംബർ 31-ഓടെ പൂർത്തിയാവേണ്ടതാണ്. 2002 ജനുവരി 1-നു മുൻപേ ഗവൺമെന്റ് തയ്യാറാക്കിയ ഔദ്യോഗിക കണക്കനുസരിച്ച് ഭൂരഹിത കുടുംബങ്ങളുടെ എണ്ണം 22,491-ഉം അഞ്ച് ഏക്കറിൽ കുറവു ഭൂമിയുള്ള കുടുംബങ്ങൾ 30,981-ഉം ആണ്. അതായത് ഔദ്യോഗിക കണക്കുകൾ പ്രകാരം തന്നെ 53,472 കുടുംബങ്ങൾക്ക് അഞ്ച് ഏക്കർ വരെ ഭൂമി ലഭിക്കാൻ അർഹതയുണ്ടെന്നർത്ഥം. ഇതിലേക്കായി ഗവണ്മെന്റ് 59,452 ഏക്കർ ഭൂമി 2002 ജനുവരി 1-ന് കണ്ടെത്തിക്കഴിഞ്ഞിരുന്നു (ആദിവാസി പുനരധിവാസ വികസന പരിപാടിക്കുള്ള പ്രത്യേക ശുപാർശകൾ ടി. മാധവമേനോൻ ഐ.എ.എസ്. (റിട്ട.) ചെയർമാനായുള്ള ആദിവാസി മാസ്റ്റർ പ്ലാൻ കമ്മിറ്റി തയ്യാറാക്കിയത്). ദേശീയ മനുഷ്യാവകാശ കമ്മിഷന് 2002 ഏപ്രിലിൽ ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് 2002 ജനുവരി 1 മുതൽ മറയൂരിൽ ഭൂമി നൽകാനാരംഭിച്ചതിനെത്തുടർന്ന് 568 കുടുംബങ്ങൾക്ക് 1308 ഏക്കർ ഭൂമി വിതരണം ചെയ്തിട്ടുണ്ടെന്നാണ്.

എന്താണീ കണക്കുകളുടെ രത്നച്ചുരുക്കം? വാഗ്ദാനം ചെയ്തതിന്റെ 2.2% ഭൂമി മാത്രമാണ് ഒരു വർഷത്തിനിടയിൽ ഗവണ്മെന്റ് വിതരണം ചെയ്തത്. 1.06% കുടുംബങ്ങൾക്കു മാത്രം! ഭൂമി വിതരണത്തെക്കുറിച്ചുള്ള തർക്കങ്ങളെല്ലാം കണക്കിലെടുത്താലും വാഗ്ദാനം ചെയ്തതിന്റെ മൂന്നു ശതമാനം മാത്രമാണ് കൂടിവന്നാൽ ഗവണ്മെന്റ് വിതരണം ചെയ്തിട്ടുള്ളത്. ഈ വേഗതയിൽ നടപടി പൂർത്തിയാവാൻ ഇനിയും 33 വർഷങ്ങൾകൂടി വേണ്ടിവരും!

ഔദ്യോഗികാംഗീകാരമില്ലാത്ത ‘പട്ടിണി മരണ’ങ്ങളും പോഷകാഹാരക്കുറവും ചൂഷണവും ദാരിദ്ര്യവും ഒരു ജനതയെ വംശഹത്യക്കിരയാക്കുമ്പോൾ ഭൂമി വിതരണം എത്രയും പെട്ടെന്നു നടപ്പാക്കുകയല്ലേ ചെയ്യേണ്ടത്?

ഒരുപാട് നിയമക്കുരുക്കുകളും ഭരണതടസ്സങ്ങളുമുണ്ട് ഭൂമി വിതരണത്തിൽ എന്നാണ് പരക്കെയുള്ള പല്ലവി. നമുക്കതു പരിശോധിച്ചു നോക്കാം. ഏറ്റവും പ്രധാനമായി ഉന്നയിക്കപ്പെടുന്ന തടസവാദം ഇപ്പോൾ കണ്ടെത്തിയിട്ടുള്ള ഭൂമിയുടെ ഭൂരിഭാഗവും റവന്യൂവകുപ്പും വനംവകുപ്പും തമ്മിൽ തർക്കം നിലനില്ക്കുന്നവയാണെന്നതാണ്. 1980-ലെ വന സംരക്ഷണ നിയമം ഇത്തരം ഭൂമി നല്കാനനുവദിക്കില്ല എന്നാണു വാദം. ഇത് തീർത്തും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ കള്ളപ്രസ്താവനയാണ്. ഒന്നാമതായി, 1980-ലെ നിയമം പറയുന്നത് 1980-നു ശേഷം വനത്തിലേക്കുള്ള കയ്യേറ്റങ്ങൾ അതു നിരോധിക്കുന്നുവെന്നാണ്. മുൻപ് സ്റ്റേറ്റ് ലിസ്റ്റിൽപ്പെട്ടിരുന്ന വനം കൺകറന്റ് ലിസ്റ്റിൽപ്പെടുത്തപ്പെട്ടതിനെത്തുടർന്ന് സംസ്ഥാന സർക്കാർ കേന്ദ്രാനുമതിയോടുകൂടി മാത്രമേ വനഭൂമി ഡി നോട്ടിഫൈ ചെയ്യാൻ പാടുള്ളൂ. അങ്ങനെ ചെയ്യുമ്പോൾ അതിനു തുല്യമായ സ്ഥലത്ത് വനവത്കരണം നടത്തണം.

ഗോദവർമ്മൻ തിരുമുൽപ്പാട് കേസിനു ശേഷം സുപ്രീംകോടതി കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് എതിർവാദവും പരക്കെ ഉയർന്നിരുന്നു. 1980-നുശേഷമുള്ള കയ്യേറ്റക്കാർക്കാണിതു ബാധകം. ഇതിനർത്ഥം 1980-നു ശേഷമുള്ള കയ്യേറ്റങ്ങളൊന്നും കയ്യേറ്റങ്ങളല്ലെന്നല്ല. അവ നിയമാനുസരണം കൈകാര്യം ചെയ്യണമെന്ന് മാത്രമാണ്. അതിന്റെ മറ്റൊരർത്ഥം1980-നു മുൻപ് വനഭൂമിക്കുമേൽ അവകാശമുള്ളവരുടെ കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടത് നിയമാനുസൃതമായിട്ടെന്നാണ്.

1980-ലെ വനസംരക്ഷണനിയമം വന്നതിനുശേഷം സംസ്ഥാന കേന്ദ്രസർക്കാരുകൾ ആദിവാസികളുടെ അവകാശങ്ങളെക്കുറിച്ച് അവരുടെ തന്നെ ഓർഡറുകളും നിയമങ്ങളും പല തവണ ലംഘിച്ചിട്ടുണ്ട്. വനഭൂമി കയ്യേറ്റം, വനത്തിനുള്ളിൽ അധിവാസ കേന്ദ്രങ്ങൾ ഉള്ള സ്ഥലത്ത് വനഭൂമിയുടെ ഉടമസ്ഥതയെച്ചൊല്ലി നടക്കുന്ന തർക്കങ്ങൾ, വനഭൂമിയും കൂടി ഉൾപ്പെടുന്ന പട്ടയങ്ങൾ/പണയങ്ങൾ/ലോണുകൾ എന്നിവയെക്കുറിച്ചുള്ള തർക്കങ്ങൾ, വനഗ്രാമങ്ങൾ റവന്യൂ ഗ്രാമങ്ങളായി പരിവർത്തനപ്പെടുത്തുന്നത്, പഴയ ആവാസസ്ഥാനങ്ങളെക്കുറിച്ചുള്ള തീർപ്പുകൾ ഇവയൊക്കെയായി ബന്ധപ്പെട്ട് ഒട്ടേറെ ഉത്തരവകൾ പുറപ്പെടുവിക്കപ്പെട്ടിട്ടുണ്ട്. (No. 13-1/90-FP (1), No. 13-1/90-FP (2) No. 13-1/90-FP (3) and No. 13-1/90-FP (5)]. 1990 ജനുവരിയിൽ പട്ടിക ജാതി-പട്ടികവർഗ്ഗ കമ്മിഷണർ ‘വനഭൂമിയെച്ചൊല്ലിയുള്ള തർക്കങ്ങളുടെ പരിഹാരം: ഇന്ത്യാ ഗവണ്മെന്റ് സ്വീകരിച്ച ചട്ടക്കൂട്’ എന്ന പേരിൽ ഒരു രേഖ പുറത്തിറക്കി. ഇത്രയേറെ വർഷങ്ങൾക്കുശേഷവും നീതിനിഷേധങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും പരമ്പരകളിലൂടെ പട്ടികവർഗ്ഗക്കാരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നത് എങ്ങനെയാണ് ഉറപ്പുവരുത്തപ്പെട്ടതെന്നും ഈ ലംഘനങ്ങളെ എങ്ങനെ മറികടക്കാമെന്നും രേഖ വിശദീകരിക്കുന്നുണ്ട്. 1995 മാർച്ചിൽ സുപ്രിംകോടതി (പ്രദീപ് പ്രഭു Vs രാജസ്ഥാൻ സർക്കാർ) മഹാരാഷ്ട്ര സർക്കാരിനോടും മദ്ധ്യപ്രദേശ് സർക്കാരിനോടും ഭൂമിക്കുമേലുള്ള ജനങ്ങളുടെ അവകാശവാദങ്ങൾ ഈ ഉത്തരവുകളുടെ വെളിച്ചത്തിൽ തീർപ്പാക്കാൻ നിർദ്ദേശിച്ചു.

ഉത്തരവുകൾ പറയുന്നത് ഇതൊക്കെയാണ്.

ഒന്ന്
സംരക്ഷിത വനങ്ങളിലെ ഭൂമിക്കുമേലുള്ള അവകാശങ്ങളുടെ ക്രമീകരണം No. 13-1/90-FP (1), 18.9.1990. ഈ സർക്കുലർ വനഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടതാണ്. ഈ കയ്യേറ്റങ്ങൾ രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. (1) 1980-ലെ വനസംരക്ഷണ നിയമം നടപ്പിൽ വരുന്നതിനു മുൻപ് (25.10.1980) (2) 1980-ലെ വനസംരക്ഷണ നിയമം നടപ്പിൽ വന്നതിനുശേഷം (25.10.1980). അവകാശപ്പെടുന്നവരെ രണ്ടു വിഭാഗങ്ങളിലാക്കാം. (1) പട്ടയത്തിന് അർഹതയുള്ളവർ (2) പട്ടയത്തിന് അർഹതയില്ലാത്തവർ. അവകാശപ്പെടുന്ന ഭൂമിയും രണ്ടു വിഭാഗങ്ങളിൽപ്പെടും. (1) കൃഷിയോഗ്യമായ നല്ല ഭൂമി. അതു കൊണ്ടുതന്നെ പട്ടയം നല്കാം. (2) കൃഷിയാവശ്യത്തിനു നീക്കിവയ്ക്കാൻ പറ്റാത്ത ഭൂമി (15 ഡിഗ്രിയിൽ കൂടുതൽ ചെരിവുണ്ട്. മണ്ണൊലിപ്പിന് സാധ്യതയുള്ള നദീതീരത്തുള്ള ഭൂമിയാണ് തുടങ്ങിയ സാങ്കേതിക കാരണങ്ങളാൽ). ചുരുക്കിപ്പറഞ്ഞാൽ, സംരക്ഷിത വനത്തിനുള്ളിൽ വരുന്ന, എന്നാൽ കൃഷിയോഗ്യവും 1980-നു മുൻപ് അവകാശവാദം ഉന്നയിക്കപ്പെട്ടതുമായ എല്ലാ ഭൂമിക്കുമേലും പൂർണ്ണാവകാശം നല്കണം. ക്രമീകരണത്തിന് യോഗ്യതയുള്ളതെന്ന വിഭാഗത്തിലായിരിക്കണം ഇതു വരേണ്ടത്. അതായത്, ഈ ഭൂമിയെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് ബദൽ ജീവിതമാർഗ്ഗങ്ങൾ നൽകാത്തപക്ഷം 1980-നുശേഷം വനം കൈയേറിയതും എന്നാൽ ആകെയുള്ള ജീവനോപാധി ഈ ഭൂമി മാത്രമായവരെയും അവിടെ നിന്ന് ഒഴിപ്പിക്കാൻ പാടില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഇന്ത്യാ ഗവണ്മെന്റ് അംഗീകരിച്ചതാണ്.

രണ്ട്
ഒരു പ്രദേശം വനഭൂമിയായി പ്രഖ്യാപിക്കുന്നതോടെ ഉണ്ടാകുന്ന വനഭൂമിക്കുമേലുള്ള അവകാശ തർക്കങ്ങളുടെ ക്രമീകരണം 18.9.1990 (No. 1313 1/90-FP (2). വനത്തിനുള്ളിലെ ഊരുകൾ നിമിത്തം വനഭൂമിക്കുമേലുണ്ടാകുന്ന അവകാശത്തർക്കങ്ങളെക്കുറിച്ചുള്ളതാണ് ഈ സർക്കുലർ . സംരക്ഷിതാവനമായി പ്രഖ്യാപിക്കപ്പെടുന്ന പ്രക്രിയയ്ക്ക് മുൻപുതന്നെ അവിടെ ആദിവാസികൾ താമസിക്കുന്ന കേസുകളുണ്ട്. പല കാരണങ്ങൾകൊണ്ടും അവരുടെ അവകാശങ്ങൾ തീരുമാനിക്കപ്പെടാതെവുകയോ, അപൂർണ്ണമായോ തെറ്റായോ തീരുമാനിക്കപ്പെടുകയോ, ചെയ്തിട്ടുണ്ട്. അവർക്ക് സംരക്ഷപ്രക്രിയയെക്കുറിച്ചു അറിവില്ലാതെ പോവുകയോ അല്ലെങ്കിൽ അറിയാതിരിക്കുകയോ, അതുകൊണ്ടുതന്നെ അതിനു മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥൻ അവരുടെ അവകാശങ്ങൾ തീരുമാനിക്കാതെയിരിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ പല പല കാരണങ്ങൾ.

സർക്കുലർ മൂന്നു വിഭാഗങ്ങളിൽപ്പെടുന്ന അവകാശവാദങ്ങളെയാണ് അംഗീകരിക്കുന്നത്.
(1) അധിവസിപ്പിക്കുന്നതിനുള്ള പ്രക്രിയകൾ നിയമാനുസൃതം പൂർത്തീകരിക്കാതെ സംരക്ഷിത വനമായി കരുതപ്പെടുന്നത് എന്നു പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വനപ്രദേശങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങൾ.
(2) അധിവാസ പ്രക്രിയകൾ അപൂർണ്ണമായ വനപ്രദേശങ്ങളിലെ അവകാശവാദങ്ങൾ.
(3) അധിവാസം പൂർത്തീകരിച്ചതായി കരുതപ്പെടുന്നതും എന്നാൽ അതുസംബന്ധിക്കുന്ന വിജ്ഞാപനം 1927-ലെ ഇന്ത്യൻ വനനിയമനുസരിച്ചോ പ്രസക്തമായ മറ്റു വകുപ്പുകളനുസരിച്ചോ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലാത്തതുമായ വനപ്രദേശങ്ങളിലെ അവകാശവാദങ്ങൾ.

  1. ഇപ്പോൾ ‘കാട്’ എന്ന സംവർഗ്ഗത്തിനു കീഴിലായിട്ടുള്ളതും പട്ടയം കൊടുക്കുകയോ പാട്ടത്തിനു നല്കുയോ ചെയ്തതുമായ ഭൂമിയിലുള്ള അവകാശങ്ങളുടെ ക്രമീകരണം No. 13-1/90-FP (2), 18.9.1990. ചിലർക്ക് താത്കാലികമോ സോപാധികമോ ആയി ഭൂമിക്കു പട്ടയം കിട്ടുകയോ ഭൂമി പാട്ടത്തിനു കിട്ടുകയോ ചെയ്തിരിക്കാം. ഗവണ്മെന്റ് ഇവ ലാപ്സാവാൻ അനുവദിക്കുകയോ മറന്നു പോവുകയോ അതല്ലെങ്കിൽ മനഃപൂർവം പുതുക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടാവും. ഈ ഭൂമിയൊക്കെ ഇപ്പോൾ സംരക്ഷിത വനമായാണറിയപ്പെടുന്നത്. ചില വനഭൂമികൾ റവന്യൂ വകുപ്പിന് കൈമാറ്റം ചെയ്യപ്പെടുകയും റവന്യൂ വകുപ്പ് പട്ടയം നല്കുകയും ചെയ്തതായുണ്ട്. പക്ഷേ, നിയമപരമായി ഇവയ്ക്ക് ഇപ്പോഴുമുള്ള പദവി സംരക്ഷിതവനം എന്നതാണ്. ഇത്തരം കേസുകളിൽ ശരിയായ അധികാരികൾ തന്നെ പ്രമാണങ്ങൾ നല്കിയിട്ടുണ്ടാവുമെങ്കിലും വിവിധ ഗവണ്മെന്റ് വകുപ്പുകൾ തമ്മിൽ ഭൂമിക്കുമേൽ തർക്കങ്ങൾ തുടരുകയാണ് ചെയ്യുന്നത്. വകുപ്പുകൾക്കിടയിലെ തർക്കങ്ങൾ വാദികളുടെ അവകാശങ്ങളെ ബാധിക്കാൻ പാടില്ലാത്തതാണ്. അതിനാൽ ഗവണ്മെന്റ് ഇവ ക്രമീകരിക്കേണ്ടതുണ്ട്.
  2. വനഗ്രാമങ്ങളെ റവന്യുഗ്രാമങ്ങളായി പരിവർത്തിപ്പിക്കൽ No. 13 -1/90-FP (5), 18.9.1990.
    ഈ സർക്കുലർ വനഗ്രാമങ്ങളെ റവന്യൂഗ്രാമങ്ങളായും മറ്റു പരമ്പരാഗത ആവാസവ്യവസ്ഥകളായും മാറ്റുന്നതുമായി ബന്ധപ്പെട്ടതാണ്. ഇതു
    പ്രകാരം,
    (1) വനംവകുപ്പ് വനഗ്രാമങ്ങളായി നിശ്ചയിച്ചിട്ടുള്ളവ ഗ്രാമവാസികൾക്ക് എടുത്തുമാറ്റാനാവാത്ത അവകാശങ്ങളോടുകൂടിയ റവന്യുഗ്രാമങ്ങളായി പുനഃപ്രഖ്യാപിക്കണം.
    (2) വനഗ്രാമങ്ങളല്ലാത്ത മറ്റെല്ലാ വാസസ്ഥാനങ്ങളും (ഉദാ. വനഭൂമിയിൽ കൃഷി നടത്തുന്നവർ, കൃഷിചെയ്യാതെ താമസിക്കുന്നവർ) റവന്യൂ ഗ്രാമങ്ങളായി മാറ്റണം. ഇവ മേലെ സൂചിപ്പിച്ച 1,2,3 ഇനങ്ങളിൽപ്പെടുന്നവയാകാനും പാടില്ല. 20 വർഷത്തിലധികം താമസിക്കുന്നതാണെങ്കിൽ ഇവ നിശ്ചയമായും സ്ഥിരപ്പെടുത്തണം.

വിതരണം ചെയ്യാനുദ്ദേശിക്കുന്ന ഭൂമി ഇപ്പറഞ്ഞ തരത്തിലേതെങ്കിലുമൊന്നിൽപ്പെട്ടതാണെങ്കിൽ കൂടുതൽ പ്രശ്നങ്ങളൊന്നുമില്ലാതെ ഉടൻ തന്നെ മേൽക്കൊടുത്ത ഉത്തരവുകളിലെ വകുപ്പുകൾ വച്ച് പരിഹരിക്കാവുന്നതാണ്. ഈ ഉത്തരവുകൾ മഹാരാഷ്ട്ര, മധ്യപ്രദേശ് സർക്കാരുകൾക്ക് നിർദ്ദേശം നല്കുന്ന സന്ദർഭങ്ങളിൽ സുപ്രിംകോടതി അംഗീകരിച്ചിട്ടുള്ളവകൂടിയാണ്. മറ്റു പ്രശ്നങ്ങളുണ്ടാവുന്ന സന്ദർഭങ്ങളിൽ ഗവണ്മെന്റിന് എക്സിക്യൂട്ടീവ് ഉത്തരവുകൾ പുറപ്പെടുവിച്ച് അവ തിരുത്തുകയോ, തർക്കപരിഹാര സമിതികളുണ്ടാക്കി നിയമതർക്കങ്ങൾ കാലതാമസമില്ലാതെ തീർക്കുകയോ വേണ്ടിവന്നാൽ നിയമനിർമ്മാണങ്ങൾതന്നെ ഉണ്ടാക്കുകയോ അവ ഷെഡ്യൂളിൽ ഉൾപ്പെടുത്തി കാലതാമസമൊഴിവാക്കുകയോ ചെയ്യാനുള്ള അധികാരങ്ങളുണ്ട്.

മാസ്റ്റർപ്ലാനിനെ സംബന്ധിക്കുന്നതാണ് അടുത്ത കാര്യം. ഭൂമി വിതരണം ചെയ്യാതെ മാസ്റ്റർപ്ലാനുണ്ടാവുന്നത് അർത്ഥശൂന്യമാണ്.
ഉടമ്പടിയിലെ അടുത്ത കാര്യം ആദിവാസി അധിവാസമാത്രകളെ പട്ടികപ്രദേശമായി പ്രഖ്യാപിക്കുന്ന കാര്യമാണ്. ഇതിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധാർഹങ്ങളാണ്.
(i) കേരളത്തിലെ ഒരൊറ്റ ആദിവാസി അധിവാസകേന്ദ്രം പോലും പട്ടികപ്രദേശമായി ഇന്നേവരെയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ഇതിലൂടെ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ബീഹാർ, ഝാർഖണ്ഡ്, ഛത്തീസ്ഗഡ്, ഒറീസ, ഹിമാചൽപ്രദേശ്, ആന്ധ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലുള്ള ആദിവാസികളിൽ നിന്നു ഭിന്നമായി കേരളത്തിലെ ആദിവാസികൾക്ക് ഭരണഘടനയിലെ ഏറ്റവും മുഖ്യമായ ഒരു അവകാശം നിഷേധിക്കപ്പെടുകയാണ്. പട്ടിക പ്രദേശങ്ങൾക്കു ബാധകമാവുന്ന PESA നിയമത്തിന്റെ (1996) പരിരക്ഷയും ഇതിലൂടെ നിഷേധിക്കപ്പെടുന്നു.

(ii) ഭരണഘടനയുടെ 40-ാം ആർട്ടിക്കിൾ ഫലപ്രദമാക്കാൻ വേണ്ടി പഞ്ചായത്തുകളുടെയും മുനിസിപ്പിലിറ്റികളുടെയും കാര്യത്തിൽ 73, 74 ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ഈ ഭേദഗതികൾ പ്രകാരം പട്ടിക പ്രദേശങ്ങൾക്ക് പാർലമെന്റ് പ്രത്യേകം നിയമനിർമ്മാണം നടത്തണ്ടതാണ്. 1994-ൽ ദിലീപ് സിങ് ഭൂരിയ അദ്ധ്യക്ഷനായി ഒരു ഇരുപത്തിരണ്ടംഗ കമ്മിറ്റിയെ ഗവണ്മെന്റ് നിയോഗിക്കുകയുണ്ടായി. അഞ്ചാം പട്ടികയിൽ വരുന്ന പ്രദേശങ്ങൾക്ക് പഞ്ചായത്ത് രാജ് ബാധകമാക്കേണ്ടതെങ്ങനെ എന്നതിനെ സംബന്ധിച്ച് ശുപാർശകൾ നൽകുകയായിരുന്നു കമ്മിറ്റിയുടെ ദൗത്യം. റിപ്പോർട്ട് 1995-ൽ സമർപ്പിക്കപ്പെട്ടു. ഇതേത്തുർന്ന് പെസ’ (Provision of the Panchayats (Extension to the Scheduled Areas) Act] രൂപീകരിക്കപ്പെടുകയും ചെയ്തു. അഞ്ചാം പട്ടികയ്ക്ക് മൂർത്തരൂപം ലഭിക്കാൻ ഇതു വഴിവച്ചു. 1996-നുശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആദിവാസി സംഘടനകൾ തങ്ങളുടെ അധിവാസകേന്ദ്രങ്ങൾ പട്ടികപ്രദേശമാക്കണമെന്ന ആവശ്യമുയർത്തിയിരുന്നു. പെസ പ്രകാരം ഗ്രാമസഭാതലങ്ങളിൽ ആദിവാസികൾക്കു കൂടുതൽ അധികാരം ലഭിക്കുകയും ശാക്തീകരണം സംഭവിക്കുകയും ചെയ്യുന്നുണ്ട്. നിശ്ചിത വിഷയങ്ങളിൽ തീരുമാനമെടുക്കാനും നടപ്പാക്കാനുമുള്ള അവകാശം ഇതിലെ നിർവചനപ്രകാരം കൈവരും. വെറും പങ്കാളിത്തമല്ല, നിയമപരമായിത്തന്നെ ഉത്തരവാദിത്വങ്ങളും അധികാരങ്ങളും അവർക്കു കൈവരുന്നുണ്ടെന്നർത്ഥം. ഈ നിയമമനുസരിച്ച് ഗ്രാമസഭാതലങ്ങളിൽ ആദിവാസികൾക്ക് അധികാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങൾ ക്യാബിനറ്റ് തീരുമാനമെടുത്ത് പാർലമെന്റിനെ അറിയിക്കുകയും പാർലമെന്റ് പ്രമേയം അംഗീകരിച്ചശേഷം രാഷ്ട്രപതി ആദിവാസി അധിവാസമാത്രകൾ പട്ടികപ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്യും.

(iii) ഭരണഘടനയിൽ ‘പട്ടിക പ്രദേശം’ നിർവചിക്കപ്പെടുന്നത് 244-ാം വകുപ്പ് (6-ാം ഖണ്ഡിക 2-ാം ക്ലാസ്) അനുസരിച്ച് പ്രസിഡന്റിനു പട്ടിക പ്രദേശമായി പ്രഖ്യാപിക്കാവുന്ന മേഖലകൾ എന്നാണ്. ഭൂരിയാ കമ്മിറ്റി 7 (2)-ൽ ഇങ്ങനെ പറയുന്നു: ട്രൈബൽ സബ് പ്ലാനും പട്ടികപ്രദേശങ്ങളും തമ്മിൽ പൊരുത്തമുണ്ടാക്കാനായാണ് അൻപതുകളിൽ പട്ടിക തിരിക്കലാരംഭിച്ചത്. അതുപക്ഷേ, എന്തു കൊണ്ടോ പൂർത്തീകരിക്കപ്പെടുകയുണ്ടായില്ല. അതിനാൽ ബാക്കി നില്ക്കുന്ന ട്രൈബൽ സ്പ്ലാനും MADA പ്രദേശങ്ങളും പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, കർണാടക സംസ്ഥാനങ്ങളിലെ സമാനപ്രദേശങ്ങളും പട്ടിക പ്രദേശ പ്രഖ്യാപനത്തിനു കീഴിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.’ കമ്മിറ്റി 21 (3)-ൽ ഇങ്ങനെ പറയുന്നു: ‘നിലവിലുള്ള മിക്കവാറും എല്ലാ ഭരണപരമായ അതിർത്തികളും നിശ്ചയിക്കപ്പെട്ടത് കൊളോണിയൽ കാലഘട്ടത്തിലാണ്. ഇവ ഇന്നും തുടരുന്നതിനാൽ ആദിവാസികൾ സംസ്ഥാനത്തിലായാലും ജില്ലയിലായാലും ബ്ലോക്ക്തലത്തിലായാലും ഒരു മൂലയിൽ തള്ളിമാറ്റപ്പെടുകയും അവരുടെ സാമുദായികമായ കേന്ദ്രീകരണം ശിഥിലമാക്കപ്പെടുകയും ചെയ്യുന്നു. രണ്ടു വർഷത്തിനകം ഇപ്പോഴുള്ള അതിർത്തികൾ വംശപരവും ഭൂമിശാസ്ത്രപരവും ജനസംഖ്യാധിഷ്ഠിതവുമായ പരിഗണനകളുടെ അടിസ്ഥാനത്തിൽ പുനർക്രമീകരിക്കുന്നകാര്യം ഗവണ്മെന്റ് പരിഗണിക്കേണ്ടതാണ്. വീണ്ടും കമ്മിറ്റി (22-ൽ) ഇങ്ങനെ കൂട്ടിച്ചേർക്കുന്നുണ്ട്, ഒരു ഗോത്ര പ്രദേശത്ത് അടിസ്ഥാന ഏകകമായി നാം പരിഗണിക്കേണ്ടത് ഗ്രാമസഭയെയോ ഊരിനെയോ ഊരുകൂട്ടത്തെയോ ഗ്രാമമോ ആണ്. പാരമ്പര്യമായിത്തന്നെ ആഴത്തിൽ വേരോട്ടമുള്ള ആചാരങ്ങളിലൂടെ സാമൂഹിക ജീവിത പാരസ്പര്യങ്ങൾ നിലനില്ക്കുന്ന, നിരന്തര സമ്പർക്കമുള്ള സമുദായങ്ങളെയാണതു കുറിക്കുന്നത്. ഭരണപരമായ സൗകര്യത്തിനു വേണ്ടി തിരിക്കുന്ന റവന്യൂഗ്രാമങ്ങളിൽ നിന്ന് ഇതു വ്യത്യസ്തമാണ്. ഗോത്രമേഖലകളിൽ വലിയ ഗ്രാമങ്ങളേക്കാൾ ഊരുകളാണ് വ്യാപകമായുള്ളതെന്ന കാര്യം വ്യക്തമായി മനസ്സിലാക്കേണ്ടതാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു ഊരിൽ അഞ്ചോ പത്തോ അതിലധികമോ കുടുംബങ്ങളാണ് ഉണ്ടാവുകയെന്നർത്ഥം. ആദിവാസി ഊരുകളെയാണ് ‘പട്ടിക പ്രദേശ’മെന്നതുകൊണ്ട് 244-ാം വകുപ്പിൽ വിവക്ഷിക്കുന്നതെന്ന് ഇതിൽനിന്നെല്ലാം വ്യക്തമാണ് (അതേക്കുറിച്ച് നേരിട്ടുള്ള നിർവചനം നല്കിയിട്ടില്ലെങ്കിലും). ആദിവാസി അധിവാസ മാത്രകൾ നിർവചിക്കുമ്പോൾ ഗവണ്മെന്റ് റിസർവ് വനങ്ങളും സംരക്ഷിതവനങ്ങളും (ആദിവാസി ജീവിതത്തെ അവ താങ്ങിനിർത്തുന്നുണ്ടെങ്കിൽ), അതിനകത്തുൾപ്പെടുത്തേണ്ടതാണ്. 1995 മുതൽ കേരള ഗവണ്മെന്റ് ഭൂരിയ കമ്മിറ്റി നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ടിരിക്കുകയാണ്.

(iv) യു.എൻ. ധേബർ അദ്ധ്യക്ഷനായുള്ള, ഭരണഘടനയുടെ 339-ാം വകുപ്പനുസരിച്ച് രൂപീകരിക്കപ്പെട്ട ഷെഡ്യൂൾഡ് ഏരിയാസ് ആൻഡ് ഷെഡ്യൂൾ ട്രൈബ്സ് കമ്മിഷനു സമർപ്പിച്ച നിർദ്ദേശത്തിൽ കേരളം ചില പ്രദേശങ്ങളെ പട്ടികപ്രദേശമാക്കാൻ പറയുന്നുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്. മൊത്തത്തിൽ 1064 ചതുരശ്ര മൈലാണ് (1961-ലെ സെൻസസ് അനുസരിച്ച് 176129 പേർ; ഇവരിൽ 63.5% പേർ ആദിവാസികളാണ്) നിർദ്ദേശിക്കപ്പെട്ടത്. ഇതിൽ യാതൊരു തുടർ നടപടികളും ഇന്നേവരെയുണ്ടായിട്ടില്ല.

(V) ഈ പശ്ചാത്തലത്തിൽ പട്ടിക പ്രദേശത്തെക്കുറിച്ച് ഉടമ്പടിയിൽ പറയുന്ന ഭാഗം ഏറെ നിർണ്ണായകമാണ്. ഉടമ്പടിയിലെ ഈ വിഷയത്തെക്കുറിച്ച് ഒരു വർഷവും നാലു മാസവും കടന്നുപോയിട്ടും ഒരക്ഷരംപോലും സർക്കാർ പറഞ്ഞിട്ടില്ല. ഭരണഘടനയുടെ 244-ാം വകുപ്പ് ബോധപൂർവ്വം ലംഘിക്കുകയാണ് കേരള ഗവണ്മെന്റ് ചെയ്യുന്നതെന്നു പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല. ഭരണപരവും നിയമപരവും രാഷ്ട്രീയവുമായ സകലമാർഗ്ഗങ്ങളുമവലംഘിച്ച് ഗവണ്മെന്റ് നിയമലംഘനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഭരണഘടനാലംഘനം നടത്തുകയും നിയമം കൈയിലെടുക്കുകയും ചെയ്യുന്ന സർക്കാരുകളെ എന്താണു നാം വിളിക്കുക?

ഭരണഘടന പാലിക്കപ്പെടണമെന്നു മാത്രം നിശ്ചയദാർഢ്യത്തോടെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നവരെ നിങ്ങൾ എന്തു പേരിട്ടാണു
വിളിക്കുക?

കടപ്പാട് : തൻ്റേടങ്ങൾ കേരളം സമൂഹം മുത്തങ്ങ സമരത്തിനുശേഷം

(അവസാനിച്ചു)

C R Bijoy

C R Bijoy

ജനാധിപത്യം, ഭരണനിർവഹണം, വിഭവാധികാരം, മനുഷ്യാവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇടപെടുന്നു.1990കളുടെ തുടക്കത്തിൽ ഗോത്രസ്വയംഭരണത്തിനായി പ്രവർത്തിച്ച നാഷണൽ ഫ്രണ്ടിന്റെ ഭാഗമായിരുന്നു. അതിലൂടെ 1996-ൽ പട്ടികജാതി/വർഗ്ഗ പ്രദേശങ്ങളുടെ പഞ്ചായത്ത് നിയമവ്യവസ്ഥ (PESA) രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. നിലവിൽ പത്ത് സംസ്ഥാനങ്ങളിലായി അഞ്ചാം ഷെഡ്യൂൾ പ്രദേശങ്ങളിൽ ഇത് ബാധകമാണ്.ഇതിനുശേഷം, 2000 ത്തിന്റെ തുടക്കത്തിൽ, വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മനുഷ്യർ രൂപംനൽകിയ നൂറ്റമ്പതോളം സംഘടനകളുടെ അഖിലേന്ത്യാ കൂട്ടായ്മയായ Campaign for Survival and Dignity യുടെ ഭാഗമായി പ്രവർത്തിച്ചു. അതിന്റെ പ്രവർത്തനഫലമായാണ് പിന്നീട് വനാവകാശ നിയമം (Forest Rights Act) 2006-ൽ രൂപം കൊള്ളുന്നത്. കൂടാതെ ആദിവാസി -ദളിത് സമര സമിതി നടത്തിയ കുടിൽകെട്ടി സമരം, പ്ലാച്ചിമട സമര സമിതി, ആദിവാസി ഗോത്ര മഹാസഭ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്.

View All Articles by C R Bijoy

Share Article
Whatsapp Email