
75 ല്‍ മോദി വിചാരണ ചെയ്യപ്പെടുമ്പോള്‍
2025 സെപ്റ്റംബറിൽ നരേന്ദ്ര മോദി 75 വയസ്സ് പൂർത്തിയാക്കുകയും ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരത്തിലിരുന്ന പതിനൊന്ന് വർഷങ്ങളിലൂടെ രാജ്യം കടന്നുപോവുകയും ചെയ്യുമ്പോൾ നമ്മുടെ രാജ്യം കടന്നുപോയ ഇരുണ്ട ദിനങ്ങളെ അടയാളപ്പെടുത്തുകയാണ് ജേർണലിസം വിദ്യാർത്ഥിനി ആയ ഷർമിന. പൂർത്തീകരിക്കാൻ കഴിയാത്ത വാഗ്ദാനങ്ങളുടെയും, നുണകളുടെയും, കാലഹരണപ്പെട്ട ആശയങ്ങളുടെയും ചവറ്റു കൊട്ടയായി മാറിയ പതിനൊന്ന് വർഷങ്ങൾക്കാണ് ഇന്ത്യ സാക്ഷ്യ വഹിച്ചത്. മോദി ഭരണകൂടത്തിന്റെ അനീതിയും ജനവിരുദ്ധ നയങ്ങളും സമഗ്രമായി തുറന്നു കാട്ടുന്ന ലേഖനം.
6 Minutes Read
രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാനുള്ള പ്രായപരിധി 75 ആണെന്ന ആർ എസ്എസ് അജണ്ട അലിഖിതമായി നിലനിൽക്കുമ്പോഴാണ് സെപ്റ്റംബർ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75 വയസ്സ് തികഞ്ഞത്. മോദിയുടെ ഈ പിറന്നാളിനെ ബിജെപി എത്തരത്തിലാകും സമീപിക്കുകയെന്നത് ബിജെപിയുടെ നിലനിൽപ്പിനെയും, അതിനേക്കാളുപരി ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തിന്റെ ഭാവിയെയും ബാധിക്കുന്ന തന്ത്രപരമായ നീക്കമായിരിക്കും. 2025 ജൂലൈ 25 ന് നടന്ന ഭാഗിദരി ന്യായ സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രധാനമന്ത്രിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഉയർത്തിയ സംശയം ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ പ്രസക്തമാണ്. തെരഞ്ഞെടുപ്പിൽ നിന്നും തന്നെക്കാൾ മുതിർന്ന ആർഎസ്എസ് നേതാക്കളെ മാറ്റി നിർത്താനായി മോദി ഉപയോഗിച്ച ആയുധം പ്രായപരിധിയായിരുന്നു. എൽ കെ അദ്വാനിക്കും, ബി സി ഖന്ധുരിക്കും ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാഞ്ഞത് പ്രായപരിധിയെന്ന സാങ്കേതികത ഉയർത്തിയായിരുന്നു. പാർട്ടിയുടെ ഭാഗത്തു നിന്ന് സമാനമായ നീക്കം പ്രതീക്ഷിച്ചിട്ടാകാം 2019ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുതിർന്ന നേതാക്കളായ കൽരാജ് മിത്രയും, ഭഗത് സിങ് ഘോഷ് യാരിയും വൈമുഖ്യം കാണിച്ചത്.
നാഗ്പൂരിൽ വെച്ച് ആർഎസ്എസ് ചിന്തകനായ മോറോപാന്ത് പിങ്ഗലെയുടെ പുസ്തക പ്രകാശനത്തിൽ സംസാരിക്കുമ്പോഴാണ് മോഹൻ ഭാഗവത്, ഒരു രാഷ്ട്രീയ പ്രവർത്തകന്റെ 75 വയസ്സെന്നത് ചെറുപ്പക്കാർക്ക് വഴി മാറി കൊടുക്കാനുള്ള പ്രകൃതിയുടെ സൂചനയാണെന്ന് പ്രസ്താവിക്കുന്നത്. വിവാദമായ തന്റെ പ്രസ്താവന ഒരു മാസത്തിനിപ്പുറം മോഹൻ ഭഗവത് 2025 ഓഗസ്റ്റ് 28 ന് മാറ്റിപ്പറയുകയാണുണ്ടായത്. ഒരു നിശ്ചിത വയസ്സിൽ വിരമിക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഭഗവത് മാധ്യമങ്ങളോട് പറഞ്ഞു. ഈ വാദത്തെ സാധൂകരിക്കാനായി പ്രായപരിധിയെ മുൻനിർത്തി വിരമിച്ച മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി മാർഗ്ഗദർശക് മണ്ഡലിന് ബിജെപി രൂപം നൽകിരുന്നു.

വിരമിക്കൽ പ്രായവുമായി ബന്ധപ്പെട്ട് 2023 ൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി യുടെ ഭരണഘടനയിൽ ഇത്തരമൊരു പോളിസി ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. 2029 വരെ മോദി അധികാരത്തിലുണ്ടാകുമെന്നും, ഇന്ത്യ സംഖ്യത്തിന് ഇത്തരത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു വിജയിക്കാൻ പറ്റില്ലെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.
വിരമിക്കൽ പ്രായവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയുടെ നിലപാട് ബിജെപി യിൽ നിന്നും നേരെ തിരിച്ചാണ്. 1977 ൽ 81 വയസ്സുള്ള മൊറാർജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. തങ്ങളുടെ രാഷ്ട്രീയത്തിൽ വിശ്വാസമുള്ള, രാജ്യത്തെ സേവിക്കാൻ താല്പര്യമുള്ള ഏതൊരു രാഷ്ട്രീയ പ്രവർത്തകനും അവസാനശ്വാസം വരെ പ്രവർത്തിക്കുകയും രാജ്യത്തെ ജനങ്ങളെ ഉണർത്തുകയും വേണമെന്ന് ഖാർഗെ പറഞ്ഞു. മാധ്യമ പ്രവർത്തകനായ റഷീദ് കിദ്വാനി, മുതിർന്ന കോൺഗ്രസ് നേതാവ് ഷിൻറെയെ കുറിച് തയ്യാറാക്കിയ ഓർമ്മകുറിപ്പ് “Five Decades in Politics ” ന്റെ പ്രകാശന ചടങ്ങിലാണ് വിരമിക്കൽ പ്രായവുമായി ഖാർഗെ ഇത്തരത്തിൽ പ്രസ്താവിക്കുന്നത്.
മോദി പ്രധാനമന്ത്രിയായി അധികാരത്തിലേറിയ കഴിഞ്ഞ 11 വർഷങ്ങൾ ഒരു വലിയ കാലയളവാണ്. എന്നാൽ പൂർത്തീകരിക്കാൻ കഴിയാത്ത വാഗ്ദാനങ്ങളുടെയും, നുണകളുടെയും, കാലഹരണപ്പെട്ട ആശയങ്ങളുടെയും ചവറ്റു കൊട്ടയായി കഴിഞ്ഞു പോയ പതിനൊന്ന് വർഷങ്ങളായി ഇത് മാറിയിരിക്കുന്നു. രാജ്യത്തിൻറെ ബഹുസ്വരതക്ക് പകരം ബ്രഹ്മണ്യ-ഹിന്ദുത്വ അജണ്ടകളെ സമൂഹത്തിൽ പടർത്താനാണ് മോദി ശ്രമിച്ചിട്ടുള്ളത്. രാജ്യത്തിൻറെ രാഷ്ട്രീയ- സാംസ്‌കാരിക- സാമ്പത്തിക മണ്ഡലങ്ങളെ പരിപോഷിപ്പിക്കാനായി മോദിക്ക് ഒന്നും ചെയ്യാനില്ലായെന്നും, മോദി തന്റെ അധികാരത്തെ നിലനിർത്തുന്നതിനെ കുറിച്ച് മാത്രമേ ആകുലതപെടുന്നുള്ളുവെന്നും അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ പ്രവൃത്തികളില്‍ നിന്നും മനസിലാക്കാം.

2024 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുസ്ലിങ്ങൾക്കും ദലിതരടങ്ങുന്ന ന്യുനപക്ഷങ്ങൾക്കുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന 173 ലധികം പ്രസംഗങ്ങളാണ് മോദി നടത്തിയിട്ടുള്ളതെന്ന് ഹ്യൂമൻ റൈറ്റ് വാച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024 ൽ മുസ്ലിങ്ങൾ അടങ്ങുന്ന ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണം 668 ൽ നിന്നും 1,165 ആയി ഉയർന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലയളവിൽ മാത്രം 373 വിദ്വേഷ പ്രസംഗങ്ങളാണ് ബിജെപി യുടെ ഭാഗത്തു നിന്നുണ്ടായത്. ഇതിൽ തന്നെ 67 പ്രസംഗങ്ങൾ അതായത് മൊത്തം പ്രസംഗങ്ങളുടെ 5.7% മോദി വ്യക്തിപരമായി സംഭാവന ചെയ്തതാണ്. മോദിയോടൊപ്പം, യോഗി ആദിത്യനാഥ് (86), അമിത് ഷാ (58) തുടങ്ങിയ ബിജെപി നേതാക്കൾ വിദ്വേഷ പ്രസംഗങ്ങൾ ഏറ്റവും കൂടുതൽ നടത്തിയ നേതാക്കളിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഇടം നേടി. മുസ്ലിം അടക്കമുള്ള ന്യുനപക്ഷങ്ങൾക്ക് രാജ്യത്ത് സുരക്ഷിതമായ ഒരന്തരീക്ഷം നിർമ്മിക്കുന്നതിനേക്കാൾ ഇവർക്ക് നേരെയുള്ള അക്രമണങ്ങൾ ശക്തമാക്കാനാണ് ഈ പ്രസംഗങ്ങൾക്ക് സാധിച്ചത്. മോദിയുടെ മൂന്നാം ഭരണത്തിന്റെ ആദ്യ വർഷത്തിൽ, 947 വിദ്വേഷ കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയത്, അതിൽ 345 ഉം പ്രസംഗങ്ങളിൽ ഉൾപ്പെടുന്നു, ഇതിൽ തന്നെ 178 പ്രസംഗങ്ങൾ ബിജെപി നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായതാണ്. 2023 ന്റെ ആദ്യ പകുതിയിൽ നടന്ന 255 വിദ്വേഷ പ്രസംഗ സമ്മേളനങ്ങളിൽ 80% വും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടന്നത്. മോദിയുടെയും മറ്റു ബിജെപി നേതാക്കളുടെയും ഭാഗത്തു നിന്നുണ്ടായ വിദ്വേഷ പ്രസംഗങ്ങൾ നിരവധി ലഹളകൾക്ക് കാരണമായിട്ടുണ്ട്.
ബുൾഡോസർ ഉപയോഗിച്ച് ദളിതർക്കും മുസ്ലിങ്ങൾക്കും നേരെ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം മോദിയുടെ ഭരണ കാലയളവിൽ അതിന്റെ തീവ്രതയിൽ എത്തിയിരിക്കുയാണ്. ഇതിന്റെയും പ്രധാന ഇരകൾ മുസ്ലീങ്ങളാണ്. മൊത്തം അക്രമണത്തിന്റെ 44% വരും ഇത്. അത് കഴിഞ്ഞാൽ പട്ടികവർഗ/ആദിവാസി (23%), മറ്റ് പിന്നോക്ക വിഭാഗങ്ങൾ (17%), പട്ടികജാതി (5%) എന്നി വിഭാഗങ്ങളാണ് ആക്രമണങ്ങൾ നേരിട്ടത്. അതിന്റെ ഫലമായി 153,820 വീടുകൾ തകർന്നു, 738,438 മനുഷ്യർ ഭവനരഹിതരായി.

മുസ്ലീങ്ങളെയും ദളിതരെയും ലക്ഷ്യമിട്ട് സ്വയം പ്രഖ്യാപിത “പശു സംരക്ഷകർ” എന്ന പേരിൽ ഒരു കൂട്ടം ആളുകൾ നടത്തിയ ഡസൻ കണക്കിന് കൊലപാതകങ്ങളും ആക്രമണങ്ങളും ആംനസ്റ്റിയടക്കമുള്ള മറ്റ് എൻജിഒകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഗോ സംരക്ഷണ നിയമം ഈ ആൾക്കൂട്ട അക്രമണങ്ങൾക്ക് ആക്കം കൂട്ടി. നീതിന്യായ സ്ഥാപനങ്ങൾ, അന്വേഷണ ഏജൻസികൾ അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങൾ, സർവ്വകലാ ശാലകൾ, മറ്റു സ്വയംഭരണ സ്ഥാപങ്ങൾ എന്നിവയെ വലതുപക്ഷ നയങ്ങൾ നടപ്പാക്കുന്ന സ്ഥാപനങ്ങൾ ആക്കുകയും ഭരണഘടന തന്നെ ചോദ്യചെയ്യപ്പെടുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിനു ഇന്ത്യൻ ചരിത്രത്തിൽ സ്ഥാനം നൽകി എന്നതായിരിക്കും മോദിയുടെ മറ്റൊരു സംഭാവന. ആർ ടി ഐ, ഇ ഐ എ , ഐ ടി ആക്ട്, ഭൂമി ഏറ്റെടുക്കൽ നിയമം, തൊഴിൽ നിയമങ്ങൾ തുടങ്ങി നിലവിലെ നിയമങ്ങളിൽ കാതലായ മാറ്റം വരുത്തിയും പുതിയ ഭരണകൂടത്തിന് അമിതാധികാരം നൽകുന്ന പുതിയ നിയമങ്ങൾ നിർമ്മിച്ചും ജനാധിപത്യത്തിന്റെ എല്ലാ സാധ്യതകളെയും ഇല്ലാതാക്കുകയാണ് ഈ ഭരണകൂടം. അതിനെതിരെ നടന്ന വലിയ സംഘടിത പ്രക്ഷോഭമായിരുന്നല്ലോ കർഷക സമരം.
2019-ൽ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ഭരണഘടനയെയും നിയമങ്ങളെയും നോക്കുകുത്തിയാക്കി. സാമ്രാജ്യത്വ സേവയും മുസ്ലിം വംശീയ ഉന്മൂലനവും ലക്ഷ്യം വെച്ചിട്ട് ഉള്ളതായിരുന്നു ഈ ഭേദഗതി. 2020 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളുടെ ബാക്കിപത്രമാണ്. പൗരത്വ ഭേദഗതി നിയമം പ്രധാനമായും ഉന്നം വെച്ചത് മുസ്ലിം മത വിശ്വാസികളെയാണ്. ഇതിന്റെ പിന്നോടിയായി ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ടതിൽ ഭൂരിഭാഗവും മുസ്ലിം മതവിശ്വാസികളാണ്. പക്ഷെ ഇതിൽ പ്രതികളായി അറസ്റ്റിൽ ആയവരിൽ ഭൂരിഭാഗവും മുസ്ലിങ്ങൾ തന്നെയാണ്. അക്രമിക്കപ്പെടുന്നതും അറസ്റ്റിലകുന്നതും ഒരേ കൂട്ടരാണ് എന്ന ന്യൂ നോർമൽ ഇൻഡ്യയിൽ ബിജെപി സർക്കാരിൻ്റെ കാലത്ത് ഒരു നിത്യ സംഭവമാണ്. മോദി കാലത്തെ മിക്ക മരണങ്ങൾക്കും കാരണം വെടിവയ്പ്പ്, കുത്തേൽക്കൽ, അല്ലെങ്കിൽ ആൾക്കൂട്ട മർദനം, പോലിസ് കസ്റ്റഡി എന്നിവയാണ്. മണിപ്പൂരിലെ ആഭ്യന്തര സുരക്ഷയിലെ പരാജയവും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയും മോദിയുടെ ഭരണ കാലയളവിലെ “പൊൻതൂവലുകൾ” ആണ്. മണിപ്പൂർ കലാപത്തിന് ശേഷം 47 വിദേശ യാത്രകളും 350 ൽ അധികം സംസ്ഥാന യാത്രകളും മോദി നടത്തിയത്തിന് ശേഷമാണ് മണിപ്പൂരിലെ കലാപ ബാധിതർക്ക് ഇടയിലേക്ക് അദ്ദേഹം എത്തുന്നത്. 2020ൽ ഹത്രാസിൽ നടന്ന ലൈംഗീക അതിക്രമം, ദളിതർ അനുഭവിക്കുന്ന ജാതിയമായ അതിക്രമങ്ങളുടെയും നീതിയുടെ കണ്ണടക്കലിൻ്റെയും നേർ സാക്ഷ്യമാണ്. ആർഎസ്‌എഫിന്റെ ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളിൽ ഇന്ത്യ 159 (2024) ഉം151(2025) ഉം സ്ഥാനത്താണ്. രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മർദ്ദം, മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ/പീഡനങ്ങൾ എന്നിവ വർദ്ധിച്ചുവരുന്നതായി ആർഎസ്‌എഫ് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിൽ തന്നെ പല മാധ്യമസ്ഥാപനങ്ങൾക്കും വിലക്കെർപ്പെടുത്തിയാണ് സർക്കാർ സത്യത്തെ നേരിട്ടത്. പല മാധ്യമ പ്രവർത്തകരെയും അറസ്റ്റ് ചെയ്യുകയോ കേസ് ചുമത്തുകയോ ചെയ്തു. ചില മാധ്യമ സ്ഥാപനങ്ങൾ സ്വന്തക്കാരെ കൊണ്ട് പണം കൊടുത്തു വാങ്ങിപ്പിച്ചു. ദി വയർ ന്റെ എഡിറ്റർ സിദ്ധാർഥ് വരദാരാജിനും കരൺ ഥാപ്പറിനുമേതിരെ എടുത്ത കേസ് ഏറ്റവുമടുത്ത് സംഭവിച്ച ഉദാഹരണങ്ങളിലൊന്നാണ്.

വമ്പൻ കോർപ്പറേറ്റുകളുമായി കരാറിലേർപെട്ട് ചൂഷണത്തിലധിഷ്ടിതമായ ഒരു വ്യവസ്ഥിതിയുണ്ടാക്കാൻ മോദിക്ക് കഴിഞ്ഞു. തൊഴിൽ നിയമ ഭേദഗതി, കാർഷിക ബിൽ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപന, കോർപ്പറേറ്റുകളുടെ ടാക്സ് വെട്ടി കുറയ്ക്കൽ, എൻ ഈ പി 2020 തുടങ്ങി നിരവധി കോർപറേറ്റ് അനുകൂല നയങ്ങളാണ് മോദി കഴിഞ്ഞ കാലങ്ങളിൽ ചെയ്ത് കൊണ്ടിരുന്നത്. കള്ള പണം പിടിക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന മോദി രാത്രിക്ക് രാമാനം നോട്ട് നിരോധിച്ച് ജനങ്ങളെ വലച്ചതിന് അപ്പുറം ഒന്നും സംഭവിച്ചില്ല. 99% നിരോധിച്ച നോട്ടുകളും തിരികെ വന്നതായാണ് ആർബിഐ കണക്കുകൾ വ്യക്തമാക്കുന്നത്. അതേ സമയം പനാമ പേപ്പേഴ്‌സ് പുറത്ത് വിട്ട വമ്പന്മാരുടെ സ്വിസ് ബാങ്ക് അക്കൗണ്ടുകൾ മോദി ഭരണകൂടം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
ഓപ്പറേഷൻ കഗാർ എന്ന പേരിൽ മധ്യേന്ത്യയിൽ നടത്തിവരുന്ന ആദിവാസി വംശഹത്യയും കോർപറേറ്റ് ദാസ്യത്തിൻ്റെ മറ്റൊരു വികൃത മുഖമാണ്. നിരവധി ധാതു സമ്പുഷ്ട്ടമായ ആദിവാസി ഭൂമി സ്വകാര്യകമ്പനികള്‍ക്ക്-കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കാൻ മോദി- ഷാ സർക്കാരുകൾ വലിയ തിടുക്കമാണ് കാണിക്കുന്നത്. അതിനെതിരെ നില്‍ക്കുന്നവരെ ഇല്ലാതാക്കുക, തദ്ദേശീയ സമരങ്ങളെ നിശബ്ദമാക്കുക എന്നതാണ് ഓപ്പറേഷൻ കഗാര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അദാനിയുടെ സിമൻ്റ് ഫാക്ടറി അസാമിൽ തുടങ്ങാനായി സംസ്ഥാന ബിജെപി ഭരണകൂടം1800 ഏക്കർ ഭൂമിയാണ് എഴുതി നൽകിയത്. ‘ഒരു ജില്ല തന്നെ നിങ്ങൾ അധാനിക്ക് എഴുതി നൽകിയോ’ എന്ന അസം ഹൈക്കോടതിയുടെ ഞെട്ടൽ മോദി ഭരണകാലത്തെ സാധാരണ ജനങ്ങളുടെ ഞെട്ടലും കൂടിയാണ്. നിയമം, കോടതി, ഇ ഡി, പോലിസ്, തുടങ്ങി സര്‍വ്വ ഭരണകൂട സ്ഥാപനങ്ങളെയും ചൂഷണത്തിനായി ഉപയോഗിച്ച് കൊണ്ട് തീവ്രവലതുപക്ഷവത്കരണമാണ് മോദി സർക്കാർ നടത്തികൊണ്ടിരിക്കുന്നത്.
വിദേശ രാജ്യങ്ങളുമായിയുള്ള നയതന്ത്രബന്ധം യാതൊരു വിധ നയമോ തന്ത്രമോ ഇല്ലാതെ കൈകാര്യം ചെയ്തതുകൊണ്ട് മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന രീതിയിൽ മാറ്റാൻ മോദിക്ക് കഴിഞ്ഞിട്ടുണ്ട്. ചരക്കുകളിൽ അമേരിക്ക ഉയർത്തിയ താരിഫ് മുഴുവൻ സാമ്പത്തിക മേഖലയെയും ബാധിക്കും. ഇന്ത്യയെ ഒരു സാമ്രാജ്യത്വ ആശ്രിത സമ്പത്ത് വ്യവസ്ഥയുടെ തകർച്ചയിലേക്കാണ് ഈ താരിഫ് പ്രശ്‌നം കൊണ്ട് എത്തിക്കുന്നത്. രാജ്യത്തെ ആഭ്യന്തര വിപണിയെ വിദേശ കുത്തകകൾക്ക് തീറെഴുതുകയും അമിതമായി ഇറക്കുമതി നടത്തി ആഭ്യന്തര ഉത്പാദനത്തെ തകർച്ചയിലേക്ക് നയിക്കുകയും ചെയ്തതിൽ മാറി മാറി വന്ന സർക്കാരുകൾക്ക് പങ്കുണ്ട്. ഫോട്ടോ ഷൂട്ടിന് അപ്പുറം മോദി എന്ത് ഡിപ്ലോമസിയാണ് വിദേശ രാജ്യങ്ങളുമായി നടത്തിയത് എന്ന പ്രതിപക്ഷത്തിൻ്റെ ചോദ്യം പ്രസക്തമാണ്. അമേരിക്കൻ തീരുവ പ്രശ്നത്തോടെ രാജ്യത്തെ ചെമ്മീൻ, തുണി, കശുവണ്ടി, വജ്ര വ്യാപാരത്തിൽ വന്ന ഇടിവ് പ്രതിപക്ഷത്തിൻ്റെ ഈ വാദങ്ങൾക്ക് ശക്തിപകരുന്നുണ്ട്.

മോദി എന്ന വ്യക്തിക്ക് പലതരം ദുർബലതകൾ ഉണ്ടെങ്കിലും അയാൾ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിന് ജനങ്ങളെ കീഴ്പ്പെടുത്താനായിട്ടുണ്ട്. അർദ്ധ ഫ്യൂഡൽ അർദ്ധ കോളോണിയൽ സമൂഹത്തിന്റെ ബോധ്യത്തിൽ ജീവിച്ചു പോന്ന സമൂഹത്തിന്റെ അബോധ മനസ്സിന്റെ ആഗ്രഹങ്ങൾ തൃപ്തി പെടുത്താൻ സംഘപരിവാറിനായി. മതം- ജാതി- വർണ്ണം -ലിംഗം അടങ്ങുന്ന ബഹുമുഖമായ ഘടകങ്ങളിലെ ചൂഷണത്തെ മുതലെടുത്താണ് സംഘപരിവാർ രാഷ്ട്രീയ വിജയം കൈവരിച്ചതും കൈവരിക്കാൻ പോകുന്നതും. സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ രാഷ്ട്രീയ മണ്ഡലം വർഗീയതയും വെറുപ്പും വിദ്വേഷവും കുത്തി നിറച്ചു ദുർബലപ്പെടുത്തുക, സാമ്രാജ്യത്വ സേവ നടത്തി കോർപറേറ്റ് ദാസനാവുക എന്നതിന് അപ്പുറം മോദി പോയിട്ടില്ല എന്നതാണ് വസ്തുത. മാധ്യമങ്ങളെ കാണാത്ത, വോട്ട് കൊള്ള നടത്തുന്ന ഒരു പ്രധാന മന്ത്രിയാണ് നമ്മുടേത് എന്ന പ്രതിപക്ഷ ആരോപണം ഏറെ കുറെ ഇന്ത്യൻ ജനത അംഗീകരിക്കുന്നതാണ്. ജനങ്ങളെ സംബന്ധിച്ച് അവരുടെ ജീവിതം ദിനംപ്രതി ദുസ്സഹമായി കൊണ്ടിരിക്കുകയാണ്. മോദിക്ക് 75 ആയോ ഇല്ലയോ എന്നതിനപ്പുറത്തേക്ക് ജനങ്ങൾ സുസ്ഥിരവും നീതിയുക്തമായ ഒരു ജനാധിപത്യ സംവിധാനം അർഹിക്കുന്നുണ്ട്. മോദിക്ക് അപ്പുറത്തേക്ക് ബിജെപിയിൽ നിന്ന് ആര് വന്നാലും ഇതിൽ നിന്നും വ്യതിരിക്ത്മയ ഒരു സംവിധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. ബിജെപിയുടെ സാമ്പത്തിക നയങ്ങളിൽ നിന്നും കോൺഗ്രസ്സ് മുന്നോട്ട് വെക്കുന്ന സാമ്പത്തിക നയവും അത്ര വ്യത്യസ്തതകൾ അർഹിക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത.