വാളയാർ ആൾക്കൂട്ട കൊലപാതകം: കാണാതെ പോകുന്ന വംശീയ വിദ്വേഷം

വാളയാർ ആൾക്കൂട്ട കൊലപാതകം: കാണാതെ പോകുന്ന വംശീയ വിദ്വേഷം

കാലിന്റെ ചെറുവിരൽ മുതൽ തലയോട് വരെ അടിയേറ്റ് തകർന്ന അവസ്ഥയിലായിരുന്നു ആ മൃദദേഹം. ഇത് പറഞ്ഞത് വാളയാറിൽ അതിക്രൂരമായ ആൾക്കൂട്ട അതിക്രമത്തിന് ഇരയായ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാം നാരായണിന്റെ മൃദദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ ഹിതേഷ് ശങ്കർ ആണ്. ‘നീ ബംഗ്ളാദേശിയാണോ’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മർദ്ദനം. കേരളം എങ്ങോട്ടാണ് നീങ്ങുന്നത് എന്നത് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് ഈ കൊലപാതകം. ഹിന്ദുത്വ ഫാസിസ്റ്റു ശക്തികൾ നടത്തിയ അതിക്രൂരമായ കൊലപാതകത്തെ ആൾക്കൂട്ട കൊലപാതകം (Mob Lynching ) ആയി കണക്കാക്കി നിയമ നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുകയാണ് സാമൂഹ്യ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ ബാബുരാജ് ഭഗവതി. ‘പാവം ഒരു ഉത്തരേന്ത്യക്കാരനെ കൊന്നു’എന്ന സഹതാപം അല്ല നമുക്കിടയിൽ ഉണ്ടാകേണ്ടത്.

വാളയാറില്‍ നടന്നത് ഒരു ആള്‍ക്കൂട്ട കൊലപാതകമാണ്. അതുമായി ബന്ധപ്പെട്ട് പുറത്തു വന്ന ഒരു വിഡിയോയില്‍ നിന്ന് മനസിലാകുന്നത് ‘നിങ്ങള്‍ ബംഗ്‌ളാദേശിയാണോ’എന്ന് ചോദിച്ചുകൊണ്ടാണ് രാം നാരായണ്‍നെ ആള്‍ക്കൂട്ടം ആക്രമിക്കുന്നതെന്നാണ്. ആദ്യ ദിവസങ്ങളില്‍ ഈ സംഭവത്തിന് വലിയ വാര്‍ത്താപ്രാധാന്യം ലഭിച്ചില്ല. എവിടെയോ സംഭവിച്ച ഒരു ആക്രണദ്യശ്യത്തിന്റെ വീഡിയോ എന്ന മട്ടിലാണ് സാമൂഹികമാധ്യമങ്ങളില്‍ അത് പ്രചരിക്കപ്പെട്ടത്.

അടുത്ത ദിവസം വാളയാര്‍ പോലിസ് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുവേണ്ടി പാലക്കാട്ട് നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നു. ഈ സംഭവം മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞ മംഗലാപുരത്ത് ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ അഷ്റഫിന്റെ സഹോദരന്‍ അബ്ദുല്‍ ജബ്ബാര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തി. അദ്ദേഹത്തിലൂടെയാണ് പിന്നീടുള്ള വിവരങ്ങള്‍ പുറംലോകം അറിയുന്നത്.

അദ്ദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കെത്തുമ്പോള്‍ അവിടെ മൃതദേഹത്തിന് അകമ്പനിട സേവിച്ച രണ്ട് പോലിസുകാരും കൊലചെയ്യപ്പെട്ട ചെറുപ്പക്കാരന്റെ ഏതാനും ബന്ധുക്കളുമാണ് ഉണ്ടായിരുന്നത്. ജബ്ബാര്‍ പോലിസുകാരോടും ബന്ധുക്കളോടും സംസാരിച്ചതില്‍നിന്ന് സാധാരണ ഒരു കൊലപാതകം എന്ന നിലയിലാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് മനസ്സിലായി. രാം നാരായണന്റെ മൃതദേഹം നാട്ടിലേക്ക് കയറ്റിയയക്കാനുള്ള ശ്രമത്തിലായിരുന്നു പോലിസുകാര്‍. അതിനുള്ള പണം ബന്ധുക്കളില്‍ നിന്നുതന്നെ ഈടാക്കാനുള്ള ശ്രമത്തിലുമായിരുന്നു. ആ ശ്രമം ജബ്ബാര്‍ തടഞ്ഞു. അദ്ദേഹം തന്നെ തൃശൂരിലുള്ള വിവിധ സാമൂഹികപ്രവര്‍ത്തകരെ ബന്ധപ്പെടുകയും അവരെ മെഡിക്കല്‍ കോളജിലേക്ക് വരുത്തുകയും ചെയ്തു. ആള്‍ക്കൂട്ടക്കൊലപാതം പോലുള്ള കേസുകള്‍ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടതെന്ന് പോലിസുകാരെയും മോര്‍ച്ചറിയ്ക്കു മുന്നിലെത്തിയ സാമൂഹ്യപ്രവരെയും ബോധ്യപ്പെടുത്തി.

ഈ ആള്‍ക്കൂട്ട കൊലപാതകം പുറത്തു വന്നശേഷം സാമൂഹികമാധ്യമങ്ങളടക്കമുള്ള മാധ്യമസമൂഹവും എഴുത്തുകാരും സാമൂഹികപ്രവര്‍ത്തകരും ഇതിനിടെ നേരെറ്റ് ചെയ്ത രീതി സംഘപരിവാര്‍ ഒരു ദളിത് തൊഴിലാളിയെ കൊലചെയ്തിരിക്കുന്നുവെന്ന രീതിയിലായിരുന്നു. ചിലര്‍ ആള്‍ക്കൂട്ട കൊലപാതകമെന്ന് പറയരുതെന്ന അഭിപ്രായക്കാരായിരുന്നു. കാരണം ആള്‍ക്കൂട്ട കൊലപാതകമെന്ന് വിശേഷിപ്പിച്ചാല്‍ അതിനു വേണ്ടത്ര ഗൗരവിമില്ലെന്നും സംഘ് പരിവാറിന്റെ കൊലപാതകം എന്ന് പറയുമ്പോള്‍ മാത്രമേ അതു ലഭിക്കുകയുള്ളൂവെന്നുമാണ് പൊതുധാരണ.

ആള്‍ക്കൂട്ട കൊലപാതകം വംശീയമായ ഒരു ആക്രമണത്തെ കുറിക്കുന്നു. ചരിത്രപരമായി പരിശോധിച്ചാല്‍ 18 ാം നൂറ്റാണ്ടിലെ അമേരിക്കയിലെ വംശീയാക്രമണങ്ങളുമായാണ് അതിനു ബന്ധം. വെള്ളക്കാരായ വംശീയവാദികളുടെ നേതൃത്വത്തില്‍ കറുത്തവരെ വിചാരണ കൂടാതെ തെരുവില്‍ കൊലചെയ്യപ്പെടുന്ന സംഭവങ്ങളെയാണ് ഈ വാക്കുകൊണ്ട് വിശദീകരിച്ചിരുന്നത്. പല പരിമിതികളുമുണ്ടെങ്കിലും ഇന്ത്യയിലും ഈ പദം നിയമപരമായി നിര്‍വചിക്കപ്പെട്ടിട്ടുമുണ്ട്. മതപരമോ ഭാഷാപരമായോ ദേശീമോ ആയ വംശീയ വിദ്വേഷത്തിന്റെപേരില്‍ മനുഷ്യരെ ആക്രമിക്കുകയെ കൊലചെയ്യുകയോ ചെയ്യുന്നതിനെയാണ് ഇന്ത്യന്‍ നിയമം ആള്‍ക്കൂട്ട ആക്രമണത്തിന്റെയും ആള്‍ക്കൂട്ട കൊലപാതകത്തിന്റെയും പരിധിയില്‍ പെടുത്തുന്നത്. പല തരം മുന്‍വിധികളുടെ ഭാഗമായ കൂട്ട ഹിംസയാണ് ഇത്. ഏതെങ്കിലും തരത്തിലുള്ള വ്യാജവാര്‍ത്തകളോ പ്രചാരണങ്ങളോ ആണ് ഇതിന്റെ മൂലകാരണമായി പൊതുവെ കണ്ടിട്ടുള്ളത്. ഇവിടെ ആള്‍ക്കൂട്ടം തന്നെയാണ് വിചാരണനടത്തുന്നതും ആക്രമണം നടത്തുന്നതും കൊലപ്പെടുത്തുന്നതും.

മോദി അധികാരത്തിലെത്തിയശേഷമാണ് ഇന്ത്യയില്‍ ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുന്നത്. ഗോസംരക്ഷണ സമിതിക്കാരും ബജ്രംഗദള്‍ പോലുള്ള ഫാഷിസ്റ്റ് ഗ്രൂപ്പുകളും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായ രീതിയില്‍ ദലിതരെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കാനും കൊലപ്പെടുത്താനും തുടങ്ങിയത് ഇക്കാലത്താണ്. ബീഫും പശുക്കടത്തുമൊക്കെയായിരുന്നു കാരണമായി പറഞ്ഞത്. ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ മോബ് ലിഞ്ചിങ് എന്ന പ്രയോഗം പൊതുജനശ്രദ്ധയിലെത്തി.

സ്വാഭാവികമായും ആള്‍ക്കൂട്ട കൊലപാതകത്തെ നേരിടേണ്ടത് പ്രത്യേക നിയമത്തിന്റെ പിന്‍ബലത്തോടെയായിരിക്കണം എന്ന കാഴ്ചപ്പാട് നിയമവൃത്തങ്ങളില്‍ വ്യാപിച്ചു. അതിന്റെ ഭാഗമായാണ് ആള്‍ക്കൂട്ടക്കൊലപാതകം വംശീയ കൊലപാതകമാണെന്ന കാഴ്ചപ്പാടിന് അംഗീകാരം ലഭിച്ചത്. സംഘപരിവാര്‍ ഫാഷിസ്റ്റുകളുടെ മുന്‍കയ്യില്‍ നടക്കുന്നതുകൊണ്ട് സംഘപരിവാര്‍ ആക്രമണം എന്നു പറഞ്ഞാല്‍ മതിയെന്നാണ് പല ആക്റ്റിവിസ്റ്റുകളും കരുതുന്നത്.

പ്രാഥമികമായി ആള്‍ക്കൂട്ട ആക്രമണമോ കൊലപാകമോ ഒരു വ്യക്തി മറ്റൊരു വ്യക്തിക്കെതിരെ നടത്തുന്ന ആക്രമണമല്ല. അതില്‍ പലതരത്തിലുള്ള മുന്‍വിധികളും വിദ്വേഷവും അടങ്ങിയിരിക്കുന്നു. ആ മുന്‍വിധി മതപരമോ വംശീയമോ ഭാഷാപരമോ ആകാം. ഈ ഘടകങ്ങള്‍ പരിശോധിച്ചുകൊണ്ടാണ് ഒരു കൊലപാതകത്തെ നിയമം ആള്‍ക്കൂട്ട കൊലപാതകമായി നിര്‍വചിക്കുന്നത്.

ഒരു സംഭവത്തെ അപ്രകാരം നിര്‍വചിച്ചു കഴിഞ്ഞാല്‍ അതെങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച്, 2018ല്‍ തെഹ്‌സീന്‍ പൂനാവാല നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ചുകൊണ്ടുള്ള ഉത്തരവില്‍, സുപ്രിംകോടതി ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അന്വേഷിക്കേണ്ടത് ഒരു സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ്. എസ്പിയില്‍ കുറയാത്ത റാങ്കിലുള്ള ഉദ്യേഗസ്ഥന്റെ മേല്‍നോട്ടത്തിലായിരിക്കണം അത്. കേസിന്റെ വിചാരണ ഒരു ഫാസ്റ്റ് ട്രാക്ക് കോടതിയിലായിരിക്കണം നടക്കേണ്ടത്. ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരവും നല്‍കണം. വിദ്വേഷപ്രചാരണങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരണം. ഇതൊക്കെ സമയബന്ധിതമായി നടക്കണം. ഇതൊന്നും പരിഗണിക്കാതെ ആള്‍ക്കൂട്ട ആക്രമണങ്ങളെ സാധാരണ കൊലപാതകങ്ങളെ കൈകാര്യ ചെയ്യുന്ന രീതിയിലാണ് പൊതുസമൂഹവും പോലിസും കൈകാര്യം ചെയ്യുന്നത്.

വാളയാര്‍ കൊലപാതകത്തിന്റെ കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ ആള്‍ക്കൂട്ട കൊലപാതകം എന്ന രീതിയില്‍ നിയമ നടപടികള്‍ ആരംഭിച്ചിട്ടില്ല. സ്വാഭാവികമായും ഒരു വംശീയ ആക്രമണം എന്ന നിലയില്‍ ഈ കേസ് കൈകാര്യം ചെയ്യപ്പെടാതെ പോകും. ഈ ഘട്ടത്തില്‍ പൊതുസമൂഹവും ആക്റ്റിവിസ്റ്റുകളും രാഷ്ട്രീയപാര്‍ട്ടികളും ഇത് ആള്‍ക്കൂട്ട കൊലപാതകമാണെന്നും അതനുസരിച്ചുള്ള നിയമ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഉറപ്പിച്ചു പറയണം.

കൊല്ലപ്പെട്ട റാം നാരായണ്‍ ഇതുവരെ മനസ്സിലായതനുസരിച്ച് ഒരു ദലിത് തൊഴിലാളിയാണ്. തൊഴില്‍തേടി ഏതാനും ദിവസം മുമ്പാണ് അദ്ദേഹം കേരളത്തിലെത്തിയത്. അവിടെവച്ചാണ് അദ്ദേഹം കൊലചെയ്യപ്പെട്ടത്. എന്നാല്‍ ഈ സമയത്തും ഒരു കാര്യം നാം വിട്ടുപോകരുത്. ഇസ്ലാമോഫോബിയ ശക്തമായ ഈ കാലഘട്ടത്തില്‍ രാം നാരായണ്‍ ആക്രമിക്കപ്പെട്ടത് ദളിതന്‍ ആയതുകൊണ്ടല്ല, മറിച്ച് അയാള്‍ ബംഗ്‌ളാദേശി മുസ്ലിം ആണെന്നുള്ള തെറ്റിദ്ധാരണയുടെ പുറത്താണ്. അതുകൊണ്ട് ഇതിനെ ഇസ്ലാമോഫോബിയയുമായി ബന്ധപ്പെട്ട പ്രശ്‌നമായും മനസ്സിലാക്കണം.

ഇസ്ലാമോഫോബിയ എന്നത് മുസ്ലിംവിരുദ്ധ വംശീയതയാണ്. പ്രാഥമികമായി അതിന്റെ ഇരകള്‍ മുസ് ലിംകളാണ്. എന്നാല്‍ ഇരകള്‍ മുസ് ലിംകള്‍ മാത്രമല്ല- താടികൊണ്ടോ, തൊപ്പികൊണ്ടോ, ശരീര പ്രകൃതി കൊണ്ടോ, ഭാഷ കൊണ്ടോ മറ്റേതെങ്കിലും കാരണത്താലോ മുസ് ലിംകള്‍ ആണെന്ന് തോന്നുന്നവരോ മുസ് ലിംകള്‍ ആണെന്നു തെറ്റിദ്ധരിക്കപ്പെടുന്നവരോ ഇസ് ലാമോഫോബിക് ആക്രമണത്തിനു വിധേയരാവാം. ഇത്തരം സംഭവങ്ങളെയും ഇസ്ലാമോഫോബിയയുടെ പ്രവര്‍ത്തനമായാണ് മനസ്സിക്കേണ്ടത്. ആക്രമണത്തിന് വിധേയരാവുന്നവരെ വംശീയതതയുടെ ഇരയായും മനസ്സിലാക്കണം. അതായത് ഇസ്ലാമോഫോബിയ പ്രവര്‍ത്തന സജ്ജമാകാന്‍ മുസ്ലിംകള്‍ ആവശ്യമില്ല, മുസ്ലിംകളുടെ അസാന്നിധ്യത്തിലും ഇസ്ലാമോഫോബിയ ഉണ്ടാകാം.

വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ അക്രമികള്‍ നല്‍കിയ മൊഴിയായി മാധ്യമങ്ങളിലൂടെ പുറത്തുവന്നത് റാം നാരായണിനെ മോഷ്ടാവെന്നു കരുതി മര്‍ദ്ദിച്ചുവെന്നാണ്. മംഗലാപുരം ആള്‍ക്കൂട്ട കൊലപാതകക്കേസിലെ പ്രതികളുടെ മൊഴി പരിശോധിച്ചാലും സമാനമായ മൊഴികള്‍ കാണാം. പൊതുസമൂഹത്തില്‍നിന്നും ഇതുപോലുള്ള പരസ്പരവിരുദ്ധ ആഖ്യാനങ്ങള്‍ പുറത്തുവന്നിരുന്നു. ചില മാധ്യമങ്ങള്‍ ആദ്യം നല്‍കിയ വാര്‍ത്തയനുസരിച്ച് അഷ്‌റഫിനെ മര്‍ദ്ദിച്ചത് പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിനാണ്. ക്രിക്കറ്റ് കളിക്കാര്‍ക്കായി കരുതിവച്ച വെള്ളം അനുവാദമില്ലാതെ കുടിച്ചുവെന്ന് ചില മാധ്യമങ്ങള്‍ എഴുതി. മോഷണക്കുറ്റവും ആരോപിച്ചു. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പൊതുവെ ഉന്നയിക്കുന്ന ആരോപണങ്ങളാണ് ഇതൊക്കെ. മോഷണക്കുറ്റമാണ് ഏറ്റവും വ്യാപകം.

ആള്‍ക്കൂട്ട ആക്രമണങ്ങളുടെ കാര്യത്തില്‍ പ്രതികളായ ജനക്കൂട്ടവും അക്രമത്തിനു ഇരയാവുന്നവരും പരസ്പ്പരം അറിയണമെന്നില്ല. പരസ്പര വിരോധം ഉണ്ടാവണമെന്നുമില്ല. പ്രതികള്‍ തന്നെ പരസ്പരം അറിയുന്നവരായിരിക്കണമെന്നുമില്ല. കാരണം അവരെ നയിക്കുന്നത് വംശീയവിദ്വേഷമാണ്. വൈയക്തികമായ കാരണങ്ങളല്ല.

Madhu who was killed by the mob in Attappady, Kerala
2018 ഫെബ്രുവരി 22 ൽ അട്ടപ്പാടിയിൽ ആൾക്കൂട്ടം
മർദിച്ചു കൊലപ്പെടുത്തിയ മധു.

വസ്തുത ഇതായിരിക്കെ കേസ് രജിസ്റ്റര്‍ ചെയ്യുന്ന സമയത്താണ് നേരത്തെ സൂചിപ്പിച്ച തരത്തിലുള്ള ആരോപണങ്ങള്‍ എഫ്‌ഐആറിലേക്ക് കടന്നുവരുന്നത്. അതോടെ ആള്‍ക്കൂട്ട ആക്രമണമാണെന്ന വസ്തുത കേസ്ഡയറിയില്‍നിന്ന് മാഞ്ഞുപോകുന്നു. വംശീയ വിദ്വേഷത്തില്‍നിന്നുണ്ടായ ആക്രമണമാണെന്നതും മറച്ചുവയ്ക്കപ്പെടുന്നു. വംശീയവിദ്വേഷത്തില്‍നിന്നുണ്ടായ ആക്രമണമാണെങ്കില്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരാമായിരുന്ന വിദ്വേഷപ്രചാരത്തെക്കുറിച്ച അന്വേഷണം അതോടെ തടസ്സപ്പെടുന്നു. മറിച്ചായിരുന്നെങ്കില്‍ ആരാണ് വിദ്വേഷപ്രചാരണം തുടങ്ങിയത്, ആരാണ് പ്രചരിപ്പിച്ചത് തുടങ്ങിയവയൊക്കെ അന്വേഷണവിഷയമാകുമായിരുന്നു. പ്രതികള്‍ മാത്രമല്ല, പ്രചാരകരും നിയമത്തിന്റെ പരിധിയിലേക്ക് വരുമായിരുന്നു. ഇതൊക്കെ ഒഴിവാക്കാനാണ്് രാം നാരായണന്റെ കൊലപാതകത്തില്‍ പോലിസിന്റെ ശ്രമം.

2020 ഏപ്രില്‍ 16 നു, കോവിഡ് കാലത്ത്, മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ (Palghar ) നിന്ന് സമാനമായ ഒരു സംഭവം റിപോര്‍ട്ട് ചെയ്തിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായ ഒരു വാര്‍ത്ത രണ്ട് ദിവസം മുമ്പ് ഗ്രാമത്തില്‍ പ്രചരിച്ചിരുന്നു. കേട്ടവര്‍ കേട്ടവര്‍ വാട്‌സ്ആപ്പ് വഴി പലരിലേക്കും ഫോര്‍വേഡ് ചെയ്തു. ഒരു ഘട്ടത്തില്‍ മുസ്ലിംവിരുദ്ധമായ ആഖ്യാന രീതിയായും അത് വികസിച്ചിരുന്നു. സ്വാഭാവികമായും നാട്ടിലെ യുവാക്കള്‍ സജ്ജരായി വടിയും ആയുധങ്ങളുമായി രാത്രികളില്‍ പട്രോളിങ് ആരംഭിച്ചു. പാതിരാത്രിയായ സമയത്ത് ഒരു കാറില്‍ ഏതാനും സന്യാസിമാര്‍ ഈ വഴി കടന്നുപോയി. ഗ്രാമീണര്‍ കാറു തടഞ്ഞു. യാത്രികരെ പുറത്തിറക്കി മര്‍ദ്ദിച്ചു. സന്യാസിമാര്‍ കൊല്ലപ്പെട്ടു. സന്യാസിവേഷം ധരിച്ച കൊള്ളക്കാരാണെന്നാണ് ‘ജനക്കൂട്ടം’ കരുതിയത് (മുസ്ലിംകളാണെന്നും കരുതിയിരുന്നുവത്രെ).

കൊല്ലപ്പെട്ടത് യഥാര്‍ത്ഥ സന്യാസിമാരാണെന്ന് മനസ്സിലായതോടെ മുസ്ലിംകളാണ് കൊലപാതകത്തിനു പിന്നിലെന്ന പ്രചാരണത്തിന് ബിജെപി തുടക്കമിട്ടു. പ്രചാരണം രൂക്ഷമായതോടെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി നൂറോളം വരുന്ന ആള്‍ക്കൂട്ട ആക്രണത്തിലെ പ്രതികളുടെ പട്ടിക പുറത്തുവിട്ടു. അതില്‍ മുസ്ലിംകളുണ്ടായിരുന്നില്ല. ഏതാനും കുട്ടികള്‍ പ്രതികളായിരുന്നു. അവരില്‍ ചിലര്‍ ബിജെപിയില്‍ ചേര്‍ന്നത് ഈ അടുത്ത കാലത്ത് വിവാദമായിരുന്നു.

വംശീയ വിദ്വേഷത്തെ നിയമപരമായി തന്നെ നേരിണമെന്ന തിരിച്ചറിവിലേക്കാണ് ഇത്തരം സംഭവങ്ങള്‍ നമ്മെ നയിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും പ്രചാരണങ്ങളും നിയമപരമായിത്തന്നെ തടയപ്പെടണം. അതിനാവശ്യമായ നിയമങ്ങള്‍ കൊണ്ടുവരണം. ഇസ്ലാമോഫോബിയയും സമാനമായ രീതിയില്‍ കൈകാര്യം ചെയ്യപ്പടണം. ഇക്കാര്യത്തില്‍ മുസ്ലിംകളും മുസ്ലിങ്ങളല്ലാത്തവരും രംഗത്തുവരണം. കാരണം ഇസ്ലാമോഫോബിയ മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമല്ലെന്നാണ് രാം നരായണ്‍ എന്ന ദലിത് തൊഴിലാളിയുടെ കൊലപാതകം തെളിയിക്കുന്നത്. വാളയാര്‍ ആള്‍ക്കൂട്ടക്കൊലയെ വെറും കൊലപാതകമായി മാത്രം കാണാതെ ആള്‍ക്കൂട്ടക്കൊലയായി തിരിച്ചറിഞ്ഞ് അതനുസരിച്ച് നിയമനടപടി കൈക്കൊള്ളണം. ഇസലാമോഫോബിയക്കെതിരേ നിയമനിര്‍മാണം നടത്തുകയും വേണം.

കടപ്പാട്: കേരളീയം മോണിംഗ് വോയിസ്

Baburaj Bhagavathy

Baburaj Bhagavathy

ആക്റ്റിവിസ്റ്റ്, വിവിധ അച്ചടി മാധ്യമങ്ങളില്‍ ജോലി ചെയ്തു. ഇപ്പോള്‍ ഇസ്ലാമോഫോബിയ വാര്‍ഷിക റിപോര്‍ട്ട് തയ്യാറാക്കുന്ന ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.

View All Articles by Baburaj Bhagavathy

Share Article
Whatsapp Email