
വേടന്റെ പാട്ടുകൾ സൃഷ്ടിക്കുന്ന പുത്തൻ ആർക്കൈവുകൾ
അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ കാഴ്ചയെ ശക്തമായ രാഷ്ടീയ നിരീക്ഷണങ്ങളിലൂടെയും, നീലപാടുകളിലൂടെയും ഒരു ജനപ്രിയ സംഗീത ശൈലിയായ റാപ്പ് മ്യൂസിക്കിലൂടെ പൊതു സമൂഹത്തിനു മുന്നിലെത്തിച്ച വേടന്റെ മൂവ്മെന്റിന് സമാനമായി അടുത്തകാലത്തായി മറ്റൊരു മൂവ്മെന്റ് ഉണ്ടായിട്ടില്ല. കേരളം പോലെയുള്ള സ്ഥലത്ത്, അത്രയധികം സ്വതന്ത്ര സംഗീത ആസ്വാദകരില്ലാത്ത ഇവിടെ ഈ പാട്ടുകൾക്ക് ഇത്രയധികം സ്വീകാര്യത എങ്ങനെയുണ്ടായി? എങ്ങനെയാണ് ഈ പാട്ടുകൾ പൊതു ബോധത്തെ സ്വാധീനിച്ചിട്ടുള്ളത്? ഇരുതി കളക്റ്റീവ് അംഗമായ ആർ. ഹരിഗോവിന്ദ് എഴുതുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ 28-നാണ് റാപ്പ് സംഗീതജ്ഞനായ വേടൻ എന്ന ഹിരൻദാസ് മുരളിയേയും എട്ട് സുഹൃ ത്തുക്കളെയും അവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടുന്നത്. മുഖ്യധാര മാധ്യമങ്ങൾ കഞ്ചാവ് തുന്നിയിട്ട് കുപ്പായം പോലുള്ള ശീർഷകങ്ങളിലൂടെ വാർത്ത ആഘോഷമാക്കി മാറ്റി. ഇതിനോടനുബന്ധിച്ച് സോഷ്യൽ മീഡിയകളിൽ അതിവേഗം ആരംഭിച്ച വേടനെതിരെയുള്ള ക്യാമ്പയിനുകളും മറ്റും വേടനേയും അദ്ദേഹത്തിന്റെ പാട്ടുകളുടെ രാഷ്ട്രീയത്തെയും പൂർണമായി റദ്ദ് ചെയ്യുന്ന തരത്തിൽ ആയിരുന്നു. സംഭവിച്ച കാര്യങ്ങളുടെ ആശ്ചര്യമാം തരത്തിലുള്ള വേഗതയും നാടകീയതയും ആണ് ഈ സംഭവങ്ങളെ വേടന്റെ പാട്ടിലെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നത്.
2021 ജൂണിലാണ് ‘Women Against Sexual Harrassment’ എന്ന സംഘടന ഒന്നിലധികം സ്ത്രീകൾക്ക് വേടനിൽ നിന്ന് മോശമായി അനുഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യുന്നതും അത് പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതും. വേടൻ സോഷ്യൽ മീഡിയയിലൂടെ മാപ്പ് പറഞ്ഞെങ്കിലും, ഈ വിഷയത്തെ അതിനുശേഷം ഗൗരവത്തിൽ സമീപിക്കുകയോ ഇരകളോട് കൃത്യമായി ആശയവിനിമയം നടത്തുകയോ ചെയ്തിട്ടില്ല. ഇരക ളായ, ഒരു ദളിത് പെൺകുട്ടിയടക്കം വരുന്ന സ്ത്രീകൾ കൃത്യമായ നീതി അർഹിക്കുന്നുണ്ടെന്നും, വേടൻ ഉത്തരം പറയാൻ ബാധ്യസ്ഥനാണ് എന്നുമുള്ള ബോധ്യത്തിൽ നിന്നാണ് വേടന്റെ പാട്ടുകളെ കുറിച്ചും അതിലെ രാഷ്ട്രീയത്തെക്കുറിച്ചും ഇവിടെ ചർച്ച ചെയ്യുന്നത്.
ഭരണകൂടത്തെയും അധികാര വർഗ്ഗത്തെയും ഇത്രയധികം പ്രകോപിപ്പിക്കും വിധം എന്താണ് വേടന്റെ പാട്ടുകളിൽ ഉണ്ടായിരുന്നത്? എന്താണ് അവരെ ഇത്രകണ്ട് ഭയപ്പെടുത്തിയതും ചൊടിപ്പിച്ചതും?
വേടൻ എന്ന പേരിൽനിന്ന് തുടങ്ങുന്നതാണ് ഹിരൺ ദാസ് മുരളി എന്ന സംഗീതജ്ഞന്റെ പാട്ടുകളിലെ രാഷ്ട്രീയം. 2019ൽ NRC-CAA ക്കെതിരെയായ ഒരു ഒത്തുചേരലിൽ ഊരാളി എന്ന ബാന്റിന്റെ സംഗീത പരിപാടിയുടെ വേദിയിലെത്തി ‘നീർനിലങ്ങളിൽ അടിമയാര് ഉടമയാര്’ എന്ന ശക്തമായ ചോദ്യത്തിലൂടെ തുടങ്ങിയതാണ് വേടന്റെ യാത്ര. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ കാഴ്ചയെ ശക്തമായ രാഷ്ടീയ നിരീക്ഷണങ്ങളിലൂടെയും, നീലപാടുകളിലൂടെയും ഒരു ജനപ്രിയ സംഗീത ശൈലിയായ റാപ്പ് മ്യൂസിക്കിലൂടെ പൊതു സമൂഹത്തിനു മുന്നിലെത്തിച്ച വേടന്റെ മൂവ്മെന്റിന് സമാനമായി അടുത്തകാലത്തായി മറ്റൊരു മൂവ്മെന്റ് ഉണ്ടായിട്ടില്ല. കേരളം പോലെയുള്ള സ്ഥലത്ത്, അത്രയധികം സ്വതന്ത്ര സംഗീത ആസ്വാദകരില്ലാത്ത ഇവിടെ ഈ പാട്ടുകൾക്ക് ഇത്രയധികം സ്വീകാര്യത എങ്ങനെയുണ്ടായി? എങ്ങനെയാണ് ഈ പാട്ടുകൾ പൊതു ബോധത്തെ സ്വാധീനിച്ചിട്ടുള്ളത്? എന്നത് അടക്കമുള്ള കാര്യങ്ങൾ കൃത്യമായി നിരീക്ഷണം അർഹിക്കുന്നവയാണ്.

Voice of the voiceless ‘ശബ്ദമില്ലാത്തവരുടെ ശബ്ദം’ എന്നായിരുന്നു വേടന്റെ ആദ്യത്തെ പാട്ടിന്റെ പേര്. ആയിരക്കണക്കിന് വർഷങ്ങളായി ജാതിയുടെയും വർണ്ണത്തിന്റെയും പേരിൽ ചൂഷണ വിധേയരായിക്കൊണ്ടിരിക്കുന്ന, നീതി എന്ന വാക്ക് എത്തിനോക്കുക പോലും ചെയ്യാത്ത ഒരു ജനവിഭാഗത്തിന്റെ പ്രതിനിധിയായാണ് വേടൻ ഈ കവിതയിലൂടെ വളരെ ശക്തമായ ചില ചോദ്യങ്ങൾ പൊതുസമൂഹത്തിനോട് ചോദിക്കുന്നത്.
“നീർനിലങ്ങളിൽ അടിമയാര് ഉടമയാര് നിലങ്ങളായിരം
വേലിയിൽ തിരിച്ചതാര്
തിരിച്ചവെളിയിൽ കുളം മുടിച്ചതെത്രപേര്
മുതുകുകൂനി തലകൾ താണുമിനിയുമെത്രനാള്
നീ പിറന്ന മണ്ണിൽ നിന്നെക്കണ്ടാൽ വെറുപ്പ്
പണിയെടുത്തുമേനി വെയിൽ കൊണ്ടേ കറുപ്പ്
നിന്റെ ചാളയിൽ എരിയുന്നില്ല അടുപ്പ്
പിഞ്ചുകുഞ്ഞവളരവയറിൽ കിടപ്പ്…
എന്നു പോകുന്നു ഇതിലെ വരികൾ.
‘90% ആളുകൾക്കും visualy uncomfortable ആയിട്ടുള്ള നിറത്തിലാണ് ഞാൻ ജനിച്ചത്’ എന്ന വേടന്റെ പറച്ചിലിൽ തന്നെ ഇവിടെ ഉദ്ധരിക്കുന്നു. ഇത്തരത്തിലുള്ള ഒരു സമൂഹത്തിൽ നിന്നുകൊണ്ടാണ് വേടൻ പറയുന്നത്-
‘കരുണ കൊതിച്ച കുരുന്നു മനസ്സ് ഇരുമ്പു പോലെ മാറി
കരിമ്പ് പോലെ മധുരിക്കില്ലെടാ
വേടനെഴുതും വരി….’
അതിഭീകരമായ social conditioning നെ കുറിച്ചാണ് വേടൻ സംസാരിക്കുന്നത്. വർണ്ണത്തിന്റെയും ജാതിയുടെയും പേരിൽ താഴ്ന്നവരായും, കഴിവ് കെട്ടവരായും, ലഹരിക്കടിമകളായും, കുറ്റവാളികളായും മനുഷ്യനെ ഇന്നും മുദ്രകുത്തുന്ന സാഹചര്യത്തിലാണ് സോഷ്യൽ ക്രിമിനൽ പോലുള്ള പാട്ടുകൾ പ്രസക്തമാകുന്നത്. വേടന്റെ ശക്തമായ വർക്കുകളിൽ ഒന്നാണ് സോഷ്യൽ ക്രിമിനൽ. തന്റെ കമ്മ്യൂണിറ്റിയിലെ പ്രശ്നങ്ങളുടെ വേരുകളും, അതിന്റെ ചാക്രികതയും സോഷ്യൽ ക്രിമിനലിലെ വരികളിൽ കൃത്യമായി പ്രതിഫലിക്കുന്നുണ്ട്.
സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങൾ എങ്ങനെ ആവർത്തിക്കപ്പെടുന്ന സാമൂഹിക അരക്ഷിതാവസ്ഥയിലേക്ക് നയിക്കപ്പെടുന്നു എന്ന് കൃത്യമായും, ഏറ്റവും വൈകാരികമായും പറഞ്ഞുവയ്ക്കുകയാണ് വേടൻ. ഈ ദുർബലാവസ്ഥയെ ചൂഷണം ചെയ്യുവാനും, മുൻവിധിയോടുകൂടി മാത്രം ഇക്കാര്യത്തെ വിശകലനം ചെയ്യുന്ന ഒരു പൊതുബോധം നിലനിർത്തുന്നതിനും വീണ്ടും വീണ്ടും ഈ അവസ്ഥയിലേക്ക് തന്നെ മനുഷ്യനെ തള്ളി വിടുന്ന സമൂഹത്തിലെ വരേണ്യ വർഗ്ഗത്തിന്റെ ചൂഷണ മനോഭാവവും മധുരത്തിൽ പൊതിയാതെ തന്നെ വേടൻ അവതരിപ്പിക്കുന്നു.
‘പശിയും പണവും കനവും
നിലവും ഉണ്ടാവാൻ പാടില്ല നിനക്ക്
മിണ്ടിയാലൊ ഊരു വിലക്ക്…’
ഒരു പ്രത്യേക വിഭാഗത്തിനായി വേദം ഒഴിഞ്ഞു വച്ചതു മുതൽ, സാധാരണക്കാരനായ, ദളിതനായ, അവർണനെന്ന് വിളിക്കപ്പെടുന്ന, തൊഴിലെടുക്കുന്ന ഓരോ മനുഷ്യനും ഇന്നാട്ടിലെ സംവിധാനത്തിൽനിന്ന് അനുഭവിക്കേണ്ടി വന്നിട്ടുള്ള അനീതിയുടെയും നിഷേധത്തിന്റെയും ഓർമപ്പെടുത്തൽ കൂടിയാണ് വേടൻ എഴുതുന്ന വരികൾ.
‘ഉത്തമരെല്ലാരും കല്ലെറിഞ്ഞേ
കല്ലുകൊണ്ടെന്റെ മുഖം മുറിഞ്ഞേ
ആ കല്ലു പെറുക്കി ഞാൻ പാത വിരിച്ചതിൽ
വില്ലു വണ്ടിയേറി പായുംമ്പോൾ എന്നുടെ
തലപ്പാവിന് എന്ത് തിളക്കം’
എന്ന് പാടി, പറഞ്ഞു നിർത്തി പ്രേക്ഷകരോട് ചോദിക്കുകയാണ് ആരാണ് വില്ലുവണ്ടിയിൽ തലപ്പാവ് വെച്ച് പോയത് എന്ന്. അയ്യങ്കാളി എന്ന ഉത്തരം കിട്ടുന്നതുവരെ ആ ചോദ്യം ആവർത്തിക്കുകയാണ്. ചരിത്രം തിരുത്തിക്കൊണ്ടിരിക്കുന്ന, ചരിത്രം വിസ്മരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു സമയത്തിലും ഇടത്തിലും ആണ് നാം ഇന്ന് ജീവിക്കുന്നത്.
മുഗൾ രാജവംശത്തെക്കുറിച്ചുള്ള ഭാഗം പാഠപുസ്തകത്തിൽ നിന്ന് നീക്കം ചെയ്യുന്നു. സവർക്കറും പശുക്കളും അവരോധിക്കപ്പെടുന്നു, അംബേദ്കറും പൊയ്കയിൽ അപ്പച്ചനുമെല്ലാം വിസ്മരിക്കപ്പെടുന്നു, എന്ന യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ടാണ് വേടൻ തന്റെ വേദികളിൽ പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകൾ പാടുകയും അയ്യങ്കാളിയെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നത്. ഗാന്ധിയെയും, ഇ എം എസിനെയും മാത്രം ഓർക്കാൻ പഠിപ്പിക്കുന്നിടത്താണ് ‘ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം’എന്ന ഗാനം ഇപ്പോഴും പാടി ആഘോഷിക്കപ്പെടുന്നിടത്താണ് ‘കാണുന്നീലൊരാക്ഷരവും എന്റെ വംശത്തെപ്പറ്റി,
കാണുന്നുണ്ടനേക വംശത്തിന്റെ ചരിത്രങ്ങൾ’ എന്ന് പാടിയ പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകൾ വീണ്ടും ഓർമിക്കപ്പെടുന്നതും ചർച്ചയ്ക്ക് വിധേയമാകുന്നതും.

ചരിത്രം മായ്ച്ചുകളയുന്നതിനോടൊപ്പം തന്നെ പുകമറ സൃഷ്ടിച്ചുകൊണ്ട് കൺമുമ്പിൽ നടക്കുന്ന യാഥാർത്ഥ്യം നമുക്ക് കാണുവാൻ പറ്റാതാക്കുന്നത് എപ്പോഴും അധികാരം കയ്യാളുന്നവരുടെ ഒരു തന്ത്രമാണല്ലോ. വളരെ ശക്തമായ തോതിൽ മീഡിയ മാനിപ്പുലേഷൻ നടക്കുന്ന, നവമാധ്യമങ്ങൾ അത്രയധികം വേരുന്നിയ, 30 സെക്കൻഡിൽ കൗതുകം തീരുന്ന വിവരങ്ങളായി മാത്രം കൂട്ടക്കൊലകളും യുദ്ധങ്ങളും മാറുന്ന ഒരു വെർച്വൽ ലോകത്ത് ജീവിക്കുന്നവരാണ് ഇന്നേറെയും. പുതിയ സാങ്കേതികവിദ്യയെ പൂർണമായി വിമർശിക്കുകയല്ല, എന്നാൽ അത് സൃഷ്ടിച്ചിട്ടുള്ള അന്തരീക്ഷത്തെ നിരീക്ഷിക്കുകയാണ്. ഇതേ സ്പേസുകളിലേക്ക് ആണ് വേടൻ ഐലൻ കുർദിയുടെയും ആസിഫയുടെയും പേരുകൾ ഉച്ചത്തിൽ വിളിച്ചു പറയുന്നത്. എന്നോ വിസ്മരിക്കപ്പെട്ട ഈ കുഞ്ഞുങ്ങളുടെ പേരുകൾ ഓരോ തവണ സ്പോട്ടിഫയിൽ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് കേൾക്കുമ്പോൾ നാം വീണ്ടും ഓർക്കുകയാണ്, വേടന്റെ ഡോക്യുമെന്റ് അതിന് സഹായിക്കുകയാണ്.

വേടന്റെ പാട്ടുകളിലെ ഈ രാഷ്ട്രീയം എങ്ങനെയാണ് പൊതുസമൂഹം ഏറ്റെടുത്തത് എന്നതുകൂടി പരിശോധിക്കേണ്ടതുണ്ട്. പലപ്പോഴും അശ്രദ്ധരാണ് എന്നും അരാഷ്ട്രീയരാണെന്നും മുദ്രകുത്തപ്പെടുന്ന യുവതലമുറ വേടന്റെ പാട്ടുകളെ സ്വീകരിച്ചതും, ആ പാട്ടുകളിലെ വരികളെയും രാഷ്ട്രീയത്തെയും പറ്റി ചർച്ച ചെയ്യുവാൻ തുടങ്ങിയതും നിരീക്ഷണം അർഹിക്കുന്ന കാര്യങ്ങളാണ്. സവർണ്ണ ബിംബങ്ങളെയും, സൗന്ദര്യ സങ്കല്പങ്ങളെയും തകർത്തുകൊണ്ടാണ് ഈ പാട്ടുകൾ കടന്നുവരുന്നത്. കാലാകാലങ്ങളായി നമ്മിൽ അടിച്ചേൽപ്പിക്കപ്പെട്ടിട്ടുള്ള സൗന്ദര്യ ബോധത്തിൽ നിന്നും അഭിരുചിയിൽ നിന്നുമുള്ള ഒരു വിമോചനത്തിന് ഇത് മുതൽക്കൂട്ടായിട്ടുണ്ട്.
പൊയ്കയിൽ അപ്പച്ചനിലൂടെയും കടമ്മിനിട്ടയിലൂടെയും കലാഭവൻ മണിയിലൂടെയും ഊരാളിയിലൂടെയും അങ്ങനെ സത്യസന്ധമായി എഴുതി പാടിയ എല്ലാ മനുഷ്യരുടെയും കൂടി കരുത്താണ് വേടന്റെ പാട്ടുകളിലൂടെ പ്രവഹിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് പ്രായഭേദമന്യേ അവ കേൾവിക്ക് വിധേയമാകുന്നതും. വേടനും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച ‘കറുപ്പു റെക്കോർഡ്സ്’ എന്ന റെക്കോർഡ് ലേബൽ ഈ മൂവ്മെന്റിന്റെ തുടർച്ച ഉറപ്പാക്കുന്നതാണ്. പ്രാദേശിക കലാകാരന്മാരെ കണ്ടെത്തി അവരുടെ സംഗീതം ദൃശ്യമാക്കുന്നതിന് സഹായിക്കുന്ന ഒരു ഇടമാണ് കറുപ്പ് റെക്കോർഡ്സ്. ഇതിലൂടെ സ്വതന്ത്ര സംഗീതത്തിന് കേരളത്തിലുള്ള സ്വീകാര്യത വർദ്ധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ കലാകാരന്മാർ വെളിച്ചത്തേക്ക് വരുന്നതിലും പുതിയ സംഗീത അഭിരുചി ഉണ്ടാക്കിയെടുക്കുന്നതിലും ഈ സംരംഭം കൃത്യമായി പണിയെടുക്കുന്നുണ്ട്.
വേടനെതിരെ ഉണ്ടായ അക്രമങ്ങളോട് കേരളീയ സമൂഹം പ്രതികരിച്ചതും ശ്രദ്ധദ്ധേയമാണ്. പോലീസ് സ്റ്റേഷൻ കത്തിക്കുമെന്ന് പറയുകയല്ല, മുറവിളികൂട്ടുകയല്ല മറിച്ച്, വേടന്റെ തന്നെ വരികൾ ഉദ്ധരിച്ച് ഒരു സമരം ആരംഭിക്കുകയാണ് ഉണ്ടായത്. സമൂഹത്തിലുള്ള ഇരട്ട നീതിയെ ചോദ്യംചെയ്യുകയാണുണ്ടായത്. ഇവിടെ നിലനിൽക്കുന്ന പല അധികാര ദുർവിനിയോഗത്തെ ചോദ്യം ചെയ്യുകയാണ് ഉണ്ടായത്. ഇത് വേടന്റെ പാട്ടും രാഷ്ട്രീയവും എങ്ങിനെയാണ് കേരളീയ സമൂഹത്തെ സ്വാധീനിച്ചിട്ടുള്ളത് എന്നതിന് തെളിവാണ്.
ഇത്തരത്തിൽ പൊതുബോധത്തെ സ്വാധീനിക്കുന്നതിനും, അധികാര വിപത്തിനും അനീതിക്കുമെതിരെ ചലനങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ളതുമായ മുന്നേറ്റം ഉണ്ടാകുന്നത് തന്നെയാവാം വേടന് എതിരെ ഉണ്ടായിട്ടുള്ള ഈ സംഘം ചേർന്നുള്ള അക്രമണത്തിന് കാരണവും. ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഈ സംഭവങ്ങളെ 1971 അമേരിക്കയിൽ ആരംഭിച്ച Drug war ന്റെ ചരിത്ര പശ്ചാത്തലത്തിൽ കൂടി വായിക്കേണ്ടതാണ്. ഒരു മോറൽ പാനിക് ഉണ്ടാക്കിയെടുക്കാനുള്ള ഭരണകൂടത്തിന്റെ ആവശ്യകതയാണ് ഇവിടെ മുഴച്ചു നിൽക്കുന്നത്. ലഹരിക്കെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടമായി ഇതിനെ ചിത്രീകരിച്ചിട്ടുണ്ട്.

എന്നാൽ, പുലിപ്പല്ല് കേസ് സംബന്ധിച്ച് ‘വേടന്റെ അമ്മ ഒരു ശ്രീലങ്കൻ വംശജയാണ് ആ ഒരു കണക്ഷൻ ഈ കേസിൽ ഉണ്ട്’ എന്ന ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്റെ പ്രസ്താവനയിലൂടെ തന്നെ അമേരിക്കയിൽ സംഭവിച്ചത് പോലെ തന്നെ ഇവിടെയും ഒരു വംശീയ വേട്ട തന്നെയായിരിക്കും സംഭവിക്കാൻ പോകുന്നത് എന്നതിന്റെ സൂചനകൾ ലഭിക്കുന്നു. വർഷങ്ങൾക്കു മുന്നേ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ വീട്ടിൽ നിന്ന് നാല് ആനക്കൊമ്പുകൾ കണ്ടെടുത്തപ്പോൾ ഭരണകൂടം ലാലിനു വേണ്ടി വാദിക്കുകയാണ് ഉണ്ടായത്. തീർച്ചയായും വേടൻ ചെയ്തത് നിയമവിരുദ്ധമായ കാര്യമാണെങ്കിൽ അതിനെതിരെ നിയമനടപടികൾ സ്വീകരിക്കണം. എന്നാൽ എന്തുകൊണ്ടാണ് ഇവിടെ രണ്ടു തരത്തിലുള്ള സമീപനം ഉണ്ടാകുന്നത് എന്നത് തീർച്ചയായും നാം ഓരോരുത്തരും ചോദിക്കേണ്ട ചോദ്യം തന്നെയാണ്. വർഷങ്ങൾക്കു മുന്നേ കലാഭവൻ മണി എന്ന കലാകാരന് സവർണ്ണ ലോകത്തുനിന്ന് അനുഭവിക്കേണ്ടിവന്നിട്ടുള്ളത് ഇതുതന്നെയായിരുന്നു. കലാമണ്ഡലം ഹൈദരാലിയുടെയും, തുപ്പാക്ക് അമറുവിന്റെയും, ആർ എൽ വി രാമകൃഷ്ണന്റെയും, ഗദ്ദറിന്റെയും കാര്യം ഒട്ടും വ്യത്യസ്തമായിരുന്നില്ല. ഇന്നും സാഹചര്യം ഇതുതന്നെ എന്നുള്ളത് തികച്ചും വേദനാജനകമാണ്. ആ നീതി തന്നെയാണ് ഇന്നും.
‘പശിയും പണവും കനവും
നിലവും ഉണ്ടാവാൻ പാടില്ല നിനക്ക്
മിണ്ടിയാലോ ഊരുവിലക്ക്…..’
കടപ്പാട് : കലാകൗമുദി 2025 മെയ്