തുല്യതാവാദം സംഘപരിവാറിന്റെ വ്യാജ നിർമ്മിതി മാത്രം

തുല്യതാവാദം സംഘപരിവാറിന്റെ വ്യാജ നിർമ്മിതി മാത്രം

വെറുപ്പും വിഭജനവും നമുക്കിടയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളെക്കുറിച്ചും, പ്രതിപക്ഷ കക്ഷികൾ അത് ഫലപ്രദമായി നേരിടുന്നതിൽ പരാജയപ്പെടുന്നതിനെക്കുറിച്ചും സാമൂഹ്യ പ്രവർത്തകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഹർഷ് മന്ദർ സംസാരിക്കുന്നു. ഇന്ത്യയുടെ മതേതരത്വ ഭാവന വിശ്വാസങ്ങളെ നിരാകരിക്കുന്ന ഒന്നല്ല; വിശ്വാസികളെയും അവിശ്വാസികളെയും ചേർത്ത് നിർത്തുന്നതാണ് അതിന്റെ തത്വശാസ്ത്രം. നമ്മൾ ആത്മാർത്ഥതയും ജനായത്തത്തിലുള്ള ദൃഢവിശാസവും പങ്കുവെക്കുകയും ഒരുപാട് അധ്വാനിക്കുകയും ചെയ്താൽ മാത്രമേ നമ്മുടെ രാജ്യത്തെ വീണ്ടെടുക്കാനാകൂ എന്നും അഭിമുഖത്തിന്റെ രണ്ടാംഭാഗത്തിൽ അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.

ഓരോ ദിവസവും നമ്മുടെ നാട്ടിൽ നടക്കുന്ന നുണ പ്രചാരങ്ങളെക്കുറിച്ചു താങ്കൾ പറയുകയുണ്ടായി. ഇതിനെ തുറന്നു കാട്ടാനും എതിരിടാനും ഉള്ള ശ്രമങ്ങൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പൊതുജനങ്ങളുടെ ഭാഗത്തു നിന്നും എഴുത്തുകാരിൽ നിന്നും മറ്റും ഉണ്ടാവുന്നുണ്ട്. എന്നാൽ പലതും സംഘപരിവാറിന്റെ നുണപ്രചാരണങ്ങളെ ചെറുത്തുനിൽക്കാൻ, സാധാരണ മനുഷ്യരെ ബോധവൽക്കരിക്കാൻ ഒന്നും പര്യാപ്തമാവുന്നില്ല. എന്താണ് നമ്മുടെ മുന്നിലെ വഴി?

പല മാധ്യമങ്ങളിലൂടെ പലതരം സന്ദേശങ്ങൾ ജനങ്ങളുമായി പങ്കുവയ്ക്കാൻ പുരോഗമന ചിന്താഗതിക്കാരായ പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ അതൊന്നും സമൂഹമാധ്യമങ്ങളുടെ അൽഗോരിത ക്രമീകരണം കാരണം ബഹുജനങ്ങളിലേക്കെത്തുന്നില്ല. എന്നാൽ വിദ്വേഷം പ്രചരിപ്പിക്കുന്ന സന്ദേശങ്ങൾ നിമിഷ നേരം കൊണ്ട് ജനങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്നു. ചാവ സിനിമയുടെ വിജയം അതിനു നല്ല ഉദാഹരണം ആണ്. അതിനെ പ്രതിരോധിക്കുന്ന ബദൽ ആശയവിനിമയ സംവിധാനങ്ങൾ കെട്ടിപ്പടുക്കാൻ നമ്മൾ വലിയ ശ്രമങ്ങൾ നടത്തേണ്ടിവരും. പഹൽഗാം തീവ്രവാദി അക്രമത്തിനു ശേഷം തദ്ദേശവാസികളായ മുസൽമാൻ എങ്ങനെ വിനോദ സഞ്ചാരികൾക്ക് അടിയന്തിര സഹായങ്ങളും അഭയവും നൽകി എന്ന് എത്ര ഇന്ത്യക്കാർ അറിഞ്ഞു കാണും? കുംഭ മേള നടക്കുമ്പോൾ ഭയന്നോടിയ ജനക്കൂട്ടം നിരവധിപേരുടെ ജീവൻ അപഹരിച്ചപ്പോൾ അവിടുത്തെ മുസ്ലിം പള്ളികൾ അവർക്കു അഭയം നൽകി എന്ന് എത്രപേർക്കറിയാം?

When the victims of the stampede on the banks of the Sangam in Prayagraj Mahakumbham were given shelter in mosques
പ്രയാഗ്‌രാജ് മഹാകുംഭത്തിലെ സംഗമ തീരത്ത് ഉണ്ടായ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തിൽപ്പെട്ടവർക്ക് മുസ്ലിം പള്ളികളിൽ അഭയം നൽകിയപ്പോൾ

സംഘപരിവാർ അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ നടത്തുന്ന നിരന്തര ശ്രമങ്ങൾ പുരോഗമന പക്ഷത്തെ സംഘടനകളും വ്യക്തികളും അതേ ശുഷ്കാന്തിയോടെ നടത്തുന്നില്ല എന്നതും ഒരു യാഥാർഥ്യമല്ലേ?

തീർച്ചയായും. കഴിഞ്ഞ നൂറു വർഷമായി തുടർച്ചയായി ശ്രദ്ധയോടെ അവർ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഗാന്ധി വധത്തിനു ശേഷം രണ്ടു പതിറ്റാണ്ടോളം ആർ എസ് എസ് വലിയ തിരിച്ചടി നേരിട്ടിരുന്നു. വീണ്ടും അവർക്കൊരു ഉയിർത്തെഴുന്നേൽപ്പ് സാധ്യമായത് ജയപ്രകാശ് നാരായണന്റെ മൂവ്മെന്റ് വന്നപ്പോഴാണ്. പിന്നീടങ്ങോട്ട് അവർക്കു പടിപടിയായി മുന്നേറാൻ കഴിഞ്ഞു. Partitions of the Hearts എന്നത് ഞാൻ മുൻപ് എഴുതിയ പുസ്തകമാണ്. ഇന്ന് കോടിക്കണക്കിനു മനുഷ്യരുടെ വിഭജിക്കപ്പെട്ട ഹൃദയത്തിനു നമ്മൾ സാക്ഷ്യം വഹിക്കുന്നു. അത്രയ്ക്ക് വെറുപ്പും വിഭജനവും നമുക്കിടയിൽ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. നമ്മൾ ഒരുപാട് അധ്വാനവും ആത്മാർത്ഥതയും ജനായത്തത്തിലുള്ള ദൃഢവിശാസവും പങ്കുവച്ചാൽ മാത്രമേ നമ്മുടെ രാജ്യത്തെ വീണ്ടെടുക്കാനാകൂ. പ്രതിപക്ഷകക്ഷികൾ ഇപ്പോഴും അത് ഫലപ്രദമായി ചെയ്യുന്നില്ല എന്നാണ് ഞാൻ കരുതുന്നത്.

ഗാന്ധി വധത്തിനു ശേഷം പല തന്ത്രങ്ങളിലൂടെ ഹിന്ദുത്വ ആശയങ്ങള ഇന്ത്യൻ മണ്ണിൽ വേരോട്ടം നടത്താനുള്ള ശ്രമത്തിൽ ആർ എസ് എസ്സ് വിജയിച്ചു എന്ന് കരുതാം. ഈ കാലയളവിൽ ഇന്ത്യയിലെ ഇടതുപക്ഷം അടങ്ങുന്ന ലിബറൽ ജനാധിപത്യ പാർട്ടികൾ നടത്തിയ പ്രതിരോധം ഫലപ്രദമായിരുന്നില്ല എന്ന് വിലയിരുത്തിക്കൂടേ? മത വിശ്വാസത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ സമൂഹത്തെ അവർക്കു ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നതാണോ യാഥാർഥ്യം?

തീർച്ചയായും അത്തരം ശ്രമങ്ങൾ എല്ലാം ഫലം കണ്ടില്ല എന്നതാണ് യാഥാർഥ്യം. കോൺഗ്രസ് ഭരണത്തിൽ ഉള്ളപ്പോൾ നടന്ന വർഗീയ കലാപങ്ങളിലും ഇരകൾക്കു നീതി ലഭിച്ചില്ല എന്ന് കാണാം. ബാബരി മസ്ജിദ് തകർക്കപ്പെടുമ്പോൾ കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നല്ലോ. മതേതര കക്ഷികൾ എന്നറിയപ്പെട്ടവർ പലപ്പോഴായി തങ്ങളുടെ ആശയങ്ങൾ പണയപ്പെടുത്തി പ്രവൃത്തിച്ചു എന്ന് കാണാനാകും. എന്നാൽ ബി ജെ പിയും കോൺഗ്രസ്സും അന്തിമവിശകലനത്തിൽ ഒന്നാണെന്ന വാദം ശരിയല്ല. കാരണം ഇന്നത്തെ കോൺഗ്രസിന്റേ പ്രശ്നം അതിന്റെ മൗലിക ആദർശത്തിൽ വന്ന അപചയം ആകുമ്പോൾ ആർ എസ് എസ്സിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രം തന്നെ വിഷം കലർന്നതാണ്. ഭരണഘടനമൂല്യങ്ങളോട് വഞ്ചന കാട്ടുന്ന വിഭാഗം പ്രതിപക്ഷ കക്ഷികളിൽ ഉള്ളത് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്.

Gandhi speaking to Muslims in Nokhali.
നൊഖാലിയിൽ കലാപം അടിച്ചമർത്താൻ സൈന്യത്തെ അയയ്ക്കണമെന്ന് ഹിന്ദു മഹാസഭ ആഹ്വാനം ചെയ്തപ്പോൾ, മഹാത്മാഗാന്ധി ഗ്രാമങ്ങൾതോറും നടന്ന് സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു. നൊഖാലിയിൽ മുസ്ലീങ്ങളോട് സംസാരിക്കുന്ന ഗാന്ധി.

ഗാന്ധിയുടെ ആശയങ്ങൾക്ക് വലിയ പിന്തുണ നൽകിയവരായിരുന്നു ഇന്ത്യയിലെ വലിയ വിഭാഗം ഹിന്ദു സമൂഹവും. അവർക്കു മത സാഹോദര്യവും സഹിഷ്ണുതയും ആഴത്തിൽ ഉണ്ടായിരുന്നവരാണ്. അതുകൊണ്ടു ഇടതുപക്ഷം അടങ്ങുന്ന ലിബറൽ ശക്തികളെ അവർക്കു ഉൾക്കൊള്ളാൻ പ്രയാസം ആയിരുന്നു എന്ന് കരുതാൻ കഴിയില്ല. ഇന്ത്യൻ ചരിത്രത്തിൽ മത വിശ്വാസം മാത്രമല്ല നിരീശ്വരവാദികളും ഉണ്ടായിരുന്നല്ലോ. ഇപ്പോഴും ഹിന്ദു സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ ബി ജെ പി യുടെ ഹിന്ദുത്വ ആശയങ്ങൾക്കെതിര വോട്ട് ചെയ്യുന്നവരാണ്. അതെ സമയം മാധ്യമങ്ങളും നീതിന്യായ സ്ഥാപനങ്ങളും സർവ്വകലാശാലകളും ബ്യുറോക്രസിയും ഒക്കെ ഹിന്ദുത്വയുടെ പിടിയിലകപ്പെട്ടിരിക്കുന്നു എന്നതും നമ്മൾ മറക്കരുത്. അതുകൊണ്ടു നമ്മൾ ഉണർന്നു പ്രവൃത്തിക്കേണ്ടിയിരിക്കുന്നു.

കൂടാതെ ഇടതുപക്ഷ പാർട്ടികൾ കുറച്ചുകൂടി ഭേദപ്പെട്ട നിലയിൽ ഈ സാഹചര്യത്തോടു പ്രതികരിക്കുന്നു എന്നാണു തോന്നിയിട്ടുള്ളത്. ബുൾഡോസർ ഉപയോഗിച്ച് ഭരണകൂടം മുസ്ലിം വീടുകൾ തകർക്കുമ്പോൾ ബൃന്ദ കാരാട്ട് അതിനെതിരെ ശക്തമായി പ്രതികരിച്ചത് നമ്മൾ കണ്ടതാണ്. ആൾക്കൂട്ട കൊലപാതകത്തിനെതിരെയും അവർ ശക്തമായ നിലപാട് എടുക്കുന്നത് കണ്ടിട്ടുണ്ട്. ഇടതു പാർട്ടികൾക്ക് ഇനിയും ഒരുപാട് ചെയ്യാൻ കഴിയും. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ നിലവിലുള്ള ആരാധനാലയങ്ങളുടെ തൽസ്ഥിതി തുടരുന്നത് സംബന്ധിച്ചുള്ള അന്നത്തെ പാർലമെൻറിൽ നടന്ന ചർച്ചകളുടെ രേഖകൾ ഞാൻ വായിക്കുകയുണ്ടായി. അന്ന് എല്ലാവരും ഏകസ്വരത്തിൽ മതേതരത്വത്തിന് വേണ്ടി ശക്തമായി വാദിക്കുന്നത് കാണാം. ഇന്ന് അത്രയും ഉറപ്പോടെയും വിശ്വാസത്തോടെയും പാർലമെന്റിൽ ശബ്ദം ഉയരുന്നത് അപൂർവ്വമായിരിക്കുന്നു. ഒരുപക്ഷെ സ്വകാര്യ സംഭാഷണത്തിൽ പലരും അത് ചെയ്യുമായിരിക്കും.

സ്വാതന്ത്ര്യാനന്തരം തുല്യത, നീതി, സാഹോദര്യം തുടങ്ങിയ വളരെ പുരോഗമനപരവും ആധുനികവുമായ മൂല്യങ്ങള മനോഹരമായി തുന്നിച്ചേർത്ത ഒരു ഭരണഘടനയ്ക്കു ഇന്ത്യ രൂപം നൽകി. എന്നാൽ പലവിധ അന്ധവിശ്വാസങ്ങളിലും ജാതി വിവേചനത്തിലും ഒക്കെ അടിയുറച്ചു നിൽക്കുന്ന മനുഷ്യർ നിലനിൽക്കുന്ന നമ്മുടെ രാജ്യത്തെ സമൂഹം അത് ഉൾക്കൊള്ളാനും ജീവിതത്തിൽ പ്രയോഗിക്കാനും കഴിയുന്ന തരത്തിൽ പാകപ്പെട്ടിരുന്നോ? അതിന്റെ കൂടി പ്രശ്‌നമല്ലേ നമ്മൾ ഇന്ന് നമ്മൾ അനുഭവിക്കുന്നത്?

ഞാൻ അതിനോട് പൂർണ്ണമായും വിയോജിക്കുന്നു. ഇന്ത്യയുടെ മതേതരത്വ ഭാവന വിശ്വാസങ്ങളെ നിരാകരിക്കുന്ന ഒന്നല്ല. വിശ്വാസികളെയും അവിശ്വാസികളെയും ചേർത്ത് നിർത്തുന്നതാണ് അതിന്റെ തത്വശാസ്ത്രം. മറ്റൊരാളുടെ വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടി ജീവൻ പോലും ബലിയർപ്പിക്കാൻ തയ്യാറായ രണ്ടു പ്രധാന സ്വാതന്ത്ര്യ സമര സേനാനികളാണ് ഗാന്ധിജിയും മൗലാന അബ്ദുൽ കലാം ആസാദും. അവർ മത വിശ്വാസികൾ കൂടിയായിരുന്നു. എന്നാൽ മതത്തിൽ അധിഷ്ഠിതമായ രാഷ്ട്രങ്ങൾക്ക് വേണ്ടി വാദിച്ച രണ്ട്‌ പ്രധാന വ്യക്തികൾ സവർക്കറും മുഹമ്മദലി ജിന്നയും ആയിരുന്നു. അവർ രണ്ടുപേരും മതപരമായ ആചാരങ്ങൾ പിന്തുടരുന്നവർ ആയിരുന്നില്ല. ഹിന്ദുത്വ ആശയങ്ങൾക്ക് വിശ്വാസവുമായി വലിയ ബന്ധം ഒന്നും ഇല്ല. അതുപോലെ ഇന്ന് ട്രംപിനെ പിന്തുണയ്ക്കുന്ന കൃസ്ത്യാനികൾക്ക് യഥാർത്ഥ മതവിശ്വാസവുമായി ബന്ധമില്ലെന്ന് കാണാം. ശ്രീലങ്കയിലും മ്യാൻമറിലും ഹിംസാത്മക നിലപാടെടുക്കുന്നവർക്ക്‌ യഥാർത്ഥ ബുദ്ധിസവുമായി എന്ത് ബന്ധമാണുള്ളത്? മതം ആണ് പ്രശ്നം എന്ന ഇടതുപക്ഷ നിലപാട് ഒരു അബന്ധം ആണെന്നാണ് ഞാൻ കരുതുന്നത്. മതത്തിന്റെ ദുരുപയോഗം ആണ് പ്രശ്നം. വിശ്വാസികളായ ഒരുപാട് സാധാരണ തൊഴിലാളികളെ എനിക്കറിയാം. അവർ ഉന്നത വിദ്യാഭ്യാസം നേടിയെന്നഭിമാനിക്കുന്നവരേക്കാളും ഏറെ മതേതര മൂല്യങ്ങൾ ജീവിതത്തിൽ പാലിക്കുന്നവരാണ്.

അതെ സമയം ഇന്ത്യയിലെ ഒരുപാട് സാധാരണ മനുഷ്യരെ, ദളിതരെ, ആദിമ നിവാസികളെയൊക്കെ ഹിന്ദുത്വ ആശയങ്ങളുടെ സ്വാധീനവലയത്തിലാക്കാൻ സംഘപരിവാറിന് കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു യാഥാർഥ്യം അല്ലെ?

വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണിത്. ഇത് ജനാധിപത്യ ശക്തികളുടെ വലിയ പരാജയം തന്നെയാണ്. 2019 ൽ ദളിത് വിഭാഗത്തിലെ മൂന്നിൽ ഒരാൾ എൻ ഡി എ യ്ക്ക് വോട്ടു ചെയ്‍തിട്ടുണ്ട്. 2024 ലും സമാനമായ സ്ഥിതിയെന്നാണ് ഞാൻ മനസിലാക്കുന്നത്. ഒരിക്കലും തുല്യത നൽകാത്ത ഹിന്ദുത്വ പാർട്ടിക്ക് എന്തിനു അവർ വോട്ട് ചെയ്തു എന്നത് ആലോചിക്കേണ്ട കാര്യമാണ്. ഹിന്ദുത്വ രാഷ്ട്രീയ പാർട്ടികൾക്ക് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ തങ്ങൾ ഉൾക്കൊള്ളുന്നു എന്ന പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവർ പറയുന്നത് നിങ്ങളും ഹിന്ദുവാണ്, നിങ്ങൾ ഞങ്ങളുടെ കൂടെ വരൂ എന്നാണ്. ദീർഘകാലമായി അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ അതിനോട് സ്വാഭാവികമായും പ്രത്യാശയോടെ പ്രതികരിച്ചു. മുസ്ലിങ്ങൾക്കെതിരെ പ്രവൃത്തിക്കാൻ ഹിന്ദുത്വ ശക്തികൾക്ക് ഇന്ന് പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പിന്തുണ ആവശ്യമാണ്. അതുപോലെ കൃസ്ത്യാനികളുടെയും. അതുകൊണ്ടാണ് പെഹൽഗാമിലെ ആക്രമണത്തിന് ശേഷം ബി ജെ പി ‘അവർ മതം ചോദിച്ചു, ജാതി ചോദിച്ചില്ല’ എന്നുള്ള വിദ്വേഷ സന്ദേശം പ്രചരിപ്പിച്ചത്. വ്യത്യസ്ത ജാതികളെ കൂടെ നിർത്താൻ ശ്രമിക്കുമ്പോഴും ഒരിക്കലും തുല്യതയെക്കുറിച്ച് അവർ സംസാരിക്കുന്നില്ല. ആർ എസ് എസ്സിന്റെ ചരിത്രം പരിശോധിച്ചാൽ അത് മനസിലാകും.

ഹിന്ദുത്വ ആശയങ്ങളുടെ വലിയ പ്രചാരകരായ ഗീത പ്രസ് ഗാന്ധിയുടെ കടുത്ത വിമർശകരാകാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളോടുള്ള സാഹോദര്യം ആയിരുന്നില്ല, മറിച്ച് ഗാന്ധി ക്ഷേത്ര പ്രേവേശനത്തിനു എല്ലാവർക്കും അർഹതയുണ്ടെന്ന് പറഞ്ഞതിനാലായിരുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രം തുല്യതയിലും എല്ലാവർക്കും അർഹതപ്പെട്ട അന്തസ്സുള്ള ജീവിതത്തിലും വിശ്വസിക്കുന്നില്ല. എന്നാൽ ഇന്ത്യ ഭരിച്ച രാഷ്ട്രീയ പാർട്ടികൾക്കും ഇന്ത്യയിലെ അടിത്തട്ട് ജനതയെ മനസ്സിലാക്കാനോ അവരെ തുല്യരും അന്തസുള്ളവരായി പരിഗണിക്കാനോ കഴിഞ്ഞില്ല എന്നതാണ് യാഥാർഥ്യം. നേരത്തെ ബി ജെ പിയെ ആദിവാസി വിഭാഗങ്ങൾ കണ്ടിരുന്നത് പണം പലിശയ്ക്ക് കൊടുക്കുന്നവരുടെയും ഭൂവുടമകളുടെയും പ്രതിനിധികളായിട്ടായിരുന്നു. ഇപ്പോൾ മദ്യപാനം കുറയ്ക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ ഒക്കെ ചൂണ്ടിക്കാട്ടി സാമൂഹ്യ മാറ്റത്തിന് വേണ്ടി നിലകൊള്ളുന്നു എന്ന പ്രതീതി അവരിൽ വളരെ പണിപ്പെട്ട് ഉണ്ടാക്കിയിട്ടാണ് അത് ബി ജെ പി മാറ്റിയെടുത്തത്. അവർക്കിടയിൽ ഹിന്ദുത്വവൽക്കരണം വളരെ വ്യാപകമായി നടത്തിയിട്ടുണ്ട്. ആദിവാസി ഊരുകളിൽ ശബരിയും ഹനുമാനും ആണ് രാമന് പകരം അവർ ആരാധനാമൂർത്തികളായി എടുത്തുകാണിക്കുന്നത്. അത്തരം തന്ത്രങ്ങൾ വിജയം കണ്ടു എന്ന് വേണം കരുതാൻ. കൂടാതെ കോൺഗ്രസ്, ബി ജെ പി ഭരണകൂടങ്ങൾ ആദിവാസികളുടെ ഭൂമി കോർപ്പൊറേറ്റുകൾക്ക് കൈമാറുന്നതിൽ യാതൊരു വ്യത്യാസവും കാണിക്കുന്നില്ല. ഛത്തീസ്ഗഡിൽ രണ്ടു ഭരണകൂടങ്ങളും ഒരേ നയമാണ് ആ കാര്യത്തിൽ പിന്തുടർന്നത്. അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് തെരഞ്ഞെടുക്കാൻ കൂടുതൽ സാധ്യതകൾ ഇല്ല എന്നതാണ് വസ്തുത.

ആദിവാസി, ദളിത് വിഭാഗങ്ങളെ പോലെ തന്നെ പരിഗണിക്കേണ്ട വിഭാഗമല്ലേ ഇന്ത്യയിലെ മുസ്ലിം ജനവിഭാഗങ്ങൾ? ഒരുപക്ഷെ കേരളത്തിലെ സാഹചര്യത്തിൽ മനസിലാക്കാൻ പ്രയാസം ഉള്ള ഒരു കാര്യം കൂടിയായിരിക്കാം. അവരുടെ ജീവിതം സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്ക അവസ്ഥയിലാണെന്ന് സച്ചാർ കമ്മറ്റി ചൂണ്ടിക്കാട്ടിയിരുന്നല്ലോ. ജനങ്ങളുമായി അടുത്തിടപഴകുന്ന താങ്കളുടെ അനുഭവം എന്താണ്?

അദ്വാനി രഥയാത്ര നടത്തുമ്പോൾ കോൺഗ്രസ് സർക്കാരിനെതിരെ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ‘മുസ്ലിം പ്രീണനം’ എന്ന വാക്കായിരുന്നു. മോദി ഇപ്പോൾ അത് ഉപയോഗിച്ച് വരുന്നു. മൻമോഹൻ സിംഗ് ആയിരുന്നു ഈ ആരോപണങ്ങളുടെ നിജസ്ഥിതി അറിയാൻ സച്ചാർ കമ്മറ്റിയെ നിയോഗിച്ചത്. എന്നാൽ മുസ്ലിം സമൂഹത്തെ സഹായിക്കുന്ന തരത്തിൽ ആ സർക്കാരിനും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതിനു ശേഷം ആ ആരോപണം കുറച്ച് കാലത്തേക്ക് നിലച്ചിരുന്നു. ഇപ്പോൾ അത് വീണ്ടും ഉയർന്നു വന്നിരിക്കുകയാണ്. കഴിഞ്ഞ തവണ ചെങ്കോട്ടയിൽ വച്ച് നടത്തിയ പ്രസംഗത്തിൽ മോദി രാജ്യം നേരിടുന്ന മൂന്ന് വിപത്തുകളെക്കുറിച്ചു പറഞ്ഞിരുന്നു. അതിൽ മൂന്നാമത്തെ വിപത്ത് ‘മുസ്ലിം പ്രീണന നയം’ ആയിരുന്നു. കേന്ദ്ര സർക്കാർ മുസ്ലിങ്ങൾക്ക് ലഭിച്ചിരുന്ന പല സാമൂഹ്യ സുരക്ഷാ പദ്ധതികളും വെട്ടിച്ചുരുക്കിയിരിക്കുകയാണ്. പുരോഗമന സാധ്യതകളിൽ നിന്നും മുസ്ലിം സമൂഹങ്ങളെ കൂടുതൽ മാറ്റി നിർത്തിയിരിക്കുകയാണ് സർക്കാർ.

Justice Rajinder Sachar submits the report of the committee to Prime Minister Dr. Manmohan Singh in New Delhi on 17 November 2006
മുസ്ലീങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി പഠിക്കാൻ രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ജസ്റ്റിസ് രജീന്ദർ സച്ചാർ 2006 നവംബർ 17-ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് സമർപ്പിക്കുന്നു

ക്രിസ്റ്റോഫ് ജാഫ്രലോട്ട് (Christophe Jaffrelot) എന്ന ഫ്രഞ്ച് പൊളിറ്റിക്കൽ സയന്റിസ്റ്റ് പറഞ്ഞത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ പത്തു വർഷമായി താഴേക്ക് പോയിക്കൊണ്ടിരിക്കുന്ന ഏക സമൂഹം മുസ്ലിം സമുദായം ആണെന്നാണ്. എന്താണ് അതിന്റെ കാരണം എന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ ഭയം ആകാം അല്ലെങ്കിൽ അവർ ഭാവിയെ പ്രതീക്ഷയോടെ കാണുന്നില്ലായിരിക്കാം. കൂടാതെ മുസ്ലിം വിഭാഗങ്ങൾ കൂടുതൽ ഉള്ള പ്രദേശങ്ങളിൽ സർക്കാർ വികസന പ്രവർത്തനങ്ങൾ നടത്തുന്നതും കുറഞ്ഞു വന്നിട്ടുണ്ട്. 80 % മുസ്ലിങ്ങൾ ഉള്ള ഹരിയാനയിലെ നൂഹ് എന്നറിയപ്പെടുന്ന മേവാത് ജില്ലയാണ് ഈ രാജ്യത്തെ ഏറ്റവും പിന്നോക്ക ജില്ലയായി നീതി ആയോഗ് കണ്ടെത്തിയിരിക്കുന്നത്. പ്രാർത്ഥന ചെയ്യുന്നത് പോലും ക്രിമിനൽ കുറ്റമായി കാണുന്ന അവസ്ഥയാണല്ലോ ഇന്ത്യയിൽ ഉള്ളത്.

ക്രിസ്റ്റോഫ് ജാഫ്രലോട്ട്

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുകയും അത് രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നല്ലോ. എന്നാൽ അതിന്റെ ഫലം തെരഞ്ഞെടുപ്പിൽ കാണാൻ കഴിഞ്ഞില്ല. അതുപോലെ കർണ്ണാടകയിൽ ബി ജെ പി ക്കെതിരെ നേടിയ വലിയ വിജയത്തെയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ആവർത്തിക്കാൻ കോൺഗ്രസ് പ്രസ്ഥാനത്തിന് ആയില്ല. ഇത് ആ പാർട്ടിയുടെ രാഷ്ട്രീയ പരാജയം കൂടിയല്ലേ ?

ഇന്ത്യൻ റിപ്പബ്ളിക്കിന്റെ ഒരു പ്രധാന ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഈ ഘട്ടത്തിൽ കോൺഗ്രസ് പോലുള്ള ഒരു പ്രസ്ഥാനം ഏറെ ആവശ്യമാണ്. അതുപോലെ ഇടതുപക്ഷ പാർട്ടികളും പ്രാദേശിക പാർട്ടികളും പ്രധാനമാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യം വയ്ക്കാതെ ഒരു മുതിർന്ന രാഷ്ട്രീയ നേതാവ് നടത്തിയ ഒരു യാത്ര എന്ന നിലയിൽ ഭാരത് ജോഡോ യാത്ര ഏറെ പ്രധാനപ്പെട്ടതായിരുന്നു. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ പക്വതയും കഴിവും വളർച്ചയും നമ്മൾ കണ്ടു. കൂടാതെ വെറുപ്പിലും വിഭജനത്തിലും അധിഷ്ഠിതമായ ഒരു രാഷ്ട്രീയത്തിന് ഇന്ത്യയിലെ ജനങ്ങൾ ഒരു ബദൽ അന്വേഷണം നടത്തുന്നു എന്നതായിരുന്നു അതിനു കിട്ടിയ ജനപിന്തുണ തെളിയിച്ചത്. രാഷ്‌ടീയമായ ഒരു മുന്നേറ്റത്തിന്റെ തുടക്കം ആവേണ്ടതായിരുന്നു അത്. കോൺഗ്രസ് പരാജയപ്പെട്ടാൽ ബി ജെ പിയെ അധികാരത്തിൽനിന്നും പുറത്താക്കുക എളുപ്പമല്ലാതാകും.

Harsh Mandar on Bharat Jodo Yatra
ഭാരത് ജോഡോ യാത്രയിൽ ഹർഷ് മന്ദർ

രാഹുൽ ഗാന്ധിയുടെ ഒരു പ്രശ്നം ഇന്ത്യയിലെ മുസ്ലിങ്ങളുടെ പ്രശ്നങ്ങൾ അദ്ദേഹം സംസാരിക്കുന്നില്ല എന്നതാണ്. ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുമ്പോൾ അദ്ദേഹം അവിടെ എത്തേണ്ടതാണ്. മുസ്‌ലിം ജനതയെ ആക്രമിക്കുന്നതിലൂടെയാണ് ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ഐക്യവും ജനായത്തത്തെക്കുറിച്ചുള്ള സങ്കൽപ്പവും ബി ജെ പി തകർക്കുന്നത്. മദ്ധ്യപ്രദേശ്‌, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നപ്പോൾ മൃദു ഹിന്ദുത്വ ആയിരുന്നു കോൺഗ്രസിന്റെ മുഖ്യ തെരഞ്ഞെടുപ്പ് അടവ് നയം. എല്ലാ സ്ഥലത്തും കോൺഗ്രസ് പരാജയപ്പെട്ടു. മതേതരത്വത്തിൽ വെള്ളം ചേർക്കാതെ മത്സരിച്ച തെലുങ്കാനയിലും കർണ്ണാടകയിലും അവർക്കു വിജയിക്കാൻ കഴിഞ്ഞു. തെരഞ്ഞെടുപ്പ് വിജയിച്ചില്ലെങ്കിലും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുക എന്നതാണ് കാലം ആവശ്യപ്പെടുന്നത് എന്ന് അവർ മനസിലാക്കണം. മൃദു ഹിന്ദുത്വ നയം സ്വീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാൻ അവർക്കാവില്ല. ഒരു വോട്ടർ ഹിന്ദുത്വ ആശയങ്ങൾക്കായി നിലകൊള്ളുന്നു എങ്കിൽ ഹിന്ദുത്വയുടെ മൗലിക സംഘടനയായ ബി ജെ പി അവർക്കുണ്ട്. അതിന്റെ വ്യാജ പതിപ്പായ കോൺഗ്രസിനെ എന്തിനു അവർ തെരഞ്ഞെടുക്കണം? മാത്രവുമല്ല പുരോഗമന ആശയങ്ങളെ പിന്താങ്ങുന്ന വോട്ടറുടെ പിന്തുണ നഷ്ടമാവുകയും ചെയ്യും. ഇനിയെങ്കിലും കോൺഗ്രസ് ഈ യാഥാർഥ്യം തിരിച്ചറിയണം.

മോദിയെയും രാഹുൽ ഗാന്ധിയെയും താങ്കൾ എങ്ങനെയാണ് താരതമ്യം ചെയ്യുക?

സാധാരണ മനുഷ്യരുമായി ഏറെ ആത്മാർത്ഥതയോടെ ഇടപെടാൻ രാഹുൽ ഗാന്ധിക്ക് കഴിയും. മോദി അത് ചെയ്യുന്നത് ഏറെ കൃത്രിമമായിട്ടായിരിക്കും. മോദിയുടെ പ്രസംഗം മുഴുവൻ വിദ്വേഷവും വെറുപ്പും നിറഞ്ഞത് ആയിരിക്കും. നമ്മളിൽ ഉത്തമമായതും കൊള്ളരുതാത്തതുമായ ഒരു വ്യക്തിത്വമുണ്ട്. ഗാന്ധിജിയൊക്കെ നമ്മുടെ ഉത്തമമായ വ്യക്തിത്വവുമായാണ് സംവദിച്ചത്. അതാണ് ഒരു നല്ല രാഷ്ട്രീയ പ്രവർത്തകന്റെ ദൗത്യം. എന്നാൽ മോദി സംവദിക്കുന്നത് നമ്മളിലെ കൊള്ളരുതാത്ത വ്യക്തിത്വവുമായാണ്.

താങ്കൾക്കെതിരെ നിരവധി കേസുകൾ മോദി സർക്കാർ രജിസ്റ്റർ ചെയ്യുകയുണ്ടായല്ലോ? എന്താണ് അതിന്റെയൊക്കെ അവസ്ഥ?

എനിക്കെതിരെ എടുത്തിട്ടുള്ള കേസുകൾ നോക്കിയാൽ ഞാൻ ചെയ്യാത്ത കുറ്റങ്ങൾ ഇല്ല. വിദ്വേഷ പ്രസംഗം, രാജ്യദ്രോഹം, ഡൽഹി കലാപത്തിന്റെ സൂത്രധാരൻ, കള്ളപ്പണം വെളുപ്പിക്കൽ, തുടങ്ങിയ നിരവധി കേസുകൾ എനിക്കെതിരെ നടക്കുന്നുണ്ട്. പോലീസ്, സി ബി ഐ, ഇൻകം ടാക്സ്, തുടങ്ങി വിവിധ ഏജൻസികൾ കേസുകൾ അന്വേഷിക്കുന്നു. എന്നെ അവർ ഇതുവരെയായി തുറുങ്കിലടച്ചിട്ടില്ല. അവർ എങ്ങനെ നേരിട്ടാലും എന്റെ മനസാക്ഷി ശരി എന്ന് പറയുന്ന കാര്യങ്ങൾ ചെയ്യാനും നീതിക്കു വേണ്ടി ശബ്ദിക്കുവാനും തന്നെയാണ് എന്റെ ഉറച്ച തീരുമാനം.

കവർ ചിത്രം : 2019 ജൂലൈ 09 ചൊവ്വാഴ്ച, ന്യൂഡൽഹിയിലെ ഹൗസ് ഖാസി പ്രദേശത്തെ ലാൽ കുവാനിൽ നടന്ന ശോഭാ യാത്രാ ഘോഷയാത്രയിൽ പങ്കെടുത്ത ഹിന്ദു ഭക്തർക്ക് മുസ്ലീം സമുദായത്തിലെ അംഗങ്ങൾ ഭക്ഷണം വിതരണം ചെയ്യുന്നു. (കടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ്)

A K Shiburaj

A K Shiburaj

2000 ൽ സംവാദം മാസിക പ്രസിദ്ധീകരിച്ചുകൊണ്ട് പത്രപ്രവർത്തനം ആരംഭിച്ചു. പിന്നീട് മാലി ദ്വീപിൽ അധ്യാപകനായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നു. കുറച്ചു കാലം ജൈവ കൃഷി ചെയ്തു. ആശയുടെ മണ്ണെഴുത്തുകൾ (മലയാളം & തമിഴ്) എന്ന പുസ്തകവുവും ഗ്രീൻ സ്വരാജ് (ബുക്‌ലെറ്റ്) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ( കേരളീയം മാസികയിൽ (വെബ്) അസിസ്റ്റൻഡ് എഡിറ്റർ ആയി പ്രവൃത്തിച്ചു. സിവിൽ സൊസൈറ്റി, നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ സഹചാരി. ഇപ്പോൾ സ്വതന്ത്ര മാധ്യമ പ്രവർത്തകൻ. 2025 ൽ മായ കോനെ സോഷ്യൽ ജേർണലിസ്റ്റ് അവാർഡ് ലഭിക്കുകയുണ്ടായി.

View All Articles by A K Shiburaj

Share Article
Whatsapp Email