
ലിബറൽ നീതിബോധവും കീഴാള ധാർമ്മികതയും
ലിബറൽ ജനാധിപത്യ സംവിധാനത്തിന്റെ പരിമിതികളെയും അതിന്റെ നീതി സങ്കല്പം നേരിടുന്ന വെല്ലുവിളികളെയും കീഴാള ധാർമികതയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന ലേഖനം. സാമൂഹ്യ നീതി, ഫാസിസം, പൗരത്വം, ജന പ്രാതിനിധ്യം, അധികാരം തുടങ്ങിയ വ്യവഹാരങ്ങളെ അതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നു. ലിബറൽ നീതി ബോധത്തെ അതിന്റെ പരിമിതികളും വൈകല്യങ്ങളും ചതിക്കുഴികളും തിരിച്ചറിഞ്ഞു കീഴാള ധാർമ്മികതയെ മുറുകെപ്പിടിച്ചു മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുകയാണ് എ കെ രവീന്ദ്രൻ.
ഓരോ സമൂഹത്തിലും വ്യവസ്ഥയിലും വ്യത്യസ്ത നീതി സങ്കൽപ്പങ്ങളും നീതി നിർവ്വഹണ സംവിധാനങ്ങളും രീതികളുമാണുള്ളത്. ‘അർഹത’യ്ക്കനുസരിച്ചുള്ള വിതരണമാണ് ലിബറൽ ജനാധിപത്യത്തിന് ‘നീതി’. അർഹത നിശ്ചയിക്കുന്ന അധികാരത്തിന്റെ വിതരണവും ഇതിലുൾപ്പെടുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനം തന്നെ പൗര സമൂഹത്തിലേക്കുള്ള അധികാര വിതരണ നീതിയാണെന്ന് പറയാം. മിച്ചോൽപ്പാദനത്തിലൂടെ മനുഷ്യർ ചുറ്റുപാടുകളെയും തങ്ങളെത്തന്നെയും പുനർനിർമ്മിച്ചുകൊണ്ടിരിക്കുന്നതുമൂലമാണ് ഇങ്ങനെയൊരു നീതിബോധം ഏതു സമൂഹത്തിലും അനിവാര്യമാകുന്നത്. മുകളിൽ നിന്നും താഴോട്ടുള്ള രക്ഷാ- ശിക്ഷാ വിതരണത്തിന്റേതായ ഈ നീതി ബോധമില്ലാതെ മാനവ പരിഷ്‌കൃതിക്ക് അതായി നിലനിൽക്കാനാവില്ല.
രക്ഷാ- ശിക്ഷാ അധികാരത്തിന് പക്ഷെ പൗര സമൂഹത്തിനു മുകളിൽ ഒരു ഭരണകൂടാധികാരമായി നിലനിൽക്കാതെ വയ്യെന്ന അവസ്ഥയുമുണ്ട്. ഇപ്രകാരം, മിച്ചോൽപ്പാദനത്തിന്റെ ഉടമസ്ഥത സംബന്ധിച്ച ഏത് നീതി ബോധവും ഭരണകൂടാശ്രിതത്വത്തിനും തിരികെ അതിനെ സേവിച്ചു ശക്തിപ്പെടുത്താനും നിർബന്ധിക്കപ്പെടുന്നു. അങ്ങനെ അധികാരത്തിന്റെ വിതരണം ആത്യന്തികമായി അധികാര കേന്ദ്രീകരണത്തിലേക്ക് തന്നെ തിരിച്ചെത്താതിരിക്കാൻ വയ്യാത്ത ഒരു വിഷമ വൃത്തമായി കലാശിക്കുന്നതാണ് ഈ പ്രക്രിയയിലെ വൈപരീത്യം. അധികാര കേന്ദ്രീകരണം സ്വയമേ അനീതിയായിരിക്കെ, അതിനെതിരായ നീതിതേടി അതിനെ തന്നെ ആശ്രയിക്കേണ്ടി വരുന്ന ഒരു ദൂഷിത വൃത്തം കൂടിയാണിത്. ജനാധിപത്യ പ്രേമികളായ നമ്മുടെ ആദർശവാദികളും അധികാര രാഷ്ട്രീയക്കാരും ഒരുപോലെ കാണാൻ വിസമ്മതിക്കുന്ന ദുരന്ത കാഴ്ചയത്രേ ജനാധിപത്യത്തിലെ ഈ ആന്തര വൈരുധ്യം. ഫാസിസത്തിന് ജന്മം നൽകുന്ന ജനാധിപത്യത്തിന്റേത് ഒരു പിൻനടത്തമല്ലെന്ന തിരിച്ചറിവാണ് ഇന്നിന്റെ പ്രാഥമികാവശ്യം. പിൻ നടത്തം എന്നൊന്നുണ്ടെങ്കിൽ അത് ലിബറൽ ജനാധിപത്യം കൊണ്ട് ഫാസിസത്തെ ഫലപ്രദമായി നേരിടാമെന്ന വ്യർത്ഥ ചിന്തയല്ലാതെ മറ്റൊന്നുമല്ല.
പൗരത്വം സ്വയമൊരു അധികാര പദവിയാകയാൽ അതില്ലാത്തവരോടും അത് വ്യത്യസ്തമായുള്ളവരോടും വേണ്ടത്രയില്ലാത്തവരോടുമുള്ള അനീതി സാധ്യതകൾ സംവഹിച്ചുകൊണ്ടാകുന്നു അതിന്റെ നിലനിൽപ്പ്. ഈ പൗരത്വാധികാര സമൂഹങ്ങൾ തങ്ങൾക്ക് ചുറ്റും നിർമ്മിച്ച് ബലപ്പെടുത്തിയെടുക്കുന്ന ‘സ്വതന്ത്ര പരമാധികാര’ രാഷ്ട്ര സങ്കൽപ്പവും ആത്യന്തികമായ കേന്ദ്രീകൃത അധികാര സ്വരൂപങ്ങളെ ആശ്രയിച്ചും അവയെ സേവിച്ചും നിലനിൽക്കാൻ ബാധ്യതയുള്ളവയാകാതെ വയ്യ. ചുരുക്കത്തിൽ, ലിബറൽ ജനാധിപത്യ നീതിബോധം അനീതിയെ നീതിവൽക്കരിച്ച് ബലപ്പെടുത്തിക്കൊണ്ട് മാത്രം നിലനിൽക്കാനാവുന്ന ഒന്നാണെന്ന് വരുന്നു. അനീതിയിൽ കെട്ടിപ്പടുക്കപ്പെട്ട ഒരു വ്യവസ്ഥയ്ക്കകത്തെ ബലാബലങ്ങളുടെ ക്രമീകരണം സാധ്യവും സുഗമവുമാക്കുന്ന ഒരു നീതിബോധമാണിത്. മനുഷ്യർ ജന്മനാ സ്വാർത്ഥരാണെന്ന മത്സരാധിഷ്ഠിത മുതലാളിത്ത പ്രത്യയശാസ്ത്രം മുറുകെ പിടിക്കുന്നതും അതിലൂടെ സ്വന്തം അധീശാധികാരങ്ങൾക്കും അപര വിദ്വേഷത്തിനും സാധൂകരണം തേടുന്നതും.
വികസിത മുതലാളിത്ത രാഷ്ട്രങ്ങളിലെ സിവിൽ സമൂഹങ്ങൾക്കിടയിലെ ‘മാന്യ’മായ പെരുമാറ്റ രീതികളും ഉയർന്ന പൗര ബോധവും മറ്റും പ്രത്യുൽപ്പാദന പ്രധാനമായ ഇതര സമൂഹങ്ങൾക്ക് മാതൃകയാകേണ്ടതല്ലേ? അതെയെന്നോ അല്ലായെന്നോ പറഞ്ഞൊഴിയാൻ മാത്രം ലളിതമല്ല ഈ ചോദ്യം. ചരിത്രം നേർരേഖയിൽ സഞ്ചരിക്കുന്ന ഒന്നല്ലാത്തത് കൊണ്ടാണ് പ്രശ്നം സങ്കീർണ്ണമാകുന്നത്. പക്ഷെ കേൾക്കുമ്പോൾ ‘അതെ’ എന്ന് തലകുലുക്കി സമ്മതിക്കാൻ പറ്റാത്ത വിധം കാര്യമായ ന്യൂനതയൊന്നും യൂറോപ്യൻ പൗരബോധത്തിൽ ഒട്ടില്ലതന്നെ. ക്യൂ പാലിക്കുക, പരിസരം വൃത്തിയായി സൂക്ഷിക്കുക, പൊതു സ്ഥലത്ത് ഉറക്കെ സംസാരിക്കാതിരിക്കുക, കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് പോലെയുള്ള തീൻമേശ മര്യാദാ ലംഘനങ്ങൾ ഒഴിവാക്കുക, ബന്ധങ്ങളിലെ ഉപചാരങ്ങൾക്ക് പ്രാധാന്യം നൽകുക, മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുക, ട്രാഫിക് നിയമങ്ങൾ കണിശമായി പാലിക്കുക എന്നിങ്ങനെ എത്രയുമുണ്ട് മികച്ച പൗര ബോധത്തിന്റെ ദൃഷ്ടാന്തങ്ങൾ. ഏതൊരു നാഗരികനും പാലിക്കേണ്ട ചിട്ടകളാണല്ലോ ഇവയൊക്കെ. പിന്നെ എന്താണ് ഈ പൗരബോധം പിന്തുടരുന്ന കാര്യത്തിൽ സംശയം എന്നല്ലേ. ചരിത്രം അതേപടി ആവർത്തിക്കുന്നതോ പിന്തുടരാൻ പറ്റുംവിധം രേഖീയമോ അല്ലെന്നതാണ് പ്രശ്നം.
മേൽപ്പറഞ്ഞ തരം മികച്ച പൗരബോധം പുലർത്തിയിരുന്നവർ അതേ സമയം അവരുടെ കോളനികളോടും അവിടുത്തെ പൗരബോധം എന്തെന്നറിയാത്ത തദ്ദേശവാസികളോടും അവരുടെ പരിതോവസ്ഥകളോടും ചെയ്തതെന്താണ്? ആരുടെ അധ്വാനത്തിന്റെയും സഹനത്തിന്റെയും ചെലവിലാണ് പാശ്ചാത്യ നാഗരികത സ്വന്തം പരിഷ്‌ക്കാരം കെട്ടിപ്പടുത്തത്? ജനാധിപത്യമില്ലെന്ന പേരിൽ അത് സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം ഇപ്പോഴും സൈനിക കടന്നാക്രമണങ്ങളിലൂടെ ലോകമെമ്പാടും അമേരിക്ക യാതൊരു മറയുമില്ലാതെ നിറവേറ്റുന്നത് ജനാധിപത്യ പൗരബോധം മുറ്റിയതുകൊണ്ടല്ലെന്നുണ്ടോ? ഇതേ മികച്ച പൗരബോധം തഴച്ചു വളരുമ്പോഴല്ലേ മത വിദ്വേഷവും വംശീയതയും സംഹാര താണ്ഡവമാടിയ രണ്ടു ലോക യുദ്ധങ്ങൾ അരങ്ങേറിയത്? പൗരബോധം മാതൃകയാക്കാൻ വെമ്പുന്നവർ ഏതായാലും നൂറ്റാണ്ടുകളുടെ അധിനിവേശവും യുദ്ധങ്ങളും മാതൃകയാക്കണമെന്ന് പറയുമെന്ന് കരുതാനാവില്ല. ഹിംസാത്മകമായ ഈ ജീവിതാവസ്ഥയുടെ ബാക്കിപത്രം മാത്രമാണ് മേൽപ്പറഞ്ഞ പൗരബോധമെന്നോർക്കുക. സൈനിക നീക്കങ്ങൾക്കനുയോജ്യമായ പട്ടാള ചിട്ടയുടേതായ ഒരച്ചടക്ക സമൂഹമാണ് യൂറോപ്യൻ സിവിൽ സമൂഹം. ഉയർന്ന നിരക്കിലുള്ള പിഴയും ജയിലും കാവൽ നിൽക്കുന്നത്. പ്രത്യുൽപ്പാദനപരമോ ഗാഢമായ വൈകാരിക സംരക്ഷണമോ ഇല്ലാത്ത ഔപചാരികം മാത്രമായ കുടുംബ ബന്ധങ്ങൾക്കകത്തെ അരക്ഷിതമായ ശൈശവത്തിന് പലപ്പോഴും ഭരണകൂടങ്ങൾ തൊട്ടിലാട്ടേണ്ട അവസ്ഥ അത്ര മാതൃകാപരമെന്ന് അവർ പോലും കരുതാനിടയില്ല. അനീതിക്കകത്ത് അതിനെ ശക്തിപ്പെടുത്തി മാത്രം നിലനിൽക്കാനാവുന്ന നീതിബോധത്തിന്റെ ദുരവസ്ഥയെയും ജനാധിപത്യ നീതി ബോധത്തിൽ മാത്രം വിശ്വാസം അർപ്പിക്കുന്ന കീഴാള ജനത തിരിച്ചറിയേണ്ടതുണ്ട്.
ലിബറൽ നീതി ബോധത്തിന്റേതായ ഈ ദൂഷിത വലയം മറികടക്കാതെ കീഴാള നീതി ബോധത്തിന് മനുഷ്യ സ്വത്വത്തെ സ്പർശിക്കാനോ സ്വയം മാനവികമാകാനോ കഴിയില്ല. ‘പ്രകൃതി- പരിഷ്കൃതി’ ദ്വന്ദ്വത്തെ മറികടക്കാനും ഇത് ആവശ്യമാണ്. മനുഷ്യരെ പരിഷ്കൃതരെന്നും പ്രാകൃതരെന്നും രണ്ടായി തിരിച്ച് പരിഷ്‌ക്കരിക്കപ്പെടാത്തവരെ കുറ്റവാളികളായി കാണുന്ന മനോഭാവം ഉപേക്ഷിക്കാതെ കീഴാള നീതി ബോധത്തിന് മാനവികമാകാനാകുന്നതെങ്ങനെ? അപരിഷ്കൃതർ എന്നൊരു വിഭാഗത്തെ നിർമ്മിച്ച് എതിർ നിർത്തിക്കൊണ്ട് മാത്രമേ പരിഷ്കൃതർക്ക് അവരായിരിക്കാനാകൂ. പാശ്ചാത്യ ആധുനികത സ്വന്തം കൊളോണിയൽ സ്വഭാവത്തിന് സാധൂകരണം കണ്ടെത്തിയത് അധിനിവേശിതരെ ‘പ്രാകൃതർ’ എന്ന് മുദ്രയടിച്ചിട്ടാണല്ലോ. പ്രത്യുൽപ്പാദന പ്രധാനമായ പണികൾ ചെയ്യുന്നവരും ഭാഷയുൾപ്പടെയുള്ള അവരുടെ സംസ്ക്കാരവുമാണ് പ്രാകൃതമായി ചിത്രീകരിക്കപ്പെടുന്നത്. ‘പരിഷ്കൃതർ’ എന്ന പരികല്പന അങ്ങനെ അധിനിവേശാധികാരത്തിന്റെ അർഹതയ്ക്കുള്ള മാനദണ്ഡമായി മാറുന്നു. മറിച്ച് അധികാരം കയ്യാളൽ പരിഷ്കൃതരാവുന്നതിന്റെ ലക്ഷണമായും മനസിലാക്കപ്പെടുന്നു.
അധീശാധികാരം ഇതോടെ നിർണ്ണായകമാവുകയാണ്. ‘പ്രാകൃതരെ’ ബന്ദികളാക്കി പ്രകൃതിയെ അധിനിവേശപ്പെടുത്തി കൊള്ളയടിച്ചുകൊണ്ടേ പരിഷ്കൃതിയുടെ നിലനിൽപ്പും പുരോഗതിയും സാധ്യമാകൂ. ഇന്നിന്റെ അവസ്ഥ ഇതായിരിക്കെ അധികാരം ആരുടെ കയ്യിലെന്നതല്ല പ്രശ്നം. ‘അധികാര’മാണ് പ്രശ്നം.
അധികാരം അതിന്റെ ഇരകളെ മാത്രമല്ല അത് കയ്യാളുന്നവരെയും മനുഷ്യ സ്വത്വത്തിൽ നിന്നകറ്റുന്നു. അതുകൊണ്ട് അതിനെ അപനിർമ്മിച്ച് നിർവ്വീര്യമാക്കലാണ് കീഴാള വിഭാഗങ്ങൾ നേരിടുന്ന യഥാർത്ഥ വെല്ലുവിളി. മതം പോലെ പൗരത്വവും ഒരധികാര പദവിയാകയാൽ പൗരത്വമേതായാലും മനുഷ്യൻ നന്നാവുകയാണ് വേണ്ടത്. മതാധികാരത്തെയെന്നപോലെ പൗരത്വാധികാരത്തെയും അപനിർമ്മിക്കേണ്ടതായിട്ടുണ്ട്.
മതവും ഭരണകൂടവും തമ്മിൽ വേർതിരിയുന്നിടത്താണ് നീതിബോധം ലിബറലാകുന്നതും ആധുനിക ജനാധിപത്യം ഉടലെടുക്കുന്നതും. ദൈവത്തിന്റെ പേരിലുള്ള മതാധികാരമെന്ന അനീതിയെ ചോദ്യം ചെയ്തുകൊണ്ടാണ് അതിന്റെ വരവ്. പൗരോഹിത്യം ദൈവത്തിന്റെ പ്രതിനിധാനം ആയിരുന്നെങ്കിൽ സെക്കുലർ ഭരണകൂടത്തിൽ അധികാരം കയ്യാളുന്നത് ജന സമ്മതിയുടെ പേരിൽ പൗര പ്രതിനിധികളാകുന്നു.
ജനപ്രതിനിധാനം ജനങ്ങൾക്ക് മേലുള്ള അധികാര പ്രയോഗം കൂടിയാകുന്നു; ജനങ്ങളുടെ കർത്തൃത്വത്തെ അദൃശ്യമാക്കുന്നത്. അതിന്റെ ദിശാബോധം അട്ടിമറിക്കുന്നത്. സ്വയം ഭരണം അസാധ്യമാക്കുന്നത്. പക്ഷവും പ്രതിപക്ഷവുമായി ജനങ്ങളെ പരസ്പ്പരം വിഭജിക്കുന്നത്. ഭരണകൂടാധികാരം നിക്ഷ്പക്ഷമാണെന്നും ഇപ്പോഴത് കൈകാര്യം ചെയ്യുന്നവരാണ് കുഴപ്പക്കാരെന്നുമുള്ള വ്യാജം അരക്കിട്ടുറപ്പിക്കുന്നത്. ‘പ്രതിനിധാനം’എന്ന അനീതിയെ നീതിവൽക്കരിക്കുന്നത്. അതിനെ സ്ഥാപനവൽക്കരിക്കുന്നത്.
ദൈവത്തിന്റെ സ്ഥാനത്ത് മതാലങ്കാരമില്ലാത്ത താരതമ്യേന നഗ്നമായ ഭരണകൂടവും പൗരോഹിത്യത്തിന്റെ സ്ഥാനത്ത് ജനപ്രതിനിധികളും അരങ്ങുവാഴുന്നതോടെ ‘നിയമ’ ങ്ങളിലൂടെയുള്ള വിധി നിഷേധത്തിന്റെ വൻ പെരുക്കമാണ് ലിബറലിസത്തിൽ സംഭവിക്കുന്നത്. വ്യവസായ വിപ്ലവം നീതിന്യായ വ്യവസ്ഥയെയും വെറുതെ വിടുന്നില്ല. അതും വ്യവസായവൽക്കരിക്കപ്പെടുന്നു. നിയമങ്ങളുടെ ബാഹുല്യമെന്നാൽ കുറ്റവാളികളാക്കപ്പെടുന്നവരുടെ ബാഹുല്യം എന്നാണർത്ഥം. വ്യവസായവൽക്കരണത്തിന് വിധേയമായ ‘മോഡേൺ മെഡിസിൻ’ എന്ന അലോപ്പതിയിൽ രോഗങ്ങളുടെയും രോഗികളുടെയും ബാഹുല്യം പോലെയാണിത്. ഇംഗ്ലണ്ടിൽ ഇരുന്നൂറു വർഷം മുൻപ് കുറ്റവാളികൾ ആക്കപ്പെടുന്നവരുടെ എണ്ണം പെരുകിയപ്പോൾ അവരെ നാടുകടത്തിയിരുന്ന തുറന്ന ജയിലാണ് ഓസ്‌ട്രേലിയ.
അലോപ്പതിയിൽ യഥാർത്ഥത്തിൽ വ്യവസായവൽക്കരിക്കപ്പെടുന്നത് ആരോഗ്യമല്ല, മറിച്ച് രോഗമാണ്. ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നത് രോഗങ്ങളെയും രോഗികളെയുമാണ്. ആരോഗ്യം ഇവിടെ ഒരു പരിഗണനാ വിഷയംപോലും ആകുന്നില്ല. നീതിന്യായ വകുപ്പിന്റെ കാര്യവും സമാനമാണ്. പുണ്യപാപങ്ങൾ, ശരി തെറ്റുകൾ, നന്മ തിന്മകൾ തുടങ്ങിയ ദ്വന്ദ്വങ്ങളെപ്പോലെ ‘കുറ്റം’ എന്ന വാക്കിന് എതിർ നിർത്താനൊരു നല്ല വാക്കുപോലും പൊതുവെ നമ്മുടെ ഭാഷകളിൽ ഇല്ലെന്നതാണ് വസ്തുത. ലിബറൽ നീതിന്യായ വ്യവസ്ഥയിൽ വ്യവസായവൽക്കരിക്കപ്പെടുന്നത് അനീതിയും കുറ്റകൃത്യങ്ങളുമാണെന്ന് സാരം. ഏതു നിമിഷവും ആരും കുറ്റവാളിയാക്കപ്പെടാവുന്ന അത്യന്തം ഭയാനകമായ അവസ്ഥാവിശേഷമാണിത്.
ലിബറൽ നീതിന്യായ വ്യവസ്ഥയിൽ മനുഷ്യരും മനുഷ്യത്വവുമില്ല. അവിടെയുള്ളത് വാദിയും പ്രതിയുമാണ്. അറിയാനും അറിയിക്കാനുമല്ല, വാദിക്കാനും ജയിക്കാനുമാണ് അവിടെ അഭിഭാഷകരുടെ ശ്രമം. എവിടെ ജയം ഉണ്ടോ അവിടെ ന്യായവും ന്യായവാദങ്ങളാൽ നിർണ്ണയിക്കപ്പെടുന്ന നീതിയുമുണ്ടെന്നുമാണ് സങ്കല്പം. ലഘുവായ കുറ്റകൃത്യങ്ങളെ ഊതിപ്പെരുപ്പിച്ചും വലിയവയെ ലഘുവാക്കിയുമാണ് വാദപ്രതിവാദങ്ങൾ മുന്നേറുക. ജനങ്ങളിൽ പകയും വിദ്വേഷവും ത്വരിതപ്പെടുത്തുന്ന പ്രക്രിയ. കോടതിമുറികളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പകയും വിദ്വേഷവും വാർത്താ മാധ്യമങ്ങൾ ഏറ്റെടുത്ത് സർവ്വരുടേയും മനസ്സുകളിലേക്ക് വ്യാവസായികാടിസ്ഥാനത്തിൽ പകർന്നുകൊണ്ടേയിരിക്കുന്നു. സാമൂഹിക മാധ്യമങ്ങൾ ഇതേറ്റെടുത്ത് മനുഷ്യ മനസിനെ വിഷ കലുഷിതമാക്കുന്നതിൽ അനുനിമിഷം പരസ്പ്പരം മത്സരിക്കുന്നു. വാദിയും പ്രതിയും അവരുടെ സാക്ഷികളും ബന്ധു മിത്രാദികളും എന്നല്ല സമൂഹമൊന്നാകെ നീതിന്യായ വ്യവസ്ഥയുടെ ഇരകളായി മലിനീകരിക്കപ്പെടുകയാണെന്ന് നാം അറിയുന്നില്ലന്നേയുള്ളൂ.
കീഴാള ജനത എന്തിനാണ് പ്രതിനിധാനങ്ങളിലൂടെ ഭരണകൂടാധികാരത്തിൽ പങ്കാളികളാകുന്നത്? സ്വയംഭരണ ദിശയിലുള്ള സാധുജന പരിപാലനത്തിനല്ലെങ്കിൽ അധികാരത്തിലെ പങ്കാളിത്തം അഴിമതിയിലെ, അനീതിയിലെ, അന്തിമമായി ഹിന്ദുത്വത്തിലെ പങ്കാളിത്തമായി കലാശിക്കാനാണ് സാധ്യത. ലിബറൽ നീതി ബോധത്തെ അതിന്റെ പരിമിതികളും വൈകല്യങ്ങളും ചതിക്കുഴികളും തിരിച്ചറിഞ്ഞു കീഴാള ധാർമ്മികതയെ മുറുകെപ്പിടിച്ചു മുന്നോട്ട് പോകാൻ കീഴാള ജനതയ്ക്ക് എത്രകണ്ട് കഴിയും എന്നതാണ് പ്രശ്നം.
(അവസാനിക്കുന്നില്ല)
Featured Image / Santhal Tribe courtesy/travelogyindia.com
