
ജേക്കബിന്റെ ബൗദ്ധിക ജീവിതം- Part II
എഴുത്തുകാരനും പ്രസാധകനും ഇടതുചിന്തകനുമായിരുന്ന ടി. ജി. ജേക്കബ് വിടപറഞ്ഞിട്ട് മൂന്നു വർഷം തികയുകയാണ്. എഴുത്തുകാരൻ, രാഷ്ട്രീയ പ്രവർത്തകൻ, പത്രാധിപൻ, പ്രസാധകൻ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ പ്രക്ഷുബ്ധവും സജീവവുമായ രാഷ്ട്രീയ-ബൗദ്ധിക ജീവിതത്തെ ഓർക്കുകയാണ് പ്രൊഫ. കെ. ടി. റാംമോഹൻ
3
ജേക്കബിന്റെ ബൗദ്ധിക ജീവിതത്തിൻ്റെ രണ്ടാം ഘട്ടം സൂക്ഷ്മാന്വേഷണ പഠനങ്ങളുടേതും പുസ്‌തകപ്രസാധന ബദൽ സംരംഭത്തിന്റേതുമാണ്. സ്ഥൂല പഠനരീതി അവലംബിക്കുന്ന ഇന്ത്യാപുസ്‌തകം എഴുതുമ്പോൾത്തന്നെ സൂക്ഷ്മാന്വേഷണത്തിൻ്റെ പ്രാധാന്യം ജേക്കബ് അറിഞ്ഞിരുന്നു. പുസ്തകത്തിന്റെ ആമുഖത്തിൽ ഇപ്രകാരം രേഖപ്പെടുത്തുകയും ചെയ്തു: സമ്പദ് വ്യവസ്ഥയുടെ സ്ഥലവിശകലനത്തിന് ഗുരുതരമായ പോരായ്മകളുണ്ട്. പുതുകൊളോണിയലിസത്തിൻ്റെ നിയന്ത്രിതവികസന നയം പൊതുവായ ഫലങ്ങൾ ഉളവാക്കുന്നതോടൊപ്പം ഇന്ത്യയിലെ ഓരോ ദേശീയ സമൂഹത്തെയും വ്യത്യസ്തമായി രൂപപ്പെടുത്തുന്നുമുണ്ട്. അവയെ അവഗണിക്കുന്ന സ്ഥൂല പഠനങ്ങൾ അപൂർണമാണ്, കുറച്ചൊക്കെ അമൂർത്തമാണ്.
കേരള സമ്പദ് വ്യവസ്ഥയെക്കുറിച്ച് ജേക്കബ് ആവർത്തിച്ച് എഴുതിയിട്ടുണ്ട്. പ്രത്യേകിച്ച്, ‘കേരളമാതൃക’ മദ്യ ഉപഭോഗത്തിൻ്റെയും കോവളത്തെ വിനോദസഞ്ചാര വ്യവസായത്തിൻ്റെയും വയനാട്ടിലെ നാണ്യവിള കൃഷിയുടെയും രാഷ്ട്രീയ സമ്പദ്‌വിവക്ഷകൾ വെളിവാക്കുന്ന രചനകളും ജേക്കബിൻ്റേതായുണ്ട്. എന്നാൽ അദ്ദേഹത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട സൂക്ഷ്‌മാന്വേഷണ പഠനം ഖാലിസ്ഥാൻ വിമോചന പ്രക്ഷോഭത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങൾ തേടുന്ന ‘ഖേഒസ് ഇൻ നേഷൻ ഫോർമേഷൻ: കേസ് ഓഫ് പഞ്ചാബ്’ (രാഷ്ട്ര രൂപീകരണത്തിലെ കുഴമറിച്ചിൽ: ദൃഷ്ടാന്തം പഞ്ചാബ്) എന്ന പുസ്‌തകമാണ്.
1990-ൽ പ്രസിദ്ധീകരിച്ച ഈ പുസ്‌തകം മൂന്നു നിലയിൽ ശ്രദ്ധേയമാണ്. ഹരിതവിപ്ലവ സമ്പദ്‌വ്യവസ്ഥയെയും ഖാലിസ്ഥാൻ പ്രക്ഷോഭത്തെയും കുറിച്ച് വെവ്വേറെയുള്ള പഠനങ്ങൾ ഏറെയുണ്ട്. എന്നാൽ സാമ്പത്തിക-രാഷ്ട്രീയ പ്രക്രിയകളെ ഇഴകോർക്കുന്നതാണ് ജേക്കബിൻ്റെ പുസ്‌തകം. ചെറുപ്രബന്ധങ്ങൾ മാറ്റിനിർത്തിയാൽ ഇത്തരം പഠനങ്ങൾ അധികമില്ല. കൂടാതെ, ഖാലിസ്ഥാൻ പ്രക്ഷോഭം പുതുകൊളോണിയൽ ഭരണനയങ്ങളോടുള്ള ദേശീയ സമൂഹ പ്രതികരണമാണ് എന്നാണ് പുസ്‌തകം സമർത്ഥിക്കുന്നത്, കേവലം കർഷകസമരം എന്നല്ല. ഈയൊരു നിഗമനം മുന്നോട്ടുവയ്ക്കുന്ന മറ്റൊരു ഗവേഷണ പഠനമില്ല. പ്രക്ഷോഭത്തിനു പിന്നിലെ സാമ്പത്തിക രാഷ്ട്രീയ ഘടകങ്ങളെ കണ്ടെത്തുമ്പോഴും ഖാലിസ്ഥാൻ എന്ന സിഖ്‌മതാധിഷ്‌ഠിത രാഷ്ട്രസങ്കൽപ്പത്തെ പഠനം ശരിവയ്ക്കുന്നില്ല. സിഖുകൾ മതവിഭാഗീയത കൈവെടിഞ്ഞ് പഞ്ചാബിഭാഷ സംസാരിക്കുന്ന എല്ലാവരുമായി വർഗപരമായി ഐക്യപ്പെട്ടുകൊണ്ട് മറ്റ് ദേശീയ സമൂഹങ്ങളോടൊപ്പം ചേർന്ന് നടത്തുന്ന ഭരണകൂട വിരുദ്ധ സമരത്തിന് മാത്രമേ പഞ്ചാബി ദേശീയത സഫലീകരിക്കാൻ കഴിയൂ എന്നതാണ് ജേക്കബിൻ്റെ നിലപാട്.

ഹരിതവിപ്ലവത്തിൻ്റെ സാമാന്യ വിവരണത്തിലൂടെ പുസ്‌തകത്തിലേക്ക് കടക്കാം. കൃഷിയുടെ സാങ്കേതികനവീകരണവും കച്ചവടവൽക്കരണവും ചേർന്നതാണ് ഹരിതവിപ്ലവം. അതിനു മുൻകൈയെടുത്തത് ഫോർഡ് ഫൗണ്ടേഷനാണ്. ഹരിതവിപ്ലവത്തിൻ്റെ ആദ്യപടി അത്യുൽപ്പാദനശേഷിയുള്ള ‘അത്ഭുതവിത്തു’കളുടെ ഇറക്കുമതിയായിരുന്നു. എന്നാൽ ഇതുകൊണ്ടുമാത്രമാവില്ല. ‘അത്ഭുത’ത്തിന് ഒട്ടനവധി മുന്നുപാധികൾ: വലിയ കൃഷിയിടം, ജലസമൃദ്ധി, കാർഷികയന്ത്രങ്ങൾ, രാസവളം, കീടനാശിനി, മൂലധനം, ജലസേചനത്തിന് ആവശ്യമായ വൈദ്യുതി, കാർഷിക യന്ത്രങ്ങൾക്ക് ഇന്ധനം, നിവേശങ്ങൾ വാങ്ങാനും ഉൽപ്പന്നങ്ങൾ വിൽക്കാനും പട്ടണത്തിലെ അങ്ങാടികളിലേക്ക് ഗ്രാമങ്ങളിൽ നിന്ന് ഗതാഗത സൗകര്യം.
ആദ്യനാളുകളിൽ കാർഷികയന്ത്രങ്ങളും രാസവളങ്ങളും കീടനാശിനികളും ഏറെക്കുറെ മുഴുവൻ ഇറക്കുമതിയായിരുന്നു. ആഭ്യന്തരോൽപ്പാദനം കൂട്ടാനുള്ള ശ്രമവുമുണ്ടായി. പക്ഷേ, ഹരിതവിസ്തൃതി വർദ്ധിക്കുന്നത് അനുസരിച്ച് അതു സാധ്യമായില്ല. 1966-ൽ ഹെക്ടറിന് ഏഴ് കിലോഗ്രാം രാസവളമായിരുന്നു അഖിലേന്ത്യാശരാശരി. 2006 ആയപ്പോഴേക്കും ഇതു18 മടങ്ങിലേറെ കൂടി 131 കിലോഗ്രാം ആയി. ഇന്ന് ഏറ്റവുമധികം രാസവളം ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.
ഫോർഡ് ഫൗഷേന്റെ വിദഗ്‌ധസമിതിയുടെ നിർദേശപ്രകാരം പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങി ഏഴു സംസ്ഥാനങ്ങളിലാണ് കാർഷിക തീവ്രവികസന പദ്ധതി എന്ന ഹരിതവിപ്ലവത്തിന് 1960-കളുടെ പകുതിയോടെ തുടക്കമിട്ടത്. ഏറ്റവും ആദ്യം പഞ്ചാബിൽ. അഞ്ചുനദികളുടെ നാടായിരുന്നു പഞ്ചാബ്. വിഭജനത്തോടെ അത് മൂന്നായി ചുരുങ്ങിയെങ്കിലും ജലലഭ്യതയിൽ ഏറെ പിന്നാക്കം പോയില്ല. കൃഷിഭൂമിയുടെ വലിയൊരു പങ്ക് ഉടമകൾ തന്നെയാണ് കൃഷി ചെയ്‌തിരുന്നത് എന്നതും ഇവ താരതമ്യേന വലിയ കൃഷിയിടങ്ങളായിരുന്നു എന്നതും അനുകൂലഘടകങ്ങളായി. സാങ്കേതിക നവീകരണത്തിന് മൂലധനം ഇറക്കാൻ ശേഷിയുള്ളവരായിരുന്നു ഈ കർഷകർ, മറ്റു കർഷകകുടുംബങ്ങളിൽ പ്രവാസിപ്പണം മൂലധനത്തിന്റെ കുറവു നികത്തുകയും ചെയ്തു.
പഞ്ചാബ് ഭക്ഷ്യദുർലഭ സംസ്ഥാനമായിരുന്നു. 1980-ഓടെ, അതായത് ഹരിതവിപ്ലവത്തിന്റെ ഒന്നരപ്പതിറ്റാണ്ടുകൊണ്ട്, രാജ്യത്തെ ഭക്ഷ്യോൽപ്പാദനത്തിന്റെ നാലിലൊന്ന് പഞ്ചാബിൽ നിന്നായി. ഇന്ന് കേന്ദ്രപൊതുവിതരണ ഭക്ഷ്യധാന്യശേഖരത്തിലേക്ക് ഏറ്റവും മുതൽകൂട്ടുന്ന സംസ്ഥാനം പഞ്ചാബാണ്- ഗോതമ്പിന്റെ 65 ശതമാനം, അരിയുടെ 45 ശതമാനം. ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ രണ്ടു ശതമാനവും ജനസംഖ്യയുടെ രണ്ടര ശതമാനവും മാത്രമാണ് പഞ്ചാബിൻ്റേത് എന്നത് പരിഗണിക്കുമ്പോൾ ഇത് വിസ്മയകരമാണ്.
ജേക്കബിന്റെ അന്വേഷണം ഹരിതവിപ്ലവത്തിൻ്റെ സാമ്പത്തിക വർഗഘടനയും അതിന്റെ വൈരുദ്ധ്യങ്ങളും ഖാലിസ്ഥാൻ പ്രക്ഷോഭത്തെ എങ്ങനെ രൂപപ്പെടുത്തി എന്നതാണ്. ഹരിതവിപ്ലവം വലിയ ഭൂവുടമകളെ സമ്പന്ന കർഷകരാക്കി. എന്നാൽ കാലം ചെല്ലുന്തോറും അവരുടെ വരുമാനം കുറഞ്ഞു വന്നു. കാർഷികയന്ത്രങ്ങളുടെ വില വർദ്ധിച്ചു കൊണ്ടുമിരുന്നു. ഭൂഫലഭൂയിഷ്ഠത നിലനിർത്താൻ കൂടുതൽ രാസവളം ഉപയോഗിക്കേണ്ടിവന്നു. വിളകൾ സംരക്ഷിക്കാൻ കീടനാശിനിയും അധികം വേണ്ടിയിരുന്നു. ഉൽപ്പാദന ചെലവ് കുത്തനെ ഉയർന്നു.
കാർഷിക നിവേശങ്ങളുടെ നിർമാതാക്കൾ അഖിലേന്ത്യാ വ്യവസായികളാണ്. കേന്ദ്രസർക്കാരിൽ സ്വാധീനം ചെലുത്താൻ അവർക്ക് കഴിയും. അവരുടെ താൽപ്പര്യങ്ങളെ ഹനിക്കുമെന്നതിനാൽ നിവേശങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ ഒരുമ്പെട്ടില്ല. മറുവശത്ത്, ഉയരുന്ന ഉൽപ്പാദന ചെലവിന് ആശ്വാസമാകും വിധം ഉൽപ്പന്ന വില ഉയർന്നില്ല. പഞ്ചാബ് ഉൽപ്പാദിപ്പിക്കുന്ന ഗോതമ്പിൻറെ മൂന്നിലൊന്നും പൊതുവിതരണ ശൃംഖലയ്ക്കായി കേന്ദ്രസർക്കാരാണ് വാങ്ങുന്നത്. കാർഷിക ചെലവ് -വില കമ്മീഷന്റെ ശുപാർശ പ്രകാരം കേന്ദ്രസർക്കാർ വിളവെടുപ്പിന് മുന്നേ സംഭരണ വില നിശ്ചയിക്കുന്നു. വിളവിന്റെ വലിയൊരുഭാഗം ഇങ്ങനെ കുറഞ്ഞ വിലയ്ക്കു ശേഖരിക്കുന്നത് തുറന്ന വിപണിയിലെ വിലനിലവാരത്തെയും പ്രതികൂലമായി ബാധിക്കുന്നു.
റേഷൻ സബ്‌സിഡി വർദ്ധിപ്പിക്കാതെ തന്നെ പൊതുവിതരണ ശൃംഖലയിലൂടെ കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യം ലഭ്യമാക്കാൻ താഴ്ന്ന സംഭരണവില സർക്കാരിനെ സഹായിക്കുന്നു. വേതന വർദ്ധനവ് തടയാൻ വ്യവസായികളെ യും. അതായത് വ്യവസായികളുടെ താൽപ്പര്യങ്ങൾ ഇവിടെയും മുന്നിട്ടു നിൽക്കുന്നു. ഈ സാഹചര്യത്തിൽ കാർഷിക സമൃദ്ധി ക്രമേണ കാർഷിക പ്രതിസന്ധിക്ക് വഴിമാറി. കാർഷിക യന്ത്രങ്ങൾ, രാസവളം, കീടനാശിനി തുടങ്ങിയ നിവേശങ്ങളുടെ ആവശ്യവും വിലയും വർദ്ധിച്ചുകൊണ്ടിരുന്നു. അതിനാൽ വ്യവസായികളെയും വിതരണക്കാരായ വ്യാപാരികളെയും കാർഷിക പ്രതിസന്ധി പ്രതികൂലമായി ബാധിച്ചില്ല. വ്യാപാരത്തിൽ കുറവ് വന്നില്ല. എന്നതിനാൽ ധാന്യവ്യാപാരികളും പ്രതിസന്ധി നേരിട്ടില്ല. ഇതിന്റെ ഫലമായി കേന്ദ്രസർക്കാർ, വൻവ്യവസായികൾ, വ്യാപാരികൾ എന്നിവർ ഒരുവശത്തും കർഷകർ മറുവശത്തും എന്ന മുഖ്യവൈരുദ്ധ്യം ഉടലെടുത്തു.
മറ്റൊരു കൂട്ടം വൈരുദ്ധ്യങ്ങളിലും കർഷകർ അകപ്പെട്ടു. ഹരിതവിസ്ത്യതി വർദ്ധിച്ചതോടെ തൊഴിലാളി ദൗർലഭ്യം രൂക്ഷമായി. കൂലിനിരക്ക് ഉയർന്നു. കർഷകർ ഇത് മറികടക്കാൻ ശ്രമിച്ചത് അന്യസംസ്ഥാന തൊഴിലാളികളെ പണിക്ക് ഏർപ്പെടുത്തിയാണ്. എന്നാൽ തൊഴിലാളികളെ കൃഷിയിടങ്ങളിൽ എത്തിക്കുന്ന കങ്കാണിമാർക്ക് കമ്മീഷനുണ്ട്. ഈ അധികച്ചെലവ് തൊഴിലാളി ദൗർലഭ്യം രൂക്ഷമാകുംതോറും ഉയരുകയും ചെയ്‌തു. ഇതൊക്കെ ചേർന്നപ്പോൾ ഒട്ടേറെ കർഷകർ കടക്കാരായി. നഗരങ്ങളിലും ചെറുപട്ടണങ്ങളിലും പണമിടപാടുകാർ സജീവമായി. അവരുടെ അക്രമപലിശ ഉൽപ്പാദനച്ചെലവ് വീണ്ടും വർദ്ധിക്കാൻ കാരണമായി. കർഷകർ മിക്കവരും സിഖുകളും മറ്റു വിഭാഗങ്ങൾ ഹിന്ദുക്കളുമായിരുന്നു എന്നത് വൈരുദ്ധ്യങ്ങൾക്ക് മതസാമുദായിക മാനം നൽകി.
ജേക്കബിന്റെ സമ്പദ്ശാസ്ത്രം യുക്തിഭദ്രം. എങ്കിലും ചില ചോദ്യങ്ങൾ ബാക്കിയാണ്. ഉയരുന്ന ഉൽപ്പാദനച്ചെലവും ഉയരാത്ത ഉൽപ്പന്ന വിലയും മറ്റ് ഹരിതവിപ്ലവ സംസ്ഥാനങ്ങളിലെ കർഷകരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്, അസംതൃപ്‌തി ജനിപ്പിച്ചിട്ടുണ്ട്, സർക്കാർ വിരുദ്ധ സമരങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. എന്നാൽ അവിടങ്ങളിൽ പഞ്ചാബിലേതുപോലെ ദേശീയ സ്വയം നിർണയാവകാശസമരം ഉണ്ടായില്ല. ഈ വ്യത്യാസത്തിന് കാരണമെന്ത്? ജേക്കബിന്റെ പുസ്തകം ഈയൊരു ചോദ്യം ഉന്നയിക്കുന്നില്ല. അദ്ദേഹത്തിന്റെ വിശകലനത്തിൽ നിന്ന് വായിച്ചെടുക്കാവുന്ന ഉത്തരം പഞ്ചാബിൽ നിന്ന് വ്യത്യസ്തമായി ഇവിടങ്ങളിൽ വർഗവിഭജനവും മതവിഭജനവും ജോഡി ചേർന്നില്ല എന്നതാണ്. മിക്കവാറും എല്ലാവരും, കർഷകരും വ്യാപാരികളും രണാധികാരികളും ഒരേ മതവിശ്വാസികൾ അങ്ങനെയങ്കിൽ കേവലം സമ്പദ്ശാസ്ത്ര അപഗ്രഥനത്തിലൂടെ മനസ്സിലാക്കാവുന്നതല്ല പഞ്ചാബ് പ്രക്ഷോഭം എന്നുവരുന്നു. ഖാലിസ്ഥാൻ പ്രക്ഷോഭത്തെ നന്നായി ഗ്രഹിക്കുന്നതിന് സിഖ് സ്വത്വവികാസത്തിൻ്റെയും സിഖ്- ഹിന്ദു-മുസ്ലിം- ക്രിസ്ത്യൻ സാമൂഹിക ബന്ധങ്ങളുടെയും നാൾവഴികൾ കാണണം. ജേക്കബ് അതേക്കുറിച്ച് ബോധവാനല്ലെന്നല്ല. പുസ്തകത്തിന്റെ ആദ്യഭാഗത്ത് സിഖ് മതസംഘാടനത്തിന്റെയും പോരാട്ടങ്ങളുടെയും ലഘുചരിത്രമുണ്ട്. എന്നാൽ സൂക്ഷ്മിമാംശങ്ങളിൽ എത്തുന്നില്ല. തുടർച്ചകളും ഇടർച്ചകളും വിശകലന വിധേയമാക്കുന്നില്ല.
4
ഓഡിസി. ജേക്കബും പ്രാഞ്ജലിയും ചേർന്ന് സ്ഥാപിച്ച ബദൽ ഗവേഷണ-പ്രസാധന സംരംഭം. അതൊരു സാഹസികപ്രയാണം തന്നെയായിരുന്നു. ബൗദ്ധിക സാംസ്‌കാരിക കൂട്ടായ്‌മ എന്നാണ് സങ്കൽപ്പിക്കപ്പെട്ടതെങ്കിലും ആൾബലം ഫലത്തിൽ രണ്ടിൽ ഒതുങ്ങി. അവർ തന്നെ എഴുത്തും തിരുത്തും അയപ്പും കണക്കും. വീടുതന്നെ ആപ്പീസ്. പഴയ ‘ബ്രദർ’ ടൈപ്പ് റൈറ്റർ ഏക യന്ത്രം. കംപ്യൂട്ടർ ഏറെ വൈകിയെത്തി. രണ്ടുപേർക്കു കൂടി ഒന്ന്. ഒരു പുസ്‌തകത്തിന്റെ പിരിവ് വന്നാലേ അടുത്ത പുസ്‌തകത്തെക്കുറിച്ച് ആലോചിക്കാനാവൂ. പുസ്തകം പോയി, പണം വന്നില്ല. പ്രസാധന കേന്ദ്രം പലതവണ പറിച്ചു നടേണ്ടി വന്നു. 1988-ൽ ദൽഹിയിൽ തുടങ്ങിയ ഓഡിസി 1990-കളുടെ അവസാനം തിരുവനന്തപുരത്ത് എത്തി, തുടർന്ന് ഊട്ടിയിലും, ഒടുവിൽ ഗൂഡല്ലൂരും. ജേക്കബും പ്രാഞ്ജലിയും സുഹൃത്തുക്കളും തുടക്കമിട്ട ഗവേഷണ കേന്ദ്രമായ സൗത്ത് ഏഷ്യ സ്റ്റഡി സെൻ്ററിൻ്റെ പ്രസാധന വിഭാഗമാണ് ഇന്ന് ഓഡിസി.
മൂലധനവും അദ്ധ്വാനവിഭവശേഷിയും പരിമിതമെങ്കിലും ഒമ്പത് പുസ്തകങ്ങൾ പ്രസാധനം ചെയ്യാൻ ഓഡിസിക്ക് കഴിഞ്ഞു. ഇന്ത്യയിലെ ദേശീയ പ്രശ്നത്തെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി രേഖകൾ തേടിപ്പിടിച്ച് ഇറക്കിയ രണ്ടു സമാഹാരങ്ങളോടെയായിരുന്നു തുടക്കം. ജേക്കബ് എഡിറ്റ് ചെയ് ‘നാഷണൽ ക്വസ്റ്റ്യൻ ഇൻ ഇന്ത്യ: സി.പി. ഐ ഡോക്യുമെൻ്റ് സ് 1942-47’ ഉം പ്രാഞ്ജലിയുമൊത്ത് എഡിറ്റ് ചെയ്‌ത ‘വാർ ആൻ്റ് നാഷണൽ ലിബറേഷൻ: സി.പി.ഐ. ഡോക്യുമെൻ്റ്സ് 1939- 1945’ ഉം 1988-ൽ പുറത്തുവന്നു. ദേശീയതകളുടെ സ്വയം നിർണയാവകാശം കേന്ദ്രപ്രമേയമായ വേറെയും രണ്ടു പുസ്‌തകങ്ങൾ ഓഡിസി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജേക്കബിന്റെ ‘ഖേഒസ് ഇൻ നേഷൻ ഫോർമേഷൻ: കേസ് ഓഫ് പഞ്ചാബ്’ 1990-ലും പ്രാഞ്ജലി യുടെ ‘ടിബറ്റൻ സാഗ ഫോർ നാഷണൽ ലിബറേഷൻ’ 2007-ലും പ്രസാധനം ചെയ്തു.
സിനിമ, വിനോദസഞ്ചാരവ്യവസായം, മാർക്‌സിസം, ജാതിവ്യവസ്ഥ, ഗ്രാമീണ സന്ധ്ശാസ്ത്രം എന്നിവയെ വിമർശനാത്മകമായി പരിശോധിക്കുന്നവയാണ് ഓഡീസിയുടെ മറ്റ് പുസ്‌തകങ്ങൾ. അവ ഇപ്പറയുന്നത്. പ്രാഞ്ജലിയുടെ ‘സിനിമ ഇൻ ഫോക്കസ്, ബ്ലാക്ക് ആൻ്റ് വൈറ്റ് ഓഫ് സിനിമ ഇൻ ഇന്ത്യ’ (1982) ജേക്കബിൻ്റെ ‘ടെയ്‌ൽസ് ഓഫ് ടൂറിസം ഫ്രം കോവളം’ (1998) എസ്. നാഗരാജന്റെ ‘ഈസ്‌റ്റേൺ മാർക്‌സിസം ആന്റ്റ് അദർ എസ്റ്റേസ്’ (2008), ജേക്കബും പ്രാഞ്ജലിയും ചേർന്നെഴുതിയ ‘റിഫ്ളക്‌ഷൻസ് ഓൺ ദ കാസ്റ്റ് ക്വസ്റ്റ്യൻ ദ ദലിത് സിറ്റേഷൻ ഇൻ സൗത്ത് ഇന്ത്യ’ (2009) പ്രാഞ്ജലി എഡിറ്റ് ചെയ്‌ത ‘ബാക്ക് ടു ബേസിക്‌സ്: ജെ.സി. കുമരപ്പ റീഡർ” (2011)
തുടക്കത്തിൽ ഓഡിസിക്ക് അടയാള മുദ്ര ഇല്ലായിരുന്നു. രണ്ടാമത്തെ പുസ്തകത്തിലാണ് അത് വന്നത്. പ്രസാദൻ (തലശ്ശേരി/ദുബായ്) രൂപകൽപ്പന ചെയ്‌ത കള്ളിമുള്ള് പിന്നീട് സി.എൽ. ബൈജു (എറണാകുളം) വരച്ച വള്ളം. ഇരുവരും ഓഡിസി പുസ്‌തകങ്ങളുടെ പുറം ചട്ടയും ചെയ്തിട്ടുണ്ട്. കൂടാതെ പ്രദീപ് ചെറിയാൻ (ചെന്നൈ), പൻടോക് സെറിങ്ങ് (ബംഗ്ലൂരു). ബി. പ്രിയരഞ്ജൻലാൽ (തിരുവനന്തപുരം) എന്നിവർ പുസ്‌തകച്ചട്ട ചെയ്തു. ജി. സുനിൽകുമാർ (കോവളം) ചിത്രം വരച്ചു. ജോജി അൽഫോൻസ് (തിരുവനന്തപുരം) പടങ്ങൾ എടുത്തു. ആരും പ്രതിഫലം ചോദിച്ചില്ല. അവരുടെ മികവുറ്റ രചനകൾക്ക് പണം കൊടുക്കാനുള്ള ശേഷി ഓഡിസിക്ക് ഉണ്ടായിരുന്നുമില്ല. സൗഹൃദത്തിന്റെ തീവ്രരാഷ്ട്രീയം ഇങ്ങനെ പങ്കുവച്ചവരിൽ രണ്ടുപേരുടെ, ബൈജുവിന്റെയും സുനിലിന്റെയും, അകാലവിയോഗം ജേക്കബിനെ ഏറെ ഉലച്ചു.
ഓഡിസി പ്രസാധനത്തിൻ്റെ ആദ്യകാലത്ത് ജേക്കബ് ജെ.എൻ.യുവിൽ തന്നെയായിരുന്നു താമസം. അതുകൊണ്ട് ക്യാമ്പസ് രാഷ്ട്രീയത്തിൽ സജീവമായി തുടരാൻ കഴിഞ്ഞു. 1990-ൽ മണ്ഡൽ കമ്മീഷൻ്റെ സംവരണ നിർദേശങ്ങൾ വി.പി. സിങ് സർക്കാർ അംഗീകരിച്ചപ്പോൾ ക്യാമ്പസിൽ അതിനെ സർവ്വാത്മനാ പിന്തുണയ്ക്കാൻ ഒരു ചെറുപറ്റം അധ്യാപകരും വിദ്യാർത്ഥികളും മാത്രം. ജേക്കബ് അവർക്കൊപ്പം നിന്നു. സംവരണനിർദേശങ്ങൾക്ക് എതിരേ നിലപാടെടുത്ത് നെടുങ്കൻ പ്രസംഗം നടത്തിയ പ്രഫ. ബിപൻ ചന്ദ്രയ്ക്കെതിരേ സംവരണാനുകൂലികൾ ‘ഒരു ചരിത്രകാരന് സമനില തെറ്റുന്നു’ എന്ന ലഘുലേഖ പ്രചരിപ്പിച്ചു. അത് ക്യാമ്പസിലും പുറത്തും കോളിളക്കമുണ്ടാക്കി. അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തിൻ്റെ പേരിൽ പ്രഫ. ബിപൻ ചന്ദ്രയെ ന്യായീകരിക്കാൻ 110 അധ്യാപകർ അണിചേർന്നു. മറ്റൊരു ഇടതുപക്ഷ ചരിത്രകാരനായ പ്രഫ. സതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു ഇത്. മുഖ്യധാരാ ഇടതുപക്ഷത്തോട് അനുഭാവം പുലർത്തുന്ന ജെ.എ ൻ.യു അധ്യാപകസംഘടന പ്രത്യേക യോഗംതന്നെ ചേർന്ന് ലഘുലേഖയെ അപലപിച്ചു. അധ്യാപക സംഘടന തങ്ങളുടെ പ്രമേയത്തിൽ ‘ആപൽക്കരമായ വാചകക്കസർത്ത്’ എന്ന് വിശേഷിപ്പിച്ച ഈ ലഘുലേഖയുടെ കർത്താവ് ജേക്കബ് ആയിരുന്നു.
5
ഇടിമുഴക്കം നേർത്തപ്പോൾ പ്രസ്ഥാന നേതൃനിരയിലുണ്ടായിരുന്നവർ പല പ്രത്യയശാസ്ത്ര പാതകൾ തേടി. ആത്മീയത, സ്ത്രീവിമോചനം, ദലിത് സ്വത്വം, മുതലാളിത്ത ജനാധിപത്യം, തിരഞ്ഞെടുപ്പ് രാഷ്ട്രീയം എന്നിങ്ങനെ. ജേക്കബാകട്ടെ, മാർക്‌സിസത്തിന്റെ സൈദ്ധാന്തിക പ്രായോഗിക സൂക്ഷ്‌മതകളിലേക്ക് സഞ്ചരിച്ചു. പാർട്ടിയടുപ്പവും അച്ചടക്കവും കാരണം അതുവരെ സാധ്യമാകാതെ പോയ തുറന്ന മനസ്സോടെ. ഉൽപ്പാദനശക്തികളുടെ അപരിമിത വികസനമെന്നത് മുതലാളിത്ത, സമഷ്ടിവാദ പ്രത്യയശാസ്ത്രങ്ങൾ ഒരു പോലെ പങ്കിടുന്ന പാവന ലക്ഷ്യമാണെന്ന് ജേക്കബ് ചൂണ്ടിക്കാട്ടി. പ്രകൃതി വിരുദ്ധമെന്നതുകൊണ്ടു തന്നെ അത് മനുഷ്യവിരുദ്ധമെന്നും. സമഷ്ടിവാദ രാഷ്ട്രങ്ങളിലാകട്ടെ അതിന് ഗൗരവമാർന്ന വിവക്ഷകൾ വേറെയുമുണ്ട്. സർവാധികാരവും കേന്ദ്രീകരിക്കുന്ന ഭരണകൂടത്തെ അത് അനിവാര്യമാക്കുന്നു. ഈ രാജ്യങ്ങളിൽ ഉൽപ്പാദനശക്തികളുടെ വികസനം ഉറപ്പുവരുത്തുന്നതും അതിനാവശ്യമായ മൂലധനം സ്വരൂപിക്കുന്നതും പാർട്ടി ഭരണകൂടമാണ്. അതിന്റെ നടത്തിപ്പുകാർ ജനങ്ങളുടെമേൽ ഒരു പുതിയ ഭരണവർഗമായി നിലയുറപ്പിക്കുന്നു, കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു, അമിതഭാരം കെട്ടിവയ്ക്കുന്നു, അടിച്ചമർത്തുന്നു-എല്ലാം ഉൽപ്പാദനശക്തികളുടെ വികസനമെന്ന പാവനലക്ഷ്യത്തിനായി. പാർട്ടിയുടെ കെട്ടുറപ്പിന്റെയും രാഷ്ട്ര പുരോഗതിയുടെയും പേരിൽ ഇവയെല്ലാം ന്യായീകരിക്കപ്പെടുന്നു. അങ്ങനെ തങ്ങളെ സൃഷ്ടിച്ച ജനങ്ങളെ, തങ്ങൾ ആരെയാണോ സേവിക്കേണ്ടത് അവരെ, പാർട്ടിയും ഭരണകൂടവും വഞ്ചിക്കുന്നു.
മാർക്സിസത്തെ കുറിച്ച് ഈ ദിശയിലുള്ള വിമർശനാത്മക ചിന്തയും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പതനത്തെക്കുറിച്ചുള്ള വിശകലനവുമാണ് ജേക്കബിൻ്റെ ‘ലെഫ്റ്റ് ടു റൈറ്റ്: ഡിക്ലൈൻ ഓഫ് കമ്മ്യൂണിസം ഇൻ ഇന്ത്യ'(2012) എന്ന പുസ്‌തകം. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗൗരവമായ പരിമിതിയായി ജേക്കബ് വിലയിരുത്തുന്നത് റഷ്യ, ചീന വലിയേട്ടന്മാരോടുള്ള ദാസ്യമനോഭാവത്തെയാണ്. ഇന്ത്യൻ ഭരണകൂടത്തിന്റെ സ്വഭാവം വിശകലനം ചെയ്യുന്നതിലും ദേശീയതകളുടെ സ്വയം നിർണയാവകാശം അംഗീകരിക്കുന്നതിലും ജാതിവ്യവസ്ഥയോടുള്ള സമീപനം രൂപവൽക്കരിക്കുന്നതിലും പ്രസ്ഥാനത്തിനു വന്ന പാളിച്ചകളുടെ കാരണം ഈയൊരു ദാസ്യമനോഭാവമാണ് എന്നാണ് ജേക്കബിൻ്റെ പക്ഷം. ഈ വിമർശനം തീർത്തും മൗലികമെന്നു പറയാനാവില്ല.
ജേക്കബ് സായുധസമരത്തെ ഒരുനാളും കേവലമായി ഉയർത്തിപ്പിടിക്കുകയൊ തള്ളിക്കളയുകയോ ചെയ്‌തില്ല. തന്റെ ബൗദ്ധിക ജീവിതത്തിന്റെ അവസാനഘട്ടത്തിലും ഇതിൽ മാറ്റമുണ്ടായില്ല. അതുപോലെ തന്നെ പുതുകൊളോണിയലിസത്തിന് എതിരും ദേശീയ സ്വയം നിർണയാവകാശത്തിന് അനുകൂലവുമായ നിലപാടുകൾ. ഒരൊറ്റ നിലപാടിൻ്റെ ഇരുവശങ്ങളായിട്ടായിരുന്നു ജേക്കബ് അവയെ കണ്ടത്. അത് ശരിയായിരുന്നുതാനും. യൂറോ കേന്ദ്രിത മാർക്‌സിസത്തിനു പകരമുള്ള സാമൂഹികമാറ്റ തത്വശാസ്ത്രത്തിനുള്ള അന്വേഷണമായിരുന്നു ജേക്കബിൻ്റെ ബൗദ്ധികജീവിതത്തിൻ്റെ അവസാനഘട്ടത്തിന്റെ കാതൽ. ജാതിയോടുള്ള ഗാന്ധിയുടെ സമീപനം ജേക്കബിന് ഒട്ടുംതന്നെ സ്വീകാര്യമായിരുന്നില്ലെങ്കിലും അനുയോജ്യ സാങ്കേതികവിദ്യയിലൂടെയും ഉപഭോഗം ചുരുക്കിയും ഉൽപ്പാദനശക്തികളുടെ അപരിമിത വികസനത്തിന് എതിർനിൽക്കുന്ന ഗാന്ധിയെ ജേക്കബ് അംഗീകരിച്ചു. ഇതിന്റെ ഭാഗമായാണ് ജേക്കബ് പ്രാഞ്ജലിയുമൊത്ത് ഗാന്ധിശിഷ്യനായ ജെ.സി കുമരപ്പയുടെ ഏറെക്കുറെ മുഴുവൻ സമ്പദ്ശാസ്ത്ര രചനകളും സമാഹരിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും. മറുപുറത്ത്, അംബേദ്കർ മുന്നോട്ടുവച്ച ജാതി വ്യവസ്ഥയുടെ രാഷ്ട്രീയ-സമ്പദ് വിശകലനം ജേക്കബിനെ ആകർഷിച്ചു. എന്നാൽ അദ്ദേഹം ഉയർത്തിക്കാട്ടിയ വികസനത്തിൻ്റെ പാശ്ചാത്യമാതൃക ജേക്കബിന് സ്വീകരിക്കാൻ കഴിയുമായിരുന്നില്ല.
ജേക്കബിനെ വേറിട്ടു നിർത്തുന്നതെന്ത്? എന്തു ചിന്തിച്ചു, ഏതു നിലപാടെടുത്തു, എങ്ങനെ എഴുതി എന്നിവയെക്കാളേറെ അവയിലെല്ലാം നിറഞ്ഞുനിൽക്കുന്ന സത്യസന്ധത. സമഷ്ടിവാദത്തിൻ്റെ അടിസ്ഥാനമൂല്യങ്ങൾ ജേക്കബ് ഒരിക്കലും കൈയൊഴിഞ്ഞില്ല, ഭൗതികജീവിതത്തിലായാലും ബൗദ്ധികജീവിതത്തിലായാലും. ഇതാണ് ആസ്ഥാന ബുദ്ധിജീവികളിൽനിന്ന് ജേക്കബിനെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടുതന്നെ ഗൺസല്യൂട്ടിന്റെ അകമ്പടിയോടെയല്ല, രഹസ്യപോലിസിൻ്റെ സാന്നിധ്യത്തിലാണ് ജേക്കബ് ഇവിടം വിട്ടത്.
(അവസാനിച്ചു)
കടപ്പാട് : പുസ്തക പ്രസാധക സംഘം പ്രസിദ്ധീകരിച്ച പുസ്തകം
Featured Image, T G Jacob/ Photo Saji P Mathew, Wayanad
