കീഴാള സ്വത്വരാഷ്ട്രീയത്തിന്റെ സാധ്യതകളിൽ ‘പുതിയ ജനായത്തം’ രൂപപ്പെടട്ടെ 

കീഴാള സ്വത്വരാഷ്ട്രീയത്തിന്റെ സാധ്യതകളിൽ ‘പുതിയ ജനായത്തം’ രൂപപ്പെടട്ടെ 

ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നവർ ഫാസിസ്റ്റുകളോ ഭീകരവാദികളോ അല്ലെങ്കിൽ അവർക്ക് കൂട്ടുനിൽക്കുന്നവരോ ആയി ചിത്രീകരിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടായിരിക്കും വർത്തമാന സാഹചര്യത്തിൽ ഈ സാഹസത്തിന് അധികമാരും മുതിരാത്തത്. ജനാധിപത്യത്തിലെ ‘ആധിപത്യത്തെ’ എന്തുചെയ്യണമെന്നും ഈ അധികാര സ്വരൂപത്തിന് മുതലാളിത്തവുമായുള്ള ബന്ധം എന്തെന്നും അന്വേഷിക്കേണ്ടതുണ്ട്. വർഗ്ഗ രാഷ്ട്രീയത്തെയും കീഴാള സ്വത്വ രാഷ്ട്രീയത്തെയും ഒരേ തലത്തിൽ പ്രതിഷ്ഠിക്കാൻ കഴിയില്ല.

സാമൂഹ്യ നീതി, ജനാധിപത്യം, കീഴാള സ്വരാജ് തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച എ കെ രവീന്ദ്രന്റെ കുറിപ്പുകൾ.-2

ജനങ്ങളുടെ സ്വയംഭരണമല്ല ജനാധിപത്യം എങ്കിലും അങ്ങനെയാണെന്നാണ് പൊതുവിശ്വാസം. ഇവ തമ്മിലുള്ള വ്യത്യാസം ഈയിടെയായി ചർച്ച ചെയ്യപ്പെടാത്തതുകൊണ്ടാണ് ഈ പൊതുവിശ്വാസം നിലനിൽക്കുന്നത്. ജനാധിപത്യത്തെ അടിസ്ഥാനപരമായി ചോദ്യം ചെയ്യാൻ അനുവദിക്കുന്ന സാമൂഹിക സാഹചര്യമല്ല നിലവിലുള്ളത്. ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നവർ ഫാസിസ്റ്റുകളോ ഭീകരവാദികളോ അല്ലെങ്കിൽ അവർക്ക് കൂട്ടുനിൽക്കുന്നവരോ ആയി ചിത്രീകരിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടായിരിക്കും വർത്തമാന സാഹചര്യത്തിൽ ഈ സാഹസത്തിന് അധികമാരും മുതിരാത്തത്. ജനാധിപത്യത്തിലേക്ക് തിരിച്ചു വരുന്നതിൽ കവിഞ്ഞൊരു വിപ്ലവം കമ്മ്യൂണിസ്റ്റുകളിൽ നിന്നുപോലും പ്രതീക്ഷിക്കാനാകാത്ത ഒരു കാലം! തന്നെയുമല്ല ആശയതലത്തിൽ ജനാധിപത്യത്തെ ക്രിയാത്മകമായി ചോദ്യം ചെയ്യുന്നതിന്  പ്രായോഗികതലത്തിൽ അതിൻ്റെ പരിഷ്കൃതമായ നിലനിൽപ്പ് ഉറപ്പാക്കേണ്ടതും ഉണ്ടല്ലോ.

ഏതു ജനാധിപത്യവും ജനങ്ങളെ രണ്ടായി വിഭജിക്കുന്നു; ജനങ്ങളെന്നും ജനവിരുദ്ധരെന്നും. ‘ജനങ്ങൾ’ എന്ന് സ്വയം അവകാശപ്പെടുന്ന ഒരു വിഭാഗം തങ്ങൾ അല്ലാത്തവരെയൊക്കെ ഏറ്റക്കുറച്ചിലോടെ ‘ജനശത്രു’ക്കളായി കണക്കാക്കുന്ന പ്രവണത ജനാധിപത്യ പരികല്പനയുടെ അടിസ്ഥാന സ്വഭാവമാണെന്നർത്ഥം. കർതൃ നിരപേക്ഷവും വസ്തുവത്കൃതവുമായ ജനസങ്കല്പം ആണ് അതിനുള്ളത്. ‘ജനങ്ങൾ’ ആവർത്തിച്ച് വിഭജിക്കപ്പെടുന്ന അവസ്ഥ! കൂടുതൽ നിയമങ്ങൾ, വർദ്ധിച്ച അധികാര പ്രയോഗം. ഇതാണ് അതിൻറെ മുഖമുദ്ര.

അതുപോലെ ജനാധിപത്യത്തിലെ ‘ആധിപത്യത്തെ’ എന്തുചെയ്യണമെന്നും ഈ അധികാര സ്വരൂപത്തിന് മുതലാളിത്തവുമായുള്ള ബന്ധം എന്തെന്നും അന്വേഷിക്കേണ്ടതുണ്ട്. ആധിപത്യത്തിന് അധികാരം കൂടിയേ തീരൂ. ഭരണകൂട അധികാരമാകട്ടെ ഏത് ജനവിഭാഗത്തിന്റെ പേരിലായാലും അന്തിമമായി ജനവിരുദ്ധമാകാതെ വയ്യ. ‘കീഴാള ജനാധിപത്യം’ എന്ന സങ്കൽപ്പവും ഈ പരിമിതി പേറുന്നുണ്ട്. ജനാധിപത്യത്തിനകത്തെ ഈ അടിസ്ഥാന വൈരുദ്ധ്യത്തെ അഭിസംബോധന ചെയ്യേണ്ടിയിരിക്കുന്നു.

കീഴാള സ്വത്വബോധം

ലിബറൽ സ്വത്വരാഷ്ട്രീയത്തിന്റെ പരിമിതികളെ കീഴാള  സ്വത്വരാഷ്ട്രീയത്തിന്റെ തന്നെ പരിമിതികളായി ചിത്രീകരിക്കുന്നതും ശരിയല്ല. ജന്മനാ മുദ്രിതമായ വർണ്ണ-വംശ-ജാതി-ലിംഗ സ്വത്വങ്ങളുടെ പേരിൽ തങ്ങൾ വിവിധ തലങ്ങളിൽ അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയരാകുന്നതെങ്ങനെയെന്നും അതിൽനിന്ന് വിമുക്തരാകുവാൻ എന്ത് വഴിയെന്നും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിനെയാണ് കീഴാള സ്വത്വരാഷ്ട്രീയം എന്ന് പറയുന്നത്. വർഗ്ഗ രാഷ്ട്രീയം കീഴാള സ്വത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രതിനിധാന ഹിംസയിലൂടെ ദുർബലപ്പെടുത്താനും തമസ്കരിക്കാനും കീഴ്പ്പെടുത്താനും മറ്റും ശ്രമിക്കുന്നതുപോലെ തിരിച്ച് സംഭവിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. വർഗ്ഗ രാഷ്ട്രീയത്തെയും കീഴാള സ്വത്വ രാഷ്ട്രീയത്തെയും ഒരേ തലത്തിൽ പ്രതിഷ്ഠിക്കാൻ ആവില്ലെന്ന് ചുരുക്കം. ആദ്യത്തെതിന് പരിമിതികൾ ആണ് കൂടുതലെങ്കിൽ രണ്ടാമത്തെതിന് സാധ്യതകളാണ് കൂടുതലുള്ളത്.

അതേസമയം ലിബറൽ സ്വത്വ രാഷ്ട്രീയം മേൽത്തട്ട് സ്വത്വ രാഷ്ട്രീയമാണ്. അത് ‘പൊതുസമൂഹ’ത്തിന്റെ ‘പൊതുബോധ’മായാണ് സ്വയം ആവിഷ്കൃതമാകുന്നത്. സ്വന്തം സ്വത്വം യഥാർത്ഥത്തിൽ എന്തെന്ന് വെളിപ്പെടുത്താൻ അത് തയ്യാറല്ല. തങ്ങളുടേതാണ് നിലവാരപ്പെട്ട മനുഷ്യ സങ്കല്പമെന്നും കീഴാള ജനതയെ പ്രതിനിധാനം ചെയ്ത് അവരെ പരിഷ്‌ക്കരിച്ചെടുക്കേണ്ടത് സ്വന്തം കടമയാണെന്നും ഈ മേൽത്തട്ട് സ്വത്വ ബോധത്തിന്റെ വക്താക്കൾ കരുതുന്നു. മേൽത്തട്ട് സ്വത്വ ബോധത്തിലെ വിള്ളൽ പൊതു സമൂഹത്തിന്റെ തന്നെ വിഘടനമായാണ് ലിബറലിസം ചിത്രീകരിക്കുക. കീഴാള ജനത സ്വന്തം കാലിൽ നിൽക്കാനോ സ്വയംഭരണത്തിനോ പ്രാപ്തരല്ലെന്നും അക്കാരണത്താൽ അവർക്കുമേൽ തങ്ങൾക്ക് സംരക്ഷണാധികാരം ഉണ്ടെന്നുമാണ് ലിബറൽ സ്വത്വ രാഷ്ട്രീയം കരുതുന്നത്. സ്വത്വ രാഷ്ട്രീയമെന്നാൽ മേൽത്തട്ട് മത-ജാതി രാഷ്ട്രീയമാണെന്നും അതിനു വളം വച്ച് കൊടുക്കുകയാണ് കീഴാള ഉയിർത്തെഴുന്നേൽപ്പുകൾ ചെയ്യുന്നതെന്നും വർഗ്ഗ രാഷ്ട്രീയക്കാർക്ക് വാദിക്കാനാവുന്നത് അവരും ഇതേ ലിബറലിസ്റ്റ് മനോഭാവം വച്ചുപുലർത്തുന്നത് കൊണ്ടാകുന്നു. 

ജനനവുമായി ബന്ധപ്പെട്ട കീഴാള സ്വത്വങ്ങളുമായി മത സ്വത്വബോധത്തെ കൂട്ടിക്കുഴയ്ക്കാനാവില്ല. നാരായണഗുരു വിവക്ഷിച്ച ‘പലമത സാരവുമേകം’ എന്ന സങ്കൽപ്പത്തെ മുൻനിർത്തുന്നില്ലെങ്കിൽ ഏതൊരു മത സ്വത്വ ബോധവും അന്യ മതവിദ്വെഷത്തിലേക്ക് നയിക്കാനിടയുണ്ട്. മതം പൂർണ്ണമാവുന്നത് എല്ലാ മതങ്ങളുടെയും അന്തർഗതങ്ങളിലെ ഏകത്വത്തിൽ ഊന്നുമ്പോൾ മാത്രം ആണ്. ആത്മീയതയുടേതായ ഈ ഏകത്വ ഭാവന സംരക്ഷിച്ചുകൊണ്ടല്ലാതെ വ്യത്യസ്തങ്ങളായ മത സ്വത്വ ബോധത്തെ അഭിമുഖീകരിക്കുന്നത് ലിബറലിസ്റ്റ് ചതിക്കുഴികളിലേക്ക് എടുത്തു ചാടലേ ആവൂ. 

എന്തുകൊണ്ട് കീഴാളം?

പഴയ സ്വർഗ്ഗ നരക സങ്കൽപ്പത്തിന്റെ അതേ മാതൃകയിലാണ് സാമ്പ്രദായിക അർത്ഥത്തിൽ മേലാള-കീഴാള പരികല്പനകൾ മനസിലാക്കപ്പെടുന്നത്. നമ്മൾ എന്തിനു കീഴാളർ എന്ന അടിത്തട്ട് നരകത്തിൽ കിടക്കണം? സ്വർഗത്തിൽ പോകാൻ അല്ലെ ഏവരും ആഗ്രഹിക്കുക? പ്രത്യേകിച്ച് ജാതി വ്യവസ്ഥയിലെ മേലാള കീഴാള വിഭാഗങ്ങൾ ജന്മനാ നിർണ്ണയിക്കപ്പെടുന്ന കേവല ദ്വന്ദങ്ങൾ ആകയാൽ മേൽത്തട്ടിലേക്കു അടുത്ത ജന്മത്തിലെങ്കിലും കയറിപ്പറ്റലല്ലേ കീഴ്ത്തട്ടു വിഭാഗങ്ങൾക്ക് അഭികാമ്യം? ആയതിനുള്ള ഇച്ഛാ ശക്തിയും പരിശ്രമവുമല്ലേ വേണ്ടത്?

സ്വർഗ്ഗ നരക സങ്കൽപ്പത്തിലായാലും ജാതി വ്യവസ്ഥയിലായാലും അടിത്തട്ട് ജനതകൾ കർമ്മം കൊണ്ടും ജന്മം കൊണ്ടും പാപികളും നികൃഷ്ടരുമാണ്. അതുകൊണ്ടു തന്നെ അടിത്തട്ടിൽ നിന്ന് പുറത്തുകടക്കലും മേൽത്തട്ട് സ്വർഗ്ഗ പ്രാപ്തിയുമാണ് പരമ പ്രധാനം. മേൽത്തട്ടിനെ മാതൃകയാക്കി ഉരുവം കൊള്ളുന്ന ഇത്തരം ബോധ നിർമ്മിതികൾ ഏതു വിഭാഗത്തിന്റെ താല്പര്യങ്ങളെയാണ് സംരക്ഷിക്കുന്നതെന്ന് ആത്മാഭിമാനമുള്ള കീഴാള വിഭാഗങ്ങൾക്ക് സൂക്ഷമ വിശകലനത്തിൽ എളുപ്പം മനസിലാക്കാൻ കഴിയും.  

കീഴാള സ്വയംഭരണമാകട്ടെ, കീഴാള ലിബറൽ ജനാധിപത്യ പരികല്പനയിൽ നിന്ന് മൗലികമായി വ്യത്യസ്ഥമാണ്. ‘കീഴാളം’ മേലാളത്തിന്റെ വാച്യമായ വിപരീതം അല്ല. പ്രകൃതിയെ പോലെ ഉർവ്വരത, പ്രത്യുൽപാദനപരത, സ്വാശ്രയക്ഷമത എന്നിവയാൽ സമ്പന്നരാണ് കീഴാള ജനത. കീഴാള ജനതയെ ആശ്രയിക്കാതെ നിലനിൽപ്പില്ലാത്തതിനാൽ അധികാരപ്രയോഗത്തിലൂടെ അവരെ അധിനിവേശപ്പെടുത്തി മാത്രം നിലനിൽക്കുന്നവരാണ് മേലാളവിഭാഗം. അതുകൊണ്ടുതന്നെ കീഴാള ജനതയെ സംബന്ധിച്ചിടത്തോളം സ്വയംഭരണം (സ്വരാജ്) അങ്ങേയറ്റം സുസാധ്യവും വിമോചനാത്മകവും ആകുന്നു. അതുകൊണ്ട് ജനാധിപത്യ പ്രക്രിയകളിൽ സജീവമായി ഇടപെട്ടുകൊണ്ട് തന്നെ സൂക്ഷ്മ രാഷ്ട്രീയ തലത്തിൽ കീഴാള സ്വയംഭരണത്തിനു വേണ്ടി ശ്രമിക്കുകയല്ലേ അഭികാമ്യം?

A K Ravindran

A K Ravindran

എ കെ രവീന്ദ്രൻ 1969 മുതൽ അടിയന്തിരാവസ്ഥ പിൻവലിക്കുംവരെ നക്സലൈറ്റ് അനുഭാവിയായിരുന്നു. തുടർന്ന് 1983 വരെ വിശാല ഇടതുപക്ഷ അന്വേഷണങ്ങളിൽ പങ്കാളി. ശേഷം നവസാമൂഹിക പ്രസ്ഥാനങ്ങളുടെ സഹചാരി. ഇപ്പോൾ ചാലക്കുടിക്കടുത്തുള്ള മുരിങ്ങൂരിൽ താമസം. കീഴാള സൂക്ഷ്മ രാഷ്ട്രീയം മലയാള ചിന്തകരിലൂടെ ഒരന്വേഷണം, കീഴാള സ്വരാജ്, നല്ലത് പ്രകൃതി ചികിത്സയോ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

View All Articles by A K Ravindran

Share Article
Whatsapp Email