
അവർണ്ണരിലെ സംസ്കൃതജ്ഞാനം: ഭൂതകാലം മൊത്തം ബ്രാഹ്മണിസത്തിനു പതിച്ചു കൊടുക്കരുത്
എന്തുകൊണ്ടാണ് കേരളത്തിൽ അവർണ്ണർക്ക് അക്ഷരം പഠിക്കാൻ അവകാശമില്ലായിരുന്നു എന്ന പൊതു ചരിത്രബോധം രൂപപ്പെട്ടത്? എന്തുകൊണ്ടാണ് കണിയാനിലും ഈഴവനിലും ആശാരിയിലും നിലനിന്ന തൊഴിൽ വൈദഗ്ദ്ധ്യത്തിൻ്റെ സംസ്കൃത സാക്ഷരതയെയും കുടിപ്പള്ളിക്കൂടങ്ങളിലെ അധ:സ്ഥിത ആശാട്ടിമാരെയും നമ്മൾ വേണ്ടത്ര കാണാതെ പോയത്? എന്തുകൊണ്ടാണ് സി.ഇ. 8-ാം നൂറ്റാണ്ടു മുതൽ പിടിമുറുക്കിയ ബ്രാഹ്മണ മേൽക്കോയ്മയിൽ അധ:കൃത സംസ്കൃത സാക്ഷര ധാരകൾ വറ്റിപ്പോകാതിരുന്നത്? അറിവും അക്ഷരജ്ഞാനവും ബ്രാഹ്മണരുടെ മാത്രം കുത്തകയായിരുന്നില്ലെന്ന് വിലയിരുത്തുന്ന അശോകകുമാർ വി യുടെ പഠനം.
കണിയാൻ, ആശാരി, ഈഴവർ
ചരിത്ര പാഠപുസ്തകങ്ങൾ നമ്മോടു പറയുന്നത് പണ്ട് അക്ഷരജ്ഞാനം ബ്രാഹ്മണരുടെ മാത്രം കുത്തകയായിരുന്നു എന്നാണല്ലോ. മറ്റാരും അക്ഷരം പഠിക്കരുത് എന്നു നിബന്ധന നിലവിലുണ്ടായിരുന്നു എന്നതിനു തെളിവായി “ശൂദ്ര അക്ഷര സംയുക്തം ദൂരത: പരിവർജ്ജയേത് ” എന്ന മനുസ്മൃതി ഉദ്ധരണി എടുത്തു കാണിക്കാറുണ്ട്. എന്നാൽ കേരളത്തിൽ ശൂദ്രരിൽ പോലും പെടാത്ത മൂന്നു അധ:സ്ഥിത ജാതികൾക്കെങ്കിലും സംസ്കൃത ഭാഷാപ്രാവീണ്യത്തിൻ്റെ തനതായ പാരമ്പര്യം കാണാം. ആശാരിമാർ, കണിയാന്മാർ, ഈഴവർ എന്നിങ്ങനെ ഇന്നത്തെ ഒ. ബി.സി. വിഭാഗങ്ങളിൽ ഉൾപ്പെട്ടവരാണവർ. അതിനാൽ അക്ഷരജ്ഞാനത്തിൻ്റെയും അതുവഴിയുള്ള അറിവിൻ്റെയും പൂർവ്വകാല കുത്തക ബ്രാഹ്മണർക്കു മാത്രമായിരുന്നു, അല്ലെങ്കിൽ പിന്നീടതു സവർണ്ണർക്കു മാത്രമായി എന്ന പൊതുകാഴ്ചപ്പാടിനെ ചോദ്യം ചെയ്യുന്നു കേരളത്തിലെ കണിയാൻ, ആശാരി, ഈഴവരിലെ അധഃസ്ഥിത സംസ്കൃത പാരമ്പര്യം.
വേദത്തിൻ്റെയോ വിശ്വാസത്തിൻ്റെയോ ആചാരാനുഷ്ഠാനങ്ങളുടെയോ ഭാഷയെന്ന നിലയിലല്ല അധ:സ്ഥിത ജാതികളിലെ സംസ്കൃത പഠനം കാണപ്പെടുന്നത്. കണിയാന്മാർക്കും ആശാരിമാർക്കും ഈഴവർക്കും അവരുടെ തൊഴിലിൻ്റെ ഭാഗമായിരുന്നു സംസ്കൃത ഭാഷാജ്ഞാനം. ഞാറ്റുവേലയെ വലം വെയ്ക്കുന്ന കേരളീയ കാർഷിക ജീവിതത്തിൽ കണിയാൻ കവടി നിരത്തി പറയുന്ന വിഷുഫലം ഒരു കൊല്ലത്തെ കാലാവസ്ഥാപ്രവചനമാണ്.
കാലാവസ്ഥാ പ്രവചനം വാനശാസ്ത്രത്തിൻ്റെ ഭാഗമാണെങ്കിൽ, ആകാശഗോളങ്ങളെ വെച്ചു മനുഷ്യരുടെ ഭാവിപ്രവചനമാണല്ലോ ജ്യോതിഷം. ഈ രണ്ടു പ്രവചനങ്ങളുടെയും കേരളീയ അധികാരികൾ സംസ്കൃതജ്ഞാനികളായ കണിയാന്മാരാണ്. അവർ കാലാവസ്ഥയെ ഗണിക്കുന്നതിനാൽ ഗണകന്മാർ ആയി. യഥാർത്ഥത്തിൽ കേരളീയ ഗണിതശാസ്ത്ര പാരമ്പര്യം കണിയാന്മാരിൽ തുടങ്ങുന്നതാണോ എന്ന അന്വേഷണം വേണ്ടതുണ്ട്. ജീവിതോപാധിയെന്ന നിലയിൽ ഗണിതശാസ്ത്രം വിട്ടു കണിയാന്മാർക്കു വ്യാവഹാരിക ജീവിതത്തിൽ ജനപ്രിയമായ ജ്യോതിഷവൃത്തിയിൽ പിന്നീട് ഒതുങ്ങേണ്ടി വന്നിരിക്കാം.
ഗണിതത്തിൻ്റെ തനി മലയാളവാക്കാണല്ലോ കണക്ക്. കണിയാനും കണക്കുമായി നേരിട്ടു തന്നെ ബന്ധപ്പെടുന്നു. കേരളത്തിൽ കണിയാന്മാർ പല പേരുകളിലാണ് (ഗണകൻ, കളരിപ്പണിക്കർ, കളരികുറുപ്പ്, കണിശൻ, കണിയാൻ, കണിയാർ പണിക്കർ) പ്രാദേശികമായി അറിയപ്പെടുന്നത്. മലബാറിൽ കണിയാനെ കാണുന്നതിന് ‘പണിക്കരെ കാണുക’ എന്നു പറയും. പേരിനൊപ്പം പണിക്കർ എന്നു കാണാം ഇവർക്കു മലബാറിൽ. ജ്യോതിഷവൃത്തിക്കു പുറമേ കണിയാന്മാർ നിലത്തെഴുത്തു കളരിയാശാന്മാരും കളരിപ്പയറ്റുകാരും വൈദ്യന്മാരും കൂടിയാണ്. നിലത്തെഴുത്തിൽ അക്ഷരപഠനം മാത്രമല്ല പ്രാഥമിക ഗണിതവും പെടും. കേരളത്തിലെ സാക്ഷരതയുടെ പഴയകാല ചരിത്രമെഴുതിയ ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞ കാത്‌ലീൻ ഗോഫ് (Kathleen Gough) പറയുന്നത് രാജാക്കന്മാർക്കും കുലീനർക്കും ബ്രാഹ്മണർ ചെയ്യുന്ന സേവനങ്ങൾ കണിയാൻ അധ:സ്ഥിത ജാതികൾക്കു ചെയ്തു കൊടുത്തുവെന്നാണ്.
ബി.സി.ഇ. 6 -ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്നു കരുതുന്ന വരാഹമിഹിരൻ മുതൽ ഇങ്ങോട്ടുള്ള ജ്യോതിഷ പണ്ഡിതരുടെയും ജ്യോതിശാസ്ത്രഞ്ജരുടെയും സംസ്കൃത ഗ്രന്ഥങ്ങൾ പഠിച്ചവരും അതുവെച്ച് ഈ തൊഴിലുകളിൽ ഏർപ്പെട്ടവരുമാണ് കണിയാന്മാർ. സി. ഇ. എട്ടാം നൂറ്റാണ്ടു മുതൽ കേരളത്തിൽ ബ്രാഹ്മണാധിപത്യം ശക്തിപ്പെട്ടെങ്കിലും ചാതുർവർണ്ണ്യത്തിൻ്റെയോ മനുസ്മൃതിയുടെയോ വിലക്കുകൾക്കൊന്നും തന്നെ കണിയാന്മാരുടെ സംസ്കൃത ഭാഷാ പാരമ്പര്യത്തെ ചോദ്യം ചെയ്യാനോ അതിനെ ഇല്ലായ്മ ചെയ്യാനോ കഴിഞ്ഞില്ല.
എന്നാൽ ബ്രാഹ്മണാധിപത്യം ശക്തമായതോടെ കണിയാൻ്റെ സംസ്കൃതഭാഷാ ജ്ഞാനത്തിൻ്റെയും അതിലൂടെ ദൃഢമായ ജ്യോതിശാസ്ത്ര – ജ്യോതിഷ തൊഴിൽ വൈദഗ്ദ്ധ്യത്തിൻ്റെയും പിതൃത്വം പലപ്പോഴും ബ്രാഹ്മണ്യം കൈവശപ്പെടുത്തുന്നതു കാണാൻ കഴിയും. ഉദാഹരണമായി പാഴൂർ പടിപ്പുരയിലെ കണിയാൻ കുടുംബം ഉടലെടുക്കുന്നത് ബ്രാഹ്മണ ബീജത്തിൽ നിന്നാണെന്നു ഐതിഹ്യം ഉണ്ട്. വഴിപോക്കനായ മലബാറുകാരനായ ജ്യോതിഷ പണ്ഡിതൻ തലക്കുളത്തൂർ ഗോവിന്ദൻ ഭട്ടതിരി ബ്രാഹ്മണഗൃഹമെന്നു കരുതി പാഴൂർ കണിയാൻ്റെ വീട്ടിൽ അന്തിയുറങ്ങി സന്തതി ഉണ്ടാവുകയും, പിന്നീട് ഈ കുട്ടിക്ക് ഭട്ടതിരി തന്നെ ജ്യോതിഷപാഠങ്ങൾ പഠിപ്പിക്കുകയും ചെയ്തുവത്രേ. കോഴിക്കോട്ടും കൊച്ചിയിലുമുള്ള കണിയാന്മാർ തമിഴ് ബ്രാഹ്മണപാരമ്പര്യം അവകാശപ്പെടുന്നതായി കാത്‌ലീൻ ഗോഫ് പറയുന്നുണ്ട്.
തച്ചുശാസ്ത്ര വിശാരദരായ ആശാരിമാരുടെ കുടുംബങ്ങളിൽ സിദ്ധരൂപം, അമരകോശം തുടങ്ങിയ പുസ്തകങ്ങൾ വഴി പരമ്പരയാ സംസ്കൃതഭാഷാപഠനം പതിവുണ്ടായിരുന്നു. ശില്പരത്നം, മനുഷ്യാലയ ചന്ദ്രിക പോലുള്ള വാസ്തുവിദ്യാ ഗ്രന്ഥങ്ങൾ ഏറെയും സംസ്കൃതഭാഷയിൽ എഴുതപ്പെട്ടതിനാൽ സംസ്കൃതഭാഷാപഠനം ആശാരിമാർക്ക് തച്ചുശാസ്ത്ര പഠനത്തിലേക്കുള്ള വഴിയാണ്. പുതിയ കാലത്ത് തണ്ണീർമുക്കം വാസു ആചാരിയെ പോലുള്ള തച്ചുശാസ്ത്ര പണ്ഡിതന്മാർ പല സംസ്കൃത തച്ചുശാസ്ത്രകൃതികളും മലയാളത്തിലേക്കു വിവർത്തനം ചെയ്തു; സ്വതന്ത്ര രചനകൾ നടത്തി. ക്ഷേത്രങ്ങളുടെയും കോവിലകങ്ങളുടെയും നാലുകെട്ടുകളുടെയും കേരളീയ സിവിൽ എഞ്ചിനീയർമാരും ആർക്കിടെക്റ്റുകളുമായ ആശാരിമാരിൽ പലരും അതിനാൽ തന്നെ പരമ്പരായ സംസ്കൃതജ്ഞാനികളായിരുന്നു. ശാസ്ത്രസാങ്കേതികവിദ്യയുടെ ഭാഷയെന്ന നിലയിലാണ് സംസ്കൃതം തച്ചുശാസ്ത്രജ്ഞരിൽ എത്തിച്ചേരുന്നത്.
കേരളത്തിലെ ആര്യവൈദ്യ പാരമ്പര്യത്തിൽ ഈഴവർക്കു വലിയ സ്ഥാനമുണ്ട്. ഈ പാരമ്പര്യത്തിൻ്റെ ഒന്നാന്തരം തെളിവ് 17-ാം നൂറ്റാണ്ടിൽ ചേർത്തല കടക്കരപ്പള്ളിയിൽ ജീവിച്ചിരുന്ന കൊല്ലാട്ട് ഇട്ടി അച്ചുതൻ വൈദ്യർ തന്നെ. ഡച്ചുകാലത്ത് കേരളത്തിലെ ഔഷധ സസ്യവിജ്ഞാനം “ഹോർത്തൂസ് മലബാറിക്കൂസ് ” എന്ന പേരിൽ പുസ്തകമായി പുറത്തു വന്നതിൽ പ്രധാനമായും കടപ്പെട്ടിരിക്കുന്നത് ഇട്ടി അച്ചുതനോടാണല്ലോ. ഈഴവരിൽ സംസ്കൃത പരിജ്ഞാനം വൈദ്യവൃത്തിയുടെ ഭാഗമായി ശക്തമായി തന്നെ പണ്ട് നിലനിന്നിരുന്നു എന്നതിനു ഇട്ടി അച്ചുതനോളം നല്ല ഉദാഹരണം വേറെയില്ല. തന്നെയുമല്ല അന്ന് സവർണ്ണരിൽ വൈദ്യ കുലപതികൾ ഉണ്ടായിരുന്നിട്ടും, അവരെയൊന്നും ആശ്രയിക്കാതെ, ഈഴവനായ ഇട്ടി അച്ചുതനെ ഡച്ചുകാർക്ക് കൊച്ചീരാജ്യ ഭരണാധികാരികൾ പരിചയപ്പെടുത്തി കൊടുത്തതും ശ്രദ്ധിക്കേണ്ടതാണ്.
18-ാം നൂറ്റാണ്ടിൽ 300 ലധികം ഈഴവവൈദ്യന്മാർ ഇവിടെ ഉണ്ടായിരുന്നുവെന്നു എം.ഡി. സുഭാഷ് ചന്ദ്രൻ്റെ പഠനത്തിൽ കാണുന്നു. കൊല്ലത്ത് ചാവർക്കോട്ട് വൈദ്യന്മാർ തിരുവിതാംകൂർ രാജാക്കന്മാരുടെ കൊട്ടാരം ചികിത്സകരും ചോളയിൽ കുഞ്ഞുമണി വൈദ്യർ കൊച്ചി രാജകുടുംബത്തിൻ്റെ വൈദ്യനുമായിരുന്നു. ജാതിവ്യവസ്ഥകൾ കർക്കശമായിരുന്നപ്പോഴും, അതിനകത്തും കേരളസമൂഹത്തിൽ നിലനിന്നിരുന്ന സംസ്കൃത ഭാഷാപരിജ്ഞാനത്തിലേക്കും ചികിത്സാ വൈദഗ്ദ്ധ്യത്തിലേക്കും തൊഴിൽപരമായ സ്വാതന്ത്ര്യത്തിലേക്കും ഇതു വഴി തുറക്കുന്നു.
അധ:സ്ഥിത കുടിപ്പള്ളിക്കൂടങ്ങൾ
കണിയാനും ആശാരിയും ഈഴവനും തങ്ങളുടെ തൊഴിലിലൂടെ സംസ്കൃതജ്ഞാനികളായി തീർന്നതു കടുത്ത അയിത്താചാരങ്ങൾ പുലർത്തിയിരുന്ന കേരളീയ ബ്രാഹ്മണ സംസർഗ്ഗത്തിലൂടെയാകാൻ വഴിയില്ല. കാത്‌ലീൻ ഗോഫിനെ പോലുള്ളവർ പോലും അവർണ്ണരിലെ സംസ്കൃത പാരമ്പര്യം ബ്രാഹ്മണരിൽ നിന്നാണെന്നു എഴുതിയിരിക്കുന്നു. എന്നാൽ ബ്രാഹ്മണ മേൽക്കോയ്മ ഇവിടെ ഉറപ്പിക്കപ്പെടുന്ന നാളുകൾക്കുമുന്നേ തന്നെ ഈ അധ:സ്ഥിത ജാതികളും സംസ്കൃതബന്ധവും ഇവരുടെ തൊഴിൽ വൈദഗ്ദ്ധ്യവും ഇവിടെ നിലനിന്നിരിക്കണം. കേരളത്തിൽ സംസ്കൃത ഭാഷ ഉയർച്ച നേടുന്നത് സി.ഇ. 5-6 നൂറ്റാണ്ടുകളിലാണെന്നും അഭിപ്രായമുണ്ട്. ഈ കാലം കേരളത്തിലെ ബൗദ്ധസംസ്കാര.പ്രാഭവത്തിൻ്റെതാണ്. ‘തെക്കേയിന്ത്യയിൽ സംസ്കൃതം പ്രചരിപ്പിച്ചതു ബ്രാഹ്മണരെന്ന ധാരണ ശരിയല്ല; സിലോണിലും തൊക്കേയിന്ത്യയിലും ബുദ്ധിസവും ജൈനിസവുമാണ് അതിനിടയാക്കിയ ‘തെന്നു എൻ.വി. കൃഷ്ണവാര്യർ പറയുന്നു.
കുടിപ്പള്ളിക്കൂടം കേരളത്തിൽ സാർവ്വത്രികമാകുന്നത് ബുദ്ധമാർഗ്ഗ വിശ്വാസ സംഘങ്ങളിലൂടെയാണല്ലോ. വടക്കേയിന്ത്യയിൽ പലയിടത്തും ഗുപ്തഭരണകാലത്ത് (സി.ഇ. 3-6 നൂറ്റാണ്ട്) ബ്രാഹ്മണവിശ്വാസ പദ്ധതികളും ക്ഷേത്രങ്ങളും മുൻതൂക്കം നേടിയപ്പോൾ കേരളത്തിൽ ബുദ്ധ – ജൈന വിശ്വാസധാരകൾ പ്രബലമായി തന്നെ നിലകൊണ്ടു. ബുദ്ധവിശ്വാസ സംഘങ്ങളിലൂടെയാകണം ജാതിഭേദമില്ലാതെ എഴുത്തും വിവിധ വിജ്ഞാനവിദ്യകളും ഇവിടെ സമൂഹത്തിൽ പകർന്നു കിട്ടിയത്.
പഴയ കുടിപ്പള്ളിക്കൂടത്തിൻ്റെ അവശേഷിപ്പുകളായി മലയാളനാട്ടിൽ ഇന്നും അപൂർവ്വം കാണുന്ന ആശാൻ കളരികളിൽ അക്ഷരവിദ്യ പഠിപ്പിക്കുന്നവർ ഏറെയും അവർണ്ണ ജാതികൾ തന്നെ. ഇത് അച്ചടിയും ആധുനിക വിദ്യാഭ്യാസവും വന്നതിനു ശേഷമുണ്ടായ വിപ്ലവമായി കരുതാനാവില്ല. എഴുത്തോലയിൽ നാരായം കൊണ്ടു അക്ഷരം കുറിയ്ക്കുന്ന ആശാട്ടിമാരുടെ പാരമ്പര്യത്തിനു കോളനിയുഗവും ബ്രാഹ്മണമേധാവിത്വവും പിന്നിട്ടു ശ്രമണ വിശ്വാസ കാലങ്ങളിലേക്കു പോകേണ്ടതുണ്ട്. പിന്നീട് ബ്രാഹ്മണാധിപത്യവും കോളനി ഭരണവും ജനായത്തവും വന്നിട്ടും മലയാളികളെ തെറ്റില്ലാതെ എഴുതാനും വായിക്കാനും പഠിപ്പിച്ചതിൽ നല്ല പങ്ക് ഈ അധ:സ്ഥിത കുടിപ്പള്ളിക്കൂടങ്ങൾക്കായിരുന്നു. നൂറു ശതമാനം സാക്ഷരതയിലേക്കും ഉയർന്ന വിദ്യാഭ്യാസത്തിലേക്കും കേരളത്തെ മുട്ടിച്ചതിൻ്റെ മുക്കാൽ ക്രെഡിറ്റും ഒരു പക്ഷേ നൂറ്റാണ്ടുകൾ പഴക്കമുള്ള അധ:കൃത സാക്ഷര പാരമ്പര്യത്തിനു അവകാശപ്പെട്ടതല്ലേ?
‘ഈ ജ്യോത്സരും ആശാന്മാരുമായ കണിയാന്മാർ അധ:സ്ഥിത ജാതികളിൽ സംസ്കൃത സാക്ഷരതയുടെ വാഹകരായിരുന്നു. മുൻകാലങ്ങളിൽ തന്നെ കേരളത്തിൽ സാക്ഷരത വർദ്ധിക്കാൻ ഇതു കാരണമായിട്ടുണ്ടാകും. മറ്റു ഇന്ത്യൻ പ്രദേശങ്ങളുമായി താരതമ്യം ചെയ്താൽ പണ്ടു മുതൽ തന്നെ കേരളീയർ ഉയർന്ന സാക്ഷരതാ നിരക്കുള്ളവരാ’ണെന്നു കാത്‌ലീൻ ഗോഫ് പറയുന്നുണ്ട്.
കേരളത്തിലെ ബൗദ്ധസംസ്കാരം, അവർണ്ണ സംസ്കൃതജ്ഞാനം, ആയുർവ്വേദം ഇവ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഒരുദാഹരണം എ.പി. ഉദയഭാനു എഴുതിയ “ഹേ! വൃക്ഷ: ” എന്ന ലേഖനത്തിൽ നിന്നും മനസ്സിലാക്കാം. ഉദയഭാനു ചെറുപ്പത്തിൽ സ്ക്കൂളിൽ പോകുമ്പോൾ വഴിയരികിലെ വൈദ്യശാലയിൽ നിന്നും സിദ്ധരൂപം ചൊല്ലുന്നതു കേട്ടിരുന്നു. ബുദ്ധപാരമ്പര്യത്തിൽ വൃക്ഷ: എന്ന ശബ്ദം വെച്ചാണ് സിദ്ധരൂപ പഠനം തുടങ്ങുന്നത്. എന്നാൽ ബ്രാഹ്മണ പഠനരീതിയിൽ വൃക്ഷ: എന്നതിനു പകരം രാമ: ശബ്ദം ഉപയോഗിക്കുന്നു. ബുദ്ധവിശ്വാസകാലം കേരളത്തിൽ സാർവ്വത്രികമാക്കിയ സിദ്ധരൂപ പഠനശൈലിയിൽ അകാരാന്ത പുല്ലിംഗത്തിന്റെ വിഭക്തി വൃക്ഷഃ വൃക്ഷൗ വൃക്ഷാഃ എന്നായിരുന്നു. എന്നാൽ ബ്രാഹ്മണാധിപത്യ കാലഘട്ടത്തിൽ ഇത് രാമഃ രാമൗ രാമാഃ ആയി മാറി. രാമനു പകരം ബുദ്ധൻ്റെ ബോധി വൃക്ഷത്തെ വെച്ചു സംസ്കൃത സാക്ഷരത നേടിയ അധ:സ്ഥിത പാരമ്പര്യത്തിലാണ് കണിയാനും ആശാരിയും ഈഴവനും പെടുന്നത്.
രാമനു പകരം വൃക്ഷത്തെ സ്ഥാപിച്ച ബോധിസത്വ ജനകീയത സംസ്കൃതത്തെ കേരളത്തിലെത്തിക്കുന്നത് ജാതിഭേദമില്ലാതെ പ്രായോഗിക ജീവിതത്തിനുതകുന്ന വൈജ്ഞാനിക ഭാഷ എന്ന നിലയിലാണ്; ദേവഭാഷയെന്ന അസ്പർശ്യത കല്പിച്ചിട്ടല്ല. കാലാവസ്ഥാ ശാസ്ത്രം, തച്ചു ശാസ്ത്രം, ആര്യവൈദ്യം തുടങ്ങിയ പ്രായോഗിക വിജ്ഞാനങ്ങളും കേരള അധ:സ്ഥിതരിൽ ജനകീയമാക്കുന്നതും ഈ ബുദ്ധപാരമ്പര്യം തന്നെയാകണം. സമൂഹത്തിൽ അധികാരത്തിൻ്റെയും സമ്പത്തിൻ്റെയും തട്ടുകളും അടിമത്തവും ബുദ്ധ- ജൈന കാലത്തും നിലനിന്നിരിക്കാമെങ്കിലും, ജാതിവിലക്കില്ലാതെ വിദ്യാഭ്യാസത്തിനും സ്വതന്ത്രമായ തൊഴിൽമേഖലകൾക്കും ബൗദ്ധവിശ്വാസ സംഘങ്ങൾ വാതിൽ തുറന്നിട്ടു കൊടുത്തിരിക്കണം ഇവിടെ.
കേരളീയ ആയുർവേദത്തിൽ ഏറെ പ്രചാരമുള്ള അഷ്ടാംഗഹൃദയം എഴുതിയ വാഗ്ഭടൻ ബുദ്ധവിശ്വാസിയാണെന്നും കരുതുന്നു. നമ്പൂതിരിമാർ ബൗദ്ധവിശ്വാസികളിൽ നിന്നും വൈദ്യം പഠിച്ചെന്നും, ബുദ്ധഭിഷഗ്വരന്മാർ പലരും നമ്പൂതിരിമാരായി മാറ്റപ്പെട്ടുവെന്നും പി.കെ. ഗോപാലകൃഷ്ണൻ പറയുന്നുണ്ട്.
നാഗരികതയും തച്ചുശാസ്ത്രവും
തച്ചുശാസ്ത്രത്തിൻ്റെ പ്രഭവം വേദങ്ങളാണെന്നു പലരും അവകാശപ്പെടുന്നുണ്ടെങ്കിലും ബി.സി.ഇ. 1500 നും 500 നും ഇടയിലെ വേദകാലം ഇന്ത്യയിൽ ഗ്രാമീണ ഇടയ ജീവിതകാലമാണ്; ക്ഷേത്രങ്ങളുടെയോ വിഹാരങ്ങളുടെയോ നഗര നിർമ്മിതികളുടെയോ വാസ്തുശില്പ കാലമല്ല വേദകാലം. വേദകാല യാഗങ്ങളിൽ ക്ഷേത്രങ്ങൾ എന്ന ശില്പവൈദഗ്ദ്ധ്യങ്ങളില്ല. ഇന്ത്യയിൽ വാസ്തുവിദ്യ വളരുന്നത് നഗരങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടാകണം. നഗരങ്ങൾ ഉണ്ടാകുന്നതാകട്ടെ വളരുന്ന വാണിജ്യ ബന്ധങ്ങളുടെയും പലവിധ കൈവേലകളുടെയും അനന്തരഫലമായിട്ടും.
ഹാരപ്പൻ സംസ്കാരത്തിനു ശേഷം ഇന്ത്യയിൽ നാഗരികത വീണ്ടും മുള പൊട്ടുന്നത് ബി. സി. ഇ. ആറാം നൂറ്റാണ്ടോടു കൂടി മഹാജനപദങ്ങളുടെ കാലത്താണെന്നു കരുതുന്നു. മഹാജനപദങ്ങളിലെ ബ്രാഹ്മണേതരമായ ശ്രമണ സംസ്കാരമാണ് ബുദ്ധ-ജൈന വിശ്വാസധാരകൾക്കു ആധാരം. ബുദ്ധ -ജൈന വിശ്വാസ പ്രഭാവകാലം കച്ചവടത്തിൻ്റെയും നഗരവൽക്കരണത്തിൻ്റെയും വാസ്തുവിദ്യാ നിർമ്മിതികളുടെയും കാലമത്രേ. ഗുപ്ത കാലഘട്ടം ആരംഭിക്കുന്ന സി.ഇ. മൂന്നാം നൂറ്റാണ്ടിനു മുമ്പുള്ള മൗര്യ, കുശാന, ശതവാഹന ഭരണകാലങ്ങൾ സ്തൂപങ്ങൾ, വിഹാരങ്ങൾ, ചൈത്യങ്ങൾ എന്നിങ്ങനെ വാസ്തുശില്പങ്ങളുടെ യുഗമാണ്. അജന്ത – എല്ലോറ വാസ്തുവിദ്യകൾ തന്നെ ഉദാഹരണം.
അതിനാൽ ഇന്ത്യൻ വാസ്തുവിദ്യാപാരമ്പര്യത്തിനു ഭൗതികമായ വളർച്ച സാധ്യമാക്കിയതു രണ്ടാം നാഗരികതയുടെ ബുദ്ധ- ജൈന കാലമാകണം. പിന്നീട് ഇതിലേക്കു ഗുപ്തകാലഘട്ടത്തിലും തുടർന്നും വിവിധ കൂട്ടിച്ചേർക്കലുകൾ കലരുകയുണ്ടി. പല ചരിത്ര അടരുകളുടെ സംയുക്ത രൂപമാണ് ഇന്നത്തെ വാസ്തുശാസ്ത്രം. പൗരോഹിത്യം പിടി മുറുക്കിയപ്പോൾ ഭൗതികവും പ്രായോഗികവുമായ നിർമ്മിതിശാസ്ത്രം ക്രമേണ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും മന്ത്രതന്ത്രങ്ങളുടെയും പുകമറയാൽ ഇന്നത്തെ വാസ്തുവിദ്യയായെന്നു പറയാം.
കേരളത്തിലെ ക്ഷേത്രങ്ങളും കെട്ടിടങ്ങളും വാസ്തുശില്പകലയിൽ ബൗദ്ധശൈലിയെ പിൻതുടരുന്നതായി പലരും കണ്ടെത്തിയിട്ടുണ്ട്. നാലുകെട്ടും നടുമുറ്റവുമുള്ള അമ്പലങ്ങളും അവിടങ്ങളിലെ അനുഷ്ഠാനങ്ങളും ബുദ്ധ -ജൈനരീതികളിൽ നിന്നും കടന്നു വന്നതാണെന്നു ഡോ. അജയ് ശേഖർ പറയുന്നുണ്ട്. ആശാരിയെ കേരളത്തിൽ തച്ചനെന്നും വിളിക്കും. “തക്ഷൻ” എന്നതിൻ്റെ തനി മലയാളമാണ് തച്ചൻ. സംസ്കൃതത്തിൽ “തക്ഷ” എന്നതിൻ്റെ അർത്ഥം കൊത്തുക, മുറിക്കുക, എന്നും മരപ്പണിക്കാർ, കൈവേലക്കാർ എന്നുമാണ്. കൈവേല, ആർക്കിടെക്റ്റ്, സാങ്കേതികവും പ്രായോഗികവുമായ അറിവ് എല്ലാം തക്ഷനിൽ ഉൾച്ചേരുന്നു.
ഹാരപ്പൻ നാഗരികതയ്ക്കു ശേഷം പ്രാചീന ഇന്ത്യയിൽ ബി.സി ആറാം നൂറ്റാണ്ടോടെയെങ്കിലും പ്രസിദ്ധിയാർജ്ജിച്ച നഗരമാണ് തക്ഷശില. മൗര്യ – കുശാന ഭരണകാലങ്ങളിൽ തക്ഷശില ബുദ്ധിസത്തിൻ്റെ സർവ്വകലാശാലയായി മാറി. മാത്രമല്ല വൈദ്യം, ജ്യോതിശാസ്ത്രം, ഗണിതം, രാഷ്ട്രതന്ത്രം എന്നീ വിഷയങ്ങളുടെ ഉന്നത കലാശാലയായിരുന്നു തക്ഷശില. മൂന്നാ നൂറ്റാണ്ടോടെ കേരളത്തിൽ പ്രചരിച്ച മഹായന ബുദ്ധിസത്തിൻ്റെ ഉത്ഭവകേന്ദ്രവും തക്ഷശിലയാണ്.
പുസ്തകവും ജീവിതവും
എന്തുകൊണ്ടാണ് കേരളത്തിൽ അവർണ്ണർക്ക് അക്ഷരം പഠിക്കാൻ അവകാശമില്ലായിരുന്നു എന്ന പൊതു ചരിത്രബോധം രൂപപ്പെട്ടത്? എന്തുകൊണ്ടാണ് കണിയാനിലും ഈഴവനിലും ആശാരിയിലും നിലനിന്ന തൊഴിൽ വൈദഗ്ദ്ധ്യത്തിൻ്റെ സംസ്കൃത സാക്ഷരതയെയും കുടിപ്പള്ളിക്കൂടങ്ങളിലെ അധ:സ്ഥിത ആശാട്ടിമാരെയും നമ്മൾ വേണ്ടത്ര കാണാതെ പോയത്? എന്തുകൊണ്ടാണ് സി.ഇ. 8-ാം നൂറ്റാണ്ടു മുതൽ പിടിമുറുക്കിയ ബ്രാഹ്മണ മേൽക്കോയ്മയിൽ അധ:കൃത സംസ്കൃത സാക്ഷര ധാരകൾ വറ്റിപ്പോകാതിരുന്നത്? എങ്ങനെയാണ് പാഴൂർ പടിപ്പുരയുടെയും പെരുന്തച്ചൻ്റെയുമെല്ലാം ജ്ഞാന- വൈദഗ്ദ്ധ്യത്തിൻ്റെ പിതൃത്വം മിത്തുകളിലൂടെ ബ്രാഹ്മണരിൽ വന്നു ചേരുന്നത്? എന്നുമുതലാണ് കണിയാന്മാരെയും ആശാരിമാരെയും പിന്തള്ളി വാസ്തുശാസ്ത്ര- ജ്യോതിഷങ്ങളുടെ അഗ്രിമസ്ഥാനമെന്ന പദവി കാണിപ്പയ്യൂർ നേടുന്നത്? മനുഷ്യരുടെ ഭൗതിക ലോകത്തിലെ പ്രായോഗിക ജീവിതപ്രശ്നങ്ങൾക്കു പ്രാധാന്യം നൽകിയ ബൗദ്ധസംസ്കാരത്തിൽ നിന്നും യാഗങ്ങളും മന്ത്രങ്ങളും വഴി ദേവതകളെ പ്രീതിപ്പെടുത്തുന്ന ബ്രാഹ്മണിസത്തിലേക്കു വന്നപ്പോൾ തച്ചുശാസ്ത്രം മുതലായവക്കുണ്ടായ മാറ്റങ്ങൾ ഏവ?
പഴയകാല മത-സാഹിത്യങ്ങളിൽ എഴുതി വെച്ചതിനെ പ്രമാണമാക്കി, അവയെ ഇന്ത്യൻ ജീവിതത്തിൻ്റെ പ്രതിബിംബങ്ങളായി കണ്ടു ചരിത്രരചന നടത്തുന്ന ഒരു രീതി ബ്രിട്ടീഷ് ഭരണകാലം മുതൽ ഇവിടെ ശക്തിപ്പെട്ടിട്ടുണ്ട്. വേദങ്ങളും സ്മൃതികളും പുരാണങ്ങളും മറ്റും പറയുന്നതു യഥാർത്ഥ ജീവിതത്തിൻ്റെ തെളിവുകളായി പലപ്പോഴും പല പാശ്ചാത്യ ചരിത്രകാരന്മാരും എടുത്തിട്ടുണ്ട്. എന്നാൽ പിന്നീട് ബ്രിട്ടിഷ് ഭരണത്തിൽ തന്നെയുള്ള മറ്റൊരു ധാര ഈവിധ ഗ്രന്ഥങ്ങളേക്കാൾ ആർക്കിയോളജിക്കൽ തെളിവുകൾക്കു ചരിത്രരചനയിൽ സ്ഥാനം നൽകുകയുണ്ടായി. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സ്ഥാപകനായ അലക്സാണ്ടർ കണ്ണിംഗം (Alexander Cunningham, 1814 – 1893) ബൗദ്ധസംസ്കാര കാലത്തെ കണ്ടെത്തുന്നത് ലിഖിതങ്ങൾ, സ്തൂപങ്ങൾ, നാഗരികാവശിഷ്ടങ്ങൾ എന്നിവയിലൂടെയാണ്.
ടെക്സറ്റുകളേക്കാൾ ആർക്കിയോളജി തെളിവുകൾക്കു ചരിത്രത്തിൽ സ്ഥാനം കൊടുത്ത ചരിത്രനിർമ്മാണരീതി സ്വീകാര്യമാകുന്നതിനു മുന്നേ തന്നെ, പ്രാചീന മത – സാഹിത്യകൃതികളെ വെച്ചുള്ള ചരിത്ര രചനയിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ഇന്ത്യൻ ഉപരിവർഗ്ഗവും മുഴുകിയതിനാൽ നമ്മുടെ ചരിത്രബോധം ഈ ടെക്സ്റ്റുകൾക്കകത്തു കുടുങ്ങിക്കിടക്കാൻ ഇടവന്നു. ഇത്തരം പ്രാചീന കൃതികൾ പലതും സാക്ഷരരായ ബ്രാഹ്മണർ പല കാലഘട്ടങ്ങളിലായി എഴുതി സമാഹരിക്കപ്പെട്ടതിനാൽ, അവർ നടപ്പിൽ വരുത്താൻ ആഗ്രഹിക്കുന്ന ലോകം ഈ കൃതികളിൽ പ്രതിഫലിക്കുന്നു. ശൂദ്രൻ അക്ഷരം പഠിക്കരുത് എന്നത് അത്തരം അനുശാസനമാണ്. അത് സമൂഹം അതേപടി അനുസരിച്ചിരുന്നോ, എങ്കിൽ എത്രത്തോളം എന്നതാണ് ചോദ്യം.
ബ്രാഹ്മണ മേധാവിത്വം തങ്ങൾ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന ഒരു ലോകം പുസ്തകങ്ങളിൽ സൃഷ്ടിച്ചു, അതിലേക്കു സമൂഹത്തെ ഒതുക്കികൊണ്ടു വരുന്നതിനുള്ള പദ്ധതിയായി മനുസ്മൃതിയെയും മറ്റും കാണാവുന്നതാണ്. മനുസ്മൃതി നിയമങ്ങൾ ഇന്ത്യയിൽ അതേപടി എവിടെയെങ്കിലും എപ്പോഴെങ്കിലും എത്രമാത്രം പ്രാവർത്തികമായിരുന്നു എന്നറിയാൻ മനുഷ്യരുടെ യഥാർത്ഥ ജീവിതമാണ് പരിശോധിക്കേണ്ടത്. ഓരോ നാടും ഓരോ ജനതയും വൈവിധ്യങ്ങളായ പാരമ്പര്യങ്ങളിലൂടെ കടന്നു പോയി; സമ്പർക്കങ്ങൾക്കും നമ്മർദ്ദങ്ങൾക്കും സംഘർഷങ്ങൾക്കും സമവായങ്ങൾക്കും അനുസരിച്ചു പല മാറ്റങ്ങൾക്കും വിധേയമായി. അതിനാൽ വേദ പുരാണ – സ്മൃതികൾ അനുസരിച്ചു മാത്രമാണ് ഇന്ത്യക്കാരെല്ലാം ജീവിച്ചതെന്നു കരുതുന്നത് ബ്രാഹ്മണാധിപത്യത്തെ ഭൂതകാലത്തിൽ പൂർണ്ണമായും സ്ഥാപിച്ചു കൊടുക്കലാണ്.
ഇന്നു സ്ത്രീധന നിരോധന നിയമം ഇന്ത്യയിൽ നിലനിൽക്കുന്നു എന്നത് ഇന്ത്യക്കാർ സ്ത്രീധന സമ്പ്രദായം ഉപേക്ഷിച്ചു എന്നതിൻ്റെ തെളിവായി കണക്കാക്കാൻ കഴിയില്ലല്ലോ. അതേപോലെ മനുസ്മൃതിയും ഇതിഹാസപുരാണങ്ങളും ബ്രാഹ്മണാധിപത്യത്തിൻ്റെ ആദർശലോകത്തെ വരച്ചു വെച്ചു; അതിലേക്കു സമൂഹത്തെ ആനയിക്കാൻ പരിശ്രമിച്ചു; അതിനകത്തെ സംഘർഷങ്ങൾ അവതരിപ്പിച്ചു. എന്നാൽ എത്രത്തോളം ഇന്ത്യൻ സമൂഹം അതിനു കീഴടങ്ങി എന്നതാണ് അന്വേഷിക്കേണ്ടത്. ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കണം എന്നത് ഇന്ത്യയിലെ പൊതുനിയമമായിരുന്നില്ല; ബ്രാഹ്മണർക്കിടയിൽ പോലും അത് സാർവ്വത്രികവുമല്ലായിരുന്നു.
വേദങ്ങളും പുരാണേതിഹാസങ്ങളും സ്മൃതികളും മാത്രം വെച്ചു ഇന്ത്യൻ ഭൂതകാലത്തെ നിർമ്മിച്ചാൽ ഇന്ത്യയുടെ ഉടമസ്ഥത ബ്രാഹ്മണിസത്തിനു പതിച്ചു കൊടുക്കേണ്ടി വരും. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ ചരിത്രകാരന്മാർ ഇത്തരം ടെക്സ്റ്റ് അധിഷ്ഠിത ചരിത്ര നിർമ്മാണ പദ്ധതിക്കു തുടക്കമിട്ടു. അവർ 18-ാം നൂറ്റാണ്ടിൻ്റെ ഒടുവിൽ ഇംഗ്ലീഷ് കോടതി സ്ഥാപിച്ച ഉടൻ തന്നെ മനുസ്മൃതി തർജ്ജമ ചെയ്തു. അതനുസരിച്ചു ബ്രാഹ്മണ പണ്ഡിതന്മാരെ കൊണ്ടുവന്നു “ഹിന്ദു കോഡ് ” ഉണ്ടാക്കി ബ്രാഹ്മണാധിപത്യത്തിനു ഭരണപരമായും നിയമപരമായും സാധുത ഉണ്ടാക്കി തീർത്തു. ഇത് ബ്രാഹ്മണാധിപത്യത്തെ ചെറുത്തുകൊണ്ട് ഇന്ത്യയിൽ നിലവിലിരുന്ന ജീവിതവൈവിധ്യങ്ങളെയും സ്വാതന്ത്ര്യങ്ങളെയും അധികാരങ്ങളെയും ക്ഷയിപ്പിച്ചുവെന്നു വേണം പറയാൻ.
മാത്രമല്ല വേദങ്ങളിലെ യാഗങ്ങളെയും ജന്തുബലികളെയും പരിഹസിക്കുന്ന പിൽക്കാല കൃതികളായ ഉപനിഷത്തുകൾ അനുഷ്ഠാന ബ്രാഹ്മണിസത്തിനകത്തെ സംഘർഷങ്ങളെയും ഉൾപ്പിരിവുകളെയും കൂടി പ്രതിനിധാനം ചെയ്യുന്നുണ്ട്. ചാതുർവർണ്ണ്യ നിയമം തെറ്റിച്ചു തപസ്സു ചെയ്തതിനാൽ ശൂദ്രനായ ശംബുകൻ രാമനാൽ വധിക്കപ്പെട്ടതായി രാമായണം പറയുന്നുവെങ്കിൽ, ഛാന്ദോഗ്യോപനിഷത്തിൽ കാണുന്നത് അച്ഛനാരാണെന്നും കുലമേതാണെന്നും അറിയാത്ത സത്യകാമ ജബാലയെ ഹരിദ്രുമത ഗൗതമൻ തൻ്റെ ശിഷ്യനായി ബ്രഹ്മചര്യയിലേക്കു സ്വീകരിക്കുന്നതാണ്. അതേപോലെ, ജാതിചിന്തകളില്ലാതെ അറിവ് പകരുന്ന വേർപിരിവ് പണ്ഡിറ്റ് കെ. പി. കറുപ്പൻ്റെ ഉപരി വിദ്യാഭ്യാസത്തിനു വാതിൽ തുറന്നിട്ട 19-ാം നൂറ്റാണ്ടിലെ കൊടുങ്ങല്ലൂർ കോവിലകത്തും കാണാനാവും.
ഇന്നും ചുറ്റും നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങളെ വേണ്ടവണ്ണം കാണാതിരിക്കാൻ മനുസ്മൃതിയോ പുരാണങ്ങളോ പോലെ പ്രാചീനകാല കൃതികളെ മാത്രം വെച്ചുള്ള ചരിത്ര നിർമ്മാണം നമ്മെ ശീലിപ്പിക്കുന്നു. അത് ഭൂതകാലത്തിൻ്റെ ഉടമസ്ഥത തങ്ങൾക്കു മാത്രമാണെന്നു സ്ഥാപിക്കാനും ചിലർക്കു അവസരം നൽകുന്നു. ബ്രാഹ്മണിസത്തിൻ്റെ വിമർശകർ പലരും ഇതേ കൃതികളെ തന്നെ അവലംബമാക്കുമ്പോൾ ഭൂതകാലജീവിതത്തിൻ്റെ മാത്രമല്ല വർത്തമാനകാലത്തിൻ്റെയും മാനുഷിക വൈവിധ്യങ്ങളെല്ലാം കുഴിച്ചു മൂടപ്പെടുന്നുണ്ട്.
ബ്രാഹ്മണിസത്തിൻ്റെ ഇംഗിതങ്ങൾക്കും വ്യവസ്ഥകൾക്കും കീഴടങ്ങി ജീവിക്കാത്ത ഒരു ഭൂതകാല അധ:സ്ഥിത പാരമ്പര്യം കേരളത്തിൽ പ്രബലമായിരുന്നു എന്നതിൻ്റെ സാംസ്കാരിക തെളിവാണ് രാമശബ്ദത്തിനു പകരം വൃക്ഷശബ്ദം സ്വീകരിച്ചു കൊണ്ടുള്ള സംസ്കൃതാഭ്യസനം. ഇത്തരം അടിസ്ഥാനപരവും സമാന്തരവുമായ ജ്ഞാനവൈദഗ്ദ്ധ്യത്തിൻ്റെ ഉടമസ്ഥത ബ്രാഹ്മണിസം കൈക്കലാക്കുന്നതും, അതിനെ പലപ്പോഴും അധ:സ്ഥിത വിഭാഗങ്ങൾ സ്വാംശീകരിച്ചു ആദരിക്കുന്നതും പിന്നീട് കാണാം. ബൗദ്ധ തച്ചുശാസ്ത്രജ്ഞരായ ആശാരിമാർ വിശ്വകർമ്മാവിൻ്റെ മക്കളായി മാറുന്നത് അങ്ങനെയാവണം. തങ്ങൾ വിശ്വകർമ്മാക്കളാണെന്നു അവകാശപ്പെടുമ്പോൾ തങ്ങളുടെ ശ്രമണ പാരമ്പര്യത്തെ മറക്കുകയും, പകരം ബ്രാഹ്മണിസത്തിലേക്കു കുടിയേറുകയും ചെയ്യുന്നു കമ്മാളർ.
പണി /പ്രവൃത്തി / തൊഴിൽ എന്നർത്ഥം വരുന്ന പാലി ഭാഷയിലെ “കമ്മ ” എന്നതിനൊപ്പം “ആളർ ” എന്ന ദ്രാവിഡരൂപം ചേർന്നതാകാം കമ്മാളർ. ഇതിനെ സംസ്കൃതീകരിക്കുമ്പോൾ കർമ്മാവ് ആയി മാറുന്നു. കമ്മാളർ സമൂഹം വിശ്വകർമ്മ ആകുമ്പോൾ, അത് ഒരു തൊഴിൽക്കൂട്ടം എന്നതിലുപരി, സമുദായമായി, വിവാഹവിലക്കുകളും പരമ്പരാഗത തൊഴിൽ അടിമത്തവും പേറുന്ന ജാതിവ്യവസ്ഥയുടെ ഭാഗമായി തീരുന്നു. അപ്പോൾ അവരുടെ തൊഴിൽ വൈദഗ്ദ്ധ്യവും മറ്റും വേദബ്രാഹ്മണരിൽ നിന്നും പകർന്നു കിട്ടിയതായിട്ടോ, അതിൻ്റെ തന്നെ ഉപവിഭാഗമായി വികസിച്ചതായിട്ടോ ചിത്രീകരിക്കപ്പെടുന്നു. ഇപ്രകാരം കമ്മാളർ വിശ്വകർമ്മ ആകുമ്പോൾ ബ്രാഹ്മണിസത്തിൻ്റെ ജാതിവ്യവസ്ഥയേയും അവരുടെ ഔന്നത്യത്തെയും അവർ അംഗീകരിക്കുന്നു; അതിൻ്റെ അടിമകളായി തീരുന്നു. എന്നാൽ, തങ്ങളുടെ തച്ചുശാസ്ത്ര ജ്ഞാന പാരമ്പര്യം അതിന് അനുവദിക്കാത്തതിനാൽ തങ്ങളാണ് യഥാർത്ഥ ബ്രാഹ്മണരെന്നും, തങ്ങൾക്കും പൂണൂൽ ഉണ്ടെന്നും അവർ അവകാശപ്പെടുന്നു; ബ്രാഹ്മണിക് പ്രത്യയശാസ്ത്രങ്ങളുടെ മുന്തിയ അനുകർത്താക്കളാകാൻ ശ്രമിക്കുന്നു.
ജ്യോതിഷവും വാസ്തുശാസ്ത്രവും പോലെ മതവിശ്വാസവും അനുഷ്ഠാനങ്ങളും അത്രത്തോളം വൈദ്യവൃത്തിയിൽ കൂടിക്കലരാത്തതിനാൽ (വൈദ്യത്തിൽ രോഗശമനം എന്ന ഭൗതികയാഥാർത്ഥ്യമാണ് ഫലം. അതിൻ്റെ മേമ്പൊടി മാത്രമായിട്ടേ വിശ്വാസം വരുന്നുള്ളൂ. എന്നാൽ ജ്യോതിഷവും വാസ്തുശാസ്ത്രത്തിലെ ആചാരങ്ങളും വിശ്വാസത്തിലൂടെ മാത്രം വെളിപ്പെടുന്നു എന്നു തോന്നുന്ന ഫലങ്ങളാണ്) ബ്രാഹ്മണിസത്തോടുള്ള വിധേയത്വവും അനുകരണ വ്യഗ്രതയും സംസ്കൃതം പഠിച്ചവരും വൈദ്യവൃത്തിയിലേർപ്പെട്ടവരുമായ ഈഴവരിൽ കാണാനില്ലായിരുന്നു. അതുകൊണ്ട് ഈഴവർ ബൗദ്ധ സംസ്കാരധാരകളെ മുന്നോട്ടു കൊണ്ടുപോകുകയും, പുതിയ കാലത്ത് ഭൗതിക ജീവിത നിരാസത്തിൻ്റെ സന്യാസത്തിൽ വിശ്വമാനവികത ഉൾച്ചേർത്ത നാരായണ ഗുരു സംഭവിക്കുകയും ചെയ്തു.
ബ്രാഹ്മണാധിപത്യ വിമർശനത്തിൻ്റെ ഭാഗമായിട്ടാണെങ്കിലും, പ്രാചീന ഗ്രന്ഥങ്ങൾ വെച്ചു നമ്മുടെ ഭൂതകാലമാകെ ബ്രാഹ്മണിസത്തിൻ്റെ കാൽക്കീഴിലായിരുന്നു എന്നു ചിത്രീകരിക്കുമ്പോൾ, അതു ബ്രാഹ്മണിസത്തിൻ്റെ അധികാരാവകാശങ്ങളെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണത്തിൻ്റെയും ശൈലി ഇതായിരുന്നു. അതിനാൽ ബ്രിട്ടീഷ് ഭരണത്തെ എതിർക്കാൻ പലപ്പോഴും ഇന്ത്യയുടെ ഉടമസ്ഥാവകാശവുമായി ബ്രാഹ്മണിക് പ്രത്യയ ശാസ്ത്രങ്ങൾ തന്നെ ഉപയോഗിക്കപ്പെട്ടു. ഇന്ത്യയെന്നാൽ പുരാണേതിഹാസങ്ങളുടെയും യാഗങ്ങളുടെയും മാത്രം നാടാണെന്നു വരുത്തി തീർത്തു. അതിനാൽ ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ ജനായത്തം വന്നെങ്കിലും അതോടൊപ്പം അധികാര ബ്രാഹ്മണ്യവും കൂടുതൽ ശക്തി പ്രാപിച്ചു.
യഥാർത്ഥത്തിൽ സംസ്കൃതജ്ഞാനികളായ കണിയാനെയും ആശാരിയെയും ഈഴവരെയും പിൻപറ്റി ഈ മേഖലയിൽ പഠനങ്ങൾ വേണ്ടിയിരിക്കുന്നു. കേരളീയ ഗണിതശാസ്ത്രത്തിൽ ഗണകന്മാരുടെ സ്ഥാനം അന്വേഷിക്കാവുന്നതാണ്. ഇന്ത്യൻ ഗണിതജ്ഞനായ ആര്യഭടൻ്റെ സ്ഥലം ബീഹാറിലെ പാടലീപുത്രമല്ല , അത് കേരളത്തിൽ പൊന്നാനിയ്ക്കടുത്ത് ചമ്രവട്ടമാണെന്നു ചിലർ പറയുന്നു അതേപോലെ, ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ കേരളത്തിലേതിനു സമാനമായ അധ:കൃത സാക്ഷരതാ പാരമ്പര്യവും താരതമ്യം ചെയ്യാം. മഹാരാഷ്ട്രയിലെ മഹറുകൾ (അംബേദ്കർ മഹർ ജാതിയിൽ പെട്ടിരുന്നു) സൈനികവൃത്തിയിലും ഗ്രാമത്തിൻ്റെ കാവൽ ജോലിയിലും ഏർപ്പെട്ടിരുന്നതിനാൽ പ്രാഥമിക സാക്ഷരതയുള്ളവരും, ഇതര അസ്പർശ്യരിൽ നിന്നും വ്യത്യസ്തമായി അല്പസ്വല്പം ഭൂവുടമകളുമായിരുന്നു. കേരളത്തിലും അധ:സ്ഥിത ജാതികളിലെ സംസ്കൃത സാക്ഷരതയും അവരിലെ ഭൂവുടമസ്ഥതയും തമ്മിലുള്ള ബന്ധവും മനസ്സിലാക്കേണ്ടതുണ്ട്.
Reference
Kathleen Gough, “Literacy in Kerala,” in Literacy in Traditional Societies, ed. Jack Goody (Cambridge: Cambridge University Press, 1969).
Subash Chandran, M. D. “From the Shadows of Legitimacy: Problems and Prospects of Folk Healing in India.” Journal of Traditional and Folk Practices 2, nos. 3–4 (2016): 74–95.
Raymond Allchin and Bridget Allchin, The Rise of Civilization in India and Pakistan (Cambridge: Cambridge University Press, 1982).
