
കേരളം: ഭൂ നയങ്ങളിലെ ബദൽ സമീപനങ്ങളും നമ്മുടെ കടമകളും
കേരളത്തിൻ്റെ ഭൂ ബന്ധങ്ങളിൽ ഭൂപരിഷ്കരണ നടപടികൾക്ക് ശേഷവും ഭൂ കേന്ദ്രീകരണം എന്തുകൊണ്ട് ശക്തമായി തുടരുന്നു? ഏതാനും വിദേശതോട്ടം കമ്പനികൾ ബ്രിട്ടീഷ് ഭരണകാലത്ത് പാട്ടവ്യവസ്ഥയിൽ ഏറ്റെടുത്ത ലക്ഷകണക്കിന് ഏക്കർ ഭൂമി വിദേശതോട്ടം കമ്പിനികളുടെയും ബിനാമികളുടെയും കൈകളിൽ നിന്നും എന്തുകൊണ്ടു വീണ്ടെടുക്കാൻ സർക്കാരിന് കഴിയുന്നില്ല? ‘ഭൂരഹിതരില്ലാത്ത കേരളം’ എന്ന പൊള്ളയായ പ്രഖ്യാപനത്തിനപ്പുറത്ത് കേരളത്തിൻ്റെ സ്വാശ്രിതമായ വികസനത്തിന് ഈ ഭൂമി എങ്ങിനെ ഉപയോഗപ്പെടുത്താൻ കഴിയും? ഭൂ പ്രശ്നങ്ങളിലെ ബദൽ സമീപനം മുന്നോട്ട് വെക്കുകയാണ് ഭൂ സമരസമിതി കോർഡിനേറ്ററും മേപ്പാടി, തൊവരിമല ഭൂ സമരങ്ങളിൽ നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്ത സഖാവ് എം. പി. കുഞ്ഞിക്കണാരൻ.
9 Minutes Read
കോർപ്പറേറ്റ് മൂലധന താത്പര്യങ്ങളെ സേവിക്കുന്ന ജനവിരുദ്ധമായ സാമൂഹ്യ-രാഷ്ട്രീയ- സാമ്പത്തിക നയങ്ങൾ സംജാതമാക്കുന്ന മൊത്തത്തിലുള്ള പ്രതിസന്ധി ഏറ്റവും ആദ്യം ദുരിത പൂർണമാക്കുന്നത് ഭൂരഹിതരും ദരിദ്ര കർഷകരും ദലിത്-ആദിവാസി ജനവിഭാഗങ്ങളും മറ്റ് മർദ്ദിത വിഭാഗങ്ങളും ഉൾപ്പെടെയുള്ള ജനങ്ങളെയാണ്. ഈ ജനവിരുദ്ധ നയങ്ങൾ ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത് കാർഷിക മേഖലയിലെ കൃഷി ഭൂമിയിൽനിന്നും അകറ്റി നിർത്തപ്പെട്ട, ജാതിയ അടിച്ചമർത്തലുകൾക്ക് വിധേയരായ ദലിത്-ആദിവാസി ജന വിഭാഗങ്ങളും-ഭൂരഹിതരായ കർഷകരും കർഷക തൊഴിലാളികളും അടങ്ങുന്ന മർദ്ദിത-സാമൂഹ്യ ജനവിഭാഗങ്ങളുടെ ജീവിതമാണ്. ഈ ജനവിഭാഗങ്ങളുടെ സ്വാശ്രയവും ജനാധിപത്യപരവുമായ പുരോഗതിയും ഉറപ്പു വരുത്തുന്നതിൽ ഇന്നത്തെ സാഹചര്യത്തിൽ ഭൂ ഉടമസ്ഥതയും ഉത്പാദനത്തിലെ പങ്കാളിത്തവും വലിയ ഒരു പങ്കു വഹിക്കുന്നു. അതുകൊണ്ടുതന്നെ ചരിത്രപരമായി ഭൂ ഉടമസ്ഥതയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട, കാർഷിക മേഖലയെ ആശ്രയിച്ചു കഴിയുന്ന ദലിത് ആദിവാസി ജനവിഭാഗങ്ങൾക്കും, കൃഷി മുഖ്യ ജീവിത ഉപാധിയായി കരുതുന്ന മുഴുവൻ കർഷക തൊഴിലാളി, ഭൂരഹിത കർഷക-കൂടുംബങ്ങൾക്കും കൃഷിഭൂമി ലഭ്യമാക്കുന്നതിനായി പുരോഗമനപരവും ജനാധിപത്യപരവുമായ ബദൽ നയങ്ങളിൽ ഊന്നുന്ന സമഗ്രമായ ഒരു കാർഷിക നയം ഇന്ന് ആവിഷ്‌കരിക്കേണ്ടതുണ്ട്.
നമ്മുടെ രാജ്യത്ത് ഇന്നു നിലനില്ക്കുന്ന കാർഷിക ബന്ധങ്ങളിൽ ജനസംഖ്യയിലെ മൂന്നിൽ ഒരു ഭാഗം അതായത് 31.12 ശതമാനം വരുന്ന ജനത സമ്പൂർണ്ണമായ ഭൂരാഹിത്യം നേരിടുന്നു. നാമമാത്ര ഭൂമി കൈവശമുള്ള മറ്റൊരു 29. 82 ശതമാനം ഉൾപെടെ 60 ശതമാനം വരുന്ന ജനതക്ക് ഉടമസ്ഥാവകാശമുള്ളത് വെറും 5.11 ശതമാനം ഭൂമിയിലാണ്. മറു ഭാഗത്താകട്ടെ ശക്തമായി ഇന്നും നിലനിലക്കുന്ന ഭൂ കേന്ദീകരണത്തെ ഉറപ്പിച്ചുകൊണ്ട് 10 ശതമാനത്തിന്റെ കൈകളാൽ 55% ഭൂമിയും നിയന്ത്രിക്കപ്പെടുന്നു.
വിപ്ലവകരമായ ഭൂപരിഷ്‌കരണം നടന്നു എന്നവകാശപ്പെടുന്ന കേരളത്തിലാകട്ടെ, ഭൂ കേന്ദ്രീകരണത്തിലും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഭൂരാഹിത്യത്തിലും, അഖിലേന്ത്യാ ശരാശരിയിലും മുകളിലാണ് എന്നതാണ് വസ്തുത. ഇന്നത്തെ കേരളീയ സമൂഹത്തിലെ ഭൂ കേന്ദ്രീകരണത്തിൻ്റെ അവസ്ഥ ഇത് ശരിവെക്കുന്നു. മൊത്തം ജനസംഖ്യയിൽ 10 ശതമാനം വരുന്ന ജനങ്ങൾ ഇന്ന് പൂർണ്ണമായും ഭൂ രഹിതരാണെന്ന് പറയാം. ഇവരുടെ കൈവശത്തിലുള്ള ഭൂമിയുടെ അളവ് ഒരു സെൻ്റ് മുതൽ അഞ്ച് സെൻ്റ് വരെ ആണ്. ഇതിലാകട്ടെ ഒരു സെന്റ് ഭൂമി പോലും കൈവശമില്ലാത്ത ഭൂ രഹിതരുടെ എണ്ണം ഒട്ടും ചെറുതല്ല.

അഞ്ച് സെന്റ് മുതൽ ഒരു ഹെക്ടർ വരെ ഭൂമി കൈവശം വെക്കുന്നവർ ജനസംഖ്യയുടെ 70 ശതമാനം വരും. ഈ രണ്ടു വിഭാഗത്തിലും ഉൾപ്പെട്ട 10 ശതമാനം വരുന്നവരുടെ ആകെ കൈവശത്തിലിരിക്കുന്ന ഭൂമിയാകട്ടെ വെറും 37 ശതമാനത്തിൽ അധികം വരുന്നില്ല. മറ്റൊരു രീതിയിൽ വ്യക്തമാക്കിയാൽ ഒരു ഹെക്ടർ ഭൂമിയിൽ കൂടുതൽ കൈവശം വെക്കുന്ന 20 ശതമാനം വരുന്നവരിലാണ് അവശേഷിക്കുന്ന 63 ശതമാനം ഭൂമിയും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ അഞ്ചു ഏക്കർ ഭൂമി വരെ കൈവശം വെക്കുന്ന ഒരു ചെറിയ വിഭാഗത്തെ മാറ്റിനിർത്തിയാൽ 63 ശതമാനം ഭൂമിയുടെ സിംഹഭാഗവും ഒരു ശതമാനം വരുന്ന പുത്തൻ ഭൂ ഉടമ വർഗ്ഗത്തിന്റെ കൈകളിലാണ്. ഭൂ പരിഷ്‌കരണ നടപടികൾ മുന്നോട്ടുപോയ കേരളത്തിലെ ഭൂ കേന്ദ്രീകരണത്തിൻ്റെ തോത് എത്ര ശക്തമാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു. രാജ്യത്തിൻ്റെ ഭൂ വിസ്‌ത്യതിയിൽ ഒരു ശതമാനം മാത്രം വരുന്ന കേരളം, ജനസംഖ്യയുടെ 3.5 ശതമാനത്തെ ഉൾക്കൊള്ളുന്നു.
വിപ്ലവകരമായ ഭൂപരിഷ്‌കരണം മുന്നോട്ട് വെക്കേണ്ട ഭൂമിയുടെ നീതിപൂർവ്വമായ പുനർവിതരണം എന്ന ലക്ഷ്യത്തിൽനിന്ന് നാം ഏറെ അകലെയാണ്. ജന്മിത്ത അടിച്ചമർത്തലിന് മാത്രമല്ല ജാതിയ അടിച്ചമർത്തലിനും വിധേയമായി കഴിയുന്ന മണ്ണിൽ പണിയെടുക്കുന്ന മർദ്ദിത വിഭാഗങ്ങൾ ഭൂ പരിഷ്‌കരണത്തിൽ അവഗണിക്കപ്പെട്ടു എന്നതാണ് വ്യക്തമാകുന്നത്. കേരളത്തിലെ കൃഷിഭൂമിയുടെ സിംഹഭാഗവും തോട്ട ഭൂമികൾ ഉൾപ്പെടെ ഭൂപരിഷ്കരണ നടപടികളിൽനിന്ന് മാറ്റി നിർത്തുകയാണുണ്ടായത്.
കേരള സംസ്ഥാനത്തിൽ ഹാരിസൺ മലയാളം, ടാറ്റ (കണ്ണൻദേവൻ ടീ), ടി ആർ ആൻ്റ് ടി തുടങ്ങി ഏതാനും വിദേശതോട്ടം കമ്പനികളും അവരുടെ ബിനാമികളും നിയമവിരുദ്ധമായി കൈവശം വെച്ചുകൊണ്ടിരിക്കുന്ന അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി ഉടൻ തിരിച്ചു പിടിച്ചു തോട്ടം തൊഴിലാളികളുടെ ഉടമസ്ഥതയിൽ തോട്ടം പുനഃസംഘടിപ്പിക്കുന്നതിനും ദലിത്-ആദിവാസികൾ ഉൾപ്പെടെ ദരിദ്ര ഭൂരഹിത കർഷകർക്കും കർഷക തൊഴിലാളികൾക്കും കൃഷി ചെയ്യാൻ ഭൂമി വിതരണം ചെയ്യണമെന്നും പുരോഗമന ജനാധിപത്യ ശക്തികൾ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെ കാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ ആവശ്യത്തെ പൂർണ്ണമായും ശരിവെക്കുന്ന വസ്‌തുതകളാണ്, റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന നിവേദിത പി. ഹരനും, ജസ്റ്റീസ് മനോഹരൻ കമ്മിറ്റിയും തുടർന്ന് ഡോ. എം.ജി. രാജമാണിക്യവും സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലൂടെ മുന്നോട്ട് വെക്കുന്നത്.
ഇതോടൊപ്പം വിദേശ കമ്പനികൾ ഉപേക്ഷിച്ചു പോയതോ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തതോ ആയ പതിനായിരക്കണക്കിന് ഏക്കർ ഭൂമി ഭൂ പരിഷ്‌കരണ നിയമത്തിലെ പഴുതുകൾ ഉപയോഗപ്പെടുത്തി മാഫിയ സംഘങ്ങൾ അനധികൃതമായി ഇപ്പൊഴും കൈവശംവെച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇത്തരം തോട്ട ഭൂമികളിലുള്ള നിയമപരമായ സർക്കാർ ഉടമസ്ഥത മറച്ചുവെച്ച് സ്വകാര്യ ഉടമസ്ഥത സ്ഥാപിച്ചെടുക്കാനും തോട്ടം റജിസ്ട്രേഷൻ റദ്ദ് ചെയ്ത് തോട്ടഭൂമി റിയൽ എസ്റ്റേറ്റ്/ടൂറിസം/റിസോർട്ട് മാഫിയകൾക്ക് കൈമാറാനും ഉള്ള ഗൂഢ നീക്കങ്ങളാണ് സർക്കാർ നടത്തികൊണ്ടിരിക്കുന്നത്. ഭൂ പരിധി നിയമം അനുസരിച്ചു ഏറ്റെടുക്കാനുണ്ടെന്ന് സർക്കാർ തന്നെ പ്രഖ്യാപിച്ച 7 ലക്ഷം ഏക്കർ ഭൂമിയിൽ ഇതുവരെയായിട്ടും നാലിൽ ഒരു ഭാഗം ഭൂമി പോലും ഏറ്റെടുത്ത് ഭൂരഹിത വിഭാഗങ്ങൾക്ക് വിതരണം ചെയ്യാൻ മാറി മാറി വന്ന ഒരു സർക്കാരിനും ഇതുവരെ കഴിഞ്ഞിട്ടില്ല.

ഐക്യകേരളം രൂപമെടക്കുന്നതിന് മുമ്പ് കേരളത്തിലെ കർഷക പ്രസ്ഥാനവും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയും വിദേശതോട്ടം കുത്തകകൾ കൈവശം വെക്കുന്ന എല്ലാ ഭൂമിയും ദേശസാൽക്കരിച്ച് ഭൂ ഉടമസ്ഥത സർക്കാറിൽ നിക്ഷിപ്തമാക്കണമെന്ന ആവശ്യം ഉന്നയിക്കുകയും, നിരവധി പ്രക്ഷോഭങ്ങൾ നയിക്കുകയും ചെയ്തെങ്കിലും ഐക്യകേരളപ്പിറവിക്ക് ശേഷം 1957-ൽ അധികാരത്തിൽ വന്ന EMS സർക്കാർ തീർത്തും ഈ ആവശ്യം അവഗണിക്കുകയായിരുന്നു. സർക്കാർ മുന്നോട്ട് വെച്ച ഭൂപരിഷ്‌കരണ നടപടികളിൽ തോട്ടം ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ച് സമ്പൂർണ്ണമായ നിശ്ശബ്ദത പാലിച്ചു. മാത്രമല്ല, കേരളത്തിൽ EMS ഗവർമ്മെണ്ട് നടപ്പാക്കിയ ഭൂപരിഷ്കരണ നടപടികൾ മണ്ണിൽ പണിയെടുക്കുന്ന ദരിദ്രരും ഭൂരഹിതരുമായ കർഷകരെയും കർഷക തൊഴിലാളികളെയും, നൂറ്റാണ്ടുകളായി ജാതീയ അടിച്ചമർത്തലിന് വിധേയമായി കഴിയുന്ന മണ്ണിൻ്റെ മക്കളായ ദലിത്-ആദിവാസി ജന വിഭാഗങ്ങളെയും കർഷകരായിപോലും പരിഗണിച്ചില്ല.

കാർഷികോത്പാദന പ്രക്രിയയുടെ നട്ടെല്ലായ മണ്ണിൽ പണിയെടുക്കുന്ന കർഷകർക്ക് ഇതുവഴി, കൃഷിഭൂമിയിൽ ഭൂ ഉടമസ്ഥതാ അവകാശം നിഷേധിച്ച് കാർഷിക മേഖലയിൽനിന്നുതന്നെ പുറന്തള്ളി, അര ലക്ഷത്തിൽപ്പരം ജാതിക്കോളനികളിലും കൂടികിടപ്പുകളിലെ വാസയോഗ്യമല്ലാത്ത സങ്കേതങ്ങളിലും അവരെ സമർത്ഥമായി തളച്ചിട്ടു.
എന്നാൽ വിദേശ കമ്പനികളും മാഫിയകളും കൈവശം വെച്ചുകൊണ്ടിരിക്കുന്ന തോട്ട ഭൂമിയുടെ അമ്പതു ശതമാനവും കൃഷിക്ക് ഉപയുക്തമായ ഫല ഭൂയിഷ്ടമായ തോട്ട ഇതര ഭൂമിയാണെന്ന യാഥാർഥ്യം മറച്ചുവെച്ചു.
ആദിവാസി ഭൂസംരക്ഷണ നിയമം അട്ടിമറിക്കുകയും സർക്കാറിൻ്റെ മൗനാനുവാദത്തോടെ ആദിവാസികളുടെ ഭൂമി കയ്യടക്കിയ ഭൂമാഫിയകളിൽ നിന്നും ഭൂമി തിരിച്ചു പിടിക്കുന്നതിന് നിയമപരമായതും അല്ലാത്തതുമായ പോരാട്ടം ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്. ആദിവാസികളുടെ ഭൂമി മാഫിയകളിൽനിന്ന് വീണ്ടെടുക്കുന്നതിനുള്ള പോരാട്ടം നിരവധി കാരണങ്ങളാൽ വളരെ പ്രാധാന്യമർഹിക്കുന്നു. സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവുമായ പാർശ്വവൽക്കരണത്തിലേക്ക് ആദിവാസികളെ നയിക്കുന്നത് നൂറ്റാണ്ടുകളായി അവർ കൈവശം വെക്കുകയും കൃഷി ചെയ്‌ത് ഉപജീവനം നടത്തുകയും ചെയ്യുന്ന പാരമ്പര്യാർജ്ജിത ഭൂമി അവർക്ക് അന്യാധീനപ്പെട്ടു എന്നത് കൊണ്ടാണ്. കോർപ്പറേറ്റുകളും ഭൂമാഫിയകളും സർക്കാർ സംവിധാനങ്ങളും പോലീസും കയ്യേറ്റകാർക്ക് കൂട്ട് നിൽക്കുന്നു.
പാരമ്പര്യാർജ്ജിത ഭൂമി അഥവാ പൂർവ്വിക ഭൂമിയിലുള്ള അവരുടെ അവകാശത്തിന്മേലുള്ള കയ്യേറ്റമാണിത്. ആദിവാസികൾക്ക് അവരുടെ ഭൂമിയുമായി ആഴത്തിലുള്ള ബന്ധമുണ്ട്. അത് അവരുടെ സ്വത്വത്തിനും സംസ്ക്കാരത്തിനും നിലനിൽപ്പിനും അത്യന്താപേക്ഷിതമാണ്. ആദിവാസികളുടെ ഉപജീവനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും സ്വയം നിർണ്ണയത്തിനും ഭൂമിയുടെ ഉടമസ്ഥത നിർണായകമാണ്. ഇന്ത്യൻ ഭരണഘടന ആദിവാസികൾക്ക് അവരുടെ ഭൂമിയുടെയും വിഭവങ്ങളുടെയും മേലുള്ള അവകാശങ്ങൾ അംഗീകരിക്കുന്നുവെങ്കിലും ഭരണഘടനാപരമായ ഈ അവകാശങ്ങൾ നടപ്പിലാക്കാൻ ഒരു സർക്കാറും തയാറാകുന്നില്ല. അന്യാധീനപ്പെട്ട അവരുടെ ഭൂമി തിരിച്ചുപിടിക്കുന്നത് ആദിവാസികളുടെ അന്തസ്സും ശാക്തീകരണവും അഭിമാനവും വീണ്ടെടുക്കുന്നതിൽ നിർണ്ണായകമാണ്.
അവരുടെ ഭൂമി അവരുടെ സാംസ്‌കാരിക പൈതൃകത്തിൻ്റെ ഒരു കലവറയാണ്, അത് വീണ്ടെടുക്കുന്നത് അവരുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കാൻ സഹായിക്കുന്നതാണ്. ഭൂമിയിലുള്ള അവരുടെ അവകാശം വീണ്ടെടുക്കുന്നതിനായുള്ള പോരാട്ടം ചരിത്രപരമായ അടിച്ചമർത്തലിനും വിവേചനത്തിനും എതിരായ പോരാട്ടമാണ്. അന്യാധീനപ്പെട്ട അവരുടെ ഭൂമി തിരിച്ചുപിടിക്കുന്നത് വഴി ആദിവാസി സമൂഹത്തിൻ്റെയും വരും തലമുറകളുടേയും ഭാവി സുരക്ഷിതമാക്കുകയാണ് ചെയ്യുന്നത്. ആദിവാസികളുടെ ഭൂ അവകാശത്തിനായുള്ള സമരം നീതിക്കും സമത്വത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള പോരാട്ടമാണ്, അതിൻ്റെ അതീവ പ്രാധാന്യം പറഞ്ഞറിയിക്കാനാവില്ല. ഒറ്റപ്പെട്ട വ്യക്തിഗത സമരങ്ങൾക്കപ്പുറം സംഘടിതമായ സമരമാക്കി ആദിവാസി ഭൂമി വീണ്ടെടുക്കാനുള്ള പ്രക്ഷോഭത്തെ മാറ്റേണ്ടതുണ്ട്. ഏതെങ്കിലും ഒരു മാഫിയക്കെതിരെയല്ല, സംഘടിതമായ, ഭരണകൂട ആനുകൂല്യം നേടിയ നികൃഷ്ട ശക്തിക്കെതിരെയാണ് നമ്മുടെ സമരം. സംഘടിതമായ ചെറുത്തുനിൽപ്പുകൾ മാത്രമാണ് ആദിവാസി ഭൂമി വീണ്ടെടുക്കാനായി നമ്മുടെ മൂന്നിൽ അവശേഷിക്കുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിലായി ആയിരകണക്കിന് ആദിവാസികൾ, പട്ടയം കൈപ്പറ്റിയിട്ടും ഭൂമി ലഭിക്കാതെ വഞ്ചിതരാക്കപ്പെട്ടിട്ടുണ്ട്. ഭൂരഹിതരായ ഓരോ ആദിവാസി കുടുംബത്തിനും ഒരു ഏക്കർ മുതൽ 5 ഏക്കർ വരെ ഭൂമി നൽകി അതിൽ കൃഷി ചെയ്യാനാവശ്യമായ മുഴുവൻ സഹായവും സംരക്ഷണവും നൽകുമെന്ന് സർക്കാർ സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ് മൂലം സർക്കാർ തന്നെ അട്ടിമറിച്ചിരിക്കയാണ്. വനാവകാശ നിയമത്തിന്റെ കാര്യവും ഇതുതന്നെയാണ്. 2006-ലെ പട്ടികവർഗ, മറ്റ് പരമ്പരാഗത വനവാസികളുടേയും (വനാവകാശങ്ങൾ അംഗീകരിക്കൽ) നിയമം എന്നും അറിയപ്പെടുന്ന Forest Rights Act 2006 ആദിവാസികളുടെയും മറ്റ് വനവാസി സമൂഹങ്ങളുടെയും പരമ്പരാഗത ഭൂമിയിലും വിഭവങ്ങളിലുമുള്ള അവകാശങ്ങൾ അംഗീകരിക്കുന്ന ഒരു സുപ്രധാന നിയമ നിർമ്മാണമാണെന്ന് പൊതുവെ കരുതപ്പെടുന്നു.
വനങ്ങളും വിഭവങ്ങളും ഉൾപ്പെടെയുള്ള അവരുടെ പരമ്പരാഗത ഭൂമിയിൽ ആദിവാസികളുടെ അവകാശങ്ങൾ വനാവകാശ നിയമം അംഗീകരിക്കുന്നു. വനാശ്രിതരായ ആദിവാസികൾക്ക് വനങ്ങൾ കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും അവരുടെ സാംസ്‌കാരികവും പ്രകൃതിദത്തവുമായ പൈതൃകങ്ങൾ സംരക്ഷിക്കുന്നതിനും ഈ നിയമം അധികാരം നൽകുന്നുണ്ട്. വാസസ്ഥലത്തിനും കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമായി വനഭൂമിയിൽ ആദിവാസികൾക്ക് വ്യക്തിഗത അവകാശങ്ങൾ വനാവകാശം ഉറപ്പുനൽകുന്നു. വനാശ്രിത സമൂഹത്തെ നിർബന്ധിത കുടിയൊഴിപ്പിക്കലിൽനിന്നും അവരുടെ പരമ്പരാഗത ഭൂമിയിൽനിന്നുള്ള കുടിയിറക്കലിൽനിന്നും വനാവകാശ
നിയമം സംരക്ഷിക്കുന്നു എന്നാണ് അവകാശവാദം. ആദിവാസി സമൂഹങ്ങൾക്ക് അവരുടെ ഭൂമിയെയും വിഭവങ്ങളെയും ബാധിക്കുന്ന ആദിവാസി വിരുദ്ധമായ പദ്ധതികളെ തടയാൻ വനാവകാശം അവരെ അനുവദിക്കുന്നു.

എന്നാൽ ചരിത്രപരമായ അനീതികൾ പരിഹരിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു. പൈതൃക ഭൂമിയിലെ ആദിവാസി അവകാശം നിരന്തരം ചോദ്യം ചെയ്യപ്പെടുമ്പോഴും ഭരണകൂടം നിസംഗത നടിക്കുന്നതുമൂലം വനാവകാശത്തിന്റെ ഒരു ചെറിയ പങ്ക്പോലും കഴിഞ്ഞ പതിനെട്ട് വർഷക്കാലമായിട്ടും നിർവ്വഹിക്കപ്പെട്ടിട്ടില്ല. മൊത്തത്തിൽ, വനാവകാശ നിയമം ആദിവാസികളുടെ അവകാശങ്ങളും അന്തസ്സും ജീവിതരീതിയും സംരക്ഷിക്കാനും അവരുടെ ശാക്തീകരണവും സ്വയം നിർണ്ണയവും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന ഒരു നിർണായക നിയമനിർമ്മാണമാണെങ്കിലും അത് നടപ്പിലാക്കുന്നതിന് ഭരണകൂടം തയാറല്ല എന്നുകാണാം. ഇത്തരമൊരു പൊതു സാഹചര്യത്തിൽ എല്ലാ വിഭാഗത്തിലുംപെട്ട മർദ്ദിത വിഭാഗങ്ങളുടെ മുന്നോട്ട് പോക്കിന് പുരോഗമനപരവും ജനാധിപത്യപരവുമായ ബദൽ നയങ്ങളിൽ ഊന്നുന്ന സമഗ്രമായ ഒരു കാർഷിക പരിപാടി ആവിഷ്കരിക്കുന്നതിനായി വമ്പിച്ച പ്രക്ഷോഭങ്ങൾ അനിവാര്യമാണ്. ഭൂമിയുടെ പുനർവിതരണം ഉള്ളടക്കമായ ഭൂ ബന്ധങ്ങളുടെ ജനാധിപത്യവൽക്കരണം എന്ന ദീർഘകാല ലക്ഷ്യവുമായി കണ്ണി ചേർത്തുകൊണ്ടാണ് നാം ഈ വിഷയത്തെ സമീപിക്കേണ്ടത്.
ഇത്തരമൊരു പ്രക്ഷോഭത്തിനും കാർഷിക പരിപാടിക്കും താഴെ പറയുന്ന ഘടകങ്ങൾ ഉൾകൊള്ളേണ്ടതുണ്ട്.
- ഹാരിസൺസ്, കണ്ണൻ ദേവൻ തുടങ്ങിയ വിദേശ തോട്ടംകമ്പനികളും അവരുടെ ബിനാമികളും (RP ഗോയങ്കെ, ടാറ്റ) കൈവശം വെക്കുന്ന ലക്ഷക്കണക്കിന് ഏക്കർ വരുന്ന മുഴുവൻ തോട്ടഭൂമിയും അനധികൃതമായി കൈമാറിയ ഭൂമിയും നിയമനിർമ്മാണത്തിലൂടെ തിരിച്ചു പിടിക്കുക.
2 a) ഏറ്റെടുക്കുന്ന തോട്ടഭൂമി തോട്ടം തൊഴിലാളികളുടെ ഉടമസ്ഥതയിൽ അവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തി സഹകരണ ഉൽപാദനത്തിൽ കീഴിൽ കൊണ്ടുവന്ന് തോട്ടം മേഖല പുനഃസംഘടിപ്പിക്കുക.
b) ഭക്ഷ്യധാന്യ കൃഷിക്കു ഉപയുക്തമായ ഭൂമി വേർതിരിച്ച് സഹകരണ അടിസ്ഥാനത്തിൽ ഭക്ഷ്യ വിളകളുടെ ഉൽപാദനം ആരംഭിക്കുക. ഭൂരഹിത കുടുംബങ്ങൾക്ക്, ഈ ഭൂമിയിൽ ഉടമസ്ഥത ഉറപ്പുവരുത്തുക.
3 ശാസ്ത്രീയമായ പഠനങ്ങളുടേയും സർവ്വേകളുടേയും വെളിച്ചത്തിൽ മുഴുവൻ കാർഷിക ഭൂമിക്കും ഭൂപരിധി പുനർനിർണ്ണയിക്കുക. കൃഷി മുഖ്യ ജീവനോപാധിയല്ലാത്ത പാർപ്പിട രഹിത കുടുബങ്ങൾക്ക് പാർപ്പിട ആവശ്യങ്ങൾക്കുള്ള ഭൂമി നിജപ്പെടുത്തുക.
- സ്വകാര്യ ട്രസ്റ്റുകളുടേയും, മത സമുദായ സ്ഥാപനങ്ങളുടെയും ഭൂമിക്ക് പരിധി നിശ്ചയിച്ച് അധിക ഭൂമി ഏറ്റെടുക്കുക.
5 a) കാർഷികവൃത്തി മുഖ്യമായി കരുതുന്ന ദലിത്-ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെ മുഴുവൻ കുടുംബങ്ങൾക്കും 2 ഏക്കർ മുതൽ 5 ഏക്കർ വരെ (ജലസേചന സൗകര്യം, മണ്ണിൻ്റെ ഫലഭൂയിഷ്ടത എന്നിവക്കനുസരിച്ച്) ഭൂമി ഉറപ്പു വരുത്തുക. അതോടൊപ്പം,
b) മുഴവൻ കുടുബങ്ങൾക്കും വാസയോഗ്യമായ പാർപ്പിടം ഉറപ്പു വരുത്തുക.
C) ഇന്ന് നിലവിലുള്ള എല്ലാ തരത്തിലുമുള്ള കോളനികളും ഒഴിവാക്കി താമസക്കാരായ മുഴുവൻ പേർക്കും മേൽപ്പറഞ്ഞ തോതിൽ കൃഷിഭൂമിയും വാസയോഗ്യമായ പാർപ്പിടങ്ങളിൽ പുനരധിവാസവും ഉറപ്പു വരുത്തുക.
- ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങൾ അവരുടെ ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്താൻ കഴിയുന്ന രീതിയിൽ സ്വയംഭരണ പ്രദേശങ്ങളാക്കി മാറ്റുക. കൃഷിചെയ്യാനുള്ള ഭൂമി ഓരോ കുടുംബത്തിനും ഉറപ്പു വരുത്തുക. വനാവകാശങ്ങളും വനവിഭവങ്ങളിലെ അധികാരവും ഉറപ്പുവരുത്തി അവർക്കിടയിൽ സഹകരണ ബോധം വളർത്തിയെടുക്കുക. കൃഷിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുക.
7a. കാർഷികേതരമായ ജോലികളിൽ ഏർപ്പെടുന്ന പാർപ്പിട രഹിതരായ കുടുംബങ്ങൾക്ക് അന്താരാഷ്ട മാനദണ്ഡങ്ങൾക്ക് അനുസൃതമായ പാർപ്പിടങ്ങൾക്ക് മതിയായ ഭൂമിയും, അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തിയ പാർപ്പിടങ്ങളും നിർമ്മിക്കുക.
b) തോട്ടം തൊഴിലാളികൾ, വാടക വീടുകളിൽ കഴിയുന്നവർ, പാർപ്പിട രഹിതരായ ചേരിനിവാസികൾ എന്നിവർക്കും വാസയോഗ്യമായ പാർപ്പിടങ്ങൾക്ക് മതിയായ ഭൂമി അതാത് മേഖലകളിൽ തന്നെ ഉറപ്പുവരുത്തുക. അവരുടെ തൊഴിൽ സാഹചര്യങ്ങളെ മെച്ചപ്പെടുത്തുക.
c) മത്സ്യബന്ധന തൊഴിലുകളിൽ ഏർപ്പെടുന്ന കുടുംബങ്ങൾക്ക് വാസയോഗ്യമായ പാർപ്പിടങ്ങൾ നിർമ്മിക്കാൻ മതിയായ ഭൂമി കടലോര മേഖലയിൽ ഉറപ്പു വരുത്തുക.
- a) പാർപ്പിട മേഖലകളേയും കൃഷിയിടങ്ങളേയും, വ്യവസായിക മേഖലകളെയും വേർതിരിക്കുക.
b) വികസനപ്രവർത്തനങ്ങൾക്കു ആവശ്യമായ ഭൂമി ആവശ്യാനുസരണം മാറ്റി വെക്കുക.
c) മൺസൂൺ കാടുകളുടെ ശ്യംഖലയും, ജല സ്രോതസ്സുകളും സ്ഥായിയായി നിലനിർത്തി സംരക്ഷിക്കുക.
d) അതീവ പാരിസ്ഥിതിക പ്രാധാന്യമേറിയ മേഖലകളിൽ നിന്ന് താമസക്കാരെ മാറ്റി കൃഷി ഭൂമിയും പാർപ്പിടവും ഉറപ്പു വരുത്തി അനുയോജ്യമായ മേഖലകളിൽ പുനരധി വസിപ്പിക്കുക.
e) ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്ന, സാമൂഹിക ആവശ്യങ്ങൾ ശാസ്ത്രീയമായി നിർവ്വഹിക്കുന്ന ഭൂവിനിയോഗം ഉറപ്പു വരുത്തുക.
9 . തരിശായി കിടക്കുന്ന ഭൂമികൾ കണ്ടെത്തി ഉടമസ്ഥരിൽ നിന്ന് തിരിച്ചുപിടിച്ചു തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ സഹകരണ കൃഷിക്ക് ഉപയോഗപ്പെടുത്തുക.
- മുഴുവൻ സ്വകാര്യ വനങ്ങളിലുമുള്ള സ്വകാര്യ പട്ടയം റദ്ദ് ചെയ്‌തു വനഭൂമി സർക്കാർ ഏറ്റെടുക്കുക. കേരളത്തിന്റെ തനത് സവിശേഷതകൾക്കും തൊഴിലില്ലായ്‌മയുടെ പരിഹാരത്തിനും ഉതകുന്ന വിധം കൃഷിയേയും, കാർഷിക-അനുബന്ധ വ്യവസായങ്ങളെയും പൊതു വ്യവസായങ്ങളെയും പരസ്‌പരം കണ്ണി ചേർക്കുന്ന സ്വാശ്രിതവും ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ ഒരു വികസന നയത്തിന് രൂപം നല്‌കുക.
വയനാട് പോലുള്ള തെരഞ്ഞടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഇത്തരം സമരങ്ങൾക്ക് നഗരങ്ങളിലെ പാർപ്പിട രഹിതരുടെ സമരവും ഇതുമായി കണ്ണി ചേർത്തു കൊണ്ടു പോകേണ്ടതുണ്ട്. കേരളത്തിലെ എല്ലാ നഗരങ്ങളിലേയും പ്രാന്ത പ്രദേശങ്ങളിലേയും പാർപ്പിട രഹിതർ 18 ലക്ഷത്തോളം വരും. ഇവരിൽ ബഹുഭൂരിപക്ഷവും വാടക വീടുകളിലും ചെറിയ ചേരി പ്രദേശങ്ങളിലും കഴിയുന്നവരാണ്. ഇവർക്കിടയിൽ വിപുലമായ കാമ്പെയിനുകൾ ആരംഭിച്ച് വാർഡു തലത്തിൽ പാർപ്പിട അവകാശ സമിതികൾ രൂപീകരിക്കേണ്ടതുണ്ട്.
ഓരോ നഗര പ്രദേശങ്ങളിലേയും വില്ലേജ് ഓഫീസുകളുമായി ബന്ധപ്പെട്ട് സർക്കാർ ഉടമസ്ഥതയിൽ ഒഴിഞ്ഞു കിടക്കുന്ന ഭൂമികൾ കണ്ടെത്താനും, മിച്ചഭൂമിയായി പ്രഖ്യാപിച്ചിട്ടും, ഏറ്റടുക്കാത്തവ, ഏറ്റെടുത്തിട്ടും വിതരണം ചെയ്യാത്തവ തുടങ്ങിയവ കണ്ടെത്തി അവകാശം സ്ഥാപിക്കുന്നതിനും അതോടൊപ്പം ഇത്തരം ഭൂമി പാർപ്പിട രഹിതർക്ക് വിതരണം ചെയ്യുന്നതിനും പ്രക്ഷോഭങ്ങൾ നടക്കേണ്ടതുണ്ട്. ഇതോടൊപ്പം ഈ വിഭാഗത്തിൻ്റെ മറ്റു പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്. റേഷൻ കാർഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ജപ്‌തി ഭീഷണികൾ, വാടക വീടുകളിൽ നിന്ന് കുടിയിറക്കൽ തുടങ്ങി നാനാ വിഷയങ്ങളിൽ പരിഹാരം ഉണ്ടാകേണ്ടതുണ്ട്. തീരപ്രദേശങ്ങളിലെ പാർപ്പിട രഹിതരായ മൽസ്യത്തൊഴിലാളികൾക്കിടയിലും ഇതേ ദിശയിൽ പ്രവർത്തനം ഉണ്ടാവേണ്ടതുണ്ട്.
ഭൂമിയുടെ പുനഃർവിതരണം ലക്ഷ്യം വെക്കേണ്ട വിപ്ലവകരമായ നടപടികളെ അട്ടിമറിച്ചു കൊണ്ട് നടന്ന ഭൂപരിഷ്‌കരണം തുടക്കത്തിൽ മണ്ണിൽ പണിയെടുക്കുന്ന ‘അടിയാന് കുടികിടപ്പ്’ എന്ന ഔദാര്യമാണ് നൽകിയത്. ഭൂപരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ട ഭൂപരിധി കഴിഞ്ഞുള്ള ഭൂമിയുടെ കാൽ ഭാഗം പോലും ഏറ്റെടുക്കാൻ മാറി മാറി വന്ന സർക്കാരുകൾ തയാറായില്ല. ഭൂരഹിതത ഉയർത്തിക്കൊണ്ടുവന്ന അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി ലക്ഷംവീട് കോളനികളായും, നാലു സെന്ററ്, രണ്ടു സെന്റ്റ് കോളനികളായും അര ലക്ഷത്തോളം ജാതിക്കോളനികൾ കേരളത്തിൽ ഉയർന്നുവന്നത് ഇങ്ങനെയാണ്. ഈ കോളനി രീതി പൂർണ്ണമായും തിരസ്‌കരിച്ച് കൃഷിയെ അടിസ്ഥാനമാക്കി ജീവിക്കുന്നവർക്ക് കൃഷിഭൂമി ആവശ്യപ്പെട്ടു കൊണ്ട് സംഘടിത സമരങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. അതോടൊപ്പം കേരളത്തിലെ മുഴുവൻ താലൂക്കുകളിലും സർക്കാറിൽ നിക്ഷിപ്‌തമായ ഭൂമിയുണ്ട്. ഇത്തരം ഭൂമികൾ ഏറ്റെടുക്കാനും ഏറ്റെടുത്തവ വിതരണം ചെയ്യാനുമുള്ള പ്രക്ഷോഭവും ഭൂ സമരത്തിൻ്റെ അനുബന്ധമായി ഏറ്റടുക്കേണ്ടതുണ്ട്. വിവരാവകാശ നിയമമനുസരിച്ച് അതിവേഗം ഇതുമായി ബന്ധപ്പെട്ട കണക്കുകൾ ലഭ്യമാക്കാവുന്നതാണ്. കണക്കുകൾ ലഭിച്ചു കഴിഞ്ഞാൽ ഭൂമി തെരഞ്ഞടുത്തു ഇവ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വലിയ രീതിയിൽ കാമ്പെയിൻ ആരംഭിക്കണം. തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്കും ഇത്തരം ഭൂമികളിലേക്കും തെരഞ്ഞടുക്കപ്പെട്ട മറ്റ് അധികാര കേന്ദ്രങ്ങളിലേക്കോ മാർച്ച് നടത്തുകയും സമര കേന്ദ്രങ്ങൾ തുറക്കുകയും ചെയ്യേണ്ടതുണ്ട്. വാർഡുതല ഗ്രാമസഭകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധി സഭകൾ എന്നിവിടങ്ങളിൽ എല്ലാം ഭൂ സമരത്തിൻ്റെ രാഷ്ട്രീയം ഇതുവഴി ചർച്ച ചെയ്യാൻ നിർബന്ധിക്കുന്ന സാഹചര്യം ഉയർത്തിക്കൊണ്ടുവരാൻ കഴിയും.
ബഹുമുഖമായ ഭൂപ്രശ്‌നങ്ങളെ കേന്ദ്രീകരിച്ച് മേൽ പറഞ്ഞ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിയുന്ന, വിപുലമായ ബഹുജന പ്രക്ഷോഭമാണ് അനിവാര്യമായിരിക്കുന്നത്. ഹാരിസൺ മലയാളം പോലുള്ള ഭൂമാഫിയകളിൽനിന്ന് ഭൂമി തിരിച്ചുപിടിക്കുന്നതിന് തന്ത്രപരമായ ആസൂത്രണവും നിർവ്വഹണവും ഉൾപ്പെടുന്ന ഒരു ബഹുമുഖ സമീപനം ആവശ്യമാണ്. നിയമനിർമ്മാണത്തിലൂടെ ഭൂമി തിരിച്ചു പിടിക്കുന്നതിന് സർക്കാരിൽ ശക്തമായ ബഹുജന സമ്മർദ്ദം ഇതിനായി ഉയർത്തി കൊണ്ടുവരേണ്ടതുണ്ട്. ഇതിന് ആക്കം കൂട്ടാവുന്ന രീതിയിൽ ഭൂരഹിത ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് ഭൂമിയിൽ അവകാശം സ്ഥാപിക്കുന്ന സമരങ്ങൾ സമാന്തരമായി വികസിപ്പിക്കേണ്ടതുണ്ട്.

പ്രശ്നബാധിത സാമൂഹ്യ വിഭാഗങ്ങളെ സംഘടിപ്പിക്കുക, അവബോധം വളർത്തുക, ഭൂമി കയ്യേറ്റത്തിനെതിരെയുള്ള കൂട്ടായ്‌മ ഉണ്ടാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ട്. ദലിത് ജനവിഭാഗങ്ങൾ, ആദിവാസി ജനവിഭാഗങ്ങൾ, ഭൂരഹിത കർഷക കർഷക തൊഴിലാളി വിഭാഗങ്ങൾ, പാർപ്പിട രഹിതർ, തോട്ടം തൊഴിലാളികൾ, തുടങ്ങിയ ഭൂരാഹിത്യത്തിൻ്റെ ദുരിതങ്ങൾ നേരിടുന്നവർ സംഘടിതരാകേണ്ടതുണ്ട്. അതാത് ഊരു തലത്തിലും വാർഡ് തലത്തിലും പ്രാദേശിക തലങ്ങളിലും വിളിച്ചു ചേർത്തു ഭൂസമരസമിതിയുടെ യൂണിറ്റുകൾ ഉണ്ടാവേണ്ടതുണ്ട്.
അനധികൃത കയ്യേറ്റത്തിനെതിരെ കേസുകൾ ഫയൽ ചെയ്യുക, നിയമനടപടികൾ തുടരുക, ഭൂ മാഫിയകളെ ഒഴിപ്പിക്കാൻ കോടതി ഉത്തരവുകൾ തേടുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ബഹുജനപിന്തുണ ഉറപ്പിക്കുന്നതിനായി പ്രതിഷേധ പ്രകടനങ്ങൾ, തെരുവ് യോഗങ്ങളിലൂടെയുള്ള ബോധവൽക്കരണം തുടങ്ങിയവയും നടക്കേണ്ടതുണ്ട്. അതിലൂടെ അധികാരികളെ സമ്മർദ്ദത്തിലാക്കുകയും നിയമപരമായി അവകാശപ്പെട്ട ഭൂമിയിലേക്കുള്ള സമാധാനപരമായ പ്രതിഷേധ മാർച്ചുകൾ, കൺവൻഷനുകൾ, റാലികൾ, എന്നിവ സംഘടിപ്പിക്കുകയും ചെയ്യണ്ടതുണ്ട്.
പ്രാദേശിക അധികാരികൾക്ക് നിവേദനം സമർപ്പിക്കുക, പരാതികൾ ഫയൽ ചെയ്യുക, പൊതുഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് സ്ഥാപിച്ചെടുക്കുക തുടങ്ങിയ പ്രവർത്തങ്ങൾ നടക്കേണ്ടതുണ്ട്. സ്ഥിരോത്സാഹത്തോടെയും ഐക്യത്തോടെയും പ്രതിബദ്ധതയോടെയുമുള്ള ഈ പ്രവർത്തനങ്ങളുടെ തുടർച്ചയെന്ന നിലക്ക് ഏറ്റവും അനുയോജ്യമായ ഭൂമികളിൽ കൂടിൽകെട്ടി സമരങ്ങൾക്ക് തുടക്കമിടാനും ഭൂസമര കേന്ദ്രങ്ങളായി ഇവയെ വികസിപ്പിക്കുവാനും കഴിയും.
പ്രതിബന്ധങ്ങളും തിരിച്ചടികളും നേരിടുമ്പോഴും, ലക്ഷ്യത്തോടുള്ള ദീർഘകാല പ്രതിബദ്ധത, ആത്യന്തികമായി ഗുണപരമായ മാറ്റത്തിലേക്ക് നയിക്കുമെന്നുറപ്പാണ്. ഇത്രയും സൂക്ഷ്‌മമായ ഒരു വിശകലനം കഴിഞ്ഞകാല ഭൂസമരങ്ങളുടെ അനുഭവങ്ങളെ സ്വാംശീകരിക്കുമ്പോൾ നമുക്കു ലഭിക്കുന്നവയാണ്. കേരളത്തിൽ വളർന്നുവരേണ്ട ശക്തമായ ഭൂപ്രക്ഷോഭത്തിനുള്ള രാഷ്ട്രീയവും സംഘടനാപരമായ തയാറെടുപ്പിനുള്ള ഒരു ആമുഖം മാത്രമാണിത്. അനുഭവങ്ങളിൽ നിന്നാണ് ഇവ വികസിപ്പിക്കേണ്ടത്.
കവർ ചിത്രം : നിലമ്പൂരിലെ ആദിവാസി ഭൂ സമരത്തിൽ നിന്നും
