
പ്രതിനിധാനം – നിജവും വ്യാജവും
നീതി, ജനാധിപത്യം,തുല്യത തുടങ്ങിയ ലിബറൽ ജനാധിപത്യ വ്യവഹാരങ്ങളെ കീഴാള സ്വയംഭരണ സാധ്യതകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന ലേഖന പരമ്പരയുടെ തുടർച്ച. ലിബറൽ ജനാധിപത്യ സംവിധാനങ്ങളുടെ പരിമിതികളെയും പ്രതിസന്ധികളെയും തുറന്നു കാട്ടുന്നു. അടിത്തട്ട് ജനതയുടെ സ്വയം പ്രതിനിധാന ശേഷി എങ്ങനെ സാധ്യമാകും? ലിബറൽ മതേതര ജനാധിപത്യ രാഷ്ട്രം എങ്ങനെ ഭൂരിപക്ഷ മത രാഷ്ട്രമായി മാറുന്നു? അധികാരത്തിന്റെ (ഹിംസയുടെ) തുല്യമായ വിതരണമല്ല; മറിച്ച് അതിന്റെ ചരിത്രപരമായ, സമൂർത്തവും സമുചിതവുമായ അപനിർമ്മാണമാണ് കാലം ആവശ്യപ്പെടുന്നത് തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുകയാണ് എ കെ രവീന്ദ്രൻ.
അർഹരായവർക്ക് അർഹതപ്പെട്ടത് കിട്ടലാണ് ലിബറൽ നീതി. ഉണ്മയല്ല; ഉടമസ്ഥതയാണ് അതിന്റെ കേന്ദ്ര പ്രമേയം. എന്തും ഉടമസ്ഥതയ്ക്ക് വിധേയമത്രേ. ചുറ്റുപാടുകളെയും തന്നെത്തന്നേയും നോക്കിക്കാണുന്ന ഒരു സവിശേഷ കാഴ്ചപ്പാടാണ് ഉടമസ്ഥതാമനോഭാവം. ഉടമസ്ഥതയിൽ തുല്യരല്ലാത്തവർക്ക് പക്ഷെ ലിബറൽ ജനാധിപത്യ നീതിബോധം അവസര സമത്വം വാഗ്ദാനം ചെയ്യുന്നുണ്ട്. തുല്യരല്ലാത്തവർക്ക് തുല്യ അവസരമെന്നതിന് ഒരേ അവസരമെന്നല്ല അർഥം. അവസര സമത്വം സമൂർത്തമാകണമെങ്കിൽ തുല്യതയില്ലായ്മയുടെ തോതനുസരിച്ച് അവസരങ്ങളിലും ഏറ്റക്കുറിച്ചിലുകൾ ആവശ്യമാണല്ലോ. സംവരണയുക്തിയുടെ അടിസ്ഥാനമാണിത്. ഇത് പ്രകാരം ലിബറൽ നീതിബോധത്തിന്റെ അടിസ്ഥാനമെന്നത് അടിത്തട്ട് ജനവിഭാഗങ്ങളുടെ സ്വയംഭരണ ദിശയിലുള്ള സംവരണത്തിലൂടെ രാഷ്ട്രീയാധികാരത്തിലും വിഭവാധികാരത്തിലും ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പുവരുത്തലാകുന്നു. എന്നാൽ, ഈ നീതിബോധം ആഗോളതലത്തിലും ഇന്ത്യനവസ്ഥയിലും അധികാധികം പ്രതിസന്ധികളെ നേരിട്ട് വരികയാണ്. നീതി അനീതിയെ പെരുപ്പിക്കുന്ന, ജാനാധിപത്യം സ്വയം ഫാസിസമായി മാറുന്ന, ഒരാവസ്ഥാ വിശേഷമാണിത്.
ലിബറൽ നീതി ബോധം പ്രാവർത്തികമാകുന്നത് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ജനങ്ങൾക്ക് വേണ്ടി വിധി നിഷേധത്തിന്റേതായ നിയമങ്ങൾ നിർമ്മിച്ച് പ്രാബല്യത്തിൽ വരുത്തുന്നതിലൂടെയാണ്. ഭരണകൂടാധികാരം ഉപയോഗിച്ചാണ് നിയമങ്ങൾ നടപ്പിലാക്കപ്പെടുക. നിയമ ലംഘനങ്ങളെല്ലാം കുറ്റകൃത്യങ്ങളായി മാറുന്നു. വിചാരണയിൽ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടാൽ കുറ്റവാളികൾ കുറ്റത്തിന്റെ പ്രകൃതമനുസരിച്ച് ശിക്ഷിക്കപ്പെടും. നിയമപരിധിയിൽ വരാത്തതോ നിയമാനുസൃതം തന്നെയോ ആയ അധാർമ്മിക പ്രവൃത്തികൾ സാധൂകരിക്കപ്പെടുന്ന ഒരവസ്ഥ ഇവിടെയുണ്ട്. തന്നെയല്ല, ഭരണകൂടാധികാരം ഉപയോഗിച്ചാണ് നീതി നടത്തിപ്പ് എന്നതിനാൽ ആൺകോയ്മയുടെ കേന്ദ്രീകൃത രൂപമായ ഭരണകൂടം എന്ന അനീതി ഈ പ്രക്രിയയിലൂടെ അധികാധികം ശക്തിപ്പെടുകയും ജനസമ്മിതിയുടെ ബലത്തിൽ സാധൂകരണത്തിന്റെ അളവുകോലായി അജയ്യത നേടുകയും ചെയ്യുന്നു. വ്യാജ നാണയം, വ്യാജ മദ്യം, വ്യാജ വൈദ്യം, വ്യാജ ചരിത്രം എന്നിങ്ങനെ ഭരണകൂടത്തിന്റെ അംഗീകാരമില്ലാത്തതൊക്കെ വ്യാജവും അംഗീകാരമുള്ളവ മാത്രം നിജവും എന്നതാണാവസ്ഥ. നീതിയുടെയും അനീതിയുടെയും അവസ്ഥ വ്യത്യസ്തമല്ല. ഭരണകൂടത്തിന്റെ അംഗീകാരമുള്ള അനീതി നീതിയായും അംഗീകാരമില്ലാത്ത നീതി അനീതിയായും വേഷം മാറുമെന്നർത്ഥം.
വ്യക്തിവാദപരമാണ് ലിബറൽ നീതി ബോധം. ജീവശാസ്ത്രവാദ (biologism)ത്തിൽ അധിഷ്ഠിതമാണത്. ശിക്ഷ ഇവിടെ ശാരീരികവും സാമ്പത്തികവുമാണ്. മനസ്താപം, കുറ്റബോധം, മനഃപരിവർത്തനം എന്നിങ്ങനെ മനസിന്റെ ശിക്ഷണ (വിദ്യാഭ്യാസം)വുമായി ശിക്ഷയ്ക്ക് യാതൊരു ബന്ധവുമില്ല. കുറ്റവാളികളുടെ പുനരധിവാസം നീതിന്യായ വകുപ്പിന്റെ ഒരു അജണ്ടയേ ആകുന്നില്ല. ഇന്ത്യൻ പൊതുസമൂഹം അതിന് അനുകൂലവുമല്ല. കടുത്ത ശിക്ഷ കുറ്റ കൃത്യങ്ങൾ കുറയ്ക്കുമെന്ന അഭിപ്രായത്തിനു കിട്ടുന്ന പിന്തുണ ഭയാനകമത്രെ. കുറ്റകൃത്യം സാധ്യമാക്കുന്നതും അതിനു പ്രേരണയാകുന്നതുമായ ‘കുറ്റവാളി’യിലെ സാമൂഹികാംശത്തിന് ഏറ്റവും കുറഞ്ഞ പരിഗണന മാത്രമേ ലഭ്യമാകുന്നുള്ളൂ. അതും ശിക്ഷയുടെ ഇളവിന്റെ കാര്യത്തിൽ മാത്രം. വ്യക്തിവാദപരമായ വാദി-പ്രതി ദ്വന്ദ്വ സൃഷ്ടിയിലൂടെ കുറ്റകൃത്യത്തിന്റെ ഘടനാപരവും വ്യവസ്ഥാപരവുമായ തലങ്ങൾ സംരക്ഷിക്കപ്പെടുകയാണിവിടെ. കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നതിന്റെ പ്രധാന കാരണവും മറ്റൊന്നല്ല. ധാരാളം പേർക്ക് തൊഴിൽ കൊടുക്കുന്ന ‘മാന്യ’മായ ഒരു ഉപജീവനമാർഗമെന്ന നിലയിൽ കുറ്റകൃത്യങ്ങളും അവയുടെ അന്വേഷണവും വിചാരണയും ശിക്ഷാനടത്തിപ്പുമൊക്കെ സമൂഹത്തിന് ഗുണപരമായ സ്ഥാപനങ്ങളായി മഹത്വവൽക്കരിച്ച് നിലനിൽക്കേണ്ടതുമുണ്ടല്ലോ. നീതിയും സുരക്ഷയും നടപ്പിലാക്കുന്നതിനിടയിൽ സാമൂഹിക നീതിയും സ്വാഭാവിക നീതിയും കിട്ടാക്കനികളായി മാറാതെ വയ്യ.
അഞ്ചു പാപങ്ങളുമായി തീർത്ഥാടനത്തിന് പോകുന്നവർ പത്തു പാപങ്ങളുമായി തിരിച്ചു വരുന്നുവെന്ന് കബീർ ദാസ് പാടിയത് പോലെയാണ് ജയിൽ ശിക്ഷ അനുഭവിക്കുന്നവരിൽ ബഹുഭൂരിപക്ഷത്തിന്റെയും അവസ്ഥ. കുറ്റകൃത്യങ്ങളുടെ പരിശീലന കളരിയായി ജയിലുകൾ മാത്രമല്ല, ലിബറൽ നീതിന്യായ സംവിധാനം ഒട്ടാകെ മാറുന്ന സ്ഥിതിവിശേഷവുമുണ്ട്. തന്നെയുമല്ല, ജനവിരുദ്ധ നിയമങ്ങൾക്കെതിരെയും നിയമപരിധികളിൽ ഉൾപ്പെടാത്ത കീഴാള ധാർമിക ബോധ്യങ്ങളുടെ ആവിഷ്ക്കാരങ്ങൾക്ക് വേണ്ടിയും നിലകൊള്ളുന്നവരെ അദൃശ്യരും നിശ്ശബ്ദരും നിർവ്വീര്യരുമാക്കാൻ ജയിലുകളും അനുബന്ധ സംവിധാനങ്ങളും വ്യാപകമായും ഉപയോഗിക്കപ്പെടുന്നുമുണ്ട്.
ലിംഗ- വംശ- വർണ്ണ ഭേദമില്ലാതെ മേൽത്തട്ട് സമൂഹത്തിലെ ഏതു വ്യക്തിയും തന്റെ വിഭാഗത്തെ പൊതു സമൂഹത്തിൽ സ്വത്വപരമായി പ്രതിനിധാനം ചെയ്യുന്നുണ്ട്. ജാതി പേരുകളും ഉന്നത പദവികളും മറ്റും സ്വത്വ പ്രകടനങ്ങൾ കൂടിയാണ്. നിജമായ, യഥാർത്ഥമായ, പ്രതിനിധാനമാണത്. അതുകൊണ്ടാണ് അവരുടെ ദൃശ്യത കൂടുന്നതും കർത്തൃത്വം ആധികാരികമാവുന്നതും. നേരെ മറിച്ചാണ് അടിത്തട്ട് സമൂഹങ്ങളിലെ തെരഞ്ഞെടുക്കപ്പെടുന്നവരുടെ പോലും അവസ്ഥ. സ്വന്തം സമുദായത്തിലെ ഒരംഗം എന്നതിനപ്പുറം ആ സമുദായത്തിന്റെ സ്വത്വപരമായ പ്രതിനിധാനമൊന്നും യഥാർത്ഥത്തിൽ അയാൾക്കുണ്ടായിക്കൊള്ളണമെന്നില്ല. മേലാള സ്വത്വ ബോധം പൊതുബോധമായി കീഴാള വിഭാഗങ്ങൾ സ്വാംശീകരിക്കുന്നതിനാൽ ‘കീഴാള പ്രതിനിധാനം’ അധിക പങ്കും വ്യാജമായിരിക്കാനാണ് സാധ്യത. കീഴാള സ്വത്വ ബോധത്തിന് പൊതുവിൽ പ്രതിനിധാനപരമാകാൻ കഴിയില്ലെന്നതാണ് വാസ്‌തവം.
ഉദാഹരണത്തിന് പുരുഷാധിപത്യത്തിന്റെ പ്രതിനിധി എന്ന നിലയിൽ മാത്രമേ ഏതൊരു പുരുഷനും സ്ത്രീകളെ ലൈംഗികമായി ബലാൽക്കാരം ചെയ്യാനാകൂ. ഈ കടന്നാക്രമണത്തിനെതിരെ ചെറുത്ത് നിൽക്കുന്ന സ്ത്രീ അനിവാര്യമായും സ്ത്രീകളെ സ്വത്വപരമായി പ്രതിനിധാനം ചെയ്യണമെന്നില്ല. അവൾ ഒരുപക്ഷെ പുരുഷാധിപത്യ മൂല്യങ്ങളെ പിൻപറ്റുന്നവളും മറ്റൊരു പുരുഷന്റെ അക്ഷരാർത്ഥത്തിലുള്ള ‘ഭാര്യ’യുമാകാം. പക്ഷെ അവളുടെ ചെറുത്ത് നിൽപ്പ് മാനുഷികമായ ഉണ്മയുടെ പ്രതികരണമായി വേണം മനസിലാക്കാൻ. പെണ്ണിന്റെ സാമൂഹിക നില എന്തായാലും റേപ്പിസ്റ്റ് അവളെ ഒരു പെൺ ശരീരമായി വസ്തുവൽക്കരിക്കുന്നു. ഇതിന് ആക്കം കൂട്ടുന്ന തരത്തിലാണ് നമ്മുടെ പല സ്ത്രീ സംരക്ഷണ നിയമങ്ങളും പ്രവർത്തിക്കുന്നത്. അതി ജീവിതമാരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് കുറ്റകരമാക്കുന്ന നിയമം അങ്ങനെയൊന്നത്രെ. പൊതുവെ പെണ്ണനുകൂലമായി അറിയപ്പെടുന്ന ഈ നിയമത്തിന്റെ മറവിൽ പെൺ വ്യക്തിത്വം ക്രൂശിക്കപ്പെടുകയും അവൾ മുഖമോ വിലാസമോ ഇല്ലാത്തവളായി, ബ്രാഹ്മണിക് സ്മാർത്ത വിചാരണയിലെ ‘സാധന’മായി, മാറുകയും ചെയ്യുന്നു. പെൺ കർത്തൃത്വത്തിനാണ്, പെൺ സ്വത്വത്തിനാണ്, ഇതുമൂലം ക്ഷതമേൽക്കുന്നത്. സ്ത്രീകൾ പരാതിയുമായി വെളിച്ചത്തുവരുന്നതിനെ പ്രസ്തുത നിയമം നിരുത്സാഹപ്പെടുത്തുന്നു.
ഉയർന്ന പദവികളും വിദ്യാഭ്യാസവുമുള്ള ഉപരിവർഗ്ഗ അതിജീവിതമാർക്കുമാത്രമേ പൊതു സമൂഹത്തിൽ തല ഉയർത്തിപ്പിടിച്ച് സ്വന്തം കേസ് വാദിക്കാനാകൂ എന്നതാണ് ഇന്നത്തെ അവസ്ഥ. സുദീർഘമായ കോടതി വിചാരണയ്ക്ക് പുറമെ അതി വിപുലമായ മാധ്യമ വിചാരണ കൂടി ബലാൽക്കാരത്തിനിരയായവൾ നേരിടേണ്ടി വരുന്നതുകൊണ്ടാണല്ലോ സ്ത്രീ സുരക്ഷയുടെ പേരിൽ ഇങ്ങനെയൊരു നിയമം പ്രാബല്യത്തിൽ വന്നത്. ലിബറൽ നീതി വ്യവസ്ഥയുടെ ആന്തര ദൗർബല്യത്തിന് ദൃഷ്ടാന്തമാണിത്. സ്ത്രീ വിരുദ്ധവും ആൺകോയ്മാപരവുമാണെന്ന് സ്വയം സമ്മതിക്കുന്ന ഒരു നീതി വ്യവസ്ഥ! തനിക്ക് നേരെ നടന്ന ഒരു ലൈംഗികാക്രമണത്തെക്കുറിച്ച് സ്വയം പരാതിപ്പെടാൻ പോലും കഴിയാത്ത ( അവരതിന് കഴിവില്ലാത്തവരാണെന്ന് അർത്ഥമില്ല) വിധം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന തലതിരിഞ്ഞ മാനാപമാന ചിന്തയാണ് ലൈംഗികാക്രമണത്തിന്റെ പ്രധാന പ്രേരണ എന്ന അനീതിയെ സാധൂകരിക്കുന്ന ഒന്ന് ! ജാതിപ്പേര് വിളിച്ച ആക്ഷേപിക്കുന്നതും ഇതേ ദുര്യോഗമാണ് നേരിടുന്നത്.
ഇത്രയും പറഞ്ഞത് മേൽത്തട്ട് പ്രതിനിധാനങ്ങളും കീഴാള പ്രതിനിധാനങ്ങളും തമ്മിലുള്ള ബന്ധ വിച്ഛേദങ്ങൾ ചൂണ്ടിക്കാണിക്കാനാണ്. ലിബറലിസ്റ്റ് പ്രതിനിധാനമെന്ന നിലയിൽ രണ്ടും ഒരേ മേൽത്തട്ട് സ്വത്വത്തിന്റെ രൂപ ഭേദങ്ങൾ മാത്രം. അതേസമയം ലിബറലിസത്തിന് വെളിയിൽ കീഴാള പ്രതിനിധാനം സാധ്യമാണ് താനും. അത് പക്ഷെ സ്വയം പ്രതിനിധാനം അഥവാ സ്വയംഭരണം എന്നനിലയിലാവാതെ വയ്യ. മേലാള സ്വത്വത്തിന്റെ നേർ വിപരീതമല്ല കീഴാള സ്വത്വം. തങ്ങളാണ് യഥാർത്ഥ മനുഷ്യരെന്ന് അബോധമായി പോലും കരുതുന്നവരാണല്ലോ വെള്ളക്കാരായ യൂറോപ്യൻ പുരുഷന്മാർ. ബ്രാഹ്മണ പുരുഷനെ മുൻനിർത്തി സവർണരും ഇതുപോലൊരു ഉത്തമപുരുഷ അവകാശവാദം കൊണ്ടു നടക്കുന്നു. ഇത്തരം സാംസ്ക്കാരികാധിപത്യങ്ങളുടെ തടവിലാണ് സ്ത്രീകളുൾപ്പെടെയുള്ള കീഴ്ത്തട്ട് ജനത. സ്വയം പ്രതിനിധാനം വിലക്കപ്പെട്ടവർ. സ്വയം പ്രതിനിധാന ശേഷി വീണ്ടെടുക്കുകയാണ് കീഴാളർ നേരിടുന്ന വെല്ലുവിളി. മാനവ പരിഷ്കൃതിയുടെ മൗലിക പ്രതിസന്ധി കൂടിയാണിത്. സ്വയം പ്രതിനിധാനം വ്യക്തിപരമാകുമ്പോഴും അതിനു വ്യക്തിവാദപരമാകാനാവില്ല. ‘മനുഷ്യ സത്ത’ വ്യക്തി ശരീരത്തിൽ ഒതുങ്ങിക്കൂടിയിരിക്കുന്ന ഒന്നല്ലെന്നും അത് അയാളുടെ സാമൂഹിക ബന്ധങ്ങളുടെ സാകല്യമാണെന്നും കാൾ മാർക്സ്. ‘പ്രതിനിധാനം’ എന്ന പരികല്പനയെ തന്നെ പ്രശ്നവൽക്കരിക്കാതെ കീഴാള ജനതയ്ക്ക് വിമോചനം സ്വപ്നം കാണാനാകാത്ത അവസ്ഥയിലേക്ക് ലിബറൽ ജനാധിപത്യത്തിന്റെ ആന്തര പ്രതിസന്ധി വന്നെത്തിനിൽക്കുകയാണിന്ന്.
‘ജനസംഖ്യാനുപാതിക പ്രാതിനിധ്യം’ വാച്യമായി തന്നെ ബഹു ജനങ്ങളെ ജനസംഖ്യയിലേക്ക് വെട്ടിച്ചുരുക്കുന്നു. ജനങ്ങളുടെ വസ്തുവൽക്കരണവും ചരക്കുവൽക്കരണവുമാണ് ഇവിടെ സംഭവിക്കുന്നത്. പ്രകൃതിയെപ്പോലെ മനുഷ്യരും മൂലധന വികസനത്തിന്റെ വിഭവശേഷികളായി വ്യവസായവൽക്കരിക്കപ്പെടുന്നു. കോർപ്പറേറ്റ് മൂലധനത്തെ നിയന്ത്രിക്കാൻ പഴയതുപോലെ മുതലാളിമാരില്ലെന്ന അവസ്ഥയുമുണ്ട്. ഉള്ളത് സി ഇ ഓ മാരാണ്. മൂലധനത്തിനാണ്, മനുഷ്യർക്കല്ല ഇവിടെ കർതൃത്വം. ലിബറൽ ജനാധിപത്യത്തിൽ പൗരന്മാർ വോട്ടുകളായി, ഔപചാരിക സമ്മതികളായി, സംഖ്യാപരമായാണ് എണ്ണപ്പെടുന്നത്. പൗര സമ്മതം പിടിച്ചു വാങ്ങി തെരഞ്ഞെടുക്കപ്പെടുന്നവർ സത്യപ്രതിജ്ഞയ്ക്ക് ശേഷം തങ്ങളെ ജയിപ്പിച്ച ജനങ്ങളുടെയല്ല മറിച്ച് ഭരണകൂടത്തിന്റെ പ്രതിനിധികളായാണ് മാറുക. ‘ജനപ്രതിനിധി’ ആവാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് വിജയിച്ചു കഴിഞ്ഞാൽ സംഭവിക്കുന്ന ഈ രൂപാന്തരീകരണം (metamorphosis ) ശരിക്കും വിപരീതമായി ബാധിക്കുന്നത് കീഴാള ജനവിഭാഗങ്ങളെ മാത്രമാണെന്ന് പൊതുവെ ആരും തിരിച്ചറിയുന്നില്ല! ലിബറലിസത്തിന്റെ നിലനിൽപ്പുതന്നെ ഈ അറിവില്ലായ്മയുടെ ബലത്തിലല്ലെന്ന് കരുതുന്നതെങ്ങനെ? കീഴാള വിഭാഗങ്ങളുടെ പ്രതിനിധാനം അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടികൾക്കും സമുദായ സംഘടനകൾക്കും അധികാര മോഹത്തിൽ സ്വത്വ വ്യതിയാനവും നയവ്യതിയാനവും സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
പെണ്ണുങ്ങളുടെയും സ്ത്രീകളുടെയും പ്രതിനിധാനം ‘വനിത’കൾക്കാവുന്നതും ഇവരുടെയൊക്കെ കക്ഷി രാഷ്ട്രീയ പ്രതിനിധാനം മഹിളാ കോൺഗ്രസ്, ജനാധിപത്യ മഹിളാ അസോസിയേഷൻ, മഹിളാ മോർച്ച, എന്നിങ്ങനെ ‘മഹിള’മാർക്കാവുന്നതും അടിത്തട്ട് പ്രതിനിധാനങ്ങൾക്ക് സംഭവിക്കുന്ന ശ്രേണീകൃതങ്ങളായ ഭാഷാ പ്രത്യക്ഷങ്ങളാകുന്നു. പദവി ഭേദത്തിലൂടെ സംഭവിക്കുന്ന സ്വത്വ വ്യതിയാനമാണിത്.
സംവരണത്തിലൂടെ സമുദായ പ്രാതിനിധ്യ സമത്വമാണ് ഇന്ത്യൻ ഭരണഘടന ലക്ഷ്യമാക്കുന്നത്. എന്നാൽ ‘പ്രതിനിധാനം’ സ്വയമൊരു അധികാര പദവിയാകയാലും കീഴാള പ്രതിനിധാനം മേലാള പ്രതിനിധാനത്തിന് സാധൂകരണമായി മാറുകയാലും കീഴാള പ്രതിനിധാനത്തിന് വിധേയരാകുന്നവർക്ക് സ്വയംഭരണം ഒരു മരീചികയായി മാറാതെ വയ്യ. മാത്രമല്ല, സമുദായ പ്രാതിനിധ്യം മത്സരാധിഷ്ഠിത തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എളുപ്പത്തിൽ ‘മത പ്രാതിനിധ്യ’മായി മാറാനും ഇടവരുന്നു. നവ ബ്രാഹ്മിണിസ്റ്റ് ഹിന്ദുത്വ രാഷ്ട്രീയത്തിന് നീതിമൽക്കരണം (legitimacy) കൂടിക്കൂടി വരികയും ഇതിനു ആനുപാതികമായി ഇസ്‌ലാമോഫോബിയ വളർത്തപ്പെടുകയും ചെയ്യുന്നു. കീഴാള- ലിംഗ – സമുദായ സ്വത്വങ്ങളെ മത സ്വത്വങ്ങളായി അവതരിപ്പിക്കുക തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് നിർണ്ണായകമാകുന്ന ഒരവസ്ഥാവിശേഷമാണിത്. ലിബറൽ മതേതര ജനാധിപത്യ രാഷ്ട്രം പയ്യെപ്പയ്യെ ഭൂരിപക്ഷ മത രാഷ്ട്രമായി മാറുന്നതിങ്ങനെ. അധികാര – മൂലധന കേന്ദ്രീകരണത്തിനും കുത്തനെയുള്ള ‘വികസന’ത്തിനും ഇത്തരം പ്രത്യശാസ്ത്രോപകരണങ്ങൾ അനിവാര്യമാണല്ലോ. ചൈനയിലെ ‘കമ്യൂണിസം’ പോലെ!
ബ്രാഹ്മണ പൗരോഹിത്യം പക്ഷെ ദൈവത്തെയോ ജനങ്ങളെയോ പ്രതിനിധാനം ചെയ്യുന്ന ഒന്നല്ല. എണ്ണമറ്റ ദേവതകളുടെ സൂക്ഷിപ്പുകാരും പരിപാലകരുമാണവർ. ആ നിലയ്ക്ക് ദേവതകളെക്കാളും ഉയർന്ന പദവിയാണവർക്ക്. ഭൂമിയിലെ ദേവന്മാരാണവർ. നീതി അവർക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. മുൻജന്മ സുകൃതം എന്ന നിലയിലാണ് ഇത് സാധൂകരിക്കപ്പെടുന്നത്. ബ്രാഹ്മണരിലൂടെ മാത്രമേ ദേവതകളുടെ അനുഗ്രഹം സാധ്യമാകൂ. ബ്രാഹ്‌മണരോടുള്ള അടുപ്പവും അകലവുമാണ് നീതി വിതരണത്തിന്റെ അളവുകോൽ. ശൂദ്രരും പഞ്ചമരുമൊക്കെ മുൻജന്മ കർമ്മ ഫലമായി പാപയോനികളിൽ ജനിച്ചവരായി ന്യായീകരിക്കപ്പെടുന്നു. ജന്മനാ പാപികളും ജീവിതകാലം മുഴുവൻ ശിക്ഷ അനുഭവിക്കാൻ വിധിക്കപ്പെട്ടവരും. മരണാനന്തരം അടുത്ത ജന്മങ്ങളിൽ മാത്രമേ ശിക്ഷയിളവ് പ്രതീക്ഷിക്കാനാകൂ. അതും ജാതി വ്യവസ്ഥ (ജയിൽ ജീവിതം) കൃത്യമായി പാലിച്ച് ‘നല്ല നടപ്പ്’ തെളിയിക്കുന്നവർക്ക് മാത്രം.
ആധുനിക ഇന്ത്യൻ ജനാധിപത്യം അതിന്റെ ഭരണഘടനാപരമായ ചട്ടക്കൂടുകൾ ഒട്ടൊക്കെ നിലനിർത്തിക്കൊണ്ടു തന്നെ ഹിന്ദുത്വമെന്നൊരു വിചിത്ര പ്രത്യശാസ്ത്രമായി രൂപാന്തരീകരിച്ചു ഭരണകൂടാധികാരത്തെയും മൂലധന വികസനത്തെയും ശക്തിപ്പെടുത്തുന്നു. അതിലൂടെ ജനസമ്മിതി വ്യാവസായികാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നു. നീതി നീട്ടിവയ്ക്കപ്പെടുക മാത്രമല്ല അനീതി വ്യവസായവൽക്കരണത്തിന് വിധേയമാവുകയും ചെയ്യുന്നു. പരിഷ്കൃതി അനീതിയുടെ പരിഷ്കൃതിയല്ലാതെ മറ്റൊന്നുമാകാത്ത അവസ്ഥ!
ഭരണകൂടാധികാരം ശക്തമാകുമ്പോൾ മേലാള വിഭാഗത്തിന്റെ പ്രതിനിധാന ശേഷിയും വർധിക്കുന്നു. ആനുപാതികമായി കീഴാള വിഭാഗങ്ങളുടെ സ്വത്വപരമായ പ്രതിനിധാന ശേഷി ദുർബലമാകുന്നു. അധികാരത്തെ (ഹിംസയെ) അധികാരം കൊണ്ടു നേരിടുമ്പോൾ ജയിക്കുന്നതും പൂർവ്വാധികം ശക്തിയോടെ അധീശാധികാരമായി അതിജീവിക്കുന്നതും അധികാരം മാത്രം.
നീതിയെ അധികാരത്തിന്റെയും ഉടമസ്ഥതയുടെയും വിതരണ സമത്വമായി വസ്തുവൽക്കരിക്കാതെ മാനുഷികമായ ഉണ്മയുടെ സ്വത്വാവിഷ്‌ക്കാരമായി മൈത്രീകരിക്കലാകുന്നു കീഴാള നീതി. ഇതിനു വേണ്ടത് അധികാരത്തിന്റെ (ഹിംസയുടെ) തുല്യമായ വിതരണമല്ല; മറിച്ച് അതിന്റെ ചരിത്രപരമായ, സമൂർത്തവും സമുചിതവുമായ അപനിർമ്മാണമത്രേ.
(അവസാനിക്കുന്നില്ല)
Featured Image: Baiga art. It is a unique form of tribal art that the Baiga people have practiced for generations. The Baigas are one of the indigenous tribes of central India, and their art is a testament to their profound connection with nature andrich cultural heritage. Image Courtesy: https://www.preserveculture.org/
