
കേരളത്തിന്റെ ആധുനിക ചികിത്സാരംഗം – ചില ഓർമ്മപ്പെടുത്തലുകൾ
കേരളത്തിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖല കേരള സംസ്ഥാനം രൂപീകൃതമാകുന്നതിനു മുമ്പ് പരുവപ്പെട്ടതാണ്. ക്രൈസ്തവസഭകളും തിരു-കൊച്ചി ഭരണാധികാരികളും ഇന്ന് നാം കാണുന്ന ആരോഗ്യ സംവിധാനങ്ങൾക്ക് അടിത്തറയിട്ടിരുന്നു. തുടർന്ന്, കേരളത്തിന്റെ ആരോഗ്യ മേഖലയിലെ മാറ്റങ്ങൾക്ക് നവോത്ഥാന പ്രസ്ഥാനം വലിയൊരു പങ്കുവഹിച്ചു. ഇങ്ങനെ രൂപപ്പെട്ടുവന്ന കേരളത്തിലെ ആരോഗ്യ സംവിധാനം നേരിടുന്ന വളരെ പ്രധാനപ്പെട്ട പരിമിതികളാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് മേധാവി ഹാരിസ് ചിറക്കൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അനിൽകുമാർ പി വൈ
എഴുതുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ, ആരോഗ്യ മേഖലയിലെ പരിമിതികളെക്കുറിച്ചും ആശുപത്രിഭരണ സംവിധാനത്തിലെ പ്രൊഫഷണൽ സമീപനത്തിന്റെ അഭാവത്താൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുമാണ് സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചത്. അതിനു വ്യക്തമായ മറുപടി പറയാതെ ഇവിടെയാണ് ആരോഗ്യമന്ത്രി വീണാ ജോർജ് കേരളത്തിന്റെ ആരോഗ്യ സൂചികയിലെ സ്ഥിതി വിവരകണക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ കണക്കുകൾ കണ്ടാൽ കേരളം ഇതെല്ലാം കൈവരിച്ചത് നിലവിലെ സർക്കാരിന്റെ സംഭാവന എന്ന ധ്വനിയാണ്. എന്നാൽ കേരളം 2016 നു മുമ്പും ഇവിടെ ഉണ്ടായിരുന്നു. കൂടാതെ വിദ്യാഭ്യാസ-ആരോഗ്യ മേഖല-കേരളം ഉണ്ടാകുന്നതിനു മുമ്പ് പരുവപ്പെട്ടതാണ്. നിയന്ത്രിക്കാൻ കഴിഞ്ഞ ശിശു-മാതൃ മരണ നിരക്കും കാലാകാലങ്ങളായി വികസിച്ച അനുബന്ധ ആരോഗ്യ സംവിധാനങ്ങളും പൊതുസമൂഹത്തിന്റെ ജാഗ്രതയും ഇടപെടലും അവബോധവുമാണ് കേരളത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ആരോഗ്യ സേവന ചരിത്രം പ്രസക്തമാകുന്നത്.

ചരിത്രം ഇങ്ങിനെ
ഒരു പ്രദേശത്തെ ആരോഗ്യസൂചികയും അനുബന്ധ സംവിധാനങ്ങളും വിലയിരുത്തപ്പെടുന്നത് ഏതെങ്കിലുംതരത്തിലുള്ള പഠനം, ഗവേഷണം, റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ്. അങ്ങനെയെങ്കിൽ ആദ്യ സെൻസസ് 1871-72 നടക്കുമ്പോൾ കേരളം മൂന്നു ഭരണസംവിധാനത്തിലായിരുന്നു (തിരു-കൊച്ചി-മലബാർ ). അക്കാലം തൊട്ടുള്ള റിപ്പോർട്ട് പരിശോധിച്ചാൽ തിരു-കൊച്ചി സാക്ഷരതയിൽ ബ്രിട്ടീഷ് കാലത്ത്തന്നെ മുന്നിലായിരുന്നു. ആരോഗ്യരംഗം പഠനവിധേയമാക്കുമ്പോൾ സ്വാഭാവികമായി വിദ്യാഭ്യാസം പ്രധാന ഘടകമാണ്. ഇന്നത്തെ സംഘടിത രാഷ്ട്രീയ പാർട്ടിനേതാക്കൾ ജനിക്കുന്നതിനുമുമ്പേ തന്നെ ഇവിടെ ഈ മേഖലയിൽ നല്ല ശ്രമങ്ങൾനടന്നിരുന്നു എന്നർത്ഥം. ക്രൈസ്തവസഭകളും തിരു-കൊച്ചി ഭരണാധികാരികളും അതിന്റെ അടിത്തറയിട്ടിരുന്നു. രാഷ്ട്രീയകാര്യങ്ങളിൽ ഈ ഭരണാധികാരികൾ പുരോഗമനപരമായ മാറ്റം ആഗ്രഹിച്ചിരുന്നില്ല എന്നത് മറ്റൊരു ചരിത്ര വസ്തുത.
തുടർന്ന് കേരളത്തിന്റെ ആരോഗ്യ മേഖലയിലെ മാറ്റങ്ങൾക്ക് നവോത്ഥാന പ്രസ്ഥാനം വലിയൊരു പങ്കുവഹിച്ചു. വിദ്യാഭ്യാസത്തിലൂടെ പുരോഗതി എന്നായിരുന്നു സാമൂഹിക പരിഷ്ക്കർത്താക്കളായ അയ്യാ വൈകുണ്ഠ സ്വാമികൾ, ശ്രീനാരായണഗുരു, വക്കം മൗലവി, അയ്യൻ കാളി, പൊയ്കയിൽ അപ്പച്ചൻ, ചട്ടമ്പി സ്വാമി തുടങ്ങിയവരുടെ നിലപാട്. 1921-ലെ സെൻസസ് റിപ്പോർട്ടിൽ നാരായണഗുരുവിന്റെ വിദ്യാഭ്യാസ ഇടപെടൽ പരാമർശിച്ചിട്ടുണ്ട്. രാജ ഭരണം പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചിരുന്നു. സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ്തന്നെ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായിരുന്നു. 1969-ൽ ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോർട്ടിൽ വ്യവസായവൽക്കരണം കൂടാതെ കേരളം പാശ്ചാത്യ രാജ്യങ്ങൾക്ക് തുല്യമായ സാമൂഹിക പുരോഗതി നേടിയിട്ടുണ്ടെന്ന് പരാമർശിച്ചിരുന്നു. ഈ അടിത്തറയിൽ നിന്നാണ് ഐക്യകേരളത്തിൽ വന്ന സർക്കാരുകൾ നിലവിലെ സംവിധാനം ശക്തിപ്പെടുത്തുന്നതിൽ രാഷ്ട്രീയ മത്സരം സംഘടിപ്പിച്ചു മുന്നേറിയത്. അതിപ്പോൾ പല രൂപത്തിലും രീതിയിലും തുടരുന്നു.
ആധുനിക ചികിത്സാരംഗം
ബ്രിട്ടീഷുകാർ അവരുടെ ആവശ്യങ്ങൾ നിറവേറ്റാനായിരുന്നു ആധുനിക ചികിത്സ തിരുവിതാംകൂറിൽ ആരംഭിച്ചത്. കേരളത്തിലെ മറ്റു നാട്ടുരാജ്യങ്ങളിലും അവർ അത് പ്രയോഗിച്ചു. നാട്ടു ചികിൽസ പരിഹാരമില്ലാതിരുന്ന കോളറ, വസൂരി, അതിസാരം, മലേറിയ എന്നിവ മരണങ്ങളുടെ വർദ്ധന കൂട്ടിക്കൊണ്ടിരുന്നു.1813-ൽ വസൂരി പടർന്നുപിടിച്ചപ്പോൾ റെസിഡന്റും ദിവാൻ പദവിയും ഒരുമിച്ചു വഹിച്ച മൺട്രോയുടെ നിർദ്ദേശപ്രകാരം റാണി ഗൗരി ലക്ഷ്മി ബായി ചെറിയൊരു വാക്‌സിനേഷൻ ഗ്രൂപ്പിന് രൂപം നൽകി. 1819-ൽ ഡോ. പ്രോവാൻ കൊട്ടാരം വൈദ്യൻ (Durbar Physician) ആയി നിയോഗിക്കപ്പെട്ടു. കൊട്ടാരം ജോലിക്കാർക്കും തിരുവിതാംകൂർ പട്ടാളമായ നായർ ബ്രിഗേഡിനുമായി തിരുവനന്തപുരത്ത് കോട്ടക്കകത്തും (ഇന്നത്തെ ഫോർട്ട് ഹോസ്പിറ്റൽ) മറ്റൊന്ന് പട്ടാളത്തിന്റെ പാളയത്തും ആശുപത്രികൾ ആരംഭിച്ചു.
സ്വാതി തിരുനാൾ 1837-ൽ തൈക്കാട് കിടക്കകളോടെ ധർമ്മാശുപത്രിയും സ്ഥാപിച്ചിരുന്നു. 1905-ൽ ഈ ആശുപത്രി ഡോ. മേരി പുന്നൻ ലൂക്കോസിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച പ്രസവാശുപത്രി പിന്നീട് കുട്ടികളുടെയും സ്ത്രീകളുടെയും പ്രത്യേക ആശുപത്രിയായി മാറി. ഒരു കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ജനനം രേഖപ്പെടുത്തിയത് ഇവിടെ ആയിരിക്കാം. ഇന്നും ഒരു പക്ഷേ ഏറ്റവും പ്രധാന ആശുപത്രിയിലൊന്നാണ് ഇത്. 1870-ൽ പേരൂർക്കട മാനസികരോഗ ആശുപത്രി, പിന്നാലെ ജനറൽ ആശുപത്രി എന്നിങ്ങനെ സർക്കാർ ആശുപത്രികളുണ്ടായി. പുലയനാർകോട്ട ക്ഷയ രോഗ ആശുപത്രിയും ഇക്കൂട്ടത്തിലുള്ളതാണ്. ഇതു പോലെ നിരവധി ആതുരാലയങ്ങൾ കേരളത്തിൽ വ്യാപകമായി ഉണ്ടായി.
ഇതിനനുബന്ധമായി 1900 ത്തിന്റെ തുടക്കത്തിൽ തന്നെ ആതുര ശുശ്രൂഷ വിദ്യാഭ്യാസത്തിൽ വനിതകളുടെ സാന്നിധ്യം പ്രകടമായി. അങ്ങിനെ കേരളത്തിൽ നിന്നുമുള്ള നേഴ്സുമാരുടെ സേവനം ലോകരാജ്യങ്ങളിലെത്തപ്പെട്ടു. അതിപ്പോഴും തുടരുന്നു. വിദേശ രാജ്യങ്ങളിലെ പ്രശസ്തമായ ആശുപത്രികളിൽ ഈ വനിതകൾ അവരുടെ സ്തുത്യർഹമായ സേവനം ഇപ്പോഴും തുടരുന്നു. ഈ ഒരു ആരോഗ്യ പരിപാലന ബോധവും ബോധ്യവുമാണ് കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പ് തന്നെ വ്യക്തി ശുചിത്വം, ആരോഗ്യം, ചികിത്സ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ അനുകരണീയ നല്ല മാതൃകകൾ ഉണ്ടാക്കിയത്. ഇവിടെയൊന്നും സംഘടിത രാഷ്ട്രീയപ്പാർട്ടികൾക്ക് അവകാശപ്പെടാനൊന്നുമില്ല.
എന്നാൽ ഇതിനൊക്കെ മുമ്പേ ജാതിഭേദമില്ലാതെ ലണ്ടൻ മിഷൻ സൊസൈറ്റി, പ്രൊട്ടസ്റ്റന്റ് മിഷൻ എന്നീ സംഘടനകൾ ആധുനിക വൈദ്യ സ്ഥാപനങ്ങൾ ആരംഭിച്ചു. 1838-ൽ നെയ്യൂർ മെഡിക്കൽ മിഷൻ ആശുപത്രി തുടങ്ങി. 1923-ൽ ഡോ. സോമർവെൽ ആദ്യ എക്സ്റെ സ്ഥാപിച്ചു ശസ്ത്രക്രിയയും തുടങ്ങിയിരുന്നു. 1951-ൽ തിരുവനന്തപുരത്ത് മെഡിക്കൽകോളേജിനു തുടക്കമിടുമ്പോൾ ഡോ. സോമർവെൽ അതിൽ ഉപദേശകാംഗമായിരുന്നു. അങ്ങനെ സാർവത്രിക പൊതുജനാരോഗ്യ സേവനം ലണ്ടൻ മിഷൻ സൊസൈറ്റി മെഡിക്കൽ മിഷൻ യാഥാർഥ്യമാക്കിയെന്ന് പറയാം. ഇവിടെയെല്ലാം ജാതി-മത ഭേദമില്ലാതെ ആരോഗ്യ സേവനം പ്രാപ്യമായിരുന്നു.
ആരോഗ്യമേഖല സ്വാതന്ത്ര്യത്തിനു ശേഷം
1949-ൽ പറവൂർ ടി.കെ നാരായണപിള്ള തിരുവിതാംകൂർ മുഖ്യമന്ത്രിയായിരുക്കുമ്പോഴാണ് 1950 ജനുവരി 26ന് ബാലരാമവർമ തിരുവനന്തപുരം മെഡിക്കൽ കോളേജിനു തറക്കല്ലിടുന്നത്. സി.ഒ കരുണാകരനായിരുന്നു സ്പെഷ്യൽ ഓഫീസർ. ആ കാലയളവിൽ കൽക്കട്ട തീസീസിന്റെ ഭാഗമായി ശൂരനാട് കലാപത്തിലൊക്കെപ്പെട്ടു കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച കാലം കൂടിയായിരുന്നു. മെഡിക്കൽ കോളേജ് ആദ്യ ബാച്ച് MBBS അഡ്മിഷനു തുടക്കം, ഉദ്ഘാടനം എന്നിവ നിർവഹിച്ചത് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവായിരുന്നു. ചികിത്സ തേടുന്ന ആദ്യ രോഗിയായി പേര് രജിസ്റ്റർ ആയതും നെഹ്‌റു ആയിരുന്നു എന്നത് ചരിത്രം. കേന്ദ്ര ആരോഗ്യമന്ത്രി അമൃത കൗളും പങ്കെടുത്തിരുന്നു.
1957-ൽ ഇ എം എസ് സർക്കാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആരംഭിച്ചു. എ. ആർ മേനോനായിരുന്നു ആരോഗ്യമന്ത്രി. 1961-ൽ പട്ടം താണു പിള്ളയുടെ കാലത്താണ് 1961-ൽ തിരുമല ദേവസ്വം (തിരുപ്പതി) ആലപ്പുഴയിൽ മെഡിക്കൽ കോളേജ് ആരംഭിച്ചു. രണ്ടാം പഞ്ചവത്സര പദ്ധതിക്കാലം. വി. കെ വേലപ്പനായിരുന്നു ആരോഗ്യമന്ത്രി. 1973-ൽ അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്ത് ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജായി. അതേവർഷം റീജിണൽ കാൻസർ സെന്റർ, ശ്രീചിത്ര മെഡിക്കൽ സെന്റർ (ഇപ്പോൾ അച്യുതമേനോൻ സെന്റർ) ആരംഭിച്ചു. എൻ. കെ ബാലകൃഷ്‌ണനായിരുന്നു ആരോഗ്യമന്ത്രി. കോൺഗ്രസ്, സി പി ഐ മുന്നണി ഭരണമായിരുന്നു അക്കാലത്ത്. 1982-ൽ കെ. കരുണാകരന്റെ കാലയളവിൽ തൃശൂർ മെഡിക്കൽ കോളേജ് ആരംഭിച്ചു. കണ്ണൂർ ജില്ലയിലെ പരിയാരത്ത് സഹകരണ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് 1993 മാർച്ചിൽ സ്ഥാപിതമായി. മെഡിക്കൽ കോളേജിനെ സ്വകാര്യ ട്രൂസ്റ്റിന്റെ കീഴിലേക്ക് മാറ്റി അഴിമതിക്കുള്ള വേദി ഒരുക്കുകയാണെന്നും മെഡിക്കൽ കോളേജ് തീർത്തും സഹകരണ മേഖലയിൽ നിലനിർത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു കൂത്തുപറമ്പിൽ യുവജന സമരം നടന്നത്. അന്ന് സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനെ1994 നവംബർ 25നു സമരക്കാർ തടയുകയുണ്ടായി. തുടർന്ന് കൂത്തുപറമ്പിൽ വച്ചുണ്ടായ പോലീസ് വെടിവെപ്പിൽ അഞ്ചു ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊല്ലപെട്ടു. ഈ അടുത്തകാലം മുതൽ കൊല്ലപ്പെട്ടവരുടെയും കൊല്ലിച്ച ആളെന്ന് അക്കാലത്തു ആരോപിച്ച വ്യക്തിയുടെയും ദിനാചരണങ്ങൾ ഒരേപോലെ ഒരു പാർട്ടി തന്നെ സംഘടിപ്പിച്ചു വരുന്നു എന്നത് മറ്റൊരു വൈരുധ്യം. ഇപ്പോൾ അതിനു കാരണക്കാരനെന്ന് പറഞ്ഞുകൊണ്ട് സമരം ചെയ്ത പാർട്ടി തന്നെ അന്നത്തെ എസ്.പി. രവത ചന്ദ്രശേഖറിനെ ഡി ജി പി ആക്കിയിരിക്കുന്നു എന്നത് വർത്തമാന ചരിത്രം.

1999-ലാണ് ഇ .കെ നായനാർ മന്ത്രിസഭയുടെ കാലത്ത് സഹകരണ മേഖലയിൽ കളമശ്ശേരി മെഡിക്കൽ കോളേജ് വരുന്നത്. എൽ ഡി എഫ് ഭരണ കാലയളവിൽ കോൺഗ്രസ് (എസ്) നായിരുന്നു ആരോഗ്യവകുപ്പ്. എ.സി ഷണ്മുഖദാസും വി .സി കബീറുമായിരുന്നു മന്ത്രിമാർ. 2001-ൽ എ. കെ ആന്റണി സ്വാശ്രയ മെഡിക്കൽ കോളേജുകൾക്കു അനുമതി നൽകുന്നു. 2011-ൽ ഉമ്മൻചാണ്ടിയുടെ കാലത്താണ് എല്ലാ ജില്ലയിലും ഒരു മെഡിക്കൽകോളേജ് എന്ന പ്രഖ്യാപനം നടത്തുന്നു. അത് ഇപ്പോഴും പൂർണ്ണമായിട്ടില്ല. തിരുവനന്തപുരത്ത് ജനറൽ ആശുപത്രി വളപ്പിൽ രണ്ടാമത്തെ സർക്കാർ മെഡിക്കൽ കോളേജിന് തുടക്കമിടുകയും ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ ശ്രമിച്ച് തുടർപ്രവർത്തനം സാധ്യമാകാതെ നിർമ്മിച്ച കെട്ടിടങ്ങൾ പാഴാവുകയും ചെയ്തു. കഴിഞ്ഞ കോവിഡ് കാലത്ത് സർക്കാരിന് പ്രവർത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിലുണ്ടായിരുന്നതിനു പിന്നിൽ ഇതിന് മുൻപത്തെ പതിനഞ്ചു വർഷക്കാലം ആരോഗ്യ രംഗത്ത് നടന്ന മാറ്റങ്ങൾ വഹിച്ച പങ്ക് വിസമരിക്കാൻ കഴിയുന്നതല്ല.

ആദ്യ യു പി എ സർക്കാരിന്റെ 2005ലെ ഫ്ലാഗ്ഷിപ് പ്രോഗ്രാം ആയിരുന്ന നാഷണൽ റൂറൽ ഹെൽത്ത് മിഷൻ പിൽക്കാലത്തു നാഷണൽ ഹെൽത്ത് മിഷൻ ആയി മാറി. 2007-08 ൽ തുടക്കമിട്ട അതിന്റെ മിഷൻ അടിസ്ഥാനത്തിലുള്ള പ്രവർത്തനമാണ് പി. കെ ശ്രീമതി, അടൂർ പ്രകാശ്, വി.എസ് ശിവകുമാർ, കെ. കെ ശൈലജ എന്നീ ആരോഗ്യമന്ത്രിമാരിലൂടെ യാഥാർഥ്യമായ കേരളത്തിലെ ആരോഗ്യ സംവിധാനം. അക്കാലത്ത് ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന ഡോക്ടർ വിശ്വാസ് മേത്ത, മിഷൻ ഡയറക്ടർ ഡോക്ടർ ദിനേഷ് അറോറ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായിരുന്ന ഡോക്ടർ പ്രദീപ് കുമാർ, അന്തരിച്ച ഡോക്ടർ സുനിൽകുമാർ, മാനവ വിഭവശേഷി കൈകാര്യം ചെയ്ത സുരേഷ്‌കുമാർ എന്നിവരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ഇപ്പോഴത്തെ ഈ ട്രാക്ക് റെക്കോർഡിനു പിന്നിലെന്ന് പ്രത്യേകം ഓർത്തുപോകുന്നു.
അതിന്റെ തുടർച്ചയാണ് ഇപ്പോൾ മന്ത്രി വീണ ജോർജ് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ10 വർഷത്തിനിടയിൽ പെരിഫെറൽ ഹെൽത്ത് ഇൻസ്റ്റിട്യൂഷൻസ് സിസ്റ്റം (PHIS) കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഫണ്ട്, പ്രവർത്തനങ്ങൾ, സംവിധാനങ്ങൾ എന്നിവയിലൂടെ നേടിയെടുത്ത കാര്യങ്ങളാണ് ആരോഗ്യമേഖലയിൽ ഇന്ന് കാണുന്ന പ്രകടമായ പുരോഗതിക്ക് അടിസ്ഥാനം. കേന്ദ്ര സർക്കാർ സ്പോൺസർ ചെയ്ത ക്ഷേമ പദ്ധതികളും പരിപാടികളും എല്ലാം കേരളം നാല് മിഷൻ ആക്കിമാറ്റി. അതിൽ ‘ആർദ്രം’ ഭൂരിഭാഗവും നാഷണൽ ഹെൽത്ത് മിഷൻന്റെ ഭാഗമാണ്. പൊതു ആരോഗ്യരംഗത്ത് ആവശ്യമായ പശ്ചാത്തല സംവിധാനം ഉണ്ടാക്കുക എന്നതാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ചുരുക്കി പറഞ്ഞാൽ ആരോഗ്യമേഖലയിലെ പൊതുചിലവ് നിലവിലുള്ള ജി ഡി പി യുടെ 0.9%ത്തിൽ നിന്നും 02-03% ആയി ഉയർത്തുക. ആരോഗ്യ മന്ത്രിയായിരുന്ന പി.കെ ശ്രീമതിയുടെ കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ട നാഷണൽ റൂറൽ ഹെൽത്ത് മിഷന്റെ വിവിധ ഹാൻഡ്‌ബുക്കുകൾ ഇപ്പോഴും ഡിറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവ്വീസസ്, നാഷണൽ ഹെൽത്ത് മിഷൻ എന്നിവയുടെ ആസ്ഥാനത്ത് പരിശോധിച്ചാൽ ലഭ്യമാകും. ‘ആരോഗ്യ കേരളം’ ആദ്യ ന്യൂസ് ലെറ്റർ രൂപകൽപ്പന ചെയ്യാൻ ഈ ലേഖകന് അവസരം ലഭിച്ചത്കൊണ്ടാണ് ഇത്രയും ആധികാരികമായി സൂചന നൽകാൻ കഴിയുന്നത്.
ഇതിന്റെ ഭാഗമാണ് 1000 ജനങ്ങൾക്കൊരു ‘ആശ’ (Accredited Social Health Activist ). ഈ ആശയത്തിന്റെ ഭാഗമായാണ് അംഗീകൃത സാമൂഹിക ആരോഗ്യ പ്രവർത്തകർ എന്ന നിലയിൽ 26,125പേർ ആരോഗ്യ മേഖലയുടെ ഭാഗമാകുന്നത്. ഇപ്പോൾ അവരോട് സർക്കാർ അവഗണ കാണിക്കുന്നു എന്നത് മറ്റൊരു യാഥാർഥ്യം. കഴിഞ്ഞ 15 വർഷത്തിലധികമായി ഇവർ കേരളത്തിലെ മുക്കിലും മൂലയിലും പ്രവർത്തിക്കുന്നു. ഘട്ടം-ഘട്ടമായി പരിശീലനത്തിലൂടെ ആർജിച്ച അറിവ്, കഴിവുകൾ, സേവന മനോഭാവം (Knowledge, Skills & Attitude) എന്നിവയിലൂടെ കേരളത്തിന്റെ ഉൾപ്രദേശങ്ങളിൽപ്പോലും അവരുടെ ഇടപെടലിന്റെ ഗുണപരമായമാറ്റം ആരോഗ്യമേഖലയിൽ പ്രകടമാണ്.

കേരളത്തിൽ മിഷണറിമാരുടെ കാലം മുതൽ ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ നാഷണൽ ഹെൽത്ത് മിഷനു ഒരു മുതൽക്കൂട്ടായി മാറി. അതുകൊണ്ട് ഇതര സംസ്ഥാനങ്ങളേക്കാൾ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ കേരളത്തിൽ സാധ്യമായി. ആശ പ്രവർത്തകർ മാത്രമല്ല ഡോക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്, ലാബ് ടെക്‌നിഷ്യൻസ് തുടങ്ങിയ എല്ലാവിധ സേവനദാതാക്കളെയും പ്രാഥമിക ആരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ, താലൂക്ക്, ജില്ല, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. പദ്ധതികൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുഖേന ഏകോപിപ്പിക്കാൻ പബ്ലിക് റിലേഷൻ ഓഫീസർ കം ലെയ്സൺ ഓഫീസർ എന്ന ഉദ്യോഗസ്ഥനെയും നിയോഗിച്ചിട്ടുണ്ട്. ഈ ഒരു ഏകോപനം വളരെ കൃത്യമായി കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളത്തിൽ നടന്നുവരുന്നു. ഈ സംവിധാനങ്ങൾ കാലാകാലങ്ങളായി വരുന്ന സർക്കാറുകൾക്ക് വളരെ കൃത്യമായി ചലിപ്പിക്കുവാൻ കഴിയുന്നുണ്ട്. അതാണ് ആരോഗ്യ രംഗത്തെ ഏത് അടിയന്തിര സാഹചര്യവും നേരിടാൻ നമ്മെ പ്രാപ്തരായിരിക്കുന്നത്.
ഇങ്ങനെ പ്രവർത്തിക്കുന്ന കേരളത്തിലെ ആരോഗ്യ സംവിധാനം നേരിടുന്ന വളരെ പ്രധാനപ്പെട്ട പരിമിതികളാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. സാധാരണ ജനങ്ങളുടെ ആശ്രയവും അത്താണിയുമായ തലസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജിന്റെ അവസ്ഥയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ ഒമ്പത് വർഷമായി തുടർ ഭരണത്തിന്റെ മായാപ്രപഞ്ചത്തിൽ പ്രചാരണ തന്ത്രങ്ങളിലൂടെ ഫലപ്രദമല്ലാത്ത പദ്ധതികൾ പോലും വിജയകരമാണെന്ന ധാരണ സൃഷ്ടിക്കാമെന്ന പദ്ധതിയെയാണ് സിപിഎം സഹായാത്രികൻ കൂടിയായ ഡോ. ഹാരിസ് ചിറക്കൽ പൊളിച്ചടുക്കിയത്. മരുന്ന്, ചികിത്സാ ഉപകരണങ്ങൾ എന്നിവ കൃത്യമായി ലഭ്യമാക്കാത്തവിധം വിതരണക്കാർക്ക് കോടിക്കണക്കിന് രൂപയുടെ കുടിശികയാണ് നിലവിലുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായ ചരിത്രം കേരളത്തിലെ പൊതുജന ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു നിലനിൽക്കുമ്പോഴും നിരവധി വെല്ലുവിളികളും പരിമിതികളും ആ മേഖലയിൽ നിർബാധം തുടരുന്നു എന്ന ഓർമ്മപ്പെടുത്തൾ കൂടിയാണ് ഡോക്ടർ ഹാരിസിന്റെ തുറന്നുപറച്ചിൽ. കൂടാതെ ഉയർന്ന ജീവിത ശൈലീരോഗങ്ങൾ, കാൻസർ, വൃക്ക രോഗം, ചിക്കൻ ഗുനിയ, ഡെങ്കി തുടങ്ങിയ പകർച്ചവ്യാധികൾ കേരളത്തിലെ ആരോഗ്യരംഗം ഇന്നും നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.
Source :സാമൂഹിക മാധ്യമങ്ങൾ, ആനുകാലികങ്ങൾ, വിവിധ ലേഖനങ്ങൾ വായിച്ചു തയ്യാറാക്കിയത്.