സ്വശരീരത്തിലൂടെ സ്വയംഭരണത്തിലേക്ക്

സ്വശരീരത്തിലൂടെ സ്വയംഭരണത്തിലേക്ക്

പ്രകൃതി ചികിത്സ നൽകുന്ന സ്വയംഭരണ സാധ്യതകളെക്കുറിച്ചും കീഴാള രാഷ്ട്രീയവും പ്രകൃതിജീവനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമുള്ള വിശകലനം. എന്തുകൊണ്ട് ഭരണകൂടം അലോപ്പതി ചികിത്സയെ ഏകപക്ഷീയമായി പിന്താങ്ങുന്നു? പ്രകൃതി ജീവനം എന്നാൽ അലോപ്പതി മരുന്നുകൾ ഒഴിവാക്കുക മാത്രമാണോ? പ്രകൃതിചികിത്സ വെറുമൊരു രോഗചികിത്സയല്ലെന്നും അതിനൊരു രാഷ്ട്രീയഭാഗധേയമുണ്ടെന്നും മറ്റു ചികിത്സാ മുറകളെപ്പോലെ അരാഷ്ട്രീയമായി അഭിനയിക്കേണ്ട ഗതികേട് അതിനില്ലെന്നും സ്വന്തം രാഷ്ട്രീയം എന്തെന്ന് ഉറക്കെ ചിന്തിക്കാൻ മാത്രം അത് ശക്തവും പക്വവുമാണെന്നും പ്രകൃതിചികിത്സകർ തിരിച്ചറിയേണ്ടതുണ്ടെന്നും എ കെ രവീന്ദ്രൻ വിശദീകരിക്കുന്നു.

സ്വയംഭരണമാണല്ലോ കീഴാള രാഷ്ട്രീയത്തിന്റെ സവിശേഷമായ സാധ്യതകൾ തുറന്നിടുന്നത്. സ്വയംഭരണത്തിൽ സ്വശരീരത്തിന് മേലുള്ള വ്യക്തിയുടെ നിയന്ത്രണം ഏറെ പ്രധാനപ്പെട്ടതാണല്ലോ. പ്രകൃതി ജീവനത്തിൽ അതിന് ഏറെ പ്രാധാന്യമുള്ളതായി കാണാം. കീഴാള രാഷ്ട്രീയവും പ്രകൃതിജീവനവും തമ്മിൽ ബന്ധമുണ്ടോ? എന്തിനാണ് പ്രകൃതിജീവനത്തിലേക്ക് രാഷ്ട്രീയം കൊണ്ടുവരുന്നത്? കീഴാള-മേലാള വ്യത്യാസമില്ലാതെ ആർക്കും സ്വീകാര്യമായ ഒന്നല്ലേ പ്രകൃതിചികിത്സയും പ്രകൃതിജീവനവും. രാഷ്ട്രീയമുക്തമല്ലേ പ്രകൃതി? സ്വച്ഛസുന്ദരമായ ഒരു ജീവിതചര്യയാണല്ലോ പ്രകൃതി ജീവനം. രാഷ്ട്രീയം വലിച്ചിഴച്ച് അവിടം പ്രശ്നഭരിതമാക്കുന്നതെന്തിന്? രാഷ്ട്രീയത്തിന് അതീതമായല്ലേ പ്രകൃതി ചികിത്സകർ മനുഷ്യരെ സമീപിക്കേണ്ടത്? പ്രകൃതിയിൽനിന്ന് നാം പഠിക്കേണ്ടതും ഉൾക്കൊള്ളേണ്ടതും അതല്ലേ?

പ്രകൃതിജീവനത്തെ കീഴാള വിമോചനവുമായി ബന്ധിപ്പിക്കുമ്പോൾ പൊതുവേ വായനക്കാരിൽ ഉണ്ടായേക്കാവുന്ന ചില സംശയങ്ങളാണിവ. വളരെ പ്രസക്തങ്ങളായ സംശയങ്ങൾ. ഇത്തരം സംശയങ്ങളെയും ചോദ്യങ്ങളെയും അഭിമുഖീകരിക്കാൻ ധൈര്യപ്പെടുന്ന ഒരു ചരിത്ര സന്ദർഭത്തിലൂടെയാണ് പ്രകൃതിചികിത്സയും പ്രകൃതിജീവനവും ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മറ്റു ചികിത്സാ പദ്ധതികളിൽ നിന്ന് ഇന്ന് പ്രകൃതിചികിത്സ വ്യത്യസ്‌തമാകുന്നത്, അത് സ്വന്തം രാഷ്ട്രീയഭാഗധേയമെന്തെന്ന് ഉറക്കെ ചിന്തിക്കാൻ ധൈര്യപ്പെടുന്നു എന്നതു കൊണ്ടു തന്നെയാണ്. സ്വന്തം രാഷ്ട്രീയമെന്തെന്ന് അത് സ്വയം ചിന്തിക്കുന്നു. ഇതര ചികിത്സാമുറകളെപ്പോലെ അത് സ്വന്തം രാഷ്ട്രീയ ഭാഗധേയം മറച്ചുവെക്കുന്നില്ല.

രാഷ്ട്രീയാധികാരം കാര്യങ്ങൾ നിയന്ത്രിക്കുന്ന ഒരു സമൂഹത്തിൽ എല്ലാവർക്കും അതിനോട് പ്രതികരിക്കാൻ ബാധ്യതയുണ്ട്. രാഷ്ട്രീയമൊന്നും ഇല്ലെന്നു ഭാവിക്കുന്ന ‘അരാഷ്ട്രീയവാദ’വും രാഷ്ട്രീയത്തോടുള്ള സവിശേഷമായ ഒരു ഇടപെടലാണല്ലോ. ശരിയായി പറഞ്ഞാൽ ഒളിച്ചും പാത്തുമുള്ള ഒരിടപെടൽ. പ്രകൃതിചികിത്സ ഒഴികെയുള്ള ചികിത്സാ മുറകൾ സ്വന്തം രാഷ്ട്രീയ ഭാഗധേയം എന്തെന്ന് തിരിച്ചറിയാനോ വെളിപ്പെടുത്താ തയ്യാറാകുന്നില്ല. രാഷ്ട്രീയഭേദമില്ലാതെ ആർക്കും സ്വീകാര്യമായ ചികിത്സയായിട്ടാണ് അവ പ്രത്യക്ഷപ്പെട്ടുവരുന്നത്. പ്രകൃതിചികിത്സയെയും അവയെപ്പോലെ രാഷ്ട്രീയമുക്തമായി അവതരിപ്പിക്കാനുള്ള പ്രവണത പ്രഫഷണൽ പ്രകൃതിചികിത്സകർക്കിടയിൽ ശക്തമാണ്. അതിനെ ഇതര സമ്പ്രദായങ്ങളെപ്പോലെ വ്യക്തി ശരീരങ്ങളുടെ വെറുമൊരു ‘രോഗചികിത്സ’യായി പരിമിതപ്പെടുത്തുകയാണ് അത്തരമൊരു ‘അരാഷ്ട്രീയ’ നിലപാടിലൂടെ സംഭവിക്കുന്നത്. വാസ്തവത്തിൽ ചികിത്സയെ സംബന്ധിച്ച അലോപ്പതിക് കാഴ്ച്‌ചപ്പാട് തന്നെയാണിത്. അലോപ്പതിക് വീക്ഷണം സ്വന്തം രാഷ്ട്രീയഭാഗധേയം വെളിപ്പെടുത്തുവാൻ ഒരിക്കലും ധൈര്യപ്പെടുന്നില്ല. ഭരണകൂടത്തെപ്പോലെ എല്ലാവർക്കുംവേണ്ടി നിലകൊള്ളുന്നു എന്നാണത് ഭാവിക്കുക. അതിൽ അന്തർലീനമായിരിക്കുന്ന രാഷ്ട്രീയത്തിൻ്റെ പ്രതിലോമ സ്വഭാവമാണ് അതിന് അരാഷ്ട്രീയമായ മുഖംമൂടി അനിവാര്യമാക്കുന്നത്.

പ്രകൃതിചികിത്സക്കു പക്ഷേ, അത്തരം അരാഷ്ട്രീയമുഖാവരണത്തിന്റെ ആവശ്യമില്ല. സ്വന്തം രാഷ്ട്രീയം മറച്ചുപിടിക്കേണ്ട ഗതികേടില്ലാത്തവിധം സുതാര്യവും സ്വത്വപരവുമാണ് അതിൻ്റെ ആരോഗ്യസങ്കൽപം. കേവലം വൈയക്തിക രോഗചികിത്സയിലേക്ക് ഒതുങ്ങിക്കൂടേണ്ട പരിമിതി അതിനില്ല. യാന്ത്രികമല്ല അതിന്റെ രാഷ്ട്രീയം. അതിലേയ്ക്കു പുറത്തുനിന്ന് രാഷ്ട്രീയം ‘വലിച്ചിഴച്ചു’ കൊണ്ടുവരേണ്ടതായ കാര്യവുമില്ല. അതിൽ അന്തർലീനമായിരിക്കുന്ന രാഷ്ട്രീയം എന്തെന്നും എപ്രകാരമാണ് ഇന്നത്തെ ചരിത്ര സന്ദർഭത്തിൽ അത് പ്രാവർത്തികമാകുന്നതെന്നും അന്വേഷിച്ച് കണ്ടെത്തണമെന്നേയുള്ളൂ. ഗാന്ധിയാണ് ഇക്കാര്യത്തിലും മാർഗ്ഗദർശി. ഈ ദിശയിലുള്ള ഗാന്ധിയൻ രാഷ്ട്രീയ പ്രവർത്തന മേഖലകളെയും പ്രവർത്തനരീതികളെയും ഇന്നത്തെ രാഷ്ട്രീയ പ്രമേയങ്ങളുമായും സമസ്യകളുമായും ഇണക്കിച്ചേർക്കാൻ നമുക്കു ബാധ്യതയുണ്ട്. രാഷ്ട്രീയവും പ്രകൃതിചികിത്സയും പരസ്‌പരം ബന്ധിപ്പിക്കുന്നതിൽ ആരും അത്ഭുതപ്പെടേണ്ടതില്ലെന്നു സാരം.

ഗാന്ധിയൻ രാഷ്ട്രീയത്തെപ്പറ്റി അൽപമെങ്കിലും അറിയാവുന്നവർ ഇതിനോടു യോജിക്കുമെന്നതു ശരിതന്നെ. പ്രശ്‌നം പക്ഷേ മറ്റൊന്നാണ്. ഇന്നത്തെ രാഷ്ട്രീയ സമസ്യകളെ മുഖാമുഖം നേരിടുന്നതിലേക്ക് ഗാന്ധിയൻ രാഷ്ട്രീയത്തിൻ്റെ അന്തർഗ്ഗതങ്ങളെ എത്രകണ്ട് കാലോചിതമായി ശക്തിപ്പെടുത്താൻ നമുക്കു കഴിഞ്ഞിട്ടുണ്ട്? ഈ ചോദ്യത്തോട് സത്യസന്ധരാകണമെങ്കിൽ സ്വതന്ത്രഭാരതത്തിൽ ഗാന്ധിയൻ മൂല്യങ്ങൾക്കും രാഷ്ട്രീയത്തിനും അപചയം സംഭവിച്ചതെങ്ങനെയെന്നും എന്തുകൊണ്ടെന്നും നാം വിചിന്തനം നടത്തിയേ തീരൂ. ഗാന്ധിയൻ രാഷ്ട്രീയത്തിന്റെ ദൗർബ്ബല്യങ്ങളും പരിമിതികളും മുൻവിധികളില്ലാതെ അന്വേഷിച്ചറിയേണ്ടതുണ്ട്. എങ്കിൽ മാത്രമേ അതിനെ ശക്തിപ്പെടുത്തി ഇന്നത്തെ സമസ്യകളോട് സംവദിക്കത്തക്കവണ്ണം കാലോചിതമായി അവതരിപ്പിക്കാനാവൂ.

ആവർത്തിച്ചുപറയട്ടെ, പ്രകൃതിചികിത്സ വെറുമൊരു രോഗചികിത്സയല്ലെന്നും അതിനൊരു രാഷ്ട്രീയഭാഗധേയമുണ്ടെന്നും മറ്റു ചികിത്സാ മുറകളെപ്പോലെ അരാഷ്ട്രീയമായി അഭിനയിക്കേണ്ട ഗതികേട് അതിനില്ലെന്നും സ്വന്തം രാഷ്ട്രീയം എന്തെന്ന് ഉറക്കെ ചിന്തിക്കാൻ മാത്രം അത് ശക്തവും പക്വവുമാണെന്നും പ്രകൃതിചികിത്സകർ തിരിച്ചറിയേണ്ടതുണ്ട്. അതുൾക്കൊള്ളുന്ന രാഷ്ട്രീയം വിമോചനാത്മകവും അധികാര രാഷ്ട്രീയത്തിന് അതീതവും അഹിംസാപരവുമാണ്. സ്നേഹത്തിലും വൈവിധ്യങ്ങളുടെ സഹവർത്തിത്വത്തിലും അധിഷ്ഠിതമാണത്. പ്രകൃതിയുമായി സന്തുലനം പാലിച്ച് ഒത്തുപോകുന്ന ഒരു പുരോഗമന സങ്കൽപമാണതിന്റേത്. നിശ്ചയമായും വർഗ്ഗ-വർണ്ണ-ലിംഗ-ജാതി ഭേദങ്ങൾക്കെല്ലാം അതീതമായി സർവ്വരുടെയും ക്ഷേമവും ആരോഗ്യവും ആനന്ദവും അതു ലക്ഷ്യം വെയ്ക്കുന്നു. ഇതൊക്കെ പ്രകൃതിചികിത്സയ്ക്കു സാധ്യമാകുന്നത് പ്രകൃതിയോടെന്നപോലെ സമൂഹത്തിലെ മർദ്ദിതരും പുറംതള്ളപ്പെട്ടവരുമായ കീഴാളവിഭാഗങ്ങളോടും നീതി പുലർത്താൻ അത് പ്രതിജ്ഞാബദ്ധമാകുന്നതിലൂടെയാണ്. കീഴാള വിഭാഗങ്ങളോട് നീതി പുലർത്തുകയെന്നാൽ അവരുടെ കർത്തൃത്വത്തെയും സ്വയംഭരണാവകാശത്തെയും അംഗീകരിക്കലാണ്. കീഴാളരോടുള്ള ഈ പ്രതിബദ്ധതയാണ് അതിന്റേതായ പുതുലോകസങ്കൽപത്തിൻ്റെ അടിസ്ഥാനം. ഒപ്പം, വിമോചനപരവും അഹിംസാത്മകവുമായ ഉള്ളടക്കത്തിന്റെ പൊരുളും.

കീഴാളരും വിമോചനവും

വിമോചനം എന്നാലെന്താണ്? സവിശേഷമായൊരു മോചനമാണത്; വിപരീതങ്ങളിൽ നിന്നുള്ള മോചനം. കീഴാളവിമോചനമെന്നാലോ? മേലാളവിഭാഗം കയ്യടക്കിവെച്ചിട്ടുള്ള അധികാരാവകാശങ്ങളിൽ തങ്ങൾക്കർഹതപ്പെട്ടതെന്ന് കരുതുന്ന പങ്ക് എവ്വിധവും നേടിയെടുക്കുകയാണോ കീഴാളവിമോചനം? മേലാളരെ അനുകരിച്ച് അവർക്കൊപ്പമെത്തുന്നതിലൂടെ മാത്രം നേടിയെടുക്കാനാവുന്ന ഒരു സമത്വസങ്കൽപമാണല്ലോ ഇത്. മേലാള ജീവിതസങ്കൽപങ്ങൾ പ്രകൃതിയോടോ കീഴാളരോടോ നീതിപുലർത്തിക്കൊണ്ടുള്ള ഒന്നാവുക സാദ്ധ്യമല്ലെന്നു കാണാൻ വിഷമമില്ല. അങ്ങനെയുള്ള ഒന്നിന് നിലനിൽക്കാനാവുമോ? ഇല്ലെന്നാണെങ്കിൽ മേലാളർക്കൊപ്പം അധികാരാവകാശങ്ങളിൽ പങ്കുപറ്റിക്കൊണ്ട് കീഴാള വിമോചനം സാധിച്ചെടുക്കാമെന്നത് അപ്രായോഗികവും അതുകൊണ്ടുതന്നെ പ്രീണനാത്മകമായ വ്യാമോഹവുമാകാതെ വയ്യ. മേലാളർക്കൊപ്പം എത്തുകയല്ലെങ്കിൽ പിന്നെ എന്താണാവോ കീഴാളവിമോചനം? വിമോചനമെന്നാൽ വിപരീതങ്ങളിൽ നിന്നുള്ള, ദ്വന്ദ്വങ്ങളിൽനിന്നുള്ള, മോചനമാണെങ്കിൽ ‘കീഴാളവിമോചനം’ എന്നത് മേലാള-കീഴാള വൈജാത്യം മറികടക്കലല്ലാതെ മറ്റൊന്നുമാകാൻ വഴിയില്ല.

അധികാരം പിടിച്ചെടുത്തോ അതിൽ പങ്കുപറ്റിയോ വിമോചനം സാധ്യമല്ല. അധികാരം വിട്ടൊഴിയാൻ അധികാരികളിൽ അഹിംസാത്മകമായ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടത്. ഭരണകൂടാധികാരം ഉപയോഗിച്ചുള്ള ഏതൊരു വിമോചനസങ്കൽപവും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അധികാരത്തെ ശക്തിപ്പെടുത്തുവാനാണ് ഉപകരിക്കുക. സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ സംഭവിച്ചത് അതാണ്. ബലപ്രയോഗത്തിലൂടെ നിയമവാഴ്ച ഉറപ്പുവരുത്താമെന്ന വ്യാമോഹവും ഫലത്തിൽ രാഷ്ട്രീയാധികാരത്തിന്റെ കേന്ദ്രീകരണം ശക്തിപ്പെടുത്തുകയാണ് ചെയ്യുക. നിയമവാഴ്ച വേണ്ടെന്നല്ല; നിയമവ്യവസ്ഥയ്ക്ക് കീഴാള സ്വയംഭരണ ദിശാബോധം ഉറപ്പുവരുത്തേണ്ടതുണ്ട്. അതു നടപ്പാക്കുവാൻ ഭരണകൂടാധികാരത്തെ ആശ്രയിക്കുകയല്ല, മറിച്ച് സ്വയമേവ അതു നടപ്പാക്കുവാൻ പൗരസമൂഹം പരസ്പ‌രം സഹായിക്കുകയാണ് വേണ്ടത്. സ്വാശ്രിതമായ ‘കാര്യംനടത്തിപ്പു സംവിധാന’ങ്ങളിലൂടെ ഭരണകൂടാധികാരത്തെ ക്രമേണ അപ്രസക്തമാക്കാവുന്നതേയുള്ളൂ.

രാഷ്ട്രീയാധികാരം ഉപയോഗിച്ചുള്ള അടിച്ചേൽപിക്കലിലൂടെ അനുസരണയുള്ള ഒരടിമസമൂഹമാണ് വളർന്നുവരിക. അതിനു തക്കതായ ഒരാശയമണ്ഡലവും നിർമ്മിതമാകും. അധികാരത്തിനുവേണ്ടിയുള്ള മത്സരത്തിൽ ഈ പ്രക്രിയ ആവർത്തിക്കപ്പെട്ടേക്കാമെന്നല്ലാതെ സ്വത്വാധികാരവും വിവേകബുദ്ധിയുമുള്ള ഒരു സ്വതന്ത്രസമൂഹത്തിൻ്റെ സ്വയംപ്രകാശനം അവിടെ അസാധ്യമാണ്. അതുകൊണ്ട് കീഴാള വിഭാഗങ്ങളുടെ ഭാഗധേയം അധികാരം വിട്ടൊഴിയാൻ അതു കയ്യാളുന്നവരിൽ അഹിംസാത്മകമായ സമ്മർദ്ദം ചെലുത്തലാകുന്നു.

സ്വയംചികിത്സയും സ്വയംഭരണവും

‘സ്വയംചികിത്സ’ അപകടകരമായ ഒരു ക്രിമനൽ കുറ്റമാണ് അലോപ്പതിക് വീക്ഷണത്തിൽ. ഭരണീയർ നിയമം കയ്യിലെടുക്കുന്നതും രോഗികൾ സ്വയം ചികിത്സിക്കുന്നതും അവിടെ ഒരുപോലെ ആപത്കരങ്ങളാണ്. മരുന്നുകൾ എന്ന ഓമനപ്പേരിൽ ശരീരത്തിൽ രാസവിഷങ്ങൾ പ്രയോഗിച്ചുകൊണ്ടുള്ള ഒരു ചികിത്സ ആയതിനാലാണ് ആ രംഗത്ത് സ്വയംചികിത്സ അപകടകരമായ ക്രിമിനൽ കുറ്റമാകുന്നത്. പ്രകൃതിചികിത്സയിലാകട്ടെ ‘മരുന്ന്’ എന്ന സങ്കൽപമേ ഇല്ലാത്തതുകൊണ്ട് ‘സ്വയംചികിത്സ’ അപകടകാരിയോ ക്രിമിനൽ കുറ്റമോ ആവുക സാധ്യമല്ല. രണ്ടിടത്തെയും കാഴ്ച‌പ്പാടുകൾ അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്‌തങ്ങളാണ്. ഇതു തന്നെയാണ് അധികാരം ഉപയോഗിച്ചുള്ള ചികിത്സകളുടെ കാര്യത്തിലും അധികാരപ്രയോഗമേ ഇല്ലാത്ത ചികിത്സ (പ്രശ്‌ന പരിഹാരം)യുടെ കാര്യത്തിലും സംഭവിക്കുന്നത്. രാഷ്ട്രീയാധികാരം തന്നെയാണ് ‘മരുന്നു’കളായി വേഷം മാറുന്നത് എന്നർഥം.

സ്വയംചികിത്സ നിരോധിക്കപ്പെട്ടിട്ടുള്ള അലോപ്പതിയിൽ അംഗീകൃത ഡോക്ടർമാർക്ക് മാത്രമാണ് ചികിത്സാധികാരമുള്ളത്. രോഗികൾക്ക് ചികിത്സാധികാരമില്ല. സ്വയംചികിത്സയുടെ പ്രശ്നവും അവിടെ ഉദിക്കുന്നില്ല. സ്വയംചികിത്സ അപകടകരമാണെന്ന് ഏതൊരു രോഗിയും തല കുലുക്കി സമ്മതിക്കാൻ നിർബന്ധിക്കപ്പെടുന്ന ഒരു വ്യവസ്ഥയാണത്. അംഗീകാരമുള്ള ഡോക്‌ടർ എന്ന അധികാരിക്ക് സ്വന്തം ജീവൻ അടിയറവെച്ച് കീഴടങ്ങാൻ രോഗികളും രോഗഭീതിയിൽ കഴിയുന്നവരും നിയമവാഴ്ചയ്ക്ക് വിനീതവിധേയരാകുന്നവരും ഒരുപോലെ നിർബ്ബന്ധിതരാവുകയാണ്. ഏതൊരു സ്വയംചികിത്സയും നിയമവാഴ്ചയെ തകർക്കുന്ന ക്രിമിനൽ കുറ്റമായി മുദ്രകുത്തപ്പെടുന്നു. അധികാരിവർഗ്ഗത്തെയല്ലാതെ മറ്റാരെയും “നിയമം കയ്യിലെടുക്കാൻ’ അലോപ്പതിയൻ കാഴ്ചപ്പാട് അനുവദിക്കുന്നില്ല. നിയമം കയ്യിലെടുക്കുന്നവരൊക്കെ സാമൂഹികദ്രോഹികളോ രാജ്യദ്രോഹികളോ ആണെന്ന് വിധിക്കപ്പെടുന്നു.

ഭരണകൂട ഭീകരതകൾക്കെതിരെ ബലപ്രയോഗത്തിലൂടെ ചെറുത്തു നിൽക്കാൻ ശ്രമിക്കുന്ന മർദ്ദിതവിഭാഗങ്ങളാണ് ഇപ്രകാരം ക്രിമിനലുകളായി ചിത്രീകരിക്കപ്പെടുന്നവരോ ക്രിമിനലുകളായി മാറ്റിത്തീർക്കപ്പെടുന്നവരോ ആയവരിൽ ഏറെയും. സായുധ ചെറുത്തുനിൽപിന്റെ വഴി സ്വീകരിക്കുന്നതിനാൽ അവരെ ഭീകരവാദികളും ക്രിമനലുകളുമായി ചിത്രീകരിക്കുക എളുപ്പമാണ്. കൂടുതൽ ശക്തമായ അടിച്ചമർത്തലുകൾക്ക് അവരെ വിധേയമാക്കാനുള്ള ന്യായവാദമാണ് ഇതോടെ ഭരണകൂട ഭീകരതയ്ക്ക് ലഭ്യമാകുന്നത്. ഇരകൾ ഇപ്രകാരം പെട്ടെന്നുതന്നെ വേട്ടക്കാരായി ചിത്രീകരിക്കപ്പെടുകയോ മാറ്റിയെടുക്കപ്പെടുകയോ ചെയ്യുന്നു. സായുധ ചെറുത്തുനിൽപുകളുടെ ‘വിജയ’മെന്നത് മറ്റൊരു ബദൽ ഭരണകൂട ഭീകരതയുടെ നിർമ്മിതിയിലേക്കു നയിക്കപ്പെടുന്നു എന്നതാണ് ഈ പ്രക്രിയയിലെ യഥാർഥമായ അപകടം.

ആയുധങ്ങളുടെ ബലത്തിൽ സ്വയം ശക്തിശാലിയായി ഭാവിക്കുമ്പോൾ ആത്മശക്തി കൂടുതൽ ദുർബ്ബലമാവുക സ്വാഭാവികമാണ്. സ്വത്വാധികാരവും സ്വരാജും ഇവിടെ അന്യമാകാതെ വയ്യ. സായുധ മുന്നേറ്റങ്ങളിലൂടെയോ ഭരണകൂടാധികാരത്തിലൂടെയോ വിജയം നേടുന്നവർ ശത്രുവിൻ്റെ മേൽ മാത്രമല്ല, സ്വത്വാധികാരമില്ലാത്ത സ്വന്തം അണികൾക്കു മേൽക്കൂടി അധീശാധികാരം നേടുകയായിരുന്നുവെന്ന് വൈകാതെ തിരിച്ചറിയപ്പെടാതിരിക്കില്ല. സായുധ വിപ്ലവം അതിന്റെ മക്കളെ കൊന്നുതിന്നുകൊണ്ടാണ് വിജയമാഘോഷിക്കുക എന്ന ചൊല്ലിന്റെ അടിസ്ഥാനമിതാണ്. അധികാരത്തിന് അനുസരണയുള്ള അടിമകളെ സൃഷ്ടിക്കാതെ എവിടെയും നിലനിൽക്കാനാവില്ല. ‘എല്ലാ അധികാരവും സോവിയറ്റുകൾക്ക്’ എന്ന ലെനിൻ്റെ വിപ്ലവ പ്രഖ്യാപനത്തിന് ആയുസ്സില്ലാതെ പോയതും സോവിയറ്റുകളിലെ ആയുധധാരികളായ തൊഴിലാളികൾ നിരായുധീകരിക്കപ്പെട്ടതും റഷ്യയിലെ ഒക്ടോബർ വിപ്ലവത്തിന്റെ പാഠങ്ങളാണല്ലോ. അധികാരത്തിലൂടെ നീതി നിറവേറ്റാമെന്നത് സാധാരണക്കാർക്കിടയിൽ അടിച്ചേൽപിക്കപ്പെട്ടുവരുന്ന ഒരു വ്യാമോഹം മാത്രമാണ്. വിജയിച്ച ഒരു വിപ്ലവവും ‘നിയമം കയ്യിലെടുക്കാൻ’ സാധാരണക്കാരായ ബഹു ജനങ്ങളെ ഒരിക്കലും അനുവദിച്ചിട്ടില്ല; അനുവദിക്കുകയുമില്ല. അലോപ്പതിക് വീക്ഷണത്തിൽ സ്വയംചികിത്സ എന്നപോലെ ഭരണകൂടാധികാരത്തിന്റെ കാഴ്‌ചപ്പാടിൽ സ്വയംഭരണവും സ്വത്വാധികാരവും ക്രിമിനൽകുറ്റമാകാതെയും വയ്യ.

പക്ഷെ, നിയമലംഘനം നടത്തുന്നവരെല്ലാം അധികാരമോഹികളാകണമെന്നുണ്ടോ? എങ്കിൽ ഗാന്ധി എന്ന നിയമലംഘകനെ നാം എങ്ങനെയാണ് വിലയിരുത്തുക? അദ്ദേഹം ഭരണകൂടാധികാരത്തിനുവേണ്ടി കടിപിടികൂടുന്നവരെപ്പോലെ ഒരധികാരമോഹി ആയിരുന്നുവോ? ഇവിടെയാണ് അഹിംസാത്മകമായ ‘സ്വരാജ്’ എന്ന സങ്കൽപത്തിന്റെ സവിശേഷത നമുക്ക് തിരിച്ചറിയാനാവുക. ഇവിടെയും നിയമം കയ്യിലെടുക്കപ്പെടുകയോ ലംഘിക്കപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിലും അധികാരം കയ്യാളുന്ന പ്രശ്നമേ ഉദിക്കുന്നില്ല. സ്വന്തം ജീവിതത്തിൽ സ്വയം നടപ്പിലാക്കാൻ വേണ്ടിയാണ് ഇവിടെ നിയമം കയ്യിലെടുക്കുന്നതും വേണ്ടിവന്നാൽ അത് ലംഘിക്കുന്നതും. ഗാന്ധിയൻ പോരാളികൾ സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കുകളായി സ്വയം പ്രഖ്യാപിക്കുന്നവരുടെ ഒരു കൂട്ടായ്‌മ മാത്രമാണ്. തന്നോടും മറ്റുള്ളവരോടുമുള്ള അഹിംസയിൽ, അതായത് ‘പ്രകൃതിചികിത്സ’യിൽ അധിഷ്‌ഠിതമാണത്. രാഷ്ട്രീയരംഗത്തെ ഗാന്ധിയൻ പോരാട്ടങ്ങൾ ആ രംഗത്തെ പ്രകൃതിചികിത്സയല്ലാതെ മറ്റൊന്നുമല്ല. സ്വയംചികിത്സയിൽ ഊന്നിക്കൊണ്ടുള്ള സമൂഹചികിത്സയാണത്. അധികാരം പിടിച്ചെടുക്കലോ അതിൽ പങ്കുപറ്റലോ അല്ല ഇവിടെ സംഭവിക്കുന്നത്. അധികാരം കയ്യൊഴിയാൻ പരസ്‌പരവും അധികാരിവർഗങ്ങൾക്കുനേരെയും സ്നേഹ സമ്മർദ്ദം പരിശീലിപ്പിക്കപ്പെടുകയാണിവിടെ. രാഷ്ട്രീയരംഗത്തെ ഈ ‘സ്വയംചികിത്സ’ ഇടതു-വലതു പക്ഷങ്ങളെന്ന ദ്വൈതഭാവനയെത്തന്നെ അപ്രസക്തമാക്കുന്നു.

A K Ravindran

A K Ravindran

എ കെ രവീന്ദ്രൻ 1969 മുതൽ അടിയന്തിരാവസ്ഥ പിൻവലിക്കുംവരെ നക്സലൈറ്റ് അനുഭാവിയായിരുന്നു. തുടർന്ന് 1983 വരെ വിശാല ഇടതുപക്ഷ അന്വേഷണങ്ങളിൽ പങ്കാളി. ശേഷം നവസാമൂഹിക പ്രസ്ഥാനങ്ങളുടെ സഹചാരി. ഇപ്പോൾ ചാലക്കുടിക്കടുത്തുള്ള മുരിങ്ങൂരിൽ താമസം. കീഴാള സൂക്ഷ്മ രാഷ്ട്രീയം മലയാള ചിന്തകരിലൂടെ ഒരന്വേഷണം, കീഴാള സ്വരാജ്, നല്ലത് പ്രകൃതി ചികിത്സയോ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

View All Articles by A K Ravindran

Share Article
Whatsapp Email