നമ്മുടെ തെരഞ്ഞെടുപ്പ് രീതി ഘടനാപരമായ മണ്ടത്തരം

നമ്മുടെ തെരഞ്ഞെടുപ്പ് രീതി ഘടനാപരമായ മണ്ടത്തരം

ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ് രീതി നമ്മുടെ രാജ്യത്ത് നടപ്പാക്കിയ ഏറ്റവും ഗുരുതരമായ ഘടനാപരമായ മണ്ടത്തരമായിരുന്നു. അടിസ്ഥാനപരമായി വൈവിധ്യങ്ങളുടെ മ്യൂസിയമായ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം, ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് (എഫ്പിടിപി) സംവിധാനം അനുയോജ്യമായ തെരഞ്ഞെടുപ്പ് രീതിയല്ല. പണത്തിന്റെ അപ്രമാദിത്വം, മാധ്യമ നിയന്ത്രണം, നിക്ഷിപ്ത താൽപ്പര്യങ്ങൾ എന്നിവയുടെ വലിയ സ്വാധീനമുള്ളതും വളരെ ചെലവേറിയതുമായ മാതൃകയാണ് ഇത്. ഡോ. ആനന്ദ് തെൽതുംബ്‌ദെ സംസാരിക്കുന്നു.

വായിക്കാം Part One
വായിക്കാം Part Two
Part Three

സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം, സാമ്പത്തിക അസമത്വം എന്നിവ തീവ്രമായി ഇന്ത്യയിൽ നിലനിൽക്കുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം നിർത്തലാക്കണം എന്ന ആവശ്യം ഒരു വിഭാഗം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, സംവരണത്തിന്റെ പ്രസക്തിയും മറ്റ് പരിമിതികളും താങ്കൾ എങ്ങനെ വിലയിരുത്തുന്നു?

ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം പ്രസക്തവും ആവശ്യമുള്ളതും ആണ്. എന്നാൽ അവ ഘടനാപരമായി അപര്യാപ്തവും പ്രവർത്തനപരമായി പിഴവുള്ളതുമാണ്. ഈ രണ്ട് യാഥാർഥ്യങ്ങളും ഒരുമിച്ച് പരിഗണിച്ചാൽ മാത്രമേ സംവരണം ഫലപ്രദമായി നടപ്പാക്കാൻ കഴിയുകയുള്ളൂ.

സംവരണത്തിന്റെ പ്രസക്തി വ്യക്തമാണ്. വിദ്യാഭ്യാസം, തൊഴിൽ, പാർപ്പിടം, ക്രെഡിറ്റ്, സാമൂഹിക അന്തസ്സ് എന്നിവയുടെ പ്രാപ്തി നിർണ്ണയിക്കുന്നത് ജാതിയാണ്. ജാതി വിവേചനം ഇപ്പോഴും അപ്രത്യക്ഷമായിട്ടില്ല; അതിന്റെ പ്രവർത്തന രൂപം മാറിയിട്ടുണ്ട്. സൂക്ഷ്മവും സ്ഥാപനവൽക്കരിക്കപ്പെട്ടതും കൂടുതൽ വിപണി സ്വാധീനം നിലനിൽക്കുന്നതുമായി അത് മാറിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, സംവരണം പിൻവലിക്കുന്നത് സമത്വം സൃഷ്ടിക്കില്ല. പൊതു വിഭവങ്ങളുടെയും അധികാരസ്ഥാനങ്ങളുടെയും മേൽ തുടരുന്ന ഉന്നത ജാതി വിഭാഗങ്ങളുടെ കുത്തകയെ നേരിട്ട് വെല്ലുവിളിക്കാൻ കഴിയുന്ന ചുരുക്കം ചില സാധ്യതകളിൽ ഒന്നാണ് സംവരണം.

എന്നാൽ അതിനു പരിമിതികളുമുണ്ട്. അസമത്വം യഥാർത്ഥത്തിൽ സൃഷ്ടിക്കപ്പെടുന്ന പ്രാഥമിക ഇടങ്ങളിലല്ല സംവരണം ഇടപെടുന്നത്. സ്കൂൾ വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന ജീവിത സാഹചര്യങ്ങൾ എന്നിവ തുലയമായി നൽകാൻ സംവരണം സഹായകമല്ല. തൽഫലമായി, അവർ അടിച്ചമർത്തപ്പെട്ടവരുടെ ഇടയിൽ നിന്നും മത്സരിക്കാൻ യോഗ്യത നേടിയ ഒരു ചെറിയ വിഭാഗത്തെ മാത്രം ഉയർത്തുന്നു. അല്ലെങ്കിൽ അതിന്റെ ഗുണഭോക്താക്കളായി മാറുന്നത് വ്യക്തികളോ അണുകുടുംബങ്ങളോ ആണ്, ജാതി സമൂഹമല്ല. അതിനു ശേഷിയില്ലാത്തവർ അരികുവൽക്കരിക്കപ്പെട്ട് തന്നെ കഴിയുന്നു. സംവരണ വിരുദ്ധർ ഈ യാഥാർഥ്യത്തെ ആയുധമാക്കി, സംവരണ ആനുകൂല്യങ്ങൾ മുന്നോക്ക വിഭാഗം തട്ടിയെടുക്കുന്നതായി ചിത്രീകരിക്കുന്നു. അതേസമയം അടിസ്ഥാന യോഗ്യതകളും അന്തസ്സും സാർവത്രികമായി ലഭ്യമാക്കുക എന്ന പ്രാഥമിക ഉത്തരവാദിത്തത്തിൽ നിന്ന് സ്റ്റേറ്റ് നിശബ്ദമായി പിന്മാറുകയും ചെയ്യുന്നു. രാഷ്ട്രീയമായി, സാമൂഹ്യ നീതിയുടെ ഒരു ഘടകം എന്ന നിലയിൽ നിന്നും അതിനു പകരംവയ്ക്കാവുന്ന നടപടിയായി സംവരണം മാറിയിരിക്കുന്നു.

സംവരണങ്ങൾ ഉപേക്ഷിക്കുകയല്ല, മറിച്ച് അവയെ വിശാലമായ പുനർവിതരണ സംവിധാനത്തിനുള്ളിൽ ഫലപ്രദമായി നടപ്പാക്കുക എന്നതാണ് മുന്നോട്ടുള്ള വഴി. ഒരുപക്ഷേ കർക്കശമായ ക്വാട്ടകളിലൂടെയല്ലാതെ തന്നെ തൊഴിൽരംഗത്തെ നിയമനം, ഉന്നത വിദ്യാഭ്യാസം, വളർന്നുവരുന്ന തൊഴിൽ വിപണികൾ എന്നിവയുമായി ബന്ധപ്പെടുത്തി നടപ്പാക്കാവുന്നതും കർശനമായി നിരീക്ഷിക്കാവുന്നതുമായ നടപടികളിലൂടെ അതിന്റെ വ്യാപ്തി സ്വകാര്യമേഖലയിലേക്ക് കൂടി വ്യാപിപ്പിക്കണം. അതിജീവനത്തിന് അത്യാവശ്യമാണെങ്കിലും സുസ്ഥിര നീതിക്ക് അപര്യാപ്തമാണ് എന്നതാണ് ഘടനാപരമായി സംവരണ നയം നേരിടുന്ന വൈരുധ്യം.

ചുരുക്കത്തിൽ, ജാതി ആധിപത്യത്തിനെതിരായ പ്രതിരോധ സംവിധാനം എന്ന നിലയിൽ സംവരണം അനിവാര്യമായി തുടരേണ്ടതായുണ്ട്. അവയുടെ ആവശ്യകതയെക്കുറിച്ച് തർക്കമില്ല; അവ നടപ്പിലാക്കാൻ അനുവദിച്ചിട്ടുള്ള ഭൂമികയാണ് പ്രശ്നം. നവലിബറലിസം സംവരണം എന്ന ആശയത്തെ തന്നെ അപ്രസകതമാക്കി. സ്വകാര്യവൽക്കരണം, വിപണി അവകാശങ്ങൾ, പൊതു മേഖലയിൽ നിന്നുള്ള സർക്കാർ പിൻവലിയൽ എന്നിവയിൽ അധിഷ്ഠിതമായ ഒരു സംവിധാനത്തിന് സാമൂഹിക നീതിയോട് ഗൗരവത്തോടെയും പ്രതിബദ്ധതയോടെയും സഹവർത്തിക്കാൻ കഴിയില്ല.

ജാതി അടിസ്ഥാനമാക്കിയുള്ള സംവരണങ്ങൾ ഇല്ലാതാക്കുന്നതിനെ ന്യായീകരിക്കാൻ ജാതി സെൻസസ് ഉപയോഗിച്ചേക്കാമെന്ന് താങ്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട് (പേജ് 154). സാങ്കേതിക യുക്തിയിലൂടെ ജാതി സംവരണത്തെ ഇല്ലാതാക്കാനുള്ള സംഘപരിവാറിന്റെ ദീർഘകാല പദ്ധതിക്കായി ജാതി സെൻസസ് എങ്ങനെ കൈകാര്യം ചെയ്തേക്കാം എന്ന് വിശദീകരിക്കാമോ?

2021 ലെ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ജാതി സെൻസസിനെ എതിർക്കുകയും 2024 ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മോദി അതിനെ “അർബൻ നക്സൽ” ആശയമായി മുദ്രകുത്തുകയും ചെയ്തതിന് ശേഷം ബിജെപി പെട്ടെന്ന് ജാതി സെൻസസ് അംഗീകരിക്കുകയായിരുന്നു. ഇത് ഉന്നം വയ്ക്കുന്നത് സാമൂഹ്യ നീതിയല്ല, മറ്റു ചില രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നു വ്യക്തം. 2024 ലെ തെരഞ്ഞെടുപ്പിലെ വൻ വോട്ട് നഷ്ടം പിന്നോക്ക വിഭാഗങ്ങളിലെ അതൃപ്തി വെളിച്ചത്തുകൊണ്ടുവന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയവരും ബിജെപി യുടെ കപട വാഗ്ദാനങ്ങൾ തിരിച്ചറിഞ്ഞവരും പാർട്ടിയിൽ നിന്നും അകന്നു. അതുകൊണ്ട് അടിത്തട്ട് ജനതയെ വാഗ്ദാനങ്ങൾ നൽകി കൂടെ നിലനിർത്തേണ്ടതുണ്ട് എന്നവർ തിരിച്ചറിഞ്ഞു. ബിഹാറിലെ ജാതി സമവാക്യങ്ങളും ജാതി സെൻസസിന്റെ വക്താവായ നിതീഷ് കുമാറിന്റെ എൻഡിഏ അംഗത്വവും സമ്മർദ്ദം വർദ്ധിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ജാതി സെൻസസിനുവേണ്ടിയുള്ള വാദങ്ങൾ ജനങ്ങളിലേക്ക് എത്തുന്നതിനുമുമ്പ് തന്നെ അതിനെ ദുർബലപ്പെടുത്താനും ഈ പ്രഖ്യാപനം തന്ത്രപരമായി ലക്ഷ്യംവച്ചു.

എന്നാൽ അതിന്റെ ലക്ഷ്യങ്ങൾ വേറെയുമുണ്ട്. ആർഎസ്എസിന്റെ ദീർഘകാല ലക്ഷ്യമായ ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം ഇല്ലാതാക്കുന്നതിനുള്ള മാർഗമായി ജാതി സെൻസസ് മാറാൻ സാധ്യതയുണ്ട്. സുധ മൂർത്തി, നാരായണ മൂർത്തി എന്നിവരെപ്പോലുള്ള വ്യക്തികൾ ഇതിനകം അഭിപ്രായപ്പെട്ടതുപോലെ സമ്പന്നരായ ഉയർന്ന ജാതിക്കാർ സെൻസസിൽ വിവരങ്ങൾ നൽകാതിരുന്നാൽ ചരിത്രപരമായി അവർ കൈക്കലാക്കിയ ഘടനാപരമായ നേട്ടം ഡാറ്റയിൽ നിന്നും അപ്രത്യക്ഷമാകും. സ്ഥിതിവിവരക്കണക്കനുസരിച്ച് ജാതി അസമത്വത്തിനു പ്രസക്തിയില്ലെന്നു ഇതുവഴി സ്ഥാപിക്കാൻ കഴിയും. ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം “പരാജയപ്പെട്ടു” എന്നും അത് പൂർണ്ണമായും സാമ്പത്തിക മാനദണ്ഡങ്ങൾ ഉപയോഗിച്ച് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെടാൻ ഇത് സഹായിക്കും. ഡാറ്റാ ശേഖരണം ഒരു രാഷ്ട്രീയ രംഗത്തെ ട്രോജൻ കുതിരയായി മാറുമെന്ന് തോന്നുന്നു.

ജാതി സെൻസസ് വെറും സംഖ്യകളായി ചുരുങ്ങിക്കഴിഞ്ഞാൽ, നീതിയുടെ ഭാഷയും മാറ്റങ്ങൾക്ക് വിധേയമാകും; ചരിത്രപരമായ അനീതിയിൽ നിന്ന് “കാര്യക്ഷമത”, “മതിയായ പ്രാതിനിധ്യം”, “ആനുപാതികത”, ഒടുവിൽ “സ്വാഭാവികമായ അന്ത്യം” തുടങ്ങിയ പ്രയോഗങ്ങളിലേക്ക് ജാതി സംവരണം സംബന്ധിച്ച സംവാദങ്ങൾ മാറും. ഇത് സംഘപരിവാറിന്റെ പ്രത്യയശാസ്ത്രവുമായി തികച്ചും യോജിക്കുന്നതാണ്. അങ്ങനെ ജാതിയെ സാംസ്കാരികമായി അംഗീകരിക്കുക, രാഷ്ട്രീയമായി നിഷേധിക്കുക, ഉന്നത ജാതിയിലെ അധികാര കേന്ദ്രീകരണം തുടർന്നുകൊണ്ട് ഭരണപരമായി മാനേജ് ചെയ്യുക എന്നതിലേക്ക് എത്തിച്ചേരും. ദൈനംദിന ജീവിതത്തിലെ അനുഭവം എന്ന നിലയിൽ നിന്നും മാറ്റി ഒരു സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗത്തിലേക്ക് സാങ്കേതികമായി ജാതി യാഥാർഥ്യങ്ങൾ പരിവർത്തനം ചെയ്യപ്പെടുകയും അതിന്റെ “നിർമാർജനം” ഘടനാപരമായ മാറ്റങ്ങൾ നടത്താതെതന്നെ സാധിക്കുകയും ചെയ്യും.

ജുഡീഷ്യറിയുടെ ഇടപെടലുകൾ ഈ അപകടസാധ്യതയുടെ വ്യാപ്തി കൂട്ടുക മാത്രമാണ് ചെയ്യുന്നത്. കോടതികൾ ഇതിനകം തന്നെ ക്വാട്ടകളുടെ പരിധി നിശ്ചയിക്കുന്നതിലേക്കും കണക്കാക്കാവുന്ന ഡാറ്റ ആവശ്യപ്പെടുന്നതിലേക്കും പ്രത്യേക സാമ്പത്തിക മാനദണ്ഡങ്ങളിലേക്കും നീങ്ങിയിട്ടുണ്ട്. വ്യക്തമായ പുനർവിതരണ അജണ്ടയില്ലാതെ നടത്തുന്ന സെൻസസിന്, ആനുകൂല്യം ലഭിക്കേണ്ടവരുടെ എണ്ണം കുറച്ചു കാണിക്കാനും ഗുണഭോക്താക്കളെ വിഭജിക്കുന്നതിനും നിയമാനുസൃതമായിത്തന്നെ അവരെ ഒഴിവാക്കുന്നതിനും സഹായിക്കുന്ന രീതിയിലുള്ള ഡാറ്റ പുറത്തുകൊണ്ടു വരാൻ സാധിക്കും. ആ സാഹചര്യത്തിൽ, ഡാറ്റ സാമൂഹ്യ നീതി നടപ്പാക്കാതിരിക്കാനുള്ള ഒരു ആയുധമായി മാറുകയാണ്.

ഹിന്ദുത്വ രാഷ്ട്രീയവും നവലിബറൽ മുതലാളിത്തവും ജാതി ഉച്ചനീതത്വങ്ങളെ തകർക്കാതെ ജാതിവ്യവസ്ഥ കൈകാര്യം ചെയ്യുന്നതിൽ എങ്ങനെ പരസ്പരം ഐക്യപ്പെടുന്നു എന്ന് പറയാമോ?

ഹിന്ദുത്വ രാഷ്ട്രീയവും നവലിബറൽ മുതലാളിത്തവും ജാതിയെ ഒരു രാഷ്ട്രീയ പ്രശ്നമായി കാണാതിരിക്കുകയും അതിനെ ഒരു സാമൂഹികവും സാമ്പത്തികവുമായ യാഥാർത്ഥ്യമായി നിലനിർത്തുകയും ചെയ്തുകൊണ്ട് പരസ്പരം ചേർന്ന് പ്രവൃത്തിക്കുന്നു. അവ വ്യത്യസ്ത രീതികളിൽ സമൂഹത്തിൽ ഇടപെടുമ്പോഴും ഘടനാപരമായ ഐക്യപ്പെടൽ ആകസ്മികമല്ല.

വിവിധ ജാതികളെ ഉന്നത ജാതി ഘടനയിലേക്ക് ലയിപ്പിച്ച് ഒരു ഏകീകൃത ഹിന്ദു സ്വത്വ രൂപീകരണത്തിനായി ഹിന്ദുത്വ പ്രത്യയശാസ്ത്രം ആഹ്വാനം ചെയ്യുന്നു. അതിന്റെ തന്ത്രം പ്രായോഗികമായി ജാതിയെ നിഷേധിക്കുകയല്ല, മറിച്ച് സാമൂഹ്യ നീതിയുടെ പരിപ്രേഷ്യത്തിൽ കാണാതെ അരാഷ്ട്രീയവൽക്കരിക്കുക എന്നതാണ്. സാമൂഹിക നീതിയിൽ നിന്ന് അവർ മുന്നോട്ടു വയ്ക്കുന്ന സാംസ്കാരിക ഐക്യത്തിലേക്കും സാംസ്കാരിക പ്രതിസന്ധിയിലേക്കും ശ്രദ്ധ തിരിക്കുകയും ഹിന്ദു-മുസ്ലിം ശത്രുതയെ മുഖ്യ അജണ്ടയായി നിലനിർത്തുകയും ചെയ്യുക എന്നതാണ് സംഘ പരിവാർ രാഷ്ട്രീയത്തിന്റെ മുഖ്യ അജണ്ട. അതിലൂടെ ഹിന്ദു സമൂഹത്തിനുള്ളിലെ ജാതി വൈരുദ്ധ്യങ്ങൾ മറികടക്കാൻ അവർ ശ്രമിക്കുന്നു. സാംസ്ക്കാരികമായി ഐക്യപ്പെടുന്ന ഹിന്ദു സമൂഹ ഘടനയ്ക്കുള്ളിൽ തങ്ങളുടെ ആധിപത്യം തുടരാൻ ഉന്നത ജാതി സമൂഹങ്ങൾക്ക് അവസരമൊരുക്കാനും ഇങ്ങനെ കഴിയുന്നു.

അതേസമയം, നവലിബറൽ മുതലാളിത്തം ജാതി ഉച്ചനീതത്വങ്ങളെ പ്രത്യക്ഷത്തിൽ പിന്തുണയ്ക്കാതിരിക്കുകയും അതേസമയം അതിനെ ഇല്ലാതാക്കാൻ ശ്രമിക്കാതിരിക്കുകയും ചെയ്യുന്നു. അങ്ങനെ വിപണിയിൽ ജാതിയെ അദൃശ്യമായി നിലനിർത്തുകയും അസമത്വത്തെ ചരിത്രപരമായ അനീതിയുടെ കാരണം എന്ന നിലയിൽ നിന്നും മാറ്റി വ്യക്തിഗത ശേഷിയുടെയും അവസര ലഭ്യത പ്രയോജനപ്പെടുത്താതിന്റെയും വിഷയമായി മാറ്റി പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പാർപ്പിടം, തൊഴിൽ എന്നീ മേഖലകളിൽ നിന്നും പൊതുമേഖല പിൻവാങ്ങുകയും അതൊക്കെ വിപണിയിലെ ചരക്കായി മാറുകയും ചെയ്യുന്നു. ജാതി പ്രിവിലേജുള്ളവർക്ക് പരിധിയില്ലാതെ സാമ്പത്തിക നേട്ടം ഈ മേഖലകൾ നൽകുന്നു. മുതലാളിത്തവും വിപണികളും ജാതി നിരപേക്ഷമല്ല എന്നർത്ഥം. വാങ്ങുന്നവർ, വിൽക്കുന്നവർ, തൊഴിലാളികൾ എന്നിങ്ങനെയുള്ള വ്യക്തികളായി ആളുകൾ വിപണിയിൽ നിലനിൽക്കുമ്പോഴും അവരുടെ ജാതി ഇല്ലാതാവുന്നില്ല. അതെ സമയം മുതലാളിത്തം അവരെ സാമ്പത്തിക നേട്ടം കൊയ്യുന്നവരും അല്ലാത്തവരും എന്ന രണ്ടു വർഗ്ഗങ്ങളാക്കി മാറ്റുകയും ജാതി ഉച്ചനീചത്വത്തെ കാണാമറയത്ത് നിലനിർത്തുകയും ചെയ്യുന്നു.

ഹിന്ദുത്വയും നവ ലിബറൽ നയങ്ങളും ഇങ്ങനെ പരസ്പ്പരം കൈകോർത്തുകൊണ്ട് വളരെ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന രീതിയിലാണ് സമൂഹത്തിൽ ഇടപെടുന്നത്. ഹിന്ദുത്വം പ്രത്യയശാസ്ത്രപരമായ പരിസരം ഒരുക്കുമ്പോൾ നവലിബറലിസം അതിനുവേണ്ട ഭൗതിക സംവിധാനങ്ങൾ പ്രദാനം ചെയ്യുന്നു. നവ ലിബറൽ ആശയങ്ങൾ ജാതി ഉച്ചനീചത്വങ്ങളെ വ്യക്തിഗതമായ പോരായ്മായായും കഴിവുകളുടെയോ പരിശ്രമത്തിന്റെയോ അഭാവമായും വിശദീകരിക്കുന്നു. കൂടാതെ ജാതി നൽകുന്ന പ്രിവിലേജിനെ യോഗൃതയായും സംരംഭകത്വ മികവായും അവതരിപ്പിക്കുന്നു. തൊഴിൽ മേഖലയുടെ സ്വകാര്യവൽക്കരണം, കരാർ ജോലികൾ, അസംഘടിത മേഖലയുടെ വ്യാപനം, തൊഴിലാളികളുടെ അരാഷ്ട്രീയവൽക്കരണം എന്നിവയും സമാന്തരമായി നടക്കുന്നു. ദേശ സ്നേഹം, ഐക്യം, പാരമ്പര്യം, ദേശീയ ലക്ഷ്യങ്ങൾ എന്നിവയുടെ പേരിൽ ഹിന്ദുത്വ അതിന്റെ പ്രത്യയശാസ്ത്ര അടിത്തറയുമൊരുക്കുന്നു. അങ്ങനെ ഹിന്ദുത്വത്തിന് ജാതി വിഭജനത്തെ മറികടക്കുന്നുവെന്നും, നവലിബറലിസത്തിന് മെറിറ്റിന് പ്രതിഫലം നൽകുന്നുവെന്നും അവകാശപ്പെടാം. ഇന്ത്യയിൽ ആധുനികത (modernity) യാഥാർഥ്യമായിരുന്നിട്ടും സാംസ്കാരിക ദേശീയതയുടെയും വിപണി യുക്തിയുടെയും ആധുനിക സഖ്യത്തിലൂടെയാണ് ജാതി നിലനിൽക്കുന്നത് എന്ന് ചുരുക്കം.

ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും 1944 ൽ വ്യാവസായിക രംഗത്തെ വരേണ്യവർഗ്ഗക്കാർ തയ്യാറാക്കിയ ബോംബെ പദ്ധതിയുടെ (Bombay Plan) മാതൃകയിൽ ഒരു വികസന ബ്ലൂപ്രിന്റ് ഇന്ത്യയുടെ വികസനത്തിനായി സ്വാതന്ത്ര്യാനന്തരം സ്വീകരിക്കുകയുണ്ടായി (പേജ് 175). ഈ തിരഞ്ഞെടുപ്പ് പോസ്റ്റ് കൊളോണിയൽ ഇന്ത്യയിലെ സാമൂഹിക നീതിയുടെ സാധ്യതകളെ ഘടനാപരമായി എങ്ങനെ പരിമിതപ്പെടുത്തിയെന്ന് പറയാമോ?

ബോംബെ പദ്ധതി പോസ്റ്റ് കൊളോണിയൽ വികസനത്തിനുള്ള ബ്ലൂപ്രിന്റായി സ്വീകരിക്കുന്നത് വഴി സാമൂഹിക നീതിക്ക് ആഴത്തിലുള്ള ഘടനാപരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. കാരണം അത് ഇന്ത്യയുടെ വികസന കാഴ്ചപ്പാടിന്റെ അടിത്തറ തന്നെ വരേണ്യ താൽപ്പര്യങ്ങളിൽ കെട്ടിപ്പടുക്കാൻ ഇടയാക്കി. സ്വകാര്യ മൂലധന വളർച്ചയ്ക്കായി പൊതു വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യൻ സ്റ്റേറ്റ് നിർമ്മിക്കുന്നതിനാണ് വ്യവസായികൾ തയ്യാറാക്കിയ ഈ പദ്ധതി രൂപകൽപ്പന ചെയ്തത്. ഫലത്തിൽ, അത് അധികാര കേന്ദ്രീകരണത്തെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക വളർച്ച നിർണ്ണയിക്കുന്നതിൽ ഭരണകൂടത്തിന് പങ്കാളിത്തം നൽകുകയും ചെയ്തു. അതേസമയം അധികാരം വികേന്ദ്രീകരണം നടത്താനോ ശ്രേണീ ബദ്ധമായ സാമൂഹ്യ സാഹചര്യത്തെ മാറ്റി തീർക്കാനോ അത് യാതൊരു പ്രതിബദ്ധതയും കാണിച്ചില്ല.

ഗ്രാമീണ വികസനം, ഭൂപരിഷ്കരണം അല്ലെങ്കിൽ കാർഷിക മേഖലയുടെ പുനഃസംഘടന എന്നിവയേക്കാൾ വൻ മൂലധന നിക്ഷേപം ആവശ്യമായ വ്യവസായവൽക്കരണത്തിനും കേന്ദ്രീകൃത ആസൂത്രണത്തിനും പദ്ധതി മുൻഗണന നൽകി. സാർവത്രിക വിദ്യാഭ്യാസം, പൊതുജനാരോഗ്യം, തൊഴിൽ സുരക്ഷ എന്നിവയിലൂടെ ബഹുജന ശേഷി കെട്ടിപ്പടുക്കുക എന്ന അടിസ്ഥാന ദൗത്യത്തെ അത് മാറ്റിനിർത്തി. അടിത്തട്ടിലെ അസമത്വങ്ങൾ പരിഹരിക്കാനുള്ള ഗൗരവമായ ശ്രമങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ, ഭൂരിഭാഗം ചെറുകിട കർഷകർ, കാർഷിക തൊഴിലാളികൾ, പാർശ്വവൽക്കരിക്കപ്പെട്ട ജാതികൾ തുടങ്ങിയവർ മൂലധന രൂപീകരണത്തിന്റെയും മൂല്യനിർമ്മിതിയുടെയും മണ്ഡലത്തിൽനിന്നും പുറത്താക്കപ്പെട്ടു.

ഈ ഘടനാപരമായ അസമത്വം ആകസ്മികമല്ല, ബോധപൂർവ്വമായ രൂപകൽപ്പനയിലൂടെയാണ് നിലവിൽവന്നത്. വ്യാവസായിക വളർച്ച വഴി ഉയർന്ന ജാതിക്കാരുടെ ബിസിനസ്സ് സ്ഥാപനങ്ങൾക്കും നഗര കേന്ദ്രീകൃത വരേണ്യവർഗത്തിനും ഇതിനകം തന്നെ നേട്ടമുണ്ടാക്കാൻ കഴിഞ്ഞപ്പോൾ ഗ്രാമീണ, അനൗപചാരിക മേഖലകൾ അരികുവല്ക്കരിക്കപ്പെട്ടു. ഇന്ത്യ ജനാധിപത്യവും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്ത അതേ നിമിഷത്തിൽ തന്നെ അസമത്വത്തെ സ്ഥാപനവൽക്കരിച്ചുകൊണ്ടും സാമൂഹിക പരിവർത്തനത്തെ അവഗണിച്ചുകൊണ്ടും വരേണ്യവർഗ്ഗ ഏകീകരണത്തിന്റെ ഒരു സമുച്ചയമായി മാറി.

രണ്ടാമതായി, ഈ പദ്ധതിയിൽ ഇന്ത്യൻ സ്റ്റേറ്റിന് മധ്യസ്ഥന്റെയും സംരക്ഷകന്റെയും പങ്കാളിത്തമായിരുന്നു. അവിടെ ഒരു സാമൂഹ്യ പരിവർത്തന ലക്ഷ്യത്തിന് പ്രസക്‌തിയില്ലാതായി. സാമ്പത്തിക വളർച്ചയ്ക്ക് ആയിരുന്നു സാമൂഹ്യ ക്ഷേമത്തേക്കാൾ പ്രാധാന്യം. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പാർപ്പിടം, തൊഴിൽ അവകാശങ്ങൾ എന്നിവ സാർവത്രിക അവകാശങ്ങളായല്ല പരിഗണിച്ചത്, മറിച്ച് വൈദഗ്‌ദ്ധ്യമുള്ള തൊഴിൽ ശക്തിയെ സൃഷ്ടിക്കുന്നതിനുള്ള വഴികൾ എന്നനിലയിലായിരുന്നു. സാമൂഹ്യ നീതി ഘടനാപരവും സാർവത്രികവുമാക്കുന്നതിനു പകരം ഉപാധികളോടെ പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ളതും ഭരണപരമായി മാനേജ് ചെയ്യപ്പെടേണ്ടതുമാണെന്ന ആശയത്തെ ഈ നയത്തിന്റെ ഭാഗമായി വികസിപ്പെച്ചടുത്തു.

മൂന്നാമതായി, ബോംബെ പദ്ധതിയുടെ ചട്ടക്കൂടിലൂടെ സാമ്പത്തികവും രാഷ്ട്രീയവുമായ തീരുമാനമെടുക്കുന്നതിൽ വരേണ്യവർഗത്തിൻറെ നിയന്ത്രണം വ്യവസ്ഥയുടെ ഭാഗമാക്കി മാറ്റി. വ്യവസായികളും ഉയർന്ന ജാതിക്കാരായ സാങ്കേതിക വിദഗ്ധരും ബ്യൂറോക്രാറ്റുകളും നയപരമായ തീരുമാനങ്ങളെടുക്കുകയും അംബേദ്കറും മറ്റ് ചിന്തകരും മുന്നോട്ടുവച്ച പുനർവിതരണത്തിന് (redistribution) അതിൽ ഇടം നൽകാതിരിക്കുകയും ചെയ്തു. സംവരണം, ഗ്രാമീണ സഹകരണസംഘങ്ങൾ സാർവത്രിക പൊതു സേവനങ്ങൾ തുടങ്ങിയവ വികസനത്തിന്റെ അടിസ്ഥാന തത്വങ്ങളായിട്ടല്ല, ഒറ്റപ്പെട്ട പ്രതിവിധികളായോ പ്രതീകാത്മക നടപടികളായോ ആയി മാത്രമാണ് രൂപകല്പനചെയ്തത്.

അവസാനമായി, ഈ ബ്ലൂപ്രിന്റ് നിലവിലുള്ള ശ്രേണീകൃത സാമൂഹ്യ വ്യസ്ഥയെ നിലനിർത്തുകയും അതിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു വികസന മാതൃകയുമായി വികസിച്ചു. ഗ്രാമങ്ങളിലെ ഭൂമി, തൊഴിൽ ബന്ധങ്ങൾ എന്നിവ തൽസ്ഥിതി തുടർന്നു; ആധുനികതയുടെ മറവിൽ ജാതി, ലിംഗ അധികാര വ്യവസ്ഥകൾ സമൂഹത്തിൽ മാറ്റമില്ലാതെ പ്രവൃത്തിച്ചുകൊണ്ടിരുന്നു. തത്ഫലമായി സ്റ്റേറ്റിന്റെ ഘടന കേന്ദ്രീകൃതവും സാങ്കേതികവും വളർച്ചാധിഷ്ഠിതവുമായി മാറുകയും അസമത്വം അതിന്റെ ഭാഗമായി നിർബാധം തുടരുകയും ചെയ്തു. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് രാഷ്ട്രീയമോ സാമ്പത്തികമോ ആയ പരിവർത്തനത്തിന് പരിമിതമായ വഴികൾ മാത്രം ബാക്കിയാക്കുകയും ചെയ്തു.

ചരിത്രപരമായി നേടിയെടുത്ത അധികാരം, സവിശേഷ അവകാശങ്ങൾ, പൊതു വിഭവങ്ങളുടെ ഉപയോഗം എന്നിവ അനുഭവിച്ചുവരുന്ന അധീശ വിഭാഗങ്ങളെപ്പറ്റിയുള്ള സ്ഥിതിവിവരക്കണക്ക് ഏറെ അനിവാര്യമാണെന്ന് താങ്കൾ പറയുന്നുണ്ട്. എന്തുകൊണ്ടാണ് സാമൂഹിക നീതിയെക്കുറിച്ചുള്ള പൊതു ചർച്ചകളിൽ ഈ ഓഡിറ്റ് കാലാകാലങ്ങളായി അവഗണിക്കപ്പെട്ട് പോകുന്നത് ?

ഇന്ത്യയിലെ സാമൂഹിക നീതിയെക്കുറിച്ചുള്ള പൊതു ചർച്ചകൾ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ദാരിദ്ര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനു കാരണക്കാരായ വരേണ്യ വർഗ്ഗ ശക്തിയെ ചോദ്യം ചെയ്യാതെ വിടുകയും ചെയ്യുന്നതിനാൽ ഈ കാര്യം അർഹിക്കുന്ന പ്രാധാന്യം നേടാതെ പോകുന്നു. അതിന് നിരവധി ഘടനാപരവും പ്രത്യയശാസ്ത്രപരവുമായ കാരണങ്ങളുണ്ട്.

ഒന്നാമതായി, സാമൂഹിക നീതിയുടെ സംവാദം പ്രാഥമികമായി നഷ്ടപരിഹാര ചട്ടക്കൂട്ടിൽ (compensatory terms) ഒതുക്കപ്പെട്ടിട്ടുണ്ട്. പിന്നാക്കം നിൽക്കുന്ന ഗ്രൂപ്പുകളെ തിരിച്ചറിയുക, ക്വാട്ടകൾ അല്ലെങ്കിൽ ക്ഷേമ പദ്ധതികൾ അനുവദിക്കുക, അതിനു ശേഷം അവരുടെ പുരോഗതി അവകാശപ്പെടുക എന്നതാണ് രീതി. ഈ സമീപനം അസമത്വത്തെ കേന്ദ്രീകൃത അധികാരത്തിന്റെ പ്രശ്നമെന്നതിനേക്കാൾ പുരോഗതി എത്തിപ്പിടിക്കാനുള്ള കഴിവില്ലായ്മയുടെ പ്രശ്നമായിട്ടാണ് കണക്കാക്കുന്നത്. അധീശ ജാതികൾ ഭൂമി, മൂലധനം, വിദ്യാഭ്യാസം, രാഷ്ട്രീയ സ്വാധീനം എന്നിവ കുത്തകവൽക്കരിക്കപ്പെടുന്ന സംവിധാനങ്ങൾ സൂക്ഷ്മപരിശോധന നടത്തി തുറന്നുകാട്ടുന്നതിനേക്കാൾ അടിച്ചമർത്തപ്പെട്ടവരുടെ എണ്ണം കണക്കാക്കി ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതാണ് രാഷ്ട്രീയമായി എളുപ്പവും സുരക്ഷിതവും.

രണ്ടാമതായി, വരേണ്യ ആധിപത്യത്തെ തുറന്നുകാട്ടുന്നത് സ്റ്റേറ്റിനെയും സമ്പദ് വ്യവസ്ഥയെയും നിർണ്ണായകമായി സ്വാധീനിക്കുന്നവരുടെ താൽപ്പര്യങ്ങൾക്ക് ഭീഷണിയാണ്. സ്റ്റേറ്റിന്റെ നയങ്ങൾ, പൊതു വ്യവഹാരങ്ങൾ, ഗവേഷണ ധനസഹായം എന്നിവയിൽ ഇടനിലക്കാരായി നിൽക്കുന്ന സ്ഥാപനങ്ങളെ ബ്യൂറോക്രാറ്റുകൾ, വ്യവസായികൾ, ഉയർന്ന ജാതിക്കാരായ രാഷ്ട്രീയക്കാർ എന്നിവരാണ് നിയന്ത്രിക്കുന്നത്. അവരുടെ കുത്തകയെ വിമർശിക്കുന്നത് പ്രതിസന്ധികൾ ക്ഷണിച്ചുവരുത്തും. അതേസമയം പാർശ്വവൽക്കരിക്കപ്പെട്ട കമ്മ്യൂണിറ്റികൾക്ക് വേണ്ടിയുള്ള ക്ഷേമ പരിപാടികളിൽ പങ്കാളിയാവുന്നത് വരേണ്യവർഗക്കാർക്ക് അവരുടെ ഘടനാപരമായ നേട്ടം നിലനിർത്തിക്കൊണ്ടുതന്നെ ഉദാരമതികളും പുരോഗമനവാദികളും ആയി നിലകൊള്ളാനുള്ള അവസരമൊരുക്കുകയും ചെയ്യുന്നു.

മൂന്നാമതായി, തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിഭജിതവും സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ളതുമായ ജനകീയ മുന്നേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു. പാർട്ടികൾ പാർശ്വവൽക്കരിക്കപ്പെട്ട ഗ്രൂപ്പുകളെ പ്രതിനിധീകരിക്കാൻ മത്സരിക്കുകയും പലപ്പോഴും ജാതി കണക്കുകൾ വിലപേശൽ ഉപകരണങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് അധികാരത്തിൻറെ കേന്ദ്രീകരണത്തെ ചോദ്യം ചെയ്യുന്നതിനുപകരം നിരാലംബർക്കിടയിൽ ഒരാളുടെ നേട്ടം മറ്റൊരാളുടെ നഷ്ടമായി അവതരിപ്പിക്കുന്ന രാഷ്ട്രീയം (zero-sum politics) വേരോടാൻ ഇടയാക്കുന്നു. അധീശവർഗ്ഗ ആധിപത്യം രാഷ്ട്രീയവൽക്കരിക്കാൻ കഴിയാത്ത വിധം അദൃശ്യമായി രാജ്യത്തുടനീളം തുടരുകയും ചെയ്യുന്നു.

നാലാമതായി, യോഗ്യതയെയും (merit) ആധുനികതയെയും സംബന്ധിച്ച വ്യവഹാരത്തിൽ പ്രത്യയശാസ്ത്രപരമായ പക്ഷപാതമുണ്ട്. മുന്നോക്ക ജാതിക്കാർ സ്വാഭാവികമായും വൈദഗ്ധ്യമുള്ളവരായോ കഠിനാധ്വാനികളായോ സാംസ്കാരികമായി ഔന്നത്യമുള്ളവരോ ആയാണ് പലപ്പോഴും ചിത്രീകരിക്കപ്പെടുന്നത്. വിദ്യാഭ്യാസം, അധികാര ബന്ധങ്ങൾ, സ്വത്ത് തുടങ്ങിയ ഘടനാപരമായ ആനുകൂല്യങ്ങൾ ഒരു വിഭാഗം കൈക്കലാക്കുന്നതിനുള്ള ചരിത്രപരമായ കാരണങ്ങൾ വ്യക്തിഗത യോഗ്യതയായും അവതരിപ്പിക്കപ്പെടുന്നു. അങ്ങനെ കാലങ്ങളായി ഒരു വിഭാഗത്തിന് പരമ്പരാഗതമായി ലഭിച്ചു കൊണ്ടിരിക്കുന്ന പ്രത്യേക ആനുകൂല്യങ്ങളാണ് (inherited advantages) അസമത്വം നിലനിർത്തുന്നത് എന്ന യാഥാർഥ്യം മറച്ചുവയ്ക്കുകയും ചെയ്യുന്നു.

ഇപ്പോൾ തെരഞ്ഞെടുപ്പിലെ വിജയിയെ തീരുമാനിക്കുന്ന ഫസ്റ്റ്- പാസ്ററ് ദി -പോസ്റ്റ് (FPTP ) തെരഞ്ഞെടുപ്പ് രീതിക്കു പകരം ആനുപാതിക പ്രാതിനിധ്യം (Propotional Representation) കൊണ്ടുവരണമെന്ന് താങ്കൾ പറയുന്നു. അത്തരമൊരു തെരഞ്ഞെടുപ്പ് പരിഷ്കരണം പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെ എങ്ങനെ ഗുണപരമായി സ്വാധീനിക്കും?

ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ് രീതി നമ്മുടെ രാജ്യത്ത് നടപ്പാക്കിയ ഏറ്റവും ഗുരുതരമായ ഘടനാപരമായ മണ്ടത്തരമായിരുന്നു. അടിസ്ഥാനപരമായി വൈവിധ്യങ്ങളുടെ മ്യൂസിയമായ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം, ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് (എഫ്പിടിപി) സംവിധാനം അനുയോജ്യമായ തെരഞ്ഞെടുപ്പ് രീതിയല്ല. പണത്തിന്റെ അപ്രമാദിത്വം, മാധ്യമ നിയന്ത്രണം, നിക്ഷിപ്ത താൽപ്പര്യങ്ങൾ എന്നിവയുടെ വലിയ സ്വാധീനമുള്ളതും വളരെ ചെലവേറിയതുമായ മാതൃകയാണ് ഇത്. പ്രായോഗികമായി, ഇതിലൂടെ ജനാധിപത്യത്തിന്റെ മുഖംമൂടി ധരിച്ച ഒരു പ്ലൂട്ടോക്രസിയെ സൃഷ്ടിക്കുകയാണ്. ഇന്ത്യയിലെ ജനാധിപത്യ സംവിധാനം ഈ വൈരുദ്ധ്യത്തിലൂടെയാണ് കാലങ്ങളായി കടന്നുപോകുന്നത്.

എന്നിട്ടും എഫ്. പി. ടി. പിയെ പ്രശ്നവൽക്കരിക്കുന്നതിനും അതിന്റെ ബദലായി ആനുപാതിക പ്രാതിനിധ്യത്തിനു വേണ്ടി വാദിക്കാനും ആരും തയ്യാറാകാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്. ഭൂരിപക്ഷം പേരും എതിർത്ത് വോട്ട് ചെയ്താലും ഏറ്റവും കൂടുതൽ വോട്ടു നേടിയതിന്റെ പേരിൽ വിജയിയെ നിർണ്ണയിക്കുന്ന എഫ്. പി. ടി. പിയിൽ നിന്ന് വ്യത്യസ്തമായി ആനുപാതിക പ്രാതിനിധ്യ (പിആർ) രീതിയിലൂടെ ഒരു സ്ഥാനാർഥി വിജയിക്കുന്നത് കണക്കിലെ കളികളിലൂടെയല്ല; ഒരു വോട്ട് പോലും പാഴാക്കാതെ സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ എല്ലാ വിഭാഗങ്ങളും അധികാരത്തിൽ പങ്കാളിയാവുന്നുവെന്നും ഇത് ഉറപ്പുനൽകുന്നു. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സ്ഥാപക സമയത്ത് പി ആർ സ്വീകരിച്ചിരുന്നെങ്കിൽ, പ്രത്യേക ഇലക്ടറേറ്റുകൾക്കോ സംവരണ മണ്ഡലങ്ങൾക്കോ വേണ്ടിയുള്ള പോരാട്ടങ്ങൾ ആവശ്യമായി വരില്ലായിരുന്നു; പുറത്ത് നിന്ന് യാചിക്കുന്നതിനുപകരം പ്രാതിനിധ്യം സംവിധാനത്തിനുള്ളിൽ തന്നെ ഉറപ്പാക്കാമായിരുന്നു.

പി ആർ രീതിയുടെ ഏറ്റവും വലിയ ശക്തി അത് കർക്കശമായ ഒരു സംവിധാനമല്ല എന്നതാണ്. ബഹുസ്വരമായ സാമൂഹിക ഘടനയ്ക്കും ചരിത്രപരമായ അസമത്വങ്ങൾ നേരിടുന്ന വിഭാഗങ്ങളുടെയും താൽപ്പര്യങ്ങൾക്കും അനുസൃതമായി ഇന്ത്യയ്ക്ക് അനുയോജ്യമായ ഒരു മാതൃക പി ആർ രീതിയിലൂടെ രൂപകൽപ്പന ചെയ്യാമായിരുന്നു. പകരം, ആധിപത്യ സ്വഭാവം അരക്കിട്ടുറപ്പിക്കുന്ന ഒരു സംവിധാനത്തെ നാം ജനകീയ തെരഞ്ഞെടുപ്പ് എന്ന് എന്ന് വിളിക്കുകയാണ് ചെയ്തത്. ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റിൽ (എഫ്. പി. ടി. പി) നിന്ന് ആനുപാതിക പ്രാതിനിധ്യത്തിലേക്ക് മാറുന്നതിലൂടെ പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം കേവലം പ്രതീകാത്മകമല്ലാതെ അടിസ്ഥാനപരവും ഘടനാപരവുമായ വഴികളിലൂടെ ഉറപ്പാക്കാൻ സഹായിക്കും.

എഫ്. പി. ടി. പിക്ക് കീഴിൽ, പ്രാതിനിധ്യം പ്രാദേശികമായി നിലനിൽക്കുന്ന ഭൂരിപക്ഷം വരുന്ന വോട്ട് ബാങ്കുകളെ ആശ്രയിച്ചിരിക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾ, പ്രത്യേകിച്ച് ദലിതർ, ആദിവാസികൾ, മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നിവർ മിക്ക നിയോജകമണ്ഡലങ്ങളിലും ആധിപത്യമുള്ള ജാതികൾക്കിടയിൽ ചിതറിക്കിടക്കുകയോ എണ്ണത്തിൽ പിന്നിലാകുകയോ ചെയ്യുന്നു. അതുകൊണ്ട് അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ പ്രബല ജാതികളുമായി വിലപേശാനും മുഖ്യധാരാ പാർട്ടികളുമായി സഖ്യമുണ്ടാക്കാനും നിർബന്ധിതമാകുന്നു. തൽഫലമായി, സംവരണ നിയോജകമണ്ഡലങ്ങളിൽ വിജയിക്കുന്നവർക്ക് പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാതെ വരുന്നു. ഈ തെരഞ്ഞെടുപ്പ് സമ്പ്രദായം വരേണ്യ രക്ഷാകർതൃത്വത്തെ ആശ്രയിക്കുന്ന പ്രതിനിധികളെ സൃഷ്ടിക്കുന്നു.

പിആർ സംവിധാനത്തിൽ ഇതിനു വിപരീതമായി, മൊത്തത്തിലുള്ള വോട്ട് വിഹിതത്തെ അടിസ്ഥാനമാക്കി സീറ്റുകൾ ലഭിക്കുന്നു. ഇത് ചിതറിക്കിടക്കുന്ന ഗ്രൂപ്പുകളെ അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായ പ്രാതിനിധ്യം നേടാൻ അവസരമൊരുക്കുന്നു. ഇതിന് നിരവധി ഗുണപരമായ നേട്ടങ്ങളുണ്ട്.

സ്വതന്ത്ര രാഷ്ട്രീയ ഏജൻസി- പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്ക് ഉന്നത വിഭാഗങ്ങൾ ഇടനിലക്കാരാവാതെ സ്വന്തം നിയോജകമണ്ഡലങ്ങളോട് ഉത്തരവാദിത്തമുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാം. ഇത് ആശ്രിതത്വം കുറയ്ക്കുകയും പ്രതീകാത്മകക പ്രാതിനിധ്യത്തേക്കാൾ ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരുകയും ചെയ്യും. ഭൂമിയുടെ പുനർവിതരണം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ യഥാർത്ഥ അവകാശങ്ങൾ നേടിയെടുക്കാനും സാധിക്കും.

രാഷ്ട്രീയത്തിൻറെ ബഹുസ്വരത- ബഹു പാർട്ടി രൂപീകരണത്തെയും സഖ്യ കക്ഷി രൂപീകരണത്തെയും പിആർ പ്രോത്സാഹിപ്പിക്കുന്നു. ചെറുതും സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ളതുമായ കക്ഷികൾക്ക് വലിയ കക്ഷികളുമായി തുല്യനിലയിൽ അധികാരം പങ്കിടാൻ കഴിയും. ഇത് ചരിത്രപരമായി അരികുവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്ക് നിയമനിർമ്മാണസഭകളിൽ യഥാർത്ഥ വിലപേശൽ നടത്താൻ അവസരം നൽകും.

ഇന്റർസെക്ഷണൽ പ്രാതിനിധ്യം- പിആർ ഏതെങ്കിലും പ്രദേശത്തെ കേന്ദ്രീകരിച്ചല്ലാത്തതിനാൽ ചിതറിക്കിടക്കുന്ന ന്യൂനപക്ഷങ്ങൾക്ക് ജാതി, പ്രദേശം, ലിംഗഭേദം അല്ലെങ്കിൽ മതം എന്നിവ അനുസരിച്ച് പ്രാതിനിധ്യം ഉറപ്പാക്കാൻ കഴിയും. രാഷ്ട്രീയത്തിൽ ഉന്നതർ ആധിപത്യം പുലർത്തുന്ന ശ്രേണികൾ പുനർനിർമ്മിക്കുന്നത്തിനു പകരം ജനസഞ്ചയത്തിന്റെ യഥാർത്ഥ സാമൂഹിക ഘടനയെ പ്രതിഫലിപ്പിക്കാൻ ഇത് അവസരമൊരുക്കുന്നു.

ഭൂരിപക്ഷം എന്ന കൃത്രിമ വിജയത്തെ ഒഴിവാക്കുന്നു- പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ ന്യൂനപക്ഷമാകുന്ന മണ്ഡലങ്ങളിൽ ഉയർന്ന ജാതിക്കാരുടെയും പ്രബല വർഗ്ഗക്കാരുടെയും വോട്ടുകൾ ഏകീകരിച്ചുകൊണ്ട് ഏറ്റവും കൂടുതൽ വോട്ടുനേടി വിജയിക്കാൻ എഫ്. പി. ടി. പി രീതി പാർട്ടികളെ സഹായിക്കുന്നു. പി ആർ സംവിധാനത്തിൽ ഓരോ വോട്ടും ആനുപാതികമായ വിഹിതത്തിലേക്ക് കണക്കാക്കപ്പെടുന്നതിനാൽ ചില വിഭാഗങ്ങളെ പാർശ്വവൽക്കരിക്കപ്പെടുന്നത് തടയുന്നു.

പുനർവിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു- പ്രാതിനിധ്യം ആനുപാതികമാകുമ്പോൾ, നിലവിലുള്ള സംവിധാനത്തിലെ ശക്തരായ വിഭാഗങ്ങളുടെ രക്ഷാകർതൃത്വ മനോഭാവം ഉണ്ടാക്കുന്ന പരിമിതികളെ അതിലംഘിച്ചുകൊണ്ട് ഘടനാപരമായ പുനർവിതരണത്തിന് (structural redistribution) വേണ്ടി നിയമനിർമ്മാണ സഭകളിൽ നിലകൊള്ളാൻ അംഗങ്ങൾക്ക് അവസരം നൽകുന്നു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് സാർവത്രിക വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഭൂപരിഷ്കരണം, തൊഴിൽ സംരക്ഷണം എന്നിവ ആവശ്യപ്പെടാനും സാധിക്കും .

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ സംഘാടനത്തിലല്ലാതെ തൊഴിലാളി പ്രസ്ഥാനങ്ങൾ, ആദിവാസി പോരാട്ടങ്ങൾ, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ, സ്വയംഭരണ ദലിത് സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ ഉടലെടുക്കുന്ന ജാതി വിരുദ്ധ രാഷ്ട്രീയത്തിനുള്ള സാധ്യതകൾ താങ്കൾ കാണുന്നുണ്ടോ?

തീർച്ചയായും. ജാതി വിരുദ്ധ രാഷ്ട്രീയം ഔപചാരിക പാർട്ടി ഘടനകളിൽ മാത്രമായി പരിമിതപ്പെടുത്താനാവില്ല; വാസ്തവത്തിൽ, അതിന്റെ പരിവർത്തന ശേഷി നിലനിൽക്കുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പുറത്താണ്. സാമൂഹിക നീതി അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടികൾപോലും പലപ്പോഴും വരേണ്യ രക്ഷാകർതൃത്വം, വോട്ട് ബാങ്ക് കണക്കുകൂട്ടലുകൾ, ബ്യൂറോക്രാറ്റിക് യുക്തി എന്നിവയുടെ സ്വാധീനവലയത്തിലാണ്. സ്വയംഭരണ നിലപാടുള്ള പ്രസ്ഥാനങ്ങൾക്കാണ് പ്രതീകാത്മക പരിഷ്കരണത്തേക്കാൾ ഘടനാപരമായ വെല്ലുവിളികൾക്ക് ഇടം നൽകാൻ കഴിയുക.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ ജാതിയും വർഗ്ഗവും ഒത്തു ചേരുന്നതിനാൽ തൊഴിൽ പ്രസ്ഥാനങ്ങൾക്ക് ശക്തമായ ജാതി വിരുദ്ധ രാഷ്ട്രീയം ഉയർത്തിപ്പിടിക്കാൻ കഴിയും. ഫാക്ടറികൾ, നിർമ്മാണ കേന്ദ്രങ്ങൾ, അനൗപചാരിക തൊഴിൽ മേഖലകൾ എന്നിവയിൽ ജാതിഭേദങ്ങൾക്കപ്പുറം സംഘടിച്ചുകൊണ്ട് തങ്ങൾ നേരിടുന്ന പൊതുവായ ചൂഷണത്തെ അടിസ്ഥാനമാക്കി ഐക്യപ്പെടാനും പരമ്പരാഗത അധികാര കേന്ദ്രങ്ങളെ വെല്ലുവിളിക്കാനും കഴിയും. ചരിത്രപരമായി, മില്ലുകളിലെയും തോട്ടങ്ങളിലെയും ദലിത്, പിന്നാക്ക-ജാതി തൊഴിലാളികൾ ന്യായമായ വേതനവും വ്യവസ്ഥകളും ആവശ്യപ്പെടാൻ അണിനിരന്നിട്ടുണ്ട്. തൊഴിൽ സമരങ്ങൾക്ക് ജാതി ശ്രേണിയെ പ്രായോഗികമായും പ്രതീകാത്മകമായും നേരിടാൻ കഴിയുമെന്ന് ഇത് കാണിക്കുന്നു.

ആദിവാസി പോരാട്ടങ്ങൾ പലപ്പോഴും പ്രാദേശികവും സാമ്പത്തികവും സാംസ്കാരികവുമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നു. ഭൂമിയുടെ അവകാശങ്ങൾ, വനാവകാശം, ഖനന പ്രവർത്തനങ്ങളോടുള്ള പ്രതിരോധം എന്നിവയിലൂടെ അസമത്വം നിലനിർത്തുന്ന ഭരണകൂട, കോർപ്പറേറ്റ് ഘടനകളെ അവർ ചോദ്യംചെയ്യുന്നു. കൂട്ടായ ഉടമസ്ഥാവകാശത്തിനും സ്വയംനിർണ്ണയത്തിനും മുൻതൂക്കം നൽകുന്നതിലൂടെ, ഈ പോരാട്ടങ്ങൾ ജാതിയുടെയും വർഗ്ഗത്തിന്റെയും പേരിൽ അടിച്ചേൽപ്പിച്ച അധികാര ശ്രേണിവ്യവസ്ഥയെ വെല്ലുവിളിക്കുന്നു. ഇത് പല വിഭാഗങ്ങളുമായി സഹകരിച്ചും പ്രാദേശിക അടിസ്ഥാനത്തിലും ഉയർന്നു വരാവുന്ന ജാതി വിരുദ്ധ രാഷ്ട്രീയത്തിന്റെ ഒരു മാതൃക വാഗ്ദാനം ചെയ്യുന്നുണ്ട്.

ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ ജാതി അടിച്ചമർത്തലിന്റെ ലിംഗപരമായ മാനങ്ങളെ അഭിസംബോധന ചെയ്യുന്നു. ഉദാഹരണത്തിന്, ദളിത്, ആദിവാസി സ്ത്രീകൾ ജാതി, വർഗം, പുരുഷാധിപത്യം എന്നീ പല തലങ്ങളിൽ നിന്നുള്ള ആക്രമണങ്ങളും ഒറ്റപ്പെടലും അനുഭവിക്കുന്നു. ലൈംഗിക അതിക്രമങ്ങൾ, തൊഴിൽ ചൂഷണം, ഗാർഹിക പീഡനം എന്നിവയ്ക്കെതിരായി പ്രവർത്തിക്കുന്ന ഒരു സ്വയംഭരണ ഫെമിനിസ്റ്റ് സംഘടനയ്ക്ക് ജാതി നിരപേക്ഷമോ പുരുഷകേന്ദ്രീകൃതമോ ആയ സാമൂഹിക നീതി സങ്കൽപ്പങ്ങളുടെ പരിമിതികൾ തുറന്നുകാട്ടാൻ കഴിയും.

അതുപോലെ സ്വയംഭരണ ദലിത് സംഘടനകൾക്കും നിർണായക പങ്ക് വഹിക്കാൻ കഴിയും. സ്വതന്ത്ര ശൃംഖലകൾ (networks), യൂണിയനുകൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ എന്നിവ രൂപീകരിക്കുന്നതിലൂടെ ദലിതർക്ക് ഉയർന്ന ജാതിക്കാരായ ഇടനിലക്കാരെയോ മുഖ്യധാരാ പാർട്ടി രക്ഷാകർതൃത്വത്തെയോ ആശ്രയിക്കാതെ രാഷ്ട്രീയ സാമ്പത്തിക ഏജൻസികൾ രൂപപ്പെടുത്തിയെടുക്കാൻ കഴിയും. താഴെത്തട്ടിലുള്ള വിദ്യാഭ്യാസ സംരംഭങ്ങൾ, സഹകരണ സംഘങ്ങൾ, സാംസ്കാരിക പ്രവർത്തനങ്ങൾ, പ്രാദേശികതല ഭരണ രംഗങ്ങൾ എന്നിവ ചില ഉദാഹരണങ്ങളാണ്. ഇവയെല്ലാം സമൂഹത്തിനുള്ളിൽ തന്നെ സ്ഥാപനപരവും സാമൂഹികവുമായ ശേഷി വളർത്താൻ സഹായിക്കുന്നു.

ഈ മേഖലകളിലുടനീളം, ജാതി വിരുദ്ധ രാഷ്ട്രീയത്തിന് നിയമനിർമ്മാണ സഭകളിലെ പ്രാതിനിധ്യത്തെയോ സർക്കാർ നിയന്ത്രിത ക്ഷേമത്തെയോ മാത്രം ആശ്രയിക്കുന്നതിനുപകരം ഘടനാപരമായ പുനർവിതരണം, സാമൂഹിക ഐക്യദാർഢ്യം, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ യാഥാർഥ്യമാക്കാൻ കഴിയും. അത്തരം പ്രസ്ഥാനങ്ങൾക്ക് മേൽ പാർട്ടി സംവിധാനങ്ങളുടെ നിയന്ത്രണം കുറവാണ്, മാത്രമല്ല അധികാര ബന്ധങ്ങളെ നേരിട്ട് വെല്ലുവിളിക്കുന്ന തന്ത്രങ്ങൾ പരീക്ഷിക്കാനും അവയെ മുഖ്യധാരാ രാഷ്ട്രീയത്തിന് അവഗണിക്കാതിരിക്കാൻ കഴിയാതെയാക്കാനും സാധിക്കും.

ചുരുക്കത്തിൽ, ജാതി വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാവി ഔപചാരിക തെരഞ്ഞെടുപ്പ് പോരാട്ടത്തിലെന്നപോലെ സ്വയംഭരണാധികാരമുള്ളതും പല വിഭാഗങ്ങളെ കൂട്ടിച്ചേർത്തുകൊണ്ട് നടത്തുന്നതുമായ സംഘടനാ പ്രവർത്തനത്തിലുമാണ്. രാഷ്ട്രീയ പാർട്ടികൾക്ക് ഈ മുന്നേറ്റത്തിന്റെ ഭാഗവാക്കാകാനും അവയുടെ വ്യാപ്തി വർദ്ധിപ്പിക്കാനും കഴിയും. പക്ഷേ അടിത്തട്ടിൽ നിന്നും ഉയർന്നു വരുന്ന ഈ ജനകീയ മുന്നേറ്റത്തിന് പകരമാവാൻ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾക്ക് കഴിയില്ല.

(അവസാനിച്ചു)

Feautred Image Courtesy: article-14.com

A K Shiburaj

A K Shiburaj

2000 ൽ സംവാദം മാസിക പ്രസിദ്ധീകരിച്ചുകൊണ്ട് പത്രപ്രവർത്തനം ആരംഭിച്ചു. പിന്നീട് മാലി ദ്വീപിൽ അധ്യാപകനായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നു. കുറച്ചു കാലം ജൈവ കൃഷി ചെയ്തു. ആശയുടെ മണ്ണെഴുത്തുകൾ (മലയാളം & തമിഴ്) എന്ന പുസ്തകവുവും ഗ്രീൻ സ്വരാജ് (ബുക്‌ലെറ്റ്) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ( കേരളീയം മാസികയിൽ (വെബ്) അസിസ്റ്റൻഡ് എഡിറ്റർ ആയി പ്രവൃത്തിച്ചു. സിവിൽ സൊസൈറ്റി, നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ സഹചാരി. ഇപ്പോൾ സ്വതന്ത്ര മാധ്യമ പ്രവർത്തകൻ. 2025 ൽ മായ കോനെ സോഷ്യൽ ജേർണലിസ്റ്റ് അവാർഡ് ലഭിക്കുകയുണ്ടായി.

View All Articles by A K Shiburaj

Share Article
Whatsapp Email