ജെആർപിയുടെ ഒരാവശ്യവും പരിഗണിച്ചില്ല; എൻഡിഎ നൽകിയത് ദുഷ്പ്പേര് മാത്രം

ജെആർപിയുടെ ഒരാവശ്യവും പരിഗണിച്ചില്ല; എൻഡിഎ നൽകിയത് ദുഷ്പ്പേര് മാത്രം

എൻ ഡി എ യിൽനിന്നും പുറത്തു വന്ന ശേഷം ജനാധിപത്യ രാഷ്ട്രീയ പാർട്ടി ( ജെ ആർ പി) യുടെ നിലപാടുകളും എൻ ഡി എ വിടാനുള്ള കാരണങ്ങളും സി കെ ജാനു പങ്കുവയ്ക്കുന്നു. ആദിവാസികൾ അടങ്ങുന്ന അടിത്തട്ട് ജനത നേരിടുന്ന പ്രശ്ങ്ങൾ അവർ വിശദീകരിക്കുന്നു. ബഹുജനങ്ങളെ മുൻനിർത്തി പിന്നോക്ക വിഭാഗങ്ങളുടെ അവകാശ സമരത്തിനായി പോരാടുമെന്നും സംഘടന ശക്തിപ്പെടുത്തുമെന്നും അവർ പറയുന്നു.

എന്താണ് എൻഡിഎ വിടാനുള്ള കാരണം എന്ന് പറയാമോ ?

2016 മുതലാണ് എൻഡിഎ യുടെ ഭാഗമായി ജനാധിപത്യ രാഷ്ട്രീയ പാർട്ടി ( ജെ ആർ പി) മാറുന്നത്. ആദ്യം അവർ ബി ജെ പിയിൽ അംഗത്വം എടുക്കാനായിരുന്നു എന്നെ സമീപിച്ചത്. ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും അംഗത്വം സ്വീകരിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിന്നപ്പോഴാണ് മുന്നണിയുടെ ഭാഗമാകാൻവേണ്ടി സമീപിച്ചത്. അങ്ങനെ എൻ ഡി എ യുടെ ഭാഗമായെങ്കിലും ഇക്കാലമത്രയും മുന്നണിയിൽ നിന്നും ഒരു പരിഗണയും ലഭിച്ചില്ല. അതുകൊണ്ട് 2021 ൽ അനൗപചാരികമായി ഞങ്ങൾ എൻ ഡി എ യിൽ നിന്നും വിട്ടു നിന്നിരുന്നു. അപ്പോൾ അവർ വീണ്ടും ഞങ്ങളുമായി ചർച്ച നടത്തി. എൻ ഡി എ യുടെ സംസ്ഥാന തലത്തിലെ ഉത്തരവാദിത്തപ്പെട്ട നേതാക്കളായിരുന്നു ചർച്ചയ്ക്കു വന്നത്. അവഗണിച്ചത് തെറ്റാണെന്നും അത് തങ്ങൾ സമ്മതിക്കുന്നു എന്നൊക്കെ അവർ ഞങ്ങളോട് പറഞ്ഞിരുന്നു. മുന്നണിയുടെ ഭാഗം എന്നനിലയിൽ എല്ലാ അംഗീകാരങ്ങളും പരിഗണകളും ലഭിക്കുമെന്നും അവർ ഉറപ്പ് നൽകിയിരുന്നു. അന്ന് ഞങ്ങൾ മുന്നോട്ടു വച്ച ആവശ്യങ്ങളൊക്കെ അവർ അംഗീകരിച്ചതുകൊണ്ടാണ് വീണ്ടും മുന്നണിയിൽ തുടരാൻ തീരുമാനിച്ചത്. എന്നാൽ നാളിതുവരെ അത്തരം ഒരു പരിഗണന അവർ നൽകിയില്ല. എന്നാൽ സംഘപരിവാർ രാഷ്ട്രീയത്തിന്റെ കൂടെ നിൽക്കുന്നു എന്ന പ്രചാരം ലഭിക്കുക മാത്രമാണ് ഞങ്ങൾക്കുണ്ടായത്. എന്നാൽ ഞങ്ങളാരും തന്നെ അതിന്റെ ഭാഗമായിരുന്നില്ല എന്താണ് വാസ്തവം. ഇത് ഞങ്ങളുടെ അണികൾക്ക് വലിയ പ്രശ്നമായി മാറി. അങ്ങനെയാണ് പാർട്ടിയുടെ എക്സിക്യു്ട്ടീവ് മീറ്റിംഗ് കോഴിക്കോട് നടന്നപ്പോൾ എൻഡിഎ വിടാൻ ഏകകണ്ഠമായ തീരുമാനം എടുത്തത്.

ഈ തീരുമാനം എടുത്തപ്പോൾ എൻഡിഎ യുടെയോ ബിജെപി യുടെയോ ഭാഗത്തുനിന്ന് അനുനയിപ്പിക്കാൻ എന്തെങ്കിലും ശ്രമങ്ങൾ നടന്നിരുന്നോ?

എൻഡിഎ യോട് ആലോചിക്കാതെയാണ് ഞങ്ങൾ ഈ തീരുമാനം എടുത്തത്. പല തവണ എൻഡിഎ യോഗങ്ങളിൽ ഞങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചിട്ടും ഒരു ഫലവും കാണാതായപ്പോൾ അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നിയില്ല. അവരോടു ചർച്ച ചെയ്യുന്നതിൽ എന്തെങ്കിലും കാര്യമുണ്ടെന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല. തീരുമാനം എടുത്ത ശേഷം അവരുടെ ഭാഗത്തുനിന്നും അനുനയിപ്പിക്കാനൊന്നും ശ്രമങ്ങൾ ഉണ്ടായിട്ടില്ല.

രാജീവ് ചന്ദ്രശേഖർ ബിജെപി പ്രസിഡന്റ് ആയശേഷം എന്തെങ്കിലും ചർച്ചകൾ നടന്നിരുന്നോ?

അദ്ദേഹം പ്രസിഡന്റ് ആകുമ്പോൾ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല. ഇതുവരെ ഒരു ചർച്ചകളും നടന്നിട്ടുമില്ല.

എൻഡിഎ യുടെ ഭാഗമായി ഒൻപതു വർഷത്തോളം പ്രവർത്തിച്ചപ്പോൾ മുഖ്യ ആവശ്യങ്ങൾ മുന്നണി പരിഗണിച്ചില്ലെങ്കിലും മറ്റെന്തെങ്കിലും നേട്ടം ഉണ്ടായി എന്ന് തോന്നുന്നുണ്ടോ?

ഒരു നേട്ടവും ഉണ്ടായില്ല എന്ന് മാത്രമല്ല ഞാൻ നേരത്തെ പറഞ്ഞപോലെ സംഘപരിവാറിന്റെ സഹചാരി എന്ന പ്രചാരം മാത്രമാണ് ലഭിച്ചത്. എന്നെ നേരിട്ട് അറിയുന്ന പലരും എന്നെപ്പറ്റി പല അപവാദ പ്രചാരണങ്ങളും നടത്തി എന്നത് വ്യക്തിപരമായി വേദനിപ്പിച്ച കാര്യം കൂടിയാണ്. ഞാൻ ആദിവാസികളെ സംഘപരിവാറിന് വിൽക്കുകയാണ് എന്നുവരെ ചിലർ പറഞ്ഞു നടന്നു. ആ സാഹചര്യത്തിലാണ് ഞാൻ ആത്മകഥയൊക്കെ എഴുതുന്നത്. അത് വായിച്ചശേഷം പലരും എന്നെപ്പറ്റിയുള്ള തെറ്റിധാരണ മാറി എന്നൊക്കെ പറഞ്ഞിരുന്നു.

എന്തായിരുന്നു എൻഡിഎ യോട് ആവശ്യപ്പെട്ട മുഖ്യ വിഷയങ്ങൾ?

കേന്ദ്ര സർക്കാരിന് ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങൾ മാത്രമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഇന്ത്യൻ ഭരണഘടനയുടെ 244 ആം വകുപ്പ് പ്രകാരം ആദിവാസി പ്രദേശങ്ങൾ പട്ടിക വർഗ്ഗ പ്രദേശങ്ങൾ ആക്കാനുള്ള വ്യവസ്ഥയുണ്ടല്ലോ. ഇതുവരെ അത് കേരളത്തിൽ നടപ്പിലാക്കപ്പെട്ടിട്ടില്ല. കേരളത്തിൽ നിന്നും അതിനു വേണ്ട റിപ്പോർട്ടുകളൊക്കെ നൽകി കഴിഞ്ഞതാണ്. അത് പാർലമെന്റിൽ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരം നേടിത്തരണം എന്നാതായിരുന്നു ഒരു ആവശ്യം. കേന്ദ്ര സർക്കാരിന് കീഴിലെ വിവിധ ബോർഡുകൾ, പിന്നോക്ക വിഭാഗങ്ങൾക്കായുള്ള സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജെ ആ പി യുടെ ആളുകൾക്ക് പങ്കാളിത്തം ലഭിക്കണം എന്നതായിരുന്നു മറ്റൊരാവശ്യം. ഒരു രാജ്യസഭ സീറ്റ് നല്കണം എന്നും ആവശ്യപ്പെട്ടു. മറ്റൊന്ന് മുത്തങ്ങ കേസുമായി ബന്ധപ്പെട്ടതാണ്. മുന്നൂറോളം ആദിവാസികൾ അവരുടെ വരുമാനം ഇപ്പോഴും കോടതി വ്യവഹാരങ്ങൾക്കായി നൽകുകയാണ്. അവരുടെ ജീവിതം വലിയ ദുരിതത്തിലാണ്. കേസുമായി മുന്നോട്ടു പോയിട്ട് പ്രയോജനമില്ലന്നു സി ബി ഐ യുടെ അഭിഭാഷകൻ തന്നെ റിപ്പോർട്ട് നൽകിയതാണ്. ആ കേസുകൾ അവസാനിപ്പിക്കണം എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം.

ഒരു വലിയ വിഭാഗം ജനങ്ങൾ പിന്നോക്ക വിഭാഗമായി തുടരുമ്പോൾ സി കെ ജാനു വിനെപ്പോലുള്ള ഒരു നേതാവിനെ കൂടെ നിർത്താൻ അവസരം ലഭിച്ചിട്ടും എന്തുകൊണ്ടായിരിക്കും എൻഡിഎ യ്ക്കും ബിജെപിക്കും ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ ഒരാവശ്യംപോലും പരിഗണിക്കാൻ കഴിയാതെ പോയത്?

എന്തുകൊണ്ടാണെന്ന് കൃത്യമായി ഞങ്ങൾക്കുമറിയില്ല. യോഗങ്ങളിൽ നൽകുന്ന ഉറപ്പുകൾ പാലിക്കാൻ ഒരിക്കലും എൻഡിഎ യ്ക്ക് കഴിഞ്ഞില്ല. ഒരുപക്ഷെ ഞങ്ങൾ ആദിവാസികളും ദളിതരുമൊക്കെ ആയതുകൊണ്ടാവാം ഇത്തരത്തിൽ അവഗണിക്കപ്പെട്ടത്. പക്ഷെ അത് അവർ തുറന്നു പറയുന്നില്ല. എല്ലാ രാഷ്ട്രീയപ്പാർട്ടികളും പിന്നോക്ക വിഭാഗം ജനങ്ങളെ അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പണിയാണ് ചെയ്തിട്ടുള്ളത്. ഇവിടെയും അതുതന്നെ സംഭവിച്ചു എന്ന് ഞാൻ മനസിലാക്കുന്നു.

ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ പ്രധാന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും?

അരികുവൽക്കരിക്കപ്പെട്ട മനുഷ്യർക്ക് അന്തസ്സോടെ ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശങ്ങൾ ഉണ്ടാവുക എന്നതാണ് പ്രധാന ലക്ഷ്യം. ഒരു വിഭാഗം മനുഷ്യർ ഭൂമിയും കൃഷിയിടവും ഇല്ലാതെ അതുള്ളവരുടെ ആശ്രിതത്വത്തിൽ ആണ് കഴിയുന്നത്. അഭയാർത്ഥികളും അടിമകളും ആയുള്ള ജീവിതാവസ്ഥയ്ക്ക് ഒരു അന്ത്യം വേണം. ഞങ്ങളും അത് അർഹിക്കുന്ന പൗര സമൂഹമാണ്. ഈ നീതി ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനം ചെയ്തിരുന്നെങ്കിൽ ഞങ്ങൾക്ക് ഒരു പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കേണ്ടിവരില്ലായിരുന്നു. ഇവിടുത്തെ സമ്പത്ത് കൊള്ളയടിക്കാനോ അതുകൊണ്ടു ഒരു വ്യവസ്ഥ കെട്ടിപ്പടുക്കാനോ ഞങ്ങൾ ഉദ്ദേശിക്കുന്നുമില്ല.

ഇനി ആദിവാസി ഗോത്ര മഹാസഭയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുമോ?

ആദിവാസികൾ മാത്രമാണ് അതിൽ ഉള്ളത്. അവരൊന്നും തന്നെ എന്നെ തള്ളിപ്പറഞ്ഞിട്ടില്ല. അതിന്റെ കോർഡിനേറ്റർ ആയ ഗീതാനന്ദൻ മാഷ് മാത്രമാണ് ഞാൻ എൻഡിഎ യുടെ ഭാഗമായപ്പോൾ അങ്ങനെ ചെയ്തത്. ഞാൻ ഇപ്പോഴും ആദിവാസി ഗോത്ര മഹാസഭയുടെ പ്രസിഡന്റ് തന്നെയാണ്.

ജനാധിപത്യ രാഷ്ട്രീയ പാർട്ടിക്കു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടുണ്ടോ ?

അതിനുള്ള കാര്യങ്ങൾ ഒക്കെ ചെയ്തിട്ടുണ്ട്. അംഗീകാരത്തിന് വേണ്ടി കാത്തിരിക്കുകയാണ്.

ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും?

പാർട്ടി ശക്തിപ്പെടുത്താനുള്ള തീരുമാനം ആണ് ഇപ്പോൾ എടുത്തിരിക്കുന്നത്. വരാൻ പോകുന്ന ത്രിതല പഞ്ചായത് തെരഞ്ഞെടുപ്പിൽ പറ്റാവുന്ന സ്ഥലങ്ങളിൽ സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കും. പാർട്ടിയോടൊപ്പം സമുദായ സംഘടനകളെയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ആദിവാസി ദളിത് വിഭാഗങ്ങളോടൊപ്പം പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങളുടെയും പാർട്ടിയായി അതിനെ വികസിപ്പിക്കണം. ഈ മാസം 21 നു പാർട്ടിയുടെ എക്സിക്യു്ട്ടീവ് കമ്മറ്റി യോഗത്തിൽ ഇതൊക്കെ ചർച്ചചെയ്യും. കൂടാതെ എങ്ങനെ പൊതുജനങ്ങളെ പാർട്ടിയുടെ ഭാഗമാക്കി മാറ്റാം എന്നും ആലോചിക്കുന്നുണ്ട്.

പല സമുദായങ്ങളെയും ഒന്നിച്ചു നിർത്താനുള്ള ശ്രമങ്ങൾ ഉണ്ടാകുമോ?

ഞങ്ങൾ എൻഡിഎ വിട്ടശേഷം പല സമുദായ കൂട്ടായ്മകളുടെ നേതാക്കളും എന്നോട് സംസാരിച്ചിരുന്നു. എങ്ങനെ ഒന്നിച്ചു നിന്ന് മുന്നോട്ടുപോകാം എന്നാണ് അവരെല്ലാം ആലോചിക്കുന്നത്. അവർ പാർട്ടിയുമായി സഹകരിച്ചുപോകാനും ചർച്ച നടത്താനും തയ്യാറാണ്.

അതിനുള്ള പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ്?

ഇപ്പോൾ പല രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ കീഴിൽ പല സമുദായ സംഘടനകളെയും ഒതുക്കി നിർത്തിയിരിക്കുകയാണ്. 2001 ൽ ഞങ്ങൾ ആദിവാസി ഗോത്ര മഹാസഭയ്ക്ക് രൂപം നൽകിയപ്പോഴാണ് രാഷ്ട്രീയ പാർട്ടികൾ ആദിവാസികൾക്കായി സംഘടന രൂപീകരിച്ചത്. അവരെ ജാതി ഗ്രുപ്പുകളാക്കി നിലനിർത്തി പാർട്ടിയുടെ ആവശ്യങ്ങൾ നിറവേറ്റുകയാണ്‌ ചെയ്യുന്നത്. അങ്ങനെ പിന്നോക്ക വിഭാഗങ്ങളെയെല്ലാം വിഭജിച്ചു നിർത്തുന്ന പരിപാടിയാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്. വർഗ്ഗ സിദ്ധാന്തം മാത്രം പറയുന്ന കമ്മ്യുണിസ്റ്റ് പാർട്ടിവരെ ആദിവാസിയുടെ പേരിൽ ജാതി സംഘടനയുണ്ടാക്കി. പല തട്ടുകളിലായി വിഭജിച്ചു നിൽക്കുന്ന പിന്നോക്ക വിഭാഗക്കാരെ ഒന്നിച്ചു കൊണ്ടുവരികയെന്നതാണ് പ്രധാന ദൗത്യം.

യുഡിഎഫുമായോ എൽഡിഎഫുമായോ എന്തെങ്കിലും രാഷ്ട്രീയ ചർച്ചകൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ?

ഇപ്പോൾ ഞങ്ങൾ അത്തരം ചർച്ചകൾക്ക് മുൻകൈ എടുക്കാൻ ഉദ്ദേശിക്കുന്നില്ല. നമ്മളെ ചർച്ചകൾക്കായി ആരെങ്കിലും സമീപിക്കുകയാണെങ്കിൽ തീർച്ചയായും സംസാരിക്കും. തീരുമാനങ്ങളൊക്കെ പാർട്ടിയിൽ വിശദമായി ചർച്ച ചെയ്തശേഷം മാത്രമേ എടുക്കുകയുള്ളൂ.

എൻഡിഎ യുടെ ഭാഗമാകാനെടുത്ത തീരുമാനം തെറ്റായി പോയി എന്ന് ഇപ്പോൾ തോന്നുന്നുണ്ടോ ?

ഞാൻ എന്റെ വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി ഒരു തീരുമാനവും എടുത്തിട്ടില്ല. എന്റെ ജീവിതം നന്നായി ജീവിക്കാനുള്ള സാഹചര്യം എനിക്കുണ്ട്. എന്നാൽ എന്റെ സമുദായത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ എനിക്ക് ഒറ്റയ്ക്ക് പറ്റില്ല. അതിനാണ് ഞാൻ എൻഡിഎ യുടെ ഭാഗമായത്. എനിക്ക് ചീത്തപ്പേര് കിട്ടും എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അത് ചെയ്തത്. എന്നാലും കുറെ കുടുംബങ്ങൾ രക്ഷപ്പെടുമല്ലോ എന്നാണു ഞാൻ കണക്കുകൂട്ടിയത്. എന്നാൽ എന്റെ കണക്കുകൂട്ടൽ തെറ്റിപ്പോയി. എന്റെ പ്രവർത്തനങ്ങൾകൊണ്ടും വിവിധ സമരങ്ങൾ വഴിയും മനുഷ്യർക്കിടയിൽ അവകാശബോധവും കുറെ കുടുംബങ്ങൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യവും ഉണ്ടായി എന്നത് എനിക്ക് ജീവിതത്തിൽ ലഭിക്കുന്ന വലിയ പ്രചോദനമാണ്. അത്തരം പ്രവർത്തങ്ങളുടെ ഭാഗമായി നടത്തിയ ഒരു ശ്രമം പരാജയപ്പെട്ടു എന്ന് മാത്രമേ കരുതുന്നുള്ളൂ. പരാജയം തിരിച്ചറിഞ്ഞപ്പോൾ ആ ശ്രമം ഉപേക്ഷിച്ചു എന്നുമാത്രം. അത്തരം പ്രവർത്തനങ്ങൾ ഇനിയും ഉണ്ടാവും. അത് എന്റെ കടമയായി കരുതുന്നു.

A K Shiburaj

A K Shiburaj

2000 ൽ സംവാദം മാസിക പ്രസിദ്ധീകരിച്ചുകൊണ്ട് പത്രപ്രവർത്തനം ആരംഭിച്ചു. പിന്നീട് മാലി ദ്വീപിൽ അധ്യാപകനായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നു. കുറച്ചു കാലം ജൈവ കൃഷി ചെയ്തു. ആശയുടെ മണ്ണെഴുത്തുകൾ (മലയാളം & തമിഴ്) എന്ന പുസ്തകവുവും ഗ്രീൻ സ്വരാജ് (ബുക്‌ലെറ്റ്) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ( കേരളീയം മാസികയിൽ (വെബ്) അസിസ്റ്റൻഡ് എഡിറ്റർ ആയി പ്രവൃത്തിച്ചു. സിവിൽ സൊസൈറ്റി, നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ സഹചാരി. ഇപ്പോൾ സ്വതന്ത്ര മാധ്യമ പ്രവർത്തകൻ. 2025 ൽ മായ കോനെ സോഷ്യൽ ജേർണലിസ്റ്റ് അവാർഡ് ലഭിക്കുകയുണ്ടായി.

View All Articles by A K Shiburaj

Share Article
Whatsapp Email