
ഗുഗി വാ തിയങ്കോ — ആഫ്രിക്കന്‍ നവദാര്‍ശനികതയുടെ സമരമുഖം
അഭൂതപൂര്‍വമായ ആഫ്രിക്കന്‍ ധൈഷണിക—രാഷ്ട്രീയ ചലനാത്മകയുടെ കെനിയന്‍ പ്രതീകമായിക്കൂടി ഗുഗി വാ തിയങ്കോയെ നാം മനസ്സിലാക്കേണ്ടതുണ്ട്. ഗുഗിയുടെ എഴുത്തും ജീവിതവും മാറുന്ന ആഫ്രിക്കന്‍ അപകോളണീകരണ രാഷ്ട്രീയത്തിനും അതുവഴി ലോകരാഷ്ട്രീയത്തിനുതന്നെയും ദിശാബോധംനല്‍കിയ ഉജ്ജ്വലമായ ദാര്‍ശനികചരിത്രത്തിന്‍റെ അഭേദ്യമായ ഭാഗമാണ്, അതിന്റ മുന്‍നിരയിലെ കരുത്തും ഊര്‍ജ്ജവുമാണ്. 2025 മെയ് 28 ന് വിടപറഞ്ഞ അദ്ദേഹത്തിന്റെ എഴുത്തും ജീവിതവും ടി ടി ശ്രീകുമാർ വിശകലനം ചെയ്യുന്നു.
രണ്ടാംലോകയുദ്ധാനന്തര ആഫിക്കന്‍ ജീവിതം വംശവൈരങ്ങളുടെയും ഗോത്രയുദ്ധങ്ങളുടെയും രക്താഭിഷിക്തമായ ചരിത്രം മാത്രമാവട്ടെ എന്നാണ് സാമ്രാജ്യത്വം നിശ്ചയിച്ചിരുന്നതെങ്കിലും അദമ്യമായ ഇച്ഛാശക്തിയോടെ ആ കെണിയില്‍നിന്ന് പുറത്തുകടക്കാനുള്ള പാതകള്‍ തീര്‍ത്ത കഥയാണ് പാന്‍ ആഫ്രിക്കന്‍ അപകോളാണീകരണ രാഷ്ട്രീയത്തിന് പറയാനുള്ളത്. ഇതാവട്ടെ, പുതിയ സ്വത്വ—വര്‍ഗസമരങ്ങളുടെയും ആ സമരങ്ങള്‍ക്ക് പശ്ചാത്തലമായ ധൈഷണിക—ദാര്‍ശനിക ഉണര്‍വുകളുടേയും ചരിത്രംകൂടിയാണ്. വിട്ടുവീഴ്ചയില്ലാത്ത കൊളോണിയല്‍ വിരുദ്ധസമരങ്ങളും ആഭ്യന്തര നവകൊളോണിയല്‍ ദാസ്യങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളും ചേര്‍ന്നതാണ് ഈ ഉയിര്‍ത്തെഴുനേല്‍പ്പിന്‍റെ രാഷ്ട്രീയതലങ്ങള്‍.

കലാപത്തിന്‍റെ സാഹിത്യം
2025 മെയ് 28 ന് വിടപറഞ്ഞ ഗുഗി വാ തിയോങ്കോയുടെ (1938—2025) മാതിഗാരി എന്ന നോവലിൽ, കെനിയന്‍ വിമോചനസമരത്തിന്‍റെ കാലത്ത്, വില്യംസ് എന്ന കൊളോണിയല്‍ ദുരധികാരിയെ കൊല്ലാന്‍ കാടുകയറിയ ഒരു നിഗൂഢവിപ്ലവകാരി ആ കൃത്യം നിര്‍വഹിച്ചശേഷം വര്‍ഷങ്ങള്‍ക്കുശേഷം ആയുധം താഴെവച്ചുകൊണ്ട് സമാധാനവാദിയായി നാട്ടിലേക്കിറങ്ങിവരുന്ന കഥയാണ് പറയുന്നത്. നാട്ടില്‍ അയാള്‍ നേരിടുന്നത് കൊളോണിയൽ ഭരണാധികാരികളിൽനിന്ന് ഒട്ടും വ്യത്യസ്തരല്ലാത്ത പുതിയ ഭരണവർഗം സ്വാതന്ത്ര്യത്തിന്‍റെ ഫലങ്ങൾ ചവുട്ടിത്തള്ളിയിരിക്കുന്നതായാണ്. വഞ്ചനയും അക്രമവും അനീതിയും സാമ്പത്തികവും സാംസ്കാരികവുമായ ജീര്‍ണ്ണതകളും രാഷ്ട്രീയസ്വാതന്ത്ര്യംതന്നെ അപകടത്തിലായിരിക്കുന്നതാണ് അയാള്‍ ചുറ്റുംകാണുന്നത്. ഈ മാറ്റങ്ങള്‍ കാണുമ്പോള്‍ നിശബ്ദനും നിസ്സംഗനുമാവാന്‍ അയാള്‍ കേവലമൊരു ‘ആഫ്രിക്കന്‍ റിപ് വാന്‍ വിങ്കിള്‍’ ആയിരുന്നില്ല. പുതിയ ഭരണകൂടം കൊളോണിയലിസത്തിന്‍റെ തുടർച്ചമാത്രമാണെന്ന കയ്പേറിയ തിരിച്ചറിവ് അയാളെ പിടിച്ചുലക്കുകയാണ്. തികഞ്ഞ സമാധാനവാദിയായി തിരിച്ചെത്തിയ ആ പോരാളി മറിച്ചുചിന്തിക്കാന്‍ തുടങ്ങുന്നു. കൊളോണിയൽ ഭരണത്തെ എതിർക്കുന്നതിന് അയാള്‍ സ്വീകരിച്ച അതേ സായുധസമരതന്ത്രം, ഭാഷ, സംസ്കാരം, വർഗ്ഗം എന്നിവയിലൂടെ നിലനിൽക്കുന്ന നവകൊളോണിയൽ ആധിപത്യത്തിന്‍റെ ഘടനകളെ തുറന്നുകാട്ടുന്നതിനും സ്വീകരിക്കേണ്ടിവരുന്നുവെന്നത് ഗുഗിയുടെതന്നെ രാഷ്ട്രീയസന്ദേശമായിരുന്നു. വീണ്ടുമൊരിക്കല്‍കൂടി പ്രതിജ്ഞാബദ്ധനായ വിപ്ലവകാരിയായി അയാളിലെ സമാധാനവാദിയെ പരിണമിപ്പിക്കുന്ന രാഷ്ട്രീയമാണത്. ഈ പ്രതീകാത്മക വ്യക്തി പ്രതിനിധാനം ചെയ്യുന്ന ഡീകൊളോണിയല്‍ രാഷ്ട്രീയമാണ് ഗൂഗിയുടെ സാഹിത്യ—ദാർശനികചിന്തകളെയും പ്രതിനിധീകരിക്കുന്നത്. കടുത്ത രാഷ്ട്രീയപ്പോരാട്ടങ്ങളിലൂടെ ഗുഗി കടന്നുപോയ 1977-1987 കാലത്തെ പ്രത്യയശാസ്ത്ര നിലപാടുകളുടെ ആഴമുള്ള രാഷ്ട്രീയ-ദാര്‍ശനിക മുദ്രകള്‍ പതിഞ്ഞുകിടക്കുന്ന നോവലാണിത്.

മാതിഗാരിയിലെന്നപോലെ, മൗമൗ കലാപത്തിന്‍റെയും തുടർന്നുണ്ടായ സ്വാതന്ത്ര്യാനന്തര നൈരാശ്യങ്ങളുടെയും ദേശീയവാദരാഷ്ട്രീയത്തിന്‍റെയും പശ്ചാത്തലത്തില്‍നിന്നാണ് ഗുഗി ഉയർന്നുവന്നത്. ഇത്തരമൊരു ദാര്‍ശനിക-സാമൂഹികസംവാദത്തില്‍ സ്ഫുടം ചെയ്തെടുത്ത ചിന്തയുടെ അടിസ്ഥാനത്തിലാണ് അപകോളണീകരണം കേവലം ദേശീയപരമാധികാരത്തിന്‍റെ കാര്യമല്ല, മറിച്ച് ജ്ഞാനശാസ്ത്രപരമായ വിമോചനത്തിന്‍റെ കാര്യമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഭാഷ, ആഖ്യാനം, സാംസ്കാരികമായ ഓര്‍മ്മകളുടെ വീണ്ടെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്‍റെ വിമോചനത്തിന്‍റെ രാഷ്ട്രീയപദ്ധതിയിൽനിന്ന് വേർതിരിക്കാനാവാത്ത ഘടകങ്ങളായിരുന്നു. ഫിക്ഷനിലൂടെ, നാടകത്തിലൂടെ, സൈദ്ധാകാന്വേഷണങ്ങളിലൂടെ, കൊളോണിയൽ ഹിംസയെയും പോസ്റ്റ്കൊളോണിയൽ വഞ്ചനയെയുംകുറിച്ചുള്ള സമൂലമായ വിമർശനം ഗുഗി അവതരിപ്പിക്കുന്നു. മനസ്സിന്‍റെ അപകോളനീകരണത്തിലൂടെയും സാമ്രാജ്യത്തിന്‍റെ ജ്ഞാനശാസ്ത്രത്തിനുപുറത്തുള്ള ആഫ്രിക്കൻ ഐഡന്റിറ്റികളുടെ പുനർനിർമ്മാണത്തിലൂടെയും യഥാർത്ഥവിമോചനം ആരംഭിക്കണമെന്ന വാദമുയര്‍ത്തിയ ചിന്താപരമായ കൊടുങ്കാറ്റ് മറ്റു ഭൂഖണ്ഡങ്ങളിലും ആഞ്ഞടിച്ചതിന്‍റെ അനുരണനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അദ്ദേഹം അവസാനമായി ഇംഗ്ലീഷില്‍ എഴുതിയ നോവല്‍ ചോരയുടെ ഇതളുകള്‍ (Petals of Blood, 1977) ആയിരുന്നു. അതുവരെ കൊളോണിയല്‍ അധിനിവേശത്തിന്‍റെ വിമര്‍ശനം കേന്ദ്രപ്രമേയമാക്കിയിരുന്ന ഗുഗി ഈ നോവലില്‍ പോസ്റ്റ്‌കൊളോണിയല്‍ അധികാരത്തെ ആഴത്തില്‍ വിമര്‍ശിച്ചുകൊണ്ട് കെനിയയിലെ വര്‍ഗ്ഗസമരത്തിന്‍റെ തീക്ഷ്ണഭൂമികയുടെ കലാവിഷ്കാരത്തിലേക്ക് കടക്കുകയായിരുന്നു. ഇംഗ്ലീഷില്‍ എഴുതില്ലെന്നും മാതൃഭാഷയിലെ എഴുതൂ എന്നുമുള്ള നിലപാടോടെ അദ്ദേഹം തന്‍റെ രാഷ്ട്രീയസമീപനത്തെ ഡീകൊളോണിയല്‍ പ്രത്യയശാസ്ത്രമൂശയില്‍ കൂടുതല്‍ കാര്‍ക്കശ്യത്തോടെ ഉടച്ചുവാര്‍ത്തു.
ഒറ്റക്കും ഒന്നിച്ചും
ചിനുവ അച്ചേബെ, വോൾസോയിങ്ക, അയ്ക്വെയ് അർമാ തുടങ്ങിയ മറ്റ് പ്രധാന ആഫ്രിക്കൻ എഴുത്തുകാരുമായി യോജിപ്പും വിയോജിപ്പും പുലര്‍ത്തുന്ന രാഷ്ട്രീയമാണ് ഗുഗിയുടേത്. അച്ചേബെയെപ്പോലെ, ആഫ്രിക്കൻ ചരിത്രങ്ങളെ ഉള്ളിൽനിന്ന് പുനർവിചിന്തനം ചെയ്യുന്നതിൽ ഗുഗി പുലര്‍ത്തുന്ന പ്രതിബദ്ധത ശ്രദ്ധേയമാണ്. ആഫ്രിക്കയുടെ തെറ്റായ കൊളോണിയൽ പ്രതിനിധാനങ്ങളെയും അദ്ദേഹം വെല്ലുവിളിക്കുന്നു. എന്നാല്‍, കൊളോണിയല്‍ ഭാഷയെ സ്വാംശീകരിക്കുന്നതിനും ഉള്ളിൽനിന്ന് അട്ടിമറിക്കുന്നതിനും ഭാഷയുടെ തന്ത്രപരമായ ഉപയോഗക്കാമെന്ന അച്ചേബെ നിലപാട് കൈക്കൊള്ളുമ്പോള്‍, ഗുഗി ഈ നിലപാടിൽനിന്ന് പിന്മാറി യഥാർത്ഥ അപകോളനീകരണം ഭാഷാപരമായ സ്വയം നിർണ്ണയത്തോടെ ആരംഭിക്കണമെന്ന് വാദിക്കുകയായിരുന്നു. വോൾസോയിങ്കയുടെ സമീപനം പലപ്പോഴും ആഫ്രിക്കൻ പ്രപഞ്ചവീക്ഷണങ്ങളുമായി ഒരു മെറ്റാഫിസിക്കൽ, മിത്തിക് ഇടപെടലിന് മുൻഗണനനൽകുന്നതാണ്. അധികാരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വിമർശനം പ്രധാനമായും രാഷ്ട്രീയ സ്വേച്ഛാധിപത്യത്തിനെതിരെയാണ്. എന്നാൽ കൊളോണിയൽ, നവകൊളോണിയൽ മുതലാളിത്തത്തിന്‍റെ ഘടനാപരമായ തുടർച്ചകളും വർഗ—സ്വത്വസമരങ്ങളുടെ ആവശ്യകതയുമാണ് ഗുഗിയുടെ രചനകള്‍ തുറന്നുകാട്ടിയത്.

ദി ബ്യൂട്ടിഫുൾ വൺസ് ആർ നോട്ട് യറ്റ് ബോൺ എന്ന കൃതിയിൽ സ്വാതന്ത്ര്യാനന്തര വരേണ്യവർഗത്തോടുള്ള അയ്ക്വെയ് അർമായുടെ വിമര്‍ശനം, ദേശീയബൂർഷ്വാസിയുടെ വഞ്ചനയെക്കുറിച്ചുള്ള ഗുഗിയുടെ വിമർശനത്തിന് സമാനമാണ്. എന്നാല്‍ അർമായുടെ ഗദ്യം അസ്തിത്വപരമായ നൈരാശ്യവാദത്തിലേക്കാണ് ചായുന്നത്. ഗുഗിയാവട്ടെ, കൂട്ടായ പ്രതിരോധത്തിലും ജനകീയശാക്തീകരണത്തിലും അധിഷ്ഠിതമായ വിപ്ലവകരമായ പ്രത്യാശയുടെ ദർശനം നസ്വീകരിക്കുന്നു. സാംസ്കാരിക വീണ്ടെടുക്കലിനും സാമ്രാജ്യത്വവിരുദ്ധ വിമർശനത്തിനുമുള്ള പോസ്റ്റ്കൊളോണിയൽ പ്രതിബദ്ധതയിൽ ഈ എഴുത്തുകാർ ഐക്യപ്പെടുമ്പോൾ, കൊളോണിയൽ ജ്ഞാനങ്ങളിൽനിന്ന് സമൂലമായ ഒരു വേർപിരിയലിന് ആഹ്വാനംചെയ്യുന്നതിൽ ഏറ്റവും വിട്ടുവീഴ്ചയില്ലാത്ത സമീപനവുമായാണ് ഗുഗിയുടെ മാർക്സിസ്റ്റ് അനുകൂല ഭാഷാകേന്ദ്രീകൃത പ്രാക്സിസ് രൂപപ്പെടുന്നത്.
പാന്‍ ആഫ്രിക്കന്‍ നവദാര്‍ശനികത
പൊതുവില്‍ ഗുഗിയെക്കുറിച്ചുള്ള വിശ്ലേഷണങ്ങളില്‍ മനസ്സിലാക്കപ്പെടുന്നതുപോലെ അദ്ദേഹം ഒറ്റപ്പെട്ട പ്രതിഭാസമല്ല എന്നര്‍ത്ഥം. ആഫ്രിക്ക, രണ്ടാംലോകയുദ്ധത്തിനുശേഷമുള്ള ഡീകൊളോണിയല്‍ കാലത്തിന്‍റെ തുടക്കംമുതല്‍ ഏഷ്യയെ അപേക്ഷിച്ച് തീക്ഷ്ണവും അടിസ്ഥാനപരമായി വിദ്ധ്വംസകവുമായ നിരവധി പാന്‍ആഫ്രിക്കന്‍ രാഷ്ട്രീയപ്പോരാട്ടങ്ങള്‍ക്കും ധൈഷണികപ്രസ്ഥാനങ്ങള്‍ക്കും രൂപംകൊടുത്തിട്ടുണ്ട്. ഉദാഹരണത്തിന്, “ആഫ്രിക്കന്‍ ഡീകൊളോണിയൽ ജ്ഞാനസിദ്ധാന്ത സമീപനം”, വാലന്റൈൻ മുഡിംബെ, അച്ചില്ലെ എംബെംബെ, സബെലോ ൻഡ്‌ലോവു-ഗാറ്റ്‌ഷെനി തുടങ്ങിയവരിലൂടെ യൂറോകേന്ദ്രീകൃത വിജ്ഞാനസംവിധാനങ്ങളെ പൊളിച്ചുമാറ്റുന്നതിനും “കൊളോണിയൽ ഗ്രന്ഥാലയം” അടിച്ചമർത്തിയ ആഫ്രിക്കൻ ജ്ഞാനപരിസരങ്ങള്‍ വീണ്ടെടുക്കുന്നതിനും ഊന്നല്‍നൽകുന്ന രാഷ്ട്രീയ-ധൈഷണിക പ്രസ്ഥാനമാണ്. അതുപോലെ, “ആഫ്രോ-മാർക്സിസവും രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥാവിമര്‍ശന”വും സമീർഅമിൻ, അമിൽകാർ കാബ്രൽ, ഇസ്സ ശിവ്‌ജി, ആർച്ചിമാഫെജെ തുടങ്ങിയ ചിന്തകരുടെ ഇടപെടലുകളിലൂടെ സ്വത്വസമരത്തെയും നിയോകൊളോണിയൽ മുതലാളിത്തത്തിന്‍റെ വിമർശനത്തെയും കേന്ദ്രീകരിച്ച്, പാൻ-ആഫ്രിക്കൻ സോഷ്യലിസ്റ്റവബോധത്തെ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ-ദാര്‍ശനികപദ്ധതിയാണ്. “നെഗ്രിറ്റ്യൂഡും ആഫ്രിക്കൻ കേന്ദ്രീകൃതചിന്ത”യും, ലിയോപോൾഡ് സെദാർ സെൻഗോർ, ചെയ്ക്ക് ആന്ത ഡിയോപ്, മോളെഫി കെറ്റെ അസാന്തെ തുടങ്ങിയ ചിന്തകരിലൂടെ ആഫ്രിക്കൻ സാംസ്കാരികസ്വത്വത്തെയും പൈതൃകത്തെയും പാശ്ചാത്യസാർവത്രികതയ്ക്കും വംശീയാധിപത്യത്തിനുമെതിരായ രാഷ്ട്രീയ-പ്രത്യയശാസ്ത്ര വ്യവഹാരങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. അസാന്തെ അമേരിക്കന്‍ ചിന്തകനാണെങ്കിലും ആഫ്രിക്കന്‍ വന്‍കരയില്‍ അദ്ദേഹത്തിനു രാഷ്ട്രീയസ്വാധീനമുണ്ട്.
അഷീല്‍മെമ്പേയുടെ “നെക്രോപൊളിറ്റിക്സും ബയോപവ”റും പോസ്റ്റ്കൊളോണിയൽ ആഫ്രിക്കയിലെ പരമാധികാരം പലപ്പോഴും ജനങ്ങളെ സംരക്ഷിക്കുന്നതിനുപകരം എങ്ങനെ മൃത്യുരാഷ്ട്രീയത്തിന്‍റെ ചതിക്കുഴിയില്‍ അവരെ ചവുട്ടിത്താഴ്ത്തുന്നുവെന്ന് അന്വേഷിക്കുന്നതാണ്. ആഫ്രിക്കക്കുപുറത്തും മൃത്യുരാഷ്ട്രീയ വിശകലനം പ്രസക്തമാവുന്നതിനെക്കുറിച്ച് ഞാന്‍ മുന്‍പ് എഴുതിയിട്ടുള്ളതാണ്. അതുപോലെ, സാമൂഹികബന്ധങ്ങളിലും കൂട്ടായ മാനവികതയിലും വേരൂന്നിയ “ഉബുണ്ടു തത്ത്വചിന്ത” ആഫ്രിക്കൻ കമ്മ്യൂണിറ്റി നൈതികതയെ മൊഗോബ്റാമോസ്, മൈക്കൽ ഒനിബുച്ചി ഈസ്, അഗസ്റ്റിൻഷട്ട് എന്നിവരിലൂടെ പുനര്‍വിചിന്തനം ചെയ്യുന്നുണ്ട്. “ആഫ്രോഫ്യൂച്ചറിസ”മാവട്ടെ, കോഡ്‌വോ എഷുൻ, നെഡി ഒകോറഫോർ, ജീൻ-പിയറി ബെക്കോളോ എന്നിവരുടെ അന്വേഷണങ്ങളിലൂടെ അതിഭൗതിക ആഖ്യാനങ്ങളിലൂടെയും പാരമ്പര്യം, സാങ്കേതികവിദ്യ, ഡയസ്പോറിക് മെമ്മറി എന്നിവ സംയോജിപ്പിച്ച് ആഫ്രിക്കൻ ഭാവികളെ വിഭാവനംചെയ്യുന്ന നവരാഷ്ട്രീയസമീപനമാണ്. ആഫ്രിക്കൻ ഫെമിനിസ്റ്റ്, ക്വിയർചിന്തകള്‍, സിൽവിയ തമാലെ, ഇഫി അമാഡിയ്യൂം, അമിനമാമ, ബീബിബക്കറെ-യൂസുഫ് തുടങ്ങി നിരവധി ചിന്തകരിലും ആക്ടിവിസ്റ്റുകളിലൂടെയും കൊളോണിയൽ ലിംഗനിർമ്മിതികളെയും പിതൃാധിപത്യ മാനദണ്ഡങ്ങളെയും വിമർശിക്കുകയും, ഇന്റർസെക്ഷണൽ, തദ്ദേശീയ, ഡീകൊളോണിയൽ ലിംഗരാഷ്ട്രീയത്തിനായി വാദിക്കുകയും ചെയ്യുന്നുണ്ട്.

അഭൂതപൂര്‍വമായ ഈ ആഫ്രിക്കന്‍ ധൈഷണിക—രാഷ്ട്രീയ ചലനാത്മകയുടെ കെനിയന്‍ പ്രതീകമായിക്കൂടി ഗുഗിയെ നാം മനസ്സിലാക്കേണ്ടതുണ്ട്. ഗുഗിയുടെ എഴുത്തും ജീവിതവും മാറുന്ന ആഫ്രിക്കന്‍ അപകോളണീകരണ രാഷ്ട്രീയത്തിനും അതുവഴി ലോകരാഷ്ട്രീയത്തിനുതന്നെയും ദിശാബോധംനല്‍കിയ ഉജ്ജ്വലമായ ദാര്‍ശനികചരിത്രത്തിന്‍റെ അഭേദ്യമായ ഭാഗമാണ്, അതിന്റ മുന്‍നിരയിലെ കരുത്തും ഊര്‍ജ്ജവുമാണ്.
കടപ്പാട് : മാധ്യമം ദിനപത്രം