ആൾക്കൂട്ട കൊലപാതകം: ഇരയും നിയമവ്യവസ്ഥയും മോർച്ചറിയിൽ കിടന്ന അഞ്ച് നാളുകൾ

ആൾക്കൂട്ട കൊലപാതകം: ഇരയും നിയമവ്യവസ്ഥയും മോർച്ചറിയിൽ കിടന്ന അഞ്ച് നാളുകൾ

വാളയാറിൽ ആൾക്കൂട്ട കൊലപാതകം നടന്നതിനുള്ള തെളിവുകൾ ഉണ്ടായിട്ടും ഒരു സാധാരണ കൊലപാതകമായി എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു കേരള പൊലീസ്. അബ്ദുൽ ജബ്ബാറിന്റെയും പൊതു പ്രവർത്തകരുടെയും ഇടപെടലിന് ശേഷമാണ് പൊലീസ് നടപടികളിൽ മാറ്റം ഉണ്ടായത്. കൂടാതെ സംഘപരിവാർ നടത്തിയ ഈ കൊലപാതകത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും രാം നാരായണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാനും ഭരണകൂടം മടിച്ചു നിൽക്കുകയായിരുന്നു. ഈ കൊലപാതകത്തിനെതിരെ രൂപം കൊണ്ട ആക്ഷൻ കൗൺസിലിന്റെ ഭാഗമായി പ്രവർത്തിച്ച മാധ്യമ പ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ അംബിക മോർച്ചറിക്കു മുന്നിൽ നീതി മരവിച്ചു നിന്ന അഞ്ചു ദിവസത്തെ അനുഭവം സാമൂഹ്യ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ ബാബുരാജ് ഭഗവതിയുമായി പങ്കുവയ്ക്കുന്നു.

രാം നാരായൺ ഭയ്യാലിന്റെ കൊലപാതകത്തെത്തുടർന്ന് രൂപംകൊണ്ട ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ട നാല് ആവശ്യങ്ങൾ ഒടുവിൽ സർക്കാർ അംഗീകരിക്കുകയുണ്ടായി. ആക്രമണത്തിന് പിന്നിൽ സംഘപരിവാർ ആണെന്ന ആരോപണവും മന്ത്രി എം ബി രാജേഷ് ഉന്നയിക്കുന്നുണ്ട്. മോഷണ ആരോപണത്തെക്കുറിച്ചും അന്വേഷിക്കും എന്നാണ് എസ്പി പറഞ്ഞിരിക്കുന്നത്. ആക്ഷൻ കൗസിലിന്റെ ഭാഗമായിരുന്ന അംബികയുടെ അനുഭവങ്ങൾ എന്തൊക്കെയായിരുന്നു? എങ്ങനെയാണ് ഈ വിഷയത്തിൽ ഇടപെടാൻ ഇടയായത്?

ഡിസംബർ 19 ന് ഒരു പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി തൃശ്ശൂരിലേക്ക് പോകുന്നതിനിടയിലാണ് ഈ കൊലപാതകത്തെക്കുറിച്ചു അറിയാൻ കഴിഞ്ഞത്. അപ്പോഴാണ് അബ്ദുൽ ജബ്ബാർ വിളിക്കുന്നത്. അബ്ദുൽ ജബ്ബാർ മംഗലാപുരത്തു നടന്ന ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ അഷ്‌റഫിന്റെ സഹോദരനാണ്. നാരായൺ ബാഗേലിന്റെ മൃത ശരീരം വാളയാറിൽ നിന്നും തൃശൂർ മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട് എന്നറിഞ്ഞപ്പോൾ അദ്ദേഹം അവിടെ എത്തിച്ചേരുകയായിരുന്നു. സ്വന്തം സഹോദരന്റെ മൃത ശരീരം അനാഥമായി കിടന്ന അനുഭവത്തിന്റെ ഓർമ്മകൾ ഒക്കെയാവാം അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചത്. അബ്ദുൽ ജബ്ബാർ എന്നെ വിളിച്ചതിനു ശേഷമാണ് പൊതു പ്രവർത്തകരായ എന്റെ മറ്റു സുഹൃത്തുക്കളെ വിളിച്ചു കാര്യം പറയുന്നത്. അങ്ങനെ അവർ അവിടെ എത്തുമ്പോൾ അവിടെ ഉണ്ടായിരുന്ന ഛത്തീസ്ഗഢ് സ്വദേശി പറഞ്ഞത് ‘ ഇരുപത്തി അഞ്ചായിരം രൂപ കൊടുക്കുകയാണെങ്കിൽ മൃത ശരീരം ഛത്തീസ്ഗഡിലേക്ക് പാർസൽ ചെയ്യാം” എന്ന് പൊലീസ് പറഞ്ഞു എന്നാണ്. കൂടാതെ മൃത ശരീരം വാളയാറിൽ നിന്നും തൃശൂർ മെഡിക്കൽ കോളേജിൽ എത്തിക്കാനുള്ള ആംബുലൻസിന്റെ വാടക ഈ ബന്ധുവിന്റെ കയ്യിൽ നിന്നും പൊലീസ് വാങ്ങുകയും ചെയ്തിരുന്നു. ജബ്ബാറും മറ്റുള്ളവരും അവിടെ എത്തിയില്ലായിരുന്നെങ്കിൽ പോലീസ് മൃത ശരീരം ‘പാർസൽ’ ചെയ്തേനെ. നമ്മുടെ നാട്ടിൽ ജോലിക്കെത്തിയ മനുഷ്യന്റെ മൃത ശരീരത്തോട് ആദരവില്ലാത്ത സമീപനവും പദപ്രയോഗവും ആണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. സ്റ്റേറ്റിന് ഈ കൊലപാതകത്തിൽ യാതൊരു ഉത്തരവാദിത്തവും ഇല്ല എന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

കൊലപാതകം നടത്തുന്നതിന്റെ വിഡിയോയിൽ ‘നീ ബംഗ്ളാദേശിയാണോ’ എന്ന് ആവർത്തിച്ചു ചോദിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാൻ കഴിയും. അപ്പോൾ രാം നാരായണൻ തന്റെ ഗ്രാമത്തിന്റെയും ജില്ലയുടെയും ഒക്കെ പേരുകൾ പറയുന്നുണ്ട്. എന്നാൽ അതൊന്നും കേൾക്കാൻ കൊലപാതകികളായ സംഘ പരിവാർ പ്രവർത്തകൻ തായ്യാറാവുന്നില്ല. ഈ വീഡിയോ കാണുന്ന ഏതൊരാൾക്കും അത് ഒരു വംശീയ വിദ്വേഷത്തിന്റെ പേരിൽ നടന്ന കൊലപാതകം ആണെന്ന് മനസിലാക്കാം. എന്തുകൊണ്ടാണ് പോലീസിന് അത്തരമൊരു സംഭവത്തിന്റെ ഗൗരവം മനസിലാകാതിരിക്കുന്നത്? അതുകൊണ്ട് തന്നെ സാധാരണ കൊലപാതകം നടന്നാൽ രജിസ്റ്റർ ചെയ്യുന്ന എഫ് ഐ ആർ ആണ് ചെയ്തിരിക്കുന്നത്. ഇപ്പോൾ എസ്പി പറയുന്നത് കളവു നടത്തി എന്ന ആരോപണം അന്വേഷിക്കും എന്നൊക്കെയാണ്. എവിടെ നിന്നാണ് ഇത്തരം വിവരങ്ങൾ പോലീസിന് കിട്ടുന്നത് എന്ന് മനസിലാവുന്നില്ല. നമ്മുടെ നാട്ടിൽ തൊഴിൽ തേടി എത്തിയ ഒരു മനുഷ്യനോട് നമ്മൾ നടത്തിയ വലിയ കുറ്റം മരണ ശേഷവും തുടരുകയാണ്.

Action council members formed after the mob lynching of Ram Narayan, discussing with the district administration in front of the mortuary.
ജില്ല ഭരണകൂടവുമായി തൃശൂർ മോർച്ചറിക്കു മുൻപിൽ ചർച്ച ചെയ്യുന്ന ആക്ഷൻ കൗൺസിൽ അംഗങ്ങൾ ഫോട്ടോ : അംബിക

ആദ്യം രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ് ഐ ആറുമായി മുന്നോട്ടു പോവുകയാണെങ്കിൽ കുടുംബത്തിന് യാതൊരു നീതിയും ലഭിക്കില്ല. രണ്ടു കുട്ടികളുള്ള ഒരു കുടുംബം അദ്ദേഹത്തിനുണ്ട്. അമ്മ വാതരോഗം വന്നു തളർന്നു കിടക്കുകയാണ്. വളരെ പ്രതിസന്ധികൾ നേരിടുന്ന ഒരു സാധാരണ കുടുംബമാണ് രാം നാരായണന്റേത്. അവർക്ക് മതിയായ നഷ്ടപരിഹാരം കിട്ടിയില്ലെങ്കിൽ കുട്ടികളുടെ വിദ്യാഭ്യാസം ഒക്കെ വലിയ പ്രതിസന്ധിയിലാകും. അത് ഉണ്ടാകാതെ നോക്കേണ്ടത് നമ്മുടെ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആൾക്കൂട്ട കൊലപാതകമായി രജിസ്റ്റർ ചെയ്‌താൽ 2018ല്‍ തെഹ്‌സീന്‍ പൂനാവാല നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ചുകൊണ്ടുള്ള ഉത്തരവില്‍ സുപ്രിംകോടതി നൽകിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടിവരും. അതോടപ്പം പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം അനുസരിച്ചുള്ള കേസും രജിസ്റ്റർ ചെയ്യപ്പെടണം.

ആദ്യ ദിവസം ഈ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷൻ കൗൺസിൽ ഈ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ആക്ഷൻ കൗൺസിൽ കൂട്ടായി വളരെ നല്ല രീതിയിലുള്ള ഇടപെടലാണ് നടത്തിയത്. മനുഷ്യാവകാശ പ്രവർത്തകരും പല സംഘടനകളും അതിന്റെ ഭാഗമാവുകയും സംയമനത്തോടെ പ്രവർത്തിക്കുകയും ചെയ്തു. ഒരു പക്ഷെ ജബ്ബാർ അവിടെ സമയോചിതമായി ഇടപെട്ടില്ലായിരുന്നെകിൽ മൃത ശരീരം ഛത്തീസ്ഗഡിലേക്ക് അയക്കുകയും കേസിന്റെ ഗൗരവം ഇല്ലാതായിപ്പോവുകയും ചെയ്യുമായിരുന്നു.

മരണം നടന്നതിന്റെ പിറ്റേ ദിവസം അല്ലെ അംബിക തൃശ്ശൂരിൽ എത്തുന്നതും കുടുംബത്തിന്റെ കൂടെ നിൽക്കുന്നതും?

മരണം നടന്നതിന്റെ പിറ്റേ ദിവസമാണ് തൃശൂർ മെഡിക്കൽ കോളജിൽ ബോഡി പോസ്റ്റ്മോർട്ടം നടത്തി നാട്ടിലേക്ക് അയക്കാനുള്ള ശ്രമം നടക്കുന്നത്. ആ സമയത്താണ് ജബാർ അവിടെ എത്തിയത്. അന്ന് വൈകീട്ട് തന്നെ ഞാൻ ജബ്ബാറിനെ കണ്ടു. തൊട്ട ദിവസം മനുഷ്യാവകാശ പ്രവർത്തകരുടെ പ്രതിഷേധം നടക്കുന്നുണ്ട്. അന്നെനിക്ക് എത്താനായില്ലെങ്കിലും ജബ്ബാറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. പിറ്റേന്ന് രാവിലെത്തന്നെ ഞാൻ തൃശൂരെത്തി. ജബാറും എത്തി. രാം നാരായണൻ്റെ ബന്ധുക്കളെ കണ്ടു. അന്നായിരുന്നു കുടുംബം ഛത്തീസ്ഗഡിൽ നിന്നും തൃശ്ശൂരിൽ എത്തുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ. ജനറൽ കംപാർട്മെന്റിൽ മൂന്നോളം ട്രെയിനുകൾ കയറി ഇറങ്ങിയാണ് അവർ ചെറിയ കുട്ടികളോടപ്പം തൃശ്ശൂരിൽ എത്തുന്നത്. ശാരീരികമായും മാനസികമായും ഏറെ തളർന്ന അവസ്ഥയിൽ ആയിരുന്നു അവർ. വെൽഫെയർ പാർട്ടിയുടെ ഓഫീസിലെത്തിച്ച് അവർക്കു ഭക്ഷണവും മറ്റു സൗകര്യങ്ങളും നൽകിയ ശേഷമാണ് അവരെ മോർച്ചറിയിൽ എത്തിക്കുന്നത്. വളരെ വൈകാരികമായ രംഗങ്ങൾക്കാണ് ഞങ്ങളൊക്കെ സാക്ഷിയായത്. അവരുടെ കൂടെ ഉണ്ടായിരുന്ന ഒരാൾക്ക് കാര്യങ്ങളുടെ ഗൗരവവും നിയമ വശങ്ങളൊക്കെ മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നു. അദ്ദേഹം ഛത്തീസ്ഗഡിലെ അദ്ദേഹത്തിന്റെ സമുദായ നേതാവുമായും ആഭ്യന്തര മന്ത്രിയുമായുമൊക്കെ സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഛത്തീസ്ഗഢ് സർക്കാർ വളരെ കൃത്യമായി കാര്യങ്ങൾ അന്വേഷിക്കുണ്ടായിരുന്നു. അവിടുത്തെ കളക്‌ടർ പാലക്കാട് കളക്ടറെ ബന്ധപ്പെടുകയും കാര്യങ്ങൾ അന്വേഷിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ മംഗലാപുരത്തു അഷ്‌റഫ് കൊല്ലപ്പെട്ടിട്ട് മൃദദേഹം കേരളത്തിൽ എത്തിയപ്പോൾ അത് സ്വീകരിക്കാനോ കുടുംബത്തിനെ ആശ്വസിക്കാനോ കേരള സർക്കാർ ഉണ്ടായിരുന്നില്ല എന്ന കാര്യം ഈ അവസരത്തിൽ ഞാൻ ഓർക്കുകയാണ്. അവസാനം അഷ്‌റഫിന്റെ ഉമ്മ കാണാൻ അപേക്ഷയൊക്കെ കൊടുത്തിട്ടാണ് ഭരണകൂടം അതിൽ ഇടപെടുന്നത്.

ഛത്തീസ്ഗഡിൽ നിന്ന് ഈ കുടുംബം ഇവിടെ എത്തുമ്പോൾ ഭരണകൂടത്തിന്റെ ഒരു പ്രതിനിധിയെങ്കിലും തൃശ്ശൂരിൽ എത്തേണ്ടതായിരുന്നു. കുടുംബം എത്തിയപ്പോൾ പൊലീസ് മൃതദേഹം കുടുംബത്തിന് കൈമാറാനുള്ള ശ്രമത്തിലായിരുന്നു. അപ്പോഴാണ് ശരിയായ നിയമ നടപടികൾ പൂർത്തിയാക്കാതെ മൃതദേഹം സ്വീകരിക്കുകയില്ലെന്ന് കുടുംബം അറിയിച്ചത്. അങ്ങനെ ആക്ഷൻ കൗൺസിലിന്റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ മൃതദേശം ഏറ്റുവാങ്ങുകയുള്ളൂ എന്ന തീരുമാനത്തിൽ എല്ലാവരും എത്തിച്ചേർന്നു. അപ്പോൾ കേരളത്തിലെ പല മാധ്യമ പ്രതിനിധികളും അവിടെ എത്തുന്നുണ്ട്. അവരിൽ ചിലർ ചോദിച്ചത് നഷ്ടപരിഹാര തുക ലഭിക്കാൻ വേണ്ടിയാണോ കാത്തിരിക്കുന്നത് എന്നായിരുന്നു. മറ്റു ആവശ്യങ്ങളൊന്നും അവർ ശ്രദ്ധിച്ചിരുന്നില്ല. അത് ഏറെ വേദനാജനകമായി തോന്നി. കുടുംബം പണം കിട്ടാൻ കാത്തിരിക്കുന്നു എന്ന രീതിയിൽ വളരെ മോശം റിപ്പോർട്ടിങ് അവർ നടത്തുകയും ചെയ്തു.

ചില മാധ്യമങ്ങൾ അത് പിന്നീട് തിരുത്തുകയും ശരിയായ വകുപ്പുകൾ ചേർത്ത് കേസ് രെജിസ്റ്റർ ചെയ്യാൻ കുടുംബം ആവശ്യപ്പെടുന്നു എന്ന് തിരുത്തിയതായും കണ്ടു.

ഇതേ മാധ്യമങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നും ശരിയായ ഇടപെടൽ ഉണ്ടായില്ല എന്നും പിന്നീട് റിപ്പോർട്ട് ചെയ്യുകയുണ്ടായി. പിന്നീട് ആർഡിഒ ഒക്കെ വരികയും ചെയ്തു.

കുടുംബത്തെ കാണാൻ സർക്കാരിന്റെ പ്രതിനിധികൾ എത്തിയതും അവർ നടത്തിയ ഇടപെടലുകളും വിശദീകരിക്കാമോ?

ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കുടുംബം മോർച്ചറിയുടെ മുന്നിൽ എത്തുന്നത്. സർക്കാർ പ്രതിനിധികൾ അവരെ റെയിവേ സ്റ്റേഷനിൽ വച്ച് തന്നെ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്യേണ്ടതാണ്. വൈകുന്നേരം ഏഴു മണിയോടെ പാലക്കാട് നിന്ന് ആർഡിഒ ആണ് വന്നത്. കുടുംബത്തിന്റെ ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കുമെന്നും മൃദദേഹം കുടുംബം ഏറ്റുവാങ്ങണം എന്നൊക്കെയാണ് ആദ്യം അദ്ദേഹം പറഞ്ഞത്. വാക്കാൽ ഉള്ള ഉറപ്പുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് അപ്പോൾ തന്നെ അദ്ദേഹത്തെ അറിയിച്ചു. അത്തരം ഉറപ്പുകൾ ലംഘിക്കപ്പെട്ട അനുഭവങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. അങ്ങനെ രേഖാമൂലമുള്ള ഉറപ്പു തരാമെന്നു ആർഡിഒ പറഞ്ഞു. എഫ്ഐആർ പ്രശനം പരിഹരിക്കാം എന്നും കളക്റ്ററോട് സംസാരിച്ചതിന് ശേഷം തീരുമാനിച്ചു. നഷ്ടപരിഹാരത്തിന് സർക്കാരിനോട് ആവശ്യപ്പെടാം എന്നും പറഞ്ഞു. നഷ്ടപരിഹാരത്തിന്റെ തീരുമാനം കേബിനറ്റ് യോഗം ചേർന്ന് മാത്രമേ എടുക്കാൻ പറ്റുകയുള്ളൂ എന്നും ഞങ്ങളെ അറിയിച്ചു.

Lalitha, wife of Ram Narayanan, a migrant worker from Chhattisgarh, who was killed in a mob attack at Walayar in Palakkad, breaks down after identifying the body of her husband, at the Thrissur Medical College mortuary.
പാലക്കാട് വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഢിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ രാം നാരായണന്റെ ഭാര്യ ലളിത, 2025 ഡിസംബർ 21 ന് തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഭർത്താവിന്റെ മൃതദേഹം തിരിച്ചറിഞ്ഞ ശേഷം പൊട്ടിക്കരയുന്നു. | ഫോട്ടോ കടപ്പാട്: കെ കെ നജീബ്.

രാത്രി പത്ത് മണിക്ക് ശേഷമാണ് തൃശ്ശൂരിൽ നിന്നും കളക്ടറുടെ നിർദ്ദേശപ്രകാരം ഡെപ്യുട്ടി കളക്ടർ എത്തുന്നത്. നേരത്തെ ആർഡിഒ പറഞ്ഞ കാര്യങ്ങളൊക്കെ അദ്ദേഹവും ആവർത്തിക്കുകയും മിനുട്സ് ചെയ്യുകയും ചെയ്തു. നഷ്ടപരിഹാരം സംബന്ധിച്ച് തൃശ്ശൂരിൽ നിന്നുള്ള മന്ത്രി കെ രാജന്റെ ഉറപ്പില്ലാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നു ഞങൾ അദ്ദേഹത്തെ അറിയിച്ചു. മുഖ്യമന്ത്രി അപ്പോൾ ചെന്നൈയിൽ ആയിരുന്നു. അടുത്ത ദിവസം രാവിലെ അദ്ദേഹവുമായി സംസാരിച്ച ശേഷം കാര്യങ്ങൾ തീരുമാനിക്കാം എന്നായിരുന്നു അപ്പോൾ കിട്ടിയ വിവരം.

ബാബുരാജ് ഭഗവതിയുമായി അംബിക അനുഭവങ്ങൾ പങ്കുവയ്ക്കുന്നു

രാത്രി നിങ്ങളെ മോർച്ചറിയുടെ മുന്നിൽ നിന്നും പുറത്താക്കാനുള്ള ശ്രമം പോലീസ് നടത്തിയിരുന്നില്ലേ?

രാം നാരായണിന്റെ കുടുംബം മോർച്ചറിയുടെ അടുത്ത് ബന്ധുക്കൾക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് കിടക്കുകയായിരുന്നു. രാത്രി മോർച്ചറി അടച്ചപ്പോൾ സ്ത്രീകൾക്ക് ശുചിമുറിയിൽ പോകാനുള്ള സൗകര്യം ഇല്ലാതായി. തൊട്ടടുത്ത് ട്രഷറി ഉണ്ട്. അവിടുത്തെ സെക്യൂരിറ്റിയുടെ അനുമതിയോടെയാണ് ശുചിമുറി ഉപയോഗിക്കാൻ കഴിഞ്ഞത്. എല്ലാവരും മോർച്ചറിയുടെ മുന്നിൽ നിന്നും മാറണം എന്നായിരുന്നു പോലീസിന്റെ ആവശ്യം. അപ്പോഴാണ് കളക്‌ടർ മന്ത്രിയോട് സംസാരിച്ചതും അടുത്ത ദിവസം ചർച്ച നടത്താം എന്നുമുള്ള കാര്യങ്ങൾ പറയുന്നത്. അതിനു ശേഷം ഞങ്ങൾ കുടുംബത്തിന് മറ്റൊരു സ്ഥലത്ത് വിശ്രമിക്കാനുള്ള സൗകര്യം ചെയ്യുകയായിരുന്നു.

സർക്കാർ അതിനു വേണ്ടിയുള്ള ശ്രമങ്ങൾ ഒന്നും നടത്തിയില്ല?

ഇല്ലെന്നുമാത്രമല്ല അവരെ രാത്രി മോർച്ചറിയുടെ മുന്നിലുള്ള വിശ്രമ മുറിയിൽ നിന്നും പുറത്താക്കാനാണ് ശ്രമിച്ചത്. കളക്‌ടർ പറഞ്ഞതുപോലെ ഇന്ന് രാവിലെ (22 -12 -2025 ) നു കലക്ടറേറ്റിൽ വച്ച് നടന്ന ചർച്ചയിൽ സർക്കാർ ഞങ്ങൾ ആവശ്യപ്പെട്ട എല്ലാ ആവശ്യങ്ങളും അംഗീകരിക്കുകയായിരുന്നു.

കൊലപാതകം നടത്തിയതിന് ശേഷം അറസ്റ്റു ചെയ്യപ്പെട്ട 5 പേരിൽ 4 പേര് ആർഎസ്സ്എസ്സ് പ്രവർത്തകരോ അനുഭാവികളോ ആണ്. കൂടാതെ ചിലർ നേരത്തെ ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്. ഇനിയും സ്ത്രീകളടക്കം പതിനഞ്ചോളം പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും അറിയാൻ കഴിഞ്ഞു. അടിസ്ഥാനപരമായി സംഘപരിവാർ ആണ് ഈ ആക്രമണം നടത്തിയത് എന്ന് വ്യക്തമാണ്. ഇവരുടെ പങ്കു മറച്ചു വയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന് മന്ത്രി എം ബി രാജേഷ് പറയുകയുണ്ടായി. ആരാണ് അറസ്റ്റു ചെയ്യപ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം മറച്ചു വയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്?

അത് നടത്തിയത് സർക്കാർ തന്നെയാണ്. കേരളത്തിൽ ഒരു വംശീയ വിദ്വേഷ കൊലപാതകം നടന്നിട്ട് അഞ്ചു ദിവസം വേണ്ടി വന്നു കേരളം ഭരിക്കുന്ന ഇടതു പക്ഷ സർക്കാരിന് അതിൽ ഇടപെടാൻ. അഞ്ചു ദിവസം മൃതശരീരം മോർച്ചറിയിൽ കിടത്തേണ്ടി വന്നു എന്നത് ഗുരുതരമായ പ്രശ്നമാണ്. സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ അങ്ങേത്തലയാണ് നമ്മൾ കണ്ടത്. ആൾക്കൂട്ട കൊലപാതകത്തിനു കേസെടുക്കാതെ വെറും കൊലപാതകമാക്കി എഫ്ഐആർ രെജിസ്റ്റർ ചെയ്തതിൽ മുഴുവൻ ഭരണകൂട സംവിധാനങ്ങൾക്കും ഉത്തരവാദിത്തം ഉണ്ട്.

ആദ്യം വെറും കൊലപാതകമായി രജിസ്റ്റർ ചെയ്ത കേസിൽ പിന്നീടാണ് ആൾക്കൂട്ട കൊലപാതകം എന്ന വകുപ്പ് കൂട്ടി ചേർക്കുന്നത്. ഇങ്ങനെ വൈകി ചേർക്കുന്ന വകുപ്പുകൾ വിചാരണ വേളയിൽ കോടതിൽ ദുർബലമാക്കപ്പെടാം എന്നും അത് ബോധപൂർവ്വം കൂട്ടിച്ചേർത്തതാണെന്നു പ്രതി ഭാഗം വാദിക്കാൻ സാധ്യത ഉണ്ടെന്നെന്നും പല നിയമ വിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. അപ്പോൾ കേസ് ദുർബലപ്പെടാൻ അവസരം നൽകിക്കൊണ്ടാണ് ഇപ്പോൾ സർക്കാർ തങ്ങളുടെ ഉത്തരവാദിത്തം നിർവ്വഹിച്ചു എന്ന് അവകാശപ്പെടുന്നത്. അത് ഒരു പ്രധാന പ്രശ്നമല്ലേ?

ഇന്നത്തെ ചർച്ച വിജയിച്ചില്ലെങ്കിൽ മൃതശരീരവുമായി മന്ത്രിയുടെ വസതിയില്ലേക്ക് മാർച്ച് ചെയ്യാനൊക്കെ ഞങ്ങൾ ആലോചിച്ചിരുന്നു. അത് ആർഡിഒ, ഡെപ്യുട്ടി കളക്ടർ എന്നിവരെ അറിയിക്കുകയും ചെയ്തിരുന്നു. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച ഞങ്ങൾക്കൊക്കെ വളരെ വ്യക്തമായിരുന്നു.

കേരളത്തിൽ നടക്കുന്ന ആദ്യത്തെ വംശീയ വിദ്വേഷ കൊലയല്ല ഇപ്പോൾ നടന്നിരിക്കുന്നത് എന്നും നേരത്തെ സമാന രീതിയിൽ നടന്ന ചില കൊലപാതകങ്ങൾ ആൾക്കൂട്ട കൊലപാതകമായി കണക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ടായി. കൂടാതെ കേരള സർക്കാരിനെ സംബന്ധിച്ച് കേരളത്തിൽ ആൾക്കൂട്ട കൊലപാതകം നടന്നത് അംഗീകരിക്കാനുള്ള ദുരഭിമാനവും വെറും കൊലപാതകമായി കേസ് രെജിസ്റ്റർ ചെയ്യാൻ സർക്കാരിനെ പ്രേരിപ്പിച്ചു എന്നും പലരും സൂചിപ്പിക്കുകയുണ്ടായി. ആൾക്കൂട്ട കൊലപാതകങ്ങൾ ഉത്തരേന്ത്യയിൽ മാത്രം നടക്കുന്ന ഒന്നാണെന്ന് വരുത്തി തീർക്കാനാണോ സർക്കാർ ശ്രമിച്ചത്?

ആൾക്കൂട്ട കൊലപാതകം സംബന്ധിച്ച സുപ്രീം കോടതി നിർദ്ദേശങ്ങളിൽ വ്യക്തമായി പറയുന്ന ചില കാര്യങ്ങൾ ഉണ്ട്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മൂന്നു മാസം കൂടുമ്പോൾ വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നുണ്ടോ, കൊലകൾ നടക്കാനുള്ള സാധ്യതകൾ ഉണ്ടോ എന്നൊക്കെ വിലയിരുത്തണം എന്നത് ഒരു പ്രധാന കാര്യമാണ്. ഇതൊക്കെ അറിയാം എന്ന് ഇന്നലെ ഡെപ്യുട്ടി കളക്ടർ ഞങ്ങളോട് പറയുന്നുണ്ട്. ഇതൊന്നും ചെയ്യാതെയാണ് ഇവർ അധികാര സ്ഥാനത്തിരിക്കുന്നത്. അത് ചെയ്യാതെ കേരളത്തിൽ ഇതൊന്നും നടക്കില്ല എന്ന് എങ്ങനെ പറയാൻ കഴിയും? ഇങ്ങനെ ഒരു സംഭവം മറച്ചു വയ്ക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നു എന്ന് പറയേണ്ടി വരും. ഇത് ഒരു സാധാരണ കൊലപാതകമല്ല എന്ന് ബന്ധപ്പെട്ട അധികാരികൾ അറിയാതിരിക്കാൻ ഒരു സാധ്യതയുമില്ല. നമ്മളെ സംബന്ധിച്ചിടത്തോളം ഏറെ അപമാനകരമായ കാര്യങ്ങളാണ് നടന്നിരിക്കുന്നത്. കേരളവും മോദിയും അമിത്ഷായും ഭരിക്കുന്ന ഇന്ത്യയിൽ ഉൾപ്പെട്ട സ്ഥലമാണ്. ആൾക്കൂട്ടക്കൊലപാതകങ്ങളും വിദ്വേഷ പ്രചാരണങ്ങളും ഇവിടെയും നടക്കാം.

കൊലപാതകം നടന്ന ഉടനെ കേരളം സർക്കാർ ശക്തമായ നടപടികൾ എടുക്കുകയും രാം നാരായണന്റെ കുടുംബത്തോടൊപ്പം നിൽക്കുകയും ചെയ്തിരുന്നെകിൽ ദേശീയ തലത്തിൽ തന്നെ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ ശക്തമായ ഒരു സന്ദേശം നൽകാൻ കഴിയുമായിരുന്നില്ലേ? ആ അവസരം കൂടിയല്ലേ ഇല്ലാതായത്?

തീർച്ചയായും ആ അവസരം സർക്കാർ കളഞ്ഞു എന്ന് മാത്രമല്ല കേരള ജനതയെ മുഴുവൻ നാണം കെടുത്തുകയാണ് ചെയ്തത്. ആറാമത്തെ ദിവസമാണ് മൃതശരീരം സ്വന്തം നാട്ടിലെത്തുന്നത്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചു സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. സർക്കാരിന്റെ തീരുമാനവും കാത്ത് ഉദ്യോഗസ്ഥരും മോർച്ചറിയുടെ മുൻപിൽ കാത്തിരിക്കുന്ന അവസ്ഥയായിരുന്നു.

കേരളത്തിലെ ഭൂരിപക്ഷം ബുദ്ധിജീവികളും സാംസ്ക്കാരിക പ്രവർത്തകരും ഈ സംഭവത്തിൽ പ്രതികരിച്ചതായി ശ്രദ്ധയിൽപ്പെട്ടിരുന്നോ?

കേരളത്തിൽ വംശീയ വിദ്വേഷത്താൽ പ്രേരിതമായി ഒരു കൊലപാതകം നടന്നത് അവരുടെ ഉറക്കം കെടുത്തിയില്ല എന്നതാണ് വാസ്തവം. എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന സാംസ്ക്കാരിക നായകന്മാരും നായികമാരും ഉള്ള സ്ഥലമാണ് നമ്മുടേത്. കൂടാതെ പൊതു സമൂഹവും കാര്യമായി പ്രതികരിച്ചില്ല എന്നതാണ് വാസ്തവം. കേരളം പോലുള്ള ഒരു സ്ഥലത്ത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു ഇത്.

തൊഴിലാളികളോടുള്ള പൊതുബോധം മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ആളുകളുടെ കാര്യത്തിൽ കൂടുതൽ മോശമായി പ്രകടിപ്പിക്കുന്ന ഒരു സ്ഥലം കൂടിയാണല്ലോ കേരളം. അതിനെ കൂടുതൽ വികൃതമാക്കുന്ന രീതിയിൽ സംഘപരിവാർ പ്രചരിപ്പിക്കുന്ന അപര വിദ്വേഷവും ഇസ്ലാമോഫോബിയയും സങ്കുചിത ഹിന്ദുത്വ ദീശീയ ബോധവും. ഇതിന്റെ പ്രതിഫലനം കൂടിയല്ലേ ഈ കൊലപാതകവും അതിനോടുള്ള പൊതു സമൂഹത്തിന്റെ നിസ്സംഗതയും?

ഏറ്റവും ബുദ്ധിമുട്ടുള്ളതും അപകടം പിടിച്ചതുമായ പണികൾ ചെയ്യാനുള്ള ആളുകളാണ് ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികൾ എന്നാണു മലയാളി കരുതുന്നത്. അവർക്കു എന്ത് സംഭവിച്ചാലും കുഴപ്പമില്ല എന്നാണ് വെള്ളക്കോളർ ജോലിയെ വിലമതിക്കുന്ന മലയാളിയുടെ മനോഭാവം. അതുകൊണ്ടാണ് അപകടം പിടിച്ച മാൻഹോളിൽ ഒക്കെ അവരെ ഇറക്കുന്നത്. അവരോട് മലയാളികൾ മോശമായാണ് പെരുമാറുന്നത്. പണ്ട് നമ്മൾ ‘അണ്ണാച്ചി’ എന്നായിരുന്നു പുറത്തു നിന്നും വന്ന തൊഴിലാളികളെ വിളിച്ചരുന്നത്. കളവ് പോലുള്ള കുറ്റ കൃത്യങ്ങൾ അവരുടെ തലയിൽ കെട്ടിവയ്ക്കുക അന്നും പതിവായിരുന്നു. എല്ലാം തിന്മകളും പുറത്തു നിന്നും വന്നവരാണ് ചെയ്യുന്നത് എന്ന രീതിയിൽ ആയിരുന്നു. ഇപ്പോൾ അത് കൂടുതൽ മോശം അവസ്ഥയിലേക്ക് മാറിയിട്ടുണ്ട്. കപട ദേശ സ്നേഹവും മത വിദ്വേഷവും പ്രചരിപ്പിക്കുന്ന സംഘ പരിവാറിന് ഈ പൊതു ബോധം സൃഷ്ടിക്കുന്നതിൽ വലിയ പങ്ക് ഉണ്ട്.

എസ്ഐആർ പോലും നടത്തുന്നത് ബഗ്ളാദേശിൽ നിന്നുള്ള അനധികൃത നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്താനാണെന്നുള്ള പ്രചാരണം ഇപ്പോൾ ശക്തമാണല്ലോ. വെറുപ്പ് ഉൽപ്പാദിപ്പിച്ചുകൊണ്ടും അപരരെ ശത്രുക്കളാക്കി ഉയർത്തി കാണിച്ചും സംഘ പരിവാർ നടത്തുന്ന വിദ്വേഷ പ്രചാരങ്ങളുടെ സ്വാധീനം ഈ കൊലപാതകികൾ ഉണ്ടാവാനുള്ള സാധ്യത ഏറെയല്ലേ?

തീർച്ചയായും. കൊലപാതക ശേഷം പുറത്തിറങ്ങിയ വിഡിയോയിൽ വ്യക്തമായി നമുക്ക് കേൾക്കാം ‘നീ ബംഗ്ളാദേശി അല്ലെ’ എന്ന് ചോദിക്കുന്നത്. അതുകൊണ്ട് മുസ്ലിം ആയിട്ടുള്ള ഒരു വിദേശി എന്നാണ് അവർ ഉദ്ദേശിക്കുന്നത്. കേരളത്തിൽ ബംഗ്ളാദേശിൽ നിന്നും അനധികൃതമായി എത്തിയ മുസ്ലിങ്ങൾ ഉണ്ടെന്നുള്ള പൊതുബോധം നിലനിൽക്കുന്നുണ്ട്. അതിനെ വംശീയയ വിദ്വേഷം കൊണ്ടുള്ള കൊലപാതകം എന്ന് തന്നെയാണ് പറയേണ്ടത്. ഇസ്‌ലാമോഫോബിയ ശക്തമായ ഈ കാലത്ത് ഹിന്ദുത്വ ശക്തികൾ നടത്തിയ ആൾക്കൂട്ട കൊലപാതകം കേരളത്തിലും നടന്നു എന്നതാണ് യാഥാർഥ്യം. 2018ല്‍ തെഹ്‌സീന്‍ പൂനാവാല പൊതു താൽപ്പര്യ ഹർജിയെ തുടർന്ന് സുപ്രീം കോടതി നൽകിയ മാർഗ നിർദ്ദേശങ്ങൾ പ്രകാരവും ഇത് ആൾക്കൂട്ട കൊലപാതകം തന്നെയാണ്. ഈ രീതിയിലുള്ള കൊല കേരളത്തിൽ ആദ്യമായാണ് നടക്കുന്നത് എന്ന് പറയാം.

ഫോട്ടോ: മറുവാക്ക് മാസിക

വെറുപ്പ് ഉൽപ്പാദിപ്പിക്കുന്ന ദേശീയത വലിയ രീതിയിലാണ് നമ്മുടെ രാജ്യത്തു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യവും മതേതരത്വവും ഒക്കെ പറയുന്ന ആളുകളുടെ ഉള്ളിലും അത് സ്വാധീനം ചെലുത്തുന്നുണ്ട്. ഇപ്പോൾ കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ ശുഭ സൂചകമല്ല.

എന്താണ് ആക്ഷൻ കൗൺസിലിന്റെ ഭാവി പരിപാടി?

പൊലീസ് അന്വേഷണം വഴിതെറ്റുന്നുണ്ടോ എന്ന് ജാഗ്രതയോടെ നിരീക്ഷിക്കും. ഈ കേസിന്റെ മുന്നോട്ട് പോക്കിൽ യാതൊരു വിട്ടു വീഴ്ചയും ഇല്ലാതെ വേണ്ട ഇടപെടൽ നടത്തും. ഇനി ഇത് കേരളത്തിൽ അവർത്തിക്കാതിരിക്കട്ടെ. അങ്ങനെ നടന്നാൽ ഈ കേസ് നൽകിയ അനുഭവങ്ങൾ അനുസരിച്ചു പ്രവൃത്തിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊതുസമൂഹം വലിയ ജാഗ്രത പുലർത്തേണ്ടതുണ്ട്.

Featured image: വാളയാറിൽ ആൾക്കൂട്ട കൊലപാതകത്തിനിരയായ രാം നാരയാണിന്റെ കുടുംബം തൃശൂർ മോർച്ചറിക്കു മുൻപിൽ നീതിക്കായി കാത്തിരിക്കുന്നു. ഫോട്ടോ അംബിക

കടപ്പാട്: Kerala Insight Media

Ambika

Ambika

കോഴിക്കോട് നിന്നും പ്രസിദ്ധീകരിക്കുന്ന മറുവാക്ക് മാസികയുടെ എഡിറ്ററും സാമൂഹിക പ്രവർത്തകയുമാണ് അംബിക.

View All Articles by Ambika

Share Article
Whatsapp Email