ഹിംസയുടെ തെരുവുനാടകം പോലെ ആൾക്കൂട്ടക്കൊലകൾ

ഹിംസയുടെ തെരുവുനാടകം പോലെ ആൾക്കൂട്ടക്കൊലകൾ

നീതിയുടെ ശബ്ദമാണ് ഹർഷ് മന്ദർ. ഐഎഎസ് ഉദ്യോഗം രാജിവെച്ച്, രാജ്യത്ത് വർഗീയ- വംശീയ കലാപങ്ങളിൽ ഇരകളായ സാധാരണ മനുഷ്യരുടെ നിയമ സാമൂഹിക പോരാട്ടങ്ങൾക്ക് വേണ്ടി ജീവിതം മാറ്റിവച്ച അസാധാരണ മനുഷ്യനാണ് അദ്ദേഹം. ഭരണഘടനാ മൂല്യങ്ങളെ തകർത്തെറിയുന്ന സംഘപരിവാർ ഭരണകൂടം എങ്ങനെ വിദ്വേഷവും വിഭജനവും പടർത്തുന്നു എന്നും ആൾക്കൂട്ട കൊലപാതകങ്ങൾ എങ്ങനെ സാധാരണ സംഭവങ്ങളായി മാറുന്നു എന്നും അഭിമുഖത്തിന്റെ ഒന്നാം ഭാഗത്തിൽ അദ്ദേഹം വിവരിക്കുന്നു.

2002 ൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവിസ് (IAS) നിന്നും രാജിവച്ച് ഒരു മുഴുവൻ സമയ സാമൂഹ്യ പ്രവർത്തന മേഖലയിലേക്ക് വരാൻ താങ്കൾ എടുത്ത തീരുമാനത്തെപ്പറ്റി ഇന്ന് ആലോചിക്കുമ്പോൾ എന്ത് തോന്നുന്നു?

2002 ലാണ് എന്നെപോലെ പലരും ഇന്ത്യ എന്ന നമ്മുടെ രാജ്യത്തെ പറ്റിയും അത് പിൻപറ്റുന്ന തുല്യത, നീതി, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളിൽ ഉള്ള വിശ്വാസത്തെപ്പറ്റിയും പുനരാലോചിക്കാൻ തുടങ്ങിയത് എന്ന് പറയാം. അതുവരെ ഇന്ത്യയെപ്പറ്റിയുണ്ടായിരുന്ന ധാരണകൾ പൊളിഞ്ഞു പോയ കാലം ആയിരുന്നു അത്. തുടർന്ന് ഭരണകൂടവുമായി ഒരുപാട് സംഘർഷത്തിലേർപ്പെടേണ്ടി വന്നു. അതിപ്പോഴും തുടരുന്നു. അതിനു മുൻപ് വ്യത്യസ്ത ഉത്തരാവാദിത്തങ്ങൾ ഉള്ള സ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട് ഭരണഘടനാപരമായ കടമകൾ നിർവ്വഹിക്കുകയായിരുന്നു ഞാൻ. ആ രീതിയിൽ ഇനി സർക്കാരിന്റെ ഭാഗമായി തുടരാൻ കഴിയില്ലെന്നുള്ള ബോധ്യത്തിലാണ് ഐ എ എസിൽ ൽ നിന്നും പുറത്തു കടന്നത്. അങ്ങനെ ഒരു സാധാരണ പൗരനായി എന്റെ രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനം വളരെ ഉചിതമായ ഒന്നായിരുന്നു എന്ന് പിന്നീട് എനിക്ക് ബോധ്യമാവുകയും ചെയ്തു.

ഗുജറാത്ത് വംശീയ കലാപം ഇന്ത്യയുടെ മറ്റു ദേശങ്ങളിലും സ്വാധീനം ഉണ്ടാക്കിയേക്കാമെന്നും നമ്മൾ ഇന്ന് കാണുന്നത് പോലെ ഇന്ത്യ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ കയ്യിലകപ്പെട്ടേക്കാം എന്നൊക്കെ അന്ന് തോന്നിയിരുന്നോ?

2002 ലേത് ഇന്ത്യയിൽ നടന്ന ആദ്യത്തെ വർഗീയ കലാപം ആയിരുന്നില്ലല്ലോ.1984 ൽ ഡൽഹിയിലും1989 ൽ ബിഹാറിലെ ഭഗൽപൂരിലും1992 ൽ ബോംബെയിലും കൂട്ടക്കുരുതികൾ നടന്നിരുന്നു. എന്നാൽ 2002 ലെ ഗുജറാത്ത് കലാപം അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. അത് ഒരു ഭരണകൂടത്തിന്റെ പിന്തുണയോടെ നടന്ന കലാപം ആയിരുന്നു. അതുകൊണ്ടാണ് ആഴ്ചകളോളം അത് ഇരുപതോളം ജില്ലകളിൽ നിയന്ത്രിക്കപ്പെടാതെ പോയത്. നരോദ പാട്യയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടന്ന ക്രൂരമായ അതിക്രമങ്ങൾ, ഇഹ്‌സാൻ ജെഫ്രിക്കു നേരെ നടന്ന ക്രൂരതകൾ ഒക്കെ അതാണ് കാണിക്കുന്നത്. മണിക്കൂറുകൾക്കകം കലാപം നിയന്ത്രിക്കാൻ ഭരണകൂടത്തിന് അന്ന് കഴിയുമായിരുന്നു. പക്ഷെ അവർ അത് ചെയ്തില്ല. തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കാൻ പോലും അവർ കൂട്ടാക്കിയില്ല. മാത്രവുമല്ല വളരെ നിന്ദ്യമായ ഭാഷയിൽ ‘ഞാൻ കുട്ടികളെ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറി തുടങ്ങാൻ ഉദ്ദേശിക്കുന്നില്ല’എന്നായിരുന്നു മുഖ്യമന്ത്രി മോദി പ്രതികരിച്ചത്. കേന്ദ്രസർക്കാരിനും ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞില്ല. ഇരകളാക്കപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം പോലും നല്കുകയുണ്ടായില്ല. അവരോടു നീതിക്കായി പോരാടാതിരിക്കാനും മറ്റു സ്ഥലങ്ങളിൽ മാറി താമസിക്കാനുമായിരുന്നു സംഘ്പരിവാറിന്റെ ആഹ്വാനം. നീതിയുടെ എല്ലാ വഴികളും അട്ടിമറിക്കപ്പെട്ടിരുന്നു. 2020 ൽ ഡൽഹിയിൽ നടന്ന കലാപം ഇതിലും മോശമായ രീതിയിലാണ് ഭരണകൂടം കൈകാര്യം ചെയ്തത്. മണിക്കൂറുകൾക്കകം തടയാമായിരുന്ന ഒന്നായിരുന്നു അത്. ഈ സാഹചര്യത്തിൽ ഒരു സ്വതന്ത്ര പൗരനായിക്കൊണ്ട് മാത്രമേ എനിക്ക് പ്രവൃത്തിക്കാൻ കഴിയുമായിരുന്നുള്ളു.

Maya Kodnani and Babu Bajrangi, who were involved in the 2002 Gujarat Riots
2002 ഫെബ്രുവരി 28 ന്, നരോദ പാട്യയിലെ താമസക്കാരെ ഏകദേശം 5000 പേരടങ്ങുന്ന ജനക്കൂട്ടം കുത്തിക്കൊല്ലുകയും, ജീവനോടെ കത്തിക്കുകയും, കൊള്ളയടിക്കുകയും, ലൈംഗികമായി പീഡിപ്പിക്കുകയുംചെയ്ത കേസിൽ ഉൾപ്പെട്ട മായ കൊദ്‌നാനിയും ബാബു ബജ്‌രംഗിയും

ഇങ്ങനെ സാമൂഹ്യ നീതിയോടും ജനാധിപത്യത്തോടും വിട്ടുവീഴ്ചയില്ലാത്ത മനോഭാവം കെട്ടിപ്പടുക്കാൻ പ്രചോദനമേകുന്ന എന്തെകിലും പ്രത്യേക അനുഭവങ്ങൾ ബാല്യകാലത്തോ സർക്കാർ സേവനത്തിൽ തുടരുമ്പോഴോ ഉണ്ടായിട്ടുണ്ടോ?

അതിനുള്ള ഉത്തരം എളുപ്പത്തിൽ പറയാൻ കഴിയില്ല. ഞങ്ങളുടേത് ഇന്ത്യ പാകിസ്ഥാൻ വിഭജനത്തിന്റെ അനുഭവങ്ങൾ ഉള്ള കുടുംബമാണ്. എന്റെ മാതാപിതാക്കൾ റാവൽപിണ്ടിയിലെ ആയിരുന്നു ജീവിച്ചത്. ഒരുപക്ഷെ അന്ന് എന്റെ കുടുംബം അനുഭവിച്ച ദുരിതങ്ങൾ എന്റെ ജീനിലും കടന്നു ചെന്നിട്ടുണ്ടാകാം. എന്റെ ചെറുപ്പകാലത്തു തന്നെ ദുരിതമനുഭവിക്കുന്ന മനുഷ്യരെ ചേർത്തുപിടിക്കാനും അനീതിക്കെതിരെ ശബ്ദിക്കാനുമുള്ള ത്വര ഉണ്ടായിരുന്നു. എന്നെ വളർത്തിയ കുടുംബവും വിദ്യാലയവും നൽകിയ മൂല്യങ്ങൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഞാൻ വളർന്ന കാലം ആദർശങ്ങളുടെത് കൂടി ആയിരുന്നല്ലോ. വിഭജനത്തിന്റെ ദുരന്തങ്ങൾ അനുഭവിച്ച ജനത പിൽക്കാലത്തു മാനവ സാഹോദര്യമാണ് ആഗ്രഹിച്ചത് എന്ന് കാണാം. അതുകൊണ്ടാണ് പഞ്ചാബിലും ബംഗാളിലും പിന്നീട് വർഗ്ഗീയ കലാപങ്ങൾ നടക്കാതിരുന്നത്.

താങ്കൾ നേതൃത്വം നൽകുന്ന കാരവൻ ഓഫ് ലവ് എന്ന കൂട്ടായമ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പറയാമോ?

മോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യത്തെ അഞ്ചു വർഷം വ്യാപകമായി നടന്ന ഒന്നാണ് ആൾക്കൂട്ടക്കൊലപാതകങ്ങൾ. ലിഞ്ചിങ്ങിനു (lynching) സമാനമായ ഒരു പദം ഇന്ത്യയിലെ മിക്ക ഭാഷകളിലും ഇല്ലായിരുന്നു. ബംഗാളിൽ അത്തരം സംഭവങ്ങൾ നേരത്തെ നടക്കുന്നുണ്ടായിരുന്നു. മറ്റു സ്ഥലങ്ങളിൽ അത് ഒരു പുതിയ പ്രവണതയായിരുന്നു. അത് ഏറെ പ്രത്യേകതകളുള്ള ഹിംസയാണ്. വെറും കൊലപാതകമല്ല അരങ്ങേറുന്നത്. അതിക്രൂരമായ ഹിംസയുടെ തെരുവ് പ്രകടനമാണ് (street performance) അവിടെ നടക്കുന്നത്. ഒരു കാർണിവൽ ആസ്വദിക്കുന്ന ലാഘവത്തോടെ ഒരു ജനക്കൂട്ടം അതിനു സാക്ഷിയാകുന്നു. അമേരിക്കയിൽ കറുത്ത വർഗക്കാർക്കെതിരെ അത്തരം ക്രൂരതകൾ പതിവായിരുന്നു. ഇതെല്ലാം കാണാൻ കുട്ടികളടക്കമുള്ള വലിയ ജനക്കൂട്ടം ഉണ്ടാവും. അതുകൊണ്ട് ഓരോ കൊലപാതകവും ആയിരം കൊലപാതകങ്ങളുടെ ആഘാതം ആയിരിക്കും ഉണ്ടാക്കുക. ഇപ്പോൾ അത്തരം സംഭവങ്ങളുടെ വീഡിയോകളും പ്രചരിക്കപ്പെടുന്നു. അത് മൈലുകൾ സഞ്ചരിച്ച് പതിനായിരക്കണക്കിന് ജനങ്ങളുടെ മനസ്സിൽ വെറുപ്പും ക്രൂരതയും ഉൽപ്പാദിപ്പിക്കും. മുസ്ലിങ്ങളുടെ മനസ്സിൽ ഭീതി സൃഷ്ടിക്കുകയും ചെയ്യും. അത്തരം സംഭവങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ഗുജറാത്ത് കലാപത്തെക്കാൾ കുറവായിരിക്കാം. പക്ഷെ അതുണ്ടാക്കുന്ന പ്രത്യാഘാതം ഏറെ വ്യാപകമായ ഒന്നാണ്. ഡൽഹിയിൽ ഒരു മുസ്ലിം യുവാവ് ട്രെയിനിൽ ആൾക്കൂട്ട കൊലപാതകത്തിന് വിധേയമായപ്പോൾ മുസ്ലിങ്ങൾ ട്രെയിനിൽ സഞ്ചരിക്കാൻ ഭയപ്പെട്ടിരുന്നു. ഒന്നാം മോദി സർക്കാരിന്റെ വലിയ ‘സംഭാവന’ ആൾക്കൂട്ട കൊലപാതകം ആയിരുന്നു.

ഭരണകൂടം നിശബദമായി അത്തരം സംഭവങ്ങൾക്കു ദൃക്‌സാക്ഷിയായി നിൽക്കുന്നപോലെ പൊതു സമൂഹവും അത് പിന്തുടരുന്നത് കാണാം. അത് ഇല്ലാതാവേണ്ടത് ആണ്. ഗാന്ധി, നെൽസൺ മണ്ടേല, മാർട്ടിൻ ലൂഥർ കിംഗ് തുടങ്ങിയ വലിയ മനുഷ്യർ നൽകിയ പാഠം വെറുപ്പിനെ വെറുപ്പ് കൊണ്ട് നേരിടാൻ കഴിയില്ല എന്നാണ്. സ്നേഹം കൊണ്ട് മാത്രമേ അതിനെ നേരിടാൻ കഴിയുള്ളൂ. അങ്ങനെയാണ് അതിനു തുടക്കം കുറിക്കുന്നതിനെക്കുറിച്ചു ഇന്ത്യൻ എക്സ്പ്രസ്സ് പോലുള്ള പത്രങ്ങളിൽ ഞാൻ എഴുതിയിരുന്നു. അതിന് വിദ്യാർത്ഥികൾ അടക്കമുള്ള വിവിധ വിഭാഗം ജനങ്ങളിൽ നിന്നും നല്ല പ്രതികരണം ആയിരുന്നു ലഭിച്ചത്. അങ്ങനെ ആസ്സാമിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിലൂടെ സംഘടിപ്പിച്ച ഒരു യാത്രയിൽ നിന്നാണ് 2017 ൽ കാരവൻ ഓഫ് ലവ് ആരംഭിച്ചത്. ആ യാത്രയിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ ഓരോ കുടുംബത്തെയും ഞങ്ങൾ സന്ദർശിച്ചിരുന്നു. അത് യാഥാർഥ്യങ്ങൾ കണ്ടെത്താനോ, റിപ്പോർട്ടുകൾ തായ്യാറാക്കാനോ ഉന്നം വച്ചായിരുന്നില്ല. ഒരു സുഹൃത്തിന്റെ കുടുംബത്തെ സന്ദർശിക്കുന്നപോലെ ആയിരുന്നു അത്. കുടുംബത്തിന്റെ വേദന പങ്കിടാനും അവരുടെ ഒറ്റപ്പെടൽ അകറ്റാനും ആ സന്ദർശനം സഹായകരമായി. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഐക്യദാർഡ്യം പ്രഖ്യാപിക്കാനും അത് സഹായിച്ചു. അൻപത് യാത്രകളിൽ നൂറോളം കുടുംബങ്ങളെ സന്ദർശിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. കൂടാതെ അത് ഒരു സന്ദർശനത്തിൽ അവസാനിക്കുന്നതല്ല. ആ കുടുംബവുമായി ദീർഘകാലത്തേക്കുള്ള ബന്ധം സ്ഥാപിക്കുന്ന ഒന്നുകൂടിയായിരിക്കും. അത്തരം സംഭവങ്ങൾ കൂടുതൽ നടക്കുന്ന സ്ഥലങ്ങളിൽ സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും ഞങ്ങളുടെ കൂടെ പ്രവൃത്തിക്കുന്ന ആളുകളുടെ കൂട്ടായ്മ രൂപീകരിക്കാൻ കഴിഞ്ഞു. നമ്മൾ കേസുകൾ നടത്താനും പെൻഷൻ ലഭിക്കാനും ഉള്ള സഹായങ്ങൾ നൽകാനും തുടങ്ങി. അത്തരം അനുഭവങ്ങൾ എഴുതാനും ചെറിയ സിനിമകൾ നിർമ്മിക്കാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

Caravan of Love campaigns for values ​​such as equality, freedom, justice, compassion, and love.
കാരവാൻ ഓഫ് ലവ് സമത്വം, സ്വാതന്ത്ര്യം, നീതി, കാരുണ്യം, സ്നേഹം തുടങ്ങിയ മൂല്യങ്ങൾക്കായി പ്രചാരണം നടത്തുന്നു.

ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഇരയാകുന്ന കുടുംബങ്ങളിൽ നിന്നും ഇത്തരം സന്ദർശന സമയത്ത് ലഭിക്കുന്ന പ്രതികരണത്തെക്കുറിച്ച് പറയാമോ?

മറ്റു ജോലികൾ നിർവ്വഹിക്കുന്ന പോലെ ഒന്നല്ല ഇത്. മറിച്ച് സ്നേഹവും കരുതലും രൂപപ്പെടുന്ന, നീണ്ടു നിൽക്കുന്ന മനുഷ്യ ബന്ധങ്ങൾ നെയ്‌തെടുക്കുന്ന പ്രക്രിയയാണത്. ഇത് ആദ്യമായി നമ്മുടെ രാജ്യത്തു നടക്കുന്ന കാര്യമല്ല. ഗാന്ധിജി നമ്മുടെ രാജ്യത്തു ഇത്തരം സംഭവങ്ങൾ നടക്കുമ്പോഴൊക്കെ അതാണ് ചെയ്തത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അദ്ദേഹം ഡെൽഹിയിലായിരുന്നില്ലല്ലോ. കൽക്കൊത്തയിൽ വർഗ്ഗീയ കലാപത്തിൽ ദുരിതം അനുഭവിക്കുന്ന മനുഷ്യരുടെ കൂടെ.

ആൾക്കൂട്ട കൊലപാതകവും ഒരു പ്രദേശത്തു നടക്കുന്ന വർഗ്ഗീയ കലാപങ്ങളും തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. വർഗീയ കലാപങ്ങൾ ഒരു കൂട്ടം മനുഷ്യർക്കിടയിൽ നടക്കുന്നത് കാരണം അവിടെ ഒരു കമ്മ്യുണിറ്റിയുടെ പിന്തുണ അതിന്റെ ഇരകളാക്കപ്പെടുന്ന മനുഷ്യർക്കു ലഭിച്ചേക്കാം. ആൾക്കൂട്ടൽകൊലപാതകത്തിൽ ഒരു കുടുംബം പലപ്പോഴും ഒറ്റയ്ക്കു എല്ലാ വേദനകളും സഹിക്കേണ്ട സാഹചര്യം ഉണ്ട്. പലപ്പോഴും ഭയം കാരണം സ്വന്തം സമുദായം പോലും കൂടെ നിൽക്കാൻ മടിച്ചു നിൽക്കുന്ന അവസ്ഥ. അതുകൊണ്ടാണ് ഞങ്ങൾ അത്തരം കുടുംബം ഒറ്റയ്ക്കല്ലെന്നു അവരെ മനസിലാക്കാനും പ്രാദേശിക പിന്തുണ അത്തരം കുടുംബങ്ങൾക്ക് ഉറപ്പാക്കാനും ശ്രമിക്കുന്നത്.

ഇത്തരം പ്രവർത്തനങ്ങൾ നടത്തുമ്പോൾ സർക്കാർ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടോ?

തീർച്ചയായും അത്തരം ശ്രമങ്ങൾ പരമാവധി നടത്തുന്നുണ്ട്. എനിക്കെതിരെ നിലവിൽ ഒട്ടനവധി കേസുകൾ രെജിസ്റ്റർ ചെയ്‍തിട്ടുണ്ട്. ഞങ്ങളുടെ സംഘടനയ്ക്ക് ഫണ്ട് ലഭിക്കുന്നത് തടഞ്ഞു വെച്ചിരിക്കുകയാണ്. എന്നാൽ ഈ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം.

എന്താണ് ഇത്തരം പ്രവർത്തനങ്ങൾ നൽകിയ അനുഭവ പാഠം?

ഒന്ന് ഒരുപാട് കുടുംബങ്ങൾ പറഞ്ഞത് കൊല്ലപ്പെട്ടയാളെ ദീർഘനേരം പീഡിപ്പിച്ചു കൊല്ലുന്നതിനു പകരം ഒറ്റയടിക്ക് ഇല്ലാതാക്കുകയായിരുന്നു എങ്കിൽ ഒരുപാട് നേരം കഠിനമായ വേദന തങ്ങളുടെ പ്രിയപ്പെട്ടയാൾക്ക് സഹിക്കേണ്ടി വരില്ലായിരുന്നു എന്നാണ്. ചിലപ്പോൾ മണിക്കൂറുകൾ എടുത്താണല്ലോ ഒരാളെ പീഡിപ്പിച്ചു കൊല്ലുന്നത്. പലപ്പോഴും അത്തരം സന്ദർഭങ്ങളിൽ മനുഷ്യർ മരിക്കുന്നതിന് മുൻപ് കുടിക്കാൻ വെള്ളം ചോദിക്കുന്നതും കൊലപാതകികൾ വെള്ളം കൊടുക്കാതിരിക്കുന്നതും പല വിഡിയോകളിലും ഞാൻ കണ്ടിട്ടുണ്ട്. മറ്റൊന്ന് അത്തരം കൊലപാതകങ്ങൾ നടക്കുമ്പോൾ അത് തടയാൻ ആരും മുന്നോട്ടു വരുന്നില്ല എന്നാണ്. മറ്റൊന്ന് നിഷ്ക്രിയമായി നോക്കി നിൽക്കുകയും കൊലപാതകികളെ സഹായിക്കുകയും ചെയ്യുന്ന പോലീസിന്റെ പങ്കാളിത്തമാണ്. കൊലപാതകത്തിന് ശേഷവും അവർ ചെയ്യുന്നത് അതിലും മോശമായ കാര്യമാണ്. പലപ്പോഴും കൊല്ലപ്പെട്ട മനുഷ്യന്റെ കുടുംബത്തെ പല കേസുകളിലും പ്രതിയാക്കുന്ന രീതിയാണ് അവർ പിന്തുടരുന്നത്. ചിലപ്പോൾ ശരിയായി എഫ്. ഐ. ആർ പോലും രജിസ്റ്റർ ചെയ്യാതെ അപകട മരണമായി രേഖപ്പെടുത്തുന്ന രീതിയും ഉണ്ട്. അക്രമിക്കപ്പെട്ടയാൾ ആശുപത്രിയിൽ വച്ച് മരണപ്പെടുന്നതിനു മുൻപ് അയാളുടെ മൊഴിയെടുക്കാൻ പോലും പോലീസ് തയ്യാറാകാത്ത അവസ്ഥയുണ്ട്. കൊലപാതകം നടന്നതിന്റെ വീഡിയോ സമൂഹത്തിൽ പ്രചരിക്കുമ്പോഴും അത് ഒരു തെളിവായി അവർ സ്വീകരിക്കാറില്ല.

മോദിയുടെ രണ്ടാം ഭരണ കാലം ആകുമ്പോഴേക്കും ഇത്തരം അക്രമങ്ങൾ വർധിക്കുകയാണ് ഉണ്ടായത്. പശു സംരക്ഷണ ഗ്രുപ്പുകളൊക്കെ അപ്പോഴേക്കും പോലീസുമായി നേരിട്ട് ചേർന്ന് പ്രവൃത്തിക്കാൻ തുടങ്ങി. സർക്കാർ അവരെ പശു സംരക്ഷണത്തിന്റെ പേരിൽ സാമൂഹ്യ പ്രവർത്തകരായി കണക്കാക്കാൻ തുടങ്ങി. അവർക്കു അങ്ങനെ ഒരുപാട് അധികാരം ലഭിക്കുന്ന അവസ്ഥ. ഡൽഹിയിൽ മുസ്ലിം എന്ന തെറ്റിദ്ധാരണയിൽ ഒരു ഹിന്ദുവിനെ കൊലപ്പെടുത്തിയപ്പോൾ അവർ പറഞ്ഞത് തങ്ങൾക്ക് ഒരു അബദ്ധം പറ്റിയതാണ് എന്നായിരുന്നു. കൊല്ലപ്പെട്ടയാളുടെ അമ്മ അപ്പോൾ ചോദിച്ചത് അയാൾ ഒരു മുസ്ലിം ആയിരുന്നെകിൽ അവർ ചെയ്‍തത് കുറ്റമല്ലാതാകുന്നത് എങ്ങനെയെന്നായിരുന്നു? ഒരു മുസ്ലിം കൊല്ലപ്പെടുമ്പോൾ അയാൾ പശുമാംസം കടത്തിയ കുറ്റവാളിയാകും. അതെ മുസ്ലിം മറ്റൊരാളെ കൊല്ലുകയാണെങ്കിൽ അയാൾ ഒരു തീവ്രവാദിയായിരിക്കും. നമ്മുടെ ഭാഷ അത്തരത്തിൽ വിഭാഗീയമായിരിക്കുന്നു. പശു സംരക്ഷണത്തിന്റെയോ ലവ് ജിഹാദിൻറെയോ പേരിൽ കൊലപാതകം നടത്തുന്നയാൾ ഒരു ഹീറോ ആയി മാറുന്നു.

Asmina (centre), wife of Rakbar Khan, a victim of a mob lynching in Kolgaon, Haryana.
ഹരിയാനയിലെ കോൾഗാവിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ രക്ബർ ഖാന്റെ ഭാര്യ അസ്മിന (മധ്യത്തിൽ)

മറ്റൊരു മാറ്റം ഇത്തരം കൊലപാതകങ്ങൾക്ക് ഉപയോഗിക്കുന്ന ആയുധങ്ങളുടെ കാര്യത്തിലാണ്. കല്ലുകൾക്കും കുറുവടികൾക്കും പകരം ആധുനിക ആയുധങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. കൂടാതെ അത്തരം സംഭവങ്ങളെ ലൈവ് ആയി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നു.

ഇത്തരം കൊലപാതകങ്ങൾക്ക് ശേഷം കുറ്റവാളികൾക്ക് കുറ്റബോധമോ പശ്ചാത്താപമോ ഉണ്ടായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?

അങ്ങനെ ഒരിക്കലും എനിക്ക് അനുഭവം ഇല്ല. മറിച്ചുള്ള എന്റെ ഒരു അനുഭവം പറയാം. അന്ന് ബാബരി മസ്ജിദ് തകർത്തതിന്റെ ഇരുപത്തി അഞ്ചാം വാർഷികം ആയിരുന്നു. ആ ദിവസം രാജസ്ഥാനിലെ ഉദയ്‌പൂരിൽ നടന്ന ഒരു സംഭവം ഏറെ ഞെട്ടിക്കുന്നതായിരുന്നു. ആ ദിവസം ഒരു മുസൽമാനെ വധിച്ചുകൊണ്ടു വാർഷികം ആഘോഷിക്കാൻ ഒരാൾ തീരുമാനിക്കുന്നു. അയാൾ തന്റെ സഹോദരിയുടെ പുത്രനെ ആ കൃത്യം വീഡിയോ ചിത്രീകരണം നടത്താൻ ഏർപ്പാടാക്കുന്നു. അൽപ്പം ദൂരെ ബംഗാളിൽ നിന്നുള്ള മുസ്ലിം വിഭാഗത്തിലെ കെട്ടിട നിർമ്മാണ തൊഴിലാളികൾ ജോലി ചെയുന്ന സ്ഥലത്തേക്ക് പോകുന്നു. അവരിൽ ഒരാളെ അടുത്തേക്ക് വിളിച്ച് ക്രൂരമായി മർദിക്കുകയും അബോധാവസ്ഥയിലായ ആ ചെറുപ്പക്കാരനെ വെടിവച്ചു കൊല്ലുകയും ചെയ്യുന്നു. അതിനു ശേഷം അയാൾ ക്യാമറയ്ക്കു മുന്നിൽ വന്നു മുസ്ലിം സമുദായത്തിനെതിരെ ദീർഘമായ വിദ്വേഷ പ്രസംഗം നടത്തുന്നു. ഈ കൊലപാതകം നടത്തിയ ആളുടെ കുടുംബത്തെ ഞങ്ങൾ പിന്നീട് സന്ദർശിച്ചിരുന്നു. അവർ ദളിത് വിഭാഗത്തിൽപ്പെട്ടവരായിരുന്നു. വളരെ വ്യത്യസ്‍തമായ അനുഭവം ആയിരുന്നു ഞങ്ങൾക്ക് ലഭിച്ചത്. നോട്ടു നിരോധനത്തെ തുടർന്ന് ബിസിനസ് തുടങ്ങാനാവാതെ നിരാശയിലായിരുന്നു കൊലപാതകം നടത്തിയ ആൾ. തുടർന്ന് അയാൾ നിരന്തരം മുസ്ലിം വിരുദ്ധമായ വിഡിയോകൾ ദിവസേന കാണാൻ തുടങ്ങി. തുടർന്ന് ഒരു കൊലപാതകം ചെയ്യാനുള്ള മാനസിക അവസ്ഥയിൽ അയാൾ എത്തുന്നു. എന്നാൽ ആ കൃത്യത്തിൽ പ്രായം കുറഞ്ഞ സഹോദരീ പുത്രനെ കൂട്ടുപ്രതിയാക്കിയതിൽ മാത്രം ആയിരുന്നു ആ കുടുംബത്തിന് വിഷമം ഉണ്ടായിരുന്നത്. അയാൾ ചെയ്‍തത് ശരിയായ കാര്യം ആയിരുന്നു എന്നായിരുന്നു കുടുംബാംഗങ്ങൾ പറഞ്ഞത്. മുസ്ലിങ്ങൾ ലവ് ജിഹാദ് നടത്തുന്നുന്നു എന്നതായിരുന്നു കാരണമായി പറഞ്ഞത്. അവരോട് അത്തരം ഒരു സംഭവം പറയാമോ എന്ന് ചോദിച്ചപ്പോൾ അവർക്കു മറുപടി ഉണ്ടായിരുന്നില്ല. അവസാനം പതിനഞ്ചു വർഷം മുൻപ് നടന്ന ഹിന്ദു മുസ്ലിം വിഭാഗങ്ങൾക്കിടയിൽ ഉണ്ടായ പ്രണയ ബന്ധത്തെക്കുറിച്ചാണ് അവർക്ക് പറയാനുണ്ടായിരുന്നത്. അത് പരസ്പ്പര സമ്മതത്തോടെയുള്ളതായിരുന്നു. പിന്നീട് അവിടെ പോയപ്പോൾ കണ്ട കാഴ്ച ഏറെ ഞെട്ടിക്കുന്നതായിരുന്നു. ആ ഗ്രാമത്തിൽ കൊലപാതകത്തിന്റെ ഓർമ്മ നിലനിർത്താൻ എന്നോണം ഒരു പ്രതിമ ഗ്രാമീണർ സ്ഥാപിച്ചിരിക്കുന്നു. അത് ഒരാൾ മറ്റൊരാളെ ചവുട്ടി കൊല്ലുന്ന രംഗം ആയിരുന്നു. ഞങ്ങൾ ബംഗാളിൽ കൊല്ലപ്പെട്ട യുവാവിന്റെ വീട്ടിൽ പോയപ്പോൾ അയാളുടെ ഏക മകളെ വളർത്താൻ പാടുപെടുന്ന കുടുംബത്തെയാണ് കാണാൻ കഴിഞ്ഞത്.

Protests against lynchings in Rajasthan
രാജസ്ഥാനിൽ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ നടന്ന പ്രതിഷേധം

മോദി അധികാരത്തിലെത്തിയശേഷം ഒരു പകർച്ച വ്യാധി പോലെ പടർന്നു പിടിച്ചിരിക്കുകയാണല്ലോ വിദ്വേഷ പ്രസംഗങ്ങൾ. എന്താണ് അതിനെപ്പറ്റി പറയാനുള്ളത്?

ശരിയാണ് ഇന്ന് നമ്മൾ നേരിടുന്ന വലിയൊരു വിപത്താണത്. ഞങ്ങൾ വിദ്വേഷ പ്രചാരണത്തിനെതിരെ പ്രവർത്തിക്കാനുള്ള ശ്രമത്തിലാണ്. ഹോളോകാസ്റ്റ് അതിജീവിച്ച ജർമ്മൻ ജനത പറഞ്ഞത് വംശീയ ഉന്മൂലനം ആരംഭിച്ചത് ഗ്യാസ് ചേമ്പറുകളിൽ അല്ല എന്നും വിദ്വേഷ പരത്തുന്ന പ്രസംഗങ്ങളിൽ ആണെന്നും ആണ്. അവിടെ ഹിറ്റ്ലർ ആയിരുന്നു എങ്കിൽ നമ്മുടെ പ്രധാനമന്ത്രി തന്നെയാണ് ഇന്ത്യയിൽ അതിനു മുൻകൈയ്യെടുക്കുന്നതു എന്നതാണ് ഇന്ത്യയുടെ ദുരന്തം. ഇന്ന് അത് അതിവേഗം പ്രചരിപ്പിക്കാൻ വാട്സാപ്പ് പോലുള്ള സംവിധാനങ്ങൾ നമുക്കുണ്ട്. ദിവസേന ആളുകളുടെ മനസിലേക്ക് കുത്തിവയ്ക്കുന്ന വിദ്വേഷ ഡോസുകൾ അവരെ പ്രകോപിതരാക്കുന്നു. ആരും തന്നെ അതിന്റെപേരിൽ ശിക്ഷിക്കപ്പെടുന്നില്ല. ഡൽഹി കലാപ സമയത്ത് വിദ്വേഷ പ്രസംഗം നടത്തിയ കപിൽ മിശ്രയ്‌ക്കെതിരെ ഇതുവരെ ഒരു എഫ്. ഐ. ആർ പോലും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് അദ്ദേഹം ഡൽഹിയുടെ നിയമ മന്ത്രിയാണ്. കൂടാതെ സാമൂഹ്യ മാധ്യമങ്ങൾ ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കാൻ കൂട്ടുനിൽക്കുന്നു. ബി ജെ പി തെരഞ്ഞെടുപ്പിൽ അതിന്റെയെല്ലാം ഗുണഫലങ്ങൾ കൈക്കലാക്കുന്നു. മഹാരാഷ്ട്രയിൽ വിദ്വേഷ റാലി സംഘടിപ്പിക്കുന്ന സംഘടന തന്നെയുണ്ട്. മുസ്ലിങ്ങൾക്കെതിരെ ഒരു ജാലിയൻ വാലാബാഗ് ആവർത്തിക്കും എന്ന് പറഞ്ഞ സഞ്ജയ് നിരുപത്തിനെതിരെ ഞാൻ കോടതിയെ സമീപിച്ചിരുന്നു. 2024 ലെ തെരഞ്ഞെടുപ്പിൽ മോദി വിദ്വേഷ പ്രസംഗം നടത്തിയ മണ്ഡലങ്ങളായിൽ എല്ലാം എൻ. ഡി. എ സഖ്യം പരാജയപ്പെട്ടു എന്നതാണ് ഏക ആശ്വാസം.

കടപ്പാട് : ചന്ദ്രിക ആഴ്ചപ്പതിപ്പ് ജൂൺ 2025

കവർ ചിത്രം :പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനായി കൊൽക്കത്തയിൽ നടന്ന റാലിയിൽ ഹർഷ് മന്ദറും മറ്റ് ആക്ടിവിസ്റ്റുകളും. Credit: Pacific Press Agency/Alamy Live News
(തുടരും)

A K Shiburaj

A K Shiburaj

2000 ൽ സംവാദം മാസിക പ്രസിദ്ധീകരിച്ചുകൊണ്ട് പത്രപ്രവർത്തനം ആരംഭിച്ചു. പിന്നീട് മാലി ദ്വീപിൽ അധ്യാപകനായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നു. കുറച്ചു കാലം ജൈവ കൃഷി ചെയ്തു. ആശയുടെ മണ്ണെഴുത്തുകൾ (മലയാളം & തമിഴ്) എന്ന പുസ്തകവുവും ഗ്രീൻ സ്വരാജ് (ബുക്‌ലെറ്റ്) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ( കേരളീയം മാസികയിൽ (വെബ്) അസിസ്റ്റൻഡ് എഡിറ്റർ ആയി പ്രവൃത്തിച്ചു. സിവിൽ സൊസൈറ്റി, നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ സഹചാരി. ഇപ്പോൾ സ്വതന്ത്ര മാധ്യമ പ്രവർത്തകൻ. 2025 ൽ മായ കോനെ സോഷ്യൽ ജേർണലിസ്റ്റ് അവാർഡ് ലഭിക്കുകയുണ്ടായി.

View All Articles by A K Shiburaj

Share Article
Whatsapp Email